Home » Essay » Literature » പാട്ടിന്റെ കപ്പലില്‍ ഒരു ഹജ്ജ് യാത്ര

പാട്ടിന്റെ കപ്പലില്‍ ഒരു ഹജ്ജ് യാത്ര

കെ.ടി മാനു മുസ്‌ലിയാരുടെ ‘ഹജ്ജ് യാത്ര’ എന്ന കാവ്യത്തിന് അര നൂറ്റാണ്ട് തികയുമ്പോള്‍ മലയാളം അധ്യാപകന്‍ കൂടിയായ ലേഖകന്‍ നടത്തുന്ന നിരൂപണം

കെ.ടി മാനു മുസ്‌ലിയാരുടെ ‘ഹജ്ജ് യാത്ര’ എന്ന കാവ്യത്തിന് അര നൂറ്റാണ്ട് തികയുമ്പോള്‍ മലയാളം അധ്യാപകന്‍ കൂടിയായ ലേഖകന്‍ നടത്തുന്ന നിരൂപണം

മനുഷ്യനും മരവും തമ്മിലുള്ള പ്രധാന വ്യത്യാസം മരം മുളച്ചേടത്തുതന്നെ വേരുകളാഴ്ത്തി വളരുന്നു, മനുഷ്യന്‍ പിറന്നുവീണിടത്ത് വേരാഴ്ത്താതെയാകുമ്പോള്‍ മാത്രം വളരുന്നു എന്നതാണ്. അതിനാലാണ്, ഇങ്ങോളമുള്ള ഏതൊരു മനുഷ്യസമുദായത്തെയും രൂപപ്പെടുത്തിയത് സഞ്ചാരങ്ങളായത്. മനുഷ്യസംസ്‌കാരത്തിന്റെ നേരെചൊവ്വേയുള്ള വളര്‍ച്ചയ്ക്ക് സഞ്ചാരങ്ങള്‍ അനിവാര്യമാകയാലാകണം ഇസ്‌ലാം അതിന് ഏറെ പ്രോത്സാഹനങ്ങളും ഇളവുകളും നല്‍കിയത്. ഇസ്്‌ലാമിന്റെ ആത്മീയപാതയിലെ ഏറ്റവും മഹത്തായ യാത്ര ഹജ്ജാണ്. ഒരു യാത്രയ്ക്കുവേണ്ട ചിട്ടവട്ടങ്ങളെ ഖുര്‍ആനില്‍ വിവരിക്കുന്നതുപോലും ഹജ്ജ് യാത്രയോടനുബന്ധിച്ചാണെന്ന് ഓര്‍ക്കണം. കവിതപോലെ അര്‍ഥസൂചനകളുള്ള അനുഷ്ഠാനവുമാണ് ഹജ്ജ്. മനുഷ്യന് ഭാഷകൊണ്ട് ആവിഷ്‌കരിക്കാവുന്ന ഏറ്റവും വിസ്മയാവഹമായ നിര്‍മാണം കവിതയാണെന്നും പറയാം. ഖുര്‍ആന്‍ കവിതയാണെന്നും മുഹമ്മദ് നബി കവിയാണെന്നുമാണല്ലോ അന്നുതൊട്ടേ ആക്ഷേപിക്കപ്പെട്ടത്. കെ. ടി മാനു മുസ്‌ലിയാരുടെ ‘ഹജ്ജ് യാത്രാ’കാവ്യം വായനക്കെടുക്കുമ്പോള്‍ യാത്ര, ഹജ്ജ്, കാവ്യം എന്നീ മൂന്ന് വ്യവഹാരങ്ങളെയും അറിവായും ആസ്വാദനമായും യോജിപ്പിക്കേണ്ടിവരുമെന്നതിനാലാണ് ഇത്രയും കാര്യങ്ങള്‍ ആമുഖമായി സൂചിപ്പിച്ചത്.

മതവും യാത്രയും തമ്മില്‍ മാത്രമല്ല, യാത്രാവിവരണസാഹിത്യവും മതസാഹിത്യവും തമ്മിലും അത്ഭുതകരമായ കെട്ടുപാടുകളുണ്ട്. സഞ്ചാരസാഹിത്യരംഗത്ത് മലയാളത്തിലുണ്ടായ ആദ്യ രചനകളെല്ലാം മതപരമായ യാത്രാഖ്യാനങ്ങളായിരുന്നു എന്ന് കാണാം. ആദ്യം എഴുതപ്പെട്ട യാത്രാവിവരണവും ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട യാത്രാവിവരണവും മതപരമാണ്. പാറേമ്മാക്കല്‍ തോമാക്കത്തനാര്‍ എഴുതിയ ‘വര്‍ത്തമാനപ്പുസ്തകം അഥവാ റോമായാത്ര’യാണ് മലയാളത്തിലെഴുതിയ പ്രഥമ യാത്രാവിവരണകൃതി. ഇന്ത്യന്‍ പ്രാദേശികഭാഷകളില്‍ രചിക്കപ്പെട്ട ആദ്യ സഞ്ചാരമെഴുത്തും ഇതുതന്നെ എന്നാണ് വെപ്പ്. 1785 ല്‍ എഴുതപ്പെട്ട ഈ കൃതി പിന്നീട് കണ്ടെടുത്ത് പ്രസിദ്ധീകരിക്കുന്നത് 1936 ലാണ്. എന്നാല്‍ ആദ്യം അച്ചടിച്ച യാത്രാനുഭവ ഗ്രന്ഥം പരുമല തിരുമേനി എന്ന ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രിഗോറിയോസ് എഴുതിയ ‘ഊര്‍ശ്ലേം യാത്രാവിവരണം’ (1895) ആണ്. ജറൂസലേം ആണ് ഊര്‍ശ്ലേം. രണ്ടും ക്രിസ്തുമതസംബന്ധമായ യാത്രകള്‍തന്നെ.
അതൊടൊപ്പംതന്നെ യാത്രാനുഭവങ്ങള്‍ കാവ്യരൂപത്തിലെഴുതുന്ന പതിവും മലയാളത്തിലുണ്ടായി. 1784 ല്‍ അജ്ഞാതകവിയാല്‍ രചിക്കപ്പെട്ട ‘ധര്‍മരാജാവിന്റെ രാമേശ്വരയാത്ര’ എന്ന കാവ്യഗ്രന്ഥമാണ് ഇതില്‍ ആദ്യത്തേത്. വൈക്കത്ത് പാച്ചുമൂത്തതിന്റെ ‘രാമേശ്വരയാത്ര’യാണ് സ്വന്തം യാത്രാനുഭവം പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യ യാത്രാകാവ്യം. ഭാഷയിലും വിഷയസ്വീകരണത്തിലും മലയാളത്തിലെ പല പുതുമകളും ആവിഷ്‌കരിച്ച കൊടുങ്ങല്ലൂര്‍ കളരിയില്‍ നിന്ന് യാത്രാനുഭവകാവ്യങ്ങളുടെ കുറേ വണ്ടികള്‍ അക്കാലത്ത് പുറപ്പെട്ടു. ഭാവനയില്‍ മാത്രം പോയ യാത്രാനുഭവവും അന്ന് കവിതയായി പിറന്നു. കോവിലകത്തുനിന്നും പുറത്തിറങ്ങാതെ ആലസ്യത്തിന്റെ സുഖമഞ്ചത്തില്‍ ഇരുന്ന് തൃശൂര്‍പൂരത്തിന്റെ ആഘോഷാനുഭവങ്ങള്‍പോലും കവിതയിലാവിഷ്‌കരിക്കാന്‍ കെല്പുള്ള ആ കവികള്‍ ഭാവനയില്‍ രാമേശ്വരത്തും കുംഭകോണത്തും കാശിയിലും സംഗമേശ്വരത്തും പോയിവന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, നടുവത്തച്ഛന്‍ നമ്പൂതിരി, വെണ്മണി മഹന്‍, കൊട്ടാരത്തില്‍ ശങ്കുണ്ണി, കെ.സി. കേശവപിള്ള തുടങ്ങിയവരും യാത്രാകാവ്യ രചനാരംഗത്ത് സജീവമായിരുന്നു. ആര് പോയി, എങ്ങോട്ടുപോയി എന്നതില്‍ തര്‍ക്കങ്ങളുണ്ടാകാം, പക്ഷേ, ഈ കൃതികളില്‍ മിക്കതും മതപരമായ തീര്‍ഥയാത്രകളുടെ അനുഭവദൂരങ്ങളെയാണ് അളന്നിട്ടത് എന്ന കാര്യത്തില്‍ മാത്രം തര്‍ക്കമില്ല.

എന്തുകൊണ്ട് മതപരമായ യാത്രകള്‍ അക്കാലത്ത് കൂടുതലുണ്ടാകുന്നു എന്നതും എന്തുകൊണ്ട് അത്തരം യാത്രാനുഭവങ്ങളുടെ വര്‍ണന സാംസ്‌കാരികമായ ഒരാവശ്യമാകുന്നത് എന്നതും പരിശോധിക്കാം. തീര്‍ഥാടനം എന്ന കര്‍മത്തിനുതന്നെ കേവലത്വത്തില്‍ നിന്നു കവിഞ്ഞ ഒരനുഭവസാന്നിധ്യമുണ്ട്. സമ്പാദിച്ചുവെച്ചതെല്ലാം ഉപേക്ഷിച്ചുകൊണ്ടുള്ള യാത്രയാണത്. തിരിച്ചുവരാനൊരുങ്ങിയല്ലാതെയുള്ള ഇറങ്ങിപ്പോക്കാണ് തീര്‍ഥയാത്ര. തീര്‍ഥം എന്ന വാക്ക് ആത്മീയവും ഭൗതികവുമായ ജലസാന്നിധ്യങ്ങളെ സൂചിപ്പിക്കുന്നു. ജീവിതാവസാനം തീര്‍ഥക്കരയിലാവുക എന്ന ലക്ഷ്യത്തോടെ ലൗകികജീവിതത്തില്‍ നിന്ന് വേരുപറിച്ച് നദീതീരങ്ങളിലേക്ക് യാത്രയാകുന്ന ഭാരതീയപാരമ്പര്യമാണ് ആ വാക്കിന് കനമുണ്ടാക്കിയത്. തീര്‍ഥാടനത്തിന്റെ അനുഭവവിവരണത്തിലെ ആത്മീയമായ സാധ്യതകളാണ് അത് ആഖ്യാനംചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഘടകം. മതപ്രബോധനത്തിന്റെയും പ്രചാരണത്തിന്റെയും ഘടകങ്ങള്‍ അത്തരം യാത്രാവിവരണങ്ങളിലുണ്ടാകും. മനുഷ്യാവസ്ഥയുടെയും ജീവിതയാത്രയുടെയും ആന്തരികാര്‍ഥം അതിലെ ഓരോ അനുഭവത്തിലും ആരോപിക്കാനാകും. അതിനാല്‍ ഓരോ തീര്‍ഥയാത്രാവിവരണവും കവിതയെപ്പോലെ അര്‍ഥഗര്‍ഭമാകുന്നു.

മുസ്‌ലിംകളുടെ പ്രധാന തീര്‍ഥയാത്രകൂടിയായ ഹജ്ജ് ലോകസാഹിത്യത്തിലെത്തന്നെ മികച്ച രചനകള്‍ക്ക് വിഷയമായതാണ്. വിശുദ്ധമന്ദിരമായ കഅ്ബ സ്ഥിതിചെയ്യുന്ന മക്ക ലക്ഷ്യംവെച്ചുള്ള യാത്രകളാണ് ആധുനികലോകത്തെ നടന്നളക്കാന്‍ മുസ്‌ലിം സഞ്ചാരികളെ പ്രാപ്തമാക്കിയത്. അതുകൊണ്ടുതന്നെ അവരുടെ എഴുത്തുകളില്‍ ഹജ്ജും മക്കയും ഒഴിവാക്കാനാവാത്ത സാന്നിധ്യമായിരുന്നു. ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവി മുതല്‍ സിയാഉദ്ദീന്‍ സര്‍ദാര്‍ വരെയുള്ളവരുടെ ഹജ്ജ് സംബന്ധമായ രചനകള്‍ ലോകം താല്പര്യത്തോടെ വായിച്ചിട്ടുണ്ട്. മുഹമ്മദ് അസദിന്റെ റോഡ് ടു മെക്ക, അലി ശരീഅത്തിയുടെ ഹജ്ജ്, മൈക്കല്‍ വുള്‍ഫിന്റെ ഹാജി തുടങ്ങിയ വിഖ്യാത ഗ്രന്ഥങ്ങള്‍ മലയാളത്തിലും ലഭ്യമാണ്.

വയനാട് സ്വദേശി പള്ളിയാല്‍ മൊയ്തു ഹാജി 1946 ല്‍ നടത്തിയ ഹജ്ജ് തീര്‍ഥാടനത്തിന്റെ അനുഭവാവിഷ്‌കാരമാണ് മലയാളത്തിലുണ്ടായ ആദ്യ ഹജ്ജ് സഞ്ചാരസാഹിത്യം. സി. എച്ച് മുഹമ്മദ് കോയ, ടി. പി കുട്ട്യാമു, ശൈഖ് മുഹമ്മദ് കാരക്കുന്ന്, കെ. പി കുഞ്ഞിമൂസ, നീലാമ്പ്ര മരക്കാര്‍ ഹാജി, മങ്കട അബ്ദുല്‍ അസീസ് മൗലവി, യു. എ ഖാദര്‍ തുടങ്ങി ഒട്ടേറെ പേര്‍ ഹജ്ജ് യാത്രാനുഭവങ്ങള്‍ എഴുതി. മക്കയെയും ഹജ്ജിനെയും കേന്ദ്രമാക്കിയ ഗാനവും കഥയും കവിതയും അനുഭവങ്ങളും സ്ഥലചരിത്രവും സിനിമയും ഒക്കെയായി മലയാളത്തിലെ കുറേ രചനകള്‍ പെറുക്കിയെടുത്ത് ഹജ്ജെഴുത്ത് എന്ന ഒരു സാഹിത്യശാഖയെത്തന്നെ സ്ഥാപിക്കാനാകും.

വേട്ടയും വിരുന്നും മാപ്പിളജീവിതത്തിന്റെ ഭാഗമായിരുന്ന കാലത്ത് സര്‍ക്കീട്ട്പാട്ട് എന്ന പേരില്‍ മാപ്പിളപ്പാട്ടുകളില്‍ ഒരുവിഭാഗം രചനകളുണ്ടായിരുന്നു. പുലിക്കോട്ടില്‍ ഹൈദറിന്റെ സര്‍ക്കീട്ടുപാട്ടുകളാകട്ടെ ജീവിതാനന്ദത്തിന്റെ അനുഭവങ്ങളെത്തേടിയുള്ള യാത്രകളുടെ രസക്കൂട്ടുകളാണ് നിറച്ചുവെച്ചത്. പക്ഷേ, ആത്മീയയാത്രകളുടെ അനുഭവരസം മാപ്പിളപ്പാട്ടില്‍ ഏറെയൊന്നും ആവിഷ്‌കരിക്കപ്പെട്ടില്ല എന്നത് ഒരു വലിയ ശരിയാണ്. എന്നിരുന്നാലും ഹജ്ജ് മാപ്പിളപ്പാട്ടിന്റെ എക്കാലത്തെയും ഇഷ്ടവിഷയമായിരുന്നു. മാപ്പിളഗാന രചനാരംഗത്ത് സ്ഥിരവാസം നേടിയ ഏതാണ്ടെല്ലാവരും ഹജ്ജിനെയും മക്കയെയും കുറിച്ച് എഴുതിയിട്ടുണ്ട്. പി. ടി ബീരാന്‍ കുട്ടി മൗലവിയാണ് ഹജ്ജനുഭവം ആദ്യമായി പദ്യരൂപത്തില്‍ ആവിഷ്‌കരിച്ചത്. സുഹൃത്തുക്കളെ യാത്രയാക്കാന്‍ ബോംബെയിലെത്തിയ കവിക്ക് അവിചാരിതമായി തരപ്പെട്ട ഹജ്ജ് യാത്രയുടെ വിസ്മയങ്ങളാണ് ആ പാട്ടുപുസ്തകത്തിലുള്ളത്. കെ വി എം പന്താവൂരും സ്വന്തം ഹജ്ജിനെ പാട്ടില്‍ കെട്ടിയിട്ടുണ്ട്. കവിതയും യാത്രയും ഹജ്ജും ഒന്നുചേരുന്ന അപൂര്‍വമായ ആ വായനാനുഭവം സമ്മാനിക്കുന്ന വിലപ്പെട്ടൊരു രചനയാണ് കെ ടി മാനുമുസ്്‌ലിയാരുടെ ‘ഹജ്ജ് യാത്ര’ (1969) എന്ന കാവ്യകൃതി.

പുലിക്കോട്ടില്‍ ഹൈദര്‍ എന്ന പ്രശസ്ത കവിസുഹൃത്തിന്റെ പ്രചോദനക്കത്തിന് മറുപടിയായാണ് പി ടി ബീരാന്‍കുട്ടി മൗലവി ഹജ്ജ് യാത്രാകാവ്യം രചിച്ചത് എന്നതുപോലെ, യു എം മുഹമ്മദ് സാഹിബ് എന്ന ചങ്ങാതിയുടെ കത്തുപാട്ടിന് മറുപടിയായാണ് കെ ടി മാനുമുസ്‌ലിയാര്‍ ഈ ഹജ്ജ്പാട്ടുകള്‍ കെട്ടിയുണ്ടാക്കുന്നത്. ആ നിലക്ക് ഇത് ഒരു കത്തുപാട്ടും യാത്രാവിവരണ കാവ്യവുമാണ്. ‘മലയാളക്കവിതയോടുമൈക്കുള്ള പ്രതിപത്തി മനസ്സിലാക്കിയതു’കൊണ്ടാണ് ഇത്തരമൊരു ഉദ്യമത്തിന് അപേക്ഷിക്കുന്നത് എന്ന് മുഹമ്മദ് സാഹിബ് പാട്ടിലൊരിടത്ത് പറയുന്നുണ്ട്. കെ ടി മാനുമുസ്‌ലിയാര്‍ എന്ന മതപണ്ഡിതനും സംഘാടകനും ആയ വ്യക്തി മാപ്പിളപ്പാട്ടുരചനാരംഗത്ത് മുമ്പേ കേളിപ്പെട്ട ആളാണ്. ഈ പാട്ടുകളിലൂടെ കടന്നുപോകുമ്പോഴും നിരന്തരമായ കാവ്യാനുശീലനം പ്രാപ്തമാക്കിയ ഒരു കവിയുടെ ജ്ഞാനപശ്ചാത്തലം വെളിപ്പെട്ടുവരുന്നതു കാണാം.

പാട്ടും കവിതയുമായി ഇഴചേര്‍ന്നുനിന്ന ഒരു ഭൂതകാലംകൂടി കെ ടി മാനുമുസ്‌ലിയാര്‍ എന്ന ഇസ്‌ലാമികപണ്ഡിതനുണ്ട്. കരുവാരക്കുണ്ടിനു ചുറ്റുപാടുമുള്ള ഗ്രാമങ്ങളില്‍ കല്യാണസദസ്സുകളില്‍ പാട്ടുപാടിനടന്ന കൗമാരക്കാലം മുമ്പ് ഒരു അഭിമുഖത്തില്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളില്‍ അപ്പപ്പോള്‍ കെട്ടിയുണ്ടാക്കിയിരുന്ന ആശംസാഗാനങ്ങളാണ് മാപ്പിളപ്പാട്ടുകള്‍ രചിക്കുന്നതില്‍ അദ്ദേഹത്തിന്റെ കളരിയായത്. ചാക്കീരി മൊയ്തീന്‍കുട്ടിയുടെ ബദര്‍ പടപ്പാട്ട് മനപ്പാഠമാക്കി ഏറനാട്ടിലെ സഹൃദയ സദസ്സുകളില്‍ പാടിപ്പറഞ്ഞിരുന്നു അദ്ദേഹം. പുലിക്കോട്ടില്‍ ഹൈദര്‍, പി. ടി വീരാന്‍കുട്ടി മൗലവി, എന്‍. പി മുഹമ്മദ് മുതലായവരോടുണ്ടായിരുന്ന അടുത്ത സൗഹൃദം ഭാഷാ പരിജ്ഞാനത്തിന്റെയും സാഹിത്യാസ്വാദനത്തിന്റെയും നല്ലകാലം അദ്ദേഹത്തിന് സമ്മാനിച്ചു.

സ്‌നേഹാന്വേഷണം കവിതയാക്കിക്കളഞ്ഞ മുഹമ്മദ് സാഹിബിന്റെ പ്രേരണക്കത്താണ് ഈ സമാഹാരത്തിലെ ആദ്യത്തെ നാലു പാട്ടുകള്‍. കെ ടി മാനുമുസ്‌ലിയാരെക്കുറിച്ചുള്ള അതിസുന്ദരമായ ഒരാമുഖം കൂടിയാണ് മാപ്പിളപ്പാട്ടിന്റെ സകല ലക്ഷണങ്ങളും തികഞ്ഞ ആ പാട്ടുകള്‍ എന്നതിനാല്‍ ഈ സമാഹാരത്തില്‍ അത് ചേര്‍ത്തതില്‍ ഔചിത്യം കൂടിയുണ്ട്. ആ കാവ്യാപേക്ഷക്ക് കെ ടി നല്കിയതോ ചോദ്യത്തെക്കാള്‍ മഹനീയവും ആസ്വാദ്യകരവുമായ രീതിയിലുള്ള ഉത്തരവും. തുടര്‍ന്നുവരുന്ന 43 പാട്ടുകളിലായി ഒരു ഹജ്ജ് അനുഭവം ഇതള്‍വിരിയുകയാണ്.

ഇത് കേവലമൊരു യാത്രാവിവരണ കാവ്യമല്ല. അത്യസാധാരണ ഭക്തി വഴിയുന്ന പ്രാര്‍ഥനകള്‍ ഇതിലുണ്ട്. ഒരു യാത്രാഗൈഡുപോലെ പിന്‍യാത്രികരെ സഹായിക്കുന്ന രീതിയില്‍ കവിതയൊട്ടും കലരാതെ എഴുതിക്കൂട്ടിയ സ്ഥല – കാല സൂചനകളടങ്ങിയ വസ്തുതാ വിവരണങ്ങളുണ്ട്. ഹജ്ജ്, ഉംറ അനുഷ്ഠാനങ്ങളും തീര്‍ഥാടനക്രിയകളും വിവരിക്കുന്ന മതാനുഷ്ഠാന വിശദീകരണങ്ങളുണ്ട്. അത്യപൂര്‍വമായ കാഴ്ചകള്‍ വിരുത്തുന്ന കേമപ്പെട്ട വര്‍ണനകളുണ്ട്. ഇബ്‌റാഹീം നബി മുതല്‍ സഊദി രാജാക്കന്മാരെ വരെ വിവരിക്കുന്ന ചരിത്രശകലങ്ങളുണ്ട്. ഗോവ, ബോംബെ, ജിദ്ദ, മദീന, മക്ക തുടങ്ങിയ നഗരവീഥികളുടെ സൂക്ഷ്മ നിരീക്ഷണങ്ങളുണ്ട്. മാപ്പിളപ്പാട്ടിന്റെ തനതായ ഇശലുകളിലും വ്യത്യസ്ത താളത്തിലും ആവിഷ്‌കരിക്കപ്പെട്ട ഈ ഗാനങ്ങള്‍ അതിനാല്‍, അതിന്റെ ഏതൊരു ഇഷ്ടവായനയക്കാരനെയും ആകര്‍ഷിക്കും.

1968 ആഗസ്റ്റ് രണ്ടിന് ഹജ്ജിന് അപേക്ഷിച്ചതുമുതലാണ് പാട്ടിന്റെ തുടക്കം. ഡിസംബര്‍ മുപ്പതിന് സരസ്വതി എന്ന കപ്പലില്‍ യാത്ര ആരംഭിക്കുന്നു. ഗോവ, ബോംബെ തുറമുഖങ്ങള്‍ പിന്നിട്ട് മറ്റൊരു കപ്പലിലേറി 1969 ജനുവരി 10 ന് സൗദി അറേബ്യയിലേക്ക് തിരിക്കുന്നു. സൗദി സന്ദര്‍ശനങ്ങളും ഉംറയും ഹജ്ജും അനുഷ്ഠിച്ച് ഏപ്രില്‍ 7 ന് തീവണ്ടിയില്‍ പാലക്കാട് തിരിച്ചെത്തുന്നതുവരെയുള്ള ഡയറിക്കുറിപ്പുകളാണ് ഈ പാട്ടുകള്‍. നാട്ടിലെത്തി അഞ്ചുമാസങ്ങള്‍ കഴിഞ്ഞാണ് ഗാനരചന പൂര്‍ത്തീകരിക്കുന്നത്. തന്റെ സംഘടനാപരവും മതപരവുമായ തിരക്കുകള്‍ക്കിടയിലും, വ്യത്യസ്ത ഇശലുകളില്‍ ദീര്‍ഘമായ നാല്പതിലേറെ പാട്ടുകള്‍ ഇത്രയും ശയ്യാഗുണത്തോടെ രചിച്ചുണ്ടാക്കാന്‍ അഞ്ചുമാസമേ എടുത്തിട്ടുള്ളൂ എന്ന വസ്തുത പാട്ടുകെട്ടുന്നതില്‍ കെ ടി ക്കുള്ള കൈയടക്കത്തെയും പ്രാവീണ്യത്തെയുമാണ് സൂചിപ്പിക്കുന്നത്. ഈ ഇശലുകളില്‍ മിക്കതും മോയിന്‍കുട്ടി വൈദ്യര്‍ അടക്കമുള്ള പ്രാമാണികരായ കവികളുടെ പ്രശസ്ത രചനകളില്‍നിന്നാണ് കെ. ടി കണ്ടെടുത്തിട്ടുള്ളത്. മാപ്പിളപ്പാട്ടിലെ ജനപ്രിയമായ തൊങ്കല്‍, കൊമ്പ് തുടങ്ങിയ ഇശലുകള്‍ ഏതാനും പാട്ടുകളില്‍ മാത്രമേ കെ. ടി സ്വീകരിച്ചിട്ടുള്ളൂ. മറ്റുള്ളവയൊക്കെയും ഇടചാട്ടവും ഇടമുറുക്കവും കൂടുതലുള്ള സങ്കീര്‍ണമായ ഇശലുകളാണ്. ഇശലുകളുടെ പേരിനു പകരം ബദര്‍ഖിസ്സപ്പാട്ട്, ചാക്കീരി ബദര്‍, മലപ്പുറം പടപ്പാട്ട് തുടങ്ങിയ കാവ്യങ്ങളിലെ പാട്ടുകളുടെ ആദ്യവരിയാണ് സൂചിപ്പിച്ചിട്ടുള്ളത്. കമ്പി, കഴുത്ത്, വാല്‍ക്കമ്പി തുടങ്ങിയ പ്രാസനിയമങ്ങളും ഏതാണ്ടെല്ലാ പാട്ടിലും കൈക്കൊണ്ടിരിക്കുന്നു. കെ ടി മാനുമുസ്‌ല്യാര്‍ എന്ന മതപണ്ഡിതന് മാപ്പിളപ്പാട്ടിലുള്ള അഗാധമായ അറിവും അനുഭവപരിചയവുമാണ് ഈ അതിശയങ്ങള്‍ക്കൊക്കെയും അടിസ്ഥാനം.

കോഴിക്കോടു നിന്ന് മുപ്പതുരൂപ ടിക്കറ്റില്‍ ബോംബേയിലേക്കും അവിടെനിന്ന് സൗദിയിലേക്കും കപ്പല്‍യാത്ര നടത്തിയതിന്റെ സൂക്ഷ്മവിവരങ്ങള്‍ പത്തോളം പാട്ടുകളിലായാണ് ഈ കാവ്യത്തില്‍ വര്‍ണിക്കുന്നത്. മാപ്പിളമാരുടെ ചരിത്രസഞ്ചാരങ്ങളുടെ പ്രധാന വാഹനം കപ്പലായിരുന്നു. കുഞ്ഞായിന്‍ മുസ്‌ല്യാരുടെ കപ്പപ്പാട്ടിന്റെ ദാര്‍ശനിക പാരമ്പര്യം പുസ്തകത്തിലെ അവതാരികയില്‍ സലാഹുദ്ദീന്‍ അയ്യൂബി വിവരിക്കുന്നുണ്ട്. കേരളമുസ്‌ലിംകളെ രൂപപ്പെടുത്തിയ ചരിത്രവാഹനമാണ് കപ്പല്‍. ഇസ്‌ലാമിനെ കേരളക്കരയിലെത്തിച്ചതും അവര്‍ക്ക് സാമ്പത്തികവും സാംസ്‌കാരികവുമായ വിലാസം നല്‍കിയതും കപ്പലുകളാണ്. കടല്‍യാത്ര മതപരമായി നിഷിദ്ധമായിരുന്ന ഭാരതീയഹിന്ദുക്കളെ ആഗോളവ്യവസ്ഥിതിയുടെ ഭാഗമാക്കുന്നതില്‍ കണ്ണിയായി പ്രവര്‍ത്തിച്ചത് മുസ്‌ലിംകളുടെ കപ്പലോട്ടങ്ങളായിരുന്നു. ബോംബെ നഗരത്തിലെത്തിയ കെ ടി മാനുമുസ്‌ലിയാര്‍,

കണ്ടാല്‍ കൗതുകം ഭാരതഭൂവിലെ ദേശീയോദ്ഗ്രഥനം
അതിന്റെ സാക്ഷാല്‍ പ്രകടനം – അവിടെ
കാണും ശിവസേന ലജ്ജിതരാകും
സേനഹനുമാനും നാണിച്ചുപോകും
ദേശീയ ഹ്രസ്വത വാടും – തനി – ഭാഷാപിരാന്തൊളിച്ചോടും

വിണ്ടാല്‍ ഉദ്ഗ്രഥനത്തിന്നിസ്‌ലാമല്ലാതെ വഴികള്‍
യാതൊന്നും ഇല്ലാ പദ്ധതികള്‍ – അതുപോല്‍
വിശ്വത്തെയാകമാനം കോര്‍ത്തിണക്കാന്‍
ശാശ്വതസൗഹൃദമില്‍ അണിചേര്‍ക്കാന്‍
നാഥന്‍ വിധിക്ക് സുസാധ്യം –
അത് – ഭൗതികന്‍മാര്‍ക്കോ അസാധ്യം.

എന്നെഴുതുമ്പോള്‍ ആ സാംസ്‌കാരിക ചരിത്രത്തിന്റെ സമകാലികമായ വഴിത്തിരിവുകള്‍കൂടി സൂചിതമാവുകയാണ്.

മാപ്പിളപ്പാട്ട് എന്ന കാവ്യഘടനയിലെ ഭാഷാപരമായ വൈവിധ്യം ഈ പുസ്തകത്തിലെ പാട്ടുകളൊക്കെയും പുലര്‍ത്തുന്നു. തനിക്ക് ഏറ്റവും ചായ്‌വുള്ള മാപ്പിളകവിയായ ചാക്കീരിയുടെ കാവ്യരീതിയോടാണ് കെ. ടി മാനുമുസ്‌ലിയാരുടെ കാവ്യശൈലിയും ചേര്‍ന്നുനില്‍ക്കുന്നത്. അറബിയും മലയാളവും ഇംഗ്ലീഷും ഉര്‍ദുവും ഇടകലര്‍ന്ന സങ്കരഭാഷയുടെ തനിമയാര്‍ന്ന രചനാശൈലിതന്നെയാണ് ഈ കാവ്യത്തില്‍ കെ ടി സ്വീകരിച്ചിരിക്കുന്നത്. സങ്കരഭാഷയാണ് എന്ന കാരണംകൊണ്ട് ഒരു പാട്ടുപോലും അനുവാചകര്‍ക്ക് അര്‍ഥം മനസ്സിലാകാതിരിക്കുകയില്ല. തനിമയുള്ള മാപ്പിളഗാനങ്ങള്‍ എന്ന പേരില്‍, ആര്‍ക്കും മനസ്സിലാകാത്ത വിചിത്രഭാഷയില്‍ ‘സങ്കര മങ്കില തുങ്കര മങ്കാ’ എന്ന മട്ടില്‍ കെട്ടിയുണ്ടാക്കലാണ് മാപ്പിളപ്പാട്ട് എന്ന തെറ്റിദ്ധാരണക്കുള്ള ചുട്ട മറുപടിയാണ് ഈ കാവ്യ സമാഹാരം.

ഈ സമാഹാരത്തിലെ ചില രചനകള്‍ ഒറ്റക്കാവ്യങ്ങളെപ്പോലെ വേറിട്ടുനില്‍ക്കുന്നതുമാണ്. ആഴത്തിലുള്ള പഠനവും ആസ്വാദനവും അവ അര്‍ഹിക്കുന്നുണ്ട്. യാത്ര ആരംഭിക്കുന്നതിനു മുമ്പുള്ള ഒന്നാമത്തെ പ്രാര്‍ഥനഗാനം, മക്കയില്‍ ആ വര്‍ഷമുണ്ടായ കടുത്ത വെള്ളപ്പൊക്കത്തെ വിവരിക്കുന്ന ഇരുപത്തിരണ്ടാം ഗാനം, ഹജ്ജ് കര്‍മം വര്‍ണിക്കുന്ന മുപ്പത്തിയാറാം ഗാനം എന്നിവ അതില്‍ ചിലതാണ്. മാപ്പിളപ്പാട്ടിന്റെ രചനാതന്ത്രം തികച്ചും പാലിച്ച് അനുവാചകര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ രചിച്ച ആ കവിതകള്‍ ആവര്‍ത്തിച്ച് പല വേദികളില്‍ ആലപിക്കപ്പെടേണ്ടതുമുണ്ട്.

1969 ല്‍ രചിച്ച ഈ കാവ്യശ്രമത്തിന് അര നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. ഒരു മലയാളിയുടെ അമ്പതുകൊല്ലം മുമ്പുള്ള ഹജ്ജ് യാത്രയുടെ ഓരോ നിമിഷവും പകര്‍ത്തിവെച്ച ഈ കൃതി കേരളത്തിന്റെ സാംസ്‌കാരിക യാത്രകളുടെ ചരിത്രരേഖകൂടിയാണ്. ഏഴാമത്തെയും പത്താമത്തേയും ആഘോഷപൂര്‍വമായ ഹജ്ജ് കഴിഞ്ഞ് വീട്ടില്‍ ആലസ്യത്തിന്റെ പ്രമാണിജീവിതം നയിക്കുന്ന ഇന്നത്തെ ഹാജിമാര്‍ക്ക് കപ്പലിലും കാല്‍നടയായും നടത്തിയ അന്നത്തെ ഹജ്ജ് യാത്രകളുടെ ആത്മീയാനുഭവത്തില്‍ അതിശയം തോന്നാം. ‘ഹാജി’ എന്ന ആദരവുറ്റ വിളിപ്പേരിന് ആ കാലത്തെ ഹജ്ജ് തീര്‍ഥാടകര്‍ അര്‍ഹരായതിന്റെ സാമുദായികരഹസ്യം അതാണ്. ആ രഹസ്യത്തെ ഒളിപ്പിച്ചുവെച്ച ചരിത്രസാക്ഷ്യമാണ് ഈ കാവ്യകൃതി.

 


ജമീല്‍ അഹ്മദ്

Editor Thelicham

Thelicham monthly

Add comment