Home » Interview » ‘രിഹ്‌ല’യില്‍ നിന്ന് ‘ഖിസ്സ’യിലേക്കുള്ള യാത്രയുടെ കഥ

‘രിഹ്‌ല’യില്‍ നിന്ന് ‘ഖിസ്സ’യിലേക്കുള്ള യാത്രയുടെ കഥ

ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ ഖിസ്സയുടെ കയ്യെഴുത്ത് പ്രതി ഉള്ളതായി ഫ്രീഡ്മാന്റെ പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ശേഷം ലണ്ടന്‍ സന്ദര്‍ശിക്കാന്‍ ലഭിച്ച ആദ്യ അവസരത്തില്‍ തന്നെ ബ്രിട്ടീഷ് ലൈബ്രറിയില്‍ നിന്നും ഖിസ്സയുടെ ഒരു കോപ്പിയെടുത്ത് സൂക്ഷിച്ചു. എല്ലാ റമദാനിലും പുതിയൊരു പ്രൊജക്ട് ചെയ്യുക എന്റെ പതിവാണ്.

അഭിമുഖം: സ്കോട്ട് എസ് കുഗ്ള്‍/ അനീസ് കമ്പളക്കാട്, മുഹമ്മദ് കോമത്ത്

സൂഫിസത്തെ കുറിച്ചാണ് നിങ്ങളുടെ ഗവേഷക പ്രബന്ധം. ഈയൊരു പഠനത്തില്‍ നിന്ന് കേരളത്തിലെ മുസ്‌ലിംകളെ കുറിച്ചുള്ള പഠനത്തിലേക്ക് എത്തിച്ചേര്‍ന്നതിനെ കുറിച്ച്?

നോര്‍ത്ത് കരോളിനയിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക സൂഫിസത്തെ കുറിച്ചായിരുന്നു എന്റെ പി.എച്ച്.ഡി പഠനം. ഇതിനു വേണ്ടി രണ്ട് സൂഫികളെ താരതമ്യം ചെയ്ത് പഠനം നടത്തുകയായിരുന്നു എന്റെ ലക്ഷ്യം; മൊറോക്കയിലെ ഫെസില്‍ ജീവിച്ചിരുന്ന അഹ്മദ് സറൂഖും ഗുജറാത്തില്‍ ജീവിച്ചിരുന്ന അലി മുത്തഖില്‍ ഹിന്ദിയും. ഇവരില്‍ അലി മുത്തഖി ഇബ്‌നു ഹജറുല്‍ ഹൈതമിയുടെ ശിഷ്യനും കേരളക്കാരനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ സതീര്‍ഥ്യനുമാണ്. കേരളവുമായുള്ള എന്റെ ബന്ധം ആരംഭിക്കുന്നത് മഖ്ദൂമില്‍ നിന്നാണെന്ന് പറയാം. അലി മുത്തഖിയെ കുറിച്ച് പഠിക്കാനാണ് ഞാന്‍ ഹൈദരാബാദിലെ ഉസ്മാനിയ്യ യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നത്. അതിനിടെ വാസ്‌കോ ഡി ഗാമ കേരളത്തിലെത്തിയതിന്റെ അഞ്ഞൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള യൂറോപ്യന്‍ സാംസ്‌കാരിക കൈമാറ്റങ്ങളെ കുറിച്ച് വിപുലമായ ഒരു കോണ്‍ഫറന്‍സ് കോഴിക്കോട് സംഘടിക്കപ്പിക്കപ്പെട്ടു. അതില്‍ ക്ഷണിതാവായിരുന്നു ഞാനും. കോഴിക്കോടെത്തിയ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു. മാടായി പള്ളിയും മിശ്കാല്‍ പള്ളിയും മറ്റനേകം ഇസ്‌ലാമിക പൈതൃക കേന്ദ്രങ്ങളും എന്നെ ഹഠാദാകര്‍ഷിച്ചു. ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലെ ഇസ്‌ലാമിക ചരിത്രത്തെ കുറിച്ച് പരിചിതനായിരുന്നുവെങ്കിലും തെന്നിന്ത്യയിലെ സാംസ്‌കാരിക പൈതൃകത്തെ കുറിച്ച് ഞാന്‍ ബോധവാനായിരുന്നില്ല. എന്റെ ധാരണകള്‍ തിരുത്തപ്പെടുന്നതോടെയും മനോഹരവും ജീവസുറ്റതുമായ മാപ്പിളമാരുടെ ഇസ്‌ലാമിനെ അനുഭവിക്കുന്നതോടെയുമാണ് കേരളത്തെ കുറിച്ചുള്ള പഠനങ്ങള്‍ ആരംഭിക്കുന്നത്.

ആദ്യമായി ലണ്ടന്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരിപ്പുള്ള ഖിസ്സയെ കുറിച്ച് പഠിക്കുന്നതും പരിചയപ്പെടുത്തുന്നതും യോഹാന്‍ ഫ്രീഡ്മാനാണല്ലോ? അദ്ദേഹത്തിന്റെ പഠനങ്ങള്‍ സ്വാധീനിച്ചിരുന്നോ?

എനിക്ക് പ്രിയപ്പെട്ട ഗവേഷകനാണ് ഫ്രീഡ്മാന്‍. 1970 കളില്‍ അദ്ദേഹം ഖിസ്സയെ കുറിച്ച് നടത്തിയ പഠനങ്ങള്‍ എന്റെ ശ്രദ്ധയില്‍ പതിഞ്ഞിരുന്നു. നിരവധി ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കുന്ന അദ്ദേഹം അവക്ക് കൃത്യമായ മറുപടി നല്‍കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടില്ല. പക്ഷെ, ഖിസ്സയില്‍ എന്റെ ശ്രദ്ധ ആഴത്തില്‍ പതിഞ്ഞത് എല്ലാ വ്യാഴാഴ്ച്ചകളിലും രണ്ട് മണിക്കൂര്‍ നേരം ഇബ്‌നു ബത്തൂത്തയുടെ രിഹ്‌ല വായിക്കാന്‍ ഞാനും സഹഅധ്യാപക റോക്‌സാന മാര്‍ഗരീറ്റിയും നടത്തിയ ഉദ്യമത്തിനിടയിലാണ്. രിഹ്‌ലയില്‍ പരാമര്‍ശിക്കപ്പെട്ട ചേരമാന്‍ പെരുമാളിന്റെ കഥ ഞാന്‍ ശ്രദ്ധിച്ചു. ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ ഖിസ്സയുടെ കയ്യെഴുത്ത് പ്രതി ഉള്ളതായി ഫ്രീഡ്മാന്റെ പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ശേഷം ലണ്ടന്‍ സന്ദര്‍ശിക്കാന്‍ ലഭിച്ച ആദ്യ അവസരത്തില്‍ തന്നെ ബ്രിട്ടീഷ് ലൈബ്രറിയില്‍ നിന്നും ഖിസ്സയുടെ ഒരു കോപ്പിയെടുത്ത് സൂക്ഷിച്ചു. എല്ലാ റമദാനിലും പുതിയൊരു പ്രൊജക്ട് ചെയ്യുക എന്റെ പതിവാണ്. ഖിസ്സ ലഭിച്ചതിന്റെ തൊട്ടടുത്ത റമദാനില്‍ തിരുവനന്തപുരത്ത് ചില ആവശ്യങ്ങള്‍ക്ക് വേണ്ടി താമസിക്കുകയായിരുന്നു ഞാന്‍. കേരളത്തിലെ റമദാനില്‍ ആരംഭിക്കുന്ന പ്രൊജക്ട് ഖിസ്സ വിവര്‍ത്തനമാവുകയാണെങ്കില്‍ നന്നാവുമെന്ന് തോന്നി. ആ റമദാനിലാണ് ഖിസ്സയുടെ ഇംഗ്ലീഷ് വിവര്‍ത്തനം പൂര്‍ത്തീകരിക്കുന്നത്. തുടര്‍ന്ന് റോക്‌സാനി മാര്‍ഗരേറ്റിയുടെ കൂടെ പങ്കാളിത്തത്തോടെ പരിഭാഷ കുറ്റമറ്റതാക്കി മാറ്റുകയായിരുന്നു

.
ഖിസ്സ വിവര്‍ത്തനം ചെയ്യുന്നതോടൊപ്പം ശ്രദ്ധേയമായ ചില നിരീക്ഷണങ്ങളും താരതമ്യ പഠനങ്ങളും കൂടെയുണ്ടല്ലോ?

പഠനം ഒരു ലക്ഷ്യമായി മുന്നിലുണ്ടായിരുന്നില്ല. പരിഭാഷ കഴിഞ്ഞതിന് ശേഷമാണ് അതേ കുറിച്ച് ആലോചിക്കുന്നത്. ഫ്രീഡ്മാന്റെ പഠനത്തിന് ചില പോരായ്മകള്‍ ഉണ്ടായിരുന്നതായി സൂചിപ്പിച്ചല്ലോ. ആധികാരികതയെ കുറിച്ച് നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആധികാരികമായൊരു പഠനത്തിന് നിരവധി സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. ശൈഖ് സൈനുദ്ദീന്‍ സംശയത്തോടെയാണ് അത്തരമൊരു കഥയെ വീക്ഷിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് സുഹൃത്ത് അബ്ബാസ് പനക്കല്‍ എന്നോട് പറഞ്ഞത് കോഴിക്കോട് തന്നെയുള്ള ഒരു പണ്ഡിതന്റെ സ്വകാര്യ ലൈബ്രറിയില്‍ ഇതിന്റെ മറ്റൊരു പ്രതിയുണ്ടെന്നും അതിന്റെ പുറം ചട്ടയില്‍ ‘ഈ കഥ യാഥാര്‍ത്ഥ്യമാവാന്‍ സാധ്യത കുറവായതിനാല്‍ പ്രസിദ്ധീകരിക്കരുത്’ എന്ന് എഴുതിവെച്ചിട്ടുണ്ട് എന്നുമാണ്. ഈ കഥയുടെ ആധികാരികതയേക്കാള്‍ ഞങ്ങളന്വേഷിക്കാന്‍ ശ്രമിച്ചത് ഖിസ്സയുടെ സാമൂഹികമായ പ്രാധാന്യത്തെ കുറിച്ചാണ്. കാലങ്ങളായി മാപ്പിള സമൂഹം ഇത്തരത്തിലൊരു ഉല്‍പത്തി കഥ പ്രാധാന്യത്തോടെ കൈമാറി വരുന്നതില്‍ അന്വേഷണമര്‍ഹിക്കുന്ന ഒട്ടനവധി ഘടകങ്ങളുണ്ട്.ചരിത്രകാരന്മാര്‍ പലവിധ നിരീക്ഷണങ്ങളിലെത്തുമെങ്കിലും.യാഥാര്‍ഥ്യത്തെ പ്രതിയുള്ള ചോദ്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കേരളത്തിലെ മാപ്പിള സമൂഹത്തിന് പലതുമാണ് ഖിസ്സ.

ചേരമാന്‍ പെരുമാള്‍ എന്ന കേരളത്തിലെ രാജാവ് മക്കയിലേക്ക് പോകുന്നതും ഇസ്‌ലാം സ്വീകരിക്കുന്നതുമാണ് ഖിസ്സയുടെ കഥ. സമാനമായ കഥകള്‍ വേറെയും നിലനില്‍ക്കുന്നതായി നിങ്ങള്‍ നിരീക്ഷിക്കുന്നുണ്ടല്ലോ?

തീര്‍ച്ചയായും. സമാന സ്വഭാവമുള്ള നിരവധി കഥകള്‍ ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളില്‍ പ്രചാരത്തിലുണ്ട്. ഇന്തൊനേഷ്യയിലും മാലിദ്വീപിലും സ്വാഹിലി തീരങ്ങളിലുമായി ഇത്തരം കഥകള്‍ കാണാം. ഒരു പെരുമാള്‍ രാജാവ് ശിവനെ സ്വപ്‌നം കണ്ടതിനെ തുടര്‍ന്ന് രാജ്യം ഉപേക്ഷിച്ച് കൈലാസത്തിലേക്ക് യാത്രയാവുകയും ഇപ്പോഴും കൈലാസത്തില്‍ താമസിക്കുന്നതുമായുള്ള ഒരു ഐതിഹ്യം കേരളത്തിലെ ശിവഭക്തര്‍ക്കിടയില്‍ നിലനിന്നിരുന്നു. ക്രിസ്ത്യന്‍ മതത്തിലേക്ക് മാറി സെന്റെ് തോമസിനെ കാണാന്‍ പുറപ്പെടുന്ന പെരുമാളിന്റെ കഥ പല ക്രിസ്ത്യാനികളും കൈമാറിപ്പോന്നിട്ടുണ്ട്. ഇവയുടെയൊക്ക മൂലകഥ കേരളത്തില്‍ വ്യാപക പ്രചാരം നേടിയ മാവേലിയും ഓണവുമായി ബന്ധപ്പെട്ട പുരാണത്തില്‍ നിന്നായിരിക്കാം എന്നാണ് എന്റെ നിരീക്ഷണം.

ഖിസ്സയില്‍ പരാമര്‍ശ വിധേയമാവുന്ന കഥ യാഥാര്‍ഥ്യമാവാനുള്ള സാധ്യതകളെ കുറിച്ച്? രചയിതാവിനെ കുറിച്ചും കാലഘട്ടത്തെ കുറിച്ചും?

അറബിക് ഇസ്‌ലാമിക് ഗ്രന്ഥങ്ങളില്‍ പതിവായി കാണുന്ന പ്രകാരം രചയിതാവിന്റെ പേരോ സ്ഥലമോ കാലമോ ഒന്നും രേഖയിലില്ല. ചില പദങ്ങളെ മനസ്സിലാക്കുമ്പോള്‍ എഴുതപ്പെട്ട കാലത്തെ കുറിച്ച് ഏകദേശ ധാരണ ലഭിക്കുന്നുണ്ട്. ഉദാഹരണത്തിന് ഖിസ്സയില്‍ ഖൈറുദ്ദീന്‍ എന്ന സൂഫിയെ ദര്‍വേശ് എന്നാണ് വിളിക്കുന്നത്. ദര്‍വേശ് എന്ന തുര്‍കിഷ് പദം അറബിയിലെത്തുന്നത് ഹിജ്‌റ മൂന്നോ നാലോ നൂറ്റാണ്ടില്‍ മാത്രമാണ്. പക്ഷെ ഇത് കൊണ്ട് ഈ കഥ പ്രചാരത്തില്‍ വരുന്നത് മൂന്നോ നാലോ നൂറ്റാണ്ടിലാണ് എന്നര്‍ത്ഥമില്ല. ഖിസ്സയുടെ രചന നടന്നത് അതിനു ശേഷമാണെന്ന് അനുമാനിക്കാം.

സ്കോട്ട് കൂഗിള്‍

Add comment