Thelicham

ഖിസ്സയുംഉല്‍ഭവകഥകളും മറ്റു ഉല്‍പത്തിക്കഥകളും

മുദായങ്ങളുടെ ഉത്ഭവത്തെ കുറിച്ചുള്ള ഇതിഹാസ കഥകളെ പല രീതികളിലാണ് ചരിത്രകാരന്മാര്‍ സമീപിക്കുന്നത്. വാമൊഴി ചരിത്രങ്ങളുടെ എഴുതപ്പെട്ട രേഖകളിലെ വിവരങ്ങളെ, ചരിത്രകാരെന്ന നിലയ്ക്ക്, അതിന്റെ ഉറവിടം, രേഖപ്പെടുത്തിയ കാലാനുക്രമത, രേഖപ്പെടുത്തിയതാര് തുടങ്ങിയ ചോദ്യങ്ങളെ പ്രധാനമായും കൈകാര്യം ചെയ്യേണ്ടതുണ്ട്. വാമൊഴി പാരമ്പര്യത്തെ കുറിച്ചുള്ള ബെല്‍ജിയന്‍ ആന്ത്രോപോളജിസ്റ്റ് ജാന്‍ വാന്‍സിനയുടെ ശ്രദ്ധേയമായ വിശകലനമാണ് ഖിസ്സയെ വായിക്കുന്നതിനുള്ള അടിസ്ഥാനം.

അമേരിക്കന്‍ മതസാമൂഹിക ഗവേഷകന്‍ റോബര്‍ട്ട് ബെല്ലയുടെ നിരീക്ഷണം, തങ്ങളുടെ ഭൂതകാലത്തെ മറക്കാതിരിക്കുകയും സ്വന്തം കഥകളെ നിരന്തരം ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്ന സമൂഹമാണ് ഒരു യഥാര്‍ഥ സമൂഹമെന്നാണ്. തങ്ങളുടെ ഉത്ഭവത്തെ കുറിച്ച് ഓരോ സമൂഹത്തിനും കഥകളുണ്ടാവുമെന്നും അവ മിക്കവാറും പ്രാദേശിക ഋഷിമാരുടെ അനുമാനങ്ങളില്‍ നിന്ന് രൂപം കൊണ്ടതായിരിക്കുമെന്നും വാന്‍സിന പറയുന്നുണ്ട്. വാമൊഴി പാരമ്പര്യങ്ങളില്‍, കേട്ടുകേള്‍വികള്‍, കിംവദന്തികള്‍, വെളിപാടുകള്‍, സ്വപ്‌നങ്ങള്‍, മതകീയ ഭാവനകള്‍ തുടങ്ങിയവയൊക്കെ ഉള്‍കൊണ്ടിരിക്കും. ഇവയൊക്കെ അടങ്ങിയിട്ടുള്ള സങ്കീര്‍ണവും എന്നാല്‍ അതിപ്രധാനവുമായ ഒരു വാമൊഴി പാരമ്പര്യമാണ് ഖിസ്സത്ത് ശകര്‍വതി ഫര്‍മാദ്.
മാപ്പിളമാര്‍ക്കിടയിലെ ചിലര്‍ ഈ കഥ യാഥാര്‍ഥ്യമെന്ന് വിശ്വസിക്കുന്നു. ശൈഖ് സൈനുദ്ധീനുല്‍ മഅ്ബരി അടക്കമുള്ളവര്‍ ഇതിന്റെ വിശ്വാസ്യതയില്‍ സംശയിക്കുകയും എന്നാല്‍ പുനരാഖ്യാനം നടത്തുകയും ചെയ്യുന്നു. ആലപ്പാട് ശ്രീധര മേനോന്‍ അടങ്ങുന്ന ചില കേരള ചരിത്രകാരന്മാര്‍ കൃതിയുടെ രേഖീയത പൂര്‍ണമായും നിരാകരിക്കുന്നു. കൃതി ചരിത്രവസ്തുതകളോട് യോജിക്കുന്നില്ല എങ്കില്‍ തന്നെ, ദക്ഷിണ മലബാര്‍ ചരിത്രത്തിലെ സംസ്‌കാരികവും സാമൂഹികവും മതകീയവുമായി അമൂല്യമായ ഒരു ഇതിഹാസത്തെയാണ് അവര്‍ ഇതിലൂടെ പുറന്തള്ളുന്നത്.

കഥയുടെ യാഥാര്‍ഥ്യത്തെ അന്വേഷിക്കുന്നതില്‍ നിന്ന് മാറി, ഒരു നരേറ്റീവ് എന്ന അര്‍ഥത്തില്‍ ഖിസ്സതിനെ വിശകലനം ചെയ്യുകയാണിവിടെ. മറ്റൊരര്‍ഥത്തില്‍, ഈ കഥയെ തങ്ങളുടെ വര്‍ത്തമാനത്തിലും ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ അവബോധത്തിന്റെ ചരിത്രം മനസ്സിലാക്കാനുള്ള പ്രഥമ സ്രോതസ്സ് എന്ന രീതിയില്‍ കൂടെയാണ് ഈ പഠനം നീങ്ങുന്നത്.
മാപ്പിള മുസ്്‌ലിംകളുടെ സംസ്‌കാരികവും സാമൂഹികവുമായ ഉയര്‍ച്ചയെയും അവരുടെ നീണ്ട പാരമ്പര്യത്തെയും ‘പര്‍വ്വത’ സമാനമെന്നാണ് കനേഡിയന്‍ ചരിത്രകാരനായ റോളണ്ട് മില്ലറുടെ പഠനം വിവരിക്കുന്നത്. അറബ് മുസ്്‌ലിം വണിക്കുകള്‍ മലബാര്‍ തീരങ്ങളില്‍ താമസിക്കുന്നതും വൈവാഹിക ബന്ധത്തിലേര്‍പ്പെടുന്നതും പുതിയ ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതിന് കാരണമായിത്തീര്‍ന്നു എന്നാണ് മാപ്പിളോല്‍പത്തിയുമായി ബന്ധപ്പെട്ട മില്ലറുടെ വിശദീകരണം. കേരളീയ ഇസ്്‌ലാമിന്റെ ഉത്ഭവത്തിനും വികാസത്തിനും കാരണമായെന്ന് കരുതപ്പെടുന്ന ഇതിഹാസ കഥകളെ കുറിച്ച് ഗൗരവതരമായ അന്വേഷണം മില്ലര്‍ നടത്തുന്നില്ല.

‘ഖിസ്സതു ശകര്‍വതി ഫര്‍മാദാ’ണ് പ്രചാരത്തിലുള്ള ഇതിഹാസ കഥയെ കുറിച്ചുള്ള ഏറ്റവും പഴക്കം ചെന്ന രേഖ. ശകര്‍വതി ഫര്‍മാദ് എന്ന അറബി ആഖ്യാനത്തെ യോഹന്നാന്‍ ഫ്രീഡ്മാന്‍ വിശകലനം ചെയ്തിട്ടുണ്ട്. മാത്രമല്ല, കൃതിയുടെ സംക്ഷിപ്ത രൂപങ്ങളും അതേകുറിച്ച് പരാമര്‍ശങ്ങളും ചരിത്രകാരന്മാര്‍ നടത്തിയിട്ടുണ്ട്. പക്ഷെ, ഇതുവരെ കൃതി പൂര്‍ണ്ണമായും തര്‍ജമ ചെയ്യപ്പെട്ടിട്ടില്ല. ശേഷം വന്ന തുഹ്ഫത്തുല്‍ മുജാഹിദീന്‍, കേരളോല്‍പത്തി പോലോത്ത കേരളീയ ചരിത്ര ഗ്രന്ഥത്തിലൊന്നും ഈ ഗ്രന്ഥത്തെ കുറിച്ച് ഒരു പരാമര്‍ശവും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഖിസ്സയുടെ സമ്പൂര്‍ണ വിവര്‍ത്തനവും ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളില്‍ നിലനില്‍ക്കുന്ന സമാന കഥകളുമായി താരതമ്യം ചെയ്തും ഫ്രീഡ്മാന്റെ പഠനത്തെ വികസിപ്പിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.

മാപ്പിളോല്‍പത്തിയും നാടോടി സാഹിത്യങ്ങളും
മാപ്പിളോല്‍പത്തി, കേരള ചരിത്ര പഠനം തുടങ്ങിയവയില്‍ സഹായകമാവുന്ന പുരാതന രേഖകള്‍ മിക്കതും ചരിത്രവും മിത്തും കൂടിക്കലര്‍ന്ന, വിത്യസ്ത സ്വഭാവങ്ങള്‍ പുലര്‍ത്തുന്ന നാടോടി സാഹിത്യങ്ങളാണ്. ഖിസ്സത്ത് അറബ് ഇസ്്‌ലാമികതയുമായാണ് ബന്ധപ്പെടുന്നത്. സമാന രീതിയില്‍ ഒരു രാജാവിന്റെ തിരോധാനത്തെ കുറിച്ചു സംസാരിക്കുന്ന ഭഗവത് പുരാണം ഇന്തോ-സംസ്‌കൃത പാരമ്പര്യമുള്ള കൃതിയാണ്. ‘മാവേലി നാടു വാണിടും കാലം മനുഷ്യരെല്ലാരും ഒന്നു പോലെ/കള്ളവുമില്ല ചതിയുമില്ല കള്ളത്തരങ്ങള്‍ എള്ളോളമില്ല’ എന്നിങ്ങനെ തുടങ്ങുന്ന പാട്ടിന്റെ ഇതിവൃത്തം പ്രാചീന കേരളം ഭരിച്ചിരുന്ന മാവേലി ചക്രവര്‍ത്തിയുടെ സുവര്‍ണ നാളുകളാണ്. ബ്രാഹ്മണിക് ചരിത്രമനുസരിച്ച് ദേവന്മാരുടെ അധീശത്വത്തെ വെല്ലുവിളിച്ച അസുര രാജാവായിരുന്നു മഹാബലി. ശക്തരായ അസുരരെ ചതി പ്രയോഗത്തിലൂടെയാണ് സഹോദരങ്ങളായ ദേവന്മാര്‍ കീഴ്‌പ്പെടുത്തുന്നത്.

പക്ഷേ, കേരളത്തില്‍ പ്രചാരത്തിലുള്ള ചരിത്രം അത്ര പ്രമാണ ബദ്ധമായല്ല നീങ്ങുന്നത്. മഹാബലിയുടെ അസുര പ്രകൃതമോ ദേവന്മാരുമായുള്ള പോരാട്ടമോ അവിടെ പ്രസക്തമാകുന്നില്ല. നീതിമാനായ മഹാബലി പാതാളത്തിലല്ല, സ്വര്‍ഗ ലോകത്താണ് വസിക്കുന്നത്, ശോഭന ഭാവിയുടെ പ്രതീകവും നന്മ നിറഞ്ഞ സമൂഹത്തിന്റെ ഉണര്‍ത്തലുമായാണ് കേരളീയര്‍ മഹാബലിയെ അടയാളപ്പെടുത്തുന്നത്. മഹാബലിയും ഓണവും, കേരളത്തില്‍, തന്റെ തിരോധാനത്തിലും, സാമൂഹിക ഘടനയെയും ക്രമസമാധാനത്തെയും നിയന്ത്രിക്കുന്ന ശക്തമായൊരു പ്രതീകമാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ പല മതസമുദായങ്ങളും ഓണവുമായി ബന്ധപ്പെടുത്തി അവരുടെ ചരിത്രം വിശദീകരിക്കാറുണ്ട്. കേരള മുസ്്‌ലിം ചരിത്രത്തിലും ഇത്തരം ശ്രമങ്ങള്‍ ദൃശ്യമാണ്.

അപ്രത്യക്ഷനായ ‘ചക്രവര്‍ത്തി’
കേരളത്തിന്റെ രേഖീയ ചരിത്രം തുടങ്ങുന്നത് ചേര രാജവംശം മുതലാണ്. ചേരമാന്‍ പെരുമാള്‍ എന്ന മലയാള സ്ഥാന നാമം കൊണ്ടായിരുന്നു ഈ രാജാക്കന്മാര്‍ വിശ്രുതരായത്. കാണാതായ അവസാന ചേര രാജാവിനെ പ്രതി ഒന്നില്‍ പരം ഇതിഹാസ കഥകള്‍ നിലവിലുണ്ട്. അതിലൊന്ന് രാജാവിന്റെ തിരോധാന കാരണം, ഇസ്്‌ലാം ആശ്ലേഷിക്കുകയും ശേഷം മക്കയിലേക്ക്് യാത്ര തിരിക്കുകയും ചെയ്തുവെന്നാണ്. ഈ കഥ തന്നെ ശകര്‍വതി ഫര്‍മാദിന്റെ വിവര്‍ത്തിത പതിപ്പില്‍ കാണപ്പെടുന്നുണ്ട്. ചേരമാന്‍ പെരുമാള്‍ രാജാവ് വാസ്തവത്തില്‍ ആരായിരുന്നെന്നോ ഇതിഹാസ കഥയിലെ കഥാപാത്രം യഥാര്‍ത്ഥത്തില്‍ ഒരു ചരിത്രബിംബമായിരുന്നെന്നോ ഉറപ്പിക്കാവതല്ല.

ലഭ്യമായ ചരിത്രം അനുസരിച്ച്, രണ്ടാം ചേരവംശ സ്ഥാപക രാജാവിന്റെ മകന്‍, തന്റെ പിതാവിന് വിപരീതമായി വിഷ്ണുവിന് പകരം ശിവനെ തന്റെ ദേവനായി സ്വീകരിച്ചു. സംന്യാസ കവിയായും ചേരമാന്‍ പെരുമാള്‍ നായനാര്‍ എന്ന പേരിലുമറിയപ്പെട്ട ഇദ്ദേഹം തന്റെ രാജ്യം വിട്ട്, തമിഴ്‌നാട്ടിലെ ചിദംബരത്തില്‍ തുടങ്ങി ഹിമാലയത്തിലെ കൈലാശ് പര്‍വത നിരകളിലവസാനിക്കുന്ന, ശിവ മഠങ്ങള്‍ തേടി ഒരു തീര്‍ത്ഥയാത്രക്ക് പുറപ്പെടുകയുണ്ടായി. രാജ്യം നഷ്ടപ്പെട്ട് സ്വര്‍ഗത്തില്‍ ആരോഹണം ചെയ്ത മഹാബലിയുടെ മിത്തുമായി ഈ രാജാവിന്റെ കഥ സമാനത പുലര്‍ത്തുന്നുണ്ട്. രണ്ടാം ചേരവംശ കാലത്ത്, രാജാക്കന്മാര്‍ സംസ്‌കൃത പ്രതീകമായി ലോകരാജാവ് എന്ന പേരിലും രാജവംശാധികാരി എന്നും അറിയപ്പെട്ടിരുന്നു.

ഖിസ്സത്തും ബ്രാഹ്മണ ക്രിസ്തീയ ഉല്‍പത്തി കഥകളും
ഖിസ്സതും കേരളത്തിലെ മറ്റു സമുദായങ്ങളുടെ ഉല്‍പത്തി കഥകളും തമ്മില്‍ അതിസൂക്ഷ്മമായ സമാനതകള്‍ കണ്ടെത്താനാകും. ഇവയിലെല്ലാം തന്നെ, ഓരോ സമുദായങ്ങളുടെയും ഉത്ഭവ കഥയിലും ആലങ്കാരികമായി ഒരു കേന്ദ്ര കഥാ നായകന്റെ രംഗപ്രവേശനം നടക്കുന്നുണ്ട്. അദ്ദേഹം പ്രസ്തുത സമുദായത്തിന്റെ ദൈവിക വൃത്തത്തോട് കൂടുതല്‍ അടുത്തവനും വീരപരിവേഷമുള്ളവനുമായിരിക്കും. ബ്രാഹ്മണ ക്രിസ്ത്യന്‍ സമുദായ രൂപീകരണവുമായി ബന്ധപ്പെട്ട് ഇത്തരം ഉല്‍പത്തി കഥകള്‍ കാണാവുന്നതാണ്. പ്രസ്തുത കഥകളുടെ ചരിത്രപരതയെ ശരിവെക്കുന്ന ആലപ്പാട്ട് ശ്രീധരമേനോന്‍ പക്ഷെ, ഖിസ്സത്തിന്റെ മുസ്്‌ലിം ബന്ധത്തെ നിരാകരിക്കുന്നുണ്ട്.

ജൈന, ബുദ്ധ സമുദായങ്ങളെപ്പോലെ തന്നെ, ബ്രാഹ്ണന്മാരും ആര്യവല്‍ക്കരണത്തിന്റെ ഭാഗമായി കേരളത്തില്‍ കുടിയേറിയ മത വിഭാഗങ്ങളാണ്. ബ്രാഹ്മണ ഉല്‍പത്തി കഥയായി മേനോന്‍ ഉദ്ധരിക്കുന്നത് പരശുരാമന്‍ മഴുവെറിഞ്ഞ കഥയാണ്. ‘കേരളോല്‍പത്തി’, ‘കേരള മാഹാത്മ്യം’ തുടങ്ങിയ കൃതികളില്‍ ഐതിഹ്യമായി പറയുന്ന പരശുരാമന്‍ കഥ, പ്രതീകാത്മക ചരിത്ര യാഥാര്‍ഥ്യമായിട്ടാണ് മേനോന്‍ അവതരിപ്പിക്കുന്നത്.
സമാനമായ അവസ്ഥ സിറിയന്‍ ക്രിസ്ത്യന്‍ ഒറിജിനിലും നിലനില്‍ക്കുന്നുണ്ട്. മേനോന്‍ വിവരിക്കുന്നത് പോലെ ‘യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് സുവിശേഷ വാഹകരിലൊരാളായ സെന്റ് തോമസാണ് കേരള മണ്ണിലേക്ക് ക്രിസ്തീയ മതമെത്തിക്കുന്നത്.’ ഈ കഥക്ക് ഉപോല്‍ബലകമായി മറ്റു പല കഥകളും ഫാന്റസികളും നിലനില്‍ക്കെ തന്നെ, സെന്റ് തോമസിന്റെ ആഗമനത്തോടെയാണ് കേരള ക്രിസ്ത്യന്‍ ചരിത്രം ആരംഭിക്കുന്നതെന്ന് ചരിത്രകാരന്മാര്‍ പലരും രേഖപ്പെടുത്തുന്നു.

ഇസ്്‌ലാമിന്റെ ആവിര്‍ഭാവവുമായി ബന്ധപ്പെട്ടും ഇതുപോലൊരു പ്രക്രിയ നടക്കുന്നുണ്ട്. ബ്രാഹ്മണരുടേത് വിഷ്ണുവിന്റെ അവതാരമായ പരശുരാമനും ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്ക്, യേശുവുമായി അടുത്ത ബന്ധമുള്ള സെന്റ് തോമസും മുസ്്‌ലിം സമുദായത്തില്‍ പ്രവാചകാനുയായിയായ ചേരമാന്‍ പെരുമാള്‍ രാജാവുമാണ് അവതരിക്കുന്നത്. ചരിത്രപരമായി കൂടുതല്‍ വേരുകളുള്ള മാലിക് ബിന്‍ ദീനാറുമായുള്ള ബന്ധം ഇതിനെ സാധൂകരിക്കുന്നു. ഘടനാപരമായ സമാനതകള്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ തന്നെ, കേരള സമുദായങ്ങളുടെ ആവിര്‍ഭാവവുമായി ബന്ധപ്പെട്ട പ്രസ്തുത ഇതിഹാസങ്ങളോട് പക്ഷപാതിത്വത്തോടെയാണ് മേനോന്‍ ഇടപെടുന്നത്. ബ്രാഹ്മണ, ക്രിസ്ത്യന്‍ ഉല്‍പത്തി കഥകള്‍ക്ക് ചരിത്രപരമായ വ്യാഖ്യാനങ്ങളും തെളിവുകളും അദ്ദേഹം യഥേഷ്ടം നല്‍കുന്നുണ്ടെങ്കിലും, ഇസ്്‌ലാമിക ആവിര്‍ഭാവവുമായി ബന്ധപ്പെട്ട ഇതിഹാസത്തെ അധിനിവേശവുമായി ബന്ധിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ചരിത്രപരമായ തെളിവുകളെ അദ്ദേഹം നിരാകരിക്കുന്നതിലൂടെ ഈ ചിത്രം പൂര്‍ണ്ണമാകുന്നു. ഇന്ത്യന്‍ മുസ്്‌ലിംകള്‍ യഥാര്‍ഥ ഇന്ത്യന്‍ പൗരന്മാരല്ലെന്ന് മേനോന്‍ പറയാതെ പറയുന്നുണ്ട്. ബോധപൂര്‍വമോ അബോധപൂര്‍വമോ, ഇതിലൂടെ മേനോന്‍ നിര്‍വ്വഹിക്കുന്നത് ബ്രാഹ്മണിക് ഹിന്ദുത്വ ദേശീയ വാദത്തിന്റെ ജീവഘടകമായ പ്രമേയത്തിന് ചരിത്രപരമായ സാധുത നല്‍കലാണ്.
ഖിസ്സത്തു ശകര്‍വതി ഫര്‍മാദില്‍ നിന്നാണ് സൈനുദ്ധീന്‍ മഖ്ദൂം തന്റെ മാപ്പിള ചരിത്രം രൂപപ്പെടുത്തുന്നതെന്ന് യോഹാന്നാന്‍ ഫ്രീഡ്മാന്‍ നിരീക്ഷിക്കുന്നുണ്ട്. ഖിസ്സത്തിലെ മൂന്നാം ഭാഗമെന്ന് വിശേഷിപ്പിക്കാവുന്ന മാലിക് ബിന്‍ ദീനാറിന്റെ തിരിച്ചുവരവും പള്ളിനിര്‍മാണവും വാണിജ്യ വിശേഷങ്ങളുമാണ് ശൈഖ് സൈനുദ്ധീന്റെ ചരിത്രാധാരം. ചേര രാജാവിന്റെ മതംമാറ്റവും ഭരണ കൈമാറ്റവും ചരിത്രത്തിലുണ്ടെന്ന് പറയുന്ന മഖ്ദൂം പക്ഷെ, ഇതിന്റെ കാലഗണന, ചന്ദ്ര പിളര്‍പ്പുമായുള്ള പെരുമാളിന്റെ ബന്ധം എന്നിവയുടെ ചരിത്രപരതയില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. മാപ്പിളോല്‍പത്തിയെ പറ്റിയുള്ള നാടോടി സാഹിത്യമെന്നതിലുപരി, സമുദ്ര ബന്ധങ്ങളിലൂടെ കോസ്‌മോപോളിറ്റന്‍ സ്വഭാവം നിലനിര്‍ത്തിയിരുന്ന മാപ്പിള മുസ്്‌ലിമിന്റെ അടയാളമായാണ് മഖ്ദൂം ഖിസ്സത്തിനെ കാണുന്നത്. മഖ്ദൂമിന്റെ തുഹ്ഫതുല്‍ മുജാഹിദീന്‍ എന്ന കൃതിയും, ഈ കോസ്‌മോപോളിറ്റന്‍ സാധ്യതയെ ഉപയോഗപ്പെടുത്തി, പോര്‍ച്ചുഗീസുകാര്‍ക്കെതിരിലുള്ള മാപ്പിള മുസ്്‌ലിം പോരാട്ടത്തില്‍ മറ്റു മുസ്്‌ലിം സമുദായങ്ങള്‍ കൂടെ പങ്കാളിയാവണമെന്ന് ആവശ്യപ്പെടുന്നതും കാണാം.

കേരള മുസ്്‌ലിംകളെ പറ്റിയുള്ള ചില വാങ്മയ ചിത്രങ്ങള്‍ ഖിസ്സത്ത് നല്‍കുന്നുണ്ട്. രാഷ്ട്രീയ നീക്കങ്ങളിലൂടെയല്ല കേരളത്തില്‍ ഇസ്്‌ലാം ആധിപത്യം ചെലുത്തുന്നത്, ബൗദ്ധികമായി ഉയര്‍ന്നിരുന്ന കേരളീയര്‍ സത്യാന്വേഷണാനന്തരം ഇസ്്‌ലാമിനെ പുല്‍കുകയായിരുന്നു, കേരളത്തിലെ ഇസ്്‌ലാമാഗമനം പ്രവാചക കാലത്ത് തന്നെ നടന്നു, ചന്ദ്ര പിളര്‍പ്പിനെ കേരളീയരാണ് കൃത്യമായി മനസ്സിലാക്കിയത്, തദ്‌സംബന്ധിയായി ഇറങ്ങിയ ഖുര്‍ആന്‍ സൂക്തം കേരളീയരെ പ്രശംസിക്കുന്നുണ്ട് തുടങ്ങി മാപ്പിള മുസ്്‌ലിംകള്‍ക്ക് സാംസ്‌കാരിക മൂലധനമായേക്കാവുന്ന ധാരാളം ‘നന്മ’കള്‍ ഖിസ്സത്ത് പറഞ്ഞുവെക്കുന്നുണ്ട്.

കേരള മുസ്്‌ലിംകള്‍ അറബ് ഒറിജിനാണെന്ന വാദം ഖിസ്സത്തിലുണ്ട്. ഇതിനു സാധുത നല്‍കുന്ന ചരിത്രരേഖകള്‍ വേറെയുമുണ്ട്. യമനില്‍ നിന്ന് കണ്ടെടുത്ത ചില രേഖകള്‍ പ്രകാരം, യമനിലെ റസൂലി രാജവംശം (1228-1454) ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ജൂറിമാരെ നിശ്ചയിച്ചിരുന്നുവെന്നും പള്ളികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും കാണാം. മാപ്പിളമാര്‍ മുഹമ്മദ് നബിയുടെയും അനുചരുടെയും പിന്മുറക്കാരാണെന്ന ഖിസ്സത്ത് വാദം മാപ്പിള ആഢ്യത്ത വാദവുമായി യോജിച്ച് വരുന്നുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങളും വാണിജ്യ താല്‍പര്യങ്ങളും മാപ്പിള ആഢ്യത്തവാദം പൊതുവിലും, ഖിസ്സത്തിനെ നിര്‍മിക്കുന്നതില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് ചുരുക്കം.
ഹിന്ദു മിത്തുകളിലെ മഹാബലിയും ഖിസ്സത്തിലെ ചേരമാന്‍ പെരുമാളും ഒരുപാട് സമാനതകള്‍ പുലര്‍ത്തുന്നുണ്ട്-തിരോധാനവും ഭരണകാലത്തെ പ്രജാക്ഷേമവും അവരിരുവരുമായും ബന്ധപ്പെടുന്ന ഓണക്കഥകളും. പുറമെ, ഖുര്‍ആന്‍ സൂക്തങ്ങളും നബി വചനങ്ങളും ഖിസ്സത്തിനെ മതപരമായും മൂല്യവത്താക്കുന്നുണ്ട്. മാപ്പിള സ്വത്വവുമായി ബന്ധപ്പെട്ട പല ഘടകങ്ങളും ഉള്‍പെടുന്ന മനോഹരമായ കുറിപ്പാണ് ഖിസ്സത്ത്. മഖ്ദൂമിന്റെ വാക്കുകളില്‍ മാപ്പിള മുസ്്‌ലിം ദ്വിമുഖ സ്വഭാവം പുലര്‍ത്തുന്ന സവിശേഷ സമൂഹമാണെന്ന് എങ്‌സങ് ഹോ നിരീക്ഷിക്കുന്നുണ്ട്-മാപ്പിള മുസ്്‌ലിമെന്ന കോസ്‌മോപോളിറ്റന്‍ സ്വഭാവവും സൗത്ത് ഇന്ത്യനെന്ന പ്രാദേശിക മുഖവും. മഖ്ദൂമിന്റെ ഈ നിരീക്ഷണവും ഖിസ്സത്തിലെ കേന്ദ്ര പ്രമേയമാണ്.

ഇന്ത്യന്‍ സമുദ്ര തീരത്തെ ഇതര ഉല്‍പത്തി കഥകള്‍
‘ഖിസ്സത്ത് ശകര്‍വതി ഫര്‍മാദ്’ അറബിക്കടലിലൂടെയുള്ള സഞ്ചാരവുമായി അത്യധികം ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളില്‍ പ്രചാരത്തിലുള്ള അനേകം ഉല്‍പത്തി കഥകളുമായി ഒരു താരതമ്യ പഠനത്തിന് വിധേയമാക്കുന്നത് അതിനാല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇസ്്‌ലാമിലേക്കുള്ള രാജ മതപരിവര്‍ത്തനം, ഇസ്്‌ലാമിക ദൈവശാസ്ത്രത്തിന്റെയും, വിശുദ്ധ ഖുര്‍ആനിന്റെയും അത്ഭുതശേഷികള്‍, നിരവധി അത്ഭുത കൃതികളും അമാനുഷിക പ്രവര്‍ത്തികളുമടങ്ങിയ ഇസ്്‌ലാം, തുടങ്ങി നിരവധി ഏകകങ്ങള്‍ സ്ഥല കാല പരിമിതികള്‍ക്കകത്തു തന്നെ ഉല്‍പത്തിക്കഥകള്‍ക്കിടയില്‍ നിലനില്‍ക്കുന്നു. ‘ചേരമാന്‍ പെരുമാളിന്റെ കഥ’ നിരവധി വ്യത്യസ്തതകള്‍ നിലനില്‍ക്കെ തന്നെയും താരതമ്യ യോഗ്യമാവുന്നത് ഇപ്രകാരമാണ്.
ഇവിടെ താരതമ്യ വിധേയമാകുന്ന മൂന്ന് ഉല്‍പത്തി കഥകളില്‍ ആദ്യത്തേത് ബുസുര്‍ഗ് ബിന്‍ ശഹ് രിയാറിന്റെ ഗ്രന്ഥത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. അജാഇബ് സാഹിത്യ(വീര്യകൃത്യങ്ങളുടെ)ത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താവുന്ന ഗ്രന്ഥമാണ് ശഹ്‌രിയാറിന്റേത്. ഇന്ത്യന്‍ മഹാസമുദ്രം പരന്നു കിടക്കുന്ന ഇന്തോ-ആഫ്രിക്കന്‍ തീരദേശ പ്രദേശങ്ങളുമായി വ്യാപാര ബന്ധത്തിലേര്‍പ്പെട്ടിരുന്ന വ്യക്തിയാണദ്ദേഹം.

കാശ്മീര്‍ ഭരിച്ചിരുന്ന ‘റാ’യിലെ രാജാവ് (കിങ് ഓഫ് റാ) ഇസ്്‌ലാം ആശ്ലേഷിച്ചതിനെ കുറിച്ച് ശഹ്് രിയാര്‍ വിശദീകരിക്കുന്നുണ്ട്. സിന്ധ് പ്രവിശ്യയിലെ മന്‍സൂറയിലെ ഭരണാധികാരിയോട് ഇസ്്‌ലാമിക നിയമങ്ങളുടെ പ്രാദേശിക ഭാഷയിലുള്ള പരിഭാഷ തയ്യാറാക്കുന്നതിലുള്ള താത്പര്യം കാശ്മീര്‍ രാജാവ് പ്രകടിപ്പിക്കുന്നു. ഇസ്്‌ലാമിക നിയമത്തിന്റെ കാവ്യാത്മക ഭാഷ്യവുമായി ഒരു പണ്ഡിതന്‍ രാജാവിനെ കാണുകയും ഖുര്‍ആനിക സൂക്തങ്ങളുടെ വ്യാഖ്യാനങ്ങളെ കുറിച്ചുണര്‍ത്തുകയും ചെയ്യുന്നു. വിശുദ്ധ ഖുര്‍ആന്‍ ശ്രവിക്കവെ, പ്രത്യേകിച്ചും സൂറത്തു യാസീന്‍ ഓതിയപ്പോള്‍, രാജാവ് അത്യധികം വികാരഭരിതനാവുകയും നഗ്നപാദനായി നടന്ന് ഭൂമിയില്‍ തലചേര്‍ത്ത് വെച്ച് മുഖമാസകലം മണ്ണു പുരളും വരെ കണ്ണീര്‍ വാര്‍ക്കുകയും ചെയ്തു. വിശുദ്ധ ഖുര്‍ആനിലെ ദൈവത്തെ രാജാവ് കണ്ടെത്തിയെങ്കിലും പൊതുജനത്തെ അറിയിക്കാതെ ആരാധനാനുഷ്ഠാനങ്ങള്‍ക്കായി രഹസ്യകൂടാരം നിര്‍മ്മിച്ച് ആത്മീയാന്വേഷണങ്ങളില്‍ വ്യാപൃതനായി ജീവിക്കുന്നു.

പെരുമാളിനെ പോലെ, വിശുദ്ധ ഖുര്‍ആനിന്റെയും ഇസ്്‌ലാമിന്റെയും ദിവ്യശക്തിയാണ് ഇവിടെയും പരിവര്‍ത്തനത്തിന്റെ പ്രേരകം. പെരുമാള്‍ വലിയൊരു പ്രയാണത്തോടെയാണ് ഇസ്്‌ലാമിലെത്തിയതെങ്കിലും ഇരുവരും ഒരു അറേബ്യന്‍ പ്രതിനിധിയുമായി ബന്ധപ്പെടുന്നുണ്ട്. തങ്ങളുടെ പ്രജകളില്‍ നിന്ന് ഇസ്്‌ലാമിനെ ഇരുവരും ഗോപ്യമായി സൂക്ഷിക്കുന്നുണ്ട്. പക്ഷെ, അവസാനം പെരുമാള്‍ രാജഭരണം ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ തയ്യാറാവുന്നു. റാ രാജാവിന്റെ മത പരിവര്‍ത്തനം സ്വദേശത്ത് ഒരു ഇസ്്‌ലാമിക സമൂഹത്തിന്റെ സംസ്ഥാപനത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ രൂപപ്പെടുത്തുന്നില്ല എന്നതും പ്രസ്തുത കഥയില്‍ ശ്രദ്ധേയമായ കാര്യമാണ്.

ബുസുര്‍ഗ് തന്നെ വിവരിക്കുന്ന മറ്റൊരു രാജപരിവര്‍ത്തനകഥ സ്വാഹിലി തീരത്തു നിന്നാണ്. ഒമാനില്‍ നിന്നുള്ള ഒരു കച്ചവട സംഘം ഉദ്ദിശ്ട ലക്ഷ്യത്തില്‍ നിന്ന് മാറി കിഴക്കാനാഫ്രിക്കന്‍ തീരത്തെ സൊഫാലയിലെത്തുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ഭയപ്പെട്ടതില്‍ നിന്ന് വിഭിന്നമായി, ഹാര്‍ദ്ദവമായ സ്വീകരണമാണ് സന്‍ജ്(ആഫ്രിക്ക) ഭരിച്ചിരുന്ന യുവരാജാവ് നല്‍കിയത്. കച്ചവടത്തിനുള്ള സൗകര്യങ്ങളും രാജാവ് ചെയ്തുകൊടുക്കുന്നു. എന്നാല്‍ മടക്കയാത്രയുടെ സമയത്ത്, യാത്രയപ്പ് നല്‍കാനെത്തിയ യുവരാജാവിനെ ബന്ധിയാക്കി അവര്‍ സ്ഥലം വിടുന്നു. ഒമാനിലെ ഒരു അടിമചന്തയിലെ കച്ചവടവസ്തുവായി മാറി ആ യുവരാജാവ്. കാലങ്ങള്‍ക്ക് ശേഷം കച്ചവടസംഘം സന്‍ജ് തീരത്തെത്തിപ്പെടുകയും തങ്ങള്‍ ബന്ധിയാക്കിയ അതേ യുവാവ് അധികാരമരുളുന്നത് കണ്ട് അന്ധാളിക്കുകയും ചെയ്തു. ഖുര്‍ആനിലെ യൂസുഫ് നബി സംഭവത്തിന് സമാനമായി, മോശംപെരുമാറ്റത്തെ കുറിച്ച് ഗുണദോഷിക്കുക മാത്രം ചെയ്ത് രാജാവ് അവരെ സ്വതന്ത്രരായി വിട്ടതോടെ അവരുടെ അമ്പരപ്പ് വര്‍ധിച്ചു. തുടര്‍ന്ന് അത്ഭുകരമായ ഒരു അനുഭവമാണ് രാജാവ് അവരോട് പങ്കുവെച്ചത്. അധികാരത്തിന്റെ സുഖാഢംബരങ്ങളില്‍ നിന്ന് അടിമത്വത്തിന്റെ പ്രയാസങ്ങളിലേക്കെത്തിപ്പെട്ട അദ്ദേഹത്തിന് ആത്മീയമായ പരിവര്‍ത്തനം കൈവരുന്നു. ബസറക്കാരായ യജമാനനില്‍ നിന്ന് വിശുദ്ധ ഖുര്‍ആനും ഇസ്്‌ലാമികാനുഷ്ടാനക്രമങ്ങളും അദ്ദേഹം പഠിച്ചു. ശേഷം ബാഗ്ദാദിലും ഹജ്ജ് കര്‍മത്തിന് മക്കയിലും മദീനയിലുമെത്തിയ അദ്ദേഹം നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് കൈറോയിലെത്തിച്ചേര്‍ന്നു. സ്വദേശത്തെത്തിയ അദ്ദേഹം അവരുടെ രാജാവിനെ കുറിച്ച് തിരക്കിയപ്പോള്‍ ലഭിച്ച മറുപടി ‘ഞങ്ങള്‍ക്ക് ദൈവമല്ലാതെ രാജാവില്ല’ എന്നായിരുന്നു. തന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ ജനസമക്ഷം ബോധ്യപ്പെടുത്തുന്നതോടെ ആനന്ദഹര്‍ഷത്തിലായ ജനങ്ങള്‍ അദ്ദേഹത്തെ രാജപദവിയിലേക്കവരോധിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ തന്നെ വിശ്വാസ ധാരയിലേക്ക് കടന്നു വരാന്‍ കൂടി തയ്യാറാവുന്നു. നിരവധി പീഡനങ്ങളിലൂടെ കടന്നുപോയെങ്കിലും ഇസ്്‌ലാമിക സന്ദേശം സ്വീകരിക്കാന്‍ തനിക്കും പ്രജകള്‍ക്കും ലഭിച്ച അവസരത്തില്‍ ദൈവത്തിന് നന്ദി പറഞ്ഞാണ് രാജാവ് സംഭാഷണം അവസാനിപ്പിക്കുന്നത്.

രാജപരിവര്‍ത്തനം എന്ന സമാനതക്ക് പുറമെ ഇന്ത്യന്‍ മഹാസമുദ്ര തീരത്തെ ഒരു ഇസ്്‌ലാമിക സമൂഹത്തിന്റെ ആവിര്‍ഭാവത്തെ വിവരിക്കുന്നുണ്ട് ഈ കഥ. ഇരു കഥകളിലും വിദൂര ദേശത്തെത്തിപ്പെടുന്ന ഭരണാധിപരുണ്ട്. പക്ഷെ, സന്‍ജ് രാജാവിന്റെ കഥയില്‍ സ്വന്തം പ്രജകളാണ് ഇസ്്‌ലാമിലേക്ക് കടന്നു വരുന്നത്. തിമോത്തി ഇന്‍സോള്‍ ‘ഇന്‍ഡിജനൈസ്ഡ് ആഫ്രിക്കന്‍ ഇസ്്‌ലാം’ എന്ന് പരിചയപ്പെടുത്തുന്നതിനോട് ഈ കഥയിലെ മതപരിവര്‍ത്തനം യോജിച്ചു വരുന്നുണ്ട്. പക്ഷെ, ഖിസ്സത്ത് പ്രകാരം കേരളത്തില്‍ രൂപപ്പെടുന്നത് അറബ് വംശാവലിയുള്ള ഒരു ഡയസ്‌പോറിക് ഇസ്്‌ലാമാണ്. സ്വാഹിലീ തീരത്തും കാശ്മീര്‍ പ്രദേശത്തും ഇസ്്‌ലാമിനു മുമ്പെ നിലനിന്നിരുന്നത് ഏകദൈവ കേന്ദ്രീകൃതമായ ദൈവബോധമായിരുന്നു എന്ന് കൂടെ ഈ കഥകളില്‍ നിന്ന് വ്യക്തമാവുന്നുണ്ട്. റിച്ചാര്‍ഡ് ഈറ്റണ്‍ മുന്നോട്ടുവെച്ച ത്രിരൂപങ്ങളുള്ള പരിവര്‍ത്തനത്തിലെ രണ്ടാമത് രൂപത്തോട് ഇവ രണ്ടും സാധര്‍മ്യം പുലര്‍ത്തുന്നതായി കാണാം. നിലനില്‍ക്കുന്ന ദൈവബോധത്തിലേക്കു പുതിയ ഘടകം ഇഴുകിച്ചേരുന്ന രൂപമാണിത്. ഇവിടെ രണ്ടിടങ്ങളിലും ഇസ്്‌ലാമായിരുന്നു പുതിയ ഘടകം.

മൂന്നാമത്തെ പരിവര്‍ത്തന കഥ ഇബ്‌നു ബത്തൂത്ത രിഹ്‌ലയില്‍ ഉദ്ധരിക്കുന്നതാണ്. മാലിദ്വീപ് നിവാസികളുടെ ഇസ്്‌ലാമാശ്ലേഷണത്തെ കുറിച്ച് ഇബ്‌നു ബത്തൂത്ത എഴുതുന്നു: അവര്‍ അവിശ്വാസികളായിരുന്ന സമയം, മാസാമാസം ജ്വലിക്കുന്ന കപ്പലില്‍ ഒരു ജിന്ന് പ്രത്യക്ഷപ്പെട്ട് പ്രദേശത്തെ ഒരു കന്യകയെ ബലിയാക്കി സ്വീകരിക്കാറുണ്ടായിരന്നു. അനവരതം ഈ പ്രവര്‍ത്തി തുടര്‍ന്നു പോരുന്നതിനിടെയാണ് അബുല്‍ ബറകാത് ബര്‍ബരി എന്ന മുസ്്‌ലിം പണ്ഡിതന്‍ അവിടെയെത്തുന്നത്. അത്തവണ ബലിക്ക് നിയുക്തയായിരുന്ന അബുല്‍ ബറക്കത്തിന്റെ സ്ഥലമുടസ്ഥയുടെ മകള്‍ക്ക് പകരം അദ്ദേഹം ബലിസ്ഥലത്ത് എത്തുകയും ഖുര്‍ആന്‍ പാരായണത്തിനിടെ പ്രത്യക്ഷപ്പെട്ട കപ്പലിലെ ജിന്ന് പാരായണം കേട്ട് കടലില്‍ ചാടുകയും കപ്പല്‍ അപ്രത്യക്ഷമാവുകയും ചെയ്തു. ഒരു പോറലുമേല്‍ക്കാത്ത അബുല്‍ ബറകാതിനെ കണ്ട ജനങ്ങള്‍ അത്ഭുതപ്പെട്ടു. അദ്ദേഹത്തില്‍ നിന്ന് ഇസ്്‌ലാമിനെ കുറിച്ചറിഞ്ഞ പ്രദേശത്തെ രാജാവ് അടുത്തമാസം ജിന്ന് സംഭവം ആവര്‍ത്തിച്ചില്ലെങ്കില്‍ വിശ്വാസിയാവുമെന്ന് വ്യക്തമാക്കുന്നു. എങ്കിലും ജിന്നിന്റെ ആഗമന മാസത്തിന് മുമ്പേ രാജാവും മുഴുവന്‍ കൊട്ടാരവും ഇസ്്‌ലാമാശ്ലഷിക്കുന്നുണ്ട്. ജിന്ന് വരേണ്ട ദിവസം അബ്ദുല്‍ ബറക്കത് ഖുര്‍ആന്‍ പാരായണം ചെയ്ത് ബലി സ്ഥലത്ത് നിലയുറപ്പിച്ചുവെങ്കിലും ജിന്ന് പ്രത്യക്ഷപ്പെട്ടതേയില്ല. അതോടെ ബിംബങ്ങളൊക്കെ തകര്‍ത്തെറിഞ്ഞ് പ്രദേശവാസികള്‍ കൂടി ഇസ്്‌ലാമാശ്ലഷിച്ചു.

മുന്‍ പറഞ്ഞ കഥകളില്‍ നിന്ന് വ്യത്യസ്തമായി, രാജപരിവര്‍ത്തനമുണ്ടെങ്കില്‍ കൂടിയും, ഏകാന്തത, ഭരണത്യാഗം, വിദേശ യാത്ര തുടങ്ങിയ ഘടകങ്ങളൊന്നും ഇവിടെയില്ല. ആദ്യമായി ഇസ്്‌ലാമിലേക്ക് വരുന്നത് രാജാവാണെങ്കില്‍ പോലും അദ്ദേഹത്തിന്റെ രാഷ്ട്രീയാധികാരത്തിന്റെ പിന്‍ബലത്തിലല്ല ഇസ്്‌ലാമിക വ്യാപനം സാധ്യമാകുന്നത്. ഈ കഥയില്‍ മാത്രം, ഇസ്്‌ലാമികാഗമനത്തിനു മുമ്പുള്ള പരീക്ഷണത്തില്‍ നിന്ന് ഇസ്്‌ലാം സ്വീകരിക്കുന്നതോടെ ജനങ്ങള്‍ വിമുക്തമാവുന്നു എന്ന വസ്തുത പ്രത്യേക പരിഗണനയര്‍ഹിക്കുന്നുണ്ട്.

 

ജേണല്‍ ഓഫ് ദി എകോണമിക് ആന്‍ഡ് സോഷ്യല്‍ ഹിസ്റ്ററി ഓഫ് ദി ഓറിയന്റില്‍ (ജെഷോ 2017) പ്രസിദ്ധീകരിച്ച ‘നരേറ്റിംഗ് കമ്യൂണിറ്റി: ദി ഖിസ്സത്ത് ശകര്‍വതി ഫര്‍മാദ് ആന്‍ഡ് അക്കൗണ്ട്‌സ് ഓഫ് ഒറിജിന്‍ ഇന്‍ കേരള ആന്‍ഡ് എറൗണ്ട് ഇന്ത്യന്‍ ഓഷ്യന്‍’ എന്ന പഠനത്തിന്റെ സംക്ഷിപ്ത വിവര്‍ത്തനം

നിര്‍വഹിച്ചത്:
ഇസ്ഹാഖ് വളവന്നൂര്‍, ഫാറൂഖ് ചേകന്നൂര്‍, അനീസ് കമ്പളക്കാട്

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.