Home » Essay » Mapila » മാപ്പിള ‘മൗലൂദ്’: പാഠവും സന്ദര്‍ഭവും

മാപ്പിള ‘മൗലൂദ്’: പാഠവും സന്ദര്‍ഭവും

 

മാപ്പിള പഠനങ്ങള്‍ക്ക് നിലവില്‍ ഭേദപ്പെട്ട പണ്ഡിത ശ്രദ്ധ ലഭിക്കുന്നുണ്ടെങ്കിലും, മാപ്പിളമാരെ സംബന്ധിച്ച അന്വേഷണങ്ങള്‍ ഏറെ മെച്ചപ്പെടേണ്ടതായുണ്ട്. പ്രാഥമിക ഘട്ടത്തില്‍ മാത്രമെത്തി നില്‍ക്കുന്ന ഈ പഠനമേഖലയ്ക്കകത്ത് മാപ്പിളമാരുടെ ‘സാഹിത്യ സംസ്‌കാരത്തെ'(ലിറ്റററി കള്‍ച്ചര്‍) കുറിച്ചുള്ള മതിയായ അന്വേഷണങ്ങളുടെ അഭാവവും, അവയുടെ സാമൂഹികവും സാംസ്‌കാരികവും ചരിത്രപരവുമായ വശങ്ങളെ മാറ്റിനിര്‍ത്തി, സാഹിത്യ മൂലകങ്ങള്‍ക്ക് മാത്രം പരിഗണന കല്‍പിക്കുന്ന സമീപനവും ഏറെ പ്രശ്‌നവല്‍കിക്കപ്പെടേണ്ടവയാണ്. അഥവാ, കേരളീയരുടേതടക്കമുള്ള ഗവേഷണങ്ങളില്‍, ഇത്തരം കലാസൃഷ്ടികളുടെ സൗന്ദര്യശാസ്ത്രപരമായ വശങ്ങള്‍ക്കപ്പുറം മാപ്പിളമാരുടെ സാമൂഹ്യജീവിതത്തിലുള്ള അവയുടെ ഇടപെടലുകള്‍ക്കൊന്നും തന്നെ മുഖ്യ പരിഗണനയില്ല. ഇത്തരത്തില്‍, മാപ്പിള സാഹിത്യങ്ങളുടെ സാമൂഹികമായ ഇടപെടലുകളെ പരിഗണിക്കാതെ, അവയുടെ രൂപം, ശൈലി, സൗന്ദര്യശാസ്ത്രം തുടങ്ങിയവയെ മാത്രം കേന്ദ്രീകരിച്ചുള്ള, മുഖ്യധാരയില്‍ സാമാന്യവല്‍കരിക്കപ്പെട്ട അന്വേഷണ പ്രവണതയെ ‘സാഹിത്യവല്‍കരണം'(ലിറ്റററൈസേഷന്‍) എന്നാണ് ഞാന്‍ വിശേഷിപ്പിക്കുന്നത്. ഇത്തരം അനുഷ്ഠാനങ്ങളുടെ മതപരമായ ആധികാരിതയെ സംബന്ധിച്ച ചര്‍ച്ചയല്ലിത്, മറിച്ച്, മാപ്പിള സാഹിത്യ സംസ്‌കാരത്തെ മതപരമായ ചില മുന്‍ധാരണകളുടെയടിസ്ഥാനത്തില്‍ സമീപിച്ചത് മുഖേന രൂപപ്പെട്ട ന്യൂനികരണയുക്തിയെ പ്രശ്‌നവല്‍കിക്കുക മാത്രമാണ്. സാഹിത്യവല്‍കൃത വീക്ഷണമനുസരിച്ച് അനുഷ്ഠാനത്തില്‍(പ്രാക്ടീസ്) നിന്നും വേറിട്ട് നില്‍ക്കുന്ന, ചിഹ്നങ്ങളുടെ മാത്രം മണ്ഡലമാണ് പാഠം(ടെക്സ്റ്റ്). മാപ്പിള സാഹിത്യ സംസ്‌കാരത്തെ സംബന്ധിച്ച അന്വേഷങ്ങളില്‍ സാമാന്യവല്‍കരിക്കപ്പെട്ട ന്യൂനീകരണ യുക്തിയില്‍ നിന്നും മാറി, ഈ പഠനം മാല, മൗലിദ് അടക്കമുള്ള ഭക്തി സാഹിത്യങ്ങളെ സമീപിക്കുന്നത് മാപ്പിളമാരുടെ സ്വത്വത്തെയും(സെല്‍ഫ്) സബ്‌ജെക്റ്റിവിറ്റിയെയും രൂപപ്പെടുത്തുന്ന ഘടകങ്ങളായാണ്.

സ്വത്വനിര്‍മ്മാണത്തിന്റെ സാഹിത്യരൂപങ്ങള്‍

മാല,മൗലിദ് പോലുളള ഭക്തി സാഹിത്യങ്ങള്‍ മാപ്പിളമാരുടെ നൈതിക സ്വത്വത്തെ രൂപപ്പെടുത്തുന്നുവെന്ന് ഞാന്‍ അഭിപ്രായപ്പെടുന്നത് ഭക്തി സാഹിത്യം, അനുഷ്ഠനാപരത, സ്വത്വ രൂപീകരണം തുടങ്ങിയവയെ സംബന്ധിച്ച ചില ധാരണകളെ അടിസ്ഥാനപ്പെടുത്തിയാണ്. മാപ്പിള സാഹിത്യ പഠനങ്ങള്‍ക്കകത്തെ സാഹിത്യവല്‍കരണം(ലിറ്ററലൈസേഷന്‍) എന്ന പ്രബല വ്യാഖ്യാന യുക്തിയെ വിമര്‍ശനാത്മകമായി വിലയിരുത്താന്‍ പ്രസ്തുത ധാരണകള്‍ സഹായകരമാവും. ആശയമെന്നതിലുപരി പാഠത്തെ (ടെക്സ്റ്റ്) ഒരു പ്രവൃത്തിയായി (പ്രാക്ടീസ്) കാണാനാണ് ഞാന്‍ താല്‍പര്യപ്പെടുന്നത് എന്നതിനാല്‍, കോണ്‍ടക്‌സ്റ്റുമായുള്ള അതിന്റെ നിര്‍മ്മാണാത്മക ബന്ധം മനസ്സിലാക്കപ്പെടുകയും, അതുമുഖേന പാഠത്തെ കഴിഞ്ഞ കാലത്ത് നിലനിന്നിരുന്ന സാഹചര്യങ്ങളുടെ പ്രകടനം എന്നതിലുപരി, കോണ്‍ടെക്‌സറ്റുകളെ നിരന്തരം സൃഷ്ടിക്കുന്ന ഒന്നായിട്ട് വിലയിരുത്താനും സാധിക്കും. സ്വത്വസംസ്‌കരണം, നൈതിക സ്വത്വരൂപീകരണം(എതിക്കല്‍ ഫോര്‍മേഷന്‍) തുടങ്ങിയ സംജ്ഞകള്‍ അധികാരം, അറിവ്, സബ്‌ജെക്റ്റിവിറ്റി, നൈതികത എന്നിവയെ സംബന്ധിച്ച മിഷേല്‍ ഫൂക്കോയുടെ ആലോചനകളില്‍ നിന്ന് സ്വാധീനം ഉള്‍കൊണ്ട് രൂപപ്പെട്ടവയാണ്. അധികാരത്തെ രാഷ്ട്രീയാധികാരം എന്നതിലുപരി വ്യക്തി, വസ്തുക്കള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയ പൊതുമണ്ഡലങ്ങില്‍ വ്യാപരിച്ചു കിടക്കുന്ന ഒന്നായാണ് ഫൂക്കോ മനസ്സിലാക്കുന്നത്. കോലിന്‍ ഗോര്‍ഡണ്‍ അഭിപ്രായപ്പെടുന്നത് പ്രകാരം, അധികാരത്തെ(പവര്‍) സംബന്ധിച്ച ഫൂക്കോയുടെ വിലയിരുത്തലുകളില്‍ അതിന്റെ നിര്‍മ്മാണാത്മകത, അധികാര ബന്ധങ്ങളിലൂടെയുള്ള വ്യക്തിത്വത്തിന്റെ(സബ്‌ജെക്റ്റിവിറ്റി) രൂപീകരണം തുടങ്ങിയ ആശയങ്ങള്‍ പ്രധാനമാണ്.
വ്യക്തിത്വ രൂപീകരണത്തെ(സബ്‌ജെക്റ്റ് ഫോര്‍മേഷന്‍) സംബന്ധിച്ച അന്വേഷണത്തില്‍ ‘ടെക്‌നോളജീസ് ഓഫ് സെല്‍ഫ്’ എന്ന ആശയത്തെ ഫൂക്കോ മുന്നോട്ട് വെക്കുന്നുണ്ട്. (ടെക്‌നോളജീസ് ഓഫ് സല്‍ഫ വ്യക്തികളെ അവര്‍ മുഖേന തന്നെയോ, അല്ലെങ്കില്‍ മറ്റുള്ളവര്‍ മുഖേനയോ ചില പ്രത്യേക പ്രവൃത്തനങ്ങളെ അവരുടെ ശരീരം, ആത്മാവ്, ധിഷണ, പെരുമാറ്റരീതി തുടങ്ങിയവയെ സ്വാധീനിക്കാനനുവദിക്കുകയും, അതുമുഖേന പരമാനന്ദം, വിശുദ്ധി, പൂര്‍ണ്ണത എന്നീ സവിശേഷ ധാര്‍മ്മിക ഗുണങ്ങളെ കരഗതമാക്കാനുതകും വിധം അവരുടെ സ്വത്വത്തെ മാറ്റുകയും ചെയ്യുന്നു,). മറ്റൊരു നിലക്ക്, മനുഷ്യര്‍ ആഗ്രഹിക്കുന്ന രീതിയില്‍ അവരെ രൂപപ്പെടുത്തുന്ന ധൈഷണികവും പ്രായോഗികവുമായ നടപടിക്രമങ്ങളാണ് ഈ ടെക്‌നോളജീസ് ഓഫ് സെല്‍ഫ് എന്നത് കൊണ്ടര്‍ത്ഥമാക്കുന്നത്. പോള്‍ റാബിനോ, നിക്കോളാസ് റോസ് എന്നിവര്‍ സൂചിപ്പിക്കുന്നത് പ്രകാരം, ഫൂക്കോയെ സംബന്ധിച്ചിടത്തോളം സവിശേഷമായൊരു ധാര്‍മ്മിക വ്യവഹാരത്തിന് (മോറല്‍ ഡിസ്‌കോര്‍സ്) ആവശ്യമായ രീതിയില്‍ ഒരു വ്യക്തിത്വത്തെ വാര്‍ത്തെടുക്കാനുള്ള ടെക്‌നിക്‌സ് ആയിട്ടാണ് ഫൂക്കോ നൈതികതയെ(എതിക്‌സ്) മനസ്സിലാക്കുന്നത്. സാമൂഹികമായ ചുറ്റുപാടുകളില്‍ നിന്നും ഒരു വ്യക്തിക്ക് പുറത്ത് കടക്കാനാവിലെന്നഭിപ്രായപ്പെടുന്നതിനാല്‍ തന്നെ, ഫൂക്കോയുടെ സബ്‌ജെക്റ്റ് അതിന്റെ സ്വത്വത്തെ വാര്‍ത്തെടുക്കുന്നത് സാമൂഹികമായ നിയന്ത്രണങ്ങള്‍ക്കകത്ത് നിന്നായിരിക്കും. ആയതിനാല്‍ നിയമവ്യവസ്ഥയോടുള്ള ഒരു വ്യക്തിയുടെ സമീപനമനുസരിച്ച് അയാളുടെ സബ്‌ജെക്റ്റിവേഷനും(മോഡ്‌സ് ഓഫ് സബ്‌ജെക്റ്റിവേഷന്‍) വ്യത്യസ്തപ്പെടുന്നു. ഇങ്ങനെ വരുമ്പോള്‍, ദൈവിക നിയമം, യുക്ത്യാധിഷ്ഠിത നിയമം(റാഷണല്‍ റൂള്‍) തുടങ്ങിയ ഏതെങ്കിലുമൊരു അധികാര വ്യവസ്ഥയുടെ നൈതിക ഉടമ്പടിയില്‍ നിന്നും ഒരു വ്യക്തിക്കും രക്ഷപ്പെടാനാവില്ല. സവിശേഷമായൊരു ജീവിതസാഹചര്യത്തില്‍ നിന്നുള്ള നൈതിക ബോധത്തിനനുസരിച്ച് ഒരു വ്യക്തിയെ മാറ്റിയെടുക്കാന്‍ കെല്‍പ്പുളള അധികാരത്തിന്റെ ഘടനകളും മേല്‍കോയ്മയും പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണെന്ന് സബ്‌ജെക്റ്റിവേഷന്റെ രീതികളെ സംബന്ധിച്ച ഫൂക്കോയുടെ വിചാരപ്പെടലുകള്‍ സൂചിപ്പിക്കുന്നുണ്ട്.
നൈതിക സ്വത്വത്തെ സംബന്ധിച്ച ഫൂക്കോയുടെ വിലയിരുത്തലുകള്‍ പ്രകാരം അതിന്റെ രൂപീകരണത്തെ മനസ്സിലാക്കാന്‍ നൈതിക പ്രവര്‍ത്തനങ്ങളെ (എത്തികല്‍ പ്രാക്ടീസസ്) കൂടി സൂക്ഷമാര്‍ത്ഥത്തില്‍ വിശകലനം ചെയ്യേണ്ടതായി വരുന്നു. ഒരു വ്യക്തിയുടെ നിത്യജീവിതത്തിലെ പെരുമാറ്റ രീതികളും പ്രവര്‍ത്തനങ്ങളുമെല്ലാം അടങ്ങുന്ന ‘നിലനില്‍പ്പിന്റെ കലകള്‍’ ഉള്‍കൊള്ളുന്നതാണ് ഫൂക്കോയുടെ കാഴ്ച്ചപ്പാട് പ്രകാരമുള്ള നൈതിക സ്വത്വത്തെ രൂപപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍. പ്രത്യേകിച്ചും, ടെക്‌നിക്‌സ് ഓഫ് സെല്‍ഫ് എന്ന ആശയം ഒരു നൈതിക പ്രവര്‍ത്തിയുടെ ചിഹ്നപരമായ(സിമ്പോളിക്) വശങ്ങളെക്കാള്‍ നൈതിക സ്വത്വത്തെ രൂപപ്പെടുത്തുന്നതിലുള്ള അതിന്റെ പങ്കിനെയായിരിക്കും വിശകലന വിധേയമാക്കുക.
നൈതിക സ്വത്വരൂപീകരണത്തെ സംബന്ധിച്ചുള്ള ഫൂക്കോയുടെ ധാരണകള്‍ പ്രമുഖ ഗ്രീക്ക് തത്വചിന്തകനായ അരിസ്റ്റോട്ടിലില്‍ നിന്ന് ഏറെ സ്വാധീനമുള്‍ക്കൊണ്ടതാണ്. അരിസ്റ്റോട്ടിലിനെ സംബന്ധിച്ചിടത്തോളം, ധാര്‍മ്മിക മൂല്യങ്ങള്‍ രൂപപ്പെടുന്നത് നിത്യാഭ്യാസത്തിലൂടെയാണ്(ഹാബിച്ച്വേഷന്‍). ശാരീരിക ക്രിയകളടക്കമുളള ബാഹ്യമായ പെരുമാറ്റഗുണങ്ങളെയും ആന്തരികമായ സ്വഭാവഗുണങ്ങളെയും സവിശേഷമായ മൂല്യങ്ങളടങ്ങുന്ന നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ സമന്വയിപ്പിക്കുന്ന പ്രക്രിയയെ ഉള്‍കൊള്ളുന്നതാണ് അരിസ്‌റ്റോട്ടിലിന്റെ ഹാബിച്വേഷന്‍. പിന്നീട് ഇസ്്‌ലാമിക-ക്രിസ്തീയ പാരമ്പര്യങ്ങളെ സ്വാധീനിച്ച അരിസ്റ്റോട്ടിലിന്റെ വിചാരപ്പെടലുകള്‍ അടിസ്ഥാനമാക്കിയാണ് പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞനായ മാര്‍ഷല്‍ മോസ് അവതരിപ്പിക്കുകയും, പിന്നീട് പിയര്‍ ബോര്‍ദിയോവിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത ഹാബിറ്റസ് എന്ന കണ്‍സപ്റ്റ് രൂപപ്പെടുന്നത്. ഒരു ധാര്‍മ്മിക പ്രകൃതത്തെ സാധ്യമാക്കുന്ന ബോധന പ്രക്രിയയിലൂടെ നൈതിക സ്വത്വം രൂപപ്പെടുന്നതിനെയാണ് ഹാബിറ്റസ് എന്ന് പറയുക. ഒരു വ്യക്തിയുടെ പ്രകൃതത്തില്‍ ഒരു മൂല്യത്തെ സ്ഥായിയായി സ്ഥാപിക്കും വിധമുള്ള മാനസികവും ശാരീരികവുമായ പരിശ്രമങ്ങള്‍ ഈ പ്രക്രിയയില്‍ ആവശ്യമായി വരുന്നു. ബോഡി ടെക്‌നിക്‌സ് എന്ന തന്റെ ലേഖനത്തില്‍ മോസ്സ് സൂചിപ്പിച്ച ഹാബിറ്റസിനെ ഉപജീവിച്ച് സവിശേഷമായ മൂല്യങ്ങള്‍ നിരന്തരം നട്ടുവളര്‍ത്താനും നടപ്പിലാക്കാനും ശ്രമിക്കുന്ന ശരീരത്തിന്റെ പ്രവണതയെ തലാല്‍ അസദ് ഹാബിറ്റസ് എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ഇതേ കാഴ്ച്ചപ്പാട് പതിനാലാം നൂറ്റാണ്ടിലെ പ്രമുഖ മുസ്്‌ലിം ചിന്തകനായ ഇബ്‌നുഖല്‍ദൂന്റെ മലക എന്ന ആശയത്തിലും പ്രതിഫലിക്കുന്നതായി കാണാന്‍ കഴിയും. ഇബ്‌നു ഖല്‍ദൂന്‍ അഭിപ്രായപ്പെടുന്നത് പ്രകാരം, സവിശേഷമായ ഒരു പ്രവര്‍ത്തിയെ സമയക്രമേണ നിരന്തരം ആവര്‍ത്തിക്കുന്നതിലൂടെ രൂപപ്പെടുന്ന കഴിവിനെയാണ് മലക എന്ന് വിളിക്കുക. ചുരുക്കത്തില്‍, ഹാബിറ്റസ് എന്ന ആശയം പ്രവൃത്തികളുടെ നിരന്തരമായ ആവര്‍ത്തനം എപ്രകാരമാണ് സബ്‌ജെക്റ്റിവിറ്റികളെ രൂപപ്പെടുത്തുന്നതെന്ന നിര്‍മ്മാണാത്മക വശത്തിലേക്ക് വെളിച്ചം വിശുന്നുണ്ട്.
ഒരേസമയം ശാരീരികവും ആത്മീയവുമായ പ്രവര്‍ത്തികളിലൂടെ(എംബോഡീഡ് ആന്റ എന്‍സോള്‍ഡ് ആക്റ്റിവിറ്റീസ്) നൈതിക സ്വത്വത്തിന്റെ രൂപീകരണം സാധ്യമാവുന്നതിനെ വിശകലന വിധേയമാക്കുന്ന വലിയൊരു വിഭാഗം പണ്ഡിതര്‍ ഇന്ന് നിലവിലുണ്ട് (അഥവാ ശരീരം ഒരേ സമയം പ്രവര്‍ത്തനങ്ങളുടെയും, അനുഭവങ്ങളുടെയും മണ്ഡലമായി, ലക്ഷ്യ പൂര്‍ത്തീകരണത്തിനായി പ്രവൃത്തിക്കുന്ന ഒന്നായി മനസ്സിലാക്കപെടണം). അവരില്‍ നിന്ന് മുസ്്‌ലിം മതപരതകളുടെ സമകാലിക രൂപങ്ങളെ അടിസ്ഥാനമാക്കി ശാരീരിക പ്രവൃത്തികളും(ബോഡിലി ആക്ട്‌സ്) നൈതിക സ്വത്വത്തിന്റെ പരിപോഷണവും തമ്മിലുള്ള നിര്‍മ്മാണാത്മക ബന്ധങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന പ്രമുഖ നരവംശശാസ്ത്രജ്ഞരായിട്ടുള്ള സബാ മഹ്മൂദിന്റെയും ചാള്‍സ് ഹേഷ്‌കിന്ദിന്റെ പഠനങ്ങള്‍ക്ക് ഈ അന്വേഷണത്തില്‍ സവിശേഷമായ പ്രധാന്യമുണ്ട്. ഈജ്പ്തിലെ നവോത്ഥാന നീക്കങ്ങളുടെ ഭാഗമായുള്ള സത്രീകളുടെ മോസ്‌ക്ക് മൂവ്‌മെന്റികത്തെ വ്യക്തിത്വ രൂപീകരണത്തെ (സെല്‍ഫ് കള്‍ട്ടിവേഷന്‍) വിശകലന വിധേയമാക്കുന്ന സബാ മഹ്മൂദ് ആത്മ സംസ്‌കരണത്തിനാവശ്യമായ ശാരീരിക പ്രാപ്തിയെയും ശരീരം, വ്യക്തിത്വം, രാഷ്ട്രീയം എന്നിവയെ സംബന്ധിച്ച് അവ മുന്നോട്ട് വെക്കുന്ന ധാരണകളെയും പ്രത്യേകമായി തന്നെ അന്വേഷിക്കുന്നുണ്ട്. സമകാലീന ഈജിപ്തില്‍ രൂപപ്പെട്ട ‘ഇസ്്‌ലാമിക റിവൈവലിന്റെ’ ഭാഗമായി പുരുഷന്മാര്‍ക്കിടയില്‍ സജീവമായ കാസറ്റ് വഅള് കേള്‍ക്കലിനെ സവിശേഷമായൊരു ഭക്തിപ്രധാനമായ അനുഭവലോകത്തെ (പയസ് സെന്‍സോറിയം) സൃഷ്ടിക്കുന്ന പ്രായോഗിക പാരമ്പര്യമായിട്ടാണ് (പ്രാക്ടിക്കല്‍ ട്രഡീഷന്‍) ഹിഷ്‌കിന്ദ് പരിചയപ്പെടുത്തുന്നത്.
ഇരുപഠനങ്ങളും ഇസ്്‌ലാമിക പെരുമാറ്റചട്ടങ്ങളുടെ പരിപോഷണത്തിനായുള്ള കര്‍മ്മങ്ങളായ നിസ്‌കാരം, തലമറയ്ക്കല്‍ തുടങ്ങിയവയ്ക്കകത്ത് ഭയമടക്കമുള്ള വികാരങ്ങള്‍ (പെയ്ന്‍ഫുള്‍ ഇമോഷന്‍സ്) നൈതിക സ്വത്വ രൂപീകരണത്തില്‍ അഭിവാജ്യമായി ഉള്ളതായിട്ടാണ് പരിചയപ്പെടുത്തുന്നത്. ഒരു കര്‍മ്മത്തിന് പിന്നിലുള്ള പ്രേരകം എന്നതിലുപരി ആ കര്‍മ്മത്തെ രൂപപ്പെടുത്തുന്നത് തന്നെ ഇത്തരം വികാരങ്ങളാണ്. ‘ഭക്തിയുള്ള മുസ്്‌ലിമാ’വാനാവശ്യമായ പ്രകൃതങ്ങളെയും ഗുണങ്ങളെയും മൂല്യങ്ങളെയും പരിപോഷിപ്പിക്കുന്നതിനുള്ള ഒഴിച്ചുകൂടാനാവാത്ത മാര്‍ഗ്ഗം കൂടിയാണ് ഇത്തരം വികാരങ്ങള്‍. എല്ലാത്തിലുമുപരി, പൊതുമണ്ഡലത്തെയും സ്വകാര്യഇടത്തെയും പരസ്പരം വേര്‍ത്തിരിക്കുന്ന ആധുനിക സെക്കുലര്‍ ധാരണക്കെതിരായി, നൈതിക സ്വത്വത്തെ രൂപപ്പെടുത്തുന്ന ഈ പ്രക്രിയയില്‍ അനുഷ്ഠാനങ്ങളെ ഒരേ സമയം മാര്‍ഗ്ഗവും ലക്ഷ്യവുമായും, ബാഹ്യമണ്ഡലത്തെ (എക്‌സറ്റിയോരിട്ടി) ആന്തരിക ലോകത്തിന്റെ (ഇന്റിരിയോരിട്ടി) മാര്‍ഗ്ഗവുമായും മനസ്സിലാക്കപ്പെടുന്നു.
അനുഷ്ഠാനവും സ്വത്വസംസ്‌കരണവും തമ്മിലുള്ള നിര്‍മ്മാണാത്മക ബന്ധത്തെ സംബന്ധിച്ച് സബാമഹ്മൂദും ഹിഷ്‌കിന്ദും പങ്കുവെച്ച ആശയങ്ങള്‍, മാപ്പിള മുസ്്‌ലിംകളുടെ സാഹിത്യസംസ്‌കാരത്തിന്റെ അനുഷ്ഠാന വശങ്ങളില്‍ നിന്ന് രൂപപ്പെട്ട, നൈതിക സ്വത്വത്തെ രൂപീകരിക്കാന്‍ കെല്‍പുള്ള രചനകളെ വിലയിരുത്താന്‍ ഉപയുക്തമാണ്. അഥവാ, മൗലിദ്, മാല അടക്കമുള്ള ഭക്തി സാഹിത്യങ്ങള്‍ മാപ്പിള മുസ്്‌ലിംകളുടെ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്നു എന്നതിലുപരി, ഒരു നല്ല വിശ്വാസിയാവാന്‍ ആവശ്യമായ മൂല്യങ്ങളെ അവ അവരില്‍ സ്യഷ്ടിക്കുന്നത് എങ്ങനെയാണെന്നാണ് ഞാന്‍ അന്വേഷിക്കുന്നത്.
മലബാറിലെ സമകാലീന മാപ്പിള മുസ്്‌ലിംകള്‍ക്കിടയിലെ ഭക്തിസാഹിത്യങ്ങളുടെ അനുഷ്ഠാനപ്രധാനമായ മാനങ്ങളെ സംബന്ധിച്ചതാണ് എന്റെ എത്‌നോഗ്രഫി. ‘ഭക്തിയുള്ള മുസ്്‌ലിമാവുക’ എന്ന അവരുടെ പരമലക്ഷ്യത്തിന്റെ ഭാഗമായുള്ള സ്വത്വസംസ്‌കരണം സാധ്യമാവുന്നത് എങ്ങനെയാണെന്ന് ഞാന്‍ വിലയിരുത്തുന്നത്. അതിലൂടെ മാപ്പിളമാരുടെ നൈതിക സ്വത്വത്തെ രൂപീകരിക്കാനുതകും വിധമുള്ള അവരുടെ സാഹിത്യ സംസാരത്തിന്റെ, പ്രത്യേകിച്ചും ഭക്തിസാഹിത്യങ്ങളുടെ നിര്‍മ്മാണാത്മക വശങ്ങളിലേക്ക് ശ്രദ്ധയാകര്‍ഷിക്കാനും ന്യൂനീകരണ ജ്വരം ബാധിച്ച അവയുടെ ‘സാഹിത്യവല്‍കരണത്തില്‍’ (ലിറ്ററലൈസേഷന്‍) നിന്ന് അതിനെ മാറ്റിനിര്‍ത്താനും സാധിക്കുന്നു. അഥവാ, സാഹിത്യത്തെ അതിന്റെ അനുഷ്ഠാനപരമായ വശങ്ങളിലേക്കോ, കാവ്യാത്മകതയിലേക്കോ മാത്രം ചുരുക്കിയവതരിപ്പിക്കാതെ, അതിനെ അതിന്റെ സമഗ്രതയില്‍ സമീപിക്കുകയാണ് വേണ്ടത്. മാല, മൗലിദ് തുടങ്ങിയ ഭക്തി സാഹിത്യങ്ങള്‍ അവയില്‍ പരാമര്‍ശിക്കപ്പെടുന്ന വ്യകതിയുമായി വെറുമൊരു ബന്ധം എന്നതിലുപരി, ഭക്തിയിലധിഷ്ഠിതമായ സ്‌നേഹത്തെയും ആദരവിനെയും മാപ്പിളമാരില്‍ സൃഷ്ടിക്കുന്നുണ്ട് എന്നാണ് ഞാന്‍ വാദിക്കുന്നത്.

മൗലൂദ്’: അനുഷ്ഠാനവും നൈതിക സ്വത്വവും

മതപണ്ഡിതരുടെ നേതൃത്വത്തില്‍ ഒരുമിച്ച് കൂടി പാരായണം ചെയ്യപ്പെടുന്ന മൗലൂദുകള്‍(മൗലിദ് ഹദീസ്, ബൈത്ത് എന്നിങ്ങനെ രണ്ട് ഭാഗങ്ങളാണ്. ഓരോ ബൈത്തുകള്‍ക്ക് മുമ്പും മതപണ്ഡിതരുടെയോ, അറബി ഭാഷയില്‍ നൈപുണ്യമുള്ളവരുടേയോ നേതൃത്വത്തില്‍ പാരായണം ചെയ്യപ്പെടാറുള്ള ഹദീസുകള്‍ പ്രവാചന്റെ ജന്മവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളെയും വിവരിക്കുന്നു. ഹദീസ് പാരായണം അവസാനിച്ചയുടനെ പ്രത്യേകമായ ശൈലിയില്‍ മൂന്ന് സ്വലാത്തുകള്‍ ഉരുവിടുകയും ബൈത്തിലേക്ക് കടക്കുകയും ചെയ്യുന്നു. മതപണ്ഡിതരും നിത്യാവര്‍ത്തനം മുഖേന അവ ഹൃദ്യസ്ഥരാക്കിവരും ചേര്‍ന്നാണ് ബൈത്തുകള്‍ പാരായണം ചെയ്യുക. ഓരോ വരികള്‍ക്ക് ശേഷവും എല്ലാവരും ചേര്‍ന്ന് ചെല്ലുന്ന ജവാബ് പൊതുവെ മാപ്പിളമാര്‍ക്കെല്ലാം തന്നെ ഹൃദ്യസ്ഥമാണ്. പാരായണം ചെയ്യപ്പെടുന്നതിനിടയില്‍, പ്രവാചകന്റെയോ മഹാന്മാരുടെയോ പേരുകള്‍, വിശിഷ്ടമായ സന്ദര്‍ഭങ്ങള്‍, റൗള സന്ദര്‍ശനവും മറ്റുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനകള്‍ എന്നിങ്ങനെയുള്ള സന്ദര്‍ഭങ്ങളിലെല്ലാം തന്നെ മാപ്പിളമാര്‍ പ്രത്യേകമായ ഉരവിടുകയും ശരീര ചേഷ്ടകള്‍ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. മൗലിദ് വകഭേദങ്ങളില്‍ നിന്ന് ശറഫല്‍ അനാമില്‍ പെട്ട അശ്‌റഖ ബൈത്ത് പാരായണം ചെയ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ എണീറ്റുനില്‍ക്കുന്നത് നൈതിക സ്വത്വരൂപീകരണത്തിനാവശ്യമായ വികാരങ്ങളെ അവ മാപ്പിളമാരുടെ മനസ്സുകളില്‍ പ്രതിഷ്ഠിക്കുന്നുവെന്നതിന്റെ പ്രകടമായ തെളിവാണ്. പ്രവാചന്‍ അവരുടെ സദസ്സില്‍ പ്രത്യക്ഷപ്പെടുന്നുവെന്നതിനാല്‍ അവരോടുള്ള ബഹുമാനാര്‍ത്ഥമാണ് മാപ്പിളമാര്‍ എണീറ്റ് നില്‍ക്കുന്നത്. എന്റെ അന്വേഷണത്തിനിടയില്‍, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ നിന്നുള്ള അകബര്‍ എന്ന സഹോദരന്‍, മൗലിദ് പാരായണത്തിനിടയില്‍ എണീറ്റ് നില്‍ക്കുന്നത് ഉപര്യുക്ത അനുഷ്ഠാനത്തിലേക്ക് നമ്മെ കൂടുതല്‍ ലയിപ്പിക്കുകയും, പ്രവാചക സ്‌നേഹം നമ്മില്‍ ജനിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. മലബാറില്‍ ഏറ്റവും പ്രചാരമുളളത് മന്‍ഖൂസ് മൗലിദിനാങ്കിലും ശറഫല്‍ അനാം അടക്കമുള്ള അനേകം വകഭേതങ്ങള്‍ നിലവില്‍ പ്രചാരത്തിലുള്ളവയാണ്. പ്രവാചകന്റെ ജന്മമാസമായ റബീഉല്‍ അവ്വലിനോട് ചേര്‍ന്നാണ് മൗലിദുകള്‍ ഏറെ നടത്തപെടാറുള്ളതെങ്കിലും, കുടിയിരിക്കല്‍, മരണാനന്തരം എന്നിങ്ങനെയുളള പല സന്ദര്‍ഭങ്ങളിലും അവ പാരായണം ചെയ്യപ്പെടാറുണ്ട്. റബീഉല്‍ അവ്വല്‍ അടക്കമുള്ള പല സന്ദര്‍ഭങ്ങളിലും പാരായണ ശേഷം മധുര പലഹാരങ്ങളോ, ഭക്ഷണ പൊതികളോ ചീര്‍ണ്ണിയായി വിതരണം ചെയ്യപ്പെടാറുണ്ട്.
മൗലിദ് എന്ന അനുഷ്ഠാനത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ബറക്കത്ത്. ബറക്കത്ത്് മൗലിദുമായി ബന്ധപ്പെട്ട സ്ഥലം, കാലം, ഭക്ഷണം എന്നിവയുമായിയെല്ലാം ബന്ധപ്പെട്ടതിനാല്‍ തന്നെ മൗലിദ് എന്ന അനുഷ്ഠാനം അവയുടെ ചൊല്ലല്‍ എന്നിതില്‍ നിന്ന് ഇവയെയെല്ലാം ഉള്‍കൊള്ളിക്കുന്നതായി വികസിക്കുന്നു. ഇപ്രകാരം മൗലിദ് എന്ന അനുഷഠാനം അതിന്റെ ഏട്, സബീന, ചീര്‍ണ്ണി, തുടങ്ങിയവെല്ലാം ഉള്‍പെടുന്നു. മൗലിദിലടങ്ങിയ ബറകത്ത് പ്രവാചകരോടുള്ള സ്‌നേഹം ഹൃദയത്തില്‍ സ്ഥായിയാക്കുകയും, അത് ഒരു വ്യക്തിയെ നല്ല ദൈവദാസനാക്കി മാറ്റുകയും ചെയ്യുന്നുവെന്നതാണ് മൗലിദകളുടെ സ്വത്വസംസ്‌കരണത്തെ സംബന്ധിച്ച മാപ്പിളമാരുടെ ധാരണ. എന്റെ അന്വേഷണത്തിനിടയില്‍ മലപ്പുറത്ത് നിന്നുള്ള പോക്കര്‍ എന്ന വ്യവസായി, ‘ മഹാന്മാരുടെ ബറക്കത്ത്് കൊണ്ട്, അവനെ പേടിച്ച് ഇബാദത്തെടുത്തു പോവുന്നു’ എന്ന് എന്നോട് സൂചിപ്പിച്ചിരുന്നു. അതവാ, മൗലിദിന്റെ ബറക്കത്ത്, അവയുടെ സമയകാല പരിധികളില്‍ നിന്നുംമാറി, മാപ്പിളമാരുടെ നിത്യജീവിതത്തെ തന്നെ സ്വാധീനിക്കുന്നവെന്നര്‍ത്ഥം. മൗലിദുമായി ബന്ധപ്പെട്ട് റബീഉല്‍ അവ്വല്‍ മാസത്തില്‍ നബിദിന റാലി, അന്നദാനം, നബിദിന സമ്മേളനം തുടങ്ങിയ അനേകം പരിപാടികള്‍ വേറെയും നടത്തപ്പെടാറുണ്ട്. നബിദിന സമ്മേളനമടക്കമുള്ള ഇത്തരം പരിപാടികള്‍ പുതിയ തലമുറയടക്കമുള്ളവരില്‍ പ്രവാചക സ്‌നേഹം സൃഷ്ടിക്കുന്നവയും അവരില്‍ ഇസ്്‌ലാമികമായൊരു സ്വത്വസംസ്‌കരണത്തെ സാധ്യമാക്കുന്നവയുമാണ്.
ചുരുക്കത്തില്‍ മാപ്പിളമാര്‍ മൗലിദുകളെ സമീപിക്കുന്നത് മുന്‍കൂട്ടി രൂപപ്പെട്ട പ്രവാചക സ്‌നേഹത്തിന്റെയോ, നൈതിക സ്വത്വത്തിന്റെയോ ഒന്നും അനന്തരഫലമായല്ല. മറിച്ച്, മൗലിദ്, സ്വലാത്ത് എല്ലാമടങ്ങിയ അനുഷ്ഠാനങ്ങളാണ് അവയെ രൂപപ്പെടുത്തുന്നത്. മാപ്പിളമാരെ സംബന്ധിച്ചിടത്തോളം ഒരേ സമയം അവരില്‍ പ്രവാചക സ്‌നേഹത്തെ രൂപപ്പെടുത്തുന്നതും, രൂപപ്പെട്ടതിന്റെ അനന്തരഫലമായി അവര്‍ നിര്‍വഹിക്കുന്നതുമായ അനുഷ്ഠാനങ്ങളാണവ.

മൗലിദ് പഠനങ്ങളും ജ്ഞാനശാസ്ത്രപരമായ ‘ഹിംസയും’
മാപ്പിളമാര്‍ക്കിടയില്‍ ദൈവികമായ ഭക്തിയെ രൂപപ്പെടുത്താന്‍ ഇത്തരം സാഹിത്യരൂപങ്ങള്‍ക്ക് സാധിക്കുന്നു എന്നിരിക്കെ തന്നെ, അവരുടെ സാഹിത്യസംസ്‌കാരത്തിന്റെ അനുഷ്ഠാനപരമായ വശങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന പഠനങ്ങള്‍ തുലോം തുച്ഛമാണ്. അവയെ സമീപിക്കുന്നവര്‍ക്കിടയിലുള്ള സൂഫി സംസ്‌കാരത്തോടുള്ള വിയോജിപ്പ് മൂലമായിരിക്കാം ഇത്തരമൊരു ന്യൂനീകരണ യുക്തി രൂപപ്പെടുന്നത്. മാല, മൗലിദ് അടക്കമുള്ള ഭക്തി സാഹിത്യങ്ങളുടെ മതപരമായ ആധികാരികത കേരളീയ ഇസ്്‌ലാമിനകത്ത് വലിയൊരു തര്‍ക്കവിഷയമാണ്. മാപ്പിള സാഹിത്യ സംസ്‌കാരത്തെ സംബന്ധിച്ചുള്ള പഠനങ്ങളിലേക്ക്് വലിയൊരു സംഭാവനയായി ഗണിക്കപ്പെടുന്ന, 1978ല്‍ പ്രസിദ്ധീകരിക്കപ്പെട്ട മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തിന്റെ പ്രസാധകരും രചയിതാക്കളുമായ സി.എന്‍ അഹ്മദ് മൗലവി, കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം തുടങ്ങിയവരെല്ലാം തന്നെ ഇത്തരം അനുഷ്ഠാനങ്ങളുടെ മതപരമായ ആധികാരികതയെ നിരാകരിക്കുന്നവരായിരുന്നു. മൗലിദ് സാഹിത്യങ്ങള്‍ക്ക് ഗണ്യമായ പരിഗണന തന്നെ ലഭിച്ചില്ല എന്നിരിക്കെ, മാലകളുടെ ചൊല്ലലിനെ ഇസ്്‌ലാമിന് പുറത്ത് നിര്‍ത്തിയുള്ള സമീപനമാണ് അവരുടെ പഠനങ്ങളുടേത്. ഉദാഹരണമായി, അറബിമലയാളത്തില്‍ കണ്ടെടുക്കപ്പെട്ടതില്‍ ലക്ഷണമൊത്ത ആദ്യത്തെ സാഹിത്യ കൃതിയായ, മുഹ്‌യിദ്ധീന്‍ മാലയെ പരാമര്‍ശിക്കുമ്പോള്‍, ഈ കാവ്യത്തിന്റെ ഉള്ളടക്കങ്ങള്‍ ഒരിക്കലും ഖുറാന്‍ അംഗീകരിക്കുന്നില്ല എന്നെഴുതിച്ചേര്‍ത്ത് തങ്ങളുടെ ആശയങ്ങളെ ഒളിച്ചുകടത്താന്‍ ഇവര്‍ ശ്രമിക്കുന്നതായി കാണാന്‍ സാധിക്കും. ഇത്തരം അനുഷ്ഠാനങ്ങളുടെ മതപരമായ ആധികാതയെ കുറിച്ചല്ല ഞാന്‍ സൂചിപ്പിക്കുന്നത്. മറിച്ച്, ഇത്തരം ഭക്തി സാഹിത്യങ്ങളുടെ നിര്‍മ്മാണാത്മകതയെ നിരാകരിക്കും വിധം മുന്നിട്ട് നില്‍ക്കുന്ന മതപരമായ ബോധത്തിനകത്തെ ഹിംസ(വയലന്‍സ്)യെയാണിവിടെ വിമര്‍ശവിധേയമാക്കുന്നത്. നിലവിലിതുവരെയുള്ള മാപ്പിള സാഹിത്യങ്ങളെ സംബന്ധിച്ച അന്വേഷണങ്ങള്‍ അവയുടെ ശൈലി, രൂപം, സൗന്ദര്യശാസ്ത്രം എന്നിവയില്‍ മാത്രം കേന്ദ്രീകരിച്ചുള്ള സാഹിത്യവല്‍കൃത സമീപനങ്ങളെ സാമാന്യവല്‍കരിക്കുന്നവയാണ്. ഇത്തരം സമീപനങ്ങളില്‍ നിന്ന് മാറി, മാപ്പിള സാഹിത്യങ്ങളെ സംബന്ധിച്ച പഠനങ്ങള്‍ അവയുടെ അനുഷ്ഠാന വശങ്ങളെയും നൈതിക സ്വത്വ രൂപീകരണത്തെയും പരിഗണിച്ച് കൊണ്ട് മുന്നോട്ട് പോകേണ്ടതായുണ്ട്.

(ജേര്‍ണല്‍ ഫോര്‍ റോയല്‍ ഏഷ്യാറ്റിക്ക് സൊസൈറ്റിയില്‍ 2015 സെപ്റ്റംബറിന് പ്രസിദ്ധീകരിച്ച ഗവേഷണ പഠനത്തിന്റെ ആശയ സംഗ്രഹമാണിത്. തയ്യാറാക്കിയത്: ശാക്കിര്‍ പുള്ളിയില്‍)

എ.കെ മുനീര്‍ ഹുദവി