Thelicham

കേരളീയ ഇസ്‌ലാം: വായനക്കൊരാമുഖം

ആധികാരിക ഇസ്‌ലാം തങ്ങളുടെതാണെന്ന് വാദിച്ച് തെളിയിക്കാന്‍ കേരളത്തിലെ എല്ലാ മുസ്്ലിം വിഭാഗങ്ങളും ശ്രമിക്കുന്നുണ്ട്. വളരെ പ്രാദേശികമായ ഇത്തരം ശ്രമങ്ങളെ ‘ആധികാരിക ഇസ്്ലാം’, ‘യഥാര്‍ഥ ഇസ്്ലാം’ തുടങ്ങിയ വിശാലമായ പരിപ്രേക്ഷ്യത്തില്‍ വായിക്കാനാണ് ലേഖനം ശ്രമിക്കുന്നത്. ആധുനികതയെ കുറിചുള്ള പാശ്ചാത്യന്‍ വീക്ഷണങ്ങളുടെ അടിസ്ഥാനം തന്നെ അത് മതങ്ങളെ വ്യക്തിജീവിതത്തിലേക്ക് താഴ്ത്തിക്കെട്ടുന്നു എന്നതായിരുന്നു. എന്നാല്‍ മതങ്ങള്‍ ആഗോള സമൂഹങ്ങളില്‍ നിര്‍വഹിക്കുന്ന വലിയ പങ്കിനെ കുറിച്ചുള്ള പഠനങ്ങള്‍ അടുത്ത കാലത്തായി പുറത്തുവരുന്നുണ്ട്. 2007 ല്‍ പ്രസിദ്ധീകരിച്ച ചാള്‍സ് ടൈലറുടെ A Secular Age എന്ന കൃതി ഇതില്‍ പ്രത്യേകം എടുത്തു പറയേണ്ടതാണ്. മതം മുഖ്യധാരയില്‍ നിലനില്‍ക്കുന്ന സമൂഹങ്ങള്‍ക്ക് ആധുനികതയെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍കൊള്ളാന്‍ കഴിയില്ല എന്ന പാശ്ചാത്യ മൂല വീക്ഷണത്തെ അദ്ദേഹം തിരുത്തിയെഴുതി. ആധുനികതയുടെ സഞ്ചാരത്തിനിടയില്‍ മതങ്ങള്‍ക്ക് പുനര്‍ചൈതന്യം ലഭിക്കുന്നുവെന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. ഇന്ത്യയിലെ രാഷ്ട്രീയം വിശേഷിച്ചും മതപരതയെ ആശ്രയിച്ചു നില്‍ക്കുന്നതാണ്. ഫ്രാന്‍സിസ് റോബിന്‍സണ്‍, ഇര്‍ഫാന്‍ അഹ്മദ്, ഖാസിം സമാന്‍ തുടങ്ങിയവരുടെ പഠനങ്ങള്‍ ഇതില്‍ ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഇസ്്ലാമിനെ കുറിച്ച് വന്ന മിക്ക പഠനങ്ങളും മുസ്്ലിംകളെ ഏറ്റവും വലിയ ന്യൂനപക്ഷമായും, എല്ലാ മേഖലകളിലും ഇതര സമൂഹങ്ങളില്‍ നിന്ന് വ്യതിരക്തമായും വിലയിരുത്തുന്നു.

ഉത്തരേന്ത്യന്‍ മുസ്്ലിംകളുടെ രാഷ്ട്രീയ സാമൂഹിക മാനങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍. ‘ഇന്ത്യന്‍ മുസ്്ലിം’ എന്ന തലക്കെട്ടിലാണ് വരുന്നത്. പലപ്പോഴും ദക്ഷിണേന്ത്യന്‍ ഇസ്്ലാമിനെ കുറിച്ചുള്ള പരാമര്‍ശങ്ങളതിലുണ്ടാവില്ല. മുസ്്ലിംകള്‍ക്കിടയിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള വ്യവഹാരങ്ങളെ ‘ഇന്ത്യന്‍ ഇസ്്ലാം’ പഠനങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നില്ല എന്ന് വിനോദ്.കെ.ജയ്റാത്ത് നിരീക്ഷിക്കുന്നുണ്ട്. ദക്ഷിണേന്ത്യന്‍ മുസ്്ലിംകളെ സംബന്ധിച്ച നിലവിലെ പഠനങ്ങല്‍ രണ്ട് തരത്തിലാണുള്ളത്. ഒന്നാമത്തേത് തമിള്‍ മുസ്്ലിംകളെ കുറിച്ചുള്ളതാണ്. സൂസന്‍ ബെയ്ലി, മാറ്റിസണ്‍ മൈന്‍സ്, ജെ.ബി.പി മോര്‍ തുടങ്ങിയവരുടെ പഠനങ്ങള്‍ ഇതില്‍ ശ്രദ്ധേയമാണ്.

രണ്ടാമത്തേത് മലബാറിലെ മാപ്പിള മുസ്്ലിംകളെ കേന്ദ്രീകരിച്ചുള്ളതാണ്. മാപ്പിളമാരുടെ ഉത്ഭവം, മാപ്പിള സമരവും ഖിലാഫത്ത് മുന്നേറ്റവും, മാപ്പിളമാരുടെ സാമ്പത്തിക-സാമൂഹിക പുരോഗതി, മാപ്പിളമാര്‍ക്കിടയിലെ പാരമ്പര്യ/നവീകരണവാദങ്ങള്‍ എന്നീ വിഷയങ്ങളിലാണ് മിക്ക പഠനങ്ങളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്ത കാലത്തെ ചില ഗവേഷണങ്ങള്‍ മാപ്പിള മുസ്്ലിംകളെ പാരമ്പര്യവാദി/നവീകരണവാദി എന്നീ കേവല ദ്വന്തങ്ങളിലേക്ക് തരം തിരിച്ചിട്ടുണ്ട്. കേരളത്തിലെ ശിര്‍ക്ക് സംവാദങ്ങള്‍ (Debating Shirk In Keralam) എന്ന തന്റെ കൃതിയില്‍ ഒസല്ല കരോലിന്‍ ഈ ദ്വന്തങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. കാത്തലിക്-പ്രൊട്ടസ്‌ററന്റ് മാതൃകയില്‍ കേരളത്തിലെ മുസ്്‌ലിം മതവിഭാഗങ്ങളെ ആദ്യമായി പരിചയപ്പെടുത്തിയത് പാരമ്പര്യ പ്രൊട്ടസ്റ്റന്റ് പുരോഹിതന്‍ കൂടിയായ റോളണ്ട് ഇ. മില്ലറായിരുന്നു. 1970 കളില്‍ തന്നെ കേരളത്തിലെ സലഫി വിഭാഗങ്ങള്‍ നവോത്ഥാന പ്രസ്ഥാനങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

വിവിധ വിഭാഗങ്ങളുടെ മതപാഠങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പഠനങ്ങളൊക്കെയെങ്കിലും, ഈ പാഠങ്ങളില്‍ വരുന്ന വ്യതിയാനങ്ങളും വലിയ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. മതത്തിനകത്തെ പരസ്പര ബാന്ധവം, സംഘടനാ ബന്ധങ്ങള്‍, ആധികാരിക ഇസ്്ലാമിനെ കുറിച്ചുള്ള വ്യവഹാരങ്ങളിലെ വ്യതിയാനങ്ങള്‍; എല്ലാം ചര്‍ച്ചക്ക് വരേണ്ടതുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളില്‍, വ്യത്യസ്ത സ്ഥലങ്ങളില്‍, വിവിധ മാര്‍ഗങ്ങളിലൂടെയും വ്യക്തികളിലൂടെയുമാണ് ഇസ്്ലാം ഇന്ത്യയില്‍ എത്തിയത് എന്നത് കൊണ്ട് തന്നെ ഇസ്്ലാമിന്റെ അനുഷ്ഠാനത്തെ കുറിച്ചുള്ള വൈവിധ്യമാര്‍ന്ന വീക്ഷണങ്ങള്‍ സ്വാഭാവികമാണ്. മുസ്്ലിം സമൂഹത്തില്‍ നിലനില്‍ക്കുന്ന വൈവിധ്യങ്ങളിലെ കേവലം ഒന്ന് മാത്രമാണ് ഇതെന്നതും ശ്രദ്ധേയമാണ്. ഇതേസമയം വൈവിധ്യങ്ങള്‍ വിശ്വാസികളെ ഭിന്നിപ്പിക്കുന്നതാണെന്നും, ഇത്തരം അഹിതങ്ങളെ ഉന്മൂലനം ചെയ്യാന്‍ മുസ്്ലിം ശ്രമിക്കണമെന്നും വിശ്വസിക്കുന്ന ഒരു വിഭാഗവും നിലനില്‍ക്കുന്നുണ്ടെന്ന് റോബിന്‍ ജെഫ്റി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയിലെ മുസ്്ലിംകള്‍ ഏകശിലാത്മമല്ലാത്തതു പോലെത്തന്നെ മലബാറിലെ മാപ്പിള മുസ്്ലിംകളും നിരവധി വൈവിധ്യങ്ങള്‍ ഉള്‍കൊള്ളുന്ന സമൂഹമാണ്. സ്ഥിതിഭേദം വരുന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ അവര്‍ വിവിധ രീതികളിലാണ് അതിജീവിതം സാധ്യമാക്കിയത്.

‘ഇസ്‌ലാം’ സംബന്ധിച്ച അക്കാദമിക വ്യവഹാരങ്ങള്‍

ഇന്ത്യയില്‍ ഇസ്്‌ലാം അത്ഭുതകരമായി പടര്‍ന്നു പിടിച്ചതിനെ കുറിച്ച് തന്നെ നിരവധി പരികല്‍പനകള്‍ ഗവേഷകര്‍ മുന്നോട്ട് വെക്കുന്നു. കച്ചവടക്കാരായി വന്ന് മെല്ലെ മെല്ലെ ഇവിടെ താമസമാക്കിയ അറബികള്‍ വഴിയാണെന്ന് സ്ഥാപിക്കുന്ന ദേശാടന സിദ്ധാന്തം (Migration theory), യുദ്ധവും കൊലയും കൊണ്ടാണെന്ന് പറയുന്ന ‘Theory of Sword’, പിന്നാക്ക വിഭാഗങ്ങള്‍ അവരുടെ സാമൂഹിക ഉദ്ധാരണത്തിന് വേണ്ടി മതം മാറിയതാണെന്ന് പറയുന്ന വിമോചന സിദ്ധാന്തം (Theory of Liberation), മുസ്്‌ലിം ഭരണകാലത്ത് ഉന്നതസ്ഥാനങ്ങള്‍ ലഭിക്കാന്‍ വേണ്ടി കൂട്ടമതം മാറ്റം ഉണ്ടായെന്ന് പറയുന്ന പ്രയോജനത്വ സിദ്ധാന്തം (Theory of Patronage) എന്നിവയാണ് ഇതില്‍ ഏറ്റവും പ്രമുഖമായത്.

പക്ഷേ, ഈ പരികല്‍പനകള്‍ക്കൊന്നും വിശദീകരിക്കാന്‍ സാധിക്കാത്തത്ര വൈവിധ്യാത്മകവും സങ്കീര്‍ണവുമാണ് ഇന്ത്യയിലെ ഇസ്്‌ലാം. ഈ ചിന്താബിന്ദുവില്‍ നിന്ന് പുതിയ ആലോചനകള്‍ ഉടലെടുക്കുന്നു. ഈ വൈവിധ്യങ്ങളെ വിശകലനം ചെയ്യാന്‍ ശ്രമിച്ച ഇംതിയാസ് അഹ്മദ്, മുസ്്‌ലിം സമൂഹത്തിലെ ജാതീയ വേരുകളെ അന്വേഷിച്ച ടി.എന്‍. മദന്‍, ലൂയിസ് ഡുമോണ്ട്; തുടങ്ങിയവരുടേത് ശ്രദ്ധേയമായ പഠനങ്ങള്‍ തന്നെയായിരുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും സ്മരണീയമായത് ഫ്രാന്‍സിസ് റോബിന്‍സണ്‍ മുന്നോട്ട് വെച്ച pattern of perfection സിദ്ധാന്തമാണ്. സലഫി, സൂഫി, നവീകരണ/പാരമ്പര്യവാദി; തുടങ്ങി മുസ്്‌ലിം സമൂഹത്തില്‍ നിലനില്‍ക്കുന്ന ഭിന്നതകളെല്ലാം പൊതുവായ ഒരു ലക്ഷ്യം നേടുന്നതിനുള്ള വിവിധ മാര്‍ഗങ്ങളായിരുന്നുവെന്നാണ് റോബിന്‍സണ് വാദിക്കുന്നത്.

ഇന്ത്യയിലെ ഗ്രാമീണ മുസ്്‌ലിം സമൂഹത്തെ യാഥാസ്ഥിതികരായും, നഗര സമൂഹത്തെ നവീകരണവാദികളായും ചിത്രീകരിക്കുന്ന പഠനങ്ങളും ഒട്ടേറെയുണ്ടായിട്ടുണ്ട്. ഈ രീതിശാസ്ത്രത്തെ തലാല്‍ അസദ് അടക്കമുള്ള പണ്ഡിതര്‍ നിശിതമായി വിമര്‍ശിക്കുന്നത് കാണാം. ഇസ്്ലാമിനകത്തെ വിവിധങ്ങളായ ആധികാരികതകളെ മനസ്സിലാക്കാന്‍ ഗവേഷകര്‍ വിവിധ മാര്‍ഗ്ഗങ്ങളാണ് അവലംബിച്ചിരിക്കുന്നത്. ഡെയ്ല്‍ ഐക്കല്‍മാനും ജെയിംസ് പിസ്‌കട്ടോറിയും വസ്തുവത്കരണം (objectification) എന്ന പരികല്‍പന മുന്നോട്ട് വെച്ചു. നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകളില്‍ ഏതാനും ചില ചോദ്യങ്ങള്‍ സമൂഹത്തിന് മുന്നില്‍ ഉത്തരം അന്വേഷിക്കപ്പെടേണ്ടതായി ഉണ്ടാവുന്നു എന്ന ആശയമാണ് ഇതിന്റെ അടിസ്ഥാനം. മൗലികമായ ആ ചോദ്യങ്ങളെ വസ്തുവത്കരിച്ചാണ് സമൂഹം മുന്നോട്ട് പോവുന്നത്. എന്താണ് എന്റെ മതം? എന്തുകൊണ്ട് അതെനിക്ക് പ്രധാനമാവുന്നു തുടങ്ങിയ ചോദ്യങ്ങളാണവ. ലഭിക്കുന്ന ഉത്തരങ്ങള്‍ വൈവിധ്യത്മകമാവുമെന്നത് ഈ ചിന്താരീതിയുടെ സ്വാഭാവികതയാണ്; അപ്പോള്‍ മതാനുഷ്ഠാനങ്ങള്‍ ഏകശിലാത്മകമല്ല എന്ന് തെളിയുന്നു. താനുള്‍കൊള്ളുന്ന മതവിഭാഗത്തെ കുറിച്ചും ഇതേ ചോദ്യം ഒരു മുസ്്ലിമിന് ചോദിക്കേണ്ടി വരുന്നു.

വൈവിധ്യപൂര്‍ണ്ണമായ ഈ മതാനുഷ്ഠങ്ങളെ സംബന്ധിച്ച് ഏറ്റവും ആധികാരികമേതെന്ന ചോദ്യം സ്വാഭാവികമായി ഉയര്‍ന്നു വന്നേക്കും. ഇവിടെ ലാറ ദീപ് മുന്നോട്ട് വെക്കുന്ന ‘പ്രാമാണീകരണം’ (Authentication) എന്ന ആശ്രയം പ്രസക്തമാവുന്നു. ചരിത്രാന്വേഷണം, പ്രമാണ പഠനം (Textual Study) എന്നിവയോട് യുക്തിചിന്ത കൂടി ചേര്‍ത്ത് വെച്ചാണ് ഈ പ്രാമാണീകരണം സാധ്യമാകുന്നത്. ലാറ ദീപ് മുന്നോട്ട് വെച്ച ഈ ആശയം കേരളത്തിലെ മുസ്്ലിം വിഭാഗങ്ങള്‍ നടത്തുന്ന ‘ആധികാരിക ഇസ്്ലാം’ സംവാദങ്ങളെ വിശദീകരിക്കാന്‍ ഉചിതമാണ്.

തലാല്‍ അസദ് മുന്നോട്ട് വെച്ച ‘ഡിസ്‌കഴ്സീവ് ട്രഡീഷന്‍’ രീതിശാസ്ത്രത്തോട് ഇവ കൃത്യമായും താദാത്മ്യം പുലര്‍ത്തുന്നുണ്ട്. മതത്തിന്റെ ആവിഷ്‌കരണം പ്രത്യേകമായ സന്ദര്‍ഭങ്ങളോട് ബന്ധപ്പെടുത്തിയാണ് വിശദീകരിക്കേണ്ടത് എന്നാണ് അസദ് പറഞ്ഞുവെക്കുന്നത്. മുന്‍കഴിഞ്ഞ ധാരകളെ വരാനിരിക്കുന്നവയോട് ബന്ധപ്പെടുത്തി വര്‍ത്തമാനകാലത്ത് നടത്തുന്ന ആശയ രൂപീകരണമാണ് ഡിസ്‌കഴ്സീവ് ട്രഡീഷന്‍ എന്ന രീതിശാസ്ത്രത്തിന്റെ അടിസ്ഥാന ബിന്ദു. ഇസ്്ലാം ഇത്തരത്തില്‍ ഡിസ്‌കഴ്സീവ് ട്രഡീഷന്‍ ആണെന്നംഗീകരിക്കുന്നതോടെ, രൂപാന്തരം സംഭവിക്കുന്ന സാഹചര്യങ്ങളോട് താദാത്മ്യം പ്രാപിക്കാന്‍ മാത്രം ബഹുമുഖമാണ് ഇസ്്ലാം എന്നു വരുന്നു.

റോണാള്‍ഡ് ലുകന്‍സ് ബുള്‍, മിക്കായേല്‍ ഗില്‍സണന്‍ തുടങ്ങിയ ഗവേഷകരുടെ കൃതികളിലും സന്ദര്‍ഭങ്ങളുടെ വൈവിധ്യത്തിനും നിശ്ചിത ഇടങ്ങള്‍ക്കുമുളള പ്രാധാന്യം നമുക്ക് കാണാനാവും. ‘മുസ്്ലിം’ എന്ന സ്വത്വം രൂപപ്പെട്ടുവരുന്നതിനെ കുറിച്ചാണ് ഈ ചര്‍ച്ചകളെല്ലാമുള്ളത്. ഈ സ്വത്വത്തെ രൂപപ്പെടുത്തുന്നതില്‍ ഇസ്്ലാമിക പാഠങ്ങള്‍ക്കും അനുശാസനകള്‍ക്കുമപ്പുറം സാംസ്‌കാരിക സന്ദര്‍ഭങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. ഇസ്്ലാമിന്റെ മൂലപാഠങ്ങളും (core) അതിന് നേരിടേണ്ടിവരുന്ന രമ്യപ്പെടലുകളും (coherence) തമ്മിലുള്ള നിരന്തര സമ്പര്‍ക്കം ഈ മുസ്്ലിം സ്വത്വത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നാണ് തലാല്‍ അസദ് വാദിക്കുന്നത്. അദ്ദേഹം മുന്നോട്ട് വെക്കുന്ന സിസ്‌കഴ്സീവ് ട്രഡീഷന്‍ പണ്ഡിതോന്മുഖമായ നിരവധി വിമര്‍ശനങ്ങളും നേരിടുന്നുണ്ട്. കോറും കോഹിറന്‍സും തമ്മില്‍ അനിവാര്യമായ വിയോജിപ്പ് നിലനില്‍ക്കുന്നുവെന്നാണ് സമൂലി ശീല്‍ക്കെ വിമര്‍ശിക്കുന്നത്. ജനങ്ങളുടെ ആശയങ്ങള്‍ക്കും ആലോചനകള്‍ക്കും ഇടയില്‍ സംഭവിക്കുന്ന പൊരുത്തക്കേടുകള്‍ അവരുടെ ജീവിതത്തിലെ സങ്കീര്‍ണ്ണതക്കും അവ്യക്തതക്കും നിമിത്തമാവുന്നു എന്നാണ് ശീല്‍കെ നിരീക്ഷിക്കുന്നത്. നിരന്തര സമ്പര്‍ക്കത്തിലൂടെ കടന്നുപോവുന്ന ഈ മുസ്്ലിം സ്വത്വ രൂപീകരണത്തില്‍ നിയാമകമായ ആധികാരിക മതപാഠങ്ങളെ അവഗണിക്കുകയാണ് വിമര്‍ശകര്‍ ചെയ്യുന്നത്. എന്നാല്‍ ഒരു മുസ്്ലിമിന്റെ സ്വത്വരൂപീകരണത്തില്‍ ഈ നിശ്ചിത മതപാഠങ്ങള്‍ക്കുള്ള പങ്ക് അനിഷേധ്യമാണ്. സവിശേഷ സാഹചര്യങ്ങളില്‍ നിയാമകമായ മതപാഠങ്ങള്‍ക്കപ്പുറം ഒരു വ്യക്തിയെ ‘നല്ല മുസ്്ലിം’ ‘ചീത്ത മുസ്്ലിം’ തുടങ്ങിയ വര്‍ഗീകരണങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങളും പരിശോധിക്കേണ്ടതുണ്ട്. മദ്യം നിഷിദ്ധമാണെന്നറിഞ്ഞിട്ടും അത് ഉപയോഗിക്കുകയും മറ്റുള്ള ഇസ്്ലാമിക അനുഷ്ഠാനങ്ങള്‍ കൃത്യമായി പുലര്‍ത്തുകയും ചെയ്യുന്ന വ്യക്തി ശരിയായ ഇസ്്ലാമിനെ കുറിച്ചുള്ള സ്വയം ബോധ്യങ്ങളിലാണ് നിലയുറപ്പിച്ചത്. ഇവിടെ മതത്തിന്റെ ആശയ പ്രപഞ്ചത്തിനപ്പുറം വ്യക്തിബോധ്യങ്ങള്‍ വലിയ ഘടകമായി മാറുന്നു.

കേരളത്തിലെ ഇസ്‌ലാം; വൈവിധ്യം

2011 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 56% ശതമാനം ഉള്ള ഹിന്ദുക്കളാണ് ഭൂരിപക്ഷം. 24% മുസ്്ലിംകളും, 19% കൃസ്ത്യാനികളുമുണ്ട്. ഉത്തര കേരളത്തില്‍ (മലബാര്‍) മുസ്്ലിംകളും, മധ്യകേരളത്തില്‍ കൃസ്ത്യാനികളും, ദക്ഷിണ കേരളത്തില്‍ (തിരുവിതാംകൂര്‍) ഹിന്ദുക്കളുമാണ് ഭൂരിപക്ഷം. കേരളത്തിലെ മുസ്്ലിം ജനസംഖ്യയുടെ 65% വും മലബാറിലാണ്. പാരമ്പര്യ സുന്നി മുസ്്ലിം, മുജാഹിദ്, തബ്്ലീഗ് ജമാഅത്ത് എന്നീ മൂന്ന് ആശയധാരയാണ് മലബാറില്‍ മുഖ്യമായുള്ളത്. ജമാഅത്തെ ഇസ്്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നീ മത രാഷ്ട്രീയ ധാരകളുമുണ്ട്. 1989 ല്‍ പാരമ്പര്യ സുന്നികള്‍ രണ്ട് വിഭാഗമായി പിരിഞ്ഞു. ഇരു വിഭാഗവും മതകാര്യങ്ങളില്‍ ഏകാഭിപ്രായക്കാരാണ്. അംഗസംഖ്യയില്‍ വലിയ വ്യത്യാസമുണ്ടെങ്കിലും രണ്ടു വിഭാഗങ്ങളും നിരവധി ഉപസംഘടനകളിലൂടെ പ്രവര്‍ത്തന സജ്ജമാണ്.

പതിനെട്ടാം നൂറ്റാണ്ടില്‍ സൗദിയിലും പത്തൊമ്പതാം നൂറ്റാണ്ടില്‍ ഈജിപ്തിലും വേരോട്ടം നേടിയ മത-നവീകരണ വാദങ്ങളില്‍ പ്രചോദിതരായാണ് മുജാഹിദ് വിഭാഗം ഉടലെടുക്കുന്നത്. 1940 കളോടെ ഇന്ത്യയില്‍ വളര്‍ന്നു വന്ന ജമാഅത്തെ ഇസ്്ലാമിയാണ് മലബാറില്‍ പിന്തുണയുള്ള മറ്റൊരു പ്രസ്ഥാനം.

യൂറോപ്യന്‍ മാതൃകയിലുള്ള പുരോഗമന വാദങ്ങളോട് സലഫി പ്രസ്ഥാനങ്ങള്‍ എന്നും മമത പുലര്‍ത്തിയിരുന്നു. പാരമ്പര്യ സുന്നിവിഭാഗം വളരെ പതുക്കെയാണ് ഈ മാറ്റങ്ങളെ സമീപിച്ചത്. ഓണാഘോഷം പോലുള്ള ഇതര-മത ആഘോഷങ്ങളെ സ്വീകരിക്കുന്നതിനോട് അനുഭാവപൂര്‍വമാണ് സലഫി വിഭാഗങ്ങള്‍ പ്രതികരിച്ചത്. എന്നാല്‍ ക്രിസ്മസിന്റെ വിഷയത്തില്‍ നിഷിദ്ധമാണെന്നതില്‍ പക്ഷാന്തരമുണ്ടായിരുന്നില്ല. ആഗോള മുസ്്ലിംകളുടെ ആഘോഷമായ മീലാദാഘോഷം പുത്തനാശയമാണെന്ന് വാദിച്ച് നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് സലഫി ധാര പിന്‍പറ്റുന്ന വിഭാഗങ്ങള്‍ സ്വീകരിച്ചത്. ഇസ്തിഗാസ, മദ്ഹബ് അനുകരണം, മാതൃഭാഷയിലെ ഖുതുബ, ഖുര്‍ആന്‍ പരിഭാഷ തുടങ്ങിയ പല വിഷയങ്ങളിലും മലബാറിലെ മാപ്പിള മുസ്്ലിംകള്‍ ഭിന്നാഭിപ്രായക്കാരാണ്.

പൊതുവില്‍ ഏകശിലാത്മകമെന്ന് തോന്നിപ്പിക്കുന്ന മലബാര്‍ മാപ്പിളമാര്‍ക്കിടയില്‍ ഇത്രയും വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ‘ആധികാരിക ഇസ്്ലാം’ സംവാദങ്ങള്‍ ഇവിടെ വളരെ സാര്‍വത്രികമായി നടക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹികാന്തരീക്ഷങ്ങള്‍ ഈ ചര്‍ച്ചയുടെ ഗതിനിര്‍ണയത്തില്‍ തീര്‍ച്ചയായും വലിയ പങ്കുവഹിക്കുന്നുണ്ട്.

ഹാശിം തടത്തില്‍

Journal Reviewer
Pdf and Phd in Sociology from pondichery University

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.

Solverwp- WordPress Theme and Plugin