Thelicham

ഇന്ദ്രിയാനുഭൂതികളെ പരിഭാഷപ്പെടുത്തുമ്പോള്‍: ഇന്ത്യന്‍ മഹാസമുദ്രത്തിലെ പടപ്പാട്ടുകളും പാഠ-ശബ്ദ പ്രചാരവും

Indian Ocean Studies

പൂര്‍വാധുനിക മലയാള സാഹിത്യത്തിലെ പാട്ട് പാരമ്പര്യത്തിനകത്തെ ഒരു സ്വതന്ത്ര വിഭാഗമായിട്ടാണ് പടപ്പാട്ടുകള്‍ മനസ്സിലാക്കപ്പെടുന്നത്. തമിഴ് സാഹിത്യത്തിലെ പടൈപ്പോര് പാരമ്പര്യവുമായി സമാനത പുലര്‍ത്തുന്ന ഒട്ടനവധി സവിശേഷതകളുണ്ട് ഈ പ്രകടനാത്മക കലാരൂപത്തിന് (performing genre). മതകീയമോ മതേതരമോ ആയ ഒത്തുചേരലുകളിലെല്ലാം തന്നെ തങ്ങളുടെ കൂട്ടായതും വ്യക്തിഗതമായതുമായ പാരായണങ്ങളിലൂടെ അറബി മലയാളത്തില്‍ രചിക്കപ്പെട്ട പടപ്പാട്ടുകള്‍ മലബാറിലെ മുസ്‌ലിംകള്‍ക്കിടയില്‍ ഇന്നും സജ്ജീവമായുണ്ട്. പക്ഷേ, ഇതു വരേക്കുള്ള അക്കാദമിക പഠനങ്ങളിലൊട്ടുകും തന്നെ പടപ്പാട്ടുകള്‍ക്ക് മതിയായ പരിഗണന ലഭിച്ചിട്ടില്ല. എന്നിരുന്നാലും ആദ്യകാല പടപ്പാട്ട് പഠനങ്ങളുടെ അടയാളങ്ങള്‍ The Indian Antiquary (1901) പോലെയുള്ള ജേര്‍ണലുകളില്‍ കാണാനാകുന്നുണ്ട്. മലബാറില്‍ നിന്ന് തന്നെയുള്ള അക്കാദമിക്കുകള്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി നടത്തിയ പഠനങ്ങളാണ് അവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഇടപെടലുകള് (1). പടപ്പാട്ടുകളുമായി ബന്ധപ്പെട്ട് ഇത് വരെ നടന്ന പഠനങ്ങളെല്ലാം തന്നെ അവയുടെ പ്രാഥമികമായ ഘടകങ്ങളെ, അതായത് കഥാതന്തുവിന്റെ വ്യാഖ്യാനം, അല്ലെങ്കില്‍ ഭാഷാപരമായ തലങ്ങള്‍, അതിന്റെ സാമൂഹ്യശാസ്ത്രപരമായ വിവക്ഷകളും മനഃശാസ്ത്രപരമായ അനുരണനങ്ങളും പോലെയുള്ള മലബാറിന്റെ ചരിത്രപരമായ സാഹചര്യങ്ങളുടെയും സമയത്തിന്റെയും ചട്ടകൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള വായനകളാണ് നടത്തിപ്പോന്നിട്ടുള്ളത്. പടപ്പാട്ടുകളെ സംബന്ധിച്ച അന്വേഷണങ്ങളുടെ പരമ്പരാഗതമായ ഇത്തരം ശൈലികളെ മാറ്റിനിര്‍ത്തി, അറബ്, പേര്‍ഷ്യന്‍ സംസ്‌കൃത കോസ്‌മോപോളിസില്‍ പാഠങ്ങളുടെയും (texts) ശബ്ദങ്ങളുടെയും (Sounds) പ്രചരണം സാധ്യമാക്കിയ, മലബാറിലെ അറബി-മലയാളം പടപാട്ടുകളുടെ ചരിത്രപരമായ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണമാണിത്. ഇത് കൂടാതെ, ആദ്യകാല ആധുനിക(early modern) ഇന്ത്യന്‍ മഹാസമുദ്രലോകവുമായി ബന്ധപ്പെട്ട സാഹിത്യഭാവുകത്വങ്ങളിലെ കണ്ണിയായി പടപ്പാട്ടുകളെ സമകാലികമായി സ്ഥാനപ്പെട്ടുത്തിക്കൊണ്ട് വിശാലമല്ലാത്ത ചരിത്രപഠനങ്ങളുടെ കെട്ടുപാടുകളില്‍ നിന്നും പടപ്പാട്ട് പഠനങ്ങളെ വിമോചിപ്പിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുന്നുമുണ്ട് ഈ പഠനം.

16 ാം നൂറ്റാണ്ടോട് കൂടെ തന്നെ മലബാറില്‍ അഭൂതപൂര്‍വമായ ചരിത്രപരമായ മാറ്റങ്ങള്‍ സംഭവിച്ച് തുടങ്ങിയിട്ടുണ്ട് (2). ഇവയെയെല്ലാം ഉള്‍ക്കൊണ്ട പടപ്പാട്ടുകളടക്കമുള്ള പൂര്‍വാധുനിക ചരിത്ര രേഖകള്‍ ആധുനിക മലബാറിന്റെ പ്രാരംഭ ഘട്ടങ്ങളെ കുറിച്ചുള്ള ചരിത്ര പഠനങ്ങള്‍ക്ക് ഏറെ സഹായകരമാകും. പരമ്പരാഗതമായ വ്യവഹാരിക വിശകലനം (discursive analysis) കൂടാതെ, അറബി, പേര്‍ഷ്യന്‍, സംസ്‌കൃത കോസ്മോപോളിസുകളിലെ ശബ്ദങ്ങളുടെയും പാഠങ്ങളുടെയും സമാനമായ സൗന്ദര്യശാസ്ത്ര ഭാവുകത്വങ്ങളെ തിരിച്ചറിഞ്ഞ്കൊണ്ട് പടപ്പാട്ടുകളുടെ പല പ്രദേശങ്ങളിലുള്ള ബന്ധങ്ങളെ തിരിച്ചറിയുന്നതിനുതകുന്ന പുതിയ രീതിശാസ്ത്രങ്ങള്‍ കൂടെ ഉപയോഗിക്കുന്നുണ്ട് ഈ പഠനം.
അറബിയിലെ സീറാ മഗാസി കൃതികളുടെയും പേര്‍ഷ്യനിലെ ദാസ്താന്‍/ഖിസ്സാ സാഹിത്യങ്ങളുടെയും, ആദ്യകാല ദക്ഷിണേഷ്യയിലെ സംസ്‌കൃത പാട്ട് പാരമ്പര്യത്തിന്റെയും കൈയ്യെഴുത്ത് പ്രതികളുടെ പ്രചരണവും അതോടൊപ്പം മലബാറിലെ പടപ്പാട്ടുകളില്‍ മേല്‍പറഞ്ഞവയുടെ ഇടകടലരലുകളുമെല്ലാം ഈ പഠനത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ വരുന്നുണ്ട്. ഇന്ദ്രിയാനുഭൂതി (sense), പരിഭാഷ (translation) തുടങ്ങിയ സംജ്ഞകളുടെ അര്‍ത്ഥതലങ്ങളെ കുറിച്ചുള്ള സൈദ്ധാന്തികമായ വിശകലനത്തോടൊപ്പം ഇന്ത്യന്‍ മഹാസമുദ്രതീരങ്ങളിലെ പാഠങ്ങളുടെയും ശബ്ദങ്ങളുടെയും പ്രചരണത്തെ കുറിച്ചുള്ള ഹ്രസ്വവും ചരിത്രവിജ്ഞാനീയവുമായ (historiagraphical) അന്വേഷണങ്ങളാണ് ഞാനിവിടെ നടത്തുന്നത്. അതോടൊപ്പം തന്നെ, ബദര്‍ പടപ്പാടുകളുടെ വിശദമായ വിശകലനത്തിലൂന്നി അറബി, പേര്‍ഷ്യന്‍, സംസ്‌കൃത കോസ്‌മോപോളിസുമായി പടപ്പാട്ടുകള്‍ക്കുള്ള ബന്ധങ്ങളെ കണ്ടെത്താനും ഈ പ്രബന്ധം ശ്രമിക്കുന്നുണ്ട്.

ഇന്ദ്രിയാനുഭൂതികളെ (senses) പരിഭാഷപ്പെടുത്തുമ്പോള്‍

കച്ചവടം, തീര്‍ത്ഥാടനം എന്നിവയാര്‍ഥമുളള യാത്രകളിലാണ് ഇന്ത്യന്‍ മഹാസമുദ്ര പഠനങ്ങളധികവും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഈയടുത്ത കാലത്തായി, ഒരു കൂട്ടം സാംസ്‌കാരിക-സാമൂഹ്യ ചരിത്രകാരന്മാരുടെ പഠനങ്ങളും ഇടപെടലുകളും ഇന്ത്യന്‍ മഹാസമുദ്രത്തെ സംബന്ധിച്ച ചരിത്രാന്വേഷണങ്ങളില്‍, പ്രത്യേകിച്ചും പൂര്‍വ്വാധുനിക ഇന്ത്യന്‍ മഹാസമുദ്ര പഠനങ്ങളില്‍ വ്യക്തമായ സാമൂഹ്യ-സാംസ്‌കാരിക ഗതിമാറ്റങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട്. ഇത്തരമൊരു ചരിത്രവിജ്ഞാനീയ സന്ധിയില്‍ നിന്നുകൊണ്ട് നോക്കുമ്പോള്‍ വാണിജ്യ-തീര്‍ത്ഥാടന മാതൃകകളുടെ (paradigms) അപ്പുറത്തേക്ക് കടന്ന് ചെന്നുകൊണ്ട് സാഹിത്യ അനുഭൂതികളെ കുറിച്ചും ശബ്ദവിതരണങ്ങളെക്കുറിച്ചുമുള്ള വിജ്ഞാനപാഠങ്ങളുള്‍കൊള്ളുന്ന പാഠങ്ങളുടെയും കൈയ്യെഴുത്ത് പ്രതികളുടെയും ശൃഖംലകളെ കുറിച്ചുള്ള പഠനങ്ങള്‍ കണ്ടെത്തിയെടുക്കുക എന്നത് ഏറെ പ്രധാനമാണ് . റോണിത് റിച്ചിയുടെ ‘അറബിക്ക് കോസ്‌മോപോളിസ്’, ടോര്‍സ്റ്റെന്‍ ഷാച്ചറുടെ വിവിധ ദേശങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന (transnational) തമിഴ് ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ പര്യയന ലോക(circulatory regime) ങ്ങളെ കുറിച്ചുള്ള പഠനം, മഹ്മൂദ് കൂരിയയുടെ ഇസ്‌ലാമിക നിയമ ഗ്രന്ഥങ്ങളുടെ ദീര്‍ഘകാലചരിത്രം (textual longue-duree) തുടങ്ങിയ ആശയങ്ങളെല്ലാം തന്നെ പരസ്പരം കൈമാറപ്പെട്ട രചനകളിലൂടെയും, ബൗദ്ധിക ബന്ധങ്ങളിലൂടെയും ലാവണ്യശാസ്ത്ര ഭാവുകത്വങ്ങളിലൂടെയും ഇന്ത്യന്‍ മഹാസമുദ്ര ലോകത്തെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ ഗണ്യമായ സ്വാധീനമുള്ളവയാണ് (3). ആധുനിക ഇന്ത്യന്‍ മഹാസമുദ്രപരിസരങ്ങളുടെ പ്രാരംഭ ഘട്ടങ്ങളില്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെട്ട കയ്യെഴുത്ത് പ്രതികളുടെ ബൗദ്ധിക ചരിത്രത്തിലേക്ക് കടന്ന് കൊണ്ട്, ഈ പഠനം ‘പരസ്പരബന്ധിതമായ സാഹിത്യ ഭാവുകത്വങ്ങള്‍’ (connected literary sensibilities) എന്നൊരാശയം മുന്നോട്ട് വെക്കുന്നുണ്ട്. പര്യയനവ്യവസ്ഥകളിലൂടെയുള്ള സാഹിത്യ ഇനങ്ങളുടെ കൈമാറ്റങ്ങള്‍ വഴിയും അവയുടെ പരിഭാഷകളിലൂടെയും അല്ലാതെയും പ്രാദേശിക പ്രകടനാത്മക പാഠങ്ങളില്‍ (performative-texts) ഇവയ്ക്ക് ലഭിച്ച സ്വീകാര്യത വഴിയും സാധ്യമാക്കിയ ചില ഭാവുകത്വങ്ങളുടെ നിര്‍മ്മിതിയെയും അത് പോലെ തന്നെ അത്തരം ഭാവുകത്വങ്ങളുടെ ഉല്‍പാദന, ഉപഭോഗത്തെയും ഈ ആശയം ഉള്‍കൊള്ളുന്നുണ്ട് (4). ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അക്കാദമിക വ്യവഹാരങ്ങളുടെ ചരിത്രത്തിലുണ്ടായ ‘അനുഭൂതി’പരമായ വ്യതിയാനമായിട്ടാണ് (sensuous shift) ഞാന്‍ ഇതിനെ മനസ്സിലാക്കുന്നത്.

ഓരോ ഇനങ്ങള്‍(genre)ക്കനുസൃതമായ എഴുത്ത് രീതിയിലെ സാങ്കേതിക തന്ത്രങ്ങളെ (scriptorial techniques) ഉപയോഗിച്ച് കൊണ്ട് അതിന്റെ അര്‍ത്ഥവിജ്ഞാനീയപരമായ ഉദ്ദേശങ്ങളും (semantic),ശബ്ദപരമായ ധ്വനി (sonic)യും അതുപോലെ തന്നെ പ്രായോഗിക സന്ദര്‍ഭ (pragmatic) വും നിലനിര്‍ത്തിക്കൊണ്ട് തന്നെ ഒരു ഇനത്തില്‍ നിന്നോ ഭാഷയില്‍ നിന്നോ മറ്റൊരിനത്തിലേക്കോ ഭാഷയിലേക്കോ ഉള്ള ഒരു പാഠത്തിന്റെ പുനഃസൃഷ്ടിയോ അല്ലെങ്കില്‍ അതിന്റെ ട്രാന്‍സ്-ക്രിയേഷനോ (ഒരു ഭാഷയില്‍ നിന്നും മറ്റൊരു ഭാഷയിലേക്ക് അടിസ്ഥാനസന്ദേശങ്ങളെ മാത്രം ശൈലിയും ധ്വനിയും സന്ദര്‍ഭവും നിലനിര്‍ത്തിക്കൊണ്ട് തന്നെ വിവര്‍ത്തനം ചെയ്യുന്ന രീതി) ആണ് ഇവിടെ വിവര്‍ത്തനം (translation) എന്ന പദം അര്‍ത്ഥമാക്കുന്നത്. ദക്ഷിണേഷ്യന്‍ സാഹിത്യ ശൃംഖലകളെ കുറിച്ചുള്ള ‘ഇസ്ലാം ട്രാന്‍സ്ലേറ്റഡ് (2011)’ എന്ന തന്റെ പഠനത്തില്‍ ‘വിവര്‍ത്തനം’ എന്നത് പാഠപരമായ ചേര്‍ച്ചകളുടെ (textual affinities) ചരിത്രമോ അല്ലെങ്കില്‍ ഒരു ഭാഷയിലുള്ള ഗ്രന്ഥത്തെ മറ്റൊരു ഭാഷയിലേക്ക് സംവേദനം ചെയ്യുകയും അതിന്റെ അര്‍ത്ഥത്തില്‍ ഒരു സമാനതക്ക് വേണ്ടി യത്നിക്കുകയും ചെയ്യുന്ന നിര്‍ദിഷ്ടമായ സാംസ്‌കാരിക അനുഷ്ഠാനങ്ങളോ ആണ്’ എന്ന് റോണിത് റിച്ചി നിരീക്ഷിക്കുന്നുണ്ട് (5). ക്ലാരിസ വിയെര്‍ക്കെയുടെ നിരീക്ഷണപഠനങ്ങളില്‍ നിന്നും സ്വാധീനമുള്‍കൊണ്ട് വിവര്‍ത്തനത്തെ -പ്രാഥമികമായും സ്വത്വത്തെയും സ്വകീയതയെ കുറിച്ചുമുള്ള കേവല വ്യവഹാരങ്ങളെ സഹായിക്കുന്നതിന് വേണ്ടി- ഉപയോഗിക്കുന്ന തരത്തില്‍ കേവല സാംസ്‌കാരിക അപഹരണമായിട്ട് പരിഭാഷയെ വായിക്കുന്നതിനെതിരെയാണ് എന്റെ വാദം (6). ഈ വാദത്തിന് വേണ്ടി അവര് രണ്ട് യുക്തികള് മുന്നോട്ട് വെക്കുന്നുണ്ട്; ഒന്നാമതായി, മേല്‍പറഞ്ഞ സൂക്ഷ്മവായന മൂലഗ്രന്ഥത്തെ അനുകരിക്കാനോ പകര്‍ത്താനോ ഉള്ള രചയിതാവിന്റെ ശ്രമങ്ങളെ പ്രതിനിധാനം ചെയ്യുന്നില്ല എന്നും രണ്ടാമതായി മൂലപാഠവുമായി സാദൃശ്യപ്പെടുത്തുന്ന ഇനപരമായ സവിശേഷമാര്‍ഗങ്ങള്‍ക്ക് മേല്‍ ഊന്നല്‍ കൊടുക്കാനും ഇത് അനുവദിക്കുന്നില്ല എന്നതുമാണ് (7). സ്വാഹിലി ‘തെന്തി’ (tendi) കവിതകളെ കുറിച്ചുള്ള തന്റെ പഠനത്തില്‍ മൂലഗ്രന്ഥത്തെ കുറിച്ചും കവിഭാവനയിലെ അതിന്റെ അനുരണനത്തെ കുറിച്ചുമുള്ള കവിയുടെ അനുഭൂതിയെ (sensual experience) ‘മൈമസിസ്’ (mimesis) എന്ന പദം ബോധപൂര്‍വ്വം ഉപയോഗിക്കുന്നുണ്ട് വിയര്‍ക്കെ. കേവലയാന്ത്രികതയുടെ അനുകരണത്തിന്റെയും ആവര്‍ത്തനത്തിന്റെയും പ്രശ്‌നങ്ങളെ മറികടന്നുകൊണ്ട് അനുഭവപരമായ ഭാവുകത്വങ്ങളെ പ്രാദേശികതരങ്ങളിലേക്ക് പരിഭാഷപ്പെടുത്തുന്നതിന്റെ ഇടനിലക്കാരനായി കവി വര്‍ത്തിക്കുന്നത് ഈ ഭാവനയിലൂടെയാണ് എന്നും ഇവര്‍ നിരീക്ഷിക്കുന്നുണ്ട് (8).

ഈ രൂപത്തിലുള്ള ട്രാന്‍സ്‌ക്രിയേഷന്‍, ഇന്‍ട്രാസീമിയോട്ടിക്കും (പൂര്‍ണ്ണമായും വാക്കുകളുടെ സാദ്ധ്യതകളെ ഉപയോഗിച്ച് കൊണ്ടുള്ള വിവര്‍ത്തനം) ഇന്റര്‍സീമിയോട്ടിക്കുമായ (ചിഹ്നങ്ങളുടെയും അനുഭൂതികളുടെയും സാദ്ധ്യതകളെ കൂടി ക്രിയാതമകമായി ഉപയോഗിച്ച് കൊണ്ടുള്ള വിവര്‍ത്തനരീതി) വിവര്‍ത്തനങ്ങളെ വ്യക്തമാക്കുന്നുണ്ട് . ഇതില്‍ ആദ്യത്തേത് മൂലഗ്രന്ഥങ്ങളുടെ ഭാവുകത്വങ്ങളെ വാക്കുകളെയും എഴുത്തിനെയും (verbal means) ഉപയോഗിച്ച് കൊണ്ട് വിവര്‍ത്തനം നടത്തുമ്പോള്‍ രണ്ടാമത്തേത് (കവിയാലോ, കലാകരനാലോ) വ്യത്യസ്ത ഇന(genre)ങ്ങളെ പരസ്പരം വിച്ഛേദിച്ചുകൊണ്ട് മറ്റൊരു മാധ്യമത്തില്‍ ഇതിന്റെ സ്വരൂപം (embodiment) നല്‍കുന്നത് – അവാച്യമായ മാധ്യമ(non-verbal media) ങ്ങളെ ദൃശ്യ, ശ്രവണാനുഭൂതി മാര്‍ഗ്ഗങ്ങളെ കൂടാതെ മറ്റ് ഇന്ദ്രിയാനുഭൂതികളിലൂടെയും സ്വീകരിക്കുകയും അനുഭവിക്കുകയും ചെയ്യുന്നതിലൂടെയാണ് ഇത് സുസാധ്യമാവുന്നത് (9). ഇന്റര്‍സീമിയോട്ടിക്ക് വിവര്‍ത്തനങ്ങളില്‍ ‘ആശയത്തെ പരിഭാഷപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, മൂലഗ്രന്ഥത്തിന്റെ അനുഭൂതിയെ തങ്ങള്‍ക്ക് വേണ്ടി പുനഃസൃഷ്ടിക്കാന്‍ സ്വീകര്‍ത്താക്കളെ (അവര്‍ വായനക്കാരനോ, ശ്രോതാവോ, കാഴ്ച്ചകാരനോ ആവട്ടെ) അനുവദിക്കുന്ന അനുഭവവേദ്യമായ പ്രക്രിയയിലെ ഇടനിലക്കാരനാവുകയാണ് പരിഭാഷകന്‍’ എന്ന് മദലൈന്‍ കാംമ്പലും റിക്കാര്‍ഡാ വിദാലും നിരീക്ഷിക്കുന്നുണ്ട് (10). വിവര്‍ത്തന മേഖലക്കും ഭാഷാശാസ്ത്രമേഖലക്കും ശബ്ദപഠനമേഖലയില്‍ നിന്നും അവയര്‍ഹിക്കുന്ന താല്‍പര്യമോ ശ്രദ്ധയോ ഇത് വരെ ലഭിച്ചിട്ടില്ല എന്ന് sound across languages (2020) എന്ന തന്റെ പുതിയ ലേഖനത്തില്‍ റോണിത് റിച്ചി നിരീക്ഷിക്കുന്നുണ്ട്. ഇതുകൂടാതെ, പരിഭാഷകളുടെയും അതിന്റെ വൈവിധ്യമാര്‍ന്ന രൂപങ്ങളുടെയും ചരിത്രത്തില്‍ ശബ്ദം എന്നത് വളരെ നിര്‍ണ്ണായകമായ ഘടകമാണെന്ന നിരീക്ഷണവും അവര്‍ മുന്നോട്ട് വെക്കുന്നുണ്ട് (11). അറബി, പേര്‍ഷ്യന്‍, സംസ്‌കൃത ഭാഷാപ്രപഞ്ചങ്ങളുടെ (cosmpoleis)ആദ്യകാല ആധുനിക സാഹിത്യപാരമ്പര്യങ്ങളില്‍ നിന്നും വിവര്‍ത്തനപ്പെടുത്തിയതോ അല്ലെങ്കില്‍ പുനഃസൃഷ്ടിക്കപ്പെട്ടതോ ആയ പടപ്പാട്ടുകളിലെ ശബ്ദങ്ങളെയും വചനങ്ങളെയും വിവരിച്ച്‌കൊണ്ട് സാഹിത്യപരവും ലാവണ്യശാസ്ത്രപരവുമായ ഭാവുകത്വങ്ങളെ വീണ്ടെടുക്കുകയും അത് വഴി സാംസ്‌കാരികമായ പ്രചോദനങ്ങളെയും, സാമൂഹ്യ താല്‍പര്യങ്ങളെയും, എഴുത്തുകാരെയും വായനക്കാരെയും ഈയൊരു സാഹിത്യശൃംഖലകളുടെ ഭാഗമാവാന്‍ പ്രേരിപ്പിച്ചിരുന്ന ചരിത്രസാഹചര്യങ്ങളെയും മനസ്സിലാക്കാനുള്ള ശ്രമം കൂടെയാണിത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ പാഠങ്ങളും ശബ്ദങ്ങളും

പേര്‍ഷ്യന്‍, സംസ്‌കൃത കോസ്മോപോളിസുകള്‍ക്കിടയില്‍ നടന്ന വ്യത്യസ്ത രൂപങ്ങളിലുള്ള കൊടുക്കല്‍ വാങ്ങലുകളെ കുറിച്ചും ഒരു കോസ്മോപോളിസില്‍ നിന്നും മറ്റൊന്നിലേക്കുള്ള സൗന്ദര്യശാസ്ത്ര-സാഹിത്യ ഭാവുകത്വങ്ങളുടെ ഇടകലരലുകളെ കുറിച്ചുമുള്ള റിച്ചാര്‍ഡ്. എം .ഈറ്റണിന്റെ നിരീക്ഷണങ്ങളില്‍ നിന്നും കണ്ടെത്തെലുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്, ആദ്യകാല ആധുനിക മലബാറില്‍ നടന്ന അറബി, പേര്‍ഷ്യന്‍, സംസ്‌കൃത കോസ്മോപോളിസുകളുടെ സംഗമങ്ങളെ കുറിച്ചുള്ള അന്വേഷണം കൂടിയാണ് ഈ പഠനം (12). ഒരു ആഗോളഭാഷ(lingua franca)യില്‍ നിന്നും വിശുദ്ധഭാഷ (lingua sacra) എന്ന സ്വഭാവത്തിലേക്കുള്ള അറബി ഭാഷയുടെ പരിവര്‍ത്തനമാണ് വിവര്‍ത്തനചരിത്രത്തിലെ ഒരു നിര്‍ണ്ണായകമായ ഘട്ടം. മലബാര്‍ തീരത്തെ മുന്‍ നിര്‍ത്തിക്കൊണ്ടുള്ള ‘പോളിഗ്ലോസിക്ക് മലബാര്‍'(2020) എന്ന യാസര്‍ അറഫാത്തിന്റെ പഠനത്തില്‍ ആദ്യകാല ആധുനിക മലബാറിലെ വൈവിധ്യമാര്‍ന്ന ശബ്ദലോക (polyglot soundscape) ത്തിലെ അറബിയുടെ ആധിപത്യവും, പ്രാദേശിക ഭാഷയായ മലയാളത്തിലും അതിനനുബന്ധ സാഹിത്യരൂപങ്ങളിലും അതിനുണ്ടായിരുന്ന സ്വാധീനവും ചര്‍ച്ച ചെയ്യുന്നുണ്ട് (13). മലബാറിലെ മുസ്ലിംകള്‍ക്കിടയില്‍ അറബി ഭാഷയും പരിശുദ്ധമായ ഇസ്ലാമിക ഗ്രന്ഥങ്ങളും പ്രചരിപ്പിച്ചിരുന്ന സഞ്ചാരികളായിരുന്ന ആദ്യകാല പണ്ഡിതന്മാര്‍ക്കും, കച്ചവടക്കാര്‍ക്കും തീര്‍ത്ഥാടകര്‍ക്കുമാണ് ഇത്തരം ഇടപാടുകളിലും ഇടകടലരലുകളിലുമുള്ള പ്രധാനപ്പെട്ട പങ്ക് എന്ന് ഈ പഠനം നിരീക്ഷിക്കുന്നുണ്ട്. ഈ പ്രചരണം പ്രാദേശിക മുസ്ലിം കൈയ്യെഴുത്തുകാരില്‍ ഭാഷാപരവും ലിപിവിന്യാസപരവുമായ (scriptorial) സര്‍ഗാത്മകത വളര്‍ത്തുകയും, ക്രമേണ ഇത് അറബി-മലയാളം ലിപിയുടെ രൂപീകരണത്തില്‍ കലാശിക്കുകയും ചെയ്തു (14).

15ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് അറബി-മലയാളം ലിപി ഉയര്‍ന്ന് വന്നതെന്നും പിന്നീട് 1600-1750 വരെയുള്ള നീണ്ട കാലയളവിലാണ് അതിന് പരിണാമം സംഭവിക്കുകയും പൂര്‍ണ്ണവളര്‍ച്ചയിലേക്കെത്തുകയും ചെയ്യുന്നതെന്ന് അദ്ദേഹം വാദിക്കുന്നുണ്ട് (16). ഈ പരിണാമ ദശയില്‍ അറബി മലയാളം ലിപിയെ അടിസ്ഥാനപ്പെടുത്തി ഒരു സാഹിത്യ ഇനം വ്യക്തമായി ഉയര്‍ന്ന് വരുന്നതിന് മലബാര്‍ സാക്ഷ്യം വഹിച്ചു. 1607 ല്‍ ഖാദി മുഹമ്മദ് രചിച്ച മുഹ്യിദ്ദീന്‍ മാലയായിരുന്നു അതില്‍ പ്രമുഖം (17). മലബാറിലെ സാധാക്കാരണായ മുസ്ലിംകളുടെ വിശ്വാസപരമായ താല്‍പര്യങ്ങള്‍ കാരണം അറബി-മലയാളത്തിലെ ഈ വിവര്‍ത്തനങ്ങള്‍ ഏറെ ജനകീയമായി. ഇത്തരമൊരു മാറ്റം അറബി ഗ്രന്ഥങ്ങളുടെ കേവലമായ വാക്യഘടനയിലുള്ള (syntactic) വായനയെ അര്‍ത്ഥവിജ്ഞാനീയപരമായ (semantic) വായനയിലേക്ക് അവരെ നയിക്കുകയുണ്ടായി. അറബി അക്ഷരങ്ങളുടെ ശബ്ദങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് കൊണ്ടുള്ള അറബി മലയാളത്തിലെ ഈ വിവര്‍ത്തനങ്ങളുടെ ഗ്രാഫോഫോണിക്ക് (18) വായന അറബി ഭാഷയില്‍ നിന്നുമുള്ള ശബ്ദ-ലിഖിത സവിശേഷതകളുടെ എളുപ്പത്തിലുള്ള ഒഴുക്കിനെ സാധ്യമാക്കി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയോടെ, വളരെ പ്രശസ്തമായ പല പടപ്പാട്ടുകളുടെ രചനക്കും ആവിഷ്‌ക്കാരത്തിനും അറബി-മലയാള സാഹിത്യലോകം സാക്ഷ്യം വഹിക്കുകയുണ്ടായി. അറബി ഭാഷയിലെ സീറാ-മഗാസി സാഹിത്യത്തിന്റെയും പേര്‍ഷ്യന്‍ ഖിസ്സാ-ദാസ്താന്‍ സാഹിത്യത്തിന്റേയും വിവര്‍ത്തനങ്ങളായിട്ടാണ് അവ കരുതപ്പെട്ടത്.

മലബാര്‍ എന്ന വാക്കിലെ ബാര്‍ എന്നതിന് പേര്‍ഷ്യന്‍ ഭാഷയില്‍ ‘തീരം’ എന്നാണര്‍ത്ഥം. ഇത് പേര്‍ഷ്യന്‍ കോസ്മോപോളിസും മലബാറും തമ്മില്‍ നിലനിന്നിരുന്ന ദൃഢമായ ഭാഷാ ബന്ധത്തെ വ്യക്തമാക്കുന്നുണ്ട്.
മലബാറിലെ ആദ്യകാല പേര്‍ഷ്യന്‍ സാഹിത്യ സ്വാധീനം എ.ഡി ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ, ജൂത അധിവാസസ്ഥലങ്ങളിലും പിന്നീട് മുസ്ലിം പണ്ഡിതന്മാര്‍, വ്യാപാരികള്‍, മിഷനറിമാര്‍ എന്നിവരിലൂടെ കൈമാറി വന്ന സാംസ്‌കാരികവും ഭാഷാപരവുമായ പേര്‍ഷ്യന്‍ സ്വാധീനത്താലും സാഹിത്യപരമായ വൈകാരികതകളാലും സമ്പന്നമായ പൂര്‍വാധുനിക അറബി സാഹിത്യ സൃഷ്ടികളുടെ കൂട്ടങ്ങളിലും കാണാം (19). ഗഗന്‍ ഡി.എസ്. സൂദ് അടുത്തിടെ 1748 കാലയളവില്‍ മലബാറില്‍ നിന്നും പേര്ഷ്യന്‍ ഭാഷയില്‍ എഴുതപ്പെട്ട 18 കത്തുകള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രാദേശിക തലത്തിലും ആഗോളഭാഷ എന്ന അര്‍ത്ഥത്തിലും പേര്‍ഷ്യന്‍ ഭാഷക്കുണ്ടായിരുന്ന സ്വാധീനത്തെ ഇത് സൂചിപ്പിക്കുന്നുണ്ട് (20). അതുപോലെതന്നെ, അറബി അക്ഷരമാലയില്‍ ഇല്ലാത്ത മലയാള അക്ഷരങ്ങള്‍ക്ക് പകരമായി അറബി-മലയാളം ലിപിയില്‍ പേര്‍ഷ്യന്‍ ചിഹ്നങ്ങളെ സ്വീകരിച്ചുപോന്നിരുന്നു (21). ഇതുകൂടാതെ, പേര്‍ഷ്യന്‍ കേന്ദ്രങ്ങളായ പൂര്‍വാധുനിക മഅ്ബറില്‍ നിന്നും (കോറമാണ്ടല്‍ തീരം) അത്പോലെ ബോംബെ പോലുള്ള മറ്റ് പശ്ചിമ ഇന്ത്യന്‍ മഹാസമുദ്ര കേന്ദ്രങ്ങളില്‍ നിന്നുള്ള മുസ്ലിം സാഹിത്യകാരന്മാര്‍, പണ്ഡിതന്മാര്‍, കവികള്‍, സൂഫികള്‍ എന്നിവരുടെ ദേശാന്തര സഞ്ചാരപഥങ്ങള്‍ മലബാറിന്റെ ഭൗമ-സാംസ്‌കാരിക സ്ഥാനത്തേക്കുള്ള പേര്‍ഷ്യന്‍ കോസ്മോപൊളിസ് വികാസത്തിന് വേഗം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായകമായ സംഭവങ്ങളായിരുന്നു (22). പേര്‍ഷ്യന്‍ സൂഫി സാഹിത്യങ്ങളും സെമി ഫിക്ഷന്‍-ഫിക്ഷനുകളും, ചരിത്രരചനകളും അതുപോലെ ദൈവശാസ്ത്രപരവും വ്യാകരണപരവുമായ കൃതികളും അവര്‍ കൂടെ കൊണ്ടുവരികയും, ഇവയെ സ്വന്തംനിലക്ക് അറബി-മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയോ അല്ലെങ്കില്‍ എഴുത്തുകാരെ നിയമിച്ചുകൊണ്ട് വിവര്‍ത്തനം നടത്തുകയോ ചെയ്തുകൊണ്ട് അവയെ സംരക്ഷിക്കുകയും ചെയ്തു (23). സമൃദ്ധമായ പേര്‍ഷ്യന്‍ സാഹിത്യസൃഷ്ടികളുമായുള്ള നിരന്തരമായ ഇത്തരം സമ്പര്‍ക്കങ്ങള്‍ അറബി-മലയാളം സാഹിത്യ ലോകത്ത് വളരെയധികം സ്വാധീനം ചെലുത്തിപോന്നിരുന്നു. പ്രത്യേകിച്ചും, ഖിസ്സാ – ദാസ്താന്‍ സാഹിത്യങ്ങളില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട പടപ്പാട്ടുകളുടെ പ്രമേയങ്ങളിലും കഥകളിലും പാഠങ്ങളിലും ശബ്ദങ്ങളിലും അത്പോലെ സൗന്ദര്യാത്മക ശൈലികളിലും ഈ കൊടുക്കല്‍ വാങ്ങലുകള്‍ കൂടുതല്‍ വ്യക്തമാകുന്നുണ്ട്.

ഷെല്‍ഡന്‍ പൊള്ളോക്കിന്റെ ‘കോസ്മോപൊളിറ്റന്‍ വെര്‍ണാകുലര്‍’ എന്ന സങ്കല്‍പത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് , അറബി, പേര്‍ഷ്യന്‍, സംസ്‌കൃത കോസ്മോപൊളിറ്റന്‍ ഭാഷകളുമായുള്ള പ്രാദേശിക കേരള ഭാഷയുടെ (മലയാളം) സംയോജനമായി അറബി-മലയാളത്തെ വായിക്കാനുള്ള സാധ്യതയെ ഒഫീറ ഗാംലിയല്‍ അടുത്തിടെ തുറന്ന്കാട്ടിയിരുന്നു (24). സംസ്‌കൃത കോസ്മോപൊളിസിന്റെ സങ്കീര്‍ണതകളും ദക്ഷിണേന്ത്യയിലേക്കുള്ള അതിന്റെ വികാസവും പരിശോധിക്കുകയാണെങ്കില്‍ (25), പ്രാദേശിക ഭാഷകളിലേക്ക് കടന്നുകയറുന്നതലിലും പ്രാദേശിക ഇനങ്ങള്‍ക്ക് (genre) രൂപമാതൃക നല്‍കുന്നതിനുമുള്ള സംസ്‌കൃതത്തിന്റെ പ്രവണതയെ പൂര്‍വ്വാധുനിക മലബാര്‍ സാഹിത്യ പാരമ്പര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പാട്ട്, മണിപ്രവാളം പോലുള്ള ആധുനിക സാഹിത്യ വിഭാഗങ്ങളുടെ രൂപീകരണത്തിലാണ് ഇത് ഏറ്റവും വ്യക്തമായി കാണാനാവുന്നത്.

തമിഴ് – കേരള ഭാഷകളുടെ ഒരു സങ്കരയിനമായി കണക്കാക്കപ്പെടുന്ന പാട്ട് വിഭാഗത്തിന് മണിപ്രവാള (സംസ്‌കൃതത്തിന്റെയും കേരള ഭാഷയുടെയും സങ്കരരൂപം) ത്തില്‍ നിന്നും വ്യതിരിക്തമായ സൈദ്ധാന്തികസ്വത്വമുണ്ടെങ്കിലും, അതിന്റെ പ്രത്യയശാസ്ത്രത്തിലും പാഠത്തിലും ശബ്ദത്തിലും വാക്യഘടനയിലും വരെ സംസ്‌കൃത സാഹിത്യപാരമ്പര്യത്തില്‍ നിന്നും വലിയരീതിയിലുള്ള ഉള്‍ച്ചേര്‍ക്കലുകളുണ്ടായിട്ടുണ്ട് എന്ന് കാണാന്‍ കഴിയും. പാട്ട് വിഭാഗത്തില്‍ ലഭ്യമായ ആദ്യകാല കൃതികളിലൊന്നായ രാമചരിതത്തിന്റെ കാലഘട്ടത്തിന് ശേഷം, സമകാലിക സാഹിത്യ പാരമ്പര്യങ്ങളില്‍ മിക്കതിലും ഇന്ന് പ്രകടമാവുന്നത് പോലെ, സംസ്‌കൃതവല്‍ക്കരണ പ്രക്രിയ ശക്തമാവുകയുണ്ടായി. മലയാളത്തിലെ പടപ്പാട്ട് (യുദ്ധ ഗാനം) വിഭാഗത്തിന്റെ പ്രാരംഭം ഇതേ പാട്ട് സാഹിത്യ വംശാവലിക്ക് കീഴിലാണ്. നമുക്ക് ലഭ്യമായതില്‍ വെച്ച് ഏറ്റവും ആദ്യത്തെ പടപ്പാട്ട് ഡച്ചുകാരുടെ കൊച്ചി പിടിച്ചടക്കലിനെക്കുറിച്ചും 1660 കളിലെ മലബാറില്‍ അതുണ്ടാക്കിയ അനന്തരഫലങ്ങളെയുമാണ് പ്രതിപാദിക്കുന്നത് (26). പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഒരു അജ്ഞാത എഴുത്തുകാരനാലാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ പുറത്തുവരാനാരംഭിക്കുന്ന അറബി മലയാളത്തിലെ പടപ്പാട്ടുകളുടെ വേരുകള്‍ നീളുന്നത് പൂര്‍വ്വാധുനിക പാട്ട് വിഭാഗത്തിലേക്കാണെങ്കിലും, മറ്റു പാട്ട് വിഭാഗങ്ങളില്‍ നിന്നും ഭാഷാപരവും പ്രമേയപരവുമായ വ്യതിരിക്തത ഇവ പുലര്‍ത്തുന്നുണ്ട്. അതേ സമയം, സമീപപ്രദേശമായിരുന്ന കോറമാണ്ടല്‍ തീരത്ത് പ്രചാരത്തിലുണ്ടായിരുന്ന തമിഴ് / അറബി-തമിഴില്‍ പടപ്പാട്ടിന് സമാന്തരമായി പടൈപ്പോര്‍ എന്ന വിഭാഗമാണ് ഉണ്ടായിരുന്നത്. മലയാളം പടപ്പാട്ടുകളോടുള്ള ബന്ധത്തോടൊപ്പം ഈ പടൈപ്പോര്‍ വിഭാഗത്തില്‍ നിന്നുമാണ് അറബിമലയാളം പടപ്പാട്ടിന്റെ വംശാവലി രൂപപ്പെടുന്നത് (27). എന്നിരുന്നാലും, സംസ്‌കൃത കോസ്മോപൊളിസിന്റെ സാമൂഹിക-സാംസ്‌കാരിക രൂപീകരണത്തിന്റെയും ദക്ഷിണേന്ത്യന്‍ പ്രാദേശിക ഭാഷകളിലേക്കുള്ള അതിന്റെ വ്യാപനത്തിന്റെയും പരസ്പരബന്ധിതമായ ചരിത്രം കൂടെ പേറുന്നുണ്ട് അറബി-മലയാളം.

അറബ് കോസ്‌മോപോളിസ്: സീറാ-മഗാസി സാഹിത്യവും പടപ്പാട്ടുകളും

ഇതേ ലേഖനത്തില്‍ മുമ്പ് സൂചിപ്പിച്ചത് പോലെ അറബിയില്‍ നിന്ന് അറബി-മലയാളത്തിലേക്കുള്ള നീണ്ട വിവര്‍ത്തന പാരമ്പര്യത്തെ പിന്തുടര്‍ന്ന് കൊണ്ട് (28), പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ പൂര്‍വ്വാധുനിക മലയാള, തമിഴ് സാഹിത്യ പാരമ്പര്യങ്ങളില്‍ പടപ്പാട്ട് വിഭാഗത്തില്‍ പെട്ട ആദ്യകാല രചനകള്‍ കാണാനാകും. 1686ല്‍ അറബി-തമിഴ് / അര്‍വിയില്‍ എഴുതപ്പെട്ട സഖൂം പടപ്പാട്ടും ഏകദേശം 1650-1700 (29) കാലയളവില്‍ മലയാളത്തില്‍ ഒരു അജ്ഞാത എഴുത്തുകാരനാല്‍ രചിക്കപ്പെട്ട ഒരു പടപ്പാട്ടും അറബി-മലയാളത്തില്‍ നിലനിന്നിരുന്ന പടപ്പാട്ട് പാരമ്പര്യത്തിന്റെ ആദ്യകാലരൂപങ്ങളായി കണക്കാക്കാവുന്നതാണ്. പ്രവാചകന്റെ ജീവിതകാലത്ത് അറേബ്യയില്‍ നടന്ന പോരാട്ടങ്ങള്‍ മുതല്‍ മലബാര്‍ തീരത്തെ പ്രാദേശിക മുസ്ലിംകളുടെ കൊളോണിയല്‍, ജന്മിത്വ വിരുദ്ധ ഏറ്റുമുട്ടലുകള്‍ വരെയുള്ള ഇസ്ലാമിക ചരിത്രത്തില്‍ നടന്ന പോരാട്ടങ്ങളെ അനുസ്മരിക്കുന്നതാണ് പടപ്പാട്ടുകളില്‍ സിംഹഭാഗവും. പടപ്പാട്ട് കവികള്‍ രചനാവേളകളില്‍ അറബി സീറാ-മഗാസി ഗണത്തില്‍ പെടുന്ന ചരിത്രവിജ്ഞാനീയപരമായ ഗ്രന്ഥങ്ങളെ വളരെയധികം ആശ്രയിച്ചിരുന്നു എന്ന് മാത്രമല്ല അറബി ഗ്രന്ഥങ്ങളെ അവരുടെതായ വ്യതിരിക്തമായ രീതികളിലൂടെ അവര്‍ പരിഭാഷപ്പെടുത്തുകയും ചെയ്തിരുന്നു.

സീറാ ഗ്രന്ഥങ്ങളെയും മഗാസി ഗ്രന്ഥങ്ങളെയും ഒരേപോലെ പ്രതിനിധീകരിക്കാന്‍ സീറാ-മഗാസി എന്ന പദമാണ് ഞാന്‍ ഉപയോഗിക്കുന്നത്. പ്രശസ്ത മഗാസി പണ്ഡിതനായിരുന്ന റിസ്വി. എസ്. ഫൈസര്‍ അവയ്ക്കിടയിലുള്ള ആശയകുഴപ്പങ്ങളെ ഒഴിവാക്കാന്‍ ഉപയോഗിച്ചിരുന്ന രീതിയാണിത് (30). സീറ, മഗാസി ഗ്രന്ഥങ്ങള്‍ അടിസ്ഥാനപരമായി മുഹമ്മദ് നബിയുടെ ജീവിത കഥകളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ‘സൈനിക പര്യവേക്ഷണങ്ങള്‍’ എന്നാണ് മഗാസ് എന്ന വാക്കിന്റെ പൊതുവായ അര്‍ത്ഥം. സാഹിത്യപരമായ വീക്ഷണത്തില്‍, മുഹമ്മദ് നബി സജീവമായി പങ്കെടുത്ത ആദ്യകാല മുസ്ലിം സൈനിക ഏറ്റുമുട്ടലുകളുടെ വിവരണങ്ങളെ കുറിക്കാനാണ് ഈ പദം ഉപയോഗിച്ചിരുന്നത് (31). മഗാസി പണ്ഡിതനായിരുന്ന ജെ.എം.ബി ജോണ്‍സിന്റെ അഭിപ്രായത്തില്‍, ഇസ്ലാമിക കാലഘട്ടത്തിന്റെ ആദ്യകാലങ്ങളില്‍, മഗാസി സാഹിത്യങ്ങള്‍ പ്രത്യേക കൃതികളായിതന്നെയായിരുന്നു രചിക്കപ്പെട്ടിരുന്നത്. കൂടാതെ, സാങ്കേതികമായി ഗദ്യത്തിന്റെയും പദ്യത്തിന്റെയും സംയോജനമായിരുന്ന സീറാ സാഹിത്യത്തിനുള്ളിലെ ഒരു ഉപവിഭാഗമായും അവ ഗണിക്കപ്പെട്ടിരുന്നു (32). മുഹമ്മദ് നബിയുടെ വഫാത്തിന് തൊട്ടുശേഷമോ അല്ലെങ്കില്‍ ഒരുപക്ഷേ അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെയും മഗാസികള്‍ ഒരു വാമൊഴി സാഹിത്യമായി നിലനിന്നിട്ടുണ്ടാകണമെന്ന് അദ്ദേഹം അനുമാനിക്കുന്നുണ്ട് (33).

അറബി ഭാഷ സാഹിത്യ വിദഗ്ദനായിരുന്ന പ്രശസ്ത ജര്‍മ്മന്‍ പണ്ഡിതന്‍ റൂഡി പരേറ്റ് ആണ് 1930 കളുടെ ആദ്യത്തില്‍ സ്വാഹിലി ‘തെന്തി’ (കിഴക്കന്‍-ആഫ്രിക്കന്‍ തീരത്തെ സ്വാഹിലിയിലെ പടപ്പാട്ട് രൂപം) കവിതകളുടെ കയ്യെഴുത്തുപ്രതികള്‍ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ മഹാസമുദ്ര ലോകത്ത് മഗാസി പാരമ്പര്യം സംബന്ധിച്ച പഠനങ്ങള്‍ക്ക് തുടക്കമിട്ടത് (34). ജര്‍മന്‍ ആര്‍ക്കൈവുകളില്‍ നിന്നും അദ്ദേഹം സമാഹാരിച്ച നാല് മഗാസി കയ്യെഴുത്തുപ്രതികള്‍ ഉള്‍ക്കൊള്ളുന്ന ഒരു ബൃഹദ് വാള്യം സമഗ്രമായ വ്യാഖ്യാനങ്ങളോടും കുറിപ്പുകളോടും കൂടെ ഡൈ ലെജന്‍ഡര്‍ മഗാസി ലിറ്ററാറ്റര്‍ (ദി ലെജന്‍ഡറി മഗാസി ലിറ്ററേച്ചര്‍) എന്ന തലക്കെട്ടില്‍ 1930ല്‍ പരേറ്റ് പ്രസിദ്ധീകരിക്കുകയുണ്ടായി (35). മഗാസി രചനകള്‍ സ്വാഹിലി തെന്തി കവിതകളുമായി പ്രമേയപരവും, ശൈലീപരവും, ഘടനാപരവുമായ അനവധി സ്വഭാവസവിശേഷതകള്‍ പങ്കുവെക്കുന്നുണ്ടെന്നും എന്നാല്‍ സ്വാഹിലി തെന്തി കവിതകള്‍, മഗാസി രചനകളുടെ കേവലമായ പദാനുപദ വിവര്‍ത്തനങ്ങള്‍ മാത്രമായിരുന്നില്ല, മറിച്ച് തെന്തി കവിതപാരമ്പര്യത്തിലെ എഴുത്തുപരമായ സവിശേഷ സങ്കേതകളുടെ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള മികച്ച രീതിയിലുള്ള കാവ്യാത്മക അനുരൂപങ്ങളാണെന്നും അദ്ദേഹം കണ്ടെത്തുന്നുണ്ട് (36).

മഗാസികളുടെ ഉത്ഭവം മിക്കവാറും പതിനാലാം നൂറ്റാണ്ടിലാകുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. തുര്‍ക്കി, അല്‍-ആന്‍ഡുലസ്, ഇന്തോനേഷ്യ, ആഫ്രിക്കയുടെ കിഴക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അറബ് ലോകത്തിലേക്കുള്ള മഗാസി കൃതികളുടെ പ്രചരണവും അദ്ദേഹം ചര്‍ച്ച ചെയ്യുന്നുണ്ട് (37). സമാനമായി, വളരെക്കാലം കഴിഞ്ഞ്, തയ്ക്ക ഷുഅൈബ് ആലിം തന്റെ ഡോക്ടറല്‍ പ്രബന്ധത്തില്‍ മഗാസികളുടെ സ്വാധീനത്തെക്കുറിച്ചും അര്‍വിയിയിലെയോ തമിഴിലെയോ വ്യത്യസ്ത ജനുസ്സുകളിലേക്കുളള അവയുടെ വിവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതോടൊപ്പം പടൈപ്പോറുകളെ കുറിച്ചുള്ള അന്വേഷണത്തിന് വേണ്ടി ഒരു അധ്യായം നീക്കിവച്ചിട്ടുണ്ട് (38).

മലബാര്‍ പ്രദേശത്തേക്ക് വരുകയാണെങ്കില്‍, പടപ്പാട്ടുകളും സീറാ-മഗാസിയും തമ്മിലുള്ള ചരിത്രപരവും പാഠപരവും ശബ്ദപരവും, ഭാവുകത്വപരവുമായ ചേര്‍ച്ചകളെ കുറിച്ച്, മാപ്പിള ഗാനങ്ങളെ സംബന്ധിച്ചുള്ള മലബാറില്‍ നിന്നുള്ള പണ്ഡിതരുടെ പഠനങ്ങളില്‍ ഒറ്റപ്പെട്ട പരാമര്‍ശങ്ങളായി കാണാനാകും (39). ഞാന്‍ മുമ്പ് സൂചിപ്പിച്ചതു പോലെ, അറബി-തമിഴില്‍ വരിശൈ മുഹിയുദ്ദീന്‍ പുലവര്‍ രചിച്ച സഖൂം പടൈപോര്‍ (1686) ആണ് അത്തരം വിവര്‍ത്തനങ്ങളില്‍ മൗലികവും പ്രഥമവുമായ വിവര്‍ത്തനമായി ഗണിക്കപ്പെടുന്നത്. മാപ്പിള പണ്ഡിതനായിരുന്ന ഉമര്‍ ലബ്ബായ് 1836 ല്‍ രചിച്ച സഖൂം പടപ്പാട്ട് അറബി തമിഴിലുള്ള സഖൂം പടൈപോറിന്റെ അറബി-മലയാളത്തിലുള്ള വിവര്‍ത്തനമാണെന്ന് ഡോ.ഉമര്‍ തറമേലും ബാലകൃഷ്ണന്‍ വള്ളിക്കുന്നും വാദിക്കുന്നുണ്ട്. സഖൂം പടപ്പാട്ടിന്റെ വംശാവലി സഖൂം പടൈപോറിലെത്തുന്നതാണെന്നും, അതുപോലെ പതിനേഴാം നൂറ്റാണ്ട് മുതല്‍ തമിഴ് മുസ്ലിംകള്‍ക്കിടയില്‍ നല്ല രീതിയില്‍ പ്രചാരത്തിലുണ്ടായിരുന്ന അബൂ അബ്ദുല്ലാഹ് മുഹമ്മദ് ബിന്‍ ഉമര്‍ അല്‍-വഖിദി (d.A-H207/A-D823) യുടെ സീറ- മാഗാസി ഗണത്തില്‍ പെടുന്ന പ്രശസ്ത ഗ്രന്ഥമായിരുന്ന കിത്താബു താരീഖി വല്‍ മഗാസിയുമായുള്ള അതിന്റെ സാദൃശ്യതയും ഈ വാദത്തിന് പിന്‍ബലമായി അവര്‍ മുന്നോട്ട് വെക്കുന്നുണ്ട് (40).

ബൈസന്റൈന്‍ സിറിയയിലേക്കുള്ള ഇസ്ലാമിക ഭരണകൂടത്തിന്റെ അധിനിവേശത്തെ ചിത്രീകരിക്കുന്ന അല്‍-വഖിദിയുടെ കിതാബ് ഫുത്തൂഹുശ്ശാം പോലുള്ള മറ്റ് കൃതികളും, പടപ്പാട്ടുകളായും പടൈപ്പൊറുകളായും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അറബി-മലയാളത്തിലെ ആദ്യത്തെ അറിയപ്പെടുന്ന പടപ്പാട്ടാണ് സഖൂം പടപ്പാട്ടെന്ന കാര്യത്തില്‍ മലബാറിലെ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല (41). പിന്നീട് വന്ന പടപ്പാട്ടുകളുടെ പാഠപരവും, സൗന്ദര്യാത്മക, ശബ്ദപരവുമായ ശൈലികളില്‍ ഈ പടപ്പാട്ട് വളരെയധികം സ്വാധീനം ചെലുത്തിയതിനാല്‍ ഈ കൃതി തന്ത സഖൂം എന്നുമറിയപ്പെട്ടിരുന്നു. സഖൂം പടപ്പാട്ടിന് പുറമേ, അറബിയിലെ സീറാ-മഗാസി സാഹിത്യ രചനകളോട് സാദൃശ്യമുള്ള ബദര്‍ പടപ്പാട്ട് , ഉഹുദ് പടപ്പാട്ട്, ഹുനൈന്‍ പടപ്പാട്ട്, തബൂക്ക് പടപ്പാട്ട്, ഖൈബര്‍ പടപ്പാട്ട്, ഫുതൂഹു കിസ്റ വ കൈസര്‍ പടപ്പാട്ട്, ഫുതൂഹു ശാം, ഫുതൂഹുല്‍ ഫുറൂസ് തുടങ്ങിയ ധാരാളം പടപ്പാട്ടുകള്‍ മലബാറില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.

ആദ്യകാല പടപ്പാട്ടുകളിലൊന്നായ ഖാദിയരക്കത്ത് കുഞ്ഞാവ സാഹിബിന്റെ (മരണം ഹി. 1303/ക്രി.വ1885 ) ഫുതൂഹു കിസ്റ വ കൈസര്‍ പടപ്പാട്ട് (ഏകദേശം AH 1262/1845) പ്രവാചകന്റെ മരണത്തിനു തൊട്ടുപിന്നാലെ നാല് ഖലീഫമാരുടെ ഭരണകാലത്തായി നടന്ന ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ വിപുലീകരണം പ്രമേയമാകുന്ന കൃതിയാണ്. ഇത് നാല് വാല്യങ്ങളിലായി ആയിരത്തിലധികം പേജുകളില്‍ പരന്ന്കിടക്കുന്നുണ്ട്. ഫുതൂഹു കിസ്റ വ കൈസര്‍ പടപ്പാട്ടില്‍, അറബിക്ക് സീറ-മഗാസി സ്രോതസ്സുകളായ സീറത്ത് അല്‍-നബവിയ, അല്‍-മാവഹിബ് അല്‍-ലദുന്നിയ, സീറത്ത് ഇബ്ന്‍ ഹിഷാം, സീറത്ത് അല്‍-ഹലബിയ, കിത്താബ് ഫുത്തൂഹുശ്ശാം തുടങ്ങിയ നാല്‍പതില്‍ പരം ചരിത്രവിജ്ഞാനീയഗ്രന്ഥങ്ങളെ വലിയ രീതിയില്‍ അവലംബിക്കുന്നുണ്ട് രചയിതാവ് (42).

‘വിരുത്തുവാന്‍ സീറത്തുന്നവബിയ്യ ബഹുമാന വാഹിബുള്ളദുന്നിയ്യ:
വെളിവ് ഫുതൂഹാത്തുല്‍ ഇസ്‌ലാമിയ്യ അതിയിന്നും
ഹലബിയ്യയഅ്മറി-വീരിതമാകിനസീറഫുതൂഹുശ്ശാം അതില്‍നിന്നും
നിറവടിസീറത്ത് അബ്‌നുഹിശാമം നീര്‍ത്തുവാന്‍ ദിംയാത്തും സുര്‍ഖാനി
ഞെറിമികവ് ഇബ്‌നുസയ്യിദ്ന്നാസിന്‍ ശാമിയത്തിന്നും
ഇക്ത്തിഫാഓട് ശിഫാ-നിനപൊലിവാകിനെ ശാഫിഈ ഇമാമുടെ മുസ്‌നദില്‍ നിന്നും
പറയുവാന്‍ താരീഖുല്‍ഖുലഫാഉം പകര്‍ത്തിടൈതാരീഖുല്‍ ഖമീസിഇപ്പോല്‍
പലതുമെ തര്‍ജമചെയ്തത് ഗീതായി കോത്തീടും നാനെ.’
(ഫുതൂഹ് കിസ്‌റ വ കൈസര്‍ പട്ടപ്പാട്ട്) (43)

ബദ്ര്‍ പടപ്പാട്ട്

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ 1876 ല്‍ രചിച്ച ബദ്ര്‍ പടപ്പാട്ടിന് (ഗസ്‌വത്ത് ബദ്‌റില്‍ കുബ്‌റ) മലബാര്‍ മുസ്്‌ലിംകളുടെ ആചാരാനുഷ്ഠാനപരമായ ദൈനംദിന ജീവിതത്തില്‍ വളരെയധികം സ്ഥാനമുണ്ട് (44). 106 ഇശലുകളിലായി ചിട്ടപ്പെടുത്തിയ ഈ പാട്ട് ബദ്ര്‍ യുദ്ധത്തെയും യുദ്ധത്തിലേക്ക് നയിച്ച സംഭവങ്ങളെയും, യുദ്ധഭൂമിയിലെ സംഭവവികാസങ്ങളെയും ശേഷം അതിന്റെ അനന്തരഫലത്തെയും വിവരിക്കുന്ന തരത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളത് (45). ആ സമയത്തെ മറ്റു പടപ്പാട്ടുകളെ പോലെ തന്നെ, അതിന്റെ അറബി സ്രോതസ്സിന്റെ കേവലമായ അനുകരണമോ പദാനുപദ വിവര്‍ത്തനമോ ആയിരുന്നില്ല ബദ്ര്‍ പടപ്പാട്ട്. മറിച്ച്, അറബിയില്‍ നിന്നുമുള്ള മൂലഗ്രന്ഥത്തെ സര്‍ഗാത്മകമായും ഇന്ദ്രിയാനുഭൂതികളെ പരിഗണിച്ചുകൊണ്ടും കൂടെയുള്ള വിവര്‍ത്തനമായിരുന്നു അറബി-മലയാളത്തിലേത്. ഗസ്‌വത്ത് ബദ്ര്‍ അല്‍ കുബ്‌റ എന്ന ശീര്‍ഷകം തന്നെ സീറാ മഗാസി കൃതിയിലെ അദ്ധ്യായത്തിന്റെ അനുകരണമാണെന്ന് കാണാന്‍ കഴിയും.

ഇബ്ന്‍ ഇസ്ഹാഖിന്റെയും (മ. 768) ഇബ്ന്‍ ഹിശാമിന്റെയും (മ.833) സീറത്തു റസൂലുല്ലാഹ്, അല്‍ ഖസ്തല്ലാനിയുടെ (മ.1517) അല്‍ മവാഹിബു അല്‍-ലദുന്നിയ്യാഹ് , അത് പോലെ അല്‍ ഹലബിയുടെ (മ.1549) സീറത്ത് അല്‍ ഹലബിയ്യാഹ് തുടങ്ങിയ അറബിയിലെ സീറാ മഗാസി കൃതികളുമായി ബന്ധപ്പെട്ട അനവധി പരമാര്‍ശങ്ങള്‍ ബദര്‍ പടപ്പാട്ടില്‍ കാണാന്‍ കഴിയും. സമാനമായ അറബി കൃതികളോട് ബദറിനെ ചേര്‍ത്ത് വെക്കുകയാണെങ്കില്‍, പ്രാദേശിക ആഖ്യാനങ്ങളെ മാറ്റിനിര്‍ത്താതെ തന്നെ, കഥാ തന്തു (plot structure) വിന്റെ ക്രമീകരണത്തിന്റെ കാര്യത്തിലും അതുപോലെ ഇശലുകളുടെ കാര്യത്തിലും അറബിയിലെ മൂലഗ്രന്ഥത്തെ ഈ പടപ്പാട്ട് വളരെ ആത്മാര്‍ത്ഥമായി പിന്തുടര്‍ന്ന് പോന്നിരുന്നു എന്ന് കാണാന്‍ കഴിയും. അത് പോലെ, അറബി സാംസ്‌കാരിക പ്രയോഗങ്ങളാലും, അറബിയില്‍ നിന്നും കടംകൊണ്ട വാക്കുകളാലും, അറബി വൃത്തങ്ങളാലും സീറാ മഗാസി കൃതികളില്‍ നിന്നുള്ള അറബി പദ്യങ്ങളുടെ ഭാഗങ്ങളാലും സമ്പന്നമാണ് ബദര്‍ പടപ്പാട്ട്. അറബി കൃതികള്‍ ഇടയ്ക്ക് മാത്രം പദ്യ -കവിതാ ശകലങ്ങള്‍ കടന്നുവരുന്ന പ്രധാനമായും ഗദ്യരൂപത്തിലുള്ള കൃതികളായിരിക്കും എന്നതാണ് പടപ്പാട്ടുകളെ അവയുടെ അറബി പ്രതിരൂപത്തില്‍ നിന്നും പ്രധാനമായും വേര്‍തിരിക്കുന്ന ഘടകം. അതേസമയം, അറബി ഗദ്യരൂപങ്ങളെ അനുകരിക്കുന്ന (pastiche) ‘ബമ്പ്’ എന്ന ഗദ്യഭാഗങ്ങളെ മാറ്റി നിര്‍ത്തിയാല്‍ വ്യത്യസ്ത താള-വൃത്ത മാതൃകകളുള്ള പൂര്‍ണ്ണമായും പദ്യരൂപത്തിലുള്ള ആവിഷ്‌കാരങ്ങളാണ്.

ആദ്യകാല ആധുനിക കവികള്‍ പരമ്പരാഗതമായി അവരുടെ എഴുത്തുകള്‍ തുടങ്ങിയരുന്നത് അവരുടെ ദൈവങ്ങളുടെയോ, ഗുരുക്കന്‍മാരുടെയോ അല്ലെങ്കില്‍ രാജാക്കന്മാരുടെയോ അനുഗ്രഹങ്ങള്‍ തേടിക്കൊണ്ടോ അവരെ സ്തുതിച്ചുകൊണ്ടോ ആണണെന്ന് എത്‌നോമ്യൂസിക്കോളജിസ്റ്റും ചരിത്രകാരനുമായ റിച്ചാര്‍ഡ് വില്യംസ് അദ്ദേഹത്തിന്റെ ഈയ്യടുത്ത് പ്രസിദ്ധീകരിച്ച പഠനത്തില്‍ നിരീക്ഷിക്കുന്നുണ്ട്. ആ കാലഘട്ടത്തിലെ രാഷ്ട്രീയവും സാമൂഹ്യവുമായ പ്രതിസന്ധികളില്‍ മതകീയ പശ്ചാത്തലമുള്ള ബുദ്ധിജീവികള്‍ എങ്ങനെയായിരുന്നു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് എന്ന് ഇത് വ്യക്തമാക്കുന്നുണ്ട് (46). ബദര്‍ പടപ്പാട്ടിലെ ആദ്യ ഇശലില്‍, തടസ്സങ്ങളും തെറ്റുകളുമില്ലാതെ ഈ കൃതി പൂര്‍ത്തിയാക്കുന്നതിന് വേണ്ടി സൃഷ്ടാവില്‍ നിന്നും, പ്രവാചകനില്‍ നിന്നും മറ്റ് മതകീയ അധികാരകേന്ദ്രങ്ങളില്‍ നിന്നും സഹായം തേടുകയും അവയെ സ്തുതിക്കുകയും ചെയ്യുന്നുണ്ട്. തെറ്റുകളില്ലാതെ എങ്ങനെ ഇത് അവതരിപ്പിക്കണമെന്നതിനെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കുന്നുണ്ട്. ഏറെ ശ്രദ്ധയോടെയും ഭക്തിയോടെയും ഇത് പാരായണം ചെയ്യുന്നവര്‍ക്ക് ആഗ്രഹങ്ങളുടെയും ആവശ്യങ്ങളുടെയും പൂര്‍ത്തീകരണവും, ബുദ്ധിമുട്ടുകളില്‍ നിന്നുള്ള രക്ഷയും അദ്ദേഹം ഉറപ്പ് നല്‍കുന്നുണ്ട്.

നിശബ്ദമായ വായനക്കുപരിയായി ഉച്ചത്തിലുള്ള പാരായണത്തിന് വേണ്ടി രചിക്കപ്പെട്ടവയായിരുന്നു പടപ്പാട്ടുകള്‍. പാടിപ്പറയല്‍ അല്ലെങ്കില്‍ സീറാ പാരായണം തുടങ്ങി മലബാറിലെ മുസ്്‌ലി്ംകള്‍ക്കിടയില്‍ ഏറെ പ്രചാരമുണ്ടായിരുന്ന അനുഷ്ഠാന വഴക്കങ്ങളില്‍ ഒറ്റക്കോ അല്ലെങ്കില്‍ കൂട്ടമായോ ആയിരുന്നു ഇവ വായിച്ചുപോന്നിരുന്നത്. അതുകൊണ്ട് തന്നെ പടപ്പാട്ട് രചയിതാക്കള്‍ അവരുടെ സ്വീകര്‍ത്താക്കളിലേക്ക് സംവേദനം ചെയ്യാനുദ്ദേശ്ശിച്ചിരുന്ന വികാരങ്ങളും, ഇന്ദ്രിയാനുഭൂതികളും സന്ദേശങ്ങളുമെല്ലാം തന്നെ ഇത്തരം അനുഷ്ഠാനപാരമ്പര്യങ്ങള്‍ വളരെ മികച്ച രീതിയില്‍ കാണികളിലേക്കെത്തിച്ചുപോന്നിരുന്നു (47).

അറബി മൂലഗ്രന്ഥങ്ങളെ കുറിച്ചുള്ള പാഠ പരാമര്‍ശങ്ങള്‍ക്ക് പുറമെ, ബദ്ര്‍ യുദ്ധത്തെ കുറിച്ച് ശ്രദ്ധയോടെ പഠിച്ചിരുന്ന ആദ്യകാല പണ്ഡിതരുടെ കൃതികളെ ബോധപൂര്‍വ്വം തിരഞ്ഞെടുത്തിരുന്നു എന്ന കാര്യം കവി അംഗീകരിക്കുന്നുണ്ട്. ബദര്‍ പടപ്പാട്ടിലെ രണ്ടാമത്തെ ഇശലില്‍, ഇതിന്‍ മുമ്പ് ബദര്‍ യുദ്ധത്തെയും ബദ്‌രീങ്ങളെയും സ്മരിച്ച്‌കൊണ്ട് എഴുതപ്പെട്ടിരുന്ന പാട്ടുകളെയും കവിതകളെയും തിരിച്ചറിയുകയും, യഥാര്‍ത്ഥ കൃതികളുമായി ബന്ധപ്പെട്ട സാഹിത്യ ശ്രമങ്ങളുടെ കണ്ണിയില്‍ സ്വയം സ്ഥാനപ്പെടുത്തുകയും ചെയ്യുന്നുണ്ട് കവി.

ഉറവും തുറവും മനദറിയും നെറിയും അഖ്ല്‍
ഉറയും കവിനരോട് നവിനരും
ഒരു പോല്‍ ഇരപകല്‍ ഉദിര ബദ്‌രികളെ
ഉദവി മദുര ഫള്ല്‍ പറകിലും
അറമെ കുറയാദവര്‍ ഉമ്ര്‍ തമരും ബരെ
അദ്‌പോല്‍ നെടുനാള്‍ അളവ് ഉളവദാം
അഅ്‌ളം ഫള്‌ലദിനാല്‍ എനദെ മനദ് തുയിര്‍
അകത്തി സുകത്തെ അരുള്‍ പെരിയവാ
നിറവും ശറഫും ഖൊശി ഇവരാല്‍ ഇരവിന്‍ ഖബൂല്‍
നിദമായരുള്‍ വെന്‍യെന്ന അരുള്‍ നീ
നിലകള്‍ ഇലൈ അടിയന്‍ ഇത് തൊയ് വദുമെ മുറ
നിനയില്‍ വനയയ് രിളാ വരുള്‍ ബിഹിം

(ബദ്ര്‍ പടപ്പാട്ട്, ഇശല്‍-106, ഏളാംതുദി ഇരട്ട് ഇരട്ട്, 1-6)

അന്നത്തെ പ്രശസ്തരായിരുന്ന മതപണ്ഡിതന്മാരുടെ കീഴില്‍ നിന്നും വളരെ മികച്ച രീതിയില്‍ അറബി ഭാഷാജ്ഞാനം നേടിയിരുന്നു മോയിന്‍കുട്ടി വൈദ്യര്‍. അടുത്തുള്ള പള്ളിയില്‍ നിന്നും അദ്ദേഹം ഇത് രചിക്കുന്ന വേളകളില്‍ ഈ പണ്ഡിതന്മാരോടൊപ്പം സമയം ചെലവഴിക്കുകയും പലപ്പോഴും അവര്‍ സീറാ മഗാസി ഗ്രന്ഥങ്ങളില്‍ നിന്നുമുള്ള അദ്ധ്യായങ്ങള്‍ അദ്ദേഹത്തിന് വേണ്ടി വിവര്‍ത്തനം ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നു. ബദറിലെ അവസാനത്തെ ഇശലില്‍, ആധികാരിക അറബി മൂലഗ്രന്ഥങ്ങളോടും പടപ്പാട്ട് സാഹിത്യ പാരമ്പര്യത്തോടുമുള്ള ബഹുമാനം നിമിത്തം, ഈ കൃതി വിജയകരമായി പൂര്‍ത്തിയാക്കുന്നതിലുള്ള തന്റെ ബൗദ്ധികമായ അപകര്‍ഷത ( intellectual inferiority) അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. മുന്‍ഗാമികളുടെ ആധികാരിക കൃതികളോട് താരതമ്യപ്പെടുത്തുമ്പോള്‍ തന്റെ പരിമിതികള്‍ അദ്ദേഹം മനസ്സിലാക്കുകയും, തന്റെ തെറ്റുകള്‍ തിരുത്താന്‍ പരസ്യമായി തന്നെ പണ്ഡിതരെ ക്ഷണിക്കുന്നുമുണ്ട് അദ്ദേഹം.

ബെമ്മാ കണക്ക് പോല്‍ കവി ചേര്‍ത്തുവാന്‍
ബിരുദം അഖ്ല്‍ ഇല്‍മും ഖലീലായോന്‍ ഞാന്‍
ഉമ്മാ ബിശേളത്തില്‍ ഫസ്ലോര്‍തെല്ലാം
ഉലമോര്‍ ഇതില്‍ പിശവറുപ്പിന്‍ ചൊല്ലാന്‍

(ബദര്‍ പടപ്പാട്ട്, ഇശല്‍ തൊങ്കല്‍, 15-16)

സമാനമായ സീറാ മഗാസി കൃതികളോട് വൈദ്യരുടെ ബദ്‌റിനെ താരതമ്യപ്പെടുത്തുമ്പോള്‍, ഇത് അറബി കൃതികളുടെ കേവല പദാനുപദ പരിഭാഷയല്ലെന്ന് ഒരാള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകും. മറിച്ച്, തന്റേതായ പ്രാദേശിക ഭാവനകളില്‍ കവി രംഗങ്ങളെ പുനര്‍സൃഷ്ടിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യവും വ്യക്തമാകും. ഉദാഹരണത്തിന്, പോരാട്ടഭൂമിയിലേക്കുള്ള മുസ്്‌ലി്ം പടയുടെയും ശത്രുക്കളായ ഖുറൈശിപ്പടയുടെയും കടന്ന് വരവിനെ സീറാ മഗാസി കൃതികള്‍ വളരെ ചുരുങ്ങിയ വിവരണങ്ങളില്‍ ഒതുക്കുമ്പോള്‍, വൈദ്യര്‍ അതിനെ പത്തിലധികം ഖണ്ഡികകളുള്ള ഒന്നിലധികം ഇശലുകളില്‍ വളരെ വിവരണാത്മകമായ രീതിയിലാണ് ഈ രംഗത്തെ വിവരിക്കുന്നത്. അറേബ്യന്‍ ഭൂപ്രദേശത്തെ യുദ്ധഭൂമിയിലേക്ക് പട്ടാളത്തെയും വിവിധ തരത്തിലുള്ള സംഗീതോപകരണങ്ങളും കൊണ്ട് വരുന്ന ഖുറൈശിപ്പടയെയും കവി ഭാവനയില്‍ സങ്കല്‍പ്പിക്കുകയും, അവ മലബാറിന്റെ ശബ്ദപ്രപഞ്ചത്തില്‍ സംഭവിക്കുന്നതുപോലെ ഇന്ദ്രിയാനുഭവപരമായി പുനരുല്‍പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇശലുകളിലെ ഇന്ദ്രിയാനുഭൂതികളെ ധ്വന്യനുകരണ (onomatopoeic) ശബ്ദങ്ങളെ ഉപയോഗിച്ചുകൊണ്ട് സംവേദനം ചെയ്യുന്നതിലും ശ്രദ്ധ പുലര്‍ത്തിയിരുന്നു അദ്ദേഹം.

തുടരെ മദ്ദളവും-മുരശൊട് മരുവഒററകളും ബജയൊട്
തുടികള്‍ ദപ്പുകളും-കൈമണി-ധുനികല്‍ താശികളാല്‍
കൊടുമപുല്ലുകള്‍ പൂളചൂളകള്‍ കൊമ്പുശങ്കുകളാല്‍
തകൃതികള്‍-കോള് താളമേ ഓടിചാടിയും സഫു്നിപ്പുകളാല്‍
ചേലുരിററിരിതത്തിരി ററിരി രി രി രി വിളികുശലള്‍
ഇടയില്‍ കൈമണി കിണിലു കിണി കിണില്‍
തുടരെ കിണ്ണാരം ചെലക്ക ചെല ചെല
തുടികള്‍ വെമ്പലു വെമ്പല്‍ വെമ്പലു
ദപ്പ് ദന്തലി ദെല്‍ ദെല്‍ ദില്‍ ദില്‍

(ബദര്‍ പടപ്പാട്ട്, ഇശല്‍-38, മത്തിരക്കണ്ണി ഇടച്ചാട്ട്, 1-4, 26-29)

ഈ രീതിയിലുള്ള വിവര്‍ത്തനം എന്നത് യഥാര്‍ത്ഥത്തില്‍ ഒരു തരത്തിലുള്ള വിപുലീകരണമാണെന്ന് പറയാന്‍ സാധിക്കും എന്നാണ് ക്ലാരിസ്സ വിയെര്‍ക്കെയുടെ നിരീക്ഷണം. ”മൂലഗ്രന്ഥത്തിലെ രംഗത്തെ ഇത് ഖണ്ഡികയുടെ അക്ഷരാളവുകള്‍ക്കുതകുന്ന തരത്തില് അവതരിപ്പിക്കാനും അതിനെ കൂടുതല്‍ വ്യക്തമാക്കാനും’ സഹായിക്കും. അങ്ങനെ, ആഖ്യാനങ്ങളിലേക്കുള്ള പുതിയ സംഭാവനകള്‍ വഴി സംഭവങ്ങള്‍ക്ക് ഇന്ദ്രിയാനുഭൂതിപരമായ അനുഭവം പ്രദാനം ചെയ്യുകയും അത് വഴി മൂലഗ്രന്ഥത്തെ പുനര്‍സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട് (48).

തന്റെ മുന്‍ഗാമികളായ അറബി-മലയാളം പണ്ഡിതന്മാരില്‍ നിന്നും കൈകൊണ്ടിട്ടുള്ള എഴുത്തുപരമായ സാങ്കേതികതന്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട് മോയിന്‍കുട്ടി വൈദ്യര്‍. മലയാള പ്രയോഗങ്ങള്‍ക്ക് അറബി വാക്കുകള്‍ കണ്ടെത്തുകയും. അത് പോലെ മലയാളം വാക്കുകള്‍ക്ക് അറബി സ്വനിമവും (phoneme) രൂപിമവും (morpheme) നല്‍കുയും, അത് വഴി അവയെ അറബി അല്‍-അറൂദ് താള/അളവ് സംവിധാനത്തിന് അനുഗുണമാവും വിധത്തില്‍ സ്വരശാസ്ത്രപരമായും രൂപശാസ്ത്രപരമായും മാറ്റിയെടുക്കുക തുടങ്ങിയവയാണിവ. അറബി മീറ്ററുകളായ അല്‍-റമല്‍, അല്‍-റഗസ്, അല്‍-കാമില്‍, അല്‍ ഹസജ്, അല്‍-മുതദാറക്ക് തുടങ്ങിയവ പടപ്പാട്ടുകളടക്കമുള്ള അറബി-മലയാളം കവിതകളില്‍ വളരെ സാധാരണമായി ഉപയോഗിച്ചുപോന്നിരുന്നു (49). ബദര്‍ പടപ്പാട്ടിലെ നാല്‍പ്പതാമത്തെ ഇശലായ രണ്ടാം തുടി എന്നത് അറബി ഛന്ദശ്ശാസ്ത്ര (prosody) ത്തിലെ അല്‍-ഹസജ് മീറ്ററിന്റെ അനുവര്‍ത്തനമാണ്. ഛന്ദശ്ശാസ്ത്രങ്ങള്‍ക്കുപരിയായി, ബദര്‍ പടപ്പാട്ടില്‍ ഒരുപാട് അറബിയില്‍ നിന്നും കടംകൊണ്ടിട്ടുള്ള പദങ്ങള്‍ കാണാന്‍ സാധിക്കും. ഒന്നുകില്‍, അതിന്റെ സ്വരശാസ്ത്രപരമായ സങ്കലനത്തില്‍ രൂപമാറ്റങ്ങള്‍ വരുത്തിക്കൊണ്ട് നിലവിലെ ഘടനയിലേക്ക് കൂട്ടിച്ചേര്‍ത്തതോ അല്ലെങ്കില്‍ അതിന്റെ യഥാര്‍ത്ഥ സ്വനിമവും രൂപിമവും നിലനിര്‍ത്തിക്കൊണ്ട് തന്നെയോ ആണ് ഇവയെ ഉപയോഗിച്ചിരിക്കുന്നത്. എന്തായിരുന്നാലും, അറബി- അറബി മലയാളം ഭാഷകള്‍ക്കിടയില്‍ നടന്ന ശബ്ദങ്ങളുടെ അനുവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്നുണ്ട് ഇരു സംഭവങ്ങളും. അദ്യകാല അറബി-മലയാള കവിതകളില്‍, ‘പ’ എന്ന അറബി സ്വരശാസ്ത്രസംവിധാനത്തിലില്ലാതിരുന്ന ശബ്ദത്തിന് പകരം സ്വരശാസ്ത്രപരമായി കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്ന അറബിയിലെ ‘ഫ’ എന്ന അക്ഷരമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇരുപതാം നൂറ്റാണ്ടിലെ അറബി-മലയാള ഭാഷാപരിഷ്‌കര്‍ത്താക്കള്‍ പേര്‍ഷ്യന്‍ ശബ്ദമായ ‘പ’ യെ അറബി മലയാളം അക്ഷരമാലയിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത് വരെ ഇത് തുടര്‍ന്ന് പോന്നു (50).

പേര്‍ഷ്യന്‍ കോസ്‌മോപോളിസ്: ഖിസ്സ/ദസ്താന്‍ സാഹിത്യവും പടപ്പാട്ടുകളും

ഈയിടെ, Persian Literature from Outside Iran (2019) എന്ന കൃതിയുടെ ഒമ്പതാം വാള്യമായ A History of Persian Literature നെ കുറിച്ചുള്ള തന്റെ പഠനത്തില്‍ സ്റ്റീഫന്‍ ഡെയ്ല്‍, ദക്ഷിണേന്ത്യയിലെ പേര്‍ഷ്യന്‍ സാഹിത്യത്തോടുള്ള രചയിതാക്കളുടെ അവഗണനയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ വൈരുദ്ധ്യാത്മകമെന്ന് പറയട്ടെ,ദക്ഷിണേന്ത്യന്‍ പേര്‍ഷ്യന്‍ സാഹിത്യം എന്നത് ഒരു കിഴക്കേത്തീര/കോറമാണ്ടല്‍ തീര പ്രതിഭാസമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നുമുണ്ട്. ദക്ഷിണ-പശ്ചിമേന്ത്യയില് പേര്‍ഷ്യനോ ഉര്‍ദുവോ ഉപയോഗിച്ചിരുന്നില്ല എന്നും, തങ്ങള്‍ക്ക് ചുറ്റുമുള്ള ഇസ്ലാമിക ലോകവുമായി അറബിയിലൂടെയോ അറബി മലയാളത്തിലൂടെയോ ആയിരുന്നു അവിടത്തെ പ്രാദേശിക മുസ്്‌ലി്ംകള്‍ ഇടപഴകിയിരുന്നത് എന്നും അദ്ദേഹത്തിന്റെ നിരീക്ഷണത്തില്‍ സൂചിപ്പിക്കുന്നുണ്ട് (51). ഈ വാദത്തിന് വൈരുദ്ധ്യമായി, പ്രാദേശിക അറബി-മലയാള സാഹിത്യത്തിലേക്കുള്ള പേര്‍ഷ്യന്‍ സാഹിത്യ കൃതികളുടെയും, പ്രയോഗങ്ങളുടെയും,ശൈലികളുടെയും ഭാവുകത്വങ്ങളുടെയും തള്ളിച്ചയെ നമുക്ക് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. ചോള സാമ്രാജ്യത്തിന്റെ പതനത്തിന് ശേഷം നിലനിന്നിരുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ നിമിത്തം പതിനഞ്ചാം നൂറ്റാണ്ടോടെ മഅ്ബറി( കോറമാണ്ടല്‍ തീരം) ല്‍ നിന്നും മലബാറിലേക്കുള്ള പുലവര്‍ കവികളുടെയും, സൂഫികളുടെയും, മരക്കാരുകളുടെയും മഖ്ദൂമീ പണ്ഡിതന്മാരുടെയും കുടിയേറ്റത്തോടൊപ്പമാണ് പേര്‍ഷ്യന്‍ ജീവിതശൈലിയും, സംസ്‌കാരവും സാഹിത്യവും അറബി-മലയാള സാഹിത്യലോകത്തേക്ക് ആദ്യമായി കടന്ന് വരുന്നത് എന്ന് മലബാര്‍ ചരിത്രകാരനായ ഹുസൈന്‍ രണ്ടത്താണി നിരീക്ഷിക്കുന്നുണ്ട് (52).

കൊണ്ടോട്ടിയിലേക്കുള്ള ഖ്വാജാ ശൈഖ് മുഹമ്മദ് ഷാ (മ.1804) യുടെ വരവോടെയാണ് അറബി-മലയാള സാഹിത്യ പാരമ്പര്യങ്ങളിലെ പേര്‍ഷ്യന്‍ സാഹിത്യത്തിന്റെ സ്വാധീനം കൂടുതല്‍ വ്യക്തമായത്. പേര്‍ഷ്യനേറ്റ് ഇസ്ലാമിനെ വലിയ രീതിയില്‍ പിന്തുടര്‍ന്നിരുന്ന മുഹമ്മദ് ഷാ ഇറാഖിലെ ബസ്‌റയിലേക്ക് നീളുന്ന വംശാവലിയുണ്ടായിരുന്ന ബോംബൈയിലെ കര്‍ദാനിലെ ഒരു സയ്യിദ് കുടുംബത്തിലായിരുന്നു ജനിച്ചിരുന്നത് (53). സഞ്ചാര-സൂഫി- പണ്ഡിത ജീവിതം ജീവിച്ചുപോന്നിരുന്ന അദ്ദേഹം തന്റെ ശിക്ഷ്യന്മാരോടൊത്ത് ഹജ്ജ് ചെയ്യാന്‍ വേണ്ടി മക്കയില്‍ പോവുകയും അദ്ദേഹത്തിന്റെ സ്വപ്‌നത്തില്‍ പ്രവാചകന്‍ (സ്വ) പ്രത്യക്ഷപ്പെടുകയും അവിടുത്തെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം കൊണ്ടോട്ടിയില്‍ സ്ഥിരതാമസക്കാരനാവുകയുമാണുണ്ടായത് (54). ടിപ്പുസുല്‍ത്താനുമായി അടുത്തബന്ധം കാത്തുസൂക്ഷിച്ചിരുന്ന ഷാ ടിപ്പുവിന്റെ ഫറൂഖാബാദിലെ കോട്ടയിലെ ഏറെ ആദരിക്കപ്പെട്ടിരുന്ന പണ്ഡിതനായിരുന്നു. കൊണ്ടോട്ടിയിലെ അദ്ദേഹത്തിന്റെ വാസസ്ഥലം പേര്‍ഷ്യന്‍ സാഹിത്യപണ്ഡിതന്മാരുടെ സാന്നിദ്ധ്യത്താലും പേര്‍ഷ്യന്‍ കൃതികളുടെ വലിയ ശേഖരത്താലും സമ്പന്നമായിരുന്നു. മുഹമ്മദ് ഷായും അദ്ദേഹത്തിന്റെ പിന്‍ഗാമികളും മലബാറി മുസ്്‌ലി്ംകളെ വലിയ രീതിയില്‍ സ്വാധീനിക്കുകയുണ്ടായി. അവര്‍ പ്രചരിപ്പിച്ച പേര്‍ഷ്യനേറ്റ് കലകളുടെയും സാഹിത്യത്തിന്റെയും ആചാരങ്ങളുടെയും സ്വാധീനം, കാലങ്ങളായി ഇവിടെയുണ്ടായിരുന്നു ഹദ്‌റമി സയ്യിദുകളുടെ പിന്തുണയുണ്ടായിരുന്ന ഷാഫീ മതപണ്ഡിതന്മാരുമായി നൂറ്റാണ്ടുകള്‍ നീണ്ട സംവാദങ്ങളിലേക്ക് നയിക്കുകയുണ്ടായി. ഇത് കൊണ്ടോട്ടി-പൊന്നാനി കൈ തര്‍ക്കം എന്നും അറിയപ്പെട്ടിരുന്നു (55).

പേര്‍ഷ്യന്‍ സാഹിത്യകൃതികളുടെ അറബി-മലയാളത്തിലേക്കുള്ള വിവര്‍ത്തന-പുനര്‍സൃഷ്ടിയും അതുപോലെ തന്നെ പ്രചരണവും കൊണ്ടോട്ടി ഷാ ക്കളുടെ സ്വാധീനത്തില്‍ നടന്നിരുന്നു. അമീര്‍ ഖുസ്‌റു ദെഹ്‌ലവിയുടെ ഖിസ്സ-എ-ചാഹര്‍ ദര്‍വേശ്, അത്‌പോലെ അഞ്ജാതനായ ഒരു എഴുത്തുകാരന്റെ ബദ്‌റുല്‍ മുനീര്‍-ഹുസ്‌നുല്‍ ജമാല്‍ തുടങ്ങിയ സാഹിത്യ കൃതികള്‍ 1870കളില്‍ അറബി-മലയാളത്തിലേക്ക് വിവര്‍ത്തം ചെയ്യപ്പെടുകയുണ്ടായി (56). ആഗോള ഇസ്ലാമിക യുദ്ധങ്ങളെ കുറിച്ചുള്ള ചരിത്രപരമായ പേര്‍ഷ്യന്‍ കൃതികള്‍ പടപ്പാട്ടുകളായി വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു(ഉദാ: പഴയ യസീദ് പടപ്പാട്ട് ). എന്നിരുന്നാലും, പേര്‍ഷ്യനില്‍ നിന്നും പരിഭാഷപ്പെടുത്തിയിരുന്ന ഒട്ടുമിക്ക പടപ്പാട്ടുകളും ഫിക്ഷണല്‍, സെമി-ഫിക്ഷണല്‍ സ്വഭാവം കാത്തുസൂക്ഷിച്ചവയായിരുന്നു. ചെറിയ ജിന്ന് പടപ്പാട്ട് (1865), വലിയ ജിന്ന് പടപ്പാട്ട് (1862), സലാസീല്‍ പടപ്പാട്ട്, സലീഖത്ത് പടപ്പാട്ട് (1868) എന്നിവ അവയില്‍ ചിലതാണ്. മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ കൊണ്ടോട്ടി ഷാഹ്മാരുമായിട്ടും അവരുടെ ഖാന്‍ഖാഹുമായിട്ടും അടുത്ത ബന്ധം പുലര്‍ത്തിപോന്നിരുന്നു. സമകാലികരായിരുന്ന ഇശ്തിയാഖ് ഷാഹ് ഒന്നാമനും രണ്ടാമനുമായിട്ടുമായിരുന്നു പ്രത്യേകിച്ചും വൈദ്യരുടെ ബന്ധം.

കൊണ്ടോട്ടി ഷാഹ്മാരുടെ ഖാന്‍ഖാഹിലെ പ്രസിദ്ധ പേര്‍ഷ്യന്‍ സാഹിത്യകാരന്മാരിലൊരാളായിരുന്ന പുത്തന്‍ മാളിയേക്കല്‍ നിസാമുദ്ദീന്‍ മിയാന്‍ സാഹിബ് വൈദ്യര്‍ക്ക് പറഞ്ഞ്‌കൊടുത്ത കഥകളെ അടിസ്ഥാനപ്പെടുത്തിയാണ് വൈദ്യര്‍ സലാസീല്‍ പടപ്പാട്ടും, സലീഖത്ത് പടപ്പാട്ടും ബദ്‌റുല്‍ മുനീര്‍-ഹുസ്‌നുല്‍ ജമാലും രചിക്കുന്നത് (57). സലാസീല്‍ പടപ്പാട്ടിന്റെയും ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാലിന്റെയും ഘടനാപരമായ വിശകലനം അവയെ ഖിസ്സ-ദാസ്താന്‍ സാഹിത്യഇനങ്ങളോട് സാദൃശ്യപ്പെടുത്തുന്നതാണ്. പേര്‍ഷ്യനില്‍ ഉത്ഭവിക്കുകയും, ഉര്‍ദുവിലൂടെ വളരുകയും തുടര്‍ന്ന് പേര്‍ഷ്യനേറ്റ് ലോകങ്ങളില്‍ നടന്ന നിരന്തരമായ വിവര്‍ത്തനങ്ങളിലൂടെയും പുനര്‍സൃഷ്ടികളിലൂടെയും പല പ്രാദേശിക ഭാഷകളിലേക്ക് പടരുകയും ചെയ്തവയായിരുന്നു ഇവ (58). അറബി മലയാളത്തില്‍ വൈദ്യര്‍ രചിച്ച ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ പാട്ട്, പേര്‍ഷ്യയില്‍ നിന്നും ഉത്ഭവിച്ചതും പിന്നീട് പല രൂപങ്ങളിലും ഭാവങ്ങളിലും ദക്ഷിണേഷ്യയിലാകെ വലിയ രീതിയില്‍ പ്രചരിച്ചതുമായ സൈഫ്-അല്‍ മുലൂക്ക്- ബദീഅ് അല്‍ ജമാല്‍ എന്ന കഥയുമായി വലിയ രീതിയിലുള്ള സാദൃശ്യം പുലര്‍ത്തുന്നുണ്ട് (59). അതുകൊണ്ട് തന്നെ, വൈദ്യരുടെ ബദറുല്‍ മുനീര്‍ ഹുസ്‌നല്‍ ജമാലിനെ കുറിച്ചുള്ള തന്റെ ഗവേഷണ പ്രബന്ധത്തില്‍ എഫ്.ഫോസറ്റ്, അതിന് ഒരു കിഴക്കന്‍ നാടോടിക്കഥയായ നസ്‌റേ- ബേനസീറുമായിട്ടുള്ള സാമ്യതകള്‍ പരിശോധിക്കുന്നുണ്ട് (60).

കഥപറച്ചിലുകാര്‍ക്കുള്ള തന്റെ നിര്‍ദ്ദേശങ്ങളില്‍ ഫഖര്‍ അല്‍ സമാനി (മ.1631-2) ഖിസ്സാ ഖ്വാനുകളും ദസ്താങ്കോകളും (കഥപറച്ചിലുകാര്‍) നാല് പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അവരുടെ പ്രകടനരീതിയെ നിശ്ചയിക്കേണ്ടത് എന്ന് പറയുന്നുണ്ട്; റസ്മ് (യുദ്ധസംബന്ധിയായ ഭാഗം) , ബസ്മ് (കൊട്ടാരസംബന്ധിയായ ആഘോഷങ്ങള്‍), ഹുസ്ന്‍-ഓ-ഇശ്ഖ് (സൗന്ദര്യവും പ്രണയവും) അയ്യാരി (തന്ത്രം) തുടങ്ങിയവയാണിവ (61). തന്റെ പതിനാറാം വയസ്സില്‍ വൈദ്യര്‍ രചിച്ച സലാസീല്‍ പടപ്പാട്ടില്‍ ഈ പ്രമേയങ്ങളെ കൃത്യമായി പിന്തുടരുന്നുണ്ട്. അതോടൊപ്പം റസ്മ് (യുദ്ധസംബന്ധിയായ) പ്രമേയത്തിന് വലിയ രീതിയിലുള്ള ഊന്നല്‍ കൊടുക്കുന്നുണ്ട്. ഈ പടപ്പാട്ടിന്റെ നാലാം ഇശലില്‍ പരാമര്‍ശിക്കന്നത് പോലെ, നിസാമുദ്ദീന്‍ മിയാന്‍ സാഹിബ് വൈദ്യര്‍ക്ക് വിവരിച്ച് കൊടുത്തതോ അല്ലെങ്കില്‍ വിവര്‍ത്തനം ചെയ്ത് കൊടുത്തതോ ആയ മഫാത്തീഹ്-അല്‍-അഖ്ബാര്‍ എന്ന കൃതിയുടെ അനുരൂപമാണിതെന്നാണ് വിശ്വസിച്ച് പോരുന്നത്. സലാസീല്‍ എന്ന യുവകഥാനായകന്റെ വീട്ടുവളപ്പിലാണ് കഥ തുടങ്ങുന്നത്. തന്റെ ഉമ്മയായ മസാം കച്ചവടം ചെയ്യാന്‍ വേണ്ടി നല്‍കിയ പണം കൊണ്ട് ആകസ്മികമായി ഒരു തത്തയെയും പൂച്ചയെയും പട്ടിയെയും പാമ്പിനെയും കഥാനായകന്‍ വാങ്ങുന്നതും അത് ഉമ്മയെ ചൊടിപ്പിക്കുന്നതുമാണ് സന്ദര്‍ഭം.

എന്നാല്‍ താന്‍ വിലകൊടുത്ത് വാങ്ങിയ പാമ്പ് ഒരു ജിന്ന് വേഷം മാറി വന്നതാണെന്ന് ക്രമേണ സലാസീല്‍ തിരിച്ചറിയുന്നു. ഈ ജിന്ന് സലാസീലിനെ ഒരു മായാലോകത്തേക്ക് കൊണ്ട് പോവുകയും അവിടെ വച്ച് അവന്‍ ആ നഗരത്തിന്റെ രാജാവായ ജിന്നിന്റെ പിതാവിനെ (അബൂ സുഅ്ബാന്‍ ഇബ്ന്‍ മാലിക്ക്) കാണുകയും അദ്ദേഹമവന് അവന്‍ എന്ത് ആഗ്രഹിച്ചാലും സാധിച്ച് കൊടുക്കുന്ന ഒരു മാന്ത്രികമോതിരം സമ്മാനിക്കുകയും ചെയ്യുന്നുണ്ട്. ഈ ജിന്നിന്റെ സഹായത്തോടെ സലാസീല്‍ വലിയൊരു മാന്ത്രികകൊട്ടാരം നിര്‍മിക്കുകയും അത് അവന്റെ നാട്ടിലെ രാജാവായിരുന്ന മഹാതീസില്‍ ആശ്ചര്യം ജനിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതോടെ, അവിടെത്തെ രാജകുമാരിയായിരുന്ന ഗനീമത്തിനെ തന്റെ സിംഹാസനത്തോടൊപ്പം രാജാവ് സലാസീലിന് നല്‍കുകയും ചെയ്യും (ഇത് ബസ്മ്/ ഹുസ്ന്‍ ഓ ഇശ്ഖ് പ്രമേയത്തില്‍ വരുന്നുണ്ട്). ഖുറാസാനിലെ രാജാവായിരുന്ന ഇബ്ന്‍ ബായില്‍ സലാസീലിന്റെ കഥ കേട്ട് മനസ്സിലാക്കുകയും വളരെ തന്ത്രപൂര്‍വ്വം അവനില്‍ നിന്നും ആ മാന്ത്രിക മോതിരം കൈക്കലാക്കുകയും ചെയ്യും (ഇത് അയ്യാരി പ്രമേയത്തില്‍ വരുന്നു) . ഇതോടെ തന്റെ തത്തയോടും പട്ടിയോടും പൂച്ചയോടുമൊപ്പം സലാസീല്‍ ഇബന്‍ ബായിലിനെതിരെ യുദ്ധത്തിലേര്‍പ്പെടാന്‍ തുടങ്ങുന്നു. പൂച്ചകളും നായകളും എലികളുമെല്ലാം ഒരുമിച്ച് നിന്ന് കൊണ്ട് മാന്ത്രികമോതിരം കരസ്ഥമാക്കുന്നതിന് വേണ്ടി ഇബ്ന്‍ ബായിലിനെതിരെ നടത്തുന്ന മഹത്തായ യുദ്ധത്തിന്റെ വലിയ വിവരണവുമുണ്ട് സലാസീല്‍ പടപ്പാട്ടില്‍ ( ഇത് റസ്മ് പ്രമേയത്തില്‍ വരുന്നുണ്ട്). യുദ്ധത്തിലെ വിജയം സലാസീലിന്റെ സന്നിദ്ധിയിലേക്ക് എല്ലാ ആഘോഷങ്ങളെയും വീണ്ടും കൊണ്ടുവരികയും ചെയ്യും ( ബസ്മ് പ്രമേയം). സലാസീലും ഗനീമത്തും അവരുടെ ശിഷ്ടകാലം ഏറെ സമാധാനത്തോടെയും സ്‌നേഹത്തോടെയും ചെലവഴിക്കുന്നു (ഹുസ്ന്‍ ഓ ഇശ്ഖ് വിഭാഗം). സലാസീല്‍ തന്റെ മക്കളോടൊപ്പം ഇബ്ന്‍ ബായിലിനെ നേരിടുന്ന ഒരു രണ്ടാം ഏറ്റുമുട്ടലിന്റെ കഥയും ഈ പടപ്പാട്ട് വിവരിക്കുന്നുണ്ട് (റസ്മ് പ്രമേയം). തുടര്‍ന്ന്, നായകനും അവന്റെ പടയ്ക്കും പൂര്‍ണ്ണ ജയം കരസ്ഥമാകുന്നതോടെ യുദ്ധം അവസാനിക്കുയും ചെയ്യുന്നു (62).

ഖിസ്സയിലെ റസ്മ് അല്ലെങ്കില്‍ യുദ്ധ പ്രമേയത്തിന് മോയിന്‍ കുട്ടി വൈദ്യര്‍ നല്‍കുന്ന പ്രാധാന്യം യുദ്ധസംബന്ധിയായ സാഹിത്യഭാവുകത്വങ്ങളുടെ സ്വീകാര്യതയിലേക്കും അതിനനുഗുണമായി മലബാറില്‍ നിലനിന്നിരുന്ന കോളനിവിരുദ്ധ സാമൂഹ്യരാഷ്ട്രീയ സാഹചര്യങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. കൈയ്യെഴുത്ത് പ്രതിയുടെ കൂടെയുള്ള രചയിതാവിന്റെയോ പ്രസാധകന്റെയോ ആയ ആമുഖത്തില്‍ നിന്നും ഇത് വ്യക്തമാണ്. അതിലിങ്ങനെ പറയുന്നു: ഇത് സലാസീല്‍ എന്നു പറയുന്ന ഒരു ഖിസ്സയാണ്. ഇബ്ന്‍ ബായിലിനും വേറെയൊരു പടയ്ക്കുമിടയിലുണ്ടായ തീപാറുന്ന യുദ്ധത്തിന്റെ കഥ വിവരിക്കുന്ന ഏറെ താല്‍പര്യജനകവും ആസ്വാദനപരവുമായ വിവരണമാണിത് (63). കഥപറച്ചിലുകാരന്‍ എന്ന നിലയില്‍ ഖിസ്സയെ വൈദ്യര്‍ക്ക് വേണ്ടി വിവരിച്ചുകൊടുക്കുന്നതിലും വിവര്‍ത്തനം ചെയ്തുകൊടുക്കുന്നതിലുമുള്ള നിസാമുദ്ദീന്‍ മിയാന്‍ സാഹിബിന്റെ വൈദഗ്ദ്യവും ഇതേ ഖിസ്സയെ തന്റെ ഭാവനയില്‍ ഇന്ദ്രിയാനുഭൂതിപരമായി പുനര്‍സൃഷ്ടിക്കാനും അതിന് പ്രമേയപരമായി യുദ്ധപരമായ (റസ്മ്) അനുഭൂതികളെ വിളക്കിച്ചേര്‍ത്ത്‌കൊണ്ട് പടപ്പാട്ട് ഇനത്തിലേക്ക് പുതിയൊരു സൃഷ്ടി നടത്തിയ വൈദ്യരുടെ സാമര്‍ത്ഥ്യത്തെയും ഇത് വെളിവാക്കുന്നുണ്ട്.

സംസ്‌കൃത കോസ്‌മോപോളിസ്: പാട്ടുകളും പടപ്പാട്ടുകളും

ഷെല്‍ഡന്‍ പൊള്ളോക്ക് നിരീക്ഷിക്കുന്നത് പോലെ, BC 900ത്തിനും AD 1300നുമിടയില്‍ നടന്ന സംസ്‌കൃത കോസ്‌മോപോളിസുകളുടെ സാമൂഹ്യ-സാംസ്‌കാരിക രാഷ്ട്രീയ രൂപീകരണങ്ങളും അതിന്റെ വ്യാപനങ്ങളും ക്ലാസിക്കല്‍ സംസ്‌കൃതത്തെ പ്രാദേശികഭാഷകളുമായിട്ടുള്ള ഒരു സങ്കലനത്തിലേക്ക് നയിക്കുകയും, അത് കാലക്രമേണ ഇന്ത്യ മുഴുക്കെയുള്ള ഒരു പ്രതിഭാസമായി മാറുകയും ചെയ്തു. പൂര്‍വാധുനിക മലയാള സാഹിത്യത്തിന്റെ ഉല്‍പാദനത്തിന്റെയും പ്രചാരത്തിന്റെയും സാമൂഹ്യവും പ്രായോഗികവുമായ സന്ദര്‍ഭങ്ങളെ ചരിത്രവത്കരിക്കുന്ന റിച്ച് ഫ്രീമാന്‍, ആദ്യകാല പന്ത്രണ്ട് മുതല്‍ പതിമൂന്നാം നൂറ്റാണ്ടിലെ മലബാറിലെ പാട്ട് പ്രസ്ഥാനത്തിന്റെ സാന്നിദ്ധ്യത്തെ നിരീക്ഷിക്കുന്നുണ്ട്. ഈ പ്രസ്ഥാനം സ്വരശാസ്ത്രപരമായും രൂപശാസ്ത്രപരമായും മാറ്റങ്ങള്‍ സംഭവിച്ച സംസ്‌കൃത വ്യാകരണത്തില്‍ നിന്നും വാക്കുകളില്‍ നിന്നും ഏറെ കടമെടുക്കുകയും, അതുപോലെ തന്നെ പ്രമേയപരമായി സംസ്‌കൃത ഇതിഹാസങ്ങളില്‍ നിന്നും പുരാണങ്ങളില്‍ നിന്നും പല ആശയങ്ങളും സ്വീകരിച്ചുപോന്നിരുന്നു (64). പൂര്‍വാധുനിക പാട്ട് വിഭാഗത്തിലെ ഏറ്റവും ആദ്യത്തെ അറിയപ്പെടുത്ത രണ്ട് രചനകളായി തിരുനിഴല്‍മാലയെയും രാമചരിതത്തെയും കണക്കാക്കുന്ന ഫ്രീമാന്‍, മലബാറിലെ മാറിക്കൊണ്ടിരുന്ന സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസൃതമായി പാട്ട് വിഭാഗത്തിന് സംഭവിച്ച രൂപാന്തരങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നുണ്ട് (65).

പതിനാലാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിച്ച പ്രശസ്ത കാവ്യശാസ്ത്രഗ്രന്ഥമായിരുന്ന ലീലാതിലകം, പാട്ട് വിഭാഗത്തിന് ചാര്‍ത്തിക്കൊടുത്ത വ്യവഹാരികവും പാഠപരവുമായ മാനദണ്ഡങ്ങളില്‍ നിന്നുള്ള പാട്ട് വിഭാഗത്തിന്റെ തുടര്‍ന്നുള്ള വിമോചനവും പരിഗണിക്കുമ്പോള്‍, അതിനെ തുടര്‍ന്ന് മലയാള സാഹിത്യത്തില്‍ വന്ന വിവിധങ്ങളായ കൃതികളും രൂപങ്ങളും പാട്ട് വിഭാഗത്തിന്റെ അനുകരണങ്ങളായിരുന്നുവെന്നും അവയുടെയെല്ലാം തലക്കെട്ടുകളില്‍ പാട്ട് പ്രത്യയം (suffix) പേറുകയും, സംസ്‌കൃത സ്വരവിജ്ഞാന,വ്യാകരണ, ശബ്ദകോശപരമായ സ്വഭാവങ്ങളില്‍ നിന്നും പലതും സ്വതന്ത്രമായി സ്വീകരിക്കുകയും ചെയ്തുപോന്നിരുന്നു എന്ന് കാണാന്‍ സാധിക്കും (66). ഒരു സാഹിത്യ യുഗത്തിന്റെ അന്ത്യമായിട്ടാണ് ഒഫീറാ ഗമ്ലിയേല്‍ രാമചരിതത്തെ കാണുന്നത്. അതിനുശേഷം, സംസ്‌കൃതവത്കരണ പ്രക്രിയകള്‍ കൂടുതല്‍ ശക്തമാവുകയും അത് ആദ്യകാല ആധുനിക കേരളത്തിന്റെ സാഹിത്യപരവും ഭാഷാപരവുമായ ഭൂമികയെ മാറ്റി മറിക്കുകയും ചെയ്യുകയുണ്ടായി എന്നും ഇവര്‍ നിരീക്ഷിക്കുന്നുണ്ട്. തുടര്‍ന്ന് മുഹ്‌യുദ്ദീന്‍ മാലയെ സൂക്ഷ്മമായി പഠിക്കുന്ന ഇവര്‍, അറബി മലയാളത്തിന്റെ സൂക്ഷ്മഭേദങ്ങളെ കുറിച്ചും സംസ്‌കൃത കോസ്‌മോപോളിസുമായി അത് കെട്ടിപ്പിണഞ്ഞ് കിടക്കുന്ന സാഹചര്യത്തെ കുറിച്ചും സംസാരിക്കുന്നുണ്ട് (67).

മുന്‍പ് പരാമര്‍ശിച്ചത്‌പോലെ, മലയാളം പടപ്പാട്ട് വിഭാഗം ഇതേ പാട്ട് സാഹിത്യ വംശാവലിയില്‍ തന്നെയാണ് വരുന്നത്. മലബാറിന്റെ ബഹുമുഖമായ ശബ്ദലോക( polyglossic soundscape) വുമായിട്ടുള്ള സമാഗമത്തിലൂടെ ഭാഷാപരമായതും പ്രമേയപരമായതുമായ മാറ്റങ്ങള്‍ക്ക് വിധേയമായ വിഭാഗമാണിത്. നമുക്ക് അറിയപ്പെടുന്ന ആദ്യത്തെ പടപ്പാട്ട് രചിച്ചിരിക്കുന്നത് ഒരു അജ്ഞാനതനായ രചയിതാവാണ്. പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ രചിക്കപ്പെട്ട ‘പടപ്പാട്ട്’ എന്ന തലക്കെട്ട് തന്നെയുള്ള ഈ പടപ്പാട്ട്, 1660കളിലെ ഡച്ചുകാരുടെ കൊച്ചി പിടിച്ചടക്കലും, അത്‌പോലെ അതുമായി ബന്ധപ്പെട്ട ബാഹ്യവും ആന്തരികവുമായ രാഷ്ട്രീയ പ്രതിസന്ധികളും മലബാറിലെ പ്രാദേശിക നാട്ടുരാജ്യങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന വൈരങ്ങളുമാണ് പ്രതിപാദിക്കുന്നത് (68). ‘പടപ്പാട്ടി’ലെ മറ്റ് കൃതികളുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെ നിരീക്ഷിച്ചുകൊണ്ട് മലയാള സാഹിത്യ ചരിത്രകാരനായ എം.ആര്‍ രാഘവവാര്യര്‍ ‘പടപ്പാട്ടി’ന് സമകാലികരായി നിലനിന്നിരുന്ന, എന്നാല്‍ നമുക്ക് ഇത് വരെ ലഭ്യമല്ലാത്ത ഒട്ടനവധി പടപ്പാട്ടുകള്‍ ഉണ്ടായിരുന്നു എന്ന സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ആദ്യകാല ആധുനിക മലബാറിന്റെ ചരിത്രത്തെ പുനര്‍നിര്‍മിക്കുന്നതിലുള്ള ഇത്തരം കൃതികളുടെ ചരിത്രവിജ്ഞാനീയപരമായ പ്രാധാന്യത്തെ അദ്ദേഹം സവിശേഷമായി മനസ്സിലാക്കുന്നുമുണ്ട് (69).

‘പടപ്പാട്ടി’ന്റെ കൈയ്യെഴുത്ത് പ്രതിയില്‍ അതിന്റെ പ്രസാധന-പകര്‍പ്പവകാശത്തിന്റെ ഉടമസ്ഥാവകാശമുള്ള മുപ്രയില്‍ കട്ടക്കകത്ത് ചെറിയാന്‍ എന്ന വ്യക്തിയെയും അത്‌പോലെ കൈയ്യെഴുത്ത് പ്രതി പകര്‍ത്തിയെഴുതിയ അവുറഹാം (അബ്രഹാം) എന്ന വ്യക്തിയെയും പരാമര്‍ശിക്കുന്നുണ്ട്. ഇവര്‍ രണ്ട് പേരും കൃസ്തീയ പശ്ചാത്തലത്തില്‍ നിന്നുള്ളവരാണെങ്കിലും, കൃതിയിലുള്ള ഹിന്ദു ദൈവിക സങ്കല്‍പ്പങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങളും അത്‌പോലെ തന്നെ പാട്ടിന്റെ ആരംഭത്തിലെ മറ്റ് പൊതുവായ സവിശേഷതകളും കണക്കിലെടുത്തുകൊണ്ട് കവിയും ചരിത്രകാരനുമായ ഉള്ളൂര്‍.എസ്. പരമേശ്വരയ്യര്‍ ഇതിന്റെ രചയിതാവ് ഒരു ഹിന്ദു കവിയായിരിക്കാം എന്ന് നിരീക്ഷിക്കുന്നുണ്ട്. താനും തത്തയുമായിട്ടുള്ള സംഭാഷണ (കിളിപ്പാട്ട് രീതി) ത്തിലൂടെയാണ് രചയിതാവ് പടപ്പാട്ടിനെ വിവരിക്കുന്നത്. ഒരു പൗരാണിക-മതകീയ കഥക്ക് പകരം ഒരു യുദ്ധപ്പാട്ടിനെ ഓര്‍ത്തെടുക്കാന്‍ തത്തയോട് രചയിതാവ് ആവശ്യപ്പെടുന്നതുകൊണ്ടുണ്ടായേക്കാവുന്ന പൊതുജന വിമര്‍ശനത്തെ കാര്യമാക്കേണ്ടതില്ലെന്ന് രചയിതാവ് തത്തയോട് പറയുന്നുണ്ട് (70). ഇത് ആദ്യകാല ആധുനിക മലബാറിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമൂഹ്യ ഭൂമികക്ക് സമാന്തരമായി, പാട്ട് വിഭാഗത്തില്‍ സംഭവിച്ചിരുന്ന പ്രമേയപരമായ രൂപാന്തരങ്ങളെ സൂചിപ്പിക്കുന്നുണ്ട്.

അറബി-മലയാളത്തില്‍ രചിക്കപ്പെട്ട പടപ്പാട്ടുകളുടെ കാര്യമെടുത്താല്‍, അവ അറബി-പേര്‍ഷ്യന്‍ സ്വനിമവും (phoneme) രൂപിമവും (morpheme) ഉപയോഗിക്കുന്നതിനോടൊപ്പം സംസ്‌കൃത സ്വനിമവും രൂപിമവും ഉപയോഗിച്ചിരുന്നതായും കാണാന്‍ സാധിക്കും. അവ രാമചരിതം ഉയര്‍ത്തിപ്പിടിച്ച സൗന്ദര്യശാസ്ത്രപരമായ വികാരങ്ങളായ ഭക്തിയുടെയും വീരത്തിന്റെയും അഭൂതപൂര്‍വ്വമായ ഒരു സങ്കലനം സാധ്യമാക്കുകയും, അതുപോലെ തന്നെ സംസ്‌കൃത കോസ്‌മോപോളിസിലൈ ഇത്തരം സാഹിത്യ പാരമ്പര്യങ്ങളുടെ പൊതുവായ സവിശേഷതകളെയും കാവ്യശാസ്ത്രാനുകരണങ്ങളെയും പിന്‍പറ്റുകയും ചെയ്തുപോന്നു (71). മോയിന്‍കുട്ടി വൈദ്യരുടെ സാഹിത്യസഞ്ചാരപഥങ്ങളെ നിരീക്ഷിക്കുമ്പോള്‍ സംസ്‌കൃത സാഹിത്യ പാരമ്പര്യങ്ങളുമായുള്ള അദ്ദേഹത്തിന്റെ ഏറെ ആഴമേറിയ ബന്ധത്തെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. ഇതോടൊപ്പം ‘എ പോപുലര്‍ മോപ്ല സോങ്ങ്’ എന്ന 1889ലെ പഠനത്തില്‍ എഫ്. ഫോസറ്റ് ആയുര്‍വേദ ചികില്‍സ പാരമ്പര്യമായി നടത്തിപ്പോരുന്ന വൈദ്യര്‍ കുടുംബത്തിലായിരുന്നു വൈദ്യരുടെ ജനനം എന്ന കാര്യം ഉറപ്പിക്കുന്നുമുണ്ട് (72).

സംസ്‌കൃത ആരോഗ്യ ഗ്രന്ഥങ്ങളുമായുള്ള വൈദ്യരുടെ മികവുറ്റ പരിചയവും തന്റെ സാഹിത്യ സൃഷ്ടികള്‍ക്ക് ഉപയോഗിച്ചിരുന്ന ഭാഷയിലുള്ള അവയുടെ പ്രതിഫലനത്തെ കുറിച്ചുമുള്ള ബാലകൃഷ്ണന്‍ വള്ളിക്കുന്നിന്റെ നിരീക്ഷണം വരുന്നത് ഈ ബോദ്ധ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് (73). ധ്വനിപരമായ സവിശേഷതകളും, പദവിന്യാസക്രമ സവിശേഷതകളും അതുപോലെ പൊതുവായ കീഴ്‌വഴക്കങ്ങളും തുടങ്ങി രാമചരിതത്തില്‍ നിന്നുമുള്ള വൈദ്യരുടെ പ്രകടമായ സ്വാധീനങ്ങളെയും വള്ളിക്കുന്ന് വിശകലനം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, അറബി-മലയാളം പാട്ടുകളിലെ ഇശല്‍ എന്ന ഈണ-താള മാതൃകയെയും സ്വരച്ചേര്‍ച്ചയെയും കണക്കിലെടുത്താല്‍, വൈദ്യരുടെ ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാലിലെ ഇശലിന്റെ ആദ്യരൂപവും-ആരംഭ (ഏഴാം ഇശല്‍) – സഖൂം പടപ്പാട്ടിലെ ഇശലായ കഞ്ചാല വിരുത്തവും രാമചരിതത്തിലെ രണ്ടാം പടലഅ (രണ്ടാം അദ്ധ്യായം)വുമായി ബന്ധിപ്പിക്കാന്‍ സാധിക്കുമെന്ന് കാണാം (74).

അറബി മലയാളം വികാസം പ്രാപിക്കുന്ന ഘട്ടത്തില്‍, ഇന്ന് കാണുന്ന തരത്തില്‍ അത്ര തെളിഞ്ഞ രൂപത്തിലായിരുന്നില്ല ഭാഷ. കൂടാതെ, അന്നത്തെ മലയാള സാഹിത്യ പാരമ്പര്യത്തെ ഒന്നുകില്‍ പാട്ട് വിഭാഗത്തിലോ അല്ലെങ്കില്‍ മണിപ്രവാള വിഭാഗത്തിലോ തരംതിരിക്കാന്‍ പറ്റുമായിരുന്നു. ഇവ രണ്ടിനെയും സംസ്‌കൃത ഭാഷയും സാഹിത്യവും സ്വാധീനിച്ചിരുന്നവെന്നും അതിന്റെ പ്രകടമായ അനുകരണനങ്ങളും അനുരൂപീകരണങ്ങളും ഈ വിഭാഗങ്ങളില്‍ കാണാനും സാധിക്കും. അറബി,പേര്‍ഷ്യന്‍, തമിഴ് ഭാഷകളില്‍ നിന്ന് കൂടാതെ സംസ്‌കൃതഭാഷയുടെ പദസമ്പത്തിനെയും അറബി-മലയാള സാഹിത്യ രചയിതാക്കള്‍ കടമെടുത്തിരുന്നു. എന്നാല്‍ കടമെടുത്ത അറബി-പേര്‍ഷ്യന്‍ പദങ്ങളില്‍ നിന്നും വിഭിന്നമായി, ലീലാതിലകം പറയുന്നതുപോലെ, തത്ഭവ അല്ലെങ്കില്‍ തത്സമ തുടങ്ങിയ ലിപിപരമായ സാങ്കേതികവിദ്യകളെ ഉപയോഗിച്ച് കൊണ്ട് സംസ്‌കൃത പദങ്ങള്‍ വലിയ രീതിയിലുള്ള സ്വരശാസ്ത്രപരവും രൂപശാസ്ത്രപരവുമായ മാറ്റങ്ങള്‍ വിധേയമായതായി കാണാന്‍ പറ്റും.

ഉപസംഹാരം

അറബിയിലും പേര്‍ഷ്യനിലും രചിക്കപ്പെട്ട സാഹിത്യ കൃതികളുടെ വിവര്‍ത്തനങ്ങളായിരുന്ന മലബാറിലെ പടപ്പാട്ടുകളുടെയും, മഅ്ബര്‍ തീരത്തെ പടൈപ്പോറുകളും, സ്വാഹിലി പ്രദേശത്തെ തെന്തികളും, അച്ചേഹ് പ്രദേശത്തെ ഹികായത് പെരാങ്ങുകളും (75), ആദ്യകാല ആധുനിക ഇന്ത്യന്‍ മഹാസമുദ്രപ്രദേശങ്ങളിലെ രാഷ്ട്രീയ പ്രതിസന്ധികളുടെയും, മാറ്റങ്ങളുടെയും, രൂപാന്തരങ്ങളുടെയും ചരിത്രനിമിഷത്തെ അവരുടെ എഴുത്തുകളില്‍ സ്ഥാനപ്പെടുത്തുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആദ്യകാല ആധുനിക ഇന്ത്യന്‍ മഹാസമുദ്രതീരങ്ങളിലെ കൊളോണിയല്‍ ഇടപെടലുകള്‍ കാരണമുണ്ടായതോ അല്ലെങ്കില്‍ കൊളോണിയല്‍ അധിനിവേശം സങ്കീര്‍ണമാക്കിയതോ ആയ ഈ രാഷ്ട്രീയ പ്രതിസന്ധികള്‍ പിന്നീട് അറബി-പേര്‍ഷ്യന്‍ യുദ്ധ സാഹിത്യത്തിനും പ്രാദേശിക ഭാഷകളിലും ഇനങ്ങളിലുമുള്ള അവയുടെ വിവര്‍ത്തനങ്ങള്‍ക്കും അഭൂതപൂര്‍വ്വമായ സ്വീകരണം നല്‍കുകയുണ്ടായി. ഇസ്ലാമിക പ്രത്യയശാസ്ത്രവും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമിശാസ്ത്രവുമായിരുന്നു അവയെ പരസ്പരം ബന്ധിപ്പിച്ചിരുന്നത് എന്ന കാര്യം സംശയലേശമന്യേ പറയാം.സജീവമായ ചരിത്രങ്ങളിലൂടെയും, ഫിക്ഷനുകളിലൂടെയും സെമി ഫിക്ഷനുകളിലൂടെയും, അതുപോലെ തന്നെ ധീരതയും വികാരങ്ങളും ഉളവാക്കുന്നതിലൂടെയും പരസ്പരബന്ധിതമായ ഈ സാഹിത്യ പ്രവര്‍ത്തനങ്ങളും ഭാവുകത്വങ്ങളും കാലികതയെ (temporality) കുറിച്ചുള്ള വ്യത്യസ്തമായ ആലോചനകള്‍ സൃഷ്ടിക്കുകയും അതുപോലെ തന്നെ ആദ്യകാല ആധുനിക ഇന്ത്യന്‍ സമുദ്രത്തിലെ പുതിയ രൂപങ്ങളിലുള്ള സാഹിത്യ കര്‍തൃത്വത്തിലേക്കും പുതിയ തരത്തിലുള്ള സ്വയം-സ്ഥാനപ്പെടുത്തലുകളിലേക്കു(positionality) മുള്ള സൂചനകള്‍ നല്‍കുകയും ചെയ്തു.

ആദ്യകാല ആധുനിക തെക്കന്‍- തെക്കകിഴക്കന്‍ ഏഷ്യന്‍ പ്രദേശങ്ങളില്‍ അറബി ചരിത്ര ഗ്രന്ഥങ്ങള്‍ക്കും, അത്‌പോലെ തന്നെ പേര്‍ഷ്യന്‍ അര്‍ദ്ധ-ചരിത്ര ഗ്രന്ഥങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയും ചേര്‍ത്ത് വെച്ച് വായിച്ചാല്‍ മാത്രമേ നമുക്കവയുടെ കൂട്ടായ പ്രാധാന്യം മനസ്സിലാവുകയുള്ളൂ.അതിലൂടെ,അവയുടെ കൂട്ടായ ചരിത്രാവബോധത്തെയും സമുദ്രാന്തര സഞ്ചാരപഥങ്ങളെയും തിരിച്ച്പിടിക്കുക എന്നതാണത് (76). എന്നിരുന്നാലും, പടപ്പാട്ടുകള്‍ എന്നത് ചരിത്രസംഭവങ്ങളുടെ കേവല വിവര്‍ത്തനങ്ങളല്ല. മറിച്ച്, ഒരു സൗന്ദര്യശാസ്ത്ര പരിപ്രേക്ഷ്യത്തില്‍ നിന്നും നോക്കുകയാണെങ്കില്‍, അത് അതിന്റേതായ ഇനപരമായ സവിശേഷതയും സാദ്ധ്യതയുമുപയോഗിച്ചുകൊണ്ട് ചരിത്രസംഭവങ്ങളെ പുനര്‍സൃഷ്ടിക്കുകയാണെന്ന് കാണാന്‍ സാധിക്കും. പാഠങ്ങളുടെയും ശബ്ദങ്ങളുടെയും സൗന്ദര്യശാസ്ത്രപരമായ സ്വീകരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടും, അതോടൊപ്പം തന്നെ പ്രാദേശിക ഭാഷയിലേക്കുള്ള പാഠങ്ങളുടെയും ശബ്ദങ്ങളുടെയും നേരിട്ടുള്ള അനുരൂപങ്ങളെ പരിഗണിച്ചുകൊണ്ടും, സമുദ്രാന്തര/ പ്രാദേശിക പരിമിതികള്‍ക്കപ്പുറമുള്ള ഇന്ദ്രിയാനുഭൂതികളുടെ ചലനങ്ങളെയും അവയുടെ ഭാവനകളെയും അതോടൊപ്പം തന്നെ സമുദ്രത്തിന്റെ മറ്റൊരു തീരത്ത് നിന്നും അവയ്ക്ക് ലഭിച്ച സ്വീകാര്യതയെയും വെളിവാക്കുന്നുണ്ട്. ഇസ്ലാമിക കേന്ദ്രങ്ങളായിരുന്ന അറേബ്യയിലേയും പേര്‍ഷ്യയിലേയും ജീവിതലോകങ്ങളില്‍നിന്നും ഭൂമികകളില്‍ നിന്നും കഥകളും ചരിത്രങ്ങളുമെടുത്തുക്കൊണ്ടും, അവയ്ക്ക് ഒരു സമാനമായ സാഹിത്യപാരമ്പര്യവും, പൈതൃകവും സൃഷ്ടിക്കുക എന്നതിന്റെ ഭാഗമായി ഇസ്ലാം നിലനിന്നിരുന്ന പ്രാദേശിക ഇടങ്ങളില്‍ ഇവയെ പുനരുല്‍പാദിപ്പിച്ച്‌കൊണ്ടും, ഇത്തരത്തിലുള്ള വിവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുടനീളം ഒരു തരത്തിലുള്ള ഭാവനാത്മകമായ ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നുണ്ട് (77).

പാഠങ്ങളും ശബ്ദങ്ങളും എന്നത് സാഹിത്യ ഭാവുകത്വങ്ങളെ ഒരു ഇന(genre)ത്തില്‍ നിന്നും മറ്റൊരിനത്തിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ പരസ്പരപൂരകങ്ങളാണെന്ന് വ്യക്തമായും കാണാന്‍ കഴിയും. വ്യതിരിക്തവും എന്നാല്‍ ബഹുമുഖവുമായ അറബി-മലയാളം സ്വനിമങ്ങളുടെയും രൂപിമങ്ങളുടെയും ഉപയോഗം അറബ്, പേര്‍ഷ്യന്‍, സംസ്‌കൃത കോസ്‌മോപോളിസുകളിലേക്ക് വ്യാപിച്ചതോടെ മൂലഗ്രന്ഥങ്ങളുടെ വൈകാരികതകളെയും ഭാവുകത്വങ്ങളെയും വിവര്‍ത്തനം ചെയ്യാനും പുനര്‍സൃഷ്ടിക്കാനും പടപ്പാട്ടുകള്‍ക്ക് സാധിക്കുകയുണ്ടായി. ഇത്തരം വിവര്‍ത്തനങ്ങളില്‍ അറബി, പേര്‍ഷ്യന്‍, സംസ്‌കൃത പദങ്ങള്‍ കൂടെ ഉള്‍പ്പെട്ടത് മൂലഗ്രന്ഥത്തിന്റെ പ്രാമാണികതയെയും അപ്രമാദിത്വത്തെയും കൂടുതല്‍ വ്യക്തവും ദൃഢവുമാക്കിമാറ്റി. കൃത്യമായ പദാനുപദ വിവര്‍ത്തനം സാദ്ധ്യമല്ലാതിരുന്നതുകൊണ്ടും സാഹിത്യപണ്ഡിതന്മാര്‍ അത്തരം വിവര്‍ത്തനങ്ങളോട് കാര്യമായ താല്‍പര്യം പ്രകടിപ്പിക്കാത്തതുകൊണ്ടും വിവര്‍ത്തനത്തിന് വഴങ്ങാത്ത അല്ലെങ്കില്‍ പരിചിതമല്ലാത്ത പദങ്ങളും പ്രയോഗങ്ങളും സന്ദര്‍ഭങ്ങളുമെല്ലാം പടപ്പാട്ടുകളുടെ ഇനപരമായ സവിശേഷമമാര്‍ഗങ്ങളിലെ ശബ്ദ തന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു വിവരിച്ചിരുന്നത്. വിവര്‍ത്തനങ്ങളുടെ ഭാവുകത്വങ്ങളെ സംവേദനം ചെയ്യുന്നതില്‍ പാഠങ്ങള്‍ പലപ്പോഴും പരാജയപ്പെട്ടപ്പോള്‍, ഇന്ദ്രിയാനുഭൂതികളെയും വൈകാരികതകളെയും ചിത്രീകരിക്കുന്നതിന് വേണ്ടി ശബ്ദ സൂചകങ്ങളെയായിരുന്നു പടപ്പാട്ട് കവികള്‍ ഉപയോഗിച്ച് പോന്നിരുന്നത്.

മലബാറിലെ മുസ്്‌ലി്ംകള്‍ തങ്ങളുടെ സമകാലിക സാമൂഹ്യ-രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് അവരുടെ ചരിത്രങ്ങളില്‍ നിന്നുമായിരുന്നു പരിഹാരങ്ങള്‍ തേടിയിരുന്നത്. അത് അവരില്‍ ഒരു പാന്‍-ഇസ്ലാമിക സാമൂഹ്യ-രാഷ്ട്രീയ അവബോധവും മനോഭാവവും സൃഷ്ടിക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചു. അത്തരത്തില്‍, പതിനേഴ് മുതല്‍ പത്തൊമ്പതാം നൂറ്റാണ്ട് വരെയുള്ള മലബാറിന്റെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തില്‍ ബദര്‍, ഉഹ്ദ്, ഹുനൈന്‍, തബൂക്ക്, ഖന്‍ദഖ്, ഖൈബര്‍ തുടങ്ങിയ പടപ്പാട്ടു സൃഷ്ടികള്‍ക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇസ്ലാമിന്റെ പരസ്പരബന്ധിത ചരിത്രങ്ങളെ കുറിച്ച് ഒരുപാട് വെളിവാക്കാനുണ്ട്. ഇത്തരത്തില്‍ അധികമാരാലും ശ്രദ്ധിക്കപ്പെടാതെ പോയ പടപ്പാട്ട് രേഖകളിലും അതിന്റെ പ്രകടാനത്മക വഴക്കങ്ങളിലും കൂടുതല്‍ പര്യവേഷണം നടത്തുന്നതിന് വേണ്ടിയുള്ള പ്രാഥമികമായ അന്വേഷണം മാത്രമാണ് ഈ പഠനം. ഭാവിയില്‍ ഈ മേഖലയില്‍ കൂടുതല്‍ മികവുറ്റ അക്കാദമിക-ബൗദ്ധിക ഇടപെടലുകള്‍ പ്രതീക്ഷിച്ചുകൊണ്ടാണ് ഈ പ്രാഥമിക അന്വേഷണം ഇവിടെ അവസാനിപ്പിക്കുന്നത്.

ഫൂട്ട് നോട്ട്‌സ്

 1. ആന്ത്രപോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ ആന്‍ഡ് അയര്‍ലാന്‍ഡിന്റെ പ്രാദേശിക ലേഖകനായിക്കൊണ്ട് മലബാറിലെ തന്റെ മൂന്നരവര്‍ഷത്തോളം നീണ്ടുനിന്ന പഠനാന്വേഷണങ്ങള്‍ക്ക് ശേഷം 1901ല്‍ ‘വാര്‍ സോങ്ങ്‌സ ഓഫ് ദി മാപ്പിളാസ് ഓഫ് മലബാര്‍’ എന്ന തലക്കെട്ടില്‍ ദ ഇന്ത്യന്‍ ആന്റിഖ്വറി ജേര്‍ണലില്‍ പ്രസിദ്ധപ്പെടുത്തിയ എഫ്. ഫോസറ്റിന്റെ പടപ്പാട്ടുകളെ കുറിച്ചുള്ള പഠനത്തില്‍ നിന്നും തുടങ്ങുന്നുണ്ട് ഇത്. – സി.എന്‍ അഹ്മദ് മൗലവിയും കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമും രചിച്ച് 1978 ല്‍ പ്രസിദ്ധീകരിച്ച ‘മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം’, ബി.കെ അലി മൗലവി കോട്ടക്കല്ല് എഡിറ്റഅ ചെയ്ത് 2011ല്‍ പ്രസിദ്ധീകരിച്ച മോയിന്‍ കുട്ടി വൈദ്യരുടെ ബദ്ര് അല്‍-കുബ്‌റാ, ബാലകൃഷ്ണന്‍ വള്ളിക്കുന്ന് രചിച്ച് 2016ല്‍ പ്രസിദ്ധീകരിച്ച ‘മലപ്പുറം പടപ്പാട്ട്: പാഠവും പഠനവും’. 2018ല്‍ ഉമര്‍ തറമേലും ബാലകൃഷ്ണന്‍ വള്ളിക്കുന്നും ചേര്‍ന്ന് 2018ല്‍ പ്രസിദ്ധീകരിച്ച ‘മാപ്പിളപ്പാട്ട്: പാഠവും പഠനവും’. മുഹമ്മദ് ഹസീബ്. എന്‍ രചിച്ച ‘വാര്‍ സോങ്ങ്‌സ് ആന്‍ഡ് ആന്റി കൊളോണിയല്‍ സ്ട്രഗ്ള്‍സ് ഇന്‍ മലബാര്‍’ (2018).
 2. Mahmood Kooria and Michael N. Pearson. Malabar in the Indian Ocean: Cosmopolitanism in a Maritime Historical Region, (New Delhi: Oxford University Press, 2018).
 3. Ronit Ricci, Islam translated: Literature, conversion, and the Arabic cosmopolis of South and Southeast Asia, (Chicago: University of Chicago Press, 2011); Torsten Tschacher, ‘Circulating Islam: Understanding Convergence and Divergence in the Islamic Traditions of Ma’bar and Nusantara.’ In Islamic Connections: Muslim Societies in South and Southeast Asia ,eds.by Michael R. Feener and Terenjit Sevea, ( Singapore: Institute of South Asian Studies,2009), 48-67; Mahmood Kooriathodi, ,”Cosmopolis of law:Islamic Legal Ideas and Texts Across the Indian Ocean and Eastern Mediterranian Worlds’, (Phd.diss., University of Leiden, 2016).
 4. For the understanding of new developments in sensory history see Mark M. Smith, ‘Producing sense, consuming sense, making sense: perils and prospects for sensory history.’ Journal of Social History (2007):841-858; For an idea on circulatory regimes and connected histories, see Claude Markovits, , Jacques Pouchepadass, and Sanjay Subrahmanyam, eds. Society and circulation: mobile people and itinerant cultures in South Asia, 1750-1950,(New Delhi: Permanent Black,2003); Sanjay Subrahmanyam, Explorations in Connected History: From the Tagus to the Ganges,(New Delhi: Oxford University Press, 2005).
 5. Ricci, Islam translated, 32-33.
 6. Clarissa Vierke, ‘Poetic Links across the Ocean: On Poetic Translation as Mimetic Practice at the Swahili Coast,’ Comparative Studies of South Asia, Africa and the Middle East, Volume 37,(2017): 321-322.
 7. Vierke, ‘Poetic Links across the Ocean,’ 322.
 8. കിഴക്കനാഫ്രിക്കയിലെ സ്വാഹിലീ തീരത്ത് പ്രചാരത്തുണ്ടായിരുന്ന സ്വാഹിലീ ഭാഷയിലെഴുതപ്പെട്ട ഇതിഹാസകാവ്യങ്ങളുടെ ലിഖിതജനുസ്സാണ് ഉടെണ്ടി/ടെണ്ടി. പതിനെട്ട്-പത്തൊമ്പത് നൂറ്റാണ്ടുകളില്‍ നിന്നുള്ള അറബി മഗാസി ഗ്രന്ഥങ്ങളുടെ ഭാഷാന്തരങ്ങളായിട്ടാണ് ഇവയെ കരുതിപ്പോന്നിരുന്നത്. വിയെര്‍ക്കെ ‘poetic links acrosss the ocean’ കാണുക.
 9. ഇവിടെ തൊട്ട്, ‘പാഠം’ എന്ന പദത്തിന്റെ ഉദ്ദേശ്യം ‘ലിഖിതമാധ്യമം’ എന്നായിരിക്കും. ഇന്ദ്രിയാനുഭൂതികളെ ലിഖിതമാര്‍ഗങ്ങളിലൂടെ സംവേദനം ചെയ്യുന്നതാണിവിടെ ഉദ്ദേശം. അലിഖിത മാര്‍ഗങ്ങള്‍ ഉപയോഗിച്ച്‌കൊണ്ടുള്ള ഇന്ദ്രിയാനുഭൂതികളുടെ സൃഷ്ടിയാണ് ‘ശബ്ദം’ എന്ന പദം അര്‍ത്ഥമാക്കുന്നത്. Madeleine Campbell and Ricarda Vidal, ‘Entangled Journeys-An Introduction’, in Translating across sensory and linguistic borders: intersemiotic journeys between media, ed.by Madeleine Campbell and Ricarda Vidal, (Cham,Switzerland: Palgrave Macmillan, 2019), xxvi കാണുക.
 10. Madeleine Campbell and Ricarda Vidal, ‘Entangled Journeys-An Introduction,’ 26
 11. Ronit Ricci, ‘Sound across Languages.’ Philological Encounters 5, no.2, (2020): 1-15.
 12. Richard M. Eaton, ‘The Persian Cosmopolis (900-1900) and the Sanskrit Cosmopolis (400-1400),’ in The Persianate world: rethinking a shared sphere, eds,Abbas Amanat and Assef Ashraf, (Leiden: Brill, 2018), 63-83. Ricci, Islam translated.; Sheldon Pollock, The language of the gods in the world of men: Sanskrit, culture, and power in premodern India, (Berkeley: University of California Press, 2006).
 13. PK Yasser Arafath,’Polyglossic Malabar: Arabi-malayalam?am and the Muhiyuddinmala in the age of transition (1600s-1750s),’ Journal of the Royal Asiatic Society, (2020):1-23.
 14. പി.എ അബൂബക്കര്‍, അറബി-മലയാളം, (മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി കൊണ്ടോട്ടി, 018);അറബി-മലയാളം, (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് തൃശൂര്‍,1985) കാണുക
 15. പോര്‍ച്ചുഗീസ് കൊളോണിയല്‍ അധിനിവേശമടക്കമുള്ള നിരവധി ബാഹ്യമായ ഇടപെടലുകള്‍ കാരണം 16ാം നൂറ്റാണ്ടിനെ ഫസാദിന്റെ കാലഘട്ടം എന്നായിരുന്നു മലബാറിലെ പണ്ഡിതര്‍ വിശേഷിപ്പിച്ചിരുന്നത്.PK Yasser Arafath, ‘Malabar Ulema in the Shafiite Cosmopolis: Fitna, Piety and Resistance in the Age of Fasad.’ The Medieval History Journal 21, no. 1, (2018): 25-68 കാണുക.
 16. Arafath,’Polyglossic Malabar.’
 17. Mu?yidin Mala literalized the 12th century Baghdadi Sufi scholar Šai? Mu?yuddin ‘Abd al-Qadir al-Gilani’s saintly life as a translation or trans-creation of the Arabic texts, Futu? al- Gaib17 and Ba?gat al- Asrar wa Ma’din al-Anwar, into the mala literary genre in the newly invented scriptorial complex of Arabi-malaya?am. For detailed studies in Mu?yidin Mala, see Ophira Gamliel, ‘On the Warp and Woof of Language: Arabic Malayalam and the Mu?yidin Mala,’ Isal Pait?kam (2018); Arafath,’Polyglossic Malabar.’
 18. ഓര്‍ത്തോഗ്രാഫിക്ക് വിദ്യയും ഫോണോളോജിക്ക് വിദ്യയും ചേര്‍ത്തുപയോഗിച്ചുകൊണ്ട് അഞ്ജാതമായ വാക്കുകളെ ലിഖിത രൂപങ്ങളുമായിട്ടോ ശബ്ദങ്ങളുമായിട്ടോ സാദൃശ്യപ്പെടുത്തിക്കാെണ്ടാണ് വായനക്കാരന്‍ മനസ്സിലാക്കുന്നത്.
 19. Husain Ra??atta?i, ‘ Cultural Synthesis on Western Coast of India; The Persian Traits of Mappi?a Muslim Culture,’Accessed September, 03,2020
 20. Gagan D.S. Sood, ‘Through a Persian looking glass: Malabar’s world in the middle of the eighteenth century,’ In Malabar in the Indian Ocean: Cosmopolitanism in a Maritime Historical Region, ed.by, Mahmood Kooria and Michael N. Pearson, (New Delhi: Oxford University Press, 2018): 201-231.
 21. ചുരുങ്ങിയത് നാല് അറബി-മലയാളം അക്ഷരങ്ങളെങ്കിലും പേര്‍ഷ്യനില്‍ നിന്നാണ് cultural sythensis on Western coast of India, 7കാണുക.
 22. പേര്‍ഷ്യന്‍ സംസ്‌കാരവുമായി വംശപരമായ ബന്ധമില്ലെങ്കിലും തങ്ങളുടെ ഭാഷപരവും, ഭൗതികപരവും കലാപരവുമായ പ്രവര്‍ത്തനങ്ങള്‍ പേര്‍ഷ്യന്‍ സംസ്‌ക്കാരത്തെ സ്വാധീനിച്ചിരുന്ന സമൂഹങ്ങളെന്നാണ് പേര്‍ഷ്യനേറ്റ് എന്ന പദം സൂചിപ്പിക്കുന്നത്. കൂടുതല്‍ വിശദീകരണങ്ങള്‍ക്ക്. Marshall G.S. Hodgson, The Venture of Islam: Conscience and History in a World Civilization, 3 vols. (Chicago:University of Chicago Press, 1974), vol. 2: 293-94; Abbas Amanat and Assef Ashraf, eds., The Persianate world:rethinking a shared sphere, (Leiden: Brill, 2018) കാണുക.
 23. ഹുസൈന്‍ രണ്ടത്താണി – അവതാരിക, വി.എം കുട്ടിയുടെ ‘മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം’ (കോഴിക്കോട്: ലിപി പബ്ലിക്കേഷന്‍സ്, 2014) 7-15
 24. Sheldon Pollock, ‘The cosmopolitan vernacular,’ The Journal of Asian Studies, Vol. 57, No. 1, (1998): 6-37;Ophira Gamliel, ‘On the Warp and Woof of Language,’4
 25. Sheldon Pollock, ‘The Sanskrit Cosmopolis, 300-1300: Transculturation, Vernacularization, and the Question ofIdeology,’ in Ideology and status of Sanskrit: Contributions to the history of the Sanskrit language Vol. 13, ed.byJan EM. Houben, (Leiden: Brill, 1996), 197-247
 26. Anonymous, Pa?apa??u,ed. with an introduction by Ullor S. Parameshwara Aiyer,(Kottayam: Sahithya Pravarthaka Co-operative Society Ltd, 2016); Mahmood Kooria, ‘Pa?apa??u, A Malayalam War-Song on the Portugeuse-Dutch Battle in Cochin,’ In Malabar in the Indian Ocean: Cosmopolitanism in a Maritime Historical Region, ed.by Mahmood Kooria and Michael Naylor Pearson,(New Delhi: Oxford University Press, 2018),141-171
 27. മലബാറിലെ മാപ്പിളപ്പാട്ട് പണ്ഡിതരുടെ അഭിപ്രായമനുസരിച്ച്, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ബംഗാള്‍ ഉള്‍ക്കടല്‍ തീരമായിരുന്ന കോറമാന്‍ഡല്‍/മഅ്ബര്‍ തീരത്ത് നിലനിന്നിരുന്ന അറബി-തമിഴ്/അര്‍വിയിലെ പടൈപ്പോര്‍ അല്ലെങ്കില്‍ പടൈഗോര്‍ സാഹിത്യപാരമ്പര്യമായിരുന്ന മലബാറിലെ അറബി-മലയാളം പടപ്പാട്ടുകളുടെ സൃഷ്ടിക്ക് പിന്നിലെ പ്രധാന കാരണം.
 28. ടി. മന്‍സൂറലി എഡിറ്റ് ചെയ്ത അറബി മലയാള സാഹിത്യ പഠനങ്ങളിലെ അറബിത്തമില്‍ എന്ന തോപ്പില്‍ മുഹമ്മദ് മീരാന്റെ പഠനം കാണുക , (വചനം ബുക്‌സ് കോഴിക്കോട്, 2017),67; Umar Ta?amel and Balak?i??an Va??ikkunnu, Mappi?apatt Pa?havu? Pa?hanavu?,59. Husain Ra??atta?i, ‘Tamil Traditions of Mappi?a Songs:Synthetic Elements in South Indian Literature,’ Hussainrandathani.in,n.d.,
 29. http://hussainrandathani.in/assets/admin/word/851c4d094e61b18fbcf8b394768b5356.html
 30. അറബിയില്‍ നിന്ന് അറബി-മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികളെ കുറിച്ചുള്ള പഠനത്തിന്, കാണുക Shafeeq Vayippara, ‘Arabi malayalam vivarttanannalude samuhika-sanskarika vyavaharam,’ Isal Paithkam21, (2020): 84-93.
 31. Anonymous, Padapattu.; Kooria,’Padapattu.’
 32. Rizwi S. Faizer, ‘Mu?ammad and the Medinan Jews: A Comparison of the Texts of Ibn Ishaq’s Kitab sirat rasul Allah with al-Waqidi’s Kitab al-maghazi.’ International Journal of Middle East Studies 28, no. 4 (1996): 463
 33. J.M.B Jones ‘The Maghazi Literature’ in A.F.L. Beeston, Thomas Johnstone, Robert Serjeant, and Gerald Smith, eds., Arabic Literature to the end of the Umayyad Period, (Cambridge University Press,1983),344-352.
 34. Jones, ‘The Maghazi Literature,’34
 35. Jones, ‘The Maghazi Literature,’344.
 36. Clarissa Vierke, On the Poetics of the Utendi: A Critical Edition of the Nineteenth-century Swahili Poem ‘Utendi Wa Haudaji’ Together with a Stylistic Analysis, (Münster: LIT Verlag, 2011),420-
 37. Clarissa Vierke, ‘From across the ocean: considering travelling literary figurations as part of Swahili intellectual history,’ Journal of African Cultural Studies 28, no. 2,(2016):229.
 38. Vierke, ‘Poetic Links across the Ocean,’324
 39. Vierke, ‘Poetic Links across the Ocean,’324.
 40. Tayka Shu’ayb ‘Alim, Arabic, Arwi and Persian in Sarandib and Tamil Nadu: A study of the Contributions of Sri Lanka and Tamil Nadu to Arabic, Arwi, Persian and Urdu Languages, Literature and Education,(Madras: Imamul ‘Arus Trust,1993),199,733.
 41. See Moulavi and Kareem, മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം.; Taramel and Vallikkunnu, മാപ്പിളപ്പാട്ട് പാഠവും പഠനവും, 59-66; Balakrishnan Vallikkunnu, മാപ്പിളപ്പാട്ട് വഴക്കങ്ങള്‍ ചരിത്ര സാമൂഹ്യ പശ്ചാത്തലത്തില്‍,(Kondotty : MIRD, 2014).
 42. hammad ibn ?Umar al-Waqidi, The Kitab al-Maghazi, ed. By Marsden Jones, 3 Vols, (London: Oxford University Press, 1966); and its later English translation, Muhammad ibn Umar al-Waqidi, The Life of Muhammed: Al-Waqidi’s Kitab al-Maghazi, ed. by Rizwi Faizer, trans. by Rizwi Faizer, Amal Ismail and Abdulkader Tayob,(Milton Park, Abingdon, Oxon: Routledge, 2011).
 43. Taramel and Vallikkunnu, മാപ്പിളപ്പാട്ട് പാഠവും പഠനവും, 59-66.
 44. Moulavi and Kareem,മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം, 297.
 45. ഫുതൂഹ് ഖിസ്സാ വ ഖൈസര്‍ പടപ്പാട്ട്. Moulavi and Kareem,മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം, 297.
 46. മോയിന്‍കുട്ടി വൈദ്യരുടെ സാഹിത്യജീവിതത്തെ കുറിച്ചുള്ള കൂടുതല്‍ വിശദമായ വിവരത്തിന് Abdullah Abdul Hameed, ‘Mappila literature as a paradigm for countercultures: Reading Moinkutty Vaidyar in context.’ Performing Islam 8, no. 1-2 (2019): 11-39 കാണുക.
 47. അറബി-മലയാളം പാട്ടുകളിലും കവിതകളിലും സ്വീകരിച്ച് പോരുന്ന ഒരു ഈണ-താള മാതൃകയാണ് ഇശല്‍.
 48. Richard David Williams, ‘Dreams, songs and letters: Sectarian networks and musical archives in eighteenth-century North India.’ The Indian Economic & Social History Review (2020):1-21.
 49. ബാലകൃഷ്ണന്‍ വള്ളിക്കുന്ന്. ”മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യലോകം’ (വചനം ബുക്‌സ് 2017)
 50. Vierke, ‘Poetic Links across the Ocean,’ 329.
 51. വള്ളിക്കുന്ന്. ”മാപ്പിളപ്പാട്ട് വഴക്കങ്ങള്‍ ചരിത്ര സാമൂഹിക പശ്ചാത്തലത്തില്‍’30-33.
 52. അറബി മലയാളത്തിന്റെ രൂപശാസ്ത്രപരവും സ്വരശാസ്ത്രപരവുമായ ചര്‍ച്ചകള്‍ക്ക് K Abdul Azeez, ‘Arabic Loan Words in Malayalam: A Study,'(PhD diss.,University of Kerala,2003),75-111; Saidalavi Cheerangote, ‘A Sociolinguistic Evaluation of Arabi Malayalam,’ (PhD diss.,University of Mysore,2013); Saidalavi Cheerangote, ‘Phonological Features of Arabi- Malayalam,’ Language in India 17,no.12,(2017):299-309; Saidalavi Cheerangote, ‘Contact-Induced Elements in Arabi-Malayalam,’ Language in India 18, no.05,(2018):333-341 എന്നീ പഠനങ്ങള്‍ കാണുക.
 53. Stephen Frederic Dale, ‘A History of Persian Literature, Vol. IX, Persian Literature from Outside Iran: The Indian Subcontinent, Anatolia, Central Asia, and in Judeo-Persian,’ Iranian Studies 52, no. 5-6 (2019): 1009-1027
 54. രണ്ടത്താണി, ‘ Cultural Synthesis on Western Coast of India.’
 55. ഹുസൈന്‍ രണ്ടത്താണി, Mappila Muslims: A Study on Society and Anti-Colonial Struggles, (Calicut: Other Books,2007), 47-60
 56. ഉമര്‍ മദുവായ്. ”കൊണ്ടോട്ടി തങ്ങള്‍: ഖ്വാജാ ഷൈഖ് മുഹമ്മദ് ഷാ തങ്ങളുടെയും പിന്‍ഗാമികളുടെയും ജീവചരിത്രം’ (കൊണ്ടോട്ടി ഖുബ്ബാ തക്കിയ്യ ചാരിറ്റബ്ള്‍ ട്രസ്റ്റ് 2018)
 57. മൗലവി.കരീം ,മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം, 318-323;; രണ്ടത്താണി, Mappila Muslims, 47-60;. Anas Edoli, ‘De-Persianaization of Islam: The Cultural Shifts after Hadhrami Migration in Malabar,’ Imperial Journal of Interdisciplinary Research (IJIR) 3, no.9, (2017):693-97.
 58. ഖിസ്സാ എ ചാഹാര്‍ ദര്‍വേശിന്റെയും അതിന്റെ അറബി-മലയാള വിവര്‍ത്തനങ്ങളെയും കുറിച്ചും അത്‌പോലെ അതിന്റെ മലയാള ഭാഷാന്തരത്തെ കുറിച്ചും കൈയ്യെഴുത്ത്പ്രതിയുടെ പ്രസിദ്ധീകരണത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ക്ക് – സൈദലവി ചീരങ്ങോട്ട്, ”ചാര്‍ ദര്‍വേശ്’ ( തിരൂര്‍ മലയാളം സര്‍വകലാശാല,2017) – ആമുഖം കാണുക.
 59. F. Fawcett, ‘A popular Mopla song,’ Indian Antiquary 28 (1899): 64-71; കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം ”മോയിന്‍കുട്ടി വൈദ്യരുടെ ആദ്യകാല രചനകള്‍ ‘ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ പഠനങ്ങള്‍, എഡി., കെ.എം അഹമ്മദ്, (മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി 2006),56-78.
 60. Pasha M. Khan, The Broken Spell: Indian Storytelling and the Romance Genre in Persian and Urdu,(Detroit: Wayne State University Press, 2019).
 61. 59.Christopher Shackle, ‘The Story of Sayf al-Muluk in South Asia.’ Journal of the Royal Asiatic Society 17, no. 2 (2007): 115-129; Thibaut d’Hubert , ‘Living in Marvelous Lands: Persianate Vernacular Literatures and Cosmographical Imaginaires around the Bay of Bengal,’ in The Persianate world: rethinking a shared sphere, eds,Abbas Amanat and Assef Ashraf, (Leiden: Brill, 2018), 84-104.
 62. Fawcett, ‘A popular Mopla song,’65.
 63. Khan, The Broken Spell,111.; d’Hubert , ‘Living in Marvelous Lands,’87.
 64. കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം. കെ.കെ അബൂബക്കര്‍, മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ സമ്പൂര്‍ണ്ണ കൃതികള്‍ ( മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി, 2015)
 65. കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം. കെ.കെ അബൂബക്കര്‍, മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ സമ്പൂര്‍ണ്ണ കൃതികള്‍.
 66. See Rich Freeman, ‘Genre and Society: The Literary Culture of Premodern Kerala’, in Literary Cultures in History: Reconstructions from South Asia, ed.by Sheldon Pollock,(London: University of California Press, 2003),437-500.
 67. See Freeman, ‘Genre and Society.’
 68. പതിനാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട സാഹിത്യലക്ഷണ ഗ്രന്ഥമായ ലീലാ തിലകം തത്ഭവ അല്ലെങ്കില്‍ തല്‌സമ എന്നീ ഭാഷാപരമായ തന്ത്രങ്ങളെ ഉപയോഗിച്ചതിന് ശേഷം മാത്രമേ പാട്ടുകളില്‍ സംസ്‌കൃത വാക്കുകള്‍ ഉപയോഗിക്കാവൂ എന്ന നിര്‍ദ്ദേശിക്കുന്നുണ്ട്. സംസ്‌കൃത പദങ്ങളെ ദ്രാവിഡ ലിപിയിലേക്ക് യാതൊരു മാറ്റങ്ങളുമില്ലാതെ അതേപടി സ്വീകരിക്കുന്നതിനാണ് തല്‍സമ എന്ന വിശേഷിപ്പിക്കുന്നതെങ്കില് തത്ഭവ എന്നത് സ്വരശാസ്ത്രപരവും രൂപശാസ്ത്രപരവുമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ട് സംസ്‌കൃതപദങ്ങലെ ദ്രാവിഡ ലിപികളിലേക്ക് സ്വീകരിക്കുന്നതിനെ കുറിക്കുന്നു.
 69. See Gamliel, ‘On the Warp and Woof of Language.’
 70. See Anonymous, Padapattu. ; Kooria, ‘Padapattu.’
 71. എം.ആര്‍ രാഘവവാര്യര്‍ ‘മലയാളി ചരിത്രബോധം കോളനിവാഴ്ച്ചക്ക് മുമ്പ്’. ”പടപ്പാട്ട്’ എഡി. ഉള്ളൂര്‍ എസ്. പരമേശ്വര അയ്യര്‍ ( സാഹിത്യ പ്രവര്‍ത്തക കോ-ഓപറേറ്റീവ് സൊസൈറ്റി കോട്ടയം 2016) 9-35 കാണുക.
 72. See Anonymous,Padapattu,36.
 73. രാമായണത്തിലെ യുദ്ധകാണ്ഡത്തിന്റെ കാവ്യപരമായ വികസിത രൂപമാണ് രാമചരിതം എന്ന് വിശ്വസിച്ച് പോരുന്നുണ്ട്.
 74. See Fawcett, ‘A popular Mopla song,’64.
 75. വള്ളിക്കുന്ന്. ‘മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യലോകം”, 11-12 കാണുക.
 76. 74.വള്ളിക്കുന്ന്. ‘മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യലോകം”, 254 കാണുക.
 77. Syarwan Ahmed, ‘Hikayat Prang Sabi and Combating Zeal of the Acehnese Fighters during the Dutch Occupation,’ in Islam, Social, and Transitional Justice, eds, Anton Widyanto and Rahmat Yunsy, (Banda Aceh: Ar-Raniry Press,2018),198-211; Stephen F. Dale, ‘Religious suicide in Islamic Asia: anticolonial terrorism in India, Indonesia, and the Philippines.’ Journal of Conflict Resolution 32, no. 1 (1988):37-59.
 78. ഇന്ത്യന്‍ മഹാസമുദ്രത്തീരത്തിന് കുറുകെയുള്ള ഭാവനാപരമായ കണ്ണികളെ കുറിച്ചുള്ള എന്റെ ധാരണകളില്‍ പലതും രൂപപ്പെടുന്നത് വിയെര്‍ക്കെയുടെ ‘Poetic Links across the Ocean.’ എന്ന കൃതിയിലൂടെയാണ്. ഇസ്ലാമിക ലോകത്തിന്റെ കേന്ദ്ര-പ്രാന്ത അവ്യക്തതകളെ കുറിച്ചും സാഹിത്യ നിര്‍മിതികളിലൂടെയുള്ള ഇസ്ലാമിക കോസ്‌മോഗ്രഫിയുടെ പുനര്‍ ഭാവനകളെ കുറിച്ചുമുള്ള ആലോചനകള്‍ക്ക് d’Hubert ന്റെ, ‘Living in Marvelous Lands.’ കാണുക.
 79. സമുദ്രാന്തര അറബി ചരിത്രവിജ്ഞാനീയത്തെ കുറിച്ചും സമാന്തരമായ പേര്‍ഷ്യന്‍ കോസ്‌മോപോളിസിനെ കുറിച്ചുമുള്ള സമീപകാലത്ത് ഏറ്റവും നവീനമായ ചര്‍ച്ചകള്‍ക്ക് Bahl ന്റെ, ‘Transoceanic Arabic historiography.’ കാണുക.

വിവര്‍ത്തനം: ആസ്വിം സഈദ്, അഫീഫ്

ഇഹ്സാനുല്‍ ഇഹ്തിഷാം

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.