Thelicham

ഫള്ല്‍ തങ്ങള്‍ എന്ന ബാഅലവി: കേരളാനന്തര ജീവിതം പുനര്‍വായിക്കപെടുമ്പോള്‍

കേരളത്തിലെ ഇസ്‌ലാമിക സംസ്‌കാരത്തില്‍ വേരൂന്നി മതസാമൂഹിക മേഖലകളില്‍ വിശാലമായ സ്വാധീനമുണ്ടാക്കിയ സൂഫീ പ്രസ്ഥാനമാണ് ബാഅലവി ത്വരീഖത്. കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകാലങ്ങളില്‍ ബാഅലവികളുടെ പ്രവര്‍ത്തന മേഖല സൂഫിസം മാത്രമായിരുന്നില്ല. കേരളത്തിന്റെ മത, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ അവര്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. ആന്‍ ബാംഗ് (2003), ഉമര്‍ ഖാലിദി (2004), എങ്സാങ് ഹോ (2003), എംഎച്ച് ഇല്യാസ് (2007), കെ.കെ സത്താര്‍ (2012), ജാക്കോബ് വില്‍സണ്‍ ചാക്കോ (2019) തുടങ്ങിയ ചരിത്രകാരന്മാര്‍ ബാഅലവികളുടെ ചരിത്രത്തെയും കേരളത്തിലേക്കടക്കമുള്ള കുടിയേറ്റ യാത്രകളെയും അതുവഴിയുണ്ടായ മത, സാംസ്‌കാരിക, രാഷ്ട്രീയ ചലനങ്ങളെയും അവരുടെ കുടിയേറ്റ പര്യവേഷണങ്ങളുടെ സാമൂഹിക-രാഷ്ട്രീയ പ്രതിഫലനങ്ങളെയും പഠനവിധേയമാക്കിയവരാണ്. 19ാം നൂറ്റാണ്ടിലെ സ്വൂഫി വിശാരദന്മാരില്‍ പ്രമുഖനും ബാഅലവി ത്വരീഖത്തിന്റെ ദക്ഷിണേന്ത്യയിലെ അവസാന ഖലീഫമാരിലൊരാളുമായിരുന്ന കേരളീയനായ ഫള്ല്‍ തങ്ങളുടെ ജീവിതവും സേവനവും ഇവര്‍ സമഗ്രമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. പക്ഷെ, സമര്‍ത്ഥനായ മുസ്‌ലിം രാഷ്ട്രീയ ചാണക്യന്റെ റോളിലുള്ള ഫള്ല്‍ തങ്ങളുടെ ജീവിതം ഉപര്യുക്ത പഠനങ്ങളില്‍ എടുത്തുകാണിക്കപെടുകയും, അതേ സമയം ബാഅലവി ത്വരീഖത്തിന്റെ അനന്തരാവകാശിയെന്ന നിലയിലുള്ള വിലയേറിയ ആത്മീയ-ബൗദ്ധിക സംഭാവനകള്‍ അവഗണിക്കപ്പെടുകയും ചെയ്തു. ഫദല്‍ ബിന്‍ അലവിയുടെ കേരളാനന്തര ജീവിത കാലം, ഒട്ടോമന്‍ റോയല്‍ രേഖകള്‍, അവസാന കാല രചനകള്‍ തുടങ്ങിയവ മുന്‍ നിര്‍ത്തി ഫള്ല്‍ തങ്ങളുടെ ജീവിതം പുനര്‍വായനക്കു വിധേയമാക്കാനും അദ്ദേഹത്തിന്റെ ബാഅലവി സരണിയുടെ പൈതൃകം അക്കാദമിക ലോകത്തിന് പരിചയപ്പെടുത്താനുമുള്ള എളിയ ശ്രമമാണ് ഈ ലേഖനം.

6/12 ാം നൂറ്റാണ്ടിലാണ് അലവി ത്വരീഖത് അഥവാ ത്വരീഖത് അല്‍-ബാഅലവിയ്യ സ്ഥാപിതമായത്. യമനിലെ ഹള്‌റമൗത് പ്രദേശത്ത് താമസിക്കുന്ന പ്രവാചക കുടുംബശാഖയിലുള്ള അലവി സയ്യിദുമാരാണ് ഈ സൂഫി മാര്‍ഗം രൂപീകരിച്ചത്. നബി (സ)യുടെ ജീവിതത്തില്‍ നിന്ന് തലമുറകള്‍ കൈമാറിവന്ന ധാര്‍മിക മൂല്യങ്ങളും മതപാണ്ഡിത്യവും ത്യാഗജീവിതത്തോടുള്ള പ്രതിപത്തിയും അഹ്ലുബൈത്തിലെ അംഗങ്ങള്‍ അടുത്ത തലമുറകളിലേക്ക് കൈമാറി, ക്രമേണ ഒരു സ്വതന്ത്ര സൂഫി ധാരയായി രൂപപ്പെടുകയായിരുന്നു. ഖാദിരിയ, ഷാദിലിയ സൂഫി ധാരകളുടെ ആത്മീയ ഘടനയും ഇമാം ഗസ്സാലിയുടെ സൂഫി ചിന്തകളും അടിസ്ഥാനമാക്കി, ബാഅലവി സൂഫി ശാഖയ്ക്കു തുടക്കം കുറിച്ചത് അല്‍-ഫഖീഹ് അല്‍-മുഖദ്ധം എന്നറിയപ്പെടുന്ന മുഹമ്മദ് ബിന്‍ അലി (1178-1256) ആണ്. ബാഅലവി ക്രമത്തിന്റെ അടിത്തറ ഖുര്‍ആന്‍, സുന്നത്ത് (ഇത്തിബാഉല്‍ ഖുര്‍ആന്‍ വസ്സുന്ന) പിന്‍പറ്റലും സലഫുസ്വാലിഹിന്റെ (ഇക്തിദാഉ സലഫ്-സാലിഹ്) പിന്തുടര്‍ച്ചയുമാണ്. സൂഫിസത്തിന്റെ മധ്യമ പാത സ്വീകരിക്കുന്ന ബാഅലവിയ്യ, ആത്മീയ പരിശീലനത്തിനായുള്ള ഖല്‍വയെ (ഏകാന്തതയെ) നിരുത്സാഹപെടുത്തുക, ലൗകിക പ്രവര്‍ത്തനങ്ങളില്‍ അംഗങ്ങളുടെ ഇടപെടലിനെ അപലപിക്കാതിരിക്കുക തുടങ്ങിയ പ്രത്യേകതകളാല്‍ മറ്റ് സൂഫീ മാര്‍ഗങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു. ഇഹലോക-പരലോക സന്തുലിതാവസ്ഥ എന്ന ഗസ്സാലിയന്‍ ആശയത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട ബാഅലവിയ്യ, അംഗങ്ങളുടെ കുടുംബ, സാമൂഹിക, രാഷ്ട്രീയ കാര്യങ്ങളിലെ ഇടപെടലുകള്‍ പ്രോത്സാഹിപ്പിച്ചു.

ചെന്നെത്തിയ സ്ഥലങ്ങളിലൊക്കെയും ഒരേ സമയം ആത്മീയ-സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ ഇടപെടാന്‍ പ്രചോദനമായ ബാ അലവീ ദര്‍ശനവും ബഹുമുഖ വ്യക്തിത്വവും ഈ മേഖലകളിലൊക്കെയും വിശ്വാസികളുടെ പ്രഥമ മാതൃകയായ പ്രവാചകരില്‍ നിന്നും ബാഅലവികള്‍ പാരമ്പര്യമായി സ്വായത്തമാക്കിയതാണെന്നു പറയാം. പ്രവാചക കുടുംബമെന്ന നിലക്കു മുസ്ലിംകള്‍ നല്‍കുന്ന സ്‌നേഹവും സ്വീകാര്യതയും സമുദായത്തിന്റെ മുഴുവന്‍ വിഷയങ്ങളിലും തങ്ങള്‍ക്കു മതപരമായ ഉത്തരവാദിത്തമുണ്ടെന്ന ബോധവും മുന്നില്‍ നിന്നു നയിക്കാന്‍ അവരെ പ്രേരിപ്പിച്ചിട്ടുണ്ട്. യമനിലും മറ്റു കൂടിയേറ്റ സ്ഥലങ്ങളിലും പില്‍ക്കാലത്ത് കേരളത്തിലും ബാഅലവികളുടെ സജീവ രാഷ്ട്രീയ ഇടപെടലുകളൊക്കെയും അവര്‍ സ്വാംശീകരിച്ച ആത്മീയ-ധാര്‍മിക മൂല്യങ്ങളുടെ അടിത്തറയില്‍ ഉറച്ചു നിന്നു കൊണ്ടാണെന്നു കാണാം. ഇത്തരത്തില്‍ കൊമോറോസ്, കില്‍വ, സാന്‍സിബാര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ബാഅലവികള്‍ അവിടങ്ങളിലെ സുല്‍ത്താന്മാര്‍ക്കു കീഴില്‍ മതപരവും സാമൂഹികവും രാഷ്ട്രീയവുമായ വിവിധ തലങ്ങളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1891-ല്‍ അന്നത്തെ ഇറ്റാലിയന്‍ തുറമുഖമായ മൊഗാദിഷുവില്‍ തെക്ക് ഭാഗത്തെ ഒരു പ്രധാന പ്രദേശത്തിന്റെ തലവന്‍ സയ്യിദ് അഹമ്മദ് ബാഅലവി ആയിരുന്നു.

ബാഅലവികള്‍ പൊതുവെ കര്‍മ്മശാസ്ത്രത്തില്‍ ഷാഫിഈ മദ്ഹബും വിശ്വാസ വിഷയത്തില്‍ അശ്അരിയ ക്രമവും പിന്തുടരുന്നവരാണ്. നേരത്തെ ശീഈ-ഇബാദികളുടെ വിളനിലമായ ഹദ്‌റമൗത് ശാഫിഈ-അശ്അരി-ബാഅലവി പിന്തുടര്‍ച്ചാക്രമത്തില്‍ അധിഷ്ഠിതമായ സുന്നി വിശ്വാസ സംഹിതയിലേക്കു തിരിച്ചു വരുന്നതും ഹദ്റമൗതിന്റെ ചുറ്റുപാടുകളിലേക്കും പിന്നീട് അനവധി ഇസ്ലാമിക ഭൂമികകളിലേക്കും ഈ സിസ്റ്റം വ്യാപിച്ചതും ബാഅലവികളുടെ പരിശ്രമഫലമായാണ്. ഈ പിന്തുടര്‍ച്ചാ പാരമ്പര്യം നൂറ്റാണ്ടുകളായി ബാഅലവി സയ്യിദ് കുടുംബങ്ങളുടെ പൈതൃകമായി ഭാവി തലമുറകളിലേക്ക് കൈമാറ്റപ്പെടുകയും ചെയ്തിട്ടുണ്ട്.

ആദ്യത്തെ ബാഅലവി പ്രതിനിധി സയ്യിദ് ജിഫ്രി 1755-ല്‍ കേരളത്തിലെത്തി. അദ്ദേഹത്തിന്റെ പിന്‍ഗാമികളായ സയ്യിദ് ഹസന്‍ ജിഫ്രി, സയ്യിദ് അലവി, സയ്യിദ് ഫദല്‍ തുടങ്ങിയവര്‍ തങ്ങളുടെ രാഷ്ട്രീയ ഇടപെടലുകള്‍ക്കും കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്കുമുപരിയായി ബാഅലവി ആത്മീയ പൈതൃകത്തില്‍ അധിഷ്ഠിതിമായ ഇസ്ലാമിക തത്വങ്ങള്‍ ജനങ്ങള്‍ക്കു പകര്‍ന്നു നല്‍കാന്‍ അവരുടെ സമയവും ഊര്‍ജ്ജവും ചെലവഴിക്കുകയും നൂറുകണക്കിന് അനുയായികളെ (മുരീദുകള്‍) സമ്പാദിക്കുകയും ചെയ്തു.

സയ്യിദ് അലവിയുടെ പിന്‍ഗാമിയായ ഫദല്‍ ബിന്‍ അലവി 1824-ല്‍ കേരളത്തില്‍ ജനിച്ചു. പ്രാഥമിക മത-ആത്മീയ വിദ്യാഭ്യാസം നാട്ടില്‍ പൂര്‍ത്തീകരിച്ചു. ചെറുപ്പം മുതല്‍ തന്നെ പിതാവിന്റെ മേല്‍നോട്ടത്തില്‍ വളര്‍ന്ന സയ്യിദ് ഫദല്‍ അസാമാന്യ വ്യക്തി വൈഭവത്തിനുടമയായിരുന്നു. ബാഅലവിയ്യയുടെ സൂഫി ചുറ്റുവട്ടത്തില്‍ പിതാവ് ഫദലിനെ വളര്‍ത്തി. ശേഷം അദ്ദേഹം അറബി, ഖുറാന്‍, ഹദീസ്, ഫിഖ്ഹ്, തസവുഫ് എന്നിവയില്‍ പ്രാവീണ്യം നേടി. ഖാദിരിയ, ബാഅലവിയ്യ സൂഫി ധാരകളുടെ വഴിയില്‍ ആത്മീയ പരിശീലനം നല്‍കിയവരില്‍ പിതാവ് സയ്യിദ് അലവിക്കൊപ്പം കുസയ് ഹാജി, അബു കോയ മുസ്ലിയാര്‍ എന്നിവരും ഉള്‍പ്പെടുന്നു. സയ്യിദ് ഫദല്‍ ഉന്നത മതപഠനത്തിനായി മക്കയിലും യമനിലും പോയി. അഞ്ചുവര്‍ഷക്കാലം മക്കയിലും യമനിലുമായി ചെലവഴിച്ച ഫദ്ല്‍ കാലഘട്ടത്തിലെ നിരവധി ബാഅലവി-ഹദ്രമി പണ്ഡിതന്മാരും സൂഫികളുമായി ബന്ധം സ്ഥാപിക്കുകയും വൈജ്ഞാനികമായും ആത്മീയമായും സ്വയം മെച്ചെപ്പെടുവാന്‍ അത്തരത്തിലുള്ള ബന്ധങ്ങള്‍ കൊണ്ട് അദ്ധേഹത്തിനു കഴിയുകയും ചെയ്തു. ആത്മീയ യാത്രയുടെ സുപ്രധാന ഘട്ടമായ ഇജാസത് (ഗുരുവിന്റെ അംഗീകാരം) ബാഅലവി പ്രഭവ കേന്ദ്രമായ യമനിലെ ഷെയ്ഖ് സയ്യിദ് അബ്ദുല്ല ബിന്‍ ഹുസൈന്‍ ബിന്‍ താഹിറില്‍ നിന്ന് (മ:ഹി1272) സ്വീകരിക്കുന്നതോടെ
ബാഅലവി മാര്‍ഗത്തില്‍ ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാന്‍ അദ്ദേഹം യോഗ്യനായി.

1849-ല്‍ സയ്യിദ് ഫദല്‍ മലബാറിലേക്ക് മടങ്ങി. സയ്യിദ് അലവിയുടെ മരണശേഷം മലബാറില്‍ അദ്ദേഹം വഹിച്ചിരുന്ന ആത്മീയവും മതപരവുമായ എല്ലാ സ്ഥാനങ്ങളും അദ്ദേഹത്തിന്റെ ചുമതലയില്‍ വന്നു. സയ്യിദ് ഫദല്‍ മമ്പുറത്തെ പള്ളി വിപുലീകരിക്കുകയും അവിടെ നിന്ന് മതപരവും ആത്മീയവുമായ ചുമതലകള്‍ ആരംഭിക്കുകയും ചെയ്തു.

സയ്യിദ് ഫദലിന്റെ ആത്മീയ ദര്‍ശനങ്ങള്‍ മലബാര്‍ ജനതയില്‍ അഭൂതപൂര്‍വമായ സ്വാധീനം ചെലുത്തി. ബാഅലവി സൂഫി ചിന്തകളെ വലിയ വിഭാഗം ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ അവ പ്രധാന പങ്കുവഹിച്ചു. അതേസമയം, തന്റെ പിതാവിന്റെ പാത പിന്തുടര്‍ന്ന്, സ്വദേശികളായ മുസ്ലിംകളെ ബാധിക്കുന്ന സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ അദ്ദേഹം സജീവമായി ഇടപെട്ടു. ഇതിനകം ഈ പ്രദേശം കീഴടക്കിയ കൊളോണിയല്‍ ശക്തികള്‍ക്കെതിരെ പോരാടുന്നത് മതപരമായ അനിവാര്യതയാണെന്ന് അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി. സ്വാതന്ത്ര്യയുദ്ധത്തിലെ മരണം വിശുദ്ധ രക്തസാക്ഷിത്വമാണെന്ന് അവരെ പഠിപ്പിച്ചു. രാഷ്ട്രീയ സമരങ്ങള്‍ക്കായുള്ള തന്റെ ആഹ്വാനത്തെ ആത്മീയ പരിശീലനത്തിന്റെ സവിശേഷതകളുമായി വിജയകരമായി സംയോജിപ്പിച്ച ഫദല്‍, ‘ആത്മ ശുദ്ധീകരണം’ (നഫ്‌സിനെതിരായ ജിഹാദ് -തസ്‌കിയ നഫ്‌സ്) എന്നത് വലിയ ജിഹാദ് ആണെന്നും കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്കും മുസ്ലിം വ്യക്തി-സമൂഹ പുരോഗതിക്കുമായി പോകുന്നതിനു മുമ്പ് മറികടക്കേണ്ട പ്രഥമ പ്രക്രിയ ആണന്നും ഉദ്‌ബോധിപ്പിച്ചു. ഇതിന്റെ ആദ്യ ഘട്ടം എന്ന നിലയില്‍ ഫര്‍ദ് (നിര്‍ബന്ധിത മതപരമായ കടമകള്‍), സുന്നത്ത് (സ്വമേധയാ ഉള്ള മതപരമായ കടമകള്‍) എന്നിവ നിര്‍വഹിക്കുന്നതില്‍ ശ്രദ്ധാലുവായിരിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അധിനിവേശകര്‍ക്കെതിരെയുള്ള ലോക മുസ്ലിംകളുടെ പരാജയത്തിന്റെ മൂലകാരണം ദുന്‍യാവിനോടുള്ള ആഭിമുഖ്യവും ആത്മീയ ശോഷണവുമാണെന്നു ഉദ്ദതുല്‍ ഉമറ എന്ന സമരാഹ്വാന രചനയിലും മറ്റും സയ്യിദ് ഫദല്‍ ഉണര്‍ത്തുന്നുണ്ട്.

തന്റെ യുവത്വകാലം ചെലവഴിച്ച കേരളത്തില്‍ വന്ന പാശ്ചാത്യ അധിനിവേശകര്‍ക്കെതിരെ സയ്യിദ് ഫദല്‍ ഫലപ്രദമായ പോരാട്ടങ്ങള്‍ നയിച്ചു. ഇക്കാരണത്താല്‍ തന്നെ, അദ്ദേഹത്തിനു ജന്മദേശം ഉപേക്ഷിക്കേണ്ടിവന്നു. 1852-ല്‍ അറേബ്യന്‍ ഉപദ്വീപില്‍ വന്ന ഫദല്‍ ബാഅലവി സൂഫികള്‍, പണ്ഡിതന്മാര്‍, രാഷ്ട്രതന്ത്രജ്ഞര്‍, ഹജ്ജ് തീര്‍ത്ഥാടനത്തിനായി വിവിധ പ്രദേശങ്ങളില്‍ നിന്ന് വരുന്ന മുസ്ലിംകള്‍ എന്നിവരുമായി നല്ല ബന്ധം സ്ഥാപിക്കുകയും ഇസ്ലാമിക ലോകത്തെ ചലനങ്ങളെ അടുത്തറിയുകയും ചെയ്തു. കുറച്ചുകാലം നാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ച് അദ്ധേഹത്തിനു യമനിലെ സഫര്‍ പ്രവിശ്യയുടെ ഭരണാധികാരിയാവാനുള്ള യോഗമുണ്ടായി. സയ്യിദ് ഫദല്‍ ഭക്തനായ ഒരു സൂഫിവര്യന്‍ എന്നതിനപ്പുറം യമനില്‍ നിന്ന് ഉത്ഭവിച്ച അഹ്ലു-ബൈത് കുടുംബത്തിലെ ഒരു അംഗവുമാണ്.

ഫദലിന്റെ പൂര്‍വ്വികരോട് സഫര്‍ ജനതയ്ക്ക് വലിയ ആദരവുണ്ടായിരുന്നു. അതിനാല്‍ സഫറില്‍ നിന്നുള്ള ഈ ക്ഷണം അദ്ദേഹത്തെ വളരെയധികം സന്തോഷിപ്പിച്ചു. തന്റെ പ്രപിതാക്കളുടെ ഐതിഹാസികമായ ആത്മീയ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കു വേദിയായ ഈ പുണ്യ ഭൂമിയെ പഴയ ക്ഷേമൈശ്വര്യങ്ങളിലേക്കു തിരികെ നടത്താന്‍ താന്‍ നിയോഗിക്കെപ്പെട്ടത് ചരിത്രത്തിന്റെ കാവ്യനീതിയാണെന്നു ഫദല്‍ കണ്ടിട്ടുണ്ടാവും. യമന്‍ രാജ്യങ്ങളിലെ സഫറിന്റെ ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹം പ്രധാന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റി. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഗോത്ര കലഹങ്ങളും രാഷ്ട്രീയ അരാജകത്വവും അവസാനിപ്പിച്ച ഫദല്‍ അവിടെ അത്ഭുതകരമായ രാഷ്ട്രീയ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഓട്ടോമന്‍ ഇസ്ലാമി്ക ഖിലാഫത്തിന്റെ രക്ഷാകര്‍തൃത്വത്തില്‍ ശരീഅത് തത്വങ്ങളുമായി ഭരണത്തെ അടിസ്ഥാനപ്പെടുത്താന്‍ തുടങ്ങി. മുന്‍ഗാമികളായ ബാഅലവികള്‍ സ്ഥാപിച്ച ഹൗത്വ മാതൃകയില്‍ സ്വയം പര്യപ്തവും സുദൃഢവുമായ ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ ഫദല്‍ വിജയിച്ചുവെങ്കിലും ഈ നേട്ടം അധികനാള്‍ നീണ്ടുനിന്നില്ല. ബ്രിട്ടീഷ് അധികാരികളുടെ നിരന്തരമായ ഇടപെടല്‍ മൂലം വീണ്ടും തല പൊക്കിയ ഗോത്ര കലഹങ്ങള്‍ പ്രദേശത്തെ പിടിച്ചുകുലുക്കിയ കടുത്ത വരള്‍ച്ച എന്നിവ കാരണം അദ്ദേഹത്തിന് സ്ഥലം വിടേണ്ടിവന്നു.

തുടര്‍ന്ന് സയ്യിദ് ഫദല്‍ ഇസ്താംബൂളിലെത്തി. അക്കാലത്തെ ഓട്ടോമന്‍ ഭരണ നേതൃത്വവുമായുള്ള ബന്ധം പുന:സ്ഥാപിച്ചു. സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ ഓട്ടോമന്‍ ഖലീഫയുടെ മുഖ്യ ഉപദേഷ്ടാവായി ഫദലിനെ നിയമിക്കുകയും മന്ത്രാലയവും രാജകീയ പട്ടങ്ങളും (പാഷ) നല്‍കുകയും ചെയ്തു. അറബ് ഭൂമികകളിലെ മത-രാഷ്ട്രീയ കാര്യങ്ങളില്‍ സുല്‍ത്താന്റെ മുതിര്‍ന്ന ഉപദേഷ്ടാവായി നിയമിതനായ സയ്യിദ് ഫദല്‍ ഈ മേഖലയിലെ ഓട്ടോമന്‍ ഭരണം മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ഹിജാസിലും അറേബ്യന്‍ ഉപദ്വീപിലും നടപ്പാക്കേണ്ട പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള ഫദലിന്റെ നിര്‍ദേശങ്ങളെ സുല്‍ത്താന്‍ ഏറെ പ്രശംസിച്ചു. സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് വികസിപ്പിച്ചെടുത്ത പുതിയ ഉപദേശക (Tazminat) സമ്പ്രദായത്തില്‍ ഇസ്ലാമിക ലോകവുമായുള്ള ഓട്ടോമന്‍ ബന്ധത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്ന നാല് പ്രധാന ഉപദേഷ്ടാക്കളില്‍ ഒരാളായി ഫദല്‍. ഈ കാലയളവില്‍, യമനിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും ഒട്ടോമന്‍ രക്ഷാകര്‍തൃത്വത്തിന് കീഴില്‍ രാഷ്ട്രീയ സ്ഥിരത തിരികെ കൊണ്ടുവരാനും ഫദല്‍ നിരവധി ശ്രമങ്ങള്‍ നടത്തി. പക്ഷേ ഇവയൊന്നും വിജയം കണ്ടില്ല. എന്നാല്‍ ഈ നീക്കങ്ങള്‍ പിന്നീട് ചരിത്രകാരന്മാര്‍ അദ്ദേഹത്തെ അത്യാഗ്രഹിയായ രാഷ്ട്രീയ നേതാവായി ചിത്രീകരിക്കുന്നതിനു കാരണമായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ തന്റെ പൂര്‍വ്വികരുടെ ജന്മദേശവും ബാഅലവി സൂഫി പൈതൃകത്തിന്റെ പ്രഭവകേന്ദ്രവുമായ യമന്‍ ദേശത്തിന്റെ നിലവിലെ പരിതാപകരമായ സാമൂഹിക-രാഷ്ട്രീയ പരിതസ്ഥിതികളെക്കുറിച്ചു ആശങ്കാകുലനായ ബാഅലവി പൈതൃക വാഹകനായിരുന്നു അദ്ദേഹം. ‘ആളുകള്‍ക്ക് നല്‍കി, അവരില്‍ നിന്ന് തിരിച്ചൊന്നും എടുക്കാതിരിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. ദുന്‍യാവ് ഒരുമിച്ചു കൂട്ടാനല്ല, എന്റെ മതത്തെ സേവിക്കാനും മുസ്ലിംകളെ സഹായിക്കാനുമാണ് ഞാന്‍ ഇസ്താംബൂളില്‍ എത്തിയത്.’ – അദ്ദേഹത്തിന്റെ തന്നെ ഈ വാക്കുകള്‍ ഇസ്ലാമിനും മുസ്ലിം സമൂഹത്തിനുമുള്ള സേവനത്തിനായി സമര്‍പ്പിച്ച ഒരു നിസ്വാര്‍ത്ഥന്റെ ജീവിതത്തെ സംഗ്രഹിക്കുന്നുണ്ട്.

ജിദ്ദ, ഈജിപ്ത്, തുര്‍ക്കി എന്നിവിടങ്ങളിലെ വിവിധ മത, ധാര്‍മിക, രാഷ്ട്രീയ ചുമതലകള്‍ക്കൊപ്പം അനാതോളിയയിലെ ബാഅലവിയ്യ സൂഫി ധാരയുടെ പ്രതിനിധിയായും പ്രചാരകന്‍ ആയും അദ്ദേഹം അറിയപ്പെട്ടിരുന്നു. ബാഅലവിയ്യ, ഷാദിലിയ-മദ്‌യനിയ്യ(അബൂ മദ്‌യനിലേക്കു ചേര്‍ക്കപ്പെടുന്ന) സൂഫി ധാരകളിലൂടെ അനുയായികളെ വാര്‍ത്തെടുക്കുകയും ഈ വിലയേറിയ ആത്മീയ പൈതൃകം അടുത്ത തലമുറയിലേക്കു കൈമാറാനുള്ള ശ്രമം തന്റെ ജീവിതാവസാനം വരെ തുടരുകയും ചെയ്തു. 1859 സെപ്റ്റംബര്‍ 24 ന് ഇസ്താംബൂളില്‍ ഫദല്‍ അഭയം തേടി താമസിച്ച സോഫുലാര്‍ സൂഫി ഗേഹത്തില്‍ (Tekke) നിന്ന് കണ്ടെത്തിയ, ഒട്ടോമന്‍ രാജാവിനോടു തന്റെ സംരക്ഷണവും സാമ്പത്തിക പിന്തുണയും ഏറ്റെടുക്കണമെന്നാവശ്യപെട്ടു സൂഫീ ആശ്രമത്തിലെ അധികാരികള്‍ അയച്ച നിവേദനത്തില്‍ ഫദലിനെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്:“ഇന്ത്യയിലെ പ്രധാനികളില്‍ പെട്ട, സയ്യിദ് കുടുംബത്തില്‍ നിന്നുള്ള ഖാദിരിയ്യ ത്വരീഖതിന്റെ മഹാനായ ഖലീഫമാരിലൊരാളായ ശൈഖ് ഫദല്‍… അദ്ദേഹം ഷാഹ് അബ്ദുള്‍ ഖാദിറിന്റെ (ജീലാനി) നിത്യപിന്‍ഗാമികളിലൊരാളും പ്രാര്‍ത്ഥനയ്ക്കായി ഏറ്റവും സമീപിക്കപ്പെടുന്ന വ്യക്തിത്വവുമാണ്.”

ഇസ്താംബൂളിലെ ഫദലിന്റെ ജീവിതത്തിന്റെ അവസാന രണ്ട് ദശകങ്ങളില്‍ തന്റെ രാഷ്ട്രീയ തിരക്കുകളെ മാറ്റി നിര്‍ത്തി അദ്ദേഹം ബാഅലവിയ്യ സൂഫി പാതയില്‍ കൂടുതല്‍ അര്‍പ്പണബോധമുള്ളവരായി മാറിയതായി കാണാം. ഇക്കാലയളവില്‍ വിവിധ ഇസ്ലാമിക ശാസ്ത്രങ്ങളില്‍, പ്രത്യേകിച്ച് തസവ്വുഫില്‍ ഇരുപതോളം കൃതികള്‍ അദ്ദേഹം രചിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മിക്ക കൃതികളും നൂറ്റാണ്ടുകളായി ബാഅലവികള്‍ സ്വാംശീകരിച്ചെടുത്ത ആത്മീയ പൈതൃകത്തെയും അവയുടെ ചരിത്രത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ജീവിച്ചിരുന്ന കാലഘട്ടത്തിലെ സുപ്രധാന സൂഫി ദാര്‍ശനികരില്‍ ഒരാളായിരുന്നുവെങ്കിലും ഇസ്ലാമിക രചനാ ലോകത്ത് അര്‍ഹിക്കുന്ന ശ്രദ്ധ അദ്ദേഹത്തിന് ലഭിച്ചില്ലെന്ന് മനസ്സിലാക്കാം.

ഇന്ത്യയില്‍ അദ്ദേഹം നടത്തിയ കൊളോണിയല്‍ വിരുദ്ധ സമരങ്ങള്‍ കാരണം ജീവിതാവസാനം വരെ ബ്രിട്ടീഷുകാര്‍ സയ്യിദ് ഫദലിനെ ഭയപ്പെട്ടിരുന്നു. അതനുസരിച്ച്, അദ്ദേഹത്തെ എല്ലായ്‌പ്പോഴും ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ പിന്തുടരുകയും ഔദ്യോഗിക അധികാരികളുടെ മുമ്പില്‍ നിസ്സാരനും രാഷ്ട്രീയ അവസരവാദിയുമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ അദ്ദേഹം അറബ്-യമന്‍ ദേശങ്ങളില്‍ ചെയ്യാന്‍ ഉദ്ദേശിച്ച പല ശ്രദ്ധേയമായ സേവനങ്ങളും തടയുകയും ചെയ്തു. ഓട്ടോമന്‍ രാഷ്ട്രീയ ആധിപത്യം ശക്തിപ്പെടുത്തി ഇസ്ലാമിക ഐക്യം തിരികെ കൊണ്ടുവരുന്നതിനുള്ള അദ്ദേഹത്തിന്റെ നീക്കങ്ങള്‍ കൊളോണിയല്‍ എതിരാളികള്‍ അദ്ദേഹത്തെ അത്യാഗ്രഹിയും അവസരവാദിയുമായ ഒരു രാഷ്ട്രീയചാണക്യനായി ഉയര്‍ത്തി കാണിക്കാന്‍ കാരണമായി. കൊളോണിയലിസ്റ്റുകളുടെ ഈ ചിത്രീകരണം ഓറിയന്റലിസ്റ്റുകള്‍ ഏറ്റെടുക്കുകയും പിന്നീട് അദ്ദേഹത്തെക്കുറിച്ചുള്ള സമകാലിക പഠനങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്തുവെന്നതാണ് യാഥാര്‍ത്ഥ്യം.

ഖുര്‍ആനും സുന്നത്തും പിന്തുടരാനും ഇസ്ലാമിക ഐക്യം പുന:സ്ഥാപിക്കാനും സയ്യിദ് ഫദല്‍ മുസ്ലിം ലോകത്തോട് നിരന്തരം ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതു മുന്‍നിര്‍ത്തി ജമാലുദ്ദീന്‍ അല്‍-അഫ്ഗാനിയും ഇബ്‌നു വഹാബും അദ്ദേഹത്തിന്റെ മതാദര്‍ശങ്ങളിലും പ്രവര്‍ത്തനങ്ങളിലും സ്വാധീനം ചെലുത്തിയെന്ന് അവകാശ വാദമുന്നയിക്കുന്നുണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ ബാഅലവി അനുയായികളും വിശാലമായ സൂഫി ബാന്ധവങ്ങളും ഇത്തരമൊരു സാധ്യതയെ പൂര്‍ണമായും നിരസിക്കുന്നുണ്ട്. മരണം വരെ അദ്ദേഹം പ്രതിനിധീകരിച്ച ബാഅലവിയ്യ സൂഫി മാര്‍ഗവും അദ്ദേഹം സംഘടിപ്പിച്ച റാതിബ്, മൗലിദുകള്‍, സമാഹരിച്ച ദിക്ര്‍ ശേഖരങ്ങള്‍ വഹാബി സ്വാധീനവാദത്തോടു ഒരു നിലക്കും രാജിയാവുന്നില്ല. ഓട്ടോമന്‍ സ്റ്റേറ്റില്‍ സേവനമനുഷ്ഠിക്കുന്നതിനിടെ പ്രസിദ്ധീകരിച്ച ഉദ്ദതുല്‍ ഉമറ എന്ന കൃതിയുടെ തുടക്കത്തില്‍ സയ്യിദ് ഫദല്‍ പ്രഖ്യാപിച്ചത് താന്‍ ബാഅലവി സൂഫീ പാത വിശ്വസ്ഥതയോടെ പിന്തുടരുന്നുവെന്നാണ്. സയ്യിദ് ഫദലിന്റെ ഗ്രന്ഥങ്ങളില്‍ ഉദ്‌ഘോഷിച്ച ബാഅലവി ആത്മീയതയോടും പാരമ്പര്യ ഇസ്ലാമിനോടുമുള്ള പ്രതിപത്തി ചൂണ്ടിക്കാട്ടി അദ്ദേഹത്തിനു മത-പരിഷ്‌കരണ, പാന്‍ ഇസ്ലാമിസ്റ്റ്കാരുടെ മേല്‍ സ്വാധീനമുണ്ടെന്ന വാദത്തിനു തെളിവില്ലെന്നു ആന്‍ ബാംഗും വില്‍സണ്‍ ചാക്കോയും വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഇസ്ലാമിക ലോകത്തും നടക്കുന്ന മത-രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി സയ്യിദ് ഫദലിന് സമ്പര്‍ക്കവും നിരന്തരം ആശയ വിനിമയവും ഉണ്ടായിരുന്നു. അതില്‍ ജമാലുദ്ദീന്‍ അഫ്ഗാനിയും മറ്റ് സമകാലികരും ഉള്‍പ്പെടുന്നുണ്ട്. മുസ്ലിം ഉമ്മതിനെ ഒന്നിപ്പിക്കാനും മുസ്ലിം ലോകത്തെയും സ്ഥാപനങ്ങളെയും ലക്ഷ്യമാക്കിയ കൊളോണിയല്‍ അധിനിവേശം അവസാനിപ്പിക്കാനും അദ്ദേഹം നടത്തിയ ആത്മാര്‍ത്ഥമായ ശ്രമത്തിന്റെ ഭാഗമായിരുന്നു ഇവയെല്ലാം. സയ്യിദ് ഫദല്‍ ആത്മീയ-സാമൂഹിക നേതൃത്വം ഒരേ സമയം വഹിക്കാന്‍ കഴിവുള്ള ഒരു ടിപിക്കല്‍ ബാഅലവി സൂഫി പണ്ഡിതനായിരുന്നു. കുരിശുയുദ്ധങ്ങളുടെ പ്രേതവും വഹിച്ചുകൊണ്ടിരുന്ന യൂറോപ്യന്‍ കോളനിക്കാര്‍ കേരളത്തിലെ മത-ആത്മീയ പ്രവര്‍ത്തനങ്ങളെ തടയുകയും മുസ്ലിംകളെയും മത പ്രസ്ഥാനങ്ങളെയും ലക്ഷ്യമിടുകയും ചെയ്തപ്പോള്‍ അനിവാര്യമായ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലേക്കു ഇറങ്ങിത്തിരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്നുള്ള സയ്യിദ് ഫദലിന്റെ ഇടപെടലുകളും ഉദ്യമങ്ങളും, വിശ്വാസ സ്വാതന്ത്ര്യവും മുസ്ലിംകളുടെ മത-സാമൂഹിക-സാംസ്‌കാരിക മുന്നേറ്റവും മുസ്ലിം ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പുനരുജ്ജീവനവും ലക്ഷ്യമിട്ടിട്ടുള്ളതാണ്. ഇവയ്ക്കു സമാന്തരമായി താന്‍ പ്രതിനിധാനം ചെയ്ത ബാഅലവി കേന്ദ്രീകൃത സൂഫീ അദ്ധ്യാപനങ്ങളുടെ പ്രചാരണവും കൈമാറ്റവും അദ്ധേഹം പ്രാധാന്യത്തോടെ നടത്തിയതായി കാണാം.

സയ്യിദ് ഫദലിന്റെ സമകാലികരായ ബാഅലവി പ്രതിനിധികളില്‍ പെട്ട സാന്‍സിബാറിലെ അഹ്മദ് ഇബ്‌നു സുമയ്ത്, അബ്ദുറഹ്മാന്‍ അല്‍ മശ്ഹൂര്‍ എന്നിവര്‍ അദ്ദേഹവുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു, അവര്‍ക്കിടയില്‍ ആത്മീയ-മതപരമായ ചിന്തകളുടെയും അദ്ധ്യാപനങ്ങളുടെയും സജീവ ആദാനപ്രദാനങ്ങള്‍ നടന്നിരുന്നു. അക്കാലത്തെ പ്രശസ്ത ഷാഫിഈ പണ്ഡിതനും ഹറം ഇമാമുമായ അഹമ്മദ് സെയ്നി ദഹ്ലാനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സയ്യിദ് ഫദല്‍, ചരിത്രപരമായ ദഹ്ലാന്‍-ഹദ്രമി ആത്മീയ ശ്യംഖലയില്‍ സജീവമായിരുന്നു എന്നത് ശ്രദ്ധേയമാണ്. അല്‍-അഹ്ദലും ബാഅലവികളും സൈനി ദഹ്ലാനും, മക്ക കേന്ദ്രീകരിച്ച് ഇസ്ലാമിക ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന വിശാലമായ പരമ്പരാഗത ദീനി വിജ്ഞാന പ്രക്ഷേപണ ശൃംഖലയില്‍ പ്രധാന കണ്ണികളായിരുന്നു, ക്രമേണ ഈ വൈജ്ഞാനിക ബന്ധങ്ങള്‍ ബസ്രയില്‍ നിന്ന് പടിഞ്ഞാറോട്ട് വ്യാപിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ മരണം വരെ ഫദല്‍ ഈ ശൃംഖലയുടെ ഭാഗമായിരുന്നു, സയ്യിദ് ഫദല്‍ വിവിധ ഭൂമിശാസ്ത്രങ്ങള്‍ സന്ദര്‍ശിക്കുകയും ബാഅലവി സൂഫി കേന്ദ്രങ്ങളിലേക്കു ആത്മീയ യാത്രകള്‍ നടത്തുകയും വിവിധ ഇടങ്ങളിലായി വ്യാപിച്ചു കിടന്നിരുന്ന ബാഅലവി സൂഫികളുടെ ആഗോള ആത്മീയ ശൃംഖലകളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തു. ഈ ആത്മീയ ബാന്ധവവും വ്യത്യസ്ത ഭൂമികകളില്‍ കുടിയേറിയ ബാഅലവി പ്രതിനിധികളുടെ പരസ്പരമുള്ള നിരന്തര സമ്പര്‍ക്കവും നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും തകരാറില്ലാതെ ബാഅലവി ആത്മീയ പൈതൃകത്തോടു അവരെ ചേര്‍ത്തു നിര്‍ത്തുന്നതില്‍ നിര്‍ണായകമായ ഘടകമായി വര്‍ത്തിച്ചിട്ടുണ്ട്. കാലന്തരേണ ചില ആത്മീയ ധാരകള്‍ അപഭ്രംശങ്ങള്‍ക്കു വിധേയമായപ്പോള്‍ ബാഅലവിയ്യ അതിന്റെ ആത്മീയ അടിത്തറയ്ക്കു ശോഷണം വരാതെ സംരക്ഷിക്കപെട്ടിട്ടുണ്ടെന്നു സയ്യിദ് ഫദല്‍ തന്നെ വിവരിക്കുന്നുണ്ട്.

സയ്യിദ് ഫദല്‍ തന്റെ ആത്മീയ ശിക്ഷണത്തിലൂടെ നൂറുക്കണക്കിനു പണ്ഡിത-സൂഫി വൃന്ദങ്ങളെയാണു വാര്‍ത്തെടുത്തത്. അവരില്‍ പലരും ഫദലിനു ശേഷം ഇസ്ലാമിക ലോകത്തു ബാഅലവി പതാക വാഹകരും സൂഫി ദാര്‍ശനികരുമായി പ്രസിദ്ധി നേടിയവരാണ്; അല്ലാമ ആരിഫ് അഹ്മദ് ബി. ഹസന്‍ അല്‍-അതാസ് (മ. ഹി1334), അല്ലാമ അല്‍-മുസ്നിദ് ഷെയ്ക്ക് അബുബക്കര്‍ ബി. ഷിഹാബ് അല്‍ അയ്ദറൂസി ഹൈദരാബാദ് (മ. ഹി1341), ഷെയ്ഖ് ഹുസൈന്‍ ബി. മുഹമ്മദ് അല്‍-ഹിബ്ശി (മ. ഹി1330, മക്കയിലെ ഷാഫിഈ മുഫ്തി), അലവി ബി. അബ്ദുറഹ്മാന്‍ അല്‍-മശ്ഹൂര്‍, സാലിം ബി. ഐദറൂസ് ബി. സാലിം അല്‍-ബാര്‍, അഹമ്മദ് ബി. അബുബക്കര്‍ ബി. സുമയ്ത്.

തന്റെ പ്രിയപെട്ട ശിഷ്യരും അക്കാലത്തെ പ്രമുഖ ബാഅലവി പ്രതിനിധികളുമായ അബ്ദുറഹ്മാന്‍ അല്‍ മഷ്ഹൂര്‍, അഹ്മദ് ഇബ്‌നു സുമയ്ത് എന്നിവര്‍ സയ്യിദ് ഫദലിനു കീഴില്‍ ആത്മീയ ശിക്ഷണത്തിനായി ഇസ്താംബൂളിലേക്ക് വന്നതായി കാണാം. 1850 കളില്‍ മക്കയില്‍ വെച്ചു കണ്ടുമുട്ടിയ അദ്ദേഹം സയ്യിദ് ഫദലിന്റെ ആത്മീയ ശിഷ്യത്വം സ്വീകരിച്ചു. തുടര്‍ന്നു ഇബ്‌നു സുമയ്ത്തിനെ കാണാന്‍ സയ്യിദ് ഫദലും സാന്‍സിബാറിലേക്ക് പോയതില്‍ നിന്നും അവര്‍ തമ്മിലുള്ള ആത്മീയ ബന്ധം എത്രത്തോളം സുദൃഢമാണെന്നു മനസ്സിലാക്കാം. ബാഅലവി സൂഫി ധാരയുടെ തണലില്‍ ഈ ഗുരു-ശിഷ്യ ബന്ധം പുഷ്‌കലമായി. ഇബ്‌നു സുമയ്ത്തിന്റെ മകന്‍ ജനിച്ച സമയത്ത് അദ്ദേഹം സയ്യിദ് ഫദലിനൊപ്പമുണ്ടായിരുന്നു. ഫദല്‍ തന്റെ മകന്റെ ജനനം ഇബ്‌നു സുമയ്ത്തിനെ അറിയിക്കുകയും ജനന വാര്‍ത്ത ഇസ്താംബൂളില്‍ എത്തുന്നതിനു വളരെ മുമ്പുതന്നെ കുട്ടിക്കു ഉമര്‍ എന്ന് പേരു വിളിക്കുകയും ചെയ്തതായി ചരിത്രത്തില്‍ കാണാം.
ഇസ്താംബൂളില്‍ ഒരുമിച്ചുള്ള സമയത്ത്, ഇരു ബാഅലവി പ്രതിനിധികളും അലവി പാരമ്പര്യവും പൂര്‍വ്വികരുടെ ചരിത്രവും ദര്‍ശനങ്ങളും ക്രോഡീകരിച്ചു ഒന്നിലധികം രചനകള്‍ നടത്തിയതായി രേഖപെടുത്തപ്പെട്ടിട്ടുണ്ട്. ‘ഈസാഹുല്‍-അസ്രാറില്‍-ഉല്‍വിയ വ മിന്‍ഹാജു-സാദതില്‍-അലവിയ’എന്ന് പേരിട്ടിരിക്കുന്ന ഒരു കൃതി അലവി യുവതലമുറയ്ക്ക് അവരുടെ പൂര്‍വ്വികരുടെ പാരമ്പര്യം പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പ്രധാന പഠനമാണ്. 1890 കളില്‍ രചയിതാവ് തന്റെ പുസ്തകം എഴുതുമ്പോള്‍ പുതിയ തലമുറ അവരുടെ വേരുകളുമായും ആത്മീയ പാരമ്പര്യവുമായുമുള്ള ബന്ധം നഷ്ടപ്പെടുത്തുന്നുവെന്ന് അദ്ദേഹം ആശങ്കപ്പെട്ടിരിക്കണം. ഓട്ടോമന്‍ രക്ഷാകര്‍തൃത്വത്തിലാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. ഗ്രന്ഥത്തിന്റെ അരികുകളില്‍ ഓട്ടോമന്‍ തുര്‍ക്കിഷ് വിവര്‍ത്തനം ഉള്‍കൊള്ളിച്ചിട്ടുള്ളതായി കാണപ്പെടുന്നുണ്ട്. ഇമാം ഗസ്സാലിയുടെ ഇഹ്യാ ഉലൂമുദ്ധീനും മറ്റു ക്ലാസിക് സൂഫീ ഗ്രന്ഥങ്ങളില്‍ നിന്നും പ്രചോദനമുള്‍കൊണ്ടുള്ളതാണ് ഈ രചനയെന്നു ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നുണ്ട്. ആത്മാവിനെ ശുദ്ധീകരിക്കാന്‍ ആവശ്യമായതില്‍ നിന്ന് ആരംഭിച്ച് തസ്വവുഫിന്റെ അടിസ്ഥാനത്തില്‍ ഇസ്ലാമിക ജീവിതരീതി അവതരിപ്പിക്കുന്ന ടിപിക്കല്‍ സൂഫി പെഡഗോജിക്കല്‍ രീതിയിലാണ് ഈ കൃതി എഴുതിയത്. അവസാന അധ്യായത്തില്‍ ബാഅലവിയ്യ സ്വൂഫീ മാര്‍ഗം മൂന്ന് ഉപവിഭാഗങ്ങളിലായി വിശദീകരിച്ചിട്ടുണ്ട്. ആദ്യത്തേത് ബാഅലവിയ്യയുടെ ഉത്ഭവവും ഷെയ്ഖുകളുടെ ശൃംഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാമതായി ഇസ്ലാമിക ധാര്‍മ്മികതയെക്കുറിച്ച് (അഹ്ലാഖ്) ചര്‍ച്ച ചെയ്യുന്നു. മൂന്നാമത്തെ ഭാഗം ആത്മീയ യാത്രയുടെ വിവിധ ഘട്ടങ്ങള്‍ (ഹാല്‍), സ്ഥാനങ്ങള്‍ (മഖാം) എന്നിവയെ വായനക്കാരന് പരിചയപ്പെടുത്തുന്നു.

സയ്യിദ് ഫദലും ഇബ്‌നു സുമയ്തും കൂടി രചിച്ച മറ്റൊരു കൃതിയാണ് ‘നുബ്ജതുന് അലാ-ബസി മനാഖിബില് ഗവ്‌സി-ശഹീര്‍ വല്-ഖുത്ബില്-മുനീര്‍ അലവി ബിന്‍ മുഹമ്മദ് സഹ്ല്‍ മൗലദ്ദെവില അല്‍-അലവി’. തന്റെ പിതാവിന്റെ ചരിത്രവും കറാമതുകളും അപദാനങ്ങളുമാണ് ഈ രചനയുടെ ഉള്ളടക്കം. കൃതി 1886-ല്‍ ബെയ്‌റൂട്ടില്‍ ഓട്ടോമന്‍ തുര്‍ക്കിഷ് പരിഭാഷയോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇസ്താംബൂളിലെ താമസത്തിനിടയില്‍ സയ്യിദ് ഫദല്‍ സമാഹരിച്ച കൃതികളിലൊന്നായ ത്വരീഖത്തുല്‍-ഹനീഫതുല്‍ സംഹ, ബാഅലവി ആത്മീയ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്ന മറ്റൊരു രചനയാണ്. ബാഅലവി സയ്യിദുകളുടെയും വിശുദ്ധരുടെയും നീണ്ട ശൃംഖല, അവരുടെ ആത്മീയ ദര്‍ശനങ്ങള്‍, ബാഅലവി ദിക്ര്‍ രൂപങ്ങള്‍, അലവി ക്രമത്തിന്റെ ആധികാരികത എന്നിവയെക്കുറിച്ചുള്ള സമഗ്രമായ ഒരു വഴികാട്ടിയാണ് ഈ കൃതി.

സയ്യിദ് ഫദലിന്റെ ഏറ്റവും ഗഹനമായ ‘ഹുലലുല്‍ ഇഹ്‌സാന്‍ ലി-തസ്‌യീനില്‍ ഇന്‍സാന്‍’ എന്ന രചന സൂഫീ ആത്മീയ ശിക്ഷണത്തിന്റെ പ്രധാന ഭാഗമായ അഹ്ലാഖ്, സാദാരണക്കാര്‍ക്കു മനസ്സിലാവുന്ന സരള ഭാഷയില്‍ ആത്മീയ-ധാര്‍മ്മിക മൂല്യങ്ങള്‍ അഥവാ ഇസ്ലാമിക് എത്തിക്‌സ് എന്നിവയാണ് ചര്‍ച്ച ചെയ്യുന്നത്. കലാമും തസവ്വുഫും ഇടകലര്‍ത്തി വിവരിക്കുന്ന ഗ്രന്ഥത്തിലെ ഒരു പ്രധാന ചര്‍ച്ചാവിഷയം ‘മതത്തിലെ ബുദ്ധിയുടെ റോള്‍’ എന്നതാണ്. വിവിധ മത ശാസ്ത്രങ്ങളിലെ ഗ്രന്ഥകാരന്റെ അവഗാഹം ഉയര്‍ത്തിക്കാണിക്കുന്നതാണ് ഈ ഗ്രന്ഥം.

സംഭവ ബഹുലവും എറെ അര്‍ത്ഥപൂര്‍ണ്ണവുമായ ജീവിത യാത്രയ്ക്കു ശേഷം, 26 ഒക്ടോബര്‍ 1900-ലെ സയ്യിദ് ഫദലിന്റെ വഫാത് വേളയിലും ചരിത്ര സ്മാരകമായ അയാ സോഫിയ പള്ളിയില്‍ നടന്ന മയ്യിത് നിസ്‌ക്കാരത്തിലും തുടര്‍ന്നുള്ള അവസാന യാത്രയിലും കൂടെ അനുഗമിച്ച ഒട്ടോമന്‍ സുല്‍ത്താനും മറ്റു രാഷ്ട്രീയ സമുന്നതരോടുമൊപ്പം പ്രദേശത്തെ സൂഫി വര്യന്മാരുടെ സാന്നിധ്യം ഒട്ടോമന്‍ സാമ്രാജ്യ തലസ്ഥാനത്തിലെ സൂഫി വിഭാഗങ്ങള്‍ക്കിടയിലെ അദ്ധേഹത്തിന്റെ സ്വീകാര്യതയിലേക്കു വിരല്‍ ചൂണ്ടുന്നു. ചുരുക്കത്തില്‍ ഇസ്താംബൂള്‍ വാസത്തിനിടെ സയ്യിദ് ഫദല്‍ രചിച്ച കൃതികളുടെ ഉള്ളടക്കവും സ്വഭാവവും അദ്ദേഹത്തിന്റെ മതപരമായ വീക്ഷണങ്ങളും ആത്മീയ ദര്‍ശനങ്ങളും കൃത്യമായി നിര്‍വചിക്കുന്നവയാണ്. തന്റെ ജീവിതത്തിന്റെ സകല തലങ്ങളെയും അടയാളപ്പെടുത്തിയ, തന്റെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകള്‍ക്കു പ്രചോദനവും മൂല്യാധിഷ്ഠിതമായ ആശയാടിത്തറയും നല്‍കിയ ബാഅലവി സൂഫീ മാര്‍ഗത്തിന്റെ സ്വാധീനം ഗഹനമായി പഠിക്കാതെ സയ്യിദ് ഫദലിന്റെ ലെഗസി-ജീവിതമെഴുത്ത് ഒരിക്കലും പൂര്‍ണമാവില്ല. (തുടരും)

Bibliography

  1. Abid, Dr. T Zainul, and Dr. S Saifudheen Kunhu. ‘Hadrami Seyyid Vamsham: Malabar Mudhal Istanbul Vare.’ Chandrika weekly, August 1, 2020.
  2. Alatas, Syed Abdullah b. Alevi bi Hasan. Accessed December 21, 2020. http://archive.org.
  3. Alavi, Seema. Muslim Cosmopolitanism in the Age of Empire. Harvard University Press, 2015.
  4. Alevi, Fazal b. Ali. Uddat-ul Umara. Accessed October 2, 2020. https://ketabpedia.com.
    — Cairo: Matba’at al-Adab wa al-Mu’ayyad, 1898. http://archive.org.
  5. Bang, Anne K. Sufis and Scholars of the Sea: Family Networks in East Africa, 1860-1925. 1 edition. London?; New York: Routledge, 2003.
  6. Buxton, Amin. Imams of the Valley. Western Cape South Africa: Dar al-Turath Islami, 2012.
    Buzpശnar, ട. Tufan. ‘Abdülhamid Ll and Sayyid Fadl Pasha of Hadramawt; An Arab Dignitary’s Ambitions (1876-1900).’ The Journal of Ottoman Studies XIII (Osmanlശ
  7. Ho, Engseng. The Graves of Tarim: Genealogy and Mobility across the Indian Ocean. California World History Library. University of California Press, 2006.
  8. K.K, Mohammed Abdul Sathar. ‘History of Ba Alawis in Kerala.’ PhD Thesis, University of Calicut, 2015. http://hdl.handle.net/10603/48198.
  9. Magribi, Rahmatullah. ‘Seyyid Fazal Thangal-History Conference.’ Accessed September 26, 2020. https://www.muslimheritage.in.
  10. Matsah, Zaidihabib. ‘Ba’alawi.’ Accessed March 31, 2020. www.academia.edu.
    P, Sha. ‘Role of Mamburam Thangal in Malabar.’ Accessed December 29, 2020. https://www.academia.edu.
  11. Toprak, Maruf. ‘Life and Sufi Views of Fadl b. Alevi, Among Alawi sheikhs of the Recent Times.’ Master’s thesis, Uludaഴ University, Turkey, 2018. http://acikerisim.uludag.edu.tr.
  12. Wilson Chacko, Jacob. For God or Empire: Sayyid Fadl and the Indian Ocean World. Stanford University Press, 2019.
  13. Ziyb, D. Muhammed b. Abu Bekir ba. Accessed February 3, 2021. http://archive.org/details/IshamatU.

മുസ്തഫ ഹുദവി ഊജംപാടി

Research Fellow, department of Sufism, Ankara University, Turkey

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.