മുഹമ്മദ് നബി(സ)യുടെ അനുചരനാണ് കഅബ് ബ്‌നു സുഹൈര്‍(റ). ജാഹിലിയ്യാ കാലത്തു തന്നെ സ്വന്തം ജീവിതത്തെ കവിത കൊണ്ട് കുളിപ്പിച്ചുകിടത്തിയ ഒരാളായിരുന്നു കഅബ്. പ്രമുഖ ജാഹിലിയ്യാ കവിയുടെ പുത്രന്‍. ഇസ്ലാം ശക്തിപ്പെട്ടതിനു ശേഷവും സത്യമാര്‍ഗത്തെ സ്വീകരിക്കാതെ ധിക്കാരത്തിന്റെയും സ്വേച്ഛകളുടെയും നിഷേധത്തിന്റെയും ലഹരി നുരയുന്ന താഴ് വാരങ്ങളില്‍ ആ കവിഹൃദയം അലഞ്ഞുനടന്നു. മദീനാ രാഷ്ടത്തലവനായ റസൂല്‍ ആ അരാജകവാദിയോട് തുറന്ന യുദ്ധം തന്നെ പ്രഖ്യാപിച്ചു. ഒടുവില്‍, വേഷപ്രച്ഛന്നനായി, ‘ബാനത് സുആദ’യെന്ന നബിപ്രകീര്‍ത്തന കാവ്യം ആലപിച്ചുകൊണ്ട് കഅബ് റസൂലിന്റെ സദസ്സിലേക്ക് കടന്നുവന്നു. അനവദ്യസുന്ദരമായ ആ കാവ്യധോരണിയില്‍ റസൂല്‍ സ്വന്തം ഹൃദയം സൗഹാര്‍ദത്തോടെ കഅബിനു മുമ്പില്‍ തുറന്നുവെച്ചു. അവിടുത്തെ മേല്‍വസ്ത്രം ആ തോളിലണിയിച്ച് തിരുനബി കവിയെ പുരസ്‌കാരം നല്കി ആദരിച്ചു. ഇസ്ലാമിക ലോകത്ത് അവതരിപ്പിക്കപ്പെട്ട ആദ്യത്തെ മദ്ഹ് ഗാനമാകണം അത്. അതോടെയാണ് ഇസ്ലാമിന്റെ സൗന്ദര്യധാര സാഹിത്യത്തിലേക്കും പാട്ടിലേക്കും കൂടി ഒഴുകിത്തുടങ്ങിയത്. റസൂലിന്റെ അതേ തോള്‍പ്പുതപ്പ്(ബുര്‍ദ) ഇസ്ലാമിക കാവ്യചരിത്രത്തില്‍ പിന്നെയും എഴുതപ്പെട്ടു. കഅബ് ബ്നു സുഹൈറിന്റെ സ്തുതികീര്‍ത്തനം അവതരിപ്പിക്കപ്പെട്ട് അറുന്നൂറു വര്‍ഷങ്ങള്‍ക്കുശേഷം ഈജിപ്തിലെ ഇമാം ബൂസൂരിയാണ് അല്‍ കവാകിബുദ്ദുര്‍രിയ്യ ഫീ മദ്ഹി ഖൈരില്‍ ബരിയ്യ എന്ന ഖസീദത്തുല്‍ ബുര്‍ദ പാടിയത്. കഅബിന്റെ ചുമലില്‍ അണിയിക്കപ്പെട്ട മുത്ത് റസൂലിന്റെ പുരസ്‌കാരം രോഗശമനത്തിന്റെ രൂപത്തിലാണ് ഇമാം ബൂസ്വൂരിയില്‍ വര്‍ഷിച്ചത്.
മുസ്ലിംകള്‍ ഏതു സമുദായത്തിലും പ്രദേശത്തും ചെന്നാലും അവിടങ്ങളിലുള്ള പാട്ടുകളെയൊക്കെ തങ്ങളുടേതുകൂടിയാക്കി മാറ്റിയിട്ടുണ്ട്. ഏതു ഭാഷയിലും അല്ലാഹുവിനെയും റസൂലിനെയും സ്തുതിച്ച് പാടാന്‍ അവര്‍ക്കുള്ള അനുവാദവും ആഗ്രഹവുമാണ് അതിനു കാരണം. കഅബ് ബ്നു സുഹൈറിനും ഇമാം ബൂസ്വീരിക്കും റസൂല്‍ തിരുമേനി നല്കിയ പുരസ്‌കാരത്തിന്റെ പിന്തുടര്‍ച്ചയുടെ ചരിത്രമാണ് ലോകമെമ്പാടും വ്യത്യസ്ത ഭാഷകളിലുള്ള റസൂല്‍ മദ്ഹ് ഗാനങ്ങളുടെ ചരിത്രം. ശാരീരികവും ആത്മീയവുമായ രോഗശമനത്തിന്റെയും വിമോചനത്തിന്റെയും കാവ്യപാരമ്പര്യത്തില്‍ റസൂല്‍ മദ്ഹ് ഗാനങ്ങള്‍ ഇപ്പോഴും ആലപിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
സ്വലാത്തിന്റെ ചരിത്രധാരകള്‍
റസൂലി(സ)നുള്ള സ്വലാത്തുതന്നെ പാട്ടായി ആലപ്പിക്കുന്നതാണ് ഇസ്ലാമിക ലോകത്തിന്റെ പതിവ്. മുസ്ലിം സംഗീതപാരമ്പര്യത്തില്‍ സ്വലാത് ആലാപനങ്ങള്‍ക്കുള്ള പ്രാധാന്യം ഏറെ പഠിക്കപ്പെട്ടിട്ടുമുണ്ട്. ഒരു പാട്ടായി ആലപിക്കാനാകും വിധം അളവുകള്‍ കൃത്യമായാണ് അതിന്റെ പാഠം പോലുമെന്നത് വാസ്തവമാണ്. ‘ഹസ്ബീ റബ്ബീ ജല്ലല്ലാ/ മാഫീ ഖല്‍ബീ ഗൈറുല്ലാ/ നൂറുമുഹമ്മദ് സ്വല്ലല്ലാ/ ലാ ഇലാഹാ ഇല്ലല്ലാ…’ എന്ന, ഉമ്മയുടെ താരാട്ട് കേട്ടുറങ്ങിയാണ് മുസ്ലിം പൈതങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ ശീലം. താരാട്ടില്‍ മാത്രമല്ല സമരഗാനങ്ങളിലും പടപ്പാട്ടുകളിലും സാമൂഹികഗാനങ്ങളിലും സ്വലാത്തിലെ വരികള്‍ ചേര്‍ന്നു. അതോടൊപ്പം റസൂലിന് അഭിവാദ്യങ്ങളര്‍പ്പിക്കുന്ന ‘യാ നബീ സലാം അലൈക്കും….’ തുടങ്ങിയ ഈരടികളും പാട്ടുകളായി മുസ്ലിം സമുദായം ദേശാന്തരങ്ങളിലൂടെ പരിചരിച്ചു. ഹിജ്റ വേളയില്‍ റസൂല്‍ തിരുമേനിക്ക് മദീനാവാസികള്‍ നല്കിയ സ്വാഗതഗാനമായ ‘ത്വലഅല്‍ ബദ്റു അലൈനാ…’ എന്ന കാവ്യവും ഇസ്ലാമിക ലോകത്ത് ഏറെ പ്രചാരമുള്ള പാട്ടുകളിലൊന്നാണ്.
ഇന്ത്യയില്‍ ഉറുദു ഭാഷയിലും ദക്ഷിണേന്ത്യയില്‍ തമിഴിലും റസൂലിനെ പാട്ടായി എഴുതിയിട്ടുണ്ട്. ഉറുദുഭാഷയില്‍ പ്രവാചക പ്രണയഗാനങ്ങളെ നഅതുകള്‍ എന്ന് വിളിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടോടെയാണ് നഅത് ഈരടികള്‍ സവിശേഷമായ ഒരു സാഹിത്യരൂപമായി ഉര്‍ദുവില്‍ പ്രചാരമാര്‍ജിക്കുന്നത്. മിക്ക ഉര്‍ദു കവികളുടെയും നഅതുകള്‍ കാവ്യമെഹ്ഫിലുകളില്‍ ആലപിക്കപ്പെടാറുമുണ്ട്. മൗലാനാ കിഫായത് അലി കാഫിയാണ് പ്രവാചക പ്രകീര്‍ത്തന കവിതകള്‍ക്ക് ഉര്‍ദുഭാഷയില്‍ ആദ്യകാലത്ത് ഏറെ പ്രചാരം നല്കിയത്. 1957ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത, പോരാളിയായ ഈ കവിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ വധശിക്ഷ വിധിച്ച് തൂക്കിലേറ്റി. ബദര്‍ഹുദാ യാസീന്റെ പടപ്പാട്ടുകള്‍ പാടി ബ്രിട്ടീഷ് വിരുദ്ധപോരാട്ടത്തിന്റെ നടുത്തളത്തിലേക്ക് എടുത്തുചാടിയ മാപ്പിളപ്പോരാളികള്‍ ഇവിടെ സ്മരണീയമാണ്. പ്രവാചകപ്രണയത്തിന്റെ പോരാട്ടമുഖം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും ജ്വലിച്ചിട്ടുണ്ടെന്നതിന് ഒരു നൂറ്റാണ്ടു കാലത്തെ മാപ്പിളമാരുടെ അധിനിവേശവിരുദ്ധ പോരാട്ട ചരിത്രവും തെളിവാണല്ലോ.
അതിവിപുലമായ ഈ മദ്ഹ്ഗാന പാരമ്പര്യത്തിന്റെ തന്നെ തുടര്‍ച്ചയായാണ് മലയാളത്തിലെ മാപ്പിളപ്പാട്ടുകളിലുള്ള പ്രവാചകപ്രകീര്‍ത്തന ഗാനങ്ങളെയും സ്വീകരിക്കേണ്ടത്. കണ്ടെടുക്കപ്പെട്ട ആദ്യത്തെ അറബിമലയാളം കൃതി മുഹിയിദ്ദീന്‍മാലയാണെങ്കിലും അതിനു സമാന്തരമായിത്തന്നെ ഇശലുകളുടെ ഒരു ദുനിയാവ് കേരള മുസ്ലിംകളുടെ സാംസ്‌കാരിക ജീവിതത്തില്‍ ഉണ്ടായിരിക്കുക നിര്‍ബന്ധമാണല്ലോ. അവ രേഖപ്പെടുത്തിവെച്ചിട്ടില്ല എന്നത് അങ്ങനെയൊന്നില്ല എന്നതിന് തെളിവല്ല തന്നെ. രേഖപ്പെടുത്തുകയെന്നത് പതിവാകുന്നതിനും മുമ്പാണ് ആ മാപ്പിളപ്പാട്ട് ലോകത്തിന്റെ പിറവി. ആ പാട്ടുകളില്‍ സ്വാഭാവികമായും ഒട്ടേറെ പ്രവാചക പ്രകീര്‍ത്തനഗാനങ്ങളും ഉണ്ടായിരിക്കണം. തമിഴ് പുലവരുടെ ഗാനങ്ങളില്‍ ഇത്തരം പാട്ടുകളുടെ വലിയൊരു ശേഖരംതന്നെയുണ്ട്. തമിഴ് പുലവരുടെ പാട്ടിന്റെ തുടര്‍ച്ചതന്നെയാണ് മലയാളമാപ്പിളമാരുടെ ഇശല്‍വഴക്കങ്ങളും.
മഹത്തായ മാപ്പിള മദ്ഹ് പാരമ്പര്യം
മാപ്പിളപ്പാട്ടുകളില്‍ മോയിന്‍കുട്ടി വൈദ്യര്‍ ആരംഭിച്ച മിക്ക സവിശേഷതകള്‍ക്കും മുന്‍ഗാമികള്‍ തമിഴ് പുലവര്‍പാട്ടുകളാണ്. മോയിന്‍കുട്ടി വൈദ്യരുടെ സഖൂം പടപ്പാട്ടിനു നൂറ്റാണ്ടുകള്‍ക്കു മുമ്പേ(ക്രി. 1686) വരിസൈ മുഹമ്മദ് പുലവര്‍ രചിച്ച സഖൂംപടൈപ്പോര്‍ ദക്ഷിണേന്ത്യയിലെങ്ങും പ്രസിദ്ധമായിരുന്നു. ചേറ്റുവായി പരീക്കുട്ടിഹാജിയുടെ ഫത്ഹുശ്ശാമിനു മുമ്പേ അബ്ദുല്‍ ഖാദര്‍ നൈനാര്‍ ലബ്ബ എന്ന ശൈഖുനാ പുലവരുടെ ഫത്ഹുശ്ശാം പടൈ തമിഴില്‍ എഴുതപ്പെട്ടിട്ടുണ്ട്. മോയിന്‍കുട്ടി വൈദ്യരുടെ മിഅ്‌റാജ് കാവ്യത്തിനു മുമ്പേ ആലി പുലവരുടെ മിഅ്‌റാജ് മാല തമിഴില്‍ രചിക്കപ്പെട്ടിരുന്നു. ഉഥ്മാന്‍ നൈനാര്‍ പുലവര്‍, ഉമര്‍ വലിയ്യുല്ലാഹി, അല്ലി മരൈക്കായര്‍, ഉഥ്മാന്‍ ലബ്ബൈ മശാഇഖ്, ശൈഖ് നൈനാര്‍ ഖാന്‍, ഐദ്രോസ് നൈനാര്‍ പുലവര്‍, ശൈഖ് തമ്പി പാവലര്‍, പീര്‍ മുഹമ്മദ് അപ്പാ, നൂഹ് ലബ്ബൈ തുടങ്ങി പതിനാറു മുതല്‍ പത്തൊമ്പത് വരെ നൂറ്റാണ്ടുകളില്‍ തമിഴ്‌നാടിന്റെ വിവിധ കുടിയിരുപ്പുകളില്‍ റസൂല്‍ മദ്ഹുകളുടെ സീറപ്പാട്ടുകളും പാടി നടന്ന കവികള്‍ നൂറുകണക്കാണ്.
ആ പ്രവാചക പ്രകീര്‍ത്തനങ്ങളുടെ ശ്രേഷ്ഠപാരമ്പര്യമാണ് കുഞ്ഞായിന്‍മുസ്ലിയാര്‍ നേരിട്ട് നൂല്‍ മദഹ് കാവ്യത്തില്‍ ആവിഷ്‌കരിക്കുന്നത്. ഏറക്കുറെ, 1730നു ശേഷമാണ് ഈ രചന എന്നനുമാനിക്കപ്പെട്ടിട്ടുണ്ട്. ടിപ്പുസുല്‍ത്താന്റെ വരവിനു മുമ്പുള്ള കേരള മുസ്ലിം ചരിത്രസന്ദര്‍ഭമാണ് ആ പതിറ്റാണ്ടുകള്‍. പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള പോരാട്ട പരാജയങ്ങള്‍ക്കു ശേഷം സാംസ്‌കാരികമായും രാഷ്ട്രീയമായും മാപ്പിളസമുദായം രൂപപ്പെടുകയാണ്. ആ സവിശേഷ സാംസ്‌കാരിക സന്ദര്‍ഭത്തില്‍, കുഞ്ചന്‍നമ്പ്യാര്‍ ജീവിച്ച അതേ കാലത്ത്, ആ വിപ്ലവകവിയെപ്പോലെത്തന്നെ ഹാസം കൊണ്ടും കവിത കൊണ്ടും മാപ്പിളമുസ്ലിംകളില്‍ സമാന്തരമായ ഒരു സാമുദായികചരിത്രം കെട്ടിയ ആളാണ് കുഞ്ഞായിന്‍മുസ്ലിയാര്‍. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുകള്‍പെറ്റ രചനയാണ് നൂല്‍ മദ്ഹ്. നൂല്‍ എന്നത് കൃതി എന്നര്‍ഥമുള്ള തമിഴ് വാക്കാണ്. റസൂലിന്റെ മാത്രമല്ല ആദ്യ നാലു ഖലീഫമാരുടെയും മദ്ഹ് ഈ കൃതിയിലുണ്ട്.
‘പ്രപഞ്ചത്തെ മുഴുവന്‍ പടയ്ക്കുന്നതിനു മുമ്പ് അള്ളാഹു തിരുനബിയുടെ പ്രകാശത്തെ പടയ്ക്കുകയും മുഹമ്മദ് എന്ന പേരു വെക്കുകയും ചെയ്തിരിക്കുന്നു’ എന്ന പൂര്‍വികസങ്കല്പനം ഈ കൃതിയിലും ആവര്‍ത്തിക്കപ്പെടുന്നു. റസൂലിന്റെ ജനനാന്തരവും കുട്ടിക്കാലുത്തുമുണ്ടായ അത്ഭുത സംഭവങ്ങള്‍, അവിടൂത്തെ ശരീരലാവണ്യം, നബി കുടുംബ മഹാത്മ്യം, ഹിജ്‌റ, ഇസ്റാഅ് – മിഅ്‌റാജ്, ധാര്‍മിക പോരാട്ടം, ഹിജ്‌റ, ശഫാഅത് തുടങ്ങിയവയൊക്കെയും നൂല്‍മദ്ഹിലെ പതിനഞ്ച് ഇശലുകളില്‍ കാവ്യസൗന്ദര്യത്തിന്റെ മൂര്‍ത്തരൂപം പ്രാപിക്കുന്നുണ്ട്. നൂല്‍ മദ്ഹ് പിറന്ന പതിനെട്ടാം നൂറ്റാണ്ടോടെ കേരളജനതയുടെ അവിഭാജ്യ ഘടകമായി മാറിയ മുസ്ലിംകളുടെ സാധാരണ ജീവിതത്തിലെങ്ങും മാപ്പിളപ്പാട്ടുകളും പുലര്‍ന്നു. അറബിമലയാളത്തിലുള്ള അവയുടെ ദീര്‍ഘമായ സഞ്ചാരചരിത്രം ഏറെ വിശദീകരിക്കപ്പെട്ടതാണല്ലോ. എന്നാല്‍ അതിനോടൊപ്പം തിടംവെച്ച പ്രവാചകപ്രണയ ഗാനങ്ങളുടെ സമാന്തര ചരിത്രവും ഭാവവൈചിത്ര്യങ്ങളും ഇനിയും രേഖപ്പെടുത്താനിരിക്കുന്നേ ഉള്ളൂ. അതിലേക്കുള്ള ചില നിരീക്ഷണങ്ങളാണ് ഇനി ഈ ലേഖനത്തില്‍ പറയുന്നത്.
മദ്ഹ് ഗാനങ്ങളുടെ കെട്ടുമുറകള്‍
റസൂല്‍ തിരുമേനി(സ)യുടെ ജനനം മുതല്‍ വഫാത്ത് വരെയുള്ള ഓരോ സന്ദര്‍ഭങ്ങളും ചരിത്രമായി രേഖപ്പെട്ടുത്തപ്പെട്ടിട്ടുണ്ട് എന്നത് അനിഷേധ്യമാണ്. ആ വിശദചരിത്രത്തിലെ എല്ലാ ശുഭമുഹൂര്‍ത്തങ്ങളും മാപ്പിളപ്പാട്ടില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുമുണ്ട്. അവിടുത്തെ ജനനസമയത്തെ അത്ഭുതങ്ങളാണ് അതില്‍ ഏറെ ഗാനങ്ങളില്‍ തിളങ്ങിയ ഒരു സന്ദര്‍ഭം. മൌലീദുകളെന്ന പേരില്‍ ലോകമുസ്ലിംകളുടെ മിക്ക മതസദസ്സുകളിലും പതിവുള്ള പ്രാര്‍ഥനാലാപനങ്ങള്‍ മുഴുവനും പ്രവാചകജന്മചരിതത്തെ പുരസ്‌കരിക്കുന്നവയാണ്. ആ പതിവ് മാപ്പിളപ്പാട്ടുകളിലും ആവര്‍ത്തിക്കപ്പെട്ടു. അന്നത്തെ സാമ്രാജ്യത്വ ശക്തികളുടെയും ജാഹിലിയ്യാ സംസ്‌കാരത്തിന്റെയും ബഹുദൈവവിശ്വാസത്തിന്റെയും അന്ത്യം കുറിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ആ കറാമത്തുകളിലെ കാവ്യസൗന്ദര്യം. അതുമുഴുവന്‍ സത്യമായിപ്പുലര്‍ന്നതുകൊണ്ടാണ് നൂറ്റാണ്ടുകള്‍പ്പുറത്തു നിന്നും റസൂല്‍ മൗലിദുകള്‍ ആവര്‍ത്തിക്കപ്പെടുന്നത്.
റസൂല്‍ തിരുമേനിയുടെ മൂന്നു മഹദ്ഭാവങ്ങളാണ് മാപ്പിളപ്പാട്ടുകളിലെ മദ്ഹ് ഗാനങ്ങളില്‍ പൊതുവെ തെളിയുന്നത്.
ഒന്ന്, മനുഷ്യതയുടെ ശ്രേഷ്ഠരൂപം പൂണ്ട അവരുടെ സ്വഭാവവൈശിഷ്ട്യമാണ്. അത് രൂപപ്പെടുത്തിയത് ഇസ്ലാം എന്ന ദര്‍ശനമായതുകൊണ്ട് അതിനോട് ചേര്‍ത്തുപറയേണ്ടതുതന്നെ ആ ആദര്‍ശവും. ഏറ്റവുമധികം പാട്ടുകളിലും കാവ്യങ്ങളിലും ആവിഷ്‌കരിക്കപ്പെട്ടത് ഈ നബിഭാവമാണ്. റസൂല്‍ തിരുമേനിയുടെ സ്വഭാവ സവിശേഷതകളുടെ ഭാഗമാണ് അദ്ദേഹത്തിന്റെ ചര്യയും ഉപദേശങ്ങളും എന്നതിനാല്‍ ഇസ്ലാമികമായ ഏതു ഗാനവും റസൂലിന്റെ ആദര്‍ശപ്രകൃതിയെ ആവിഷ്‌കരിക്കുന്നവയാണ് എന്നും പറയാം. അവിടുത്തെ ചര്യയും ഉപദേശവും ആദര്‍ശവും വിശ്വാസവും ഈ ഗാനങ്ങളില്‍ പെടും. ദീനീവിഷയം പ്രതിപാദിക്കുന്ന ഏതു മാപ്പിളപ്പാട്ടിന്റെയും പിന്‍ശ്രുതിയായി റസൂലിന്റെ അധ്യാപനങ്ങളുണ്ടാകും. പ്രാര്‍ഥനാഗാനങ്ങളും പ്രചാരണഗാനങ്ങളും അതില്‍ പെടും. അങ്ങനെ നോക്കുമ്പോള്‍ ഏതൊരു ഇസ്ലാമിക ഗാനവും പ്രവാചകപ്രകീര്‍ത്തനങ്ങള്‍തന്നെ. മനുഷ്യകുലത്തിനു മുഴുവന്‍ കാരുണ്യമായാണ് റസൂലിനെ അല്ലാഹു അവതരിപ്പിച്ചത്. സകലമാന സല്‍സ്വഭാവങ്ങളുടെയും പൂര്‍ണതയാണ് ആ മഹാമനസ്സ്. അതിനെ ആവിഷ്‌കരിക്കുന്ന പാട്ടുകള്‍ ഒട്ടേറെയുണ്ട് മാപ്പിളപ്പാട്ടുകളില്‍.
രണ്ടാമത്തെ തലം അപൂര്‍വസുന്ദരവും അമൃതരൂപിയുമായ അവിടുത്തെ ബാഹ്യശരീരമാണ്. റസൂല്‍ തിരുമേനിയുടെ ദേശം, കുടുംബം, അനുചരവൃന്ദം തുടങ്ങിയവയൊക്കെയും ഈ ഗണത്തില്‍ പെടും. ഈ ഭാവതലം കൂടുതല്‍ കാവ്യാത്മകമായ ഇമേജുകളിലൂടെയാണ് പാട്ടുകളിലേക്കും കാവ്യങ്ങളിലേക്കും പകര്‍ന്നത്. അവിടുത്തെ ഓരോ ശരീരഭാഗത്തെയും വാഗ്മയചിത്രംപോലെ വിശദീകരിക്കുന്ന അറബി രചനകളുണ്ട്. അവയില്‍ പലതും മാപ്പിളപ്പാട്ടുകളിലേക്കും പകര്‍ന്നു. റസൂലിന് മാപ്പിളപ്പാട്ടുകളില്‍ നല്കപ്പെട്ട വിശേഷണപദങ്ങളിലും ഈ സൂചനകളാണ് കൂടുതലുള്ളത്. മുത്തുനബി, തിരുമേനി, അമ്പിയരാജ ശിരോമണി തുടങ്ങിയ പ്രയോഗങ്ങള്‍ ഉദാഹരണം.

റസൂലിന്റെ പിറന്ന നാടായ മക്കപുരിയും നിത്യവിശ്രമദേശമായ മദീനാമുനവ്വറയും മാപ്പിളപ്പാട്ടുകളിലെ ആദര്‍ശദേശങ്ങളാണ്. അദ്ദേഹത്തിന്റെ കാലടിപ്പാടുകള്‍ പതിഞ്ഞ ഹിറാ ഗുഹയും സൗര്‍ ഗുഹയും ബദര്‍മണല്‍ത്തരികളും ഒരിക്കലെങ്കിലും എഴുതാത്ത മാപ്പിള കവികളില്ല. പതിനാലു നൂറ്റാണ്ട് പിന്നിട്ടശേഷം പാരില്‍ പിറന്നതിലും അവിടുത്തെ പദപങ്കജം പതിയാത്ത മണ്ണില്‍ പുലര്‍ന്നതിലും സങ്കടപ്പെടുന്ന പാട്ടുകളുണ്ട്. ആ പുണ്യശ്വാസം കലര്‍ന്ന കാറ്റിലൊരല്‍പ്പം ശ്വസിച്ചെങ്കില്‍ എന്നാഗ്രഹിക്കുന്ന പാട്ടുകളും ഉണ്ട്. റൗളാ ശരീഫ് കാണുവാനും അവിടുത്തെ സന്നിധിലണയാനും മോഹിക്കുന്ന നൂറുകണക്കിന് ഗാനങ്ങള്‍ തന്നെ രചിക്കപ്പെട്ടിട്ടുണ്ട്. ഒട്ടകങ്ങള്‍ വരിവരിയായിപ്പോകുന്ന മണലാരണ്യത്തിന്റെ മുഗ്ധ സൗന്ദര്യവും കാഫ് മലയുടെ മനോഹാരിതയും മാപ്പിളപ്പാട്ടില്‍ പാടിപ്പതിഞ്ഞവയാണ്. അവ അത്രയും മനോഹരമാകുന്നതിന് പ്രധാന കാരണം റസൂലിന്റെ അവയോടുള്ള ചേര്‍ച്ചയുമാണ്.
മുഹമ്മദ് നബി തങ്ങളുടെ കുടുംബവും കൂട്ടുകാരും ഇതുപോലെത്തന്നെ ഒട്ടേറെ പാട്ടുകള്‍ക്ക് വിഷയമായിട്ടുണ്ട്. അവിടുത്തെ പുന്നാരമകള്‍ ബീവി ഫാത്തിമയും അലിയുമാണ് കൂടുതല്‍ പാട്ടുകളില്‍ പിറന്നത്. ‘ഉമ്മുല്‍ ഖുറാവില്‍ അണഞ്ഞ, ഉമ്മുല്‍ കിതാബിന്നുടമ, നമ്മുടെ നബിന്റെ മകളാണ് ഫാത്തിമ ബീവി’. സ്ത്രീസൗന്ദര്യത്തിന്റെയും ഗുണങ്ങളുടെയും പൂര്‍ത്തീകരണമായാണ് പൂമകള്‍ ഫാത്തിമ പാട്ടുകളില്‍ വര്‍ണിക്കപ്പെട്ടത്. അലിയാകട്ടെ ധീരതയുടെയും ജ്ഞാനത്തിന്റെയും മാതൃകയായിരുന്നു. ധീരനാം അലിയാരുടെ വീരകഥകള്‍ കേട്ട് വളരാനാണ് ഉമ്മമാര്‍ കുട്ടികളോട് താരാട്ടു പാടി വസ്വിയ്യത്ത് ചെയ്തത്. അലിയെ പുലിയായും അലി ഹൈദര്‍ ശൂരരായും പാട്ടുകള്‍ പുകഴ്ത്തി. അതോടൊപ്പം റസൂലിന്റെ മാതാപിതാക്കളായ ആമിനബീവിയും അബ്ദുല്ല എന്നവരും പാട്ടുകളിലൂടെ ഏറെ പരാമര്‍ശിക്കപ്പെട്ടു.
സീറത്തുന്നബി എന്നറിയപ്പെടുന്ന നബിചരിത്രത്തിന്റെ കാവ്യാവിഷ്‌കാരങ്ങളാണ് ഇക്കൂട്ടത്തില്‍ മറ്റൊരു തലം. നുബുവത്തും ഹിജ്റയും ധര്‍മപ്പോരാട്ടങ്ങളായ ഗസുവത്തും മക്കാവിജയവും വഫാത്തും ഈ ഗാനങ്ങള്‍ക്കു വിഷയമായിട്ടുണ്ട്. ഒരുപക്ഷേ മാപ്പിളപ്പാട്ടുകളിലെ പടപ്പാട്ടുകളാണ് അതിന്റെ ചേലും ചൂരും മികവുറ്റതാക്കിയത്. ബദര്‍, ഉഹ്ദ്, ഹുനൈന്‍ യുദ്ധങ്ങള്‍ വര്‍ണിക്കുന്ന ദീര്‍ഘകാവ്യങ്ങള്‍ മാപ്പിളപ്പാട്ടുകളിലെ അമൂല്യരത്നങ്ങളായി മാറി. ബദര്‍യുദ്ധ ചരിത്രത്തിന് മാപ്പിളസംസ്‌കാരത്തില്‍ ആഴത്തില്‍ സ്വാധീനമുണ്ട്. അത് ബന്ധപ്പെട്ടുനില്‍ക്കുന്നത് അവരുടെ അധിനിവേശവിരുദ്ധ മനോഭാവത്തിലും കൂടിയാണ്. കാടായിക്കല്‍ മൊയ്തീന്‍കുട്ടി ഹാജിയുടെ പ്രശസ്തമായ ‘ഖുതുബുശ്ശുഹദാക്കളിലും…’ എന്ന ഗാനത്തില്‍ ഖിലാഫത്ത് പ്രക്ഷോഭത്തെയും ബദര്‍പോരാട്ടത്തെയും നേരിട്ട് സമീകരിക്കുന്നത് കാണാം
പ്രണയത്തിന്റെയും കവിതയുടെയും നിഗൂഢസ്ഥലികള്‍
പ്രവാചകപ്രണയ സങ്കീര്‍ത്തനങ്ങളിലെ മൂന്നാമത്തേയും പ്രധാനപ്പെട്ടതുമായ അതിഭാഷയെക്കുറിച്ച് സാമാന്യമായി പ്രതിപാദിച്ചശേഷം ഈ ലേഖനം അവസാനിപ്പിക്കാം. മുഹമ്മദ് റസൂലുല്ലാഹിയുടെ മനുഷ്യസാധാരണമല്ലാത്ത ആന്തരികസൗന്ദര്യമാണ് ആ ഗുപ്തസൗന്ദര്യത്തിന്റെ കാതല്‍. ഇത് അന്ത്യപ്രവാചകത്വത്തിന്റെ കൂടി ആന്തരികതലമാണ്. അറബി ഖസീദകളിലും ഉര്‍ദു നഅതുകളിലും ആ ഭാഗം ഏറെ കടന്നുവന്നിട്ടുണ്ടെങ്കിലും മാപ്പിളഗാനങ്ങളില്‍ അവ തുലോം കുറഞ്ഞാണ് കാണപ്പെടുന്നത്. അറബി – ഉര്‍ദു ഭാഷകളുടെ അനുരണനമായി മാത്രമാണ് അത് മാപ്പിളഗാനങ്ങളില്‍ പൊതുവെ ആവിഷ്‌കരിക്കപ്പെട്ടത്. അല്ലാഹുവിന്റെ ദിവ്യസന്ദേശത്തെ മനുഷ്യര്‍ക്കെത്തിക്കുന്നതിനായി അവന്‍ തെരെഞ്ഞെടുക്കുന്ന ആളുകളാണ് നബിമാര്‍. അവരില്‍നിന്ന് പ്രത്യേകം തിരഞ്ഞെടുത്ത അമ്പിയാരാജനാണ് മുഹമ്മദ് റസൂലുല്ലാഹി. അതാണ് മുസ്ത്വഫാ. ഈ തിരഞ്ഞെടുപ്പിലുള്ള ആന്തരികമായ രഹസ്യജ്ഞാനം പല സ്വൂഫികളെയും കവികളെയും പ്രചോദിപ്പിച്ചിട്ടുണ്ട്. അത് പലതരം കാവ്യബിംബങ്ങളായും വിശേഷണനാമങ്ങളായും കവിതകളില്‍ ആവിഷ്‌കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
അറബി, ഉര്‍ദു നഅതുകളില്‍ നിന്ന് വ്യത്യസ്തമായി, മാപ്പിളപ്പാട്ടുകളില്‍ ആ ആന്തരിക യാഥാര്‍ഥ്യങ്ങള്‍ ബാഹ്യമായ ചില ഇമേജുകളില്‍ തളക്കപ്പെട്ടുപോയി എന്ന വിമര്‍ശനം ചില പഠിതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്. മുഹിയിദ്ദീന്‍ മാല അടക്കമുള്ള സ്തുതികാവ്യങ്ങളുടെ അര്‍ഥകല്‍പനയില്‍ ഈ ന്യൂനീകരണം സംഭവിച്ചിട്ടുണ്ടെന്ന് ഉറപ്പാണല്ലോ. ഇത്തരം സ്തുതികാവ്യങ്ങളെ ചില വിഭാഗക്കാര്‍ ബഹുദൈവാരാധനയുടെ ഭാഗമായും മതത്തിനു പുറത്തുള്ളതായും ആക്ഷേപിച്ചും അവഗണിച്ചും കളഞ്ഞത് ഈ പിഴവുമൂലമായിരുന്നു. കവിതയുടെ അര്‍ഥവും അതിലെ ആശയത്തിന്റെ ആന്തരികതലവും ഒരുപോലെ അവഗണിക്കപ്പെട്ടതിന്റെ ഫലമാണത്. അവയിലെ ചില ഘടകങ്ങളുടെ സൂചനകള്‍ മാത്രം ഇവിടെ അവതരിപ്പിക്കാം. ഇതിലെ ഓരോ ഘടകത്തിലും വിശദമായ അന്വേഷണങ്ങളും പഠനങ്ങളും ആവശ്യമാണെന്നേ തല്‍ക്കാലം പറയാനാവൂ.
- റസൂലിന്റെ മണവാട്ടികളായി ഇസ്ലാമിക ചരിത്രത്തിലെ സ്ത്രീരത്നങ്ങളെ കല്പിച്ചുകൊണ്ടുള്ള ധാരാളം ഒപ്പനപ്പാട്ടുകളും മദ്ഹ് ഗാനങ്ങളും മാപ്പിളപ്പാട്ടിലുണ്ട്. അവയുടെ അര്‍ഥതലവും ഇനിയും വേര്‍തിരിഞ്ഞു വന്നിട്ടില്ല.
- റസൂലിനെ കുറിക്കാനുള്ള പ്രത്യേക നാമങ്ങളുണ്ട്. ത്വാഹാ, പൈഗാമ്പര്‍, ഗുലാം, അഹ്മദ്, മഹ്മൂദ്, ഖമര്‍, ശംസ്, ഗുണമണി, നൂറ്, ഉമ്മിയ്യ് തുടങ്ങിയ ഇത്തരം ഓരോ നാമവും ആഴത്തിലുള്ള അറിവുകളെക്കൂടി ആവാഹിക്കുന്നുണ്ട്.
- സവിശേഷമായ ഒട്ടേറെ വിശേഷണനാമങ്ങള്‍ മദ്ഹ് ഗാനങ്ങളിലുണ്ട്. അവയില്‍ ഏറ്റവും പ്രശസ്തമായത് വെളിച്ചവുമായി ബന്ധപ്പെട്ടവയാണ്. നൂര്‍ എന്ന ഖുര്‍ആനിക ആഖ്യാനത്തോട് ബന്ധപ്പെടുത്തിയാണ് അത് വിശദീകരിക്കപ്പെട്ടിട്ടുള്ളത്. കൂടാതെ മാണിക്യം, മുത്ത്, മഴ, രാജാവ് എന്നിവയെയും റസൂലിനോട് ചേര്‍ത്തു പറയാറുണ്ട്.
- പ്രത്യേകമായ ചില വിശ്വാസങ്ങള്‍ പാട്ടുകളിലും പ്രകടമാകുന്നുണ്ട്. മുഴുലോകത്തിന്റെയും സൃഷ്ടികാരണമാണ് മുഹമ്മദ് നബി എന്ന അറിവ് ഉദാഹരണം. പരലോകത്തിലെ ശഫാഅത്, വഫാതിനു ശേഷമുള്ള നബിയവസ്ഥകള്‍, ശഹാദതിന്റെ പൊരുള്‍ എന്നിവയൊക്കെ ഇക്കൂട്ടത്തിലുള്ളവതന്നെ.
- തസ്വവ്വുഫുമായി ബന്ധമുള്ള ഒട്ടേറെ ദാര്‍ശനിക കല്പനകളും മാപ്പിളപ്പാട്ടുകളിലുണ്ട്. അലിഫ് ലാം മീം എന്നതിലെ മീം, ഖാബ ഖൗസൈനി, ഷംസുല്‍ ഹുദാ, ശഫാഅത്തിന്നുടയവന്‍ തുടങ്ങിയ കാവ്യപദങ്ങള്‍ ഇതിനുദാഹരണമാണ്.
ഇത്രയും ഘടകങ്ങളിലെ മതസംവാദത്തെക്കാള്‍ മാപ്പിളകാവ്യങ്ങളുടെ സൗന്ദര്യതലത്തിന് അവ എത്ര മാറ്റുകൂട്ടുന്നുവെന്ന മട്ടിലുള്ള പഠനങ്ങളാണ് സാഹിത്യചരിത്രത്തില്‍ ഗുണം ചെയ്യുക.
പ്രണയമെന്നത് ഒരു വൈകാരികാനുഭവമാണ്. ഭാഷയ്ക്കതീതമായ ആ അനുഭവത്തെ ആവിഷ്‌കരിക്കാന്‍ കവിത പോലെ യോജിച്ച മറ്റൊരു മാധ്യമമില്ല. കവിതയുടെ ഏറ്റവും ജനകീയവും സൗന്ദര്യപരവുമായ അവതരണമാണ് പാട്ട്. അതുകൊണ്ടുന്നെ പാട്ടിനെ അവഗണിച്ചുകൊണ്ട് ഒരു സമുദായത്തിനും അതിജയിക്കാനാവില്ല. ഇസ്ലാമിന്റെ അനിതരസുന്ദരമായ കാവ്യഗുണങ്ങളുടെ പ്രകാശനമാണ് മദ്ഹ് ഗാനങ്ങളിലൂടെ പരിചരിക്കപ്പെടുന്നത്. ചരിത്രവും പാരമ്പര്യവും വിശ്വാസവും ആദര്‍ശവും തലമുറകളിലേക്ക് കൈമാറ്റംചെയ്യപ്പെടുന്നതിന് ഏറ്റവും വലിയ മാധ്യമമായി വര്‍ത്തിക്കുന്നതും പാട്ടുകളാണ്. റസൂല്‍ തിരുമേനിയുടെ മദ്ഹ് ഗാനങ്ങളുടെ മാപ്പിളപാരമ്പര്യവും സൗന്ദര്യസത്തയും ഇനിയും വിശദമായ പഠനങ്ങള്‍ക്ക് വിധേയമാക്കപ്പെടേണ്ടതുണ്ട്. മതപരമായ സംവാദങ്ങളുടെ മണ്ഡലത്തില്‍നിന്ന് കുറച്ച് കാലത്തേക്കെങ്കിലും വേര്‍പ്പെടുത്തി ഇത്തരം സൗന്ദര്യദര്‍ശന ചര്‍ച്ചാവേദികളിലേക്ക് മദ്ഹ് ഗാനങ്ങളെ ആനയിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ അറബിമലയാളത്തിനും മാപ്പിളപ്പാട്ടിനും മലയാളത്തിന്റെ മുഖ്യധാര സാഹിത്യത്തില്‍ സത്താപരമായ മേല്‍സ്ഥാനം ഉറപ്പിക്കാനാവൂ.
Add comment