മാനവ ചരിത്രത്തില്‍ ഏറ്റവും വിശാലവും സൂക്ഷ്മവുമായ വായനകള്‍ക്ക് വിധേയരായവരാണ് പ്രവാചകന്‍ മുഹമ്മദ് (സ). വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും പൂര്‍ണമായും സുതാര്യമായിരുന്നു പ്രവാചകന്‍ (സ) എന്നത് കൊണ്ട് തന്നെ ഈ മേഖലകളിലെ പ്രവാചക ജീവിതത്തെ വായിക്കാനും പകര്‍ത്താനും ആപേക്ഷികമായി എളുപ്പമായിരുന്നു. പ്രവാചക കാലത്തും പില്‍കാലത്തുമായി പ്രഗല്‍ഭരായ ഒരുപാട് പേരുടെ തൂലികകളില്‍ പ്രവാചക ജീവിതത്തിന്റെ വിവിധങ്ങളായ മേഖലകള്‍ സൂക്ഷ്മമായ രീതിയില്‍ തന്നെ വിഷയീഭവിച്ചിട്ടുണ്ട്. പ്രകടമായ പ്രവാചക ജീവിതത്തിന്റെ വിശാലമായ വായനകള്‍ ശരീഅത്ത് നിര്‍മിതിയില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
പ്രവാചക ജീവിതത്തിന്റെ ഇന്ദ്രീയാനുഭങ്ങളായിരുന്നു ഇത്തരം വായനകളുടെ ആശ്രയം. പ്രവാചകര്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതും, അനുയായികള്‍ പ്രവാചകരെ കണ്ടതും കേട്ടതുമാണ് ഈ വായനയെ വിപുലീകരിച്ചത്. ‘അവരുടെ നാമം അഹ്മദ് എന്നാകുന്നു’ (ഇസ്മുഹു അഹ്മദ്) എന്നതില്‍ പ്രവാചകരെ പരിചയപ്പെടുത്തുന്ന മാനുഷികമായ ( ഇന്‍സാനിയ്യായ), ശാരീരികമായ (ജസദിയ്യായ) ഒരു അസ്തിത്വമായി പ്രവാചകനെ ദര്‍ശിച്ചാണ് ഈ വായനകളഖിലവും.
ഇന്ദ്രീയാനുഭവങ്ങള്‍ക്കപ്പുറം അതീന്ദ്രീയമായി പ്രവാചകരെ അനുഭവിക്കാനും അറിയാനും ശ്രമിക്കുമ്പോഴാണ് മൂര്‍ത്തമായ മുഹമ്മദീയ യാഥാര്‍ത്ഥ്യത്തെ (ഹഖീഖത്തുല്‍ മുഹമ്മദിയ്യ കുല്ലിയ്യ) ഉള്‍കൊള്ളാനാവുക. പ്രവാചകരുടെ ശാരീരികമായ സാനിധ്യത്തിനുമപ്പുറമാണ് മുഹമ്മദീയ യാഥാര്‍ത്യത്തിന്റെ അകപ്പൊരുള്‍. പ്രവാചകരുടെ ശാരീരിക ഉണ്മയുടെ എത്രയോ മുമ്പ് മുഹമ്മദീയ യാഥാര്‍ത്യം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.പ്രവാചകര്‍ ആദ്യ സൃഷ്ടി(അവ്വല്ലുല്‍ ഖല്‍ഖ്) എന്ന വിശേഷണത്തിനര്‍ഹരാകുന്നത് ഇക്കാരണത്താലാണ്. ഇതര സൃഷ്ടികളുടെ ഉണ്മയുടെയും സൃഷ്ടിപ്പിന്റെയും കാരണമായിട്ടാണ് മുഹമ്മദീയ ഹഖീഖത്തിനെ അള്ളാഹു പടക്കുന്നത്. ‘തന്റെ ഇഷ്ടപ്രകാരം അവരൊന്നും അരുളുന്നില്ല, അവര്‍ പറയുന്നതത്രയും ദൈവിക വചനങ്ങളത്ര ‘ (വമാ യന്‍ഥിഖു അനില്‍ ഹവാ, ഇന്‍ ഹുവ ഇല്ലാ വഹ് യുന്‍ യൂഹാ) എന്ന സൂക്തത്തില്‍ പരാമര്‍ശിക്കുന്ന നുഥ്ഖ് ഭാഷകള്‍ക്കതീതമായ ഉച്ചാരണത്തെ സൂചിപ്പിക്കുന്നതിനാല്‍ ഭാഷകളുടെ ഉണ്മയുടെ മുമ്പേ മുഹമ്മദീയ ഹഖീഖത്തിന്റെ സാനിധ്യത്തെ സൂചിപ്പിക്കുന്നു.
ഇന്ദ്രിയാനുഭവങ്ങളിലൂടെ പരിചയപ്പെട്ട പ്രവാചകരെ നിരന്തരമായി നിരവധി രീതികളില്‍ ആഘോഷിക്കുമ്പോള്‍ തന്നെ അതിന്ദ്രീയമായ ജ്ഞാന തലങ്ങളില്‍ പ്രവാചകരെ അനുഭവിച്ചവര്‍ വിരളവും അവരില്‍ സ്വന്തം അനുഭവതലങ്ങള്‍ വര്‍ണിച്ചവര്‍ വളരെ പരിമിതവുമാണ്. മുഹമ്മദീയ ഹഖീഖത്തിനെ വര്‍ണിക്കുന്ന ഭാഷയുടെ പരിമിതിയാണ് ഇതിന്റെ മുഖ്യകാരണം. അങ്ങ് വാക്കുകള്‍ക്കതീതമാണ് (വലൈസ ഫീക യുഖാല്‍ ) എന്നത് കൊണ്ടുദ്ദേശിക്കുന്നതും പ്രവാചകരുടെ പ്രകാശപൂരിതമായ ഹഖീഖത്തിനെയാണ്.
മൗനം ജ്ഞാനമാണ്, അതിനെ പ്രയോഗിക്കുന്നവര്‍ വിരളവും (അസ്സുംതു ഹിക്മുന്‍, വ ഖലീലുന്‍ ഫാഇലുഹാ ) എന്നതിലെ അസ്സുംത് എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് മുഹമ്മദീയ ഹഖീഖത്തിന്റെ ആന്തരികാശയങ്ങളെയാണ് ( സിറ്).
ഈ അതിന്ദ്രീയ ജ്ഞാനം ഉള്‍കൊണ്ടവര്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് . പ്രവാചകരുടെ ഉറ്റ സ്‌നേഹിതന്‍ അബുബക്കര്‍ (റ) തനിക്ക് ലോകത്തേറ്റവും ഇഷ്ടപെട്ട പ്രവര്‍ത്തനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എണ്ണുന്നത് പ്രവാചക സന്നിധിയില്‍ ഇരിക്കലും അവരിലേക്ക് നോക്കലുമാണ്. യഥാര്‍ത്ഥത്തില്‍ അബൂബക്കര്‍ (റ) ന്റെ സാമീപ്യവും നോട്ടവും ശാരീരികമായി ഉണ്മയുള്ള പ്രവാചകരിലല്ലായിരുന്നു മറിച്ച് അമൂര്‍ത്തമായ മുഹമ്മദീയ ഹഖീഖത്തിലായിരുന്നു. അതിനാലാണ് പ്രവാചക സാമീപ്യത്തില്‍ ആകാശഭൂമികളുടെ അധികാര മണ്ഡലത്തിന്റെ വിവിധങ്ങളായ ജ്ഞാനതലങ്ങളെ തന്നിലേക്കാവാഹിക്കാന്‍ അബൂബക്കര്‍ (റ) ന് കഴിഞ്ഞത്. അതിന്ദ്രീയമായ അനുഭവത്തിലൂടെ പ്രവാചകരെ അറിഞ്ഞവര്‍ വ്യത്യസ്ത ജ്ഞാനതലങ്ങളിലാണ് പ്രവാചകരെ ഉള്‍കൊണ്ടത്. ഉമര്‍(റ) നൈതികമായ വശങ്ങളാല്‍ പ്രചോദനം ഉള്‍കൊണ്ടപ്പോള്‍ കുടുംബ മേഖലയിലെ പ്രവാചകരെയാണ് ഉസ്മാന്‍(റ) അതിന്ദ്രീയ അനുഭവങ്ങളിലൂടെ കണ്ടത്തിയത്.
അതീന്ദ്രീയാനുഭവങ്ങളുടെ ആന്തരികാശയങ്ങള്‍ ഏറ്റവും കൂടുതല്‍ കൈമാറ്റം ചെയ്യപ്പെട്ടത് അലി (റ) വിലൂടെയാണ്. ഞാന്‍ അറിവിന്റെ പട്ടണവും അലി ആ പട്ടണത്തിന്റെ കവാടവുമാണെ പ്രവാചക വചനത്തിന്റെ ഉള്‍പൊരുള്‍ ഇതാണ്. പ്രവാചകരെ തൊട്ട് ഉദ്ധരിക്കപ്പെട്ട ഹദീസുകളില്‍ ആപേക്ഷികമായി വളരെ പരിമിതമായ ഹദീസുകള്‍ മാത്രമാണ് അലി (റ) ലൂടെ കൈമാറ്റം ചെയ്യപ്പെട്ടത് . ‘ജ്ഞാന നഗരത്തിന്റെ കവാടമെന്ന്’ വിശേഷിക്കപ്പെട്ട അലി (റ) ന്റെ ഹദീസുകള്‍ ബുഖാരി, മുസ്ലിം അടങ്ങുന്ന സ്വിഹാഹുകളില്‍ വളരെ കുറച്ച് മാത്രമാണ് ഉദ്ദരിക്കപ്പെട്ടിട്ടുള്ളത്.ഇതിനെ ഉയര്‍ത്തി പിടിച്ച് ശീഇകള്‍ അലി (റ)വിലൂടെ കൈമാറ്റം ചെയ്യപ്പെട്ട അതിന്ദ്രീയ സ്വഭാവമുള്ള വിജ്ഞാന തലങ്ങളെ സുന്നി ഹദീസ് പണ്ഡിതര്‍ മനപൂര്‍വം അവഗണിച്ചതാണെ ആരോപണം മുന്നോട്ട് വെക്കുന്നുണ്ട്. പ്രവാചക പുത്രി ഫാതിമ (റ)ന്റെയും പൗത്രന്‍ ഹുസൈന്‍ (റ) ന്റെ ഹദീസുകളിലും ഈ പ്രശ്‌നം അവര്‍ ഉയര്‍ത്തുന്നുണ്ട് .
പ്രവാചകരുടെ ആന്തരികമായ പ്രകാശത്തെ വഹിക്കുന്നത് ഭാരമേറിയ ദൗത്യമായതിനാല്‍ അലി(റ) ഈ രഹസ്യങ്ങളെ തന്റെ മക്കള്‍ക്ക് വളരെ വേഗത്തില്‍ കൈമാറിയിരുന്നു. ഹസന്‍ ബസരിയെ പോലെയുള്ള പണ്ഡിതര്‍ ശീഈകളുടെ ആരോപണത്തെ തള്ളികളയുന്നുണ്ട്. മഹനീയമായ മുഹമ്മദീയ ഹഖീഖത്തിന്റെ ആന്തരികാശയങ്ങളെ ആവാഹിക്കുമ്പോള്‍ അതുള്‍കൊള്ളാന്‍ തനിക്ക് കഴിയുമോ എന്ന ഭയമാണ് അത്തരം ഹദീസുകളെ മാറ്റിനിര്‍ത്താനുള്ള കാരണം. അലി (റ) നെ പോലെ അതിന്ദ്രീയ ജ്ഞാനതലങ്ങള്‍ കൈവശമുള്ളവരാരും അതിനെ പരസ്യപെടുത്തുകയൊ വ്യാപകമായി പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല. തന്റെ കൈവശമുള്ള മൂല്യമേറിയ വിജ്ഞാനങ്ങളെ ഞാന്‍ കൈമാറ്റം ചെയ്യുകയാണേല്‍ തനിക്ക് വധശിക്ഷ വരെ ലഭിക്കും എന്ന് അലി (റ) പറയുന്നതും അതീവ രഹസ്യ സ്വഭാവമുള്ള മുഹമ്മദീയ യാഥാര്‍ത്യത്തെ കുറിച്ചാണ്. ഈ അനുഭൂതിയുടെ മൂര്‍ത്തമായ ആനന്ദത്തിലാണ് ഹല്ലാജിനെ പോലുള്ള സൂഫികളില്‍ നിന്ന് ‘ഞാനാണ് അള്ളാഹു ‘ ( അനല്‍ ഹഖ് ) തുടങ്ങിയ വാക്കുകള്‍ നിര്‍ഗളിക്കുന്നത്. അത് കൊണ്ടാണ് ‘മൗനം ജ്ഞാനമാണ് അതിനെ പ്രവര്‍ത്തിക്കുന്നവര്‍ വിരളവും’ എന്ന് പ്രവാചകന്‍ പറഞ്ഞു വെക്കുന്നത്.
അബ്ദുസലാം ബ്ന്‍ വശീശ് എന്നവരുടെ സ്വലാത്തു ഇബ്‌നു വശീശില്‍ മുഹമ്മദീയ ഹഖീഖത്തിന്റെ സത്തയെ ആവാഹിക്കാന്‍ ശ്രമിക്കുന്നതായി കാണാം: ‘ ഏതൊരു വ്യക്തിയില്‍ നിന്നാണോ ആന്തരിക രഹസ്യങ്ങള്‍ പുറപ്പെടുന്നത്, ആരില്‍ നിന്നാണോ വൈജ്ഞാനിക പ്രകാശം നിര്‍ഗളിക്കുന്നത്, ആരിലാണോ യാഥാര്‍ത്യങ്ങള്‍ മൂര്‍ത്തഭാവത്തിലെത്തുന്നത്, ആരുടെ ജ്ഞാന വിസ്‌ഫോടനങ്ങള്‍ക്ക് മുമ്പിലാണൊ ആദമിന്റെ വിശാലമായ ജ്ഞാനം കൈക്കൂപ്പി നിന്നത് അവരില്‍ അള്ളാഹുവിന്റെ കരുണയുണ്ടാവട്ടെ’ തുടങ്ങീ അതിന്ദ്രീയമായ അനുഭതലങ്ങളിലെ മുഹമ്മദീയ ഹഖീഖത്തിനെ ആവിഷ്‌കരിക്കുന്നുണ്ട് സ്വലാത്ത് ഇബ്‌നു വശീശ്.
മുഹമ്മദീയ ഹഖീഖത്തിനെ തേടിയവരും അനുഭവിച്ചവരും അതിന്റെ വ്യാപ്തിയും ആനന്ദവും വര്‍ണിക്കുന്നുണ്ട്. ഇമാം ജലാലുദ്ദീന്‍ അസ്സുയൂഥി എന്നവര്‍ അശ്ശമാഇലു ശരീഫ: യില്‍ പ്രവാചകരുടെ ആന്തരികമായ ഭാഷാ സൗന്ദര്യത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് . അങ്ങ് സംസാരിക്കുന്ന ഭാഷയേതെന്ന ഉമര്‍(റ)ന്റെ ചോദ്യത്തിന് പ്രകാശമറ്റ ഇസ്മാഈലിന്റെ ഭാഷ ജിബ്രീല്‍ തനിക്ക് കൈമാറുകയും മുഹമ്മദീയ പ്രകാശകിരണം ചേര്‍ത്ത് ഭാഷയുടെ പരമമായ സൗരഭ്യത്തില്‍ അതിനെ പ്രകാശിപ്പിക്കുകയും ചെയ്താണ് തങ്ങളുടെ ഹഖീഖിയ്യായ സ്വരങ്ങളെ പ്രകടിപ്പിക്കുന്നതെന്നാണ് പ്രവാചകര്‍ മറുപടി പറയുന്നത്.
പ്രകടമായ, മാനുഷികമായ പ്രവാചകരെ കൂടുതല്‍ തുറന്ന് കാട്ടിയ പ്രവാചക പത്‌നി ആഇഷാ ബീവിയും, ആന്തരികമായ പ്രവാചകരെ കൂടുതല്‍ ആവാഹിച്ചെടുത്ത പ്രിയപുത്രി ഫാത്തിമ ബീവിയും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മയും ആഭ്യന്തര പടലപിണക്കങ്ങളും ചില ചരിത്രങ്ങളിലെങ്കിലും കാണാം. അത്തരം ചരിത്രാഖ്യാനങ്ങളുടെ ആധികാരികതയെക്കുറിച്ച ചര്‍ച്ചകള്‍ പ്രസക്തമാണെങ്കിലും പ്രവാചകര്‍ അവരെ രണ്ട് പേരെയും ചാരത്തിരുത്തി യമനിലെ സത്രീകളുടെ ദീര്‍ഘമായ കഥ പറഞ്ഞ് കൊടുത്തതിന് ശേഷം ഇവര്‍ക്കിടയിലെ സ്വരചേര്‍ച്ചയില്ലായ്മ അപ്രത്യക്ഷമായതായി കാണാം. ദീര്‍ഘമായ ‘ സൊറ പറച്ചില്‍ ‘ ആഇഷാ ബീവി അതിന്റെ പ്രകടമായ രീതിയില്‍ കേള്‍ക്കുകയും ഉള്‍കൊള്ളുകയും ചെയ്തപ്പോള്‍ ഫാത്തിമ ബീവി അതിന്റെ ആന്തരികമായ, വിവിധങ്ങളായ ജ്ഞാനതലങ്ങളിലൂടെ പ്രവാചക സംസാരത്തെ ഉള്‍കൊള്ളുകയും ചെയ്തതിന് ശേഷം രണ്ട് പേര്‍ക്കും തങ്ങളുടെ ചിന്താ ശൈലിയുടെ വ്യത്യാസം മനസ്സിലാവുകയും അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഇല്ലാതാവുകയും ചെയ്തു.
കാര്യങ്ങളെ ആന്തരിക ഭാഷയില്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതില്‍ പ്രഗല്‍ഭരായിരുന്ന ഇബ്‌നു അബ്ബാസ്(റ), അതിന്ദ്രീയമായ ജ്ഞാന തലങ്ങളെ വിശാലമായി സംസാരിക്കുന്നതില്‍ മുഹമ്മദീയ ഹഖീഖത്തിന്റെ സൗന്ദര്യമായ വ്യാപ്തിയെ കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. ഇബ്‌റാഹീം നബിയെ തീകുണ്ഡാരത്തിലേക്ക് എറിയുമ്പോഴും നൂഹ് നബിയും വിശ്വാസി സമൂഹവും കപ്പലിലേറി ദൈവ ശിക്ഷയില്‍ നിന്ന് രക്ഷനേടുമ്പോഴും മുഹമ്മദീയ ഹഖീഖത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
മുഹമ്മദീയ യാഥാര്‍ത്യത്തെ മനസ്സിലാക്കിയ ശത്രുവായിരുന്നു വലീദ്ബ്‌നു മുഗീറ. സുന്ദരമായ മുഹമ്മദീയ യാഥാര്‍ത്യത്തിന്റെ ആന്തരികമായ അര്‍ഥതലങ്ങളെയും ഖുര്‍ആനിന്റെ അമാനുഷിക സ്വഭാവത്തെയും മനസ്സിലാക്കിയ അദ്ദേഹം പ്രവാചകരെ കേള്‍ക്കുന്നതില്‍ നിന്ന് മക്കാ നിവാസികളെ പിന്തിരിപ്പിച്ചിരുന്നു. നബി തങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വേളകളില്‍ ഒളിച്ചിരുന്നു കേട്ടിരുന്ന അബൂലഹബ് മുതല്‍ അബൂ ജഹല്‍ വരെയുള്ള മക്കയിലെ പ്രമുഖരെയെല്ലാം വലീദ് അകറ്റി നിര്‍ത്തിയിരുന്നു. മാത്രവുമല്ല, അഹ്നഫ് ബിന് ഖൈസിനെ പ്രവാചകരെ കേള്‍ക്കുന്നതില്‍ നിന്ന് തടഞ്ഞതായി ചരിത്രത്തില്‍ കാണാം.
അദ്ദേഹമാണ് ആദ്യമായി ഖുര്‍ആനിന്റെ ആന്തരിക ശക്തിയെ സിഹ്‌റെന്ന് വിശേഷിപ്പിച്ച് ഖുര്‍ആന്റെ അമാനുഷികതയെ സാമാന്യവല്‍കരിക്കാന്‍ ശ്രമിച്ചത്. മുഹമ്മദീയ ഹഖീഖതിനെ ബോധ്യമായതില്‍ നിന്നാണ് ഈ സമീകരണം അദ്ദേഹം നടത്തുന്നത്.
നബി തങ്ങള്‍ സ്വന്തത്തെ പരിചയപ്പെടുത്തുന്നത് ‘അനാ മിന്‍ നൂരില്ലാഹ്’ എന്നാണ്; ഞാന്‍ അല്ലാഹുവിന്റെ പ്രകാശത്തില്‍ നിന്നാണ്. പ്രവാചക പ്രകാശത്തെ പരിചയപ്പെടുത്തുന്ന അള്ളാഹുവിന്റെ പ്രയോഗ രീതിയും വളരെ ചിന്തനീയമാണ്. (നൂറുന്‍ അലാ നൂര്‍ )എന്ന സംവേദനത്തെ പരിഭാഷപ്പെടുത്തുന്നതില്‍ നല്ല സന്ദേഹമുണ്ട്, അന്നൂറു അലന്നൂര്‍ എന്ന് പറയാമായിരുന്നിടത്താണ്, ജനങ്ങള്‍ക്ക് അറിയാവുന്ന പ്രകാശത്തിനപ്പുറത്ത് അറിയാത്ത പ്രകാശത്തിന്റെ സൗന്ദര്യം വിവരിക്കുന്നത്.
സൂറത്തുല്‍ ഫാതിഹയിലെ പല ആയത്തുകള്‍ക്കും അതിന്ദ്രീയമായ അനുഭവജ്ഞാനങ്ങളില്‍ നിന്നുരുത്തിരിയുന്ന ആന്തരികമായ വായനകള്‍ വ്യാഖ്യാതാക്കള്‍ നടത്തുന്നുണ്ട്. അല്‍ഹംദുലില്ലാഹ് എന്ന വാക്യത്തിന് ‘സര്‍വ സ്തുതിരും അള്ളാഹുവിനാണ്’ എന്ന വ്യാഖ്യാനമാണ് പ്രകടമെങ്കിലും സ്വയമെന്തിനല്ലാഹു പുകഴ്ത്തി പാടണമെന്ന ചിന്തയില്‍ നിന്നു അല്‍ഹംദുലില്ലാഹ് എന്ന പദത്തെ അല്‍ മുഹമ്മദു ലില്ലാഹി റബ്ബില്‍ ആലമീന്‍ എന്ന ആന്തരിക വായന നടത്തുന്നവരുണ്ട്. സ്തുതി പാടലുകളുടെയും പുകഴ്ത്തി പറയലുകളുടെയും വചനങ്ങള്‍ ആവിഷ്‌കരിച്ച പ്രവാചകരായ, സകലഹംദുകളും ആവാഹിച്ചെടുത്ത മുഹമ്മദിനെ അള്ളാഹുവില്‍ ലയിപ്പിക്കുന്നതിന്റെ മറ്റൊരു വാചകമായി അല്‍ഹംദുലില്ലാഹിയെ കാണുന്നു. ഇയ്യാക്ക നഅബുദു എന്ന വാക്യങ്ങളുടെ മുമ്പില്‍ നബിയെ അങ്ങ് പറയുക (ഖുല്‍ ) എന്ന് സങ്കല്‍പിച്ചാവണം വായിക്കേണ്ടതെന്ന് പറയുന്നതിനപ്പുറം ആവശ്യമായ പദങ്ങളെ ഖുര്‍ആനില്‍ നിന്നൊഴിവാക്കി സാങ്കല്‍പിക വായനകള്‍ നടത്തേണ്ടതില്ലെന്ന ചിന്തയില്‍ നിന്നും അങ്ങയെ ഞാനൊന്ന് പ്രണയിച്ചോട്ടെയെന്ന് തന്റെ ഹബീബിനോടഭ്യര്‍ഥിക്കുന്ന അനുരാഗ വാചകങ്ങളായി ഇയ്യാക്ക നഅ്ബ്ദുവിനെ വായിക്കുന്നവരുമുണ്ട്. സ്വിറാഥല്‍ മുസ്തഖീമിലേക്ക് നയിക്കണേ (ഇഹ്ദിനാ സിറാഥല്‍ മുസ്തഖീം ) എന്നതിനും സമാനമായ വായന നടത്തുന്നുണ്ട്; മുഹമ്മദീയ ഹഖീഖത്തിന്റെ അനുഭൂതിയില്‍ അഭിരമിക്കുന്ന, പ്രവാചകന്മാരുടെയും സിദ്ദീഖീങ്ങളുടെയും സ്വാലിഹീങ്ങളുടെയും ശുഹദാക്കളുടെതുമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച റഫീഖീങ്ങളുടെ അനുരാഗപൂര്‍ണമായ പാതയുടെ പ്രകാശനമാണത് കൊണ്ട് വിവക്ഷിക്കുന്നത്.
മൂര്‍ത്തമായ മുഹമ്മദീയ യാഥാര്‍ത്യത്തെ ഉള്‍കൊള്ളുമ്പോഴാണ് ആശിഖീങ്ങളും മാദിഹീങ്ങളും ജനിക്കുന്നത്. ആന്തരികമായ ഈ അനുഭവങ്ങള്‍ പ്രകടമാക്കുമ്പോഴാണ് ജലാലുദ്ധീന്‍ റൂമിയുടെയും ഇമാം ബൂസ്വീരിയുടെയും അനുരാഗ കാവ്യങ്ങള്‍ രചിക്കപ്പെടുന്നത്. ‘ദൈവികമായ അനുഗ്രഹങ്ങള്‍ കൊണ്ടും മുഹമ്മദീയ ഹഖീഖത് കൊണ്ടും നിങ്ങള്‍ ആഘോഷിക്കുക ‘ (ഖുല്‍ ബി ഫള്‌ലില്ലാഹി വബി റഹ് മതിഹി ഫ ബിദാലിക ഫല്‍ യഫ്‌റഹൂ ) എന്നതിലെ ആഘോഷ പ്രകടനങ്ങനങ്ങളാണ് വിവിധങ്ങളായ കലാരൂപമായി ആവിഷ്‌കരിക്കപ്പെടുന്നത്. തെരുവിലൂടെ നടക്കുമ്പോള്‍ കൊല്ല പണിക്കാരന്റെ ആലയിലെ പണിയായുധങ്ങള്‍ നിര്‍മിക്കുന്ന അനുരാഗ കാവ്യങ്ങളാണ് ജലാലുദ്ധീന്‍ റൂമിയെ നൃത്തചുവടുകളിലേക്കാനയിച്ചത്. ഇഷ്ഖില്‍ ചാലിച്ച ഈ നൃത്തച്ചുവടുകളാണ് ആന്തരികമായ ആത്മീയ ചൈതന്യത്തിന്റെ ഉറവിടമായ സമ: യായും മൗലവിയ്യ ത്വരീഖത്തിന്റെ രിയാളയായും മാറുന്നത്.
ഫുളൈലു ബ്‌നു ഇയാളിന്റെയും ബിഷ്‌റുല്‍ ഹാഫിയുടെയും അബ്ബാസുല്‍ മുര്‍സിയുടെയും ജീവിതഘട്ടങ്ങളില്‍ മുഹമ്മദീയ ഹഖീഖത്തിന്റെ വിത്യസ്തമായ ഉള്‍കൊള്ളലുകള്‍ ദര്‍ശിക്കാനാകും. ഗസാലി ഇമാമിന്റെ ജീവിതത്തിലെ ദീര്‍ഘമായ യാത്രകളും മാനസിക വ്യതിയാനങ്ങളും അതിന്ദ്രീയമായ വൈജ്ഞാനിക തലങ്ങളിലൂടെ പ്രവാചകരെ ദര്‍ശിച്ചതിന്റെ അനന്തരഫലമാണ്. ഇബ്‌നു ഖല്‍ദൂനിലൂടെ വിശാലമായ വൈജ്ഞാനിക, സാമൂഹിക വിപ്ലവങ്ങളും ഇബ്‌നു തുഫൈലിന്റെ ഹയ്യ്ബ്‌നു യഖ്‌ളാനിലൂടെ ആവിഷ്‌കരിച്ച കലാവിഷ്‌കാര മൂല്യങ്ങളും മുഹമ്മദീയ ഹഖീഖത്തിന്റെ വിത്യസ്തമായ ജ്ഞാന തലങ്ങളാണ്.
മൂര്‍ത്തമായ മുഹമ്മദീയ യാഥാര്‍ത്യത്തെ വായിക്കാന്‍ സൃഷ്ടികളുടെ അറിവും അനുഭവവും പരിമിതമാണ്. ഇമാം ബൂസ്വീരി തങ്ങള്‍ വര്‍ണിച്ചത് പോലെ; വിവരണങ്ങള്‍ക്കും വിശേഷണങ്ങള്‍ക്കുമതീതമായ പ്രവാചകരുടെ ആത്യന്തികമായ വിശേഷണം അവര്‍ മനുഷ്യരാണ് എന്നതാണ്.(ഹല്‍ അതാ അലല്‍ ഇന്‍സാനി ഹീനുന്‍ മിന ദഹ് രി ലം യകുന്‍ ശൈഅന്‍ മദ്കൂറാ) എന്ന സൂക്തത്തിനെ സാമ്പ്രദായിക വ്യാഖ്യാനത്തിനപ്പുറം, അല്‍ ഇന്‍സാന്‍ എന്ന മുഹമ്മദീയ യാഥാര്‍ത്യത്തില്‍ അജ്ഞാതമായ ഒരു കാലഘട്ടം ഉണ്ടായിരുന്നെന്ന വ്യാഖ്യാനങ്ങളെ മുന്‍നിര്‍ത്തി, വാക്കുകള്‍ക്കും തൂലികകള്‍ക്കും അശക്തമായ, പരിമിതമായി അനുഭവിച്ചവര്‍ക്ക് പോലും പൂര്‍ണമായി വര്‍ണിക്കാന്‍ കഴിയാത്ത സത്തയുടെ പേരാണ് അല്‍ ഹഖീഖതുല്‍ മുഹമ്മദുല്‍ കുല്ലിയ്യ.
Add comment