Thelicham

സൂറത്തുല്‍ കൗസര്‍: നബി വ്യക്തിത്വത്തിന്റെ തനതാവിഷ്‌കാരം

ഖുര്‍ആനിലെ ചെറിയ അധ്യായമാണല്ലോ സൂറത്തുല്‍ കൗസര്‍! എന്നാല്‍ ആ ചുരുങ്ങിയ വചനങ്ങളിലുള്‍ചേര്‍ന്ന ആശയങ്ങളോ അതിഗഹനമാണ്. തിരുനബിയുടെ വ്യക്തിത്വത്തെ കുറിച്ചുള്ള അതിമനോഹരമായ ആവിഷ്‌കാരങ്ങളുടെ പരിസമാപ്തിയായി, സംക്ഷിപ്താവതരണമായി അല്‍ കൗസര്‍ അധ്യായം നിലകൊള്ളുന്നു.ഈയൊരു മുന്നുര മനസിലാക്കി നമുക്ക് ഓതി നോക്കാം:

‘നബിയെ, തീര്‍ച്ചയായും നാം അങ്ങേക്ക് കൗസര്‍ നല്‍കിയിരിക്കുന്നു. ആകയാല്‍, അങ്ങ് അങ്ങയുടെ നാഥനു വേണ്ടി നിസ്‌കാരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക. അങ്ങയുടെ ശത്രുവാരോ അവനാണ് കുറ്റിയറ്റവന്‍.’ ( സൂറത്തുല്‍ കൗസര്‍)

തിരുനബി(സ)യുടെ വാഴ്‌വുകളുടെ പരിസമാപ്തിയായി തന്നെയാണ് അനുഭവപ്പെടുന്നത്. ളുഹാ അധ്യായം മുതല്‍ തുടങ്ങി വെച്ച തിരുപുകളുകളുടെ സത്തയെ അല്‍കൗസര്‍ എന്ന പദത്തില്‍ ആറ്റിക്കുറുക്കിയതുപോലെ. തര്‍ജമകള്‍ തോറ്റുപോകുന്നിടം. വിശുദ്ധ വേദത്തിലെ ആഴമേറിയ വാക്കുകളെ കുറിക്കാന്‍ തര്‍ജമക്കാവാറില്ല എന്ന യാഥാര്‍ത്ഥ്യമാണ് അല്‍ കൗസര്‍ വളരെ ലളിതമായി മനസ്സിലാക്കിത്തരുന്നത്. കൗസര്‍ എന്ന പദത്തിന്റെ ആശയം മുഴുവന്‍ നമ്മുടെ ഭാഷയിലെന്നല്ല ലോകത്തൊരു ഭാഷയിലും ഒറ്റപദം കൊണ്ട് പരിഭാഷപ്പെടുത്താവതല്ല. മുബാലഗ (ആധിക്യസൂചക) പദമാണിത്. അപാരമായ സമൃദ്ധി, പെരുപ്പം എന്നൊക്കെയാണ് കൗസറിന്റെ ഭാഷാര്‍ഥം.

നബി(സ)ക്ക് അല്ലാഹു നല്‍കിയ എല്ലാ ഇഹപരലോകാനുഗ്രഹങ്ങളെയും ഉള്‍കൊള്ളുന്ന പദമാണ് കൗസര്‍. ഖുര്‍ആന്‍ നടത്തിയ നബിയാവിഷ്‌കാരത്തെ സംഗ്രഹിക്കയാണിവിടെ എന്നു ചുരുക്കം. നബിയുടെ വ്യക്തിത്വം രൂപപ്പെട്ടത് തീര്‍ത്തും അല്ലാഹുവിന്റെ കരുണാമയമായ പരിപാലനത്തിലൂടെയും (തര്‍ബിയത്ത് ) ഇഹ്‌സാനിലൂടെയുമാണെന്നാണ് ‘നാം നല്‍കിയിരിക്കുന്നു’ എന്ന സൂക്താംശം ഓര്‍മ്മപ്പെടുത്തുന്നത്. ഇവയിലൂടെ വളര്‍ന്ന നബി വ്യക്തിത്വം എന്താണെന്നും അതിനെ എവിടെയാണ് അല്ലാഹു പ്രതിഷ്ഠിച്ചതെന്നും വ്യക്തമാക്കി തിരു വ്യക്തിത്വത്തെ കൂടുതല്‍ കരുത്തുറ്റതാക്കുകയാണിവിടെ സൂറത്തുല്‍ കൗസര്‍. അതു കൊണ്ടു തന്നെ നബി വ്യക്തിത്വത്തിന്റെ സമഗ്രമായ ആവിഷ്‌കാരമാണ് കൗസര്‍.

‘നബിയേ അങ്ങേക്ക് നാം കൗസറിനെ നല്‍കിയിരിക്കുന്നു ‘ എന്ന വചനത്തെ സൂക്ഷ്മമായി ഓതുമ്പോള്‍ മനസിലേക്കു വരുന്ന ചില കാര്യങ്ങള്‍ ഉണ്ട്:
ഈ വചനം ദ്യോതിപ്പിക്കുന്നത് അല്ലാഹു നടത്തിയ ദാനാത്മക പ്രവൃത്തിയെയാണ്. നുബുവ്വത്ത് (പ്രവാചകത്വം ), രിസാലത്, വെളിപാട് തുടങ്ങിയതൊക്കെ അല്ലാഹുവിന്റെ ധാനാത്മകമായ അനുഗ്രഹങ്ങളാണല്ലോ. അതുപോലെ അല്ലാഹു തെരഞ്ഞെടുത്ത പ്രവാചകര്‍(സ)ക്ക് നല്‍കിയ ദാനമാണ് കൗസര്‍.

അതില്‍ അല്ലാഹുവാണ് നല്‍കുന്നവന്‍. നാം നല്‍കിയിരിക്കുന്നു എന്ന പ്രയോഗത്തില്‍ അടങ്ങിയിരിക്കുന്നത് അല്ലാഹുവിന്റെ ഔന്നത്യമാണ്. ഔന്നത്യത്തെ (തഅളീം) കുറിക്കാനാണല്ലോ ബഹുവചനം (‘നാം’) പ്രയോഗിക്കാറുള്ളത്. ഇവിടെ ഓര്‍ക്കേണ്ട ഒരു നബി വചനമുണ്ട്. ‘അല്ലാഹു മാത്രമാണ് നല്‍കുന്നവന്‍. ഞാന്‍ അത് വിഹിതിക്കുന്നവനും. ‘ഇന്നാ അഅതയ്‌നാക യില്‍ അല്ലാഹുവിന്റെ വിശേഷണമാണ് പ്രകാശിക്കുന്നത്. അതാഅ, അഥവാ ഉദാരത എന്ന ഉന്നതവിശേഷണം. ഉദാരതയുടെ ഉറവിടം അല്ലാഹുവാണ്. അവന്‍ കനിഞ്ഞരുളിയതാണിക്കാണുന്നതൊക്കെയും. പുണ്യ പ്രവാചകര്‍ക്ക് അല്‍ കൗസര്‍ നല്‍കിയതും അല്ലാഹുവാണ്.

‘നാം നിങ്ങള്‍ക്ക് കൗസറിനെ നല്‍കിയിരിക്കുന്നു’ എന്നതില്‍ മറ്റാര്‍ക്കും കൗസറിനെ നല്‍കിയിട്ടില്ല. കൗസര്‍ എന്ന മഹാനുഗ്രഹത്തിന് പാത്രീഭവിച്ചത് തിരുനബി(സ)യാണ് എന്ന സൂചനയുണ്ട്. സര്‍വ്വതും നല്‍കിയത് അല്ലാഹുവായായിരിക്കെ പിന്നെന്തിനായിരിക്കാം ഈയൊരു ഉദാരതയെ ഇത്രമാത്രം പ്രാധാന്യം നല്‍കി ഉദ്ധരിച്ചത്? ഈ സംശയത്തിന്റെ നിവാരണം സൂറത്തുല്‍ കൗസറിന്റെ ചരിത്രപശ്ചാത്തലത്തിലും അവതരണ സന്ദര്‍ഭത്തിലുമാണ് വായിക്കാന്‍ കഴിയുക.

വിശുദ്ധ ഖുര്‍ആനിലെ നൂറ്റിയെട്ടാം അധ്യായമാണല്ലോ സൂറത്തുല്‍ കൗസര്‍. മക്കയില്‍ ഹിജ്‌റക്കു മുമ്പ് അവതരിച്ച അധ്യായം. പുണ്യ പ്രവാചകര്‍ക്ക് സുവിശേഷവും ശത്രുപക്ഷത്തിനുളള ഭീഷണിയുമായി ഭവിക്കുന്ന ഈ അധ്യായത്തിന്റെ അവതരണ സന്ദര്‍ഭമുണ്ടാകുന്നത് തിരുജീവിതത്തിലെ മക്കാ പശ്ചാത്തലത്തില്‍ നിന്നാണ്. തിരുനബി(സ)യുടെ പ്രബോധന കാലം. മുശ്‌രിക്കുകള്‍ ( ബഹുദൈവാരാധകര്‍ ) നബി വ്യക്തിത്വത്തെ അധിക്ഷേപിക്കുകയും വിമര്‍ശിക്കുകയും ചെയ്തു കൊണ്ടേയിരുന്നു. ആഭിചാരക്കാരന്‍, കവി, ഭ്രാന്തന്‍, ജ്യോല്‍സ്യന്‍ എന്നിങ്ങനെയുള്ള ഒത്തിരി ആരോപണങ്ങള്‍, പരിഹാസങ്ങള്‍, കളിയാക്കലുകള്‍. കൂടാതെ, ഖുറൈശി നിഷേധികള്‍ പറയാറുണ്ടായിരുന്നത്: ‘നമ്മുടെ സമുദായത്തില്‍ മുഹമ്മദ് (സ) തികച്ചും ഒറ്റപ്പെട്ടിരിക്കുന്നു. അവന്‍ നിസ്സഹായനും നിരാലംബനുമായിരിക്കുന്നു.’ മുഹമ്മദ് നബി(സ)ക്ക് പ്രവാചകത്വം ലഭിക്കുകയും അവിടുന്ന് ഖുറൈശികളെ ഇസ്ലാമിലേക്ക് ക്ഷണിക്കാനാരംഭിക്കുകയും ചെയ്തപ്പോള്‍ ‘മുഹമ്മദ് തന്റെ സമൂഹത്തില്‍നിന്ന്, വേരറ്റ മരംപോലെ വിച്ഛേദിതനായിരിക്കുന്നു. അല്‍പനാളുകള്‍ക്കകം അത് ഉണങ്ങി നിലംപൊത്തുമെന്നുതന്നെ പ്രതീക്ഷിക്കാം’ എന്നവര്‍ പ്രചരിപ്പിച്ചു. ഒരിക്കല്‍ കഅ്ബുബ്നു അശ്റഫ് (മദീനയിലെ യഹൂദിനായകന്‍) മക്കയില്‍ വന്നപ്പോള്‍ ഖുറൈശി പ്രമാണിമാര്‍ അയാളോടു പറഞ്ഞു: ‘ഇതാ താങ്കള്‍ ഈ ചെറുക്കനെ കാണുന്നില്ലേ? സ്വജനത്തില്‍നിന്ന് വിച്ഛേദിതനായ അവന്റെ വാദം അവന്‍ ഞങ്ങളെക്കാള്‍ വിശിഷ്ടനാണെന്നാണ്-ഹജ്ജും കഅ്ബ പരിപാലനും ഹാജിമാര്‍ക്കുള്ള ജലവിതരണവുമൊക്കെ നിയന്ത്രിക്കുന്നവര്‍ ഞങ്ങളായിരിക്കേ!’

ഇങ്ങനെ തുടങ്ങി പ്രവാചക വ്യക്തിത്വത്തെ ദുര്‍ബലപ്പെടുത്തി നിന്ദിക്കാന്‍ കഴിവതും ശ്രമിച്ചുകൊണ്ടിരിക്കേയാണ് അല്ലാഹു കൗസര്‍ അധ്യായം അവതരിപ്പിക്കുന്നത്. നബിയുടെ വ്യക്തിത്വം അത്യുന്നതമാണ്. ഒറ്റപ്പെട്ടതല്ല, ദുര്‍ബലമല്ല, ഒരിക്കലും വേരറ്റ മരം പോലെയല്ല. അതൊരിക്കലും ഉണങ്ങി നിലം പൊത്തുകയില്ല. മറിച്ച് മണ്ണിലേക്കാഴ്ന്ന് വേരുറച്ച, ആകാശത്തോളം വളര്‍ന്ന, എന്നും ഫലം തരുന്ന നല്ല മരം പോലെയാണ്. മക്കയിലെ ജലനിയന്ത്രണത്തേക്കാള്‍ മഹോന്നതമായ നിയന്ത്രണാധികാരങ്ങള്‍ അങ്ങേക്ക് വരാനിരിക്കുന്നു എന്ന് ദ്യോതിപ്പിക്കും വിധം, ശത്രുക്കള്‍ക്ക് മറുപടിയായി, തിരുനബി(സ)ക്ക് സമാശ്വാസമായി, ലോകര്‍ക്കാകെ നബി വ്യക്തിത്വാവിഷ്‌കാരമായി അല്ലാഹു വെളിപാടു നല്‍കുന്നു: ‘നബിയേ ,നാം താങ്കള്‍ക്ക് കൗസറിനെ നല്‍കിയിരിക്കുന്നു തീര്‍ച്ച. അതിനാല്‍ അങ്ങ് നാഥനു വേണ്ടി നിസ്‌കരിക്കുകയും ബലി നടത്തുകയും ചെയ്യുവീന്‍.

കൗസര്‍ കുറിക്കുന്ന അര്‍ത്ഥമെന്താണ്? ഒരുപാട് ഉത്തരങ്ങളുണ്ട് ഈ ചോദ്യത്തിന്. കൗസര്‍ എന്ന പദം പതിനഞ്ചോളം അര്‍ത്ഥ സാധ്യതകള്‍ നല്‍കുന്നുണ്ടെന്നാണ് പണ്ഡിത മതം. അന്ത്യനാളില്‍ എന്റെ സമുദായം വന്നു ചേരുന്ന ഒരു നദി / തടാകമത്രെ അത്. അതിന് പാലിനേക്കാള്‍ വെളുപ്പും തേനിനെക്കാള്‍ മധുരവുമുണ്ടാവും. എന്നായിരുന്നു നബിയുടെ മറുപടി. അഥവാ തിരുനബി (സ) പരലോകത്തെ പാനീയത്തെ നിയന്ത്രിക്കുന്നവരാണ്. ഖുറൈശികള്‍ വ്യക്തിത്വാധിക്ഷേപം നടത്തിയത് മക്കയിലെ ജലവിതരണാധികാരമില്ല എന്ന കാരണമുന്നയിച്ചായിരുന്നുവല്ലോ. എന്നാല്‍ അല്ലാഹു പറയുന്നത്: നിങ്ങള്‍ ഇവിടെയുള്ള ജല വിതരണക്കാരനല്ല മറിച്ച് നിങ്ങള്‍ക്ക് നാം കൗസര്‍ എന്ന ഉന്നതപാനീയത്തെ നല്‍കിയിരിക്കുന്നു. അതാണ് നിങ്ങളുടെ വ്യക്തിത്വത്തോട് ചേര്‍ന്നത്. അതിനെ നാം നല്‍കിയിരിക്കുന്നു. മറ്റൊരു രൂപത്തില്‍, കൗസര്‍ നല്‍കാന്‍ മാത്രം മികച്ച വ്യക്തിത്വത്തിന്റെ ഉടമയാണ് താങ്കള്‍. അതിനായി നിങ്ങളെ നാം തിരഞ്ഞെടുത്തിരിക്കുന്നു എന്നു പറയും പോലെ.നിങ്ങള്‍ തന്നെയാണ് ശരി. നിങ്ങളുടെ വ്യക്തിത്വലലിഞ്ഞു ചേര്‍ന്ന ഉബൂദിയത്ത് (വിശുദ്ധ ദാസ്യം) എന്ന വിശേഷണത്തിന്റെ സമര്‍പ്പണം നിസ്‌കാരത്തിലൂടെയും അറവിലൂടെയും തുടരുക. നിങ്ങളുടെ വ്യക്തിത്വത്തെ നിന്ദിച്ചവന്‍ തന്നെയാണ് വാലറ്റവന്‍ ( തലമുറയറ്റവന്‍) എന്നാണ് ഈ അധ്യായം പ്രഖ്യാപിക്കുന്നത്. ഖുറൈശി നിഷേധികള്‍ വിമര്‍ശിച്ച നബിയുടെ വ്യക്തിത്വത്തിന്റെ അനുസ്യൂതമാം വളര്‍ച്ചയെയും ഔന്നത്യത്തെയും തുറന്നുകാട്ടിക്കൊടുത്തു.

ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന് രണ്ടു തലങ്ങളാണുണ്ടാവുക.
1 .ആധ്യാത്മികം

  1. ഭൗതികം
    നാം അങ്ങേക്ക് കൗസറിനെ നല്‍കിയിരിക്കുന്നു. എന്നതിലെ കൗസര്‍ എന്ന പദം ഈ രണ്ടു തലങ്ങളെയും ഉള്‍ക്കൊള്ളുന്നതായി കാണാം. കൗസര്‍ എന്നാല്‍ പരലോകത്തില്‍ തിരുനബി(സ)ക്കുള്ള തടാകമെന്ന അര്‍ത്ഥം കല്‍പ്പിക്കുമ്പോള്‍ കൗസര്‍ നബി വ്യക്തിത്വത്തിന്റെ ആധ്യാത്മമായ ഔന്നത്യത്തെ കുറിക്കുന്നതാവുന്നു. എന്നാല്‍ കൗസര്‍ നബി (സ) യുടെ അഹ്‌ലു ബൈത്ത് എന്ന അര്‍ത്ഥം കല്‍പ്പിക്കുമ്പോള്‍ നബി വ്യക്തിത്വത്തിന്റെ ഭൗതികമായ ഔന്നത്യത്തെയും ഉള്‍വഹിക്കുന്നതായി കാണാം.

അഹ്‌ലു ബൈത്ത് എന്നാല്‍ പ്രവാചകരുടെ പരമ്പരയാണ്. വിശുദ്ധ ഖുര്‍ആനില്‍ ഒരിടത്തു പറയുന്നതു കാണാം: ‘നബിയേ, അങ്ങ് പറയുക, ഞാന്‍ നിങ്ങളോട് കൂലിയായി എന്റെ കുടുംബത്തോടുള്ള സ്‌നേഹമല്ലാതെ ഒന്നും ചോദിക്കുന്നില്ല’. പ്രവാചക കുടുംബവും കൗസര്‍ തടാകവും അല്‍ കൗസറിന്റെ അര്‍ത്ഥമാകുമ്പോള്‍ ശത്രുക്കളുടെ ആരോപണങ്ങള്‍ക്കു മറുപടിയായി ഈ വചനം തന്നെ ധാരാളം. നബി വ്യക്തിത്വം സന്താന പരമ്പരകളാലും കൗസര്‍ തടാകവും നേടിയതിലൂടെയും വ്യക്തിത്വം ദുര്‍ബലമല്ല ശക്തമാണ് എന്നു വ്യക്തമായി. ഇനി ഇമാം റാസി(റ) വിവരിച്ചതു പോലെ അല്‍കൗസര്‍ നബി (സ)ക്ക് നല്‍കിപ്പോന്ന ഇഹപര നന്മകളഖിലവും ഉള്‍ക്കൊള്ളുന്നുവല്ലോ. നബിവ്യക്തിത്വത്തിന്റെ ഒന്നത്യത്തിന്റെ പാരമ്യത ബോധ്യപ്പെടാന്‍ ഇതുമതി.

ഇമാം ബൂസീരി (റ) നബി വ്യക്തിത്വത്തെ വര്‍ണിച്ചത് എത്ര കൃത്യമാണ്! ‘അവിടുത്തെ ബാഹ്യാന്തരങ്ങളത്രയും സമ്പൂര്‍ണമായിട്ടാണ് സൃഷ്ടികര്‍ത്താവ് അവിടുത്തെ പ്രിയപ്പെട്ടവനായി തിരഞ്ഞെടുത്തത്’. നബിയുടെ വ്യക്തിത്വം ഭൗതികമായും ആധ്യാത്മികമായും സമ്പൂര്‍ണമാണെന്നു സാരം.

കൗസര്‍ നല്‍കി എന്നതിനു ശേഷമാണ് പറയുന്നത് ‘നിങ്ങള്‍ നിങ്ങളുടെ നാഥനു വേണ്ടി നിസ്‌കരിക്കുകയും ബലി നടത്തുകയും ചെയ്യുക.’ നിസ്‌കാരവും ബലിയും ആരാധനകളാണ്. ആരാധനകളര്‍പ്പിക്കും മുമ്പേ കൗസറിനെ അല്ലാഹു നല്‍കിയല്ലോ. അഥവാ അല്ലാഹു പറയും പോലെ: ‘പ്രാര്‍ത്ഥിക്കുന്നതിനു മുമ്പേ, ചോദിക്കുന്നതിന് മുമ്പേ കൗസര്‍ നല്‍കുന്നതില്‍ നാം ഒരു പിശുക്കും കാണിച്ചിട്ടില്ല. പിന്നെയെങ്ങനെയാണ് നിങ്ങള്‍ ചോദിച്ചതിനു ശേഷം തരാതിരിക്കുക? എങ്കില്‍ നിങ്ങള്‍ ചോദിച്ചുകൊള്‍ക, ചോദിക്കുന്നത് നിങ്ങള്‍ക്ക് നല്‍കും, ശിപാര്‍ശ ചെയ്യുന്നത് സ്വീകരിക്കപ്പെടും.’ കൂടാതെ നിസ്‌കാരവും ബലിയും സ്വാത്മസ്വത്വത്തിന്റെ സമര്‍പ്പണം കൂടിയാണ്. നിസ്‌കാരത്തിലൂടെ വൈയക്തികമായും ബലിയിലൂടെ അത് സാമൂഹികമായും സമര്‍പ്പിക്കപ്പെടുന്നു. നിസ്‌കാരത്തിലൂടെ സത്തയെയാണ് സമര്‍പ്പിക്കുന്നതെങ്കില്‍ ബലിയിലൂടെ അത് പകരുന്ന മഹിതമായ ആശയത്തെയാണ് സമര്‍പ്പിക്കുന്നത്.

ചുരുക്കത്തില്‍, നബിയെ അങ്ങയുടെ വ്യക്തിത്വം സമ്പൂര്‍ണമാണ്. അങ്ങു തന്നെയാണ് ശരി. അതിനാല്‍ നാഥനു വേണ്ടി നിസ്‌കരിച്ചും ബലി നടത്തിയും മുന്നോട്ടു പോവുക. അങ്ങയുടെ ശത്രുവാരാണോ അവനാണ് കുറ്റിയറ്റവന്‍. ഇതാണ് സൂറത്തുല്‍ കൗസര്‍ പറഞ്ഞു വെക്കുന്നത്. കാല-ദേശാന്തരങ്ങളെയും അതിരുകളെയും ഭേദിച്ച് നിത്യ ശോഭിത സുന്ദര വസന്തമായി നബി വ്യക്തിത്വം സൂറത്തുല്‍ കൗസറില്‍ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു.

അവലംബങ്ങള്‍
വിശുദ്ധ ഖുര്‍ആന്‍
സ്വഹീഹുല്‍ബുഖാരി
ഉസ്താദ് ഇ.എം.എ അരിഫ് ബുഖാരിയുമായുള്ള സംസാരം

മുഹമ്മദ് സിനാന്‍ കെ പടിഞ്ഞാറത്തറ

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.