Thelicham

ഇന്ത്യയിലെ ജിന്നിടങ്ങള്‍ അദൃശ്യതയെ ആശയവത്കരിക്കുന്ന വിധം

‘വിശുദ്ധ ഇടങ്ങളെ'(sacred spaces)ക്കുറിച്ചുളള അക്കാദമിക വ്യവഹാരങ്ങളധികവും ചര്‍ച്ച ചെയ്യുന്നത് ദൃശ്യ(visible) ഇടങ്ങളെ സംബന്ധിച്ചാണ്. ഇൗ ചര്‍ച്ചകളില്‍ അദൃശ്യ ഇടങ്ങള്‍ കൂടുതലായി പഠനവിധേയമായിട്ടില്ല. കാലങ്ങളായി മനുഷ്യര്‍ ആദരിച്ചുപോരുന്ന അദൃശ്യജീവികളുമായി ബന്ധപ്പെട്ട പവിത്രത കല്‍പ്പിക്കപ്പെടുന്ന സ്ഥലങ്ങളെയാണ് ‘അദൃശ്യമായ വിശുദ്ധ ഇടങ്ങള്‍'(invisible sacred space) എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. ജിന്ന് പളളികളെ പോലെയുളള ഇത്തരം ഇടങ്ങള്‍, വ്യത്യസ്ത ആചാരങ്ങള്‍ ഉയര്‍ന്നുവരാന്‍ നിമിത്തമായ ഒരുതരം ‘സങ്കല്‍പ്പിത പവിത്രത'(imagined sacredness)യെ അടിസ്ഥാനമാക്കിയാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച പ്രശസ്ത സൂഫിയും ദൈവശാസ്ത്ര പണ്ഡിതനുമായിരുന്ന ശാഹ് വലിയുല്ലാഹി ദഹ്‌ലവി അധ്യാത്മിക ഔന്നത്യങ്ങളിലെത്തിയതിനെക്കുറിച്ച് പ്രചാരത്തിലുളള ഒരു ജിന്ന് കഥയുണ്ട്. ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ല പള്ളിയില്‍ നിസ്‌കാരം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ മുന്നില്‍ അപ്രതീക്ഷിതമായി പാമ്പിന്റെ രൂപം പ്രാപിച്ച ഒരു ജിന്ന് പ്രത്യക്ഷപ്പെട്ടു. എന്നാല്‍, തന്റെ മുന്നില്‍ വന്നുനില്‍ക്കുന്നത് ജിന്നാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ തല്‍ക്ഷണം തന്നെ അദ്ദേഹം ആ ജീവിയെ തല്ലിക്കൊന്നു. ഈ സംഭവത്തിന് ശേഷം ജിന്ന് സന്തതികളിലൊരാളെ കൊന്നതിന്റെ പേരില്‍ ജിന്നുകളുടെ സദസ്സില്‍ ഹാജരാക്കപ്പെട്ട അദ്ദേഹം, അവിടെ തടിച്ച്കൂടിയ ജിന്നുകള്‍ക്ക് സമക്ഷം തന്റെ നിരപരാധിത്വം ബോധിപ്പിച്ചപ്പോള്‍ അവരദ്ദേഹത്തെ കുറ്റവിമുക്തനാക്കി വിട്ടയച്ചു. ഇതിന് ശേഷമാണ് അദ്ദേഹം കൂടുതല്‍ വിഖ്യാതനായതും ജനപ്രസിദ്ധിയാര്‍ജ്ജിച്ചതുമെന്നാണ് കഥാസാരം.

വാമൊഴികളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട സമാനമായ ജിന്ന് സംബന്ധിയായ മറ്റ് കഥകളെല്ലാം വിരല്‍ചൂണ്ടുന്നത് ജിന്നുകളെ പോലെയുളള അദൃശ്യ ജീവികള്‍ക്ക് മാനുഷിക കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയുമെന്ന സാമാന്യ ധാരണയിലേക്ക് തന്നെയാണ്. ജിന്നുകളുടെ നഗരമെന്ന വിളിപ്പേരുളള ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയിലെത്തുന്ന തീര്‍ത്ഥാടകര്‍ തങ്ങളുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി നിര്‍വഹിച്ചുവരുന്ന കത്തെഴുത്തടക്കമുളള വിവിധ ആചാര രീതികള്‍ ഏറെ ശ്രദ്ധേയമാണ്. പതിനാലാം നൂറ്റാണ്ടിലെ തുഗ്ലക്ക് രാജവംശത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്ന ഫിറോസ് ഷാ കോട്‌ല നിലവില്‍ ജിന്നുകളാല്‍ ഭരിക്കപ്പെടുന്നുവെന്നാണ് പൊതുജന ഭാഷ്യം.

പണ്ട് കാലം മുതല്‍ക്കേ അദൃശ്യ/ അജ്ഞാത ജീവികളോട് മനുഷ്യര്‍ക്ക് മതിപ്പും കൗതുകവുമുണ്ടായിരുന്നുവെന്നത് വാസ്തവമാണ്. ഈ കൗതുകം തന്നെയായിരിക്കണം ഇത്തരം ജീവികള്‍ക്ക് പവിത്രത കല്‍പ്പിക്കുന്നതിലേക്ക് മനുഷ്യരെ നയിച്ചതും. മനുഷ്യരുടേയും മനുഷ്യേതര മൃഗങ്ങളുടേയും രൂപം പ്രാപിക്കാന്‍ കഴിവുളള കല്ലുകളിലും മരങ്ങളിലും കെട്ടിടാവിശിഷ്ടങ്ങളിലും തങ്ങുന്ന തീയിനാല്‍ സൃഷ്ടിക്കപ്പെട്ട ജീവികളാണ് ജിന്നുകള്‍. ഭൂമിയില്‍ മനുഷ്യ-മനുഷ്യേതര ജീവികളുണ്ടെന്ന പോലെ ആലമുല്‍ മലകൂത്ത് എന്നറിയപ്പെടുന്ന അഭൗതിക ലോകത്ത് ജീവിക്കുന്ന ജിന്നുകള്‍ക്കിടയിലുമുണ്ട് മനുഷ്യരെ പോലുളളവരും അല്ലാത്തവരും. മനുഷ്യരുടേത് പോലെ ശാരീരികാവശ്യങ്ങളുളള ജിന്നുകള്‍ക്ക് സൂക്ഷ്മമായ ശരീര പ്രകൃതിയുളളതിനാല്‍ മനുഷ്യപ്രാപ്തിക്കപ്പുറത്തുളള പല കാര്യങ്ങളും സാധ്യമാണ്. ജിന്നുകളുടെ നിലനില്‍പ്പിനെ സംബന്ധിച്ച സംവാദങ്ങളുടെ മൂല കാരണമായി ഗണിക്കപ്പെടുന്നത് അവയുടെ പ്രധാന വിശേഷഗുണമായ അദൃശ്യത തന്നെയാണ്.

ജിന്നുകള്‍ക്ക് മനുഷ്യരെ പ്രാപിച്ചു വശമാക്കാനുള്ള ശേഷിയുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ബുദ്ധിഭ്രമം സംഭവിച്ചവനെ വിശേഷിപ്പിക്കുന്ന ‘മജ്‌നൂന്‍’ എന്ന പദത്തിന്റെ മറ്റൊരര്‍ത്ഥം ജിന്ന് ബാധയേറ്റവനാണെന്നത് ഈ വിശ്വാസത്തിന് ബലമേകുന്നു. ജിന്നുകളുടെയും മനുഷ്യരുടെയുമിടയില്‍ മധ്യവര്‍ത്തികളായി നിലകൊള്ളുന്ന സൂഫികള്‍ ജിന്നുകളുമായുള്ള നിരന്തര സമ്പര്‍ക്കം മൂലമാണ് അത്യുന്നത ആത്മീയ തലങ്ങളില്‍ എത്തിച്ചേര്‍ന്നത്. ജിന്ന് ബാധയേറ്റവരില്‍ നിന്ന് ബാധ കുടിയൊഴിപ്പിക്കുന്ന സമയത്ത് സൂഫികള്‍ ജിന്നുകളുമായി നേരിട്ട് സംസാരിച്ചിരുന്നുവെന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

അദൃശ്യ മണ്ഡലങ്ങളില്‍ വസിക്കുന്ന ജിന്നിനെ ദൃശ്യ മണ്ഡലങ്ങളിലേക്ക് പകര്‍ത്തിയെടുക്കുന്നതില്‍ ഭൗതിക മത (material religion) ചിഹ്നങ്ങളുടെയും വിശിഷ്ടയിടങ്ങളുടെയും പങ്ക് വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

അദൃശ്യമായ വിശുദ്ധ ഇടങ്ങള്‍

ദക്ഷിണേഷ്യയിലെ മിക്ക മത പാരമ്പര്യങ്ങളിലും ആരാധനാ-ഭക്തിയിടങ്ങള്‍ പവിത്രവത്ക്കരിക്കപ്പെട്ടിട്ടുണ്ട്. പള്ളികള്‍, ചര്‍ച്ചുകള്‍, അമ്പലങ്ങള്‍, ഇതര ആരാധനാലയങ്ങള്‍, മഖ്ബറകള്‍ തുടങ്ങിയവയെല്ലാം ഈ രീതിയില്‍ വിശുദ്ധവത്ക്കരിക്കപ്പെട്ട ഭക്തിയിടങ്ങളാണ്. വ്യത്യസ്ത മതങ്ങളനുഷ്ടിക്കുന്ന മനുഷ്യന്‍ നിര്‍മിച്ചെടുക്കുന്ന ഇത്തരം ഭക്തിയിടങ്ങളിലെ ഏറ്റവും പവിത്രമായവയെ തങ്ങളുടെ വിശ്വാസപ്രകാരം പ്രപഞ്ചത്തിന്റെ കേന്ദ്രമായി അവര്‍ ഗണിക്കുന്നു. ദൃശ്യയിടങ്ങളിലൂടെ മതത്തെ വസ്തുവത്ക്കരിക്കുക (materialize) മുഖേന വിശ്വാസികള്‍ക്ക് നിഷ്പ്രയാസം മതത്തെ സമീപിക്കാന്‍ കഴിയുന്നു.

ദൈവിക മണ്ഡലത്തോടടുത്ത് നില്‍ക്കുന്ന അദൃശ്യ ആത്മാക്കള്‍ വസിക്കുന്ന വിശുദ്ധ ഇടങ്ങള്‍ സന്ദര്‍ശിക്കുക വഴി മനുഷ്യര്‍ക്ക് അദൃശ്യലോകത്തോട് സംവദിക്കാനും അത് കാരണമായി കൂടുതല്‍ ദൈവ സാമീപ്യമനുഭവിക്കാനും സാധിക്കുന്നു. മനുഷ്യ ശക്തികളെക്കാള്‍ കൂടുതല്‍ അദൃശ്യ ശക്തികള്‍ക്ക് ആധിപത്യമുള്ള ജിന്നിടങ്ങളില്‍ ദൃശ്യം/ അദൃശ്യം എന്നീ ഗുണങ്ങള്‍ക്കിടയിലുള്ള ദ്വന്ദ്വസ്വഭാവം അപ്രത്യക്ഷമാവുന്നതായി കാണാം.

ഇന്ത്യയിലെ ജിന്നിടങ്ങള്‍

ആള്‍ത്താമസമില്ലാത്ത ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള സ്ഥലങ്ങളിലാണ് ജിന്നുകള്‍ വസിക്കാറുള്ളത്. ജിന്നുകളുമായി നേരിട്ട് സംവദിക്കാന്‍ സാധിക്കുന്ന ഒരുപാട് സ്ഥലങ്ങള്‍ ഇപ്പോഴും ഇന്ത്യയിലുണ്ടെന്ന് പലരും കരുതിപ്പോരുന്നു. വില്യം ഡാല്‍റിമ്പിള്‍ ‘ജിന്നുകളുടെ നഗര’മെന്ന് വിശേഷിപ്പിച്ച ഡല്‍ഹിയെ മുഗള്‍ ഭരണ കാലത്ത് സംരക്ഷിച്ചിരുന്നത് ജിന്നുകളായിരുന്നുമെന്നാണ് പൊതുജന വിശ്വാസം.

ജിന്ന് ബാധയേല്‍ക്കുമോയെന്ന ആശങ്കയാലാണ് ഡല്‍ഹിക്ക് സമീപമുള്ള പല വിജനപ്രദേശങ്ങളിലൂടെയും രാത്രികാലങ്ങളില്‍ ഏകരായി യാത്ര ചെയ്യാന്‍ പലരും ഭയപ്പെടുന്നത്. നിലവില്‍ ഉത്തര്‍ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന ‘ദയൂബന്ദ്’ നഗരത്തിന് ആ പേര് വന്നതിന് പിന്നിലും ഒരു ജിന്ന് കഥയുണ്ട്. നഗര നിവാസികള്‍ക്ക് തീരാശല്യമായി മാറിയ ജിന്നിനെ സമീപ വാസിയായ ഒരു വൃദ്ധന്‍ കുപ്പിയിലാക്കി കെട്ട് കെട്ടിച്ചതിനാലാണ് ‘ജിന്നിനെ ബന്ധിച്ച’തെന്ന് ഹിന്ദിയിലര്‍ത്ഥമുള്ള ‘ദയൂബന്ദ്’ എന്ന് ആ പട്ടണത്തിന് നാമകരണം ചെയ്യപ്പെട്ടത്.

പൈശാചിക സ്വഭാവം പുലര്‍ത്തുന്ന ഏതാനും ചില ജിന്നിടങ്ങളില്‍ നിന്നും വ്യത്യസ്തമായി ജിന്ന് പള്ളികള്‍ക്ക് പവിത്രത കല്‍പ്പിക്കപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഒരു സാധാരണയിടത്ത് ജിന്നുകളും സൂഫികളും തമ്മിലുള്ള അസാധാരണ രീതിയിലുള്ള സഹവര്‍ത്തിത്വം അരങ്ങേറുമ്പോള്‍ സ്വഭാവികമായും ആ ഇടത്തിന് പവിത്രത കൈവരുന്നു.

ഇന്ത്യയില്‍ രണ്ട് തരത്തിലുള്ള ജിന്ന് പള്ളികളാണ് കാണപ്പെടുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ജിന്നുകള്‍ ചേര്‍ന്ന് നിര്‍മിച്ച പള്ളികളാണ് ഒന്നാമത്തേത്. തമിഴ്‌നാട്ടിലെ ഏറ്റവും പഴക്കംചെന്ന പള്ളിയായ കീളക്കര ജിന്ന് പള്ളി സ്വദഖത്തുല്ലാഹില്‍ ഖാഹിരി എന്ന സൂഫീവര്യന്റെ ആജ്ഞ പ്രകാരം ഒരൊറ്റ രാത്രി കൊണ്ട് ജിന്നുകള്‍ പണിത പള്ളിയാണ്. മുഗള്‍ രാജാവായിരുന്ന ഔറംഗസീബിന്റെ ആത്മീയ ഗുരുവായിരുന്ന സ്വദഖത്തുല്ലാഹില്‍ ഖാഹിരി മനുഷ്യര്‍ക്കും ജിന്നുകള്‍ക്കും ദര്‍സ് നടത്തിയിരുന്നു. എല്ലാ ദിവസവും രാത്രി കാലങ്ങളില്‍ നാല്‍പത് ജിന്നുകള്‍ വന്ന് അദ്ദേഹത്തിന്റെ മഖ്ബറ സന്ദര്‍ശിക്കാറുണ്ടെന്ന വിശ്വാസം നില നില്‍ക്കുന്നതിനാല്‍ തന്നെ, വിശ്വാസികളും അവിശ്വാസികളുമടങ്ങുന്ന നീണ്ട നിര ഇവിടെ ദിനേനെ സര്‍ശകരായി വരാറുണ്ട്.

ജിന്നുകളുടെ വാസസ്ഥലമായി മാറിയ പള്ളികളാണ് രണ്ടാമത്തെ ഇനം. ഫിറോസ് ഷാ തുഗ്ലക്ക് നിര്‍മ്മിച്ച ഫിറോസ് ഷാ കോട്‌ല പള്ളി ഇതിനുദാഹരണമാണ്. ഡല്‍ഹിയിലും ഇന്ത്യയിലെ മറ്റിടങ്ങളിലും കാണപ്പെടുന്ന മിക്ക ദര്‍ഗകളും മാര്‍ബിള്‍ കല്ലുകളും ചുണ്ണാമ്പു ചായങ്ങളുപയോഗിച്ച് അലങ്കരിച്ചവയാണ്. എന്നാല്‍ ഫിറോസ് ഷാ കോട്‌ല ജീര്‍ണിച്ച, ഇരുട്ട് നിറഞ്ഞ, ഒരു മധ്യകാല സുല്‍ത്താന്റെ കൊട്ടാര ശേഷിപ്പുകളാണ്. ഈ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍, ഒരു പുണ്യ ശ്മശാനമോ മസാറോ ഇല്ലെങ്കിലും മഖ്ബറകളിലുപരി ഇവിടുത്തെ മുഖ്യ ആകര്‍ഷണം ജിന്നുകളുടെ പ്രഭാവവും സ്വാധീനവുമാണെന്ന് നിത്യ സന്ദര്‍ശകര്‍ തീര്‍ത്ത് പറയുന്നത് കേള്‍ക്കാം.

പവിത്രവത്ക്കരിക്കപ്പെട്ട ജിന്നിടങ്ങള്‍

മനുഷ്യര്‍ നേരിടുന്ന വിവിധ പ്രതിസന്ധികള്‍ക്ക് ജിന്നുകളേയും ജിന്ന് പള്ളികളേയും സന്ദര്‍ശിക്കുക വഴി പരിഹാരമുണ്ടാവുമെന്ന വിശ്വാസത്തിന്റെ പുറത്താണ് ജിന്നിടങ്ങള്‍ക്ക് സാധാരണ സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി വിശുദ്ധ ഇടത്തിന്റെ പരിവേഷം ലഭിക്കുന്നത്. അതോടൊപ്പം തന്നെ, ഈ പള്ളികളുടെ പരിസരത്ത് കാലങ്ങളായി നടന്നിരുന്ന സൂഫി അനുഷ്ഠാനങ്ങളും ഈയൊരു നിഗമനത്തിലേക്ക് എത്തിച്ചേരുന്നതിന് സഹായകമായി വര്‍ത്തിച്ചിട്ടുണ്ട്. മറ്റ് പള്ളികളില്‍ നിന്ന് വ്യത്യസ്തമായി ജിന്ന് പള്ളികള്‍ക്ക് പ്രത്യേക പവിത്രത കല്‍പിക്കുന്ന ഖുര്‍ആനിക സൂക്തങ്ങളും പ്രവാചക വചനങ്ങളും കാണാന്‍ സാധിക്കില്ലെങ്കിലും, അതിനെല്ലാമപ്പുറം ഈയിടങ്ങളില്‍ ജിവിച്ച മനുഷ്യരുടെ അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തിലാണ് ജിന്ന് പള്ളികളുടെ പവിത്രതയെ മനസ്സിലാക്കേണ്ടത്.

ദര്‍ഗകള്‍ വിശുദ്ധ ഇടങ്ങളായി മാറുന്നത് ദര്‍ഗക്കകത്തുള്ള സൂഫീ മഹത്തുക്കള്‍ കാരണമാണെങ്കില്‍ ജിന്ന് പള്ളികള്‍ വിശുദ്ധയിടങ്ങളാവുന്നത് അദൃശ്യ ആത്മാക്കളുടേയും ജിന്നുകളുടേയും സാന്നിധ്യത്തോട് സൂഫീ സാമീപ്യം കൂടി ഇഴകിച്ചേരുമ്പോഴാണ്. അത് കൊണ്ട് തന്നെയാണ് ദുര്‍ജിന്നുകളുടെ ബാധയേറ്റതായി വിവരിക്കപ്പെട്ട സംഭവസ്ഥലങ്ങളിലെല്ലാം സൂഫികളുടെ അഭാവം കാണപ്പെടുന്നത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് ജിന്നുകള്‍ പണിത പള്ളി സന്ദര്‍ശിച്ചിരുന്നത് തൃപ്പനച്ചി ഉസ്താദെന്ന പേരില്‍ പ്രശസ്തനായ കിഴിശ്ശേരി മുഹമ്മദ് മുസ്‌ലിയാരെന്ന സൂഫീ വര്യന്‍ മാത്രമായിരുന്നുവെന്നത് സാന്ദര്‍ഭികമായി വായിക്കേണ്ടതാണ്. സൂഫികള്‍ക്കും ജിന്നുകള്‍ക്കുമിടയിലെ സഹവര്‍ത്തിത്വം ആത്മീയ ചികിത്സയായി മാറുന്നതും ഇതിന്റെ ഭാഗമാണ്.

സൂഫികള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാവുന്നത് നിശ്ചലത (rootedness) കൊണ്ടാണെങ്കില്‍ അപര സമയക്രമ (other temporality)മെന്ന പ്രത്യേക ഗുണമുള്ള ജിന്നുകള്‍ വിശേഷിക്കപ്പെട്ടവരാവുന്നത് ചലനാത്മക (mobility) കൊണ്ടാണെന്നാണ് തനേജ വാദിക്കുന്നത്. അഥവാ, ജിന്നിടങ്ങള്‍ പവിത്രമാകുന്നത് ജിന്നുകളുടെ അടിസ്ഥാന പ്രകൃതം മൂലമാണെന്നതിലുപരി ഈയിടങ്ങളില്‍ ജിന്നുകളും സൂഫികളും തമ്മിലുള്ള കൃത്യമായ ആശയ സംവേദനങ്ങള്‍ നടക്കുന്നത് കൊണ്ട് കൂടിയാണ്. ജിന്നിടങ്ങള്‍ സന്ദര്‍ശിക്കുന്നവരെല്ലാം ജിന്നിന്റെ സാന്നിധ്യമാഗ്രഹിക്കുന്നതോടൊപ്പം സൂഫീ സാമീപ്യവും പ്രതീക്ഷിച്ച് വരുന്നവരാണ്.

ചുരുക്കത്തില്‍ ജിന്നിടങ്ങള്‍ക്ക് ആന്തരിക തലത്തിലുള്ള പവിത്രത (internal sacredness) നല്‍കുന്നത് സൂഫീ-ജിന്ന് സാന്നിധ്യമാണെങ്കില്‍ ഈയിടങ്ങള്‍ക്ക് ബാഹ്യതല പവിത്രത (external sacredness) നല്‍കുന്നത് മറ്റ് ഘടകങ്ങളാണ്. വസ്തുവത്കരണത്തിന് വിധേയമാവുന്നതിലൂടെയും ജിന്നിടങ്ങള്‍ പവിത്രവത്ക്കരിക്കപ്പെടാറുണ്ട്. മെഴുകുതിരികള്‍, പൂക്കള്‍, നാണയങ്ങള്‍, നൂലുകള്‍, ചൂടുകള്‍, കുന്തരിക്കം തുടങ്ങിയവയെല്ലാം ജിന്നിടങ്ങള്‍ക്ക് പവിത്രത പകരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഭൗതിക വസ്തുക്കളാണ്.

ജിന്ന് പള്ളികളുടെ അകത്തളങ്ങളില്‍ മെഴുകുതിരികള്‍ കത്തിച്ച് വെക്കുന്നതിന്റെ പൊരുള്‍ പുകയില്ലാത്ത തീ കൊണ്ടാണ് ജിന്നുകള്‍ സൃഷ്ടിക്കപ്പെട്ടതെന്നാണ്. ഫിറോസ് ഷാ കോട്‌ല സന്ദര്‍ശിക്കാനെത്തുന്ന തീര്‍ത്ഥാടകരില്‍ പലരും പൂക്കളും ചന്ദനത്തിരികളും കൊണ്ട് വരുന്നത് പള്ളിക്കകത്ത് അവയുല്‍പാദിപ്പിക്കുന്ന ഗന്ധം പള്ളിക്ക് പവിത്രത നല്‍കുന്നുവെന്ന തിരിച്ചറിവിനാലാണ്. ചൈനീസ്-അമേരിക്കന്‍ ഭൂമി ശാസ്ത്രജ്ഞനായ യ-ഫൂ ടുവാന്‍ ഇടങ്ങളുടെ അനുഭവാധിഷ്ഠിത വീക്ഷണങ്ങളെക്കുറിച്ച ചര്‍ച്ച ചെയ്യുന്നിടത്ത് ഓരോ സ്ഥലത്തെയും ഗന്ധം അത് നില നില്‍ക്കുന്ന ഇടത്തിന് വിശിഷ്ട പദവി നല്‍കുന്നുവെന്ന് പറയുന്നുണ്ട്. വാസനകളുമായി ബന്ധപ്പെട്ട് ‘സ്‌മെല്‍ സ്‌കേപ്’ എന്ന പുതിയ സംജ്ഞ അവതരിപ്പിച്ച ഡഗ്ലസ് പോര്‍ട്ടിയസ് ഗന്ധങ്ങളുടെ സാഹിത്യ പ്രതിനിധാനങ്ങളെ സംബന്ധിച്ച് വിവരിക്കുന്നതിനിടയില്‍ ഒരു പ്രത്യേക യിടത്തിലെ കാഴ്ചകള്‍ക്ക് മനുഷ്യ മനസ്സുകളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന പോലെ ആ സ്ഥലങ്ങളില്‍ നില കൊള്ളുന്ന ഗന്ധങ്ങള്‍ക്കും മനുഷ്യരില്‍ വ്യത്യസ്ത പ്രതീതി ജനിപ്പിക്കാന്‍ സാധിക്കുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ മത പാരമ്പര്യങ്ങളിലെ ഘ്രാണ സമീപനങ്ങളെ അവലോകനം ചെയ്യുന്ന പവിത്ര സുഗന്ധങ്ങള്‍ (sacred scents) എന്ന പുസ്തകത്തില്‍ മേരി തുര്‍ക്കില്‍ ‘പരിശുദ്ധതയുടെ മധുര ഗന്ധം’ (sweet smell of sanctity) എന്ന പദപ്രയോഗം നടത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

മനുഷ്യാധീന ഇടങ്ങളെയും മനുഷ്യാതീത മണ്ഡലങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രത്യേക ചിഹ്നമായി ഗന്ധത്തെ മനസ്സിലാക്കാവുന്നതാണ്. ഇസ്‌ലാമിലെ പരമ്പരാഗത നിയമ പ്രമാണങ്ങളില്‍ മഖ്ബറകളുടെ സമീപം സുഗന്ധ ദ്രവ്യങ്ങള്‍ പുകയ്ക്കുന്നതിനെ കുറിച്ച് കൂടുതല്‍ പരാമര്‍ശങ്ങളില്ലെങ്കിലും ഒട്ടുമിക്ക സൂഫീവര്യരുടെ മഖ്ബറകള്‍ക്കടുത്തും ഈ ആചാരം നില നില്‍ക്കുന്നതായി കാണാം. ജിന്ന് പള്ളികളില്‍ കാണപ്പെടുന്ന സുഗന്ധ ദ്രവ്യങ്ങളും ആത്മീയ ഭാവം കൈവരിച്ച ഗന്ധത്തിന്റെ പ്രതിഫലനങ്ങളാണ്.

ജിന്ന് പള്ളികളുടെ ചുമരുകളില്‍ പ്രതിഷ്ഠിക്കപ്പെട്ട ഓരോ വസ്തുക്കള്‍ക്കും അതിന്റേതായ വിശുദ്ധ ഭാവങ്ങളുണ്ട്. തീര്‍ത്ഥാടകരുടെ നാനാ തരത്തിലുള്ള ആവശ്യങ്ങളെയാണ് ഈ വസ്തുക്കള്‍ സൂചിപ്പിക്കുന്നത്. ജിന്ന് പള്ളികളുടെ ഭിത്തികളില്‍ പതിച്ചിരിക്കുന്ന നാണയങ്ങള്‍ സാമ്പത്തിക അഭിവൃദ്ധിയേയും ദാരിദ്ര നിര്‍മാര്‍ജ്ജനത്തേയും അടയാളപ്പെടുത്തുന്നു. ചുമരുകളില്‍ കെട്ടിയിട്ട നൂലുകള്‍ ഏറെക്കാലം നീണ്ടുനില്‍ക്കേണ്ട ഈടുറ്റ ദാമ്പത്യജീവിത ലബ്ധിക്കായി സ്ഥാപിക്കപ്പെട്ടവയാണ്.

മേല്‍ പരാമര്‍ശിക്കപ്പെട്ട ഓരോ വസ്തുക്കളും മനുഷ്യരുടെ വിവിധ ആവശ്യങ്ങളുടെ പ്രതീകങ്ങളാണെന്നതിനാല്‍ തന്നെ ഈ വസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന വിശുദ്ധ ഇടങ്ങള്‍ മനുഷ്യരില്‍ പ്രതിപത്തി സൃഷ്ടിക്കുന്നു. ഇക്കാരണത്താല്‍ ഈയിടങ്ങള്‍ക്ക് ബാഹ്യ തലത്തിലും പവിത്രത കൈവരുന്നു.

വെള്ളിയാഴ്ച രാവുകളില്‍ ജിന്നുകളുടെ സാന്നിധ്യം അനുഭവിച്ചറിയാമെന്നതിനാല്‍ ഫിറോസ് ഷാ കോട്‌ലയിലെത്തുന്ന തീര്‍ത്ഥാടകരെല്ലാം ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥനകള്‍ നടത്തി അവിടെ തടിച്ച് കൂടിയവര്‍ക്കിടയില്‍ മധുരവിതരണം നടത്തുന്ന ഒരു പതിവുമുണ്ട്. ദൈവപ്രീതി കാംക്ഷിച്ച് നിര്‍വഹിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ ആഗ്രഹ സഫലീകരണത്തിന് ഹേതുവാകുമെന്ന് അവര്‍ കരുതുന്നു. അര്‍ദ്ധ രാത്രികളില്‍ പള്ളി സന്ദര്‍ശിക്കുകയാണെങ്കില്‍ ജിന്നുകളെ നേരിട്ട് കാണാമെന്ന് ഫിറോസ് ഷാ കോട്‌ലയിലെ നിത്യ സന്ദര്‍ശകര്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. വ്യത്യസ്ത ജീവികളുടെ രൂപം സ്വീകരിക്കാന്‍ ജിന്നുകള്‍ക്ക് സാധിക്കുമെന്നറിയാവുന്ന സന്ദര്‍ശകരെല്ലാം പള്ളിക്ക് സമീപമുള്ള ജീവികളോടെല്ലാം ഏറെ കരുതലോടെയും വാത്സല്ല്യത്തോടെയുമാണ് പെരുമാറുന്നത്. പള്ളിയുടെ പരിസരങ്ങളില്‍ കാണപ്പെടുന്ന ജീവികളെ പവിത്ര ജീവികളായി പരിഗണിച്ച് അവയ്ക്ക് ധാന്യങ്ങളും പലഹാരങ്ങളും നല്‍കുന്ന തീര്‍ത്ഥാടകര്‍ ഫിറോസ് ഷാ കോട്‌ലയിലെ കൗതുക കാഴ്ചകളാണ്.

ജിന്നുകളിലേക്കുള്ള കത്തെഴുത്തുകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ജിന്നുകളിലേക്ക് അയക്കപ്പെടുന്ന സന്ദേശങ്ങള്‍ കത്തെഴുത്തുകളിലൂടെ നിര്‍മിക്കപ്പെടുന്ന വിശുദ്ധ ഇടങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം നല്‍കുന്നു. വിശുദ്ധ ഇടങ്ങളെ ഉല്‍പാദിപ്പിക്കുന്ന സാങ്കല്‍പിക ഇടങ്ങളാണ് കത്തുകളെന്നതിനാല്‍ അവയിലൂടെ വിശുദ്ധ ഇടങ്ങള്‍ വാചികമായി നിര്‍മിക്കപ്പെടുന്നു. ഈ ലോകത്തെ നിയമസംവിധാനങ്ങളില്‍ നീതി കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്ന പലരും മനുഷ്യരുടേതിനു സമാന്തരമായ ഭരണ വ്യവസ്ഥയുണ്ടെന്ന് കരുതപ്പെടുന്ന ജിന്നുകള്‍ക്ക് സമക്ഷം പ്രശ്‌നങ്ങളവതരിപ്പിച്ച് കത്തെഴുതുന്നത് മുഖേനെ തങ്ങളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇങ്ങനെ ജിന്നുകളിലേക്ക് എഴുതപ്പെട്ട കത്തുകളെല്ലാം ജിന്ന് പള്ളികളുടെ ചുമരുകളില്‍ ഒട്ടിച്ചുവെച്ചതായി കാണാം. കത്തില്‍ മുഖ്യമായും പരാമര്‍ശിക്കപ്പെടുന്ന വ്യക്തികളുടെ ഫോട്ടോയും ചില കത്തുകളിലടങ്ങിയിരിക്കുന്നുവെന്നത് ഏറെ രസകരമായ വസ്തുതയാണ്.

കത്തെഴുതുന്ന വ്യക്തികള്‍ക്കനുസരിച്ച് കത്തിന്റെ ഭാഷ വ്യത്യാസപ്പെടുമെങ്കിലും മനുഷ്യരുടെ ആശയ വിനമയ രീതിയായ ഭാഷ ഗ്രഹിച്ച് മനസ്സിലാക്കാന്‍ ജിന്നുകള്‍ക്ക് സാധിക്കുമോയെന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. ജിന്നുകള്‍ക്ക് മനുഷ്യരൂപം പ്രാപിക്കാന്‍ കഴിയുമെങ്കിലും ഭാഷാ വ്യവഹാരങ്ങള്‍ പ്രധാനമായും മനസ്സുമായി ബന്ധപ്പെട്ടതിനാല്‍ ജിന്നുകള്‍ക്ക് കത്തിലെ ഉള്ളടക്കം മനസ്സിലാക്കാന്‍ മധ്യവര്‍ത്തികളായ സൂഫികളുടെ സഹായം ആവശ്യമാണ്. ഇതു കൊണ്ടാണ് എല്ലാ കത്തുകളും പീര്‍ ബാബ എന്ന സൂഫീവര്യനെ അഭിസംബോധനം ചെയ്ത് ആരംഭിക്കുന്നത്.

ഒരു വിശിഷ്ട സൂഫിയില്‍ നിന്നും തങ്ങളുടെ മനോവിഷമങ്ങള്‍ക്ക് ശമനം തേടി സഹായമഭ്യര്‍ത്ഥിക്കുന്നതിനെയാണ് സൂഫീ ആഖ്യാനങ്ങളില്‍ പൊതുവെ മദദ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും ജിന്നുകളിലേക്ക് അയക്കപ്പെടുന്ന കത്തുകളില്‍ നിരവധി തവണ പ്രത്യക്ഷപ്പെടുന്ന പദങ്ങളിലൊന്നാണ് മദദ് എന്ന വാക്ക്. ഈ കത്തുകളെഴുതുന്നവരെല്ലാം ഏതെങ്കിലും ഒരു മതവിശ്വാസമനുഷ്ഠിക്കുന്നവരെല്ലെന്നതും ശ്രദ്ധാര്‍ഹമാണ്.

കേവലം ആത്മീയ ആവശ്യങ്ങള്‍ ഉന്നയിക്കുക എന്നതിലുപരി കത്തുകളിലെ പ്രതിപാദ്യ വിഷയങ്ങളും ഏറെ വൈവിധ്യം പുലര്‍ത്തുന്നുണ്ട്. വിഗ്രഹാരാധന ഇസ്‌ലാമില്‍ നിഷിദ്ധമായിരിക്കെ അമ്പലം പണിയാനും അവിടെ വിഗ്രഹങ്ങള്‍ സ്ഥാപിക്കാനുമായി അനുഗ്രഹം തേടിക്കൊണ്ടുള്ള ഒരു ഹൈന്ദവ വിശ്വാസിയുടെ കത്ത് ഫിറോസ് ഷാ കോട്‌ലയിലെ ഭിത്തികളില്‍ കാണാം. പ്രണയ സാഫല്യം, സന്തുഷ്ട ദാമ്പത്യ ജീവിതം, മാരണ-മന്ത്ര വാദങ്ങളില്‍ നിന്നുള്ള സംരക്ഷണം, കടബാധ്യതകളില്‍ നിന്നുള്ള മുക്തി, സാമ്പത്തിക സുസ്ഥിരത, പരീക്ഷകളില്‍ ഉന്നത വിജയം കരഗതമാക്കല്‍ തുടങ്ങിയവയെല്ലാം ജിന്നുകളിലേക്ക് എഴുതപ്പെട്ട കത്തുകളിലെ ഉള്ളടക്കങ്ങളാണ്. കത്തുകളെഴുതിയതിനു ശേഷം ആഗ്രഹം നിറവേറിയാല്‍ കൃതജ്ഞത അറിയിച്ചുകൊണ്ട് എഴുതപ്പെട്ട കുറിപ്പുകളും ഈ കത്തുകള്‍ക്കിടയില്‍ കാണാവുന്നതാണ്.

മുഹമ്മദ് റിയാസ് ചെങ്ങണക്കാട്ടില്‍

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.