Thelicham

ഇസ്ലാമിക കലാചരിത്ര പഠനത്തിലെ പ്രവാചകന്‍: തിരുപാദുകം

കലാചരിത്ര പഠനം, ‘കല’ എന്ന അമൂര്‍ത്ത ആശയത്തില്‍ ഊന്നിക്കൊണ്ട് അല്ലെങ്കില്‍ അത്തരം ഒരാശയത്തെ മുന്നോട്ട് വെച്ച് കൊണ്ട് ആധുനികതയുടെ ചട്ടക്കൂടുകളിലൂടെ വികാസം പ്രാപിച്ച ഒന്നാണ്. അതുകൊണ്ട്, കല എന്ന അമൂര്‍ത്ത ആശയത്തെ വിശദീകരിക്കേണ്ട വലിയ ബാധ്യതയും കലാ ചരിത്ര പഠനത്തിനുണ്ട്. അതിന്റെ ഉത്തരങ്ങളിലേക്കും തുടര്‍ന്നുള്ള മറുചോദ്യങ്ങളിലേക്കും അല്ല ഈ ചെറിയ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച്, ആധുനിക കലാ ചരിത്ര പഠനത്തിന്റെ ഒരു ശാഖയായി ഇന്ന് വളര്‍ന്നു വന്നിട്ടുള്ള ഇസ്ലാമിക് ആര്‍ട്ട് ഹിസ്റ്ററി (ഇസ്ലാമിക കലാ ചരിത്ര പഠനം) എന്ന ജ്ഞാനശാഖയുടെ അകത്ത് എങ്ങനെയൊക്കെയാണ് പ്രവാചകനെ അടയാളപ്പെടുത്തുന്നത് എന്നതിനെ സംബന്ധിച്ച പ്രാഥമിക അന്വേഷണമാണിത്.


കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി, പ്രത്യേകിച്ച് കഴിഞ്ഞ ദശകത്തില്‍, പ്രവാചകന്‍ എന്ന ബിംബത്തെ സമീപിച്ചുകൊണ്ട് മുസ്ലിംകളുടെ സംസ്‌കാര നിര്‍മ്മിതികളെ മനസ്സിലാക്കുന്നതില്‍ ഇസ്ലാമിക കലാ ചരിത്ര പഠനം വളരെയധികം മുന്നോട്ട് വന്നിട്ടുണ്ട്. ഇസ്ലാമിക ആര്‍ട്ട് എന്നതിലെ നാമവിശേഷണമായ ‘ഇസ്ലാമിക്’ എന്നതിനെ സംസ്‌കാരമായും വിവിധ ദേശങ്ങളിലൂടെയും ചരിത്ര ഘട്ടങ്ങളിലൂടെയും വ്യാപിച്ച ഒരു മതമായും സമീപിക്കുന്നതിന് പകരം, ഇസ്ലാമിനകത്തുള്ള വിശ്വാസ വ്യവഹാരങ്ങളുമായി സംവദിച്ച്, അവയുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രയുക്തികളിലേക്ക് കടന്നു ചെന്നു കൊണ്ട് അതിനെ വായിച്ചെടുക്കുകയും ചെയ്യുന്നതിലൂടെ നാളിതുവരെയില്ലാത്ത ഒരു ബൗദ്ധിക വ്യവഹാരം ഇസ്ലാമിക കലാ ചരിത്ര പഠനത്തിലേക്ക കൊണ്ടുവരാന്‍ കഴിയുകയുണ്ടായി.


ഈയൊരു മാറ്റം ഉണ്ടാവുന്നത് വരെ പ്രവാചകനിലേക്ക് എത്താന്‍ ഇസ്ലാമിക് ആര്‍ട്ട് ഹിസ്റ്ററിക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ കല എന്ന അമൂര്‍ത്ത ആശയം, ഇസ്ലാമിക രാജ പരമ്പര എന്ന അധികാര ഘടനയില്‍ രൂപം കൊണ്ട സംസ്‌കാര ഉത്പന്നങ്ങളെ പഠന വിധേയമാക്കിക്കൊണ്ടണ്ടിരുന്നു. ഇവിടെ കല എന്ന ആശയം ഏറെക്കുറെ ഇത്തരം അധികാര ഘടനയിലുള്ള എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നതായിരുന്നു.



ഇന്ന് പ്രവാചകനുമായി ബന്ധപ്പെട്ട് കിടക്കുന്ന, മുസ്ലിംകളുടെ വിശ്വാസ-ആചാര മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കലകളൊന്നും ഇസ്ലാമിക കലാ പഠനത്തിന് അന്യമല്ല. അറബിയും പേര്‍ഷ്യനും തുര്‍ക്കിഷും നന്നായി വഴങ്ങുന്ന ഗവേഷകര്‍ മുസ്ലിംകളുടെ ജീവിതത്തിലെ പ്രവാചകന്റെ ദൃശ്യതയെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം ശ്രമകരമായ പ്രക്രിയയില്‍ ബൗദ്ധിക ചരിത്രത്തെയും സാമൂഹിക ചരിത്രത്തെയും ഒരു പോലെ അവര്‍ കൂടെകൂട്ടുന്നു. അതു കൊണ്ട് ഇസ്ലാമിക കലാ ചരിത്ര പഠനം ഇന്ന് ഒരു ഇന്റര്‍ ഡിസിപ്ലിനറി വ്യവഹാരങ്ങള്‍ ആയി വികസിച്ചിരിക്കുന്നു. അതിനാല്‍ തീവ്രമായ ആഖ്യാനങ്ങള്‍ കൊണ്ടുവരാന്‍ ഗവേഷകര്‍ക്ക് സാധിക്കുന്നു.


ഉദാഹരണത്തിന് പ്രവാചകന്‍(സ) തങ്ങളുടെ പാദുകങ്ങളുമായുള്ള ബന്ധത്തിലൂടെ എങ്ങനെ മുസ്ലിംകളുടെ ദൃശ്യ സംസ്‌കാരത്തെ മനസ്സിലാക്കാം എന്നതിനെ സംബന്ധിച്ച് ഇസ്ലാമിക് ആര്‍ട്ട് ഹിസ്റ്ററി നടത്തിയ അന്വേഷണം, അതുമായി ബന്ധപ്പെട്ടുകിടക്കുന്ന ചരിത്രാഖ്യാനങ്ങള്‍, ബൗദ്ധിക നിലപാടുകള്‍, അതിന്റെ ഉണ്മ, തുടര്‍ച്ച, കൈമാറ്റങ്ങള്‍ എന്നിങ്ങനെ വിവിധ തലങ്ങളിലേക്ക് വ്യാപിക്കുന്നു. അത് കാഴ്ച എന്ന ശാരീരികവും വ്യക്തിപരവുമായ അനുഭവത്തെ വിശ്വാസലോകവുമായി ബന്ധിപ്പിക്കുന്നു. ഇവിടെ, കല എന്ന അമൂര്‍ത്തമായ ആശയം മതത്തിന്റെ ദൈനംദിന ലോകത്തില്‍ അതിന്റെ വിവിധ ഭൗതിക വാഹകങ്ങളില്‍ കൂടി വിശ്വാസികള്‍ വ്യാപൃതരാവുകയും ചെയ്യുന്ന ഒന്നാണ്. ഇവിടെ കാഴ്ച എന്ന മാനത്തേക്കാള്‍ പ്രവാചകന്റെ പാദുകം മുസ്ലിംകളെ എങ്ങനെ പ്രവാചകനുമായി വ്യക്തിപരമായ അടുപ്പം സൃഷ്ടിക്കാന്‍ സഹായിക്കുന്നു എന്നതിനാണ് പ്രധാന്യം.


പ്രവാചകന്റെ പാദുകത്തിന് പ്രവാചകനുമായുള്ള അഭേദ്യമായ ശാരീരിക ബന്ധം വിശ്വാസികളെ വിവിധ തലത്തില്‍ പ്രവാചകനുമായി ബന്ധം സ്ഥാപിക്കാന്‍ പാദുകത്തിന്റെ രൂപകം സഹായിക്കുന്നു, ആ ബന്ധത്തെ സാധ്യമാക്കുന്നതാകട്ടെ, പ്രവാചകന്റെ പാദുകത്തില്‍ നിന്ന് ഉരുത്തിരിച്ചെടുത്ത ഒരു ദൃശ്യരൂപകം ആണ്. ഇങ്ങനെ നബി(സ) തങ്ങളുടെ പാദുകങ്ങള്‍ ഒരു മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നു. ആ ദൃശ്യരൂപകത്തിന് പ്രവാചകനുമായുള്ള ബന്ധം ആണ് അതിന്റെ സവിശേഷമായ യോഗ്യത. പ്രവാചകനിലേക്ക് ചെന്നു ചേരുന്ന ഒരു മൂര്‍ത്തമായ ദൃശ്യരൂപകം ആണ് ആ പാദുക മാതൃക.


അത് ധരിക്കുന്നത്, കാണുന്നത്, അതിന്റെ സാന്നിധ്യം എന്നിവയൊക്കെ പ്രാധാനമാണ്. പ്രവാചകന്റെ പാദുകം പ്രവാചകനെ ബഹുമാനിക്കുന്നതിനുള്ള ഒരു മാധ്യമം ആവുകയും ചെയ്യുന്നു, ഇങ്ങനെ ഒരു ദൃശ്യരൂപകം തന്നെ ബറകത് എന്ന ഇസ്ലാമിക ആശയവുമായി ബന്ധപ്പെട്ടു കിടക്കുന്നു.ആ പാദുക മാതൃക അത്യന്തികമായി അതിന്റെ ഉടമയുടെ സൂചകമാണ്. അതിന്റെ ദൃശ്യവല്‍കരണത്തിലൂടെ പ്രവാചകനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നു. അത് തൊപ്പിയില്‍ തുന്നി ധരിക്കുന്നതും ചുമരില്‍ ആ പാദുക മാതൃക തൂക്കുന്നതും, എല്ലാം പ്രവാചകനോടുള്ള വിവിധ തരത്തിലുള്ള വൈകാരിക അര്‍ത്ഥതലങ്ങളെയും ആത്മബന്ധത്തെയും കുറിക്കുന്നു. ഈയൊരു വിഷയത്തില്‍ കാഴ്ച എന്ന അനുഭവത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള ആധുനിക കലാ ചരിത്ര പഠനത്തിന്റെ വിശകലന ഉപാധികള്‍, ഇസ്ലാമിക കലാ ചരിത്ര പഠനത്തില്‍ മതിയാകാതെ വരുന്നു.


പ്രവാചകരുടെ പാദുക മാതൃകയുമായി ബന്ധപ്പെട്ട് ഇത്തരം സങ്കീര്‍ണ്ണമായ വിശയങ്ങളെ കൈകാര്യം ചെയ്യുന്നതിനാല്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ ഇസ്ലാമിക് ആര്‍ട്ട് ഹിസ്റ്ററി പ്രഫസര്‍ ഫിന്‍മ്പര്‍ ബാരി ഫ്‌ലഡിന്റെ ഗവേഷണങ്ങള്‍ ഈ വിശയത്തില്‍ വളരെ വ്യത്യസ്തവും ആഘര്‍ഷകവുമാണ്. അതിനാല്‍, സമകാലിക ഇസ്ലാമിക കലാ ചരിത്രം ഒരിക്കലും അതിന്റെ ആധുനിക വ്യവഹാരങ്ങളെ സ്വാംശീകരിക്കുന്നില്ല. മറിച്ച്, ഇസ്ലാമിക ബൗദ്ധിക വ്യവഹാരങ്ങളെ ഉള്‍ച്ചേര്‍ത്തുക്കൊണ്ട്, ഇസ്ലാമിക കലാ ചരിത്ര പഠനം സ്വയം നവീകരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.

ജാഫര്‍ ശരീഫ് പി

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.