Thelicham

ഖിലാഫത്: ആധുനിക ഇന്ത്യന്‍ പണ്ഡിതരുടെ ചിന്തകളില്‍

ഇന്ത്യൻ ഇസ്ലാമിക പണ്ഡിതരുടെ രചനകളിലും ചിന്തകളിലും ഏറ്റവുമധികം വ്യവഹരിക്കപ്പെട്ട ഇസ്ലാമിക സംജ്ഞയാണ് ഖിലാഫത്. മുഹമ്മദ് ഇബ്നു ഖാസിമിന്റെ ഭരണകാലം മുതൽ ഇസ്ലാമിക രാഷ്ട്രീയാധികാരമെന്ന നിലയിൽ ഖിലാഫതിന്റെ സാന്നിധ്യം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉണ്ടായിട്ടുണ്ട്. അബ്ബാസി – ഉഥ്മാനീ ഖിലാഫതുകളുമായി വിവിധ നയതന്ത്ര – രാഷ്ട്രീയ ബന്ധങ്ങൾ ഇന്ത്യൻ മുസ്ലിം ഭരണകൂടങ്ങൾ നടത്തിയിരുന്നു.

ഇന്ത്യൻ ഇസ്ലാമിക പണ്ഡിതരുടെ ഖിലാഫതിനോടു സമീപനം വ്യത്യസ്തമായിരുന്നു. രാഷ്ട്രീയ പ്രാതിനിധ്യം എന്ന നിലയിൽ ഖിലാഫതിനെ ചർച്ച ചെയ്ത ആധുനിക പണ്ഡിതരുടെ വീക്ഷണങ്ങളാണ് ഈ പഠനത്തിൽ പരാമർശിക്കുന്നത്.

ഷാഹ് വലിയുല്ലാഹ് ദെഹ്ലവി

ഇർതിഫാഖാത് എന്ന് വിളിക്കപ്പെടുന്ന ഷാഹ് വലിയുല്ലാഹ് ദഹ്ലവിയുടെ സാമൂഹിക രാഷ്ട്രീയ വികാസത്തെ സംബന്ധിയായ ചിന്തയിലെ സുപ്രധാന ഘട്ടം ഖിലാഫത്തിനെക്കുറിച്ചാണ്. വ്യക്തി കുടുംബം നഗരം രാഷ്ട്രം എന്നിങ്ങനെ ക്രമപ്രവർദ്ധമായ ദേശ നിർമാണമാണ് ഷാഹ് വലിയുല്ലാഹ് ദർശിച്ചത്. ദൽഹി കേന്ദ്രീകൃത ഭരണകൂട സംവിധാനം നിലനിന്നിരുന്ന രാഷ്ട്രീയ പശ്ചാത്തലത്തിൽ സ്വാഭാവികമായും നഗരത്തെ അദ്ദേഹം തന്റെ രാഷ്ട്രീയ ചിന്തയിലെ പ്രധാന ഘടകമായി കണ്ടു. ഈ ദേശ നിർമാണ പ്രക്രിയയിൽ വിവിധ നഗരങ്ങൾ ഒരുപോലെ വികാസം പ്രാപിക്കുന്നു.വിവിധ മുസ്ലിം സമൂഹങ്ങളെ കോർത്തിണക്കുന്ന ആഗോള ഇസ്ലാമിക സഹോദര്യത്തിലധിഷ്ഠിതമായ വലിയ രാഷ്ട്രീയ പ്രതിനിധാനമായാണ് അദ്ദേഹം ഖിലാഫത്തിനെ ദർശിക്കുന്നത്.

ഷാഹ് വലിയുല്ലാഹ് ദഹ്ലവി ഖിലാഫത് അനിവാര്യമാണെന്ന് വിശ്വസിച്ചെങ്കിലും നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യം മുസ്‌ലിം രാജവംശ ഭരണമായതിനാൽ ദേശത്തിൽ സമാധാനവും വ്യവസ്ഥയും നിലനിർത്തുന്നതിനായി അതിന്റെ സുഭദ്രമായ സാന്നിധ്യം ആവശ്യമാണെന്ന് വീക്ഷിച്ചു. മുഗൾ രാജവംശത്തിന്റെ പതനകാലം തുടങ്ങുന്ന രാഷ്ട്രീയ സാഹചര്യം നേരിട്ടനുഭവിച്ച ഷാഹ് വലിയുല്ലാഹ് മുസ്ലിം അധികാരം നഷ്ടപ്പെടാതിരിക്കാൻ വിവിധ രാഷ്ട്രീയ വ്യവഹാരങ്ങളിലേർപ്പിട്ടിരുന്നു. അഫ്ഗാൻ ഭരണാധികാരി അഹ്മദ് ഷാഹ് ദുറാനി അടക്കമുള്ള മുസ്ലിം ശക്തികേന്ദ്രങ്ങളുമായി നിരന്തര ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.

സർ സയ്യിദ് അഹ്മദ് ഖാൻ

സർ സയ്യിദിന്റെ വീക്ഷണത്തിൽ മുഹമ്മദ് നബി (സ ) ക്കു മൂന്ന് സവിശേഷമായ ഗുണങ്ങളുണ്ട്. 1 ) പ്രവാചകത്വം: നബി (സ ) യുടെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നു. ആർക്കും അതിന്റെ അന്തരാവകാശം പ്രഖ്യാപിക്കാൻ സാധിക്കുകയില്ല 2) ആശയവിനിമയം: നബി (സ )ക്കു അവതീർണമായതു ജനങ്ങൾക്ക് എത്തിച്ചു കൊടുത്തു. അതിനാൽ ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ അവഗാഹമുള്ളവർനിയമജ്ഞരും പ്രവാചകന്റെ ഖലീഫമാരായി മാറുന്നു. ഭരണകൂടം: നബി സ ഒരു രാജ്യം ഭരിച്ചു. അദ്ദേഹത്തിന് അവതീര്ണമായ നിയമങ്ങൾ നടപ്പിലാക്കുകയും ശത്രുക്കളെ പരാജയപ്പെടുത്തി രാജ്യനിവാസികളെ സംരക്ഷിച്ചു. മൂന്നാമത്തെ ഗുണത്തെ അദ്ദേഹം സമകാലിക ഭരണാധികാരത്തോടു ചേർത്ത് വായിച്ചു. പ്രവാചക ഗുണങ്ങൾ ജീവിതത്തിൽ പുലർത്തുകയും രാജ്യ രക്ഷയും ജനങ്ങളുടെ സംരക്ഷണവും ശ്രദ്ധിക്കുകയും അധിനിവേശ ശക്തികളിൽ നിന്നും രാജ്യത്തെ പ്രതിരോധിക്കുകയും ചെയ്യുന്നവരെയും നബി സ യുടെ ഖലീഫയായി പരിഗണിക്കാമെന്ന് അദ്ദേഹം വീക്ഷിച്ചു. പരാമർശിത ഗുണങ്ങൾ കൈമുതലില്ലാത്ത ഭരണാധികാരിയെ ഖലീഫയെന്ന് വിളിക്കാവതല്ല.അധീനതയിലുള്ള പ്രദേശങ്ങളിലെ അധികാരം അംഗീകരിച്ച ജനങ്ങളുടെ മാത്രം ഖലീഫയാണ്. ഇതര പ്രദേശങ്ങളിലെ മുസ്ലികളുടെ വിശ്വാസ- ശാരീരിക സംരക്ഷണവും ഉറപ്പു വരുത്താൻ കഴിയാത്തതും അവിടങ്ങളിൽ പരമാധികാരവും നിയന്ത്രണവും ചെലുത്താൻ സാധിക്കുകയുമില്ലെങ്കിൽ ആ പ്രദേശങ്ങളിലെ ജനങ്ങളുടെ ഖലീഫ ആകാൻ സാധിക്കില്ല. അതിനാൽതന്നെ

ബ്രിട്ടീഷ് സാമ്രാജ്യതിനു കീഴിലുള്ള മുസ്ലിംകളുടെ ഖലീഫയാകാൻ ഉഥ്മാനി ഖലീഫത് സാധിക്കില്ല എന്ന് സർ സയ്യിദ് ചിന്തിച്ചു. കൂടാതെ ഉഥ്മാനി ഖലീഫ സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ ഖുറൈശി വംശജനല്ലാത്തതും ഉഥ്മാനി ഖിലാഫത്തിനെ ചോദ്യം ചെയ്യാൻ പ്രധാന കാരണമായി കണ്ടു. ഇന്ത്യൻ മുസ്ലിംകൾക്ക് ബ്രിട്ടീഷ് ഭരണകൂടം സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുകയും മതവിശ്വാസം പുലർത്താൻ അനുവദിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇസ്ലാം സ്വീകരിക്കാൻ തയ്യാറാവുന്നവരെ തടയുന്നുമില്ല. ഇന്ത്യൻ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷ് ഭരണകൂടത്തോട് വിധേയത്വം പ്രകടിപ്പിക്കൽ മതബാധ്യതയാണ്. അതിനാൽ സൈദ്ധാന്തികമായോ പ്രയോഗികമായോ ഭരണവിരുദ്ധമായ ഒന്നും തന്നെ ചെയ്യാൻ പാടില്ല എന്നാണ് സർ സയ്യിദ് അഭിപ്രായപ്പെട്ടത്. സമകാലികരായ ഭൂരിപക്ഷം പണ്ഡിതരും ഉഥ്മാനീ ഖിലാഫതിനെ ആഗോള നേതൃത്വമായി അംഗീകരിച്ചിരുന്നെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്തോടുള്ള അനുഭാവം സർ സയ്യിദ് അഹ്മദ് ഖാനിന്റെ വിമത സ്വരത്തിൽ പ്രകടമായിരുന്നു.

മൗലാനാ ശിബിലി നു – മാനി

ഉഥ്മാനി ഖിലാഫത്തിന്റെ നിയമസാധുത അംഗീകരിച്ച പ്രധാന പണ്ഡിതരിൽ ഒരാളാണ് മൗലാന ഷിബിലി നുമാനി. മൗലാന ഹമീദുദ്ദിൻ ഫറാഹി, അബുൽ കാലം ആസാദ്, മൗലാന മുഹമ്മദ് അലി ജൗഹർ, മൗലാന ഷൗക്കത് അലി, മൗലാന സഫർ അലി ഖാൻ. ഡോ. മുഖ്താർ അഹ്മദ് അൻസാരി അടക്കമുള്ള പ്രമുഖ പണ്ഡിതരിൽ ഉഥ്മാനി ഖിലാഫത്തിനെക്കുറിച്ച ചിന്തയും ആവേശവും നിരക്കുന്നതിൽ മൗലാന ഷിബിലി നുമാനിക്കു അനിഷേധ്യമായ പങ്കുണ്ട്. മുസ്ലിം സമൂഹ(മില്ലത്)ത്തിന്റെ സാര്‍വ്വലൗകികത, ഏകത എന്നിവക്കു പ്രാധാന്യം നൽകിയ ഷിബിലി നുമാനി ഖിലാഫത്തിന്റെ അനിവാര്യത വിശ്വസിച്ചിരുന്നു.
അദ്ദേഹത്തിന്റെ ‘അൽ -ഫാറൂഖ്’ ഖലീഫ ഉമർ (റ)ന്റെ ജീവിതത്തെ അവലോകനം ചെയ്തു ഖലീഫയുടെ സവിശേഷതകൾ വിശദീകരിക്കുന്നുണ്ട്.
ഉമർ (റ) ജനാധിപത്യ മാതൃകയിലുള്ള ഭരണകൂടം സ്ഥാപിച്ചതായി അദ്ദേഹം വിശദീകരിക്കുന്നു.

അല്ലാമാ ഇഖ്ബാൽ

അല്ലാമാ ഇക്ബാലിന്റെ വീക്ഷണത്തിൽ മുസ്ലിം സമൂഹത്തിലെ ഓരോ വ്യക്തിയും അല്ലാഹുവിന്റെ സന്ദേശം വഹിക്കുന്ന പ്രതിനിധിയാണ്. അരാജകത്വത്തിന് പകരം സമൂഹത്തിൽ ക്രമം നടപ്പിലാക്കാനുള്ള ഒരു മാതൃക സമൂഹമായി മാറുക എന്നതാണ് ലക്‌ഷ്യം. ഇസ്ലാമിക രാഷ്ട്രീയ ക്രമത്തിൽ വ്യക്തിയും സമുദായവും പരസ്പര ബന്ധിതമാണ്. തൗഹീദ് (ഏകദൈവത്വം) മുസ്ലിം സമൂഹത്തെ ഏകോപിപ്പിക്കുന്നതിൽ കേന്ദ്രബിന്ദുവായി വർത്തിക്കുന്നു.

വ്യത്യസ്ത ഗോത്ര സമൂഹങ്ങളായി കഴിഞ്ഞ അറബ് സമൂഹത്തെ ഒരൊറ്റ ദേശമായി പരിവർത്തിപ്പിക്കാൻ നബി സ ക്കു സാധിച്ചു. ഭരണത്തിലെ പിന്തുടർച്ചാവകാശ വ്യവസ്ഥ എടുത്തുകളഞ്ഞത് കാലികമായ ഗോത്രവർഗ വ്യവസ്ഥയുടെ അടയാളങ്ങൾപോലും ഇല്ലാതാക്കാനായിരുന്നു. ഇസ്ലാം രാഷ്ട്രീയ തീരുമാനങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുകയും സ്വതന്ത്രമായ തെരെഞ്ഞെടുപ്പ് രീതി അവതരിപ്പിക്കുകയും ചെയ്തു. ഖുലഫാഉ റാഷിദയുടെ ചരിത്ര വിവരിച്ചുകൊണ്ടു ഇസ്ലാമിന്റെ ജനാധിപത്യ മനം വിശകലനം ചെയ്യുന്നുണ്ട്. ജാതി, പൗരോഹിത്യ മേൽക്കോയ്മ, സവിശേഷാധികാരമുള്ള വർഗം ഒന്നുംതന്നെ ഇല്ലാത്ത നിരുപാധിക സമത്വം ഖിലാഫത്തിൽ നിലനിന്നിരുന്നു. ഇസ്ലാമിക നിയമമനുസരിച്ചു രാഷ്ട്ര -മത വേർതിരിവ് ഇല്ല .ഖലീഫഏറ്റവും മുതിർന്ന പണ്ഡിതനാവണമെന്നില്ല. എല്ലാ മുസ്ലിംകളെപ്പോലെതന്നെ ശരീഅത്തിനു വിധേയനായ സാധാരണ മനുഷ്യനാണ് ഖലീഫ.

സമൂഹത്തിനു മേലുള്ള വ്യക്തിഗതാധികാരം ഇസ്ലാമിക ആശയത്തിന് എതിരാണ്.പൊതുജനങ്ങൾക്കാണ് ഖിലാഫത്തിൽ അവസാന വാക്കുള്ളത്. ഇക്ബാൽ ഒന്നിലധികം ഖിലാഫത്തിന്റെ സാന്നിധ്യത്തെക്കുറിച്ചു ചർച്ച ചെയ്യുന്നുണ്ട്. ഇബ്ൻ ഖൽദൂനിനിന്റെ ഒന്നിലധികം ഖിലാഫത് ചരിത്രത്തിൽ നിലനിന്നിരുന്നു എന്ന അഭിപ്രായം അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. എല്ലാ മുസ്ലിംകൾക്കും ഖലീഫായെ തെരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ട്. ഇസ്ലാമിക നിയമങ്ങൾ ജീവിതത്തിൽ പുലർതാത്ത ഖലീഫയെ നിഷ്കാസിതനാക്കാനും പൊതുജനങ്ങൾക്ക് അധികാരമുണ്ടെന്ന് അല്ലാമാ ഇക്ബാൽ അഭിപ്രായപ്പെടുന്നു. പൊതുജനവും ഭരണാധിപനും തമ്മിലെ ബന്ധം രാഷ്ട്രീയ ഉടമ്പടിയാണെന്ന അൽ-മാവർദിയുടെ വീക്ഷണത്തെ അല്ലാമാ ഇഖ്‌ബാലും അംഗീകരിക്കുന്നുണ്ട്. ഇസ്ലാമിനെ സംരക്ഷിക്കുക, ശരീഅത് നടപ്പിക്കുക, ഇസ്ലാമിക നിയമനുസരിച്ചു നികുതി വ്യവഹാരഹങ്ങൾ പ്രയോഗവത്കരിക്കുക, രാഷ്ട്ര ഖജനാവിന്റെ സൂക്ഷ്മമായ കൈകാര്യം എന്നിവയെല്ലാം ഖലീഫയുടെ കർത്തവ്യങ്ങളാണ് എന്ന് അല്ലാമാ ഇക്ബാൽ വിശദീകരിക്കുന്നു. ഈ ഉത്തരവാദിത്തങ്ങൾ ഖലീഫ പാലിക്കുകയാണെങ്കിൽ ജനങ്ങൾ അദ്ദേഹത്തെ അനുസരിക്കുകയും ജോലിയിൽ സഹായിക്കുകയും ചെയ്യണം. അതിനാൽ നിർബന്ധിത തെരെഞ്ഞെടുപ്പ് ഇസ്ലാമിക വിരുദ്ധമാണെന്നും സ്വതന്ത്രമായ സാഹചര്യത്തിലാണ് ഖലീഫയെ തെരെഞ്ഞെടുക്കേണ്ടതെന്നും ഇക്ബാൽ വീക്ഷിക്കുന്നു. ഭൂമിയിൽ സമാധാനവും സുരക്ഷയും നടപ്പിലാക്കാൻ അവതരിപ്പിക്കപ്പെട്ട നിയമങ്ങൾ നടപ്പിലാക്കാനുള്ള മനുഷ്യനിര്‍മ്മിതമായ പദ്ധതിയാണ് ഭരണകൂടം എന്ന് അല്ലാമാ ഇക്ബാൽ നിരീക്ഷിച്ചു.

ചരിത്രപരമായി തെരെഞ്ഞെടുപ്പ് വ്യവസ്ഥ നിലച്ചു പോയതിന്റെ രണ്ടു കാരണങ്ങൾ അല്ലാമാ ഇക്ബാൽ വിശദീകരിക്കുന്നു. ഇസ്ലാം സ്വീകരിച്ച പ്രധാനപ്പെട്ട രണ്ടു വംശങ്ങളായ പേർഷ്യൻ – മംഗോൾ ജീവിത രീതികളിൽ തെരെഞ്ഞെടുപ്പ് വ്യവസ്ഥ ചേരുന്നതായിരുന്നില്ല. ആദ്യകാല മുസ്ലിംകളുടെ ജീവിതം പോരാട്ടങ്ങളുടെയും പിടിച്ചെടുക്കലുകളുടെയുമായിരുന്നു. അവർ അവരുടെ മുഴുവൻ ശ്രദ്ധയും രാഷ്ട്രീയ വ്യാപനത്തിനായി ശ്രമിച്ചു. അതിനാൽ അധികാരം ചുരുക്കം വ്യക്തികൾക്ക് കേന്ദ്രീകരിക്കപ്പെട്ടു.

ഇസ്‌ലാം അനിഷേധ്യ യാഥാർഥ്യവും ശരീഅത് ഒരു സമൂഹത്തിനുള്ള സമഗ്രമായ മാർഗദർശിയുമാണ് എന്ന് അല്ലാമാ ഇഖ്ബാൽ ചിന്തിച്ചു.ഇജ്തിഹാദിൽ പണ്ഡിതർ മാത്രമല്ല അസംബ്ലി പോലെ സംഘടിതമായ പൊതുജനാഭിപ്രായം അനിവാര്യമാണ്. അതുകൊണ്ടു തന്നെ ജനാധിപത്യ പ്രക്രിയ മുസ്ലിം സമൂഹത്തിൽ ഏറ്റവും പ്രസക്തമായ രാഷ്ട്രീയ നയമായിരുക്കുമെന്നു അദ്ദേഹം പറഞ്ഞു. അവിടെ സമത്വവും സാഹോദര്യവും അനിവാര്യ ഘടകങ്ങളായിത്തീരുന്നു.

വംശം – ഭൗമികം, ഭാഷ , സാമൂഹിക സമ്പ്രദായങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലല്ല ; പകരം മത രാഷ്ട്രീയ ഏകതയിലാണ് ഒരു ദേശം രൂപപ്പെടേണ്ടതെന്നു അല്ലാമാ ഇക്ബാൽ നിരീക്ഷിക്കുന്നു. ജനം വിവാഹം, താമസം, പൗരത്വം സ്വീകരിക്കൽ എന്നിവയിലൂടെ മാത്രം ഒരു ദേശത്തിന്റെ അംഗമാകാൻ സാധിക്കുകയില്ല. സമാന ചിന്താഗതി കൂടി പുലർത്തേണ്ടതുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അല്ലാമാ ഇക്ബാലിന്റെ സ്പിരിച്യുൽ ഡെമോക്രസി എന്ന ചിന്ത ആത്മീയ- ആശയ ബന്ധത്തിന്റെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടുന്നു. അദ്ധേഹത്തിന്റെ സാമുദായിക രാഷ്ട്രീയ ചിന്തകളിൽ ഈ ആശയം നിറഞ്ഞു കിടന്നിരുന്നു.

മൗലാനാ അബുൽ കലാം ആസാദ്

ഇസ്ലാമിക ലോകത്തിന്റെ സംരക്ഷണവും ശരീഅത് നടപ്പിലാക്കലും സുശക്തമായ ഒരു മുസ്ലിം ഭരണത്തിനു മാത്രമാണ് ഈ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയുന്നത്. ഖിലാഫതിനു വംശീയ അടിത്തറ പാടില്ലന്നു മൗലാനാ ആസാദ് ഉറപ്പിച്ചു. അദ്ധേഹം ഇസ്ലാമിക സാർവലൗകികതയെ കുറിച്ചാണ് സംസാരിച്ചിരുന്നത്. അദ്ദേഹത്തിന്റെ അൽ – ഹിലാൽ ഉഥ്മാനീ ഖിലാഫത്തിനു വേണ്ടി പ്രതിരോധം തീർത്തു. മൗലാനാ ആസാദിന്റെ ‘ ഔർ ജസീറതുൽ അറബ്’ എന്ന 1920 ൽ ബെംഗാൾ പ്രവിശ്യാ ഖിലാഫത് സമ്മേളനത്തിൽ നടത്തിയ പ്രഭാഷണത്തിൽ ഖിലാഫതിന്റെ അനിവാര്യത വിശദീകരിക്കുന്നുണ്ട്. ഖുർആനും സുന്നത്തും വിശദീകരിച്ചു കൊണ്ടു ഖിലാഫത് നിലനിൽക്കൽ എല്ലാ മുസ്ലിംകൾക്കുമേലും നിർബന്ധ ബാധ്യതയാണെന്നും ഏതു രാജ്യ നിവാസിയാണെങ്കിലും അതിന് വേണ്ടി പ്രതിരോധം തീർക്കൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സവിശേഷസാഹചര്യത്തിൽ അബുൽകലാം ആസാദ് ബ്രിട്ടീഷുകാർക്കെതിരെ ജിഹാദ് പ്രഖ്യാപിച്ചുകൊണ്ട് ഫത് വ ഇറക്കി.
മംഗോൾ അധിനിവേശത്തോടെ ഖിലാഫത് ഭരണം നിലച്ചു എന്ന ഓറിയന്റലിസ്റ്റു വായനയെ അദ്ദേഹം നിരാകരിച്ചു. നൂറ്റാണ്ടുകളായി പാശ്ചാത്യ ശക്തികളെ ചെറുത്ത് ഇസ്ലാമിനെ സംരക്ഷിക്കുന്ന ഉഥ്മാനീ ഖിലാഫത് ശരിയായ പാതയിലാണെന്നു അദ്ദേഹം വ്യക്തമാക്കി. ദേശാതീതമായി കണ്ണി ചേർക്കപ്പെടുന്ന ആഗോള സാഹോദര്യമാണ് ഇസ്ലാം പ്രദാനം ചെയ്യുന്നതെന്നും ഖിലാഫതാണ് അതിനു നേതൃത്വം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖുറൈശി വംശത്തിലേക്കു മാത്രം ഖിലാഫതിനെ കണ്ണി ചേർക്കുന്ന രീതിയെ മൗലാനാ ആസാദ് എതിർത്തു. മുസ്ലിം നേതൃത്വം ഏതെങ്കിലും കുടുംബത്തോടോ ഗോത്രത്തോടോ ചേർക്കു വാദിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണ്.ഖുറൈശികൾക്കാണ് നേതൃത്വം എന്നാശയത്തിലുള്ള നബിവചനം ചരിത്രപരമായ സാഹചര്യത്തിലാണ് മനസ്സിലാക്കേണ്ടതെന്നും അക്കാലഘട്ടത്തിൽ അറബികൾക്കിടയിൽ ഖുറൈശികൾക്കുള്ള സ്ഥാനം വ്യക്തമാക്കുന്ന വചനം മാത്രമാണതെന്നും അദ്ദേഹം വിശകലനം ചെയ്തു.

ശെരീഫ് ഹുസൈൻ ഉഥ്മാനീ ഖിലാഫതിനെതിരെ ബ്രിട്ടീഷ്കാർക്കൊപ്പം ചേർന്നു നടത്തിയ സൈനിക നടപടിയെ മൗലാനാ ആസാദ് ശക്തമായി വിമർശിച്ചു. ശെരീഫ് ഹുസൈൻ ഹറമൈനിനെ ഖിലാഫതു വിരുദ്ധ കേന്ദ്രമാക്കി ഉപയോഗിച്ചത് വലിയ കുറ്റമായാണ് അദ്ദേഹം വീക്ഷിച്ചത്. ‘തർകെ – മുവാലാതി’ൽ ബ്രിട്ടീഷ് ഭരണകൂടത്തോടു നിസ്സഹകരണ നയം സ്വീകരിക്കണമെന്ന മൗലാനാ ആസാദിന്റെ ആവശ്യത്തിലും ഖിലാഫതിനോടുള്ള ആശയബന്ധം വ്യക്തമാണ്.ഖിലാഫതു പ്രസ്ഥാനത്തിന്റെ തകർച്ചക്കു ശേഷം അദ്ദേഹത്തിൽ വീക്ഷണ വിത്യാസങ്ങൾ ഉണ്ടാവുകയും പിന്നീടു ദേശീയത പ്രധാന വിഷയമായി മാറുകയും ചെയ്തിരുന്നു.

മൗലാനാ ആസാദിനെപ്പോലെ ഉഥ്മാനി ഖിലാഫതിനെ സംരക്ഷിക്കുക എന്നത് നിർബന്ധ ബാധ്യതയായാണ് മൗലാനാ മുഹമ്മദ് അലിയും കണ്ടത്.1920 ൽ മാലാനാ ശൗകത് അലി , ഖിലാഫത് ഭീഷണി നേരിടുകയാണെങ്കിൽ ജിഹാദ് , ഹിജ്റ എന്നീ രണ്ട് മാർഗങ്ങൾ മാത്രമായാണ് മുസ്ലിംകൾക്കുള്ളതെന്നു പ്രഖ്യാപിച്ചിരുന്നു.

മൗലാനാ മൗദൂദിയും ഖിലാഫതും

ഖലീഫായുടെ ഉത്തരവാദിത്വം മുസ്ലിം സമൂഹത്തിൽ അവരുടെ പ്രാധാന്യവും ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പണ്ഡിതരിൽ ഒരാളാണ് മൗലാന മൗദുദി. ഇസ്ലാമിന്റെയും ഇസ്ലാമിക രാഷ്ട്രത്തിന്റെയും സംരക്ഷണവും സാമൂഹിക നീതി പരിരക്ഷിച്ചു കൊണ്ടുള്ള സത്ഭരണവുമാണ് ഖലീഫയുടെ കർത്തവ്യമെന്നു മൗലാന മൗദൂദി വീക്ഷിക്കുന്നു. സാമൂഹിക പരിവർത്തനവും നേതൃത്വവും പരസ്പരം ബന്ധപെട്ടു കിടക്കുന്നു എന്ന് മൗദൂദി അഭിപ്രായപ്പെടുന്നു. വ്യക്തി കുടുംബം സമൂഹം രാഷ്ട്രം എന്നിങ്ങനെയുള്ള സാമൂഹിക പരിവർത്തനമാണ് അദ്ദേഹം പ്രധാനമായും മുന്നോട്ടു വെക്കുന്നത്. എന്നാൽ മാത്രമേ നിയമവാഴ്ച ശേരിയായ രീതിയിൽ നിര്വഹിക്കപ്പെട്ടുകയുളൂ എന്ന് അദ്ദേഹം വീക്ഷിക്കുന്നു. ക്രമപ്രവർദ്ധവും സമാധാനപാരവ്യമായ ദേശ നിർമാണ പ്രക്രിയയായാണ് ഇസ്ലാമിക മാതൃകയെന്നു നബി (സ) യുടെ ജീവിത സാഹചര്യം വിശകലനം ചെയ്തു അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

ഇസ്ലാമിലെ നേതൃത്വത്തിന്റെ (ഇമാറത്) ഉത്തരവാദിത്തങ്ങൾ വിശകലനം ചെയ്ത അദ്ദേഹം ഇസ്ലാമിക സമൂഹത്തിന്റെ ക്ഷേമ താത്പര്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന് വീക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്ത വികസിക്കുന്നത് സമൂഹത്തിലെ ആദ്യ ഘടകം എന്ന നിലയിൽ വ്യക്തിയിൽ നിന്നാണ്.( bottom -up ) രീതിയിലോടെയല്ലാതെ ഇസ്ലാമിക വ്യവസ്ഥ രൂപപ്പെടുത്താൻ കഴിയില്ല എന്ന് മൗദൂദി വിശദീകരിക്കുന്നു. ഷാഹ് വലിയുല്ലാഹ് ദെഹ്ലവിയുടെ ചിന്തപോലെ വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നിങ്ങനെയാണ് മൗലാനാ മൗദൂദി ദേശനിർമിതിയുടെ വികാസം വിവരിച്ചിട്ടുള്ളത്.

മൗലാന മൗദൂദിയുടെ രാഷ്ട്രീയ ചിന്തയിലെ രണ്ടാം ഘട്ടം രാഷ്ട്ര കേന്ദ്രീകൃത ചിന്തയാണ്. ഇസ്ലാമിക നിയമ നടപ്പിലാക്കാനുള്ള സാഹചര്യം രൂപപ്പെട്ടു കഴിഞ്ഞാലുള്ള ശരീഅതിന്റെ പരിരക്ഷയും പൗരന്മാരുടെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പു വരുത്തൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമായി അദ്ദേഹം വിലയിരുത്തുന്നു.
സമൂഹത്തിന്റെ ധാർമിക സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളിലെല്ലാം നീതിയുടെ അടിസ്ഥാനത്തിൽ ഇസ്ലാമിക നിയമസംഹിതയുടെ പ്രയോഗവത്കരണം അനിവാര്യമായിത്തീരുന്നു.

രാഷ്ട്രത്തിൽ സുസ്ഥിരത നിലനിർത്തുന്നതിൽ ഭരണകര്താവിന്റെ അധികാര ശക്തി അതിപ്രധാനമാണെന്നു അദ്ദേഹം വിശദീകരിക്കുന്നു. ദുർബലനായ ഭരണാധികാരിക്ക് സമൂഹത്തിലെ സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയില്ല.

ഇസ്ലാമിക രാഷ്ട്ര നിർമാണത്തിന് മൗലികസാമൂഹിക പരിവർത്തനത്തിലൂടെയുള്ള ഇസ്ലാമിക വിപ്ലവം അനിവാര്യമാണ്. പാകിസ്താനിലുള്ള അദ്ദേഹത്തിന്റെ ചിന്തകളിൽ ഇസ്ലാമിക ഭൂമികയിലുള്ള ദേശീയത പ്രധാന ഭാഗമായി വരുന്നുണ്ട്. ഇസ്ലാമിക വിപ്ലവം നയിക്കാൻ കഴിവുള്ള ഒരു ദേശമായി പാകിസ്താനിനെ അദ്ദേഹം വീക്ഷിച്ചിരുന്നു. നിരുപാധിക ജനാധിപത്യത്തെ സൈദ്ധാന്തികമായി മൗലാന മൗദൂദി വിമര്ശിക്കുന്നുണ്ടെങ്കിലും കൂടിയാലോചന, പൊതു ജനാഭിപ്രായം, പൊതു ജന പങ്കളിത്തം തുടങ്ങിയ രാഷ്ട്രീയ മൂല്യങ്ങളുടെ പേരിൽ ജനാധിപത്യത്തോടു വിമർശനാത്മക സമീപനം ആണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ഇസ്ലാമിക ചരിത്രത്തിൽ ഈ രാഷ്ട്രീയ മൂല്യങ്ങളുടെ പ്രാധാന്യം എടുത്തുപറയുന്ന മൗദൂദി തിയോ-ഡിമോക്രസി എന്ന ആശയത്തെ മുന്നോട്ടുവെച്ചു. അല്ലാഹുവിന്റെ പരമാധികാരത്തിന്റെ കീഴിൽ മുസ്ലിംകൾക്കുള്ള നിർണിത അധികാരം ആണ് തിയോ- ഡിമോക്രസി. പാശ്ചാത്യ ജനാധിപത്യത്തിലുള്ള പൊതുജനങ്ങൾക്കുള്ള പൂർണ സ്വാതന്ത്ര്യം അനിയന്ത്രിതമായ നിരുപാധിക മേല്‍ക്കോയ്‌മയും തിയോ ഡിമോക്രസിയിൽ ഉണ്ടാവുകയില്ല.

പാശ്ചാത്യ ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ . ഇസ്ലാമിക വീക്ഷണത്തിൽ അല്ലാഹുവിൽ നിക്ഷിപ്‌തമായതാന് പരമാധികാരം; ജനം സൃഷ്ടാവിന്റെ പ്രതിനിധികളും. ആദ്യത്തേതിൽ ജനങ്ങൾ സ്വയം നിയമ നിർമാണം നടത്തുന്നു. ഇസ്ലാമിൽ പ്രചകനിലൂടെ നൽകപ്പെട്ട നിയമങ്ങൾ അനുധാവനം ചെയ്യേണ്ടതുണ്ട്. അദ്ദേത്തെതിൽ ഭരണകൂടം ജനതാത്‌പര്യം പൂർത്തീകരിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; രണ്ടാമത്തേതിൽ ഭരണകൂടവും ജനങ്ങളും ദൈവഹിതമനുസരിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. പാശ്ചാത്യ ജനാധിപത്യത്തിൽ അധികാരം സമ്പൂർണ സ്വാതന്ത്ര്യവും അനിയന്ത്രിതവുമാണെങ്കിൽ ഇസ്ലാമിക ജനാധിപത്യത്തിൽ ദൈവിക നിയമങ്ങളും ശാസനകളും അനുസരിച്ചുള്ളതാണ്.

സൂറ: ബഖറ:യിലെ ഖലീഫ സംബന്ധിയായ മുപ്പതാം സൂക്തം മൗലാന മൗദൂദി ‘ഖിലാഫത്’ ചർച്ചയുടെ പൊതു അടിത്തറയായി വിശദീകരിക്കുന്നുണ്ട് : “ഒരു സാധനത്തെ അതിന്റെ ഉടമസ്ഥന്‍ ഏല്‍പിച്ച അധികാരമനുസരിച്ച് വിനിയോഗിക്കുന്നവനാണ് ‘ഖലീഫ’ അഥവാ പ്രതിനിധി. പ്രതിനിധി ഉടമസ്ഥനല്ല; ഉടമസ്ഥന്റെ കീഴില്‍ കാര്യം നടത്തുന്നവനാണ്. അയാളുടെ അധികാരങ്ങള്‍ സ്വന്തമായുള്ളതല്ല; ഉടമസ്ഥന്‍ നല്‍കിയതുമാത്രമാണ്. ഉടമസ്ഥന്റെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കുക മാത്രമാണവന്റെ ജോലി. ഇനി അവന്‍ സ്വയം ഉടമസ്ഥനായിച്ചമഞ്ഞ് ഉടമസ്ഥന്‍ നല്‍കിയ അധികാരങ്ങളെ സ്വേച്ഛാനുസാരം ഉപയോഗിക്കുകയോ അഥവാ, സാക്ഷാല്‍ ഉടമസ്ഥനൊഴിച്ച് മറ്റാരെയെങ്കിലും ഉടമസ്ഥനായി അംഗീകരിച്ച് അവരുടെ ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും അവരുടെ ആജ്ഞാനുവര്‍ത്തിയായി നിലകൊള്ളുകയും ചെയ്കയോ ആണെങ്കില്‍ അത് രാജദ്രോഹവും ധിക്കാരവുമായിരിക്കും.”
അല്ലാഹു അനുവദിച്ചു നൽകിയ അധികാരം മാത്രമേ വിനിയോഗിക്കാൻ ഖലീഫക്കും കഴിയുകയുള്ളു. ഈ കർത്തവ്യം നീതിയോടും ശരിയായും കൈകാര്യം ചെയ്യാൻ ഖലീഫ വിധിക്കപ്പെട്ടവനാണ്. സ്വയേച്ച നടപ്പിലാക്കാൻ ഖലീഫക്കും അധികാരമില്ല. ദൈവിക നിയമം ഭൂമിയിൽ നടപ്പിലാക്കാനുള്ള പ്രതിനിധി മാത്രമാണ് ഖലീഫ.

അൽ അൻആം :165 – സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ അല്ലാഹുവും ഖലീഫയും തമ്മിലുള്ള ബന്ധം മൗലാനാ മൗദൂദി വിവരിക്കുന്നു : “ഈ വാക്യത്തില്‍ മൂന്നു യാഥാര്‍ഥ്യങ്ങള്‍ വിവരിച്ചിരിക്കുന്നു: ഒന്ന്, ഭൂമിയില്‍ എല്ലാ ഓരോ മനുഷ്യനും ദൈവപ്രതിനിധിയാണ്. അതായത്, ദൈവം തന്റെ ഉടമയിലുള്ള വസ്തുക്കളില്‍ പലതും മനുഷ്യന്റെ പക്കല്‍ അമാനത്ത് വെച്ചിരിക്കുന്നു. അവ കൈകാര്യം ചെയ്യാന്‍ അവന് അധികാരവും നല്‍കിയിരിക്കുന്നു. രണ്ട്, പ്രതിനിധികള്‍ തമ്മില്‍ പദവി വ്യത്യാസമുണ്ട്. ചിലരുടെ അമാനത്ത് പരിധി വിപുലമാണെങ്കില്‍ ചിലരുടേത് പരിമിതമാണ്. ചിലര്‍ക്ക് കൂടുതല്‍ വസ്തുവഹകളില്‍ കൈകാര്യാവകാശമുണ്ടെങ്കില്‍ ചിലര്‍ക്ക് കുറഞ്ഞ വഹകളിലേ ഉള്ളൂ. ചിലര്‍ക്ക് കൂടുതല്‍ പ്രവര്‍ത്തനശേഷി നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ ചിലര്‍ക്ക് കുറവേ നല്‍കിയിട്ടുള്ളൂ. മനുഷ്യരില്‍ത്തന്നെ ചിലര്‍ ചിലരുടെ അമാനത്തിലാണുള്ളത്. മൂന്ന്, ഇതെല്ലാംതന്നെ വാസ്തവത്തില്‍ പരീക്ഷണവസ്തുക്കളാണ്. ജീവിതം ഒരു പരീക്ഷണാലയമാണ്. ഒരാള്‍ക്ക് എന്ത്, എത്രത്തോളം ദൈവം കൊടുത്തിരിക്കുന്നോ അയാള്‍ അതില്‍ പരീക്ഷിക്കപ്പെടുന്നു. അല്ലാഹുവിന്റെ അമാനത്തിനെ ഒരോരുത്തരും എങ്ങനെ ഉപയോഗപ്പടുത്തുന്നുവെന്ന്; അമാനത്തു ബാധ്യത എത്രകണ്ട് നിറവേറ്റുന്നുവെന്ന്; തന്റെ യോഗ്യതയും അയോഗ്യതയും എത്രകണ്ട് തെളിയിക്കുന്നുവെന്ന്, ഈ പരീക്ഷയുടെ ഫലമനുസരിച്ചായിരിക്കും ജീവിതത്തിന്റെ രണ്ടാംഘട്ടത്തില്‍ പദവി നിര്‍ണയിക്കപ്പെടുക.”

അല്ലാഹുവിന്റെ പരമാധികാരം സൂചിപ്പിക്കുന്ന മറ്റൊരു പദമാണ് ഹാകിമിയ്യത്. സൃഷ്ടാവ്, നിയന്താവ്, സകല ലോകങ്ങളുടെയും യജമാനൻ അതിനാൽ തന്നെ ഇവയുടെയെല്ലാം അധികാരവും നിയന്ത്രണവും കല്പനാധികാരവും അല്ലാഹുവിന്റെ പക്കലാണ് എന്നതാണ് ഹാകിമിയത്തിന്റെ വിവക്ഷ. വ്യക്തി, കുടുംബം, വർഗം , വിഭാഗം എന്ന് തുടങ്ങി ആർക്കും അല്ലാഹുവിന്റെ പരമാധികാരത്തിൽ പങ്കാളിത്തമില്ല.

സൂറ: യൂനുസ് പതിനാലാം ആയത്തിൽ, മുൻകാല സമൂഹങ്ങൾ അവർക്കു നിയോഗിക്കപ്പെട്ട പ്രവാചകരെ അനുസരിക്കാത്തതിനാൽ ദൈവശിക്ഷ നേരിടേണ്ടി വന്ന ചരിത്ര പരാമർശമുണ്ട്. നേതൃത്വത്തിനോടുള്ള കീഴ്‌വണക്കം ഈ ആയത്തിന്റെ വിശദീകരണത്തിൽ മൗദൂദി സൂചിപ്പിക്കുന്നുണ്ട്.നേതൃത്വത്തിന്റെ ഉത്തരവാദിത്തം ഈ ചിന്തകളിലൂടെ അദ്ദേഹം പ്രകാശിപ്പിക്കുന്നു. അൽ – അൻആം : 133 സൂക്തത്തിലെ ‘യസ്തഖ്‌ ലിഫ് ‘ എന്ന ഭാഗം വിശദീകരിക്കവെ അല്ലാഹുവിന്റെ പരമാധികാരത്തിന്റെ വ്യാപ്തി പരാമർശിക്കുന്നുണ്ട്.

സൂറ: അന്നൂർ : 55 : ആയത്തിന്റെ വ്യാഖ്യാനത്തിൽ ഖിലാഫത്തിനെക്കുറിച്ചു കൂടുതൽ വിശദീകരണം നൽകുന്നുണ്ട്. “… അല്ലാഹു മുസ്‌ലിംകള്‍ക്ക് പ്രാതിനിധ്യം നല്‍കാമെന്ന് വാഗ്ദാനം ചെയ്തത് കാനേഷുമാരി മുസ്‌ലിംകളോടല്ലെന്ന് കപടവിശ്വാസികളെ ഉണര്‍ത്തുകയാണ് ഈ പ്രസ്താവനയുടെ ഉദ്ദേശ്യം. മറിച്ച്, ആ മുസ്‌ലിംകള്‍ സത്യസന്ധരായ വിശ്വാസികളാവണം. സ്വഭാവചര്യകളുടെ അടിസ്ഥാനത്തില്‍ ഉത്തമരാവണം. അല്ലാഹുവിന്റെ അംഗീകൃത മതം പിന്‍പറ്റുന്നവരാവണം. സകലവിധ ശിര്‍ക്കില്‍(ബഹുദൈവവാദം)നിന്നും മുക്തരായി അല്ലാഹുവിന് അടിമവൃത്തിയും ദാസ്യവേലയും ചെയ്യുന്നവരാവണം. ഈ സ്വഭാവ വിശേഷണങ്ങളില്ലാത്തവരും നാവുകൊണ്ടുമാത്രം വിശ്വാസം വാദിക്കുന്നവരും ഈ വാഗ്ദാനത്തിനര്‍ഹരല്ല. അവരോട് ചെയ്തതുമല്ല ഈ വാഗ്ദാനം. അതിനാല്‍, അവരതില്‍ അവകാശികളാണെന്ന് പ്രതീക്ഷിക്കുകയും വേണ്ട.

ചിലര്‍ ഖിലാഫത്തിന് (പ്രാതിനിധ്യം) ഭരണം, ആധിപത്യം, മേല്‍ക്കോയ്മ, അധികാരം എന്നീ അര്‍ഥങ്ങള്‍ മാത്രം കല്‍പിക്കുന്നു. ലോകത്ത് ആര്‍ക്കെല്ലാം അത് ലഭിച്ചിട്ടുണ്ടോ, അവര്‍ സത്യവിശ്വാസികളും സല്‍ക്കര്‍മികളും ദൈവികമതത്തിന്റെ അനുയായികളും അല്ലാഹുവിന്റെ ശരിയായ അടിമകളും ബഹുദൈവവിശ്വാസത്തില്‍നിന്ന് മുക്തരുമാണെന്ന് ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കുകയും ചെയ്യുന്നു. എന്നാല്‍, സത്യവിശ്വാസം, സുകൃതം, സത്യദീന്‍, ദൈവാടിമത്തം, ബഹുദൈവത്വം തുടങ്ങിയ എല്ലാറ്റിന്റെയും വിവക്ഷ തങ്ങളുടെ ഈ സിദ്ധാന്തത്തിനനുഗുണമായി മാറ്റിമറിക്കുകകൂടി ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ അക്രമം. ഖുര്‍ആനിന്റെ ആശയത്തെ അതിനീചമായി മാറ്റിമറിക്കലാണിത്. ഇത് ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും മാറ്റിമറിക്കലിനെ കവച്ചുവെക്കുന്നു. ഈ വാക്യത്തിന് അവര്‍ നല്‍കുന്ന അര്‍ഥം ഖുര്‍ആന്റെ മുഴുവന്‍ അധ്യാപനങ്ങളെയും തകിടംമറിക്കുകയും ഇസ്‌ലാമിന്റെ യാതൊന്നും യഥാസ്ഥാനത്ത് അവശേഷിക്കാതിരിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു. ഖിലാഫത്തിന് ഈ നിര്‍വചനം നല്‍കിയാല്‍, എന്നെങ്കിലും ലോകത്ത് ആധിപത്യവും മേധാവിത്വവും പുലര്‍ത്തിയവരോ ഇന്നു പുലര്‍ത്തുന്നവരോ എല്ലാം ഈ വാക്യത്തിന്റെ വിവക്ഷയായിത്തീരും –അവര്‍ ദൈവത്തെയും ദിവ്യബോധനത്തെയും പ്രവാചകദൗത്യത്തെയും പരലോകത്തെയുമെല്ലാം നിഷേധിക്കുന്നതോടൊപ്പം ഖുര്‍ആന്‍ മഹാപാതകങ്ങളായി ഗണിച്ച പലിശ, വ്യഭിചാരം, മദ്യപാനം, ചൂതാട്ടം പോലുള്ള അധര്‍മത്തിന്റെയും ദുര്‍മാര്‍ഗത്തിന്റെയും മാലിന്യങ്ങളില്‍ കിടന്നു പുളച്ചാലും ശരി, ഇവരെല്ലാം നല്ലവരായ സത്യവിശ്വാസികളും അതിനാല്‍, ഖിലാഫത്തിന്റെ ഉന്നത പദവിയലങ്കരിച്ചവരുമാണെങ്കില്‍ ഈമാനിന്റെ അര്‍ഥം പ്രകൃതിനിയമങ്ങള്‍ അനുസരിക്കലും നന്മയുടെ അര്‍ഥം ആ നിയമങ്ങളെ വിജയകരമായി ഉപയോഗിക്കലുമല്ലാതെ മറ്റെന്താണ്? പ്രകൃതിവിജ്ഞാനീയങ്ങളില്‍ അവഗാഹം നേടി, തൊഴിലിലും കച്ചവടത്തിലും രാഷ്ട്രീയത്തിലും നല്ലവണ്ണം അഭിവൃദ്ധിപ്പെടുകയല്ലാതെ മറ്റെന്താണ് അല്ലാഹുവിന്റെ അംഗീകൃത ദീന്‍? വ്യക്തിഗതവും സമഷ്ടിഗതവുമായ അധ്വാനപരിശ്രമങ്ങളുടെ വിജയത്തിന് പ്രകൃത്യാ പ്രയോജനകരവും അവശ്യവുമായ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുകയെന്നല്ലാതെ അല്ലാഹുവിന്റെ അടിമത്തമെന്നതിന് മറ്റെന്താണര്‍ഥം? ഫലപ്രദമായ ആ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമൊപ്പം വല്ല വ്യക്തിയോ ജനതയോ അല്‍പം വിദ്രോഹകരമായ ഏതെങ്കിലും മാര്‍ഗവുംകൂടി സ്വീകരിക്കുന്നതല്ലാതെ മറ്റെന്താണ് ശിര്‍ക്ക്? തുറന്ന ഹൃദയത്തോടും തുറന്ന കണ്ണുകളോടുംകൂടി എപ്പോഴെങ്കിലും ഖുര്‍ആന്‍ മനസ്സിരുത്തിവായിച്ച ബുദ്ധിയുള്ള ഒരു മനുഷ്യന്ന് സമ്മതിക്കാന്‍ പറ്റുമോ, ഖുര്‍ആനില്‍ ഈമാനും സല്‍ക്കര്‍മവും സത്യദീനും ദൈവികാടിമത്തവും ഏകദൈവത്വവും ബഹുദൈവവാദവും യഥാര്‍ഥത്തില്‍ ഇതേ അര്‍ഥത്തിലാണ് ഉപയോഗിച്ചതെന്ന്? ഒരിക്കലെങ്കിലും ഖുര്‍ആന്‍ മുഴുവന്‍ മനസ്സിലാക്കി വായിക്കാത്തവര്‍ക്കേ ഈ അര്‍ഥം കല്‍പിക്കാനാവൂ. വല്ലയിടത്തുനിന്നും കുറച്ചു സൂക്തങ്ങളും വേറെ വല്ലയിടത്തുനിന്നും മറ്റു ചിലതുമെടുത്ത് തങ്ങളുടെ ചിന്താഗതികള്‍ക്കും വിഭാവനകള്‍ക്കുമനുസരിച്ച് അവയെ വാര്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അല്ലാഹുവിനെ ഏകനായ രക്ഷിതാവും ആരാധ്യനുമായി, അവനവതരിപ്പിച്ച ബോധനത്തെ ഏക മാര്‍ഗദര്‍ശനോപാധിയായും അവന്‍ നിയോഗിച്ച പ്രവാചകനെ നിര്‍ബന്ധമായി അനുസരിക്കപ്പെടേണ്ട വഴികാട്ടിയായും അംഗീകരിക്കണമെന്നാഹ്വാനം ചെയ്യുന്ന സൂക്തങ്ങളെല്ലാം തന്റെ വാദപ്രകാരം അബദ്ധവും നിരര്‍ഥകവുമായി സ്ഥിരീകരിക്കുന്നവനായിരിക്കണം ഖുര്‍ആന്‍ വായിച്ച ശേഷവും ഇങ്ങനെ വാദിക്കുന്നവന്‍. ഈ ഐഹിക ജീവിതത്തിനു ശേഷം മറ്റൊരു ജീവിതമുണ്ടെന്ന് അംഗീകരിക്കണമെന്നുമാത്രമല്ല, ആ ജീവിതത്തില്‍ തങ്ങള്‍ സമാധാനം ബോധിപ്പിക്കണമെന്ന വിചാരത്തെ നിഷേധിക്കുകയോ അല്ലെങ്കില്‍ അതേപ്പറ്റി അശ്രദ്ധരായി ഭൗതിക നേട്ടങ്ങളെ മാത്രം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ ഒരിക്കലും വിജയം പ്രാപിക്കുകയില്ലെന്നുകൂടി സ്ഥാപിക്കുന്ന സൂക്തങ്ങളെല്ലാം അയാളുടെ ദൃഷ്ടിയില്‍ നിരര്‍ഥമായിരിക്കും. ഖുര്‍ആനില്‍ ഈ വിഷയങ്ങളെല്ലാം അനേകതവണ വിവിധ രൂപത്തില്‍ വ്യക്തവും സ്ഫുടവുമായ പദങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. ഈ ഗ്രന്ഥം ആത്മാര്‍ഥതയോടെ പാരായണം ചെയ്യുന്ന വല്ലൊരാളും ‘പ്രാതിനിധ്യസൂക്ത’ത്തിന്റെ പുതിയ വ്യാഖ്യാതാക്കള്‍ക്ക് പിണഞ്ഞതുപോലുള്ള തെറ്റുധാരണകളില്‍ പെട്ടുപോകുമെന്ന് വിഭാവന ചെയ്യാന്‍പോലും കഴിയുന്നില്ല.

ഖിലാഫത്ത് ( خلافة), ഇസ്തിഖ്‌ലാഫ് (استخلاف) എന്നീ പദങ്ങള്‍ക്ക് എന്ത് അര്‍ഥം നല്‍കിയാണോ അവരീ സൗധം പണിതിരിക്കുന്നത്, ആ അര്‍ഥം അവരുടെ കൃതിപ്പാണ്. ഖുര്‍ആനറിയുന്ന ആരും ഈ സൂക്തത്തില്‍നിന്ന് അത്തരമൊരാശയം മനസ്സിലാക്കുകയില്ല. യഥാര്‍ഥത്തില്‍ خلافة، استخلاف എന്നീ പദങ്ങള്‍ മൂന്നര്‍ഥത്തിലാണ് ഖുര്‍ആന്‍ പ്രയോഗിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തും ഏതര്‍ഥമാണ് വിവക്ഷിച്ചിരിക്കുന്നതെന്ന് മുമ്പും പിമ്പും നോക്കിയാല്‍ മനസ്സിലാവും. അതിന്റെ ഒരര്‍ഥം, ‘അല്ലാഹു നല്‍കിയ അധികാരശക്തികളുടെ വാഹകനാവുക’ എന്നാണ്. ഈ അര്‍ഥത്തില്‍ മനുഷ്യരെല്ലാം ഭൂമിയിലെ പ്രതിനിധികളാണ്. രണ്ടാമത്തെ അര്‍ഥം ‘അല്ലാഹുവിന്റെ പരമാധികാരം സമ്മതിച്ചുകൊണ്ട് അവന്റെ ശരീഅത്തു നിയമങ്ങളനുസരിച്ച് (പ്രാപഞ്ചിക നിയമങ്ങളല്ല) പ്രാതിനിധ്യാധികാരങ്ങള്‍ ഉപയോഗിക്കുക’ എന്നാണ്.

ഈ അര്‍ഥത്തില്‍ സുകൃതികളായ സത്യവിശ്വാസികള്‍ മാത്രമേ പ്രതിനിധികളാകുന്നുള്ളൂ. കാരണം, അവര്‍ പ്രാതിനിധ്യത്തിന്റെ ബാധ്യതകള്‍ ശരിക്കും നിറവേറ്റുന്നു. നേരെമറിച്ച്, അവിശ്വാസികളും അധര്‍മികളും പ്രതിനിധികളല്ല, അതിക്രമികളാണ്. കാരണം, അവന്‍ യജമാനന്റെ സാമ്രാജ്യത്തില്‍ അവന്‍ നല്‍കിയ അധികാരങ്ങളെ അനുസരണക്കേടിന്റെ മാര്‍ഗത്തിലാണു പ്രയോഗിക്കുന്നത്. മൂന്നാമത്തെ അര്‍ഥം ‘ഒരു ഘട്ടത്തിലെ ജേതാക്കള്‍ക്കു ശേഷം മറ്റൊരു ജനത അവരുടെ സ്ഥാനം പിടിക്കുക’ എന്നാണ്. ആദ്യത്തെ രണ്ടര്‍ഥങ്ങളും ‘പ്രാതിനിധ്യ’മെന്ന അര്‍ഥത്തിലുള്ള ഖിലാഫത്തില്‍നിന്ന് സിദ്ധിച്ചതാണ്. അവസാനത്തെ അര്‍ഥം ‘പകരം വരുക’ എന്ന അര്‍ഥത്തിലുള്ള ഖിലാഫത്തില്‍നിന്ന് ഉപലബ്ധമാണ്. ഈ പദത്തിന് ഈ രണ്ടര്‍ഥങ്ങളും അറബി ഭാഷയില്‍ സുപരിചിതമാണ്. ഇവിടത്തെ പശ്ചാത്തലത്തില്‍ ‘പ്രാതിനിധ്യസൂക്തം’ വായിക്കുന്ന ഒരാള്‍ ഒരു നിമിഷനേരത്തേക്കെങ്കിലും, അല്ലാഹുവിന്റെ ശരീഅത്ത് നിയമ(പ്രാപഞ്ചിക നിയമങ്ങളല്ല)ങ്ങളനുസരിച്ച് അവന്റെ പ്രാതിനിധ്യത്തിന്റെ ബാധ്യതകള്‍ മുറക്കും നിറവേറ്റുന്ന ഭരണം എന്ന അര്‍ഥത്തിലാണ് ഇവിടെ ഖിലാഫത്ത് എന്നു പ്രയോഗിച്ചിരിക്കുന്നതെന്നതില്‍ അശേഷം സംശയിക്കയില്ല. അതുകൊണ്ടാണ് സത്യനിഷേധികളിരിക്കട്ടെ, ഇസ്‌ലാംവാദികളായ കപടവിശ്വാസികള്‍ക്കുപോലും ഈ വാഗ്ദാനം നിഷേധിക്കപ്പെട്ടിരിക്കുന്നതും അതിനര്‍ഹര്‍ സത്യവിശ്വാസത്തിന്റെയും സല്‍ക്കര്‍മത്തിന്റെയും ഗുണങ്ങള്‍ ആര്‍ജിച്ചവര്‍ മാത്രമാണെന്നു പറയുന്നതും.

അതുകൊണ്ടുതന്നെയാണ്, അല്ലാഹുവിന്റെ അംഗീകൃത മതം -ഇസ്‌ലാം-ഭദ്രമായ അടിത്തറകളില്‍ സ്ഥാപിക്കപ്പെടുന്നത് ഖിലാഫത്ത് നിലവില്‍വരുന്നതിന്റെ ഫലമായി വിവരിക്കപ്പെട്ടിരിക്കുന്നത്. അണുത്തൂക്കം ശിര്‍ക്ക് കലരാത്ത ദൈവികാടിമത്തത്തില്‍ നിലകൊള്ളണമെന്ന് ഈ അനുഗ്രഹത്തിന്റെ ഉപാധിയായി പറഞ്ഞതും അതുകൊണ്ടുതന്നെ. ഈ വാഗ്ദാനം ഇവിടെനിന്നെടുത്ത് അന്താരാഷ്ട്ര മേഖലയിലേക്ക് വലിച്ചുനീട്ടുന്നതും ലോകത്ത് ആഢ്യതയുടെ പെരുമ്പറയടിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയുടെയും റഷ്യയുടെയും മുമ്പില്‍ അത് നേര്‍ച്ചയര്‍പ്പിക്കുന്നതും അതിരുകവിഞ്ഞ മൗഢ്യതയല്ലാതെ മറ്റൊന്നുമല്ല. ആ വന്‍ശക്തികളെല്ലാം പ്രാതിനിധ്യത്തിന്റെ ഉന്നത പദവികൊണ്ട് അനുഗൃഹീതരാണെങ്കില്‍ അല്ലാഹുവിന്റെ ശാപത്തിനര്‍ഹരായ ഫിര്‍ഔനും നംറൂദും എന്ത് അപരാധമാണ് ചെയ്തത്? .. തഫ്ഹീമു ഇവിടെ മറ്റൊരു കാര്യംകൂടി പ്രസ്താവ്യമാണ്. ഈ വാഗ്ദാനം എല്ലാ കാലത്തുമുള്ള മുസ്‌ലിംകളെയും ഉള്‍ക്കൊള്ളുന്നുവെങ്കിലും അതിന്റെ നേരിട്ടുള്ള സംബോധന നബി(സ)യുടെ കാലത്തുള്ളവരോടാണ്. വാഗ്ദാനം നല്‍കപ്പെട്ട സമയത്ത് യഥാര്‍ഥത്തില്‍ മുസ്‌ലിംകള്‍ ഭീതിയുടെ നിഴലിലായിരുന്നു. ഇസ്‌ലാം ഹിജാസില്‍പോലും വേരുറച്ചുകഴിഞ്ഞിരുന്നില്ല. കുറച്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ ഈ ഭയപ്പാടെല്ലാം മാറിയെന്നു മാത്രമല്ല, ഇസ്‌ലാം അറേബ്യയില്‍ മാത്രമല്ല ഏഷ്യയുടെയും ആഫ്രിക്കയുടെയും മിക്കവാറും ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും അതിന്റെ വേരുകള്‍ പ്രഭവസ്ഥാനത്ത് മാത്രമല്ല ഭൂഗോളത്തിലാകെ ഉറക്കുകയും ചെയ്തു. അല്ലാഹു തന്റെ വാഗ്ദാനം അബൂബക്‌റിന്റെയും (റ) ഉമറിന്റെയും (റ) ഉസ്മാന്റെയും(റ) കാലത്താണ് പൂര്‍ത്തീകരിച്ചതെന്നത് ഒരു ചരിത്ര യാഥാര്‍ഥ്യമാണ്.

ഈ മൂന്നു മഹാന്മാരുടെയും ഭരണത്തെ ഖുര്‍ആന്‍ ശരിവെക്കുന്നുവെന്നതിലും അവര്‍ സല്‍ക്കര്‍മികളായ സത്യവിശ്വാസികളാണെന്നതിന് അല്ലാഹു തന്നെ സാക്ഷ്യം നല്‍കുന്നുവെന്നതിലും നിഷ്പക്ഷനായ ഒരാള്‍ക്കും സംശയിക്കുക സാധ്യമല്ല. ഇതിലാര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ നഹ്ജുല്‍ ബലാഗയിലുള്ള അലി(റ)യുടെ പ്രസംഗം വായിക്കട്ടെ. ഉമര്‍(റ) പേര്‍ഷ്യക്കാരോട് യുദ്ധം ചെയ്യാനായി നേതൃത്വമേറ്റെടുത്ത് പോകാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തെ തടഞ്ഞുകൊണ്ട് അലി(റ) ചെയ്തതാണത്. അതിങ്ങനെയാണ്: ”ഈ ദീനിന്റെ വിജയവും പരാജയവും ആളുകളുടെ ഏറ്റക്കുറവ് അനുസരിച്ചല്ല നിലകൊള്ളുന്നത്. ഇത് അല്ലാഹു വിജയം നല്‍കിയ ദീനാണ്. ഈ സൈന്യത്തെ സജ്ജീകരിച്ചതും ഇന്നത്തെ ഈ നിലയിലെത്തുമാറുള്ള സഹായങ്ങള്‍ നല്‍കിയതും അവനാണ്. അല്ലാഹു നമ്മോട് വാഗ്ദാനം ചെയ്തിരിക്കുന്നു… وَعَدَ اللَّهُ الَّذِينَ آمَنُوا مِنكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُمْ فِي الْأَرْضِ അല്ലാഹു അവന്റെ കരാര്‍ പാലിക്കുകയും അവന്റെ സൈന്യത്തെ സഹായിക്കുകയും ചെയ്യും. ഇസ്‌ലാമില്‍ നേതാവിന്റെ സ്ഥാനം മുത്തുമാലയിലെ ചരടിന്റേതാണ്. അതാണവയെ ഒരുമിച്ചുകൂട്ടുന്നതും സംയോജിപ്പിക്കുന്നതും. ചരടുപൊട്ടിയാല്‍ മുത്തുമണികള്‍ ചിന്നിച്ചിതറും. പിന്നീടതൊരുമിച്ചുകൂട്ടുക വിഷമമാണ്. അറബികള്‍ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും ഇസ്‌ലാം അവരെ വര്‍ധിപ്പിച്ചിരിക്കുന്നു. സംഘടന അവര്‍ക്ക് ശക്തി നല്‍കിയിരിക്കുന്നു. താങ്കള്‍ ഇവിടെ അച്ചുതണ്ടായി ഉറച്ചുനിന്ന് അറബികളാകുന്ന ഗോളത്തെ ഭ്രമണം ചെയ്യിക്കുക. ഇവിടെത്തന്നെയിരുന്നുകൊണ്ട് സമരാഗ്നി കത്തിക്കുക. നിങ്ങള്‍ ഇവിടെനിന്ന് പുറപ്പെട്ടാല്‍ എല്ലായിടത്തും അറബികളുടെ വ്യവസ്ഥ താറുമാറാകും. അങ്ങനെ നിങ്ങളെ അഭിമുഖീകരിക്കുന്ന ശത്രുക്കളെക്കാളുപരി പിന്നിലൊളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ കൂടുതല്‍ ഗുരുതരമായിത്തീരും. പേര്‍ഷ്യക്കാര്‍ നാളെ താങ്കളെ കണ്ടാല്‍ ഇങ്ങനെ പറയും: ‘ഇതാണ് അറബികളുടെ ആണിവേര്. ഇത് ഛേദിച്ചുകഴിഞ്ഞാല്‍ നമുക്ക് വിശ്രമിക്കാം.’ അതിനാല്‍, അങ്ങയെ നശിപ്പിക്കാനായിരിക്കും അവര്‍ എല്ലാ ശക്തിയും കേന്ദ്രീകരിക്കുക. അവരുടെ അംഗബാഹുല്യത്തെക്കുറിച്ച് നിങ്ങള്‍ പറഞ്ഞു. എന്നാല്‍, നാം മുമ്പും സംഖ്യാധിക്യത്തോടെയല്ലല്ലോ യുദ്ധം ചെയ്തിരുന്നത്. പ്രത്യുത, നാം ദൈവികസഹായത്തോടെയായിരുന്നു സമരം ചെയ്തിരുന്നത്! അതാണ് ഇന്നേവരെ നമ്മെ വിജയികളാക്കിയതും.” ഈ പ്രസംഗത്തില്‍ അലി(റ) പ്രാതിനിധ്യ സൂക്തത്തിന്റെ തനിരൂപമായി ആരെയാണ് വിവക്ഷിച്ചിരിക്കുന്നതെന്ന് ഓരോരുത്തര്‍ക്കും സ്വയം കാണാവുന്നതാണ്”

മുസ്ലിം ആകുക , പുരുഷനാകുക , വകതിരിവുള്ള പ്രായപൂർത്തിയാകുക, ഇസ്ലാമിക രാഷ്ട്രത്തിലെ പൗരനാകുക എന്നിങ്ങനെ പൂർവ സൂരികളെപ്പോലെ ഖുർആനും ഹദീസും ഉദ്ധരിച്ചു ഖലീഫക്കുള്ള യോഗ്യതകൾ മൗദൂദി പരാമർശിക്കുന്നുണ്ട്. ഖിലാഫതിന്നാൽ വെറും ശക്തി കേന്ത്രരീകൃതമോ അധിപത്യമോ മേല്കോയ്മയോ അല്ല കർത്തവ്യബോധമാണ് അതിന്റെ ആധാരശില.
ഇബ്രാഹിംമ് നബി (അ)യെ ഖുർആൻ വിശേഷിപ്പിച്ച ‘ഇമാം’ (സൂറ അൽ ബഖറ: 124 )എന്ന പദത്തിലും ഖിലാഫത്തിന്റെ ആശയം മൗദൂദി വിശദീകരിക്കുന്നുണ്ട്. സത്കർമികളായവർക്കുമാത്രമാണ് ആ പദവി ലഭിക്കുന്നത്.


സൂറ: അന്നിസാ’ : 59 സൂക്തത്തിൽ മൗലാന മൗദൂദി ‘ഉലുൽ അംറ്’ എന്ന സവിശേഷ പദത്തിന് നൽകുന്ന വിശദീകരണം പ്രസക്തമാണ്.
”ഈ ഖുര്‍ആന്‍ വാക്യം ഇസ്‌ലാമിന്റെ മതപരവും നാഗരികവും രാഷ്ട്രീയവുമായ സമ്പൂര്‍ണ വ്യവസ്ഥിതിയുടെ അടിത്തറയും ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭരണഘടനയുടെ ഒന്നാം ഖണ്ഡികയുമാകുന്നു. ഇതില്‍, താഴെ പറയുന്ന തത്ത്വങ്ങള്‍ സുസ്ഥിരമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. i) ഇസ്‌ലാമിക വ്യവസ്ഥിതിയില്‍ സാക്ഷാല്‍ അനുസരണാര്‍ഹന്‍ അല്ലാഹുവാകുന്നു. ഒരു മുസ്‌ലിം ഒന്നാമതായി ദൈവത്തിന്റെ അടിമയാണ്. മറ്റെല്ലാം പിന്നീടുമാത്രം. മുസല്‍മാന്റെ വ്യക്തിജീവിതത്തിന്റെയും മുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തിന്റെയും കേന്ദ്രവും അച്ചുതണ്ടുമായിരിക്കുന്നത് ദൈവത്തോടുള്ള അനുസരണവും കൂറുമാകുന്നു. ഇതരന്മാര്‍ക്കുള്ള അനുസരണവും കൂറും സ്വീകരിക്കപ്പെടുന്നത്, അല്ലാഹുവിന്റെ അനുസരണത്തിനും കൂറിനും എതിരാവാതെ വരുമ്പോള്‍, അല്ല, അവയ്ക്കു വിധേയമായിരിക്കുമ്പോള്‍ മാത്രമാണ്. ഈ മൗലികാനുസരണത്തിനു വിരുദ്ധമായിട്ടുള്ള എല്ലാ അനുസരണബന്ധങ്ങളും അറുത്തെറിയപ്പെടുന്നതാണ്. لا طَاعَةَ لِمَخْلـُوقٍ فِي مَعْصِيَةِ الْخَالِقِ (സ്രഷ്ടാവിനോട് അനുസരണക്കേടു കാണിച്ചുകൊണ്ട് ഒരു സൃഷ്ടിക്കും അനുസരണം പാടുള്ളതല്ല) എന്ന പ്രവാചകവചനത്തിന്റെ സാരവും ഇതത്രെ. ii) ഇസ്‌ലാമിക വ്യവസ്ഥിതിയുടെ രണ്ടാമത്തെ അടിസ്ഥാനം റസൂലിനുള്ള അനുസരണമാണ്. ഇത് ഒരു സ്വതന്ത്രമായ അനുസരണമല്ല; പിന്നെയോ, ദൈവത്തിനുള്ള അനുസരണത്തിന്റെ ഏക പ്രായോഗികരൂപമാണ്. ദൈവത്തിന്റെ നിയമങ്ങളും കല്‍പനകളും നമുക്കു ലഭിക്കുന്നതിനുള്ള പ്രമാണയോഗ്യമായ മാര്‍ഗമായതുകൊണ്ടാണ് പ്രവാചകന്‍ അനുസരിക്കപ്പെടുന്നത്. പ്രവാചകന്റെ അനുസരണംവഴിക്കേ നമുക്ക് ദൈവത്തെ അനുസരിക്കാനാവൂ. പ്രവാചകന്റെ അംഗീകാരം കൂടാതെ ദൈവത്തിനുള്ള ഒരനുസരണവും പരിഗണനീയമല്ല. പ്രവാചകനോടുള്ള ധിക്കാരം ദൈവത്തോടുള്ള ധിക്കാരമാണ്. مَنْ أطاعَنِي فَقَدْ أطَاعَ اللهَ وَمَنْ عَصَانِي فَقَدْ عَصَى اللهَ (എന്നെ അനുസരിച്ചവന്‍ ദൈവത്തെ അനുസരിച്ചു; എന്നെ ധിക്കരിച്ചവന്‍ ദൈവത്തെ ധിക്കരിച്ചു)H40 എന്ന നബിവചനം ഇതാണ് വ്യക്തമാക്കുന്നത്. ഇതേ സംഗതി വളരെ വ്യക്തമായി ഖുര്‍ആനില്‍ത്തന്നെ പിന്നീട് വരുന്നുണ്ട്. iii) മുകളില്‍ പറഞ്ഞ രണ്ടുവക അനുസരണത്തിനു പുറമെ, അതിനു കീഴിലായിക്കൊണ്ട്, ഇസ്‌ലാമിക വ്യവസ്ഥിതിയില്‍ മുസ്‌ലിംകളുടെ മേല്‍ നിര്‍ബന്ധമായിരിക്കുന്ന മൂന്നാമതൊരു അനുസരണം കൂടിയുണ്ട്. മുസ്‌ലിംകളില്‍നിന്നുള്ള ‘ഉലുല്‍അംറി’നാണത്. മുസ്‌ലിംകളുടെ സാമൂഹിക കാര്യങ്ങളില്‍ മേലധികാരം വഹിക്കുന്ന എല്ലാവരും ഉലുല്‍അംറിന്റെ നിര്‍വചനത്തില്‍ പെടുന്നു. മാനസികവും ചിന്താപരവുമായ മാര്‍ഗദര്‍ശനം നല്‍കുന്ന പണ്ഡിതന്മാര്‍, രാഷ്ട്രീയ നേതൃത്വം കൊടുക്കുന്ന ലീഡര്‍മാര്‍, രാജ്യകാര്യം നടത്തുന്ന അധികൃതര്‍, കോര്‍ട്ട് തീരുമാനങ്ങള്‍ കല്‍പിക്കുന്ന ജഡ്ജിമാര്‍, നാഗരികവും സാമുദായികവുമായ കാര്യങ്ങളില്‍ ഗോത്രങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും മഹല്ലുകള്‍ക്കും നേതൃത്വം നല്‍കുന്ന നായകന്മാരും തലവന്മാരും – എന്നുവേണ്ട വല്ലവിധത്തിലും മുസ്‌ലിംകളുടെ കൈകാര്യക്കാരായിട്ടുള്ളവരെല്ലാം അനുസരണാര്‍ഹരാണ്. അവരുമായി പിണങ്ങി, മുസ്‌ലിംകളുടെ സാമൂഹികജീവിതത്തില്‍ വിടവുണ്ടാക്കുന്നത് ശരിയല്ല. എന്നാല്‍ അവര്‍ (കൈകാര്യക്കാര്‍) (1) മുസ്‌ലിംകളില്‍നിന്നുള്ളവരും (2) അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നവരും ആയിരിക്കണമെന്നു നിബന്ധനയുണ്ട്. ഇത് രണ്ടും പ്രസ്തുത അനുസരണത്തിനുള്ള നിര്‍ബന്ധോപാധികളത്രെ. ഇത് പ്രകൃത ആയത്തില്‍ത്തന്നെ വ്യക്തമാക്കിയിട്ടുള്ളതിനു പുറമെ, ഹദീസില്‍ സവിസ്തരം വിവരിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന്, താഴെക്കൊടുത്ത ഹദീസുകള്‍ കാണുക: السَمْعُ وَالطاعَةُ علَى المَرْءِ المُسْلِمِ فِي مَا أحَبَّ وَكَرِهَ مَالَمْ يُؤْمَرْ بِمَعْصِيَةٍ فَإذا أُمِرَ بِمَعْصِيَةٍ فَلا سَمْعَ وَلا طَاعَة (بخاري، مسلم) (ഉലുല്‍അംറിന്റെ വാക്ക് കേള്‍ക്കലും അനുസരിക്കലും, അത് തനിക്ക് ഇഷ്ടകരമായാലും അനിഷ്ടകരമായാലും മുസല്‍മാന്ന് നിര്‍ബന്ധമാകുന്നു- ‘മഅ്‌സ്വിയത്ത്’ കൊണ്ട് ആജ്ഞാപിക്കപ്പെടാത്തേടത്തോളം. അഥവാ ‘മഅ്‌സ്വിയത്ത്’ കൊണ്ട് ആജ്ഞാപിക്കപ്പെടുന്ന പക്ഷം പിന്നെ കേള്‍ക്കലും അനുസരിക്കലും പാടുള്ളതല്ല). ( لا طَاعَةَ فِي مَعْصِيَةٍ إنَّمَا الطَاعَة ُ فِي المَعْرُوفِ (بخاري، مسلم(ദൈവത്തോടും പ്രവാചകനോടും അനുസരണക്കേടു കാണിച്ചുകൊണ്ട് ഒരാള്‍ക്കും അനുസരണമില്ലതന്നെ; അനുസരണം സല്‍ക്കാര്യത്തില്‍ മാത്രമാണ്.) يكون عَلَيْكُمْ أُمَرَاءُ تَعْرِفُونَ وَتُنْكِرُونَ فَمَنْ أَنْكَر فَقَدْ بَرِءَ ومَنْ كَرِهَ َ فَقَدْ سَلِمَ وَلكِنْ مَنْ رَضِيَ وَتَابَعَ، فقَالُوا أفلا نُقَاتِلُهُمْ؟ قَالَ: لا مَا صَلـَّوا (مسلم) (തിരുമേനി അരുള്‍ചെയ്തു: ‘നിങ്ങള്‍ക്ക് ചില ഭരണാധിപന്മാരുണ്ടാകും; അവരുടെ കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ നന്മയായി കാണും; ചിലത് തിന്മയായും. എന്നാല്‍, അവരുടെ തിന്മകളില്‍ അതൃപ്തി പ്രകടിപ്പിക്കുന്നവര്‍ കടമ നിര്‍വഹിച്ചു. അവയെ വെറുക്കുന്നവരും രക്ഷപ്രാപിച്ചു. പക്ഷേ, ആര്‍ അവയെ തൃപ്തിപ്പെടുകയും പിന്‍പറ്റുകയും ചെയ്യുന്നുവോ അവര്‍ ശിക്ഷിക്കപ്പെടും.’ സ്വഹാബികള്‍ ചോദിച്ചു: ‘അങ്ങനെയുള്ള ഭരണാധിപന്മാരുടെ കാലം വരുമ്പോള്‍ ഞങ്ങള്‍ അവരോട് യുദ്ധം ചെയ്യട്ടയോ?’ നബി ഉത്തരമരുളി: ‘പാടില്ല, അവര്‍ നമസ്‌കരിക്കുന്ന കാലത്തോളം.’) അതായത്‌, അവര്‍ ദൈവത്തിന്റെയും പ്രവാചകന്റെയും അനുസരണത്തില്‍നിന്ന് പുറത്തുപോയെന്ന് വ്യക്തമായി തെളിയിക്കുന്ന അടയാളമാണ് നമസ്‌കാരമുപേക്ഷിക്കല്‍. അനന്തരം അവര്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നത് ന്യായമായിരിക്കും. شِرَارُ أئِمَتِكُمْ الذِينَ تُبْغِضُونَهُمْ ويُبْغِضُونَكُمْ وتَلْعَنُونَهُمْ ويَلْعَنُونَكُمْ قُلْنَا يَا رَسُولَ اللهَ أفَلَا نُنَابِذُهُمْ عِنْدَ ذَلِكَ؟ قال: لا مَا أقامُوا فِيكُمْ الصَلَوةَ ، لا مَا أقامُوا فِيكُمْ الصَلاةَ (مسلم) (‘നിങ്ങള്‍ വെറുക്കുന്നവരും നിങ്ങളെ വെറുക്കുന്നവരും നിങ്ങള്‍ ശപിക്കുന്നവരും നിങ്ങളെ ശപിക്കുന്നവരുമാണ് നിങ്ങളുടെ നായകന്‍മാരില്‍ നീചരായിട്ടുള്ളവര്‍’ എന്നു നബി(സ) പറഞ്ഞു. സ്വഹാബിമാര്‍ ചോദിച്ചു: ‘ആ സ്ഥിതി വരുമ്പോള്‍ ഞങ്ങള്‍ അവര്‍ക്കെതിരായി പൊരുതട്ടെയോ?’ നബി അരുള്‍ ചെയ്തു: ‘പാടില്ല, അവര്‍ നിങ്ങളില്‍ നമസ്‌കാരം നിലനിര്‍ത്തുന്ന കാലത്തോളം; പാടില്ല, അവര്‍ നിങ്ങളില്‍ നമസ്‌കാരം നിലനിര്‍ത്തുന്ന കാലത്തോളം.’)H44 ഈ ഹദീസുകളില്‍ മുകളിലത്തെ നിബന്ധന ഒന്നുകൂടി വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഇതിനു മുമ്പത്തെ ഹദീസുകൊണ്ട്, വ്യക്തിജീവിതത്തില്‍ നമസ്‌കാരം അനുഷ്ഠിക്കുന്നവരാണ് ഭരണാധിപന്മാരെങ്കില്‍ അവര്‍ക്കെതിരായി പ്രവര്‍ത്തിച്ചുകൂടാ എന്ന് തോന്നാമായിരുന്നു. എന്നാല്‍, നമസ്‌കാരം നിര്‍വഹിക്കുന്നതുകൊണ്ടുദ്ദേശ്യം, മുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തില്‍ നമസ്‌കാരവ്യവസ്ഥ സ്ഥാപിക്കലാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. അതായത്, ഭരണാധിപന്മാര്‍ സ്വന്തംനിലക്കു നമസ്‌കാരക്കാരായാല്‍ പോരാ, പിന്നെയോ തങ്ങളുടെ കീഴില്‍ നടത്തപ്പെടുന്ന ഭരണകൂടം, ചുരുങ്ങിയത്‌, ‘ഇഖാമത്തുസ്സ്വലാത്തി’നു വ്യവസ്ഥ ചെയ്യുകയെങ്കിലും വേണം. തങ്ങളുടെ ഭരണം അതിന്റെ മൗലിക സ്വഭാവമനുസരിച്ച് ഒരിസ്‌ലാമിക ഭരണമാണ് എന്നതിന്റെ അടയാളമാണിത്. ഇതുംകൂടി ഇല്ലെന്നു വന്നാല്‍ ആ ഭരണം ഇസ്‌ലാമില്‍നിന്ന് വ്യതിചലിച്ചിരിക്കുന്നു എന്നര്‍ഥമായി. പിന്നീടതിനെ തട്ടിമാറ്റുന്നതിനായുള്ള പരിശ്രമം മുസ്‌ലിംകള്‍ക്ക് അനുവദനീയമായിത്തീരുന്നതാണ്. ഇതേവിഷയം മറ്റൊരു രിവായത്തില്‍ ഇങ്ങനെ വിവരിക്കപ്പെട്ടിരിക്കുന്നു: ”നബി(സ) ഞങ്ങളോട് പലതിനേയും പറ്റി കരാറുവാങ്ങിയ കൂട്ടത്തില്‍ ഒരു കരാര്‍ ഇതായിരുന്നു: നാം നമ്മുടെ നായകന്മാരോടും ഭരണാധിപന്മാരോടും പിണങ്ങുകയില്ല- അല്ലാഹുവിന്റെ മുമ്പില്‍ സമര്‍പ്പിക്കപ്പെടാവുന്ന തെളിവുണ്ടായിരിക്കുമാര്‍ പരസ്യമായ കുഫ്ര്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ കാണപ്പെടാത്ത കാലത്തോളം.” أنْ لا نُنَازِعَ الأمْرَ أَهْلَهُ إلا أنْ تَرَوْا كُفْرًا بَوَاحًا عِنْدَكُمْ مِنَ اللهِ فِيهِ بُرْهَانٌ (بخاري، مسلم) iv) പ്രകൃത ഖുര്‍ആന്‍ വാക്യത്തില്‍ വിവരിച്ചിരിക്കുന്ന, സ്വതന്ത്രവും ശാശ്വതവുമായ നാലാമത്തെ തത്ത്വമിതാണ്: ഇസ്‌ലാമിക വ്യവസ്ഥിതിയില്‍ ദൈവനിയമത്തിനും പ്രവാചകചര്യക്കും അടിസ്ഥാന നിയമത്തിന്റെയും അന്ത്യപ്രമാണത്തി(Final Authority)ന്റെയും പദവിയാണുള്ളത്. മുസ്‌ലിംകള്‍ തമ്മില്‍ത്തമ്മിലോ, ഭരണകൂടവും ഭരണീയരും തമ്മിലോ വല്ല പ്രശ്‌നത്തിലും അഭിപ്രായഭിന്നതയുണ്ടായാല്‍ അതിന്റെ തീരുമാനത്തിനു ഖുര്‍ആനെയും സുന്നത്തിനെയും സമീപിക്കുന്നു; അവിടന്ന് ലഭിക്കുന്ന തീരുമാനമെന്തോ അതിനുമുമ്പില്‍ സകലരും തലകുനിക്കുന്നു. ഇങ്ങനെ എല്ലാ ജീവിത ഇടപാടുകളിലും കിതാബിനെയും സുന്നത്തിനെയും അടിസ്ഥാനപ്രമാണമായും അവസാന വാക്കായും സമ്മതിക്കുന്നു എന്നതാണ് ഇസ്‌ലാമിക വ്യവസ്ഥിതിയെ അനിസ്‌ലാമിക വ്യവസ്ഥിതിയില്‍നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്ന അനിവാര്യമായ സവിശേഷത. യാതൊന്നില്‍ ഇതു കാണപ്പെടുന്നില്ലയോ ആ വ്യവസ്ഥിതി തീര്‍ച്ചയായും ഒരനിസ്‌ലാമിക വ്യവസ്ഥിതിയാകുന്നു. ഇവിടെ ചിലര്‍ക്കൊരു സംശയം: ”എല്ലാ ജീവിതപ്രശ്‌നങ്ങളുടെയും തീരുമാനത്തിന് കിതാബിനെയും സുന്നത്തിനെയും സമീപിച്ചതുകൊണ്ടെന്താണ്; മുനിസിപ്പാലിറ്റിയുടെയും റെയില്‍വേയുടെയും പോസ്റ്റാഫിസിന്റെയും നിയമചട്ടങ്ങളും ഇതുപോലുള്ള മറ്റനേകം കാര്യങ്ങളെ സംബന്ധിച്ച വ്യവസ്ഥകളൊന്നുംതന്നെ ഖുര്‍ആനിലും ഹദീസിലും പറഞ്ഞിട്ടില്ലല്ലോ?” ദീനിന്റെ അടിസ്ഥാനങ്ങള്‍ മനസ്സിലാക്കാത്തതാണ് വാസ്തവത്തില്‍ ഈ സംശയത്തിനു കാരണം. മുസ്‌ലിമിനെ അമുസ്‌ലിമില്‍ നിന്ന് വേര്‍തിരിക്കുന്ന വസ്തു എന്താണെന്നു വെച്ചാല്‍, അമുസ്‌ലിം നിരുപാധിക സ്വാതന്ത്ര്യവാദിയാണെങ്കില്‍, ദൈവത്തിന്റെ അടിമയായിക്കൊണ്ട് ദൈവനിര്‍ദിഷ്ടമായ പരിധിയില്‍ മാത്രം സ്വാതന്ത്ര്യം അനുഭവിക്കുന്നവനാണ് മുസ്‌ലിം. അവിശ്വാസി തന്റെ എല്ലാ പ്രശ്‌നത്തിലും സ്വയംകൃതമായ തത്ത്വങ്ങള്‍ക്കും നിയമങ്ങള്‍ക്കുമൊത്ത് തീരുമാനം കല്‍പിക്കുന്നു; തനിക്ക് ദൈവിക പ്രമാണത്തിന്റെ ആവശ്യകതയുണ്ടെന്നുതന്നെ മനസ്സിലാക്കുന്നില്ല. വിശ്വാസിയാകട്ടെ, തന്റെ എല്ലാ പ്രശ്‌നങ്ങളും ആദ്യമായി അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുന്നു. അവിടെ വല്ല നിയമവും കണ്ടെത്തുന്നുവെങ്കില്‍ അത് പിന്തുടരുന്നു. അഥവാ ഒരു നിയമവും കണ്ടെത്തുന്നില്ലെങ്കില്‍, അപ്പോള്‍ മാത്രം സ്വാതന്ത്ര്യം ഉപയോഗിക്കുന്നു. ‘ഒരു വിഷയത്തില്‍ ശാരിഅ് ഒരു നിയമവും നല്‍കാതിരിക്കുമ്പോള്‍ ആ വിഷയത്തില്‍ സ്വാതന്ത്ര്യമനുവദിച്ചിരിക്കുന്നു എന്ന് തെളിയുന്നു’ എന്ന ന്യായത്തില്‍ അധിഷ്ഠിതമാണ് മുസ്‌ലിമിന്റെ ഈ സ്വാതന്ത്ര്യനയം.”

ഉലുൽ അംറ് ഖലീഫ മാത്രമല്ല ബുദ്ധിജീവികൾ , രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ, ന്യായാധിപർ അടക്കം മുസ്ലിം സമൂഹത്തിൽ ഉത്തരവാദിത്തമേൽപ്പിക്കപ്പെട്ട എല്ലാവരും ഈ ഗാനത്തിൽപെടുമെന്നു അദ്ദേഹം വിശദീകരിക്കുന്നു. ഇസ്ലാമികനിഷ്ഠകളും ആരാധനയും സൂക്ഷ്മമായി അനുധാവനം ചെയ്യുന്ന ഭരണാധികൾക്കെതിരെ കലാപഹ്വനം പാടില്ലെന്ന് മൗദൂദിയും വീക്ഷിക്കുന്നു.

സയ്യിദ് അബുൽ ഹസൻ അലി നദ് വിയും ഖിലാഫതും

ഷാഹ് വലിയുല്ലാഹ് ദഹ്ലവിയുടെ രാഷ്ട്രീയ ചിന്ത അനുധാവനം ചെയ്യുന്ന സയ്യിദ് അബുൽ ഹസൻ അലി നദ് വി അദ്ദേഹത്തിന്റെ ഖിലാഫത്തിനെകുറിച്ച നിർവചനം ഉദ്ധരിക്കുന്നുണ്ട്. ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ നവജാഗരണവും ഇസ്ലാമിക ആശയങ്ങളിലൂന്നിയുള്ള പൊതുവായ ഭരണവ്യവസ്ഥയാണ് ഖിലാഫത്. ജിഹാദ് ഈ സാഹചര്യത്തിൽ അനിവാര്യമായിത്തീരുന്നു.
ജിഹാദും ഇജ്തിഹാദുമാണ് ഖലീഫയുടെ സുപ്രധാന രണ്ടു കർത്തവ്യങ്ങൾ. ശരീഅതിന്റെ നടപ്പിലാക്കൽ ജിഹാദിന്റെ പ്രധാന ഭാഗമാണ്. ഇസ്ലാമിക സമൂഹത്തിനോട് കടപ്പാടും അല്ലാഹുവിനോട് ഭയഭക്തിയുമുള്ള വ്യക്തിയാണ് പ്രവാചക പിന്തുടർച്ച എന്ന നിലയിൽ ഭരണാധികാരിയാകേണ്ടത്. അല്ലാഹുവിന്റെ ദൗത്യം നടപ്പിലാക്കുക എന്നതാണ് ഖലീഫയുടെ കർത്തവ്യം. ഈ പദവി ദുരുപയോഗം ചെയ്യാനോ അധികാര മോഹിയാകാനോ പാടില്ല. മജ്‌ലിസുശൂറാ (കൂടിയാലോചന സഭ) ഖിലാഫത്തിന്റെ അടിസ്ഥാനമാണ്. ഇതിലൂടെ ശരീഅത് നടപ്പിലാക്കുന്നതിൽ മുസ്ലിം സമൂഹത്തിന്റെ സംഘടിത പങ്കാളിത്തം നിലനിർത്താൻ സാധിക്കുന്നതാണ്.

ഇസ്ലാം രാജവാഴ്ചയോ പൗരോഹിത്യ മേലാളിത്തമോ അംഗീകരിക്കുകയില്ല. അബൂബക്ർ (റ)ന്റെ തിരെഞ്ഞെടുപ്പ് കൂടിയാലോചനയുടെ പ്രാധാന്യത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. ഇതിലൂടെ ശീഈ ചരിത്രവായനയെ അബുൽ ഹസൻ അലി നദ് വി നിരാകരിക്കുന്നു. അലി (റ) ആയിരുന്നു അവകാശി എന്ന വാദം ഇസ്ലാമിക മൂല്യങ്ങൾക്ക് വിരുദ്ധമാകുമെന്നു അദ്ദേഹം വീക്ഷിച്ചു. ശരീഅതിന്റെ പരിരക്ഷണത്തിലൂടെയാണ് നീതി നടപ്പിലാകാൻ സാധിക്കുക.

നദ് വിയുടെ വീക്ഷണത്തിൽ രണ്ടു തരം ഭരണകൂടങ്ങളാണ് ഉള്ളത്. പൊതു ജനങ്ങളുടെ സാമൂഹിക സാമ്പത്തിക പശ്‌ചാത്തലം പരിഗണിക്കാതെ അവരിൽ നിന്നും നികുതി പിരിച്ചെടുത്തു സമ്പന്നമാകാൻ ശ്രമിക്കുന്ന ഭരണകൂടമാണ് ഒന്നാമത്തേത്. ജനങ്ങളുടെ ജീവിത സാഹചര്യം മനസ്സിലാക്കുകയും സത്യമാർഗ്ഗത്തിലേക്കു ജനങ്ങളെ ക്ഷണിക്കുകയും ചെയ്യുന്ന ഭരണകൂടമാണ് രണ്ടാമത്തേത്. ഉമയ്യ ഖിലാഫത്തിൽ ഉടലെടുത്ത സാമ്പത്തിക നയത്തെ തിരുത്തിയ ഉമർ ഇബ്ൻ അബ്ദിൽ അസീസ് (റ )ന്റെ ഭരണകൂടമാണ് നദ് വി രണ്ടാമത്തെ ഭരണകൂടത്തിന് മാതൃകയായി വിവരിക്കുന്നത്. പിൽക്കാല ഖിലാഫത്തുകളിൽ പണ്ഡിതരുടെ ഭരണകര്താക്കളുമായുള്ള സ്വതന്ത്ര നിലപാടുകളും ശരീഅത്തിനോടുള്ള പ്രതിപത്തിയും കുറഞ്ഞത്തതിനാൽ ഇസ്ലാമിക ലോകത്തു തന്നെതകർച്ചക്ക് കാരണമായി.

ഉഥ്മാനി ഖിലാഫത്തിന്റെയും മറ്റു അറബ് മുസ്ലിം രാജ്യങ്ങളുടെ തകർച്ചയും അവലോകനം ചെയ്യുന്ന നദ് വി ഇസ്ലാമിക അധ്യാപനങ്ങൾ അവഗണിച്ചതിന്റെ പരിണിത ഫലമെന്ന് അതെന്നു വീക്ഷിക്കുന്നുണ്ട്.

മുസ്ലിം സമൂഹത്തിന്റെ യഥാർത്ഥ അസ്തിത്വം വീണ്ടെടുക്കണമെങ്കിൽ അല്ലാഹുവിന്റെ ശരീഅ നടപ്പിലാക്കപ്പെടേണ്ടതുണ്ട്. നമ്മുടെ നേതാക്കൾ ഇസ്ലാമിക മൂല്യങ്ങളിൽ വേണ്ടവിധം വിശ്വാസമർപ്പിക്കുന്നില്ല. പാശ്ചാത്യ മൂല്യങ്ങൾക്ക് വിധേയരായിവർ ഇസ്ലാമിനെ അവഗണിക്കുകയാണ് ചെയ്യുന്നത്. അനിസ്ലാമിക വിദ്യാഭ്യസ രീതി നടപ്പിലാക്കുകയും മറ്റു ജീവിത വീക്ഷണങ്ങൾ സമൂഹത്തിൽ അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്നു. ഇതിലൂടെ സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം ദർശിക്കാൻ സാധിക്കുകയില്ല.

ഇസ്ലാമിക ഖിലാഫത് പുനർ സ്ഥാപിക്കപ്പെടേണ്ടത് അനിവാര്യമെന്ന് തന്നെയാണ് നദ് വിയും അഭിപ്രായപ്പെടുന്നത്. നേതൃത്വത്തിന്റെയൊപ്പം സമൂഹത്തിനും ലക്‌ഷ്യം കണ്ടെത്തുന്നതിൽ നിർണായക പങ്കുണ്ടെന്നു അദ്ദേഹം വീക്ഷിക്കുന്നു. ഇസ്ലാമിക ഭരണ വ്യവസ്ഥ അധര്മികതയും പാപങ്ങളും വർദ്ധിക്കുന്നതിൽ നിന്നും തടയുകയും സമൂഹത്തെ സത്യപന്ഥാവിൽ ഉറച്ചു നിർത്തുന്നതിൽ സഹായിക്കുകയും ചെയ്യും. മാനവലോകത്തിനു മുഴുവൻ പ്രയോജനപ്പടുന്ന നന്മയുടെ വിതരണമാണ് ഖിലാഫത്തിന്റെ പ്രധാന ലക്‌ഷ്യം.

ഇസ്ലാമിക രാഷ്ട്രീയ പ്രതിനിധ്യം എന്ന രീതിയിൽ ഖിലാഫത്തിനോടുള്ള ഭൂരിപക്ഷം ഇന്ത്യൻ പണ്ഡിതരുടെയും നിലപാടുകൾ സൈദ്ധാന്തികമായി ഏകദേശം സമാനമായിരുന്നെങ്കിലും അവർ ജീവിച്ച രാഷ്ട്രീയ പശ്ചാത്തലങ്ങൾക്കനുസരിച്ചു വ്യത്യസ്ത പ്രായോഗിക സമീപനങ്ങൾ സ്വീകരിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. സമകാലിക ഇസ്ലാമിക വ്യവഹാരങ്ങളിലും മുസ്ലിംകളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെക്കുറിച്ച ആലോചനകളിലും ഖിലാഫത് അഭിവാജ്യ ഘടകമായി നിലനിൽക്കും എന്നത് യാഥാർഥ്യമാണ്.

References

അബുൽ അ‌അ്‌ലാ മൗദൂദി -ഖിലാഫതും രാജവാഴ്ചയും- തഫ്ഹീമുൽ ഖുർആൻ-മതേതരത്വം, ജനാധിപത്യം, ദേശീയത്വം: ഒരു താത്വിക വിശകലനം- ഇസ്‌ലാമിൻറെ രാഷ്ട്രീയ സിദ്ധാന്തം
Abul Hasan Ali Nadwi (1982) Appreciation and interpretation of religion in the modern age 
Arshad Islam ( 2019) Indian Muslims’ Support for Ottoman Pan-Islamism: The Case of Shibli Nu’mani
Farrukh Aziz Ansari,Asifa Abbas Dall (2018)NATIONALISM IN PERSPECTIVE: ALLAMA IQBAL’S CRITIQUE OF WESTERN NATIONALISM

Hujjath Allah Al-Baligha

H. K. Sherwani THE POLITICAL THOUGHT OF SIR SYED AHMAD KHAN
Johannes Marinus Simon Baljon (1949) The Reforms And Religious Ideas Of Sir Sayyid Ahmed Khan
John Willis (2010) Debating the Caliphate: Islam and Nation in the Work of Rashid Rida and Abul Kalam Azad
K.A.NIZAMI (1966) SAYYID AHMAD KHAN
Khurram Hussain (2019) Islam as Critique: Sayyid Ahmad Khan and the Challenge of Modernity
M. A. Muqtedar Khan (2019) Islam and Good GovernanceA Political Philosophy of Ihsan
Misbah Umar ,Fozia Umar ‘The Ideals of Islam in Maulana Abul Kalam Azad’s Thoughtsand Political Practices: An Appraisal’
Mohammad Iqbal(1994)The Reconstruction of Religious Thought in Islam
Muhammad Mumtaz Ali Political Thought of Iqbal and Contemporary Islamic Resurgence
MUHAMMAD NAeeM QURESHI (1973)THE KHILAFAT MOVEMENT IN INDIA, 1919-1924
Muhammad Al-Ghazali (2009) Socio-political Thought of Shah Wali Allah

Parvin GASIMOV (2017) SAYYID ABUL A’LA MAWDUDI’S POLITICALMOVEMENT IN THOUGHT AND PRACTICE

Saad Kashmiri ‘Political Philosophy of Allama Iqbal’
Shafey Kidwai (2020) Sir Syed Ahmad Khan: Reason, Religion and Nation
Shaheen Kattiparambil · 2021 — CALIPHATE AS TRANSNATIONAL METAPHOR
T. Thanveer (2019) Islamic Political Philosophy: With Special Focus on Shah Wali Allah & Mawdudi
Writings and Speeches of Sir Syed Ahmad Khan
Zawahir, M. Nafeel M.(2008)Comparative study on Abul Hasan Ali Nadwi’s political thought, with particular reference to his contempararies, Abul A’la Mawdudi and Sayyid Qutb

ഡോ. സൈഫുദ്ദീന്‍ കുഞ്ഞ്‌

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.