വിവാഹാനന്തരം സ്ത്രീ മാതാവിന്റെ കുടുംബത്തോടൊപ്പം മരണം വരെ ജീവിക്കുന്നു. ഭാര്യ വീട്ടില്‍ രാത്രി സന്ദര്‍ശകരാണ് ചിലര്‍. മറ്റ് ചില സ്ഥലങ്ങളില്‍ ഭര്‍ത്താകന്മാര്‍ ഏതാനും ദിവസങ്ങള്‍ തുടര്‍ച്ചയായി ഭാര്യവീട്ടില്‍ കഴിയുന്നു. പൊതുവെ, അവരുടെ മരണം ഭാര്യവീട്ടില്‍ വെച്ചുതന്നെയായിരിക്കും. പെണ്‍താവഴിയിലാണ് കുടുംബാഗത്വം തീരുമാനിക്കപ്പെടുക. ആണായാലും പെണ്ണായാലും മാതൃതറവാടിന്റെ പേരാണ് പേരിന് മുന്നില്‍ ചേര്‍ക്കുക. അത് അവരുടെ സാമൂഹിക പദവിയുടെ ചിഹ്നമാണ്. കുടുംബസ്വത്തില്‍ സ്ത്രീകള്‍ക്ക് മാത്രമേ അവകാശമുള്ളൂ. കുടുംബത്തിന്റെ നേതൃത്വം മുതിര്‍ന്ന സ്ത്രീകള്‍ക്കായിരിക്കും. തറവാട് കാര്യങ്ങള്‍ കാരണവത്തിയുടെ തീരുമാനപ്രകാരം പ്രായമായ സഹോദരന്മാരാണ് നിര്‍വ്വഹിക്കുക. കുട്ടികള്‍ മാതൃഭവനത്തിലാണ് വളരുന്നത്. ഈ വ്യവസ്ഥയെ പിന്താങ്ങുന്ന ആചാരാനുഷ്ഠാനങ്ങളുടെയും വിശ്വാസ പ്രമാണങ്ങളുടെയും സംവിധാനത്തെ എല്ലാ അംഗങ്ങളും അംഗീകരിക്കുകയും ആചരിക്കുകയും ചെയ്യുന്നു. കുടുംബ ജീവിതം സവിശേഷമായ ഒരാഘോഷമാക്കി മാറ്റുന്നു.
ഇതൊരു മരുമക്കത്തായ കുടുംബം (Matrilineal family). സ്ത്രീവാദ മുന്നേറ്റങ്ങളോ സ്ത്രീ സ്വാതന്ത്ര പ്രസ്ഥാനങ്ങളോ ഇല്ലാത്ത കാലത്ത്, ലോകത്ത് ചിലയിടങ്ങളില്‍ നടമാടിയ സ്ത്രീ കേന്ദ്രീകൃത കുടുംബവ്യവസ്ഥകളില്‍ ഒന്നാണ് മരുമക്കത്തായം. ലോകത്തെ വിവിധ ദേശങ്ങളില്‍ ഭൂരിപക്ഷം സമൂഹങ്ങളിലും പിന്തുടര്‍ന്നിരുന്ന മക്കത്തായ കുടുംബങ്ങളില്‍ (patrilineal family) നിന്നും തീര്‍ത്തും എതിര്‍ദിശയില്‍ നില്‍ക്കുന്നവരാണ് മരുമക്കത്തായികള്‍. ലോകത്ത് മുസ്‌ലിംങ്ങള്‍ക്കിടയില്‍ മരുമക്കത്തായം ചുരുക്കം ചില സമൂഹങ്ങളില്‍ മാത്രമേ നിലനിന്നിട്ടുള്ളൂ. പലതും ഇല്ലാതായി. ലക്ഷദ്വീപുകളിലും മലബാറിലെ ചില മാപ്പിള മുസ്‌ലിം സമൂഹങ്ങളിലും, ചില മാറ്റങ്ങളോടെയാണെങ്കിലും മരുമക്കത്തായം ഇന്നും നിലകൊള്ളുന്നു.
പെണ്‍കോയ്മ: ഒരു വിസ്മയം
മക്കത്തായ കുടുംബത്തില്‍ മുതിര്‍ന്ന പുരുഷനാണ് കുടുംബത്തിന്റെ നാഥന്‍. കുടുംബത്തിന്റെ താവഴി (lineage) പുരുഷന്മാരിലുടെ തീരുമാനിക്കുന്നു. കുടുംബാംഗത്വവും സ്വത്തവകാശവും പുരുഷന്മാര്‍ക്ക് മാത്രമാണുള്ളത്. കുടുംബധര്‍മ്മങ്ങളുടെ നിര്‍വ്വഹണം ആണുങ്ങള്‍ നടത്തുന്നു. സമ്പത്തും സാമൂഹ്യ പദവിയും ആസ്വദിക്കുന്നതും പുരുഷന്മാര്‍. കുലത്തൊഴിലിലുള്ള അധികാരവും പുരുഷന്മാര്‍ക്ക് മാത്രം. മക്കത്തായ കുടുംബം ഈ വിധം പുരുഷകേന്ദ്രീകൃതമായ ഒരു വ്യവസ്ഥയാണ്. കര്‍ഷക സമൂഹകാലം തൊട്ട് മനുഷ്യര്‍ കൂടുതലും ആചരിച്ചിരുന്നത് മക്കത്തായ കുടുംബ സമ്പ്രദായമാണ്. പുരുഷ കേന്ദ്രീകൃത മക്കത്തായ മഹാസമുദ്രത്തില്‍ കൊച്ചുതുരുത്തുകളിലായാണ് അപൂര്‍വ്വം മരുമക്കത്തായ കുടുംബങ്ങള്‍ നിലനിന്നിരുന്നത്.
പെണ്‍കോയ്മക്ക് പ്രാധാന്യം നല്‍കി എങ്ങനെയാണ് മരുമക്കത്തായം ഉരുത്തിരിഞ്ഞുവന്നത് എന്നത് പല വിധേനയും വിശകലനം നടത്തിയിട്ടുണ്ട്. ഭര്‍ത്തൃത്വ സമ്പ്രദായവും പെണ്‍താവഴിയിലുള്ള കുടുംബാംഗത്വ നിര്‍ണ്ണയവുമാണ് മരുമക്കത്തായത്തിന്റെ ആദിരൂപമെന്ന് മോര്‍ഗന്‍, ബെക്കാഫന്‍ എന്നീ നരവംശ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഹെന്റി മെയ്‌നിനെപ്പോലെയുള്ള നരവംശ ശാസ്ത്രജ്ഞാന്മാര്‍ പുരുഷാധിഷ്ഠിത കുടുംബ വ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ തന്നെ രൂപം കൊണ്ട അപൂര്‍വ്വതയാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഏംഗല്‍സ് മരുമക്കായത്തില്‍ നിന്നാണ് മക്കത്തായം ഉണ്ടായതെന്ന് വാദിക്കുന്നു. സ്വകാര്യ സ്വത്തവകാശവും സ്ത്രീകളുടെ മേല്‍ വെച്ചുകെട്ടിയ ചാരിത്ര്യ സങ്കല്‍പ്പവും പ്രബലമായിത്തീരുന്നതോടെയാണ് പുരുഷകേന്ദ്രീകൃത കുടുംബം ഉത്ഭവിച്ചതെന്ന് അവര്‍ നിരീക്ഷിക്കുന്നു. കാര്യ പദവിക്കുള്ള അംഗീകാരത്തില്‍ നിന്നാണ് മരുമക്കത്തായം രൂപം കൊണ്ടതെന്ന് കരുതുന്നവരുമുണ്ട്. കാരണങ്ങളെന്തായാലും ലോകത്താകമാനം മക്കത്തായം നില നില്‍ക്കുന്ന കാലത്തും ചില സമൂഹങ്ങളില്‍ മരുമക്കത്തായം ആഘോഷമായിരുന്നു. അവര്‍ ന്യൂനാല്‍ ന്യൂനപക്ഷമായിരുന്നുവെന്ന് മാത്രം.
സ്ത്രീകള്‍ക്ക് മേലധികാരവും സര്‍വ്വാദരവും നല്‍കിയിരുന്ന കുടുംബ സമ്പ്രദായം ഇരുപതാം നൂറ്റാണ്ടിലും നിലനിന്നിരുന്നുവെന്നത് സമൂഹ ശാസ്ത്രപരമായ ഒരതിശയമാണ്. വ്യവസായവല്‍ക്കരണത്തോടെ സര്‍വ്വ സമൂഹങ്ങളും പുരുഷ കേന്ദ്രീകൃതമായ വ്യവസ്ഥയെ താലോലിച്ചു പോരുന്ന കാലത്തും ചില സമൂഹങ്ങള്‍ മരുമക്കത്തായികളായി നിലനിന്നു. പെണ്‍കുട്ടികള്‍ പിറക്കാന്‍ വേണ്ടി തീവ്രമായി ആഗ്രഹിക്കുകയും, അവസാനത്തെ പെണ്‍കുട്ടിയും ഇല്ലാതായിത്തീരും വരെ നിലനില്‍ക്കുകയും ചെയ്ത കുലമഹിമ പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നില്ല. അപ്പോഴും ചില സമൂഹങ്ങളില്‍, ഇന്ത്യയിലും, മാതൃദായക്രമം പിന്‍പറ്റിക്കഴിഞ്ഞിരുന്ന സമൂഹങ്ങള്‍ ഉണ്ടായിരുന്നു. വടക്ക് കിഴക്കന്‍ പ്രദേശങ്ങലിലെ ഖാസി, ഗാരോ ഗോത്ര വര്‍ഗ്ഗങ്ങളും കേരളത്തിലെ നായന്മാരും കാണിക്കാര്‍ ഗോത്രവും, പയ്യന്നൂര്‍ നമ്പൂതിരിമാരും, ലക്ഷദ്വീപുകളിലെ മുസ്‌ലിംകളും, മലബാര്‍ മാപ്പിളമാരിലൊരു വിഭാഗവും മരുമക്കത്തായ സമൂഹങ്ങളില്‍ പെടുന്നു. അടിസ്ഥാനപരമായി മക്കത്തായത്തെ പിന്താങ്ങുന്ന മുസ്‌ലിങ്ങളില്‍ ചിലര്‍ മരുമക്കത്തായം പിന്തുടര്‍ന്നിരുന്നുവെന്നത് സമൂഹ നരവംശശാസ്ത്രപരമായി ഒരു വിസ്മയമാണ്.
ബഹുഭര്‍ത്തൃ മരുമക്കത്തായം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ വരെയും കേരളത്തിലെ ചില നായര്‍ സമുദായങ്ങള്‍ ബഹുഭര്‍ത്തൃത്വ മരുമക്കത്തായം (polyandrous matriling) പിന്തുടര്‍ന്നിട്ടുണ്ട്. മക്കത്തായ വ്യവസ്ഥയുടെ സ്തുതിപാഠകരായിരുന്ന നമ്പൂതിരിമാര്‍ക്കും തിയ്യന്മാര്‍ക്കും ഇടയിലും ഒറ്റപ്പെട്ട മരുമക്കത്തായ സമുദായങ്ങള്‍ നിലനിന്നിരുമെന്ന് ഫാ. പുത്തന്‍കലം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഹിന്ദുക്കളില്‍ സംഘടിതവും ഏറെക്കുറെ സുസ്ഥിരവുമായ പെണ്‍കോയ്മയുടെ കുടുംബ വ്യവസ്ഥ നൂറ്റാണ്ടുകളോളം നിലനിര്‍ത്തിയത് നായന്മാരാണെന്ന് കെ.എം. പണിക്കര്‍ അടയാളപ്പെടുത്തിയിരിക്കുന്നു.
പതിനാലാം നൂറ്റാണ്ടിന് ശേഷം കേരളത്തില്‍ രൂപപ്പെട്ട ഒരു സാമൂഹിക പ്രതിഭാസമാണ് നായന്മാര്‍ക്കിടയിലുള്ള ബഹുഭര്‍ത്തൃത്വ മരുമക്കത്തായം. മലബാറിലാണ് നായര്‍ മരുമക്കത്തായം ശക്തമായി പിന്തുടര്‍ന്നിരുന്നത്. ഇന്നത്തെ പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ വേരുപിടിച്ച നായര്‍ മരുമക്കത്തായം ഗ്രാമങ്ങളിലും പട്ടണങ്ങളിലും കൊടികുത്തി വാണിരുന്നു. ഒരു കാക്കക്കാരണവരില്‍/കാരണവത്തിയില്‍ വിശ്വസിച്ച് മൂന്നോ നാലോ തലമുറകള്‍ ഒന്നിച്ച്, ഒരു കൂരയ്ക്ക കീഴെ കഴിഞ്ഞിരുന്ന നായര്‍ മാതൃദായക്രമ കുടുംബങ്ങള്‍ പതിനെട്ടാം നൂറ്റണ്ടോടെ സ്ഥാപനവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. മാററീര്‍, കെ.എം. പണിക്കര്‍, ജോസഫ് പുത്തങ്കലം, കാതലിന്‍ ഗഫ്, റോബിന്‍ ജഫ്‌റി, പി.കെ ബാലകൃഷ്ണന്‍, മനു എസ്.പിള്ള തുടങ്ങിയവര്‍ നായര്‍ മരുമക്കത്തായത്തിന്റെ വിവിധ വശങ്ങള്‍ പഠനങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്.
നമ്പൂതിരി സമുദായത്തിലെ ഇളയ സഹോദരന്മാര്‍ക്ക് ‘വേളി’ നിഷിദ്ധമാക്കിയതിനാല്‍ അവര്‍ക്ക് നായര്‍ വീടുകളില്‍ ‘സംബന്ധം’ വെച്ചു പുലര്‍ത്താന്‍ അവസരം നല്‍കിയിരുന്നു. നായര്‍ സ്ത്രീകളില്‍ പലരും ബഹുഭര്‍ത്തൃത്വം അഭിമാനത്തോടെ ആചരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ മാതൃകുടുംബത്തിന്റെ പേരിലാണറിയപ്പെട്ടിരുന്നത്. പ്രായപൂര്‍ത്തിയെത്തും മുമ്പെ പെണ്‍കുട്ടികളുടെ താലികെട്ട് കല്ല്യാണം നടത്തിയിരുന്നു. പ്രായ പൂര്‍ത്തിയെത്തിയാല്‍ അവര്‍ ഭര്‍ത്താക്കന്മാരോടൊപ്പം കുറച്ച് കാലം ചെലവഴിച്ച് പിന്നീട് വിവാഹമോചനം നടത്തുകയോ വേര്‍പിരിഞ്ഞിരിക്കുകയോ ചെയ്തു. പിന്നീടവര്‍ നമ്പൂതിരിമാരുമായോ തമ്പുരാന്മാരുമായോ സംബന്ധം വെച്ചു. സംബന്ധം ചെയ്യുന്ന നമ്പൂതിരിമാരോ തമ്പുരാന്മാരോ ഇടയ്ക്ക് നായര്‍വീട് സന്ദര്‍ശിക്കും, ചില ദിവസങ്ങളിലവിടെ കൂടി മടങ്ങും. സംബന്ധത്തിലുണ്ടാകുന്ന കുട്ടികളുടെ ഉത്തരവാദിത്വം നായര്‍ തറവാടുകള്‍ക്ക് മാത്രമായിരുന്നു. സംബന്ധം കെട്ടുന്ന നായര്‍ സ്ത്രീയുടെ തറവാടുകള്‍ക്ക് ജന്മിമാരും തമ്പുരാന്മാരും കൃഷിയിടമോ പുരയിടമോ ഇഷ്ടദാനം കൊടുക്കുന്നു. സംബന്ധത്തിലൂടെ നായര്‍ സമുദായത്തിന് പൊതുവെ സാമൂഹ്യ പദവിയില്‍ സാരമായ മാറ്റവും അന്തസ്സും ഉണ്ടാക്കിയിരുന്നു. സംബന്ധം വഴി ജാതിപരമായ പദവിമാറ്റം നായന്മാര്‍ക്കുണ്ടായതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
നായര്‍ തറവാടുകളുടെ ഘടനയിലും ധര്‍മ്മനിര്‍വ്വഹണത്തിലും ഇരുപതാം നൂറ്റാണ്ടോടെ പല മാറ്റിമറിക്കലുകളുമുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസം, ബ്രിട്ടീഷ് ഭരണകാല ഉദ്യോഗം, നഗരങ്ങലിലേക്കുള്ള കുടിയേറ്റം തുടങ്ങിയ ഘടകങ്ങള്‍ നായര്‍ കുടുംബത്തിന്റെ പതനത്തിനും ഏക ഭാര്യഭര്‍ത്തൃബന്ധത്തിലേക്കുള്ള മാറ്റത്തിനും കാരണമാകുകയായിരുന്നു. 1952 ലെ നായര്‍ ആക്റ്റും, 1956 ലെ ഹിന്ദു സക്‌സഷന്‍ ആക്റ്റും മാറ്റങ്ങള്‍ക്ക് വേഗത കൂട്ടാനും നിയമ പരിരക്ഷ നല്‍കാനും ഹേതുവായി. ഇന്ന് നായര്‍ മരുമക്കത്തായ ദൃശ്യം കാഴ്ച്ച ബംഗ്ലാവിലുമില്ലാത്ത വിധം മണ്‍മറഞ്ഞിരിക്കുന്നു.
ലക്ഷദ്വീപുകളിലെ മരുമക്കത്തായം
ഇസ്‌ലാം അടിസ്ഥാനപരമായി പുരുഷാധിഷ്ഠിത വ്യവസ്ഥ (patriarchy) യെയാണ് പ്രതിനിധാനം ചെയ്യുന്നത്. ലോകത്ത് പലദേശങ്ങളിലായി കഴിയുന്ന മുസ്‌ലിം സമൂഹങ്ങള്‍ മക്കത്തായ കുടുംബവ്യവസ്ഥയേയാണ് രൂപപ്പെടുത്തിയെടുത്തത്. ലോകമുസ്‌ലിംകള്‍ക്കിടയില്‍ എക്കാലത്തും മരുമക്കത്തായം അപൂര്‍വ്വമായ നിലനിന്നിട്ടുള്ളൂ. ഇന്തോനേഷ്യ, മലേഷ്യ, ഇറാന്‍, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ചില പ്രദേശങ്ങളില്‍ മാത്രമാണ് മരുമക്കത്തായം കണ്ടിട്ടുള്ളൂ. പലരും അത് കൈവെടിയുകയും ചെയ്തു. ഇന്തോനേഷ്യയിലെ മെനങ്കബാവു സമൂഹം മുസ്‌ലിം മരുമക്കത്തായ ജീവിതത്താല്‍ ഇന്നും സമൂഹശാസ്ത്രജ്ഞന്മാരുടെ പഠന വിഷയമാണ്. ഇന്ത്യയില്‍ ദീര്‍ഘ കാലമായി മരുമക്കത്തായം പിന്തുടരുന്ന രണ്ട് സമൂഹങ്ങളാണ് ലക്ഷദ്വീപിലെയും ഉത്തരകേരളത്തിലെയും മലബാറിലെയും മാപ്പിളമുസ്‌ലിംകള്‍ ലക്ഷദ്വീപുകളിലെ ഇന്നും നിലനില്‍ക്കുന്ന മരുമക്കത്തായത്തെക്കുറിച്ച് ലീലാദുബെ (1969), എ.ആര്‍ കുട്ടി (1972), കെ.പി ഇട്ടാമന്‍ (1976), മന്നാടിയാര്‍ എന്‍.എസ് (1977), ഇംതിയാസ് അഹമ്മദ് (1976) തുടങ്ങിയവരുടെ പഠനങ്ങളും ശ്രദ്ധേയമാണ്. ലക്ഷദ്വീപുകളില്‍ ഭൂമിയിലുള്ള അവകാശം ദ്വീപുനിവാസികള്‍ക്ക് മാത്രമാണ്. ഭൂവിസ്തൃതിയുടെ പരിമിതിയും മലബാറുകാരോടുള്ള ബന്ധവും മുസ്‌ലിം മരുമക്കത്തായത്തെ നിലനിര്‍ത്തുന്ന ഘടകങ്ങളാണ്. കച്ചവടത്തിനായി ദ്വീപുകാര്‍ മാസങ്ങളോളം ‘കര’യില്‍ കഴിയുന്നത് മരുമക്കത്തായവും അതിനോട് ചേര്‍ന്ന പുതിയാപ്പിള സമ്പ്രദായവും സുദൃഢമാക്കാന്‍ കാരണമായിട്ടുണ്ട്. കോയ, കാല്‍മി, മേലാച്ചേരി എന്നീ ജാതിസമാന വിഭാഗങ്ങള്‍ ലക്ഷദ്വീപ് മുസ്‌ലിംകള്‍ക്കിടയിലുണ്ടായിരുന്നു. ഉയര്‍ന്ന ജാതിക്കാരും ഭൂവുടമകളുമായ കോയമാരോ, തെങ്ങുകയറ്റക്കാരായ മാല്‍മിയാരോ കുക്കുവന്മാരായ മേലാച്ചേരിക്കാരോ വിജാതീയ വിവാഹത്തിന് മുതിര്‍ന്നിരുന്നില്ല. അത് മരുമക്കത്തായത്തെ തകര്‍ക്കാതിരിക്കാന്‍ പരോക്ഷമമായി സഹായിച്ചിരുന്നു. സ്വത്തവകാശം സ്ത്രീകള്‍ക്ക് മാത്രമായിരുന്നു. ഇന്നും തറവാട്ടുസ്വത്ത് പെണ്‍താവഴിയില്‍ നിലനിര്‍ത്തുന്നു. അല്ലെങ്കില്‍ ഇളയപെണ്‍കുട്ടിക്ക്/സ്ത്രീക്ക് തറവാട്ടവകാശം നല്‍കുന്നു. ഇന്ന് വ്യക്തികള്‍ ഉണ്ടാക്കുന്ന സ്വത്ത് ശരീഅത്ത് നിയമപ്രകാരമാണ് വീതം വെക്കുന്നത്. പുതിയാപ്പിള സമ്പ്രദായത്തെ കാര്യമായൊരു മാറ്റവും കൂടാതെ സ്വീകരിക്കുന്ന ലക്ഷദ്വീപ് മുസ്‌ലിംകള്‍ മരുമക്കത്തായത്തിന്റെ വിശേഷങ്ങളുമായി ഇന്നും ജീവിക്കുന്നു.
മലബാര്‍ മുസ്‌ലിം മരുമക്കത്തായം
മരുമക്കത്തായം പൂര്‍ണ്ണമായോ ഭാഗികമായോ പിന്തുടരുന്നവരാണ് ഉത്തരകേരളത്തിലെ തീരദേശ മുസ്‌ലിംകളായ മാപ്പിളമാര്‍. കണ്ണൂര്‍, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട് പ്രദേശങ്ങളിലെ ഒരു വിഭാഗം മുസ്‌ലിംകള്‍ മൂന്ന് നൂറ്റാണ്ടുകളിലധികമായി മരുമക്കത്തായികളാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അരനൂറ്റാണ്ട് കാലം വരെയും പെണ്‍താവഴിയില്‍ കുടുംബാംഗത്വവും സ്വത്തവകാശവും നിര്‍ണയിച്ച് ഒരു സവിശേഷ സമൂഹമായി കഴിഞ്ഞവരാണ് മലബാറിലെ മരുമക്കത്തായ മുസ്‌ലിംകള്‍. മാതൃകുടുംബത്തിന്റെ പേരിലാണ് വരറിയപ്പെട്ടിരുന്നത്. പെണ്‍താവഴിയാണ് തൊഴിലും പദവിയം നിര്‍ണയിച്ചിരുന്നത്. സ്വത്തവകാശം സ്ത്രീകള്‍ക്ക് മാത്രം. അവസാന സ്ത്രീ ബാക്കിയായിരിക്കുവോളം കാലം തറവാട് വീതം വെക്കാനാവുമായിരുന്നില്ല. പെണ്‍തരിയില്ലാതെ വരുമ്പോള്‍ തറവാട് സ്ഥാപനങ്ങള്‍ക്ക് ‘വഖ്ഫ്’ ചെയ്തു വെച്ചിരുന്നു.
പൊതുവെ, മലബാര്‍ മരുമക്കത്തായ മുസ്‌ലിംകളുടെ തൊഴില്‍ കച്ചവടമാണ്. കുടുംബ വരുമാനമാണ് കൂട്ടുകുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചിരുന്നത്. ഒരു കാലത്ത് ഒരടുക്കളയില്‍ നിന്നാണ് എല്ലാവര്‍ക്കുമുള്ള ഭക്ഷണം പാകം ചെയ്തിരുന്നത്. നൂറുകണക്കിന് തറവാട്ടുകാര്‍ ഇന്നും നശിക്കാതെ പഴയ തറവാടിന്റെ തച്ചുശാസ്ത്ര വ്യത്യസ്തതകള്‍ നിലനിര്‍ത്തി ബാക്കിയായിട്ടുണ്ട്. മക്കള്‍ പൂര്‍ണമായും മാതൃവീട്ടിലാണ് വളരുന്നത്. ആണ്‍കുട്ടികള്‍ക്ക് വിവാഹം കഴിഞ്ഞാല്‍ രാത്രിവാസം ഭാര്യവീട്ടിലായിരിക്കും. പ്രായമേറുംതോറും പുരുഷന്‍ ഭാര്യവീടിന്റെ ഭാഗമായിത്തീരുന്നു. എന്നാല്‍ ഭര്‍ത്താവപ്പോഴും അറിയപ്പെടുന്നത് മാതൃവീടിന്റെ പേരിലായിരിക്കും. ഭാര്യവീട്ട് സ്വത്തില്‍ ഒരവകാശമുണ്ടാവുകയില്ല. എന്നാല്‍ പുതിയാപ്പിളയെ ഭാര്യവീട്ടുകാര്‍ എപ്പോഴും ആദരവോടെ മാത്രം കാണുന്നു.
മുസ്‌ലിം മരുമക്കത്തായത്തിലെ ഭാര്യ-ഭര്‍തൃ വീടുകള്‍
പുതിയാപ്പിള സമ്പ്രദായം (Matrilocality) മരുമക്കത്തായ മുസ്‌ലിംകളുടെ കുടുംബജീവിതത്തിന്റെ ആണിക്കല്ലാണ്. വിവാഹത്തോടെ തന്നെ പുതിയാപ്പിളക്ക് ഭാര്യവീട്ടുകാര്‍ ആദരവ് നല്‍കിത്തുടങ്ങുന്നു. വിവാഹിതിരായി പുതിയാപ്പിളക്കും ചങ്ങാതിമാര്‍ക്കും കുടുംബാഗങ്ങള്‍ക്കും വിഭവസമൃദ്ധമായ വിരുന്നൊരുക്കുന്നു. പുതിയാപ്പിളയുടെ കുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് പ്രത്യേക വിരുന്ന് കല്യാണ ചടങ്ങുകളിലൊന്നായിരുന്നു. പല വീടുകളിലും വിവാഹാനന്തരം നാല്‍പത് ദിവസം തുടര്‍ച്ചയായി പുതിയാപ്പിളയ്ക്ക് വിശേഷപ്പെട്ട പ്രഭാത ഭക്ഷണമാണ് നല്‍കാറുള്ളത്. നോമ്പുകാലത്ത് പുതിയാപ്പിളയുടെ വീട്ടിലേക്ക് ഒരു കോള് കൊടുത്തയക്കുന്നു. പ്രത്യേക ഭക്ഷണ വിഭവങ്ങളായിരിക്കും അത്. ഗള്‍ഫ് കുടിയേറ്റം തുടങ്ങിയതോടെ പുതിയാപ്പിളക്കുള്ള ‘യാത്രച്ചോറ്’ ഒരാചാരമായിത്തീര്‍ന്നിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് അവധിക്ക് ഭര്‍ത്താവെത്തുമ്പോള്‍ ഭാര്യാബന്ധുക്കളുടെ വീടുകളില്‍ സല്‍ക്കാരങ്ങളുണ്ടാകും. ഭര്‍തൃവീട്ടില്‍ ഒരു മരണമുണ്ടായാല്‍ കബറടക്കം കഴിഞ്ഞുള്ള ഉച്ചനേരമുള്ള ഭക്ഷണം പെണ്‍കുട്ടികളുടെ/ഭാര്യമാരുടെ വീട്ടില്‍ നിന്നാണ് കൊടുത്തയക്കുക. കാതുകുത്ത്, മാര്‍ക്കകല്യാണം തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം മരുമക്കത്തായക്കാര്‍ ഭാര്യയുടെ വീട്ടില്‍ വിശേഷ വിഭവങ്ങളൊരുക്കുന്നു. ഗര്‍ഭകാലത്ത് ഭര്‍തൃവീട്ടുകാര്‍ ഭാര്യയുടെ വീട്ടിലേക്ക് പല ഘട്ടങ്ങളിലായി വിശേഷഭക്ഷണം ‘പള്ളേല് കോള്’ കൊടുത്തയക്കുന്നു. മരുമക്കത്തായ മുസ്‌ലിംകള്‍ക്ക് സ്‌നേഹപ്രകടനത്തിന്റെയും ബഹുമാനത്തിന്റയും സവിശേഷഭാവമാണ് ഭക്ഷണം.
സ്ത്രീകള്‍ക്ക് ഭര്‍തൃവീട്ടില്‍ എന്നും ആദരവ് ലഭിക്കുന്നു. പല വീടുകളിലും ഇന്നും അവരെ കടുത്ത അടുക്കള ജോലികളില്‍ നിന്ന് ഒഴിവാക്കുന്നു. സ്ത്രീകള്‍ ഭര്‍തൃവീട്ടില്‍ വിശേഷ ദിവസങ്ങളിലേ താമസിക്കാറുള്ളൂ. അടുത്തടുത്ത വീടുകളില്‍ നിന്നാണ് ഏറെയും വിവാഹം നടക്കുക എന്നതിനാല്‍ പാതിരാത്രിക്ക് പോലും സ്ത്രീ ഭര്‍തൃവീട്ടില്‍ നിന്ന് സ്വന്തം വീട്ടില്‍ അന്തിയുറങ്ങാന്‍ പോകുകയാണ് പതിവ്. കല്യാണം കഴിഞ്ഞ് ‘പുതിയോട്ടി’യെ ഭര്‍തൃവീട്ടില്‍ താമസിപ്പിക്കുന്ന ദിനങ്ങളില്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക ഭക്ഷണമൊരുക്കല്‍ ഒരാചാരമാണ്. സ്ത്രീകള്‍ക്ക് ഗൃഹഭരണത്തില്‍ അധികാരമുണ്ട്. തറവാട്ടിലെ ഏറ്റവും മുതിര്‍ന്ന സ്ത്രീയാണ് കാരണവത്തി. അവരുടെ നേതൃതത്തില്‍ മുതിര്‍ന്ന സ്ത്രീകള്‍ വീട്ടുകാര്യങ്ങളിലും കല്യാണങ്ങളിലും തീരുമാനമെടുക്കുന്നു. മുതിര്‍ന്ന സ്ത്രീകളുടെ തീരുമാനം അവരുടെ സഹോദരന്മാര്‍ നടപ്പില്‍ വരുത്തുന്നു. പെണ്ണധികാരം മരുമക്കത്തായത്തിന്റെ (Matriarchy) അഭിവാജ്യ ഘടകമായിരുന്നു പഴയകാലത്ത്.
മുസ്‌ലിം മരുമക്കത്തായം: പഠനവും കഥയും
മലബാറിലെ മുസ്‌ലിം മരുമക്കത്തായത്തെക്കുറിച്ച് പരോക്ഷമായും പ്രത്യക്ഷമായും പല പഠനങ്ങളും നടന്നിട്ടുണ്ട്. 1581ല്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം എഴുതിയ ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ (പോരാളികള്‍ക്കുള്ള സമ്മാനം) എന്ന ഗ്രന്ഥത്തില്‍ നിന്ന് മലബാര്‍ മുസ്‌ലിംകളുടെ ചരിത്രം രേഖപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. വില്യം ലോഗന്‍ (1951), എ.പി ഇബ്‌റാഹിം കുഞ്ഞ് (1989), എസ്.എം മുഹമ്മദ് കോയ (1984), എം.എസ്.എ റാവു (1963), ബാലകൃഷ്ണന്‍ പി.വി (1981) തുടങ്ങിയവര്‍ മലബാര്‍ മാപ്പിള മുസ്‌ലിംകളുടെ ചരിത്രവും മരുമക്കത്തായ സമ്പ്രദായവും പഠിച്ചിട്ടുണ്ട്. കാതലിന്‍ ഡഫ് ഡി.എം സ്‌നീഡര്‍ (1962), ജോസഫ് പുത്തന്‍കലം (1977), വിക്ടര്‍ ഡിസൂസെ (1955), ഇംതിയാസ് അഹമദ് (1976), ഫിലിപ്പോ ഒസല്ല, കരോളിന്‍ ഒസല്ല (1992), റെഡാള്‍ഫ് മില്ലര്‍ (1976), ഫ്രെഡറിക് ഡെയില്‍ (1980) തുടങ്ങിയ സമൂഹശാസ്ത്ര-സമൂഹനരവംശശാസ്ത്ര ഗവേഷകര്‍ മാപ്പിള മുസ്‌ലിം മരുമക്കത്തായത്തിന്റെ സവിശേഷഭാവങ്ങളേയും കുടുംബഘടനയേയും കുറിച്ച് പഠനം നടത്തിയിരിക്കുന്നു. മുസ്‌ലിം മരുമക്കത്തായത്തിന്റെ നെടുംതൂണായ പുതിയാപ്പിള സമ്പ്രദായത്തിന്റെ സുസ്ഥിരതയെക്കുറിച്ച് പഠിക്കാന്‍ ഈ ലേഖകനും അവസരമുണ്ടായിട്ടുണ്ട് (2010).
മാപ്പിള മുസ്‌ലം മരുമക്കത്തായം സൂക്ഷ്മതലത്തില്‍ കഥകളിലും നോവലുകളിലും ചിത്രീകരിച്ചിട്ടുണ്ട്. കോഴിക്കോട്ടെ മുസ്‌ലിം മരുമക്കത്തായം പ്രധാന പ്രമേയമായിട്ടുള്ള രണ്ട് നോവലുകളാണ്. ‘സുല്‍ത്താന്‍വീട്’ (പി.എ മുഹമ്മദ് കോയ, 1977), ‘എസ്പതിനായിരം’ (എന്‍.പി ഹാഫിസ് മുഹമ്മദ്, 2018), ‘അറബിപ്പൊന്ന്’ (എന്‍.പി മുഹമ്മദ്, എം.ടി വാസുദേവന്‍ നായര്‍ 1960), ‘മരം’, എണ്ണപ്പാടം (എന്‍.പി മുഹമ്മദ് 1969, 1982), തേന്‍തുള്ളി (വി.പി മുഹമ്മദ്, 1979), ഒരു മാപ്പിള പെണ്ണന്റെ ലോകം (യു.എ ഖാദര്‍, 1972) തുടങ്ങിയ നോവലുകളിലും മാപ്പിള മുസ്‌ലിംകളുടെ ജിവിതം നിറഞ്ഞുനില്‍ക്കുന്നു. തുളസി (ദ്വീപ്, 1978), വി.പി മുഹമ്മദ് (പിട, 1989), പി.എ മുഹമ്മദ്‌കോയ (ദ്വീപുകാരന്‍, 1976) തുടങ്ങിയവര്‍ ദ്വീപുസമൂഹങ്ങളിലെ മരുമക്കത്തായത്തെക്കുറിച്ച് എഴുതിയ നോവലിസ്റ്റുകളാണ്. ഹനീഫ കോയ, ഹസ്തറിയ നവാസ് എന്നീ ദ്വീപുകാര്‍ അടുത്ത കാലത്ത് ലക്ഷദ്വീപ് കുടുംബചിത്രം നല്‍കാന്‍ അവരുടെ കൃതികളില്‍ ശ്രമിച്ചിട്ടുണ്ട്. മരുമക്കത്തായത്തിന്റെ മാറ്റങ്ങളെ രേഖപ്പെടുത്തുന്ന പഠനങ്ങളും കഥകളും ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.
ചോദ്യം ചെയ്യപ്പെടാത്ത പുതിയാപ്പിള സമ്പ്രദായം
ഇസ്‌ലാമിക ചര്യയുടെ ഭാഗമല്ലാത്ത മരുമക്കത്തായം ഏതെല്ലാം കാരണങ്ങളാല്‍ മലബാര്‍ മുസ്‌ലിംകള്‍ക്കിടയില്‍ വേരുപിടിച്ചു എന്നത് അത്ഭുതമായി ഇന്നും നിലകൊള്ളുന്നു. മലബാര്‍ മാപ്പിള മുസ്‌ലിംകള്‍ സുന്നി വിഭാഗത്തില്‍ പെടുന്നു, ഷിയാക്കളല്ല. സുന്നികളില്‍ ശാഫി വിഭാഗത്തിലാണ് മാപ്പിള മുസ്‌ലിംകള്‍ നിലകൊള്ളുന്നത്. വിശ്വാസപരമായി ലോകമുസ്‌ലിംകള്‍ പുരുഷാധിഷ്ഠിത വ്യവസ്ഥയും മക്കത്തായ കുടുംബ സമ്പ്രദായവും പിന്തുടരുന്നവരാണ്. എന്നാല്‍ മലബാറിലോ ലക്ഷദ്വീപുകളിലോ മരുമക്കത്തായ സമ്പ്രദായത്തെ പൗരോഹിത്യമോ മതസംഘടനകളോ എതിര്‍ത്തിട്ടില്ല. സുന്നി, മുജാഹിദ്, ജമാഅത്ത് മതസംഘടനകളോ മുസ്‌ലിം രാഷ്ട്രീയ സംഘടനകളോ മുസ്‌ലിം മരുമക്കത്തായത്തെ വിമര്‍ശിച്ചതായിപ്പോലും കേട്ടിട്ടില്ല. പരോക്ഷമായിപ്പോലും പുതിയാപ്പിള സമ്പ്രദായത്തെയോ പെണ്‍കോയ്മയേയോ വിമര്‍ശിച്ചതായും അറിവില്ല. പല കാര്യങ്ങളിലും ശരീഅത്ത് നിയമങ്ങള്‍ ആചരിക്കാനും നിലനിര്‍ത്താനും ആഗ്രഹിക്കുന്ന മതസംഘടനകള്‍ മരുമക്കത്തായ കാര്യത്തില്‍ മൗനം പാലിക്കുന്നു. സംഘടനയേതായാലും അവര്‍ക്ക് ലഭിക്കുന്ന പ്രബല സാമ്പത്തിക പിന്തുണ മരുമക്കത്തായ മുസ്‌ലിംകളില്‍ നിന്നാണ് ലഭിക്കുന്നത് എന്ന കാര്യത്തെ ഈ മൗനവുമായി കൂട്ടിവായിക്കാവു്ന്നതാണ്. മറ്റു പല കാര്യങ്ങളിലും മുസ്‌ലിം ബഹുസ്വരതയെ അംഗീകരിക്കാത്തവരാണ് ഈ സംഘടനകള്‍ എന്നത് ശ്രദ്ധേയമായ വസ്തുതയാണ്.
മലബാറിലെ മുസ്‌ലിം മരുമക്കത്തായത്തിലും ചില മാറ്റങ്ങളുണ്ടായിട്ടുണ്ട്. തറവാട് വിട്ടൊഴിഞ്ഞ് പോകരുത് എന്ന വിലക്ക് 1970 കളോടെ ലംഘിച്ചു തുടങ്ങിയിരിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ മാത്രമാണ് ഇന്ന് തറവാട് വിട്ടൊഴിയാതെ നില്‍ക്കുന്നവര്‍. മുസ്‌ലിം മരുമക്കത്തായത്തിലെ പെണ്ണധികാരം ഇല്ലാതായിത്തീരുന്നു. തറവാടുകള്‍ പോലും ശരീഅത്ത് നിയമത്തിനധിഷ്ഠിതമായാണ് വീതം വെക്കുന്നത്. വ്യക്തിഗത സ്വത്തും ഇസ്‌ലാമിക കുടുംബനിയമങ്ങളെ അടിസ്ഥാനമാക്കിയാണ് കൈകാര്യം ചെയ്യുന്നത്. ഗള്‍ഫ് സമ്പന്നത പുതിയ വീടെടുത്തു താമസം മാറുവാന്‍ സഹായകരമായിട്ടുണ്ട്. ചിലരെങ്കിലും വിവാഹാനന്തരം ഭാര്യയെ ഭര്‍തൃവീട്ടിലേക്ക് കൊണ്ടുവരികയും കൂടെ താമസിപ്പിക്കുകയും ചെയ്യുന്നു. പുരോഗമന വാദികളില്‍ ചിലര്‍ പുതിയാപ്പിള സമ്പ്രദായത്തിന്റെ ധൂര്‍ത്തും കുട്ടികളെ വളര്‍ത്തുന്നതില്‍ പിതാവിന്റെ പങ്കും സ്വാധീനവും കുറയുന്നതും ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മലബാറിലോ ദ്വീപുകളിലോ ഉള്ള മരുമക്കത്തായ മുസ്‌ലിംകള്‍ പുതിയാപ്പിള സമ്പ്രദായം (visiting husband system) കൈയൊഴിയാന്‍ വൈമനസ്യം കാണിക്കുന്നു. പത്ത് ശതമാനത്തിനും താഴെയാണ് പുതിയാപ്പിള സമ്പ്രദായത്തില്‍ മാറ്റം വേണമെന്ന് കരുതുന്നവര്‍. എണ്‍പത്തിയഞ്ചോളം ശതമാനം സ്ത്രീകളും വിവാഹാനന്തരം മാതൃഭവനത്തില്‍ തന്നെ കഴിയാന്‍ ആശിക്കുന്നവരാണ്. ഇക്കൂട്ടര്‍ പുതിയാപ്പിള സമ്പ്രദായത്തിന്റെ മെച്ചങ്ങള്‍ പരസ്പരം പങ്കുവെക്കുന്നു. പുതിയാപ്പിള സമ്പ്രദായം പിന്തുടരുന്നവര്‍ വീട് മാറുമ്പോഴും സമാനചര്യ പാലിക്കുന്ന പ്രദേശത്തേക്ക് മാറാനാണ് ശ്രമിക്കുന്നത്. പുതിയാപ്പിള സമ്പ്രദായം പിന്തുടരുന്നവരുടെ ഒരു ‘ക്ലസ്റ്റര്‍’ ഉണ്ടാ്ക്കാന്‍ ഇക്കൂട്ടര്‍ എപ്പോഴും ആഗ്രഹിക്കുന്നുണ്ട്.
പുതിയാപ്പിള സമ്പ്രദായത്തിന്റെ നിലനില്‍പ്പ്
മലയാളികളുമായി ഇഴകിച്ചേരാനും, മക്കത്തായ മുസ്‌ലിംകളോട് കലഹിക്കാതിരിക്കാനും മരുമക്കത്തായികള്‍ ശ്രമിക്കുന്നു. വേഷത്തില്‍ അവര്‍ മലയാളികളോ മക്കത്തായികളോ ആണ്. സാധിക്കുമെങ്കില്‍ ആണുങ്ങള്‍ ശുഭ്രവസ്ത്രധാരികളായിരിക്കും. എന്നാല്‍ മരുമക്കത്തായത്തിന്റെ ചില ചിഹ്നങ്ങളെ കൈവിടാന്‍ ഇക്കൂട്ടര്‍ക്ക് താല്‍പര്യമില്ല്. പുതിയാപ്പിള സമ്പ്രദായം ഉപേക്ഷിക്കുന്നവരോട് അവര്‍ക്ക് പരമപുച്ഛമാണ്. പരിഹാസം കൊണ്ടും കുറ്റപ്പെടുത്തല്‍ കൊണ്ടും ഒറ്റപ്പെടുത്തല്‍ കൊണ്ടും പുതിയാപ്പിള സമ്പ്രദായം വിട്ടുമാറുന്ന പ്രവണതയെ, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരത് ചെയ്യുമ്പോള്‍, പ്രതിരോധിക്കാനും പുതിയാപ്പിള സമ്പ്രദായത്തെ നിലനിര്‍ത്താന്‍ സാധിക്കുന്ന സാമൂഹികവും സാംസ്‌കാരികവുമായ ഘടകങ്ങളെ നിരീക്ഷിക്കാനാവും:
- മതപരമായ ചിട്ടകള്‍, നമസ്‌കാരം, നോമ്പ്, ഹജ്ജ് കര്‍മം, ഖുര്‍ആന്‍ പാരായണം തുടങ്ങിയവ പൊതുവെ കാര്യമായി പിന്തുടരുന്നവരാണ് മരുമക്കത്തായ മുസ്‌ലിംകള്‍. മതപരമായ അനുഷ്ഠാനങ്ങളോടുള്ള തീവ്രബന്ധം അവര്‍ മരുമകത്തായത്തോടും വെച്ചു പുലര്‍ത്തുന്നു. പുതിയാപ്പിള സമ്പ്രദായത്തെ വിശ്വാസപരമായ ഒരാദര്‍ശമാക്കാനാണവര്‍ ശ്രമിച്ചിട്ടുള്ളത്. മതസംഘടനകളില്‍ നിന്നുള്ള വിമര്‍ശനം കുറക്കാനും ഇതുകൊണ്ട് കഴിയുന്നു.
- പുതിയാപ്പിള സമ്പ്രദായത്തെ പാരമ്പര്യ മഹിമയോടെ ആദരിക്കാന്‍ മരുമക്കത്തായ മുസ്‌ലിംകള്‍ ശ്രമിക്കുന്നു. പുതിയാപ്പിള സമ്പ്രദായത്തെ ആഢ്യത്തത്തിന്റെ പരിശുദ്ധ ചിഹ്നമായും, അത് കൈയൊഴിയുന്നത് മ്ലേഛമായ കാര്യമായും അവര്‍ കാണുന്നു. നൂറ്റാണ്ടുകളുടെ മരുമക്കത്തായാചരണത്തെ കുടുംബഘടനയുമായി കൂട്ടിയിണക്കാനും സാമൂഹിക ബന്ധങ്ങളെ ദൃഢീകരിക്കാനും ഇക്കൂട്ടര്‍ക്ക് കഴിയുന്നു. വിവാഹാനന്തരം ഭാര്യഭര്‍തൃവീട്ടില്‍ സ്ഥിരമാക്കുന്നത് പലരും അപമാനമായി കണക്കാക്കുന്നു.
- തൊഴില്‍പരമായ മേഖലകളിലും സാമ്പത്തിക കാര്യങ്ങളിലും ഭാര്യ-ഭര്‍തൃ കുടുംബങ്ങള്‍ പരസ്പരം അകമഴിഞ്ഞ് സഹകരിക്കുന്നു. ഭാര്യവീട് ഭര്‍ത്താവിനെ ആദരിക്കുന്നപോലെ, ഭര്‍ത്താവ് ഭാര്യവീട്ടുകാരെ സ്വന്തമായി കാണുന്നു, സഹായിക്കുന്നു. ഭാര്യയുടെ കുടുംബം പുതിയാപ്പിളയ്ക്ക് തൊഴില്‍ നല്‍കാനോ സ്വന്തം കച്ചവടത്തിന്റെ ഭാഗമാക്കാനോ മുതിരാറുണ്ട്. ഭര്‍ത്താവിന് ഗള്‍ഫില്‍ ജോലികണ്ടെത്താനും ഭാര്യവീട്ടുകാര്‍ ശ്രമിക്കുന്നു. പുതിയാപ്പിള ഭാര്യസഹോദരന്മാരെയോ മറ്റുകുടുംബാംഗങ്ങളെയോ ഗള്‍ഫിലേക്ക് കൊണ്ടുപോകാനും ജോലികണ്ടെത്താനും ്ശ്രമിക്കുന്നതും സാധാരണമാണ്. രണ്ടുകുടുംബങ്ങള്‍ക്കിടയില്‍ സാമ്പത്തിക സഹായത്തിന്റെ ഉപാധികളില്ലാത്ത സൗഹൃദവും സഹകരണവും പുതിയാപ്പിള സമ്പ്രദായത്തെ നിലനിര്‍ത്താന്‍ മതിയായ കാരണമാണ്.
- പുതിയാ്പ്പിളമാര്‍ രാത്രിവൈകിയാണ് ഭാര്യവീട്ടിലെത്തുക. പലരും രാത്രി ഭക്ഷണം സ്വന്തം വീട്ടില്‍ നിന്നാണ് (പുര) കഴിക്കുക. അവര്‍ രാവിലെ പ്രാതല്‍ കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങുന്നു. പകല്‍നേരം സ്ത്രീകള്‍ക്ക് അവരുടെ രക്തബന്ധത്തിലുള്ളവരോട് കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കുന്നു. വിവാഹം, കാതുകുത്ത്, മാര്‍ക്കകല്യാണം, ജ്ന്മദിനാഘോഷം, മരണാനന്തര ചടങ്ങും മറ്റു സല്‍കാരങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം സ്ത്രീകളുടെ കൂട്ടായ്മ സുദൃഢമായി നിലകൊള്ളുന്നു. ഇത്തരം നേരങ്ങളില്‍ സ്ത്രീകളനുഭവിക്കുന്ന സ്വാതന്ത്ര്യവും ആഹ്ലാദവും പുതിയാപ്പിള സമ്പ്രദായത്തെ സ്ത്രീകളും കൈവെടിയാതിരിക്കാനുള്ള മതിയായ കാരണമാവുന്നുണ്ട്. ജോലിക്ക് പോകുന്ന സ്ത്രീകളും വിദ്യഭ്യാസം നേടിയിട്ടുള്ളവരും കുടുംബ സമ്പ്രദായത്തെ കുടുംബകാര്യങ്ങളോട് പൊരുത്തപ്പെടുമാറ് ക്രമീകരിക്കുന്നു.
- പുതിയാപ്പിള സമ്പ്രദായത്തില്‍ സ്ത്രീകള്‍ക്ക് സവിശേഷമായ ഒരിടമുണ്ട്. പ്രത്യേക ധര്‍മനിര്‍വ്വഹണമുണ്ട്. സല്‍കാരങ്ങളും ആഘോഷങ്ങളും അവര്‍ക്ക് എന്തെങ്കിലും പ്രവര്‍ത്തികള്‍ നല്‍കുന്നു. പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പില്‍ വരുത്തുന്നതിലും സഹവര്‍ത്തിത്വം കാത്തുസൂക്ഷിക്കുന്നു. ഭക്ഷണ കാര്യമൊരുക്കുന്നതില്‍ അസാധാരണമായ സഹകരണം അവര്‍ക്കിടയിലുണ്ട്. നിലനില്‍ക്കുന്ന കുടുംബ സമ്പ്രദായത്തെ കയ്യൊഴിയാതിരിക്കാന്‍ ഇതവര്‍ക്ക് മതിയായ കാരണമാണ്.
- കാരണവത്തിയുടെ പ്രതാപകാലം കഴിഞ്ഞു. പെണ്‍കോയ്മ തട്ടിനിരപ്പാക്കിയിട്ടുണ്ട്. എന്നാല്‍ മരുമക്കത്തായം സ്ത്രീകള്‍ക്ക് നല്‍കിയിരുന്ന ആദരം ഏറെക്കുറെ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഭര്‍തൃഗ്രഹവുമായുള്ള സംഘര്‍ഷം, അമ്മായിമ്മ-മരുമകള്‍ പോര്, ഭാര്യ-ഭര്‍തൃ പ്രശ്‌നങ്ങള്‍, വിവാഹമോചനം തുടങ്ങിയവ പുതിയാപ്പിള സമ്പ്രദായത്തില്‍ തുലോം കുറവാണ്. സ്വത്തവകാശ പ്രശ്‌നങ്ങളും പൊതുവെ മുസ്‌ലിം മരുമക്കത്തായ കുടുംബങ്ങളില്‍ തീവ്രമായ പ്രതിസന്ധികള്‍ ഉണ്ടാക്കാറില്ല.
- കുട്ടികള്‍ അമ്മയുടെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. മാതൃസഹോദരി മറ്റുള്ളവരുടെ കുട്ടികളേയും പരിഗണിക്കു്ന്നു. കുട്ടികളെ വളര്‍ത്തുന്നതില്‍ സഹോദരിമാര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്ക് സൗഹാര്‍ദ്ദപരമായ അന്തരീക്ഷമാണ് മാതൃകുടുംബം നല്‍കുന്നത്. കുട്ടികളുടെ സാമൂഹികരണം മരുമക്കത്തായ അന്തരീക്ഷത്തില്‍ എളുപ്പകരവും സൗഹാര്‍ദ്ദപരവുമാകുന്നു. സഹോദരിമാരുടെ മക്കള്‍ തമ്മില്‍ ആരോഗ്യകരമായ ബന്ധം പുതിയാപ്പിള സമ്പ്രദായത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
- മേല്‍വിഭാഗക്കാരായ കച്ചവടക്കാരുടെ തറവാടുകള്‍ പുതിയാപ്പിള സമ്പ്രദായത്തെ പിന്താങ്ങുന്ന വിധമാണ് നിര്‍മ്മിക്കുന്നത്. ഇരുനില വീടുകളില്‍ മുകളിലുള്ള മുറികള്‍ പുതിയാപ്പിളമാര്‍ക്കുള്ളതാണ്. അനിയത്തിയുടെയോ മകളുടെയോ കല്യാണം വരുമ്പോള്‍ മണിയറ സൗകര്യങ്ങള്‍ കൈമാറുന്നത് സാധാരണമാണ്. അതുവരെ താമസിച്ചവര്‍ മറ്റു മുറികളിലേക്ക് മാറുന്നു. അടുത്ത കാലത്തായി വീടുണ്ടാക്കി താമസം മാറ്റുമ്പോള്‍ പണിയുന്ന വീടുകളില്‍ കല്യാണം കഴിക്കാനുള്ള പെണ്‍കുട്ടികള്‍ക്കുള്ള മുറികള്‍പോലും പണിയാറുണ്ട്. മുറിയില്‍ ആവശ്യമായ ഫര്‍ണിച്ചറുകള്‍ വേണ്ടിവരുമ്പോള്‍ കുടുംബാംഗങ്ങള്‍ ഉപഹാരമായി നല്‍കുന്നു.
- മരുമക്കത്തായ സമ്പ്രദായത്തില്‍ കുട്ടികള്‍ പിതാവിന്റെ മാത്രം ഉത്തരവാദ്വിതമല്ല. പെണ്‍വീട്ടുകാരും കൂട്ടുത്തരവാദിത്വം കാണിക്കുന്നു. സാമ്പത്തിക ഭദ്രതയുള്ള ഒരേ തറവാട്ടിലെത്തുന്ന പുതിയാപ്പിളമാര്‍ പരസ്പരം സഹായിക്കാറുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പുതിയാപ്പിളമാര്‍ക്ക് സഹായം നല്‍കാന്‍ അനൗപചാരികമായ സംവിധാനങ്ങളുമുണ്ട്. ആണുങ്ങള്‍ പുതിയാപ്പിള സമ്പ്രദായത്തെ പിന്താങ്ങുന്നതിന് ഇത് കാരണമായിത്തീരുകയും ചെയ്തിട്ടുണ്ട്.
- മലബാര്‍ മാപ്പിള മുസ്‌ലിംകള്‍ക്കിടയിലെ ജാതി സമാന സമ്പ്രദായം പുതിയാപ്പിള സമ്പ്രദായത്തെ പരോക്ഷമായി പിന്താങ്ങുന്നു. മേല്‍ജാതിക്കാരായ കോയമാരും/കേയിമാരും മറ്റു കച്ചവടക്കാരും (ഒന്നാം നമ്പ് എന്ന പേരില്‍ ഇക്കൂട്ടര്‍ കോഴിക്കോട് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു) ബാര്‍ബര്‍മാരായ ‘ഒസ്സാന്‍മാര്‍’, മുക്കുവന്മാരായ ‘പൂസ്‌ലാന്‍മാരും’, പ്രവാചക ബന്ധം അവകാശപ്പെട്ട് രക്തശുദ്ധി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ‘തങ്ങള്‍മാരും’ മാപ്പിള മുസ്‌ലിംകള്‍ക്കിടയിലുണ്ട്. തങ്ങള്‍മാര്‍ പൊതുവെ മക്കത്തായം പിന്തുടരുന്നു. മരുമക്കത്തായ പ്രദേശത്ത് മേല്‍ജാതിക്കാരുടെ ആചാരാനുഷ്ഠാനങ്ങള്‍ കീഴ്ജാതിക്കാര്‍ അനുകരിക്കുകയും ജീവിത രീതിയിലെ അധമഭാവം കുറക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സ്വജാതീയ വിവാഹമാണ് നടക്കുന്നതെങ്കിലും ജാതി സമാന വിഭാഗങ്ങള്‍ പുതിയാപ്പിള സമ്പ്രദായത്തെ പരോക്ഷമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. മരുമക്കത്തായമോ പുതിയാപ്പിള സമ്പ്രദായമോ ദോഷരഹിതമായ ഒരു വ്യവസ്ഥയാണെന്ന് പറയാനാവില്ല. പുതിയാപ്പിളമാര്‍ക്കിടയിലെ സാമ്പത്തിക വ്യത്യാസം പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ഉള്ളവരും ഇല്ലാത്തവരുമായ പുതിയാപ്പിളമാരെ പലരും വേര്‍തിരിച്ച് കാണുന്നു. തറവാടുകള്‍ കുടുംബ വ്യവസ്ഥയില്‍ പ്രകടിപ്പിച്ച ബന്ധങ്ങളുടെ സുദൃഢത ഇന്നില്ല. ഗള്‍ഫ് സമ്പന്നത വിവേചനത്തിന്റെ വിത്തുകളും പാകിയിട്ടുണ്ട്. സംയോജിത കുടുംബങ്ങളില്‍ പുതിയാപ്പിള സമ്പ്രദായത്തെ കൈവെടിയുന്നവരെയും കാണാനാവും. സാമ്പത്തികാവസ്ഥയിലുള്ള വ്യത്യാസം കുട്ടികളോടുള്ള വിവേചനം കാണിക്കുന്നതായും നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. കുട്ടികളുടെ സാമൂഹീകരണത്തില്‍ പിതാവിന് പങ്ക് കുറയുന്നത് ചെറിയ കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. പുതിയാപ്പിള സമ്പ്രദായത്തിന്റെ ധൂര്‍ത്തും അമിതഭോജന താല്‍പര്യവും എല്ലാവര്‍ക്കും താങ്ങാനാവുന്നുമില്ല. ഇത്തരം പ്രശ്‌നങ്ങള്‍ പുതിയാപ്പിള സമ്പ്രദായത്തെ ചെറിയ തോതിലെങ്കിലും ചോദ്യം ചെയ്യപ്പെടാന്‍ കാരണമാക്കുന്നു. എന്നിരുന്നാലും മലബാറിലെ മരുമക്കത്തായ മുസ്‌ലിംകളും ദ്വീപുകാരും മരുമക്കത്തായത്തിന്റെ അടിത്തറകളിലൊന്നായ പുതിയാപ്പിള സമ്പ്രദായത്തെയും കുടുംബഘടനയെയും മുറുകെപ്പിടിക്കുന്നു. മുസ്‌ലിം സമുദായങ്ങള്‍ക്കിടയിലുള്ള സാമൂഹികവും സാംസ്‌കാരികവുമായ ബഹുസ്വരതയാണ് മരുമക്കത്തായമോ അതിന്റെ പുതുഭാവങ്ങളോ വെളിപ്പെടുത്തുന്നത്. ഏകസ്വഭാവ ഇസ്‌ലാം ആശയങ്ങള്‍ക്ക് ഈ ബഹുസ്വരതയെ അത്രയൊന്നും എളുപ്പത്തില്‍ ചോദ്യം ചെയ്യാനോ മാറ്റിമറിക്കാനോ സാധിക്കാനുമിടയില്ല.