Thelicham

ശരീഅത്തില്‍ മരുമക്കത്തായത്തിനും ഇടമുണ്ട്‌

ഡോ. മഹ്മൂദ് കൂരിയ നെതര്‍ലന്റസിലെ ലെയ്ഡണ്‍ യൂണിവേര്‍സിറ്റി കേന്ദ്രീകരിച്ചുള്ള ഇന്ത്യന്‍ ചരിത്രകാരനാണ്. ഇന്ത്യന്‍ മഹാസമുദ്ര പഠനങ്ങള്‍, ആഗോള നിയമ ചരിത്രം, ആഫ്രോ-ഏഷ്യന്‍ ബന്ധങ്ങള്‍, ഇസ്‌ലാമിന്റെ ധൈഷണിക ചരിത്രം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന അന്വേഷണ മേഖലകള്‍. ഇന്റര്‍നേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഏഷ്യന്‍ സ്റ്റഡിസ് (ഐ.ഐ.എ.എസ്), ആഫ്രിക്കന്‍ സ്റ്റഡീസ് സെന്റര്‍ (എ.എസ്.സി), റബാത്തിലെ ലെയ്ഡന്‍ ആന്റ് ദി ഡച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ മൊറോക്കോ (എന്‍.എം.ഏ.ആര്‍) എന്നിവിടങ്ങളില്‍ ഗവേഷകനായിട്ട് മുമ്പ് ഗവേഷകനായി സേവനം ചെയ്ത അദ്ദേഹം മൈക്കല്‍ പിയേര്‍സണുമായി ചേര്‍ന്ന് മലബാര്‍ ഇന്‍ ദി ഇന്ത്യന്‍ ഓഷ്യന്‍ വേള്‍ഡ്: കോസ്‌മോപൊളിറ്റനിസം ഇന്‍ മാരിട്ടൈം ഹിസ്റ്റോറിക്കല്‍ റീജിയണ്‍ (ഓക്‌സ്ഫര്‍ഡ് യൂണിവേര്‍സിറ്റി പ്രസ്സ്) ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട ഗ്രന്ഥമാണ്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേര്‍സിറ്റി, ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേര്‍സിറ്റി എന്നിവിടങ്ങില്‍ വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹം തെളിച്ചം മാസിക അസോസിയേറ്റ് എഡിറ്ററായി 2009ല്‍ സേവനം ചെയ്തിട്ടുണ്ട്.

സ്ത്രീകള്‍ക്ക് അധികാരമുള്ള സാമൂഹിക ഘടനയുമായി ബന്ധപ്പെട്ട് മാട്ട്രിയാര്‍ക്കി, മാട്ട്രിലീനി, മാട്ട്രിലോക്കാലിറ്റി, മാട്ട്രിലാറ്ററാലിറ്റി എന്നിങ്ങനെ പല പദങ്ങളും ഉപയോഗിക്കപ്പെടുന്നതായി കാണുന്നു. ഇവയെല്ലാം സവിശേഷമായ അര്‍ത്ഥതലങ്ങളുള്ളവയാണോ?

സത്രീകള്‍ക്ക് അധികാരമുള്ള സാമൂഹികഘടനകളെ സൂചിപ്പിക്കാന്‍ സോഷ്യല്‍ ആന്ത്രോപോളജിയുടെ വികാസകാലം മുതല്‍ക്ക് തന്നെ വ്യത്യസ്ത പദങ്ങള്‍ ഉപയോഗിക്കപ്പെട്ടതായി കാണാം. സ്വിസ് നരവംശശാസ്ത്രജ്ഞനായ ജോണ്‍ ജാക്കബ് ബഖോഫന്‍ മരുമക്കത്തായ സമൂഹങ്ങളെ കുറിച്ച് ആദ്യമായി പഠിച്ച വ്യക്തികളിലൊരാളാണ്. ചരിത്രാതീത സമൂഹങ്ങളിലെ മാതൃദായക ക്രമങ്ങളെ കുറിച്ചുള്ള തന്റെ പുസ്തകത്തിന് മാതാവിന്റെ അവകാശം (Mother Right) എന്നര്‍ത്ഥം വരുന്ന ജര്‍മ്മന്‍ പദമായ ദാസ് മുതര്‍റെഹ്ത്ത് (Das Mutterrecht) എന്നാണദ്ദേഹം നാമീകരണം ചെയ്യുന്നത്. സ്ത്രീകള്‍ക്ക് അധികാരമുള്ള ഭരണസംവിധാനം എന്നര്‍ത്ഥത്തിലുള്ള മാട്രിയാര്‍ക്കല്‍ ജെന്‍സ്, ജിനോക്രസി, ജിനാര്‍ക്കി, ജിനോസെന്ററിക്ക് സൊസൈറ്റി എന്നിങ്ങനെയുള്ള പദങ്ങളാണ് ജര്‍മ്മന്‍ തത്വചിന്തകനായ എംഗല്‍സ് അടക്കമുള്ളവര്‍ ഉപയോഗിക്കുന്നത്. ചരിത്രാതീത സമൂഹങ്ങളില്‍ സ്ത്രീകള്‍ക്ക് അധികാരമുള്ള സാമൂഹിക ഘടനയെ സൂചിപ്പിക്കാനുള്ള പദങ്ങളാണിവയെല്ലാം. നിലവിലെ മരുമക്കത്തായ സമൂഹങ്ങളെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദങ്ങളാണ് മാട്ട്രിലീനി, മാട്ട്രിയാര്‍ക്കി, മാട്ട്രിയാര്‍ക്കേറ്റ്, മാട്രികള്‍ച്ചര്‍, മാട്ട്രിസെന്ററിസം തുടങ്ങിയവ. ഇവയ്ക്കൊന്നും വ്യതിരക്തമായ അര്‍ത്ഥമണ്ഡലങ്ങളില്ലാത്തതിനാല്‍ ഓരോരുത്തരും നിര്‍വചിക്കുന്നതിനനുസരിച്ചായിരുക്കും അവ ഉപയോഗിക്കപ്പെടുക. ഉദാഹരണമായി, ഇന്ത്യൊനേഷ്യയിലെ മിനംകബാവുവിലെ മാതൃദായക കുടുംബത്തെ പരിചയപ്പെടുത്താന്‍ പ്രമുഖ സ്ത്രീപക്ഷ നരവംശശാസ്ത്രജ്ഞയായ പെഗ്ഗി റീവ്സ് സാന്റെയ് പ്രയോഗിക്കുന്നത് മാട്ട്രിയാര്‍ക്കി എന്നാണ്. മാട്ട്രിലീനി എന്നത് പിന്തുടര്‍ച്ചാവകാശവുമായും മാട്ട്രിലോക്കാലിറ്റി എന്നത് ആവാസ വ്യവസ്ഥയുമായും ബന്ധപ്പെട്ടാണ് പൊതുവെ ഉപയോഗിക്കപ്പെടാറ്. മാട്ട്രിയാര്‍ക്കേറ്റ് എന്ന് പ്രയോഗിക്കുമ്പോള്‍ അതവരുടെ രാഷ്ട്രീയവും സാമൂഹികവുമായ അധികാര വ്യവസ്ഥയുമായി ബന്ധപ്പെട്ടവയായിരിക്കും. ഇവയെയെല്ലാം ഒരുമിച്ചു കൂട്ടാവുന്ന ഒരു പദം എന്ന നിലക്കാണ് ഞാന്‍ മാട്ട്രിയാര്‍ക്കി എന്നുപയോഗിക്കുന്നത്. സാന്റെയ് അഭിപ്രായപ്പെടുന്നത് പോലെ മാട്ട്രിയാര്‍ക്കി എന്നത് പാട്ട്രിയാര്‍ക്കിയുടെ നേര്‍വിപരീതമായി കാണാന്‍ ഞാനും താല്‍പര്യപ്പെടുന്നില്ല.

ഇന്ത്യന്‍ ഓഷ്യന്‍ ഇസ്ലാമില്‍ മരുമക്കത്തായത്തിന്റെ സ്ഥാനമെന്താണ്?

രാജാക്കന്മാരെയും രാജ്യങ്ങളെയും കേന്ദ്രീകരിച്ചെഴുതപ്പെട്ടിരുന്ന രാഷ്ട്രീയ ചരിത്രങ്ങളെ മാറ്റി നിര്‍ത്തി, മല, കടല്‍ തുടങ്ങി ദീര്‍ഘമായ ചരിത്രവും ആയുസ്സുമുള്ള ഭൗമിക പ്രതിഭാസങ്ങളെ മുന്‍നിര്‍ത്തി ചരിത്രാന്വേഷണം നടത്തണം എന്നവകാശപ്പെട്ട പ്രമുഖ ഫ്രഞ്ച് ചരിത്രകാരനാണ് ഫെര്‍ഡിനാണ്ട് ബ്രൊതേല്‍. അദ്ദേഹത്തില്‍ നിന്ന് സ്വാധീനമുള്‍കൊണ്ടാണ് കെ.എന്‍ ചൗധുരി 1985 ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തെ മുന്‍നിര്‍ത്തി സമാനമായ ചരിത്രരചനയാരംഭിക്കുന്നത്. ഇസ്ലാമിന്റെ ആവിര്‍ഭാവം മുതല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരേക്കുള്ള കാലയളവില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുടനീളമുള്ള വാണിജ്യപരവും സാംസ്‌കാരികവുമായിട്ടുള്ള കൈമാറ്റങ്ങളെ അദ്ദേഹം ആഴത്തില്‍ വിശകലനം ചെയ്തിട്ടുണ്ട് (The trade and civilization in Indian Ocean from the Rise of Islam to 1750). അതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ഓഷ്യന്‍ സ്റ്റഡീസ് സ്വതന്ത്രമായ ഒരുപഠനമേഖലയായി രൂപം കൊള്ളുന്നതും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറെ വികാസം പ്രാപിക്കുന്നതും. എന്നിരിക്കിലും, ദക്ഷിണപൂര്‍വ്വേഷ്യയിലെ കുടുംബവ്യവസ്ഥകളെ കുറിച്ചുള്ള ഓസ്്രേടലിയന്‍ ചരിത്രകാരിയായ ബാര്‍ബറാ വാട്ട്സണ്‍ അന്‍ഡായയുടെ അന്വേഷണങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഇന്ത്യന്‍ മഹാസമുദ്രങ്ങളിലെ കുടുംബ വ്യവസ്ഥയെ കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നതായി കാണുന്നില്ല.

ഇന്ത്യന്‍ മഹാസമുദ്രം മുഖേന സജീവമായി നടന്നിരുന്ന ചരക്കു കൈമാറ്റവും വാണിജ്യവിനിമയവും തീരദേശങ്ങളില്‍ വ്യത്യസ്തമായ കുടുംബ വ്യവസ്ഥകളെ രൂപപ്പെടുത്തിയിട്ടുണ്ട്. കച്ചവടക്കാരായും മതപ്രബോധകരായും സഞ്ചാരികളായും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കിടയില്‍ തദ്ദേശിയരായ സ്ത്രീകളെ വിവാഹം കഴിക്കുന്ന ഒരു പതിവ് പ്രത്യേകിച്ചും മുസ്ലിംകള്‍ക്കിടയിലുണ്ടായിരുന്നു. കേരളത്തില്‍ നായന്മാര്‍, അമ്പലവാസികള്‍ തുടങ്ങി ഇരുപതില്‍ പരം മരുമക്കത്തായ സമൂഹങ്ങളുണ്ടായിരുന്നെങ്കിലും 1975 ല്‍ ദി ജോയിന്റ് ഫാമിലി സിസ്റ്റം അബോലിഷന്‍ ആക്റ്റ് പാസാക്കി കേരള ഗവണ്‍മെന്റ് നിരോധിച്ചതിന് ശേഷം സജീവമായി ഇന്നും മുസ്ലികള്‍ക്കിടയിലത് നിലനിന്നുവരുന്നുണ്ട്. ഇപ്രകാരം തന്നെ ഇന്ത്യനേഷ്യ, മലേഷ്യ, ശ്രീലങ്ക, മൊസാബിംക്, കൊമോറോസ്, ടാന്‍സാനിയ തുടങ്ങി ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളിലുടനീളം ഒട്ടനേകം മുസ്ലിം മരുമക്കത്തായ സമുദായങ്ങളുണ്ട്. ഇവരെല്ലാവരും തന്നെ മരുമക്കത്തായത്തെ ഇസ്ലാമിക നിയമവ്യവസ്ഥക്കകത്ത് നിന്ന് നോക്കിക്കാണുന്നവരാണ്. അവയുടെ വളര്‍ച്ചയിലും വികാസത്തിലും ഇന്ത്യന്‍മഹാസമുദ്രം വഴിയുള്ള വിനിമയങ്ങള്‍ വഹിച്ച പങ്ക് എന്തായിരുന്നുവെന്ന് മനസ്സിലാക്കാനാണ് എന്റെ അന്വേഷണം.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ കച്ചവട വിനിമയങ്ങളുടെ ഭാഗമാവാന്‍ സാധ്യതയില്ലാത്ത പല അറബ് ഗോത്രങ്ങള്‍ക്കിടയിലും മരുമക്കത്തായ കുടുംബ വ്യവസ്ഥ നിലനിന്നിരുന്നതിന്റെ സൂചനകള്‍ കാണുന്നുണ്ടല്ലൊ?

കച്ചവട വിനിമയം എന്നതിലുപരിയായ മൊബിലിറ്റിയാണ് മരുമക്കത്തായ കുടുംബ വ്യവസ്ഥകളെ രൂപപ്പെടുത്തുന്നതെന്നാണ് എന്റെ അഭിപ്രായം. കുറഞ്ഞ തോതില്‍ നൊമാഡിസം ഉള്ള സമൂഹങ്ങളിലെല്ലാം ഒരുപക്ഷേ മരുമക്കത്തായം നിലനിന്നിരിക്കാം. അത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഏറെ പ്രകടമാണ്. മണ്‍സൂണ്‍ കാലവസ്ഥ കാരണമായി ഇന്ത്യന്‍ മഹാസമുദ്രം സഞ്ചാരങ്ങളില്‍ തനതായ ഒരു പാറ്റേണ്‍ രൂപപ്പെടുത്തിയിരുന്നു. ഇസ്ലാമിന്റെ ആവിര്‍ഭാവ കാലത്തും മുമ്പുമായി അറേബ്യയിലുണ്ടായിരുന്ന കുടുംബവ്യവസ്ഥയില്‍ മരുമക്കത്തായത്തിന് കാര്യമായ പങ്കുണ്ടായിരുന്നുവെന്ന് വില്ല്യം റോബേര്‍ട്ട്സണ്‍ സ്മിത്ത് തന്റെ Kinship and Marriage in Early Arabia (1885) യില്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ വാദം ഇരുപതാം നൂറ്റാണ്ടിന്‍രെ പകുതിയോടെ പലരും ചോദ്യം ചെയ്‌തെങ്കിലും 1990കളോടെ സമാനവാദങ്ങള്‍ സ്ത്രീപക്ഷപണ്ഡിതരായ ലൈല അഹ്മദിനെപ്പോലുള്ളവര്‍ ഉയര്‍ത്തിയതായി കാണാം. അതിനാല്‍ കച്ചവടം മാത്രമല്ല, നിരന്തരമായ മൊബിലിറ്റി മരുമക്കത്തായത്തിന്റെ നിലനില്‍പില്‍ പങ്കുവഹിച്ചിരിക്കണം.

ഇസ്ലാമിനെ സംബന്ധിച്ച അന്വേഷണങ്ങള്‍ എപ്പോഴും മധ്യപൗരസ്ത്യ ദേശങ്ങളിലേക്ക് മാത്രമായി ചുരുക്കപ്പെടുന്ന ഒരു പ്രവണത ഇന്ന് നിലവിലുണ്ട്. മരുമക്കത്തായത്തെ ഇസ്ലാമിന് പുറത്ത് നിര്‍ത്തുന്ന സമീപനം ഇത്തരമൊരു പ്രവണതിയില്‍ നിന്ന് രൂപപ്പെട്ടതാണോ?

വ്യത്യസ്ത ദേശങ്ങളിലെ സാമ്പ്രദായിക സാമൂഹിക വ്യവസ്ഥകളെ ഇസ്ലാമിന് പുറത്ത് നിര്‍ത്തുന്ന രീതിയിലാണ് ഇതുവരെയുള്ള പഠനങ്ങളുണ്ടായിട്ടുള്ളത്. പ്രത്യേകിച്ച്, ലോകത്തിന്റെ മറ്റേത് ഭാഗങ്ങളെക്കാളും കൂടുതല്‍ ഇന്ന് മുസ്ലിംകള്‍ താമസിക്കുന്നത് ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളടങ്ങുന്ന ദക്ഷിണേഷ്യയിലാണ്. ജനസംഖ്യപരമായി അറേബ്യന്‍ നാടുകളിലേതിനേക്കാള്‍ എത്രയോ മേലെയാണ് ഈ മൂന്ന് രാജ്യങ്ങളിലെയും മുസ്ലിംകളുടെ എണ്ണം. പക്ഷെ, ഇസ്ലാമിനെ സംബന്ധിച്ച അന്വേഷണങ്ങള്‍ രൂപപ്പെടുമ്പോള്‍ ഈ നാടുകളിലെ മുസ്ലിം ജീവിതങ്ങളെയും, ഇസ്ലാമുമായുള്ള അവരുടെ ധൈഷണികവും പ്രത്യയശാസ്ത്രപരവുമായിട്ടുള്ള ഇടപെടലുകളെയും ആരും മുഖവിലക്കെടുക്കാറില്ല. അതെപ്പോഴും മധ്യപൗരസ്ത്യ ദേശങ്ങളിലെ ഏതാനും ചില പണ്ഡിതരെയോ, അവരുടെ രചനകളെയോ മറ്റു ഇടപെടലുകളെയോ മുന്‍നിര്‍ത്തിയാണുണ്ടാവാറ്. ലോകത്തിലെ വ്യത്യസ്ത യൂണിവേഴ്സിറ്റികളില്‍ ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റുകളുടെ നല്ലൊരു ശതമാനവും മിഡ്ല്‍ ഈസ്റ്റ് സ്റ്റഡീസിന് വേണ്ടി മാറ്റി വെക്കുന്നത് ഇതിന്റെ പ്രകടമായ ഉദാഹരമാണ്. ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള നാടാണ് ഇന്തോനേഷ്യ എന്നുണ്ടെങ്കിലും അവിടങ്ങളിലെ മുസ്ലിം ജീവിതങ്ങള്‍ ഇസ്ലാമിക് സ്റ്റഡീസിന്റെ ഭാഗമായി വരാറുള്ളത് വളരെ അപൂര്‍വ്വമാണ്. അവിടങ്ങളിലെ ഇസ്ലാമിനെ കുറിച്ചോ മുസ്ലിംകളെ കുറിച്ചോ ഉള്ള നരവംശശാസ്ത്രപരമായ അന്വേഷണങ്ങളിലാണ് അവ പലപ്പോഴുമുണ്ടാവാറ്.

മഹ്മൂദ് കൂരിയ

ഇത്തരത്തില്‍ അവഗണിക്കപ്പെട്ട പശ്ചിമേഷ്യക്ക് പുറത്തുള്ള മുസ്ലിം ജീവിതങ്ങളുടെ വിഗതികളും അവരുടെ ചരിത്രപരമായ ഇസ്ലാമിക ധാരണകളും ധൈഷണിക സംഭാവനകളും മനസ്സിലാക്കുകയും ഉള്‍കൊള്ളുകയും ചെയ്യുന്ന അന്വേഷണങ്ങള്‍ സജീവമാവേണ്ടതുണ്ട

അതിന്റെ ഭാഗമായി അവരെങ്ങനെയാണ് കുടുംബ വ്യവസ്ഥയെ മനസ്സിലാക്കിയത് എന്നാണ് ഞാന്‍ അന്വേഷിക്കുന്നത്. ഉദാഹരണമായി, ശാഫിഈ മദ്ഹബിന്റെ സ്ഥാപകനായ ഇമാം ശാഫി (റ) വഫാത്താവുന്നത് 820 CE യിലാണ്. ശേഷം വന്ന ഹമ്പലി മദ്ഹബിന്റെ സ്ഥാപനായിരുന്ന ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍ വഫാത്താവുന്നത് ക്രിസ്തുവര്‍ഷം 855 ലും. അതിന് മുമ്പ് ഇന്ത്യയിലും ചൈനയിലും യാത്ര ചെയ്ത വ്യക്തികളുടെ വിവരണങ്ങള്‍ ക്രോഡീകരിച്ചിട്ടുള്ള പല ഗ്രന്ഥങ്ങള്‍ നമുക്കിന്ന് ലഭ്യമായിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ഗ്രന്ഥമായ അഖ്ബാറുസ്സീനി വല്‍ ഹിന്ദില്‍ സുലൈമാന്‍ താജിര്‍ എന്ന കച്ചവടക്കാരന്‍ സൂചിപ്പിക്കുന്നത് പ്രകാരം ചൈനയിലെ ഗോങ്ഷൗ തുറമുഖത്തില്‍ ഇസ്ലാമിക നിയമവ്യവസ്ഥക്കനുസൃതമായി ഒരു ഖാളിക്ക് കീഴില്‍ മുസ്ലിംകള്‍ വളരെ വ്യവസ്ഥാപിതമായി ജീവിക്കുന്നുണ്ടന്നെതാണ്. അഥവാ, മദ്ഹബുകള്‍ രൂപപ്പെടുന്നതിന് മുമ്പ് തന്നെ ചൈന വരേക്കുള്ള അധിക ദേശങ്ങളിലും മുസ്ലിംകള്‍ എത്തുകയും താമസിക്കുകയും സ്വന്തമായ രീതിയില്‍ നിയമങ്ങള്‍ രൂപപ്പെടുത്തുകയുമൊക്കെ ചെയ്തിട്ടുണ്ടാവണം. പക്ഷെ അവയെ മനസ്സിലാക്കാനുള്ള ഉദ്യമങ്ങള്‍ ഇസ്ലാമിക നിയമചരിത്രാന്വേഷണങ്ങളില്‍ ഉണ്ടായിട്ടില്ല.


മധ്യകാല മുസ്ലിം പണ്ഡിതനായ ഇബ്നു ഖല്‍ദൂനടക്കമുളളവര്‍ ഇസ്ലാമിക നിയമവ്യവസ്ഥയുടെ ചരിത്രത്തെ (താരീഖുത്തശ്രീഇല്‍ ഇസ്ലാമി) മധ്യപൗരസ്ത്യ ദേശത്തേക്ക് ചുരുക്കിയവതരിപ്പിച്ചതിനാല്‍ തന്നെ മറ്റുള്ള ദേശങ്ങളെല്ലാം ജനകീയ ആഖ്യാനത്തില്‍ നിന്ന് അവഗണിക്കപ്പെട്ടിരിക്കുന്നു. ഇബ്‌നു ഖല്‍ദൂന് ശേഷം അത്തരം താരീഖുകള്‍ എഴുതിയവരെല്ലാം ആ പാത പിന്തുടരുകയായിരുന്നു. ഇത്തരത്തില്‍ പുറത്ത് പോയ ഇതരെ ദേശങ്ങളിലെ പൗരാണിക കാലത്തെ നിയമ-സംസ്‌കാര സമ്പ്രദായങ്ങളെ മനസ്സിലാക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്ന നിലക്കാണ് ഞാന്‍ കുടുംബവ്യവസ്ഥകളെ സമീപിക്കുന്നത്. അഥവാ, മധ്യപൗരസ്ത്യ ദേശങ്ങള്‍ക്കപ്പുറത്തുള്ള സമൂഹങ്ങളുടെ ഇസ്ലാമിക നിയമവ്യവസ്ഥകളുമായുള്ള ഇടപെടലുകളെ മനസ്സിലാക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമാണ് എന്റെ ഗവേഷണങ്ങള്‍ എന്നര്‍ത്ഥം.

അനന്തരവകാശ നിയമങ്ങള്‍ ഇസ്‌ലാമില്‍ വളരെ സ്പഷ്ഠമായി പിതൃദായകമാണല്ലോ. ഈ സമൂഹങ്ങള്‍ എങ്ങനെയാണ് ഇസ്ലാമിനകത്ത് നിന്ന് കൊണ്ട് അനന്തരാവാകാശവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ രൂപപ്പെടുത്തിയത്.

അതുമായി ബന്ധപ്പെട്ട ഒരുപാട് ചര്‍ച്ചകള്‍ ഇസ്ലാമിക ലോകത്ത് നടന്നതായി കാണാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ മരുമക്കത്തായത്തെ ഇസ്ലാമിന് പുറത്ത് നിര്‍ത്തിയിട്ടുള്ള സമീപനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ കാലയളവില്‍ ഇവ്വിഷയവുമായി ബന്ധപ്പെട്ട് നടന്ന സംവാദങ്ങള്‍ വ്യക്തമായ യുദ്ധങ്ങളിലേക്ക് വരെ എത്തിയിട്ടുണ്ട്. അവിടെയുണ്ടായിരുന്ന പല ആചാരങ്ങളെയും പാതിരിമാര്‍ (പശ്ചിമസുമാത്രയില്‍ മുസ്ലിം മതപണ്ഡിതര്‍ ഒരുകാലത്ത് പാതിരിമാര്‍ എന്നറിയപ്പെട്ടിരുന്നു) എതിര്‍ക്കുകയും അത് പിന്നീട് വലിയ സംവാദങ്ങളിലേക്കെത്തിച്ചര്‍ന്നതായിട്ടും കാണാം. മക്കയില്‍ അധ്യാപകനായിരുന്ന അഹ്മദ് ഖത്വീബ് അല്‍ മിനംകബാവി, ഇസ്ലാമിക കര്‍മശാസ്ത്രഗ്രന്ഥമായ ഇആനത്തുത്വാലിബീന്റെ രചയിതാവ് സയ്യിദ് ബക്രി അബൂബക്കര്‍ ശത്താ, ആഫ്രിക്കന്‍ ഉലമാ യൂണിയന്റെ (ഇത്തിഹാദ് ഉലമാ ഇഫ്‌റീഖിയ) മുന്‍നേതാവായിരുന്ന കൊമോറോസിലെ സഈദ് ബുര്‍ഹാനി തുടങ്ങിയ പണ്ഡിതര്‍ മരുമക്കത്തായവുമായി ബന്ധപ്പെട്ട് എഴുതിയിട്ടുണ്ട്. എന്റെ ഗവേഷണം പത്തൊമ്പതാം നൂറ്റാണ്ടിന് മുമ്പുള്ള രചനകളെയും വാദങ്ങളെയും പണ്ഡിത ഇടപെടലുകളെയും കേന്ദ്രീകരിച്ചുള്ളവയാണ്. വളരെ ചുരുക്കം ചില പരാമര്‍ശങ്ങളെ ഇതുമായി ബന്ധപ്പെട്ട് ഇക്കാലയളവില്‍ കാണാനായിട്ടുള്ളു. അതിലൊന്ന് വടക്കന്‍ മലബാറിലെ മരുമക്കത്തായവുമായി ബന്ധപ്പെട്ട് തുഹ്ഫത്തുല്‍ മുജാഹിദീനിലെ സൈനൂദ്ധീന്‍ മഖ്ദൂമിന്റെ പരാമര്‍ശങ്ങളാണ്. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളുണ്ടെന്ന് കരുതുന്ന മലായ്, സ്വാഹിലി, മക്കുവാ ഭാഷകളിലുള്ള ഗ്രന്ഥങ്ങള്‍ വായിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.

മരുമക്കത്തായ വ്യവസ്ഥയെ കുറിച്ച് ഇസ്ലാമിലെ ക്ലാസിക്കല്‍ ടെക്സ്റ്റുകളില്‍ പരാമര്‍ശങ്ങള്‍ കാണാമോ? പ്രത്യേകിച്ച് ഈ സമൂഹങ്ങളിലൊക്കെ സജീവമായ പണ്ഡിത സാന്നിധ്യമുണ്ടെന്ന് സൂചിപ്പിച്ചല്ലോ.

മധ്യപൗരസ്ത്യദേശങ്ങളില്‍ രചിക്കപ്പെട്ട പൊതുവെ ഉപയോഗിക്കപ്പെടുന്ന കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ ഇതിനെ ചര്‍ച്ചക്കെടുത്തതായി കണ്ടിട്ടില്ല. എന്നാലും ചുരുങ്ങിയ പരാമര്‍ശങ്ങള്‍ കണ്ടെത്താവുന്നതാണ്. ഇമാം ഗസാലിയുടെ രചകനകളില്‍ ഉമ്മമാര്‍ വഴിയുള്ള അനന്തരാവകാശ രീതി അജമികള്‍(അറബികള്‍ അല്ലാത്തവര്‍)ക്കിടയില്‍ നിലനില്‍ക്കുന്നുവെന്ന് സൂചിപ്പിക്കുന്നതായി ആഫ്രിക്കയിലെ കൊമറോസിലെ ഒരു പ്രഖുഖ പണ്ഡിതന്‍ ഒരിക്കല്‍ സംഭാഷണമധ്യേ പറഞ്ഞിരുന്നു. കൃത്യമായ അത്തരമൊരു പരാമര്‍ശം ഗസാലിയുടെ രചനകളില്‍ ഞാനിതുവരെ കണ്ടിട്ടില്ലെങ്കിലും മരുമക്കത്തായവ്യവസ്ഥയുമായി താരതമ്യപ്പെടുത്താവുന്ന ചില പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ ഇഹ്‌യാ ഉലൂമിദ്ദീനില്‍, വിശിഷ്യാ വൈവാഹികരീതികള്‍ ചര്‍ച്ച ചെയ്യുന്ന റുബുഉല്‍ ആദാത്ത് (ആചാരങ്ങള്‍) ഭാഗങ്ങളില്‍ കാണാം.

ഇസ്ലാമിലെ അനന്തരാവകാശ രീതി പിതൃദായകമാണല്ലോ. മരുമക്കത്തായ സമൂഹങ്ങളിലെ അനന്തരവകാശ സമ്പ്രദായമെന്തായിരുന്നു? അവര്‍ അതിനെ സാധൂകരിച്ചതെങ്ങനെയാണ്?

ഇസ്ലാമിലെ അനന്തരാവകാശ രീതിയിലെ വളരെ പ്രധാനപ്പെട്ടൊരു തത്വം വ്യക്തിയുടെ അനന്തരമായി കൈമാറുന്ന സ്വത്തില്‍ മില്‍ക് അഥവാ ഉടമസ്ഥാവകാശം ഉണ്ടാകണമെന്നതാണ്. മരുമക്കത്തായ വ്യവസ്ഥ പുലര്‍ത്തുന്ന പല മുസ്ലിം സമൂഹങ്ങളിലും സ്വത്തിനെ വ്യക്തിയുടെ സ്വത്തായല്ല കണക്കാക്കപ്പെടുന്നത്, മറിച്ച് പൊതുസ്വത്ത് എന്ന രീതിയിലാണ്. അത് പെണ്‍മക്കളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന പൊതുസ്വത്തായി മനസ്സിലാക്കപ്പെടുന്നത് കൊണ്ട് തന്നെ വില്‍ക്കാനോ വാങ്ങാനോ അവകാശമില്ല. ഈ സ്വത്തിന് താനാഹ് ആദാത്ത് എന്ന ചില പ്രത്യേക സംജ്ഞകള്‍ തന്നെ പലയിടങ്ങളിലും കാണാന്‍ കഴിയും. സ്വകാര്യ ഉടമസ്ഥാവകാശമില്ലാത്ത സ്വത്ത് വ്യക്തിയുടെ അനന്തര സ്വത്തായി പരിഗണിക്കില്ലെന്നതാണ് ഇസ്ലാമിക നിയമം. അതുകൊണ്ട് തന്നെ പിതൃദായകമായ അനന്തരവകാശ നിയമങ്ങളൊന്നും തന്നെ അതില്‍ ബാധകമാകുന്നില്ല.


ചിലയിടങ്ങളില്‍ മരിക്കുന്ന വ്യക്തി തന്റെ പെണ്‍മക്കള്‍ക്ക് മാത്രം വസ്വിയ്യത്ത് ചെയ്തു വെച്ച സ്വത്തായാണ് ഇതിനെ കാണുന്നത്. വസ്വിയ്യത്ത് കര്‍മശാസ്ത്രത്തില്‍ സാധുതയുള്ള രീതിയാണ്. വേറെ ചില പ്രദേശങ്ങളില്‍ പെണ്‍മക്കള്‍ക്ക് മാത്രമായി വഖഫ് ചെയ്യപ്പെട്ട സ്വത്തായി അതിനെ ഗണിക്കുന്നു. വഖ്ഫ് അലല്‍ ഔലാദ് എന്ന പ്രത്യേക സംജ്ഞ തന്നെ ശാഫിഈ മദ്ബഹില്‍ കാണാന്‍ സാധിക്കും. ആഫ്രിക്കന്‍ തീരങ്ങളില്‍ ഹിബത് എന്ന സംജ്ഞ ഉപയോഗിച്ചാണ് ഇതിനെ സാധൂകരിക്കുന്നത്.

മറ്റൊരു രീതി സ്വത്തുവകകളെ രണ്ടാക്കി തിരിക്കുകുയം അതിലൊന്ന് അനന്തരസ്വത്തായും രണ്ടാമത്തേത് സ്ത്രീകള്‍ക്കു മാത്രമായുള്ള സ്വത്തായും നീക്കി വെക്കുക എന്നതാണ്. ലക്ഷദ്വീപില്‍ വെള്ളിയാഴ്ച സ്വത്തെന്നും തിങ്കളാഴ്ച സ്വത്തെന്നും രണ്ടായി തരംതിരിക്കുന്നത് കാണാം. പുരുഷന്‍ സ്വയം അധ്വാനിച്ച് കണ്ടെത്തിയ സമ്പത്ത് പിതൃദായ അനന്തരസ്വത്തായി മാറുകയും പാരമ്പര്യമായി കൈമാറി വരുന്ന സ്വത്ത് മരുമക്കത്തായ വ്യവസ്ഥക്കനുസരിച്ച് കൈമാറി പോരുകുയും ചെയ്യലാണ് രീതി. ഇങ്ങനെ പല രീതികളിലാണ് മരുമക്കത്തായ മുസ്ലിം വ്യവസ്ഥകളില്‍ അനന്തരവകാശ സമ്പ്രദായം ഇസ്ലാമിക കര്‍മശാസ്ത്രവിധികള്‍ക്കകത്ത് വ്യാഖ്യാനിക്കപ്പെടുന്നത്.

ഇവിടെ മാതൃദായക സമ്പ്രദായങ്ങള്‍ പുലര്‍ത്തുന്ന മുസ്ലിം സമൂഹങ്ങള്‍ അവരുടെ ജീവിത വ്യവസ്ഥയെ ശരീഅത്തിനുള്ളില്‍ തന്നെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതാണല്ലോ കാണുന്നത്. അത് ശരീഅയുടെ തന്നെ സവിശേഷതയായാണോ അതല്ല പെണ്‍പക്ഷമുള്ള സമാന്തര ശരീഅത്തെന്ന നിലക്കാണോ കാണേണ്ടത്?

ശരീഅതിനെ പുരുഷകേന്ദ്രീകൃതമെന്നും സ്ത്രീകേന്ദ്രീകൃതമെന്നും വിളിക്കുന്നത് സാംഗത്യമുള്ളതാണെന്ന് തോന്നുന്നില്ല. ശരീഅ അതിനുമപ്പുറം നില്‍ക്കുന്ന ഒന്നാണ്. അത് ദൈവിക അനുശാസനകളുടെ വ്യത്യസ്ഥങ്ങളും വൈവിധ്യവുമാര്‍ന്ന അനേകം വ്യാഖ്യാനങ്ങളാണ്. ഫിഖ്ഹിലും തസവ്വുഫിലുമെല്ലാം ദൃശ്യമാകുന്നതും അത് തന്നെ. അവയെല്ലാം ശരീഅയുടെ ഉള്ളില്‍ തന്നെയുള്ള അനേക വ്യാഖ്യാനങ്ങളുടെ സാധ്യതകളാണ്. ശരീഅയുടെ അഞ്ച് അടിസ്ഥാന തത്വങ്ങള്‍ അഥവാ മഖാസിദു ശരീഅയെ മാതൃദായക സമൂഹങ്ങളുടെ സാഹചര്യത്തില്‍ വായിച്ചു നോക്കാവുന്നതാണ്. വിശ്വാസം, ശരീരം, ബുദ്ധി, കുടുംബം, സമ്പത്ത് എന്നീ അഞ്ചു കാര്യങ്ങളുടെ സംരക്ഷണമാണ് ശരീഅയുടെ അടിസ്ഥാന ഉദ്ദേശ്യങ്ങളിലൊന്ന്. പുരുഷകേന്ദ്രീകൃത വ്യവസ്ഥകളിലെന്ന പോലെ മാതൃദായക പാരമ്പര്യങ്ങളിലും ഈ അഞ്ചു അടിസ്ഥാന ലക്ഷ്യങ്ങളും നിര്‍വ്വഹിക്കപ്പെടുന്നതായി കാണാം. ഏറ്റവും മികച്ച മത-സാമൂഹ്യസംസ്‌കാരവും ഈ സമൂഹങ്ങളിലുണ്ട്. കുടുംബം, വംശപരമ്പര എന്നിവയുടെ പരിരക്ഷയിലും മാതൃദായക പാരമ്പര്യങ്ങള്‍ മുന്നിട്ടു നില്‍ക്കുന്നത് കാണാം.

മാതൃദായക രീതികള്‍ പിന്തുടരുന്ന സമൂഹങ്ങളധികവും ശാഫിഈ മദ്ഹബ് പിന്തുടരുന്നവരായി കാണുന്നുണ്ടല്ലൊ. എന്ത് കൊണ്ടായിരിക്കാമത്?

ശാഫഈ മദ്ഹബിന്റെ വികാസത്തിലും സഞ്ചാരത്തിലും ഇന്ത്യന്‍ മഹാസമുദ്രം ഏറെ പ്രാധാന്യമുള്ള ഘടകമാണ്. അത് കൊണ്ട് തന്നെ ഈ മാതൃദായക സമൂഹങ്ങളില്‍ മാത്രമല്ല, പൊതുവെ ഈ ദേശങ്ങളുടെയെല്ലാം സവിശേഷതയാണ് ശാഫിഈ മദ്ഹബ്. മറ്റു മദ്ഹബുകളെക്കാള്‍ ഈ വിഷയത്തില്‍ കൂടുതല്‍ സൗകര്യവും സാധ്യതയുമുണ്ട് ശാഫീ മദ്ഹബിനകത്തെന്നതായിരിക്കാം മറ്റൊരു കാരണം. നേരത്തെ പരാമര്‍ശിച്ച പോലെ വഖ്ഫ് അലല്‍ ഔലാദ് ശാഫഈ മദ്ഹബിലുള്ള ഒരു സംജ്ഞയാണ്. ഇങ്ങനെയുളള പല ഘടകങ്ങള്‍ ഈ സമ്പ്രദയാത്തിന് ഊര്‍ജം പകര്‍ന്നിട്ടുണ്ടാകാം. ഇത് ശാഫിഈ മദ്ഹബിനെയും മരുമക്കാത്തയത്തെയും ഒരെ സമയം കൊണ്ട് പോകുന്നതില്‍ വലിയ അളവില്‍ സ്വാധീനിച്ചിരിക്കാം. എങ്കിലും ശാഫീ മദ്ഹബ് പ്രചാരത്തിലുണ്ടാവാന്‍ കാരണം മരുമക്കത്തായമാണെന്നോ മരുമക്കത്തായം ഉയര്‍ന്ന് വരാന്‍ കാരണം ശാഫീ മദ്ഹബാണെന്നോ പറയാന്‍ കഴിയില്ല.


ഇതേ പോലെയുള്ള മറ്റൊരു സാമ്യതയാണ് കമ്മ്യൂണിസം. 1960കള്‍ വരെ ഈ സമൂഹങ്ങളിലെല്ലാം കമ്മ്യൂണിസം വളരെ സജീവമായിരുന്നു. 1960കളില്‍ ഇന്തോനേഷ്യയില്‍ കമ്മ്യൂണിസത്തെ തുടച്ച് നീക്കുന്നത് വരെ അതിന് ഏറ്റവുമേറെ സ്വാധീനമുണ്ടായിരുന്ന പ്രദേശമായിരുന്നു മിനംകബാവു. മൊസാംബിക്കില്‍ ഫെര്‍ലിമോ എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാനതട്ടകമായിരുന്നു മരുമക്കത്തായ സമൂഹങ്ങള്‍. കമ്മ്യൂണിസം മരുമക്കത്തായത്തെ ഏറ്റവും മികച്ച സാമൂഹിക വ്യവസ്ഥയായി കണ്ടിരുന്നു എന്നതാകാം ഇതിന് കാരണം. ഏംഗല്‍സ് എഴുതുന്നത് സോഷ്യലിസത്തിന്റെ ഉദാത്തമായ മാതൃകയാണ് മരുമക്കത്തായ രീതി എന്നാണ്. ശാഫീ മദ്ഹബ്, കമ്മ്യൂണിസം എന്നിങ്ങനെ പല സാമ്യതകള്‍ അവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുവെന്നതിനാല്‍ ഇവ തമ്മില്‍ ആത്യന്തികമായി ബന്ധപ്പെടുന്നതെങ്ങനെയാണ് എന്നത് അന്വേഷിക്കേണ്ടതാണ്.

മരുമക്കത്തായ സംവിധാനം അത്തരം സമൂഹങ്ങളിലെ സ്ത്രീകളെ എങ്ങനെയാണ് സ്വാധീനിക്കുന്നത്? അത് കൂടുതല്‍ സ്ത്രീ ജീവതത്തെ സൗകര്യപ്രഥമാക്കുന്നതാണോ?

മരുമക്കത്തായം സ്ത്രീ സൗഹൃദമാണെന്ന അഭിപ്രായം ഈ സമൂഹങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ തന്നെ പൊതുവായി നിലനില്‍ക്കുന്നത് കാണാം. പലതരത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും സ്വാതന്ത്രവും അഭിമാനവും നല്‍കുന്നതില്‍ പുരുഷകേന്ദ്രീകൃത സമൂഹങ്ങളെക്കാള്‍ എത്രയോ മുന്‍പന്തിയിലാണ് മരുമക്കത്തായ സമൂഹങ്ങള്‍. സ്ത്രീകള്‍ക്ക് കൂടുതല്‍ വിദ്യഭ്യാസം ലഭ്യമാക്കാനും അതിനെ തുടര്‍ന്ന് സാംസ്‌കാരികമായ മികവ് പുലര്‍ത്താനും മറ്റു ഇടങ്ങളിലേതിനെക്കാള്‍ ഇവിടങ്ങളിലെ സ്ത്രീകള്‍ക്ക് സാധ്യമായിട്ടുണ്ട്. ഈ സാമൂഹികാന്തരീക്ഷത്തിന്റെ സവിശേഷതകളെ തുറന്ന് കാണിക്കുന്ന പല എത്നോഗ്രഫിക് പഠനങ്ങളും നടന്നിട്ടുണ്ട്.

മഹ്മൂദ് കൂരിയ / മുഹമ്മദ് കോമത്ത്, ശാക്കിർ പുള്ളിയിൽ

ഡോ. മഹ്മൂദ് കൂരിയ

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.