വിശ്വാസപരമായ ആഘോഷവേളകളെ വര്‍ണാഭമായ വിളക്കുകള്‍ കൊണ്ട് അലങ്കരിക്കലും പള്ളികളടക്കമുള്ള ആരാധനായിടങ്ങളെ ദീപാലങ്കൃതമാക്കലും സമ്പന്നമായ ഇസ്‌ലാമിക നാഗരികതയുടെ പ്രാരംഭദശമുതല്‍ കണ്ടുവരുന്നൊരു രീതിയാണ്. തമീമുദ്ദാരി (റ) ശാമില്‍ നിന്നു കൊണ്ടുവന്നൊരു വിളക്ക് (ഖിന്‍ദീല്‍) മസ്ജിദുന്നബവിയില്‍ തെളിച്ചുവെച്ചതും ഇതുകണ്ട നബിതങ്ങള്‍ ‘നിങ്ങള്‍ ഇസ്‌ലാമിനെ പ്രശോഭിതമാക്കി, നിങ്ങളുടെ ദുനിയാവും ആഖിറവും അല്ലാഹു പ്രകാശപൂരിതമാക്കട്ടെ’ എന്നു പറയുകയും ചെയ്ത സംഭവം ചില അഭിപ്രായഭിന്നതകളോടെ ഇബ്‌നുല്‍ അഥീര്‍ (വ. ഹി. 630), ഇബ്‌നു ഹജര്‍ (വ. ഹി. 852), ദഹബി (വ. ഹി. 748) എന്നിവര്‍ ഉദ്ധരിക്കുന്നുണ്ട്. പ്രകാശത്തെ (നൂര്‍) പ്രതിനിധീകരിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസമായതുകൊണ്ടുതന്നെ റമദാന്‍ മാസത്തില്‍ പള്ളികളും മറ്റും കൂടുതല്‍ പ്രകാശിപ്പിക്കണമെന്ന ചിന്ത പൂര്‍വികരൊക്കെ വെച്ചുപുലര്‍ത്തിയിരുന്നു. ആദ്യകാലത്ത് വെളിച്ചം ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വിളക്കുകള്‍ സജീവമായതെങ്കില്‍ പിന്നീടത് വെറും അലങ്കാരം, സൗന്ദര്യവല്‍ക്കരണം എന്നിവയ്ക്ക് വഴിമാറുകയുണ്ടായി.
സമ്പന്നമായ പാരമ്പര്യം
നമ്മുടെ നാട്ടിലെ പള്ളികളില്‍ ഇന്നു കാണുന്ന ദീപാലങ്കാരങ്ങളുടെ അടിവേരുകള്‍ക്ക് ഇസ്‌ലാമിന്റെ ആദ്യകാലത്തോളം പഴക്കമുണ്ടെന്നു കാണാം. ഇന്നുള്ള തരത്തില്‍ വ്യവസ്ഥാപിതമായി, അല്ലെങ്കില്‍ അതിലും വിപുലമായി അക്കാലത്ത് വിളക്കുകള്‍ വ്യാപകമായിരുന്നു. ഖലീഫ ഉമറുബ്‌നുല്‍ ഖത്താബി (റ) ന്റെ കാലത്ത് തറാവീഹ് നമസ്‌കാരം പള്ളിയില്‍ വെച്ചുതന്നെ ഒരു ഇമാമിനു കീഴില്‍ ജമാഅത്തായി നടത്താന്‍ ആരംഭിച്ചതോടെയാണ് പള്ളികളില്‍ വിളക്കുകള്‍ പ്രകാശിപ്പിക്കുകയെന്ന ചിന്തക്ക് ആക്കംകൂടുന്നത്. രാത്രിയിലെ ഇരുള്‍ നീക്കി പള്ളി പ്രകാശപൂരിതമാക്കുകയെന്ന ലക്ഷ്യം മാത്രമായിരുന്നു ഇവിടെ. ഒരു റമദാനിലെ ആദ്യരാത്രിയില്‍ പള്ളിയിലേക്കു പുറപ്പെട്ടപ്പോള്‍ പ്രകാശപൂരിതമായ പള്ളികള്‍ കണ്ട് ‘അല്ലാഹുവിന്റെ ഭവനങ്ങളെ പ്രകാശിപ്പിച്ച പോലെ ഉമറി (റ) ന്റെ ഖബ്‌റും പ്രകാശപൂരിതമാവട്ടെ’ യെന്ന് അലി (റ) പ്രാര്‍ഥിച്ചിരുന്നു. ഇങ്ങനെയാണ് റമദാനും വിളക്കുകളും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്.
കാലക്രമേണ, ആവശ്യത്തിന് വിളക്കുകള്‍ തെളിയിക്കുകയെന്നിടത്തു നിന്ന് നിര്‍ബന്ധമായും നടത്തേണ്ട, റമദാന്‍ മാസത്തിലെ അനിവാര്യ ചടങ്ങുപോലെയായി അവ മാറി. ‘റമദാന്‍ മാസത്തില്‍ പള്ളികളിലെ വിളക്കുകള്‍ പതിവിലധികം വര്‍ധിപ്പിക്കല്‍ സുന്നത്താണെന്ന്’ ഇമാം ഖുര്‍ത്വുബി (വ. ഹി. 671) പറഞ്ഞത് ഇതിന്റെ സ്വാധീനമാണ്. പള്ളിയില്‍ വിളക്കുകള്‍ തെളിക്കാന്‍ പ്രത്യേക വിഹിതം രാഷ്ട്രഖജനാവില്‍ നിന്ന് മാറ്റിവെക്കുന്നിടത്തേക്കുവരെ പിന്നീട് കാര്യങ്ങള്‍ ചെന്നെത്തി. ആദ്യമായി പൊതുഖജനാവില്‍ നിന്നുള്ള പണമുപയോഗിച്ച് പള്ളിവിളക്കുകള്‍ക്ക് ഒലീവെണ്ണ നല്‍കിയതും കുങ്കുമവും ബഖൂറുമുപയോഗിച്ച് കഅ്ബയെ സുഗന്ധപൂരിതമാക്കിയതും അമവി ഖലീഫ മുആവിയ(റ)യാണെന്ന് ഇബ്‌നുല്‍ ഫഖീഹുല്‍ ഹമദാനി (ഹി. 365 വഫാത്ത്) തന്റെ ‘ബുല്‍ദാന്‍’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. കാലക്രമേണ ഇസ്‌ലാമിക ഭരണപ്രവിശ്യകള്‍ വിശാലമാവുകയും സാമ്പത്തികസ്രോതസ്സുകള്‍ വികസിക്കുകയും ചെയ്തപ്പോള്‍ എല്ലാ മേഖലയിലുമെന്നപോലെ ഇക്കാര്യത്തിലും വിശാലനിലപാടുകള്‍ സ്വീകരിച്ചുപോരുകയായിരുന്നു മുസ്‌ലിം ഭരണാധികാരികള്‍.
അബ്ബാസി കാലത്ത് പള്ളികളില്‍ വിളക്കുകള്‍ തെളിക്കുന്ന വിഷയത്തില്‍ അല്‍പംകൂടി വിശാലമായ നിലപാട് സ്വീകരിച്ചുതുടങ്ങി. റമദാന്‍ മാസത്തിനുപുറമെ തങ്ങളുടെ പ്രാദേശിക ആഘോഷങ്ങളുടെ ഭാഗമായും പള്ളികളലങ്കരിച്ച് ബര്‍മകികളാണ് ഈയൊരു സംസ്‌കൃതിക്ക് വിശാലമായ മാനം നല്‍കിയത്. ഈ ചരിത്രരേഖകളൊക്കെ സാക്ഷ്യപ്പെടുത്തുന്നത്, ഫാത്തിമി ഖലീഫ മുഇസ്സിന്റെ കാലത്താണ് റമദാന്‍ മാസത്തില്‍ പള്ളികള്‍ അലങ്കരിക്കാന്‍ വിളക്കുകളുപയോഗിച്ച് തുടങ്ങിയതെന്ന ചരിത്രവായനയുടെ അസാംഗത്യമാണ്. മുഇസ്സിന്റെ ജനനത്തിനു മുമ്പേ മരണപ്പെട്ട ഫാകിഹി(വ. ഹി.271)യുടെ ‘അഖ്ബാറു മക്ക’, അസ്‌റഖിയുടെ ‘അഖ്ബാറു മക്ക’ എന്നീ ഗ്രന്ഥങ്ങളില്‍ റമദാനില്‍ പ്രത്യേകമായി തെളിക്കപ്പെട്ടിരുന്ന വിളക്കുകളെക്കുറിച്ചു പറയുന്നത് ഇതിനുള്ള വ്യക്തമായ തെളിവാണ്.
മിസ്‌റും ഫാനൂസും
റമദാന്‍ മാസത്തില്‍ പ്രത്യേകം തെളിക്കപ്പെട്ടിരുന്ന വിളക്കുകള്‍ ഇസ്‌ലാമിക ലോകത്താകമാനം വ്യാപകമാവുകയും ഫാത്തിമികള്‍ക്കു മുന്നേ മക്കയിലും മദീനയിലുമെല്ലാം രൂപപ്പെടുകയും ചെയ്ത ഒരു രീതിയാണെന്നു വ്യക്തമായല്ലോ. പല നാടുകളിലും പല രൂപങ്ങളിലായി ഇവ പടര്‍ന്നുപന്തലിച്ചു. ഇക്കൂട്ടത്തില്‍ മിസ്‌റിന്റെ ചരിത്രത്തിന് റമദാന്‍ വിളക്കുകളുമായി ബന്ധപ്പെട്ട് അതിസമ്പമ്പന്നമായൊരു പാരമ്പര്യം കാണാവുന്നതാണ്. ‘ഫാനൂസ്’ (ഒന്നു രണ്ടു തലമുറകള്‍ക്കപ്പുറത്തെ കേരളത്തിന്റെ റമദാന്‍ ഓര്‍മകളിലെ ദീപ്ത സാന്നിധ്യമായിരുന്ന, അത്താഴം മുട്ടിന്റെ സമയത്തും അല്ലാത്തപ്പോഴും രാത്രികളില്‍ വിളക്കായി ഉപയോഗിക്കപ്പെട്ടിരുന്ന ‘പാനീസ്’ വിളക്കുകള്‍ എന്ന പേരിലറിയപ്പെട്ട തൂക്കുവിളക്കുകള്‍ക്ക് ആ പേരു വന്നത് ഫാനൂസില്‍ നിന്നാണെന്ന് അനുമാനിക്കപ്പെടുന്നു) എന്നു പേരുള്ള പ്രത്യേകതരം വിളക്കാണിതില്‍ പ്രധാനം. ഇന്നും മിസ്‌റിലെ പള്ളികളെയും തെരുവുകളെയും അക്ഷരാര്‍ഥത്തില്‍ മനോഹരമാക്കുന്നത് അവിടത്തെ ഫാനൂസ് വിളക്കുകളാണ്. ഖിന്‍ദീലുകള്‍ ഒലീവെണ്ണ, പെട്രോള്‍ എന്നിവയുപയോഗിച്ച് തെളിക്കാവുന്ന ചില്ലിനാല്‍ നിര്‍മിതമായവയാണെങ്കില്‍, മെഴുകുതിരിയുപയോഗിച്ച് തെളിക്കുന്നവയാണ് ഫാനൂസ്. വിവിധ നിറങ്ങളിലും രൂപങ്ങളിലുമുള്ള ഫാനൂസുകള്‍ തീര്‍ക്കുന്ന സൗന്ദര്യം അപാരമായിരിക്കും.
മിസ്‌റിലെ കൃസ്തീയ ചടങ്ങളുടെ ഭാഗമായി ഫാനൂസ് സുലഭമായി ഉപയോഗിക്കപ്പെട്ടിരുന്നതായും പരസ്പരം മത്സരിച്ചു നിര്‍മിക്കപ്പെട്ട അത്തരം ഫാനൂസുകളില്‍ 1500 ദിര്‍ഹം വിലവരുന്നതു (ഇന്നത്തെ ഏകദേശം 2000 ഡോളര്‍) പോലുമുണ്ടായിരുന്നെന്നും ചരിത്രകാരന്‍ മഖ്‌രീസി (വ. ഹി. 845) ‘അല്‍ മവാഇളു വല്‍ ഇഅ്തിബാര്‍’ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. മിഖ്‌രീസിക്കും മുമ്പ്, ഖിബ്ത്വികള്‍ (ജിപ്‌സി) അവരുടെ പ്രത്യേക ആഘോഷവേളയില്‍ മെഴുകുതിരികള്‍ ഉപയോഗിച്ചിരുന്നെന്നും അത്തരം ആഘോഷവേളകളില്‍ മുസ്‌ലിംകളും സംബന്ധിക്കാറുണ്ടെന്നും ചരിത്രകാരന്‍ മസ്ഊദി (വ. ഹി. 346) ‘മുറൂജുദ്ദഹബി’ല്‍ ഉദ്ധരിക്കുന്നതു കാണാം. അപ്പോള്‍ സ്വാഭാവികമായും ഖിബ്ത്വികളില്‍ നിന്നാണ് മിസ്‌റിലെ മുസ്‌ലിംകള്‍ ഇതു കടമെടുത്തതെന്നു മനസ്സിലാക്കാം. പില്‍ക്കാലത്തിത് റമദാനിന്റെ ഭാഗമായി സജീവമായി ഉപയോഗിക്കപ്പെടുകയും റമദാനിന്റെ വരവറിയിക്കുന്ന അടയാളമായി മാറുകയുമായിരുന്നു.
മിസ്‌റിലെ മതകീയവും അല്ലാത്തതുമായ ആഘോഷവേളകളില്‍ വീടുകളും പള്ളികളും തെരുവുകളും അലങ്കരിക്കാന്‍ ഇന്നും മനോഹരമായ ഇത്തരം ഫാനൂസുകള്‍ ഉപയോഗിച്ചുപോരുന്നുണ്ട്. ആദ്യകാലത്ത് വെറുമൊരു കൂടിനുള്ളില്‍ മെഴുകുതിരി തെളിച്ചാണ് ഇത്തരം ഫാനൂസുകള്‍ നിര്‍മിക്കപ്പെട്ടത്. പിന്നീട് പ്ലാസ്റ്റിക്കുകളുപയോഗിച്ചും ചില്ലുകളുപയോഗിച്ചും സ്റ്റീലുപയോഗിച്ചും അവ നിര്‍മിക്കപ്പെട്ടു. പുറത്ത് ചിത്രപ്പണികള്‍ നടത്തിയും പലനിറങ്ങളിലുള്ള ചില്ലുകള്‍ ഘടിപ്പിച്ചും അലങ്കരിച്ചുള്ള വികസിത രൂപങ്ങള്‍ നിലവില്‍ വന്നു. ഇലക്ട്രിക് ബള്‍ബുകളുടേതും പാരമ്പര്യം നിലനിര്‍ത്തുന്ന മെഴുകുതിരികളുടേതുമായ ഫാനൂസുകള്‍ ഇന്ന് ലഭ്യമാണ്. മിസ്‌റിനു പുറമേ ചൈനയുടെ കീഴിലും ഇലക്ട്രിക് ബള്‍ബുകളുള്ള ഇത്തരം ഫാനൂസുകള്‍ നിലവിലുണ്ടെങ്കിലും റമദാന്‍ മാസം മിസ്‌റിന്റെ തനതായ ഫാനൂസ് എന്ന പേരില്‍ മാത്രമേ ഇവയ്ക്ക് വില്‍പനയുള്ളൂ.
നോമ്പിന്റെ വിളിയാളം
കാലാന്തരങ്ങളില്‍, റമദാന്‍ മാസത്തെ കാഴ്ചയില്‍ തന്നെ മറ്റുമാസങ്ങളില്‍ നിന്ന് വേറിട്ടുമനസ്സിലാക്കാന്‍ സഹായിക്കുന്ന ഒന്നായി പള്ളിവിളക്കുകള്‍ മാറി. ലോകസഞ്ചാരി ഇബ്‌നു ജുബൈര്‍ അല്‍ അന്ദുലുസി(വ. ഹി. 614) തന്റെ രിഹ്‌ലയില്‍ ഹിജ്‌റ വര്‍ഷം 579 ല്‍ മക്ക സന്ദര്‍ശനവേളയില്‍ കണ്ട മസ്ജിദുല്‍ ഹറാമിലെ മനോഹരമായ റമദാന്‍ കാഴ്ചകള്‍ വിവരിക്കുന്നുണ്ട്. അക്കൂട്ടത്തില്‍, അന്നേ വര്‍ഷം റമദാന്‍ മാസം കടന്നുവന്നതിന്റെ ഭാഗമായി പള്ളിയിലെ പായകള്‍ പുതുക്കിയെന്നും മസ്ജിദുല്‍ ഹറാം മുഴുവന്‍ പ്രകാശത്തില്‍ മുങ്ങിക്കുളിക്കുന്ന തരത്തില്‍ വിളക്കുകളും മെഴുകുതിരികളും തെളിക്കപ്പെട്ടുവെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു. എല്ലാ മദ്ഹബുകാരും ഇക്കാര്യത്തില്‍ മത്സരിച്ചു മുന്നേറ്റം നടത്തുകയാണ് പതിവെന്നും വലുതും ചെറുതുമായ പലതരം മെഴുകുതിരിയുടെ ഇനങ്ങള്‍ തെളിച്ച് മാലികികളാണ് ഇക്കൂട്ടത്തില്‍ അത്യുത്സാഹം പുലര്‍ത്തിയിരുന്നതെന്നും അദ്ദേഹം പറയുന്നു.
മിസ്‌റിലെ അബ്‌യാര്‍ എന്ന പ്രദേശത്തുകാര്‍ റമദാന്‍ മാസത്തെ വരവേറ്റിരുന്ന രീതി ഇബ്‌നു ബത്വൂത്വ (വ. ഹി. 779) തന്റെ രിഹ്‌ലയില്‍ വിവരിക്കുന്നതു കാണുക: ‘യൗമു റക്ബ (വാഹനംകയറുന്ന ദിവസം) എന്ന സവിശേഷദിനത്തില്‍ പട്ടണത്തിലെ ഖാദിയും പരിവാരങ്ങളും വാഹനം കയറുകയും സ്ത്രീകളും പുരുഷന്മാരും അടിമകളും കുട്ടികളുമടക്കമുള്ള എല്ലാവരും അവരെ പിന്തുടരുകയും ചെയ്യും. പട്ടണത്തിനു പുറത്തുള്ള, വിരിപ്പുകളും പരവതാനികളും കൊണ്ടലങ്കരിച്ച ഒരുയര്‍ന്ന സ്ഥലത്ത് അവരിറങ്ങി ചന്ദ്രനെ നിരീക്ഷിക്കും. മാസം കണ്ടതായി ഉറപ്പിക്കുന്നതോടെ പട്ടണത്തിലേക്കവര്‍ വരുമ്പോള്‍ നഗരം മുഴുവന്‍ ഫാനൂസുകളും വിളക്കുകളും മെഴുകുതിരികളും കൊണ്ട് നിറഞ്ഞിരിക്കും. കടക്കാര്‍ തങ്ങളുടെ കടകള്‍ക്കു മുന്നില്‍ മെഴുകുതിരികള്‍ തെളിയിക്കും. എല്ലാ വര്‍ഷവും ഇതായിരുന്നു അവരുടെ രീതി’. റമദാന്‍ ആഗതമാവുമ്പോള്‍ നഗരങ്ങളിലും വീടുകളിലും അങ്ങാടികളിലും വിശേഷിച്ച് പള്ളികളിലും പലതരം വിളക്കുകള്‍ പ്രത്യക്ഷമാവുകയും റമദാന്‍ അവസാനിക്കുന്നതോടെ അവയൊക്കെ അപ്രത്യക്ഷമാവുകയും ചെയ്യും. റമദാനിന്റെ പ്രകാശിക്കുന്ന പ്രതീകമായി ഇത്തരം വിളക്കുകള്‍ മാറിയെന്നതാണ് സത്യം.
മാസം കണ്ടോയെന്ന വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സമയത്ത് വിളക്കുകള്‍ കെടുത്തുകയും അഴിച്ചുവെക്കുകയും പിന്നീട് മാസം കണ്ടതായി സ്ഥിരപ്പെടുകയും ചെയ്തപ്പോള്‍ വീണ്ടും വിളക്കുതെളിച്ച് അവ പുനഃസ്ഥാപിച്ചതായ സംഭവങ്ങള്‍ വരെ ചരിത്രത്തില്‍ കാണാം. മാസം കണ്ടുവെന്നതിന്റെ സൂചകമായതിനാല്‍ തന്നെ റമദാന്റെ വരവറിയിക്കുന്ന വിളക്കുകള്‍ കണ്ടാല്‍ തന്നെ നോമ്പ് നിര്‍ബന്ധമാണെന്നു പറഞ്ഞ കര്‍മശാസ്ത്രപണ്ഡിതരെപ്പോലും കാണാം. വിളക്കുകള്‍ കാണുന്നത് ചന്ദ്രനെ (ഹിലാല്‍) കാണുന്നതിന് തുല്യമാണെന്ന് ശാഫിഈ പണ്ഡിതന്‍ ഇമാം ശിര്‍ബീനി (വ. ഹി. 977) ‘മുഗ്‌നില്‍ മുഹ്താജി’ല്‍ ഉദ്ധരിക്കുന്നുണ്ട്.
പള്ളികള്‍ പ്രകാശപൂരിതമാക്കുക, അലങ്കരിക്കുക എന്നതുപോലെ അത്താഴ സമയമറിയാനും ഇത്തരം വിളക്കുകള്‍ സഹായകമായിരുന്നു. ഇബ്‌നു ജുബൈര്‍ തന്റെ രിഹ്‌ലയില്‍ വിവരിക്കുന്ന ഒരു സംഭവം കാണുക: ‘ഗവര്‍ണറുടെ കൊട്ടാരത്തിന്റെയടുത്തുള്ള പള്ളിയുടെ കിഴക്കേ മിനാരത്തില്‍ വെച്ചാണ് മുഅദ്ദിന്‍ അത്താഴത്തിനുള്ള സമയമായെന്ന് വിളിച്ചുപറയുക. ദുആ ചെയ്തും ദിക്‌റുകള്‍ ചൊല്ലിയും അത്താഴത്തിന് ആള്‍ക്കാരെയുണര്‍ത്തുന്ന അദ്ദേഹത്തിന്റെ സമീപത്തായി രണ്ടു ചെറുപ്പക്കാര്‍ ഇതു ഏറ്റുപറയുകയും ചെയ്യുന്നു. മിനാരത്തിന്റെ മുകളിലായി നാട്ടിവെക്കപ്പെട്ട ഒരു മരക്കഷ്ണത്തിന്റെ രണ്ടു ഭാഗത്തായി രണ്ടു വിളക്കുകള്‍ അന്നേരം കത്തിച്ചുവെക്കും. അത്താഴത്തിന്റെ നേരം മുഴുവന്‍ അതു കത്തിക്കൊണ്ടിരിക്കും. അത്താഴവിരാമത്തിനുള്ള നേരമായാലാണ് വിളക്കുകള്‍ താഴ്ത്തിവെച്ച് ബാങ്കുവിളിക്കുക. പള്ളിയില്‍ നിന്ന് വീട് അകലെയായതു കൊണ്ടോ മറ്റോ ബാങ്കുവിളി കേള്‍ക്കാത്തവര്‍ മിനാരത്തില്‍ ഉയര്‍ത്തിവെക്കപ്പെട്ട വിളക്കുകള്‍ കണ്ട് അത്താഴത്തിന്റെയും അത്താഴവിരാമത്തിന്റെയും സമയം മനസ്സിലാക്കിപ്പോന്നു’. വിളക്കു തെളിഞ്ഞിരിക്കുമ്പോഴൊക്കെ അത്താഴം കഴിക്കാമെന്നും വിളക്കണഞ്ഞാല്‍ ഭക്ഷണം ഹറാമാണെന്നും അന്നത്തെ പൊതുജനം വിശ്വസിച്ച് അനുഷ്ഠിച്ചുപോന്നു. സമാനമായ സംഭവങ്ങള്‍ മറ്റു പല ചരിത്രകാരും ഉദ്ധരിക്കുന്നുണ്ട്. പല മുസ്‌ലിം നാടുകളിലും വ്യാപകമായ പ്രചാരം നേടിയ ഈ രീതി ‘ഫാനൂസുസ്സുഹൂര്‍’ (അത്താഴസമയത്തെ ഫാനൂസ് വിളക്ക്) എന്ന പ്രത്യേക പേരില്‍ അറിയപ്പെടുകയും ചെയ്തു. ഈ വിളക്കുകള്‍ തെളിക്കുന്നതും അണക്കുന്നതുമായ സമയങ്ങള്‍ സംബന്ധിച്ച് സുല്‍ത്താന്മാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ അന്നത്തെ പണ്ഡിതരും ബദ്ധശ്രദ്ധരായിരുന്നു. ഹാഫിള് ഇബ്‌നു ഹജറി (റ) ന്റെയും അന്നത്തെ സുല്‍ത്താന്റെയുമിടയില്‍ ഇവ്വിഷയകരമായ സംഭാഷണം നടന്നത് കാണാം. ഈയടുത്ത കാലത്തുവരെ ഈ രീതി നിലനിന്നിട്ടുണ്ടായിരുന്നു. മദീനപള്ളിയുടെ മിനാരത്തില്‍ അത്താഴസമയത്തിന് വിളക്കുതെളിക്കാറുണ്ടായിരുന്ന അനുഭവം അലിയ്യുബ്‌നു മൂസല്‍ അഫന്ദി ഹിജ്‌റ 1303 ല്‍ രചിച്ച തന്റെ ‘വസ്ഫുല്‍ മദീന’ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്.
പ്രൗഢിയുടെ പ്രതീകം
ഇസ്‌ലാമിന്റെ സമ്പന്നമായ പൈതൃകത്തിന്റെ തലയുയര്‍ത്തി നില്‍ക്കുന്ന പ്രതീകമായി റമദാന്‍ വിളക്കുകളും ഫാനൂസുകളും നിലനിന്നു. പല രൂപങ്ങളിലായി, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പോലും ഫാനൂസുകള്‍ അന്ന് ലഭ്യമായിരുന്നു. ഭരണാധികാരികള്‍ ഇത്തരം വിളക്കുകളുടെ വിഷയത്തില്‍ ഉദാരമായ സമീപനം പുലര്‍ത്തുകയും ചെയ്തു. അന്നത്തെ അമവി മസ്ജിദിന്റെ സൗന്ദര്യം വിവരിക്കുന്നിടത്ത് കഅ്ബയടക്കമുള്ള വിശുദ്ധയിടങ്ങുടെ ചിത്രങ്ങള്‍ ചുമരുകളില്‍ വരക്കപ്പെട്ട, വിവിധങ്ങളായ മെഴുകുതിരികള്‍ തെളിക്കപ്പെട്ട, വിളക്കുകളണഞ്ഞാലും താനെ പ്രകാശിക്കുന്ന പ്രത്യേക സ്ഫടികക്കല്ലുകൊണ്ടുള്ള മിമ്പറുള്ള സ്ഥലമാണ് അമവി മസ്ജിദെന്ന് ഇബ്‌നു കസീര്‍ ‘അല്‍ബിദായതു വന്നിഹായ’യില്‍ പറയുന്നുണ്ട്. മസ്ജിദുല്‍ അഖ്‌സയുടെ വശ്യസൗന്ദര്യം വിവരിച്ചുകൊണ്ട് ശംസുദ്ദീനുല്‍ അസ്‌യൂത്വീ (ഹി. 880 വഫാത്ത്) ‘ഇത്ഹാഫുല്‍ അഖ്‌സാ ബി ഫദാഇലില്‍ മസ്ജിദില്‍ അഖ്‌സാ’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ‘പള്ളിയിലും ഖുബ്ബത്തുസ്സഖ്‌റയിലുമായി വിളക്കുകള്‍ കൊളുത്താനുള്ള 385 കൊളുത്തുകളാണുള്ളത്. ഏകദേശം 1900 ഗ്രാമാണ് ഒന്നിന്റെ ഭാരം. അയ്യായിരം വിളക്കുകളാണ് അവിടെ തെളിക്കപ്പെടുക. ഈ വിളക്കുകള്‍ക്കു പുറമെ വെള്ളിയാഴ്ച രാവുകള്‍, റജബ്- ശഅ്ബാന്‍ പതിനഞ്ചാം രാവ്, റമദാനിലെ രാത്രികള്‍, രണ്ടു പെരുന്നാള്‍ രാത്രികള്‍ എന്നീ വിശേഷസമയങ്ങളില്‍ രണ്ടായിരം മെഴുകുതിരികളും ഇവിടെ തെളിക്കപ്പെടും’. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിളക്കുകളും കൊളുത്തുകളും പോലും ഖുബ്ബതുസ്സഖ്‌റയില്‍ ഖലീഫ അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍ സ്ഥാപിച്ചിരുന്നുവെന്നും ഇബ്‌നു കസീര്‍ പറയുന്നു.
അബ്ബാസി കാലത്തായിരുന്നു ഇരു ഹറമുകളും ഏറ്റവുമധികം ദീപാലങ്കൃതമാക്കപ്പെട്ടത്. അഫന്ദിയുടെ ‘വസ്ഫുല്‍ മദീന’യില്‍ പറഞ്ഞപ്രകാരം, മസ്ജിദുന്നബവിയില്‍ എല്ലാ രാത്രികളിലും പള്ളിയുടെ അകത്തും പുറത്തുമായി അറുനൂറ് വിളക്കുകളും മുന്നൂറ് മെഴുകുതിരികളും തെളിക്കപ്പെട്ടിരുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്കുള്ളതും ഹുജ്‌റയുടെ ചാരത്തുള്ളതുമായ പ്രത്യേക വിളക്കുകള്‍ക്കു പുറമെയുള്ള കണക്കാണിത്. ഇരുഹറമിലേക്കും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിളക്കുകള്‍ സമ്മാനമായി നല്‍കല്‍ അന്നത്തെ മുസ്‌ലിം രാജാക്കന്മാരുടെ പതിവായിരുന്നു. അത്തരം ഭരണാധികാരികളെ അവിടത്തെ മിമ്പറുകളില്‍ വെച്ച് പ്രത്യേകം പരാമര്‍ശിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥന നടത്തുകയും ചെയ്യും. ഇത്തരം അമൂല്യമായ, വിലപിടിപ്പുള്ള വിളക്കുകള്‍ സൂക്ഷിക്കാന്‍ മക്കയിലും മദീനയിലും പ്രത്യേക ഖജനാവുകള്‍ പോലുമുണ്ടായിരുന്നുവെന്ന് കാണാം. പേര്‍ഷ്യന്‍ സഞ്ചാരി നാസിര്‍ ഖുസ്‌റു(വ. ഹി. 481) തന്റെ ‘സഫര്‍ നാമ’യില്‍, വിളക്കുകളും എണ്ണയും മെഴുകുതിരികളും സൂക്ഷിച്ചുവെക്കപ്പെട്ട മൂന്ന് ഖുബ്ബകളുള്ള ഖജനാവടങ്ങിയ കെട്ടിടം മസ്ജിദുല്‍ ഹറാമില്‍ കണ്ടതായി രേഖപ്പെടുത്തുന്നുണ്ട്.
വെസ്റ്റിലെ ഇസ്‌ലാമിന്റെ വശ്യസൗന്ദര്യമായ കൊര്‍ദോവ ജുമാമസ്ജിദിലെ വിളക്കുകളുടെ സൗന്ദര്യവും കണക്കും പ്രമുഖ ഭൂമിശാസ്ത്രജ്ഞന്‍ ഇദ്‌രീസി (ഹി. 560 വഫാത്ത്) തന്റെ ‘നുസ്ഹത്തുല്‍ മുശ്താഖി’ല്‍ വിവരിക്കുന്നുണ്ട്. 113 ബഹുശാഖാദീപങ്ങള്‍ (ഇവമിറലഹശലൃ) കൊണ്ടലങ്കൃതമായിരുന്നു കൊര്‍ദോവ ജുമാ മസ്ജിദെന്നും അക്കൂട്ടത്തില്‍ ഏറ്റവും വലിയ ബഹുശാഖാദീപത്തില്‍ 1000 വിളക്കുകളും ഏറ്റവും ചെറുതില്‍ 12 വിളക്കുകളുമുണ്ടായിരുന്നെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. ഇസ്തംബൂളിലെ ഒരു ജുമാ മസ്ജിദിലെ അതിമനോഹരമായ ആറു മിനാരങ്ങളുടെയും അകത്തളം സ്ഫടികങ്ങള്‍, മണ്‍പാത്രം (ഇലൃമാശര) എന്നിവ കൊണ്ടുള്ള മനോഹരമായ വിളക്കുകള്‍ കൊണ്ടലങ്കൃതമായിരുന്നുവെന്ന് മുഹിബ്ബി അദ്ദിമശ്ഖി (ഹി. 1111 വഫാത്ത്) ‘ഖുലാസത്തുല്‍ അഥറി’ല്‍ പറയുന്നു. അലങ്കാരത്തിന്റെയും പ്രൗഢിയുടെയും പ്രതീകം കൂടിയായിരുന്ന ഇത്തരം വിളക്കുകള്‍ക്ക് എത്രവലിയ സാമ്പത്തികവും ചെലവിടാന്‍ ഒരുക്കമായിരുന്നു അന്നത്തെ ഭരണാധികാരികള്‍. എല്ലാംകൊണ്ടും സമ്പന്നമായ മുസ്‌ലിം പാരമ്പര്യത്തിന്റെ ഉദാരതയും സൗന്ദര്യവും ഇവിടെ നമുക്ക് ദര്‍ശിക്കാം. പള്ളികള്‍ അലങ്കരിക്കുന്ന വിഷയത്തില്‍ ഏറ്റവുമാദ്യം മത്സരിച്ചു മുന്നേറിയത് അമവി ഖലീഫമാരായിരുന്നു. പള്ളികളുടെ വിഷയത്തില്‍ അവര്‍ തീരെ പിശുക്ക് കാണിച്ചില്ല. ദമസ്‌കസിലെ അമവി ജുമാ മസ്ജിദില്‍ വിളക്കുകള്‍ കൊളുത്താനായി ഘടിപ്പിക്കപ്പെട്ട സ്വര്‍ണത്തിന്റെ അറുനൂറ് കൊളുത്തുകള്‍ വിറ്റശേഷം അതിന്റെ തുക രാഷ്ട്രത്തിന്റെ ഖജനാവിലേക്ക് തിരിച്ചുനല്‍കിയ ഉമറുബ്‌നു അബ്ദുല്‍ അസീസി (റ) ന്റെ സംഭവം, എത്രമാത്രം ഉദാരമായ നിലപാടായിരുന്നു പള്ളികള്‍ അലങ്കരിക്കുന്ന വിഷയത്തില്‍ അന്നത്തെ സുല്‍ത്താന്മാര്‍ സ്വീകരിച്ചതെന്ന് കാണിക്കുന്നു. ഇക്കാര്യം ഇബ്‌നു ഖല്‍ദൂന്‍ മുഖദ്ദിമയില്‍ രേഖപ്പെടുത്തുന്നുണ്ട്.
ഇതര വ്യവഹാരങ്ങള്‍
റമദാന്‍ മാസത്തോട് ചുവടുപിടിച്ച് മറ്റു പല ആഘോഷവേളകളിലും വിളക്കുകള്‍ തെളിയിക്കുന്ന രീതിയും അന്നു നിലവിലുണ്ടായിരുന്നു. റജബ്, ശഅ്ബാന്‍ മാസങ്ങളിലെ പതിനഞ്ചാം രാവില്‍ വിളക്കുതെളിയിക്കുന്നത് ഇതില്‍ പ്രധാനമാണ്. ഈയൊരു രീതി മുന്നൂറോളം വര്‍ഷങ്ങള്‍ സജീവമായി നിലനിന്നതായി ഇബ്‌നു കസീര്‍ ‘അല്‍ബിദായതു വന്നിഹായ’യില്‍ നിരീക്ഷിക്കുന്നുണ്ട്. മുസ്‌ലിംകളുടെ വിശ്വാസപരമായ വിശേഷദിവസങ്ങളെയൊക്കെയും പലതരം വര്‍ണങ്ങള്‍കൊണ്ടും പ്രകാശങ്ങള്‍ കൊണ്ടും വിവിധങ്ങളായ വിളക്കുകള്‍ കൊണ്ടും മനോഹരമാക്കുകയെന്നത് മുസ്‌ലിംകള്‍ വസിക്കുന്നിടങ്ങളിലെല്ലാം പല കാലങ്ങളിലായി, പല രൂപങ്ങളില്‍ നിലനിന്നിരുന്നുവെന്ന് മനസ്സിലാക്കാം. സ്വന്തം വീട്ടിലെ വിവാഹാഘോഷത്തിന്റെ ഭാഗമായി അങ്ങാടികളും പള്ളിമിനാരങ്ങളും വിളക്കുകളും മെഴുകുതിരികളും കൊണ്ട് വര്‍ണാലങ്കൃതമാക്കാന്‍ ആഹ്വാനം ചെയ്ത അമവി ജുമാ മസ്ജിദ് മുതവല്ലി ശൈഖ് ഇബ്‌റാഹിം ജബാവി (ഹി. 1170) യുടെ അതിവിചിത്രമായ കഥ ബുദൈരി അല്‍ ഹല്ലാഖ്(ഹി. 1175) തന്റെ ‘ഹവാദിസു ദിമശ്ഖ് അല്‍ യൗമിയ്യ’ എന്ന ഓര്‍മക്കുറിപ്പില്‍ പങ്കുവെക്കുന്നുണ്ട്.
വിളക്കുകള്‍ തെളിക്കുക, അവ വൃത്തിയാക്കി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ‘സ്വാഹിബുല്‍ ഖിന്‍ദീല്‍’ , ‘സ്വാഹിബു സൈത്തില്‍ മസ്ജിദ്’ എന്നൊക്കെയുള്ള പേരുകളില്‍ പ്രത്യേകം ആള്‍ക്കാര്‍ അക്കാലത്ത് നിശ്ചയിക്കപ്പെട്ടിരുന്നു. സ്വഹാബികളുടെ കാലം മുതല്‍ക്കേ ഈ രീതി നിലവിലുണ്ട്. ഈ ഉദ്യമം നിര്‍വഹിക്കുന്നവര്‍ക്ക് മാസംതോറും വേതനവും നല്‍കപ്പെട്ടിരുന്നു. മൂന്നു ദീനാറായിരുന്നു (ഏകദേശം ഇന്നത്തെ 500 അമേരിക്കന്‍ ഡോളര്‍) അന്നത്തെ വിളക്കു പരിപാലകനുള്ള വേദനമെന്ന് മദീനയുടെ ചരിത്രകാരന്‍ സംഹൂദി പറയുന്നു.
കാലങ്ങള്‍ക്കിപ്പുറം, പ്രൗഢിയുടെയും പ്രതാപത്തിന്റെയും പ്രതീകമായി മാറിയ ഇത്തരം വിളക്കുകള്‍, രാഷ്ട്രം സാമ്പത്തിക പ്രതിസന്ധിയനുഭവിക്കുകയും ഖജനാവ് കാലിയാവുകയും ചെയ്യുന്ന പ്രത്യേക സാഹചര്യങ്ങളില്‍ പ്രതികൂല സാഹചര്യം മറികടക്കാന്‍ വേണ്ടി ഉപയോഗിക്കപ്പെടുന്ന അവസ്ഥവരെ സംജാതമായി. കള്ളന്മാരുടെ ലക്ഷ്യകേന്ദ്രമായി മാറുകയും ചെയ്തു ഇത്തരം വിളക്കുകള്‍. ഇതുസംബന്ധമായ കര്‍മശാസ്ത്ര മസ്അലകളും പണ്ഡിതന്മാര്‍ വിശദീകരിച്ചതായി കാണാം. പള്ളിവിളക്കുകളില്‍ ക്രയവിക്രയം നടത്തുക, വ്യക്തിഗതാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക എന്നിവ നിഷിദ്ധമാണെന്ന് പണ്ഡിതന്മാര്‍ ഏകകണ്ഠമായി അഭിപ്രായപ്പെട്ടതാണ്. പള്ളിയിലെ വിളക്ക് വീട്ടിലേക്കു കൊണ്ടുപോകാന്‍ പാടില്ലെന്നും പള്ളിയുടെ പരിപാലത്തിനു വേണ്ടിയാണെങ്കില്‍ പോലും അതു വില്‍പന നടത്താന്‍ പാടില്ലെന്നുമുള്ള പണ്ഡിതവീക്ഷണങ്ങള്‍ കാണാം. വിളക്കുകളുടെ അടിസ്ഥാനലക്ഷ്യം പള്ളിയില്‍ തന്നെ അവശേഷിക്കലാണ് എന്നാണ് അവരുടെ ന്യായം. ഈ പണ്ഡിതനയങ്ങളൊക്കെ വരുന്നതിനു മുമ്പും ശേഷവും അത്യാവശ്യ ഘട്ടങ്ങളില്‍ ഇത്തരം വിളക്കുകള്‍ വില്‍ക്കപ്പെട്ടിരുന്നു. ഹിജ്‌റ 457-464 കാലത്തെ്, ഏഴുവര്‍ഷത്തോളം മിസ്‌റില്‍ രൂക്ഷമായ ക്ഷാമമനുഭവപ്പെടുകയും മക്കയിലേക്കും മദീനയിലേക്കും ഫാത്തിമി ഖലീഫമാര്‍ സ്ഥിരമായി അയച്ചിരുന്ന വരുമാനം നിലക്കുകയും ചെയ്തപ്പോള്‍, മക്കയിലെ ഗവര്‍ണര്‍ അബൂ ഹാശിം മുഹമ്മദ്(ഹി. 487 വഫാത്ത്) കഅ്ബയുടെ അടുത്തുള്ള വിളക്കുകള്‍ വിറ്റ സംഭവം സിബ്ത്വ് ബ്‌നുല്‍ ജൗസി (വ. ഹി. 654) ‘മിര്‍ആതുസ്സമാനി’ല്‍ പറയുന്നുണ്ട്. സുല്‍ത്താന്‍ നാസിറിന്റെ കാലത്ത് ആയിരം ദീനാര്‍ (ഏകദേശം ഇന്നത്തെ 1,67,000 ഡോളര്‍) വരുന്ന രണ്ടു സ്വര്‍ണ വിളക്കുകളടക്കമുള്ള സ്വത്തുവകകള്‍ വിറ്റ്, മസ്ജിദുന്നബവിയിലെ ബാബുസ്സലാമിന്റെയടുക്കല്‍ മുനാരം നിര്‍മിച്ച സംഭവം ഇബ്‌നു കസീര്‍ അല്‍ബിദായത്തു വന്നിഹായയില്‍ പറയുന്നുണ്ട്.
സുല്‍ത്താന്മാര്‍ക്കും പള്ളിയിലെ സേവകര്‍ക്കും പുറമെ, കള്ളന്മാരുടെയും കൂടെ കണ്ണുകള്‍ ഇത്തരം വിളക്കുകള്‍ക്കു മേലുണ്ടായിരുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ വിളക്കു മോഷണം ഖറാമിത്തകളുടെ ഭാഗത്തുനിന്നായിരുന്നു. ഖറാമിത്തകളുടെ നേതാവ് അബൂ ത്വാഹിറുല്‍ ജന്നാബി (വ. ഹി. 332) ഹി. 317ല്‍ മസ്ജിദുല്‍ ഹറാം അതിക്രമിച്ചു കയറി ഹജറുല്‍ അസ്‌വദ് മോഷ്ടിച്ച സന്ദര്‍ഭത്തില്‍ തന്നെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിളക്കുകളും മോഷ്ടിച്ചിരുന്നുവെന്ന് മസാലികുല്‍ അബ്‌സ്വാറില്‍ ചരിത്രകാരന്‍ ഇബ്‌നു ഫള്‌ലുല്ലാഹില്‍ ഉമരി (വ. ഹി. 749) രേഖപ്പെടുത്തുന്നുണ്ട്. ഹിജ്‌റ 492ല്‍ രക്തരൂക്ഷിതമായ കൂട്ടക്കൊലക്ക് ശേഷം ബൈത്തുല്‍ മുഖദ്ദസ് അധിനിവേശം നടത്തിയ കുരിശുപടയാളികള്‍ അവിടത്തെ വിളക്കുകളിലേക്ക് നോട്ടമിട്ടിരുന്നെന്നും ഖുബ്ബത്തുസ്സഖ്‌റയുടെ അടുക്കലുള്ള നാനൂറോളം വെള്ളിവിളക്കുകള്‍, ഇരുനൂറോളം ചെറിയ വിളക്കുകള്‍, ഇരുപതിലധികം സ്വര്‍ണവിളക്കുകള്‍ എന്നിങ്ങനെ കണക്കില്ലാത്തത്രയും തുകയുടെ സ്വത്ത് മോഷ്ടിച്ചിരുന്നുവെന്നും ഇബ്‌നുല്‍ അഥീര്‍ തന്റെ ‘അല്‍ കാമിലി’ല്‍ രേഖപ്പെടുത്തുന്നുണ്ട്.
നേരിട്ടുള്ള സംഘട്ടനങ്ങളിലൂടെയല്ലാതെ രാത്രികളില്‍ ഒളിഞ്ഞും തെളിഞ്ഞും വിലപിടിപ്പുള്ള ഇത്തരം വിളക്കുകള്‍ മോഷ്ടിക്കുകയും അക്കാലത്ത് പതിവായിരുന്നു. ഇത്തരം കളവുകളില്‍ കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ വരെ നടപ്പിലാക്കപ്പെട്ടു. മിസ്‌റില്‍ ഇത്തരത്തില്‍ വിളക്കുകള്‍ മോഷ്ടിച്ചയാളെ കുറ്റസമ്മതം നടത്തിയതുപ്രകാരം തൂക്കിലേറ്റിയ സംഭവം ‘നുസ്ഹത്തുല്‍ അനാമി’ല്‍ ഇബ്‌നു ദുഖ്മാഖ് (വ. ഹി. 809) വിശദീകരിക്കുന്നതുകാണാം. അമവി ജുമാ മസ്ജിദില്‍ നിന്നും സമാനമായ രീതിയില്‍ വിളക്കുകള്‍ മോഷണം പോയിരുന്നു. ഇത്തരം വിളക്കുകള്‍ കൊണ്ട് നേരിട്ടിരുന്ന ഏറ്റവും വലിയ പ്രതിസന്ധി തീപിടത്തിലൂടെയുണ്ടാവുന്ന നാശനഷ്ടങ്ങളായിരുന്നു. ഹിജ്‌റ 654ല്‍ മസ്ജിദുന്നബവിയില്‍ വിളക്കിലെ തീ പടര്‍ന്നു പിടിച്ചുണ്ടായ തീപിടുത്തത്തില്‍ സമ്പൂര്‍ണനാശനഷ്ടം പള്ളിക്കുണ്ടാവുകയും മുസ്ഹഫുകള്‍, ഗ്രന്ഥങ്ങള്‍, കിസ്‌വ തുടങ്ങിയ അമൂല്യ സ്വത്തുകളൊക്കെ കരിഞ്ഞുപോവുകയും ചെയ്‌തെന്ന് സംഹൂദി ‘ഖുലാസത്തുല്‍ വഫാ’യില്‍ പറയുന്നുണ്ട്.
സൗന്ദര്യശാസ്ത്രത്തിന് അത്രമേല്‍ പ്രാധാന്യം നല്‍കിയ ഇസ്‌ലാമിന്റെ വശ്യസൗന്ദര്യത്തിന്റെ പ്രകടകേന്ദ്രങ്ങളായ പള്ളികളെ എല്ലാ കാലത്തും പ്രശോഭിപ്പിച്ചു നിര്‍ത്തിയ ഖിന്‍ദീലുകള്‍ക്കും ഫാനൂസുകള്‍ക്കും അതുകൊണ്ടുതന്നെ ഇസ്‌ലാമിന്റെ സമ്പന്നമായ നാഗരികതയില്‍ ചെറുതല്ലാത്ത സ്ഥാനമാണുള്ളത്. ഖുര്‍ആനെന്ന പ്രകാശത്തിന്റെ അവതരണത്തിന് വേദിയൊരുങ്ങിയ വിശുദ്ധ റമദാനില്‍ കൂടിയാവുമ്പോള്‍ അതിന് പ്രകാശത്തിനുമേല്‍ പ്രകാശത്തിന്റെ (നൂറുന്‍ അലാ നൂര്‍) മാനം വരുന്നു.