Thelicham

വിട്ടോ ?

സൗമ് വിട്ടുനില്‍ക്കലാണ്. അതോ വിട്ടുനല്‍കലോ. സൗമ് ഒരു അറബി വാക്കാണ്. എന്താണ് വിട്ടുനില്‍ക്കാനുള്ളത്. ഒരു മാസം മൊത്തമായും മുസ്ലിം വിട്ടു നില്‍ക്കുന്നു. റമളാന്‍ മാസം മൊത്തമായും ഒരു മുസ്ലിം വിട്ടു നല്‍കുന്നു. മറ്റൊരു മാസവും പോലെയല്ല മുസ്ലീമിന് റമളാന്‍ മാസം. പതിനൊന്ന് മാസം തങ്ങള്‍ക്ക് തോന്നിയ പോലെ, റമളാന്‍ മാസം തങ്ങളുടെതായ തോന്നലുകളെല്ലാമകറ്റും പോലെ. ആര്‍ക്കെങ്കിലും തോന്നലുകള്‍ അങ്ങനെ എളുപ്പം അകറ്റാന്‍ പറ്റുമോ.


തീറ്റയാണ് മുഖ്യമായും ഈ മാസം ഒരാള്‍ വിടുന്നത്. തീറ്റ മാത്രം വിട്ടാല്‍ മതിയോ. തീറ്റ വിടുന്നത് മാത്രമാണോ സൗമ്. തീറ്റ മാത്രമല്ല തീയതും വിടണം സൗമില്‍. സൗമ് എടുക്കുന്ന മുസ്ലീം റമളാനില്‍ പകല്‍ മാത്രമേ തീറ്റയും കുടിയും വിടേണ്ടതുള്ളൂ എന്ന് ധരിക്കുന്നു. തന്റെ ധാരണ ഊരിമാറ്റാതെ ആര്‍ക്കും മികവുറ്റ ധാരണ കിട്ടുന്നില്ല. ഒരാള്‍ക്ക് വേറെ എന്തൊക്കെ വിടാം. വിചാരം വിടാം. വിട്ടുകളയാന്‍ പറ്റുന്നതത്രയും വിടാം. തന്നെ ചുറ്റിപ്പറ്റിയ കാര്യങ്ങളെ അത്രയും വിടണം എന്നാണ് സൗമിന്റെ ഉള്ളര്‍ത്ഥം. വീണ്ടും ചോദിക്കാം- ഒരാള്‍ക്ക് അങ്ങനെ എളുപ്പം എന്തെങ്കിലും വിട്ട് വരാന്‍ പറ്റുമോ. സൗമ് പറയുന്നത് തന്നെതന്നെ വിടണമെന്നാണ്. തന്നെ വിട്ടു കളഞ്ഞ ഒരാളെ ചുറ്റുമുള്ളവര്‍ എതിര്‍ക്കാന്‍ തുടങ്ങും. കാരണം തങ്ങളെ പോലെ അല്ലാതായ ഒരാളെ മറ്റുള്ളവര്‍ അന്യമായി കരുതും. അന്യഗ്രഹവാസിയെ കണ്ട പോലെ അവര്‍ പേടിക്കാന്‍ തുടങ്ങും. എന്തിന് അവര്‍, വിട്ടവരെ പേടിക്കണം.


അവരെ വിട്ടവരെ അവര്‍ക്കും വിടാമല്ലോ. ഇല്ല, അവര്‍ അവരെ വിട്ടവരെ വിടില്ല. അങ്ങനെ അവര്‍ക്ക് വിടാനാവില്ല. അവര്‍ക്ക് പേടിക്കാനും ആട്ടിയോടിക്കാനും ഇവരെ വേണം. ആരാണ് ഈ ഇവര്‍. അവര്‍ ഇവര്‍ക്ക് ഇമ്പമല്ലാത്ത വാര്‍ത്തയുമായി വന്നവര്‍. നബി, റസൂല്‍, നദീര്‍. ഈ വാക്കുകളില്‍ ഖുര്‍ആന്‍ ഇവരെ വിളിക്കുന്നു. വാര്‍ത്ത, കഥ മുതലായവ കൊണ്ടു വരുന്ന ആളാണ് നബി. റസൂല്‍ സന്ദേശം തരുന്നവന്‍. നദീറോ. മുന്നറിയിപ്പുമായി വരുന്നവന്‍. മുന്നറിയിപ്പ് കഥയുമായി വരുന്ന ആളാരാണോ അത് നബി. അവന്‍ റസൂല്‍. അവനേ നദീര്‍. ആര്‍ക്കും നബിയാകാനാകുമോ. ആര്‍ക്കാണ് മുന്നറിയിപ്പുകാരനാകാന്‍ ആകുക. മുന്നറിയിപ്പിന് മുന്നേ ഒരാള്‍ക്ക് അറിയിപ്പ് കിട്ടണം. നുബുവത്ത് എന്ന് ഖുര്‍ആന്‍ അതിന് കൊടുക്കുന്ന വാക്ക്. നബഅ് കഥയുമാണ്. അതിന് ഉയര്‍ന്ന തലമെന്നും അര്‍ത്ഥമാണ്. നുബുവത്ത് കിട്ടുക എന്നത് ഉയര്‍ന്ന തലമുള്ള കഥ കിട്ടുക എന്നാണ്. ആ കഥ വെറും കെട്ടുകഥയല്ല. അത് അറിയിപ്പാണ്.
ഇങ്ങനെ അറിയിപ്പ് വന്ന് ചേര്‍ന്നാലാണ് ആ ആള്‍ക്ക് മുന്നറിയിപ്പുകാരന്‍ ആകാനാകൂ. മുന്നറിയിപ്പിന് ഒരു പ്രശ്‌നമുണ്ട്. അത് പുതുമയുള്ളതല്ല എന്നതാണ്. അത് ആദ്യമേ ഏവര്‍ക്കും അറിയുന്നതാണ്. എന്താണ് എന്നിട്ടും ആരും അത് ആചരിക്കാത്തത്. അള്‍ഷിമേഴ്‌സ് പോലുള്ള ഒരു തരം രോഗബാധയേറ്റവനാണ് മനുഷ്യന്‍. ഇന്‍സാന്‍. ഇന്‍സാന്‍ മറക്കുന്നവന്‍ ആണ്. അവന്‍ മറയ്ക്കുന്നവനും ആണ്. മറവി എന്ത് കൊണ്ടാണ് വരുന്നത്. തന്നെ മറക്കുന്നതില്‍ മതി മയങ്ങുന്നതിനാലാണ്. അതിനാണ് സാധാരണയായി മതി മറക്കുക എന്ന് പറയുന്നത്. മറന്നു പോകുന്ന സ്വഭാവമുള്ള മതിയെ ഉണര്‍ത്തണം. മതി എങ്ങനെ ഉണരും. അതിന് സ്വയം തോന്നണം, മതിയായി ഇതെല്ലാം എന്ന്. മതിക്ക് ഒരിക്കലും സ്വയം അങ്ങനെ തോന്നില്ല- ഇതെല്ലാം മതിയായി, ഇതെല്ലാം മതിയാക്കാം എന്ന്. അതിന് വേണ്ടിയാണ് റസൂല്‍ വരുന്നത്. നദീറിന്റെ കൃത്യം നിര്‍വഹിക്കാന്‍. അതിന് കൊണ്ടു വരുന്ന കഥയുടെ പേരാണ് നുബുവത്ത്. നുബുവത്ത് കിട്ടുക എന്നതില്‍ ഇക്കാര്യം അടങ്ങുന്നുണ്ട്- മതിയെ മയക്കാന്‍ ഇനി തയ്യാറില്ല എന്ന വെളിവാക്കല്‍- അങ്ങനെ ഏതൊരു മതിക്കും തോന്നുന്ന വെളിവിനെയാണ് ശഹാദത്ത് എന്ന് വിളിക്കുന്നത്. ശാഹിദിന്റെ അവസ്ഥ ശഹാദത്ത്. ശാഹിദ് സാക്ഷി. എന്തിന് സാക്ഷി. കണ്ടതിന് സാക്ഷി. ശാഹിദ് എന്ത് കണ്ടു. ശാഹിദ് ലാ ഇലാഹ ഇല്ലള്ളാ എന്ന് കണ്ടു. വെളിച്ചമല്ലാതെ മറ്റൊന്നും ഇല്ലെന്ന് കണ്ടു. വെളിച്ചത്തിന് മേല്‍ വെളിച്ചം എന്ന് കാണുന്നവനാണ് ശഹാദത്ത് മൊഴിയുന്നവന്‍. മതിയെ മയക്കുന്ന മറവിയെ തിരിച്ചറിഞ്ഞു കഴിയുന്നവന്‍. ആ തിരിച്ചറിവില്‍ കഴിയുന്നവന്‍. തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ തിരിച്ചിറങ്ങാം. നബി ഇറങ്ങുന്നത് അപ്പോഴാണ്, ഹിറാ ഗുഹ വിട്ട്. അതു വരെ ആ ഗുഹയിലായിരുന്നു.


ഗുഹ എന്ത്‌കൊണ്ട് നുബുവത്തിനുള്ള, ദൂതിനുള്ള, മുന്നിറിയിപ്പിനുള്ള സ്ഥലമാകുന്നു. നിഗൂഹനം ചെയ്യുന്നതിന് വേണ്ടിയായിരിക്കണം ഒരാള്‍ ഗുഹ തിരഞ്ഞെടുക്കുക പതിവ്. എന്തില്‍ നിന്നെല്ലാമോ ഒളിക്കാന്‍ വേണ്ടി. തന്നെത്തന്നെ മറ്റുള്ളവയില്‍ നിന്ന് മറക്കാന്‍ വേണ്ടി. എന്തിനാണ് മറ തേടേണ്ടി വരുന്നത്. വെളിച്ചം അത്രമേല്‍ ലോലമാകുമ്പോള്‍. ആ നാളം ആദ്യം അത്രമേല്‍ ലോലമായിരിക്കുമ്പോള്‍, അത് അണയാതിരിക്കാന്‍ ഒരു ഗുഹ വേണം. ഗുഹയില്‍ വെളിച്ചം എപ്പോഴും വെളിവോടെയായിരിക്കും. മൂസാ നബി വെളിച്ചം, തീ, കാണുന്നതും മലയില്‍ വെച്ചാണ്. ഈസാ നബി പ്രകാശമാനമായി തീരുന്നതും ഒരു മലയില്‍ വെച്ചാണ്. ജബല്‍, തൂര്‍ എന്നീ വാക്കുകളാണ് ഖുര്‍ആനില്‍ കാണുക. ഇവയെല്ലാം രൂപം എന്നും അര്‍ത്ഥം പേറി നില്‍ക്കുന്ന ഗിരിസമാന പദങ്ങളാണ്. ആ പദങ്ങള്‍ വെറും മലകളല്ലെന്ന് നാം ഓര്‍ക്കണം. ഹിറ ഗുഹയെ ജബല്‍ നൂര്‍ എന്ന് വിളിക്കുന്നത് എന്തിനാലായിരിക്കും. അത് മുഹമ്മദ് നബി എന്ന മഹാമേരുവിന്റെ അവസ്ഥയുടെ നാമമാണ്- വെളിച്ചമല. അസ്ഹാബുല്‍ കഹ്ഫ് ഗുഹയില്‍ പോയത് മതി കെട്ടുറങ്ങാനാണെങ്കില്‍ നബി നിഗൂഹനം ചെയ്യുന്നത് മതിയെ ഉണര്‍ത്താനാണ്. അവര്‍ക്ക് മലകള്‍ മതിയുടെ തന്നെ ഉറച്ച ഭാവങ്ങളും ഗുഹകള്‍ ഗാഢമായുറങ്ങാനുള്ള ഒളിയിടങ്ങളുമാണ്. അസ്ഹാബുല്‍ കഹ്ഫിന് ഇത് മതിയെന്ന് വീതം തീരുമാനിച്ചതും അവനൊരുവന്‍ തന്നെ.
മതി കത്തുന്ന നേരത്ത് മാത്രമേ അതില്‍ വെളിച്ചം ഉദയം ചെയ്യുന്നുള്ളൂ, അത് ജബല്‍ നൂര്‍ ആയി മാറുന്നുമുള്ളൂ. മതിയെടോ എന്ന തിരിച്ചറിവോടെ ആ ഗിരിയിറങ്ങാന്‍. ഇഖ്‌റഅ് എന്ന് കേട്ടാണ് നബി ആ വെളിച്ചം കാണുന്നത്. വായിക്കുക എന്ന് മാത്രം ഈ പദത്തില്‍ അര്‍ത്ഥം ആരോപിച്ചാല്‍ ശരിയാകുമോ. ഖുറത്തുല്‍ ഐന്‍ എന്ന കാഴ്ചാനുഭവത്തിന്റെ അര്‍ത്ഥവും ഇതില്‍ ചികയാനാവില്ലേ. നബിക്കിറങ്ങിയ ഇഖ്‌റഅ് എന്ന ആദ്യവാക്കിന് എന്തര്‍ത്ഥം കല്‍പിക്കും നാം. ഒരുക്കൂട്ടുക, പൂര്‍വാവസ്ഥ പ്രാപിക്കുക, സമയോചിതമാകുക എന്നിങ്ങനെ നീളുന്നു അതിന്‍ അര്‍ത്ഥമല. ഈ വാക്കിന്നര്‍ത്ഥമല കേറുന്നതേ നമുക്ക് തീര്‍ത്ഥാടനം. ഖുര്‍ആനിക വാക്കുകളെല്ലാം ഇമ്മാതിരി അര്‍ത്ഥഗര്‍ത്തങ്ങള്‍.


അമലരായി വേണം ആ മല താണ്ടാന്‍. കാരണം നബി അമലനായതിനാല്‍ മാത്രം കേറിയതാണീ മല എന്നോര്‍ക്കണം. മുഹമ്മദ് എന്ന് പേരിട്ടത് വെറുതെയല്ലെന്നും അറിയണം- ആരാണോ വാഴ് വില്‍ വാഴ്ത്തലിന് യോഗ്യന്‍ അവന്‍ മുഹമ്മദ്. വാഴ് വേ വാഴ്ത്തലായവന് വഴി മുഹമ്മദ്. വാഴ്ത്തപ്പെട്ടുകൊണ്ടേയിരിക്കുന്നവന് ഇറങ്ങുന്ന നയനാനന്ദകരമായ- ഖുറത്തുല്‍ ഐന്‍- വെളിച്ചത്തിന് അനുയോജ്യമായ സമയത്തിന് പേര് റമളാന്‍. ഖുര്‍ആന്‍ എന്നാല്‍ തന്നെ സമയോചിതം എന്നുമാകുന്നല്ലോ അര്‍ത്ഥം. കാവ്യത്തിനുചിതമായ താളത്തിനും ഈ വാക്കില്‍ അര്‍ത്ഥമുണ്ട്. ഇഖ്‌റഅ് എന്ന് ആദ്യ മന്ത്രണം നബിയില്‍ ഉറവ പൊട്ടിയപ്പോള്‍ അതിന് ഇങ്ങനെയും അര്‍ത്ഥം- നീ ഉചിത വൃത്തവും കോര്‍വയുമൊത്ത കാവ്യമാകുക. മുഹമ്മദിന്, പ്രിയര്‍ മദ്ഹ് കോര്‍ത്തത് ഈ ഖുര്‍ആനിക സൂചനയെ ഉള്ളില്‍ പേറിയിട്ടാവണം.


റമളാനില്‍ ഉപവസിക്കുന്നു എന്നതിന് നാം ഖുറത്തുല്‍ ഐന്‍ എന്ന വെളിച്ചാനുഭവത്തിലേക്ക് നമ്മെ സ്വരൂപിക്കേണ്ടതുണ്ടെന്നാണ് ഉദ്ദേശം. അള്ളാ അതിനെ സൗമ് എന്ന് വിളിക്കുന്നു. സൗമിന്റെ അര്‍ത്ഥത്തോട് തൊട്ടുതലോടിക്കിടക്കുന്ന കാര്യങ്ങളാണ് ഇസ്ലാമിലെ മറ്റു നാലാശയങ്ങളും. കരിക്കണം, ശുദ്ദീകരിക്കണം, വിടണം- ഈ മൂന്ന് കാര്യങ്ങള്‍ ഇസ്ലാമിലുണ്ട്. സ്വലാത്ത്, സക്കാത്ത്, സൗമ്. മലയാളത്തില്‍ മൂന്നും സമാനാക്ഷരങ്ങളില്‍ തുടങ്ങുന്നു- സ. സക്കാത്തിന്റെ ആദ്യാക്ഷരവും സ്വലാത്തിന്റെ ആദ്യാക്ഷരവും അറബിയില്‍ വേറെ ലിപികളാണ്. മലയാളത്തില്‍ അതിന് ലിപി ഒന്നേയുള്ളൂ- സ. അറബിയെ മലയാളം ഒന്നിലേക്കാക്കുന്നു എന്ന കുഞ്ഞുകൗതുകം കാണാം ഇവിടെ. അഞ്ചു കാര്യങ്ങളാണ് കാര്യമായി ഇസ്ലാമിനെ എണ്ണാനായി എടുക്കുക. ആദ്യത്തേത് വെളിവാക്കലാണ്, സാക്ഷിയാവലാണ്- ശഹാദത്ത്. അതിനാല്‍ ശഹാദത്ത് തെളിയണം, അതിന് കാണണം. അറ്റത്തേതും അഞ്ചാമത്തേതും ഹജ്ജാണ്- യാത്ര പുറപ്പെടലാണ്. അപ്പോള്‍ അഞ്ച് കാര്യങ്ങളെ ഇങ്ങനെ കോര്‍ത്ത് അടുക്കി വെക്കാം- കാണണം, കരിക്കണം, വിശുദ്ധീകരിക്കണം, വിടണം, പുറപ്പെടണം. ഈ അഞ്ചില്‍ എല്ലാം ഒന്നിനൊന്ന് അഞ്ചുന്നവയാണ്. ഈ അഞ്ച് കര്‍മ്മങ്ങളും ഒന്നിനെ തന്നെ ഉന്നം വെക്കുന്നു എന്നറിഞ്ഞാല്‍ ആരും ഒന്നും വിടില്ല.


കരിക്കണം, ശുദ്ധീകരിക്കണം, വിടണം, ഊര് വിടണം, വെളിവാകണം- ഇത്രയും ചേര്‍ന്നുവന്നാല്‍ ഒരാള്‍ മുസ്ലീമായി. ഈ അഞ്ചിലും പെട്ടാല്‍ ഒരാള്‍ മുസ്ലീമായി. അഞ്ചിലും പെട്ടാലേ ഒരാള്‍ക്ക് തഞ്ചാനാവൂ. ഒരാള്‍ക്കും വെറുതെ തഞ്ചാനാവില്ല. അതിന് അവനവന്റെ തുഞ്ചം കളയണം. അതിന് ഒരാളും മനസാ പോകുകയില്ല. മനസ് പോകുന്നത് പിടി വിട്ട വഴികളിലൂടെ. പിടിവിട്ടു പോകലും പിടിപ്പ്‌കേടും മനസിന്റെ ധൂര്‍ത്ത്.
ഇസ്ലാമില്‍ ധൂര്‍ത്തുണ്ടോ ഇല്ലയോ എന്നുള്ളതിന്റെ ഉരകല്ലാണ് റമളാന്‍. ഇസ്ലാമില്‍ ധൂര്‍ത്ത് ഉണ്ടായാല്‍ നല്ലതല്ലേ, ഇസ്ലാം വിധേയപ്പെടലല്ലേ, വിധേയപ്പെടുന്നത് അധികമായാല്‍ എന്ത് കുഴപ്പം- എന്ന് നമുക്ക് ചോദിക്കാം. നിങ്ങളുടെ ധൂര്‍ത്ത് വിധേയപ്പെടുന്ന കാര്യത്തിലായാല്‍ അത് നന്നല്ലേ. അതെ ആ ധൂര്‍ത്ത് നന്ന്. മനസിനെ തൂര്‍ത്തെടുത്ത് ഈ ധൂര്‍ത്തെലത്തിക്കാന്‍ സൗമ്. ഈ വ്രതത്തിന് മലയാളി കണ്ട വാക്കാണ് നോമ്പ്. നോമ്പ് എന്താണ്. നോല്‍ക്കാനുള്ളതാണത്. നോമ്പില്‍ എന്താണ് നാം നോല്‍ക്കുന്നത്. റമളാന്‍ മാസത്തില്‍ ആളുകള്‍ പകല്‍ ഭക്ഷണം വിട്ട് നിന്നാലും രാത്രിയില്‍ അതില്‍ മുഴുകി നില്‍ക്കുന്നതായി കാണാം. പകല്‍ പട്ടിണി, പകലൊടുങ്ങിയാല്‍ പത്തിരി എന്ന മട്ടാണ് മിക്ക മുസ്ലീങ്ങള്‍ക്കും. ഇത് മുസ്ലീങ്ങള്‍ക്കെതിരെ ഒരു ആക്ഷേപമായി തന്നെ കേട്ട് വരുന്നുമുണ്ട്. പത്തിരി കിട്ടാത്തവരുടെ പരിഭവമായി മാത്രം ഇതിനെ എടുക്കാമോ. മുസ്ലീങ്ങള്‍ക്കെന്താ ഇതൊക്കെ രാത്രിയിലും വിട്ടാല്‍. റമളാനിലെങ്കിലും കാര്യമല്ലാത്തതെല്ലാം മുഴുവനായും വിട്ടുകൂടേ. റമളാനിലെങ്കിലും എന്നോ? അതിന് റമളാന്‍ എന്ന സമയം, സൗമിലേര്‍പ്പെട്ടു കഴിഞ്ഞാല്‍ അവസാനിക്കുന്നേയില്ലല്ലോ. സൗമിലായാല്‍ ഒരാള്‍ സൗമ്യമായി. സൗമ്യമാനസം പിന്നെ വിട്ടുകളയുമോ ശമമാണ്ടവന്‍. എല്ലാ പ്രവാചകരും സൗമ്യര്‍.


എല്ലാ പ്രവാചകരിലും പലതും വിടലുണ്ട്. അവരുടെ ചുറ്റുമുള്ളവര്‍ നോക്കുന്നതിനെ ഇവര്‍ നോക്കുന്നില്ല. ഞാന്‍ മാനിക്കുന്നതിനെ നിങ്ങള്‍ മാനിക്കില്ല, നിങ്ങള്‍ മാനിക്കുന്നത് ഞാനും – നബി മുഹമ്മദ് അള്ളാവിന്റെ നാവിനാല്‍ ഉറച്ച് പറയുന്നു. പ്ര- വാചകര്‍. പ്ര-വാചകര്‍ക്ക് ഒട്ടും വീണ്ടു വിചാരമില്ല തന്നെ. വിചാരമുള്ളവര്‍ക്ക് ഒന്നും നടപ്പില്ല. വിചാരം വിട്ടാലേ വല്ലതും നടപ്പിലാകൂ. ഇതിന് സ്വയം നൂല്‍ക്കണം. നോമ്പ് അത്തരത്തിലുള്ള നോല്‍ക്കലാണ്. നെയ്‌തെടുക്കലാണ്. നെയ്‌തെടുക്കാന്‍ ഒരുക്കം വേണം. അതിന് ഒരുങ്ങിയിരിക്കണം. ഒന്നില്‍ തന്നെ വസിക്കണം. ഉപവസിക്കണം. ഉപവാസമിരിക്കാനുള്ള ശീലം ഉണ്ടാക്കിയെടുക്കണം. അതിന് ഒരു മാസം മാത്രം പോര. റമളാന്‍ ഒരു മാസത്തിനിട്ട പേരല്ല, ഒരു വാസത്തിന്റെ തന്നെ പേരാണ്. എപ്പോഴും ശീലിപ്പിച്ചെടുക്കേണ്ട വാസനയുടെ പേരാണ്. ഉള്ള വാസന കളയേണ്ടതിന്റെ പേര്- കര്‍മ്മ വാസനകള്‍. റമളാന്റെ വാസന വായയുടെ നാറ്റമാണെന്ന് ഏവര്‍ക്കും അറിയാം. ശരീരത്തിന്റെ മണം നാം ഒളിപ്പിക്കുകയാണ് പതിവ്. കൂട്ടത്തിലേക്കിറങ്ങാന്‍ സ്വന്തം വാസന ഒളിപ്പിച്ചേ പറ്റൂ. പല വാസനകളും കൂട്ടത്തിന് ചേരുന്നതല്ല. എന്നാല്‍ നോമ്പ് നാറ്റത്തെ പുറത്തെടുക്കുന്നു. നാറ്റം വെളിപ്പെടുത്താതെ ഒരാള്‍ക്ക് നോമ്പില്ല. നാറിയേ മാറാനാകൂ എന്നതിനാല്‍. നാറിക്ക് മാത്രമേ മാറാനുമാകൂ എന്നതിനാലും.

റമളാനില്‍ നാം ഏവരും നാറികളായി മാറുന്നു. ഈ നാറ്റം എന്തില്‍ നിന്ന് വരും. അത് വായില്‍ നിന്ന് പുറപ്പെടുന്നു. ”വായോ” എന്ന വിളി ഏറ്റെടുത്തവനില്‍ നിന്ന് വരുന്നു. നോമ്പുകാരന്റെ വായയില്‍ സ്വര്‍ഗത്തിന്റെ മണം പ്രസരിക്കുന്നു. വായ സ്വര്‍ഗം നിറഞ്ഞ് സുഗന്ധപൂരിതമാകുന്നു. കൃഷ്ണന്റെ വായ തുറന്നപ്പോള്‍ കണ്ടത് അറ്റമറ്റ ഉലകങ്ങളെയായിരുന്നു. വായ അതിനാല്‍ ദൈവികമാകുന്നു. അതിനാല്‍ വിടുവായത്തം കാട്ടരുത്. ദൈവം വരുന്ന വഴിയാണത്. നാവിലൂടെ നിനക്ക് ദിവ്യതയെ ഉച്ചരിക്കാം. നാമജപം. നാവ്തപം. ഉറക്കെയോ പതിയെയോ. നിനക്ക് മാത്രം കേള്‍ക്കാനോ മറ്റെല്ലാവര്‍ക്കും കേള്‍ക്കാനോ. ദിവ്യം നിറഞ്ഞ നാവ് സ്വര്‍ഗപ്പൂന്തോപ്പ്. അപ്പോള്‍ ദൈവം നക്കിയ നാവ് നാമെല്ലാം.

ദൈവത്തിന്റെ നാറികളായി റമളാന്‍ ഓരോരുത്തരെയും മാറ്റുന്നു. നാറുന്ന ഉടലിനെ പേറി അത് ദൈവത്തിന് നേരുന്നവരാണ് നോമ്പുകാര്‍. അവര്‍ ഉപവാസികളാണ്. ദൈവത്തിനടുത്താണ് അവര്‍ക്ക് വാസം. എന്തിനാണ് ഒരാള്‍ ദൈവത്തിനടുത്ത് വസിക്കുന്നത്. അയാള്‍ക്ക് വേറെ താമസം ഇല്ലാത്തതിനാലാണോ. വേറെ വാസന ഇല്ലാത്തതിനാല്‍? ഉപവാസമിരുന്നാണ് കാര്യങ്ങള്‍ നേടാനാവുക എന്ന് പല സമരക്കാരും കരുതുന്നത് കാണാം. പലപ്പോഴും ഒരു ജനപ്രിയ സമര രൂപമായി ഉപവാസം മാറിക്കഴിഞ്ഞു. ഉപവാസം ചിലപ്പോഴെങ്കിലും നിരാഹാര വ്രതവും ആകാറുണ്ട്. ആഹാരം കളഞ്ഞിട്ട് ഉപവസിക്കുന്നവര്‍ എന്തിനടുത്തേക്കാണ് നീങ്ങുന്നത്. ഇന്ത്യന്‍ സമരങ്ങളില്‍ ഉപവാസം വന്നത് ആരുടെ സഹവാസത്തില്‍ നിന്നാണ്. സംശയമില്ല, മഹാത്മാ ഗാന്ധിയുടെ വാസത്തില്‍ നിന്നും. ആദ്യകാല നിരാഹാര വ്രതക്കാര്‍ ഗാന്ധിയുടെ ഉപവാസികള്‍ ആയിരുന്നു. ഇപ്പോള്‍ ഉപവസിക്കുന്നവര്‍ അങ്ങനെ ചെയ്യുന്നത് ഗാന്ധിയോട് അടുത്തെത്താനാണോ. താനും ഒരു ഗാന്ധിയനാണെന്ന് കാട്ടാനാണോ. നോമ്പിന്റെ ഉപവാസം ഇതു പ്രകാരം താനും അള്ളായുടെ അടുത്തുള്ളവനാണെന്ന് തിരിച്ചറിഞ്ഞ് തന്നെയാണോ. നോമ്പുകാര്‍ ആരുടെ ഉപവാസികള്‍? അവര്‍ അള്ളാഹുവിന്റെ സഹവാസികള്‍.
സഹവാസവും ഉപവാസവും ഒന്ന് തന്നെയാണോ. സഹവാസത്തിലൂടെ മാത്രമേ ഉപവാസം സാധ്യമാകൂ. നല്ലവരൊത്തുള്ള സഹവാസം ആണ് അതിന് അനിവാര്യം. ആരാണ് നല്ലവര്‍. വല്ലവരും അല്ല അവര്‍. വല്ലവര്‍ക്കും ആകാം നല്ലവര്‍ എന്നുമുണ്ട്. വല്ലവര്‍ നല്ലവരുടെ കൂടെ വസിക്കണം. വല്ലവനും നല്ലവനും രണ്ട് കൂട്ടുകാരാണ്. എന്നും ഒത്തൊരുമിച്ചാണ് അവരുടെ വാസം. വല്ലവന്‍ മരതകത്തിലേക്ക് കൈ നീട്ടുമ്പോള്‍ നല്ലവന്‍ അത് തീയിലേക്കാക്കുന്നു. ആദ്യം വല്ലവന്‍ പരിഭവിക്കും നല്ലവനോട്. കൈ പൊള്ളിച്ചതിന്. പിന്നെ തിരിച്ചറിയും നല്ലത് തീയാണെന്ന്. അത് തീയതിനെ അണച്ചു കളയുമെന്ന്.


ഒരു കഥ ഓര്‍മ്മിപ്പിക്കാം. മൂസ നബി ഫിര്‍ഔന്റെ കൊട്ടാരത്തില്‍ വളരുന്നു. കുഞ്ഞാണ്. എന്നാലും കയ്യിലിരുപ്പ് അത്ര കുഞ്ഞനല്ലെന്ന് ഫിര്‍ഔന് മനസിലായിത്തുടങ്ങി. എങ്ങനെയെന്നോ? ബാപ്പാന്റെ താടി പിടിച്ച് വലിച്ചപ്പോള്‍. വളര്‍ത്തുബാപ്പയുടെ മടയിലിരുന്ന് വളര്‍ത്തുബാപ്പയുടെ മടിയിലിരിക്കുന്ന കുഞ്ഞ് താടി പിടിച്ച് വലിച്ചപ്പോള്‍ വളര്‍ത്തു ബാപ്പ കോപത്തോടെ നോക്കി. ഒന്നും ചെയ്യാനാവില്ലല്ലോ. ആസിയക്ക് പ്രിയപ്പെട്ട കുഞ്ഞാണല്ലോ. അവള്‍ വളര്‍ത്തുമ്മ ആയതിനാല്‍ മാത്രമാണ് താന്‍ വളര്‍ത്തു ബാപ്പ ആയിരിക്കുന്നതെന്ന് ഫിര്‍ഔന് അറിയാം. സ്വന്തം ശത്രുവിനെ വളര്‍ത്തുകയാണോ ഓരോ പിതാവും ചെയ്യുന്നതെന്ന് തോന്നിപ്പിക്കുമാറ്. മൂസായെ പരീക്ഷിക്കാന്‍ ഫിര്‍ഔന്‍ ബാപ്പ തീരുമാനിച്ചു.
രണ്ടു പാത്രം കൊണ്ടു വരാന്‍ കല്‍പന കൊടുത്തു- ഒന്നില്‍ മരതകങ്ങള്‍, മറ്റൊന്നില്‍ തീ. ബുദ്ധിമാനായ മൂസക്ക് തീ ഏതെന്ന് മനസിലായി മരതകത്തിന്റെ പാത്രത്തില്‍ കയ്യിടാന്‍ തുനിഞ്ഞു. തുനിഞ്ഞതും ആ നിമിഷം മാലാഖ ജിബ്രീല്‍ തടഞ്ഞ് മൂസായുടെ കൈ തീപാത്രത്തിലേക്ക് തന്നെ ചലിപ്പിച്ചു. കാരണം മരതകവും തീയും തിരിച്ചറിയാന്‍ കെല്‍പുള്ളവനാണെങ്കില്‍ ആ കാരണം കൊണ്ട് കുഞ്ഞിനെ കൊലപ്പെടുത്താമെന്ന് ഫിര്‍ഔന്‍ കരുതുന്നത് അള്ളാഹു അറിയുന്നു. കയ്യിലുള്ളത് തീറ്റപ്പണ്ടമാണെന്ന് തെറ്റിധരിച്ച് മൂസാ വായിലേക്ക് അത് കൊണ്ട് പോയി. തല്‍ക്ഷണം നാവ് പൊള്ളി. തീറ്റപ്പണ്ടം തീപണ്ടമാണെന്ന് നാവറിഞ്ഞു. അന്നുമുതല്‍ മൂസ വിക്കനായി. എന്താണീ നടന്നതിന്റെ കഥ. ആരാണ് ഇതില്‍ നല്ലവനും വല്ലവനും. ദൈവം എന്തിന് വകതിരിവുള്ളവരെ പോലും കൈ പിടിച്ച് തിരിച്ച് തീയിലാക്കുന്നു. ദൈവം എന്തിനീ തീക്കളി കളിക്കുന്നു. എന്താണീ കാര്യങ്ങളുടെ ഉള്ളുകള്ളി.


ഉള്ളു കള്ളമല്ലാത്തവര്‍ക്ക് ഇതില്‍ ഒരു ദൃഷ്ടാന്തമുണ്ട്. ഇത് ദൈവത്തിന്റെ തീരുമാനങ്ങളുടെ ഉള്ളറ കാട്ടുന്ന ഉപമാകഥയായി കാണണം. ചിലപ്പോള്‍ പൊള്ളുന്നതാണ് പടപ്പുകളുടെ പടര്‍ച്ചക്ക് നന്നെന്ന് ദൈവം പലപ്പോഴും കരുതുന്നു. പൊള്ളിക്കലാണ് ദൈവഹിതം. അതിന്റെ ഒരു വിഹിതം നാം പറ്റേണ്ടതുണ്ട്. പൊള്ളു പറയുന്നവരെ മാത്രമല്ല ദൈവം ഇത് ചെയ്യുക. നാവ് കരിഞ്ഞവന്‍ മൂസ. കരിഞ്ഞ നാവില്‍ നിന്ന് പുറത്ത് പോകുന്നത് കേടുള്ള ഭാഷയും സംസാരവും തന്നെ. കരിക്കല്‍ ശുദ്ധീകരിക്കല്‍ തന്നെ. മരതകം എടുക്കലാണ് നല്ലതെന്ന് ആദ്യം തോന്നിയേക്കാം. വിക്കുന്നതു മോശമാണെന്നും തോന്നിയേക്കാം. അള്ളാ വല്ലവന്റെ പണി എടുത്തതായും ആദ്യതോന്നലില്‍ ഒരാള്‍ വിചാരിക്കാം. എന്നാല്‍ നല്ലവനെ വല്ലവനാക്കുന്ന ആല്‍ക്കെമിയുടെ പേരാണ് അള്ളാ എന്ന് പിന്നെ അറിയും. എല്ലാം പിന്നീടറിയുന്നവന്റെ പേരുമാണല്ലോ മൂസ.
വല്ലവനും നല്ലവനും ഒരാളാണെന്ന് തിരിച്ചറിയുന്ന നിമിഷം നാം നോറ്റു തുടങ്ങണം. നാം തോറ്റു തുടങ്ങണം.

വായയെ നാറ്റിത്തുടങ്ങണം.
നാവ് നിറച്ച് വെക്കണം.
നിറഞ്ഞ നാവില്‍ മാത്രമല്ലേ അവന്‍.
യാ അള്ളാ, നീയല്ലേ എന്‍ നാവ്.
എനിക്ക് കാവ്. എന്‍ ഉടലിന്‍ പൂങ്കാവ്.

ഹുദൈഫ റഹ്‌മാന്‍

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.