Home » Article » റമളാന്‍: വൈവിധ്യങ്ങളുടെ ആഘോഷങ്ങള്‍

റമളാന്‍: വൈവിധ്യങ്ങളുടെ ആഘോഷങ്ങള്‍

കോവിഡ് മുസ്‌ലിം രാജ്യങ്ങളില്‍ കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ വര്‍ഷവും റമളാനെ പ്രൗഢിയോടെ വരവേല്‍ക്കാന്‍ സാധിക്കാത്തതില്‍ വിശ്വാസികള്‍ അസംതൃപ്തരാണ്. ചരിത്രത്തിലുടനീളം മുസ്‌ലിം ലോകം പ്രത്യേക ആഢംബരങ്ങളോട് കൂടിയാണ് റമദാനെ സ്വീകരിച്ചത്. മാസപ്പിറവി, പ്രത്യേക വിജ്ഞാന സദസ്സുകള്‍, ഇഫ്താര്‍, സമൂഹ സംഗമങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ചടങ്ങുകള്‍ ഈ പുണ്യ മാസത്തിന്റെ മാത്രം പ്രത്യേകതയാകുന്നു.
മാസപ്പിറവി ദൃഷ്യമാവുന്നതോടെയാണ് അറബി മാസങ്ങള്‍ ആരംഭിക്കുന്നത്. റമദാന്‍ പിറവിയെ സൂക്ഷമതയോടെയും വിശ്വസ്തതയോടെയും കൂടിയായിരുന്നു മുസ്‌ലിം ലോകം സമീപിച്ചിരുന്നത്. നീതിമാന്മാരും സത്യസന്ധരുമായ മുസ്‌ലിംകള്‍ മാസപ്പിറവി ദൃഷ്യമായെന്ന് സാക്ഷ്യപ്പെടുത്തുമ്പോഴാണ് മാസാരംഭം ഔദ്യോഘികമായി സ്ഥിതീകരിക്കപ്പെടുന്നത്. അബ്ബാസി കാലഘട്ടത്തില്‍ ഖാദിമാര്‍ നേരിട്ട് വന്ന് ഉറപ്പിക്കുന്ന വിപുലമായ ചടങ്ങായി മാസപ്പിറവി മാറി. ഏകദേശം ഹിജ്‌റ 8 ാം നൂറ്റാണ്ട് വരെ ബഗ്ദാദ് ഒഴികയുള്ള പ്രദേശങ്ങളില്‍ ഈ ചര്യ തന്നെ നിലനിന്നു. അബ്ബാസി ഖലീഫ മന്‍സൂറിന്റെ കീഴില്‍ ഈജിപ്തില്‍ ഖാദിയായി സേവനമനുഷ്ടിച്ച ലഹിഅതുല്‍ ഹദ്‌റമിയാണ് നേരിട്ടെത്തി മാസപ്പിറവി നീരീക്ഷിക്കുന്നതിന് തുടക്കം കുറിച്ചതെന്ന് ഇബ്‌നു ഖല്ലിക്കാന്‍ രേഖപ്പെടുത്തുന്നുണ്ട്. ശഅ്ബാന്‍ ഇരുപത്തിയൊമ്പതിന് (യൗമുറക്ബ) ഈജിപ്തിലെ ഖാദിയും പണ്ഡിതന്മാരും പൊതുജനങ്ങളും മാസപ്പിറവി നിരീക്ഷിക്കാന്‍ പോകുന്ന ദൃശ്യം ഇബ്‌നു ബതൂത രിഹ്‌ലയില്‍ വിവിരിക്കുന്നുണ്ട്. പ്രത്യേകമായി തയ്യാറാക്കപ്പെട്ട സ്ഥലത്ത് ചാന്ദ്ര നിരീക്ഷണം നടത്തുകയും മാസപ്പിറവി ദൃശ്യമായാല്‍ ആഘോഷപൂര്‍വം മടങ്ങുകയും ചെയ്യുന്ന രംഗം ഹൃദ്യമായി അദ്ദേഹം വിശദീകരിക്കുന്നുണ്ട്. പക്ഷെ, ബഗ്ദാദിലെ പണ്ഡിതന്മാര്‍ സാക്ഷികളുടെ സ്ഥീകരണാടിസ്ഥാനത്തിലാണ് മാസാരംഭം ഉറപ്പിച്ചിരുന്നതെന്ന് ദഹബിയെപോലുള്ള ചരിത്രകാരന്മാര്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

അലങ്കാരം


പ്രത്യേക ചമയാലങ്കാരങ്ങളോട് കൂടെ റമദാനിനെ വരവേല്‍ക്കുക എന്നത് സ്വാഹാബത്തിന്റെ കാലം മുതല്‍ക്ക് നിലനില്‍ക്കുന്ന ചര്യയാണ്. റമളാന്‍ പ്രമാണിച്ച് പള്ളികളില്‍ പ്രത്യേക അലങ്കാര വിളക്കുകല്‍ തെളിയിക്കാന്‍ തുടങ്ങിയത് ഉമര്‍ (റ) ആണെന്ന് ഇബ്‌നു അസാകിര്‍ താരീഖു ദിമിശ്ഖില്‍ രേഖപ്പെടുത്തുന്നുണ്ട്. യമനിലെ ഏദന്‍ നിവാസികള്‍ ശഅ്ബാന്‍ അവസാനത്തോടെ പെരുമ്പറ കൊട്ടുകയും രാത്രിയുടെ അവസാന യാമം വരെ ഖസ്വീദകള്‍ ആലപിക്കാറുമുണ്ടായിരുന്നു. പള്ളികള്‍ മോടി പിടിപ്പിക്കല്‍ റമാദിനിനോടനുബന്ധിച്ച് നടത്തപ്പെട്ടിരുന്ന സവിശേഷ പ്രക്രിയയായിരുന്നു. അലങ്കാര വിളക്കുകള്‍ പ്രകാശിപ്പിക്കല്‍, സുഗന്ധ ദ്രവ്യം തളിക്കല്‍, പുതിയ പായ വിരിക്കല്‍ തുടങ്ങിയ വളരെ പ്രധാനമാണ്. കഅ്ബയുടെ കിസ്‌വ മാറ്റിപ്പുതപ്പിക്കലും സ്വഹാബാക്കളുടെ കാലം മുതല്‍ക്കേ റമദാനിലായിരുന്നു നടന്നിരുന്നത്. മുആവിയ (റ) യുടെ കാലത്ത് ഈജിപ്തില്‍ നിന്നും പ്രത്യേകം തയ്യാറാക്കപ്പെട്ട ഖബാത്വി വസ്ത്രമായിരുന്നു ഇതിന് വേണ്ടി ഉപയോഗിച്ചിരുന്നത്. അബ്ബാസി ഖലീഫ മഅ്മൂന്‍ പള്ളികള്‍ അലങ്കരിക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് ഔദ്യോഗിക ഉത്തരവ് നല്‍കിയിരുന്നു. കിതാബു ബഗ്ദാദ്, സഹ്‌റുല്‍ ആദാബ് എന്നീ ഗ്രന്ഥങ്ങള്‍ ഇത് ഉദ്ധരിക്കുന്നുണ്ട്. സ്‌പെയ്‌നിലെ അമവികളും ഈജിപ്തിലെ ഫാത്വിമികളും റമദാനില്‍ പള്ളികള്‍ അലങ്കരിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. റമദാനില്‍ മസ്ജിദുല്‍ ഹറം മോടി പിടിപ്പിക്കല്‍ ഒരു അനിവാര്യമായ കാര്യം പോലെ നിര്‍വഹിക്കപ്പെട്ടിരുന്നുവെന്ന് മുസ്‌ലിം സഞ്ചാരികളായ ഇബ്‌നു ജുബൈറും ഇബ്‌നു ബത്തൂതയും രേഖപ്പെടുത്തുണ്ട്. മാസപ്പിറവിയോടെ മക്കയില്‍ പ്രത്യേക പെരുമ്പറ മുഴക്കപ്പെടുകയും മസ്ജിദുല്‍ ഹറാമില്‍ ആഘോഷ സമാനമായ അന്തരീക്ഷം രൂപപ്പെടുകയും ചെയ്യാറുണ്ട്. നാല് മദ്ഹബുകളുടെ അനുയായികളും ശിഈ വിഭാഗമായ സൈദികളും വെവ്വേറെ ഭാഗങ്ങളിലായാണ് നിസ്‌കാരം ആരംഭിക്കുന്നത്.

അത്മീയത, ആരാധന


വിശ്വാസിയുടെ അത്മീയാന്വേഷം പാരന്യതയിലെത്തുന്നത് വിശുദ്ധ റമദാനിലാണ്. പരിശുദ്ധ ഖുര്‍ആന്‍ ഇറക്കപ്പെട്ട മാസമായതിനാല്‍ തന്നെ ഖുര്‍ആനുമായുമുള്ള ബന്ധം ഊഷ്മളമാക്കുന്നതില്‍ വിശ്വാസി പരിശ്രമിച്ച് കൊണ്ടേയിരിക്കും. പ്രമുഖ പണ്ഡിതന്മാരും സൂഫിവര്യരും ഇതര പണികളെല്ലാം മാറ്റിവെച്ച് ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുമായിരുന്നു. ഇസ്ഹാബ് ബ്‌നു അംറ് അല്‍ കൂഫി, ഖാളി അബൂബക്കര്‍ ബ്‌നു സര്‍ബ് അല്‍ അന്ദുലുസി എന്നീ പ്രമുഖരെല്ലാം അധ്യാപനം, ഖളാഅ് തുടങ്ങിയ ജോലികള്‍ വരെ മാറ്റിവെക്കാറുണ്ടായിരുന്നു. ഖുര്‍ആന്‍ എഴുത്തിനായി ഉഴിഞ്ഞിരുന്ന പണ്ഡിതരുമുണ്ടായിരുന്നെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്. മുഹമ്മദ് ബ്ന്‍ അല്‍ അദീം അല്‍ഹലബി റമദാനില്‍ സ്ഥിരമായി ഒന്നോ രണ്ടോ മുസ്ഹഫുകള്‍ എഴുതതീര്‍ക്കാരുണ്ടെന്ന് സ്വലാഹുദ്ദീന്‍ സ്വഫ്ദി അല്‍വാഫി ബില്‍ വഫയാതില്‍ ഉദ്ദരിക്കുന്നുണ്ട്.
ഫാത്വിമി ഈജിപ്തില്‍ ജുമാദല്‍ ഉഖ്‌റാ അവസാനത്തോട് കൂടെ തന്നെ അനാശാസ്യ കേന്ദ്രങ്ങളെല്ലാം സീല്‍ വെക്കപ്പെടാറുണ്ടായിരുന്നു. മക്കയില്‍ ഖുര്‍ആന്‍ ഖത്മ് തീര്‍ക്കുന്ന പ്രത്യേക ചടങ്ങുകളായിരുന്നു പ്രത്യേക സവിശേഷത. മഖാമു ഇബ് റാഹിമിനരികില്‍ നിന്ന് ഖത്മ് തീര്‍ക്കുന്ന സമ്പ്രദായവും മധ്യകാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്നെന്ന് രിഹ്‌ലയില്‍ പ്രതിപാദിക്കുന്നുണ്ട്. റമദാന്‍ അവസാനത്തില്‍ ഖുര്‍ആന്‍ പാരായണ വിദഗ്ദര്‍ക്കും മുഅദ്ദിനും വര്‍ധിത ശമ്പളം നല്‍കുന്ന രീതിയും അക്കാലത്ത് നിലനിന്നിരുന്നു. റമദാനില്‍ ഉംറക്ക് അധിക പ്രാധാന്യം നല്‍കിയവരായിരുന്നു അധിക പണ്ഡിതരും. ജിഹാദിലും ശത്രു നിരീക്ഷണത്തിലും റമദാന്‍ ചിലവഴിക്കലിന് പ്രാമുഖ്യം നല്‍കിയ ചില പണ്ഡിതന്മാരുമുണ്ട്. തുനീസ്യന്‍ മാലികി പണ്ഡിതനായിരുന്ന സഹ്നൂന്‍ തനൂഖി, മൂസാബ്ന്‍ മുആവിയ, പ്രമുഖ ഹദീസ് പണ്ഡിതന്‍ അബ്ദുള്ളാഹ് ബ്ന്‍ മുബാറക്, ഹുസൈന്‍ ബ്ന്‍ ബഹ്ര്‍ അല്‍അഹ്‌വാസി, അന്തുലൂസിയന്‍ പണ്ഡിതന്‍ ഇബ്ന്‍ അല്‍ഫര്‍ലി തുടങ്ങിയവരാണ് ഇവരില്‍ പ്രമുഖര്‍.

ദാനധര്‍മ്മം


ഉദാരമനസ്‌കത പ്രവാചക ശീലമാണ്. റമദാനില്‍ പ്രത്യേക ദാനധര്‍മ്മം നിര്‍വഹിക്കുന്ന രീതി നബിക്കും മുമ്പ് പിതാമഹന്‍ അബ്ദുല്‍ മുത്തലിബ് തുടങ്ങി വെച്ചതാണെന്ന് ഇബ്‌നു അസീര്‍ ഉദ്ദരിക്കുന്നുണ്ട്. പ്രവാചക ചര്യ പിന്തുടരുന്ന സ്വഹാബികളും ദാനകര്‍മ്മം വര്‍ധിപ്പിച്ചു. റമദാനില്‍ കര്‍മ്മങ്ങള്‍ക്ക് ഇരട്ടി പ്രതിഫലം നല്‍കുമെന്ന വാഗ്ദാനം ദാനകര്‍മ്മം വര്‍ധിപ്പിക്കാന്‍ വിശ്വാസികള്‍ക്ക് പ്രോത്സാഹനമേകി. മസ്ജിദുന്നബവിയില്‍ നോമ്പുകാര്‍ക്ക് വിതരണം ചെയ്യപ്പെട്ടിരുന്ന പ്രത്യേക പാനിയത്തെക്കുറിച്ച് ഇബ്‌നു സഅദ് തബകാതുല്‍ കുബ്‌റയില്‍ ഉദ്ദരിക്കുന്നുണ്ട്. അമവീ, അബ്ബാസി ഖലീഫമാരും ഗവര്‍ണര്‍മാരും നോമ്പുകാര്‍ക്ക് ഭക്ഷണം നല്‍കുന്നതിനാലും പാവപ്പെട്ടവര്‍ക്ക് ദാനം നല്‍കുന്നതിനും പ്രത്യേക പരിഗണന നല്‍കിയിരുന്നു. അമവീ സ്ഥാപകന്‍ മുആവിയ ബ്ന്‍ അബീസുഫ്‌യാന്‍ ഹാജിമാര്‍ക്കും നോമ്പുകാര്‍ക്കും ഭക്ഷണ വിതരണത്തിനായി ‘ദാറുല്‍ മറാജില്‍’ എന്ന കെട്ടിടം വരെ നിശ്ചയിച്ചിരുന്നു. അഗ്‌ലബീ അമീര്‍ അഹ്‌മദ് ബ്ന്‍ മുഹമ്മദ് ബ്ന്‍ അഗ്‌ലബ്, അബ്ബാസി ഗവര്‍ണര്‍ മാലിക് ബന്‍ തൗഖ്, ബുവൈഹി വസീര്‍ സ്വാഹിബ് ബ്ന്‍ അബ്ബാദ് തുടങ്ങിയവരെല്ലാം റമദാനിലെ ദാനധര്‍മ്മങ്ങള്‍ക്ക് പേരുകേട്ടവരാണ്. അബ്ബാസി ഖലീഫ നാസ്വിര്‍ ലിദീനില്ലാഹി ഫുഖരാക്കളുടെ ഭക്ഷണാവശ്യങ്ങള്‍ക്കായി ‘ദുവറുളിയാഫ്’ എന്ന പ്രത്യേക കേന്ദ്രം സ്ഥാപിച്ചിരുന്നു. അദ്ദേഹത്തിന്റെ പൗത്രന്‍ മുസ്തന്‍സിര്‍ ഇഫ്താറിനായി പ്രത്യേകം വഖ്ഫ് ചെയ്തിരുന്നു. ഡമസ്‌കസിലെ മുസ്‌ലിംകള്‍ മറ്റാരുമില്ലാതെ നോമ്പ് തുറക്കുന്ന സാഹചര്യം അക്കാലത്ത് ഇല്ലായിരുന്നുവെന്നാണ് ഇബ്‌നു ബത്തൂത രേഖപ്പെടുത്തുന്നത്. മംലൂക് രാജാവായ ളാഹിര്‍ ബര്‍ഖൂഖ് റമദാനില്‍ ദിവസവും ഇരുപതോളം പശുക്കളെ അറുത്ത് മാംസം ദാനം ചെയ്യാറുണ്ടായിരുന്നു. വഖ്ഫും പുണ്യകേന്ദ്രങ്ങളുടെ നിര്‍മാണവും റമദാനിലാവാന്‍ പലരും പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഇസ്‌ലാമിക സ്ഥാപക ഫാതിമ അല്‍ഫിഅ്‌രി മസ്ജിദുല്‍ ഖറവിയ്യീന്റെ നിര്‍മ്മാണമാരംഭിച്ചത് റമദാനിലാണ്. അയ്യൂബി സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ മംലൂക് അമീര്‍ സൈഫുദ്ദീന്‍ സുര്‍ഗത്മുശ് തുടങ്ങിയവരെല്ലാം മദ്രസ നിര്‍മാണം ആരംഭിച്ചതും അവക്ക് വഖ്ഫ് ചെയ്തതും റമദാനിലാവാന്‍ കണിശത കാണിച്ചിരുന്നു.

വിജ്ഞാന സദസ്സുകള്‍


ആദ്യകാലം മുതല്‍ക്കേ രാജാക്കന്മാര്‍ റമദാനില്‍ സജീവമായ സംവാദ-ചര്‍ച്ചാ സദസ്സുകള്‍ സംഘടിപ്പിക്കാറുണ്ടായിരുന്ന. ഇത്തരം സദസ്സുകളില്‍ അത്താഴം വരെ ചില ഫാത്വിമി ഭരണാധികാരികള്‍ സമയം ചിലവഴിക്കാറുണ്ടെന്ന് മഖ്‌രീസി രേഖപ്പെടുത്തുന്നുണ്ട്. റമദാന്‍ പ്രത്യേക ഹദീസ് സദസ്സുകള്‍ സംഘടിപ്പിക്കുകയെന്നത് ഈജിപ്ത്, ശാം, മംലൂക് ഭരണാധികാരികളുടെ പതിവായിരുന്നു. സുല്‍ത്വാന്‍ അശ്‌റഫ് ശഅ്ബാന്‍ തുടങ്ങിവെച്ച രീതി പിന്നീട് കാലങ്ങളോളം നിലനില്‍ക്കുകയുണ്ടായി. ബുവൈഹി കാലഘട്ടത്തില്‍ റമദാന്‍ കേന്ദ്രീകരിച്ച് പ്രത്യേക സംവദ സദസ്സുകളും ഉണ്ടാകാറുണ്ടെന്ന് സആലിബി വിവരിക്കുന്നുണ്ട്. ഇന്ത്യയിലെ ഗോറി രാജാക്കന്മാര്‍, മുഹമ്മദ് ബ്ന്‍ തുഗ്ലക്ക് തുടങ്ങിയവര്‍ ഇത്തരം സദസ്സുകള്‍ക്ക് പ്രാധാന്യം ല്‍കിയവരാണ്.


സ്ത്രീകള്‍ക്കായുള്ള പ്രത്യേക സദസ്സുകളും മുസ്‌ലിം ലോകത്തിന്റെ പല ഭാഗങ്ങളിലും നിലനിന്നിരുന്നു. ദമസ്‌കസിലെ ഹദീസ് പണ്ഡിത അസ്മാഅ് ബിന്‍ത് മുഹമ്മദിന്റേതാണ് ഏറ്റവും പ്രശസ്തമായ സദസ്സ്. അവരില്‍ നിന്നും ഹദീസ് ഉദ്ധരിച്ച അലമുദ്ധീന്‍ അല്‍ ബിര്‍സാലി ഇക്കാര്യം പ്രസ്താവിക്കുന്നുണ്ട്. ജനങ്ങളെ മതപ്രഭാഷണ സദസ്സുകളാണ് റമദാനിന്റെ മറ്റൊരു സവിശേഷത. മഹാനായ ഇബ്‌നു അബ്ബാസ് (റ) ബസ്വറയില്‍ ജനങ്ങളെ ഒരുമിച്ച് കൂട്ടി പ്രത്യേക പ്രഭാഷണ സദസ്സുകള്‍ സംഘടിപ്പിക്കാരുണ്ടായിരുന്നു. മതപ്രഭാഷണം പോലെത്തന്നെ സാഹിത്യസദസ്സുകളും പലയിടങ്ങളിലുമുണ്ടായിരുന്നു. മുസ്‌ലിം ലോകത്തെ റമദാന്‍ ആഘോഷങ്ങളുടെ വിവിധ ചിത്രങ്ങളാണിവ. നൂറ്റാണ്ടുകളായി വിശ്വാസികള്‍ ആത്മീയാന്വേഷണത്തിന്റെ ബഹുതലങ്ങള്‍ പ്രകടമാക്കുന്നത് റമദാനിലാണ്. സ്ഥാന-ദേശ-വര്‍ണ വൈജാത്യമില്ലാതെ സമൂഹത്തിലെ എല്ലാവരും തുല്യ പങ്കാളികളാകുന്ന മഹത്തായൊരു ആത്മീയാനന്ദം റമദാന്‍ വിശ്വാസിക്ക് നല്‍കുന്നുണ്ട്. പ്രതിസന്ധി ഘടത്തിലും അത് അഭംഗുരം തുടരും.

ഉനൈസ് വി.എ കരീറ്റിപറമ്പ്

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.