Home » Article » ഇസ്‌ലാമോ ഇടതുപക്ഷം, അഥവാ ഇസ്‌ലാംഭീതിയുടെ പക്ഷം

ഇസ്‌ലാമോ ഇടതുപക്ഷം, അഥവാ ഇസ്‌ലാംഭീതിയുടെ പക്ഷം

ഇസ്‌ലാം ഭീകരവല്‍ക്കരണ പ്രക്രിയയിലെ നവസൈദ്ധാന്തിക സംവേദനമാണ് ഇസ്‌ലാമോലെഫ്റ്റിസം. ഫ്രഞ്ച് ഭരണകൂടത്തിന്റെ വാത്സല്യഭാജനം ബോഗിന്‍ ഡുജൂറയുള്‍പ്പെടെയുള്ളവരുടെ ഇസ്‌ലാം വിരുദ്ധ ഇടതുപക്ഷ വീക്ഷണത്തിൽ, തീവ്ര ഇസ്‌ലാമിനെ പ്രവര്‍ത്തനക്ഷമമാക്കുന്ന സാമ്രാജ്യത്വ വിരുദ്ധ, വംശീയവിരുദ്ധ, സ്ത്രീപക്ഷ പ്രസ്ഥാനങ്ങള്‍ അടിച്ചമര്‍ത്തലിന്റെ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞ ദശകങ്ങളില്‍ ഇസ്‌ലാമോ ഫാസിസമായിരുന്നു ശ്രദ്ധാവിഷയം. വലതുപക്ഷവുമായും ഇടതുപക്ഷവുമായും പ്രത്യക്ഷ ഇസ്‌ലാമിന് ഉദ്ധിഷ്ട ബന്ധം അസാധ്യമാണെന്നിരിക്കെയാണിത്. അതിന് മുന്പ് നൂറ്റാണ്ടുകളോളമുണ്ടായിരുന്ന പ്രവണത ഇസ്‌ലാമോ ജൂദായിസമായിരുന്നു (ജൂതന്മാരെയും മുസ്‌ലിംകളെയും സംയോജിപ്പിച്ചു യൂറോപ്യന്‍ ക്രിസ്ത്യന്‍ സ്വത്വത്തിന് ഭീഷണിയായി ചിത്രീകരിക്കുന്ന പദ്ധതി).

മധ്യകാല സാഹിത്യപണ്ഡിതന്‍ ജോരാള്‍ഡ് സൈന്‍ഹേങ് വിശകലനം ചെയ്തത് പോലെ, ഈ സിദ്ധാന്തങ്ങള്‍ക്കനുസൃതമായി മൗലികമായി പോലും സെമിറ്റിക് അന്യത്വം പ്രകടമായുള്ള ഇരുവംശങ്ങളും ഒരു വിഭാഗമായി സങ്കല്‍പ്പിക്കപ്പെട്ടു. എന്നാല്‍ രാഷ്ട്രീയ ഗതിമാറ്റത്തിനും നിലവിലെ ഭൂദൃശ്യത്തിനുമനുയോജ്യമായി തദ്ദേശീയ മാനം നല്‍കി ഇവയില്‍ പുനഃക്രമീകരണം നടത്തുകയാണ് ഡുജൂറ. പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് ഒറിയന്റലിസ്റ്റ് ഏണസ്റ്റ് റെനനെ ഉദ്ധരിക്കുകയാണെങ്കില്‍ യൂറോപ്പിന്റെ പൂര്‍ണ്ണനിരാസമാണ് ഇസ്‌ലാം. യൂറോപ്പും ആ സമയത്ത് ഇതു തന്നെയാണ് ധരിച്ചുവെച്ചിട്ടുള്ളതും. യൂറോപ്പ് ഹോമോഭീതിയുടെയും വിഭാഗീയതയുടെയും പിടിയിലമര്ന്നപ്പോള് മുസ്ലിം സമൂഹങ്ങള് കാര്യമായും വിമര്ശിക്കപ്പെട്ടത്, സാംസ്‌കാരിക ബഹുത്വം ഉള്‍കൊള്ളാത്തവരും ഇതരജാതീയാസ്തിത്വവുമായി ഉദാരസമീപനം സ്വീകരിക്കുന്നവരുമായതിനാലാണ്. ഇത് മുസ്‌ലിം അപചയത്തിന്നാധാരമായി. അത് പരിഹരിക്കപ്പെടേണ്ടത് സാമ്രാജ്യത്വ ഭരണസംവിധാനം ആ സമൂഹങ്ങളില്‍ നടപ്പിലാക്കുന്നതിലൂടെയാണെന്ന് പ്രചരണവുമുണ്ടായി. ഇപ്പോള്‍ നാഗരികതയുടെ സൂചകങ്ങള്‍ മാറി. ഫ്രഞ്ച് തത്വചിന്തകനായ പാസ്‌കല്‍ ബ്രേക്‌നറിനെപോലുള്ള പൊതു ബുദ്ധിജീവികള്‍ പരാതിപ്പെടുന്നത്, അത്യന്തം അസഹിഷ്ണുക്കളായ മുസ്‌ലിംകളെ സ്വതന്ത്രമായി ഭീകരവല്‍ക്കരിക്കാനുള്ള അവസരം ഇടതുപക്ഷം പരിമിതപ്പെടുത്തുന്നുവെന്നാണ്. സ്ഥിരമായി നടക്കുന്ന വംശീയവിരുദ്ധ പോരാട്ടങ്ങളിലുയരുന്ന ഇസ്‌ലാമോഫോബിയയാരോപണങ്ങള്‍ പലപ്പോഴും ഒരു തുറുപ്പ് ചീട്ടാണ്. അതേസമയം, മുസ്‌ലിംകള്‍ക്കെതിരെയുള്ള ശാശ്വതയുദ്ധമെന്ന അരൂപാവസ്ഥ നിലനില്‍ക്കുന്നതോടൊപ്പം അതിലെ അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടുന്നവരും അത്തരം അടിസ്ഥാന പ്രത്യയശാസ്ത്രങ്ങളെ വിമര്‍ശിക്കുന്നവരും ഭരണകൂടത്തിന്റെയും മറ്റു അധികാര സ്ഥാപനങ്ങളുടെയും പാര്‍ശ്വവല്‍ക്കരണത്തിനും അടിച്ചമര്‍ത്തലിനും വേട്ടയാടലിനും വിധേയരായിപ്പോവുന്നു. കളക്ടീവ് കൊണ്ടേ എല്‍ ഇസ്‌ലാമോഫോബിയ എന്‍ ഫ്രാന്‍സ് (ഫ്രാന്‍സിലെ ഇസ്‌ലാമോഫോബിയക്കെതിരായ കൂട്ടായ്മ) നവംബറില്‍ ഫ്രഞ്ച് സര്‍ക്കാര്‍ നിര്‍ത്തലാക്കിയതും മുസ്‌ലിം അക്കാഡമിക്കുകളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യം വെച്ച് നടക്കുന്ന നിരവധി റെയ്ഡുകളുടെ ഭാഗമായി പ്രമുഖ ഇസ്‌ലാമോഫോബിയ വിദഗ്ധന്‍ പ്രൊഫസര്‍ ഹാഫിസിന്റെ വസതിയില്‍ ഓസ്‌ട്രേലിയയിലെ ഭീകരവാദ പ്രതിരോധസേന റൈഡ് നടത്തിയതും തത്വചിന്തകനും വംശീയവിരുദ്ധ ഫലസ്തീന്‍ ഐക്യാദാര്‍ഢ്യ ആക്ടിവിസ്റ്റുമായ പ്രൊഫസര്‍ കോര്‍ണര്വെസ്റ്റിര്‍ ഹവാര്‍ഡ് സര്‍വകലാശാലയിലെ ഉദ്യോഗ കാലാവധി വരെ നിഷേധിക്കപ്പെട്ടതുമൊക്കെ ഉദാഹരണങ്ങള്‍.


ഇറാഖിനോട് ചേര്‍ത്തു പടച്ചുണ്ടാക്കിയ അയഥാര്‍ഥ കൂട്ടനശീകരണയായുധ സിദ്ധാന്തവുമായി ഏറെ സാമ്യത പുലര്‍ത്തുന്നതാണ് ബ്രെക്‌നറുടെ കൂട്ടഭീഷണിയായുധ സിദ്ധാന്തം. വ്യവസ്ഥാപിത ആക്രമണ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന പ്രവര്‍ത്തന പദ്ധതിയാണിത്. ഇസ്‌ലാമോ ഇടതുപക്ഷമെന്ന പദത്തിന്റെ പൊരുത്തക്കേട് ചൂണ്ടിക്കാണിക്കുമ്പോള്‍ തന്നെ ബ്രെക്‌നറിനെ ഇടതുപക്ഷ സഹയാത്രികനായി വിശേഷിപ്പിക്കാറുണ്ട്. ഇത് ഇടതുപക്ഷത്തിനകത്ത് നിലനില്‍ക്കുന്ന ഇസ്‌ലാം ഭീതിയെ അസ്പഷ്ടമാക്കുന്ന കാര്യമാണ്. ഇസ്‌ലാമോ ഇടതുപക്ഷത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഫ്രഞ്ച് രാഷ്ട്രീയ നേതാക്കള്‍ ആരോപിക്കുന്ന പാര്‍ട്ടിപോലും ഒരാള്‍ക്ക് ഇസ്‌ലാമോഫോബിക് ആവാനുള്ള അവകാശമുണ്ടെന്ന് വാദിക്കുന്ന പൊതുവാഗ്മികള്‍ക്ക് ആതിഥേയത്വം നല്‍കി സ്വീകരിക്കുകയാണ് .2019 ലെ ഫ്രഞ്ച് പള്ളിയാക്രമണത്തിന് ശേഷം നടന്ന മുസ്‌ലിം വിരുദ്ധതക്കെതിരെയുള്ള പൊതുജനപങ്കാളിത്തമുള്ള മാര്‍ച്ചുകളില്‍ പാര്‍ട്ടി പ്രധിനിധികളെ പങ്കെടുപ്പിക്കാന്‍ വരെ ഇവരെക്കൊണ്ട് സാധിച്ചിട്ടില്ല. ഇസ്‌ലാമോഫോബിയ ശക്തിയാര്‍ജ്ജിക്കുന്നതില്‍ വലത് ഇടത് രാഷ്ട്രീയക്കാര്‍ക്ക് ഒരുപോലെ വ്യക്തമായ പങ്കുണ്ട്.

മുസ്‌ലിം സ്ത്രീകളണിയുന്ന മൂടുപടത്തിന് പൊതുയിടങ്ങളില്‍ നിരോധനമേര്‍പ്പെടുത്തണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചതോടെയാണ് കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പൗരന്മാരുടെ വിശ്വാസ വോട്ടെടുപ്പില്‍ സ്വിസ് പാര്‍ട്ടി ഒരു വിധം തോല്‍വി മറികടന്ന് മുമ്പത്തെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കിട്ടിയ വോട്ട് വിഹിതത്തെക്കാള്‍ ഇരട്ടി നേടി വിജയിച്ചത്. 2009 ലെ മിനാരനിര്‍മ്മാണ നിരോധന ക്യാമ്പയിന് സമാനമാണിത്. വൈവാഹിക ജീവിതത്തില്‍ ലിംഗസമത്വം പ്രാബല്യത്തില്‍ വരുത്തുന്ന പ്രമേയത്തിനെതിരെ നിലകൊണ്ട അതേ രാഷ്ട്രീയ സംഘടനയാണ് മിനാരങ്ങളെ സ്ത്രീപീഡനത്തിന്റെ പ്രതീകങ്ങളായി ചിത്രീകരിച്ചു ഫെമിനിസ്റ്റുകളെ തങ്ങളിലേക്കാകൃഷ്ടരാക്കിയതെന്നോര്‍ക്കണം.
ജര്മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ഇടതുപക്ഷ പാര്‍ട്ടികളും പ്രവര്‍ത്തകരും മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണത്തിനു മേല്‍ എങ്ങനെയെങ്കിലും ഭരണകൂട ബലപ്രയോഗമേര്‍പ്പെടുത്താനുള്ള സജീവ നീക്കങ്ങളിലുമാണ്. മുസ്‌ലിം സ്ത്രീകളുടെ വിമോചനത്തിനായിപ്പോള്‍ അഞ്ചിരട്ടി യൂറോപ്യന്‍ രാജ്യങ്ങള്‍ തന്നെയുണ്ട്. നിയമപരമായി മുസ്‌ലിം സ്ത്രീകള്‍ മുഖാവരണം അണിയാതിരിക്കാനാണ് അവരുടെ പ്രേരണ. മുസ്‌ലിംകളുടെ ശിരോവസ്ത്രം, മിനാരങ്ങള്‍ എന്നിവ നീക്കം ചെയ്യാനുള്ള പദ്ധതികള്‍ പ്രകടമായി തന്നെ അവിടങ്ങളില്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു.

മുസ്‌ലിം ജൂത രക്ത അശുദ്ധതയായിരുന്നു പതിനഞ്ചാം നൂറ്റാണ്ടിലെ പ്രധാന പ്രശ്‌നം. ഇപ്പോള്‍ തങ്ങളുടെ സംസ്‌കാരവും മൂല്യങ്ങളുമായി മുസ്‌ലിംകള്‍ ചേര്‍ന്നുനില്‍ക്കുന്നില്ല എന്നതാണ്. ബ്ലാക് അമേരിക്കന്‍ നോവലിസ്റ്റ് ടോണി മോറിസണ്‍ പറഞ്ഞത് പോലെ വംശീയതയെ കുറിച്ചാലോചിക്കുമ്പോള്‍ എപ്പോഴും ഒരു കാര്യം പ്രസക്തമായി വരും. കാലങ്ങളായി ചൈനയും പടിഞ്ഞാറും തമ്മിലുള്ള പ്രത്യയശാസ്ത്ര തര്‍ക്കങ്ങള്‍ പോലും അപ്രത്യക്ഷമാക്കുന്ന വിധത്തില്‍ ഇവ രണ്ടിനെയും കോര്‍ത്തിണക്കുന്ന ഘടകം ഇസ്‌ലാമോഫോബിയയാണ്. 9/11 മുതല്‍ ഭീകരതക്കെതിരായ യുദ്ധമെന്ന പേരില്‍ സിഞ്ചിയാങ്ങിലെ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരായി നടത്തിക്കൊണ്ടിരുന്ന സാമ്രാജ്യത്വ സ്വാഭാവമുള്ള അതിക്രമങ്ങള്‍ ചൈന കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ബഹുജനനിരീക്ഷണം, ബയോമെട്രിക് ശേഖരണം, നിര്‍ബന്ധിതവേല, വന്ധ്യംകരണം, കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തുക, മതപരമായ ആചാരങ്ങള്‍ കുറ്റവല്‍ക്കരിക്കുക, തടങ്കല്‍ പാളയങ്ങളില്‍ പുനര്‍വിദ്യഭ്യാസം നല്‍കുക തുടങ്ങിയ പ്രക്രിയകളിലൂടെ ഇസ്‌ലാമെന്ന വൈറസ് ബാധ നിയന്ത്രിക്കാനാവുമെന്ന നിഗമനത്തിലാണ് ചൈന. എന്നിട്ടും ചൈനക്കെതിരായി പ്രവര്‍ത്തിക്കുന്ന പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളെ ചെറുക്കാനെന്ന പേരില്‍ ഇടതുപക്ഷത്തിലുള്ള ചിലര്‍ ചൈന നടത്തുന്ന ഈ വംശഹത്യകളെ അല്ലെങ്കില്‍ സാമ്രാജ്യത്വ പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്നു നടിക്കുകയും അതിനാധാരമായി ചൈനയുടെ തന്നെ ഔദ്യോഗിക രേഖകള്‍ നിരത്തുന്ന തെളിവുകളുള്ളപ്പോള്‍ അത്തരം സംഭവങ്ങളെ നിഷേധിക്കുകയുമാണ്. എന്നാല്‍ സൂക്ഷ്മന്യൂനപക്ഷം അതില്‍ ക്ഷമാപണം നടത്തുകയും ചെയ്യാറുണ്ട്.

ഉയിഗൂര്‍ നരഹത്യക്ക് അറുതി വരുത്താന്‍ കനേഡിയന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുദ്ധവിരുദ്ധ സംഘടനകള്‍ അടുത്തിടെ സംഘടിപ്പിച്ച ഒരു സെമിനാറില്‍ ചൈനയുടെ കോണ്‍സെല്‍ ജെനറല്‍ സിഞ്ചിയാങ്ങിന്റെ ഒരു വീഡിയോ പ്രദര്‍ശിപ്പിക്കുകയുണ്ടായി. അതില്‍ പ്രധാനമായും ശൂന്യമായ പ്രകൃതി ദൃശ്യങ്ങളായിരുന്നു. ചൈനയുടെ വംശഹത്യ നിഷേധ പ്രൊപഗണ്ടകളുടെ ഭാഗമായി ഉയിഗൂറുകളെ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തതാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.


ഇസ്‌ലാമോഫോബിയയെന്നാല്‍ പൂര്‍ണ്ണാധിപത്യ സംവിധാനമാണെന്നാണ് യുഎസ് സൈന്യത്തിന്റെ ഭാഷ്യം. രാഷ്ട്രീയ മണ്ഡലത്തില്‍ ഒരു വിഭാഗത്തിന്റെ പരിധിയില്‍ പെടാവുന്നതാണെന്നു തീര്‍ത്തുപറയുന്നതിനപ്പുറം സര്‍വ്വമേഖല സ്പര്‍ശിയാം വിധം പൊതുപ്രസ്താവനാ ഘടനയാണിവയക്കുള്ളത്. മുസ്‌ലിംകളെ സാര്‍വ്വത്രിക ശത്രുക്കളായി ഗണിച്ചുപോരുന്ന സമ്പ്രദായം ചരിത്രത്തില്‍ വളരെ പ്രകടമായി കാണാവുന്നതാണ്. യൂറോകേന്ദ്രീകൃത ലോക നിയമ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ സംഭവമാണ് പതിനാറാം നൂറ്റാണ്ടില്‍ അമേരിക്കന്‍ കോളനിവല്‍ക്കരണ നടപടിക്രമങ്ങള്‍ സംബന്ധിച്ച് നടന്ന വല്ലലോളിഡ് സംവാദം. അതിലെ സുപ്രധാന വിഷയം തദ്ദേശീയ ജനതയുടെ മാനുഷികതയായിരുന്നു. അവര്‍ മുസ്‌ലിംകളോട് സാമ്യത പുലര്‍ത്തുന്നുവെങ്കില്‍ എല്ലാവരെയും കൂട്ടത്തോടെ കൊന്നുതള്ളണം (യഥാസ്ഥിക സമീപനം) അല്ലെങ്കില്‍ അവരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണം (ലിബറല്‍ ഉദാരസമീപനം) എന്നതൊക്കെയായിരുന്നു സ്പാനിഷ് നിയമ പണ്ഡിതരുടെ തീരുമാനങ്ങള്‍.

ഹ്യൂമനിസത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായി കരുതപ്പെടുന്ന ഇറാസ് പാശ്ചാത്യരോടാവശ്യപ്പെടുന്നത്, അവര്‍ പരസ്പരം പോരടിക്കുന്നതവസാനിപ്പിച്ച് തുര്‍ക്കികള്‍ക്കെതിരെ ഈ അഭിനിവേശവും ഊര്‍ജ്ജവും പ്രയോഗിക്കണമെന്നാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന വോള്‍ട്ടയര്‍, മുസ്‌ലിംകള്‍ ഭൂമിയിലെ എറ്റവും വലിയ ശാപമാണെന്നും അതിനാല്‍ അവരെ നശിപ്പിക്കണമെന്നുമാണ് അഭിപ്രായപ്പെട്ടത്. ഫെമിനിസത്തിന്റെ മാതാവായറിയപ്പെടുന്ന മേരിവോള്സ്റ്റന്‍ ക്രാഫ്റ്റ്, മുസ്‌ലിം സ്ത്രീകളെ കീഴ്‌വഴക്കമുള്ളവരായി പ്രതിഷ്ടിച്ചും ഉപമനുഷ്യവല്‍ക്കരിച്ചും യൂറോപ്യന്‍ സ്ത്രീകളെ അവരില്‍ നിന്ന് വേര്‍തിരിച്ചവതരിപ്പിച്ചുമാണ് സ്ത്രീ വിമോചനത്തിനായി വാദിച്ചത്. സ്ത്രീകള്‍ക്ക് സ്വത്തവകാശവും സ്വതന്ത്ര വ്യക്തിത്വവും നിഷേധിച്ച നിയമവ്യവസ്ഥയായിരുന്നു യൂറോപിന്റേതെങ്കില്‍ ഇസ്‌ലാമിന്റേത് അങ്ങനെയായിരുന്നില്ല. പാശ്ചാത്യ സ്വത്വത്തിനകത്തു നില്‍ക്കുന്നവര്‍ക്ക് സ്വാതന്ത്ര്യവും സമാധാനവും അവകാശവും തുല്യതയും ഉറപ്പുവരുത്തുന്നതും അതിന് പുറത്തുനില്‍ക്കുന്നവരോട് യുദ്ധം പ്രഖ്യാപിക്കുന്നതും അധിനിവേശം നടത്തുന്നതും നാടുകടത്തല്‍ ഭീഷണിയുയര്‍ത്തുന്നതുമാണ് വളരെ കാലമായി യൂറോപ്പ് അനുവര്‍ത്തിച്ചു പോരുന്ന രീതികള്‍. കുരിശുയുദ്ധം, അമേരിക്കയിലെ വംശഹത്യ, വിചാരണാ തടവ്, തുടങ്ങിയ വിഷയങ്ങളില്‍ കൃസ്ത്യാനികളെ കുറ്റപ്പെടുത്തി യൂറോപ്പിന്റെ സഹജാതിക്രമങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള ശ്രമം പത്തൊമ്പതാം നൂറ്റാണ്ടിലെ ചില ലിബറല്‍ എഴുത്തുകാര്‍ നടത്തിയിട്ടുണ്ട്. ഇതേ ആളുകള്‍ തന്നെ ഇസ്‌ലാമിസത്തിന്റെ ആന്തരികവല്‍ക്കരണത്തെ ചൊല്ലി ക്രിസ്ത്യനികളെ വീണ്ടും പഴിചാരുകയും ചെയ്യുന്നുണ്ട്.


പുരോഗമനചിന്താഗതിയുള്ള കമന്റേറ്റര്‍മാര്‍ നവനാസികളെ വാനില ഐസിസെന്നും ട്രമ്പിന്റെ ഉദ്യോഗസ്ഥരെ മുല്ലകളെന്നും ട്രമ്പിനെ തന്നെ ഉസാമയുടെ അമേരിക്കയോടുള്ള പ്രതികാരമെന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. കറുത്ത വര്‍ഗ്ഗക്കാര്‍, തദ്ദേശീയര്‍, മുസ്‌ലിംകളടങ്ങുന്ന ജീവിതങ്ങള്‍ ക്രൂരവല്‍ക്കരിക്കപ്പെടുന്ന, അവരുടെ ഭൂമികള്‍ കയ്യേറ്റം ചെയ്യപ്പെടുന്ന വെളുപ്പ് മേധാവിത്വ-സാമൂഹിക ക്രമം തുടരുന്നുവെങ്കില്‍ ഇവക്കൊക്കെയുള്ള വിശദീകരണം പുറത്തന്വേഷിക്കേണ്ടതാണെന്നും ഞങ്ങളുടെ അതിക്രമം ഒരു വ്യതിചലനമോ അവരുടെ അക്രമത്തിന്റെ പ്രതിഫലനമോ അല്ലെങ്കില്‍ അവരാരാണ് എന്നതിന് അനിവാര്യ ഘടകവുമാണെന്നാണ് പൊതുവെയുള്ള പാശ്ചാത്യ പരികല്‍പ്പന. ഈയൊരു ചട്ടക്കൂടിനകത്ത് മുസ്‌ലിംകളെ ദുരുപയോഗ വസ്തുക്കളാണെന്ന് പറഞ്ഞു സ്വാഭാവികവല്‍ക്കരിക്കാം, അനുമാനപൂര്‍വ്വം കുറ്റവാളിയാണെന്ന് മുദ്രകുത്താം, അല്ലെങ്കില്‍ കേവലം യാദൃശ്ചിക നാശനഷ്ടമായി കണ്ട് അവഗണിച്ചുതള്ളാമെന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്.

യു.എസിന്റെ ബഹുജന നിരീക്ഷണപദ്ധതിയോടുള്ള ആഭ്യന്തര എതിര്‍പ്പ് ഇല്ലാതായത്, അത് കൊണ്ട് പ്രധാനമായും ലക്ഷ്യം വെച്ചത് മുസ്‌ലിംകളെയാണ് എന്ന് വ്യക്തമായതോടെയാണെന്ന് അക്കാദമിക ലോകത്തെ ശ്രദ്ധേയരായ അരുണ്‍ കുനന്ദനാനിയും ദീപകുമാറും നിരീക്ഷിക്കുന്നുണ്ട്. വലതുപക്ഷ തീവ്രവാദത്തെ അഭിസംബോധനം ചെയ്യുന്നതുമായും തീവ്രവാദ പ്രതിരോധ നടപടികള്‍ വ്യാപിപ്പിക്കുന്നതുമായും ബന്ധപ്പെട്ടുള്ള സമീപകാല ചര്‍ച്ചകളില്‍ (സോഷ്യലിസ്റ്റ് മാസികയായ ജേക്കബിനില്‍ വായിച്ചത്) ഉയര്‍ന്ന പ്രശ്‌നം, തീവ്രവാദ പട്ടികപ്പെടുത്തലുകള്‍ ഭാവിയില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കെതിരില്‍ ഉപയോഗിക്കപ്പെടാമെന്ന ആക്ഷേപകരമായ സവിശേഷത അവക്കുണ്ടെന്നതാണ്. അത്തരം കാര്യങ്ങള്‍ മുമ്പുണ്ടായിട്ടില്ലെങ്കിലും രണ്ട് പതിറ്റാണ്ടുകളായി ഫലസ്തീനിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനചെയ്യുന്ന മുസ്‌ലിംകളുള്‍പ്പടെയുള്ളവര്‍ക്കെതിരെ ഇവ ഉപയോഗിച്ചു പോന്നിട്ടുണ്ടെന്ന വസ്തുത നിലവിലുണ്ട്. പുരോഗമനാത്മക വീക്ഷണം പുലര്‍ത്തുന്ന നാഷണല്‍ മാസിക അമേരിക്കന്‍ വംശീയവിരുദ്ധ പ്രക്ഷോഭങ്ങളെ സൈനികവല്‍ക്കരിക്കുന്ന പോലീസിംഗ് പ്രശ്‌നം ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ഇറാഖിനും അഫ്ഗാനിസ്ഥാനും അനുയോജ്യമായ ആയുധങ്ങളും തന്ത്രങ്ങളും പോര്‍ട്ടലന്റ് പോലുള്ള സ്ഥലങ്ങളില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അവിടങ്ങളില്‍ ഗര്‍ഭിണികളുള്‍പ്പടെയുള്ള പ്രക്ഷോഭകര്‍ സ്‌കേറ്റ് ബോര്‍ഡ്കള്‍, ലീഫ് ബോവറുകള്‍, ലാക്കോസ് സ്റ്റിക്കുകള്‍, കാര്‍ബോര്‍ഡ്കള്‍ എന്നിവ റോക്കറ്റ്, ഗണ്‍ വിരുദ്ധ ചിഹ്നങ്ങളേന്തി പ്രധിഷേധശബ്ദം തീര്‍ക്കുകയാണ്. ഗര്‍ഭിണികളായത് കൊണ്ടോ നിരായുധരായത് കൊണ്ടോ സൈനിക ക്രൂരതയില്‍ നിന്ന് രക്ഷപെടാത്ത അഫ്ഗാനികള്‍ ഒഴികെയുള്ളവരോട് ഇത് പോലെ പെരുമാറാന്‍ പാടില്ലെന്നാണ് എഴുത്തുകാരന്‍ ആന്‍ഡ്രോ മക്കാര്‍മിക് പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കുപ്രസിദ്ധ കനേഡിയന്‍ പത്രപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫുള്‍ഫോര്‍ഡിനെ രാജ്യത്തെ എറ്റവും മികച്ച സാംസ്‌കാരിക വിമര്‍ശകനായി തിരഞ്ഞെടുത്ത് ആഘോഷിച്ചിരുന്നു. അധിനിവേശത്തിന്റെ കീഴിലുള്ള പലസ്തീനികളെ തീവ്രവാദികളെന്നും വിവേചനരഹിത കൊലപാതകികളെന്നും വിശേഷിപ്പിക്കുക, മുസ്‌ലിം വിരുദ്ധ പ്രത്യയശാസ്ത്ര വക്താവായ അയാന്‍ ഹിര്‍സി അലിയെ മുസ്‌ലിം മാര്‍ട്ടിന്‍ ലൂഥറായി ഉയര്‍ത്തിക്കാട്ടുക, 1989 മുതല്‍ ഇന്നേ വരെ കാനഡയില്‍ നടന്ന ഏറ്റവും വലിയ രാഷ്ട്രീയാതിക്രമ നടപടിയായ ക്യൂബക് പള്ളി വെടിവയ്പ്പിനെ അതിന് ശേഷം പ്രകീര്‍ത്തിക്കുക, തുടങ്ങിയ ഫുള്‌ഫോര്‍ഡിയന്‍ വിമര്‍ശനാത്മകതയുടെ പ്രസക്ത ഭാഗങ്ങള്‍ നാഷന്റെ സ്തുതിപ്രസ്താവ്യത്തിലടങ്ങിയിരുന്നില്ല എന്നുമാത്രം. തീവ്രവാദത്തോട് നിര്‍വ്യാജ മനോഭാവമാണുള്ളതെങ്കില്‍ ഇസ്‌ലാമോഫോബിയയെന്ന പദപ്രയോഗം തന്നെ ഉപേക്ഷിച്ചു കളയണമെന്നാണ് ഫുള്‍ഫോര്‍ഡ് പറയുന്നത്.

മുസ്‌ലിംകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളെ യുക്തിസഹമാക്കുകയും, ന്യൂനവല്‍ക്കരിക്കുകയും അദൃശ്യമാക്കുകയും ചെയ്യുന്ന, കൂടാതെ ഇസ്‌ലാമോഫോബിക് നയങ്ങളെ പുരോഗമനപരമായവതരിപ്പിക്കുന്ന, മുസ്‌ലിംകളെ നിഷ്ഠൂരതയുടെ മാതൃകകളായി ചിത്രീകരിക്കുന്ന, സ്വന്തം ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും വംശീയതയെ ഉയര്‍ത്തിപ്പിടിക്കുന്ന പൊതു ആഖ്യാന സംഹിതകള്‍ രാഷ്ട്രീയഘടനയില്‍ ഉടനീളം സ്വാധീനം ചെലുത്തുന്നുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനും ചൈനയുടെ ആള്‍ട്ടര്‍-സാമ്രാജ്യത്വത്തിനുമിടയിലെ യാഥാസ്ഥിക വലതുപക്ഷ വംശീയതക്കും -ലിബറല്‍ ഇടതുപക്ഷ വംശീയതക്കുമിടയിലെ, അക്രമാസക്തമായി കീഴ്‌പ്പെടുത്തുന്നതിനും അല്‍പ്പം മാന്യമായി കീഴ്‌പ്പെടുത്തുന്നതിനുമിടയിലെ വ്യത്യാസം എല്ലായ്‌പ്പോഴും കരുതിവെച്ചിരിക്കുന്നതാണ്. തെറ്റായ തെരഞ്ഞെടുപ്പുകളുടെ നീണ്ട നിരയാണ് ഈ ഘടന മുന്നോട്ടുവെക്കുന്നത്. മറ്റു ജനങ്ങളുമായി ഐക്യദാര്‍ഢ്യത്തോടെയും, സഹകരണത്തോടെയും പ്രവര്‍ത്തിക്കുന്ന, (ഫ്രഞ്ച്-അള്‍ജീരിയന്‍ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഹോറിയ ബോതല്‍ജെയുടെ വാക്കുകളില്‍) സൂര്യന്‍ സൂര്യകാന്തിക്കുമേല്‍ ആധിപത്യം സ്ഥാപിക്കുന്നത് പോലെ വെള്ളക്കാരന് വെള്ളക്കാരനല്ലാത്തവനുമേലും പുരുഷന് സ്ത്രീയുടെ മേലും സാമ്രാജ്യത്വശക്തി കോളനിവല്‍ക്കരിക്കപ്പെട്ടവരുടെ മേലും ഹെടെറോനോര്‍മാറ്റിവ് ക്വീര്‍നുമേലും സമ്പത്തുള്ളവന് അതില്ലാത്തവന്റെ മേലും നടപ്പിലാക്കുന്ന മനുഷ്യനിര്‍മ്മിത അടിച്ചമര്‍ത്തല്‍ ശ്രേണിവ്യവസ്ഥകളെ വെല്ലുവിളിക്കുന്ന മുസ്‌ലിംകളാണ് കൃത്രിമത്വ നിയന്ത്രിതമായ ഈ അഭിപ്രായ സമന്വയത്തിനപ്പുറം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. കൂടുതല്‍ അക്രമാസക്തമായ തീവ്രലോക സാധ്യതയെന്നതിലുപരി സമത്വവും നീതിയും കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുന്ന തീവ്രതയുടെ ലോകമായിരിക്കാം ഇസ്‌ലാമോലെഫ്റ്റിസത്തില്‍ ഒളിഞ്ഞിരിക്കുന്ന അപകടം.

വിവര്‍ത്തനം: അസ്‌ന ജബിന്‍
കടപ്പാട്: അല്‍ജസീറ

അസീസ കാഞ്ചി