Thelicham
Qudwa

അകക്കാഴ്ചകളിലേക്ക് നീളുന്ന തീവണ്ടിപ്പാളങ്ങള്‍

കോഴിക്കോട് സ്‌റ്റേഷനില്‍ മധുരമായൊരു ചൂളംവിളി കാത്തുകാത്തു നിന്നൊടുവില്‍ ധൃതിപിടിച്ചെത്തിയ യശ്വന്തപൂര്‍ എക്‌സ്പ്രസ് അണിഞ്ഞൊരുങ്ങിയ സുമുഖി തന്നെയായിരുന്നു. ഞങ്ങളെ ഓരോരുത്തരെയും സ്‌നേഹത്തോടെ മടിയിലിരുത്തി വഴിയില്‍ കാണുന്നവരോടെല്ലാം ചൂളമടിച്ചവള്‍ നഗരങ്ങളും ഗ്രാമങ്ങളും കടന്നോടി. പുറത്തെ ഇരുട്ടിലും ഇടക്കെത്തുന്ന വെളിച്ചത്തിലും കാഴ്ചകള്‍ പരതി ചിലര്‍ ജനാലയുടെയും മറ്റുചിലര്‍ വാതിലിന്റെയും ഓരം ചേര്‍ന്ന് നിന്നു. ഉന്മാദത്തിമര്‍പ്പിലാടിയ ആദ്യരാത്രി. സൊറ പറച്ചിലും ചിരിയും പാട്ടുമായി നടുത്തളങ്ങള്‍ നിറഞ്ഞു. ക്ഷീണിച്ചൊടുവില്‍ വൈകിയുറങ്ങിയ ആദ്യരാത്രി അവസാനിച്ച് നേരം പുലരുമ്പോള്‍ യശ്വന്തപൂര്‍ നഗരത്തില്‍ ഞങ്ങളെ കണ്ട് സൂര്യന്റെ കവിള്‍ രണ്ടും നാണത്താല്‍ ചുവന്നു തുടുത്തു. ഭക്ഷണം തേടിയുള്ള പ്രഭാത നടത്തം കഴിഞ്ഞ് സ്റ്റേഷനില്‍ തന്നെ തിരിച്ചെത്തുമ്പോള്‍ ഒരു പാളമപ്പുറത്ത് യശ്വന്തപൂര്‍-ഹൗറ ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ ഞങ്ങളെ കാത്തു നില്‍ക്കുന്നു. ബാംഗ്ലൂര്‍ നഗരം കാണാന്‍ വേണ്ടി മാത്രമായി ഒരു ദിനമുണ്ടായിരുന്നതിനാല്‍ കാതങ്ങള്‍ അപ്പുറത്തുള്ള ദേശത്തേക്ക് യാത്രക്കൊരുങ്ങി എല്ലാവര്‍ക്കുമൊപ്പം ഞാനും തീവണ്ടിയില്‍ കയറി എന്റെ സീറ്റുറപ്പിച്ചു.

കേരളം കടന്നുള്ള സുദീര്‍ഘമായൊരു യാത്ര ഇതാദ്യമായാണ്. കാണുന്ന ഓരോ ഇലയെയും ഇതളിനെയും കൗതുകത്തോടെ നോക്കിയിരുന്നു. കടല്‍ തൊടാതെ കരമാത്രം കണ്ടൊരു യാത്ര. വരണ്ടും ചുവന്നും നനഞ്ഞും പച്ചയായും കര തന്നെ പലതായിത്തീരുന്നു. ഈ യാത്രയോട് ചേര്‍ത്തുവെക്കാന്‍ പോന്ന ഒരു യാത്രയും ജീവിതത്തിലിതുവരെ ഉണ്ടായിട്ടില്ല. ഇനിയുണ്ടാകുമോയെന്നും അറിയില്ല. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റഡി ഓഫ് റിലീജ്യന്‍ സംഘടിപ്പിച്ച ‘അല്‍-ഖുദ്‌വ-21’ ഉദ്യമത്തിന്റെ ഭാഗമായിത്തീരുമ്പോള്‍ മനസ്സ് നിറയെ കാണാദേശങ്ങളില്‍ ഒഴുകിപ്പരക്കാനുള്ള പൂതിയായിരുന്നു. സ്വപ്‌നങ്ങളില്‍ പൂത്ത കല്‍കത്തയും സംഘര്‍ഷഭരിതമായ ആസാമും നിരക്ഷരര്‍ നിറഞ്ഞ ബീഹാറും എങ്ങനെയായിരിക്കുമെന്ന് ഞാന്‍ മനക്കോട്ട കെട്ടി പുറത്തേക്ക് തന്നെയങ്ങനെ നോക്കിയിരുന്നു.

ഹിജഡകള്‍ക്കൊപ്പം

‘കടലിന്റെ ഇക്കര വന്നോരെ
ഖല്‍ബുകള്‍ വെന്ത് പൊരിഞ്ഞോരെ
തെങ്ങുകള്‍ തിങ്ങിയ നാടിന്റെ ഓര്‍മ്മയില്‍
മുങ്ങിയ നിങ്ങടെ കഥ പറയൂ”

പാട്ടുകള്‍ കേട്ടിരിക്കുന്നതിനിടെ പീര്‍ മുഹമ്മദിന്റെ സ്വരം ആകസ്മികമായി വന്നപ്പോള്‍ നാടും വീടും ഉമ്മയും വീണ്ടും ഓര്‍മ്മയില്‍ തെളിഞ്ഞ് വന്നു. പുതിയ ഇടിപ്പാട്ടുകളോടുള്ള അഭിനിവേശം യാത്രയെ ഉല്ലാസഭരിതമാക്കുമ്പോള്‍ പീര്‍ മുഹമ്മദിന്റെയും അബ്ദുല്‍ ഖാദറിന്റെയും ഗാനങ്ങള്‍ ഗൃഹാതുരമായ ഓര്‍മ്മകള്‍ക്കൊപ്പം നമ്മെ അലയാന്‍ വിടുന്നു. തീവണ്ടിയുടെ ജനല്‍പടിയില്‍ കൈ രണ്ടും താടിയെല്ലും വെച്ച് പുറത്തേക്ക് നോക്കുമ്പോള്‍ കാണുന്ന ഓരോ കാഴ്ചയിലും നാം നമ്മുടെ നാടിനെയും നമ്മെത്തന്നെയും സങ്കല്പിച്ച് നോക്കും.
ഹൗറ ലക്ഷ്യം വെച്ച് തീവണ്ടി യശ്വന്തപൂര്‍ സ്റ്റേഷന്‍ വിട്ടു. പ്രധാന സ്റ്റേഷനുകളില്‍ നിര്‍ത്തി തനിക്ക് മാത്രം പരിചിതമായ വഴികളിലൂടെ ദേശപ്പെരുമകളുടെ വിളികേട്ട് തീവണ്ടി പിന്നെയും കുതിച്ചോടി. മുമ്പൊരു കഥയില്‍ പറഞ്ഞിരുന്നത് പോലെ ഓരോ സ്റ്റേഷനും പല ജീവിതങ്ങളുടെ തുടക്കവും ചിലതിന്റെ ഒടുക്കവുമാണ്. ചിലയിടങ്ങളില്‍ വെച്ച് ചിലരുടെ യാത്രകള്‍ അവസാനിക്കുന്നു. ചിലര്‍ ലക്ഷ്യത്തിലെത്താന്‍ ധൃതി കൂട്ടുന്നു. ചിലര്‍ അസ്വസ്ഥരായി ഉറങ്ങുകയും ഇടക്കിടെ ഞെട്ടിയുണരുകയും ചെയ്യുന്നു. മറ്റുചിലര്‍ ഒരേ ചിന്തയില്‍ തന്നെ കെട്ടുപിണഞ്ഞു ഇരിക്കുന്നു. അനന്തമായ ജീവിതങ്ങളുമായി തീവണ്ടി അപ്പോഴും പാളം തെറ്റാതെ കുതിക്കുന്നു. ദേശക്കാഴ്ചകളെയും അവയുടെയെല്ലാം നടു പിളര്‍ത്തി പോകുന്ന ചെറു-പെരു വഴികളെയും ഓര്‍ത്തുവെക്കാന്‍ തീവണ്ടി ഇടക്കിടെ ഓര്‍മ്മിപ്പിക്കുന്നുണ്ടെന്ന് തോന്നി. മറ്റൊരുനാള്‍ ഈ വഴി നിങ്ങള്‍ വീണ്ടും വരേണ്ടവരാണെന്നു പറയും പോലെ. മനുഷ്യന്റെ ജീവിതത്തെ മാറ്റുന്നതില്‍ തീവണ്ടിയാത്രയും മുഖ്യ ഘടകമാണെന്നര്‍ത്ഥം.

രണ്ടാം ദിനവും ഓര്‍മ്മയുടെ അറകളിലേക്ക് ചേക്കേറുമ്പോള്‍ ജീവിതങ്ങളുടെ കഥ തന്നെയാണത് കൂടെകൂട്ടുന്നത്. ഹൗറയിലേക്ക് വണ്ടി കയറുമ്പോള്‍ തന്നെ ഹിജഡകളെക്കുറിച്ച് അധ്യാപകരും മുന്‍ യാത്രയുടെ അനുഭവങ്ങളെ സാക്ഷി നിര്‍ത്തി ചില കൂട്ടുകാരും പറഞ്ഞു തന്നിരുന്നു. അഭിമാനം തൊലിയുരിക്കപ്പെട്ട് കമ്പാര്‍ട്ട്‌മെന്റുകള്‍ തോറും കൈ നീട്ടി കയറി ഇറങ്ങുന്ന അവരെക്കുറിച്ച് ഞമ്മള്‍ ഒരുപാട് സംവാദങ്ങള്‍ നടത്തിയതാണ്. സംവാദകര്‍ വേദി വിടുന്നതോടെ അവരെക്കുറിച്ചുള്ള പരിഭവങ്ങളും വേദനകളും അവസാനിക്കുന്നു. സര്‍ക്കാര്‍ നിയമങ്ങളിലെയും സംവിധാനങ്ങളിലെയും സുതാര്യതയില്ലായ്മയാണ് അവരെ വീണ്ടും യാത്രക്കാരുടെ മുമ്പിലേക്കെത്തിക്കുന്നത്. അവരുടെ യാചന നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ അവര്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്തത് കൊണ്ട് തന്നെ ട്രെയിനില്‍ നിന്ന് അവരെ തള്ളിയിട്ട് കൊന്നാല്‍പോലും ആരും ചോദിക്കാന്‍ വരില്ലെന്നും രാത്രി വൈകുവോളം പറഞ്ഞും പാടിയും ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു ജാര്‍ഖണ്ടുകാരന്‍ പറഞ്ഞു. ഒരു സുഹൃത്ത്, കയ്യില്‍ കാശില്ല ഞാന്‍ വിദ്യാര്‍ഥിയാണ് എന്ന് പറഞ്ഞപ്പോള്‍ ഞങ്ങളും എം.ബി.എ പഠിക്കുന്ന വിദ്യാര്‍ഥികളായിരുന്നു, പിന്നെ ഇങ്ങനെ ഇറങ്ങേണ്ടി വന്നുവെന്ന് ഒരു ഹിജഡ തെല്ല് നീരസത്തോടെ മറുപടി പറഞ്ഞു. ആള്‍കൂട്ടത്തില്‍ ഞങ്ങള്‍ അവര്‍ക്കൊപ്പമാണെന്ന് വരുത്തി തീര്‍ക്കാന്‍ കപട പ്രകടനം നടത്തുന്ന നാം തന്നെയാണ് ഉള്ളുകൊണ്ട് അവരെ എല്ലായിടത്തുനിന്നും അകറ്റി നിര്‍ത്തുന്നത്. മൂല്യമറ്റ ജീവിതവുമായി അവര്‍ പിന്നെയും വന്നേക്കാം. ജീവിക്കാനുള്ള കൊതി തന്നെയാണ് അവരെയും നമുക്ക് മുമ്പില്‍ എത്തിക്കുന്നത്.

കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മനോഹരമായ കൃഷിയിടങ്ങളില്‍ ഇഞ്ചിയും ചോളവും മാവും ഭംഗിയായി ഒരുക്കിയിരിക്കുന്നു. പല കൃഷിയിടങ്ങളോടും ചേര്‍ന്ന് കാവുകളും കുരിശുകളുമുണ്ട്. തങ്ങള്‍ നേടിയെടുക്കുന്നതെല്ലാം ദൈവിക സഹായം കൊണ്ടെന്ന വിശ്വാസം. അതിനുവേണ്ടിയുള്ള നേര്‍ച്ചകള്‍, അര്‍പ്പണങ്ങള്‍. യാത്രയിലുടനീളം തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ ഗൃഹ, കെട്ടിട നിര്‍മ്മാണങ്ങളിലെ ഭംഗി കുറച്ച് നേരമൊന്നുമല്ല കണ്ടിരുന്നത്. വിശാലമായ ഭൂമിയില്‍ വലിയ വീടുവെക്കുന്ന കേരളീയ ശൈലിയില്‍ നിന്ന് എത്രയോ ദൂരത്താണവര്‍. അവികസിതമെന്ന് വിളിച്ചു നാം പരിഭവപ്പെടുമ്പോഴും അവര്‍ അതില്‍ സന്തുഷ്ടരായി നേരം വെളുക്കുവോളം സ്വപ്‌നം കണ്ടുറങ്ങുന്നു. അവരുടെ കെട്ടിട നിര്‍മ്മാണത്തിന് പ്രത്യേക ചാരുതയുണ്ട്. വളരെ ചെറിയ സ്ഥലത്ത് മുകളിലേക്ക് ഫ്‌ളോറുകള്‍ ഉയര്‍ത്തിയുള്ള വീടുകള്‍ക്ക് അവര്‍ നല്‍കുന്ന നിറമാണ് അതിന്റെ നിര്‍മിതിയെ സമ്പൂര്‍ണമാക്കുന്നത്. പല വര്‍ണങ്ങള്‍ ചേര്‍ത്ത് ഒന്നായിത്തീരുന്ന ഛായങ്ങള്‍ എത്ര കൈയൊതുക്കമുള്ളതാണ്. പലപല നിറങ്ങളില്‍ ഒരുപാട് വീടുകള്‍ കാണുമ്പോള്‍ മഴവില്‍ വര്‍ണങ്ങളില്‍ പൂത്ത നഗരമായത് മാറുന്നു.
ദൂരങ്ങളില്‍ പരക്കുന്ന കാഴ്ചകള്‍ക്ക് മേല്‍ ഇരുള്‍ മൂടിത്തുടങ്ങിയപ്പോള്‍ നഗരങ്ങളോട് ചേര്‍ന്ന റോഡുകള്‍ക്ക് ഇരുവശവുമുള്ള വിളക്കുകളില്‍ നിന്ന് പെയ്ത മഞ്ഞ വെളിച്ചങ്ങളിലൂടെ ഒഴുകുന്ന വാഹനങ്ങളെ നോക്കി ഞാന്‍ വീണ്ടും എന്റെ സീറ്റിലേക്ക് തന്നെ ചാഞ്ഞു. ലൈലാകമെ പൂ ചൂടുമോ എന്ന ഹരിനാരായണന്റെ ഗാനം മനസ്സിലേക്ക് മെല്ലെ ഊര്‍ന്നിറങ്ങി. ഭക്ഷണം കഴിച്ച് കിടക്കാന്‍ നേരം പതിയെ ജഗജിത് സിങിന്റെ ഗസലിലേക്ക് വഴുതി വീണു. ഫായിസ് അന്‍വറിന്റെ വരികള്‍ എത്ര മനോഹരമായാണ് ജഗജിത് സിങ് പാടുന്നത്:
”ഏക് ലംഹേ മേ സിമട് ആയാ ഹേ സദിയോന്‍ കാ സഫര്‍
സിന്ദഗി തേസ് ബഹുത്ത് തേസ് ചലി ഹോ ജയ്സെ’

പ്രസിഡന്റിന്റെ കലം മിഷ്ഠിയും സൈഫിയുടെ ഗോഗ്‌നിയും
നോര്‍ത്ത് 24 പര്‍ഗാനാസ്

ഒരു വര്‍ഷക്കാലം കൂടി വരുന്നത് കാത്തുകാത്ത് കെട്ടിക്കിടക്കുന്ന നദികള്‍. കൃഷ്ണ, കവാക്കായി, കതാജോടി, ബ്രാഹ്മനി നദിയും മഹാനദിയുമടക്കം തൊണ്ട വരണ്ടു കിടക്കുന്ന അനേകം നദികള്‍ക്ക് കുറുകെ ഹൗറ ലക്ഷ്യമാക്കി തീവണ്ടി പിന്നെയും പാഞ്ഞു. അവസാനിക്കാത്ത കാഴ്ചയായി നീളുന്ന കടുക് പാടങ്ങള്‍. ഇടതൂര്‍ന്ന ആമ്പല്‍ കുളങ്ങള്‍. അവക്കിടയില്‍ ഒറ്റക്കാല്‍ നൃത്തമാടുന്ന വൃക്ഷങ്ങള്‍. ദൂരങ്ങള്‍ നീളുന്നതോടൊപ്പം കാഴ്ചകളും നീളുന്നു. ഒരു കാഴ്ചയും മറ്റൊരു കാഴ്ചക്ക് പകരമാകുന്നില്ല. കണ്ട കാഴ്ചകള്‍ പിന്നെയും കാണുന്നില്ല. ഓരോന്നും മറ്റൊന്നില്‍നിന്ന് വിത്യസ്തം. ഉള്‍കാഴ്ചയുള്ളവര്‍ക്ക് മാത്രം കാണാവുന്ന പാകത്തില്‍ പടച്ചോനത് എത്ര മനോഹരമായാണ് സൃഷ്ടിച്ചു വെച്ചിട്ടുള്ളത്.

ആന്ധ്രയും ഒഡീഷയും കടന്ന് വെസ്റ്റ് ബംഗാളിലെ ചരിത്ര പ്രസിദ്ധമായ ഹൗറ ജംഗ്ഷനില്‍ വന്നിറങ്ങുമ്പോള്‍ സമയം രാത്രി എട്ടര കഴിഞ്ഞിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷനാണ് ഹൗറ ജംഗ്ഷന്‍ സ്റ്റേഷന്‍. വെസ്റ്റ് ബംഗാളിന്റെ മനോഹാരിതയിലേക്ക് മലര്‍ക്കെ തുറന്നിട്ട കവാടം. പശ്ചിമ, ദക്ഷിണ ഇന്ത്യയില്‍ നിന്നുമുള്ള സഞ്ചാരികളെല്ലാം ഹൗറ കടന്നാണ് ബംഗാളിലെ ഊടു വഴികളിലേക്കും ചേരികളിലേക്കും കൊല്‍കത്തയുടെ സംസ്‌കൃതിയിലേക്കും റിക്ഷ കയറുന്നത്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ റെയ്ല്‍വേ സ്റ്റേഷനുകളിലൊന്ന്. അറുനൂറോളം പാസ്സഞ്ചറുകള്‍ ദിവസവും ഹൗറയുടെ റെയില്‍പാളങ്ങളെ തൊട്ടുമ്മവെക്കുന്നുവെങ്കില്‍ പിന്നെ അപ്പറഞ്ഞതില്‍ തെല്ലും അതിശയോക്തി തോന്നാനില്ല. കൊല്‍ക്കത്തയുടെയും ബംഗാളിന്റെയും സംസ്‌കാരത്തിലേക്കും നാഗരികതയിലേക്കും ഒഴുകിപ്പരന്ന ഹുഗ്ലി നദിക്കരികില്‍, കൊല്‍ക്കത്ത കാണാന്‍ വരുന്നവരെയും എല്ലാം കണ്ട് യാത്രപറഞ്ഞ് പോകാനിരിക്കുന്നവരെയും കാത്ത് ഹൗറ സ്റ്റേഷന്‍ മിഴിതുറന്നങ്ങനെ ഇരിക്കുന്നു. എത്രയെത്ര പരദേശികളെയാണ് ഹൗറ വാരിപ്പുണര്‍ന്നത്. ഭാരമുള്ള ബാഗും ചുമന്നു തിരക്കുകള്‍ക്കിടയിലൂടെ പ്രധാന കവാടത്തിലേക്ക് നടന്നു. വരുന്നവരെയും പോകുന്നവരെയും നോക്കി കവാടത്തിന് ഒരു വശത്ത് ഞാന്‍ നിന്നു. പല ദേശങ്ങളില്‍ നിന്നുള്ളവര്‍ ചേര്‍ന്ന് അതൊരു വലിയ ആള്‍കൂട്ടമായിത്തീരുന്നു. പല ദേശവും ഭാഷയും സംസ്‌കാരവും ഉള്‍ച്ചേര്‍ന്ന ആള്‍ക്കൂട്ടം ഹൗറയെ ഒരു ലോകഭൂപടമാക്കി മാറ്റുന്നു. അതില്‍ ചില ഭാഷകള്‍ തമ്മില്‍ കണ്ടുമുട്ടുന്നു. ദേശങ്ങള്‍ തമ്മില്‍ തൊട്ടുരുമ്മുന്നു. സംസ്‌കാരങ്ങള്‍ തമ്മില്‍ ഇണചേരുന്നു.

ഹൗറ സ്റ്റേഷനില്‍ ഞങ്ങളെ സ്വാഗതം ചെയ്യാനെത്തിയ മന്‍സൂര്‍ ഹുദവിക്കൊപ്പം തൊട്ടടുത്ത ബസ്റ്റാന്‍ഡിലേക്ക് നടന്നു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ കൗകേപാറയായിരുന്നു ലക്ഷ്യസ്ഥാനം. നീണ്ടൊരു യാത്ര വല്ലാതെ ക്ഷീണിപ്പിച്ചു. അതിവേഗത്തിലോടുന്ന ബസില്‍ ആര്‍ക്കും ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും കൂട്ടിവെച്ച ലഗേജുകള്‍ക്കരികില്‍ ഇരുന്ന് ഞാന്‍ നന്നായി ഉറങ്ങി. കൗകേപാറയോട് അടുക്കുംതോറും തണുപ്പിന്റെ ശക്തിയും കൂടിവന്നു. ഇനി പോകാനുള്ളിടങ്ങളും തീവ്രമേറിയ തണുപ്പാണ്. കേരളത്തിലെ സന്തുലിത കാലാവസ്ഥ മാത്രം ശീലിച്ച എന്നെ സംബന്ധിച്ചെടുത്തോളം തണുപ്പൊരു പ്രതിസന്ധി തന്നെയായിരുന്നു. പതിയെ പതിയെ കാലാവസ്ഥയോട് പൊരുത്തപ്പെടാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ശൈത്യകാലങ്ങളില്‍ കൊടും തണുപ്പും വേനലില്‍ കഠിനമായ ചൂടുമെന്നതാണ് ഇവിടുത്തെ അവസ്ഥ. അതവരുടെ ജീവിത വ്യവാഹരങ്ങളെയും പലപ്പോഴും ബാധിക്കാറുണ്ടത്രെ. കൗകേപാറയിലെ ബംഗനൂര്‍ മാഗസിന്‍ ബില്‍ഡിംഗില്‍ ആയിരുന്നു ഞങ്ങളുടെ താമസം. അവിടെയെത്തുമ്പോള്‍ സമയം രാത്രി പതിനൊന്ന് മണി. പുറത്തെ തണുപ്പില്‍ നിന്ന് കുതറിയോടി അകത്തൊരിടത്ത് ഉറങ്ങാന്‍ നല്ലൊരു ഇടം ഞാന്‍ കണ്ടെത്തി. അബ്ദുല്‍ മതീന്‍ സാഹിബിന്റെ നേതൃത്വത്തിലുള്ള ആള്‍ ഇന്ത്യ സുന്നത്ത് ജമാഅത്തായിരുന്നു ഞങ്ങള്‍ക്കവിടെ താമസസൗകര്യം ഒരുക്കിത്തന്നത്. കേരളത്തില്‍ സമസ്തയുടെ ദൗത്യമെന്താണോ അത് തന്നെയാണ് ഈയൊരു പ്രസ്ഥാനത്തിലൂടെ ബംഗാളില്‍ അവരും ചെയ്തുകൊണ്ടിരിക്കുന്നത്. മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിച്ച അവര്‍ക്ക് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ‘ഹാദിയയുടെ’ വൈജ്ഞാനിക ഇടപെടലാണ് ലക്ഷ്യത്തിലേക്കുള്ള ശരിയായ ദിശ കാണിച്ചുകൊടുത്തത്. അതിന്റെ ഫലമായാണ് കേരളേതര സംസ്ഥാനങ്ങളില്‍ കേരള മോഡല്‍ ട്രെന്‍ഡും ബ്രാന്‍ഡുമായി മാറിയത്. അടുത്ത ദിവസത്തെ ഹാദിയ മക്തബ് ഇന്‍സ്‌പെക്ഷന് പോവേണ്ട സ്ഥലങ്ങള്‍ ഓരോ ആറംഗ സംഘങ്ങള്‍ക്കും നല്‍കപ്പെട്ടതോടെ ഓവര്‍കോട്ടു പോലും അഴിക്കാതെ ഞാന്‍ പുതപ്പിനുള്ളിലേക്ക് ചുരുണ്ടു.

കൗകേപാറയില്‍ നിന്നും മുപ്പത്തിനാല് കിലോമീറ്റര്‍ അകലെയുള്ള കതൂരിയ പാറയിലേക്കായിരുന്നു ഞങ്ങളുടെ ടീമിന് പോകേണ്ടിയിരുന്നത്. കണ്ണുകാണാന്‍ കഴിയാത്ത കോടയില്‍ പത്തു പേരെ നിറച്ച ഓട്ടോ ബസീര്‍ഹട്ട് ലക്ഷ്യമാക്കി കുതിച്ചു. പോക്കിനിടയില്‍ ഒരിടത്ത്, തകര്‍ന്നുപോയ രാഷ്ട്രീയ അധികാരത്തെ ഓര്‍മ്മിപ്പിച്ചൊരു ചെങ്കൊടി കഴിഞ്ഞ കാലം ഓര്‍ത്തോര്‍ത് മഞ്ഞില്‍ നനഞ്ഞ് കുതിര്‍ന്നു. ബാക്കിയെല്ലാം ദീദിയും ജോരാ ഘാസ് ഫൂലും ചിലയിടങ്ങളില്‍ താമരയും. കതൂരിയ പാറയിലെ മുസ്ലിങ്ങളും ദീദിയുടെ വോട്ട് ബാങ്കാണ്. വികസനങ്ങളോ സാമ്പത്തിക സഹായങ്ങളോ ഒന്നുമില്ലെങ്കിലും സമാധാനമായി ജീവിക്കാനാകുന്നുണ്ടെന്നതാണ് കാരണം. മുസ്ലിം സ്വത്വ രാഷ്ട്രീയത്തെക്കുറിച്ച ആലോചനകളിലേക്ക് അവരിപ്പോഴും എത്തിച്ചേര്‍ന്നിട്ടില്ലെന്ന് അവരുടെ സംസാരത്തില്‍ നിന്നും ബോധ്യമായി.

ഒരു പകല്‍ നീണ്ട മക്തബ് ഇന്‍സ്‌പെക്ഷന്‍. ഷാള്‍ അണിയിച്ചും മൊമെന്റോ നല്‍കിയുമുള്ള ഉദ്ഘാടന ചടങ്ങ്. അവരെയെല്ലാം അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ അകം മുഴുവന്‍ ഈറനണിഞ്ഞു. അകലെ നിന്ന് കണ്ടും കേട്ടും മാത്രം പരിചയമുള്ളവരെ നേരിട്ട് അനുഭവിച്ചപ്പോള്‍ പ്രത്യേകമായൊരു അനുഭൂതിയും സന്തോഷവും എന്നെയാകെ വന്നുമൂടി. മക്തബ് അധ്യാപകര്‍ക്കും സൈഫി, അമിനൂര്‍ എന്ന് പേരുള്ള യുവ സഹോദരങ്ങള്‍ക്കുമൊപ്പം കതൂരിയ പാറ മൊഹല്ലയുടെ കളിമണ്‍ വഴികളിലൂടെ ഞങ്ങള്‍ നടന്നു. മക്തബില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരെയും പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചവരെയും അവരുടെ വീടുകളില്‍ ചെന്ന് കണ്ടു. ഉമ്മമാരെയും ഉപ്പമാരെയും കണ്ടു. പഠനം തുടരുന്ന വിദ്യാര്‍ത്ഥികളുടെ അപാരമായ ഓര്‍മ്മശക്തിയും പഠനത്തോടുള്ള താല്‍പര്യവും കണ്ടപ്പോള്‍ എത്രമാത്രം കൊതിയോടെയാണവര്‍ മക്തബിലേക്ക് വരുന്നതെന്ന് ഞാന്‍ ആലോചിച്ചു. പഠനം ഉപേക്ഷിച്ചവരില്‍ പലരും പ്രാരാബ്ധങ്ങള്‍ പറഞ്ഞൊഴിഞ്ഞു.

മൊഹല്ല നിവാസികളുടെ പ്രധാന വരുമാന മാര്‍ഗം തയ്യലാണ്. യുവാക്കളില്‍ തൊണ്ണൂറ് ശതമാനവും തയ്യല്‍ ജോലിക്കാരാണ്. പ്രത്യേകം തയ്യാറാക്കിയ ഹാളില്‍ പുലര്‍ച്ചക്ക് കയറിയാല്‍ പിന്നെ ഇരുള്‍ കട്ടപിടിക്കുവോളം അവരതില്‍ തന്നെ തങ്ങും. മതപരമായ കാര്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറാനുള്ള ഒഴിവുകഴിവ് കൂടിയാണ് അവര്‍ക്കിത്. ബാക്കി പലരും കടുക് പാടങ്ങളില്‍ നിന്നും വീടുകളോട് ചേര്‍ത്ത് നിര്‍മ്മിച്ച മത്സ്യ കൃഷിയില്‍ നിന്നുമാണ് ഉപജീവനത്തിനുള്ള വഴി കണ്ടെത്തുന്നത്. ബംഗാളിന്റെ തനിമയാര്‍ന്ന രുചിയിട്ടിളക്കിയ ഭക്ഷണമായിരുന്നു ഓരോ സമയത്തും അവര്‍ ഞങ്ങള്‍ക്കായി ഒരുക്കിയത്. ജാലി പീത്ത, ചിക്കന്‍ കാസ, ഗോഗ്‌നി, ബീഫ് ഫ്രൈഡ്‌റൈസ്, രസഗുള, കലം മിഷ്ഠി, ദോയി എന്നിവയും ശേഷം വിവിധതരം പഴങ്ങളും മധുരമുള്ള പാല്‍ ചായയും കുടിച്ച് യാത്രപറയാന്‍ ഒരുങ്ങുമ്പോള്‍ അവരുടെ സ്‌നേഹവും സല്‍ക്കാരവും കൊണ്ടെന്റെ മനസ്സ് നിറഞ്ഞു. പകല്‍ തീര്‍ന്നു മോന്തിയാവുമ്പോഴേക്കും ഞങ്ങളറിയാതെ തന്നെ ഞങ്ങളുടെ ഹൃദയത്തില്‍ നിന്നുമൊരു സ്‌നേഹ ഞരമ്പ് അവരുടെ ഹൃദയങ്ങളുമായി തുന്നിച്ചേര്‍ക്കപ്പെട്ടിരുന്നു. വീണ്ടുമൊരു സമാഗമം ആശംസിച്ചു വേര്‍പിരിയുമ്പോള്‍ ദൂരെ ഒരു പൊട്ടായി മാറുന്നതുവരെ അവര്‍ ഞങ്ങളെ നോക്കിയിരുന്നിട്ടുണ്ടാകണം.

ആശങ്കകള്‍ക്കും പ്രതീക്ഷകള്‍ക്കുമിടയിലെ രണ്ടു റെയില്‍ പാളങ്ങള്‍

തീര്‍ന്നുപോകുന്ന ആയുസ്സില്‍ സമയമെത്ര മൂല്യമുള്ളതാണെന്ന് പലരും അനുഭവിച്ചറിഞ്ഞ നിമിഷങ്ങള്‍. നഷ്ടപ്പെട്ടേക്കുമോ എന്ന ആശങ്കയില്‍ നിന്നുമുയരുന്ന നെടുവീര്‍പ്പുകള്‍. വേഗത കൂടുന്ന നെഞ്ചിടിപ്പുകള്‍. യാത്രയുടെ അഞ്ചാം ദിനം പലരുടെയും ഓര്‍മ്മകളില്‍ നിന്നും അത്ര പെട്ടെന്ന് മാഞ്ഞുപോകാനിടയില്ല.

യാത്രയുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ആസ്സാമിലേക്ക് ബാര്‍പേട്ട ജംഗ്ഷനില്‍ ഇറങ്ങി പിന്നെയും ദൂരമുണ്ട്. ബാര്‍പേട്ട ജംഗ്ഷന്‍ വഴി കടന്നുപോകുന്ന സിയാല്‍ഡ സില്‍ചാര്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസ്സ് ആറരയോടെ സ്റ്റേഷന്‍ വിടും. അതിനു മുമ്പേ അവിടെയെത്തിച്ചേരണം. കൗകേപാറയില്‍ നിന്ന് ഇരുപത്തഞ്ച് കിലോമീറ്റര്‍ ദൂരെ ബറസാത് ജംഗ്ഷനില്‍ എത്തിയാല്‍ അതിലൂടെ സിയാള്‍ഡയിലേക്ക് പോകുന്ന തീവണ്ടിയില്‍ നേരത്തെ തന്നെ അവിടെയെത്താം. പുലര്‍ച്ചെ മൂന്നരക്ക് മറ്റു വണ്ടികളൊന്നും തന്നെ ലഭ്യമല്ലാത്തതിനാല്‍ ഒരു ഒമ്‌നിയും ജീപ് ട്രക്കും രണ്ടു തവണ ഓടിയിട്ട് വേണമായിരുന്നു ഞങ്ങള്‍ അറുപത് പേര്‍ക്കും ബറസാത്തിലെത്താന്‍. കാഴ്ചകള്‍ പൂര്‍ണമായും മൂടിക്കളയുന്ന കോടയില്‍ മുന്നിലെ റോഡും വാഹനവും വ്യക്തമാകാതെ ഒമ്‌നിയും ഇരുപതിലേറെ സഹയാത്രികരുമായി ഒമ്‌നിയും ജീപ് ട്രക്കും ഹോണടിച്ചും നിര്‍ത്തിയും പതിയെ ബറസാത്തിലേക്ക് വച്ചുപിടിച്ചു. ആദ്യ ഓട്ടം കഴിഞ്ഞ് രണ്ടാം ട്രിപ്പിന് കാത്തിരുന്നവരുമായി ട്രക്ക് വരുന്നത് കാണാതായപ്പോള്‍ തണുത്ത് വിറക്കുന്ന ശരീരം പെട്ടെന്ന് ഭയത്തിന്റെ ചൂട്ട് കൊണ്ട് പൊള്ളി. കണ്ണുകാണാന്‍ കഴിയാത്ത കോടയിലുള്ള യാത്ര പലപ്പോഴും അപകടത്തിലാണ് ചെന്നെത്താറെന്ന് കൗകേപാറയില്‍ വെച്ച് ചിലരില്‍ നിന്ന് കേട്ടിരുന്നു. കൂക്കിവിളിച്ച് ഞങ്ങള്‍ക്കരികെയെത്തുന്ന ട്രെയ്‌നിനും ട്രക്കിനെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ക്കുമിടയില്‍ കൊടും തണുപ്പിലും ഞങ്ങളാകെ വിയര്‍ത്തൊലിച്ചു. സിയാല്‍ഡ ലക്ഷ്യമാക്കി യാത്ര തുടര്‍ന്ന ലോക്കല്‍ ട്രെയ്‌നില്‍ ആര്‍ക്കും ഇരിപ്പുറച്ചില്ല. കൂടെയുണ്ടായിരുന്ന മുപ്പതോളം പേര്‍ക്കെന്ത് സംഭവിച്ചുകാണുമെന്നാശങ്കപ്പെട്ട് എല്ലാവരും പരസ്പരം കണ്ണുമിഴിച്ചു നിന്നു. ഉറക്കമില്ലാത്ത പുലര്‍ച്ച.

ട്രക്കിലുണ്ടായിരുന്നവരില്‍ പലരുടെയും മൊബൈല്‍ ലഗേജിനകത്തായിരുന്നു. ബറസാത്തിലേക്കുള്ള വരവിനിടെ ഇടക്കുവെച്ച് വണ്ടി നിന്നുവത്രെ. മഞ്ഞുകാറ്റും കോടയും കൊണ്ട് ഭാരമുള്ള ലഗേജുമായി നില്‍ക്കുകയായിരുന്ന സുഹൃത്തുക്കള്‍ താഴെയിറങ്ങി വണ്ടി തള്ളി. പെട്രോളില്ലായിരുന്നു. അടുത്ത പമ്പില്‍നിന്ന് പെട്രോളടിച്ച് വളരെ വേഗത്തില്‍ വണ്ടി ബറസാത്തിലേക്ക് കുതിച്ചു. പിന്നില്‍ നില്‍ക്കുന്നവരുടെ ആധിയും വെപ്രാളവും വര്‍ദ്ധിച്ചു. ബറസാത്ത് വഴി കടന്നുപോകുന്ന ട്രെയ്‌നാണ് ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രാ മാര്‍ഗത്തെ കൂട്ടിക്കെട്ടുന്നത്. ഒരേ ദിശയിലായിരുന്നവര്‍ ക്ഷണനേരംകൊണ്ട് ഇരുദിശയിലാകുമോ. ഉള്ളില്‍, ഓരോ നിമിഷത്തെയും പിന്നോട്ടുപോകാന്‍ സമ്മതിക്കാതെ പിടിച്ചുവെക്കാനായിരുന്നെങ്കിലെന്ന വ്യര്‍ത്ഥ മോഹങ്ങളുടെ തിരയിളക്കം. ബറസാത്ത് ജംഗ്ഷനിലേക്ക് ഒരു കിലോമീറ്റര്‍ ദൂര പരിധിയില്‍വെച്ച് ട്രക്ക് പിന്നെയും പണിമുടക്കി, ഇത്തവണ ഒരു ടയര്‍ തന്നെ പഞ്ചറായി. അത്രമേല്‍ കൊതിച്ചതും നേടാന്‍ സാധ്യമാകുമായിരുന്നതുമായവ കണ്‍മുമ്പില്‍വെച്ച് നഷ്ടപ്പെടുന്നത് കാണുമ്പോള്‍ എങ്ങനെയും അതെത്തിപ്പിടിക്കാന്‍ മനുഷ്യനൊരു അവസാന ശ്രമംകൂടി നടത്തും. അപ്പോള്‍ ഓടിയെത്താനുള്ള ദൂരത്തെക്കുറിച്ച് അവരൊട്ടും ആലോചിക്കില്ല. ടയര്‍ പഞ്ചറായെന്നറിഞ്ഞ ഉടനെ ലഗേജുമെടുത്ത് അവര്‍ ബറസാത്ത് ജംഗ്ഷനിലേക്ക് ഓടി. അവരെല്ലാമവിടെ ഓടിക്കിതച്ചെത്തിയപ്പോഴേക്കും അവസാനമായി അവരുടെയെല്ലാം നെഞ്ച് തുളക്കുന്നൊരു കൂവല്‍കൂടി കഴിഞ്ഞ് ട്രെയ്ന്‍ അതിവേഗം സ്‌റ്റേഷന്‍ വിട്ടു. വിള്ളല്‍ വന്ന കാലുകളില്‍ നിന്നും പൊടിയുന്ന ചോര തുടച്ച് അവര്‍ അടുത്ത ട്രെയ്‌നിന് കാത്തുനിന്നു.

ബറസാത്ത് വഴി വരുന്ന അടുത്ത ട്രെയ്ന്‍ സിയാല്‍ഡയിലെത്തുന്ന അതേസമയത്ത് തന്നെയായിരുന്നു അവിടെനിന്ന് കാഞ്ചന്‍ജംഗ ലക്ഷ്യമാക്കിയുള്ള ട്രെയ്ന്‍ പുറപ്പെടുന്നതും. വീണ്ടും ഉത്കണ്ഠയുടെ നിമിഷങ്ങള്‍. പരസ്പരം ആശ്വാസ വാക്കുകളും പ്രാര്‍ത്ഥനയുമായി ഫോണ്‍കാളുകളും വാട്‌സാപ്പ് മെസ്സേജുകളും. സിയാല്‍ഡ സില്‍ചാര്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസ് പ്ലാറ്റ്‌ഫോം വിടാന്‍ വൈകുന്നതിനനുസരിച്ച് അവരുടെ ട്രെയ്‌നും വൈകിക്കൊണ്ടിരുന്നു. 6: 40 ന് ആശങ്കയുടെ ഒരു പാളമപ്പുറത്ത് നിന്ന് പ്രതീക്ഷയുടെ പാളത്തിലേക്ക് അത്യാഹ്ലാദത്തോടെ ഓടിവരുന്ന അവരെ കണ്ട് ഞങ്ങളെല്ലാം ട്രെയ്‌നില്‍നിന്നും ചാടിയിറങ്ങി. അവരുടെ ലഗേജ് വാങ്ങാനും സന്തോഷത്തോടെയൊന്ന് കെട്ടിപ്പിടിക്കാനും മനസ്സ് വെമ്പല്‍കൊണ്ട് നില്‍ക്കുമ്പോള്‍ പിന്നില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസ് അതിന്റെ യാത്ര തുടങ്ങിയിരുന്നു. ഞങ്ങളാരുമത് ശ്രദ്ധിച്ചില്ല. ജീവന്‍തന്നെ നഷ്ടപ്പെട്ടേക്കാവുന്ന അപകടത്തിലാണ് അകപ്പെട്ടതെങ്കില്‍പോലും അവിചാരിതമായി കിട്ടുന്ന ഒരു നിമിഷനേരത്തെ സന്തോഷം കൊണ്ട് മനുഷ്യന്‍ മറ്റെല്ലാം മറന്നുപോകുമെന്നത് മനുഷ്യ സൃഷ്ടിപ്പിന്റെ രസതന്ത്രമാണ്. കൈയെത്തും ദൂരത്ത് നിന്നും തെന്നിപോകുന്ന പ്രതീക്ഷകള്‍ അവരുടെ മുഖത്തെ വെളിച്ചത്തെ കെടുത്തിക്കളയുന്നത് കാണാന്‍ ഞങ്ങള്‍ക്കാര്‍ക്കും ത്രാണിയുണ്ടായിരുന്നില്ല. ഒരേസമയം കിതച്ചുവരുന്ന അവരെ സഹായിക്കാനും ഓടിത്തുടങ്ങിയ ട്രെയ്‌നില്‍ കയറിപ്പറ്റാനുമുള്ള ഞാണില്‍മേല്‍കളിക്കിടയില്‍ അവിചാരിതമായി ആരോ ചെയ്ന്‍ വലിച്ചു. അറ്റുപോയെന്നുറപ്പിച്ച പ്രതീക്ഷക്കും ഉത്കണ്ഠയുടെ പാളത്തിനുമിടയില്‍ വീണുകിട്ടിയ സെക്കന്റുകളെ പലതായി വിഭജിച്ച് അവര്‍ ട്രെയ്‌നില്‍ കയറിപ്പറ്റി. സമാശ്വാസത്തിന്റെ ഹംദുകള്‍ക്കും ആലിംഗനങ്ങള്‍ക്കുമിടയില്‍ മറ്റൊരു പ്രതിസന്ധികൂടി ഞങ്ങളെ പിടികൂടി.
കൂടെയുണ്ടായിരുന്ന മൂന്നുപേരെ പൊലീസ് പ്ലാറ്റ്‌ഫോമില്‍ പിടിച്ചുവെച്ചിരിക്കുന്നു. വീണ്ടും ഭയാശങ്കകളുടെ മണിക്കൂറുകള്‍. ചെയ്ന്‍ വലിച്ചത് അവരാണെന്ന അബദ്ധ ധാരണയിലായിരുന്നു പൊലീസ് അവരെ പിടികൂടിയത്. കാഞ്ചന്‍ജംഗ എക്‌സ്പ്രസില്‍ പോകാന്‍ അനുവദിക്കില്ലെന്ന് പൊലീസ് വാശിപിടിച്ചു. ട്രെയ്ന്‍ അപ്പോഴേക്കും സിയാല്‍ഡ സ്‌റ്റേഷന്‍ വിട്ടിരുന്നു. യാഥാര്‍ത്ഥ്യം മനസ്സിലായതോടെ തുടര്‍ യാത്രക്ക് മറ്റു വഴികളൊന്നും ലഭ്യമായില്ലെങ്കില്‍ ഞങ്ങള്‍ തന്നെ സഹായിക്കാമെന്നായി പൊലീസുകാര്‍. ഹൗറയില്‍ നിന്നുള്ള മറ്റൊരു ട്രെയ്ന്‍ വഴി അവര്‍ ആസാമില്‍ എത്തുമെന്നറിഞ്ഞതോടെ ആശ്വാസമായി. രാത്രി ഒരു മണിക്കാണ് ട്രെയ്ന്‍ ബാര്‍പേട്ട റോഡ് ജംഗ്ഷനിലെത്തിച്ചേരുക. വിരസമായൊരു ദിനം കുടെയുള്ളവരില്‍ പലരും ഉറങ്ങിത്തീര്‍ത്തു. ശോകമൂകമായൊരു ട്രെയ്ന്‍ യാത്ര ഇതാദ്യമായിരുന്നു. ചായയും കോഫിയും ബിരിയാണിയുമായി പലരും വന്നു, ആരുമത് ശ്രദ്ധിച്ചില്ല. ചെറുകിട കച്ചവടക്കാര്‍ പലരും വന്നു, ആരും വിലപേശിയില്ല. വെസ്റ്റ് ബംഗാളും ജാര്‍ഖണ്ഡും ബീഹാറും കയറിയിറങ്ങി എക്‌സ്പ്രസ് ആസാമിലെ ബാര്‍പേട്ട റോഡിലെത്തുന്നതും നോക്കി ജനാലക്കരികില്‍ സൊറപറയാന്‍ ആരുമില്ലാതെ ഏകാകിയായി ഓര്‍മ്മകളുടെ പുതപ്പില്‍ ഞാനുമെന്നെ മൂടി.

കരവിഴുങ്ങുന്ന ബ്രഹ്മപുത്ര
ബര്‍ ചെന്‍ഗ, ആസാം

ബാര്‍പേട്ട റോഡില്‍ നിന്ന് പിന്നെയും രണ്ട് മണിക്കൂര്‍ ബസ് യാത്ര കഴിഞ്ഞാണ് ബൈഷ ഗ്രാമത്തിലെ ബര്‍ ചെന്‍ഗയില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഹുദാ ആസാം കാമ്പസിലെത്തിയത്. ആസാം കാമ്പസിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സ്വീകരണ ചടങ്ങിലെ ആചാരങ്ങളെന്തൊക്കെയായിരിക്കുമെന്ന ആകാംക്ഷയായിരുന്നെനിക്ക്. യാത്രയുടെ പ്രധാന ലക്ഷ്യ കേന്ദ്രങ്ങളിലൊന്നായിരുന്നു ആസാം കാമ്പസ്. അക്കാദമിക്, ലീഡര്‍ഷിപ്പ് ക്ലാസുകളും ഫീല്‍ഡ് വര്‍ക്കും കൂടെ തണുത്ത കാറ്റിനെ ചൂടുപിടിപ്പിച്ച കാംഫയറും കൊണ്ട് മനോഹരമായ ഒരു രാത്രിയും രണ്ടു പകലും. സ്വീകരണ ചടങ്ങില്‍ നാല് വരികളിലായി ഇരിക്കുന്ന ഞങ്ങള്‍ക്ക് മുമ്പിലേക്ക് ചെറിയ കുട്ടികള്‍ അവര്‍ സ്വന്തമായി നിര്‍മ്മിച്ച ആശംസാ കാര്‍ഡുമായി വന്നു. കൗതുകത്തോടെ പരസ്പരം നോക്കിനില്‍ക്കെ ഞങ്ങളോരോരുത്തരെയും അവര്‍ ഷാള്‍ അണിയിച്ചു. മധുര സ്വരത്തിലുള്ള ആസാമി ഗാനം ഹൃദയത്തിലേക്ക് പതിഞ്ഞിറങ്ങിയപ്പോള്‍ വൈലോപിള്ളിയുടെ ആസാം പണിക്കാര്‍ എന്ന കവിത തികട്ടിവന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അന്നവും കൂലിയും തേടി പട്ടാളപ്പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ പുറപ്പെട്ടിറങ്ങിയ മലയാളികളില്‍ മടങ്ങാനാകാതെ മണ്ണായിത്തീര്‍ന്നവര്‍ക്ക് മുകളിലായിരിക്കും ചിലപ്പോള്‍ ഞാന്‍ നില്‍ക്കുന്നത്. ലോകയുദ്ധങ്ങളും കോളനിവല്‍കരണവുമായിരുന്നു ആസാമിനെ സമ്പന്നമാക്കി നിര്‍ത്തിയിരുന്നത്. കാരണം, അവരണ്ടും അവസാനിച്ചപ്പോള്‍ സമ്പന്നരായിരുന്ന ആസാമികള്‍ അന്നം തേടി കേരളത്തിലേക്ക് ചുരമിറങ്ങി വന്നതാണ് പിന്നീടുള്ള ആസാമിന്റെ ചരിത്രം.

വൈകീട്ട് ബ്രഹ്മപുത്ര നദി കാണാന്‍ ബഹാരിയിലേക്ക് പോയി. ബര്‍ ചെന്‍ഗയില്‍ നിന്നും ചെന്‍ഗ-ബ്യാസ്‌കുചി റോഡ് വഴി അരമണിക്കൂര്‍ കൊണ്ട് ബഹാരിയിലെത്താം. ടൊട്ടോയെന്നും പില്‍പിലിയെന്നും പേരിട്ടുവിളിക്കുന്ന ഇലക്ട്രിക് റിക്ഷകളിലായിരുന്നു യാത്ര. റോഡുകള്‍ക്ക് ഇരുവശവും ഇഷ്ടിക ഫാക്ടറികള്‍. അവിടുത്തെ പ്രധാന തൊഴിലും അത് തന്നെയാണ്. ചെറിയ വീടുകള്‍ മുതല്‍ ബഹുനില ബില്‍ഡിങ്ങുകള്‍ വരെ നിര്‍മ്മിക്കുന്നത് ഇഷ്ടികകൊണ്ടാണ്. ഇഷ്ടികകൊണ്ട് ചുമരുണ്ടാക്കി മേല്‍ഭാഗം വാര്‍ക്കുന്ന രീതി ഇവിടുത്തെ ശീലമല്ല. ഒരുനില സ്‌കൂളുകളും വീടുകളും മേല്‍ക്കൂര കെട്ടിയിരിക്കുന്നത് തകര ഷീറ്റുകള്‍ കൊണ്ടാണ്. ചൂരല്‍ മരങ്ങളും മുളകളും ചേര്‍ത്തുകെട്ടി ചാണകവും മണ്ണും ചേര്‍ത്താണ് ബൈഷ ഗ്രാമത്തിലെ പല കുടിലുകള്‍ക്കും ചുമര്‍ നിര്‍മ്മിച്ചിരിക്കുന്നത്. കടുത്ത വേനലിലും അവര്‍ അതില്‍തന്നെയാണത്രെ കിടന്നുറങ്ങാറുള്ളത്. ബഹാരിയിലെ ഫെറി പോയന്റില്‍ ടൊട്ടോയിറങ്ങുമ്പോള്‍ സൂര്യന്‍ അസ്തമയ ശോഭകൊണ്ട് അവിടെയാകെ ചുവപ്പിച്ചു തുടങ്ങിയിരുന്നു. ഓരോ വര്‍ഷവും ബ്രഹ്മപുത്രയുടെ വീതി കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമുണ്ടായ വെള്ളപ്പൊക്കത്തില്‍ മീറ്ററുകളോളം കരയെ പിന്നെയും വിഴുങ്ങി. ഫെറി പോയന്റായിട്ടുകൂടി മണ്ണിടിച്ചില്‍ തടയാനുള്ള പരിഹാര മാര്‍ഗങ്ങളെക്കുറിച്ചൊന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ആലോചനകളുണ്ടായിട്ടില്ല. ഹിമാലയ മലനിരകളിലെ കൈലാഷ് പര്‍വതത്തിന് അരികെയുള്ള മാനസരോവര്‍ തടാകത്തില്‍ നിന്നും ഉത്ഭവിച്ച് ആസാമിലെത്തുമ്പോള്‍ അതിന്റെ വീതി പതിനഞ്ച് കിലോമീറ്ററിലധികമായി മാറുന്നു. വെള്ളം കുറഞ്ഞ സമയമായിരുന്നതിനാല്‍ നദിയെടുത്ത ഭൂമിയെല്ലാം ചിലയിടങ്ങളില്‍ ദ്വീപുപോലെ ഉയര്‍ന്നു നില്‍ക്കുന്നത് കണ്ടു. ബ്രഹ്മപുത്രയിലെ സായാഹ്ന ജലയാത്ര കഴിഞ്ഞ് രുചിയുള്ള ആസാമി ചായയും കുടിച്ച് കാമ്പസില്‍ തിരിച്ചെത്തുമ്പോള്‍ പൊരിച്ചെടുത്ത വലിയ മത്സ്യങ്ങള്‍ ഞങ്ങളെയും കാത്ത് തീന്മേശയിലുണ്ടായിരുന്നു. നല്ല ചൂട് ചോറിനൊപ്പം ഞങ്ങള്‍ എട്ടുപേര്‍ ഒറ്റയടിക്ക് തന്നെ അതിനെ അകത്താക്കി. ഭക്ഷണത്തിന് ശേഷമാണ് മീനിന്റെ പേരെന്താണെന്ന് ചോദിച്ചത്. റെഡ് ബെല്ലീഡ് പാച്ചുവെന്നും റെഡ് ബെല്ലീഡ് പിരാനയെന്നും പേരുള്ള മത്സ്യം അവരുടെ പ്രിയപ്പെട്ട രൂപ്ചന്തയാണ്.

നോര്‍ത്ത് 24 പര്‍ഗാനാസില്‍ നിന്നെന്ന പോലെ ബാര്‍പേട്ടയിലേക്കുള്ള മടക്കയാത്രയില്‍ പൗരത്വത്തില്‍ കത്തിനിന്ന ആസാമിനെയും ഞാന്‍ പലയിടത്തും തിരഞ്ഞു. വാര്‍ത്തകളില്‍ കണ്ട ചിത്രങ്ങളോ ദര്‍വേശിന്റെ കവിതാ പാരഡിയില്‍ എഴുതപ്പെട്ട ഹാഫിസ് അഹ്മദിന്റെ അയാം മിയ എന്ന കവിതയുടെ മുഴക്കങ്ങളോ ബംഗാളിലോ ആസാമിലോ അലയടിക്കുന്നതായി അനുഭവപ്പെട്ടില്ല. ബംഗാളിലെയും ആസാമിലെയും മുസ്ലിങ്ങളെല്ലാം അത് കാലങ്ങളായി അനുഭവിച്ചുകൊണ്ടിരുന്നതായിരുന്നു. ഫാസിസ്റ്റ് സര്‍ക്കാറിന്റെ കാലത്ത് അതൊന്നുകൂടി ശക്തിപ്പെട്ടെന്ന് മാത്രം. ഭയം വീടിന്റെ മുന്‍വാതിലില്‍ വന്ന് മുട്ടിയപ്പോള്‍ മാത്രം ഉണര്‍ന്ന നമ്മള്‍!

മൈനസ് ഡിഗ്രിയില്‍ ടൈഗര്‍ ഹില്‍സിലെ സൂര്യോദയവും കാത്ത്
ഡാര്‍ജീലിങ്

ടൈഗര്‍ ഹില്‍സിലെ സൂര്യോദയത്തോടെയായിരുന്നു ഡാര്‍ജീലിങിലെ ദിനാരംഭം. ഡാര്‍ജീലിങിലെത്തുന്ന ഏത് യാത്രക്കാരന്റെയും യാത്ര ആരംഭിക്കുന്നത് ആ പര്‍വതത്തിന്റെ ഉച്ചിയില്‍ നിന്നുള്ള സൂര്യോദയം കണ്ടുകൊണ്ടാണ്. ഗുവാഹത്തി- ലോക്മാന്യതിലക് സ്‌പെഷ്യല്‍ ട്രെയ്‌നില്‍ എന്‍.ജെ.പി സ്റ്റേഷനില്‍ വന്നിറങ്ങി സ്റ്റേഷന്‍ ഹോട്ടലില്‍ നിന്ന് നല്ല ചൂടന്‍ മസാല ദോശയും കഴിച്ച് ടൈഗര്‍ ഹില്‍സിലേക്ക് പോകാന്‍ വണ്ടി കയറുമ്പോള്‍ സമയം രാത്രി രണ്ടുമണി. അറുപത് പേര്‍ക്ക് വേണ്ടി ആറ് കോളിസ് കാറുകള്‍ ബുക്ക് ചെയ്തിരുന്നു. സൂര്യോദയം കാണാന്‍ പെട്ടെന്നുതന്നെ ടൈഗര്‍ ഹില്‍സില്‍ എത്തിച്ചേരണമെന്ന് പറഞ്ഞ് അവര്‍ വണ്ടിയെടുത്തു. മാറ്റിഗര-കുര്‍സ്യോങ് റോഡിലൂടെ മൂന്നു മണിക്കൂര്‍ നീണ്ട യാത്ര. പുറത്തെ തണുപ്പില്‍ നിന്നും പ്രതിരോധിക്കാന്‍ കാറിലെപ്പോഴും ഹീറ്റര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഞങ്ങളുടെ ഡ്രൈവര്‍ ബാഗ്‌ദോഗ്രക്കാരനായിരുന്നു. ആറോളം ഭാഷകള്‍ ഹൃദിസ്ഥം. മലയാളവും കുറച്ചറിയാം. യാത്രയിലുടനീളം അയാള്‍ സംസാരിച്ചുകൊണ്ടിരുന്നു. ആസാമിന്റെയും ഡാര്‍ജീലിങിന്റെയും പ്രവേശനകവാടം ബാഗ്‌ദോഗ്രയാണെന്നത് അയാള്‍ക്ക് അഭിമാനിക്കാനുള്ള വഴിയായിരുന്നു. അധികവും ദീദിയുടെ പിടിപ്പുകേടുകളെക്കുറിച്ചായിരുന്നു അയാള്‍ക്ക് പരാതിയുണ്ടായിരുന്നത്. ഡാര്‍ജീലിങിലേക്കുള്ള രണ്ടുവരിപ്പാതയായതു മുതല്‍ വിവിധ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ്‌വേകളെല്ലാം ബി.ജെ.പി സര്‍ക്കാറാണ് കൊണ്ടുവന്നതെന്നും ബംഗ്ലാദേശില്‍ നിന്നും കുടിയേറിവരുന്ന മുസ്ലിങ്ങളെക്കൊണ്ടാണ് താന്‍ ജയിക്കുന്നതെന്ന ധാരണ ദീദിക്കുണ്ടെന്നും എന്നാല്‍ സമീപ ഭാവിയില്‍ തന്നെ ഇവിടെ ദീദിക്ക് അധികാരം നഷ്ടപ്പെടുമെന്നും അയാള്‍ പറഞ്ഞു. ഞാനെല്ലാം മൂളിക്കേട്ടിരിക്കുക മാത്രം ചെയ്തു. പാതിരാത്രിയല്ലേ. എനിക്ക് നന്നായി ഉറക്കം വരുന്നുണ്ടായിരുന്നു. കുര്‍സ്യോങിലെത്തിയപ്പോള്‍ എല്ലാവരും വണ്ടി നിര്‍ത്തി. സമുദ്രനിരപ്പില്‍ നിന്നും 4864 അടി ഉയരത്തിലുള്ള കുര്‍സ്യോങില്‍ നിന്നാണ് ഡാര്‍ജീലിങിലേക്കുള്ള ടോയ് ട്രെയ്‌നുകള്‍ യാത്ര ആരംഭിക്കുന്നത്. പുറത്തെ തണുപ്പ് സഹിക്കാനാകാത്തതിനാല്‍ പലരും കാറിനകത്ത് തന്നെയിരുന്നു. ഞാന്‍ പുറത്തിറങ്ങി ഒരു കട്ടന്‍ ചായ കുടിച്ചു. അവിടെനിന്ന് ഒരു ഫോട്ടോയുമെടുത്ത് വീണ്ടും തണുപ്പിന്റെ കൊടുമുടി കയറി യാത്ര തുടര്‍ന്നു.

അഞ്ച് മണിയോടെ ടൈഗര്‍ ഹില്‍സിന്റെ താഴ്‌വാരത്തെത്തി. അവിടെ നിന്നും ടൈഗര്‍ ഹില്‍സിന്റെ മുകളിലേക്ക് നടന്നുകയറണം. നക്ഷത്രങ്ങള്‍ മാത്രം തിളങ്ങിനില്‍ക്കുന്ന കുറ്റാകുറ്റിരുട്ടുള്ളൊരു രാത്രിയില്‍ ഞങ്ങള്‍ മല കയറി. തണുപ്പ് തീവ്രമായിക്കൊണ്ടിരുന്നു. പലരും അവിടെവെച്ച് മങ്കികാപ്പും ഗ്ലൗസും വാങ്ങി ധരിച്ചു. ഇരുട്ടില്‍ തപ്പിപ്പിടിച്ച് ഒരുവിധം മുകളിലെത്തിയപ്പോഴവിടുണ്ട് ഞങ്ങളെപ്പോലെത്തന്നെ സൂര്യോദയം കാണാന്‍ വന്ന നൂറുകണക്കിന് ആളുകള്‍. ആറരക്കുള്ള സൂര്യോദയത്തിന് എന്തിനാണ് അഞ്ച് മണിക്ക് തന്നെ തണുപ്പ് പിടിച്ചുകയറുന്നതെന്ന് ചോദിച്ചവര്‍ മുകളിലെ ആള്‍കൂട്ടം കണ്ട് പരസ്പരം മുഖത്തോട് മുഖം നോക്കിനിന്നു. മൂന്ന് മണിക്ക് തന്നെ വന്ന് ഇരിപ്പുറപ്പിച്ചവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ഷൂവിനുള്ളിലേക്കും ഗ്ലൗസിനുള്ളിലേക്കുമെല്ലാം തണുപ്പ് ഇരച്ചുകയറി. മൈനസ് രണ്ട് ഡിഗ്രിയില്‍ എന്റെ കാലും കൈയും മരവിച്ചു തുടങ്ങി. ഞാനിടക്കിടെ കൈകാലുകള്‍ ഇളക്കിയും കൂട്ടിത്തിരുമ്മിയും തണുപ്പിനെ ചെറുത്തു. ഇടക്കൊരു ചായ കുടിച്ച് ശരീരം ചൂടുപിടിപ്പിച്ചു. സൂര്യോദയം കാണാനുള്ള പ്രത്യേക ഇരിപ്പിടത്തിന്റെ പണി അവിടെ നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.

കയ്യും കാലും കോച്ചിവലിക്കുന്ന തണുപ്പിനോട് കണ്ണുചിമ്മി ആകാശം തൊടുന്ന ഉയരത്തില്‍ നിന്നു ഇപ്പുറം സൂര്യന്‍ ഉദിക്കുന്നതും അപ്പുറം സൂര്യന്റെ പ്രകാശത്തില്‍ വെളുപ്പില്‍ ചുവപ്പണിഞ്ഞ് ഹിമാലയം പുഞ്ചിരിക്കുന്നതും കണ്ട് ആളുകള്‍ ഉച്ചത്തില്‍ കുരവയിട്ടു. ഉദിച്ചുയരുന്നതിനനുസരിച്ച് സൂര്യന്‍ കുടഞ്ഞിട്ട കിരണങ്ങളേറ്റ് പല ദേശങ്ങളുടെയും മേലാപ്പുകളില്‍ ചുവപ്പുപരന്നു. ഉദയത്തിന്റെ ടൈംലാപ്‌സുകളെ മനോഹരമാക്കി ആകാശത്തില്‍ ചുവപ്പും ഓറഞ്ചും മഞ്ഞയും വെള്ളയും ചേര്‍ന്നൊരുക്കിയ നിറങ്ങളുടെ പകര്‍ന്നാട്ടം. സൂര്യകിരണങ്ങളേറ്റിട്ടും ഉണരാതെ മഞ്ഞുപുതച്ചുറങ്ങുന്ന ഹിമാലയ, കാഞ്ചന്‍ജംഗ പര്‍വതനിരകള്‍. പുതിയ ദേശങ്ങളിലേക്ക് വരിയിട്ട് പറക്കുന്ന പറവകള്‍. 8442 അടി ഉയരത്തില്‍ അത്യാനുഭൂതിയുടെയൊരു ഹിമപ്രഭാതം.
നിരത്തിലെ മരങ്ങളിലും പുല്ലുകളിലും വിതറിക്കിടന്ന പൊടിമഞ്ഞ് മായും മുമ്പേ ബത്താസിയ ലൂപില്‍ കയറി. പൂത്തുലഞ്ഞു നില്‍ക്കുന്ന പൂന്തോട്ടത്തില്‍ പരസ്പരം കൈകോര്‍ത്ത് പൂമ്പാറ്റകളെപ്പോലെ അലഞ്ഞു നടക്കുന്ന ഇണകളെല്ലാം ബംഗാളിന്റെ തനതായ സാംസ്‌കാരിക വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. വസ്ത്രത്തിന്റെ രൂപ ഭംഗിയെ കൗതുകത്തോടെ നോക്കി നടക്കുമ്പോള്‍ തൊട്ടരികില്‍ നിന്നൊരാള്‍ അതേ വസ്ത്രം എടുത്തുയര്‍ത്തി പചാസ് പചാസ് എന്ന് പറഞ്ഞു അടുത്തേക്ക് വിളിച്ചു. അപ്പോഴാണ് മുമ്പ് കണ്ടവര്‍ മറന്നുപോയൊരു സംസ്‌കാരത്തിന്റെ ആസ്വാദകരാണെന്ന് മനസ്സിലായത്. മാറുന്ന പുതിയ സംസ്‌കാരത്തിനൊപ്പം നനവുള്ള ഓര്‍മ്മയില്‍ നിന്നും മറവിയിലേക്ക് മാഞ്ഞുപോകുന്ന സംസ്‌കാരത്തെയും എങ്ങനെയൊക്കെയാണ് കോര്‍പ്പറേറ്റുകള്‍ വിപണിയാക്കി മാറ്റുന്നതെന്നപ്പോള്‍ ഞാന്‍ ആലോചിക്കാതിരുന്നില്ല. ഇന്ത്യന്‍ സൈന്യത്തിലെ ഗൂര്‍ഖാ പടയാളികളുടെ ഓര്‍മകളെ ജീവിപ്പിച്ചു നിര്‍ത്താന്‍ പൂന്തോട്ടത്തിന് ഒത്തനടുക്ക് സ്ഥാപിച്ച കരിങ്കല്‍ സ്തൂപവും കണ്ട് വ്യൂപോയന്റിലേക്ക് നടന്നു. പരന്നു കിടക്കുന്ന ഡാര്‍ജീലിങിനെ ഒറ്റനോട്ടത്തില്‍ തന്നെ ഒപ്പിയെടുക്കാം. മലയിറങ്ങുന്ന ചുരുളന്‍ റോഡുകളും അതിനോട് ചേര്‍ത്തുകെട്ടിയ വീടുകളും അതിമനോഹരമായൊരു കാഴ്ചയാണ്. യാത്രികരുടെ മനംകവരാന്‍ തണുപ്പും കാഴ്ചകളുമായി നില്‍ക്കുന്ന സുന്ദരിക്കോത. കുര്‍സ്യോങില്‍ നിന്നും യാത്രയാരംഭിക്കുന്ന ടോയ് ട്രെയ്‌നിന്റെ പ്രധാന സ്‌പോട്ടുകളിലൊന്ന് ബത്താസിയ ലൂപാണ്. കുത്തനെയുള്ള മലകയറി, മടക്കത്തില്‍ അതിവേഗത്തില്‍ തിരിച്ചിറക്കി ടോയ് കുസൃതി കാണിക്കും. ഭയന്നുവിറച്ച് യാത്രക്കാര്‍ കൂക്കിവിളിക്കും. അതുകേട്ട് താഴ്‌വാരത്തിലൂടെയൊഴുകുന്ന നദി കുണുങ്ങിച്ചിരിക്കും.

ഡാര്‍ജീലിങിലെ ഹൃദയഹാരിയായ കാഴ്ചകളിലൊന്ന് ജാപനീസ് ക്ഷേത്രമായ പീസ് പഗോഡയാണ്. ഡാര്‍ജീലിങ് നഗരത്തില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള ജലപഹാര്‍ മലനിരയില്‍ നിന്നാണ് പീസ് പഗോഡ സമാധാനകാംക്ഷികളെ അങ്ങോട്ട് വിളിച്ചുകൂട്ടുന്നത്. നിങ്ങളേത് മതക്കാരാണെങ്കിലും ഏത് ജാതിക്കാരനാണെങ്കിലും വരൂ. നമുക്കിവിടെവെച്ച് ഒന്നായിത്തീരാമെന്ന എഴുത്ത് കണ്ടപ്പോള്‍ റൂമിയെയാണ് ഓര്‍മ്മവന്നത്:

‘വരിക വരിക, നീയാരാണങ്കിലും വരിക
നീ അലഞ്ഞു തിരിയുന്നവനോ ദൈവനിന്ദകനോ ആവട്ടെ
നീ അഗ്നിയേയോ വിഗ്രഹങ്ങളെയോ ആരാധിക്കുന്നവനാകട്ടെ
വരിക
ഈ പാത നൈരാശ്യത്തിന്റെ പാതയല്ല
എത്ര തവണ പ്രതിജ്ഞകള്‍ ലംഘിച്ചവനാണെങ്കിലും
വീണ്ടും വീണ്ടും വരിക’

എത്ര വലിയ പരാക്രമിയാണെങ്കിലും ഹൃദയത്തിനടിത്തട്ടില്‍ സമാധാനം തേടിയലയുന്നൊരു ദേശാടനക്കിളി ഓരോ മനുഷ്യനിലുമുണ്ടാകും. നിശബ്ദമായൊരു അന്തരീക്ഷത്തെ പ്രകൃതിയുടെ സ്വരങ്ങള്‍കൊണ്ട് സംഗീത സാന്ദ്രമാക്കി നിര്‍ത്തുന്നത് ഇത്തരം പഗോഡകളുടെയും ചില മസാറുകളുടെയുമെല്ലാം പ്രത്യേകതകളാണ്. ജപ്പാനിലെ ബുദ്ധ സന്യാസിയായിരുന്ന നിഷിഡാഷു ഫുജി തന്റെ തീര്‍ത്ഥയാത്രക്കിടയിലാണ് ഇത് സ്ഥാപിക്കുന്നത്. ഒരു ബുദ്ധ ക്ഷേത്രവും അതിനോട് ചേര്‍ന്നു കുറച്ചപ്പുറത്ത് ഉയരത്തിലൊരു ശാന്തി പഗോഡയും. ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ ചടങ്ങുകളൊന്നും നടക്കുന്നതായി കണ്ടില്ല. എന്തുകൊണ്ടെന്ന് ചോദിക്കാന്‍ പോലും സഞ്ചാരികളല്ലാതെ മറ്റാരും തന്നെ അവിടെയില്ലായിരുന്നു. പഗോഡയുടെ മോന്തായത്തില്‍ ചുവപ്പ് പരന്നു തുടങ്ങിയതോടെ ഡാര്‍ജീലിങ്ങിലെ ദിനവും അവസാനിച്ചു തുടങ്ങി. റോഡിനിരുവശവുമുള്ള ദീപാലങ്കൃതമായിക്കൊണ്ടിരിക്കുന്ന വീടുകളുടെ പടിയില്‍ നിന്ന് ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നവരോട് കൈവീശിക്കാണിച്ച് ഞങ്ങള്‍ പതിയെ ചുരമിറങ്ങി.

അഹ്സന്‍ പുല്ലൂര്‍

ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിപാര്‍ട്‌മെന്റ് ഓഫ് സ്റ്റഡി ഓഫ് റിലീജ്യന്‍സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍

2 comments

  • നല്ല എഴുത്ത്, കവിത ശകലങ്ങൾ ഉൾപ്പെടുത്തിയത് കുറച്ചു കൂടി ഭംഗിയായി
    ഇനിയും ഇത്തരത്തിൽ യാത്ര വിവരണങ്ങൾ തെളിച്ചത്തിൽ ഉൾപ്പെടുത്തണം

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.