Thelicham

ഭിന്നശേഷി സൗഹൃദവും അനിവാര്യമായ മാറ്റങ്ങളും

ചിലപ്പോഴൊക്കെ നമ്മുടെ ഒരു കനത്ത നോട്ടം കൊണ്ടോ മുഖഭാവം കൊണ്ടോ വാക്കുകള്‍ കൊണ്ടോ ചില സഹതാപ മനോഭാവം കൊണ്ടോ നമ്മള്‍ പോലും അറിയാതെ വേദനിപ്പിക്കുന്ന ഒരു സമൂഹമാണ് ഭിന്നശേഷിക്കാര്‍. ശാരീരികമോ മാനസികമോ ആയ പരിമിതികള്‍ നേരിടുന്നവര്‍ ആണ് ഭിന്നശേഷിക്കാര്‍ അല്ലെങ്കില്‍ ദൃഢ നിശ്ചയമുള്ളവര്‍ (People of determination) എന്ന് പറയപ്പെടുന്നത്. 2016 ലെ ഭിന്നശേഷി അവകാശ നിയമ പ്രകാരം 6 വിഭാഗങ്ങളിലായി 21 തരം അവസ്ഥകളെയാണ് ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

  1. ശാരീരിക വെല്ലുവിളി: ചലന വൈകല്യം (Locomotor disability ), കുഷ്ഠരോഗ വിമുക്തര്‍ (Leprosy cured), മസ്തിഷ്‌ക തളര്‍വാതം (Cerebral Palsy), ഉയരമില്ലായ്മ (Dwarfism), പേശീ ക്ഷയം (Muscular dystrophy), ആസിഡ് അക്രമ ഇരകള്‍ (Acid attack victims), കാഴ്ച്ച പരിമിതി (Blindness), കാഴ്ച കുറവ് (Long vision), കേള്‍വി കുറവ് (Hearing impairment), സംസാര ശേഷി കുറവ് (Aphaxia )
  2. ബുദ്ധിപരമായ വെല്ലുവിളി, (Intellectual disability ): പഠന വെല്ലുവിളി നേരിടുന്നവര്‍ (Specific learning disability), സംസാര, ഭാഷ ന്യൂനത (Speech and Language disability), ഓട്ടിസം (Autism spectrum disarder).
  3. മാനസീക രോഗം( Mental illness)
    4 . ദീര്‍ഘകാലമായുള്ള നാഡീ രോഗങ്ങള്‍: മള്‍ട്ടിപ്ള്‍ സ്‌ക്ലിറോസിസ്, പാര്‍ക്കിന്‍സണ്‍സ്, ഹീമോഫീലിയ, തലാസീമിയ, സിക്കിള്‍സ് അനീമിയ
    5 . ബഹുമുഖ വെല്ലുവിളികള്‍(Multiple disability)
    ഈ അവസ്ഥകളില്‍ എല്ലാം കാഠിന്യം കൂടിയതും കാഠിന്യം കുറഞ്ഞതും ഉണ്ട്. ഇവയെല്ലാം ഭിന്നശേഷി ഗണത്തില്‍ പെടുമെങ്കിലും ശാരീരിക മാനസീക വെല്ലുവിളികള്‍ നേരിടുന്നവരുടെ അവസ്ഥകള്‍ വളരെ പരിതാപകരമാണ് .

മുസ്‌ലിം ഭിന്നശേഷിക്കാര്‍


2015 ഭിന്നശേഷി സര്‍വ്വേ പ്രകാരം എട്ട് ലക്ഷത്തോളം (2.32%) ഭിന്നശേഷിക്കാര്‍ കേരളത്തില്‍ ഉണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ മലബാര്‍ ജില്ലകളായ മലപ്പുറം, കോഴിക്കോട,് കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ്. മലപ്പുറം ജില്ലയില്‍ ജനസംഖ്യയുടെ 12.5 ശതമാനം ഭിന്നശേഷിക്കാര്‍ ഉണ്ട്. കേരളത്തില്‍ 199777 (25.16%) മുസ്‌ലിം ഭിന്നശേഷിക്കാര്‍ ഉണ്ട്. ഏകദേശം കേരളത്തിലെ മുസ്‌ലിം ജനസംഖ്യയുടെ അത്ര തന്നെ ശതമാനം ഭിന്നശേഷിക്കാരിലും മുസ്‌ലിംകള്‍ ഉണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ശാരീരികമായ വെല്ലുവികള്‍ നേരിടുന്നവരുമാണ്.

കാരണങ്ങള്‍


ഭിന്നശേഷി വിഭാഗങ്ങളില്‍ ജന്മനാല്‍ അല്ലെങ്കില്‍ വളര്‍ച്ചയുടെ ആദ്യ കാലങ്ങളില്‍ ഉണ്ടാകുന്ന വൈകല്യങ്ങള്‍ക്ക് ചില കാരണങ്ങള്‍ ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്. പ്രധാനമായും ഗര്‍ഭകാലങ്ങളില്‍ ഉണ്ടാകുന്ന അനാരോഗ്യകരമായ ഭക്ഷണരീതികള്‍, അപകടങ്ങള്‍, ഇന്‍ഫെക്ഷനുകള്‍, പരിചരണ കുറവ്, രക്ഷിതാക്കളുടെ ലഹരി ഉപയോഗം, രക്ത ബന്ധങ്ങളില്‍ നിന്നുള്ള വിവാഹങ്ങള്‍, മാനസീക രോഗം, വളര്‍ച്ച വൈകല്യം ഉള്ളവരെ വിവാഹം കഴിക്കുന്നതിലൂടെയെല്ലാം ഇത്തരം ഭിന്നശേഷി കുട്ടികള്‍ ജനിക്കാന്‍ കാരണമാകും. ഇതിലെ ഒട്ടുമിക്ക കാരണങ്ങളും നമ്മുടെ ഇസ്‌ലാമീക രീതിശാശ്ത്ര പ്രകാരം ശ്രദ്ധ നല്‍കാന്‍ സൂചിപ്പിക്കപ്പെട്ടതും എന്നാല്‍ നമ്മുടെ ഒട്ടുമിക്ക കുടുംബങ്ങളിലും കാണപ്പെടുന്നതുമാണ്. എന്നാല്‍ പ്രസവത്തോടെയോ പ്രസവത്തെ തുടര്‍ന്നോ മാതാവിന് ഉണ്ടാകുന്ന രക്തസ്രാവം, അപകടമായ പ്രസവാവസ്ഥ, പ്രസവത്തെ തുടര്‍ന്ന് കുട്ടിക്കുണ്ടാവുന്ന മഞ്ഞപ്പിത്തം, അപസ്മാരം, വളര്‍ച്ച കുറവ് എന്നിവ പലപ്പോഴും നിസാരവല്‍ക്കരിക്കപ്പെടുമ്പോഴും ഇത്തരം വളര്‍ച്ച വൈകല്യങ്ങള്‍ ഉണ്ടാവാന്‍ ഹേതുവാകും.

നേരത്തെ കണ്ടെത്തലും പുനരധിവാസവും


കണക്കുകളും കാരണങ്ങളും ഇത്തരം അവസ്ഥയില്‍ എത്തിപ്പെട്ടവരെ സംബന്ധിച്ചവരെ ആവിശ്യമില്ലാത്തതായിരിക്കാം എന്നാല്‍ അവര്‍ക്കാവശ്യം ഈ അവസ്ഥയില്‍ നിന്നുമുള്ള മാറ്റമാണ്. ആദ്യം നമ്മുടെ കുട്ടിയുടെ അവസ്ഥ എന്താണെന്ന് വളരെ നേരെത്തെ തിരിച്ചറിയുകയും അതിനെ ഉള്‍കൊണ്ട്‌കൊണ്ട് അതിനാവശ്യമായ പുനരധിവാസ ചികിത്സ നല്‍കുകകയും ചെയ്യുക എന്നുള്ളതാണ്. ചലനപ്രയാസമാണോ , സംസാര പ്രയാസമാണോ സാമൂഹിക ഇടപെടലുകള്‍ക്കുള്ള തടസ്സങ്ങളാണോ, അല്ലെങ്കില്‍ മറ്റു ന്യുറോളജിക്കല്‍ പ്രശ്‌നങ്ങളാണോ എന്ന് വിദഗ്ദനായ ന്യുറോളേജെസ്റ്റിനെയോ, കുട്ടികളുടെ രോഗവിദഗ്ദനെയോ കണ്ട് തിരിച്ചറിയുകയും ആവശ്യമായ തെറാപ്പികള്‍ നല്‍കുകയും ചെയ്യുക. ഇത്തരം അവസ്ഥകളില്‍ മരുന്നുകള്‍ക്ക് വലിയ സ്വാധീനം ഇല്ലാത്തത് കൊണ്ട് തന്നെ ഫിസിയോ തെറാപ്പി , സ്പീച്ച് തെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി, ബിഹിയെവിയറല്‍ തെറാപ്പി, പ്ലേ തെറാപ്പി, സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ എന്നിവ നല്‍കി കുട്ടിയെ പരമാവധി സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുക എന്നുള്ളതാണ് പുനരധിവാസം കൊണ്ട് ഉദ്ദേശിക്കുന്നത്.

നമ്മുടെ സ്ഥാപനങ്ങള്‍


ഇത്രയധികം മുസ്‌ലിം ജനസംഖ്യയില്‍ ഭിന്ന ശേഷി സമൂഹം ഉണ്ടായിരിക്കെ ശാസ്ത്രീയമായ പുനരധിവാസ പ്രക്രിയ നല്‍കുന്ന മുസ്‌ലിം മാനേജ്‌മെന്റുകള്‍ നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ വളരെ കുറവാണ് എന്ന തന്നെ പറയാം. ആപേക്ഷികമായി മലബാര്‍ മേഖലയില്‍ ഉണ്ടെങ്കിലും അവ മിക്കതും സ്വകാര്യ കേന്ദ്രീകൃതമാണ്. എന്നാല്‍ ഒരുപാട് മുസ്‌ലിം സംഘടനകളുള്ള മലബാറില്‍ മതപരിപാലനത്തോടൊപ്പം ഇത്തരം സേവനങ്ങള്‍ കൂടിനല്‍കുന്ന സ്ഥാപനങ്ങള്‍ എണ്ണിയാല്‍ അംഗുലീ പരിമിതമാകും. നമ്മുടെ യതീംഖാനകളും അറബിക്കോളേജുകളും മറ്റുവിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ഇത്തരം മേഖലകളില്‍ കൂടി ശ്രദ്ധ ഫലിപ്പിക്കാന്‍ സാധിക്കുകയാണെങ്കില്‍ ഭിന്നശേഷിക്കാര്‍ക്കിടയിലും അടിസ്ഥാന മതപഠനം കൂടി സാധ്യമാകും.

മത പഠന മേഖലയിലെ പ്രത്യേക ഇടപെടല്‍


കേരളത്തിലെ മതപഠനം, മദ്രസ, പള്ളി ദര്‍സ്, അറബിക്കോളേജുകള്‍ എന്നിവിടങ്ങളിലാണല്ലോ നടന്നു വരുന്നത്. ഇവിടങ്ങളിലൊക്കെ എത്ര ഭിന്നശേഷിക്കാര്‍ പഠിക്കുന്നു, അവര്‍ക്കൊക്കെ എത്രത്തോളം പ്രേത്യേക ശ്രദ്ധയും പരിഗണനയും ലഭിക്കുന്നു, ശാസ്ത്രീയമായ പരിചരണം നടക്കുന്നു എന്നത് നോക്കിയാല്‍ ശൂന്യായമാകും മറുപടി. കാഴ്ച പരിമിതി ഉള്ളവര്‍ക്കുള്ള പഠന സമ്പ്രദായം സാര്‍വത്രികം ആവുന്നുണ്ടെങ്കിലും കേള്‍വി പരിമിതി ഉള്ളവര്‍, സംസാര പരിമിതി ഉള്ളവര്‍, ചലന, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്കെല്ലാം എന്ത് സംവിധാനമാണ് നമുക്ക് ഉള്ളത്.


ആംഗ്യ ഭാഷയില്‍ അടിസ്ഥാന മതപഠനം നടത്താന്‍ നമുക്ക് സ്ഥാപനങ്ങള്‍ കാണിച്ചു കൊടുക്കാന്‍ ഇല്ല. എന്നാല്‍ ഇത്തരക്കാര്‍ക്ക് ബൗദ്ധിക പഠനത്തില്‍ ഉന്നതിയില്‍ എത്താന്‍ നമ്മുടെ കേരളത്തില്‍ അവസരങ്ങള്‍ ഒരുപാട് ഉണ്ട് താനും. മത ഭൗതിക സമന്വയ വിദ്യാഭ്യാസ സംവിധാനം സാര്‍വ്വത്രികമായ പോലെ തന്ന ഇത്തരക്കാര്‍ക്കും തല്‍സംവിധാനങ്ങള്‍ ആലോചിക്കേണ്ട സമയം അതി ക്രമിച്ചിരിക്കുന്നു.


ഭിന്നശേഷി വിഭാഗത്തിലെ പഠന വെല്ലുവിളി നേരിടുന്നവര്‍ നമ്മുടെ മദ്‌റസകളിലും ഉന്നത മതപഠന സ്ഥാപനങ്ങളിലും നാം സ്ഥിരമായി കണ്ടു വരുന്നു. ഇത്തരക്കാരെ ബുദ്ധി ഇല്ലാത്തവരായും കഴിവില്ലാത്തവരായും മുദ്ര കുത്തുന്നതിനു പകരം ശാസ്ത്രീയമായ സവിശേഷ സഹായങ്ങള്‍ നല്‍കി അവരെ പുനരധിവസിപ്പിക്കാന്‍ സംവിധാനങ്ങള്‍ ഇല്ല. അറബി ഭാഷയില്‍ ഉള്ള പഠന പരിമിതികളെ തരം തിരിക്കാനും അതിനെ മറികടക്കാനുമുള്ള ശാസ്ത്രീയ പോംവഴികളെ കണ്ടെത്താനും മത ബൗദ്ധിക വിദ്യാഭ്യാസം ആര്‍ജിച്ചവര്‍ ശ്രദ്ധ ചെലുത്തേണ്ടതും നമ്മുടെ വിദ്യാഭ്യാസ ബോര്‍ഡുകള്‍ മുന്കയ്യെടുക്കേണ്ടതുമാണ്.


ബുദ്ധിപരമായ വെല്ലു വിളികള്‍ നേരിടുന്നവര്‍ക്ക് പ്രത്യേക പഠന സഹായ ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തിയും ദൈനംദിന മതചര്യകള്‍ പ്രായോഗിക രീതിയില്‍ അവതരിപ്പുച്ചുമെല്ലാം ഗ്രാഹ്യമാക്കാന്‍ നാം പുതു വഴികള്‍ തേടേണ്ടതുണ്ട്. സ്‌പെഷ്യല്‍ സ്‌കൂളുക്കൊപ്പം തന്നെ സ്‌പെഷ്യല്‍ മദ്‌റസകളും കോളേജുകളും സാധ്യമാക്കുക വഴി അവരെ സമൂഹ മധ്യത്തില്‍ കൊണ്ട് വരാനും സ്വീകാര്യമുള്ളവരാക്കുവാനും പ്രാപ്തമാക്കുമ്പഴാണ് ബഹുമുഖ ശാക്തീകരണം സാധ്യമാകുന്നത്. അല്‍ബിര്‍ പോലുള്ള പ്രീപ്രൈമറി തലങ്ങളില്‍ കുട്ടികളിലെ ഭിന്നശേഷികളെ നേരത്തെ കണ്ടെത്താനും ആവിശ്യമായ ഇടപെടലുകളും നടത്താനുമുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയാല്‍ കുട്ടികളുടെ സാമൂഹിക ഉള്‍ച്ചേരലുകള്‍ നേരെത്തെ കൈവരിക്കാന്‍ സാധ്യമാകും.

മഹല്ലുകള്‍ മാതൃകയാക്കേണ്ടിടങ്ങള്‍


കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ നാനോന്മുഖ വളര്‍ച്ചയില്‍ ഏറ്റവും താഴെക്കിടയില്‍ സുസജ്ജമായ സംവിധാനം ആണല്ലോ മഹല്ലുകള്‍. ഇവിടങ്ങളില്‍ നിന്ന് തന്നെ ഭിന്നശേഷി ഉന്നമന പ്രവത്തനങ്ങള്‍ സംഘടിതമായി നടക്കുകയാണെങ്കില്‍ ഭിന്ന ശേഷി സമൂഹം നല്ല നിലയില്‍ ശാക്തീകരിക്കപ്പെടും. എല്ലാ മത സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കിയാണ് ആദ്യം തുടങ്ങേണ്ടത്. പള്ളികളിലും മദ്‌റസകളിലും വീല്‍ചെയറുകളിലും മുച്ചക്ര വാഹനങ്ങളിലും വന്നു. ആരാധനാകര്‍മങ്ങള്‍ സുഖമമായി നിര്‍വഹിക്കാനുള്ള സംവിധാനങ്ങള്‍ തെയ്യാറാക്കേണ്ടതുണ്ട്. പള്ളികളില്‍ നിസ്‌കരിക്കാന്‍ കസേരകള്‍ സാര്‍വത്രികമായ പോലെ വീല്‍ചെയറുകളും, വീല്‍ചെയര്‍ സൗഹൃദ മൂത്രപ്പുരകളും മറ്റു സഞ്ചാര മാര്‍ഗങ്ങളും പ്രാവര്‍ത്തികമാക്കണം.


മദ്രസകളില്‍ ഭിന്നശേഷി ഉള്ളവര്‍ക്കും പഠന പ്രായാസം ഉള്ളവര്‍ക്കും പ്രത്യേക പരിഗണനയും ശാസ്ത്രീയമായ ഇടപെടലും സാധ്യമാക്കണം. സഹായ ഉപകാരണങ്ങള്‍ ആവശ്യക്കാരെ കണ്ടെത്തി വിതരണം ചെയ്യുക ആനുകൂല്യങ്ങളും മറ്റു അറിവുകളും എത്തിക്കുന്നതിനായി ഇന്‍ഫൊര്‍മേഷന്‍ സെന്ററുകളും രക്ഷിതാക്കളുടെ കൂട്ടായ്മയും സങ്കടിപ്പിക്കുക, ദീര്‍ഘകാല ചികിത്സകള്‍ ആവശ്യമായി വരുന്നതിനാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കുക, സ്വയം തൊഴില്‍ പരിശീലനവും സാമ്പത്തിക ഭദ്രതയും കൈ വരിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുക, രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ കൗണ്‍സിലിംഗ് സംവിധാനം ഒരുക്കുക, പഠന പ്രയാസം നേരിടുന്ന കുട്ടികള്‍ക്ക് ആവശ്യമായ പരിഹാര വിദ്യാഭ്യാസം നല്‍കുക, മദ്‌റസകളുടെ കെട്ടിടങ്ങള്‍ തൊഴില്‍ പരിശീലന കേന്ദരങ്ങളും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനായായി ഉപയോഗപ്പെടുത്തുക, തുടങ്ങിയ പദ്ധതികള്‍ എല്ലാം ഒരു മഹല്ലില്‍ ചെയ്യാവുന്നതാണ്.

രക്ഷിതാക്കള്‍ക്ക് ശേഷമുള്ള ഭിന്നശേഷിക്കാര്‍


പലപ്പോഴും തങ്ങളുടെ അടിസ്ഥാന ആവശ്യ നിര്‍വഹണത്തിന് പോലും പരസഹായം ആവശ്യമാകുന്ന വിഭാഗമാണ് ഭിന്നശേഷിക്കാര്‍. ഇവരുടെ രക്ഷിതാക്കള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന വലിയൊരു ചോദ്യമാണ് ‘ഞങ്ങള്‍ക്ക് ശേഷം ഇവര്‍ക്ക് ആര്? ‘ഇവിടെയാണ് കുട്ടികള്‍ കുറയുന്ന യതീംഖാനയും വഖഫ് സ്വത്ത് കൊണ്ട് ബാലന്‍സ് വര്‍ധിപ്പിക്കുന്ന കമ്മറ്റികളും പുനരാലോചനകള്‍ നടത്തേണ്ടത്. മുതിര്‍ന്ന ഭിന്നശേഷിക്കാര്‍ക്ക് മാത്രമായ സംരക്ഷണ കേന്ദ്രങ്ങള്‍ തീരെ ഇല്ല എന്ന് മാത്രമല്ല, ഒരു ഇസ്‌ലാമിക സാഹചര്യത്തില്‍ ജീവിത അവസാനം വരെ മുന്നോട്ട് പോകാന്‍ സംവിധാനങ്ങള്‍ ഇല്ല എന്നത് വേദനാ ജനകം തന്നെയാണ്. എത്രയോ -സഹോദര/മറ്റുമതസ്ഥരുടെ സ്ഥാപനങ്ങളില്‍ തന്റെ മക്കളെ കൊണ്ട് വിട്ട് സമ്പത്തിന്റെ വലിയൊരു ഭാഗം അവിടെ എഴുതിക്കൊടുത്ത് തിരിച്ചു പോരുന്ന രക്ഷിതാവിന്റെ മനസ്സില്‍ ആ കുട്ടിയുടെ അവസാനം എങ്ങനെ എന്നൊരു ചോദ്യ ചിഹ്നം അവശേഷിക്കുകയാണ്. ഇത്തരമൊരു നിസ്സഹായ അവസ്ഥ അനുഭവിക്കുന്നത് സെറിബ്ള്‍ പാള്‍സി, ഓട്ടിസം, ബുദ്ധിപരമായ വെല്ലുവിളികള്‍ പോലോത്ത ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ രക്ഷിതാക്കളാണ്.

പ്രാവാചകന്റെ പരിഗണനയും ചേര്‍ത്ത് നിര്‍ത്തലും


ഇസ്‌ലാമിക ചരിത്രത്തിലും നബി ജീവിതത്തിലും ഭിന്നശേഷിക്കാരോടുള്ള ഉദാത്തമായ പെരുമാറ്റ രീതിയും നിലപാടും നാമുക്കു കാണാന്‍ സാദിക്കും. സ്വഹാബികളില്‍ പ്രമുഖനും ഖുര്‍ആന്‍ മനപാഠമാക്കിയവരും, വലിയ പണ്ഡിതനും കാഴ്ച പരിമിതിയുമുള്ള ആളായിരുന്നു അബ്ദുല്ലാഹി ബിനു ഉമ്മുമക്തൂം. ഒരിക്കല്‍ അദ്ദേഹം പ്രവാചകന്റെ അടുക്കല്‍ ഖുര്‍ആന്‍ പഠിക്കാന്‍ ചെന്നപ്പോള്‍ പ്രവാചകര്‍ ഖുറൈശി നേതാക്കന്മാരോട് സംസാരിക്കുകയായിരുന്നു, ആ സമയം പ്രവാചകന്‍ ഉമ്മു മക്തൂമിനെ ഗൗനിച്ചില്ല, അത് അദ്ദേഹത്തില്‍ ചെറിയ വിഷമം ഉളവാക്കി, ഉടനെ നബിയെ ഓര്‍മ്മപ്പെടുത്തി കൊണ്ടു ഖുര്‍ആനിക വചനം ഇറങ്ങി ( താങ്കളുടെ അടുക്കല്‍ കാഴ്ച പരിമിതിയുള്ള ഒരാള്‍ വന്നിട്ട് നിങ്ങള്‍ മുഖം തിരിച്ചു കളഞ്ഞിരിക്കുകയാണോ) (സൂറത്ത് അബസ 1, 2) അപ്പോള്‍ തന്നെ പ്രവാചകന്‍ ഉമ്മു മക്തൂമിന്റെ (റ ) ആവശ്യം നിറവേറ്റുകയും ചെയ്തു. ഉമ്മു മക്തൂമിന്റെ പാണ്ഡിത്യവും, ശബ്ദമാധുര്യവും കാരണം ബിലാല്‍ (റ )ന്റെ കൂടെ ബാങ്ക് വിളിക്കാന്‍ അദ്ദേഹത്തെ കൂടി ഏല്‍പിക്കുമായിരുന്നു. മാത്രവുമല്ല അദ്ദേഹത്തിന്റെ ബുദ്ധിശക്തിയും നേതൃപാടവും കാരണം പ്രവാചന്‍ (സ്വ ) യുദ്ധത്തിനും മറ്റും പോകുമ്പോള്‍ 13 തവണ മദീനയുടെ ഭരണനിയന്ത്രണം ഏല്‍പിച്ചിരുന്നു എന്ന് ചരിത്രത്തില്‍ കാണാം. അവസാനം ഖാദിസിയ്യ യുദ്ധത്തില്‍ കൊടിപിടിച്ചു കൊണ്ടാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. കാഴ്ച പരിമിതി ഉള്ള ആളായിട്ടു പോലും അദ്ദേഹത്തിന്റെ കഴിവുകളെ അംഗീകരിക്കാനും സ്ഥാനങ്ങളും അവസരങ്ങളും നല്‍കുവാനും പ്രവാചകന്‍ ശ്രദ്ധിച്ചിരുന്നു.
ഇത് പോലെ ഒരിക്കല്‍ അപസ്മാര രോഗമുള്ള ഒരു സ്ത്രീ പ്രവാചകന്റെ അടുത്ത് വന്ന് അസുഖം വരുന്ന സമയത്ത് ബോധം നഷ്ടപ്പെടുകയും അത് കാരണമായി തന്റെ ശരീര ഭാഗം മറ്റുള്ളവര്‍ കാണുന്നു എന്നും പരാതി പറഞ്ഞപ്പോള്‍ പ്രവാചകന്‍ അവരോട് പറഞ്ഞു: നിന്റെ ക്ഷമ കാരണമായി അല്ലാഹു നിനക്ക് സ്വര്‍ഗം നല്‍കിയിരിക്കുന്നു. അതിനെ അവര്‍ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. ഇവിടെ പ്രാവാചകന്‍ അവരുടെ അസുഖാവസ്ഥ മനസ്സിലാക്കി ആശ്വസിപ്പിക്കുവാനും ചേര്‍ത്ത് നിര്‍ത്താനുമാണ് ശ്രമിച്ചത്.


നമ്മുടെ മുസ്‌ലിം സമൂഹം ഇനിയും ഒരുപാട് മേഖലയില്‍ കണ്ണ് തുറന്ന് നോക്കേണ്ട പ്രധാനപ്പെട്ട ഒരു മേഖലായാണ് ഭിന്നശേഷി സമൂഹം. പ്രത്യേകിച്ച് ഭിന്നശേഷി സൗഹൃദ ചുറ്റുപാട് ഉണ്ടാക്കുന്നതിലും സ്ഥാപന കേന്ദ്രീകൃത പുനരധിവാസം സാധ്യമാക്കുന്നതിലും കേന്ദ്രീകൃത സ്വദഖ, സകാത്തിലൂടെയുമെല്ലാം പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് സാധിക്കും. അത് പോലെ ഒരുപാട് മത ബൗദ്ധിക സമന്വയ പഠിതാക്കള്‍ കടന്നു വരേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ശാസ്ത്രീയ രീതികളെ കൂടി ഉള്‍പെടുത്തി നമുക്ക് നല്ല മാറ്റങ്ങള്‍ സാധ്യമാകുകയുള്ളൂ. അതിലൂടെ പുതിയ പഠനങ്ങള്‍ക്കും സക്രിയമായ മാറ്റങ്ങള്‍ക്കും ദീനി സ്ഥാപനങ്ങളിലും സാമൂഹിക മേഖലകളിലും ഇടപെടലുകള്‍ വരുത്താന്‍ സാധിക്കും.

മുഹമ്മദ് യാസിര്‍ വാഫി പൂന്താനം

പ്രൊഡക്റ്റ് മാനേജര്‍, അക്കര ഫൗണ്ടേഷന്‍)

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.