Thelicham

നമ്മുടെ സമുദായം എത്രമാത്രം ഭിന്നശേഷി സൗഹൃദമാണ്

(റഈസ് ഹിദായ, മലപ്പുറം വെളിമുക്ക് സ്വദേശി. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന കാലത്ത് നടന്ന ഒരു വാഹനാപകടത്തില്‍ കഴുത്തിനു താഴെ തൊണ്ണൂറു ശതമാനവും സമ്പൂര്‍ണ ചലന ശേഷി നഷ്ടപ്പെട്ടു കിടക്കുന്നു. ജീവിതത്തില്‍ നിന്ന് ഇനിയൊന്നും പ്രതീക്ഷിക്കാനില്ലെന്നും എന്നെക്കൊണ്ടൊന്നും ചെയ്യാനാകില്ലെന്നുമുള്ള സ്വാഭാവിക ചിന്തകളെ അതിജീവിച്ച്, പലതും സ്വയം നേടുകയും മറ്റുള്ളവര്‍ക്ക് നേടിക്കൊടുക്കുകയും ചെയ്യുന്ന അത്ഭുത ജീവിതം. എഴുതിയും പ്രസംഗിച്ചും രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ സജീവ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്ന അദ്ദേഹം പല പാലിയേറ്റീവ് കെയറുകളുടെയും ഭാഗമായി ഭിന്നശേഷി വിഷയങ്ങളെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കുകയും അവര്‍ക്കു നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചു സംസാരിക്കുകയും ചെയ്യുന്നുണ്ട്. പതിനഞ്ചു വര്‍ഷത്തെ മധുരവും കയ്പ്പും നിറഞ്ഞ ഒരു മനുഷ്യന്റെ അറിഞ്ഞും അനുഭവിച്ചുമുള്ള ജീവിതത്തില്‍ നിന്ന് നമ്മുടെ സമുദായം എത്രമാത്രം ഭിന്നശേഷി സൗഹൃദമാണെന്നും എന്തൊക്കെ കാതലായ മാറ്റങ്ങള്‍ നമ്മുടെ ചിന്തകളിലും നിലപാടുകളിലും പ്രവര്‍ത്തനങ്ങളിലും വേണമെന്നും പറയുകയാണ് അദ്ദേഹം.)

ഇസ്‌ലാം ഡിസാബിലിറ്റിയെ എങ്ങനെ അഭിസംബോധന ചെയ്യുന്നുവെന്നത് ഏറെ കൗതുകകരമാണ്. മറ്റേതു സംസ്‌കാരങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും ഇല്ലാത്തവിധം ഈ വിഷയം ചര്‍ച്ച ചെയ്യുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട് ഇസ്‌ലാം. മക്കയിലെ പൗരപ്രമുഖരോട് സംസാരിക്കുന്നതിനിടെ സദസ്സിലേക്ക് കടന്നുവന്ന അന്ധനായ ഒരു സ്വഹാബിയെ വേണ്ടരീതിയില്‍ പരിഗണിക്കാതിരുന്ന നബി(സ) യെ ഗുണദോഷിച്ച് ഒരു സൂക്തം അവതരിപ്പിച്ച മതമാണ് ഇസ്‌ലാം.

അതേസമയം നമ്മുടെ സാമൂഹിക ക്രമങ്ങള്‍ പരിശോധിക്കുമ്പോള്‍, കുട്ടിക്കാല കഥകളില്‍ പലപ്പോഴും കടന്നുവരുന്നതാണ് അന്ധന് കാഴ്ച കൊടുത്തതും മുടന്തന്റെ മുടന്തു മാറ്റിയതുമൊക്കെയായ കഥകള്‍. ഇവിടെയൊക്കെ അന്ധത, മുടന്ത് എന്നീ അവസ്ഥകള്‍ അപൂര്‍ണമാണെന്നും അവ മാറി കാഴ്ചയുള്ളവനും മുടന്തില്ലാത്തവനും ആകുന്നതിലാണ് മനുഷ്യന്റെ പൂര്‍ണത എന്നുമുള്ള സന്ദേശമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഡിസാബിലിറ്റിയുള്ള ശരീരത്തെ (differently abled body) ശേഷിയുള്ള (abled body) ഒന്നിലേക്ക് മാറ്റുന്നതാണ് അവിടെ പരിപൂര്‍ണതയായി കണക്കാക്കപ്പെടുന്നത്. പൊതുവെ ഡിസാബിലിറ്റിയുള്ള ജനങ്ങളെ കാണുമ്പോള്‍ സഹതാപപൂര്‍വം അയാളുടെ പ്രശ്‌നങ്ങളെക്കുറിച്ചും ചികിത്സാമാര്‍ഗങ്ങളെ കുറിച്ചും തിരക്കുകയും അയാളുടെ ഡിസാബ്ള്‍ഡ് ബോഡിയെ അംഗീകരിക്കാതെ ആബ്ള്‍ഡ് ബോഡിയിലേക്കുള്ള ട്രാന്‍സ്‌ഫോര്‍മേഷന് അയാളെ നിര്‍ബന്ധിക്കുകയും ചെയ്യുന്ന പ്രവണതയാണ് ഇവിടെ വ്യാപകമായിട്ടുള്ളത്.

എന്നാല്‍ നേരത്തെ പറഞ്ഞ അന്ധനായ സ്വഹാബിയുടെ വിഷയത്തില്‍ അദ്ദേഹത്തെ ശേഷിയുള്ള ഒന്നിലേക്ക് മാറ്റുന്നതിനു പകരം, അങ്ങനെത്തന്നെ നിലനിര്‍ത്തി, അന്ധനെന്ന ആ അസ്തിത്വം സമൂഹത്തില്‍ അംഗീകരിക്കപ്പെടാനുള്ള നടപടികളാണ് ഇസ്‌ലാം കൈക്കൊണ്ടത്. ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ ഇങ്ങനെയാണെങ്കിലും നമ്മുടെ സാമൂഹികക്രമവും പ്രാക്ടീസിംഗ് ഇസ്‌ലാമും അങ്ങനെയാണോ എന്നു ചോദിച്ചാല്‍ പൂര്‍ണമായും അല്ലെന്നാവും ഉത്തരം. അല്‍പമെങ്കിലും പ്രതീക്ഷ പകരുന്ന രീതിയില്‍ പല മുസ്‌ലിം പള്ളികളിലും റാമ്പുകള്‍ നിര്‍മിച്ചും മറ്റും ഇത്തരക്കാരുടെ അസ്തിത്വം അംഗീകരിക്കാന്‍ തയ്യാറാവുന്നുണ്ട് എന്നത് പ്രതീക്ഷകള്‍ നല്‍കുന്നതാണ്. സമൂഹം ഇത്തരം വിഷയങ്ങളെ സമീപിക്കുന്നതിലെ പ്രശ്‌നം ലൈംഗിക ന്യൂനപക്ഷത്തിന്റെ വിഷയത്തിലും കാണാം. ഇത്തരക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നമ്മള്‍ വേണ്ടവിധം അഡ്രസ്സ് ചെയ്യുന്നില്ല എന്നതാണ് വസ്തുത. നല്ല മാതൃകകള്‍ നമുക്ക് ഒരുപാടുണ്ട്. പക്ഷെ, അവയെ ക്രിയാത്മകമായി നമ്മുടെ സംസ്‌കാരത്തിലേക്ക് കടമെടുക്കാന്‍ നാം തയ്യാറാവുന്നില്ല. അതേസമയം, പാശ്ചാത്യ ലോകത്ത് നിന്നുള്ള മറ്റെല്ലാ അധാര്‍മിക സംസ്‌കാരങ്ങളും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാവുകയും അതിനെ നാം വാരിപ്പുണരുകയും ചെയ്യുന്നു.

പടച്ചവന്റെ സൃഷ്ടിപ്പില്‍ ഓരോ മനുഷ്യനും തീര്‍ത്തും വിഭിന്നമായ ശേഷികള്‍ ഉള്ളവരാണ്. ചിന്തയും കാഴ്ച്ചപ്പാടും കഴിവും ഒക്കെ ഓരോരുത്തരിലും വ്യത്യസ്തമാണ്. അതിനെയൊക്കെ അതേരീതിയില്‍ അംഗീകരിക്കുക എന്നതാണ് വിശ്വാസിയുടെ ദൗത്യം. മനുഷ്യന്റെ ദൗത്യമായി അല്ലാഹു പറഞ്ഞത് അവനെ നാം പ്രതിനിധിയായി(ഖലീഫ) നിയോഗിച്ചു എന്നാണ്. ഓരോരുത്തരുടെയും ഖിലാഫത്ത് വ്യത്യസ്തമാവും. അതിനനുസരിച്ച ശരീരവും കഴിവും പ്രാപ്തിയുമൊക്കെയാണ് അല്ലാഹു അവര്‍ക്ക് നല്‍കുന്നതും. വ്യത്യസ്തമായ ജീവിതനിയോഗങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണ് നമ്മെ സൃഷ്ടിപ്പില്‍ വ്യത്യസ്തരാക്കിയതും. ഈ വൈവിധ്യങ്ങളെ ഇസ്‌ലാം അംഗീകരിക്കുകയും ചെയ്യുന്നു. ഓരോ മനുഷ്യനും അവന്റേതായ പൂര്‍ണതയിലാണ് എന്ന അടിസ്ഥാനവിശ്വാസമാണ് നമ്മെ നയിക്കേണ്ടത്. അതേസമയം, ഇത്തരത്തില്‍ ശാരീരിക ബലഹീനതകള്‍ അനുഭവിക്കുന്നവരെക്കുറിച്ച് വിധിക്കെതിരെ പോരാടിയവന്‍, വിധിയെ തോല്‍പിച്ചവന്‍ എന്നൊക്കെയുള്ള ഓമനപ്പേരിട്ടു നമ്മള്‍ നടത്തുന്ന പ്രയോഗം സത്യത്തില്‍ ഒരുതരം കുഫ്‌റി(ദൈവനിഷേധം)ന്റെ പ്രയോഗമാണ്. നമ്മുടെ വിധിയെ നാം തോല്‍പിക്കുകയോ അതിനെതിരെ പോരാടുകയോ അല്ല, മറിച്ച് സമ്പൂര്‍ണമായി അതിനെ അംഗീകരിക്കുകയും വിധേയപ്പെടുകയുമാണ്. കാരണം ഇതാണ് എന്റെ/ നമ്മുടെ വിധി എന്നതുതന്നെ. ഇസ്‌ലാം ഒരിക്കലും ശേഷി(ability)യെ ശരീരവുമായി ബന്ധപ്പെടുത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. മറിച്ച് അതു മുഴുവന്‍ ആത്മാവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതുകൊണ്ടുതന്നെ കൈപോലും സ്വന്തം ചലിപ്പിക്കാനാകാത്ത എന്നെ സംബന്ധിച്ചിടത്തോളം അല്ലാഹു ഏല്‍പിച്ച നിയോഗദൗത്യം(ഖിലാഫത്ത്) പൂര്‍ത്തീകരിക്കാനുണ്ടെങ്കില്‍ ആ ദൗത്യം ഒരിക്കലും ശരീരവുമായി ബന്ധപ്പെട്ടതല്ലെന്നു നമുക്കു പറയാം. ആത്മാവിനു വൈകല്യങ്ങള്‍(dissabilities) എന്ന ഒന്നില്ലല്ലോ. ഉണ്ടെങ്കില്‍ തന്നെ അവ മനുഷ്യനിര്‍മിതവും ആകും.

ഡിസാബിലിറ്റി സംബന്ധമായ വിഷയത്തില്‍ നമ്മുടെ നിത്യജീവിതത്തിലെ പ്രയോഗങ്ങള്‍ പലപ്പോഴും അപകടകാരികളാവാറുണ്ട്. വികലാംഗന്‍ എന്നായിരുന്നു ഒരുപാടുകാലം നാം പ്രയോഗിച്ചത്. കാലക്രമേണ അത് ഭിന്നശേഷിക്കാരന്‍ എന്നായി മാറി. അവസാനമായി ദിവ്യാംഗ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരക്കാരെ കുറിക്കാന്‍ ഉപയോഗിച്ചത്. സത്യത്തില്‍ വിശുദ്ധ ശരീരം(Devine body) എന്നര്‍ഥം വരുന്ന ദിവ്യാംഗ് എന്ന പ്രയോഗവും അപകടം തന്നെയാണ്. കാരണം, അടിസ്ഥാനപരമായി അതൊരു മനുഷ്യശരീരമാണ്. മനുഷ്യനെന്ന അയാളുടെ അസ്തിത്വം പോലും അംഗീകരിക്കാതെ അതിന് ദൈവിക പരിവേഷം നല്‍കുന്നത് വികലാംഗന്‍ എന്ന പദപ്രയോഗംപോലെ അപകടംപിടിച്ചതു തന്നെയാണ്. ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ നടത്തി, വസ്തുത നേരെ തിരിച്ചാണെങ്കിലും, എല്ലാ പരിമിതികള്‍ക്കുമപ്പുറത്തുള്ള എന്തോ ആണ് അവരെന്ന ധാരണ സൃഷ്ടിക്കലും അപകടം തന്നെയാണ്. വീല്‍ചെയറിലിരുന്ന് യാത്ര ചെയ്യുന്നവരെ ഒരു ചരക്കിനെ കുറിക്കാനുപയോഗിക്കുന്ന കൊണ്ടുവരിക, കൊണ്ടുപോവുക എന്ന പദപ്രയോഗത്തില്‍ നിന്നു വിട്ട് വരിക, പോവുക എന്നതിലേക്കു നാം മാറുക കൂടിയാണ് അവരുടെ അസ്തിത്വം അംഗീകരിക്കുന്നതിന്റെ ഭാഗമായി നാം ചെയ്യേണ്ടത്. സമൂഹം ഇവ്വിഷയസംബന്ധിയായി വേണ്ടവിധം ബോധവാന്മാരല്ല എന്നതാണ് ഇവിടെയുള്ള പ്രശ്‌നം. ഇവിടെ രോഗി, രോഗാവസ്ഥ എന്നതിനപ്പുറം ഒരു ഫിസിക്കല്‍ കണ്ടീഷനാണ് യഥാര്‍ഥത്തിലുള്ളത്. രോഗിയല്ല, മറിച്ച് വ്യക്തി തന്നെയാണ് ഓരോ ഭിന്നശേഷിക്കാരനും. രോഗിയെന്നാണെങ്കില്‍ ഞാന്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി മാറാരോഗിയാണെന്നു പറയേണ്ടി വരും. വളരെ അപൂര്‍വമായി മാത്രം മെഡിസിന്‍ ഉപയോഗിക്കുന്ന, എങ്കില്‍ തന്നെ എന്റേതായ നോര്‍മല്‍ ജീവിതം നയിക്കുന്ന ഒരാളാണു ഞാന്‍. അത്തരത്തില്‍ വ്യക്തിയെന്ന രീതിയിലുള്ള ഓരോ ഭിന്നശേഷിക്കാരന്റേതും അസ്തിത്വം സമൂഹത്തില്‍ അംഗീകരിക്കപ്പെടേണ്ടതുണ്ട്.

കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയിലെ ഭിന്നശേഷിക്കാരെക്കുറിച്ചുള്ള ഇടപെടലുകളെ പറയുമ്പോള്‍ ഇത്തരക്കാരെ കേന്ദ്രീകരിച്ച് ഒരുപാട് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി കാണാം. മലബാറില്‍ സജീവമായിട്ടുള്ള മിക്ക പാലിയേറ്റീവ് കെയറുകളുടെയും നട്ടെല്ലും ഇവിടത്തെ മുസ്‌ലിം സമൂഹമാണ്. മുസ്‌ലിം സമൂഹത്തിന്റെ ജൈവികമായ ഒരു സ്വഭാവഗുണത്തിന്റെ പ്രതിഫലനം കൂടിയാണിത്. അതേസമയം ഇത്തരം സംവിധാനങ്ങളുടെ പ്രതികൂലവശങ്ങളും കാണാതെ പോവരുത്. ഒരു പരിധി കഴിഞ്ഞാല്‍ ഒരാള്‍ മറ്റൊരാള്‍ക്ക് ചെയ്യുന്ന സഹായം അയാളെ മടിയനാക്കി വീട്ടില്‍ തന്നെ ഇരുത്താനാണ് ഉപകരിക്കുകയെങ്കില്‍ അത് സഹായമല്ല, മറിച്ച് ദ്രോഹമാണ്. മറിച്ച്, ദൂരവ്യാപകമായ ഗുണഫലങ്ങള്‍ ചെയ്യുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്. ഇത്തരക്കാരുടെ വിഷയത്തില്‍ ഒരു സാന്ത്വനപരിചരണമെന്നതിലപ്പുറം ഒരു മനുഷ്യനു നേരെ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയാണ് വേണ്ടത്. സമൂഹത്തില്‍ ഒരിടം അംഗീകരിച്ചു കിട്ടാനുള്ള ശ്രമമാണ് ഇവിടെ അടിസ്ഥാനപരമായി നടക്കേണ്ടത്. അതേസമയം, ബധിര വിദ്യാര്‍ഥികള്‍ക്കുള്ള ആംഗ്യ ക്ലാസുകളും ബധിരന്മാര്‍ക്കു തന്നെയുള്ള ജുമുഅ ഖുതുബയുടെ ആംഗ്യവിവര്‍ത്തനമൊക്കെ വളരെ പോസിറ്റീവായ മാറ്റങ്ങളില്‍ പെട്ടതാണ്.

ചാരിറ്റി സംഘടനകളും പാലിയേറ്റീവ് കെയറുകളും നടത്തുന്നതുപോലെത്തന്നെ ഭിന്നശേഷിക്കാര്‍ രാഷ്ട്രീയപരമായി സംഘടിക്കുകയും തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്യേണ്ട കാലം കഴിഞ്ഞുവെന്നാണ് എനിക്കു തോന്നുന്നത്. അങ്ങനെ രാഷ്ട്രീയപരമായി മാത്രം സംസാരിക്കാവുന്ന, സംസാരിക്കേണ്ടുന്ന പല കാര്യങ്ങളുമുണ്ടെന്നതു തന്നെ കാരണം. ദലിതു ജനവിഭാഗങ്ങള്‍ രാഷ്ട്രീയമായി സംഘടിച്ചതുപോലെ ഭിന്നശേഷിക്കാരും അത്തരത്തില്‍ സംഘടിക്കേണ്ടതുണ്ട്. അതിനുള്ള നേരിയ ശ്രമങ്ങള്‍ ഉണ്ടാകുന്നുവെന്നതും പ്രതീക്ഷ പകരുന്നതാണ്. മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഡി.എ.പി.എല്‍(Differently abled peoples league) എന്ന പേരില്‍ രൂപീകരിക്കപ്പെട്ട സംഘടന ഇതിന്നുദാഹരണമാണ്. സത്യത്തില്‍ ഒരു പത്തു വര്‍ഷങ്ങള്‍ക്കപ്പുറമൊക്കെ രൂപീകരിക്കപ്പെട്ട് ഇന്ന് എം.എസ്.എഫ് പോലെയോ യൂത്ത് ലീഗ് പോലെയോ ഒക്കെ മുഖ്യധാരയില്‍ ഇടപെടുന്ന ഒന്നായി ഇത്തരമൊരു സംഘടന മാറേണ്ടിയിരുന്നു.

ഭിന്നശേഷി സമൂഹത്തെ കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ധാരണയും കാഴ്ച്ചപ്പാടും ഒരു പ്രത്യേക നിര്‍മിതിയാണ്. കാലമിത്രയുമായി സമൂഹം അവരെ കണ്ടതിന്റെ ഭാഗമായി ഉണ്ടാകുന്ന അയ്യോ പാവം എന്നുള്ള ഒരു സഹതാപപൂര്‍ണമായ സമീപനമാണ് അവര്‍ക്ക് പലപ്പോഴും നേരിടേണ്ടി വരുന്നത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു ഭിന്നശേഷിക്കാരനായ സ്ഥാനാര്‍ഥിയെ അത്യധികം മോശമായ ഭാഷയില്‍ അധിക്ഷേപിച്ചയാളെ നാമൊക്കെ കണ്ടവരാണ്. ഒരവസരം ഒത്തു വന്നപ്പോള്‍ അയാളുടെ അകത്തുള്ളത് പുറത്തു ചാടിയെന്നതൊഴിച്ചാല്‍ അയാളും അയാള്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹവും പൊതുസമൂഹവും അത്തരമൊരു മനോഗതി വെച്ചു പുലര്‍ത്തുന്നവര്‍ തന്നെയാവും ഒരു പരിധിവരെ. ഭിന്നശേഷിക്കാരന്റെ നേട്ടങ്ങളെ, ഉല്‍പന്നങ്ങളെ ഒരിക്കലും അയാളുടെ ഭിന്നശേഷിയുമായി ബന്ധിപ്പിക്കാതിരിക്കുക എന്നതും ഇവിടെ പ്രധാനമാണ്. ഒരു പാരാബ്യൂട്ടി ഫുട്‌ബോള്‍ താരത്തിന്റെ കഥകളും അനുഭവങ്ങളും മത്സരങ്ങളും ഒരു പ്രത്യേക വാര്‍ത്തയായോ മോട്ടിവേഷണല്‍ ന്യൂസ് ആയോ അല്ല പത്രങ്ങളില്‍ വരേണ്ടത്. മറിച്ച്, സാധാരണ ഫുട്‌ബോള്‍ വാര്‍ത്തകള്‍ പോലെതന്നെ, സ്‌പോര്‍ട്‌സ് പേജുകളില്‍ തന്നെ വരേണ്ടതാണത്. അപ്പോള്‍ മാത്രമാണ് ഏല്ലാ കായികതാരങ്ങളെയും പോലെ അവരും സമൂഹത്തില്‍ അഗീകരിക്കപ്പെടുക. ഇത്തരത്തില്‍ വീല്‍ചെയര്‍ മത്സരാര്‍ഥികളും അന്ധന്മാരായ കായികതാരങ്ങളുമൊക്കെ അവരുടേതായ പ്രത്യേക ദിവസങ്ങളില്‍ ആഘോഷിക്കപ്പെടുന്നതിനു പകരം സ്ഥിരം വാര്‍ത്തകളായി നമുക്കിടയില്‍ ചര്‍ച്ചയാവുന്ന അവസ്ഥ രൂപപ്പെടേണ്ടതുണ്ട്. അപ്രകാരം ഒരു ഭിന്നശേഷിക്കാരന്റെ സാധാരണ ഗതിയിലുള്ള ഒരെഴുത്ത് ഒരു ഭിന്നശേഷിക്കാരന്റെ എഴുത്തായല്ല വായിക്കപ്പെടേണ്ടത്. കാരണം, എഴുതുകയെന്ന കഴിവ് ഒരാളുടെ കൈകളുടെ ചലനവുമായോ മറ്റോ ബന്ധപ്പെട്ടു കിടക്കുന്നതല്ല, മറിച്ച് ചിന്തയുമായും മനസ്സുമായും ബന്ധപ്പെടുന്നതാണത്.

അതേസമയം സമൂഹം വരുത്തിവെച്ച ഇത്തരം വെല്ലുവിളികളെ അതിജീവിക്കാനും അതിനെതിരെ പോരാടാനും ഭിന്നശേഷി സമൂഹം ശ്രമിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍ അതിനും സമ്പൂര്‍ണമായി ഇല്ല എന്നു തന്നെയാണ് ഉത്തരം. അവരില്‍ എത്രപേര്‍ സ്ഥിരമായി പുറത്തിറങ്ങുകയും പള്ളിയില്‍ പോവുകയും ചെയ്യുന്നുണ്ട് എന്നു ചോദിച്ചാല്‍ അതിവിരളമായിരിക്കും. പള്ളികളില്‍ അത്തരക്കാര്‍ വരുന്നില്ല എന്നു കരുതി റാമ്പുകളടക്കമുള്ള സൗകര്യം ചെയ്യാതിരിക്കുന്നവരും ആ സൗകര്യം ഇല്ല എന്നു കരുതി അതിനു വേണ്ടി ശബ്ദിക്കാനോ ന്യായമായ രീതിയില്‍ ആവശ്യപ്പെടാനോ തയ്യാറാകാത്ത ഭിന്നശേഷിക്കാരും ഒരുപോലെ ഈ വിഷയത്തില്‍ പ്രതികളാണെന്നു പറയാം. രണ്ടുപേരും ഇവിടെ തങ്ങളുടെ ബാധ്യതകള്‍ നിറവേറ്റാനും അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനും തയ്യാറാകേണ്ടതുണ്ട്. എങ്കിലും, വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അവസ്ഥയില്‍ നിന്ന് പുതിയ കാലത്ത് ഭിന്നശേഷി സമൂഹത്തെ കുറച്ചൊക്കെ ഉള്‍ക്കൊള്ളാന്‍ സമൂഹം തയ്യാറായിത്തുടങ്ങിയത് അവര്‍ കൂടുതല്‍ പുറത്തുവരാനും തങ്ങളുടെ ശബ്ദമുയര്‍ത്താനും തുടങ്ങിയെന്നതു കൊണ്ടുതന്നെയാണ്. പലയിടങ്ങളിലും പല പരിപാടികളിലും മറ്റും പങ്കെടുത്തു കഴിഞ്ഞാല്‍ പോരാന്‍ നേരത്ത് ‘ഇതു നിങ്ങള്‍ക്കുള്ള സമ്മാനമാണെ’ ന്നു പറഞ്ഞ് ഒരു ചുരുട്ടിയ കവര്‍ തരാറുണ്ട്. പലയിടത്തും ‘ഇതെന്റെ സമ്മാനമല്ല, ഞാന്‍ ചെയ്ത ജോലിയുടെ കൂലിയാണെ’ ന്ന് ഞാന്‍ തിരുത്തിച്ചിട്ടുമുണ്ട്. പൊതുവില്‍ സാധാരണ ഒരാള്‍ പങ്കെടുക്കുമ്പോള്‍ കൂലിയായി കൊടുക്കുന്ന തുക ഭിന്നശേഷിക്കാരന്റെ വിഷയത്തില്‍ സമ്മാനവും സഹതാപത്തുകയും ആവുന്നിടത്താണ് അയാളുടെ യഥാര്‍ഥ അസ്തിത്വം അംഗീകരിക്കപ്പെടാതെ പോവുന്നത്. ഈയൊരു പരിതസ്ഥിതിയാണ് ഇത്തരം പോരാട്ടങ്ങളിലൂടെ മാറിവരേണ്ടത്. ഇത്തരമിടങ്ങളില്‍ നമ്മുടെ ശബ്ദമായി ഇടിച്ചു കയറാന്‍ ഇത്തരക്കാര്‍ക്ക് സാധിക്കേണ്ടതുണ്ട്.

ഭിന്നശേഷിക്കാര്‍ക്കു വേണ്ടി നാട്ടിലെ പൗരപ്രമുഖരും മറ്റുള്ളവരും സംസാരിക്കുന്നതിനു പകരം അവരുടെ തന്നെ ശബ്ദങ്ങളാണ് ഉയര്‍ന്നു വരേണ്ടതിന്റെ ആവശ്യകത ഇവിടെയാണ് നാം മനസ്സിലാക്കേണ്ടത്. വീല്‍ചെയറില്‍ സഞ്ചരിക്കുന്ന ആള്‍ക്കാരുള്ള വീടുകളില്‍ തന്നെ റാമ്പുകള്‍ പലപ്പോഴും വീടിന്റെ പിറകുവശത്ത് ഒരുക്കി, മുന്‍വശത്ത് അതുണ്ടാകുന്നത് എന്തോ അഭംഗിയാണെന്ന മനോഭാവത്തില്‍, അവരെന്തോ ഒളിച്ചുകടത്തേണ്ട വല്ലതും ആണെന്ന ഭാവവും പ്രശ്‌നവല്‍ക്കരിക്കപ്പെടേണ്ടതു തന്നെയാണ്. അടുക്കള ഭാഗത്തുകൂടിയുള്ള പ്രവേശനം മോശമാണെന്നല്ല, മറിച്ച് റാമ്പിനെ അവിടെ ഒളിച്ചുവെക്കുന്നതില്‍ പ്രശ്‌നമുണ്ട്. ഭിന്നശേഷിക്കാരുടെ ഭാഗത്തു നിന്നുകൂടി മാറ്റങ്ങള്‍ വരേണ്ടതുണ്ട് എന്നു കുറിക്കാനാണ് ഇതു പറഞ്ഞത്. പൊതുവിടങ്ങളില്‍ ആദ്യമാദ്യം നമ്മുടെ പ്രത്യക്ഷപ്പെടലും ഇടപെടലും പൊതുസമൂഹം കൗതുകത്തോടെയും മറ്റു പല ഭാവങ്ങളോടെയുമാണ് നോക്കുകയെങ്കിലും പതിയെ അതൊരു സ്വാഭാവിക പ്രതിഭാസമായി മാറുകയാണ് ചെയ്യുക. ഇത്തരത്തില്‍ തങ്ങളുടെ ദൗത്യം കൃത്യമായി നിര്‍വഹിക്കാനും ഭിന്നശേഷിസമൂഹം കൂടി തയ്യാറാവേണ്ടതുണ്ട്.

ഏറ്റവും സുപ്രധാനം ഒരാളുടെ സ്വത്വത്തെ അംഗീകരിക്കുക എന്നതു തന്നെയാണ്. ഒരു ഭിന്നശേഷിക്കാരനെ അയാളുടെ ഡിസബിലിറ്റിയോടു കൂടിത്തന്നെ മനുഷ്യനായി അംഗീകരിക്കുക എന്നതാണ് അയാള്‍ക്കു ലഭിക്കുന്ന മഹത്തായ അംഗീകാരം. പല വികസിത രാഷ്ട്രങ്ങളിലും ഭിന്നശേഷിക്കാരുടെ ലൈംഗികതയെ കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചുമുള്ള പഠനങ്ങള്‍ വരെ നടത്തുന്നിടത്തേക്കും അതിനു വേണ്ടി പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നിടത്തേക്കും കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. അപ്പോഴും നമ്മളിവിടെ ഇത്തരക്കാരുടെ അസ്തിത്വം അംഗീകരിക്കുന്നതിനെയും അവരെ ചലിപ്പിക്കുന്നതിനെയും കുറിച്ചുമുള്ള ചര്‍ച്ചകളാണ് നടത്തുന്നത്. എന്റെ യു.എസിലെ ഒരു സുഹൃത്ത് പറഞ്ഞത് ശ്വാസസംബന്ധമായ ഒരു പ്രശ്‌നമുള്ള അദ്ദേഹത്തിന്റെ അധ്യാപകനായ ഒരു സുഹൃത്ത് ഓക്‌സിജന്‍ ബാഗുമായാണ് ക്ലാസില്‍ വരാറുള്ളത് എന്നാണ്. അതേ അവസ്ഥ നമ്മുടെ നാട്ടിലാണെങ്കില്‍ സുരക്ഷ(Care) എന്ന പേരില്‍ അദ്ദേഹത്തെ വീട്ടിലടച്ചിടാനാണ് നാം ഔത്സുക്യം കാണിക്കുക. ഇതിനെക്കുറിച്ച് നാം സംസാരിക്കാനും ആലോചിക്കാനും തുടങ്ങിയിട്ടേ ഉള്ളൂ എന്നതാണ് വസ്തുത. ട്രാന്‍സ്‌ജെന്റേഴ്‌സ് അടക്കമുള്ള വിഷയങ്ങളില്‍ സമൂഹത്തിന് കാലമിത്രയും ഉണ്ടായിരുന്ന, ഇപ്പോഴും നിലവിലുള്ള അജ്ഞത തന്നെയാണ് ഡിസാബിലിറ്റി വിഷയത്തിലും നമ്മെ പിന്തിരിപ്പന്മാരാക്കുന്നത്. പലപ്പോഴും മനഃപൂര്‍വമായ ഒരു നിഷേധമല്ല സമൂഹം പ്രകടിപ്പിക്കുന്നത്. മറിച്ച്, അവ്വിഷയകരമായ അറിവില്ലായ്മയുടെ സ്വാധീനം മാത്രമാകും. അതോടൊപ്പം ഭിന്നശേഷിക്കാരില്‍ എത്രപേര്‍ തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തി എന്ന ചോദ്യവും അവിടെ പ്രസക്തമായി വരുന്നുണ്ട്. ഇത്തരക്കാരുടെ അതിജീവന കഥകള്‍, സംഭവങ്ങള്‍ വെറുമൊരു പോണ്‍ വീഡിയോ കാണുന്ന രീതിയില്‍ കണ്ടാസ്വദിക്കുക എന്നതിനപ്പുറം അവരനുഭവിക്കുന്ന ജീവിതങ്ങളെക്കുറിച്ചുള്ള ഗൗരവതരമായ ചിന്തകളൊന്നും വെച്ചുപുലര്‍ത്താത്ത പ്രവണതയും ഇന്ന് സര്‍വവ്യാപകമാണ്. ഇന്‍സ്പിരേഷന്‍ പോണ്‍ എന്ന പേരില്‍ ഈ രീതിയെ സ്‌റ്റെല്ല യങ് പരിചയപ്പെടുത്തുന്നുമുണ്ട്.

സമൂഹത്തിന്റെ, സമുദായത്തിന്റെ ചിന്താഗതിയില്‍ എങ്ങനെ മാറ്റം സൃഷ്ടിക്കാമെന്നു ചോദിച്ചാല്‍ എല്ലാവരെയും ആക്‌സസിബിള്‍ ആവുന്നരീതിയില്‍ സമൂഹം പരിവര്‍ത്തിക്കപ്പെടണം എന്നാണ് ഉത്തരം. നിശ്ചിത സ്ഥലങ്ങള്‍, ഇടങ്ങള്‍ എന്നതിനപ്പുറം എല്ലായിടത്തും ഭിന്നശേഷിക്കാര്‍ സ്വീകാര്യമാവുന്ന, പൊതുസമൂഹത്തിന്റെ ഭാഗമാവുന്ന അവസ്ഥ സംജാതമാവേണ്ടതുണ്ട്. മുസ്‌ലിം സമുദായത്തിലെ വിവവിധങ്ങളായ കൂട്ടായ്മകള്‍, സംഘടനകള്‍ എന്നിവയിലൊക്കെ ഇത്തരക്കാരുടെ പ്രാതിനിധ്യം അടിത്തട്ടു മുതല്‍ മുകളിലെ തട്ടുവരെ ഉണ്ടാകണം. അവരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കണം. നിങ്ങള്‍ അവിടെയിരിക്കണം, നിങ്ങളുടെ പ്രശ്‌നങ്ങള്‍ നമ്മള്‍ പറഞ്ഞുകൊള്ളുമെന്ന തരത്തില്‍, ഇവിടത്തെ സ്റ്റേറ്റും പറഞ്ഞുകൊണ്ടിരിക്കുന്ന അധികാരത്തിന്റെ ശബ്ദത്തില്‍ നിന്നുമാറി, അവരുടെ ശബ്ദം അവരിലൂടെ തന്നെ പുറത്തുകൊണ്ടുവരാനുള്ള ഇടങ്ങളാണ് നാം ഒരുക്കേണ്ടത്. സ്വന്തത്തെ കുറിച്ച് സ്വന്തത്തേക്കാളേറെ മനോഹരമായി മറ്റൊരാള്‍ക്കും പറയാന്‍ സാധിക്കില്ലല്ലോ. ഇക്കാര്യം ഏറ്റവും വ്യക്തമായി മനസ്സിലാകുക മുസ്‌ലിം – ദലിത് കമ്മ്യൂണിറ്റിക്കു തന്നെയാണ്. കാരണം, കാലങ്ങളായി ഇവിടത്തെ സെക്യലര്‍ സംഘടനകളും പ്രസ്ഥാനങ്ങളും അവരോടു പറഞ്ഞുകൊണ്ടിരിക്കുന്നത് അതാണ്.

ഭിന്നശേഷിക്കാരുടെ കൂട്ടത്തില്‍ തന്നെ അതിഭീകരമാണ് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍. പുരുഷാധിപത്യം നിലനില്‍ക്കുന്ന സമൂഹത്തില്‍ അതിനെ നമ്മള്‍ തീരെ അഡ്രസ് ചെയ്തില്ലെന്നു തന്നെ വേണമെങ്കില്‍ പറയാം. പൊതുവെ പുറത്തിറങ്ങാന്‍ ആഗ്രഹിക്കുന്ന ഭിന്നശേഷിക്കാരനായ ഒരു പുരുഷനെ പോലെ ഒരു സ്ത്രീ വീല്‍ചെയറില്‍ പുറത്തിറങ്ങിയാല്‍ സമൂഹം എങ്ങനെയാണ് അതിനെ നോക്കിക്കാണുക എന്നതു മാത്രം ആലോചിച്ചാല്‍ മതി ഇതിന്റെ ഭീകരാവസ്ഥ മനസ്സിലാക്കാന്‍.

അറബ് ലോകത്ത്, അതിന്റെ സമ്പന്നമായ സംസ്‌കാരം പരിശോധിക്കുമ്പോള്‍, എല്ലാ വിധ ഭിന്നശേഷിക്കാരെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ സ്‌പെയ്‌സുകള്‍, റാമ്പുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചായിരുന്നു അവരുടെ പള്ളികള്‍, വീടുകള്‍ അടക്കമുള്ളവ നിര്‍മിക്കപ്പെട്ടത് എന്നുകാണാം. അറബ് ലോകത്തെ പള്ളികളില്‍ ഇന്നും ഈ രീതി നിലവിലുണ്ട്. ഇത്തരം ഇടങ്ങളിലെ വീടു നിര്‍മാണങ്ങള്‍, പള്ളി നിര്‍മാണങ്ങള്‍ എന്നിവയിലെ നൂതന രീതികള്‍ മുഴുവനായി നമ്മള്‍ അഡോപ്റ്റ് ചെയ്യുമ്പോഴും, അവരിലെ എയര്‍കണ്ടീഷന്‍, അലങ്കാര വിളക്കുകള്‍, മറ്റെല്ലാം അനുകരിക്കുമ്പോഴും, ഭിന്നശേഷിക്കാര്‍ക്കുവേണ്ടി അവിടെ നടപ്പിലുള്ള റാമ്പ് അടക്കമുള്ള സൗകര്യങ്ങള്‍ മാത്രം ഒഴിവാക്കുക എന്നതാണ് നമ്മുടെ സംവിധാനത്തിന്റെ ഏറ്റവും വലിയ അപചയം.

നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വരേണ്ട മാറ്റങ്ങളാണ് മറ്റൊരു പ്രധാന വിഷയം. ചെറുപ്പ കാലത്തേ പോളിയോ ബാധിച്ച വിദ്യാര്‍ഥികള്‍ക്ക് നമ്മുടെ മതവിദ്യാഭ്യാസ സംവിധാനത്തില്‍ തുടര്‍പഠനത്തിന് സൗകര്യമില്ലാത്തത് എന്തുകൊണ്ടും പ്രശ്‌നവല്‍ക്കരിക്കപ്പെടേണ്ടതാണ്. അത്തരക്കാരുടെ കര്‍മശാസ്ത്രം മദ്‌റസാ സിലബസുകളില്‍ ഉള്‍പ്പെടുത്തുന്നത് അവര്‍ക്ക് കാര്യങ്ങള്‍ പഠിക്കാന്‍ ഉപകരിക്കുന്നതോടൊപ്പം അത്തരക്കാരെക്കുറിച്ചുള്ള ബോധം മുഴുവന്‍ വിദ്യാര്‍ഥികളിലും സൃഷ്ടിക്കാന്‍ സാധിക്കുമെന്നതാണ് വസ്തുത. abled bodies ന് വേണ്ടി മാത്രമുള്ള പാഠശാലകളില്‍ നിന്നു അവ മാറേണ്ടതുണ്ട്. ഭിന്നശേഷിക്കാര്‍ അത്തരം മതപാഠശാലകളില്‍ വന്നു പഠിക്കുന്നുണ്ടോ എന്നിടത്തല്ല, മറിച്ച്, വളര്‍ന്നു വരുത്ത വിദ്യാര്‍ഥി തലമുറ അത്തരമൊരു കമ്മ്യൂണിറ്റിയെ കുറിച്ച് ബോധവാന്മാരാകും എന്നിടത്താണ് ഇതിന്റെ മര്‍മം കിടക്കുന്നത്. ഇങ്ങനെയും കുറച്ചുപേര്‍ ലോകത്തുണ്ടെന്നു അവരെ ബോധവാന്മാരാക്കുക എന്നതു തന്നെ അവരുടെ അസ്തിത്വം അംഗീകരിക്കപ്പെടാനുള്ള വലിയൊരു ഹേതുകമാണ്. കരിക്കുലം സമിതികളില്‍ ഇത്തരക്കാര്‍ക്കു ഇടം നല്‍കുക വഴി മാത്രമേ അവരുടെ പ്രശ്‌നങ്ങള്‍ യഥാവിധി അഡ്രസ് ചെയ്യപ്പെടാനും കൃത്യമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കപ്പെടാനും സാധിക്കുകയുള്ളൂ.

പ്രതീക്ഷകള്‍ പകരുന്ന ഒത്തിരി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഉണ്ടാവുന്നുണ്ട് എന്ന വസ്തുതയെ സമ്പൂര്‍ണമായി നിരാകരിക്കുകയല്ല, മറിച്ച് അതിവേഗം ലോകം വളരുന്ന സാഹചര്യത്തില്‍ ഇപ്പോഴുള്ള ചെറിയ ഇലയനക്കങ്ങളില്‍ അവസാനിപ്പിക്കാതെ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് വേണ്ടത്. വായുവും വെള്ളവും അന്നവും മാത്രമല്ല മനുഷ്യന്റെ അതിജീവനത്തിനാവശ്യം, മറിച്ച് മറ്റെല്ലാ വികാരവിചാരങ്ങളും വൈകാരിക തലങ്ങളും ഉള്ളവനാണവന്‍ എന്ന ബോധത്തിന്റെ ഫലമായി ഇത്തരക്കാരുടെ ലൈംഗികതയുടെ സാധ്യതകള്‍ പോലും വികസിത രാജ്യങ്ങള്‍ പഠിച്ചു തുടങ്ങിയ സാഹചര്യത്തില്‍ നമ്മള്‍ കൂടുതല്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുക തന്നെ വേണ്ടതാണ്. ഇതൊന്നും ആനുകൂല്യങ്ങളായി അവതരിപ്പിക്കുന്നത് തീര്‍ത്തും അന്യായമാണ്. മറിച്ച്, ആ ജനതയുടെ അടിസ്ഥാനപരമായ അവകാശമാണ്. സമൂഹത്തിലെ അടിത്തട്ടു മുതല്‍ മുകള്‍ത്തട്ടു വരെ എല്ലായിടത്തും ഇത്തരക്കാരുടെ സാന്നിധ്യം ഉറപ്പു വരുത്തുകയെന്നതിലാവട്ടെ നമ്മുടെ സജീവശ്രദ്ധ.

തയ്യാറാക്കിയത്: ശാക്കിര്‍ മണിയറ

റഈസ് ഹിദായ

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.