സാമ്പത്തിക സംവരണം 103ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ 2019 ജനുവരി 12ാം തിയ്യതി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16 (5) ആയി ഉള്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലാകമാനം സംവരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും വലിയ തോതില്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്. കേരളത്തിലാണെങ്കില്‍ 2016 ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്ന് പ്രഖ്യാപിച്ച ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുകയും 2017 ല്‍ ദേവസ്വം ബോര്‍ഡില്‍ 10% മുന്നാക്കത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നടപ്പിലാക്കുകയും ചെയ്യുകയുണ്ടായി. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിന് മുന്നേ കേരളം മുന്നാക്കസംവരണം നടപ്പിലാക്കിയതും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2020 നവംബറില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴിയുള്ള നിയമനങ്ങളില്‍ കൂടി മുന്നാക്ക സംവരണം നടപ്പാക്കി കേരളം സംവരണവാദികളുടെ കൈയ്യടി നേടിയിരിക്കുകയാണ്.
ഈ അവസരത്തില്‍ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്ത സാമൂഹിക നീതിയെപ്പറ്റിയുള്ള സങ്കല്‍പം എന്താണെന്നും അത്തരം ഒരു സങ്കല്‍പത്തെ സാമ്പത്തിക സംവരണം എങ്ങനെയാണ് അട്ടിമറിക്കുന്നത് എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. സാമൂഹികവും സാമ്പത്തികവുമായ നീതിക്കുള്ള അവകാശവും തുല്യതക്കും അവസര സമത്വത്തിനുമുള്ള അവകാശവും മൗലികാവകാശമായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യന്‍ ഭരണഘടന രൂപപ്പെടുമ്പോള്‍ ഇന്ത്യയിലെ ഭൂമി, സമ്പത്ത്, വ്യവസായം, ഉദ്യോഗം, രാഷ്ട്രീയാധികാരം എന്നിവ ന്യൂനപക്ഷം വരുന്ന മുന്നാക്ക സമുദായങ്ങളുടെ കൈവശമാണുണ്ടായിരുന്നത്. ഭൂരിപക്ഷം വരുന്ന പിന്നാക്ക സമുദായങ്ങള്‍ ഭൂമിയോ സമ്പത്തോ അധികാരമോ ഉദ്യോഗമോ നിഷേധിക്കപ്പെട്ട നിലയിലുമായിരുന്നു. ഇങ്ങനെ അയിത്തം, ജാതി വിവേചനം തുടങ്ങിയവ മൂലം നിഷേധിക്കപ്പെട്ട അവസരങ്ങള്‍ പ്രാതിനിധ്യമെന്ന അവകാശത്തിലൂടെ നികത്തിയെടുത്ത് സാമൂഹിക നീതിയും തുല്യതയും സ്ഥാപിച്ചെടുക്കുകയെന്നതാണ് ഭരണഘടന ലക്ഷ്യം വെച്ചത്. അതിനായിട്ടാണ് ഭരണഘടനയുടെ മൗലികാവകാശ പട്ടികയില്‍ 15 (4), 16 (4) എന്നീ ഉപവകുപ്പുകളിലായി സംവരണ വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. സാമൂഹികവും വിദ്യഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് വിദ്യഭ്യാസത്തിലും ഉദ്യോഗങ്ങളിലും പ്രാതിനിധ്യം ഉറപ്പുനല്‍കാന്‍ സര്‍ക്കാറുകളെ ചുമതലപ്പെടുത്തുന്നതാണ് ഈ വ്യവസ്ഥകള്‍. ഭരണഘടന നിലവില്‍ വന്ന് 70 വര്‍ഷം കഴിഞ്ഞെങ്കിലും ഭരണഘടന വിഭാവനം ചെയ്ത തുല്യതയും അവസരസമത്വവും സാക്ഷാത്കരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുതന്നെയാണ് വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്.
ഇന്ത്യയിലെ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക നില പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി 1975 ല്‍ രൂപീകരിച്ച മണ്ഡല്‍ കമ്മീഷന്‍ 1980ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ രണ്ടാം വാല്യത്തില്‍ എട്ടാമത്തെ അനുബന്ധമായി കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ ജാതി തിരിച്ചുള്ള കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍വ്വീസുകളിലെ ഒന്നാം ക്ലാസ് തസ്തികകളില്‍ പട്ടികജാതി, പട്ടികവര്‍ഗങ്ങളുടെ പ്രാതിനിധ്യം 5.68 ശതമാനമാണ്. (ജനസംഖ്യ 22.5%) അതേസമയം ഇന്ത്യന്‍ ജനസംഖ്യയുടെ 52% വരുന്ന പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം 4.9% മാത്രമാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ 74.5 % ശതമാനം ജനസംഖ്യയുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗങ്ങളുടെ സര്‍ക്കാര്‍ സര്‍വ്വീസിലെ പ്രാതിനിധ്യം 10.37% ആയിരിക്കുമ്പോള്‍ ജനസംഖ്യയുടെ 25.5% മാത്രമുള്ള മുന്നാക്ക സവര്‍ണ സമുദായങ്ങളുടെ കേന്ദ്ര സര്‍വ്വീസിലെ പ്രാതിനിധ്യം 89.63 ശതമാനമാണെന്നാണ് മണ്ഡല്‍ കമ്മീഷന്‍ വെളിപ്പെടുത്തുന്നത്.
മണ്ഡല്‍ കമ്മീഷന്‍ പുറത്തുകൊണ്ടുവന്ന ഭീമമായ ഈ പ്രാതിനിധ്യ അന്തരമാണ് 52 % വരുന്ന പിന്നാക്ക സമുദായങ്ങള്‍ക്ക് 27% സംവരണം നല്‍കാന്‍ പര്യാപ്തമായത്. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന വി.പി സിംഗ് 1990ല്‍ മണ്ഡല്‍ കമ്മീഷന്‍ നടപ്പിലാക്കിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ സംവരണ വിരുദ്ധര്‍ നടത്തിയ മണ്ഡല്‍ വിരുദ്ധ സമരങ്ങളും ആത്മാഹുതികളും കലാപങ്ങളും ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. 52% വരുന്ന പിന്നാക്ക സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ 27% സംവരണം നടപ്പാക്കിയെങ്കിലും ഇന്നും അത് നേടിയെടുക്കാന്‍ ആ സമുദായങ്ങള്‍ക്ക് സാധിച്ചിട്ടില്ല.
2014-15ല്‍ യു.ജി.സി ഇന്ത്യയിലെ പ്രധാനപ്പെട്ട 74 ഉന്നതവിദ്യഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക പ്രാതിനിധ്യത്തെക്കുറിച്ച് നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. (All India Survey of Higher Education Provisional Report 2014-15) ഇന്ത്യയിലെ ഐ.ഐ.ടി, ഐ.ഐ.എന്‍ തുടങ്ങിയ ഉന്നതവിദ്യഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരില്‍ 86.86 ശതമാനവും സവര്‍ണ സമുദായങ്ങളാണെന്ന് വ്യക്തമാക്കുന്നു. എന്നുപറഞ്ഞാല്‍ ഇന്ത്യയിലെ 74.5 % വരുന്ന പിന്നാക്ക ദളിത് ആദിവാസി, ന്യൂനപക്ഷ അധ്യാപകരുടെ പ്രാതിനിധ്യം കേവലം 15.14 % മാത്രമാണെന്ന് ചുരുക്കം. 25.5 % ശതമാനം ജനസംഖ്യ മാത്രമുള്ള സവര്‍ണ സമുദായങ്ങളാണ് 86.86 % തസ്തികകളും കൈയടക്കിവെച്ചിരിക്കുന്നത്. നിലവില്‍ ഇത്രയേറെ അധിക പ്രാതിനിധ്യം അനുവദിക്കുന്ന വിഭാഗങ്ങള്‍ക്കാണ് സാമ്പത്തിക സംവരണത്തിന്റെ പേരില്‍ 10% തസ്തികകള്‍ കൂടി അനുവദിക്കുന്നത് എന്നോര്‍ക്കണം. ഭരണഘടന ഉറപ്പുനല്‍കുന്ന സാമൂഹിക നീതി അട്ടിമറിക്കുന്നതിനും അധികാരവും സമ്പത്തും സവര്‍ണര്‍ക്ക് മാത്രമായി ഉറപ്പിച്ചെടുത്ത് പിന്നാക്കക്കാരെയും ന്യൂനപക്ഷങ്ങളെയും ദളിത്, ആദിവാസി വിഭാഗങ്ങളെയും വംശീയമായി ഉന്മൂലനം ചെയ്യാനുള്ള ഹിന്ദുത്വ അജണ്ടയാണ് ബി.ജെ.പി സര്‍ക്കാരിന്റെ സാമ്പത്തിക സംവരണ നടപടിയുടെ ലക്ഷ്യം. മറിച്ച് സവര്‍ണ സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യക്കുറവുണ്ടായതിന്റെ കണക്കുകളോ റിപ്പോര്‍ട്ടുകളോ തെളിവുകളായി ഹാജറാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.
കേരളം നടപ്പിലാക്കിയ മുന്നാക്ക സംവരണ നിലപാടും കേന്ദ്രത്തിന്റെ നയങ്ങളുമായി തന്നെയാണ് സന്ധിചെയ്യുന്നത്. 2016 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി വഴി ആക്കുമെന്നായിരുന്നു. മറ്റൊന്ന്, മുന്നാക്കത്തിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നടപ്പിലാക്കും എന്നുമായിരുന്നു. എന്നാല്‍ എന്‍.എസ്.എസിന്റെ (നായര്‍ സര്‍വീസ് സൊസൈറ്റി) രൂക്ഷമായ എതിര്‍പ്പിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നത് ഒഴിവാക്കി പ്രത്യേക നിയമന ബോര്‍ഡ് രൂപീകരിച്ചു. എന്ന് മാത്രമല്ല, തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നാക്ക വിഭാഗങ്ങള്‍ക്ക് 16 % സംവരണവും നടപ്പിലാക്കി. ദേവസ്വം ബോര്‍ഡില്‍ മുന്നാക്കത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 % സംവരണം നടപ്പിലാക്കി ഉത്തരവിറക്കിയപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗങ്ങളാല്‍ 96 ശതമാനവും മുന്നാക്കക്കാര്‍ മാത്രമായിരുന്നു. നിലവില്‍ 96 % പ്രാതിനിധ്യമുള്ള മുന്നാക്കക്കാര്‍ക്കാണ് സര്‍ക്കാര്‍ 10 % മുന്നാക്ക സംവരണം കൂടി നടപ്പിലാക്കി ചരിത്രം സൃഷ്ടിച്ചത്. 1891 ല്‍ കെ.പി ശങ്കരമേനോന്റെ നേതൃത്വത്തിലാണ് ആദ്യത്തെ സംവരണ പ്രക്ഷോഭം ആരംഭിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവിതാംകൂര്‍ മഹാരാജാവിന് സമര്‍പ്പിച്ച മെമോറാണ്ടത്തിന്റെ (മലയാളി മെമോറിയല്‍) ആമുഖത്തില്‍ പറയുന്നതിങ്ങനെയാണ്: ‘സ്വന്തം രാജ്യത്തുള്ള ഭരണകൂടത്തിലെ സേവനത്തില്‍ അര്‍ഹമായ വീതം ഞങ്ങള്‍ക്ക് നിഷേധിച്ചിരിക്കുന്നത് കൊണ്ടും ഞങ്ങളെ സര്‍വീസിലുള്ള ഉയര്‍ന്ന തസ്തികകളില്‍ നിന്ന് വ്യവസ്ഥാപിത തന്ത്രങ്ങളുപയോഗിച്ച് ഒഴിവാക്കിയിരിക്കുന്നത് കൊണ്ടുമാണ്’ മെമോറിയല്‍ സമര്‍പ്പിക്കുന്നത് എന്നാണ്. മലയാളി മെമോറിയല്‍ സമര്‍പ്പിക്കുന്നതിന് ആധാരമായി അവര്‍ ഉയര്‍ത്തിക്കാട്ടിയത് 1881 ലെ സെന്‍സസ് റിപ്പോര്‍ട്ടിലെ ജനസംഖ്യാനുപാതവും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ പ്രാതിനിധ്യ കണക്കുകളുമാണ്. 1889 ല്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന അല്‍ മനാക് പ്രസിദ്ധപ്പെടുത്തിയ പട്ടിക പ്രകാരം അന്‍പത് രൂപയോ അതിന് മുകളിലോ ശമ്പളം ലഭിക്കുന്ന സര്‍ക്കാര്‍ ജോലികളില്‍ ഭുരിഭാഗവും പരദേശി ബ്രാഹ്മണരും പരദേശി ശൂദ്രരുമായിരുന്നു. ന്യൂനപക്ഷം വരുന്ന പരദേശി ബ്രാഹ്മണരും പരദേശി ശൂദ്രരും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ ഭൂരിഭാഗം കൈക്കലാക്കിയപ്പോള്‍ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന മലയാളി ശൂദ്രര്‍ക്ക് (നായര്‍) 56 ഉദ്യോഗങ്ങള്‍ മാത്രമാണ് ലഭ്യമായത്. ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തെ തുടര്‍ന്ന് നായര്‍ സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം അനുവദിച്ചു തുടങ്ങി. തുടര്‍ന്ന് 1931 ആകുമ്പോഴേക്കും 8.86 % ജനസംഖ്യയുള്ള നായര്‍ സമുദായം സര്‍ക്കാര്‍ ഉദ്യോഗങ്ങളുടെ പകുതിയിലധികം (54.24%) നേടിയെടുക്കുന്ന വിധത്തിലേക്ക് മാറി. സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം ആവശ്യപ്പെട്ട് മലയാളി മെമോറിയല്‍ സമര്‍പ്പിക്കുന്ന വേളയില്‍ നായര്‍ സമുദായത്തിന്റെ പ്രാതിനിധ്യം ജനസംഖ്യാനുപാതത്തേക്കാള്‍ കുറവായിരുന്നെങ്കില്‍ ആദ്യത്തെ സംവരണ പ്രക്ഷോഭം അരങ്ങേറി 126 വര്‍ഷം പിന്നിടുമ്പോള്‍ അതേ സമുദായത്തിന് 10% സാമ്പത്തിക സംവരണം കൂടി അനുവദിച്ചരുളുമ്പോള്‍ ദേവസ്വം ബോര്‍ഡില്‍ നായര്‍ സമുദായത്തിന്റെ പ്രാതിനിധ്യം 82.2% മാണ്. ഇത്രയും ഭീമമായ പ്രാതിനിധ്യമനുഭവിക്കുന്ന സമുദായത്തിന് തന്നെ 10% കൂടി സംവരണം നടപ്പിലാക്കുന്നതിന്റെ യുക്തി മുന്നാക്ക പ്രീണനമല്ലാതെ മറ്റെന്താണ്?!!
മുന്നാക്ക സംവരണം പി.എസ്.സി യില്‍
ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിന്റെ രണ്ടാം ഘട്ടമായി പബ്ലിക് സര്‍വീസ് കമീഷനില്‍ 2020 നവംബറില്‍ 10% മുന്നാക്ക സംവരണം ഉള്‍പ്പെടുത്തി ഉത്തരവിറിക്കി. ഈ സാഹചര്യത്തില്‍ നിലവിലുള്ള സര്‍ക്കാര്‍ സര്‍വീസിലെ പ്രാതിനിധ്യം പരിശോധിക്കുന്നത് ഉചിതമായിരിക്കും.
2006 ല്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ‘കേരള പഠനങ്ങള്‍’ എന്ന പുസ്തകത്തില്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ പ്രാതിനിധ്യത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 12.5% ജനസംഖ്യയുള്ള നായര്‍ സമുദായത്തില്‍ സര്‍ക്കാര്‍ സര്‍വീസിലെ അധിക പ്രാതിനിധ്യം തന്നെ 40.5% ത്തോളമാണ്. അതേസമയം പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാകട്ടെ സംവരണാനുസൃത പ്രാതിനിധ്യം പോലും ലഭിച്ചിട്ടില്ല.
പി.എസ്.സി മുന്നാക്ക സംവരണവും സര്‍ക്കാര്‍ ഭാഷ്യവും
പി.എസ്.സി നിയമനങ്ങളില്‍ മുന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പിലാക്കുന്നത് മൂലം പിന്നാക്ക വിഭാഗങ്ങള്‍ക്ക് നഷ്ടം സംഭവിക്കുന്നില്ല എന്ന വിചിത്ര വാദമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് നഷ്ടമില്ല എന്നതിന് തെളിവായി ഉന്നയിക്കുന്ന വാദം മുന്നാക്കക്കാരുടെ സംവരണം മെറിറ്റിലെ 50% ല്‍ നിന്നാണ് നല്‍കുന്നത് എന്നതാണ്. പി.എസ്.സി നിയമന ചാര്‍ട്ട് പ്രകാരം 50% ഓപണ്‍ മെറിറ്റും 50% സംവരണവും പ്രകാരമാണ് നിയമനം നടത്തുന്നത്. 50% ഓപണ്‍ മെറിറ്റ് എന്ന് പറയുന്നത് കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ എല്ലാ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്കും ഒരേപോലെ അര്‍ഹതപ്പെട്ടതാണ്. അതില്‍ നിന്നും 10 തസ്തികകള്‍ മുന്നാക്കത്തിലെ പിന്നാക്കര്‍ക്ക് മാറ്റിവെക്കുമ്പോള്‍ കൂടുതല്‍ മാര്‍ക്ക് നേടി ജനറല്‍ മെറിറ്റില്‍ സ്ഥാനമുറപ്പിച്ച മുന്നാക്കേതര ഉദ്യോഗാര്‍ത്ഥികളുടെ 10 പോസ്റ്റുകളാണ് നഷ്ടപ്പെടുന്നത്. പി.എസ്.സി നിയമനങ്ങളുടെ ബാലപാഠമറിയുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടുന്ന കാര്യമാണിത്. ഇക്കാര്യം മറച്ചുവെച്ചുകൊണ്ട് വ്യാജപ്രചരണങ്ങളാണ് സര്‍ക്കാറും പ്രചരണ സംഘങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസും മുന്നാക്ക സംവരണവും
ഐ.എ.എസ് കേഡറിലുള്ള ഉദ്യോഗസ്ഥരെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ചിട്ടുള്ള കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ മൂന്ന് കാറ്റഗറികളിലായി 90 പോസ്റ്റുകളാണുള്ളത്. സ്ട്രീം ഒന്ന്, സ്ട്രീം രണ്ട്, സ്ട്രീം മൂന്ന് എന്നിങ്ങനെ തിരിച്ച് ഓരോ സ്ട്രീമിലും 30 പേരെ വീതമാണ് നിയമനം നടത്തുക. പബ്ലിക് സര്‍വീസ് കമീഷന്‍ ചാര്‍ട്ട് പ്രകാരം നിയമനം നടത്തുമ്പോള്‍ ചാര്‍ട്ടിലെ ആദ്യത്തെ 30 വരെയുള്ള സ്ട്രീം ഒന്നിലും രണ്ടിലും മൂന്നിലും നിയമനം ലഭിക്കുകയുള്ളൂ. റൊട്ടേഷന്‍ ചാര്‍ട്ടില്‍ 44 ഉം 92 ഉം സ്ഥാനത്ത് വരുന്ന പട്ടിക വര്‍ഗക്കാര്‍ക്ക് ഒരിക്കലും സംവരണം പ്രകാരം കെ.എ.എസ് ല്‍ നിയമനം ലഭിക്കുകയില്ല. അതേസമയം ചാര്‍ട്ടില്‍ മുപ്പതെട്ടും അറുപതും സ്ഥാനത്ത് വരുന്ന നാടാര്‍, അന്‍പതാം സ്ഥനത്ത് വരുന്ന ധീവര, നാല്‍പത്തിയെട്ടാം സ്ഥാനത്ത് വരുന്ന പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും സംവരണ പ്രകാരമുള്ള നിയമനം ലഭിക്കില്ല. മൂന്ന് ശതമാനം സംവരണമുള്ള വിശ്വകര്‍മക്ക് ഇരുപതാമത്തെ ഒരു സംവരണ പോസ്റ്റ് മാത്രമേ ലഭിക്കൂ. അതേ സമയം റൊട്ടേഷന്‍ ചാര്‍ട്ടില്‍ 91929 സ്ഥാനങ്ങളില്‍ വരുന്ന മുന്നാക്ക സംവരണ വിഭാഗങ്ങള്‍ക്ക് മൂന്ന് സ്ട്രീമിലുമായി ഒമ്പത് തസ്തികകള്‍ ലഭിക്കും. സംസ്ഥാനത്തിലെ നയരൂപീകരണമടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ട അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നിന്ന് പട്ടികവര്‍ഗക്കാരും ധീവരരും പരിവര്‍ത്തിത ക്രിസ്ത്യനും പുറന്തള്ളപ്പെടുകയും മുന്നാക്ക വിഭാഗങ്ങള്‍ക്ക് അധിക പ്രാതിനിധ്യം ലഭിക്കുകയും ചെയ്യുക എന്നതിനര്‍ത്ഥം സാമൂഹിക നീതി കൂടുതല്‍ അപകടത്തില്‍ പെടുകയാണ് എന്നതാണ്.
സംവരണവും ഇടത് സമീപനങ്ങളും
കേരളത്തില്‍ മുന്നാക്ക സംവരണം നടപ്പിലാക്കിയതിനെ ന്യായീകരിച്ച് കൊണ്ട് പ്രത്യക്ഷപ്പെടുന്ന ഇടത് പാര്‍ട്ടികളുടെയും പ്രചാരകരുടെയും വാദങ്ങളിലൊന്ന് കേരളത്തിലാദ്യമായി ദളിതര്‍ക്കും പിന്നാക്ക മുസ്‌ലിം വിഭാഗങ്ങള്‍ക്കും ക്വോട്ട നിശ്ചയിച്ച് സംവരണം നടപ്പിലാക്കിയത് ഇ.എം.എസ് സര്‍ക്കാരാണ് എന്നതാണ്. ചരിത്ര വസ്തുതകളുടെ പിന്‍ബലമില്ലാതെയുള്ള ഇത്തരം പ്രചരണങ്ങള്‍ പക്ഷേ സാമാന്യ ജനതയെ ആശയക്കുഴപ്പത്തില്‍ ചാടിക്കുമെന്നതാണ്. കേരളത്തിലാദ്യമായി ദളിതര്‍ക്കും പിന്നോക്കക്കാര്‍ക്കും മുസ്‌ലിംകള്‍ക്കും ക്വോട്ട നിശ്ചയിച്ച് സംവരണം നടപ്പിലാക്കിയത് ഇ.എം.എസ് നമ്പൂതിരിപ്പാട് ആണോ? അല്ലാ എന്നാണുത്തരം. ഇ.എം.എസ് സര്‍ക്കാര്‍ പിറവി കൊള്ളുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ക്വോട്ട നിശ്ചയിച്ച് സംവരണം നടപ്പിലാക്കിയിട്ടുണ്ട്.
മലബാറില്‍ ക്വോട്ട നിശ്ചയിച്ച് സംവരണം നടപ്പിലാക്കിയത് 1934 ലാണ്. 1924 ലാണ് നിയമനങ്ങള്‍ക്കായി സ്റ്റാഫ് സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. നിയമനങ്ങൡ സംവരണം ഉള്‍പെടുത്തിയെങ്കിലും സംവരണ വിരോധികളുടെ ഇടപെടലുകള്‍ മൂലം സംവരണം നടപ്പിലാക്കാനായില്ല. തുടര്‍ന്ന് 1934 ല്‍ ബ്രിട്ടീഷ്- ഇന്ത്യ സെക്രട്ടറിയായിരുന്ന എം.ജി ഹാലറ്റ് സാമുദായിക സംവരണം പുതുക്കി നിശ്ചയിച്ചുകൊണ്ട് ഉത്തരവിറക്കി. പ്രസ്തുത ഉത്തരവില്‍ അഖിലേന്ത്യ സര്‍വീസുകളിലും പ്രാദേശിക സര്‍വീസുകളിലും ഇന്ത്യക്കാര്‍ക്ക് നീക്കിവെച്ചിട്ടുള്ള തസ്തികകളില്‍ 25% മുസ്‌ലിംകള്‍ക്കും മൂന്നിലൊന്ന് മറ്റു സമുദായങ്ങള്‍ക്കും സംവരണം നല്‍കണമെന്ന് നിശ്ചയിച്ചു.
തിരുവിതാംകൂറില്‍ സംവരണം നടപ്പിലാക്കിയത് 1936 ലാണ്. ജനസംഖ്യാനുപാതിക സംവരണം (നിയമനങ്ങളില്‍) ആവശ്യപ്പെട്ടുകൊണ്ട് 1932 ല്‍ ഈഴവ മുസ്‌ലിം ക്രിസ്ത്യന്‍ സമുദായങ്ങള്‍ സംയുക്തമായി നടത്തിയ നിവര്‍ത്തന പ്രക്ഷോഭത്തിന്റെയും അയ്യങ്കാളി, പൊയ്കയില്‍ അപ്പച്ചന്‍ എന്നിവരുടെയും ശ്രമഫലമായി 1936 ല്‍ പബ്ലിക് സര്‍വീസ് കമീഷന്‍ നിലവില്‍ വന്നു. ജനസംഖ്യാടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തി 60% മെറിറ്റും 40% സാമുദായിക സംവരണ പ്രകാരവും നിയമനം നടത്തിത്തുടങ്ങി. കൊച്ചിയില്‍ ക്വോട്ട നിര്‍മിച്ച് സംവരണം നടപ്പിലാക്കിയത് 1937 ലാണ്. കൊച്ചിന്‍ സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡിലെ സംവരണ ക്വോട്ട; നായര്‍ 16%, തമിഴ് ബ്രാഹ്മണന്‍ 4%, ഈഴവന്‍ 20%, പുലയന്‍ 4%, മറ്റു ഹിന്ദുക്കള്‍ 10%, എസ്.സി 6%, മറ്റു ക്രിസ്ത്യാനികള്‍ 6%, മുസ്‌ലിംകള്‍ 6%, പിന്നാക്കരും അധ:കൃത വര്‍ഗക്കാരും 16% എന്നിങ്ങനെയായിരുന്നു. തിരുകൊച്ചിയില്‍ ക്വോട്ട നിശ്ചയിച്ച് സംവരണം നടപ്പിലാക്കിയത് 1949 ലാണ്. തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരുകൊച്ചി സ്‌റ്റേറ്റ് നിലവില്‍ വന്നപ്പോള്‍ രണ്ടിടങ്ങളിലെയും സംവരണ തോത് ഏകീകരിക്കേണ്ടതായി വന്നു. എല്ലാ നിയമനങ്ങളിലും 55% മെറിറ്റും 45% സാമുദായിക സംവരണവും നിശ്ചയിച്ചു. 45% ത്തില്‍ 10% പട്ടികജാതിക്കും 35% പിന്നാക്കര്‍ക്കുമായി നിശ്ചയിച്ചു. 35% പിന്നാക്ക ക്വോട്ടയില്‍ ഈഴവര്‍ 13%, മുസ്‌ലിം 5%, കമ്മാളര്‍ 3%, നാലാര്‍ 3%, എസ്.ഐ.യു.സി 1%, എല്‍.സി 6%, മറ്റു ഹിന്ദു 2%, പരിവര്‍ത്തിത ക്രിസ്ത്യര്‍ 2% എന്നിങ്ങനെ പ്രത്യേക ക്വോട്ടകളായി തിരിച്ചു. ഐക്യകേരളം രൂപം കൊണ്ടപ്പോള്‍ മലബാറിലെയും തിരുകൊച്ചിയിലെയും വ്യത്യസ്ത സംവരണ ക്വോട്ട ഏകീകരിച്ച് നടപ്പില്‍ വരുത്തിയത് 1957 ഫെബ്രുവരിയിലാണ്. ഇ.എം.എസ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് 1956 ലെ സ്‌റ്റേറ്റ് റീഓര്‍ഗനൈസേഷന്‍ ആക്ട് പ്രകാരം പിന്നാക്ക വിഭാഗങ്ങളെയും പട്ടികജാതി വര്‍ഗങ്ങളെയും പുനര്‍നിര്‍ണയിച്ചു. തിരുവിതാംകൂറിലെ 8 സമുദായങ്ങള്‍ കൂടാതെ 70 സമുദായങ്ങള്‍ കൂടി പിന്നാക്ക ലിസ്റ്റില്‍ ഇടം പിടിച്ചു. പട്ടികജാതി വര്‍ഗങ്ങള്‍ക്ക് 10% സംവരണം നടപ്പിലാക്കിയത് ഇ.എം.എസ് നമ്പൂതിരിപ്പാട് എന്നതാണ് മറ്റൊരു പ്രചരണം. ഐക്യകേരളത്തില്‍ നിലവിലുണ്ടായിരുന്ന പത്ത് ശതമാനം പട്ടികജാതി, വര്‍ഗ സംവരണം എട്ട് ശതമാനം പട്ടികജാതിക്കും രണ്ട് ശതമാനം പട്ടികവര്‍ഗത്തിനും വിഭജിച്ചു നല്‍കി എന്നത് മാത്രമാണ് ഇ.എം.എസിന്റെ ‘സംഭാവന’.
സാമൂഹിക വികാസത്തിന്റെ മുന്നുപാധിയായി വര്‍ഗ സംഘര്‍ഷങ്ങളെയും വര്‍ഗ വിശകലന രീതികളെയും പിന്‍പറ്റുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇന്ത്യന്‍ വ്യവസ്ഥയിലെ ജാതിയേയും അത് സൃഷ്ടിച്ച സവിശേഷ സാമൂഹിക വൈരുദ്ധ്യങ്ങളെയും മനസ്സിലാക്കുന്നതില്‍ എല്ലാ കാലത്തും അപകടങ്ങള്‍ പിണഞ്ഞിട്ടുണ്ട്. ജാതി അടിസ്ഥാനത്തിലുള്ള സംവരണം ‘ജാതിചിന്ത’ ശാശ്വതീകരിക്കുമെന്ന് പ്രഖ്യാപിക്കാന്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിനെ പ്രേരിപ്പിക്കുന്നതും ഇതേ വീഴ്ചയാണ്. 1958 ലെ ഭരണപരിഷ്‌കാര കമീഷന്‍ റിപ്പോര്‍ട്ടിലെ പത്താമത്തെ അധ്യായത്തില്‍ സൂചിപ്പിക്കുന്നതിങ്ങനെയാണ്: ‘The most important point, however is that the system create a psychology among all the communities by which caste and communal consciousness perpetuated.’ ഇതേ റിപ്പോര്‍ട്ടിലെ ‘സമ്മറി ആന്റ് റീകമേന്റഷന്‍’ എന്ന അധ്യായത്തില്‍ 96 ാമതായി വേര്‍തിരിക്കുന്നത് ‘as a first towards the recognitions of economic backwardness as the index for giving state protect in recruitment to services. It is suggested that the benefit for the reservations of backward should be given only those who fall below certain economic level.’
ഇന്ത്യയിലെ മുതിര്‍ന്ന ഇടതുപക്ഷ നേതാക്കളുടെ പോലും എതിര്‍പ്പിനിടയാക്കിയ ഇ.എം.എസിന്റെ സാമ്പത്തിക സംവരണവാദങ്ങള്‍ തന്നെയാണ്, 1957 ലെ സര്‍ക്കാരിന്റെ തുടര്‍ച്ചയാണെന്നവകാശപ്പെടുന്ന പിണറായി വിജയന്‍ സര്‍ക്കാറും പിന്‍പറ്റുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമല്ല, പശ്ചിമ ബംഗാളിലും ഇതേ നിലപാടാണ് പാര്‍ട്ടി ആവര്‍ത്തിച്ചത്. 1980 ല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസു, സര്‍ക്കാര്‍ സര്‍വീസില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കേണ്ടതുണ്ടോ എന്നന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഒറ്റ മാസം കൊണ്ട് തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കിക്കുകയും ചെയ്തു. കമ്മിറ്റി റിപ്പോര്‍ട്ടില്‍; ‘പിന്നാക്കാവസ്ഥ നിര്‍ണയിക്കാനുള്ള മുഖ്യ മാനദണ്ഡങ്ങള്‍ ദാരിദ്ര്യവും താഴ്ന്ന ജീവിത നിലവാരവുമാണ്, മറിച്ച് ജാതിയല്ല. അതുകൊണ്ട് പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കേണ്ടതില്ല’ എന്ന നിലപാടാണ് സ്വീകരിച്ചത്.
മേല്‍ സൂചിപ്പിച്ച റിപ്പോര്‍ട്ട് പുറത്തുവരുന്ന കാലത്ത് പശ്ചിമ ബംഗാളിലെ ജനസംഖ്യയുടെ 55.99% വരുന്ന പിന്നാക്ക വിഭാഗങ്ങളുടെ സര്‍ക്കാര്‍ സര്‍വീസിലെ പ്രാതിനിധ്യം 9.5% മാത്രമായിരുന്നു എന്നും മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 18.39% ജനസംഖ്യയുള്ള സവര്‍ണ സമുദായങ്ങളുടെ കൈവശമായിരുന്നു സര്‍ക്കാര്‍ സര്‍വീസിലെ 76% വും. ജാതി എങ്ങനെയാണ് അധികാരവും പദവിയും വിഭവങ്ങളും ചില സമുദായങ്ങളില്‍ നിന്ന് എടുത്തുമാറ്റുകയും ചില പ്രത്യേക സമുദായങ്ങളുടെ കയ്യില്‍ നിക്ഷേപിക്കുകയും ചെയ്യുന്നത് എന്നത് തിരിച്ചറിയുന്നതിലുള്ള വീഴ്ചയാണ് സംവരണത്തെ സാമ്പത്തിക മാനദണ്ഡവുമായി കൂട്ടിക്കലര്‍ത്തുന്നതിന് പിന്നില്‍.
മുന്നാക്ക സംവരണം ആദ്യമായി നടപ്പിലാക്കിയ കേരളത്തിന്റെ കാര്യമെടുത്താല്‍ തന്നെ മൊത്തം സര്‍ക്കാര്‍ ഉദ്യോഗ നിയമനങ്ങളിലും നാളിതുവരെ സംവരണം നടപ്പിലാക്കിയിട്ടില്ലാത്ത സംസ്ഥാനമാണ് കേരളം എന്ന് കാണാം. 2015 ല്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം 5,44,845 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് കേരളത്തിലുള്ളത് എന്ന് വ്യക്തമാവുന്നുണ്ട്. ഇതില്‍ രണ്ട് ലക്ഷത്തോളം ഉദ്യോഗസ്ഥരും എയ്ഡഡ് മേഖലയിലാണുള്ളത്. ഇത്രയും പേരെ പബ്ലിക് സര്‍വീസ് കമീഷന്‍ മുഖേനയല്ല നിയമിക്കുന്നത് എന്നുവെച്ചാല്‍ സംവരണം ബാധകമല്ലാത്ത നിയമനങ്ങളാണിത്രയും. മാത്രമല്ല, മാനേജ്‌മെന്റ് സ്വന്തം സമുദായ അംഗങ്ങളെ കോഴ വാങ്ങി നിയമിക്കുകയും സര്‍ക്കാര്‍ ശമ്പളം നല്‍കുകയും ചെയ്യുന്ന രീതിയാണിവിടെ. എയിഡഡ് മേഖലയിലെ രണ്ട് ലക്ഷം കഴിഞ്ഞാല്‍ ഒരു ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ എന്നും പി.എസ്.സി വഴിയല്ലാതെ നിയമിക്കുന്ന തസ്തികകളാണ്. ഇവിടെയും സംവരണം നടപ്പിലാകുന്നില്ല. എന്നുമാത്രമല്ല ഇത്തരം നിയമനങ്ങളിലെ 90% വും സവര്‍ണ സമുദായങ്ങളെ മാത്രം പരിഗണിക്കുന്ന ഇടങ്ങളുമാണ്. ബാക്കി വരുന്ന രണ്ടര ലക്ഷത്തിനടുത്ത് നിയമനങ്ങളില്‍ മാത്രമാണ് പട്ടികജാതി, പട്ടികവര്‍ഗങ്ങളടക്കമുള്ള വിഭാഗങ്ങള്‍ക്ക് നിയമനാവകാശം അനുവദനീയമായട്ടുള്ളൂ. ആ മേഖലയില്‍ കൂടി പത്ത് ശതമാനം മുന്നാക്ക സംവരണം നടപ്പിലാക്കുക എന്നത് സാമൂഹിക നീതിക്ക് മേല്‍ അടിക്കുന്ന അവസാന ആണികല്ലാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.