Thelicham

കാലിഗ്രഫി: ഏകാന്തതയിലെ സ്രഷ്ടാവിനോടുള്ള സംസാരം


ഖുര്‍ആനിന്റെ ഓത്തു ശൈലികള്‍ ഏഴ് തരത്തില്‍ നിലവിലുണ്ടെന്നത് പൊതുവില്‍ അംഗീകരിക്കപ്പെടുന്നതാണ്. ഓരോ പ്രദേശത്തിന്റെയും ഭാഷാപരമായ പ്രത്യേകതകളെ അടിസ്ഥാനമാക്കി പ്രസ്തുത ശൈലികളില്‍ വ്യത്യാസങ്ങള്‍ കാണാന്‍ സാധിക്കും. മഖ്‌റജ് (അക്ഷരങ്ങള്‍ തൊണ്ടയില്‍ നിന്ന് പുറപ്പെടുന്ന സ്ഥലം) അനുസരിച്ചാണ് ഖുര്‍ആന്‍ ഓതേണ്ടത് എന്ന വസ്തുത പൊതുവില്‍ അംഗീകരിക്കപ്പെട്ടതാണ്. മഖ്‌റജ് നോക്കി മനോഹരമായ ശബ്ദത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്ക് പ്രത്യേക പ്രതിഫലം തന്നെ ലഭിക്കുമെന്ന് പ്രവാചകന്റെ അധ്യാപനങ്ങള്‍ പറഞ്ഞു തരുന്നുണ്ട്. ഖുര്‍ആന്‍ ഓത്ത് ശൈലികളെ പോലെ തന്നെ ലോകത്ത് അറബി എഴുത്ത് ശൈലികളും വ്യത്യസ്ത സ്വഭാവങ്ങളായി രൂപപ്പെട്ടതില്‍ ഓരോ നാടിന്റെയും സാംസ്‌കാരിക വൈചാത്യങ്ങള്‍ക്കുള്ള സ്വാധീനം വ്യക്തമാണ്. ഓത്ത് ശൈലികളെക്കാള്‍ ഒരുവേള എഴുത്ത് ശൈലികള്‍ പല ദേശങ്ങളിലും വൈജ്ഞാനിക വിപ്ലവങ്ങള്‍ക്ക് വരെ തുടക്കം കുറിച്ചിട്ടുണ്ട്.
കല്ലിലും എല്ലിലും മരത്തടികളിലും ഖുര്‍ആന്‍ എഴുതി സൂക്ഷിച്ചിരുന്ന പ്രവാചക കാലത്ത് നിന്ന് എഴുത്ത്കല വളരെയേറെ അഭിവൃധി പ്രാപിച്ച കാലത്താണ് നാമിന്ന് ജീവിക്കുന്നത്. ബദര്‍ യുദ്ധത്തില്‍ ബന്ദികളായി പിടിക്കപ്പെട്ടവര്‍ക്ക് പ്രവാചകന്‍ കൊടുത്ത ശിക്ഷയായിരുന്നു മുസ്്‌ലിംകളിലെ പത്ത് പേര്‍ക്ക് എഴുത്തും വായനയും പഠിപ്പിക്കണമെന്നത്. പിന്നീട് ഖുലഫാഉറാഷിദുകളുടെയും ഉമവികളുടെയും കാലഘട്ടങ്ങള്‍ കഴിഞ്ഞ് അബ്ബാസികളുടെ ഭരണകാലത്താണ് അറബി എഴുത്ത് രീതികള്‍ക്ക് നിയമാവലികള്‍ ആവിഷ്‌കരിക്കപ്പെടുന്നത്. അറബി എഴുത്തുശൈലികളുടെ സുവര്‍ണ്ണ കാലമായിരുന്നു അബ്ബാസികളുടേത്. വൈജ്ഞാനിക രംഗത്തേക്കുള്ള അബ്ബാസികളുടെ വലിയ സംഭാവനായിയിരുന്നു ബൈത്തുല്‍ ഹിക്മ. ലോകം ഇപ്പോഴും അദ്ഭുതത്തോടെ വിശകലനം ചെയ്യുന്ന ‘ബൈത്തുല്‍ ഹിക്മ’ വൈജ്ഞാനിക രംഗത്തെ വലിയ ചുവടുവെപ്പായിരുന്നു. നിരവധി ഗ്രന്ഥങ്ങള്‍ അന്യഭാഷകളില്‍ നിന്ന് അറബിയിലേക്ക് തര്‍ജിമ ചെയ്യപ്പെട്ടു. അതു വഴി ധാരാളം ഗ്രന്ഥകര്‍ത്താകളും പകര്‍ത്തിയെഴുത്തുകാരും കയ്യെഴുത്തുകാരും പിറവിയെടുത്തു

അല്‍പം ചരിത്രം


‘ഇബ്‌നു മുഖ്‌ല’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അബൂഅലി മുഹമ്മദ് ബിന്‍ അലി ബിന്‍ ഹസന്‍ ബിന്‍ മുഖ്‌ല (940 എഡി) എന്ന വ്യക്തിയാണ് ഇന്നത്തെ രീതിയില്‍ എഴുതപ്പെടുന്ന അറബി അക്ഷരങ്ങള്‍ക്ക് നിയമാവലികള്‍ രൂപപ്പെടുത്തിയത്. ആറ് പ്രധാനപ്പെട്ട എഴുത്ത് രീതികള്‍ക്ക് ( സുലുസ്, മുഹഖഖ്, നസ്ഖ്, റൈഹാനി, രിക്കാ, തവ്ഖീ ) നിയമാവലികള്‍ നിര്‍മ്മിച്ച് ഇസ്ലാമിക ലോകത്ത് വലിയ സ്വാധീനം സൃഷ്ടിച്ച് നിപുണനാണ് അദ്ദേഹം. ഇന്ന് ലോകത്ത് ഇബ്‌നു മുഖ്‌ല രൂപപ്പെടുത്തിയ നിയമാവലികള്‍ പാലിച്ചാണ് മേല്‍ പരാമര്‍ശിച്ച അറബി എഴുത്തുരീതികള്‍ (ഖത്തുകള്‍) വിപുലപ്പെടുന്നത്. അബ്ബാസി ഖിലാഫത്തിന്റെ തകര്‍ച്ചയുടെ കാലത്ത് ബാഗ്ദാദിലെ മൂന്ന് ഖലീഫമാരായ അല്‍ മുഖ്തദിര്‍ ബില്ലാഹ്, അല്‍ ഖാഹിര്‍ ബില്ലാഹ്, അര്‍റാളി ബില്ലാഹ് എന്നിവരുടെ മന്ത്രിയായി ഇബ്‌നു മുഖ്‌ല സേവനമനുഷ്ഠിച്ചിരുന്നു. ഭരണകൂടം തകര്‍ച്ച നേരിട്ട ഘട്ടമയാത് കൊണ്ട് തന്നെ ധാരാളം രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും ചതിപ്രയോഗങ്ങള്‍ക്കും ബാഗ്ദാദ് നഗരം അദ്ദേഹത്തിന്റെ കാലത്ത് സാക്ഷിയായി. ഖലീഫ അര്‍റാളി ബില്ലായുടെ കാലത്ത് ഇബ്‌നു മുഖ്‌ലയുടെ കൈ വെട്ടിമാറ്റപ്പെടങ്കുകയും അദ്ദേഹം തുറങ്കിലടക്കപ്പെടുകയും ചെയ്തു എന്ന് ചരിത്രം. ഒരു ഭരണകൂടത്തിന്റെ രഹസ്യങ്ങള്‍ എഴുതി സൂക്ഷിക്കുന്ന (കാതിബ്) ചുമതല കൂടിയുണ്ടായിരുന്നത് കൊണ്ട് തന്നെ ഇബ്‌നു മുഖ്‌ലയുടെ വലംകൈ വെട്ടിമാറ്റിയത് രാഷ്ട്രീയ പ്രേരിതമായിട്ടായിരുന്നു. രിസാലത്തുല്‍ വസീറി ഇബ്‌നു മുഖ്‌ല ഫീ ഇല്‍മില്‍ ഖത്തി വല്‍ ഖലം എന്ന പേരില്‍ ബ്രഹത്തായ ഗ്രന്ഥം അദ്ദേഹത്തിന്റെ രചനയാണ്. അതിന്നും അറബി കാലിഗ്രഫിയുടെ നാഴികശിലയായി എണ്ണപ്പെടുന്നു.


ഇബ്‌നുല്‍ ബവ്വാബ് (1001 AD) എന്ന പണ്ഡിതനും അറബി ഖത്ത് മേഖലക്ക് വലിയ സംഭാവനകള്‍ നല്‍കിയവരില്‍ പെടുന്നു. ‘ഖത്തു റയ്ഹാനി’ എന്ന എഴുത്ത് രീതി ആദ്യമായി ആവിഷ്‌കരിച്ചത് ഇദ്ദേഹമാണ്. അയര്‍ലണ്ടിലെ Chester Beatty Library യില്‍ ഇദ്ദേഹത്തിന്റെ കൈപടയില്‍ എഴുതപ്പെട്ട ഖുര്‍ആന്‍ പതിപ്പ് സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇബ്‌നു മുഖ്ല തുടങ്ങി വെച്ച ഖത്ത് നിയമാവലികളില്‍ ഖത്ത്- റൈഹാനിയോടൊപ്പം ഖത്തു-മുഹക്കക്ക് എന്നിവയെ പരിപോഷിപ്പിച്ച് വികസിപ്പിച്ചത് ഇബ്‌നു അല്‍ ബവ്വാബാണ്. പിന്നീട് ഖലീഫ മുസ്തഅ്‌സിം ബില്ലയുടെ കാലത്ത് അറബി എഴുത്തു ശൈകളില്‍ പഠനം നടത്തി പേരെടുത്ത വ്യക്തിത്വമാണ് യാഖൂത്ത് അല്‍ മുസ്‌തൈസിമി (13TH Century).

ലോകത്തെ പ്രധാന എഴുത്ത് ശൈലികള്‍

ഓരോ രാജ്യത്തും ഖത്തുകള്‍/എഴുത്തുശൈലികള്‍ ഉയര്‍ന്നു വരാനുള്ള കാരണങ്ങള്‍ പലതാണ്. ചില രാജ്യങ്ങളില്‍ വളരെ പണ്ട് മുതലെ അറബി ലിപി തങ്ങളുടെ പ്രാദേശിക ഭാഷയുടെ എഴുത്ത് ശൈലിയായി സ്വീകരിച്ചതായി കാണാം. ചൈനയിലെ ‘ഖത്തു സ്വീനി’ അതിന് ഉത്തമോദാഹരണമാണ്. ചിലയിടങ്ങളിലാവട്ടെ കച്ചവങ്ങളുടെ ഭാഗമായി നിലനിന്ന വാണിജ്യ ബന്ധങ്ങളിലൂടെയും കലാവിഷ്‌കാരങ്ങള്‌ലൂടെയും കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഇസ്ലാമിക നവജാഗരണത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന ഖത്തെ ഫൊന്നാനിയുടെ ചരിത്രവും ഇതില്‍ എടുത്തു പറയാവുന്നതാണ്. മറ്റു പല കാരണങ്ങള്‍ കൊണ്ടും ഖത്തുകള്‍ ലോകത്തിന്റെ പലഭാഗത്തും ഉയര്‍ന്നു വന്നതായി കാണാം. ലോകത്ത് ഏത് രാജ്യക്കാരും അറബി കലിഗ്രഫിയില്‍ ഉപയോഗിക്കുന്ന 6 ഖത്ത് ശൈലികളെ കൂടാതെ ഓരോ രാജ്യത്തും മേല്‍ വിവരിച്ച പോലെ പ്രേത്യകമായി ഉയര്‍ന്നു വന്ന പ്രാദേശിക ഖത്തുകളും വിലയിരുതപ്പെടെണ്ടാതാണ്.

തുര്‍ക്കി

ലോകത്ത് അറബി കലിഗ്രഫിയുടെ സുപ്രധാന കേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന രാജ്യമാണ് തുര്‍ക്കി. ഒട്ടോമന്‍ തുര്‍ക്കികള്‍ സ്വീകരിച്ച് പോന്ന പരമ്പരാഗത എഴുത്ത് ശൈലികളെയും അതിനോട് ചേര്‍ന്ന് നില്‍കുന്ന ആചാരങ്ങളെയും ഇന്നും നിഷ്ഠയോടെ പിന്‍പറ്റുന്നത് കൊണ്ട് തന്നെയാണ് തുര്‍ക്കി ഇസ്ലാമിക കലാവിഷ്‌കാരങ്ങളുടെ ഈറ്റില്ലമായി മാറിയതും. ഇസ്ലാമിക കലയുടെ ലോക ആചാര്യന്മാര്‍ പറഞ്ഞു വെച്ച വാചകങ്ങള്‍ സാന്ദര്‍ഭികമായി ഇവിടെ കുറിക്കട്ടെ, ”പരിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയത് മക്കയിലാണ്, അത് വായിച്ചത് ഈജിപ്തിലും എഴുതിയത് ഇസ്താംബൂളിലുമാണ്”. അറബി കലിഗ്രഫി പഠനാര്‍ത്ഥം ഇന്നും ആളുകള്‍ യാത്ര ചെയ്യുന്ന സ്ഥലമാണ് തുര്‍ക്കി. കലിഗ്രഫിയിലെ പരമോന്നത അംഗീകാരമായി വിലയിരുത്തപ്പെടുന്ന ‘ഇജാസ’ (സമ്മതപത്രം) ലഭിക്കുന്നത് തുര്‍കിയില്‍ നിന്നുമാണ്. തുര്‍ക്കിയുടെ ചരിത്രത്തില്‍ കലിഗ്രഫിയെ വായിക്കുമ്പോള്‍ രണ്ട് ഘട്ടങ്ങള്‍ കാണാന്‍ സാധിക്കും. ഒന്നാമത്തെ ഘട്ടം ഒട്ടോമന്‍ തുര്‍കിയിലെ അറബിക് കലിഗ്രഫിയുടെ വളര്‍ച്ചയുടേതാണെങ്കില്‍, ഇസ്ലാമിക അടയാളങ്ങള്‍ തന്നെ തകര്‍ത്തെറിഞ്ഞ അത്താതുര്‍കിന്റെ കാലത്തിന് ശേഷമുള്ള തുര്‍കിയിലെ കലിഗ്രഫിയുടെതാണ് രണ്ടാം ഘട്ടം. ഇസ്ലാമിക കലയുടെ തനതു കലകളെ തിരിച്ച് പിടിക്കുന്ന ഘട്ടത്തിലാണ് തുര്‍ക്കി ഇപ്പോഴുള്ളത്. ഖത്തു നസ്ഖിലെ ലോകത്തെ തന്നെ പേരെടുത്ത വ്യക്തിയാണ് ഖത്താത്ത് സകി ഹാശിമി. യമനില്‍ ജനിച്ച സകി ഹാശിമിയുടെ ‘ഖത്ത് നസ്ഖിലെ’ പ്രാഗത്ഭ്യം കണ്ടറിഞ്ഞ തുര്‍കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഖാന്‍ അദേഹത്തിന് തുര്‍കി പൗരത്വം നല്‍കിയാണ് ആദരിച്ചത്. ഇസ്ലാമിക ചിഹ്നങ്ങളുടെ വീണ്ടെടുപ്പാണ് ഒരുതരത്തില്‍ മേല്‍ വിവരിച്ച നയസമീപനങ്ങളെല്ലാം സൂചിപ്പിക്കുന്നത്. ഇന്ന് ഖത്തു സുലുസും, നസ്ഖും ഏറ്റവും മനോഹരമായി എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന രാജ്യമാണ് തുര്‍ക്കി.

ഉത്തരാഫ്രിക്ക

തുനീഷ്യ, മൊറോക്കോ, ഈജിപ്ത്, ലിബിയ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്നും പരമ്പരാഗത എഴുത്തു ശൈലികളെ തന്നെയാണ് കൂടുതലും പിന്തുടരുന്നത്. ഖത്തു തുനീസി, ഖത്തു മബ്‌സൂതി, ഖത്തു ഖൈറുവാനി എന്നിങ്ങനെ. അറബി എഴുത്ത് ശൈലിയിലെ ആദ്യകാല രൂപമായ ഖത്തു കൂഫി മുതല്‍ ടുണീഷ്യയുടെ ആദ്യകാല എഴുത്ത് ശൈലികളിലൊന്നായ ഖുത്തൂത്ത് അല്‍ കൂഫി അല്‍ ഖൈറുവാനി വരെ പിന്തുടരുന്നവരാണ് ഉത്തരാഫ്രിക്കന്‍ കാലിഗ്രഫിക്കാര്‍. ആദ്യകാലത്ത് ഉത്തരാഫ്രിക്കയില്‍ മുഴുവനായും ജനകീയ സ്വഭാവത്തില്‍ വളര്‍ന്നു വന്ന എഴുത്ത് രീതിയാണ് ‘അല്‍ ഖത്തുല്‍ മഗ്‌രിബി’. പിന്നീട് അതിന്റെ വകഭേദങ്ങള്‍ കാലക്രമേണ ഉയര്‍ന്നു വന്നു. മുസ്ലിം സ്‌പെയിനിലെ അറബി ഖത്തുകളുടെ വളര്‍ച്ചയെ പോലും സ്വാധീനിച്ച രാജ്യങ്ങളാണ് ഇവിടെയുള്ളത്. ഖുര്‍ആന്‍ വളരെ സുന്ദരമായി എഴുതാന്‍ ഉപയോഗിക്കുന്ന എഴുത്ത് ശൈലിയാണ് അല്‍ ഖത്തുല്‍ മബ്‌സൂത്വി, ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ എഴുന്നതാവട്ടെ ഖത്തു മുജവ്ഹരിയിലും മബ്‌സൂത്വിയിലുമാണ്. ഖത്തു മുജവ്ഹരി പ്രധാനമായും ഉപയോഗിക്കുന്നത് കരാറുകള്‍, ഉടമ്പടികള്‍ എന്നിവയ്ക്കാണ്. ഖത്തു സുലുസുല്‍ മഗ്രിബി ശൈലി ഖുര്‍ആന്റെ തലക്കെട്ടുകള്‍ എഴുതാന്‍ ഉപയോഗിച്ചു വരുന്നു. മറ്റൊന്ന് ഖത്തു നസ്ഹ് അത്തുനീസീ ശൈലിയാണ്. ഖുര്‍ആന്‍ എഴുതാന്‍ സാധാരണ ഉപയോഗിച്ചു വരുന്ന ശൈലിയാണ് ഖത്തു നസ്ഹ് അത്തുനീസീ.

ആഫ്രിക്ക

ആഫ്രിക്കയിലെ മുസ്ലിം ഭൂരിപക്ഷ രാജ്യമായ നൈജീരിയയിലെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ബൊര്‍ണോ/ബര്‍ണോ പ്രദേശത്ത് ഉയര്‍ന്നു വന്ന പ്രാദേശിക എഴുത്തു ശൈലിയാണ് ‘ഖത്തുല്‍ ബര്‍ണാവി’ (Borno style). പടിഞ്ഞാറന്‍ സുഡാനില്‍ നിലവിലുള്ള ഖത്തെ സുഡാനിയും തുനീഷ്യയിലെയും മൊറോക്കോയിലെയും ഖത്തുകളും ആഫ്രിക്കയിലെ അറബി വിജ്ഞാനീയങ്ങളെ കാര്യമായി തന്നെ സ്വാധീനിച്ചിരുന്നു.

മധ്യേഷ്യ

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് കടന്നു വന്ന മുസ്ലിം രാജവംശങ്ങള്‍ അധികവും തുര്‍കി വംശജരായിരുന്നുവങ്കിലും പേര്‍ഷ്യന്‍ സംസ്‌കാരത്തെയും, കലവിഷ്‌കാരങ്ങളെയും കൂടുതല്‍ പ്രചരിപ്പിക്കാന്‍ അവര്‍ ഉത്സാഹം കാണിച്ചു. ഖത്തെ ഫാര്‍സി, ഖത്ത് ശികസ്ത്ത്, ഖത്ത് നസ്തഅലീക്, ഖത്ത് തഅലീക്ക് എന്നീ പേരുകളില്‍ മധ്യേഷ്യയുടെ സംസ്‌കാരിക ഉന്നമനത്തിന്റെ ഭാഗമായി തന്നെ ഖത്തെ ഫാര്‍സി നിലനിന്നു. നസ്തലീക് പൊതുവെയും അറബി, പഞ്ചാബി, കാശ്മീരി, പേര്‍ഷ്യന്‍ ഭാഷകളിലാണ് ഉപയോഗിക്കുന്നതെങ്കിലും ഉറുദു ഭാഷയിലാണ് പ്രസ്തുത എഴുത്ത് ശൈലിക്ക് കൂടുതല്‍ സ്വീകാര്യത കൈവന്നത്. നസ്തലിക് എഴുത്ത് ശൈലിക്കും വ്യത്യസ്തമായ ബഹുമുഖ വര്‍ണ്ണങ്ങള്‍ കാലാന്തരത്തില്‍ കൈവന്നിട്ടുണ്ട് ഡല്‍ഹിയിലെ മുസ്ലിം നിര്‍മ്മിതികള്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചവര്‍ക്ക് കലിഗ്രഫിയില്‍ കൊത്തിവെച്ച ഖുര്‍ആനിക ആയത്തുകളും പേര്‍ഷ്യന്‍ കവിതകളും ജീവിതത്തില്‍ പിന്നീട് മറക്കാന്‍ കഴിയില്ലെന്നത് തീര്‍ച്ചയാണ്. മുഗള്‍ കാലഘട്ടം പേര്‍ഷ്യന്‍ കലിഗ്രഫിയെ കൂടുതല്‍ പരിഭോഷിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. താജുദ്ധീന്‍ സറീന്‍ റഖം, ഹാഫിസ് യൂസഫ് സഅദീദി, യൂസഫ് ദഹ്ലവി, അബ്ദുല്‍ മജീദ്, സയ്യിദ് ഇംതിയാസ് അലി, മുഹമ്മദ് ശഫീഫ്, മുഹമ്മദ് ഇഖ്ബാല്‍, പര്‍വീന്‍ റഖം, അന്‍വര്‍ ഹുസൈന്‍ നഫീസ് റഖം, സൂഫി ഖുര്‍ഷീദ് ആലം ഖുര്‍ഷിദ് റഖം, മഖ്ദൂം മുഹമ്മദ് ഹുസൈന്‍ തുടങ്ങിയവര്‍ അക്കാലത്തെ പേരെടുത്ത കലിഗ്രഫി കലാകാരന്മാരാണ്.

ചൈന

കലിഗ്രഫി രംഗത്തെ ചൈനയുടെ സംഭാവനകളെ വേറെ തന്നെ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. ഇസ്ലാം എത്തിച്ചേരുന്നതിന് മുന്‍പ് തന്നെ വ്യത്യസ്ത കലാരൂപങ്ങള്‍ നിലനിന്ന രാജ്യമാണ് ചൈന. ഇസ്ലാമിക കലകളെ ചൈനീസ് സംസ്‌കാരത്തോട് ചേര്‍ത്ത് വെച്ചതോടെ ചൈനീസ്-ഇസ്ലാമിക് കലകള്‍ ലോകത്ത് കൂടുതല്‍ പ്രസിദ്ധിയാര്‍ജിച്ചു. ചൈനയിലെ വാസ്തുവിദ്യക്ക് അറബിക് കലിഗ്രഫിയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു എന്ന വസ്തുത വിസ്മരിക്കാവതല്ല. ചൈനയിലെ പഴയ ഖുര്‍ആന്‍ പതിപ്പുകള്‍ എഴുതുന്നത് ‘ഖത്തു മുസ്ഹഫ് അസ്വീനി’ എഴുത്തു ശൈലിയിലാണ്. അറബി എഴുത്ത് ശൈലിയിലെ നസ്ഖ് എഴുത്തു രീതിയുമായി ചേര്‍ന്ന് നില്‍ക്കുന്ന എഴുത്ത് ശൈലിയാണ് ‘ഖത്തു നസ്ഖ് കുതുബു ദീനിയാത്ത്’. ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ ചൈനയില്‍ പൊതുവില്‍ എഴുതപ്പെടുന്നത് പ്രസ്തുത ശൈലിയിലാണ്. ബ്രഷ് ഉപയോഗിച്ച് കലിഗ്രഫി ചെയ്യുന്ന രീതിയാണ് ഖത്തു ഫുറുശാത്ത്. അറബി കലിഗ്രഫിയിലെ ഖത്തു കൂഫിയോട് സാമ്യമുള്ള എഴുത്തു ശൈലിയാണ് ‘ഖത്തു റസം’. തയ്യല്‍ രീതികളില്‍ കലിഗ്രഫി ചെയ്യുന്ന ശൈലിയാണ് ‘ഖത്തു മര്‍ഹഖി. പരമ്പരാഗത ഖത്തുകളുടെ വീണ്ടെടുപ്പ് ഒരുതരത്തില്‍ നവോത്ഥാന പ്രക്രിയയായിട്ടാണ് ലോകത്ത് വിലയിരുത്തപ്പെടുന്നത്. ലോക രാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തെ കയ്യെഴുത്ത്പ്രതികളുടെ (Manuscripts Studies) പഠനത്തിനായി തയ്യാറാക്കുന്ന പദ്ധതികള്‍ നിരവധിയാണ്.

കലിഗ്രഫി രംഗത്തേക്ക് പ്രവേശിക്കുന്നവരോട്

‘അറബി കലിഗ്രഫി’ എന്ന് പേരിട്ട് വിളിക്കുന്ന ‘അറബി എഴുത്ത് കല’യുടെ യഥാര്‍ത്ഥ വസ്തുതകളെ അടുത്തറിയുക എന്നതാണ് ഈ മേഖലയിലേക്ക് കടന്നു വരുന്നവര്‍ ചെയ്യേണ്ട പ്രധാന കടമ. കോവിഡ് കാലം വീടകങ്ങളില്‍ മനുഷ്യരെ തളച്ചിട്ടപ്പോള്‍ നിരവധി കുട്ടികളെ പ്രസ്തുത കലാവിഷ്‌കാരം എല്ലാ അര്‍ത്ഥത്തിലും സ്വാധാനിച്ചുവെന്ന വസ്തുത വിസ്മരിക്കാവതല്ല. കേരളത്തിലെ മലബാര്‍ മേഖലയില്‍ വലിയ വിപ്ലവം തന്നെ അറബി കലിഗ്രഫി രംഗത്ത് കുറഞ്ഞ കാലം കൊണ്ട് കടന്ന് വന്നത് വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. എന്നാല്‍ ഏതൊരു കലാവിഷ്‌കാരത്തെയും പോലെ എളുപ്പമാര്‍ഗ്ഗങ്ങളിലൂടെ പ്രസ്തുത കലയെ സ്വയത്തമാക്കുക അല്പം പ്രയാസകരമാണ്.


അറബി കലിഗ്രഫി രംഗത്തേക്ക് കടന്നു വരുന്നവര്‍ ശ്രദ്ധിക്കേണ്ടുന്ന മേഖലകള്‍ നിരവധിയാണ്. അറബി എഴുത്ത് രീതി യഥാര്‍ത്ഥത്തില്‍ ഒരു നിര്‍മ്മാണമാണ് (Construction). അക്ഷരങ്ങളെ ജ്യാമിതിയ (geometry) ശൈലികളിലെ അളവ് മാനദണ്ഡങ്ങള്‍ അനുസരിച്ച് നിര്‍മ്മിച്ചെടുക്കുന്ന പ്രക്രിയയാണ് ഇസ്ലാമിക് കല എന്ന വിജ്ഞാന ശാഖയിലെ അറബി കാലിഗ്രഫി. അറബി എഴുത്ത് കലയില്‍ ഓരോ അക്ഷരങ്ങളും വ്യക്തവും സൂക്ഷമവുമായ നിയമാവലികള്‍ പാലിച്ച് കൊണ്ടാണ് എഴുതേണ്ടത്. അതല്ലാത്ത എഴുത്ത് വരകള്‍ അറബി കലിഗ്രഫിയുടെ പട്ടികയില്‍ വരുന്നതല്ല. ഖലം പിടിക്കുന്ന കൈയുടെ രീതി മുതല്‍ ശരീര ഘടന വരെ അറബി അക്ഷരങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സ്‌കെച്ചും പേനയും ഒഴിവാക്കി മഷിയില്‍ മുക്കി എഴുതാന്‍ കഴിയുന്ന ബാംബു പേനകളുപയോഗിക്കുമ്പോഴാണ് നാമതിന്റെ ഉള്ളര്‍ത്ഥങ്ങളിലേക്ക് എത്തുന്നത്.


ആദ്യമായി അറബി എഴുത്ത് ശൈലികള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ഒരു മാസ്റ്റര്‍ (Usthad) ഉണ്ടായിരിക്കണം. ഒരു അക്ഷരത്തെ നിയമാവലികള്‍ പാലിച്ച് നിര്‍മ്മിച്ചെടുക്കുന്ന പ്രക്രിയയില്‍ ഒരു അധ്യാപകന്‍ നിര്‍ബന്ധ ഘടകമാണ്. അതല്ലാത്ത ഖത്ത് പഠനങ്ങള്‍ ഒരിക്കലും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ വിജയിക്കുകയില്ല.


രണ്ടാമതായി ഖത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് വേണ്ട പ്രധാന ഗുണമാണ് ശ്രദ്ധ പൂര്‍ണ്ണമായും എഴുത്തില്‍ മാത്രം കേന്ദ്രീകരിക്കല്‍. ശരീരവും മനസും ഏകാഗ്രമായി എഴുതുമ്പോള്‍ മാത്രമാണ് ആത്മീയമായി (spirituality), ഖത്തിലൂടെ ലഭിക്കേണ്ട അവസ്ഥകളെ അനുഭവിക്കാന്‍ ഒരാള്‍ക്ക് കഴിയുകയുള്ളൂ.


മൂന്നാമതായി വിദ്യാര്‍ത്ഥി ഖത്തിലൂടെ വളര്‍ത്താന്‍ ശ്രമിക്കേണ്ട കഴിവാണ് ഭാവനാത്മകത. പേപ്പറില്‍ എഴുതാന്‍ ഉദ്ദേശിക്കുന്ന വാചകം ആദ്യം തന്റെ ഭാവനയില്‍ കൊണ്ട് വന്ന് വരക്കാന്‍ ശ്രമിക്കുക. അതിലൂടെ മേല്‍ പറഞ്ഞ മനസ്സിന്റെ ഏകാഗ്രത എഴുത്തിന്റെ അവസാനം വരെയും നിലനിര്‍ത്താന്‍ ഒരാള്‍ക്ക് കഴിയും.ലോകത്തെ വ്യത്യസ്ത ഭാഗങ്ങളില്‍ ഖത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഖത്താത്തുകളുടെ ജീവിതം, വര എന്നിവ അടുത്തറിയാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിദ്യാര്‍ത്ഥിയുടെ എഴുത്തു ശൈലികളെ തീര്‍ച്ചയായും സ്വാധിനിക്കും. സ്വന്തമായ പഠന ഗവേഷണങ്ങള്‍ നടത്താന്‍ കഴിയുന്നവര്‍ ഈ മേഖലയിലേക്ക് കടന്നു വരേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. ഖത്തിന്റെ വിഭിന്നങ്ങളായ രൂപങ്ങളെ അടുത്തറിയാന്‍ ഹെറിട്ടേജ് യാത്രകള്‍ നടത്തി പുതുമയിലൂന്നിയ വൈജ്ഞാനിക സാധ്യതകള്‍ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ തുറന്ന് വെക്കണം.

ഖുര്‍ആനും കലിഗ്രഫിയും

ഏതൊരു വൈജ്ഞാനിക മേഖലക്കും അടിത്തറയായി വര്‍ത്തിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. കലിഗ്രഫിയുടെ യഥാര്‍ത്ഥ അടിത്തറ പരിശുദ്ധ ഖുര്‍ആനിനോട് ചേര്‍ന്ന് നില്‍ക്കുന്ന ആത്മീയ തലം തന്നെയാണ്. മറ്റുള്ള ഘടകങ്ങളെല്ലാം ഇതിന്റ തുടര്‍ച്ച മാത്രം. ഖുര്‍ആന്‍ മനോഹരമായ ഈണത്തില്‍ പാരായണം ചെയ്യുന്നവര്‍ക്ക് ഇസ്ലാം എത്ര മാത്രം പ്രധാന്യമാണോ നല്‍കുന്നത് അതില്‍കൂടുതല്‍ പ്രാധാന്യം ഒരു പക്ഷെ അല്ലാഹുവിന്റെ അക്ഷരങ്ങളെ അടുത്തറിയുമ്പോള്‍ ലഭിക്കുമെന്ന് കാണാന്‍ സാധിക്കും. പ്രവാചകന്‍ ഒരിക്കല്‍ ഇപ്രകാരം പറയുകയുണ്ടായി ”ശഹീദിന്റെ രക്തത്തേക്കാള്‍ പരിശുദ്ധമാണ് ഒരു പണ്ഡിതന്റെ പേനയില്‍ നിന്ന് പുറപെടുന്ന മഷിയുടെ മഹത്വം.”


ലോകത്തെ പ്രഗത്ഭരായ ഖത്താതുകള്‍ ജീവിതത്തില്‍ ഖുര്‍ആന്‍ സ്വന്തം കൈ കൊണ്ട് ഒരിക്കലെങ്കിലും എഴുതിയവരായിരിക്കും. ഖുര്‍ആന്‍ മനപ്പാഠമാക്കുന്നതിനേക്കാള്‍ ശ്രദ്ധ കൂടുതല്‍ വേണ്ടി വരുന്ന മേഖലയാണ് ഖുര്‍ആന്റെ എഴുത്ത് മേഖല. ഏകദേശം മൂന്നര നാല് വര്‍ഷമെടുത്ത് ഖുര്‍ആന്‍ ഒരു ഖത്താതിന് പൂര്‍ത്തിയാക്കാം. ഖുര്‍ആനുമായുള്ള മാനസികമായ അടുപ്പം സാധ്യമാകുന്നു എന്നതാണ് ഈ മേഖലയിലേക്ക് ഇറങ്ങുന്ന വ്യക്തിക്ക് ലഭിക്കുന്ന സുപ്രധാന ഗുണം. ക്ഷമയും സമയ ബന്ധിതമായ പരിശ്രമവും വേണ്ടുവോളം ആവശ്യമുള്ള മേഖലയാണ് അറബി കലിഗ്രഫി. വ്യക്തിയുടെ സ്വഭാവത്തെ മികച്ച രീതിയില്‍ പാകപ്പെടുത്താന്‍ അറബി എഴുത്ത് കലക്ക് കഴിയുമെന്ന് എത്രയോ മുമ്പേ തെളിയിക്കപ്പെട്ടിട്ടുണ്ട്.

പുതു തലമുറയോട്

പലപ്പോഴും അറബി എഴുത്ത് രീതികളെ പൊതുവില്‍ ‘അറബി കലിഗ്രഫി’ എന്നാണ് ഉപയോഗിച്ച് വരുന്നത്. ‘ഖത്തുല്‍ അറബി’ എന്ന വാചകം അറബി ഭാഷയിലെ അക്ഷരങ്ങളെ നിയമാനുസൃതമായി എഴുതുന്ന കലാ രീതിയെയാണ് ഉദ്ദേശിക്കുന്നത്. പ്രസ്തുത നിയമാവലികളെ മുന്നില്‍ വെച്ച് ഒരാളുടെ ഭാവനയിലൂടെ അവതരപ്പിക്കപ്പെടുന്ന സര്‍ഗാത്മക ഇസ്ലാമിക വരകളെയാണ് അറബി കലിഗ്രഫി എന്ന് വിളിക്കേണ്ടത്. നിയമാവലികള്‍ പാലിക്കാതെ എഴുതിയ ഇസ്ലാമിക വരകള്‍ അതെത്ര കണ്‍കുളിര്‍മ്മ നല്‍കുന്നതാണെന്ന് സ്വയം തോന്നിയാല്‍ പോലും വിമര്‍ശന വിധേയമാക്കപ്പെടാം. പുതിയ കാലത്ത് യൂടൂബ്, ഇന്‍സ്റ്റഗ്രാം പോലയുള്ള സോഷ്യല്‍ മീഡിയകളിലൂടെ ഫോളേവേഴ്‌സ് ഉണ്ടാവുക വ്യക്തിപരമായി എല്ലാവരും ആഗ്രഹിക്കുകയും ഇഷ്ട്ടപ്പെടുകയും ചെയ്യുന്ന കാര്യമാണ്. പക്ഷെ അറബി കലിഗ്രഫിയുടെ പേരില്‍ മേല്‍പറഞ്ഞ സോഷ്യല്‍ മീഡിയകള്‍ ഉപയോഗപ്പെടുത്തി അറബി ഖത്തെന്ന വ്യാജേനെ പടച്ചു വിടുന്ന എഴുത്ത് വരകളിലൂടെ ഇതെല്ലാം ഇസ്ലാമിക കലയുടെ യഥാര്‍ത്ഥ രൂപങ്ങളായി പൊതുസമൂഹം മനസ്സിലാക്കുന്നുവെന്ന തെറ്റായ ആശയമാണ് പ്രതിഫലിക്കുന്നത്. ഒരു വിദ്യാര്‍ത്ഥി കലിഗ്രഫി രംഗത്ത് പ്രവേശിക്കുമ്പോള്‍ തന്നെ അവളുടേതായ / അവന്റെതായ വരകള്‍ പത്രമാധ്യമങ്ങളും മാഗസിനുകളും വലിയ വാര്‍ത്തയായി വിളമ്പി അവയെ എല്ലാം ഇസ്ലാമിക കലയുടെ മൂര്‍ത്തഭാവങ്ങളായി ചിത്രീകരിക്കപ്പെടുന്നുവെന്നത് അത്യന്തം നിരാശാജനകമാണ്. കാഴ്ച്ചയിലെ സൗന്ദര്യം മാത്രം നോക്കി വലയിരുത്താന്‍ കഴിയുന്ന കലാവിഷ്‌കാരമല്ല അറബി കലിഗ്രഫി. അതിനുള്ളിലെ inner spirituality യെ ഉള്‍കൊള്ളാന്‍ തന്റെ വരകള്‍ക്ക് കഴിയുക കൂടി ചെയ്യുമ്പോഴാണ് അര്‍ഹതയുടെ അംഗീകാരമായി അവയെ വിലയിരുത്താന്‍ സാധിക്കുക. പ്രകടനാ സ്വഭാവത്തോടെ മാത്രം സമീപിക്കേണ്ട കലവിഷ്‌കാരമല്ല അറബി കലിഗ്രഫി. ഏകാന്തതയിലെ സൃഷ്ടാവിനോടുള്ള സംസാരമാണ് കലിഗ്രഫി (solitary exercise). ഒരു അക്ഷരമെഴുതാന്‍ വര്‍ഷങ്ങളെടുക്കുന്ന പ്രക്രിയയാണ് ഈ മേഖലയെ മറ്റു കലാവിഷ്‌കാരങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന പ്രധാന സവിശേഷത. എന്നാല്‍ പുതുതലമുറ വിദ്യാര്‍ത്ഥികള്‍ എത്രത്തോളം അതിനെ മനസ്സിലാക്കാന്‍ ശ്രമം നടത്തി എന്നന്വേഷിച്ചാല്‍ നിരാശയായിരിക്കും ഫലം. ഒരക്ഷരമെഴുതി സ്വായത്തമാക്കാന്‍ മാസങ്ങളും വര്‍ഷങ്ങളുമെടുത്ത തലമുറ നമ്മുക്ക് മുമ്പ് ലോകത്ത് കഴിഞ്ഞു പോയിട്ടുണ്ട്. ഇന്ന് കേരളത്തില്‍ ഒരു ശില്‍പശാലയില്‍ പങ്കെടുത്ത് നാളെ യൂടൂബ് ചാനല്‍ തുറക്കുന്ന സ്ഥിതിവിശേഷം ഇസ്ലാമിക കലക്ക് അത്യന്തം അപകടകരമാണ് എന്ന് പറയാതെ നിര്‍വ്വാഹമില്ല. വിദ്യാര്‍ത്ഥിയെ അര്‍ഹിക്കാത്ത പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിന് പകരം യഥാര്‍ത്ഥ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന തലത്തിലേക്ക് വളരാനും ചിന്തിക്കാനും സോഷ്യല്‍ മീഡിയയും പത്രമാധ്യമങ്ങളും സന്നദ്ധമാവണം. അറബി ഖത്തിലെ പ്രഗല്‍ഭരായ ഖത്താതുകള്‍ എന്നും ആരാലും അറിയപ്പെടാന്‍ ആഗ്രഹിക്കാത്തവരാണ്. കാരണം പ്രസ്തുത കലയുടെ ആത്മാവിലേക്ക് ഇറങ്ങി ചെല്ലാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നതാണ് അതിനുള്ള ഉത്തരം.

തലമുറകളിലൂടെ കൈമാറ്റം ചെയ്യപെട്ട ശീലങ്ങള്‍

മറ്റേതൊരു കലയേക്കാളും ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ തീക്ഷ്ണമായ അവസ്ഥകളെ അനുഭവിക്കാന്‍ ഒരു വ്യക്തിക്ക് ലഭിക്കുന്ന അപൂര്‍വ സന്ദര്‍ഭമാണ് അറബി കലിഗ്രഫിയിലൂടെ കൈ വരുന്നത്. അധ്യാപനം കേവലം അറിവ് പകര്‍ന്നു നല്‍കുന്ന സംവിധാനത്തേക്കാള്‍ അതില്‍ ഉള്‍ചേര്‍ന്ന് പോയ ഗുരുശിഷ്യ ബന്ധത്തിന്റെ ആഴവും പരപ്പും വേണ്ടുവോളം നമ്മുക്ക് ഇതുവഴി ആസ്വദിക്കാം. ഓട്ടോമന്‍ കാലത്ത് അറബി കലിഗ്രഫി രംഗത്ത് നിലനിന്ന ആചാര അനുഷ്ടാനങ്ങളുടെ തീവ്രത കൂടി മനസ്സിലാക്കുമ്പോള്‍ മാത്രമാണ് പ്രസ്തുത കലയുടെ ആത്മീയ ചൈതന്യത്തെ വായിച്ചെടുക്കാന്‍ സാധിക്കുക. ഒരു കാലിഗ്രഫറുടെ ജീവിതത്തില്‍ അയാള്‍ എഴുതുന്ന ഖലമിനും അതിന്റെ ചീളുകള്‍ക്കും (Pen Shavings) പ്രത്യേക സ്ഥാനം തന്നെ പരമ്പരാഗത ഖത്താതുകള്‍ നല്‍കി വന്നിരുന്നതാണ്. തന്റെ മരണ സമയത്ത് മയ്യിത്ത് കുളിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ നിക്ഷേപിക്കാന്‍ ഖലമിന്റെ ചീളുകള്‍ സൂക്ഷിച്ചു വെക്കുന്ന സമ്പ്രദായം എത്രയോ മുന്‍പ് തന്നെ ഓട്ടോമന്‍ പാരമ്പര്യത്തിലെ ഖത്താതുകള്‍ക്കിടയില്‍ അലിഞ്ഞു ചേര്‍ന്നതാണ്. ഖുര്‍ആനിലെ ഒരു സൂറത്തിന്റെ പേര് തന്നെ ‘സൂറ ഖലം’ എന്ന് നാമകരണം ചെയ്യുക വഴി ഖത്താത്തിന്റെ ജീവിതത്തില്‍ സൃഷ്ടാവുമായി സംസാരിക്കാനുള്ള ഏറ്റവും പരിശുദ്ധമായ കണ്ണിയായി ഖലം മാറുകയാണുണ്ടായത്. അത് പോലെ തന്നെ പ്രധാനമാണ് കലിഗ്രഫി ചെയ്യാന്‍ ഉപയോഗിക്കുന്ന മഷിയും അതിനാവശ്യമായ വെള്ളവും. ഒട്ടോമന്‍ കാലത്തെ ഖത്താതുകള്‍ മഴവെള്ളം ശേഖരിച്ച് വെച്ച് ആവശ്യാനുസരണം മഷിയില്‍ ഉപയോഗിച്ചിരുന്നു. സൃഷ്ടാവിന്റെ അനുഗ്രഹമായ (റഹ്‌മത്ത്) മഴയേക്കാള്‍ പരിശുദ്ധമായ വെള്ളം ഈ പ്രപഞ്ചത്തിലെ മറ്റേതുണ്ട്? പരിശുദ്ധമായ ആയത്തുകള്‍ എഴുതാന്‍ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും ഈ പ്രപഞ്ചത്തില്‍ നിന്ന് തന്നെ ലഭിക്കണമെന്ന ആശയങ്ങള്‍ മുറുകെ പിടിക്കുന്ന പരമ്പരാഗത ഖത്താതുകളെ ഇന്നും പല രാജ്യങ്ങളിലും കാണാം. ഓയില്‍ വിളക്കുകളില്‍ നിന്ന് ലഭിക്കുന്ന കരി ഉപയോഗപ്പെടുത്തിയാണ് പഴയകാലത്ത് ഖത്താതുകള്‍ എഴുത്ത്കല പരിശീലിച്ചിരുന്നത്. ലോകത്തെ തന്നെ പ്രഗല്‍ഭനായ ഒട്ടോമന്‍ ആര്‍ക്കിടെക്ചര്‍ സിനാന്‍, കലിഗ്രഫി ചെയ്യുന്നവര്‍ക്ക് മഷി ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഇസ്താംബൂളിലെ സുലൈമാനിയ പള്ളിയില്‍ സംവിധാനിച്ച രീതി പ്രശസ്തമാണ്. പ്രസ്തുത പള്ളിയില്‍ കത്തിക്കുന്ന മുഴുവന്‍ വിളക്കില്‍ നിന്നുമുള്ള കരിയും ശേഖരിക്കുവാനായി പള്ളിയുടെ ഏറ്റവും മുകളില്‍ പുകക്കുഴല്‍ സ്ഥാപിക്കുകയും ആവശ്യാനുസരണം പുകക്കുഴലിന്റെ ഭിത്തിയില്‍ നിന്ന് കരി ശേഖരിക്കാനുള്ള രീതിയും സംവിധാനിച്ചിരുന്നു. അറബി ഖത്താതുകള്‍ പ്രസ്തുത പള്ളിയുടെ കരി ഉപയോഗിക്കുകയും എഴുതി തീര്‍ത്ത ഖുര്‍ആനിക ആയത്തുകള്‍ ഈ പള്ളിയിലേക്ക് തന്നെ സമ്മാനമായി നല്‍കുകയും ചെയ്ത ചരിത്രം പലപ്പോഴും സ്മരിക്കപ്പെടാറുണ്ട്. ഒട്ടോമന്‍ തുര്‍ക്കിയിലെ ഖത്താതുകള്‍ സ്വീകരിച്ചു പോന്ന മേല്‍ പരാമര്‍ശിച്ച ആചാരങ്ങളും ശീലങ്ങളും വ്യവസ്ഥാപിതമായി പിന്‍പറ്റുന്ന തലമുറകളെ ഇന്നും തുര്‍ക്കിയില്‍ കാണാം. എന്നാല്‍ ഇവയൊന്നും നിര്‍ബന്ധ ബുദ്ധിയോടെ കലിഗ്രഫി രംഗത്ത് സ്വീകരിക്കേണ്ട രീതികളായി ഖത്താതുകള്‍ എവിടെയും പറയുന്നുമില്ല. ചുരുക്കത്തില്‍, ശില്‍പി ഒരു ശില്‍പം നിര്‍മ്മിക്കുന്നത് പോലെയാണ് കലിഗ്രാഫിയെ സമീപിക്കേണ്ടത്. കലിഗ്രഫി അതിന്റെ പൂര്‍ണതയിലേക്ക് എത്തുമ്പോള്‍ കടലാസുകള്‍ സംഗീതം പൊഴിക്കുന്നതും കണ്ണിനു കുളിര്‍മ പകരുന്നതുമായ മഹത്തായ ഒരനുഭവത്തിലേക്ക് നിങ്ങള്‍ എത്തിചേര്‍ന്നിട്ടുണ്ടെങ്കില്‍ കലിഗ്രഫിയുടെ ആത്മാവിനെ നിങ്ങള്‍ കണ്ടെത്തിയിരിക്കുന്നു എന്ന് പറയാം.

സബാഹ് ആലുവ

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.