Thelicham

ഫലസ്തീനിനെ നാം എന്തിന് പിന്തുണക്കണം?

കിഴക്കൻ ജറുസലേമിൽ ഫലസ്തീനികളെ ലക്ഷ്യം വെച്ച് ഇസ്രായേൽ നടത്തിയ വംശീയ ശുദ്ധികലശം മുഴുവൻ പലസ്തീനി ജനതയെയും ഐക്യകണ്ഠേന അണിനിരത്തുന്ന മറ്റൊരു ഇൻതിഫാദയിലേക്ക് നയിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതീക്ഷിച്ചതായിരുന്നില്ല. നിലവിൽ ഫലസ്തീനികൾ നടത്തിക്കൊണ്ടിരിക്കുന്ന ശക്തമായ ചെറുത്തുനിൽപ്പിനെ ഒരു മൂന്നാം ഇൻതിഫാദയായി കാണണോ വേണ്ടയോ എന്ന സാങ്കേതിക ചോദ്യത്തെ നമുക്ക് മാറ്റി വെക്കാം, പകരം ഫലസ്തീൻ ജനത രൂപപ്പെടുത്തിയെടുത്ത തുല്ല്യതയില്ലാത്ത ഏകതയെ നമുക്ക് അഭിമുഖീകരിക്കാം.

രാഷ്ട്രീയ ഭിന്നതകളെയും വിഭാഗീയ പദ്ധതികളെയും കൈയൊഴിഞ്ഞ് ചെറുത്തുനിൽപ്പും വിമോചനവും ആഗോള ഐക്യദാർഢ്യവും ആധാരമാക്കിയിട്ടുള്ള പോരാട്ട വീഥികൾ വെട്ടി തെളിക്കലാണ് ഫലസ്തീൻ ജനതയുടെ ലക്ഷ്യം. അതുവഴി ഇസ്രായേലിൻറെ വംശവെറിയെയും സൈനിക അധിനിവേശത്തെയും കണ്ടില്ല എന്ന് നടിച്ചുള്ള അറബ് ലോകത്തിൻറെ ലജ്ജാവഹമായ നിസ്സംഗതയോടും മൊത്തം വിഭാഗീയപദ്ധതികളോടുമാണ് ഫലസ്തീൻ ജനത വെല്ലുവിളി ഉയർത്തുന്നത്. ഇസ്രായേലി അധിനിവേശത്തിനെതിരെയുള്ള ആഗോള രാജ്യങ്ങളുടെ കുറ്റകരമായ മൗനത്തെ ഭേദിക്കുന്ന തരത്തിൽ ഫലസ്തീനിൽ നിന്നുമുയരുന്ന പ്രതിഷേധ സ്വരങ്ങൾ പ്രതിധ്വനിക്കുന്നത് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തങ്ങളുടെ മന്ത്രധ്വനികൾക്ക് ലോകം കാതോർക്കണം എന്നുകൂടിയാണ്. ശൈഖ് ജറയിലും അധിനിവേശ കിഴക്കൻ ജറുസലേമിലും നടന്ന് കൊണ്ടിരിക്കുന്ന വംശീയ ഉന്മൂലനവും ഗാസയിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധവും അനധികൃതമായി നടന്നുകൊണ്ടിരിക്കുന്ന ജൂത കുടിയേറ്റവും സൈനിക അധിനിവേശവും തുടങ്ങി ഇസ്രയേലിന്റെ വിവേചന രാഷ്ട്രീയവും ഫാസിസ്റ്റ് നയങ്ങളുമൊന്നും തന്നെ വിസ്മരിക്കപ്പെടില്ല, ഫലസ്തീൻ ജനത ദരിദ്രരും നാടുകടത്തപ്പെട്ടവരും ഉപരോധിതരുമായാൽ തന്നെയും സ്വന്തം അവകാശങ്ങളെയും പാവന കേന്ദ്രങ്ങളെയും അഭിമാനത്തെയും സംരക്ഷിക്കുമെന്ന വ്യക്തമായ സന്ദേശമാണ് ഇസ്രായേലിനും അവരുടെ ചൂഷക സമൂഹത്തിനും ഫലസ്തീൻ ജനത കൈമാറുന്നത്.

ഇവിടെ കുറിക്കുന്നത് ശൈഖ് ജറയെ കുറിച്ചു തന്നെയാണ്. എന്നാൽ ഈ എഴുത്തിൽ മുഴുവൻ ഫലസ്തീനും ചൂഴ്ന്നു നിൽക്കുന്നുണ്ട്. വർഷങ്ങളായി ശൈഖ് ജറയുടെ മുറിവിൽ ചോര കിനിയുന്നുണ്ട്. കിഴക്കൻ ജറുസലേമിന്റെ സമീപപ്രദേശങ്ങളിൽ നിന്നും ശൈഖ് ജറായിൽ നിന്നുമായി നൂറുകണക്കിന് ഫലസ്തീൻ കുടുംബങ്ങളാണ് വംശീയമായി ഉന്മൂലനത്തിന് ഇരയായി തീർന്നിട്ടുള്ളത്. നിർലോഭം തുടരുന്ന ഇസ്രയേലിന്റെ ഭൂമി കവർച്ചക്ക് അന്യായമായ നിയമ പരിരക്ഷ നൽകുന്ന തികച്ചും ഏകപക്ഷീയമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഈ ഉന്മൂലന പ്രക്രിയക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഉദാഹരണത്തിന് 1970 ൽ ഇസ്രയേൽ സർക്കാർ കൊണ്ടുവന്ന ലീഗൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് മാറ്റേഴ്സ് ലോ (legal and administrative matters law) എന്ന നിയമം ഇസ്രായേലിലെ ജൂതരെ ഫലസ്തീനിലെ ഏതു പ്രോപ്പർട്ടിയും തങ്ങളുടേതാണെന്ന് സ്ഥാപിച്ചെടുക്കാൻ അനുവദിക്കുന്നതാണ്.

ഇസ്രായേലിൻറെ ഭൂകവർച്ചയെ വെള്ളപൂശാൻ ഇസ്രായേലിൻറെ നിയമനിർമ്മാണ സഭയായ നെസെറ്റ് (knesset) വേറെ രണ്ടു നിയമങ്ങൾ കൂടി പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. 1950ലെ ആബ്സൻഡീസ് ലോയും 2000ലെ മാസ്റ്റർപ്ലാൻ എന്ന മറ്റൊരു നിയമവും ഇതേ കുൽസിത ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഇതുവഴി ഫലസ്തീനിലെ അറബ് മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും മേൽ ജൂത അധീശത്വം സ്ഥാപിക്കുക എന്ന ഇസ്രയേലിന്റെ വൈകൃതമയ രാഷ്ട്ര നയം നടപ്പിൽ വരുത്താനാണ് ഇസ്രയേലിലെ ജൂത വംശജരും സെറ്റ്ലർ ഓർഗനൈസേഷനുകളും (settler organisations) ശ്രമിച്ച് കൊണ്ടിരിക്കുന്നത്.

ജൂത തീവ്രവാദികൾക്ക് ഫലസ്തീനികൾ തങ്ങളുടെ വീടുകൾ വിട്ടു നൽകണമെന്ന് അനുശാസിക്കുന്ന ഇസ്രായേൽ കോടതി വിധിയാണ് ഫലസ്തീനിൽ ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഇന്ധനമായി തീർന്നിരിക്കുന്നത്, എങ്കിലും ശൈഖ് ജറാഹ് ഫലസ്ഥീനികളെ സംബന്ധിച്ചിടത്തോളം ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള അത്യന്തം ഭയാനകമായൊരു വംശഹത്യയുടെ അടരാണ്. എഴുപതാണ്ടുകളുടെ ചരിത്രം ചികയാനുണ്ടെന്നതിലുപരി ജൂത തീവ്രവാദികൾക്ക് പുറമേ മറ്റുചില അഭിനേതാക്കളുടെ ഭാഗധേയം കൂടി അതിൽ അനാവൃതമാകുന്നുണ്ട്. 1948 ൽ ഫലസ്തീനിൽ അരങ്ങേറിയ ഈ വംശഹത്യ നിയതമായും ഒരു സംഘം തീവ്ര സിയോണിസ്റ്റുകളുടെ ഗൂഡാലോചനയുടെ മാത്രം ഫലമായിട്ടായിരുന്നില്ല. സമാനമായി 1967 കിഴക്കൻ ജറുസലേമിലും വെസ്റ്റ് ബാങ്കിലും ഗാസ സ്ട്രിപ്പിലും ഇസ്രായേൽ സേന നടത്തിയ സൈനിക അധിനിവേശവും തുടർന്നുണ്ടായ വ്യാപക ജൂത കുടിയേറ്റവും ചില തീവ്രജൂത ലോബികളുടെ മാത്രം ആശയത്തിൽ നിന്ന് ഉരുത്തിരിഞ്ഞതായിരുന്നില്ല. ഫലസ്തീനെ കോളനിവൽക്കരിക്കുക എന്നത് ഇസ്രായേലിൻറെ ഗൂഢമായ രാഷ്ട്രപദ്ധതിയാണ്. ആത്യന്തികമായി അതുകൊണ്ടുള്ള ലക്ഷ്യം ശൈഖ് ജറയിൽ നടപ്പാക്കുന്ന പോലെ ഭൂമിശാസ്ത്രപരമായ ജൂത ഭൂരിപക്ഷം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ഫലസ്തീൻ ഉന്മൂലനമാണ്.

അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളിൽ പോലും ശൈഖ് ജറ ഇടം പിടിച്ചിട്ടുണ്ടെങ്കിലും അവിടുത്തെ സംഭവവികാസങ്ങൾ പൂർണ്ണമായും കവർ ചെയ്യാൻ ഈ മാധ്യമങ്ങൾ ശ്രമിക്കുന്നില്ല എന്നത് മറ്റു ഫലസ്തീൻ നഗരങ്ങളെ പോലെ തന്നെ ശൈഖ് ജറയും മാധ്യമ ശ്രദ്ധയിൽ നിന്ന് വഴുതി വീഴുന്നു എന്നതിന്റെ സൂചനയാണ്. വ്യാപകമായ മാധ്യമ സെൻസർഷിപ്പ് ഒഴിവാക്കാൻ ഫലസ്തീനിലെ വിവരങ്ങൾ സോഷ്യൽ മീഡിയകളിലൂടെ നേരിട്ട് ആഗോള പൗരസമൂഹത്തിലേക്ക് എത്തിക്കാൻ ഫലസ്തീനികളും അവരെ പിന്തുണക്കുന്നവരും ശ്രമിക്കുന്നുണ്ടെങ്കിലും അത്തരം പ്ലാറ്റ്ഫോമുകളിലും അവ സെൻസർ ചെയ്യപ്പെടുന്നു എന്നത് തീർത്തും ദൗർഭാഗ്യകരമാണ് .

നെതന്യാഹുവിന്റെ വിഢിത്തം നിറഞ്ഞ പ്രവർത്തനങ്ങൾ വർഷങ്ങളോളം ഇസ്റായേലിന്റെ അധികാരം കൈയ്യാളാൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടെങ്കിലും ഫാസിസ്റ്റ് അപ്പാർത്തേസ് സ്റ്റേറ്റ് (fascist apartheid state)എന്ന മേൽവിലാസം ഇസ്രായേലിന് പതിച്ചു നൽകുന്നതിൽ അനൽപമായ പങ്കാണ് വഹിച്ചിട്ടുള്ളത്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആഹ്വാനത്തിൽ ലോകമൊന്നടങ്കം ഫലസ്തീനെ പിന്തുണക്കുകയാണ് . ശൈഖ് ജറയുടെ മോചനത്തിനും സ്വതന്ത്ര ഫലസ്തീനും വേണ്ടിയുള്ള ആക്രോശങ്ങൾ ഹാഷ്ടാഗുകളായി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പ്രവഹിക്കുകയാണ്. അറബ് മുസ്ലിം അവിശുദ്ധ കൂട്ടുകെട്ടിന്റെ ശാശ്വത ഇര എന്ന വ്യാജ നിർമിതിയുടെ ലാഭം കൊയ്യാൻ ഇസ്രയേലിന് സാധിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഫലസ്തീനിന്റെ ദുരന്തപൂർണമായ ദുരവസ്ഥയും ആ ദൂരവസ്ഥക്ക് അറുതി വരുത്തേണ്ട ആവശ്യകതയും ഇപ്പോൾ ലോകത്തിന് കുറേക്കൂടി വ്യക്തമാണ്.

ശൈഖ് ജറ, ജെറുസലേം,ഗാസ,നാബുലസ് തുടങ്ങിയ പലസ്തീൻ പ്രദേശങ്ങളിലും ലൂദ് , ഉമ്മ് അൽ ഫഹമ് പോലെയുള്ള ഫലസ്തീൻ അധിവാസ ഇസ്രായേൽ നഗരങ്ങളിലുമെല്ലാമുള്ള ഫലസ്തീൻ ജനത കൊളോണിയൽ ആധിപത്യത്തിനെതിരെയുള്ള പ്രതികരണങ്ങളിലൂടെയും അതിനെ തുടർന്നു വന്ന സാമൂഹിക ഐക്യത്തിലൂടെയും ഒന്നായി ഉയർന്നെഴുന്നേൽക്കുകയാണ്. രാഷ്ട്രീയാധിഷ്ഠിതവും മതാധിഷ്ഠിതവുമായ യാതൊരു വിഭാഗീയതയും ഭൂമിശാസ്ത്രപരമായ യാതൊരു വേർതിരിവും ഈയൊരു ജനകീയ വിപ്ലവത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നില്ല. മതം വിഭാഗീയതയുടെ ഉറവിടം അല്ല എന്നതിലുപരി ആത്മീയമായ ഒരു ഐക്യത്തെ കൂടി അത് സാധ്യമാക്കുന്നുണ്ട്.

ഇസ്രായേലിന്റെ നിഷ്ഠൂരത ഇപ്പോഴും ഗാസയിൽ തുടർന്നു കൊണ്ടിരിക്കുകയാണ്. മുനമ്പിനെതിരെയുള്ള നിർധയമായ ഉപരോധം ലോകം കണ്ണടച്ച് അംഗീകരിക്കുന്നിടത്തോളം കാലം തുടരുക തന്നെ ചെയ്യും. ആവശ്യമായ മരുന്നും ശുദ്ധമായ ജലവും വൈദ്യുതിയും മതിയായ പ്രാഥമിക സൗകര്യങ്ങൾ ഒന്നും ലഭിക്കാതെ അനേകം ജീവനുകളാണ് ഇസ്രായേലിന്റെ വ്യോമാക്രമണങ്ങൾ മരണം വിതയ്ക്കുന്നതിനു മുൻപ് തന്നെ ഗാസയിൽ പൊലിഞ്ഞിട്ടുള്ളത്.

ശൈഖ് ജറയെ പോലെ ഗാസയെയും നമുക്ക് രക്ഷിക്കാനാകണം , ഫലസ്തീനിൽ അഭംഗുരം തുടർന്നുകൊണ്ടിരിക്കുന്ന സൈനികാക്രമണങ്ങൾക്ക് അറുതിവരുത്താൻ നമുക്കാകണം. അതിനോടൊപ്പം തന്നെ ഇസ്രയേലിന്റെ വംശീയ വെറിയുടെയും അപ്പാർത്തേഡ് രാഷ്ട്രീയത്തിന്റെയും സങ്കീർണ്ണമായ സംവിധാനത്തെ തച്ചുടക്കാൻ നമുക്കാകണം.

ഇസ്രയേലിന്റെ വംശീയ അതിക്രമങ്ങളെ തുറന്നു കാട്ടുന്നതിൽ ഹ്യൂമൻ റൈറ്റ്സ് വാച്ച് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ നടത്തുന്ന ഇടപെടലുകൾ നിർണായകമാണ്. ഇസ്രായേലിലെ തന്നെ മനുഷ്യാവകാശ സംഘടനയായ ബിറ്റ് സെലെമും ഫലസ്തീനിൽ നിലനിൽക്കുന്ന വർണ്ണവിവേചനത്തെ ഇല്ലാതാക്കാൻ മറ്റ് സംഘടനകളുമായി കൈകോർക്കുന്നുണ്ട്. നിലവിൽ ഫലസ്തീനിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള യുദ്ധമോ സംഘർഷമോ അല്ല. ഫലസ്തീനും ഇസ്രയേലിനും ഇടയിൽ നിലനിൽക്കുന്നത് കേവലമൊരു തർക്കമല്ല കാരണം മനുഷ്യാവകാശം ഒരിക്കലും തർക്ക വിഷയമല്ല അതിൽ തർക്കിക്കാനുമാവില്ല .

ഏകപക്ഷീയമായൊരു യുദ്ധമാണ് ഇസ്രയേൽ കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. ഈ യുദ്ധത്തെ ഫലസ്തീനികൾ എതിരിടുന്നത് ലളിതമായതും എന്നാൽ നിശ്ചയദാർഢ്യത്തോടെയുള്ള ചെറുത്തുനിൽപ്പിലൂടെയാണ്. ഇതൊരു ഇൻതിഫാദയാണ് ഇസ്രയേലിന്റെ അനീതിക്കെതിരെ ശബ്ദിക്കുക എന്നതിനപ്പുറം ഫലസ്തീനിന്റെ ദേശീയ ഐക്യമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.ഏറ്റവും പ്രധാനം ഈ ഐക്യമാണ് , ഇസ്രായേലിന്റെ അസംഖ്യം കുറ്റങ്ങൾക്ക് ആത്യന്തികമായി അവർ തന്നെ ഉത്തരവാദികൾ ആകേണ്ടി വരും.

വിവർത്തനം: മുഹമ്മദ് ഉവൈസ് . പി

(കടപ്പാട് : ടി.ആർ.ടി)

ഡോ. റംസി ബാറൂദ്

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.