Thelicham

എഡ്വേര്‍ഡ് സെയ്ദിന്റെ ഫലസ്തീന്‍

ലോക പ്രശസ്ത ഫലസ്തീനിയന്‍-അമേരിക്കന്‍ പണ്ഡിതന്‍ എഡ്വേര്‍ഡ് സെയ്ദിനെ പരാമര്‍ശിക്കാതെ ഫലസ്തീന്‍ പ്രശ്‌നത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ അപൂര്‍ണ്ണമാണ്. സയണിസ്റ്റ് അധിനിവേശത്തിന്റെ തുടക്കകാലത്ത് (1948) ജന്മദേശമായ ജറൂസലെം വിട്ട് പലായനം ചെയ്ത സെയ്ദിന്റെ കുടുംബം, പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ വിശ്വാസികളായിരുന്നു. അധിനിവിഷ്ട ഫലസ്തീനില്‍ നിന്നും ഈജിപ്തിലേക്ക് കുടിയേറുകയും, അവിടെ നിന്ന് അദ്ദേഹം ഉപരിപഠനം പൂര്‍ത്തിയാക്കി അമേരിക്കയില്‍ തന്നെ സ്ഥിരവാസമുറപ്പിച്ച് കൊളംബോ സര്‍വകലാശാലയില്‍ പ്രൊഫസറായി സേവനമനുഷ്ഠിക്കുകയായിരുന്നു. 1978 ലാണ് സെയ്ദിന്റെ വിഖ്യാതമായ ഓറിയന്റലിസം എന്ന ഓറിയന്റലിസത്തിന്റെ വിമര്‍ശന ഗ്രന്ഥം പുറത്തിറങ്ങുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവുമധികം വായിക്കപ്പെട്ടതും സ്വാധീനിക്കപ്പെട്ടതും വിമര്‍ശിക്കപ്പെട്ടതുമായ ഗ്രന്ഥങ്ങളിലൊന്നാണ് ഓറിയന്റലിസം എന്നു പറയാം. പുസ്തകം ഓറിയന്റലിസത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ലോകത്തെ നിരവധി സര്‍വകലാശാലകളുടെ പാഠ്യപദ്ധതിയിലുള്‍പ്പെട്ടു. കോളനിയാനന്തര-കോളനിവിരുദ്ധ പഠനങ്ങള്‍ക്ക് പ്രഥമ അവലംബമായി ആ കൃതി മാറി. പൗരസ്ത്യ ദേശത്തെയും സംസ്‌കാരത്തെയും മതങ്ങളെയും ജീവിതരീതികളെയും പാശ്ചാത്യസമൂഹത്തിന്റെ കണ്ണിലൂടെ കാണുന്ന കാഴ്ച്ചയുടെ ശരികേടുകളെയും, അതിലൂടെ നിര്‍മ്മിക്കപ്പെടുന്ന ആവിഷ്‌കാരങ്ങളെയും ആഖ്യാനങ്ങളെയും വിമര്‍ശനവിധേയമാക്കിയ ‘ഓറിയന്റലിസം’ ഇക്കാലത്തും പ്രസക്തി മങ്ങാതെ വായിക്കപ്പെടുന്ന ക്ലാസിക്കാണ്. പാശ്ചാത്യം-പൗരസ്ത്യം എന്ന ദ്വന്ദ നിര്‍മിതിയും, അപരവല്‍ക്കരണത്തിന്റെ അടിസ്ഥാനത്തിലുള്ള ജ്ഞാനശാസ്ത്രവും സുതാര്യമായി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ സെയ്ദിനു ഈ കൃതിയിലൂടെ സാധിച്ചു.

1967 ലെ അറബ്- ഇസ്രായേല്‍ യുദ്ധത്തിനു പിന്നോടിയായി എഡ്വാര്‍ഡ് സെയ്ദ് പശ്ചിമേഷ്യയുമായി കൂടുതല്‍ അടുക്കുകയും ഫലസ്തീന്‍ വിഷയത്തില്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്യാനാരംഭിച്ചു. 1992ല്‍ സെയ്ദ് കുടുംബസമേതം ഫലസ്തീനിലേക്ക് യാത്ര തിരിച്ചതിനെയും, തന്റെ പഴയ വീടും പരിസരവും കണ്ട് അദ്ദേഹം പരിഭ്രാന്തനാകുകയും ചെയ്ത സന്ദര്‍ഭം അദ്ദേഹത്തിന്റെ ഭാര്യയും മകളും ഓര്‍ത്തെടുക്കുന്നുണ്ട്. ആ യാത്ര അദ്ദേഹത്തിന് വലിയ വാതായനങ്ങള്‍ തുറന്നു കൊടുത്തതായും അറബി ഭാഷയുമായും ദേശവുമായും ഒട്ടേറെ അടുപ്പിച്ചതായും അവര്‍ പറയുന്നു. ഫലസ്തീനിലെ ജനങ്ങളാണ് ലോകത്ത് ഏറ്റവുമധികം രാഷ്ട്രീയ അവബോധമുള്ളവര്‍ എന്നൊരു നിരീക്ഷണം ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ കാണാനിടയായി. അതിനെ ശരിവെക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് എഡ്വാര്‍ഡ് സെയ്ദ് ഫലസ്തീനിലെ ഗ്രാമീണ സ്ത്രീകളുമായി നടത്തുന്ന സംഭാഷണത്തില്‍ തെളിഞ്ഞത്. അമേരിക്കയാണ് ഇസ്രായേലിന് ആയുധം നല്‍കി സഹായിക്കുന്നതെന്നും ആ ആയുധങ്ങളുപയോഗിച്ചാണ് തങ്ങളെയവര്‍ അടിച്ചമര്‍ത്തുന്നതെന്നും ആ സ്ത്രീകള്‍ അദ്ദേഹത്തോട് പരിഭവപ്പെടുന്നുണ്ട്. രാഷ്ട്രീയമായി അങ്ങേയറ്റം അരക്ഷിതാവസ്ഥ അനുഭവിക്കുന്ന ഒരു സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും രാഷ്ട്രീയ അവബോധമുണ്ടായിരിക്കുക എന്നത് സാധാരണം തന്നെ. മറ്റൊരു സംഭാഷണ വീഡിയോയില്‍, താങ്കളുടെ സ്വത്വം എന്താണ് എന്ന ചോദ്യത്തിന് , എനിക്കൊരു സ്വത്വമല്ല, പല സ്വത്വങ്ങളുണ്ട്. ”ഞാനൊരു ഫലസ്തീനിയാണ്, അമേരിക്കക്കാരനാണ്, അറബുമാണ്” എന്നദ്ദേഹം മറുപടി കൊടുക്കുന്നു. സ്വത്വത്തിലെ ബഹുമുഖത്വം പോലെ തന്നെയായിരുന്നു പ്രവര്‍ത്തനമേഖലയും, ഒരു അകാദമിസ്റ്റ്, ധൈഷണികന്‍, പിയാനിസ്റ്റ് എന്നതിനൊപ്പം തന്നെ ഭരണകൂടങ്ങളുടെ നിരന്തര വിമര്‍ശകനും രാഷ്ട്രീയ പ്രവര്‍ത്തകനും കൂടിയായിരുന്നു സെയ്ദ്.

അമേരിക്കയിലെ സയണിസ്റ്റു ഗ്രൂപ്പുകള്‍ക്ക് സെയ്ദ് മുഖ്യശത്രുവായിരുന്നു. എതിരാളികളില്‍ നിന്നും അക്കാദമികമായി മാത്രമല്ല, വ്യക്തിപരമായും അദ്ദേഹം ഭീഷണികളും ആക്രമണങ്ങളും നേരിട്ടു. കൊളംബിയ സര്‍വകലാശാലയിലെ അദ്ദേഹത്തിന്റെ ഓഫീസ് വലതുപക്ഷ-ജൂത ശക്തികള്‍ അഗ്‌നിക്കിരയാക്കി. കാലഘട്ടത്തോട് ചേര്‍ന്നു നിന്ന സമകാലീനനായ ചിന്തകനും എഴുത്തുകാരനും ആക്ടിവിസ്റ്റും ആയിരുന്ന അദ്ദേഹത്തിന്റെ കൃതികളും ലേഖനങ്ങളും ജീവിതകാലത്ത് വായിക്കപ്പെട്ടതിനെക്കാളുമധികം മരണശേഷമായിരുന്നു പ്രചരിച്ചത്. 1989 ല്‍ ജൂത-അമേരിക്കന്‍ മാസിക ‘ദി കമന്ററി’ ഒരു ലേഖനത്തിന്റെ തലക്കെട്ടില്‍ ‘ഭീകരതയുടെ പ്രൊഫസര്‍’ (Professor of Terror) എന്ന പേരില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളുതിര്‍ത്തു. അദ്ദേഹത്തിന്റെ ഫലസ്തീനിയന്‍ സ്വത്വത്തെ നിരാകരിച്ചു കൊണ്ട് ഇകഴ്ത്താനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട.് പ്രമുഖ ഓറിയന്റലിസ്റ്റ് ബെര്‍ണാഡ് ലൂയിസ് സെയ്ദിന്റെ ആശയങ്ങളുടെ പ്രധാന വിമര്‍ശകനായിരുന്നു.

ഫലസ്തീനികളുടെ സ്വയം നിര്‍ണയാവകാശത്തെയും സ്വന്തം ഭൂമിയുടെ മേലുള്ള ഉടമസ്ഥാവകാശത്തെയും നിഷേധിക്കാതെ തന്നെ ജൂത സമൂഹത്തിന്റെ നിലനില്‍പ്പിനെയും അവര്‍ കടന്നുപോയ ദയനീയമായ ഭൂതകാലത്തെയും വകവെച്ചു കൊടുക്കുന്ന നിലപാടായിരുന്നു സെയ്ദ് സ്വീകരിച്ചത്. നോം ചോംസ്‌കിയുടെയും ഹന്നാ ആരെന്റിന്റെയും സൂസന്‍ സോന്‍താഗിന്റെയുമെല്ലാം സമകാലികനായിരുന്നെങ്കിലും അമേരിക്കയില്‍ അക്കാലത്തെ ഏറ്റവും അറിയപ്പെട്ട പബ്ലിക് ഇന്റലെക്ച്ച്വല്‍ സെയ്ദ് തന്നെയായിരുന്നു.

ഫലസ്തീന്‍ പ്രശ്‌നം, കേവലം അഭയാര്‍ഥി പ്രതിസന്ധി എന്നതില്‍ നിന്നും പശ്ചിമേഷ്യന്‍ പ്രതിസന്ധികളുടെ അകക്കാമ്പ് എന്ന നിലയിലേക്ക് വളര്‍ന്നതായി ദ ക്വസ്റ്റ്യന്‍ ഓഫ് പാലസ്തീനില്‍(1979) സെയ്ദ് നിരീക്ഷിക്കുന്നു. സ്വതന്ത്ര-പരമാധികാര ഫലസ്തീന്‍ രാഷ്ട്രത്തെക്കുറിച്ചുള്ള സങ്കല്‍പ്പത്തില്‍ ഇസ്രയേലിന്റെ നിലനില്‍പ്പിനുള്ള അവകാശത്തെയും, ജൂതസമൂഹവുമൊത്തുള്ള ഫലസ്തീന്‍ ജനതയുടെ സമാധാനപൂര്‍ണമായ ജീവിതത്തെയും സെയ്ദ് കൃതിയില്‍ മുന്നോട്ടു വെക്കുന്നുണ്ട്. സയണിസത്തിന്റെ പ്രമാണങ്ങളെയും അതിനോട് പടിഞ്ഞാറന്‍ ലോകം ദീക്ഷിക്കുന്ന മൗനത്തെയും വിമര്‍ശിക്കുന്നതോടൊപ്പം ആഗോള ജൂത സമൂഹത്തോട് സഹതാപപൂര്‍ണമായ നിലപാടാണ് എഡ്വേര്‍ഡ് സെയ്ദിന്. എന്നിരുന്നാലും, ഇസ്രയേല്‍ രാഷ്ട്രം തീവ്രവാദത്താല്‍ പടുത്തുയര്‍ത്തപ്പെട്ടതാണെന്നും ഇന്നും ഹിംസയുടെയും തീവ്രവാദത്തിന്റെയും പിന്തുണയോടെ തന്നെയാണ് അത് നിലനില്‍ക്കുന്നതെന്നുമുള്ള കാര്യത്തില്‍ എഡ്വേര്‍ഡ് സെയ്ദിന് സംശയമേതുമില്ലായിരുന്നു.

അദ്ദേഹത്തിന്റെ ഫലസ്തീനു വേണ്ടിയുള്ള താഴെക്കിടയില്‍ നിന്നുള്ള പ്രവര്‍ത്തനശ്രമങ്ങള്‍ ഏറെ വിലമതിക്കുന്നതാണ്. രാഷ്ട്രീയ യോഗങ്ങള്‍ സംഘടിപ്പിച്ചു കൊണ്ട് ഫലസ്തീന്‍ പ്രശ്നത്തെ വിശദീകരിക്കാനും ഫലസ്തീനു വേണ്ടി നിലകൊള്ളുന്ന ചിന്തകരും ബുദ്ധിജീവികളുമായി ആശയവിനിമയവും സൗഹൃദവും സ്ഥാപിക്കാനും അദ്ദേഹം ബോധപൂര്‍വ്വമായ ശ്രമങ്ങളിലേര്‍പ്പെട്ടു.

1974 ല്‍ പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പിഎല്‍ഒ)ചെയര്‍മാന്‍ യാസര്‍ അറഫാത്തിന്റെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ പരിഭാഷ അമേരിക്കയിലെ പ്രേക്ഷകര്‍ക്കുതകും വിധം തയ്യാറാക്കി നല്‍കിയത് എഡ്വേര്‍ഡ് സെയ്ദ് ആയിരുന്നു. മഹ്‌മൂദ് ദര്‍വിശ്, ഇബ്രാഹിം അബൂ ലുഗൂദ്, ഷഫീഖ് അല്‍ ഹൂത് എന്നീ ഫലസ്തീനി ബുദ്ധിജീവികള്‍ അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തുക്കളായിരുന്നു. ദര്‍വീഷിന്റെ ‘ഐഡന്റിറ്റി കാര്‍ഡ്’ എന്ന കവിത ഫലസ്തീന്റെ ദേശീയ ഗാനമാണെന്നു വിശേഷിപ്പിച്ച സെയ്ദിനെക്കുറിച്ച് അദ്ദേഹം രണ്ടു കവിതകള്‍ രചിച്ചിട്ടുണ്ട്, ഒന്ന് സെയ്ദിന്റെ ജീവിതകാലത്തും മറ്റൊന്ന് മരണശേഷവും.

ഫലസ്തീനിലെ പഴയ നഗരങ്ങളുടെ ചുമരുകളില്‍ എഡ്വാഡ് സെയ്ദിന്റെ ഛായ ചിത്രങ്ങളെ കണ്ടെത്താം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലായി അറബ്-മുസ്ലിം ലോകത്തു നടന്ന സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും സംവാദങ്ങളിലും സെയ്ദിന്റെ ചിന്തകളും ആശയങ്ങളും പരക്കെ പരാമര്‍ശിക്കപ്പെതായി കാണാം. പാലസ്തീനിയന്‍ നാഷണല്‍ കൗണ്‍സിലില്‍ 14 വര്‍ഷം സ്വതന്ത്ര അംഗമായിരുന്ന സെയ്ദിന്, ജന്മനാടിനു വേണ്ടിയുള്ള പോരാട്ടം എന്നതിലുപരി ആശ്രിതരും മര്‍ദിതരുമായ ജനവിഭാഗത്തിനു വേണ്ടിയുള്ള ധൈഷണികമായ കൃത്യനിര്‍വഹണമായിരുന്നു ഫലസ്തീന്‍ പ്രശ്നത്തിലെ ഇടപെടലുകള്‍. ഗാസയും വെസ്റ്റ് ബാങ്കുമുള്‍പ്പെടുത്തി, കിഴക്കേ ജറുസലേം ആസ്ഥാനമാക്കിയുള്ള (പൗരാണിക ഫലസ്തീന്റെ 22 ശതമാനം ഭാഗം) ഒരു സ്വതന്ത്ര രാഷ്ട്രത്തിനു വേണ്ടി 1988 ലെ പാലസ്തീനിയന്‍ നാഷണല്‍ കൗണ്‍സിലില്‍ വാദിച്ച എഡ്വേര്‍ഡ് സെയ്ദ്, ഫലസ്തീന്‍ പ്രശ്നം പരിഹരിക്കാനുള്ള ഏക മാര്‍ഗമായി ദ്വിരാഷ്ട്ര പരിഹാരമാണ് (Two state solution) മുന്നോട്ടു വെച്ചിരുന്നത്. പക്ഷേ, ഓസ്ലോ കരാറില്‍ പിഎല്‍ഒ ഒപ്പുവെച്ച നടപടി കീഴൊതുങ്ങലാണെന്ന തന്റെ നിരീക്ഷണം പില്‍ക്കാലത്ത് ശരിവെക്കപ്പെട്ടപ്പോള്‍, പൗരാണിക ഫലസ്തീന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ ഒറ്റ ജനാധിപത്യ രാഷ്ട്രമെന്ന, യഥാര്‍ഥ പരിഹാരത്തിലേക്ക് അദ്ദേഹം എത്തി. ‘കഷ്ടപ്പെടുന്ന ഇരുസമുദായങ്ങള്‍ക്കും തുല്യതയോടെ കഴിയാനുതകുന്ന ഒരു ജനാധിപത്യ രാഷ്ട്രം. ഓസ്ലോ ഉടമ്പടിയെ ഫല്‌സ്തീനിയന്‍ പോരാട്ടത്തിന്റെ കീഴൊതുങ്ങലായും, സയണിസത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയവുമായി (ആദ്യത്തെത് 1948ല്‍) വിശേഷിപ്പിച്ച്, തീരുമാനത്തെ അപലപിച്ചുകൊണ്ട് പാലസ്തീന്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്നും രാജിവെച്ച എഡ്വേര്‍ഡ് സൈദിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളില്‍ പലതും പില്‍ക്കാലത്ത് സത്യമായി പുലരുകയാണുണ്ടായത്.

ഫലസ്തീനിനു വേണ്ടി നിലകൊള്ളുന്നവരെയും ഇസ്രായേലിനെ വിമര്‍ശിക്കുന്നവരെയും സെമിറ്റിക് വിരുദ്ധരായി (Anti- Semitic) മുദ്രകുത്തുന്ന സയണിസ്റ്റു തന്ത്രം പുതിയതല്ല. ഇക്കഴിഞ്ഞ സംഘര്‍ഷ സമയത്തും ഇത്തരം ആഖ്യാനങ്ങള്‍ കേരളത്തിന്റെ പൊതു മണ്ഡലത്തിലടക്കം പ്രചാരം നേടുകയുണ്ടായി. മലയാളികളായ സയണിസ്റ്റ് അനുകൂലികളുടെ വാദമുഖങ്ങള്‍ പരിശോധിക്കുമ്പോള്‍, എഡ്വേര്‍ഡ് സെയ്ദ് അടക്കമുള്ള സയണിസ്റ്റു വിമര്‍ശകരുടെ അഭിപ്രായപ്രകടനങ്ങളെ തങ്ങളുടെ വാദങ്ങള്‍ക്ക് പിന്‍ബലമായി ഉപയോഗിക്കുന്ന വ്യവഹാരമാണ് തെളിയുന്നത്. ഒരു ചിന്തകന്റെ ജീവിതകാലത്തുടനീളമുള്ള നിലപാടുകളെ, അതിന്റെ തിരുത്തുകളെ, സ്വയം വിമര്‍ശനങ്ങളെ, മാറ്റങ്ങളെ ഉള്‍ക്കൊണ്ടു കൊണ്ടല്ലാതെ അദ്ദേഹത്തെ വായിക്കുന്നത് ചരിത്രനിരാസമാണ്. സയണിസത്തിനെതിരെ നിലകൊള്ളുന്ന ജൂതരെ സൌകര്യപൂര്‍വ്വം ആഘോഷിക്കുകയാണ് എന്ന തരത്തില്‍ ഫലസ്തീന്‍ അനുകൂലികളെ വിമര്‍ശിക്കുന്ന അതേ കൂട്ടരാണ് സൌകര്യപൂര്‍വ്വം എഡ്വേര്‍ഡ് സെയ്ദിന്റെ അഭിപ്രായങ്ങളെ സെലക്ടീവായി വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത്.

എഡ്വേര്‍ഡ് സെയ്ദ് പ്രായോഗിക രാഷ്ട്രീയത്തിലും സൈദ്ധാന്തിക വ്യവഹാരങ്ങളിലും ഒരേപോലെ ഇടപെട്ട വ്യക്തിയാണ്. ഫലസ്തീന്‍ പ്രശ്‌നത്തിന് പ്രായോഗികമായ പരിഹാരമായി അദ്ദേഹം പെര്‍മനെന്റ് ഇന്റരിം ഗവണ്‍മെന്റ് (Permanent interim government) മുന്നോട്ടു വെച്ചു. ഒരു നിര്‍ണിത അതിര്‍ത്തി പോലും ഇല്ലാത്ത ഇസ്രായേല്‍ രാഷ്ട്രത്തെ ലോക രാഷ്ട്രങ്ങള്‍ അംഗീകരിച്ചതു കണക്കെ, ഒരു സ്വതന്ത്ര-പരമാധികാര രാഷ്ട്രവും ഭരണവ്യവസ്ഥയും ഫലസ്തീനുണ്ടാകാന്‍ സെയ്ദ് ആഗ്രഹിച്ചു. പക്ഷേ, അതിന്റെ പ്രായോഗികമായ ചര്‍ച്ചകളില്‍ ഇസ്രായേല്‍, ഫലസ്തീന്‍ രാഷ്ട്രത്തിനു മേല്‍ തങ്ങളുടെ സൈനികവും സാമ്പത്തികവുമായ ഒട്ടേറെ അധികാരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ‘സ്വതന്ത്ര’ രാഷ്ട്രത്തിനായി വിലപേശുകയും അതിലേക്ക് യാസര്‍ അറഫാത്തും പിഎല്‍ഒയും തങ്ങളുടെ നിലപാടുകളെ വിട്ടുവീഴ്ച്ച ചെയ്യാന്‍ തയ്യാറാകുകയും ചെയ്ത ഘട്ടത്തില്‍ സെയ്ദ് പിന്തിരിയുകയാണുണ്ടായത്. ഫലസ്തീനികള്‍ക്ക് ഭൂരിപക്ഷമുള്ള, അവിടെ കഴിയാന്‍ ആഗ്രഹിക്കുന്ന ജൂത ന്യൂനപക്ഷത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സ്വതന്ത്ര-പരമാധികാര ഫലസ്തീന്‍ രാഷ്ട്രമാണ് സെയ്ദ് വിഭാവന ചെയ്തത്. സയണിസ്റ്റുകളുടെ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ മാനദണ്ഡങ്ങള്‍ അദ്ദേഹം പൂര്‍ണ്ണമായി തള്ളിക്കളഞ്ഞിരുന്നു. അദ്ദേഹം ദ്വിരാഷ്ട്രത്തിനായി വാദിച്ച കാലത്തു പോലും സയണിസ്റ്റു ഭാവനയില്‍ നിന്നും തികച്ചും വ്യത്യസ്തമായ സങ്കല്‍പ്പമായിരുന്നു അതിലൂടെ മുന്നോട്ടു വെച്ചത്. സയണിസ്റ്റുകള്‍ ആഗ്രഹിക്കുന്ന പരിഹാരത്തിലൂടെ ഉണ്ടാവുന്ന രാഷ്ട്രത്തെക്കുറിച്ച് സെയ്ദ് മൂന്നു കാര്യങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്, ഒന്ന്, ആ രാഷ്ട്രം സാമ്പത്തികമായി ഇസ്രായേലിനെ ആശ്രയിച്ചായിരിക്കും നിലനില്‍ക്കുക. രണ്ട്, ആ രാഷ്ട്രത്തെ ക്രമസമാധാനം പൂര്‍ണമായും ഇസ്രായേലി സെക്യൂരിറ്റിയുടെ നിയന്ത്രണത്തിലായിരിക്കും. ആര്‍ അകത്തേക്കു പോകണമെന്നും പുറത്തേക്കു പോകണമെന്നും അവര്‍ തീരുമാനിക്കും. മൂന്ന്, ഭൂമിശാസ്ത്രപരമായി തുടര്‍ച്ചയുള്ള ഭൂപ്രദേശം ആ രാഷ്ട്രത്തിലുണ്ടാവുകയില്ല. ഇസ്രായേലി ഭൂഭാഗങ്ങളുമായി ഇടകലരുന്നതോ ബന്ധപ്പെട്ടു കിടക്കുന്നതോ ആയ ചിതറിയ ചില ഭൂപ്രദേശങ്ങളുള്‍പ്പെടുന്നതായിരിക്കും ആ രാഷ്ട്രം.

ഫലസ്തീനികളുടെ അവകാശ പോരാട്ടത്തിന് ചെറിയ തോതില്‍ പോലും ഇടിവ് സംഭവിക്കുന്നതോ വിട്ടുവീഴ്ച്ച ചെയ്യപ്പെടുന്നതോ എഡ്വേര്‍ഡ് സെയ്ദ് ഇഷ്ടപ്പെട്ടില്ല. അദ്ദേഹത്തിന്റെ നിലപാടുകളോട് തരിമ്പും ആത്മാര്‍ഥതയില്ലാതെ, തങ്ങള്‍ക്ക് ഗുണകരമെന്നു തോന്നുന്ന ചില അഭിപ്രായപ്രകടനങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് പരാമര്‍ശിച്ചു കൊണ്ട് വളച്ചൊടിക്കുന്നത് ന്യായമല്ല. സെയ്ദിനെ മാത്രമല്ല, ഫലസ്തീനിയന്‍ പോരാട്ടത്തില്‍ വ്യാപൃതരായിട്ടുള്ള ഒരു മൂവ്‌മെന്റിനെയോ വ്യക്തിയോ, അവരുടെ ഏതെങ്കിലും ഒരു തലം മാത്രമെടുത്തു കൊണ്ട് അല്ലെങ്കില്‍ വാക്കുകള്‍ അടര്‍ത്തിമാറ്റിക്കൊണ്ട് ചര്‍ച്ച ചെയ്യുന്നത് ശരിയല്ല.

അമേരിക്കയുടെ വിദേശ നയങ്ങളെയും, ഇസ്രായേലിനെയും, അറബ് രാജ്യങ്ങളുടെ നിലപാടുകളെയും പില്‍ക്കാലത്ത് പിഎല്‍ഒയെയും വരെ രോഷാകുലനായി വിമര്‍ശിച്ചിരുന്ന അദ്ദഹം അവസാനകാലത്ത്, പിഎല്‍ഒയുടെയും യാസര്‍ അറഫാത്തിന്റെയും വിട്ടുവീഴ്ച്ചാ സമീപനങ്ങളില്‍ കടുത്ത നിരാശ പ്രകടിപ്പിച്ചിരുന്നു. ഒരു ചിന്തകന്റെ കാഴ്ച്ചപ്പാടുകളും അഭിപ്രായങ്ങളും അദ്ദേഹത്തിന് സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നവയാണെന്നു പറഞ്ഞുകൊണ്ട് ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്ത എഴുത്തുകാരന്‍ ജീന്‍ ഗെനെറ്റിന്റെ വാക്കുകള്‍ സെയ്ദ് ഉദ്ധരിക്കുന്നു, ‘നിങ്ങള്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്ന നിമിഷം നിങ്ങള്‍ രാഷ്ട്രീയ ജീവിതത്തിലേക്കു പ്രവേശിക്കുന്നു, നിങ്ങള്‍ പൊളിറ്റിക്കല്‍ ആവാന്‍ ഉദ്ദേശ്യമില്ലാത്ത വ്യക്തിയാണെങ്കില്‍, ഒരിക്കലും ലേഖനങ്ങള്‍ എഴുതാന്‍ തുനിയരുത്’.

1993 ല്‍ ബിബിസിയുടെ റെയ്ത് പ്രഭാഷണങ്ങളുടെ ഒരു എപ്പിസോഡില്‍ സെയ്ദ് ബുദ്ധിജീവികളെക്കുറിച്ച് അഭിപ്രായപ്പെടുന്ന ശ്രദ്ധേയമായ ഒരു ഭാഗമുണ്ട്. ‘വലിയ അംഗീകാരങ്ങള്‍ക്കോ അവാര്‍ഡുകള്‍ക്കോ സ്ഥാനമാനങ്ങള്‍ക്കോ വേണ്ടി, അല്ലെങ്കില്‍ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ വേണ്ടി വളരെ സന്തുലിതമായ, മിതവും സൗമ്യവുമായ നിലപാടുകള്‍ എടുക്കുന്ന ബുദ്ധിജീവികളുണ്ട്. ഒരു ചിന്തകന്റെ കഴിവിനെ കൊല്ലുന്നത് അത്തരം പ്രവണതകളാണ്. ഇക്കാലഘട്ടത്തിലെ ഏറ്റവും വലിയ അനീതികളില്‍ സങ്കീര്‍ണമായ ഫലസ്തീന്‍ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുന്നതിനുള്ള ഭയപ്പാട് ഞാനവരില്‍ കാണുന്നു. സത്യത്തെക്കുറിച്ച് ബോധവാന്മാരായിട്ടു പോലും അതിനു നേരെ മൗനം പാലിക്കുന്നവര്‍, കണ്ണടക്കുന്നവര്‍. ഏതൊരു ഫലസ്തീന്‍ അനുകൂലിയും നേരിടുന്ന അധിക്ഷേപങ്ങളെയും അപമാനങ്ങളെയും വകവെക്കാതെ, സത്യം പറഞ്ഞു കൊണ്ടേയിരിക്കാന്‍, കരുണയും ധൈര്യവുമുള്ള ബുദ്ധിജീവികള്‍ സന്നദ്ധമാകണം.’ എഡ്വേര്‍ഡ് സെയ്ദിന്റെ വാക്കുകളെ ഇങ്ങനെ സംഗ്രഹിക്കാം.

പാശ്ചാത്യ മാധ്യമങ്ങളുടെ ഇസ്ലാമിനെ ചിത്രീകരിക്കുന്ന രീതിയെയും, നിഷ്പക്ഷതയെയും ചോദ്യം ചെയ്യുന്ന സെയ്ദിന്റെ ‘കവറിങ് ഇസ്ലാം’ എന്ന പുസ്തകം ഏറെ വായിക്കപ്പെട്ട ഒന്നാണ്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തിയ അക്രമത്തെയും ഫലസ്തീനികളുടെ പ്രതിരോധത്തെയും ഈ മാധ്യമങ്ങള്‍ ‘കോണ്‍ഫ്ലിക്റ്റ്’ ‘വാര്‍’, എന്നീ പദപ്രയോഗങ്ങ തുല്യശക്തികള്‍ തമ്മിലുള്ള സംഘട്ടനമായാണ് വിശേഷിപ്പിച്ചത്. അധിനിവേശകരും വംശീയ ഉന്മൂലനത്തിന്റെ വക്താക്കളുമായ ഇസ്രായേലിന്റെ പ്രവര്‍ത്തികളെ നോര്‍മലൈസ് ചെയ്യുന്ന ഇത്തരം സമീപനങ്ങള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

9/11 ന് ശേഷം അറബ് ചിന്തകന്മാരെയും ഫലസ്തീന്‍ പ്രശ്‌നത്തെയും പൊതുവായി ബാധിച്ച ആശങ്കകള്‍ സെയ്ദിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. ലുക്കീമിയ രോഗവും തളര്‍ത്തി. ഹമാസിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചുള്ള എഡ്വേര്‍ഡ് സെയ്ദിന്റെ കാഴ്ച്ചപ്പാട് വ്യത്യസ്തമായിരുന്നു. തന്റെ പൊളിറ്റിക്‌സ് ഓഫ് ഡിസ്‌പൊസഷനില്‍ (1994) ഹമാസിനെക്കുറിച്ച് വിലയിരുത്തുന്ന ഭാഗത്ത് സംഘടനയുടെ ആശയങ്ങളോട് സെയ്ദ് വിയോജിപ്പ് പ്രകടിപ്പിക്കുന്നതും, അതേസമയം ഹമാസിന്റെ പ്രവര്‍ത്തകരില്‍ ദര്‍ശിച്ച രാഷ്ട്രീയമായ ഉണര്‍വിനെ പ്രശംസിക്കുന്നതായും കാണാം (p. 403-5). അഭിനവ ഫലസ്തീന്‍ രാഷ്ട്രത്തില്‍ ജൂതസമൂഹത്തിന്റെ കൂടി സമത്വപൂര്‍ണമായ നിലനില്‍പ്പിനു വേണ്ടി വാദിക്കുന്ന സെയ്ദിന്, അധിനിവേശകരെല്ലാം പുറത്തു പോവേണ്ടവരാണെന്ന ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും, നിലപാടിനോടും യോജിപ്പുണ്ടായിരുന്നില്ല. പ്രതിരോധം, ആക്രമണം എന്നീ തത്വങ്ങള്‍ക്കപ്പുറം ഹമാസിനോ അതിന്റെ നേതാക്കള്‍ക്കോ ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാനപരമായ, സാമ്പത്തിക- സാമൂഹിക വികസനങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ച്ചയില്ലെന്നും, ചെറുത്തുനില്‍പ്പ് മതേതര മൂല്യങ്ങള്‍ക്ക് വിരുദ്ധമാകരുതെന്നും അദ്ദേഹം വിശ്വസിച്ചു. പക്ഷേ, നിലനില്‍പ്പ് തന്നെ ഭീഷണിയിലായ ഒരു ജനതയുടെ ചെറുത്ത് നില്‍പ്പില്‍ ആധുനിക- മതേതരത്വ മൂല്യങ്ങളുടെ അഭാവത്തെക്കുറിച്ചും, അതിരുകള്‍ മാഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രത്തിന്റെ സാമ്പത്തിക- സാമൂഹിക വികസന പദ്ധതികളെക്കുറിച്ചു ഒരു ലിബറേഷന്‍ മൂവ്‌മെന്റിനോട് ചോദ്യങ്ങളുയര്‍ത്തുന്നത് മുന്‍ഗണനകളെ- അതിജീവനത്തിന്റെ മാര്‍ഗങ്ങളെ അപ്രസക്തമാക്കലാണ്. ഒരു രാജ്യത്ത് വൈദ്യുതിയും പാര്‍പ്പിട പദ്ധതിയും, സാമ്പത്തിക നയങ്ങളും പ്രധാനം തന്നെയെന്നതില്‍ തര്‍ക്കമില്ല, പക്ഷേ ആ രാഷ്ട്രത്തിന്റെയും അവിടുത്തെ ജനതയുടെയും നിലനില്‍പ്പും ഭൂമിശാസ്ത്രപരമായ അതിരുകളും അധിനിവേശകരുടെ നിരന്തര ഭീഷണി നേരിടുമ്പോള്‍ പ്രായോഗികമായി ചിന്തിച്ച പ്രസ്ഥാനങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ സെയ്ദ് പരാജയപ്പെട്ടതായി തോന്നാം.

‘ഫലസ്തീന്‍ പ്രശ്‌നം നീതിപൂര്‍വ്വം പരിഹരിക്കപ്പെടാതെ പശ്ചിമേഷ്യയില്‍ സമാധാനം പുലരില്ല’ എന്നഭിപ്രായമുള്ള എഡ്വേര്‍ഡ് സെയ്ദിന് ആ നീതിപൂര്‍വ്വമായ പരിഹാരത്തെക്കുറിച്ചും അതിന്റെ മാര്‍ഗങ്ങളെക്കുറിച്ചും കാലോചിതമായ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിഞ്ഞുവോ എന്ന ചോദ്യം കൂടി അനുബന്ധമായി ചോദിക്കപ്പെട്ടേക്കാം.

‘ഇന്‍തിഫാദ ആന്റ് ഇന്‍ഡിപെന്റന്‍സ്’ (1989) എന്ന ലേഖനത്തില്‍ എഡ്വേര്‍ഡ് സെയ്ദ് തങ്ങളുടെ ദേശവും മണ്ണും ചരിത്രവും കവര്‍ന്നെടുക്കാന്‍ ഒരുങ്ങിയിറങ്ങിയ ഇസ്രായേലികളോടുള്ള മര്‍ദിത ജനതയുടെ സ്വാഭാവിക പ്രതികരണമായി ഇന്‍തിഫാദയെ വിശദീകരിക്കുന്നുണ്ട്. എല്ലാ നിലയിലും കരുത്തരായ ഒരു രാഷ്ട്രത്തിന്റെ അത്യാധുനിക ആയുധങ്ങളേന്തിയ സൈന്യത്തെ വെറും കല്ലുകള്‍ കൊണ്ട് ചെറുക്കുന്ന കൌമാരക്കാരുടെ വീറിനെ ഏറെ പ്രതീക്ഷയോടെ സെയ്ദ് വീക്ഷിച്ചു. 18 വര്‍ഷം നീണ്ട അധിനിവേശത്തിനു ശേഷം ഇസ്രായേലി സൈന്യം തെക്കന്‍ ലെബനാനില്‍ നിന്നും പിന്‍വാങ്ങിയതിനു പിന്നാലെ 2000 ജൂണില്‍ അവിടം സന്ദര്‍ശിച്ച എഡ്വേര്‍ഡ് സെയ്ദ് ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് കല്ലെടുത്തെറിയുന്ന ചിത്രം ലോക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ”സന്തോഷത്തിന്റെ പ്രതീകാത്മക പ്രകടന”മായിരുന്നു അതെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഒരുപാട് വിമര്‍ശനങ്ങളേറ്റു വാങ്ങിയ ആ ചിത്രം, ഒരു ധിഷണാശാലിയുടെ രാഷ്ട്രീയ ഇടപെടലെന്ന തലക്കെട്ടില്‍ ഇന്നും പ്രചരിച്ചുകൊണ്ടിരിക്കുന്നു.

References
1.In Search of Palestine- Edward Said’s return home: (BBC)
2.The Question of Palestine by Edward Said – 1979
3.The Politics of dispossession by Edward Said – 1994
4.Reith Lectures of BBC Radio
5.Reviews of Thimothy Brennen’s Places of mind (Biography of Edward Said)
6.An Interview with Edward Said by Cindi Katz and Neil Smith (September 2000)

റമീസുദ്ദീന്‍ വി.എം

Post Graduated From Islamic Studies Department, University of Madras

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.