പരീക്ഷിച്ചറിയാത്ത ജീവിതം ജീവിക്കാനര്‍ഹമല്ല – സോക്രട്ടീസ്
ഫിലോ (സ്നേഹം), സോഫിയ(ജ്ഞാനം) എന്നീ രണ്ട് ഗ്രീക്ക് പദങ്ങളില്‍ നിന്നാണ് ഫിലോസഫി അഥവാ തത്വശാസ്ത്രം എന്ന പദം നിഷ്പന്നമായത്, അരിസ്റ്റോട്ടില്‍ തന്റെ അഞ്ച് ബൗദ്ധിക ഗുണങ്ങളില്‍ ഏറ്റവും ഉന്നതമായ ഗുണമായി ഫിലോസഫിയെ കണക്കാക്കുന്നു. നമ്മെയും നമ്മുടെ ലോകത്തെയും കുറിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ പ്രശ്നങ്ങളെക്കുറിച്ച് ചോദ്യം ഉന്നയിക്കുക, ഉത്തരം കണ്ടെത്തുക എന്നതാണ് തത്വചിന്തയുടെ ലക്ഷ്യം. അത് എല്ലാ കാലത്തും ദേശത്തും അത് സാര്‍വത്രികമായ അന്വേഷണ വിഷയമാണെന്നും കാണാം. എല്ലാ ജനങ്ങളും ചെറുതോ വലുതോ ആയ അളവില്‍ തത്വചിന്ത നിര്‍വഹിക്കുന്നുണ്ട്. തത്വചിന്ത നിര്‍വഹിക്കണമെന്നോ തത്വചിന്തയെ വശമാക്കണമെന്നോ ഉദ്ദേശമില്ലെങ്കിലും കേവലം നിരീക്ഷണം പോലും തത്വചിന്തയുടെ ഭാഗമാണ്. നിര്‍ഭാഗ്യവശാല്‍ ഒരുകാലത്ത് ദൈവശാസ്ത്രത്തിന്റെ സേവകനായിരുന്ന തത്ത്വചിന്ത ഇപ്പോള്‍ അപൂര്‍വ്വമായെ ആ നിലയ്ക്ക് മനസ്സിലാക്കപ്പെടുന്നുള്ളൂ. തത്വചിന്തയുടെ കാലോചിത ഉപകരണങ്ങളുപയോഗിച്ച് തങ്ങളുടെ വിശ്വാസങ്ങളെ സംരക്ഷിക്കാനും പ്രതിരോധിക്കാനും കഴിയുന്ന മാതൃകായോഗ്യരായ ചിന്തകരെ മിക്ക മതങ്ങളും സൃഷ്ടിക്കുന്നില്ല. മിക്ക വിശ്വാസികളും നമ്മുടെ ലോകത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ചോദ്യങ്ങള്‍ പോലും ഉന്നയിക്കാറില്ല എന്നതാണ് വാസ്തവം. എന്നാല്‍, വിശ്വാസം പരമതവിദ്വോഷത്തിനും അന്ധവിശ്വാസത്തിനും വഴി മാറുന്ന പുതിയ സാഹചര്യത്തില്‍ യുക്തിബദ്ധമായ വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും വീണ്ടെടുപ്പിന് ഫിലോസഫിയുടെ വിശിഷ്യ, മെറ്റാഫിസിക്സിന്റെ പുനരുജ്ജീവനം അനിവാര്യമാണ്.
ഭൗതികശാസ്ത്രത്തെക്കുറിച്ചുള്ള അരിസ്റ്റോട്ടിലിന്റെ പുസ്തകത്തിന് തൊട്ടുപിന്നാലെ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള പ്രബന്ധത്തെ പരാമര്‍ശിക്കാന്‍ ബിസി ഒന്നാം നൂറ്റാണ്ടില്‍ അരിസ്റ്റോട്ടിലിയന്‍ കൃതികളുടെ എഡിറ്ററായ ആന്‍ഡ്രോണിക്കസ് (Andronicus of Rhodes) ഉപയോഗിച്ച പദമാണ് ‘മെറ്റാഫിസിക്സ്’ ഈ പദത്തിന്റെ അര്‍ത്ഥം ‘ഭൗതികശാസ്ത്രത്തെ പിന്തുടരുന്നത് (What follows physics) എന്നായിരുന്നു. പിന്നീടത് പദാര്‍ത്ഥാതീതമായ വസ്തുക്കളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടു.
ഒരു ഭൗതിക പദാര്‍ത്ഥത്തെ കുറിച്ച് ഗവേഷണം നടത്തുന്ന പ്രകൃതി ശാസ്ത്രജ്ഞനില്‍ നിന്നും അമൂര്‍ത്തമായ (Abstraction) അളവുകളെ കുറിച്ച് പര്യവേക്ഷണം ചെയ്യുന്ന ഗണിതശാസ്ത്രജ്ഞനില്‍ നിന്നും വ്യത്യസ്തനായി ഒരു മെറ്റാഫിസിഷന്‍ ഉണ്മയുടെ (Being) സര്‍വ്വ മേഖലകളെയും സ്പര്‍ശിക്കുന്നുണ്ട്. ദ്രവ്യം, സാരം, രൂപം, പിണ്ഡം (Substance, essence, form, being) എന്നീ സംപ്രത്യയങ്ങളില്‍ (concepts) തുടങ്ങി ദൈവം, മാലാഖമാര്‍, മനുഷ്യാത്മാവ്, നിര്‍ണയിക്കാനാവാത്ത ഗുണനിലവാരമുള്ള അനുഭവ ലോകം എന്നിങ്ങനെയുള്ള, പദാര്‍ത്ഥാതീതമായ യാഥാര്‍ത്ഥ്യങ്ങളും മെറ്റാഫിസിക്സില്‍ വിഷയീഭവിക്കുന്നു.
മെറ്റാഫിസിക്സ് അമൂര്‍ത്തീകരണത്തിന്റെ (Abstraction) ശാസ്ത്രം കൂടിയാണ്: വസ്തുക്കളുടെ സ്വഭാവത്തെ അവയുടെ അഭൗതികവും സാര്‍വത്രികവുമായ സത്തകളില്‍ ഗ്രഹിക്കാനുള്ള ശ്രമമാണിത്. മൂല തത്വത്തെയും (First principle) അതിന്റെ കാരണങ്ങള്‍, സ്വഭാവം, വ്യാപ്തി, പരിമിതികള്‍ എന്നിവയോടൊപ്പം തന്നെ മനുഷ്യന്റെ മാനസിക വ്യവപാരങ്ങളും ലോക വീക്ഷണവും സജീവ ജീവിതത്തിലെ ഭൗതിക ലോകത്തിന്റെ അന്വേഷണ വിഷയങ്ങളാണ് അരിസ്റ്റോട്ടിലിന് സഹസ്രാബ്ദങ്ങള്‍ക്കു ശേഷം ഇമാം ഗസാലി ദൈവശാസ്ത്രം (മെറ്റാഫിസിക്സ് എന്നര്‍ത്ഥം) മാത്രമാണ് ഏക സാര്‍വത്രിക ശാസ്ത്രം എന്ന നിഗമനത്തിലെത്തുകയുണ്ടായി. അദ്ദേഹം മുസ്തസ്ഫയില്‍ എഴുതുന്നു. ”സര്‍വ്വ വിജ്ഞാനങ്ങളുടെയും കേന്ദ്രബിന്ദു ദൈവശാസ്ത്രമാണ് (ഇല്‍മുല്‍ കലാം). ഹദീസ്, ഫിഖ്ഹ് പോലുള്ള മറ്റെല്ലാ ശാസ്ത്രങ്ങളും അതിന്റെ ഉപവിഷയങ്ങളുമാണ്. അസ്ഥിത്വമെന്ന സാര്‍വ്വത്രികമായ വിഷയത്തെ സംബന്ധിച്ച് അന്വേഷിക്കുന്നയാളാണ് ദൈവശാസ്ത്രജ്ഞന്‍.
ഒരാളുടെ ബുദ്ധിപരമായ യാത്ര ആരംഭിക്കേണ്ടത് ഏറ്റവും സാര്‍വത്രികമായ കാര്യങ്ങളില്‍ നിന്നാണ്, അഥവാ അസ്തിത്വത്തെ സംബന്ധിച്ച അന്വേഷണങ്ങളില്‍ നിന്ന്. അതിന് ശേഷം മാത്രമെ മറ്റു വിഷയങ്ങളിലേക്ക് കടക്കാനാകൂ. അസ്തിത്വത്തെ കുറിച്ച് അന്വേഷിക്കുന്നതോടെ ഹദീസ്, ഫിഖ്ഹ് എന്നിങ്ങനെ മറ്റെല്ലാ മതശാസ്ത്രങ്ങളുടെയും അടിത്തറയെ സ്ഥാപിക്കാന്‍ സാധിക്കുന്നു. അതിനാല്‍ തന്നെ ദൈവശാസ്ത്രം ഏറ്റവും ഉന്നതമായ അറിവായി പരിഗണിക്കപ്പെടുന്നു.
പരമ്പരാഗത വിദ്യഭ്യാസത്തില്‍, തര്‍ക്കശാസ്ത്രം, വ്യാകരണം, സാഹിത്യം, ഗണിതശാസ്ത്രം, ജ്യാമിതി, ജ്യോതിശാസ്ത്രം, താളശാസ്ത്രം എന്നീ ‘ലിബറല്‍ കലകളില്‍’ വൈദഗ്ദ്ധ്യം നേടിയതിനു ശേഷം മാത്രമാണ് ദൈവശാസ്ത്രം, നിയമം, വൈദ്യശാസ്ത്രം എന്നീ മേഖലകളില്‍ പഠനം സാധ്യമായിരുന്നത്. ഈ വിജ്ഞാനങ്ങളുടെയെല്ലാം അടിത്തറ ദൈവശാസ്ത്രമാണെന്ന് തന്റെ അഖ്ലാഖ് എന്ന ഗ്രന്ഥത്തില്‍ നാസിറുദ്ധീന്‍ തൂസിയും പറയുന്നുണ്ട്. (ദ സയന്‍സ് ഓഫ് ബീയിങ് ക്വാ ബീയിങ്; അല്‍ വുജൂദു മിന്‍ ഹൈഥുല്‍ വുജൂദ്)
ഇസ്ലാമിക പാരമ്പര്യത്തിലെ തത്ത്വശാസ്ത്രം
ഇസ്ലാമിക നാഗരികതയുടെ തുടക്കം മുതലെ തത്വശാസ്ത്രം അതിന്റെ ഭാഗമാണ്. ഹിജ്റ ഒന്നാം നൂറ്റാണ്ടില്‍ തന്നെ ഈജിപ്ത്, ശാം, പേര്‍ഷ്യ എന്നിവിടങ്ങളിലെ പെരിപറ്ററ്റിക് സ്‌കൂളുകളുമായി മുസ്ലിംകള്‍ സംവേദനത്തിലേര്‍പ്പെട്ടിരുന്നു. ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണെന്നും അത് സൃഷ്ടിക്കപ്പെട്ടതല്ലെന്നുമാണ് മുസ്്ലിം മുഖ്യധാരയുടെ വിശ്വാസം. അതടിസ്ഥാനമാക്കി, ഖുര്‍ആനില്‍ യേശുവിനെ അല്ലാഹുവിന്റെ കലിമ (ലോഗോസ്) ആയാണ് പരിചയപ്പെടുത്തുന്നതെന്നും അത് കൊണ്ട് യേശു അനാദി കാലം മുതലെ അല്ലാഹുവിന്റെ കൂടെ നിലനില്‍ക്കുന്നുണ്ടെന്നും വാദിച്ച ക്രിസ്ത്യന്‍ പെരിപറ്റെറ്റുകളുമായുള്ളതായിരുന്നു ആദ്യത്തെ സംവാദങ്ങള്‍. ദാര്‍ശനിക പരിശീലനം നേടിയ ശേഷം ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തവരും, അരിസ്റ്റോട്ടില്‍, പ്ലാറ്റോ, പ്ലോട്ടിനസ് എന്നിവരുടെ കൃതികള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ക്രിസ്ത്യന്‍ അറബികളും മുസ്ലിം ബൗദ്ധിക പാരമ്പര്യത്തെ വളരെയധികം സ്വാധീനിച്ചു. ജ്ഞാന ദാഹികളായ മുസ്്ലിം പണ്ഡിതരെ കൗതുകകരമായ വാദങ്ങള്‍ നിറഞ്ഞ ഈ ജ്ഞാനീയങ്ങള്‍ ഏറെ ആകര്‍ഷിച്ചു. അരിസ്റ്റോട്ടിലിന്റെ നിക്കോമാക്യന്‍ എത്തിക്സ് മതത്തിനുള്ളിലെ ധാര്‍മ്മിക അന്വേഷണത്തിന്റെ തന്നെ അടിസ്ഥാനമായിത്തീര്‍ന്നു. അതേസമയം ഖുര്‍ആനും പ്രവാചകവചനങ്ങളും ചേര്‍ത്തു വെച്ച് കൊണ്ടായിരുന്നു ഈ ഗവേഷണം. പല പാരമ്പര്യവാദികളും ഈ പുതിയ സ്വാധീനത്തെ അപകടകമായി മനസ്സിലാക്കുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പക്ഷേ അവരുടെ ആശങ്കകള്‍ അത്രയേറെ വേണ്ടത്ര സ്വാധീനം ചെലുത്തിയില്ല.
ഇസ്ലാമിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തിന്റെ ആദ്യ കാലഘട്ടത്തില്‍, തത്വചിന്തയും തത്ത്വമീമാംസയും മുസ്ലിം പണ്ഡിതന്മാര്‍ക്കിടയില്‍ വലിയ സംവാദങ്ങള്‍ക്ക് വഴിയൊരുക്കി. ഹെല്ലനിസ്റ്റിക് ചിന്തയെ മുസ്ലിം ലോകത്ത് അവതരിപ്പിക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചത് ഇബ്നു സീനയായിരുന്നു. പില്‍കാലത്ത് മുസ്ലിം ധൈഷണിക വ്യവഹാരങ്ങളെ ഗ്രസിച്ച യവന തത്വചിന്താ സ്വാധീനങ്ങളിലെ നെല്ലും പതിരും വേര്‍തിരിച്ചെടുത്ത ഇമാം ഗസാലി, ഇബ്നു സീനയുടെ രചനകളെ ആഴത്തില്‍ വായിക്കുകയും അവയെ നിഷ്പക്ഷമായി സംഗ്രഹിച്ചുകൊണ്ട് ഒരു ഗ്രന്ഥം രചിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇബ്നു സീനയുടെ നിരീക്ഷണങ്ങള്‍ ഇസ്ലാമിക വിശ്വാസവുമായി പൊരുത്തപ്പെടുന്നവയല്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഇബ്നു സീനയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. തത്ത്വചിന്തകരെ കണക്കിന് വിമര്‍ശിക്കുമായിരുന്നെങ്കിലും മതത്തെയും ദൈവ വിശ്വാസത്തെയും യുക്തി ഭദ്രമായി പ്രതിരോധിക്കാന്‍ സഹായിക്കുന്ന തത്വജ്ഞരുടെ മെറ്റാഫിസിക്കല്‍ ഉള്‍ക്കാഴ്ചകളെയും യുക്തി വിചാരങ്ങളെയും സ്വീകരിക്കണമെന്ന് അദ്ധേഹം നിര്‍ദേശിച്ചു. ഇസ്്ലാമിക നിയമ ശാസ്ത്രത്തില്‍ പണ്ഡിതനായി പരിഗണിക്കപ്പെടണമെങ്കില്‍ നിര്‍ബന്ധമായും ഇല്‍മുല്‍ മന്‍ത്വിഖ് (ലോജിക്) അറിഞ്ഞിരിക്കണമെന്നും ഇമാം ഗസാലി അഭിപ്രായപ്പെട്ടു. ലോജിക്കില്‍ അഞ്ചു പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. മുസ്തസ്ഫയുടെ ആമുഖത്തില്‍ എഴുതുന്നു:”(യുക്തിയെ കുറിച്ചുള്ള) ഈ ആമുഖം കര്‍മ്മശാസ്ത്രത്തിന്റെ ഭാഗമല്ല; അതിന്റെ ആമുഖവും അല്ല. എല്ലാ അറിവുകള്‍ക്കുമുള്ള ആമുഖമാണിത്. അത് സ്വായത്തമാക്കിയിട്ടില്ലാത്ത ഒരാളുടെ വിജ്ഞാനീയം എങ്ങനെ വിശ്വാസയോഗ്യമാവും.”
തത്വചിന്തയുടെ പല വീക്ഷണങ്ങള്‍ക്കെതിരെ ഇമാം ഗസ്സാലി നടത്തിയ പരക്കെ സ്വീകാര്യമായ വിമര്‍ശനങ്ങള്‍ക്ക് ഒരു നൂറ്റാണ്ട് ശേഷം ഫഖീഹും പെരിപ്പറ്റെറ്റിക്കുമായ ഇബ്നു റുശ്ദ്. തഹാഫുതു തഹാഫുതിന്റെ രചനയിലൂടെ മറുപടി നല്‍കി. പാശ്ചാത്യ ക്രൈസ്തവ ലോകം ഇബ്നു റുശ്ദിന്റെ ആശയങ്ങളെ സ്വീകരിക്കുകയും വികസിപ്പിക്കുകയും ചെയ്തപ്പോള്‍ മുസ്്ലിംകള്‍ അതിനെ നിരാകരിക്കുകയും ഗസാലിയുടെ വിമര്‍ശനങ്ങളിലെ കേവലം ഉപരിപ്ലവമായ തലം മാത്രം സ്വീകരിക്കുകയും ചെയ്തു. വിരോധാഭാസമെന്നോണം, മുസ്്ലിംകള്‍ നിരസിച്ച ഇബ്നു റുഷ്ദിന്റെ ആലോചനകള്‍ ഇരുട്ടിലായിരുന്ന പാശ്ചാത്യ ലോകത്തെ ബൗദ്ധിക വിപ്ലവത്തിലേക്ക് നയിച്ചു.
സുന്നി പക്ഷത്ത് വലിയ രീതിയിലുള്ള ചിന്താ മുരടിപ്പ് സംഭവിച്ചെങ്കിലും ഇമാം റാസിയെ പോലോത്ത അപൂര്‍വം ധിഷണാശാലികള്‍ തത്വചിന്തയെ കൂടുതല്‍ വികസിപ്പിക്കാന്‍ ശ്രമിച്ചു. ഇബ്നു സീനയുടെയും ഗസ്സാലിയുടെയും ചിന്താ രീതിയെ ഉള്‍ക്കൊള്ളുകയും തന്റെതായ തത്വവിചാര രീതിയെ മുന്നോട്ട് വെക്കുന്നു. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനമായ മഫാതീഹുല്‍ ഗൈബ് ദൈവിക സന്ദേശത്തിന്റെ അര്‍ത്ഥങ്ങളെയും യുക്തിയെയും അന്വേഷിക്കുന്ന വേറിട്ട ഫിലോസഫിക്കല്‍ രീതിയായിരുന്നു.
നിര്‍ഭാഗ്യവശാല്‍, ദൈവശാസ്ത്രത്തെയും കര്‍മ്മശാസ്ത്രത്തെയും ഫിലോസഫിയിലൂടെ സമീപിക്കുന്ന രീതിയെ വിമര്‍ശിച്ച് കൊണ്ട് ഇബ്നു തൈമിയ്യയെയും, ഇബ്നു ഖല്‍ദൂനിനെയും പോലുള്ള പണ്ഡിതര്‍ രംഗത്ത് വന്നു. ഇമാം ഗസാലിയില്‍ നിന്ന് വ്യത്യസ്തമായി, തെളിവുകളുടെ ഘടനയെ മനസ്സിലാക്കാനും വാദപ്രതിവാദങ്ങളെ ബൗദ്ധികമായി മികച്ചതാക്കാനും സാധിക്കുന്നു എന്നതിലുപരി വേറൊരു പ്രയോജനവും തത്ത്വചിന്തയില്‍ ഇബ്നു ഖല്‍ദൂന്‍ കാണുന്നില്ല. സുന്നീ മുസ്ലിം ലോകത്തെ ബാധിച്ച ബൗദ്ധിക സ്തംഭനത്തെ തിരിച്ചറിയുന്ന ഇബ്നു ഖല്‍ദൂനിന്റെ അതേ കാലഘട്ടത്തില്‍ മുസ്്‌ലിം ലോകത്ത് തത്വചിന്ത വലിയ പതനം നേരിടുകയായിരുന്നു. ഗസാലിയുടെയും ഇബ്നു റുഷ്ദിന്റെയും പോളിമിക്കല്‍ രചനകള്‍ സൃഷ്ടിച്ച സംവാദാത്മക പാരമ്പര്യവും കാലത്തിന്റെ സവിശേഷമായ സാഹചര്യങ്ങള്‍ക്കനുയോജ്യമായി പ്രശ്‌നങ്ങളെ വിശകലനം ചെയ്യാന്‍ പണ്ഡിതരെ പ്രോത്സാഹിപ്പിക്കുന്ന രീതിയുമെല്ലാം അവസാനിച്ചിരുന്നു.
തത്വശാസ്ത്രം ഇപ്പോള്‍ വലിയതോതില്‍ തിയോസഫിയിലേക്ക് ചുരുങ്ങിയിരിക്കുകയാണ്, മെറ്റാഫിസിക്കല്‍ പാരമ്പര്യം തുടരുന്ന മുല്ലാ സദ്റയെ പോലുള്ള പണ്ഡിതരുടെ കൃതികളില്‍ സങ്കീര്‍ണ്ണമായ മിസ്റ്റിക്കല്‍ പാരമ്പര്യം സജീവമാണെങ്കിലും പ്രകൃതിശാസ്ത്രങ്ങള്‍ എല്ലാം തന്നെ അപ്രത്യക്ഷമായതായി കാണാം. തത്ത്വചിന്ത വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുകയും ദൈവനിഷേധത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നുള്ള ധാരണ മുസ്ലീം ലോകത്ത് വ്യാപകമായി വര്‍ദ്ധിച്ച് വന്നിരിക്കുന്നു. സകല വിജ്ഞാനീയങ്ങളും സ്വീകരിച്ചിരുന്ന സ്‌കൊളാസ്റ്റിക് പാരമ്പര്യത്തിന്റെ അപചയത്തോടെ കോളേജ് പഠനങ്ങള്‍ കൂടുതല്‍ മതപരവും ഭക്തിപരവുമായ വിഷയങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. ലോകത്തെ മനസ്സിലാക്കുന്നതിനും അതില്‍ എങ്ങനെ ജീവിക്കാമെന്നതിനും വഹ്യിനെ മാത്രം ആശ്രയിക്കാവു എന്ന നിലപാട് ചില പരിഷ്‌കര്‍ത്താക്കളെ തെറ്റായ ധാരണകളിലേക്ക് നയിച്ചു.
ഒരു വശത്ത് മനുഷ്യബുദ്ധിയുടെ അപാകതയും മറ്റൊരുവശത്ത് മനുഷ്യനിലെ തിന്മ ചെയ്യാനുള്ള ചോദനയും തിരിച്ചറിഞ്ഞ പണ്ഡിതര്‍ വഹ്യുകളെ മനസ്സിലാക്കാനുള്ള മുന്നുപാധിയായി ബൗദ്ധിക പരിശീലനത്തെ പരിഗണിച്ചു. വിശ്വസത്തെ നിര്‍മിക്കാനും ധാര്‍മിക.തയെ മനസ്സിലാക്കാനും യുക്തി അനുപേക്ഷണീയമാണെന്ന് അവര്‍ മനസ്സിലാക്കി.
യുക്തിബോധം വിശ്വാസത്തിന്റെ സുപ്രധാന ഭാഗമാണെന്ന് മുസ്ലിംകള്‍ എല്ലായ്പ്പോഴും തിരിച്ചറിഞ്ഞിരുന്നു. യുക്തിയും വിശ്വാസവും തമ്മിലുള്ള ഈ അനിവാര്യമായ സഹവര്‍ത്തിത്വം, വിശ്വാസത്തില്‍ നിന്ന് അകന്നുപോകുന്നതില്‍ നിന്ന് മുസ്്ലിമിനെ സംരക്ഷിക്കുകയും യുക്തി പ്രയോഗിക്കുന്നതില്‍ പരാജയപ്പെടുന്ന വിശ്വാസത്തിലൂടെ മതഭ്രാന്ത് ഉണ്ടാവുകയും ചെയ്യുന്നു.
കേവലം യുക്തിക്കു മാത്രം പ്രാബല്യം നല്‍കി മുന്നോട്ടുവന്ന മുഅ്തസിലത്തില്‍ നിന്നും നസ്സിന് മാത്രം പ്രാധാന്യം നല്‍കി വന്ന മറ്റു പരമ്പരാഗത സ്‌കൂളുകളില്‍ നിന്നും വ്യത്യസ്തമായി കാലങ്ങളോളം അതിജീവിക്കാന്‍ സാധിക്കുന്നത് അശാഇറത്തിനെ പോലെയുള്ള മിത വാദികളായ സുന്നികള്‍ക്കാണെന്നും ചേര്‍ത്തു വായിക്കേണ്ടതാണ്.
മെറ്റാഫിസിക്സ് നേരിടുന്ന പ്രതിസന്ധികള്‍
ആധുനിക തത്വചിന്ത നിരവധി കാരണങ്ങളാല്‍ മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന മെറ്റാഫിസിക്സില്‍ നിന്നും പൂര്‍ണ്ണമായും മാറ്റിനിര്‍ത്തപ്പെട്ടിരിക്കുകയാണ്. നോമിനലിസത്തിന്റെ (നാമമാത്ര വാദം) ഉദയം ഇതില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. ക്രിസ്ത്യന്‍ ദൈവശാസ്ത്രത്തില്‍ വില്യം ഓക്ക്ഹാമും ഇസ്്ലാമിക ദൈവശാസ്ത്രത്തില്‍ ഇബ്നു തൈമിയ്യയും മുന്നോട്ടുവെച്ച ചിന്താ പദ്ധതിയാണത്. ആശയങ്ങള്‍ക്കും ഭൗതിക വസ്തുക്കള്‍ക്കും അതിന്റേതായ സാര്‍വത്രികവും (ൗിശ്ലമെഹ) അമൂര്‍ത്തവുമായ ഉണ്മ ഉണ്ടെന്നുമുള്ള പ്ലാറ്റോ തുടക്കം കുറിച്ച പഴയകാല രീതിയായ റിയലിസത്തിനോട് കലഹിച്ചു കൊണ്ട് ഉയര്‍ന്നു വന്ന രീതി ആയിരുന്നു ഇത്. ഈ വാദം മുമ്പ് ഒന്നിച്ച് നിന്നിരുന്ന ഫിലോസഫിയെയും തിയോളജിയെയും വിഭജിക്കുകയും ഫിലോസഫിയുടെ അടിസ്ഥാനമായി എംപിരിസിസത്തെ (അനുഭജ്ഞാനം) അവതരിപ്പിക്കുകയും ചെയ്തു.
ഇവിടെ ഡേവിഡ് ഹ്യൂമിന്റെ പ്രസ്താവന ഏറെ പ്രസക്തമാണ് ”ദൈവാസ്തിക്യം, മെറ്റാഫിസിക്സ് തുടങ്ങിയവ ചര്‍ച്ച ചെയ്യുന്ന ഒരു ഗ്രന്ഥം എടുത്ത് നാം സ്വയം ചോദിക്കുക: ഇതില്‍ അളവ്, സംഖ്യ എന്നിവയെ സംബന്ധിച്ചും വസ്തുതയെയും അസ്തിത്വത്തെയും സംബന്ധിച്ചും എന്തെങ്കിലും പരീക്ഷണാത്മക യുക്തി അടങ്ങിയിട്ടുണ്ടോ? ഇല്ല. അതിനാല്‍ അത് കരിച്ചു കളയുക, കാരണം അവ മൊത്തം മിഥ്യയാണ്”.
ഇന്ന്, മത ശാസ്ത്രം ഭൗതിക ശാസ്ത്രങ്ങളില്‍ നിന്നും, ഭൗതികശാസ്ത്രം മതത്തിന്റെ ധാര്‍മികസമീപനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തപെട്ടിരിക്കുകയാണ്. പാശ്ചാത്യലോകം മെറ്റാഫിസിക്സിനേയും തത്വചിന്തയേയും വിഭിന്നങ്ങളായി കാണുകയും പൗരസ്ത്യ ലോകം മെറ്റാഫിസിക്സിന് അനിവാര്യമായിരുന്ന യുക്തിയെ പൂര്‍ണമായും തിരസ്‌കരിച്ച് വഹ്യ്് മാത്രം സ്വീകരിക്കുകയും ചെയ്തു. ഭൗതികമായ മെറ്റാഫിസിക്കല്‍ അനുമാനങ്ങളാല്‍ രൂപപ്പെട്ട പാശ്ചാത്യ ശാസ്ത്രത്തെയും അതിന്റെ സാങ്കേതികവിദ്യകളെയും മുസ്ലിങ്ങള്‍ പില്‍കാലത്ത് അനായാസം സ്വീകരിച്ചു എന്നതാണ് വിരോധാഭാസം. പാശ്ചാത്യ ശാസ്ത്രത്തെ അതിന്റെ മെറ്റാഫിസിക്സില്‍ നിന്ന് മാറ്റി നിര്‍ത്തല്‍ നിര്‍വചിക്കല്‍ അസാധ്യമാണ്. അവരുടെ ശാസ്ത്രം രൂപപ്പെട്ടുവരുന്നത് തന്നെ മെറ്റാഫിസിക്സില്‍ നിന്നാണ്. ഒരു നാഗരികതയുടെ ശാസ്ത്രത്തെ, അതൊരു പ്രത്യേക ലോകവീക്ഷണത്തിന്റെ ഉല്‍പ്പന്നമാണെന്ന് മനസിലാക്കാതെ, സ്വീകരിച്ചാല്‍ ഒരാള്‍ അറിയാതെ തന്നെ ആ നാഗരികതയെയും അതിന്റെ സാമൂഹികവും ആത്മീയവുമായ രോഗങ്ങളെയും ഉള്‍പ്പെടെ എല്ലാ ഗുണഫലങ്ങളെയും സ്വീകരിക്കുന്നു എന്നാണര്‍ത്ഥം. ഇതോടുകൂടി മുസ്ലിംകള്‍ക്ക് അവരുടെ ലോകവീക്ഷണത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്നു. ഇതാണ് മെറ്റാഫിസിക്സിനെ അകറ്റിനിര്‍ത്തിയാലുണ്ടാകുന്ന ഏറ്റവും ഗുരുതരമായ പ്രത്യാഘാതം.
മെറ്റാഫിസിക്സിനെ അവഗണിക്കുമ്പോള്‍ ധാര്‍മികത അപകടത്തിലാവും. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ചില ആശങ്കകളെ അടിസ്ഥാനമാക്കിയുള്ള മാനുഷികധാര്‍മ്മിക പരികല്‍പനകളാണ് നാം കാണുന്നത്. എന്നാല്‍ അവരുടെ വക്താക്കള്‍ ധാര്‍മ്മികതയും അധാര്‍മ്മികതയും എന്താണെന്ന് നിര്‍ണ്ണയിക്കാന്‍ യുക്തിസഹമായ ഒരു മാര്‍ഗ്ഗവും മുന്നോട്ട് വെക്കുന്നില്ല. നിലവില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍, മെറ്റാഫിസിക്കല്‍ തത്വങ്ങളില്‍ വേരൂന്നിയ കര്‍ശനമായ ധാര്‍മ്മിക സമീപനം കാത്തുസൂക്ഷിക്കുന്നത് കത്തോലിക്കാ സഭ മാത്രമാണ്. എന്നാല്‍ മെറ്റാഫിസിക്കല്‍ രീതികള്‍ സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ വഴങ്ങാത്തത് മൂലം വിശ്വാസികളുടെ ജീവിതത്തില്‍ സഭയ്ക്കുണ്ടായിരുന്ന കേന്ദ്രീകരണം നഷ്ടപ്പെടുകയുമാണുണ്ടായത്.
അതുപോലെ, മുസ്ലിം ലോകത്ത് നിലവിലെ നൈതിക ആശങ്കകളെ ശാസ്ത്രീയമായി സമീപിക്കാന്‍ പണ്ഡിതരെ പ്രാപ്തരാക്കുന്ന ദാര്‍ശനിക ഉപകരണങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ പഠിപ്പിക്കപ്പെടുന്നുള്ളൂ. സുപ്രധാനമായ ഇസ്ലാമിക പഠന കേന്ദ്രങ്ങളില്‍ പോലും ദൈവശാസ്ത്രം മിക്കവാറും വെട്ടിക്കുറക്കാറാണ് പതിവ്. പത്തൊമ്പതാം നൂറ്റാണ്ടോടെ, കെയ്‌റോയിലെ അല്‍-അസ്ഹര്‍ സര്‍വകലാശാലയിലെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് വളരെ സങ്കീര്‍ണ്ണമായ ദൈവശാസ്ത്ര കൃതികളുടെ ചുരുക്കവിവരണങ്ങള്‍ മാത്രമാണ് പഠിക്കാനുള്ളത്. ഭൂരിഭാഗം പേര്‍ക്കും അത്തരം കൃതികളുടെ ഉള്ളടക്കം മനസിലാക്കാന്‍ ആവശ്യമായ പശ്ചാത്തലം പോലും ഉണ്ടാവുന്നില്ല. ബൗദ്ധികവും ധാര്‍മ്മികവും ആത്മീയവും രാഷ്ട്രീയവും സാമ്പത്തികവുമായ അപചയത്തിന്റെ ഫലം മുസ്ലിംകള്‍ക്ക് നിലവിലെ നാഗരികതയുടെ വെല്ലുവിളികളോട് ക്രിയാത്മകമായി പ്രതികരിക്കാനുള്ള തികഞ്ഞ കഴിവില്ലായ്മയാണ്.
അത്തരം ഫലപ്രദമായ പ്രതികരണങ്ങളുടെ അഭാവത്തില്‍, മുസ്ലിം സമൂഹങ്ങള്‍ വെല്ലുവിളികളില്‍ മുങ്ങിപ്പോയി, കൂടുതല്‍ കൂടുതല്‍ ആശയക്കുഴപ്പത്തിലേക്കും സ്വയം നശിപ്പിക്കുന്ന പിന്തിരിപ്പന്‍ രീതികളിലേക്കും വീണു. ഇതിനൊക്കെ പ്രധാന ഹേതു മെറ്റാഫിസിക്കല്‍, ഫിസിക്കല്‍ സയന്‍സുകളിലെ ദാര്‍ശനിക അന്വേഷണരീതിയില്‍ നിന്ന് അകന്നുപോയതാണ്. അതുകൊണ്ട് ഈ രീതിയെ നിരുത്സാഹപ്പെടുത്തിയ പണ്ഡിതന്മാര്‍ തന്നെ സ്വയം കുറ്റം ചുമക്കേണ്ടതുണ്ട്.
ഫിലോസഫിക്കല്‍ എന്‍ഡ് ഗെയിം
പൂര്‍വ്വികരും ആധുനിക കാലത്തിനു മുമ്പുള്ളവരും യാഥാര്‍ത്ഥ്യത്തെ വസ്തുനിഷ്ഠമായി (മനസ്സിന്റെയും ദ്രവ്യത്തിന്റെയും സഹായത്തിലൂടെ) ഗ്രഹിക്കല്‍ സാധ്യമാണെന്ന് മനസ്സിലാക്കി. എന്നാല്‍ ആധുനികരുടെ വരവോടെ, പുരാതന സങ്കല്‍പ്പങ്ങളില്‍ വേരൂന്നിയ ഒരു പുതിയ കാഴ്ചപ്പാട് ഉയര്‍ന്നുവന്നിരുന്നു. യാഥാര്‍ത്ഥ്യം ആത്മനിഷ്ഠമാണ്, ബാഹ്യമോ വസ്തുനിഷ്ഠമോ ആയ സത്യങ്ങളില്ല. ഓരോരുത്തര്‍ക്കും അവരുടേതായ യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഇവിടെ ബുദ്ധിയെ മാറ്റിനിര്‍ത്തിയ കാരണത്താല്‍ വികാരങ്ങള്‍ അര്‍ത്ഥത്തെ നിര്‍ണ്ണയിക്കാന്‍ തുടങ്ങി. ഇത് മൂലം ആധുനികാനന്തര ദാര്‍ശനിക ലോകത്ത് വിശപ്പ്, വികാരങ്ങള്‍, യുക്തി എന്നിവ മനുഷ്യനെ പുനര്‍നിര്‍ണയിച്ചു. അങ്ങനെ മനുഷ്യര്‍ ഏറെ സ്വാര്‍ത്ഥരാവുകയും അവന്റെ വികാരങ്ങള്‍ ശമിപ്പിക്കുന്നതില്‍ സ്വയം വ്യാപൃതരാവുകയും ചെയ്തു.
നൂതന സാങ്കേതികവിദ്യയും ഹ്യൂമനോയിഡ് എന്ന ഉട്ടോപ്യന്‍ വാഗ്ദാനങ്ങളും അന്തസാരശൂന്യമായിരിക്കെ അവ ഒരു പരിഹാരമായി നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു. എന്നിട്ടും ഇവ നമ്മെ ബാധിക്കുന്ന കാര്യങ്ങള്‍ക്ക് ഒരു പരിഹാരമാവുന്നില്ല. നമുക്ക് ആവശ്യമായ പ്രതിവിധി ജ്ഞാനമാണ് (സോഫിയ, ഹിക്മ). ശരിയായ തത്വങ്ങളുടെ സൂക്ഷ്മാവലോകനവും മനുഷ്യന്‍ സ്വയം ആര്‍ജിച്ചെടുത്ത കൃത്യമായ ശാസ്ത്രീയ അനുമാനങ്ങളും തുല്ല്യമായി സമന്വയിപ്പിക്കുമ്പോള്‍ ഫലമായി വരുന്നതാണ് ജ്ഞാനം.
നമ്മുടെ പ്രശ്നങ്ങള്‍ ഭൗതികമല്ല. ശക്തമായ ഒരു സാമ്പത്തികാടിത്തറയുണ്ടായിട്ടും നമുക്ക് നന്മയുടെ ദൗര്‍ലഭ്യം ഉണ്ട്. നമ്മുടെ അത്ഭുതകരമായ കണ്ടുപിടുത്തങ്ങള്‍ ദിവസം തോറും വര്‍ദ്ധിക്കുന്നു. പക്ഷേ, ശരിയായ ധാര്‍മികതയുടെ അഭാവം മൂലമുണ്ടാകുന്ന സാംസകാരിക തകര്‍ച്ചയുമാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ പ്രശ്നം. ഈ പ്രശ്നങ്ങള്‍ മനുഷ്യഹൃദയത്തില്‍ വേരൂന്നിയതാണ്, മറ്റൊരിടത്തും അല്ല. പരിഹാരങ്ങള്‍ വസിക്കുന്നത് അവിടെ മാത്രമാണ്. അതിനാല്‍ ആദ്യം നാം നമ്മുടെ ഹൃദയങ്ങളെ അറിയാന്‍ ശ്രമിക്കണം.
മുസ്ലിംകളെ സംബന്ധിച്ചിടത്തോളം, ലോകത്തിലെ അവസാനത്തെ തിയോസെന്‍ട്രിക് സംസ്‌കാരമായിട്ട് പോലും തങ്ങളുടെ നാഗരികത ദുര്‍ബലപ്പെട്ട് കൊണ്ടിരിക്കുകയാണ്. കാരണം ഇസ്്ലാമിന് അതിന്റെ ആത്മീയ കോമ്പസ് നഷ്ടപ്പെട്ടിരിക്കുന്നു. ആ കോമ്പസ് വഹ്യില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും തികഞ്ഞ യുക്തികൊണ്ട് മാത്രമേ അത് സ്വീകരിക്കാന്‍ കഴിയൂ. ഹൃദയങ്ങളെയും മനസ്സിനെയും പരിഷ്‌കരിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ നമ്മുടെ മഹത്തായ പാരമ്പര്യത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. അവ ഒരു ഉണര്‍വിനായി കാത്തിരിക്കുന്നു. മുന്നോട്ട് പോകുന്നതിനുമുമ്പ് തിരിഞ്ഞുനോക്കുക എന്നതാണ് മുന്നോട്ടുള്ള വഴി. മുനിമാര്‍ പറഞ്ഞതുപോലെ, ”അവര്‍ യാത്ര നിറുത്തിയ സ്ഥലത്തു തന്നെ നിറുത്തി അവിടുന്ന് മുന്നോട്ട് പോവുക.” ഖുര്‍ആന്‍ പരാമര്‍ശിച്ച ഗുഹാ കഥനത്തിലെ ഏഴാളുകള്‍ അവര്‍ക്കുണ്ടായ തുടര്‍ച്ചയായ പീഡനത്തെത്തുടര്‍ന്ന് ഒരു ഗുഹയിലേക്ക് ഓടിപ്പോയി നീണ്ട സുഖശയനത്തിന് ശേഷം ഉണര്‍ന്ന് മാറിയ ഒരു ലോകത്തേക്ക് വീണ്ടും പ്രവേശിച്ചു. സ്വയം സൃഷ്ടിച്ച ഒരു ഗുഹയില്‍ മുസ്ലിം സമൂഹം വളരെക്കാലം മന്ദീഭവിച്ചു നില്‍ക്കുകയാണ്. നമ്മുടെ പാരമ്പര്യം ഉയര്‍ന്നുവരാനും ഉണര്‍ത്താനും വീണ്ടും കണ്ടെത്താനും പുതുക്കാനുമുള്ള സമയമാണിത്. ആ ഉണര്‍വ്വ് ആരംഭിക്കുന്നത് ബീയിന്‍ഗ് (വുജൂദ്)ലൂടെയാവണം. അതായത് മെറ്റാഫിസിക്സിലൂടെ.
വിവര്‍ത്തനം: സിയാദ് ബെളിഞ്ചം
Add comment