ആമുഖം
ഇസ്‌ലാമിക നിയമസംഹിതയുടെ തത്വശാസ്ത്രമായ മഖാസിദുശരീഅക്ക് ഇസ്ലാമിക വിജ്ഞാനശാഖകളിലും, പ്രത്യേകിച്ച് നിയമശാസ്ത്രത്തിലും കാര്യമായ ഇടമുണ്ട്. ആരാധനാ കാര്യങ്ങളിലും സാമ്പത്തിക ഇടപാടുകളിലുമുള്ള നിയമങ്ങള്‍ പ്രത്യേകമായ വാക്കുകളെയോ പ്രവര്‍ത്തികളെയോ പ്രോല്‍സാഹിപ്പിക്കുന്നത് വഴി അല്ലാഹുവിന് വഴിപ്പെടാന്‍ വേണ്ടി മാത്രം സ്ഥാപിക്കപ്പെട്ടതല്ല, മറിച്ച് മനുഷ്യജീവിതത്തിന്റെ ചില ഉന്നതമായ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് ഖുര്‍ആനും സുന്നത്തും സൂക്ഷ്മപരിശോധന നടത്തുമ്പോള്‍ വ്യക്തമാകും. ഏറെ വ്യത്യസ്തതകളുള്ള മഖാസിദ് ഈ ലോകത്തും പരലോകത്തും മനുഷ്യരാശിയുടെ സമഗ്രമായ നന്മക്കായുള്ള ശരീഅത്തിന്റെ ആഴത്തിലുള്ള പരിഗണനയുടെ അടയാളമാണ്. ഖുര്‍ആനെയും സുന്നത്തിനെയും സംബന്ധിച്ച പ്രമുഖമായ വിലയിരുത്തല്‍ അവ മുഴുവന്‍ മനുഷ്യ ഇടപെടലുകള്‍ക്കും ഉപകാരപ്രദവും ചിട്ടയാര്‍ന്നതുമായ നീതിയും സമത്വവും ഉറപ്പുവരുത്തുന്നുവെന്നതാണ്. ഖുര്‍ആന്‍ പറയുന്നു: നിശ്ചയം, നമ്മുടെ സന്ദേശവാഹകരെ സ്പഷ്ടദൃഷ്ടാന്തങ്ങളുമായി നാം നിയോഗിക്കുകയും ജനങ്ങള്‍ക്ക് നീതിപൂര്‍വ്വം ജീവിക്കാനായി അവരൊന്നിച്ച് വേദവും നീതിനിഷ്ഠയും നാമവതരിപ്പിക്കുകയും ചെയ്തു (57:25).
പ്രവാചക നിയോഗത്തിന്റെ കാതലായ ഉദ്ദേശ്യം നീതി നടപ്പാക്കലായിരുന്നുവെന്ന് മേലുദ്ധരിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തം പ്രഖ്യാപിക്കുന്നു. അല്ലാഹുവിന്റെ അനുശാസനകള്‍ അനുസരിച്ച് തന്റെ ജീവിതം ചിട്ടപ്പെടുത്താന്‍ മനുഷ്യര്‍ ബാധ്യസ്ഥരാണെന്നിരിക്കെ പുതിയ പുതിയ വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ അവക്കും കൃത്യമായ നിയമങ്ങള്‍ ഉണ്ടാകല്‍ അനിവാര്യമാണ്. ഇസ്‌ലാമിക നിയമങ്ങള്‍ക്ക് പിന്നിലെ യുക്തി കണ്ടെത്തലാണ് മഖാസിദീ പഠനങ്ങളുടെ പ്രത്യേകതയായി ഫുഖഹാഅ് പരിഗണിക്കുന്നത്. അതിസൂക്ഷ്മ പരിശോധനയിലൂടെ യഥാര്‍ത്ഥ സാഹചര്യം തിരിച്ചറിഞ്ഞും ദൈവിക സത്ത ചോര്‍ന്നുപോകാതെ ശരീഅയെ ഉള്‍ച്ചേര്‍ത്തുകൊണ്ടുമുള്ള ഇജ്തിഹാദീ ശൈലികള്‍ ഒറ്റയായും കൂട്ടമായും കര്‍മ്മശാസ്ത്ര വിശാരദര്‍ക്കുണ്ടാകല്‍ അനിവാര്യമാണ്. അങ്ങനെയല്ലെങ്കില്‍ ഇസ്‌ലാമിക നിയമങ്ങളെ തെറ്റായി വ്യാഖ്യാനിക്കാനും അതുവഴി ശരീഅത്തിന്റെ സുപ്രധാന തത്വങ്ങള്‍ക്ക് കളങ്കം വരാനും സാധ്യതയുണ്ട്. കര്‍മ്മശാസ്ത്രപണ്ഡിതര്‍ മഖാസിദ് കേന്ദ്രീകൃത ഇജ്തിഹാദിനെ മുന്നോട്ട് വെക്കുന്നതും, അങ്ങനെ മഖാസിദിനെ ഇജ്തിഹാദിനുള്ള മുന്നുപാധിയാക്കി തീര്‍ക്കുന്നതും ഈയൊരു ലക്ഷ്യ സാക്ഷാത്കാരത്തിനായാണ്.
മഖാസിദ് കേന്ദ്രീകൃത ഇജ്തിഹാദിലെ പ്രധാന പ്രമേയങ്ങള്‍
മഖാസിദ് (ഏകവചനം: മഖ്‌സദ്) എന്ന പദത്തിന്റെ ഭാഷാര്‍ത്ഥം ലക്ഷ്യങ്ങള്‍, ഉദ്ദേശ്യങ്ങള്‍, ആഗ്രഹങ്ങള്‍ എന്നൊക്കെയാണ്. ആദ്യകാല ഉസൂലി പണ്ഡിതര്‍ മഖാസിദിനെ വ്യത്യസ്ത രീതികളിലൂടെ അപഗ്രഥിക്കുകയും, വ്യത്യസ്ത സാങ്കേതിക പദങ്ങളിലൂടെ / സംജ്ഞകളിലൂടെ പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവര്‍ മഖാസിദിനെ ഹിക്മ(യുക്തി), മസ്‌ലഹ (നന്മ), മുനാസബ (യോജിപ്പ്), ഇല്ലത്ത് (കാരണം) എന്നീ സങ്കേതിക പദങ്ങളിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. അതോടൊപ്പം, ചില പണ്ഡിതര്‍ മഖാസിദിനെ പരിചയപ്പെടുത്തുന്നത്, മഅ്ഖൂലിയ്യതു ശരീഅ (ശരീഅത്തിന്റെ യുക്തി), ഫല്‍സഫത്തു ശരീഅ (ശരീഅത്തിന്റെ തത്വശാസ്ത്രം) എന്നീ പദപ്രയോഗങ്ങളിലൂടെയാണ്. ചിലര്‍ ശരീഅയുടെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, പ്രയാസങ്ങള്‍ ഒഴിവാക്കുക, പ്രതിസന്ധികള്‍ കുറക്കുകയും ഒഴിവാക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്രീകരിച്ച് പേര് നല്‍കുകയും ചെയ്തു. അതേസമയം, ചില പണ്ഡിതര്‍ നീതിയും സുരക്ഷയും ഉറപ്പ് വരുത്തുക, ലഘൂകരണം, മിതാവസ്ഥ, രമ്യത, ഇളവ്, തുല്യത, തീവ്രതയും ഉഗ്രവാദവും നിര്‍മാര്‍ജ്ജനം ചെയ്യുക തുടങ്ങിയ മഖാസിദിന്റെ പ്രത്യേക പ്രതിപാദ്യങ്ങളെ സൂചിപ്പിച്ചുകൊണ്ടാണ് അതിനെ വിശദീകരിക്കുന്നത് (ശാത്വിബി, ഹി.1402, 2:175; ഇബ്‌നു ആശൂര്‍, 2001; ഹാമിദ്, 1979).
ചുരുക്കത്തില്‍, ഇസ്‌ലാമിന്റെ ധാര്‍മ്മിക ചട്ടക്കൂടിനെ അടിസ്ഥാനപ്പെടത്തുന്ന ആത്യന്തിക ലക്ഷ്യങ്ങളാണ് മഖാസിദ് (അല്‍ മിസാവി, 2003: 32). മഖാസിദും ജനങ്ങള്‍ക്കായി നന്മ കൊണ്ടുവരികയും അവരുടെ തിന്മകളെ തട്ടുകയും ചെയ്യുക എന്ന തത്വവും തമ്മില്‍ അന്തര്‍ലീനമായ ബന്ധത്തെ ചില നിദാനശാസ്ത്ര പണ്ഡിതര്‍ വിശദീകരിച്ച് പറയുന്നുണ്ട് (ഖറദാവി, 2000: 1:31). അബൂ ഹാമിദ് അല്‍ഗസാലി (റ) (മ.1111) യുടെ വീക്ഷണത്തില്‍, വിശ്വാസം, ജീവിതം, ബുദ്ധി, കുടുംബം, സമ്പാദ്യം എന്നീ അഞ്ച് കാര്യങ്ങളുടെ സംരക്ഷണമാണ് ശരീഅത്ത് ആത്യന്തികമായി ലക്ഷ്യമിടുന്നത് (ഗസാലി, ഹി.1413, 1:174). ഈ അഞ്ച് കാര്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന മുഴുവന്‍ ഇടപെടലുകളും നന്മയായി (മസ്‌ലഹ) പരിഗണിക്കപ്പെടുന്നതും, അതേസമയം, അവയുടെ നാശത്തിന് ഹേതുകമാകുന്ന കാര്യങ്ങളെ തിന്മയായി (മഫ്‌സദ) പരിഗണിക്കപ്പെടുന്നതാണ്. അതിനാല്‍, ഉപദ്രവകരമായ കാര്യങ്ങളെ തട്ടിമാറ്റി ഒഴിവാക്കലും നന്മ/ ഉപകാരപ്രദമായ കാര്യമായാണ് പരിഗണിക്കപ്പെടുന്നത്.
മതം, ശരീരം, ബുദ്ധി, സന്താനപരമ്പര/കുടുംബം, സമ്പാദ്യം എന്നീ അഞ്ച് പ്രാപഞ്ചിക ലക്ഷ്യങ്ങളുടെ സംരക്ഷണമാണ് മഖാസിദെന്ന് സര്‍വ്വരും അംഗീകരിക്കുന്നതാണ്.
പ്രത്യക്ഷത്തില്‍, എല്ലാ ജനവിഭാഗങ്ങളും ഈ അഞ്ച് അടിസ്ഥാന ലക്ഷ്യങ്ങളുടെ പ്രാധാന്യം അംഗീകരിക്കുന്നുണ്ട്. മഖാസിദുമായി ബന്ധപ്പെട്ട സമകാലിക കര്‍മ്മശാസ്ത്ര പണ്ഡിതരുടെ നിര്‍വ്വചനങ്ങള്‍ താരതമ്യേന കൂടുതല്‍ സമഗ്രമാണ്. അതോടൊപ്പം, അവര്‍ മഖാസിദിനെ ഉസൂലുല്‍ ഫിഖ്ഹിന്റെ കീഴില്‍ വരുന്നതോ, ഖിയാസിന്റെ ഉപചര്‍ച്ചയായോ ഗണിക്കുന്നില്ലെന്ന് മാത്രമല്ല, അതിനെ സ്വതന്ത്ര വ്യവസ്ഥിതിയായി പരിചയപ്പെടുത്തുകയാണ് (ഔദ, 2008: xxv). ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ നേടിയെടുക്കാനും പൊതുജനം ഇടപെടുന്ന പ്രത്യേക വിഷയങ്ങളില്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടാനും ശരീഅത്ത് കൊണ്ടുവന്ന നടപടിക്രമമായാണ് അവര്‍ അതിനെ നിര്‍വ്വചിക്കുന്നത് (ഇബ്‌നു ആശൂര്‍, 2001: 306-307, അല്‍ ഫാസി, 1993: 7). ചുരുക്കത്തില്‍, ഇസ്‌ലാമിക നിയമവ്യവസ്ഥയില്‍ അന്തര്‍ഭവിച്ചിരിക്കുന്ന മൂല്യങ്ങളും ലക്ഷ്യങ്ങളുമാണ് മഖാസിദ് അടയാളപ്പെടുത്തുന്നത് (ഔദ, 2008: xxiv).
പൊതുവെ മനുഷ്യനിര്‍മ്മിത നിയമങ്ങളെയും പ്രത്യേകിച്ച് ഭൗതിക കാഴ്ചപ്പാടുകളെയും സംബന്ധിച്ച് അവ ഇഹലോക ജീവിതത്തില്‍ മാത്രം കേന്ദ്രീകൃതവും പരലോക ജീവിതത്തെ അവഗണിക്കുന്നതുമാണ്. ഭൗതിക നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശരീഅ നിയമങ്ങള്‍ ജീവിതത്തിന്റെ മുഴുവന്‍ മേഖലകളെയും ബന്ധപ്പെടുന്നതാണ്. ഈ ലോകത്ത് മഹിതമായ ജീവിതം കാഴ്ചവെക്കുന്നതിന് വേണ്ടി മാത്രമല്ല, അതോടൊപ്പം, പരലോകത്തും ദൈവിക തൃപ്തി നിലനിര്‍ത്താന്‍ വേണ്ടിയുള്ളതാണ്. ശരീഅത്ത് മനുഷ്യസമൂഹത്തിന് കാരുണ്യമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. ഒരു സൂക്തത്തില്‍ ശരീഅത്തിന്റെ ലക്ഷ്യമായി ഖുര്‍ആന്‍ പറയുന്നതിങ്ങനെയാണ്, ‘നബീ, പ്രപഞ്ചത്തിന് അനുഗ്രഹമായി മാത്രമാണ് താങ്കളെ നാം നിയോഗിച്ചിട്ടുള്ളത്’ (21: 107). കാര്യണ്യത്തിന്റെ പ്രധാനപ്പെട്ട മാനങ്ങളിലൊന്ന് നേരായ പാത കാണിച്ച് കൊടുക്കലും കഷ്ടപ്പാടുകളില്‍ ആശ്വാസം പകരലുമാണെന്ന വശം ഖുര്‍ആന്‍ പ്രസ്താവിക്കുന്നതിങ്ങനെയാണ്. ‘ആ നബി അവരോട് നന്മ കല്‍പ്പിക്കുകയും തിന്മ നിരോധിക്കുകയും ചെയ്യുന്നു, എല്ലാ നല്ലതും അനുവദിക്കുകയും ചീത്ത നിഷിദ്ധമാക്കുകയും അവരുടെ ഭാരങ്ങള്‍ ഇറക്കിവെക്കുകയും ചെയ്യുന്നു, അവരെ വരിഞ്ഞു മുറുക്കിയിരുന്ന ചങ്ങലകള്‍ അഴിച്ചുമാറ്റുന്നു’ (7:157).
മേല്‍ സൂക്തത്തില്‍ പറഞ്ഞ നന്മ എന്ന പദം സൂചിപ്പിക്കുന്നത്, സദാചാര ധര്‍മ്മങ്ങളെ സ്ഥാപിക്കലും കുടുംബബന്ധം കാത്തുസൂക്ഷിക്കലുമാണ് (ഖുര്‍ത്വുബി, ഹി.1353, 7:299). നല്ലത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് നിയമാനുസൃതം അനുവദിക്കപ്പെട്ട മുഴുവന്‍ കാര്യങ്ങളും ചീത്തത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് നിരോധിക്കപ്പെട്ടതും പ്രത്യക്ഷത്തില്‍ ആരോഗ്യകരമല്ലാത്തതുമാണ് (ഇബ്‌നു കസീര്‍, 1999: 3:487). അത് പോലെ, ഈ സൂക്തം വെളിച്ചം വീശുന്നത് ശരീഅത്തിന്റെ രണ്ട് പ്രധാന മാനങ്ങളായ ലഘൂകരണത്തിലേക്കും സാര്‍വ്വലൗകികതയിലേക്കുമാണ്. ജനങ്ങള്‍ക്കുമേല്‍ അമിത കാര്‍ക്കശ്യം കാണിക്കാതെ ശുഭപ്രതീക്ഷ നല്‍കാന്‍ അധികാരികളെ ഉണര്‍ത്തുന്നു. ഖുര്‍ആനിന്റെ തനി പ്രായോഗിക രീതിയെ പരിചയപ്പെടുത്തുന്ന പ്രവാചക ജീവിതത്തില്‍ മേല്‍സൂചിപ്പിച്ച സന്ദേശങ്ങളെ പ്രയോഗവത്കരിക്കുന്ന അനവധി സംഭവങ്ങള്‍ കാണാം. (ഇബ്‌നു കസീര്‍, 1999: 3:488). ഇസ്‌ലാം ജനങ്ങളോട് ആവശ്യപ്പെടുന്നത്, സുസ്ഥിരവും ക്രമാനുഗതവുമായ ഒരു ലോക നിര്‍മ്മിതിക്കായി അവരുടെ ചിന്ത, വിചിന്തനം, നിരൂപണാത്മക ചിന്ത, ക്രിയാത്മക വിചാരം, നൂതന ആശയങ്ങള്‍, അതിസൂക്ഷ്മ അന്വേഷണം എന്നിവ ഉപയോഗപ്പെടുത്താനാണ്.
കഴിവും പ്രാപ്തിയുമുള്ളവര്‍ ഇജ്തിഹാദ് ചെയ്യേണ്ടതും അവരുടെ ധൈഷണിക അദ്ധ്വാനത്തിന് അതിന്റെ ഫലം തെറ്റോ ശരിയോ ഏതുമാണെങ്കിലും പ്രതിഫലം നല്‍കപ്പെടുന്നതുമാണ്. ശരിയാണെങ്കില്‍ രണ്ട് പ്രതിഫലവും നല്‍കപ്പെടും. ദൈവിക പ്രകൃതി പാപങ്ങള്‍ പൊറുത്ത് നല്‍കലാണ്. പ്രവാചകന്‍ പറയുന്നു, ‘തീര്‍ച്ചയായും അല്ലാഹു എന്റെ സമുദായത്തിന് അവരുടെ പിഴവുകളും മറവിയും നിര്‍ബന്ധിതമായി ചെയ്യേണ്ടിവന്നതും പൊറുത്ത് നല്‍കിയിരിക്കുന്നു’ (ഇബ്‌നു മാജ, വാ.3, പേ.199). എന്നിരുന്നാലും, ഇജ്തിഹാദിനെ സംബന്ധിച്ച് അതില്‍ പിഴവ് സംഭവിച്ചാല്‍ അല്ലാഹു പൊറുത്തുകൊടുക്കുന്നു എന്ന് മാത്രമല്ല, അവര്‍ക്കൊരു പ്രതിഫലവും വാഗ്ദാനം ചെയ്യുന്നു. ശരീഅത്തിന്റെ പ്രമാണങ്ങളില്‍ നിന്ന് നിയമങ്ങള്‍ സ്വാംശീകരിച്ചെടുക്കാനുള്ള ഒരു പരിപൂര്‍ണ്ണ യത്‌നമാണ് ഇജ്തിഹാദ്. ഇത് ശരീഅ പ്രമാണങ്ങളെ യഥാര്‍ത്ഥ സ്ഥലങ്ങളില്‍ അവരോധിക്കാനുള്ള ബൗദ്ധികമായ ശ്രമമാണ്. ഒരു മനുഷ്യനെന്ന നിലക്ക് അവന്റെ തീരുമാനം തെറ്റോ ശരിയോ ആകാം (അല്‍ കാളിമി, ഹി.1419: 1:45).
ഖുര്‍ആനില്‍ അല്ലാഹു സ്വയം പരിചയപ്പെടുത്തുന്നത് തന്ത്രശാലി എന്നാണ്. അതിനാല്‍ മനുഷ്യനിര്‍മ്മിതിക്ക് പിന്നിലും അവന്‍ കൃത്യമായ യുക്തി ഒരുക്കിവെച്ചിട്ടുണ്ട്. ഒരാള്‍ എത്രത്തോളം അല്ലാഹുവിനെ അറിയുന്നു, അത്രത്തോളം ആഴത്തില്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെയും കല്‍പ്പനകളുടെയും യുക്തിയും ലക്ഷ്യങ്ങളും ഉള്‍കൊള്ളുന്നു. അല്ലാഹു പറയുന്നു, ‘നാം നിങ്ങളെ നിരര്‍ത്ഥകമായി പടച്ചു വിട്ടതാണെന്ന് നിങ്ങള്‍ വിചാരിച്ചിരിക്കുകയാണോ? ‘ (23.115.) ഇസ്‌ലാമിക നിയമസംഹിതക്ക് പിന്നിലെ മുഴുവന്‍ യുക്തിയും വിശദീകരിക്കുന്നതിന് പകരം അല്ലാഹു ഇസ്‌ലാമിക നിയമങ്ങളുടെ ലക്ഷ്യങ്ങളും താല്‍പര്യങ്ങളും പര്യാലോചന ചെയ്യാനുള്ള പ്രത്യേക മാനദണ്ഡങ്ങള്‍ ഉണ്ടാക്കുകയും, അതിനായി ജനങ്ങള്‍ അവരുടെ ബുദ്ധിയും കഴിവും ഉപയോഗപ്പെടുത്തുന്നത് വഴി അവരുടെ ശ്രമങ്ങള്‍ക്കനുസൃതമായ പ്രതിഫലം നല്‍കുകയും ചെയ്യുന്നു. മുന്‍പില്ലാത്ത നിയമപരവും ധാര്‍മ്മികവുമായ വിഷയങ്ങളില്‍ തീരുമാനമെടുക്കുമ്പോഴും നിയമനിര്‍മ്മാണം നടത്തുമ്പോഴും മഖാസിദിന് അതില്‍ പ്രധാന പങ്കുണ്ട്. ശരീഅ ലക്ഷ്യങ്ങളുമായി പ്രവര്‍ത്തന ഫലങ്ങളെ താരതമ്യപ്പെടുത്തി നിയമരൂപീകരണത്തിന് കര്‍മ്മശാസ്ത്ര പണ്ഡിതരെ അവര്‍ സഹായിക്കുന്നു. അല്ലാഹു ഖുര്‍ആനില്‍ ആയിരത്തിലധികം സ്ഥലങ്ങളില്‍ നിയമങ്ങള്‍ക്ക് പിറകെ അതിന്റെ ലക്ഷ്യങ്ങളും വിശദീകരിക്കുന്നു. ഈ മാനദണ്ഡത്തിനനുസൃതമായാണ് കര്‍മ്മശാസ്ത്ര പണ്ഡിതര്‍, ശരീഅ ലക്ഷ്യങ്ങളെ പൂര്‍ത്തിയാക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടതാകണം ഇസ്‌ലാമിക നിയമങ്ങള്‍ എന്ന നിഗമനത്തിലെത്തിയത്. (അല്‍ ജൗസിയ്യ, 1968: 1:169)
ഉപകാരം ഉണ്ടാക്കുകയും പ്രയാസം ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ഇജ്തിഹാദിന്റെയും ഫത്വയുടെയും പ്രധാന മാനദണ്ഡങ്ങളായി കര്‍മ്മശാസ്ത്ര പണ്ഡിതര്‍ ചേര്‍ത്ത് വെക്കുന്നത്.
ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി ഉസൂലുല്‍ ഫിഖ്ഹ് മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ തെളിയിക്കുന്നത് ഖുര്‍ആന്‍ വെറും അതിന്റെ അവതീര്‍ണ്ണ സമയത്തെ പ്രത്യേക കാലത്തോട് മാത്രം സംവദിക്കുന്നതല്ലെന്നും, അതിലുപരി, വിഷയങ്ങളെ സര്‍വ്വവ്യാപിയായി കൈകാര്യം ചെയ്യാനുള്ള മതിയായ ഘടന അതിനുണ്ടെന്നുമാണ്. ശരീഅത്ത് പരിചയപ്പെടുത്തുന്നത് മനുഷ്യര്‍ നേരിടുന്ന എല്ലാ വിഷയങ്ങളെയും സമീപിക്കാന്‍ കഴിയുന്ന ആത്യന്തിക ലക്ഷ്യങ്ങളെയും താല്‍പര്യങ്ങളെയുമാണ്.
മഖാസിദ് സംവാദങ്ങളിലെ നൈതിക മൂല്യങ്ങള്‍
സമുന്നത സ്വഭാവഗുണങ്ങളും സദാചാര മൂല്യങ്ങളും ഇസ്‌ലാമില്‍ വിശ്വാസത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടുന്നതാണ്. ഇമാം ശാത്വിബി സൂചിപ്പിച്ചതു പോലെ, സനാതന ധര്‍മ്മങ്ങളാണ് ശരീഅ എന്ന് സംഗ്രഹിച്ച് പറയാം. ഖൂര്‍ആന്‍ വിഭാവന ചെയ്യുന്ന ധാര്‍മ്മികത, വിശ്വാസവും ധാര്‍മ്മിക മൂല്യങ്ങളും ഉള്‍കൊണ്ടതാണ്.
അല്ലാഹു പറയുന്നു: ‘കിഴക്കോട്ടോ പടിഞ്ഞാറോട്ടോ നിങ്ങള്‍ മുഖം തിരിക്കലല്ല പുണ്യം. പ്രത്യത അല്ലാഹുവിലും അന്ത്യനാളിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, ധനത്തോടു പ്രതിപത്തിയുണ്ടായിരിക്കെ തന്നെ ബന്ധുക്കള്‍, അനാഥകള്‍, ദരിദ്രര്‍, യാത്രക്കാര്‍, യാചകന്‍മാര്‍ എന്നിവര്‍ക്കും അടിമവിമോചനത്തിനും അതുനല്‍കുകയും, നമസ്‌കാരം യഥാവിധി നിര്‍വഹിക്കുകയും സകാത്ത് കൊടുക്കുകയും ഏര്‍പ്പെട്ട കരാറുകള്‍ പൂര്‍ത്തീകരിക്കുകയും, വിഷമതകളും കഷ്ടപ്പാടുകളും വന്നെത്തുമ്പോഴും യുദ്ധരംഗത്താകുമ്പോഴും ക്ഷമ കൈക്കൊള്ളുകയും ചെയ്യുന്നവര്‍ ആരോ അവരാണ് പുണ്യവാളന്മാര്‍. സത്യസന്ധത പാലിച്ചവരും ജീവിതത്തില്‍ സൂക്ഷമത പുലര്‍ത്തിയവരും അവര്‍ തന്നെ’. (2: 177)
്
വിശ്വാസവും ആരാധനയും ധാര്‍മ്മിക മൂല്യങ്ങളും ഉള്‍ച്ചേര്‍ന്നതാണ് ധാര്‍മ്മികതയെന്ന് മേല്‍സൂക്തം രേഖപ്പെടുത്തുന്നു. ‘നന്മ സല്‍സ്വഭവവും തിന്മ മനസ്സിനെ അലട്ടുന്നതും ജനങ്ങള്‍ അറിയരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതുമാണെന്ന് പ്രവാചകന്‍ ഊന്നിപ്പറയുന്നു’ (മുസ്‌ലിം, വാ.8, പേ.6). വിശ്വാസിയുടെ ജീവിതത്തില്‍ സ്വഭാവശൂദ്ധീകരണത്തിന്റെ പ്രാധാന്യം പ്രവാചകവചനങ്ങളില്‍ കാണാം. ഇസ്‌ലാമിലെ സദാചാര മൂല്യങ്ങളുടെ പ്രാധാന്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രവാചകന്‍ പറഞ്ഞു: ‘സല്‍സ്വഭാവത്തിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടി മാത്രമാണ് ഞാന്‍ നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്’. പ്രവാചക ദൗത്യത്തിന്റെ കാതലായ ലക്ഷ്യം സമ്പൂര്‍ണ്ണ ധര്‍മ്മനിഷ്ഠയാണെന്നും പറയാം. (മുസ്‌നദുല്‍ ബസ്സാര്‍, വാ.15, പേ.364). അതോടൊപ്പം, ഒരാളുടെ ഇസ്‌ലാമിന്റെ പൂര്‍ണ്ണത അയാളുടെ സ്വഭാവത്തിന്റെ പരിശുദ്ധിക്കനുസൃതമായാണ് അളക്കേണ്ടത്. സ്വഭാവരൂപീകരണത്തിന് വിശ്വാസികളെ പ്രേരിപ്പിക്കാനായി പ്രവാചകന്‍ പരലോകത്ത് നിരവധി പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഖുര്‍ആനിക വീക്ഷണത്തില്‍ മനുഷ്യന്റെ ജീവിതചര്യയിലെ സദാചാര ധര്‍മ്മങ്ങളെ ഊട്ടിയുറപ്പിക്കാന്‍ വേണ്ടി സംവിധാനിക്കപ്പെട്ടതാണ് ആരാധന. നീചവൃത്തികളിലും നിഷിദ്ധകര്‍മങ്ങളിലും നിന്ന് തീര്‍ച്ചയായും നിസ്‌കാരം തടയുന്നതാണ് (29:45). സകാത്ത് മനുഷ്യന്റെ സമ്പത്ത് ശുദ്ധീകരണത്തിനും നിസഹായരോട് സ്‌നേഹത്തോടെയും കരുണയോടെയും ഇടപെട്ട് സ്വഭാവ സംസ്‌കരണത്തിനും സഹായകമാകുന്നു (ഖുര്‍ആന്‍: 9/103).
ജനങ്ങളോട് താഴ്മ കാണിക്കുന്നതിനും അവര്‍ക്ക് ആശ്വാസം പകരുന്നതിനും ഉപരിയായി, സകാത്ത് നല്‍കിയവന്റെ സ്വഭാവത്തെ സംസ്‌കരിക്കുകയും അത്യാര്‍ത്ഥിയില്‍ നിന്ന് ശുദ്ധമാക്കുകയും ചെയ്യുന്നു. നോമ്പ് ദൈവിക ബോധം ശക്തിപ്പെടുത്തുകയും അനാവശ്യങ്ങള്‍ക്ക് വേണ്ടി നാവ് ഉപയോഗപ്പെടുത്തുന്നത് നിയന്ത്രിക്കാന്‍ മനുഷ്യര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നു. സൃഷ്ടാവിനോടും സൃഷ്ടികളോടും സ്വന്തത്തോടുമുള്ള ഉല്‍കൃഷ്ട ബന്ധത്തെയാണ് സല്‍സ്വഭാവം അര്‍ത്ഥമാക്കുന്നത്. ക്രമേണ അത്യാവശ്യങ്ങള്‍(ളറൂറിയാത്ത്), ആവശ്യങ്ങള്‍ (ഹാജിയ്യാത്ത്), അലങ്കാരങ്ങള്‍ (തഹ്‌സീനിയ്യാത്ത്) എന്നീ മൂന്ന് ഘട്ടങ്ങളാണ് മഖാസിദിനുള്ളത്. ളറൂറിയ്യാത്തിന്റെ ഉപഘടകമായി പരിഗണിക്കപ്പെടുന്ന തഹ്‌സീനിയ്യാത്തിലാണ് ധാര്‍മ്മിക മൂല്യങ്ങള്‍ വലിയ അളവില്‍ ഉള്‍കൊള്ളിക്കപ്പെട്ടിരിക്കുന്നത്. സല്‍സ്വഭാവത്തിന്റെ ശാക്തീകരണമാണ് തഹ്‌സീനിയ്യാത്ത് അര്‍ത്ഥമാക്കുന്നതെന്ന് ഇമാം റാസി വിശദീകരിക്കുന്നു. തെറ്റായ സ്വഭാവങ്ങളോടുള്ള പോരാട്ടവും സല്‍ഗുണങ്ങളെ സ്വീകരിക്കലുമാണ് തഹ്‌സീനിയ്യാത്തെന്നാണ് ഇമാം ശാതിബി വ്യക്തമാക്കുന്നത്.
ശരീഅത്ത് ഒരു വ്യവസ്ഥയായി കൊണ്ടുപോകാന്‍ അത്യാവശ്യമായ അടിസ്ഥാന ആദര്‍ശങ്ങളായാണ് ധാര്‍മ്മിക മൂല്യങ്ങളെ മഖാസിദ് പരിഗണിക്കുന്നത്. ഒരളവോളം ഇസ്‌ലാമിക നിയമങ്ങളുടെ സത്തയെ സംരക്ഷിക്കാനുള്ള വഴികളാണ് ധാര്‍മ്മിക മൂല്യങ്ങള്‍. അങ്ങനെ ചെയ്യാന്‍ കഴിയാതിരിക്കുന്നത് വലിയ അളവില്‍ അടിസ്ഥാന ലക്ഷ്യങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുകയും ചെയ്യും. ഈയര്‍ത്ഥത്തില്‍, ധര്‍മ്മശാസ്ത്രത്തന്റെ ദൗത്യങ്ങളിലൊന്ന് ളറൂറിയ്യാത്തിന് കോട്ടം വരുത്തുന്നതിനെ തടയലാണ്, അഥവാ ധര്‍മ്മശാസ്ത്രം ളറൂറിയ്യാത്തിന്റെ സംരക്ഷകരാകുന്നു.
വൈദ്യ നൈതികതയില്‍ മഖാസിദ് പ്രയോഗിക്കുമ്പോള്‍
ജീവിതം, ആരോഗ്യം, മരണം എന്നിവയുമായി നേരിട്ട് ബന്ധപ്പെടുന്നുവെന്നതിനാല്‍ വ്യത്യസ്ത തൊഴില്‍ ബന്ധിത ധാര്‍മ്മിക മൂല്യങ്ങള്‍ക്കിടയില്‍ വൈദ്യ ധാര്‍മ്മികതക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. തൊഴില്‍ നിയമങ്ങളും പെരുമാറ്റരീതികളുമാണ് ജോലിയോടും സമൂഹത്തോടും സ്വന്തത്തോടും ഉദ്യോഗസ്ഥര്‍ക്കുള്ള പ്രതിബദ്ധത നിശ്ചയിക്കുന്നത്. ഡോക്ടര്‍, രോഗികള്‍, സഹഡോക്ടര്‍ തുടങ്ങിയവരുടെ ഉത്തരവാദിത്വങ്ങളെയും അവകാശങ്ങളെയും രോഗികളുടെ പരിചരണത്തിലും അവരുടെ ബന്ധുക്കളോടുള്ള പെരുമാറ്റത്തിലും ഡോക്ടറുടെ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച സാധാരണ തൊഴില്‍ മര്യാദ നയങ്ങളാണ് വൈദ്യശാസ്ത്ര നൈതികത എന്ന് പറയുന്നത്. (മില്ലര്‍ കീന്‍ എന്‍സൈക്ലോപീഡിയ, 2003).
ഈ സദാചാര നിര്‍മ്മിതി ഒരു പ്രായോഗിക രീതിശാസ്ത്രം എന്ന നിലക്ക് ആരോഗ്യസംരക്ഷണ രംഗത്തുള്ള മുഴുവന്‍ വ്യക്തികളുടെയും തൊഴില്‍ പെരുമാറ്റ രീതികളെ നിയന്ത്രിക്കാന്‍ കഴിയുന്നതാണ്. മികച്ച സേവനങ്ങള്‍ക്കും പ്രവര്‍ത്തന മികവിനും തൊഴില്‍ മര്യാദകള്‍ പാലിക്കല്‍ അനിവാര്യമാണ്. സ്വഭാവ ചട്ടങ്ങള്‍ അവഗണിക്കുന്നത് ലക്ഷ്യപൂര്‍ത്തീകരണത്തിന് വിഘ്‌നം സൃഷ്ടിക്കുകയും അതുവഴി പൊതുജനങ്ങളുടെ അവകാശങ്ങളും സുഗമമായ ഭരണനിര്‍വ്വഹണവും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഈ പ്രശ്‌നത്തിനുള്ള പരിഹാരമായി, ചില സദാചാര കടപ്പാടുകള്‍ നിയമപരമായ ഉത്തരവാദിത്വങ്ങളായി പുനര്‍നിര്‍മ്മിക്കപ്പെടണം. അങ്ങനെ ഈ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവും അവഗണനയും നിയമലംഘനമായിക്കണ്ട് ജനങ്ങള്‍ക്ക് ഹരജി നല്‍കാന്‍ കഴിയും.
ഇസ്‌ലാമിക വൈദ്യശാസ്ത്ര രചനകള്‍ ഡോക്ടര്‍-രോഗി ബന്ധത്തെ നിയന്ത്രിക്കുന്ന നിരവധി പൊതുതത്വങ്ങളാല്‍ സമ്പന്നമാണ്. ആരോഗ്യസംരക്ഷണത്തിനുള്ള പ്രധാന വഴി എന്ന നിലക്ക് ചികിത്സക്ക് ഇസ്‌ലാമിന്റെ ആദ്യകാലമായ മുഹമ്മദ് നബിയുടെ കാലം മുതല്‍ക്കേ ശരീഅത്ത് വലിയ പരിഗണന നല്‍കിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ഒരുപാട് നിര്‍ദേശങ്ങള്‍ ഇസ്‌ലാമിന്റെ രണ്ട് പ്രമാണങ്ങളിലുമുണ്ട്. പ്രവാചക വചനങ്ങളില്‍ ഊന്നല്‍ നല്‍കപ്പെട്ട നിബന്ധനകളില്‍ പ്രധാനപ്പെട്ടതാണ് ഡോക്ടര്‍മാരുടെ കഴിവും വിശ്വസ്തതയും. അതിലൊന്നാമത്തേത് യോഗ്യരല്ലാത്ത ഡോക്ടര്‍മാരുടെ ഉപദ്രവങ്ങളില്‍ നിന്ന് മനുഷ്യരെ സംരക്ഷിക്കാനും രണ്ടാമത്തേത് രോഗിയുടെ അഭിമാനത്തെയും സ്വകാര്യതയെയും ബഹുമാനിക്കാനും വേണ്ടിയാണ്.
മഖാസിദിന്റെ പൂര്‍ത്തീകരണത്തില്‍ വൈദ്യശാസ്ത്രത്തിന് ചെറുതല്ലാത്ത പങ്കുണ്ടെന്നും ശരീഅത്തിന്റെ ലക്ഷ്യങ്ങളും വൈദ്യശാസ്ത്രത്തിന്റ ലക്ഷ്യങ്ങളും പല വിഷയങ്ങളിലും യോജിക്കുന്നതായി കാണാന്‍ കഴിയുമെന്നും അഹ്മദ് റയ്‌സൂനി വ്യക്തമാക്കുന്നു (അല്‍ സാഹിര്‍, 2013). ചില സമൂഹങ്ങള്‍ മനുഷ്യജീവന്റെ സംരക്ഷണത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കുന്നുവെങ്കിലും സന്താനപരമ്പര/കുടുംബ സംരക്ഷണം അവഗണിക്കുകും ചെയ്യുന്നു. അത്‌കൊണ്ട് പ്രായമാകലും രാഷ്ട്ര പൂരോഗതിയുടെ ഭാഗമാകേണ്ട മതിയായ യുവതയുടെ അഭാവവും വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.
അബ്ദുല്‍ മലിക് ബിന്‍ ഹബീബ് അല്‍ അന്തലൂസി (മ. 853)യെ പോലുള്ള പണ്ഡിതര്‍ ചികിത്സ നടത്താനുള്ള കഴിവും ലൈസന്‍സും അനുമതിയുമാണ് ആവശ്യോപാധിയായി ഉയര്‍ത്തിക്കാണിച്ചത്. ആധുനിക ചികിത്സയുടെ നാല് അടിസ്ഥാന വൈദ്യശാസ്ത്ര തത്വങ്ങളായ സ്വാതന്ത്ര്യം, ഔദാര്യം, സുരക്ഷ, നീതി തുടങ്ങിയവ അലിയ്യ് ബിന്‍ രിദ്‌വാന്‍(മ.1061), ഇബ്‌നു അബീ ഉസൈബിയഹ് (മ.1270)പോലുള്ള ആദ്യകാല മുസ്ലിം പണ്ഡിതര്‍ പലപ്പോഴും സൂചിപ്പിച്ചതാണ്. അവരുടെ വീക്ഷണത്തില്‍ ഒരു ഡോക്ടര്‍ക്കുണ്ടാകേണ്ട ഗുണങ്ങള്‍ സ്വഭാവം, ശാരീരിക വൈശിഷ്ട്യം, ബുദ്ധി, കഴിവ്, ആകാരം, വിശ്വാസം, മനക്കരുത്ത് തുടങ്ങിയവയാണ്. അവര്‍ ഊന്നിപ്പറയുന്നത് ഡോക്ടര്‍മാര്‍ ആരോഗ്യകരമായ മരുന്ന് കുറിച്ച് കൊടുക്കണമെന്നും അവര്‍ക്ക് പകരം ലഭിക്കുന്ന വേതനത്തില്‍ കവിഞ്ഞ് രോഗികള്‍ക്ക് ആശ്വാസം പകരുന്നതില്‍ താല്‍പര്യം പ്രകടിപ്പിക്കുകയാണ് വേണ്ടതെന്നുമാണ്. അതോടൊപ്പം, എതിര്‍ ലിംഗക്കാരോട് ഇടപെടുമ്പോള്‍ സംസ്‌കാരത്തോടെ നല്ലരീതിയില്‍ പെരുമാറാന്‍ ആരോഗ്യസംരക്ഷകരോട് അവര്‍ നിര്‍ദ്ദേശിക്കുന്നു. (അല്‍ ബയൂമി, 2011)
വൈദ്യധര്‍മ്മങ്ങളുമായി ബന്ധപ്പെട്ട പ്രമുഖ കര്‍മ്മശാസ്ത്ര പണ്ഡിതന്‍ ഇബ്‌നു ഖയ്യിമിന്റെ (മ.1350) രചനകള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇസ്‌ലാമിക നിയമത്തിന്റെ വെളിച്ചത്തില്‍ ഒരു ഡോക്ടറുടെ ഉത്തരവാദിത്വങ്ങളെ അദ്ദേഹം നിര്‍വ്വചിക്കുകയും പുനര്‍നിര്‍വ്വചിക്കുകയും ചെയ്തു. ഒരു ഡോക്ടറുടെ ചുമതലകളെ അഞ്ച് ഘട്ടങ്ങളായി അദ്ദേഹം ക്രോഡീകരിച്ചു, ഒന്ന്, രോഗിയുടെ ആരോഗ്യം സംരക്ഷിക്കാനും നിലനിര്‍ത്താനും ഡോക്ടര്‍ പരിശ്രമിക്കണം. രണ്ട്, രോഗിയുടെ ആരോഗ്യം തിരിച്ച് ലഭിക്കാന്‍ ഒരു ഡോക്ടര്‍ കഠിനാദ്ധ്വാനം ചെയ്യണം. മൂന്ന്, ഒരു ഡോക്ടര്‍ രോഗകാരണങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കുകയും കുറക്കുകയും വേണം. നാല്, രണ്ട് പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ അതിലെ വലുതിനെ പ്രതിരോധിക്കാന്‍ ഒരു ഡോക്ടര്‍ ചെറുതിനെ തെരഞ്ഞെടുക്കണം. അഞ്ച്, രണ്ട് ഉപകാരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ ഉപകാരമുള്ളത് ഡോക്ടര്‍ തെരഞ്ഞെടുക്കണം. (അല്‍ജൗസിയ്യ, 1998: 28)
ജനങ്ങളുടെ സമ്പത്ത് സംരക്ഷണ മഖ്‌സദിന് ആധുനിക ലോകത്തെ വൈദ്യശാസ്ത്രവുമായി വലിയ ബന്ധമുണ്ട്. അതിര് കടക്കാത്ത ബിസിനസും ലാഭനേട്ടവും ഇസ്‌ലാം അനുവദനീയമാക്കുന്നുണ്ട്. ആധുനിക ആതുരസേവന രംഗത്തെ സമകാലിക രീതികളെ വിലയിരുത്തുമ്പോള്‍, പ്രയാസം ഒഴിവാക്കപ്പെടണം എന്ന പൊതുതത്വം ഉത്തരവാദിത്തപ്പെട്ടവര്‍ മറന്നതായി കാണുന്നു, അതുകാരണം ഒരുപാട് പേര്‍ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു. (മാലിക്, വാ.3, പേ.927) രോഗികളുടെ നിസ്സഹായതയെ ഡോക്ടര്‍ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നതും നിയമവിരുദ്ധ വഴികളിലൂടെ പണം സമ്പാദിക്കുന്നതും സമ്പത്ത് സംരക്ഷിക്കുക എന്ന മഖ്‌സദിനെതിരാണ്. അഭിമാന സംരക്ഷണ മഖ്‌സദിനെയും ആതുരസേവനത്തില്‍ പ്രാവര്‍ത്തികമാക്കാം. കാരണം, ചില രോഗികളെ സംബന്ധിച്ച് അവരുടെ അസുഖം വൈകാരികവും, അവ വെളിപ്പെടുത്തുന്നത് അവരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതുമാകും. അതോടൊപ്പം, രോഗിയുടെ സ്വകാര്യഭാഗങ്ങള്‍ നോക്കുന്നതും സ്പര്‍ശിക്കുന്നതും പരിശോധിക്കുന്നതും അനാവശ്യമെങ്കില്‍ ശരീഅത്ത് വിലക്കുന്നതും ആവശ്യമെങ്കില്‍ പ്രത്യേക നിബന്ധനകള്‍ക്കനുസൃതമായി നടത്തപ്പെടേണ്ടതുമാണ്. സ്വകാര്യതയും അഭിമാനവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചികിത്സാ സ്വകാര്യത ആതുരമേഖലയില്‍ പ്രയോഗവത്കരിക്കപ്പെടേണ്ട പ്രധാന ഘടകങ്ങളിലൊന്നാണ്.
അസാന്മാര്‍ഗിക ചികിത്സാരീതികളോട് മതസംരക്ഷണ മഖ്‌സദിന് പൊരുത്തപ്പെടാന്‍ കഴിയില്ല. നിരോധിത മരുന്നുകള്‍ കുറിച്ച് കൊടുക്കുന്നത് പോലോത്ത ശരീഅത്ത് വ്യക്തമായി നിരോധിച്ച ഒരാവശ്യവുമില്ലാത്ത ചികിത്സാ ക്രമങ്ങളും ഇതില്‍ ഉള്‍പ്പെടുന്നതാണ്. അതേപോലെ, ദയാവധം, മസ്തിഷ്‌ക മരണം സംഭവിച്ച ആളില്‍ നിന്ന് ജീവന്‍നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ ഒഴിവാക്കല്‍, ഗര്‍ഭച്ഛിദ്രം തുടങ്ങിയവ ജീവന്‍/മനുഷ്യശരീര സംരക്ഷണ മഖ്‌സദിനെതിരായ അധാര്‍മ്മിക ചികിത്സാ രീതികളാണ്. ഡോക്ടര്‍മാര്‍ മനുഷ്യാവയവങ്ങളെ വളരെ ആദരവോടെ പരിചരിക്കേണ്ടതും അവരുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കപ്പുറം അവക്ക് മൂല്യം കല്‍പ്പിക്കേണ്ടതുമാണ്. ഒരു അത്യാവശ്യവുമില്ലാതെ വെറും ശരീരാകാര വര്‍ദ്ധനവിന് മാത്രമായി സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ നടത്തുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല. അതിനാല്‍ അതുമായി ബന്ധപ്പെട്ട് ജോലി ചെയ്യല്‍ മഖാസിദിനോട് എതിരാകുന്നു.
വാടക ഗര്‍ഭധാരണം, കുടുംബാസൂത്രണം, മില്‍ക്ക് ബാങ്ക്, ബീജബാങ്ക് തുടങ്ങിയവ സന്താനപരമ്പര സംരക്ഷണ മഖ്‌സദിന്റെ ലംഘനത്തില്‍ ഉള്‍പ്പെടുന്നതാണ.് ജീവിതവും സന്താനപരമ്പരയും ഇല്ലാതാക്കുന്നത് കാരണം ഒരു ന്യായമായ കാരണവുമില്ലാതെ ഗര്‍ഭച്ഛിദ്രം നടത്തുന്നത് മഖാസിദിനെതിരാണ്. ന്യായമായ കാരണത്തിന് ഗര്‍ഭച്ഛിദ്രം നടത്തുന്നത്, ചെറിയ വിപത്ത് കൊണ്ട് വലിയ വിപത്തിനെ പ്രതിരോധിക്കുക എന്ന തത്വത്തിന് കീഴില്‍ വരുന്നതും അങ്ങനെ അമ്മയുടെ ജീവന്‍ സംരക്ഷിക്കാന്‍ കഴിയുന്നതുമാണ്. അവയവദാനം നിയമാനുസൃതമാകുന്നത് ദാതാവിന് അപകടം വരുത്തില്ലെങ്കിലും അതുവഴി മറ്റൊരാളുടെ ജീവന്‍ സംരക്ഷിക്കാന്‍ കഴിയുമെങ്കിലുമാണ്. മനുഷ്യാവയം കച്ചവടത്കരിക്കുന്നത് നിരോധിക്കപ്പെട്ടതാണ്, കാരണം അവ മനുഷ്യന്റെ ഉടമസ്ഥതയിലുള്ളതല്ല, മറിച്ച് അത് അല്ലാഹു സംരക്ഷിക്കാനായി ഏല്‍പ്പിച്ചതാണ.്
ആരോഗ്യസംരക്ഷണത്തിനും ഉപദ്രവ നിരാകരണത്തിനും അതിലുപരി അപകടങ്ങള്‍ക്ക് കാരണമാകുന്ന വഴികളടക്കാനും ഉപകാരപ്രദമായ മുന്‍കരുതല്‍ നടപടികളെടുക്കാന്‍ മഖാസിദ് വലിയ പരിഗണന നല്‍കുന്നുണ്ട്. ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട പ്രത്യേക മഖാസിദ് (മഖാസിദ് ഖാസ്) വ്യവഹാരങ്ങളില്‍ ഭൗതിക ലാഭങ്ങളോട് അത്യാര്‍ത്ഥി കാണിക്കുന്നതിനെ ശരീഅത്ത് താക്കീത് ചെയ്യുന്നുണ്ട്. ഒരുപാട് സന്ദര്‍ഭങ്ങളില്‍ ആതുരസേവനദാതാക്കള്‍ ഇസ്‌ലാമിക നിയമത്തോടും മഖാസിദിനോടും എതിരാകുന്ന രൂപത്തില്‍ വിവേചനപരമായും സാമ്പത്തികമായും ശാരീരികമായും മനശാസ്ത്രപരമായും ലൈംഗികവുമായ വശങ്ങളിലൂടെ രോഗികളോട് മോശമായി പെരുമാറുന്നുണ്ട്. മനുഷ്യജീവന്‍ സംരക്ഷിക്കുക എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യവത്കരിക്കുന്നതിന്റെ ഭാഗമായി, മനുഷ്യശരീരത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താനും സംഭവിക്കുന്നതിന് മുന്നേ ഒളിഞ്ഞിരിക്കുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കാനും ആദ്യമേയുള്ള പ്രശ്‌നങ്ങള്‍ എടുത്തൊഴിവാക്കാനുമുളള ശക്തമായ വഴികളായി ഇസ്‌ലാം പൊതുതത്വങ്ങളും വ്യക്തമായ നിയമങ്ങളും സ്ഥാപിച്ചു. ഇസ്‌ലാം കടമകള്‍ നിര്‍വ്വഹിക്കാനും മറ്റുള്ളവരുടെ അവകാശങ്ങളെ ആദരിക്കാനും വ്യക്തമായ രൂപത്തില്‍ നിര്‍ദ്ദേശം നല്‍കുന്നു. ആരോഗ്യരംഗത്ത് ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും അവകാശങ്ങളുണ്ട്, അവരവരുടെ പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലങ്ങളുടെ ഉത്തരവാദിത്വം അവര്‍ക്ക് തന്നെയാണെന്ന നിലക്ക് അവര്‍ക്ക് ചില ബാദ്ധ്യതകളുമുണ്ട്.
ഒരു ഡോക്ടറുടെ ഇടപെടലുകള്‍ മനുഷ്യശരീരത്തെ നേരിട്ട് ബാധിക്കുന്നതിനാല്‍ അവന്റെ ചുമതലകള്‍ കൃത്യമായി എടുത്തുകാണിക്കപ്പെടുന്നു. ഇത് മുന്‍കരുതലും അധിക ശ്രദ്ധയും ആവശ്യമായ കാര്യമാണ്. കാരണം അങ്ങനെയല്ലെങ്കില്‍ ജീവന് പ്രയാസം സൃഷ്ടിക്കുകയും ജനങ്ങള്‍ അതിന്റെ ഇരകളാകുകയും ചെയ്യും. അല്ലാഹു ഖുര്‍ആനില്‍ പറയുന്നു, അല്ലാഹു ആദരിച്ച ജീവന്‍ ന്യായപ്രകാരമല്ലാതെ കൊല്ലരുത്. (6:151) നീതിയും ഉപദ്രവമേല്‍പ്പിക്കാതിരിക്കലും ശരീഅത്തിന്റെ നിയമനിര്‍മ്മാണത്തിലെ രണ്ട് അടിസ്ഥാന തത്വങ്ങളും ഇസ്‌ലാമിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ഹേതുവുമാണ്. (ഇബ്‌നു ഖയ്യിം, ഹി.1428, 14) അതോടൊപ്പം, കഴിയുന്നത്ര ആളുകള്‍ക്ക് ആശ്വാസം പകരാനും ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള ആരോഗ്യസംരക്ഷണരംഗത്തെ പ്രധാന ഘടകങ്ങളാണ് കുറ്റമറ്റ രീതിയിലുള്ള പ്രവര്‍ത്തനവും (ഇഹ്‌സാന്‍) സമഗ്രമായ സമീപനവുമെന്ന് (ഇത്ഖാന്‍) ഇസ്‌ലാം ഉറച്ച്പറയുന്നു. നിശ്ചയം, അല്ലാഹു അനുശാസിക്കുന്നത് നീതിപാലിക്കാനും നന്മ അനുവര്‍ത്തിക്കാനും കുടുംബങ്ങള്‍ക്ക് ദാനം ചെയ്യാനുമാണെന്ന് ഖുര്‍ആന്‍ അടിവരയിടുന്നു. അതിനേക്കാളുപരി, വല്ല അയോഗ്യരായ ഡോക്ടറും ഒരു മനുഷ്യശരീരത്തില്‍ കൈവെച്ചത് കൊണ്ട് ആ രോഗിക്ക് വല്ല പ്രയാസവും ഉണ്ടായെങ്കില്‍ നിയമപരമായി അയാള്‍ തന്നെയാണ് അതിനുത്തരവാദി. തികഞ്ഞ വൈദഗ്ദ്ധ്യമില്ലാതെ ചികിത്സിക്കുകയാണെങ്കില്‍ ഡോക്ടര്‍ അതിനുത്തരവാദിയാണെന്ന ഹദീസ് ഇവിടം പ്രസക്തമാണ്. (അന്നസാഈ, വാ.8, പേ.52)
മഖാസിദിനെ സംരക്ഷിക്കുന്നതില്‍ വൈദ്യശാസ്ത്രത്തിന്റെ പങ്ക്
മനുഷ്യരുടെ നിലനില്‍പ്പിന്റെ രണ്ട് പ്രധാന കാരണങ്ങളാണ് ശരീഅത്തും വൈദ്യശാസ്ത്രവുമെന്ന് വളരെ വ്യക്തമാണ്. ആദ്യത്തേത് മനുഷ്യരില്‍ ഉത്തമ മാതൃകകളെ ഉള്‍പ്രവേശിപ്പിക്കുകയും അവരെ ചിട്ടയുള്ള ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമ്പോള്‍, രണ്ടാമത്തേത് ആരോഗ്യജീവിതം നയിക്കാനും വേദനയില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും മുക്തമാകാനും പ്രധാനപ്പെട്ടതാണ്. മഖാസിദിന്റെ വളര്‍ച്ചയിലും നിലനില്‍പ്പിലും വൈദ്യശാസ്ത്രത്തിന്റെ പങ്കെന്തെന്ന് നമുക്ക് നോക്കാം. (കസൂല്‍, 2008)
- വിശ്വാസ സംരക്ഷണം
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളായ, ശഹാദത്ത്, നിസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയവ പ്രാവര്‍ത്തികമാക്കാന്‍ മാനസികവും ശാരീരികവുമായ ആരോഗ്യം ആവശ്യമാണ്. മത വിശ്വാസത്തിനും അത് ആചരിക്കുന്നതിനും ആരോഗ്യം അത്യാവശ്യമാണെന്നാണ് ഇത് കാണിക്കുന്നത്.
അതോടൊപ്പം, മതത്തിന്റെ നിലനില്‍പ്പിന് അഭിവൃദ്ധി പകരുക, അതിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്ന കാര്യങ്ങളെ നീക്കം ചെയ്യുക എന്നീ രണ്ട് മാനങ്ങളിലൂടെ മതസംരക്ഷണം ഉറപ്പ് വരുത്താവുന്നതാണ.് ആദ്യ മാനം വിശ്വാസം, ആരാധന, ഇസ്‌ലാമിക നിയമത്തിനനുസൃതമായ വിധിനിര്‍ണ്ണയം, അറിവ് നേടല്‍, പ്രബോധനം എന്നീ വഴികളിലൂടെ ഉറപ്പ് വരുത്താവുന്നതും, അതേസമയം രണ്ടാം മാനം അവിശ്വാസം, നിരീശ്വര വിശ്വാസം, ബഹുദൈവവിശ്വാസം എന്നിവ ഉപേക്ഷിച്ചും നിരോധിത കാര്യങ്ങള്‍ ഒഴിവാക്കിയും തിന്മ വിലക്കിയും ദീനിലെ പുത്തനാശയങ്ങളെ പിഴുതെറിഞ്ഞും ദൈവപ്രീതിക്കായി കഠിനാദ്ധ്വാനം ചെയ്തും നിജപ്പെടുത്താവുന്നതാണ്. (ശാത്വിബി, ഹി.1402, 2: 27). മതിയായ ആരോഗ്യത്തോടെയല്ലാതെ ഒരു വിശ്വാസിക്ക് ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കുക അസാധ്യമാണ.് - ജീവന്‍/മനുഷ്യശരീര സംരക്ഷണം
പ്രധാനമായും വൈദ്യശാസ്ത്രം മനുഷ്യശരീരത്തെ അസുഖം വരാതെ സംരക്ഷിക്കാനും ആരോഗ്യം വീണ്ടെടുക്കാനുമാണ്. മരണത്തെ പ്രതിരോധിക്കാനോ നീട്ടിവെക്കാനോ മനുഷ്യര്‍ക്ക് കഴിയില്ല എന്നിരിക്കെ രോഗപ്രതിരോധത്തിനും ജീവിതനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനുമായി അല്ലാഹു ചില കഴിവുകള്‍ മനുഷ്യര്‍ക്ക് നല്‍കിയിട്ടുണ്ട്. മനുഷ്യര്‍ക്ക് പ്രയാസമുണ്ടാക്കുന്ന ഒരുപാട് വാതിലുകളടച്ചാണ് ഇസ്‌ലാം മനുഷ്യജീവന് സുരക്ഷയൊരുക്കുന്നത്. പ്രതിരോധം, ചികിത്സ എന്നീ രണ്ട് മാര്‍ഗങ്ങളിലൂടെയാണ് മനുഷ്യ ശരീരത്തിലെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ വൈദ്യശാസ്ത്രം പ്രധാന പങ്ക് വഹിക്കുന്നത്. ശരീരശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളുള്‍പ്പെടെയുള്ള വഴികളിലൂടെ വൈദ്യശാസ്ത്ര രംഗത്തെ പുരോഗതികള്‍ മനുഷ്യജീവിതത്തിന് ആയാസം നല്‍കുന്നു. - ബുദ്ധി സംരക്ഷണം
ബുദ്ധിക്ക് സംഭവിക്കുന്ന സങ്കീര്‍ണ്ണതകളെ പരിചരിക്കുന്നതിലും ബുദ്ധി നിലനിര്‍ത്തുന്നതിലും വൈദ്യചികിത്സക്ക് പ്രധാന പങ്കുണ്ട്. വ്യത്യസ്ത തെറാപ്പികളിലൂടെ രോഗികളെ മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താനും അവരുടെ മാനസികാവസ്ഥ സ്ഥിരപ്പെടുത്താനും സഹായകമാകുന്നു. ന്യൂറോസിസിനും സൈകോസിസിനുമുള്ള ചികിത്സ വളരെ പ്രധാനപ്പെട്ടതും അവ ജനങ്ങളുടെ ബൗദ്ധിക പ്രവര്‍ത്തനങ്ങളും വൈകാരിക ക്ഷമതയും വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതോടൊപ്പം, മയക്കുമരുന്നിനും മദ്യത്തിനുമടിമപ്പെടുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ചികിത്സിക്കാന്‍ വൈദ്യശാസ്ത്രം ആധുനിക ലോകത്ത് നിരവധി ഫലപ്രദമായ ചികിത്സാരീതികള്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. - സന്താനപരമ്പര/കുടുംബ സംരക്ഷണം
പ്രത്യുല്‍പാദനം മുതല്‍ പ്രസവാനന്തര ഘട്ടം വരെയുള്ള ഗര്‍ഭധാരണത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ സന്താനപരമ്പര സംരക്ഷണത്തിന് ആധുനിക വൈദ്യശാസ്ത്രത്തില്‍ പ്രധാന പങ്കുണ്ട്. അതോടൊപ്പം, കുട്ടിയുടെയും അമ്മയുടെയും സുരക്ഷ ഉറപ്പുവരുത്താനും പ്രസവസമയത്ത് സംഭവിക്കുന്ന സങ്കീര്‍ണ്ണതകള്‍ കുറക്കാനുമുള്ള പുതിയ വൈദ്യോപകരണങ്ങള്‍ കണ്ടെത്തപ്പെട്ടിട്ടുണ്ട്. - സമ്പത്ത് സംരക്ഷണം
സമ്പാദ്യ സംരക്ഷണത്തെ സംബന്ധിച്ചിടത്തോളം, ഏതെങ്കിലും വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ രാജ്യത്തിന്റെയോ വളര്‍ച്ച ആരോഗ്യമുള്ള ജനങ്ങളെ അടിസ്ഥാനമാക്കിയാണ്. അഥവാ ഒരു സമൂഹത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ആരോഗ്യം നിര്‍ണായകമാണ്. അതോടൊപ്പം, ആരോഗ്യസംരക്ഷണ മേഖല ദശലക്ഷക്കണക്കിന് ആളുകളുടെ തൊഴിലുറവിടമാണ്, ഇത് വഴി വലിയ ലാഭം ഉണ്ടാക്കുന്നുവെന്നതും സംശയത്തിനിടയില്ലാത്തതാണ.്
റഫറന്‍സ്
- യാസിര്‍ ഔദ, മഖാസിദുശരീഅ
- ഇബ്‌റാഹിം ബിന്‍ മൂസ അശാത്വിബി, അല്‍ മുവാഫഖാത്ത്
- അബൂ ബക്കര്‍ അല്‍ ബസ്സാര്‍, മുസ്‌നദുല്‍ ബസ്സാര്‍
- ഇബ്‌നുല്‍ ഖയ്യിം ജൗസിയ്യ, ഇഅ്‌ലാമുല്‍ മുവഖിഈന്‍
- ത്വാഹിര്‍ ബിന്‍ ആശൂര്‍, മഖാസിദു ശരീഅ
- ഇബ്‌നു അബീ ഉസൈ്വബിയ, ഉയൂനുല്‍ അന്‍ബാഅ് ഫീ ത്വബഖാത്തില്‍ അത്വിബ്ബാഅ്
- നൂറുദ്ദീന്‍ അല്‍ കാളിമി, അല്‍ ഇജ്തിഹാദുല്‍ മഖാസിദീ
- ഉമര്‍ ഹസന്‍ കാസൂല്‍, Medical Ethics: Theories And Principles
- Mohamed el-Tahir el-Mesawi, Maqasid al-Shariah and Human Socio-Ethical Order
വിവര്‍ത്തനം: മുര്‍ഷിദ് നെടുങ്ങോട്ടൂര്‍
Add comment