Thelicham

ഉസൂലുല്‍ ഫിഖ്ഹിന്റെ നവീകണം: തെളിവും യുക്തിയും

കര്‍മ്മശാസ്ത്രത്തിന്റെ അടിസ്ഥാന ശിലയും ശറഈ വ്യവസ്ഥിതിയുടെ ജീവനാഡിയുമായ ഉസ്വൂലുല്‍ ഫിഖ്ഹ് നവീകരിക്കണമെന്ന വാദ

കര്‍മ്മശാസ്ത്രത്തിന്റെ അടിസ്ഥാന ശിലയും ശറഈ വ്യവസ്ഥിതിയുടെ ജീവനാഡിയുമായ ഉസ്വൂലുല്‍ ഫിഖ്ഹ് അഥവാ, നിദാനശാസ്ത്രം വ്യത്യസ്ഥ തലങ്ങളില്‍ നിന്നും പുനര്‍വായനകള്‍ക്ക് വിധേയമാവുകയും അതിലപ്പുറം ബൗദ്ധിക സംഘട്ടനങ്ങള്‍ക്ക് പോലും നിദാനമാവുകയും ചെയ്യുകയുണ്ടായി. പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും പവിത്രതക്ക് മുമ്പില്‍ വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത പരമ്പരാഗത പണ്ഡിതര്‍ ഒരു ഭാഗത്തും ഇതു വരെയുള്ള നിദാനശാസ്ത്ര നിയമങ്ങളൊക്കെയും കാലപ്പഴക്കം വന്ന് മുരടിച്ചതാണെന്നും പൂര്‍ണ്ണാര്‍ഥത്തില്‍ ഒരു പൊളിച്ചെഴുത്ത് ഈ രംഗത്ത് അനിവാര്യമെന്നും വാദിക്കുന്ന ആധുനികവാദികള്‍ മറ്റൊരു ഭാഗത്തും ഉറച്ചു നിന്നാണ് നിലവിലെ ആശയധാരകള്‍ ഉരുവപ്പെടുത്തിയത്. നിദാനശാസ്ത്ര നവീകരണം എന്നത് പുതിയ കാലത്തിന്റെ അനിവാര്യതയാണെും എല്ലാ രംഗത്തുമെന്ന പോലെ ശറഈ രംഗത്തും അത്യന്താപേക്ഷിതമാണെന്നും വാദിക്കുന്ന ഗവേഷകരും പണ്ഡിതരും അനുദിനം പെരുകി വരുമ്പോള്‍ അടിസ്ഥാനപരമായും പ്രസക്തമാകുന്ന ചില വിവരണങ്ങളാണ് ഈ എഴുത്തിന്റെ കാതല്‍. ഇത്തരം ഒരു വാദഗതിയുടെ ചരിത്രം വ്യത്യസ്ഥ വിവരണങ്ങളായി നിലനില്‍ക്കുമ്പോഴും വിഖ്യാത പണ്ഡിതന്‍ അലി ജുമുഅ വിവരിക്കുന്ന ചരിത്രാവലോകനം കൂടുതല്‍ നൈതികമാണെന്നു തോന്നുന്നു. നവീന ചിന്താഗതി, പൈതൃകധാരയോട് ബൗദ്ധികമായി സംവദിക്കുന്ന വ്യവഹാരങ്ങള്‍ വിലയിരുത്തിയാണ് അദ്ദേഹം തന്റെ ചരിത്ര വിശകലനം നടത്തുന്നത്.

നിദാനശാസ്ത്ര നവീകരണം: ചരിത്രം

പൊതുവായി എല്ലാ ജ്ഞാന ശാഖകളിലും നവീകരണം അത്യന്താപേക്ഷിതമാണെന്നുള്ള പൊതുചിന്ത കടന്നു വന്ന ഘട്ടത്തില്‍ തെന്നയാണ് ഉസ്വൂലുല്‍ ഫിഖ്ഹിലും നവീകരണം ആവശ്യമാണെന്നുള്ള ധൈഷണികവാദഗതിയും ഉരുവപ്പെടുന്നത്. ഉസ്വൂലി പണ്ഡിതനായ ഇമാം ശൗകാനി, മഖാസ്വിദുശ്ശരീഅയില്‍ സമഗ്ര സംഭാവനകളര്‍പ്പിച്ച ഇബ്‌നു ആശൂര്‍, ഈജിപ്ഷ്യന്‍ പണ്ഡിതനായ മുഹമ്മദ് അബ്ദു തുടങ്ങിയവരാണ് പ്രധാനമായും നവീകരണ ആശയങ്ങള്‍ മുന്നോട്ടു വച്ചത്.

ആദ്യമായി നിദാനശാസ്ത്രരംഗത്ത് നവീകരണം എന്ന പ്രയോഗം കാണുന്നത് രിഫാഅ ത്വഹ്ത്വാവിയുടെ അല്‍ ഖൗലുസ്സദീദ് ഫിത്തജ്ദീദി വത്തഖലീദ് എന്ന ഗ്രന്ഥത്തിലാണ്. ഈജിപ്തില്‍ നിന്നും 1867-ല്‍ (ഹി.1287) പ്രസിദ്ധീകൃതമായ ഈ രചന പിന്നീട് പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ രചനാ ശൈലിയും അവതരണവും പുനരാവിഷ്‌കരിക്കണം എന്ന ആവശ്യവുമായി പലരും രംഗത്തു വരികയും 1906-ല്‍ ശൈഖ് മുഹമ്മദ് അല്‍ ഖുള്‌റി ഉസ്വൂലുല്‍ ഫിഖ്ഹ് എന്ന തലക്കെട്ടില്‍ ഒരു ഗ്രന്ഥം തയ്യാറാക്കുകയും ചെയ്തു. പ്രസ്തുത ഗ്രന്ഥത്തില്‍ നിദാന ശാസ്ത്രത്തിന്റെ അടിസ്ഥാനം പല തവണ മത്‌നുകളും(ചുരുക്കവിവരണം) ശറഹുകളും (വിവരണം) ഹാശിയ(വിശകലനം) കളുമായി ആവര്‍ത്തിച്ചു പഠിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും അത് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ തീര്‍ച്ചയായും നവീകരണം ആവശ്യമാണെന്നും അദ്ദേഹം വാദിച്ചു. അതേ വര്‍ഷം തന്നെ ഈ ആശയത്തില്‍ സുല്‍ത്വാന്‍ മുഹമ്മദ് അലി, ഖുലാസ്വതുല്‍ ഉസ്വൂല്‍ എന്ന ഗ്രന്ഥം രചിക്കുകയും അത് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. തത്ഫലമായി മുഹമ്മദ് ബക് ഇബ്രാഹീം, അബ്ദുല്‍ വഹാബ് ഖല്ലാഫ്, മുഹമ്മദ് അബു സഹ്‌റ എന്നിവര്‍ ഉസ്വൂലുല്‍ ഫിഖ്ഹില്‍ ഗ്രന്ഥങ്ങള്‍ രചിച്ച് നവീകരണത്തിന് പ്രചാരമേകി. ശേഷം അല്‍ അസ്ഹര്‍ പണ്ഡിതര്‍ ശൈഖ് മുഹമ്മദ് മുഹമ്മദ് മദനിയുടെ ആഹ്വാനപ്രകാരം ഈ ധാരയോട് ചേര്‍ന്നു നില്‍ക്കുകയും രചനാരംഗത്ത് സജീവമാവുകയും ചെയ്തു. 1961-ലെ അല്‍ അസ്ഹര്‍ നവീകരണ പ്രഖ്യാപനത്തോടെ ഈ രംഗത്ത് അനേകം പുതിയ രചനകള്‍ കടന്നു വരികയും പുതിയ രീതിയില്‍ നിദാനശാസ്ത്രത്തെയും അധ്യാപന രചനാ ശൈലിയെയും അവതരിപ്പിക്കുകയുമുണ്ടായി.

പണ്ഡിതനയം

ഇത്തരം ഒരു നവീകരണത്തെ നിദാനശാസ്ത്ര പണ്ഡിതരോ പാരമ്പര്യദീക്ഷികളോ കാര്യമായി എതിര്‍ക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല, എന്നു മാത്രമല്ല അത്തരം ധനാത്മക മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറാവുകയും ചെയ്തു. അതോടൊപ്പം പരമ്പരാഗത ഗ്രന്ഥങ്ങളെയും വിദ്യാഭ്യാസരീതിയെയും മൂല്യവത്തായി കണ്ട് അടിസ്ഥാനവിജ്ഞാനീയങ്ങള്‍ ഇതേ രീതിയില്‍ നേടുകയാണ് ഉത്തമം എന്ന്് കുടി പരമ്പരാഗത പണ്ഡിതര്‍ വിലയിരുത്തുകയും ശൈഖ് അബ്ദുല്ല ദറാസ് കിതാബുല്‍ അളുദ് എന്ന ഗ്രന്ഥത്തിന് ശറഹ് തയ്യാറാക്കുകയും ചെയ്തു. ഈ രംഗത്ത് ബൗദ്ധിക സ്തംഭനം ഒരിക്കലും സംഭവിച്ചിട്ടില്ല എന്നു തെളിയിക്കാനും കൂടിയായിരുന്നു ഈ രചന. ശൈഖ് യുസുഫുല്‍ മര്‍സ്വഫീ, ശൈഖ് മുഹമ്മദ് ബഖീത് അല്‍ മുത്വീഈ, ശൈഖ് മുഹമ്മദ് അബുന്നൂര്‍ സുഹൈര്‍ തുടങ്ങിയവരൊക്കെ പരമ്പരാഗത നിദാനശാസ്ത്ര ഗ്രന്ഥങ്ങള്‍ക്ക് ശറഹുകളും ഹാശിയകളും തയ്യാറാക്കി പാരമ്പര്യ ശൈലിയുടെ സമഗ്രത അടയാളപ്പെടുത്തി. ഇത്തരം ശ്രമങ്ങളൊന്നും തന്നെ പുതിയൊരു ജ്ഞാനശാഖ സൃഷ്ടിക്കാനുള്ള ശ്രമമായി ആരും തന്നെ കാണുകയോ നവീകരണമെന്ന്് ആരും തന്നെ അവകാശപ്പെടുകയോ ചെയ്തിരുന്നില്ല. ഡോക്ടര്‍ മുഹമ്മദ് അബദുല്ലത്വീഫ് ഫര്‍ഫൂര്‍ പറയുന്നത് പുതിയ ഗ്രന്ഥങ്ങളിലൊന്നും തന്നെ ഗതഗാമികളായ മഹാപണ്ഡിതര്‍ പറഞ്ഞതിനപ്പുറം എന്തെങ്കിലും പുതുതായി പറയുന്നുണ്ട് എന്ന്് അവകാശപ്പെടുന്നത് ചിന്തിക്കുമ്പോള്‍ തന്നെ എനിക്ക് ലജ്ജ തോന്നുന്നു എന്നാണ്. ഇത്തരത്തില്‍ പക്വതയാര്‍ന്ന സമീപനത്തോടെയായിരുന്നു ആദ്യകാലത്ത് നവീകരണം എന്ന ആശയം വിപുലമായിരുന്നത്.

ശേഷം തജ്ദീദ് അല്ലെങ്കില്‍ നവീകരണം എന്ന ചിന്തയെ മറ്റൊരു തരത്തില്‍ വായിച്ച് ചില പണ്ഡിതര്‍ കടന്നു വന്നു. അതായത് അടിസ്ഥാന ഗ്രന്ഥങ്ങളിലെവിടെയും കാണാത്ത ഒരു ആശയം അടയാളപ്പെടുത്തുകയോ പുതിയ രൂപത്തില്‍ ഇനങ്ങളാക്കി തിരിക്കുന്നതോ ഗതഗാമികള്‍ ചുരുക്കി വിവരിച്ചതിനെ വിശാലമായി വിശകലനം ചെയ്യുന്നതോ ഒക്കെ മുമ്പെവിടെയും കാണാത്തതാണെന്നു പറഞ്ഞു വിശദീകരിക്കുകയും അടിസഥാനപരമായി മാറ്റങ്ങളേതുമില്ലെങ്കില്‍ കൂടി അതിനെ ഒരു നവീകരണമായി കാണുകയും ചെയ്യുന്ന അപകടരഹിതമായ വായന. വിഖ്യാത ഹദീസ് പണ്ഡിതന്‍ അബ്ദുല്ല സ്വിദ്ദീഖ് ഗമാരി തന്റെ നിദാനശാസ്ത്ര ഗ്രന്ഥമായ സബീലുത്തൗഫീഖില്‍ നവീനമായ ചില തരംതിരിക്കല്‍ നടത്തുകയും അത് മറ്റെവിടെയുമില്ലാത്തതാണെന്നു പറയുകയും ചെയ്തത് ഇതിനുദാഹരണമാണ്.

നവീകരണ വാദം

എന്നാല്‍ അടിസ്ഥാനപരമായി അംഗീകരിക്കപ്പെട്ട നിയമമാനദണ്ഡങ്ങളില്‍ സംശയം വാദിച്ചും തെളിവുകളുടെ പ്രാധാന്യം നിഷേധിച്ചുമെല്ലാം പുതിയൊരു സ്വതന്ത്ര നവീകരണം രൂപാന്തരപ്പെട്ടു വരികയും അത് അപകടകരമാം വിധം പ്രചാരം നേടുകയും ചെയ്തു. ശൈഖ് അബ്ദുല്‍ ജലീല്‍ ഈസ, അബ്ദുല്‍ മുന്‍ഇം അമിര്‍ തുടങ്ങിയവരെ പോലുള്ള ചില പണ്ഡിതര്‍ ഇജ്മാഅ്, സുന്നത്ത് തുടങ്ങിയ അടിസ്ഥാന മാനദണ്ഡങ്ങളില്‍ സംശയം പ്രകടിപ്പിക്കുകയും അവ പുനപരിശോധിക്കേണ്ടത് നിദാനശാസ്ത്ര നവീകരണത്തിന്റെ ആവശ്യകതയാണെന്ന് വാദിക്കുകയും ചെയ്തത് ഈ വീക്ഷണത്തിന്റെ അനുരണനമാണ്. ശേഷം ഈ ശാഖയില്‍ വേണ്ടത്ര പരിജ്ഞാനം നേടിയിട്ടില്ലാത്ത മുഹമ്മദ് നജീബ് എന്ന വ്യക്തി അന്‍സ്വാറുല്‍ ഖുര്‍ആന്‍ എന്ന സംഘടന രൂപീകരിക്കുകയും അസ്സ്വലാത് എന്ന പ്രസിദ്ധഗ്രന്ഥം അടക്കമുള്ള ചില പുസ്തകങ്ങള്‍ രചിക്കുകയും സുന്നത്ത് എന്ന അടിസ്ഥാനത്തെ പൂര്‍ണ്ണമായും നിഷേധിക്കുകയും ചെയ്തു. പ്രതിദിനം രണ്ടു റക്അത്തു വീതമുള്ള പത്തു നിസ്‌കാരങ്ങള്‍ നിശ്ചയിക്കുകയും റുകൂഇന് മുമ്പ് സുജൂദ് ചെയ്യുന്ന രീതി കൊണ്ടു വരികയും, പതിയെ ഇസ്‌ലാമിനെയും പിന്നീട് മതങ്ങളെയൊക്കെ തന്നെയും നിഷേധിക്കുന്ന നിലപാടിലേക്ക് എത്തിച്ചേരുകയും ചെയ്യുകയായിരുന്നു മുഹമ്മദ് നജീബ്. അപകടകരമായ ഇത്തരം അടിസ്ഥാന നിഷേധങ്ങളെ ലാക്കാക്കുന്ന നിദാനശാസ്ത്ര നവീകരണവാദമാണ് ഇന്ന് പ്രചുര പ്രചാരം നേടുന്നത്.

നവീകരണ ആശയത്തിന്റെ പേരില്‍ അബൂ റയ്യ, മുഹമ്മദുല്‍ ഗസ്സാലി തുടങ്ങിയവര്‍ ഹദീസിന്റെ സാംഗത്യവും ആധികാരികതയും ചോദ്യം ചെയ്യുകയും ചില പണ്ഡിതര്‍ നസ്ഖ്, ഇജ്മാഅ് പോലുള്ള വിഷയങ്ങളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുകയും ചെയ്തു.

1970 കള്‍ക്കു ശേഷം ഡോ. ഹസ്സന്‍ തുറാബി, ഡോ. ഥാഹാ ജാബിര്‍ അല്‍ അല്‍വാനി, ഡോ. സലീം അല്‍ അവ, ഹസന്‍ അല്‍ ഹനഫി, ഡോ. ജമാലുദ്ദീന്‍ അല്‍ അഥിയ്യ തുടങ്ങിയ പണ്ഡിതര്‍ നിദാന ശാസ്ത്രശാഖ പൂര്‍ണ്ണമായും കാലഹരണപ്പെട്ടുവെന്നും ആധുനിക കാലത്തിനു യോജിക്കുന്ന പുതിയ നിദാന ശാസ്ത്രം രൂപീകരിക്കപ്പെടണമെന്നുമുള്ള വാദഗതികളുമായി രംഗത്തെത്തി.

ഇത് നിദാനശാസ്ത്ര നിയമങ്ങള്‍ കൃത്യമായി അനുവര്‍ത്തിക്കണമെന്നും മദ്ഹബുകളുടെ നിലപാടുകള്‍ പിന്തുടരണമെന്നും പറയുന്നത് ശരീഅത്തില്‍ പറയപ്പെടാത്ത നിയമം അനുവര്‍ത്തിക്കലും അതു കൊണ്ട് നിര്‍ബന്ധിക്കലുമാണ് എന്നു വാദിക്കുന്നവര്‍ പതിനാലു നൂറ്റാണ്ടു കൊണ്ട് ഉണ്ടായിത്തീര്‍ന്ന വൈജ്ഞാനിക പുരോഗതിയെ അവഗണിച്ച്, അവലോകനം ചെയ്യാന്‍ അനേകം മാധ്യമങ്ങള്‍ അനുപേക്ഷണീയമായ തലത്തിലേക്ക് സ്വന്തമായി നിര്‍മിച്ചെടുത്ത മാനദണ്ഡങ്ങളുമായി കടന്നു ചെല്ലണം എന്നാണ് വാദിക്കുന്നത്. നിലവിലുള്ള വൈദ്യശാസ്ത്ര രീതികളെല്ലാം ഉപേക്ഷിച്ച് വനാന്തരങ്ങളിലും മലഞ്ചെരിവുകളിലും പോയി ഇലകളും ചെടികളും കണ്ടെത്തി ചികിത്സാരീതി മെച്ചപ്പെടുത്തണം എന്ന്് വാദിക്കുന്നതിന്റെ യുക്തിയാണ് ഇതിനു പിന്നിലും വര്‍ത്തിക്കുത്.

നവീകരണവാദം-വിശകലനം

ഉസ്വൂലുല്‍ ഫിഖ്ഹിനെ നവീകരിക്കണമെന്ന് വാദിക്കുന്നവര്‍ ഈ ജ്ഞാനശാഖയില്‍ ആദ്യമായി രചന (രിസാല) നടത്തിയ ഇമാം ശാഫിഈ (റ) നെ തര്‍ക്കശാസ്ത്രത്തിലെ അരിസ്റ്റോട്ടിലിന്റെ സ്ഥാനത്ത് വെക്കുന്നു. അതോടൊപ്പം തന്നെ തര്‍ക്കശാസ്ത്രം നവീകരിക്കപ്പെട്ടിട്ടുണ്ട് എന്നതു പോലെ നവീകരണത്തിലൂടെ നിദാന ശാസ്ത്രത്തെയും ആധുനികവത്കരിക്കണമെന്നും ഇവര്‍ വാദിക്കുന്നു. ഇത്തരക്കാരുടെ എണ്ണം വര്‍ധിച്ചു വരുമ്പോഴും ശൈഖ് സഈദ് റമദാന്‍ ബുത്വിയെപ്പോലുള്ള പണ്ഡിതര്‍ നടത്തിയ ഇടപെടലുകള്‍ പ്രസക്തമാണ്.

ഉസ്വൂലില്‍ പ്രധാനമായുമുള്ള ഒരു ഭാഗം ഭാഷയും അനുബന്ധ നിയമങ്ങളുമാണ്. അതിന്റെ ഒരു വിധം നിയമങ്ങളെല്ലാം നിയതവും വേണ്ട വിധം ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞതുമാണ്. അതില്‍ കല്‍പനക്രിയ വരുന്നതെല്ലാം നിര്‍ബന്ധത്തെക്കുറിക്കാനാണോ എന്നതിനെക്കുറിച്ച് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ബാക്കി നില്‍ക്കുന്നു. അതില്‍ ധനാത്മകവും ഋണാത്മകവുമായ രണ്ടു പരമാവധി സാധ്യതകളും പണ്ഡിത വിഭാഗങ്ങള്‍ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. അതിലേതഭിപ്രായം പറഞ്ഞാലും അവര്‍ പറഞ്ഞ രണ്ടാലൊരു വീക്ഷണമാകുമെന്നത് തീര്‍ച്ച. ഇതിനപ്പുറം പുതിയൊരഭിപ്രായം പറയണമെങ്കില്‍ നിയതനിയമങ്ങള്‍ക്കു പുറത്തു പോയി ഭാഷാഘടന തന്നെ അവഗണിക്കേണ്ടി വരും. അത് ഭാഷയുടെ കടക്കല്‍ കത്തി വെക്കുന്നതിന് തുല്യവും. മറ്റൊരു വിഷയം, നിദാനശാസ്ത്ര വിഷയങ്ങളില്‍ വരാന്‍ സാധ്യതയുള്ള എല്ലാ വീക്ഷണങ്ങളും പണ്ഡിതര്‍ പറഞ്ഞു കഴിഞ്ഞതായി കാണാം. അപ്പോള്‍ ഏത് വീക്ഷണം പറഞ്ഞാലും മുമ്പ് പറഞ്ഞതിന്റെ ആവര്‍ത്തനമായി മാറുന്നു. പുതിയത് എന്ന്് പറഞ്ഞ് നാം യുക്തിഭദ്രമായ ഏതു വീക്ഷണം പറഞ്ഞാലും ഫലത്തിലത് പഴയതാണ് എന്ന്് സാരം. മുമ്പ് പറഞ്ഞതൊന്നും പിന്തുടരില്ല എന്ന ധാര്‍ഷ്ട്യത്തിന്റെ പേരില്‍ നവീകൃതം എന്ന് പേരു നല്‍കുന്നു എന്നു മാത്രം. അതോടൊപ്പം തന്നെ ഇവയൊന്നും ആരും സൃഷ്ടിച്ചെടുത്ത വീക്ഷണങ്ങളല്ല. മറിച്ച് യുക്തിയുടെയും വിശകലനത്തിന്റെയും പരമാവധി സാധ്യതകളെ പരിഗണിക്കുമ്പോള്‍ രൂപപ്പെട്ടു വരുന്ന പരിപ്രേക്ഷ്യങ്ങളാണ് എന്നതു കൂടി ചേര്‍ത്തു വായിക്കുമ്പോഴേ ഗതഗാമികള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ച നിയമവലയത്തിലാണ് താന്‍, എന്ന ആധുനികയുക്തിക്ക് നിരക്കുന്ന വസ്തുതയാകുന്നുള്ളൂ.

നിദാനശാസ്ത്രത്തിലെ മറ്റൊരു ഭാഗമാണ് തഫ്‌സീര്‍, അല്ലെങ്കില്‍ ഖുര്‍ആന്‍ വിശകലനം. സമയം, സാഹചര്യം, സാഹിത്യം,യുക്തി നിയമ സാധുതകള്‍ എന്നിവ പരിഗണിച്ച് ലഭ്യമായ വിവരങ്ങള്‍ സ്വീകരിച്ച് മനനം ചെയ്യുന്നതാണ് ഖുര്‍ആന്‍ എന്ന അടിസ്ഥാന ശിലയുടെ നിദാനശാസ്ത്ര ഭാഗധേയം. കുടുതല്‍ അകലും തോറും സാധ്യതകളും വീക്ഷണങ്ങളും ഏറുകയും വ്യക്തത നഷ്ടപ്പെടുകയും ചെയ്യുന്ന ചരിത്രാവലോകന സാധ്യകള്‍ ചേര്‍ത്തു നോക്കുമ്പോള്‍ കൂടുതല്‍ സംസ്‌കാരത്തോടും ചരിത്രത്തോടും ചേര്‍ന്നു നില്‍ക്കുന്നവര്‍ തന്നെയാണ് അത് വിശകലനം ചെയ്യാന്‍ കൂടുതല്‍ യോഗ്യര്‍ എന്നു ബോധ്യപ്പെടും.

ഹദീസ് അല്ലെങ്കില്‍ സുന്നത്ത് എന്ന അടിസ്ഥാനവും ചരത്രാവലോകനമുള്‍ക്കൊണ്ടതായതിനാല്‍ അടുത്തറിയുന്നവര്‍ നടത്തിയ വിവരണങ്ങള്‍ കൂടുതല്‍ വിശ്വാസ്യമാകുന്നു. ഇത്തരത്തില്‍ ഓരോ ഘടകങ്ങളിലും പ്രായോഗിക സാധ്യതകളില്‍ മുന്‍തൂക്കം ലഭിക്കുന്നത് കൂടുതല്‍ അടുത്തറിഞ്ഞ് അനുഭവിച്ചവരെ അവലംബിക്കലാണ്. കേട്ടറിഞ്ഞയാളെക്കാളും സങ്കല്‍പ്പിക്കുവരെക്കാളും അനുഭവിച്ചവരുടെ വാക്കുകള്‍ തന്നെയാണല്ലോ ആധികാരികം.

നവീകരണം ആവശ്യപ്പെടുന്നവരുടെ പ്രധാന ആവശ്യം സ്വതന്ത്ര ഇജ്തിഹാദിനുള്ള അവസരം നേടി വര്‍ത്തമാന സമസ്യകള്‍ക്ക് മതനിയമം കണ്ടെത്തലാണ്. എന്നാല്‍ സമഗ്രമായ നിദാനശാസ്ത്രം ഖിയാസ് എന്ന മാനദണ്ഡത്തിലൂടെ പൊതുവായ കാരണങ്ങള്‍ കണ്ടെത്തി യുക്തമായ നിയമം പറയാനുള്ള അവസരം നല്‍കുന്നുണ്ട്. തന്‍ഖീഹുല്‍ മനാത്വ്, തഹ്ഖീഖുല്‍ മനാത്വ് എന്നിവയൊക്കെ ഉത്തരവാദിത്തമുള്ള പാണ്ഡിത്യം അത്യന്താപേക്ഷിതമായ പ്രായോഗിക മാനദണ്ഡങ്ങളാണ്. അത് പ്രായോഗികമായി ഉപയോഗപ്പെടുത്തി പുതിയ പഠന സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് പകരം അടിസ്ഥാനപരമായ വിഷയങ്ങളില്‍ പ്രശ്‌നം കണ്ടെത്തുകയും അതില്‍ കൂടുതല്‍ സംശയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് യഥാര്‍ഥ ഭൗതിക സ്തംഭനം. നിദാനശാസ്ത്രത്തിന്റെ പുരോഗമനം ഉള്‍ക്കൊണ്ടു കൊണ്ട് കുടുതല്‍ വിപുലമായ രംഗങ്ങളിലേക്ക് പഠനങ്ങളെ വ്യാപിപ്പിക്കുക എന്നതാണ് ഔചിത്യവും ഉത്തരവാദിത്തവുമുള്ള മുസ്‌ലിം പാണ്ഡിത്യത്തിന്റെ ബാധ്യത. പാരമ്പര്യ കൃതികളുടെ കാഠിന്യവും സങ്കീര്‍ണ്ണതയും നിദാനശാസ്ത്രരംഗത്തു നിന്നും വിദ്യാര്‍ഥികളെ അകറ്റുന്നു എന്നും ഈ രംഗത്ത് പുതിയ രചനകള്‍ വരുമ്പോള്‍ മാത്രമേ വിജ്ഞാന ശാഖ തന്നെ കാലോചിതമാവുകയുള്ളൂ എന്നുമുള്ള വാദഗതികള്‍ക്കു പിന്നാലെയാണ് അബ്ദുല്‍ വഹ്ഹാബ് ഖല്ലാഫ്, മുതല്‍ അബൂ സഹ്റയും വഹബ സുഹൈലിയുമടക്കമുള്ളവര്‍ ഈ രംഗത്ത് രചനകള്‍ നിര്‍വ്വഹിക്കുകയും പ്രായോഗികമായ നവീകരണസാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തത്.

നിദാനശാസ്ത്ര വിഷയങ്ങളില്‍ ഗഹനമായ അന്വേഷണം നടത്തിയാല്‍ പുതിയ നിഗമനങ്ങള്‍ക്കും വ്യക്തതകള്‍ക്കും കണ്ടെത്തലുകള്‍ക്കുമുള്ള സാധ്യതയേറുമെന്നു പലരും അഭിപ്രായപ്പെടുകയും അത്തരം ഗവേഷണ പഠനങ്ങള്‍ പരമ്പരാഗത കൃതികളുടെ വിശകലവും ചരിത്രാവലോകനവുമൊക്കെയായി അക്കാദമിക രംഗത്ത് ഉടലെടുക്കുകയും ചെയ്തു. എന്നാല്‍ 1940 നു ശേഷം വന്ന പല പഠനങ്ങളും നിദാനശാസ്ത്രത്തില്‍ ഹദീസിന്റെ പ്രസക്തിയെയും നിയമ നിര്‍ധാരണത്തിലെ പങ്കിനെയും ചോദ്യം ചെയ്യുകയും അബൂ റയ്യയെയും മുഹമ്മദുല്‍ ഗസാലിയെയും പോലുള്ളവര്‍ ഇത്തരം വാദഗതികള്‍ക്ക് ആക്കം കൂട്ടുന്ന ആശയങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. നവീകരണം എന്ന സങ്കല്‍പം തീവ്ര ആശയങ്ങള്‍ക്കു വഴി വെച്ചത് ഇതിനു പിന്നാലെയാണ്.

ഒടുക്കം

നിദാന ശാസ്ത്രം നവീകരിക്കണമെന്നാവശ്യപ്പെടുന്നവര്‍ തന്നെ നവീകരണത്തെ പല തരത്തിലാണ് നിര്‍വ്വചിക്കുന്നത്. കണക്ക്, ലോജിക്ക്, തര്‍ക്കശാസ്ത്രം പോലുള്ള വിജ്ഞാനീയങ്ങളുടെ കൂട്ടത്തില്‍ ഇതിനെ കണക്കാക്കുകയും ഇതിലെല്ലാം സാധ്യമായ പുതിയ തിയറികളുടെ നിര്‍മ്മാണവും പഴയവയുടെ പുനര്‍നിര്‍വ്വചനവും പുനരാവിഷ്‌കരണവുമെല്ലാം നിദാനശാസ്ത്രത്തിലും നിര്‍ലോഭം സാധ്യമാക്കണമെന്നും ആവശ്യപ്പെടുന്നവര്‍ പ്രായോഗിക തലത്തില്‍ എത്രമാത്രം വിജയിക്കുമെന്ന് വ്യക്തമല്ല. കാരണം ഉപരിസൂചിത ജ്ഞാനശാഖകളിലെല്ലാം യുക്തിയുടെയും പുനഃപരിശോധനയുടെയും നിബന്ധനകള്‍ ആത്യന്തം നിലനില്‍ക്കുന്നുണ്ട്. നിദാനശാസ്ത്രത്തില്‍ കടന്നു കൂടിയ ഇതര വിഷയങ്ങളിലെ ചര്‍ച്ചകളും നേരിട്ട് ബന്ധമില്ലെന്നു തോന്നുന്നവയും പൂര്‍ണ്ണമായും ഒഴിവാക്കി സ്വതന്ത്രമായ നിദാനശാസ്ത്രരൂപീകരണത്തെ നവീകരണമായി പരിചയപ്പെടുത്തുന്നവരെയും ഈ രംഗത്ത് കാണാം. എന്നാല്‍ നേരിട്ട് ബന്ധമില്ലെന്നു തോന്നുന്ന പലതും യഥാര്‍ഥത്തില്‍ അടിസ്ഥാന വിഷയങ്ങളോട് ബന്ധപ്പെടുന്നവയാണ്. പ്രാഥമിക പഠനത്തില്‍ അവയെ ഉള്‍പ്പെടുത്തുന്നത് പ്രായോഗികതക്ക് വേണ്ടിയാണെന്നത് വിശകലനത്തില്‍ ബോധ്യപ്പെടും. ഖുര്‍ആന്‍, സുന്നത്, ഇജ്മാഅ് പോലുള്ള സ്രോതസ്സുകളില്‍ കാലാനുസൃത മാറ്റം സാധ്യമാണോ എന്നത് പരിഗണിക്കുമ്പോള്‍ കൂടുതല്‍ സ്വതന്ത്ര അഭിപ്രായങ്ങളും മുമ്പ് സൂചിപ്പിച്ചതു പോലെ ഈ പ്രാഥമിക സ്രോതസ്സുകളുടെ തന്നെ നിഷേധം വരെ കടന്നു വരുന്നതും കാണുന്നുണ്ട്.

എന്നാല്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പാഠ്യ പദ്ധതിയിലും അധ്യാപന പഠനരീതിയിലും മാറ്റങ്ങള്‍ കൊണ്ടു വരിക എന്ന അര്‍ഥത്തിലുള്ള നവീകരണത്തോട് എല്ലാവരും ധനാത്മകമായാണ് പ്രതികരിച്ചത് എന്നു മാത്രമല്ല, ഈ രംഗത്ത് കൂടുതല്‍ രചനകളും സംഭാവനകളും സ്വാഗതം ചെയ്യുന്ന നിലപാടാണ് എല്ലാവരും സ്വീകരിച്ചത് എന്നതാണ് വാസ്തവം. അടിസ്ഥാനത്തില്‍ ഊന്നി നിന്ന് കൊണ്ട് വിപുലപ്പെടുത്തലുകളും അന്വേഷണങ്ങളും ആവിഷ്‌കരണങ്ങളും ആവാമെന്നിരിക്കിലും അസ്ഥിവാരമിളക്കുന്ന തരത്തിലുള്ള അടിസ്ഥാനമാറ്റങ്ങള്‍, മറ്റൊരര്‍ഥത്തില്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ശുഭസൂചകമല്ല. അഭിപ്രായവ്യത്യാസങ്ങളിലാണ് നവീകരണം വരേണ്ടതെങ്കില്‍ സാധ്യമായ എല്ലാ അഭിപ്രായങ്ങളും പറയപ്പെടുകയും പുതിയതൊന്നും പറയാന്‍ സാധ്യതയില്ലാത്ത വിധം ചര്‍വ്വിതചര്‍വ്വണങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തിട്ടുണ്ട്. പറയപ്പെട്ടു കഴിഞ്ഞ ഏതെങ്കിലുമൊരഭിപ്രായത്തിന് മുന്‍ഗണന നല്‍കുന്നതൊരിക്കലും നവീകരണം എന്നതിന്റെ പരിധിയില്‍ വരില്ലല്ലോ.

നവീകരണം എന്നതിനെ പല തരത്തില്‍ സമീപിക്കുന്നവരുണ്ട്. അടിസ്ഥാനപരമായും ചിരപ്രതിഷ്ഠമായ അനിവാര്യ ഘടകങ്ങളെ പുതിയ രീതിയില്‍ അവതരിപ്പിക്കുകയും നവീകരിച്ച് സമാഹരിക്കുകയും ചെയ്യുന്ന ധനാത്മക സാധ്യതകളെ പരമ്പരാഗത സംവിധാനങ്ങള്‍ പോലും സ്വാഗതം ചെയ്യുകയും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്. അടിസ്ഥാനത്തില്‍ മാറ്റങ്ങളേതുമില്ലാതെ പുതിയ രീതിയില്‍ അവയെ സമീപിച്ച് സമഗ്രമായ സംഭാവനകള്‍ക്ക് കാരണമാകുന്ന നവീകരണം ഒരിക്കലും നിദാനശാസ്ത്രത്തിന് വിരുദ്ധമല്ല, അന്യവുമല്ല. തന്‍ഖീഹുല്‍ മനാത്വ് പോലുള്ള സാധ്യതകള്‍ അവലംബിച്ച് സമഗ്രമായ പഠനങ്ങളും ഗവേഷണങ്ങളും നടത്തുക എന്നത് പ്രോത്സാഹിപ്പിക്കപ്പെടുന്ന നവീകരണം തന്നെയാണ്. എന്നാല്‍ അടിസ്ഥാനപരമായ വസതുതകളില്‍ സംശയം ജനിപ്പിച്ചും അവയുടെ ആധികാരികത ചോദ്യം ചെയ്തും കടന്നു വരികയും നശീകരണാത്മക വീക്ഷണങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്ന ആപാദചൂഢ നവീകരണം തീര്‍ത്തും അപകടകരവും ഋണാത്മകവുമാണ്. തികച്ചും യുക്തിരഹിതമായ ഇത്തരം വാദഗതികള്‍ നിദാനശാസ്ത്രത്തിന്റെ അടിവേരറുക്കാന്‍ പോലും കാരണമാകുന്ന വികല ചിന്താധാരകളുടെ ഉല്‍പങ്ങളാണ് എന്നതാണ് വാസ്തവം.

ഹാശിര്‍ യാഹുദ്ദീന്‍

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.