ജീവനുള്ള വസ്തുക്കള്‍ അവയുടെ ഇഷ്ടത്തിന് പ്രവര്‍ത്തിക്കുമ്പോള്‍ അതിന് കാരണം അല്ലാഹുവാണെന്ന് എങ്ങനെ പറയും?!
പ്രസ്തുത ചോദ്യത്തിന് ഇമാം ഗസാലി ഇഹ്യാഉലൂമിദ്ദീനില്‍ ഉത്തരം നല്‍കുന്നത് പേന കൊണ്ടുള്ള ഒരാളുടെ എഴുത്തിനെ ഉദാഹരണമെടുത്ത് കൊണ്ടാണ്. എഴുത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ സംബന്ധിച്ച അന്വേഷണം ഒടുവില്‍ അല്ലാഹുവിലേക്കാണ് എത്തിച്ചേരുന്നത്. ആ വിവരണത്തെ അവലംബിച്ച് തയ്യാറാക്കിയ സംഗ്രഹമാണിത്.
ദൈവിക പ്രകാശത്തിന്റെ ഉള്‍ക്കാഴ്ച്ച കൊണ്ട് കടലാസിലേക്ക് നോക്കിയ ഒരാള്‍, കടലാസിന്റെ പുറത്ത് മഷികൊണ്ട് എഴുതിയപ്പോള്‍ കറുത്ത നിറമായി മാറുന്നത് കണ്ട് കടലാസിനോട് ചോദിച്ചു? എന്തിനാണ് നിന്റെ മുഖമിങ്ങനെ കറുപ്പിക്കുന്നത് ്?
കടലാസ് പറഞ്ഞു, എന്നോടല്ല നിങ്ങളത് ചോദിക്കേണ്ടത്. കാരണം ഞാന്‍ സ്വയം കടലാസിനെ കറുപ്പിക്കുന്നില്ല, മറിച്ച് മഷിയാണത് ചെയ്യുന്നത്. അതുകൊണ്ട് മഷിയോട് ചോദിക്കുക! മഷിക്കുപ്പിയാകുന്ന അതിന്റെ സ്വദേശത്ത് നിന്നും അക്രമം കാണിച്ച് എന്റെ ദേഹത്ത് വന്ന് അതെന്നെ കറുപ്പിച്ചിരിക്കുകയാണ്.
തുടര്‍ന്ന് അയാള്‍ മഷിയോട് ചോദിച്ചു, എന്തിനാ നീ വെളുത്ത കടലാസിന്റെ മുഖത്തെ കറുപ്പിച്ചത്?
മഷി പറഞ്ഞു, ഈ ചോദ്യം നിങ്ങള്‍ എന്നോട് ചോദിക്കുന്നത് ശരിയല്ല. എന്റെ സ്വദേശമായ മഷിക്കുപ്പിയില്‍ എവിടെയും പോവാന്‍ ഉദ്ദേശമില്ലാതിരിക്കെയാണ് പേന എന്നെ അക്രമമായി അവിടെ നിന്നും പിടിച്ചു കൊണ്ട് വന്ന് ഈ കടലാസില്‍ അങ്ങിങ്ങായി വിതറി വേര്‍പ്പെടുത്തിയത്! അതിനാല്‍ പേനയോടാണ് നിങ്ങള്‍ ഇക്കാര്യം ചോദിക്കേണ്ടത്.
അപ്പോള്‍ അയാള്‍ പേനക്ക് നേരെ തിരിഞ്ഞ് ചോദിച്ചു? എന്തിനാണ് നീ വെള്ളക്കടലാസിനെ കറുപ്പിച്ചത്? മഷിയെ മഷിക്കുപ്പിയില്‍ നിന്നും നിര്‍ബന്ധ പൂര്‍വ്വം പുറത്താക്കിയതെന്തിനാണ്?
പേന പറഞ്ഞു, ഞാന്‍ തീര്‍ത്തും നിരപരാധിയാണ്. ഈ ചോദ്യം നിങ്ങള്‍ ചോദിക്കേണ്ടത് മനുഷ്യന്റെ വിരലുകളോടും കൈയ്യിനോടുമാണ്. ആ വിരലുകള്‍ക്കിടയിലും കൈയ്യിലും കിടന്ന് ഞെരുങ്ങി അവരുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു ഞാന്‍!
അയാളുടെ അടുത്ത ചോദ്യം കൈയ്യിനോടും അതിലെ വിരലുകളോടുമായിരുന്നു. കടലാസില്‍ കറുപ്പ് വിതറിയതും മഷിക്കുപ്പിയില്‍ കഴിഞ്ഞിരുന്ന മഷിയെ പുറത്തെടുത്തതും പേനയെ ബലാല്‍ക്കാരമായി ഉപയോഗിച്ചതും എന്തിനായിരുന്നുവെന്ന് അവയോട് ചോദിച്ചു?.
അപ്പോള്‍ കൈയ്യും വിരലുകളും ചേര്‍ന്ന് പറഞ്ഞു, ഞങ്ങള്‍ മാംസങ്ങളും എല്ലുകളും ഞെരമ്പുകളും ചേര്‍ന്ന കേവല വസ്തുക്കള്‍ മാത്രമാണ്. ചലനമറ്റ മൃതശരീരങ്ങളിലും ഞങ്ങള്‍ ഇതേപോലെ കാണപ്പെടുന്നതാണ്. ഇതില്‍ നിന്ന് തന്നെ ഞങ്ങളില്‍ സംഭവിക്കുന്ന ചലനങ്ങള്‍ ഞങ്ങളുടെ സ്വന്തം ചലനങ്ങളല്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാമല്ലോ!. ഖുദ്റത്ത്(കഴിവ്) എന്ന ധീരനായ സവാരിക്കാരന്‍ ഞങ്ങളില്‍ കയറി പ്രവര്‍ത്തിക്കുമ്പോഴാണ് ഞങ്ങള്‍ ചലിക്കുന്നത്. അതിനാല്‍ ഇവ്വിഷയകമായി നിങ്ങള്‍ക്ക് കൂടുതല്‍ അറിയണമണെങ്കില്‍ ഖുദ്റത്തിനോടാണ് ചോദിക്കേണ്ടത്.
അങ്ങനെ അയാള്‍ ഖുദ്റത്തിന് നേര്‍ക്ക് നീങ്ങി കൊണ്ട് ചോദിച്ചു. കടലാസില്‍ മഷി പുരട്ടി കറുപ്പിച്ചതും മഷിക്കുപ്പിയെ കുപ്പിയില്‍ നിന്ന് പുറത്തെടുത്ത് കടലാസില്‍ പരത്തിയതും അതിനായി പേനയെ നിര്‍ബന്ധിച്ചതും കൈവിരലുകളെ കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചതും ഖുദ്റത്താകുന്ന താങ്കളാണല്ലോ? ഇവയെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ച ഘടകമെന്താണ്?
ഉടനെ ഖുദ്റത്തും ഒഴിഞ്ഞുമാറിക്കൊണ്ട് പറഞ്ഞു. ഇറാദത്ത്(പ്രവര്‍ത്തിക്കാനും പ്രവര്‍ത്തിക്കാതിരിക്കാനുമുള്ള ഉദ്ദേശം) എന്ന അധികാരി എന്നെ നിര്‍ബന്ധിക്കുന്നതിനനുസരിച്ചേ എനിക്ക് ചലിക്കാന്‍ സാധിക്കൂ. ഞാന്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ഇറാദത്ത് എന്നെക്കൊണ്ട് പേന എടുപ്പിക്കുകയും മഷിക്കുപ്പിയില്‍ മുക്കി എഴുതാന്‍ കൈവിരലുകളെ ഉപയോഗപ്പെടുത്താന്‍ കല്‍പ്പിക്കുകയും ചെയ്തപ്പോള്‍ എനിക്കതിന് വഴങ്ങേണ്ടി വന്നതാണ്. എനിക്ക് ഇറാദത്തിന്റെ കല്‍പനക്കനുസൃതമായി വര്‍ത്തിക്കുകയല്ലാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല.
ഇതെല്ലാം കേട്ട് അയാള്‍ ഇറാദത്തിന് നേര്‍ക്ക് ചെന്ന്, ഖുദ്റത്തിനെ നീ എന്തിനാ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ചതെന്ന് ചോദിച്ചു?
ഇത് കേട്ട ഇറാദത്ത് പറഞ്ഞു, ഞാനൊരിക്കലും സ്വയമേ അതിന് തയ്യാറായി വന്നതല്ല. എന്നെ അതിന് വേണ്ടി തയ്യാറാക്കപ്പെട്ടതാണ്! നിര്‍ബന്ധം ചെലുത്തുന്ന വിധിയും ആജ്ഞയും നിമിത്തം എന്നെ അതിന് ഒരുക്കി തയ്യാറാക്കുകയായിരുന്നു. ഖുദ്റത്തിനെ പറഞ്ഞയക്കാനുള്ള സന്ദേശവുമായി ഹൃദയത്തില്‍ നിന്നും ബുദ്ധിയുടെ നാവില്‍ കൂടെ ഇല്‍മിന്റെ ദൂതന്‍ എന്റെ അടുക്കല്‍ വന്നപ്പോള്‍ ഞാന്‍ ഖുദ്റത്തിനെ പറഞ്ഞയച്ചതാണ്. ഞാന്‍ ഇല്‍മിന്റെയും ബുദ്ധിയുടേയും അധികാരത്തിന് കീഴില്‍ ദാസ്യവേല ചെയ്യുന്ന ഭൃത്യനാണ്.
അതോടെ അയാള്‍ ബുദ്ധിയുടേയും ഇല്‍മിന്റെയും നേര്‍ക്ക് തിരിഞ്ഞ് ആക്ഷേപരൂപേണെ ചോദ്യങ്ങളുന്നയിച്ചപ്പോള്‍ ബുദ്ധി പറഞ്ഞു, ഞാനൊരു വിളക്കാണ്. ഞാന്‍ സ്വന്തമായി കത്തിയതല്ല, ഞാന്‍ കത്തിക്കപ്പെട്ടതാണ്! ഹൃദയം പറഞ്ഞു, ഞാനൊരു ഫലകം (ഡിസ്പ്ലെ സ്‌ക്രീന്‍) മാത്രമാണ്. ഞാന്‍ തന്നിഷ്ട പ്രകാരം ഫലകമയതല്ല, എന്നെ സൃഷ്ടിച്ചപ്പോള്‍ തന്നെ ഞാന്‍ ഫലകത്തിന്റെ രൂപം പ്രാപിച്ച് കഴിഞ്ഞിരുന്നു. ഇല്‍മ് പറഞ്ഞു, ഞാന്‍ ബുദ്ധിയെന്ന വിളക്ക് പ്രകാശിച്ചപ്പോള്‍ ഹൃദയമെന്ന സ്‌ക്രീനില്‍ തെളിഞ്ഞ പ്രതിബിംബം മാത്രമാണ്. ഖലമിന്റെ പ്രവര്‍ത്തനമില്ലാതെ എനിക്കൊരു പ്രതിബിംബമായി മാറാന്‍ സാധിക്കില്ല. അതിനാല്‍ എന്നെക്കുറിച്ച് നിങ്ങള്‍ ഖലമിനോട് (പേന) ചോദിക്കുക?!
ഇതെല്ലാം കേട്ട അന്വേഷിക്ക് എന്ത് പറയണം എന്നറിയാതെ വിക്കല്‍ അനുഭവപ്പെട്ടു. കൂടുതല്‍ സംസാരിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയ അയാള്‍ പറഞ്ഞു, എന്റെ അന്വേഷണം കാടുകയറിയിരിക്കുന്നു. ഇതുവരെ എനിക്ക് കൃത്യമായ ഉത്തരം കിട്ടിയില്ല. ഖലമാണ് എന്നെ പ്രിതിബിംബമാക്കിയത് എന്ന നിങ്ങളുടെ മറുപടി എനിക്ക് മനസ്സിലായില്ല. എഴുത്തും വരയുമായി പ്രതിഫലിക്കാവുന്നവയെല്ലാം പേന കൊണ്ടല്ലാതെ വരക്കാന്‍ കഴിയില്ല എന്നറിയാം. പക്ഷെ, അതിവിടെ ഉത്തരമാകുന്നില്ലല്ലോ!
ഖലമാണ് എന്നെ വരച്ചത്(പ്രതിബിംബമാക്കിയത്) എന്ന ഇല്‍മിന്റെ മറുപടി അയാള്‍ക്ക് മനസ്സിലായിട്ടില്ല. അയാള്‍ ഖലമിനെ ഭൗതികമായ വസ്തുവായാണ് മനസ്സിലാക്കിയത്! ഇത് തിരിച്ചറിഞ്ഞ ഇല്‍മ് അയാളോടായി പറഞ്ഞു, അറിയുക!, നിന്റെ അന്വേഷണ വഴിയില്‍ ഒരുപാട് അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്. അതിനാല്‍ നിങ്ങള്‍ ഈ വഴിയില്‍ നിന്ന് പിന്തിരിഞ്ഞ് പോവാലാണ് ഏറ്റവും ഉത്തമം. ഈ അന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സൗഭാഗ്യമില്ല. ഏതൊരു കാര്യത്തിന് വേണ്ടിയാണോ ഓരോ വ്യക്തിയും സൃഷ്ടിക്കപ്പെട്ടത്, അതവന് എളുപ്പമായിരിക്കും. അതല്ല, ഇനിയും അന്വേഷണം തുടരണമെന്നാണ് നിന്റെ ഉദ്ദേശമെങ്കില്‍ ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുക;
ഇല്‍മ് പറയാന്‍ തുടങ്ങി, നിന്റെ വഴിയില്‍ മൂന്ന് ലോകങ്ങളുണ്ട്. ആലമുല്‍ മുല്‍ക്കി വശഹാദയാണ് അതില്‍ ഒന്നാമത്തേത്! അത് ദൃശ്യ ലോകമാണ്. അഥവാ, ഐഹിക ലോകം. കടലാസും മഷിയും പേനയും കൈയ്യും ഈ ലോകത്തില്‍പ്പെട്ടതാണ്. അടുത്ത ലോകം ആലമുല്‍ മലക്കൂത്താണ്! അതെന്റെ (ഇല്‍മിന്റെ) പിറകിലാണുള്ളത്. നീ എന്നെ വിട്ട് കടന്നു പോവുകയാണെങ്കില്‍ അവിടെ എത്തിച്ചേരും. അവിടെ പരന്ന് കിടക്കുന്ന മരുഭൂമികളും ഉയര്‍ന്ന പര്‍വ്വത ശിഖിരങ്ങളും ആഴമേറിയ സമുദ്രങ്ങളുമുണ്ട്. അതില്‍ നിന്നും നിനക്കെങ്ങനെ രക്ഷപ്പെടാന്‍ കഴിയുമെന്ന് എനിക്കറിഞ്ഞ് കൂടാ.
ആലമുല്‍ മുല്‍ക്കിന്റെയും ആലമുല്‍ മലക്കൂത്തിന്റെയുമിടയില്‍ ആലമുല്‍ ജബറൂത്ത് എന്ന ലോകമുണ്ട്. (ഗസാലിയന്‍ വീക്ഷണത്തില്‍ ആലമുല്‍ ജബറൂത്ത് ആലമുല്‍ മലക്കൂത്തിന് മുമ്പുള്ള ലോകമാണ്. മറ്റു സൂഫികള്‍ അതിനെ ആലമുല്‍ മലക്കൂത്തിന് ശേഷമായാണ് വിശദീകരിച്ചിട്ടുള്ളത്). ദൃശ്യലോകത്തിനും അദൃശ്യലോകത്തിനും മധ്യത്തിലുള്ള ലോകമാണ് ആലമുല്‍ ജബറൂത്ത്. ഭൂമിക്കും സമുദ്രത്തിനുമിടക്കുള്ള കപ്പല്‍ പോലെയാണ് ജബറൂത്തിന്റെ ലോകം. ഭൂമിയിലൂടെ നടക്കുന്നവരെല്ലാം ആലമുല്‍ മുല്‍ക്കി വശഹാദയിലൂടെ നടക്കുന്നവരെ പോലെയാണ്. അങ്ങനെ നടന്ന് പോയി് കപ്പലില്‍ കയറുവാന്‍ സാധിച്ചാല്‍ അവന്‍ ആലമുല്‍ ജബറൂത്തില്‍ പ്രവേശിച്ചു. ഇനി കപ്പല്‍ കൂടാതെ സമുദ്രത്തിന് മീതെ നടന്നു പോവാന്‍ സാധിക്കുകയാണെങ്കില്‍ ആലമുല്‍ മലക്കൂത്തിലേക്ക് യാതൊരു തടസ്സവുമില്ലാതെ നിനക്ക് നടന്നു പോകാവുന്നതാണ്. സമുദ്രത്തിന്റെ മീതെ നിനക്ക് നടക്കാന്‍ കഴിയില്ലെങ്കില്‍ നീ അതില്‍ നിന്നും പിന്മാറണ്ടേതാണ്. കാരണം, നീ ഇപ്പോള്‍ ഭൂമിയുടെ അതിര്‍ത്തി വിട്ട് കടന്ന് കപ്പലിന്റെ അറ്റത്തെത്തിയിരിക്കുകയാണ്. അടുത്ത ചുവട് നടുക്കടലിലേക്കാണ് (ആലമുല്‍ മലക്കൂത്ത്) വെക്കാനുള്ളത്. അത് ചെയ്യാന്‍ പ്രാപ്തിയുണ്ടെങ്കില്‍ മാത്രമെ അതിന് മുതിരാവൂ…! ആലമുല്‍ മലക്കൂത്തിന്റെ ആദ്യപടി ഹൃദയമാകുന്ന ഫലകത്തിന്മേല്‍ ഇല്‍മ് എഴുതുന്ന ഖലമിനെ കാണലും സമുദ്രത്തിന് മീതെ നടക്കുവാന്‍ സഹായിക്കുന്ന യഖീന്‍ കൈവരിക്കലുമാണ്.
ഇല്‍മിന്റെ വിവരണങ്ങളെല്ലാം കേട്ടപ്പോള്‍ അയാള്‍ ഭയന്നു പരിഭ്രാന്തനായി!. ഈ ലോകങ്ങളെല്ലാം കടന്ന് പോവാന്‍ തനിക്ക് കഴിയുമോ എന്ന ശങ്ക അയാളെ പിടികൂടി. ഇത് വിട്ടുകടക്കാന്‍ കഴിയുമെന്നതിന്റെ വല്ല ലക്ഷണങ്ങളുമുണ്ടോയെന്ന് അയാള്‍ ഇല്‍മിനോട് ചോദിച്ചു.
അതിന്റെ അടയാളങ്ങള്‍ വിവരിച്ച് കൊണ്ട് ഇല്‍മ് പറഞ്ഞു, നീ നേരാവണ്ണം നിന്റെ കണ്ണുതുറന്ന് എന്റെ നേരെ നോക്കുക. എന്നിട്ട് ഹൃദയമാകുന്ന സ്‌ക്രീനില്‍ എഴുതുന്ന ഖലം നിനക്ക് കാണാന്‍ കഴിയുന്നുണ്ടെങ്കില്‍ ഈ വഴിയിലൂടെ കടന്നു പോവുന്നതിന് നീ അര്‍ഹനാണെന്ന് കരുതാം.
ആലമുല്‍ ജബറൂത്ത് വിട്ട് കടന്ന് ആലമുല്‍ മലക്കൂത്തിന്റെ വാതിലുകളില്‍ ചെന്ന് മുട്ടുന്നവന് ഖലം കാണിച്ചു കൊടുക്കപ്പെടുന്നതായിരിക്കും. നബി(സ)യുടെ നുബുവ്വത്തിന്റെ പ്രാരംഭ ദശയില്‍ അവതീര്‍ണ്ണമായ സൂക്തങ്ങള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. സൃഷ്ടി കര്‍മം നടത്തിയ താങ്കളുടെ നാഥന്റെ നാമത്തില്‍ വായിക്കുക, രക്തപിണ്ഡത്തില്‍ നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു, വായിക്കുക, അങ്ങയുടെ നാഥന്‍ തൂലിക കൊണ്ട് അഭ്യസിപ്പിച്ച അത്യുദാരനത്രേ, മനുഷ്യനറിയാത്തത് അവന്‍ മനുഷ്യനെ പഠിപ്പിച്ചു. (സൂറത്തുല്‍ അലഖ്: 1-5).
ഇത് കേട്ടപ്പോള്‍ അന്വേഷകനായ മനുഷ്യന്‍ കണ്ണു തുറന്ന് സൂക്ഷിച്ചു നോക്കി. അപ്പോള്‍ അയാള്‍ക്ക് തൂലികയുടെ രൂപത്തിലുള്ള ഒരു ഖലമിനേയും കാണാന്‍ കഴിഞ്ഞില്ല. അയാള്‍ പറഞ്ഞു, ഐഹിക ലോകത്ത് കാണപ്പെടുന്ന ഖലമിന്റെ രൂപത്തിലുള്ള ഒന്നും ഞാന്‍ കാണുന്നില്ല. അപ്പോള്‍ ഇല്‍മ് അവനോട് പറഞ്ഞു, ഒരു വീട്ടിലെ സാധന സാമഗ്രികള്‍ ഗൃഹനാഥന്റെ നിലവാരത്തിനനുസരിച്ചല്ലേ ഉണ്ടാവാറ്, അതിനാല്‍ തന്നെ ഐഹിക ലോകത്തെ ഖലമുകളുടെ രൂപത്തിലുള്ള ഖലമിനെ സങ്കല്‍പ്പിച്ച് നീ സമയം കളയണ്ട. അല്ലാഹുവിന്റെ ദാത്ത് മറ്റു ദാത്തുകളോട് ഒരുനിലക്കും സദൃശ്യപ്പെടില്ല എന്നല്ലേ ഖുര്‍ആന്‍ തന്നെ പറഞ്ഞിരിക്കുന്നത്. അതുപോലെ, അവന്റെ കൈ മറ്റുള്ള കൈകളോടോ അവന്റെ കലാം മറ്റുള്ള കലാമുകളോടോ അവന്റെ ഖലം ഇതര ഖലമുകളോടൊ അത് മുഖേനയുള്ള എഴുത്ത് മറ്റ് എഴുത്തുകളോടൊ സദൃശ്യമാവുകയില്ല. അത്‌കൊണ്ട് അല്ലാഹുവിന്റെ ദാത്ത് ശരീരമെന്നല്ല, മറ്റു വസ്തുക്കളെ പോലെ ഏതെങ്കിലും ഒരു സ്ഥലത്ത് നിലകൊള്ളുന്നതേയല്ല. അവന്റെ കൈ മാംസവും എല്ലുകളും രക്തവും ചേര്‍ന്നുള്ളതല്ല. അവന്റെ ഖലം മരം കൊണ്ടേ് നിര്‍മിക്കപ്പെട്ടതുമല്ല. അവന്റെ കലാം അക്ഷരങ്ങളും ശബ്ദങ്ങളുമല്ല. അവന്റെ എഴുത്ത് കേവലം വരയും കുറിയുമല്ല. അതിനാല്‍, ഈ തിരിച്ചറിവുകളൊന്നുമില്ലാതെ അവന്റെ ഖലമിനെ സമീപിക്കുകയാണെങ്കില്‍ നിനക്ക് അബദ്ധം സംഭവിക്കാനിടയുണ്ട്. ‘തീര്‍ച്ചയായും അല്ലാഹു ആദമിനെ അവന്റെ രൂപത്തില്‍ സൃഷ്ടിച്ചിരിക്കുന്നു’ എന്ന പ്രവാചക വചനത്തില്‍ നിന്നും നീ അല്ലാഹുവിന് കാണപ്പെടുന്ന വല്ല രൂപവും സങ്കല്‍പ്പിച്ചെടുക്കുകയണെങ്കില്‍ അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തി എന്ന കാരണത്താല്‍ നീ വഴി പിഴച്ച് പോവുന്നതാണ്. കണ്ണ് കൊണ്ട് കാണാന്‍ കഴിയാത്തതും ഉള്‍കൊഴ്ച്ച കൊണ്ട് മാത്രം ദര്‍ശിക്കാവുന്നതുമായ രൂപമാണ് അവിടെ നബി(സ) ഉദ്ദേശിച്ചത്. ഇത് പോലെ ചിന്തിച്ച് കാര്യങ്ങള്‍ ഗ്രഹിക്കുന്നവനാണെങ്കില്‍ നീ മുന്നോട്ട് പോവുക.
‘അങ്ങനെ മൂസാനബി അതിനടുത്തെത്തിയപ്പോള്‍ അശരീരിയുണ്ടായി; ഹേ മൂസാ, നിശ്ചയം ഞാനാണ് നിങ്ങളുടെ നാഥന്‍. അതിനാല്‍, ചെരിപ്പഴിച്ചുവെക്കുക, ഥ്വുവാ എന്ന പവിത്ര താഴ്വരയിലാണു താങ്കള്‍, ഞാന്‍ നിങ്ങളെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നത് കൊണ്ട് ബോധനം നല്‍കപ്പെടുന്നത് സശ്രദ്ധം ശ്രവിക്കുക (സൂറത്ത് ത്വാഹാ: 11-13) എന്ന് മൂസാനബിയോട് അല്ലാഹു വിളിച്ചു പറഞ്ഞത് പോലെ അര്‍ശിന്റെ മേലാപ്പുകളില്‍ നിന്നു നിന്നേയും അവന്‍ വിളിച്ചേക്കാം.
ഇത്രയും കേട്ടപ്പോള്‍ അന്വേഷിക്ക് തന്റെ ആത്മീയ ദൗര്‍ബല്യം തിരിച്ചറിഞ്ഞു. ആത്മനിന്ദയാല്‍ ക്ഷോഭിച്ച അവന്റെ ഹൃദയത്തില്‍ ദേഷ്യം കൊണ്ട് തീ ആളിക്കത്തി. അവന്റെ ഹൃദയമാകുന്ന വിളക്കിലെ എണ്ണയെ ഇല്‍മിന്റെ മൂര്‍ച്ചയാല്‍ തീ സ്പര്‍ശിച്ചപ്പോള്‍ അതിലെ എണ്ണ ആളിക്കത്തി. അപ്പോള്‍ ഇല്‍മ് അയാളോട് പറഞ്ഞു, ഇനി നീ കണ്ണ് തുറന്ന് നോക്കുക. ഈ വെളിച്ചത്തില്‍ നിനക്ക് ശരിയായ മാര്‍ഗം തെളിഞ്ഞു കണ്ടേക്കാം. അങ്ങനെ അയാള്‍ നോക്കിയപ്പോള്‍ ഇലാഹിയായ ഖലം വെളിവായി കണ്ടു. ഇല്‍മ് മുമ്പ് അയാളോട് പറഞ്ഞത് പോലെ ഖലം ഐഹികമായ ഒരു വസ്തു കൊണ്ട് നിര്‍മിക്കപ്പെട്ടതല്ലന്നും അതിന് ഐഹിക ലോകത്ത് കാണപ്പെടുന്ന യാതൊരു വസ്തുവുമായി സദൃശ്യമില്ലെന്നുമയാള്‍ മനസ്സിലാക്കി.
മുനയും തലയുമില്ലാത്ത ആ ഖലം എപ്പോഴും മനുഷ്യന്റെ ഹൃദയത്തില്‍ എല്ലാ വിധ വിജ്ഞാനീയങ്ങളും എഴുതിക്കൊണ്ടിരിക്കുകയാണ്. ഇത് മനസ്സിലാക്കിയ അന്വേഷി ഇല്‍മ് ഏറ്റവും നല്ല കൂട്ടുകാരനാണെന്ന് തിരിച്ചറിഞ്ഞ് ഇല്‍മിനോട് നന്ദി പറഞ്ഞു. ഇവിടം വെച്ച് അയാള്‍ ഇല്‍മിനോട് യാത്ര പറഞ്ഞു മുന്നോട്ട് പോയി. തുടര്‍ന്ന് അദൃശ്യ ലോകത്തെ ഖലമുല്‍ ബാത്വിനിക്ക് മുമ്പില്‍ ചെന്നു കൊണ്ട് അയാള്‍ ചോദിച്ചു. ഹേ ഖലമേ! മനുഷ്യര്‍ക്ക് ഓരോ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനായി അവരില്‍ ഉദ്ദേശലക്ഷ്യങ്ങള്‍ സൃഷ്ടിച്ച്‌കൊണ്ട് അവരുടെ ഹൃദയങ്ങളില്‍ നിരന്തരം എന്തിനാണിങ്ങനെ എഴുതി ക്കൊണ്ടിരിക്കുന്നതെന്തിനാണ്?
അപ്പോള്‍ ഖലമുല്‍ ബാത്വിനിയും ഖലമുല്‍ ളാഹിരി പറഞ്ഞതിനോട് സമാനമായ മറുപടിയാണ് നല്‍കിയത്. മനുഷ്യന്റെ കൈയ്യിലെ കേവല ഉപകരണം മാത്രമാണ് ഖലമുല്‍ ളാഹിരിയെങ്കില്‍ ഖലമുല്‍ ബാത്വിനി യമീനുല്ലാഹിയുടെ പക്കല്‍ അതിന് കീഴ്പ്പെട്ട് പ്രവര്‍ത്തിക്കുന്ന അവസ്ഥയിലാണെന്ന് പറഞ്ഞു. ഖലമുല്‍ ഇലാഹിയ്യും ഖലമുല്‍ ആദമിയ്യും അതിന്റെ ദൃശ്യ രൂപത്തില്‍ സദൃശ്യപ്പെടുന്നില്ലെങ്കിലും പ്രവര്‍ത്തനത്തില്‍ രണ്ടും സദൃശ്യപ്പെടുന്നുണ്ട്. യമീനുല്ലാഹി എന്നാല്‍ എന്താണെന്ന് അയാള്‍ അന്വേഷിച്ചപ്പോള്‍ ഖലം പറഞ്ഞു: ആകാശങ്ങള്‍ അവന്റെ വലം കൈയ്യില്‍ ചുരുട്ടപ്പെട്ടതാണ് എന്ന് വിശുദ്ധ ഖുര്‍ആന്‍ (സൂറത്തുല്‍ സുമുര്‍;67) പറഞ്ഞിട്ടുണ്ടല്ലോ! അപ്പോള്‍ അല്ലാഹുവിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അവന്റെ വലം കൈയ്യാലാണ് നടക്കുന്നത് എന്ന് മനസ്സിലാക്കാം. അത് പ്രകാരം ഖലമിനെയും പ്രവര്‍ത്തിപ്പിക്കുന്നത് യമീനുല്ലാഹിയാണ്. അങ്ങനെ അയാള്‍ ഖലമിന്റെ അടുത്ത് നിന്നും വലംകൈയ്യുടെ അടുക്കലേക്ക് പോവുകയും ഖലമിന്റെ അത്ഭുതങ്ങളേക്കാള്‍ വലിയ അത്ഭുതങ്ങള്‍ അവിടെ നിന്ന് കണ്ടു മനസ്സിലാക്കുകയും ചെയ്തു. (അതിവിടെ വിവരിക്കല്‍ അസാധ്യമാണ്. അതിന്റെ നൂറില്‍ ഒരംശം വിവരിക്കുവാന്‍ തന്നെ ധാരാളം ഗ്രന്ഥങ്ങള്‍ എഴുതേണ്ടി വരുമെന്നുമാണ് ഇമാം ഗസാലി(റ) പറയുന്നത്). അപ്പോള്‍ അന്വേഷി ഖലമിനെ അല്ലാഹുവിന്റെ വലം കൈയ്യാല്‍ ചലിക്കുന്ന നിലയില്‍ ദര്‍ശിച്ചു.
വലം കൈയ്യിനോട് ഖലമിനെ ചലിപ്പിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ദൃശ്യ ലോകത്ത് വെച്ച് മനുഷ്യന്റെ കൈ പറഞ്ഞത് പോലെയുള്ള മറുപടിയാണ് പറഞ്ഞത്. അതായത് ദൃശ്യ ലോകത്ത് മനുഷ്യന്റെ കൈ മനുഷ്യന്റെ ഖുദ്റത്തിനോട് കീഴ്പ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പറഞ്ഞത് പോലെ യമീനുല്ലാഹി അല്ലാഹുവിന്റെ ഖുദ്റത്തിനോട് കീഴ്പ്പെട്ട നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ആ ഖുദ്റത്തിനോട് അതിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഖുദ്റത്ത് പറഞ്ഞത് താനൊരു വിശേഷഗുണം മാത്രമാണെന്നാണ്. അതിനാല്‍ നിങ്ങള്‍ ഖുദ്റത്ത് എന്ന വിശേഷ ഗുണത്തിന്റെ ഉടമസ്ഥനായ ഖാദിറിനോട് (അല്ലാഹു) ചോദിക്കുക എന്ന് പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ അര്‍ശിന്റെ മേലാപ്പുകളുടെ പുറകില്‍ നിന്നും ‘തന്റെ പ്രവൃത്തികളെക്കുറിച്ച് അവന്‍ ചോദ്യംചെയ്യപ്പെടില്ല; എന്നാല്‍ സൃഷ്ടികളാകട്ടെ, ചോദ്യം ചെയ്യപ്പെടുന്നതുമാണ്’ എന്ന് വിളിച്ച് പറയപ്പെട്ടു. ഇത് കേട്ട അയാള്‍ ആ സന്നിധാനത്തോടുളള ഭയം കാരണം ബോധം നഷ്ടപ്പെട്ട് ആ ബോധക്കേടില്‍ പിടഞ്ഞുകൊണ്ട് അയാള്‍ മുഖം കുത്തി വീണു. പിന്നീട് ബോധം തെളിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു;
നീ എത്ര പരിശുദ്ധവാനാണ്! നിന്റെ പദവി എത്ര വലുതാണ്! ഞാന്‍ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നു, നിന്നില്‍ ഞാന്‍ ഭരമേല്‍പ്പിക്കുന്നു, നീ ശക്തനും ഏകനും സമഗ്രാധിപത്യമുള്ളവനുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിന്നെയല്ലാതെ ഞാന്‍ ഭയക്കുന്നില്ല, നീ മാത്രമാണ് എന്റെ ഏക പ്രതീക്ഷ, നിന്റെ ശിക്ഷയില്‍ നിന്നും ദേഷ്യത്തില്‍ നിന്നും നീ മാത്രമാണ് എനിക്കഭയം. അതിനാല്‍ ഞാന്‍ നിന്നോട് ചോദിക്കുന്നു; നിന്നെ അറിയാനായി എന്റെ ഹൃദയം വിശാലമാക്കണേ, എന്റെ നാവില്‍ നിന്നും നിശബ്ദതയുടെ കെട്ട് അഴിച്ച് തരണേ…
അപ്പോള്‍ മറയുടെ പിറകില്‍ നിന്നും അയാളോട് ഇപ്രകാരം വിളിച്ചു പറയപ്പെട്ടു; എല്ലാ നബിമാരുടേയും നേതാവായ മുഹമ്മദ് നബി(സ) അല്ലാഹുവിനെ സ്തുതിച്ച് പറഞ്ഞിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ സ്തുതിച്ചു പറയുവാന്‍ നീ ആഗ്രഹിക്കേണ്ട. നബി(സ) യെ നീ പിന്‍പറ്റുക. നബി(സ) നിരോധിച്ചതു നീ ഉപേക്ഷിക്കുക, നബി(സ) കല്‍പിച്ചത് നീ പ്രവര്‍ത്തിക്കുക. കാരണം ഈ സന്നിധാനത്തില്‍ വെച്ച് നിനക്ക് എന്നെ പ്രകീര്‍ത്തിച്ച് എനിക്കുളള സ്തുതികള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കുന്നതല്ല. അപ്പോള്‍ അയാള്‍ അല്ലാഹുവിനോട് യാചിച്ചു; ഇലാഹേ! നിന്നെ സ്തുതിച്ച് പൂര്‍ത്തിയാക്കാന്‍ മാത്രം എന്റെ നാവിന് ശക്തിയില്ലെങ്കിലും എന്റെ ഹൃദയത്തിന് നിന്നെ കൂടുതല്‍ അനുഭവിച്ചറിയുന്നതില്‍ വല്ല പ്രതീക്ഷക്കും വകയുണ്ടോ? ആ സമയത്ത് അയാളോട് ഇപ്രകാരം അഭിസംബോധന ചെയ്യപ്പെട്ടു; സിദ്ദീഖീങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനിയായ അബൂബക്കര്‍ സിദ്ധീഖ്(റ) വിനെ നീ പിന്‍പറ്റിക്കൊള്ളുക. കാരണം സര്‍വ്വ നബിമാര്‍ക്കും നേതാവായ മുഹമ്മദ് നബി(സ)യുടെ സ്വഹാബിമാര്‍ നക്ഷത്രങ്ങളെപ്പോലെയാണ്. അവരില്‍ ഏതൊരുത്തനെ നിങ്ങള്‍ പിന്‍പറ്റിയാലും നിങ്ങള്‍ നേര്‍മാര്‍ഗത്തിലാകും എന്നാണല്ലോ. അല്ലാഹുവിനെ കുറിച്ച് പൂര്‍ണ്ണമായും മനസ്സിലാക്കാനുള്ള തന്റെ അശക്തിയെ ഒരാള്‍ക്ക് സ്വയ്ം ബോധ്യപ്പെടല്‍ ഒരു വിധം തിരിച്ചറിവാണെന്ന് അബൂബക്കര്‍ സിദ്ധീഖ്(റ) പറഞ്ഞത് നീ കേട്ടിട്ടില്ലയോ?
അതിനാല്‍ നമ്മുടെ സന്നിധാനത്തില്‍ നിന്ന് നീ തടയപ്പെട്ടവനും നമ്മുടെ ജമാലും ജലാലും വീക്ഷിക്കാന്‍ കഴിയാത്തവനുമാണെന്ന് നിന്നെക്കുറിച്ച് നീ മനസ്സിലാക്കിയെടുക്കല്‍ തന്നെയാണ് ഇവിടെ നിന്നും നിനക്ക് ലഭിക്കാനുളള വിഹിതമെന്ന് മനസ്സിലാക്കി നിനക്ക് തൃപ്തിപ്പെടാവുന്നതാണ്.
Add comment