യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ ആന്ത്രോപോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു സബാ മഹ്മൂദ്. മതം മതേതരത്വം, എത്തിക്‌സ്, രാഷ്ട്രീയം, സ്വാതന്ത്ര്യം നിര്‍വാഹകത്വം എന്നീ പ്രതിഭാസങ്ങളുടെ പരസ്പര ബന്ധങ്ങളെകുറിച്ച് കടുത്ത ചോദ്യങ്ങളുന്നയിക്കുന്നതാണ് അവരുടെ രചനകള്‍. ‘പൊളിറ്റിക്‌സ് ഓഫ് പയറ്റി’ എന്ന അവരുടെ പുസ്തകം ഈജിപ്തിലെ മുസ്‌ലിം സ്ത്രീകളുടെ ഇടയില്‍ പടര്‍ന്നുപിടിച്ച പയറ്റി മൂവ്‌മെന്റ് അഥവാ പള്ളി പ്രസ്ഥാനത്തെ ആസ്പദമാക്കിയാണ്. സബാ മഹ്മൂദിന്റെ എല്ലാ സ്ത്രീ രാഷ്ട്രീയങ്ങളെയും ഫ്രെയിം ചെയ്യുന്ന സെകുലര്‍, ലിബറല്‍, പുരോഗമന ഫെമിനിസ്റ്റ് വ്യവഹാരങ്ങളെ അപനിര്‍മ്മിക്കുന്നതാണ് പഠനം. മാത്രമല്ല, ഇത്തരം ഫെമിനിസ്റ്റ് ആശയങ്ങളെ രൂപപ്പെടുത്തുന്ന സെകുലര്‍ ലിബറല്‍ ചട്ടക്കൂടിനെ തിരിച്ചറിയാനും അതിനപ്പുറം സ്വയം കണ്ടെത്തുന്ന ഒട്ടനവധി മനുഷ്യ ജീവിതലോകങ്ങളെ കുറിച്ച് അറിയാനും മനസ്സിലാക്കാനും സബാ മഹ്മൂദിന്റെ പഠനം ഏറെ പ്രയോജനകരമാണ്. കൂടാതെ ഇത്തരം പ്രസ്ഥാനങ്ങളെ എങ്ങനെ നരവംശശാസ്ത്രപരമായി വിലയിരുത്തണമെന്നതിനെ അടിസ്ഥാനപ്പെടുത്തി, ഫെമിനിസത്തിന്റെ രാഷ്ട്രീയവാദങ്ങളെയും മതേതര ലിബറല്‍ വ്യവഹാരങ്ങളെയും അവര്‍ ചോദ്യം ചെയ്യുന്നുണ്ട്. പ്രസ്തുത പുസ്തകത്തിലെ വിമര്‍ശനം മതേതരമോ (ഈസ് ക്രിറ്റിക് സെക്കുലര്‍?) എന്ന ഭാഗത്ത് തലാല്‍ അസദ്, ജുഡിത് ബട്‌ലര്‍, വെണ്ടി ബ്രോദ എന്നിവരുടെ ഡാനിഷ് കാര്‍ട്ടുണ്‍ വിവാദങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളോട് അവര്‍ യോജിക്കുന്നുണ്ട്. പ്രവാചകനിന്ദ, ആവിഷ്‌കാര സ്വതന്ത്ര്യം, മതകീയം, മതേതരം എന്നീ വിരുദ്ധ ലോകവീക്ഷണത്തില്‍ മാത്രം നിലനില്‍ക്കുന്ന ഒരു സംഘട്ടനമായാണ് അവര്‍ ഈ വിവാദത്തെ വിലയിരുത്തുന്നത്. മലേഷ്യയിലെ ഭൂരിപക്ഷ -ന്യൂനപക്ഷ ബന്ധങ്ങള്‍, മതപരമായ സ്വാതന്ത്ര്യം എന്നീ വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള ഒരു പ്രൊജക്ടിന്റെ ഭാഗമായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ നതാന്‍ സ്‌നൈഡര്‍ സബാ മഹ്മൂദുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
നതാന്‍ സ്‌നൈഡര്‍: ഞാന്‍ കോളേജില്‍ ഒരു തുടക്കക്കാരനായിരിക്കെയാണ് താങ്കളുടെ റിഹേഴ്‌സ്ഡ് സ്‌പൊന്‍ഡാനിറ്റി ആന്റ് കണ്‍വെന്‍ഷനാലിറ്റി ഓഫ് റിച്ച്വല്‍സ് എന്ന ലേഖനം വായിക്കാനിടയായത്. മതത്തിന്റെ പ്രയോഗവുമായി ബന്ധപ്പെട്ട് എന്നെ കൂടുതല്‍ സ്വാധീനിച്ച ഒരു രചനയായിരുന്നു അത്. താങ്കള്‍ അന്നുമുതലേ അത്തരം അപനിര്‍മ്മിതവും പുന:പരിശോധിതവുമായ രചനകളിലേര്‍പ്പെട്ടിരുന്നോ?
മുസ്‌ലിം രാഷ്ട്രീയ പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാന്‍ ഞാന്‍ രാഷ്ട്രമീമാംസ ബിരുദ വിദ്യാര്‍ത്ഥിയായി മാറുകയായിരുന്നു. വളരെ വൈകാതെ യൂറോ കേന്ദ്രീകൃത മൂല്യങ്ങളാണ് അവര്‍ പ്രതിനിധീകരിക്കുന്നതെന്ന് മനസ്സിലായപ്പോഴാണ് ഞാന്‍ നരവംശശാസ്ത്രത്തിലേക്ക് തിരിയുന്നത്
സബാ മഹ്മൂദ്: ഇത്തരം ചര്‍ച്ചകളുമായി ബന്ധപ്പെട്ട് തലാല്‍ അസദിന്റെ ദി ഐഡിയ ഓഫ് അന്‍ ആന്ത്രോപോളജി ഓഫ് ഇസ്‌ലാം എന്ന രചന എന്നെ നിര്‍ണായകമായി സ്വാധീനിച്ചിരുന്നു. ആ സമയത്ത് സ്റ്റ്ാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. മാത്രമല്ല ആന്ത്രോപോളജി എന്ന പഠന ശാഖയില്‍ തന്നെ തുലോം ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന മതപരമായ വിഷയങ്ങളിലായിരുന്നു എന്റെ താല്‍പര്യം. മതം സജീവ ചര്‍ച്ചകളുടെ ഭാഗമല്ലാതിരുന്ന വേര്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് മുമ്പുള്ള സമയവുമായിരുന്നു അത്. എന്റെ വായനകള്‍ക്കിടയില്‍ ചില അടിക്കുറിപ്പുകളിലാണ് ഞാന്‍ പ്രസ്തുത പ്രബന്ധം കാണാനിടയാവുന്നത്. ഞങ്ങളുടെ ലൈബ്രറിയില്‍ അതിന്റെ ഒരു കോപ്പി പോലുമുണ്ടിയിരുന്നില്ല. ഞാന്‍ ലൈബ്രറിയനുമായി ബന്ധപ്പെട്ട് പുസ്തകം വരുത്തിക്കുകയും, ആവര്‍ത്തിച്ച് വായിക്കുകയും ചെയ്തു. വായനാനന്തരം, വായനക്കാരെ പ്രതിസന്ധിയിലാക്കുന്ന നൂറുകൂട്ടം ചോദ്യങ്ങള്‍ എന്നെയും പ്രതിരോധത്തിലാക്കി, അതില്‍ ഏറെയും ഇസ്‌ലാം എന്നതിലുപരി പൊതുവെയുള്ള മതം എന്ന പ്രതിഭാസം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ തന്നെയാണ്.
നതാന്‍ സ്‌നൈഡര്‍: നിങ്ങളൊരു ആര്‍ക്കിട്ടെക്റ്റായിരുന്നില്ലെ? പിന്നെയെങ്ങെനെയാണ് താങ്കള്‍ നരവംശ ശാസ്ത്രത്തിലേക്ക് വരുന്നത്?
സബാ മഹ്മൂദ്: ശരിയാണ് ഞാന്‍ വര്‍ഷങ്ങളോളം ഒരു മുഴു ആര്‍ക്കിട്ടെക്റ്റായി പ്രാക്ടീസ് ചെയ്തിരുന്നു. അതേ സമയം തന്നെ അമേരിക്കയിലും മധ്യേഷ്യയിലും പ്രശ്‌നങ്ങള്‍ക്ക് തിരി കൊളുത്തിയ അമേരിക്കയുടെ വിദേശ നയങ്ങള്‍ക്കെതിരെയുള്ള ക്യാമ്പുകളില്‍ സജീവവുമായിരുന്നു. മതേതര ദേശീയതയില്‍ വിശ്വസിച്ച് കഴിഞ്ഞിരുന്ന ഞങ്ങളെപ്പോലുള്ളവരെ, അന്നത്തെ മാറിയ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥകളും മുസ്‌ലിം സമൂഹത്തിന്റെ സജീവ രാഷ്ട്ടീയ പ്രവേശനവും കൂടുതല്‍ ഗുരുതരമായ ചോദ്യങ്ങളിലേക്കെത്തിച്ചു. 1979 ലെ ഇറാനിയന്‍ വിപ്ലവാനന്തരം മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളും മൂന്നേറ്റങ്ങളും കൂടുതല്‍ വിവേചന രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ് കഴിഞ്ഞിരുന്നു. ഇത്തരം രാഷ്ട്രീയപരമായ ട്രന്‍ഡുകള്‍ മറ്റു മുസ്‌ലിം രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. മുസ്‌ലിം രാഷ്ട്രീയ പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാന്‍ ഞാന്‍ രാഷ്ട്രമീമാംസ ബിരുദ വിദ്യാര്‍ത്ഥിയായി മാറുകയായിരുന്നു. വളരെ വൈകാതെ യൂറോ കേന്ദ്രീകൃത മൂല്യങ്ങളാണ് അവര്‍ പ്രതിനിധീകരിക്കുന്നതെന്ന് മനസ്സിലായപ്പോഴാണ് ഞാന്‍ നരവംശശാസ്ത്രത്തിലേക്ക് തിരിയുന്നത്. മാറിക്കഴിഞ്ഞ മുസ്‌ലിം രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥകള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളെ നേരിടാന്‍ നരവംശശാസ്ത്രം ഉപകരിക്കുമെന്ന തീര്‍പ്പുണ്ടായിരുന്നു എനിക്ക്. അതോടൊപ്പം തന്നെ പ്രശ്‌നപരമായ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നതില്‍ നരവംശശാസ്ത്രത്തിന്റെ വലിയ പങ്കിനെക്കുറിച്ച് ഞാന്‍ നിരന്തരം ആശ്ചര്യപ്പെടാറുണ്ടായിരുന്നു.
നതാന്‍ സ്‌നൈഡര്‍: ഒരു ആക്ടിവിസ്റ്റെന്ന നിലക്ക് താങ്കളെ ആകുലപ്പെടുത്തിയ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നതില്‍ നരവംശശാസ്ത്രമെന്ന പഠന ശാഖയുടെ പങ്കിനെ കുറിച്ച് ?
സബാ മഹ്മൂദ്: എന്റെ ആക്ടിവിസത്തെ ഉള്‍കൊള്ളാന്‍ ഏത് പഠന ശാഖക്കും സാധിക്കുമെന്ന ധാരണ എനിക്കുണ്ട്. എന്നിരുന്നാലും സങ്കീര്‍ണമായ പല ചോദ്യങ്ങളെയും അഭിമുഖീകരിക്കുന്നതിന് നരവംശശാസ്ത്രം ഏറെ പ്രയോജനകരമാണ്. പരമ്പരാഗതമായി സാമൂഹിക-സാംസ്‌കാരിക നരവംശ ശാസ്ത്രത്തിന്റെ ലക്ഷ്യം, പടിഞ്ഞാറിന്റെ സാമൂഹികവും രാഷ്ട്രീയപരവുമായ അധീശ മനോഭാവങ്ങളില്‍ പ്രതിഫലിക്കുന്ന അപരിഷ്‌കൃത അപരനെ (പ്രിമിറ്റീവ് അദര്‍) പഠനത്തിന് വിധേയമാക്കലാണ്. 1980 കള്‍ക്ക് ശേഷം നരവംശശാസ്ത്രജ്ഞരും മറ്റും നരവംശശാസ്ത്രമെന്ന പഠന ശാഖയില്‍ നിലനിന്നിരുന്ന മൗലികവും ചരിത്രപരവുമല്ലാത്ത സാംസ്‌കാരിക വ്യതിയാനമെന്ന ആശയത്തെ നിശിതമായി വിമര്‍ശിക്കാന്‍ തുടങ്ങി. ഈ വിമര്‍ശനത്തിന്റെ ഫലമെന്നോണം സാംസ്‌കാരിക വ്യതിയാനം എന്നതിലുപരി വ്യതിയാനം എന്നതിനെ ആസ്പദമാക്കിയുള്ള വിമര്‍ശന പഠനങ്ങളിലേക്ക് ഈ പഠന ശാഖ തിരിഞ്ഞു. അതിനു പുറമെ എങ്ങനെ വൈവിധ്യങ്ങളായ സംസ്‌കാരങ്ങള്‍, ചരിത്രങ്ങള്‍, പൈതൃകങ്ങള്‍, അനുഭവങ്ങള്‍, അധികാര രൂപീകരണങ്ങള്‍ തുടങ്ങിയവ ഉരുവപ്പെടുന്നതിനെയും ഈ പഠന ശാഖ നിരീക്ഷിച്ചു തുടങ്ങി. വ്യതിയാനങ്ങളെക്കുറിച്ചുള്ള ഇത്തരം വിമര്‍ശന പഠനങ്ങളോട് നരവംശശാസ്ത്രത്തിന്റെ അനുഭാവം മാനുഷിക ശാസ്ത്രങ്ങളില്‍ അതുല്യവും വ്യവഹാര മൂല്യമുള്ളതുമാണ്. എന്റെ ആക്ടിവിസത്തെ ഉള്‍ച്ചേര്‍ക്കുന്നത് നരവംശശാസ്ത്രം മാത്രമല്ല, അതിലുപരി സാംസ്‌കാരിക വ്യതിയാനങ്ങളെ മൗലിക വല്‍കരിക്കുകയും ശ്രേണീവല്‍കരിക്കുകയും ചെയ്യുന്ന അധികാര ഘടനകളെ തിരിച്ചറിയുന്നതിന് ഈ ശാസ്ത്ര ശാഖ വളരെ ക്രിയാത്മകമായി എന്നെ സഹായിച്ചിട്ടുണ്ട്.
നതാന്‍ സ്‌നൈഡര്‍: നരവംശ ശാസത്രജ്ഞ എന്ന നിലയില്‍ താങ്കളുടെ ആര്‍ക്കിടെക്റ്ററല്‍ അനുഭവങ്ങള്‍ സ്വാധീനിച്ചുവെന്ന് താങ്കള്‍ വെളിപ്പെടുത്തുന്നണ്ടല്ലോ ?
സബാ മഹ്മൂദ്: ആര്‍കിടെക്റ്ററുമായി ബന്ധപ്പെട്ട് ഞാന്‍ പ്രവര്‍ത്തിക്കുമ്പോള്‍, ഇത്തരം സാങ്കേതികവും സവര്‍ണവുമായ പ്രെഫഷന്‍ എന്നെ കൂടുതല്‍ അസ്വസ്ഥപ്പെടുത്തുകയാണ് ചെയ്തത്. അതില്‍ നിന്ന് മുക്തി നേടാനായി, ഭവനരഹിതരായവര്‍ക്ക് വേണ്ടിയുള്ള ഭവനനിര്‍മ്മാണ പ്രക്രിയകളുമായി ബന്ധപ്പെട്ട് ഞാന്‍ ജോലി നോക്കിയിരുന്നു. ആദ്യകാലത്ത് ഞാന്‍ ജോലി നോക്കിയിരുന്നത് വലിയ അമേരിക്കന്‍ നഗരങ്ങളിലും മറ്റുമായിരുന്നതിനാല്‍ സാമൂഹികാനുഭവങ്ങളില്‍ നഗര ജീവിതം എത്രത്തോളം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും, അവയെ ജനം എങ്ങനെ മറികടക്കുന്നുവെന്നും അറിയാന്‍ സാധിച്ചു. പ്രസ്തുത സാഹചര്യവുമായി പൊളിറ്റിക്‌സ് ഓഫ് പയറ്റി എന്ന പുസ്തകം താരതമ്യപ്പെടുത്തുമ്പോള്‍ ആ പുസ്തകത്തിലെ സ്ത്രീകള്‍ ഇസ്‌ലാമിക മൂല്യങ്ങളെ ചോദ്യം ചെയ്യുന്നില്ല എന്നും, സ്ഥിരമായ ഫെമിനിസ്റ്റ് രീതിയില്‍ നിന്ന് വ്യത്യസ്ഥമായി അവരുടേതായ ഒരു നിര്‍വ്വാഹകത്വം (ഏജന്‍സി) രൂപപ്പെടുത്തുകയും ചെയ്യുന്നതായി കാണാം. മുഖ്യധാരാ ഇസ്‌ലാമിക വ്യവസ്ഥയെ മറികടക്കണമെന്ന് ഇവര്‍ വ്യാമോഹിക്കുന്നില്ല. മറിച്ച് പൊതുധാരയില്‍ നിന്ന് വ്യത്യസ്ഥമായി ഒരു രീതിക്ക് തുടക്കം കുറിക്കലാണ് ഈ പള്ളി പ്രസ്ഥാനങ്ങള്‍ ചെയ്യുന്നത്. ഒരര്‍ഥത്തിലും നിയമത്തെയും നിയമ വ്യവസ്ഥയെയും നേരിട്ട് അഭിമുഖീകരിക്കാതെ തന്നെ രാഷ്ട്രീയപരമായ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ഇക്കൂട്ടര്‍ക്ക് സാധ്യമായി.
നതാന്‍ സ്‌നൈഡര്‍: എന്തുകൊണ്ടാണ് താങ്കള്‍ ഫീല്‍ഡ് വര്‍ക്കിനായി കൈറോ തെരെഞ്ഞെടുത്തത്?
സബാ മഹ്മൂദ്: ആദ്യമായി ഞാന്‍ അല്‍ജിയേഴ്‌സിലേക്കാണ് പോയത്. ശക്തമായ ആഭ്യന്തര യുദ്ധങ്ങള്‍ പറിച്ചെടുത്ത ജീവിതങ്ങളും സാമൂഹികാന്തരീക്ഷങ്ങളും പഠനത്തിന് വിധേയമാക്കുന്നത് ഏറെ ദുഷ്‌കരമെന്ന് തോന്നി. ശേഷം ഫെസ്, കാസബ്ലാന്‍ക എന്നിവിടങ്ങളിലേക്ക് ഞാന്‍ സഞ്ചരിച്ചു. പ്രസ്തുത ദേശങ്ങളില്‍ ഞാന്‍ അഭിമുഖീകരിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്തുക ശ്രമകരമായിരുന്നു. കൈറോ നഗരം അവയില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായിരുന്നു. മതം-മതേതരത്വം എന്നീ ചൂടു പിടിച്ച ചര്‍ച്ചകള്‍ കൊണ്ട് സജീവമായിരുന്നു കൈറോ. ഇതിനകം സമകാലിക ലോകത്തെ മുസ്‌ലിം നഗര ജീവിതത്തിന്റെ നേര്‍പകര്‍പ്പായി കഴിഞ്ഞിരുന്നു പ്രസ്തുത നഗരം. പേര്‍ഷ്യന്‍ നഗരപ്രാന്തങ്ങള്‍ കാലികമായ വ്യവഹാരങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. അവിടത്തുകാര്‍ നൈസര്‍ഗികമായ അവരുടെ സാമൂഹികവും രാഷ്ട്രീയവുമായ ചേതനകളെ മറച്ചുപിടിക്കാന്‍ സന്നദ്ധരായിരുന്നില്ല എന്നതായിരുന്നു അവരുടെ സവിശേഷത. ഇത്തരം സവിശേഷതകള്‍ നിറഞ്ഞ ഈജിപ്ഷ്യന്‍ പസഫിക് കള്‍ച്ചര്‍ എന്റെ പ്രോജക്ടിന് അനുയോജ്യമാണെന്ന് ശുഭാപ്തി വിശ്വാസം എനിക്കുണ്ടായിരുന്നു.
നതാന്‍ സ്‌നൈഡര്‍: പോളിറ്റിക്‌സ് ഓഫ് പയറ്റി എന്ന പുസ്തകം ചിത്രീകരിക്കുന്ന അനുഭവങ്ങളെ സൈദ്ധാന്തികമായി വ്യാഖ്യാനിക്കാന്‍ താങ്കള്‍ക്ക് കൂടുതല്‍ സഹായകരമായ ഘടകങ്ങള്‍?
സബാ മഹ്മൂദ്: കൈറോയില്‍ ഞാന്‍ ഫീല്‍ഡ് വര്‍ക്കിലേര്‍പ്പെട്ടിരിക്കെ, മുസ്‌ലിം സമര പ്രസ്ഥാനങ്ങളെയും അവരുടെ ചലനങ്ങളെയും നിലവിലുള്ള സാഹിത്യം നോക്കിക്കാണുന്ന വീക്ഷണങ്ങളോട് എനിക്ക് വിയോജിപ്പുണ്ടായിരുന്നു. പ്രസ്തുത വീക്ഷണങ്ങള്‍ വളരെ മൗലികവും ശുഷ്‌കവുമായിരുന്നുവെന്നതാണ് കാരണം. നിലവിലുണ്ടായിരുന്ന സാഹിത്യാപഗ്രഥനങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രീയത്തെ ചേരിചേരാ രാഷ്ട്രീയങ്ങളായിട്ടാണ് വീക്ഷിച്ചുപോന്നിരുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ ഇസ്‌ലാമിക രാഷ്ട്രീയം ജനാധിപത്യവിരുദ്ധവും മൗലികമായ ചില ഘടകങ്ങളിലൂന്നിയ ഒന്നാണെന്ന രീതിയിലാണ്. ഞാന്‍ ഇസ്‌ലാമിക രാഷ്ട്രീയത്തെ മനസ്സിലാക്കിയത്, പ്രയോഗത്തിലുള്ള മതത്തിന്റെ രൂപമെടുത്ത (എംബഡീഡ്) ഒരു ചലനമായാണ്. ഇത്തരത്തിലുള്ള വീക്ഷണം എന്നെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായിരുന്നു. കാരണം ഇസ്‌ലാമിക രാഷ്ട്രീയം ജ്ഞാന വ്യതിയാനം സംഭവിച്ച മതപരതക്കപ്പുറത്ത് നില്‍ക്കുന്ന ഒന്നാണെന്ന മുന്‍ധാരണ എന്നില്‍ അത്രമേല്‍ സ്വാധീനിച്ചിരുന്നു. ഫീല്‍ഡ് വര്‍ക്കിന്റെ ആദ്യകാലങ്ങളില്‍, രാഷ്ട്രീയവും മതവും പരസ്പരം പൂരകങ്ങളോ പരസ്പര ധാരണകളില്ലാത്ത രണ്ട് കാര്യങ്ങളോ ആണെന്ന് ഞാന്‍ വിശ്വസിച്ചുപോന്നു. ഫീല്‍ഡ് വര്‍ക്കാനന്തരം എഴുതാനിരിക്കുമ്പോള്‍, എന്റെ നിരീക്ഷണങ്ങള്‍ക്ക് മറുപടിയായി മതിയായ പ്രതികരണം എനിക്ക് രൂപപ്പെടുത്താന്‍ കഴിയാതെ വന്നപ്പോള്‍ ഞാന്‍ കൂടുതല്‍ ചിന്തിക്കുകയും ഉത്തരങ്ങളിലേക്കെത്തുകയും ചെയ്തു. ഇത്തരം പുനര്‍ചിന്തകളാണ് പുതിയ ലിബറല്‍ പൊളിറ്റിക്കല്‍ തിയറിയിലെ രാഷ്ട്രീയം ധര്‍മ്മം എന്നീ ദ്വന്ദങ്ങള്‍ക്കിടയിലെ അതിര്‍വ്യത്യാസങ്ങളിലേക്ക് എന്റെ ശ്രദ്ധയാകര്‍ഷിച്ചത്.
നതാന്‍ സ്‌നൈഡര്‍: പൊളിറ്റിക്‌സ് ഓഫ് പയറ്റിയുടെ ആമുഖത്തില്‍, താങ്കളുടെ പ്രൊജക്ടുകളും പാകിസ്ഥാനിലെ അനുഭവങ്ങളും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നുണ്ടല്ലോ? സമകാലിക രാഷ്ട്രീയത്തില്‍ പാകിസ്ഥാനുള്ള വ്യത്യസ്തമായ പങ്കിനെ കുറിച്ച്?
സബാ മഹ്മൂദ്: പാകിസ്ഥാനിലെ രാഷ്ട്രീയ സാമൂഹിക വികസനങ്ങള്‍ അതിഭയാനകമെന്നു തന്നെ പറയാം. അമേരിക്കക്ക് വേണ്ടി പാകിസ്ഥാന്‍ നടത്തുന്ന ബിനാമി യുദ്ധങ്ങള്‍ രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ പരിസരങ്ങള്‍ക്ക് ഏറെ പ്രത്യാഘാതം സൃഷ്ടിക്കുകയുണ്ടായി. പൊളിറ്റിക്‌സ് ഓഫ് പയറ്റി ചര്‍ച്ച ചെയ്യുന്ന, ഈജിപ്തിലെ പള്ളി പ്രസ്ഥാനങ്ങള്‍ സാമൂഹിക രാഷ്ട്രീയ പരിസരങ്ങളില്‍ ഏറെ നിര്‍മാണാത്മകമായ സ്വാധീനങ്ങളുണ്ടാക്കി. മറിച്ച് പാകിസ്ഥാനിലെ ഇസ്‌ലാമിക ചലനങ്ങള്‍ ഏറെ നശീകരണാത്മകമാണെന്ന് വിലയിരുത്താം. കാരണം കൂടുതല്‍ ജിഹാദീ പ്രസ്ഥാനങ്ങളും അതിലുപരി അമേരിക്കന്‍ താല്‍പര്യ സംരക്ഷണവുമായിരുന്നു പാകിസ്ഥാന്‍ വിഭാവനം ചെയ്തത്. ഈജിപ്തിലെ റാഡിക്കല്‍ സംഘടനകളായ മുസ്‌ലിം ബ്രദര്‍ഹുഡ്, പാകിസ്ഥാനിലുള്ള സംഘടനകളില്‍ നിന്ന് വ്യത്യസ്ഥമായി സാമൂഹികക്ഷേമം, മതപരിവര്‍ത്തനം എന്നീ മേഖലകളിലൂടെ വളരെ ക്രിയാത്മകമായി നിലകൊള്ളുകയായിരുന്നു. ഈജിപ്തിലെ മിലിറ്റന്റ് ഇസ്‌ലാം വളരെ ഹൃസ്വവും, കൂടുതല്‍ അധികാര പരിധികളിലേക്ക് വ്യാപിക്കാതെയുമായിരുന്നു മുന്നേറിയത്.
നതാന്‍ സ്‌നൈഡര്‍: ഈസ് ക്രിറ്റിക്ക് സെക്കുലര്‍ എന്ന താങ്കളുടെ രചനയെക്കുറിച്ച്?
സബാ മഹ്മൂദ്: യുസി ബെര്‍ക്കിലിയില്‍ ക്രിറ്റിക്കല്‍ തിയറി ആസ്പദമാക്കി പുതിയ ഗവേഷണ വിഭാഗത്തെ ചുമതലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടായ്മയില്‍ രൂപപ്പെട്ടതാണ് ഈ രചനയുടെ ആശയങ്ങള്‍. പ്രസ്തുത സംഭവത്തിന്റെ നടത്തിപ്പുകാരായ ടൗണ്‍സെന്റ് സെന്റര്‍ ഫോര്‍ ദി ഹ്യുമാനിറ്റീസ് എന്നെ ബന്ധപ്പെടുകയും, അത് പുസ്തക രൂപത്തിലാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സിംപോസിയത്തിലെ മുഴുവന്‍ ചര്‍ച്ചകളും പുസ്തകത്തിലേക്ക് മാറ്റുക എന്നത് ശ്രമകരമായതിനാല്‍ ഡാനിഷ് കാര്‍ട്ടൂണ്‍ വിഭാഗത്തെ അധികരിച്ചുള്ള പഠനങ്ങള്‍ ഉള്‍പ്പെട്ടിരുന്ന ഭാഗങ്ങള്‍ മാത്രം പുസ്തക രൂപത്തില്‍ തയ്യാറാക്കി.
നതാന്‍ സ്‌നൈഡര്‍: പ്രസ്തുത വിവാദങ്ങളോട് പ്രതികരിക്കുന്നത് ഒരു ആക്ടിവിസ്റ്റ് എന്ന നിലയിലോ അതോ ഒരു ഗവേഷക എന്ന നിലയിലോ?
സബാ മഹ്മൂദ്: ഞാന്‍ ഇത്തരം കാര്യങ്ങളോട് ഒരു ഗവേഷക എന്ന നിലയിലാണ് പ്രതികരിക്കാറുള്ളത്. എങ്ങനെയാണ് മുസ്‌ലിം രാഷ്ട്രീയത്തെ രൂപപ്പെടുത്തേണ്ടത് എന്ന ദുഷ്‌കരമായ ചോദ്യങ്ങളെ വളരെ ക്രിയാത്മകമായി അഭിമുഖീകരിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, രാഷ്ട്രീയം ഉന്നയിക്കുന്നത് ചിന്തകളെ അടച്ച് വെക്കാനും കൂടുതല്‍ പ്രവര്‍ത്തിക്കാനുമാണ്. രാഷ്ട്രീയമില്ലാത്ത വാദഗതികള്‍ എങ്ങനെ ഉരുവപ്പെടുന്നുവെന്നതിനെയാണ് ആദ്യം മനസ്സിലാക്കേണ്ടത്. മതേതരത്വം, മതം എന്നീ ദന്ദ്വങ്ങളിലെ ചര്‍ച്ചകളെ കുറിച്ച് ബോധവാന്മാരല്ലാത്ത വളരെ സാധാരണക്കാരായി ജീവിക്കുന്ന നിഷ്‌കളങ്കരായ വിശ്വാസികളെ ഈ കാര്‍ട്ടൂണ്‍ വിവാദം എത്രമേല്‍ വ്രണപ്പെടുത്തി എന്നതാണ് നാം ആലോചിക്കേണ്ടത്. ഒരര്‍ത്ഥത്തിലും രാഷ്ട്രീയമോ സാമൂഹികമോ ആയ അധികാരഘടനകളെ അഭിമുഖീകരിക്കാത്ത ഇത്തരം ന്യൂനപക്ഷങ്ങളുടെ മതപരതയെ കുറിച്ചുള്ള ചോദ്യങ്ങള്‍ വളരെ പ്രസക്തമാണ്.
നതാന്‍ സ്‌നൈഡര്‍: മുസ്‌ലിം ലോകം, അല്ലെങ്കില്‍ ഇസ്‌ലാം, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ എന്നിവയെക്കുറിച്ച് പടിഞ്ഞാര്‍ എന്തെങ്കിലും അറിയാനാഗ്രഹിക്കുന്നുണ്ടോ?
സബാ മഹ്മൂദ്: ഇസ്‌ലാമിനും പടിഞ്ഞാറിനുമിടയില്‍ നിലനില്‍ക്കുന്ന പ്രതിരോധവും ഒരു വെല്ലുവിളിയാണ്. തദനുസൃതമായ ചിന്തകള്‍ അപകടകരമെന്നതിലുപരി അസ്ഥിരവുമാണ്. ആശയങ്ങളെയും ചിന്തകളെയും ഒരു നിശ്ചിത രീതിയില്‍ മാത്രം ഫ്രെയിം ചെയ്യുക എന്നത് ഈ പ്രതിരോധാവസ്ഥയുടെ ഫലമായി നമുക്ക് മനസ്സിലാക്കാം. ചൂടുപിടിച്ച പോളമിക് ചര്‍ച്ചകളില്‍ നിന്ന് മാറിയുള്ള ചിന്താരീതികളെ കുറിച്ച് പൊതുജനത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇസ്‌ലാമിന്റെയും പടിഞ്ഞാറിന്റേയുമിടയില്‍ രാഷ്ട്രീയ ചിന്താഗതികളും മതകീയ പൈതൃകങ്ങളും വളരെ വ്യത്യസ്തമാണെങ്കിലും അവയ്ക്കിടയില്‍ ചരിത്രമായ ഒരു ഭാഷകൊണ്ടുള്ള സംവേദനങ്ങളും സംവാദങ്ങളും തികച്ചും സാധ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉദാഹരണമായി, ഡാനിഷ് കാര്‍ട്ടൂണ്‍ വിവാദവുമായി ബന്ധപ്പെട്ട് യാതൊരു രാഷ്ട്രീയ അധികാര ഘടനകളോടും അഭിമിഖീകരിക്കാത്ത നിഷ്‌കളങ്കരായ ഒരുകൂട്ടം വിശ്വാസ വൃന്ദം ഇത്തരം ചര്‍ച്ചകളെ നോക്കിക്കാണുന്ന രീതി ഉദ്വേഗജനകമാണ്. അതുപോലെ തന്നെ എതിര്‍ വിഭാഗങ്ങളില്‍ നിലകൊള്ളുന്ന മറ്റു സമൂഹങ്ങളിലും ഇത്തരം നിഷ്‌കളങ്കരായ വിശ്വാസികളുണ്ട് എന്നതും മറ്റൊരു വസ്തുതയാണ്.
നതാന്‍ സ്‌നൈഡര്‍: പടിഞ്ഞാറന്‍ ഫെമിനിസ്റ്റുകള്‍ ഉയര്‍ത്തുന്ന ആകുലതകള്‍ എന്തൊക്കെയാണ്? സ്ത്രീ വിഷയങ്ങളില്‍ ഇസ്‌ലാമിനും പടിഞ്ഞാറിനുമിടയില്‍ പൊതുവായ ഇടം സാധ്യമാണോ?
സബാ മഹ്മൂദ്: വാസ്തവത്തില്‍ ഫെമിനിസം സൈദ്ധാന്തികമായും പ്രായോഗികമായും വളരെ സമ്പന്നമായ പൈതൃകങ്ങളില്‍ നിന്നുള്ള വ്യത്യസ്തങ്ങളായ ചേരുവകളടങ്ങിയതാണ്. നിലവിലുള്ള ഫെമിനിസ്റ്റ് ചര്‍ച്ചകള്‍, പടിഞ്ഞാറിനേയും ഇസ്‌ലാമിനേയും അഭിമുഖീകരിക്കുന്ന രീതി വൈരുദ്ധ്യങ്ങളിലൂടെയാണ്. സങ്കീര്‍ണമായ രണ്ട് പൈതൃകങ്ങളായത് കൊണ്ടായിരിക്കാം ഇത്തരത്തിലുള്ള ഒരു അഭിമുഖീകരണം. ഇസ്‌ലാമിക ചിഹ്നങ്ങള്‍ യൂറോ അമേരിക്കന്‍ സമൂഹങ്ങളില്‍ സംശയിക്കപ്പെടുന്നതിന്റെ ചരിത്രപരത വളരെ ദുര്‍ബലമാണ്. അതിനാല്‍ ചരിത്രപരമായ സംവാദങ്ങള്‍ കൊണ്ട് പരസ്പരം മിഴി തുറക്കാനാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉദാഹരണമായി, മുസ്‌ലിം സ്ത്രീകള്‍ ഉപയോഗിക്കുന്ന ഹിജാബ്, അടിച്ചമര്‍ത്തലിന്റെ ചിഹ്നമായി പാശ്ചാത്യര്‍ ധരിച്ചുപോരുന്നു. ഇത്തരം കൊളോണിയല്‍ വിലയിരുത്തലുകളെ അതിജീവനത്തിന്റെ ഭാഗമായി പലരും ഹിജാബ് സ്വീകരിക്കുകയും കോളനി വിരുദ്ധ പ്രസ്ഥാനങ്ങളുടെ ഭാഗമാവുകയും ചെയ്തു. ഇത്തരം ചരിത്രങ്ങളുടെ ആവര്‍ത്തനം തന്നെയാണ് യൂറോപ്യന്‍ രാഷ്ട്രങ്ങളിലും തുര്‍ക്കിയിലും സംഭവിച്ചത്. കാരണം ഇവിടങ്ങളിലെ ഹിജാബ് നിരോധനം മതവും മതേതരത്വവും എന്നീ ദ്വന്ദങ്ങളുടെ സംഘട്ടനങ്ങളുടെ ഫലമായിട്ടാണ്. അതായത് ഇവിടെ മതേതരത്വം ലിംഗനീതിയെ പിന്തുണക്കുന്നുവെന്ന് വരുത്തിതീര്‍ക്കുകയാണ് പടിഞ്ഞാറ്. ഉദാഹരണായി, തുര്‍ക്കിയിലും ഫ്രാന്‍സിലും ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിധികളെടുത്ത് പരിശോധിച്ചാല്‍ രണ്ട് വാദങ്ങള്‍ കാണാനാവും. ഒന്നാമതായി, ഹിജാബ് അടിച്ചമര്‍ത്തലിന്റെ ചിഹ്നമാണെന്നും രണ്ടാമതായി, തുര്‍ക്കിയിലെയും ഫ്രാന്‍സിലെയും മതേതര മൂല്യങ്ങള്‍ ലിംഗനീതി ഉറപ്പുവരുത്തുന്നതുമാണെന്നാണ്. ഇത്തരം ലിബറല്‍ മൂല്യങ്ങള്‍ ചരിത്രപരമായി നിലനിന്നിരുന്നെങ്കില്‍ 1945 ന് മുമ്പെ ഫ്രാന്‍സില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ഉണ്ടാവണമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിനു മുമ്പേ ചര്‍ച്ച് ലിംഗനീതിയെ പിന്തുണക്കുമായിരുന്നു. ഫെമിനിസത്തിന്റെ അകത്ത് നിന്ന് ചിന്തിച്ചാല്‍ സ്ത്രീകളുടെ അവകാശങ്ങളും മതേതരത്വവും വളരെ പ്രശ്‌നപരമായ ബന്ധമായിരുന്നു നിലനിന്നിരുന്നതെന്ന് മനസ്സിലാക്കാനാവും.
നതാന്‍ സ്‌നൈഡര്‍: അഫ്ഗാന്‍ യുദ്ധത്തിന് മുന്നോടിയായി അമേരിക്കയില്‍ നടന്ന ഫെമിനിസ്റ്റ് കൂട്ടായ്മകളെ കുറിച്ചുള്ള താങ്കളുടെ പ്രബന്ധം വായിക്കാനിടയായി. താലിബാന്‍ ഭരണത്തിന് കീഴില്‍ ജീവിക്കുന്ന സ്ത്രീകളെ അമേരിക്കന്‍ സ്ത്രീകള്‍ എങ്ങനെ നോക്കിക്കാണുന്നു. മുസ്‌ലിം സ്ത്രീകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാവുന്ന വഴികളെ കുറിച്ച്?
സബാ മഹ്മൂദ്: 1979-1980 കളില്‍ യുഎസും സോവിയറ്റ് യൂണിയനും തമ്മില്‍ നടന്ന യുദ്ധം അഫ്ഗാന്‍ സമൂഹത്തിന്റെ സാമൂഹിക വ്യവസ്ഥയെ ആപാദചൂഢം ഗ്രസിച്ചിരുന്നു. ആയിരക്കണക്കിന് സിവിലയന്മാര്‍ കൊല്ലപ്പെട്ടു. അവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു. ഇത്തരം സ്ത്രീ വിരുദ്ധ ആക്രമണങ്ങള്‍ നടന്നിട്ട് പോലും അമേരിക്കയിലെ ഫെമിനിസ്റ്റ് സംഘടനകള്‍ ഇത്തരം കടന്നാക്രമണങ്ങളെ അപലപിക്കുകയോ വിമര്‍ശിക്കുകയോ ചെയ്തിട്ടില്ല. പക്ഷെ, 1990 കളില്‍ അമേരിക്കയിലെ ഫെമിനിസ്റ്റ് മുന്നണികള്‍ താലിബാന്‍ ഗവണ്‍മെന്റിനു കീഴില്‍ കഴിയുന്ന സ്ത്രീകളെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നത് ഏവര്‍ക്കുമറിയാവുന്നതാണ്. ഇത്തരം ചോദ്യങ്ങള്‍ക്ക് എനിക്ക് നല്‍കാനുള്ള മറുപടി ആദ്യമായി നിങ്ങള്‍ നിങ്ങളുടെ ഗവണ്‍മന്റിനെ പറഞ്ഞ് ബോധ്യപ്പെടുത്തുക, അഫ്ഗാനിലെ രാഷ്ട്രീയ അപചയങ്ങള്‍ക്ക് രാഷ്ട്രീയപരമായ പരിഹാരങ്ങള്‍ കണ്ടുപിടിക്കുക എന്നതാണ്.
(കടപ്പാട്: ദ ഇമ്മനെന്റ് ഫ്രെയിം)