‘പേര്‍ഷ്യന്‍ ഗള്‍ഫിലെ ആ ലേബര്‍ ക്യാമ്പില്‍ ഒരു തൊഴിലാളി തന്റെ പാസ്‌പോര്‍ട്ട് വിഴുങ്ങി സ്വയം ഒരു പാസ്‌പോര്‍ട്ടായി പരിണമിച്ചു.’ ദീപക് ഉണ്ണികൃഷ്ണന്റെ ടെമ്പററി പീപിള്‍ എന്ന നോവലിന്റെ ആദ്യ ഖണ്ഡിക തുടങ്ങുന്നതിങ്ങനെയാണ്. പുസ്തകത്തിന്റെ ആദ്യ പേജുകളില്‍ സ്യൂട്ട്‌കേസുകളുടെ കൂമ്പാരത്തിനു മുകളില്‍ കിടക്കുന്ന, മനുഷ്യ ശരീരം കൊണ്ടുണ്ടാക്കിയ ഒരു കണ്‍സ്ട്രക്ഷന്‍ ക്രൈനിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണുള്ളത്. തുടര്‍ന്നു വരുന്ന അധ്യായങ്ങളില്‍ കഥാപാത്രങ്ങളുടെ ചിത്രീകരണങ്ങളുണ്ട്. നിര്‍മ്മാണ മേഖലയില്‍ വീണു തകര്‍ന്നു പോയ മനുഷ്യന്റെ കഷ്ണങ്ങള്‍ ഒട്ടിക്കുന്ന ഒരു സ്ത്രീ, (ആശുപത്രിയില്‍ അച്ഛന്‍ മരിക്കാന്‍ കിടക്കുമ്പോള്‍ യു.എ.ഇയിലേക്ക് വിസ കൂടാതെ മടങ്ങാന്‍ ശ്രമിക്കുന്ന മകന്‍), കൗമാരക്കാര്‍, തെരുവുതെണ്ടികള്‍, ടാക്‌സിക്കാര്‍, മരുഭൂമിയിലെ ഗ്രീന്‍ ഹൗസുകളിലെ ചെടികളെ പോലെ തൊഴിലിനു വേണ്ടി വളരുന്നവര്‍, ആനന്ദാത്മകവും (പ്ലെയ്ഫുള്‍) അസംബന്ധാത്മകവും (അബ്‌സേഡ്) ആയ ഈ കഥകളില്‍ അന്തര്‍ലീനമായ ആശയം ഗള്‍ഫിലുള്ള ഏതൊരാള്‍ക്കും പരിചിതമായിരിക്കും. യാത്ര, കുടിയേറ്റം, ജോലി, തൊഴില്‍, വികൃതമാക്കപ്പെട്ട സ്വത്വം, താല്‍ക്കാലിക അടിത്തറയില്‍ നിര്‍മ്മിക്കപ്പെട്ട സംഭവങ്ങള്‍ എല്ലാം ഈ പ്രദേശത്തു ജീവിക്കുന്ന പലര്‍ക്കും, ഗ്രന്ഥകാരന്‍ ദീപക് ഉണ്ണികൃഷ്ണനടക്കം, യാഥാര്‍ത്ഥ്യം തന്നെയാണ്.
ഒരു മാസം പ്രായമായത് മുതല്‍ അബുദബിയിലാണ് ദീപക് ഉണ്ണികൃഷ്ണന്‍ വളര്‍ന്നത്. പാരന്റ്‌സ് മലയാളികളാണ്. ഇപ്പോള്‍ 14 വര്‍ഷമായി യു.എ.ഇയില്‍ താമസം. ടെമ്പററി പീപിള്‍ കഥയുടെ ശില്‍പം കൊണ്ടും ഭാഷ കൊണ്ടും പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ചിതറിക്കിടക്കുന്ന അറബിക്, മലയാളം വാക്കുകള്‍ ഇംഗ്ലീഷില്‍ എഴുതപ്പെട്ട പുസ്തകത്തില്‍ ഇടക്കിടെ വരുന്നു. തിരിച്ച് പോരേണ്ടവര്‍ എന്ന നിലയില്‍ പ്രവാസി തൊഴിലാളികളുടെ ഗള്‍ഫ് ജീവിതാനുഭവത്തെ ഒറ്റ വാക്കില്‍ സമ്മറൈസ് ചെയ്യാന്‍ ടെമ്പററി പീപിള്‍ എന്ന പുസ്തകത്തിന്റെ പേരിനാവുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.
ജെനി ഗുസ്താഫ്‌സണ്‍: അബുദബിയുമായുള്ള ബന്ധം, അത് എഴുത്തില്‍ കടന്നു വരുതെങ്ങനെയാണ്, എങ്ങനെയാണ് വിദ്യാര്‍ത്ഥികളെ കഥപറച്ചില്‍ പഠിപ്പിക്കുന്നത്?
ദീപക് ഉണ്ണികൃഷ്ണന്‍: ഞാന്‍ ശ്രമിക്കുന്നത് എന്റെ വിദ്യാര്‍ത്ഥികളെ, സിറ്റിയില്‍ പരമാവധി ഇന്‍വോള്‍വ് ചെയ്യിക്കാനാണ്. ഉദാഹരണത്തിന് ഞാന്‍ സ്ട്രീറ്റ് ഫുഡിനെകുറിച്ചാണ് പഠിപ്പിക്കുന്നതെങ്കില്‍ ഭക്ഷണമാണ് കുട്ടികളെ തെരുവിലേക്കയക്കാന്‍ ഞാനുപയോഗിക്കുന്ന ടൂള്‍. അവര്‍ക്ക് ഞാന്‍ കൊടുത്ത ഒരു അസൈമന്റ് സിറ്റിയിലെ ഒരു ഉഗാണ്ടന്‍ റെസ്റ്ററന്റ് കണ്ടെത്തുക എന്നതായിരുന്നു. ഇതിനര്‍ത്ഥം അവര്‍ ജനങ്ങളോട് ഇടപെടേണ്ടിയിരിക്കുന്നു എന്നതാണ്. കാരണം അബൂദാബിയില്‍ ഉഗാണ്ടന്‍ റെസ്റ്ററന്റ് ഇല്ല, ഉഗാണ്ടയിലെ ഭക്ഷണത്തിനു സമാനമായത് നല്‍കുന്നവയേ ഉള്ളൂ. ഇതവരറിയുക ടാക്‌സിക്കാരോടു ചോദിച്ചാല്‍ മാത്രമാണ്.
യു.എ.ഇ നഗരങ്ങള്‍ക്ക് തീര്‍ച്ചയായും പാചക കാര്യങ്ങളില്‍ സമ്പന്നമായ പാരമ്പര്യമുണ്ട്. ഉപഭൂഖണ്ഡത്തിലെ ഏറ്റവും നല്ല ഭക്ഷണം ഇവിടെ കിട്ടും. അതിനു പുറമെ, ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ അബുദാബി എന്താണ് നിങ്ങള്‍ക്ക്?
ഈ നഗരമാണ് എന്നെ വളര്‍ത്തിയത്. അതിനാല്‍, ഇവിടെ ഞാന്‍ നൈസര്‍ഗികമായി മനസ്സിലാക്കിയ കാര്യങ്ങളുണ്ട്, ഒപ്പം പുറത്തു നിന്നു വരികയും ഒരിക്കല്‍ തിരിച്ചു പോവുകയും ചെയ്യുന്നവരുടെ മകന്‍ എന്ന നിലയില്‍ മനസ്സിലാക്കിയ കാര്യങ്ങളുമുണ്ട്. എന്റെ വിദ്യാര്‍ത്ഥികളോട് ഞാന്‍ നഗരത്തെക്കുറിച്ച് പറയുന്നത്, 80-90 കാലം മുതല്‍ ഞാനെങ്ങനെയാണോ അതിനെ ഓര്‍ക്കുന്നത് ആ നിലക്കാണ്. പ്രത്യേകിച്ചും ഓള്‍ഡ് സിറ്റി സെന്ററിനെ പറ്റി. ഇപ്പോള്‍ ഞാന്‍ അബുദാബിയില്‍ വന്നത്, എന്റെ കുടുംബം ഇവിടെ ആയതു കൊണ്ടാണ്. എന്റെ രചന അബുദാബിയുമായി ബന്ധപ്പെട്ടതാണ് എന്നതു കൊണ്ടും. പക്ഷേ എത്ര കാലം ഇവിടെ നില്‍ക്കുമെന്നെനിക്കറിയില്ല. ഈ രാജ്യം ഓപ്പറേറ്റ് ചെയ്യുന്ന രീതി നോക്കിയാല്‍ എനിക്കിവിടെ നില്‍ക്കാന്‍ സാധിക്കില്ല.
നിങ്ങള്‍ പറയുന്നത് നിങ്ങള്‍ക്ക് പൗരത്വം കിട്ടില്ല എന്നാണല്ലോ, ആ നിലക്ക് നിങ്ങളുടെ നോണ്‍ എമിറൈറ്റിയായുള്ള നിലനില്‍പ് അസ്ഥിരമാണ് എന്നും, ആ ബിലോംഗിങ്ങ് ഒരിക്കലും വലുതായി കാണാന്‍ സാധിക്കില്ല.
അതെ, എങ്ങനെയാണ് ഞാന്‍ സ്വയം ഐഡന്റിഫൈ ചെയ്യുന്നത് എന്നോ, നാഷണാലിറ്റി ഏതാണെന്നോ ആളുകള്‍ ചോദിക്കുമ്പോഴെല്ലാം ഞാനതു നിരസിക്കും. ഞാന്‍ പറയാറുള്ളത് എന്റെ നഗരമാണ്. ഞാന്‍ അബുദാബിയില്‍ നിന്നാണ് എന്ന് മാത്രം. യു.എസിലേക്ക് പോകും വരെ ഞാന്‍ സ്വന്തം നാട്ടിലാണ് എന്നു തന്നെയാണ് കരുതിയിരുന്നത്. വീടു വിട്ട ഒരാളായല്ല ഞാന്‍ എന്നെക്കുറിച്ച് ചിന്തിച്ചത്. എന്റെ അച്ഛനമ്മമാര്‍ കേരളം വിട്ടപ്പോള്‍ അവര്‍ സ്വദേശം വിട്ടു, പക്ഷേ ഞാന്‍ അങ്ങനെ അല്ല. ഇപ്പോള്‍ ഞാന്‍ കരുതുന്നത് ഞാന്‍ ചിക്കാഗോയില്‍ നിന്നോ ന്യൂയോര്‍ക്കില്‍ നിന്നോ ഉള്ള ആളാണ് എന്നാണ്. കാരണം അവിടെയാണ് ഞാന്‍ കുറെയായി താമസിക്കുന്നത്.
ബിലോംഗിങ്ങ്‌നെസ്സിനെ കുറിച്ചുള്ള ഈ ധാരണ ഒരു തമാശയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. രണ്ടു കയ്യിലും ബാഗുമായി വരുന്ന ഒരാളോട് എവിടെ നിന്ന് വരുന്നു എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: സൂപ്പര്‍ മാര്‍ക്കിറ്റില്‍ നിന്ന് എന്ന്.
അതെ, സത്യത്തെ സംബന്ധിച്ച ചില കാര്യങ്ങളുണ്ട്. മറ്റുള്ളവര്‍ നിങ്ങള്‍ പറയും എന്നു പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ അല്ല നിങ്ങളുടെ സത്യം. കാരണം അടിസ്ഥാനപരമായി, നമ്മള്‍ എവിടെ വളര്‍ത്തപ്പെടുന്നു എന്ന കാര്യത്തില്‍ നമുക്ക് ഒരു നിര്‍ണ്ണയവുമില്ല. ഇപ്പോള്‍ എനിക്ക് ഓര്‍മ്മ കൊണ്ട് നിറഞ്ഞ ഒരു ശരീരമുണ്ട്, പക്ഷേ അതെവിടെ പ്ലേസ് ചെയ്യണമെന്നെനിക്കറിയില്ല. ഇന്ത്യയില്‍ പറ്റില്ല, ഗള്‍ഫ് ഓര്‍മ്മകള്‍ എങ്ങനെയാകണം എന്നവിടുത്തുകാര്‍ക്ക് ഒരുറപ്പുണ്ട്. ഇവിടെയും പറ്റില്ല, കാരണം ഇവിടെ അതിനുള്ള ഭാഷയില്ല. ആളുകള്‍ക്ക് കൂടിക്കുഴഞ്ഞ സ്വത്വമോ, വ്യക്തത വരുത്തുന്നതിനുള്ള കാറ്റഗറികളോ ഉള്ള അമേരിക്കയില്‍ പ്ലേസ് ചെയ്യാനും പറ്റില്ല. അതിനാല്‍ ഞാനിപ്പോള്‍ ചെയ്യുന്നത് ഓര്‍മ്മകളെ എന്റെ കൂടെ കൂട്ടുന്നു. അവയെക്കുറിച്ച് സംസാരിക്കുന്നു, എന്റെ വര്‍ക്കുകളില്‍ അവയെ അഡ്രസ് ചെയ്യുന്നു.
നിങ്ങളുടെ ടെമ്പററി പീപ്പിള്‍ എന്ന നോവലിനെ കുറിച്ച്?
ആളുകള്‍ അത് വായിക്കുന്നു. അത് നല്ല കാര്യമാണ്. അത് ഒരു മിഡ്‌ലെവല്‍ പ്രസ് ആണ് പ്രസിദ്ധീകരിച്ചത്. എന്റെ പ്രസാധകന്‍ എനിക്ക് വേണ്ടി വളരെ അധികം പരിശ്രമിച്ചിട്ടുണ്ട് എന്നതിനു പുറമെ, ഞാന്‍ കരുതുന്നത് ഇമിഗ്രന്റ് എന്ന വാക്കു കാരണം കിട്ടിയ അവാര്‍ഡും, അമേരിക്കയില്‍ ഒരു ബിസിനസ് ഭീമന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സമയത്താണിത് പബ്ലിഷ് ചെയ്തത് എന്നതും പുസ്തകത്തിന്റെ വായനക്കാരില്‍ ഒരു വര്‍ധനവ് ഉണ്ടാക്കി എന്നാണ്. അതിനാല്‍ എനിക്ക് പരാതി പറയാന്‍ പറ്റില്ല. കാരണം പുസ്തകം, എല്ലാവര്‍ക്കുമറിയാത്ത ഒരു സ്ഥലത്തു നിന്നുള്ള സാഹിത്യം എന്ന നിലയിലാണ് നിലയുറപ്പിച്ചിട്ടുള്ളത്. പിന്നെ ഇവിടെ വളര്‍ന്ന ആളുകളുണ്ട്, എന്നെപ്പോലുള്ളവര്‍. അവര്‍ ഇതിനെ വ്യത്യസ്തമായ ചില ധാരണകളോടു കൂടെ വായിച്ചു. ചിലപ്പോള്‍ അത് അവരുടെ ഓര്‍മ്മകളുമായി ബന്ധപ്പെട്ടതായിരുന്നു, അതിനെ കുറിച്ചവര്‍ക്ക് ഒരു സംഭാഷണം വേണ്ടിയിരുന്നു. ചിലര്‍ക്ക് അത് സ്വത്വത്തെ സംബന്ധിച്ചതാണ്, മറ്റു ചിലര്‍ക്ക്, വീടിനെ കുറിച്ച ഒന്ന്, അല്ലെങ്കില്‍ വീടാണ് എന്നു കരുതുന്നതിനെ കുറിച്ചുള്ളത്. അനിവാര്യമായിരുന്ന ഒന്ന്- ‘നീ എഴുതിയ ആ തെരുവ് എനിക്കറിയാം, എന്റെ തെരുവിനെ ഞാനൊരു സാഹിത്യത്തിലും വായിച്ചില്ല’ -പോലെ.
അത് ഇത് വരെ സാഹിത്യത്തില്‍ വര്‍ണ്ണിക്കപ്പെടാത്ത ഒരു മേജര്‍ ഷെയേഡ് എക്‌സ്പീരിയന്‌സിനെ കുറിക്കാനാണ് നിങ്ങള്‍ വാക്കുകള്‍ ഉപയോഗിക്കുന്നത് എന്നതു കൊണ്ടാണ്. എന്തു കൊണ്ടാവും ഇത്രയും കാലം ഒരാളും എഴുതാതിരുന്നത്?
നിങ്ങള്‍ പറഞ്ഞത് ശരിയാണ്. പക്ഷെ ഞാന്‍ കരുതുന്നത് എഴുത്തുകള്‍ ഉണ്ടായിരുന്നു എന്നാണ്. പബ്ലിഷേഴ്‌സ് ആണ് അവ പ്രസിദ്ധീകരിക്കാന്‍ മടി കാണിച്ചത്. ഗള്‍ഫ് പ്രവാസം/ പ്രവാസ സാഹിത്യം എന്ന ആശയത്തെ സ്വീകരിക്കുന്നതില്‍ തല്‍പരരായ വായനക്കാരോ പ്രസാധകരോ ഉണ്ടായിരുന്നില്ല. ഒപ്പം ജനങ്ങള്‍, എങ്ങനെ സ്വത്വം എന്ന പ്രശ്‌നത്തെ നേരിടും എന്ന കാര്യത്തില്‍ ഉറപ്പുള്ളവരായിരുന്നില്ല. നമ്മള്‍ എന്നു പറഞ്ഞാല്‍ എന്താണ്? പല രാജ്യങ്ങളിലും ആ നാട്ടിലേക്ക് വന്നവരെ വിഷേശിപ്പിക്കാന്‍ ഓരോ പദമുണ്ട്. ഇവിടെ അതില്ല. ഇവിടെ ഉള്ള വാഗ്ദാനം വരണ്ടതാണ് : ‘ഇവിടെ വരിക, ജോലി ചെയ്യുക, അതു കഴിഞ്ഞ് നിങ്ങള്‍ക്ക് പോകാം.’ അവരെ നിങ്ങള്‍ ഗസ്റ്റ് വര്‍ക്കര്‍ എന്നോ കുടിയേറ്റ തൊഴിലാളി എന്നോ വിളിച്ചാല്‍, അല്ലെങ്കില്‍ ഏതെങ്കിലും നിലയിലുള്ള തൊഴിലാളി എന്ന് വിളിച്ചാല്‍, അത് മതിയോ?
എന്റെ പുസ്തകം അഡ്രസ് ചെയ്യാന്‍ ശ്രമിക്കുന്നത് ഇക്കാര്യമാണ്. അതായത്, ചില ആളുകള്‍ കടന്നു പോവുന്ന കാര്യങ്ങള്‍ വിശദീകരിക്കാനോ മനസ്സിലാക്കാനോ ഉള്ള പദസമ്പത്ത് നമുക്കില്ല എന്ന്. ഞാന്‍ ട്രോമയെക്കുറിച്ചു മാത്രമല്ല പറയുന്നത് സന്തോഷത്തെക്കുറിച്ചു കൂടിയാണ്. ജീവിതത്തിലെ ചെറിയ കാര്യങ്ങളെ പറ്റി, റോഡ് സൈഡില്‍ വെച്ച് ചായ കുടിക്കുന്നതിനെ പറ്റി പറയും പോലെ. അത്തരം ഓര്‍മ്മകളെ നിങ്ങള്‍ എങ്ങനെയാണ് എഴുതുക?
അവിടെ ഇന്‍ഫര്‍മേഷന്റെ ഒരു ഗ്യാപ്പുമുണ്ട്. കാരണം, വീട്ടില്‍ വിളിക്കുമ്പോഴെല്ലാം ഒരു പക്ഷേ എല്ലായ്‌പ്പോഴുമല്ല, ഞാന്‍ ജനറലൈസ് ചെയ്യുന്നില്ല ഏറ്റവും ചുരുങ്ങിയത് എന്റെ കുടുംബത്തില്‍ ഇരു ഭാഗവും ചില കാര്യങ്ങളില്‍ നുണ പറയുകയാണ്. ‘എങ്ങനെയുണ്ട്?, എനിക്ക് സുഖം തന്നെ, നിനക്കെന്തുണ്ട്?’ പിന്നെ ചെറിയ ഒന്നോ രണ്ടോ കാര്യങ്ങള്‍. വേദനയെപ്പറ്റി, ദുഃഖത്തെപ്പറ്റി, അല്ലെങ്കില്‍ മകനോട് ഒച്ചയിട്ടതിനെ കുറിച്ച് എന്നിങ്ങനെ സുതാര്യമായ ഒരു സംഭാഷണം നടക്കുന്ന സന്ദര്‍ഭങ്ങള്‍ അപൂര്‍വ്വമാണ്. കാരണം നമുക്ക് നമ്മുടെ വ്യവഹാരങ്ങള്‍ സമാധാനപൂര്‍ണ്ണമാക്കണം. അപ്രകാരം തന്നെയായിരുന്നു ഞങ്ങളെ മാതാപിതാക്കള്‍ ഞങ്ങളെ കേരളത്തില്‍ കൊണ്ടു പോകുന്ന സമയത്തും. ഞങ്ങള്‍ രാജാക്കന്മാരെ പോലെ പരിചരിക്കപ്പെട്ടു. ഞങ്ങളെ സന്തോഷിപ്പിക്കാനാണു എല്ലാവരും ആഗ്രഹിച്ചത്. സാധാരണത്വത്തിന്റെ അപൂര്‍വ്വ നിമിഷങ്ങളുണ്ടായിരുന്നത് ആളുകള്‍ അഭിനയം നിര്‍ത്തുമ്പോള്‍ മാത്രമായിരുന്നു.
തൊഴില്‍ കുടിയേറ്റത്തെയും ഗള്‍ഫിനെയും കുറിച്ചെഴതുമ്പോഴെല്ലാം ഇര എന്ന അവസ്ഥയിലാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. പാസീവ് സബ്ജക്ട്‌സ് എന്നതിനപ്പുറം ചിത്രീകരിക്കപ്പെട്ട ആളുകള്‍ അപൂര്‍വ്വമാണ്. എന്താണ് നിങ്ങള്‍ കരുതുന്നത്?
ഞാന്‍ കരുതുന്നത് ആ വാക്ക് ഒരു ഏജന്‍സി ആണെന്നാണ്. ഒരു പോരാട്ടമോ പീഡാനുഭവമോ ഇല്ല എന്നല്ല ഞാന്‍ പറയുന്നത്. തീര്‍ച്ചയായും ഉണ്ട്, എന്റെ അച്ഛനമ്മമാര്‍ അതിനുദാഹരണമാണ്. ഞങ്ങള്‍ വളര്‍ന്നത് പാവങ്ങളായാണ്. ലേബര്‍ ക്യാമ്പില്‍ അല്ലെങ്കിലും ഞങ്ങള്‍ വളര്‍ന്നത് ഒന്നുമില്ലാതെയാണ്. പ്രതീക്ഷകളും ആഗ്രഹങ്ങളും ഒന്നുമില്ലാതെ. നഗരം നിങ്ങള്‍ക്ക് -വംശം, ഭാഷ തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ – വളരെ ബഌണ്ടായി അനുഭവപ്പെടും എന്ന് ഇവിടെ വളര്‍ന്ന ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഞങ്ങള്‍ക്ക് ഒരു മാര്‍ഗമുണ്ടാക്കേണ്ടിയിരുന്നു, അക്കാര്യം മനസ്സിലാക്കാന്‍ മാത്രമല്ല, ഞങ്ങളുടെ സാന്നിധ്യം അക്‌നോളെജ് ചെയ്യുന്ന വിധത്തില്‍ ജീവിക്കാനും. അതേ സമയം തന്നെ എന്റെ അച്ഛനമ്മമാര്‍ കുടുംബത്തിനു വേണ്ടിയുള്ള തിരഞ്ഞെടുപ്പുകള്‍ നടത്തിയിരുന്നു, ഇപ്പോള്‍ അതെനിക്ക് തിരിച്ചറിയാനാവുന്നുണ്ട്. ഇവിടെ ചെയ്യുന്ന കാര്യങ്ങളില്‍ ആളുകള്‍ സന്തോഷമില്ലാത്തവരല്ല എന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്, നിര്‍മ്മാണ മേഖലയിലാണ് ജോലിയെങ്കില്‍ പ്രത്യേകിച്ചും. പക്ഷെ ഞാന്‍ കരുതുന്നത്, ഒരു വ്യക്തി മറ്റുള്ളവരെ കുറിച്ച് പറയുമ്പോള്‍ അത് സശ്രദ്ധവും നൈതികവുമായിരിക്കണം എന്നാണ്. അല്ലെങ്കില്‍ മറ്റുള്ളവരെ കുറിച്ച് എങ്ങനെ എഴുതുന്നു എന്നിടത്തും, പ്രത്യേകിച്ച്, എഴുത്തുകാരന്‍ ഇത്തിരി പ്രിവിലേജ് ഉള്ള ആളാണെങ്കില്‍; ജോലി സംബന്ധമോ, വംശ പരമോ, നാഷണാലിറ്റി കാരണമോ, അല്ലെങ്കില്‍ എല്ലാം കൂടെയുള്ളതാണെങ്കിലോ എല്ലാം.
അതിനാല്‍ ജനങ്ങള്‍, ‘വോയ്‌സ്‌ലെസിനെ കുറിച്ച് എഴുതുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്’ എന്നാണ് ചോദിക്കുന്നതെങ്കില്‍ ആ ചോദ്യം എന്നെ അക്ഷമനാക്കുന്നു. ശരിക്കും അത് ഒരു അപമാനമാണ്. ഞാന്‍ നിശ്ശബ്ദമാക്കപ്പെട്ടവരെക്കുറിച്ചല്ല എഴുതുന്നത്. നേരെ മറിച്ച്, ഇന്നേവരെയായി ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങളെക്കുറിച്ചാണ്. ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം അതാണ്: അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഓര്‍മകളിലേക്ക് ഊളിയിടുക, ജനങ്ങള്‍ അവയെ വിട്ടുകളയുന്നു എന്ന കാരണം കൊണ്ടു മാത്രം മറയപ്പെട്ടുകൊണ്ടിരിക്കുന്ന ഓര്‍മ. എനിക്ക്, വിസിബിലിറ്റിയാണ് ട്രോമാ നരേറ്റീവുകളെക്കാളും പ്രാധാന്യമായുള്ളത്.
നിങ്ങള്‍ക്ക് പോകുന്നതിനെയും മടങ്ങിവരുന്നതിനെയും കുറിച്ചുള്ള വൈയക്തികമായ അനുഭവങ്ങളും ഉണ്ട്, അതെങ്ങനെയാണ് ഈ പുസ്തകത്തെ രൂപപ്പെടുത്തിയത്?
ഞാന്‍ പുസ്തകം എഴുതുന്നത് അബുദാബി വിട്ട ശേഷമാണ്. ശരിക്കു പറഞ്ഞാല്‍ ഇവിടെ ഇരുന്നിരുന്നെങ്കില്‍ എനിക്ക് അതെഴുതാന്‍ കഴിയുമായിരുന്നില്ല, കാരണം എനിക്കതറിയാന്‍ കഴിയുമായിരുന്നില്ല എന്നതു തന്നെ. സ്‌റ്റേറ്റ്‌സിലേക്കു പോയപ്പോഴാണ് എന്റെ പാരന്റ്‌സ് അനുഭവിച്ച കാര്യങ്ങള്‍ ഞാനറിയുന്നത്. എനിക്ക് 20 വയസ്സുള്ളപ്പോഴാണ് ഞാന്‍ അമേരിക്കയില്‍ പോവുന്നത്. എന്റെ അച്ഛന്‍ ഇരുപത്തൊന്നോ ഇരുപത്തി രണ്ടോ വയസ്സുള്ളപ്പോള്‍ എമിറേറ്റ്‌സില്‍ വന്നിരുന്നു. അപ്പോള്‍ കൈവന്ന ബോധം ഒരു ടണ്‍ ഇഷ്ടിക കൊണ്ട് ഒരുമിച്ചടി കിട്ടിയ പോലുള്ള അനുഭവമായിരുന്നു. ആ സമയത്ത് എല്ലാ കാര്യങ്ങളും സെന്‍സ് ഉള്ളവയായിത്തീര്‍ന്നു. എന്റെ അച്ഛനും അമ്മയും എന്താണ് ആയിത്തീര്‍ന്നതെന്ന് എനിക്ക് ഒറ്റയടിക്ക് മനസ്സിലായി.
നരേറ്റീവ്‌സിനെ കുറിച്ചും അതെന്നെ ചിന്തിപ്പിച്ചു. നിങ്ങളെന്നോട് ചോദിക്കുകയാണെങ്കില്‍ എനിക്ക് കൂടുതല്‍ പറയാനുണ്ടായിരുന്ന ക്യൂബന്‍ അമേരിക്കന്‍ ചരിത്രം, ഇന്ത്യന്‍ അമേരിക്കന്‍ ചരിത്രം, നേറ്റീവ് അമേരിക്കന്‍ ചരിത്രം, ഇവയെല്ലാം എങ്ങനെ ഉണ്ടായി? എല്ലാവര്‍ക്കും പറ്റിക്കൂടാന്‍ എന്തെങ്കിലുമുണ്ട്. പക്ഷെ, ഇവിടെ ഗള്‍ഫില്‍, എവിടെയാണ് ഗള്‍ഫ് നരേറ്റീവ്‌സ് ഉള്ളത്? ഞാന്‍ കാണുന്നത് ഏകമുഖമാണ്; ഇവിടെ വരിക, ഇവിടെ ജീവിക്കുക, ത്യാഗം ചെയ്യുക. റിലേറ്റ് ചെയ്യാന്‍ പറ്റിയ ഒന്നും എനിക്കിവിടെ കണ്ടെത്താന്‍ കഴിയുന്നില്ല.
ഈ പുസ്തകം എഴുതിയതിനാല്‍ മൈഗ്രന്റ് റൈറ്റര്‍ എന്ന ലേബല്‍ പതിച്ചു കിട്ടാനുള്ള സാധ്യതയുണ്ട്. എന്തു കരുതുന്നു?
എനിക്ക് രക്ഷപ്പെടാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. രക്ഷപ്പെടാന്‍ കഴിയില്ല എന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തിയവ. പക്ഷേ, എനിക്കു പറയാവുന്നത് ഇതാണ്: നിങ്ങള്‍ പുസ്തകം വായിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കറിയാനാകും, ഇതൊരു കുടിയേറ്റക്കാരന്‍ എഴുതുകയല്ല, ഒരെഴുത്തുകാരന്‍ എഴുതുകയാണ് എന്ന്.
അതെ, ഉദാഹരണത്തിന് ഒരു കുടിയേറ്റ രാജ്യമായിട്ട് പോലും നോര്‍ത്ത് അമേരിക്കന്‍ എഴുത്തുകാര്‍ക്ക് ആ ലേബല്‍ കിട്ടുകയില്ല.
അതെ. ഫിലിപ് റൂഥിനെ വായിക്കുമ്പോള്‍ ഒരിക്കലും നിങ്ങള്‍ അദ്ദേഹം ഒരു കുടിയേറ്റക്കാരനാണെന്നു ചിന്തിക്കില്ല. ‘ഇതാ ഇവിടെ മറ്റൊരു വെള്ളക്കാരന്‍, ജീവിതം കരുപിടിപ്പിക്കാന്‍ ജേഴ്‌സിയിലേക്ക് പോവുന്ന ജൂതരെ പറ്റി ഒരു ഇമ്മിഗ്രന്റ വര്‍ക്ക് എഴുതുന്നു’ എന്ന് നിങ്ങള്‍ പറയില്ല. അതു പോലെ നല്ലൊരു ചെറുകഥാകൃത്തായ ഇസാക് സിന്‍ഗറെ വായിക്കുമ്പോഴും അദ്ധേഹം കുടിയേറ്റക്കാരെക്കുറിച്ചെഴുതുന്നു എന്ന് നിങ്ങള്‍ പറയില്ല. സിന്‍ഗര്‍ അദ്ധേഹത്തിന്റെ ജനതയെയും അവരുടെ ഭാഷയായ യിദ്ദിഷിനെയും അവരുടെ വര്‍ക്കുകളിലൂടെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു, അതാണ് ഞാനും ചെയ്യാന്‍ കരുതുന്നത്.
പക്ഷേ, അപ്പോഴും നമുക്ക് മാറാനാഗ്രഹിക്കാത്ത ഒരു ബ്രയിനുണ്ട്. കാര്യങ്ങള്‍ കാറ്റഗറൈസ് ചെയ്യാനും അങ്ങനെ മനസ്സിലാക്കാനും ആഗ്രഹിക്കുന്ന ലോകത്തെ നാവിഗേറ്റ് ചെയ്യാന്‍ നമ്മെ സഹായിക്കുന്ന ഒന്ന്.
അതെ. ലോസ് ആഞ്ചലസ് റിവ്യൂ ഓഫ് ബുക്‌സില്‍ ഒരു നിരൂപണമുണ്ടായിരുന്നു. നിരൂപകന്‍ ടെമ്പററി പീപ്പിളിനെ കറുത്ത എഴുത്തുകാരനായ ഴാങ്ങ് ടൂമറുടെ കെയ്ന്‍ എന്ന പുസ്തകവുമായി താരതമ്യം ചെയ്ത ഒന്ന്. അതില്‍ ആവിഷ്‌കരിക്കാന്‍ സാധിക്കാത്തതിനെ ആവിഷ്‌കരിക്കാനായി ഉപയോഗിച്ചത് പണ്ട് ഉപയോഗിച്ചിരുന്ന ഭാഷാപ്രയോഗങ്ങളാണ്. എനിക്ക് അതൊരു ഞെട്ടിക്കുന്ന താരതമ്യമായിരുന്നു. കാരണം മിക്ക നിരൂപകരും ഒരേ ദിശയിലാണ് പോയത്: സൗത്ത് ഏഷ്യന്‍ എഴുത്തുകാര്‍, അല്ലെങ്കില്‍ ബ്രൗണ്‍ ബുക്ക്. എന്നാല്‍ അദ്ധേഹം എന്നെ അവരോ(യോ)ടല്ല കമ്പയര്‍ ചെയ്തത്, മറിച്ച് ഒരു ബ്ലാക് എഴുത്തുകാരനോടാണ്. കാരണം അദ്ധേഹം കണ്ടന്റിലായിരുന്നു നോക്കിയിരുന്നത്. അപ്പോള്‍ വ്യത്യസ്തമായി ചിന്തിക്കുന്ന, അത്തരം കാഴ്ച്ചപ്പാടുകള്‍ നല്‍കുന്ന ആളുകളുണ്ട്. അപ്പോള്‍ എനിക്ക് മനസ്സിലാവുന്നത് എന്നെപ്പോലുള്ള ഗള്‍ഫില്‍ നിന്നുള്ളവരെ കുറിച്ച് വളരെ കുറച്ചു മാത്രമേ എഴുതപ്പെട്ടിട്ടുള്ളൂ എന്നാണ്.
അവസാനമായി, ഈ അനുഭവ സാഹചര്യത്തില്‍ നിന്ന് ഭാവിയില്‍ അബുദാബിയില്‍ നിന്നോ ദുബൈയില്‍ നിന്നോ ഉയര്‍ന്നു വരുമെന്ന് നിങ്ങള്‍ കരുതുന്ന സാഹിത്യമോ കലയോ ഏതാണ്?
ചിലതൊക്കെ ഇപ്പോള്‍ തന്നെയുണ്ട്. അബുദാബിയില്‍ വളര്‍ന്ന ആന്ദ്രേ നഫീസ് സാഹിലിയുടെ കവിതാ സമാഹാരമായ ദ പ്രോമിസ്ഡ് ലാന്‍ഡ് വളരെ നല്ല ഒന്നാണ്. പിന്നെ സൗദിയില്‍ നിന്ന് ഒരു പുസ്തക സെറ്റുണ്ട്. ഇന്ത്യയില്‍ ജനിച്ച് സൗദിയില്‍ വളര്‍ന്ന താനാസ് ബന്തേനയുടെ. വിഷ്വല്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും ഞാന്‍ ശ്രദ്ധ കൊടുക്കാറുണ്ട്. റീം ഫലക്‌നാസ് ഉണ്ട്, അവര്‍ ഇമാറത്തി ജീവിതത്തിലെ സിംപിള്‍ ആയ കാര്യങ്ങളാണ് ഡോക്യുമെന്റ് ചെയ്യുന്നത്. അവര്‍ മലകളിലേക്കും ഗ്രാമങ്ങളിലേക്കും പോകുന്നു. പിന്നെ ലാന്റിയാന്‍ ക്‌സീ, ഔട്ട് ഓഫ് ദുബായ് ബേസ് ചെയ്തുള്ള ഒരാര്‍ട്ടിസ്റ്റാണവര്‍. കഴിഞ്ഞ വര്‍ഷത്തെ വെനീസ് ബിനാലെയുടെ ഭാഗമായിരുന്നു അവര്‍. ആ ബിനാലെക്ക് യു.എ.ഇയില്‍ നിന്ന് തിരഞ്ഞെടുത്ത അഞ്ചു പേരില്‍, ഞാന്‍ കരുതുന്നത് മൂന്നു പേര്‍ നോണ്‍ ഇമാറാത്തികളായിരുന്നു. അത് വലിയ ഒരു കാര്യമാണ്. ഈ ലിസ്റ്റിലേക്ക് ഒരു പേരു കൂടെ ചേര്‍ക്കാന്‍ പറ്റുമെങ്കില്‍ റജാ ഖാലിദിന്റെതാണ്. അവരുടെ വര്‍ക്കുകള്‍ എന്നെ സ്തംഭിപ്പിക്കുന്നു.
ഞാന്‍ കരുതുന്നത്, മറ്റു രാജ്യങ്ങളില്‍ ആളുകള്‍ ചെയ്യുന്ന കാര്യങ്ങള്‍, പ്രത്യേക അനുഭവങ്ങള്‍ ഡോക്യുമെന്റ് ചെയ്യുക, അവ സംരക്ഷിക്കുക, ഒക്കെ ചെയ്യുന്ന ഒരു ഘട്ടം വരമെന്നു തന്നെയാണ്. കാരണം, ചില കാര്യങ്ങള്‍ പറയപ്പെടേണ്ടതുണ്ട്. എന്റെ മാതാപിതാക്കളുടെ ജനറേഷന്‍ ഡോക്യുമെന്റ് ചെയ്യുക എന്നത് എനിക്ക് ഒരുത്തരവാദിത്തം ആണെന്ന് തോന്നുന്നു. ഈ സ്ഥലത്തിന്റെ ട്രാന്‍സിയെന്റ സ്വഭാവം വെച്ചു നോക്കുമ്പോള്‍ ഒരു പക്ഷേ, ഒരു അര്‍ജന്‍സി ഉണ്ടെന്നാണ് തോന്നുന്നത്. കാരണം, എത്ര കാലം നാം ഇവിടെയുണ്ടാകുമെന്ന് നമുക്ക് ഒരുറപ്പുമില്ല.
(കടപ്പാട്:തിബാഖ്)
വിവ: അമീന്‍ എം റമദാന്‍