Thelicham

“ഭരിക്കുന്നവരാരാകട്ടെ, ചോദ്യങ്ങളുയര്‍ന്നുകൊണ്ടേയിരിക്കണം” വിനോദ് കെ ജോസ്/ കെ.എ സലിം

ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തിലും വര്‍ത്തമാനത്തിലും തുല്യതയില്ലാത്ത പേരാണ് വിനോദ് കെ. ജോസ് എന്ന വയനാട്ടുകാരന്റേത്. മാധ്യമ നൈതികത ഈ കലികാലത്തിലും കൈവിടാത്തതിനാല്‍ അധികാരിവര്‍ഗത്തിന് ആ നാമം അസഹ്യമാവുന്നതില്‍ അത്ഭുതമില്ല. രാജ്യത്തിന്റെ ഇന്ദ്രപ്രസ്ഥത്തില്‍ പിന്നിട്ട മാധ്യമ ജീവിതത്തിന്റെ താളുകളിലൂടെ വായിച്ചുപോവുമ്പോള്‍ ഈ രാജ്യത്തിന്റെ ഭൂതവും വര്‍ത്തമാനവുമാണ് തെളിയുന്നത്. ഉയരുന്നതാവട്ടെ, ഭാവിയെ കുറിച്ചുള്ള വലിയ ആശങ്കകളും.

ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തിലും വര്‍ത്തമാനത്തിലും തുല്യതയില്ലാത്ത പേരാണ് വിനോദ് കെ. ജോസ് എന്ന വയനാട്ടുകാരന്റേത്. മാധ്യമ നൈതികത ഈ കലികാലത്തിലും കൈവിടാത്തതിനാല്‍ അധികാരിവര്‍ഗത്തിന് ആ നാമം അസഹ്യമാവുന്നതില്‍ അത്ഭുതമില്ല. രാജ്യത്തിന്റെ ഇന്ദ്രപ്രസ്ഥത്തില്‍ പിന്നിട്ട മാധ്യമ ജീവിതത്തിന്റെ താളുകളിലൂടെ വായിച്ചുപോവുമ്പോള്‍ ഈ രാജ്യത്തിന്റെ ഭൂതവും വര്‍ത്തമാനവുമാണ് തെളിയുന്നത്. ഉയരുന്നതാവട്ടെ, ഭാവിയെ കുറിച്ചുള്ള വലിയ ആശങ്കകളും. തെളിച്ചത്തിന് വേണ്ടി കെ.എ സലിം നടത്തിയ അഭിമുഖത്തില്‍ നിന്നും.

കെ.എ സലിം: എക്‌സ്പ്രസില്‍ ജോലി ചെയ്യാനാണല്ലോ ഡല്‍ഹിയിലെത്തിയത്. എന്നാല്‍ വിനോദ് കെ ജോസിനെ മലയാളികളികള്‍ അറിയുന്നത് ഫ്രീപ്രസ്സിലുടെയാണ്. ഫ്രീപ്രസ് മാഗസിനിലെ അനുഭവങ്ങളാണോ കാരവാന് പിന്നിലെ ശക്തി?

വിനോദ് കെ ജോസ്: എക്‌സ്പ്രസില്‍ മൂന്നു നാല് മാസമേയുണ്ടായിരുന്നുള്ളൂ. അവിടെ നിന്ന് നേരെ പോകുന്നത് യു.എസ് പബ്ലിക് റേഡിയോയിലേക്കാണ്. സൗത്തേഷ്യന്‍ റിപോര്‍ട്ടറായിരുന്നെങ്കിലും ഇന്ത്യയും നേപ്പാളും മാത്രമായിരുന്നു പ്രധാനമായും കവര്‍ ചെയ്യേണ്ടിയിരുന്നത്. മാതൃഭാഷയില്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്താലാണ് ഡോളറില്‍ ശമ്പളം കിട്ടുന്നതില്‍ പണം മിച്ചം വെച്ച് കൊണ്ട് ഒരു സ്ഥാപനം തുടങ്ങാമെന്ന് തീരുമാനിക്കുന്നത്. 2003-ലാണ് ഫ്രീപ്രസ് തുടങ്ങുന്നത്. ഒരു ആഗ്രഹത്തിന്റെ പേരില്‍ തുടങ്ങിയതാണ്. പക്ഷേ 23-കാരനായ എനിക്ക് പബ്ലീഷിങ്ങിനെക്കുറിച്ച് വലിയ അറിവൊന്നുമുണ്ടായിരുന്നില്ല. എഡിറ്റോറിയലിനോടുള്ള ഇഷ്ടമായിരുന്നു മുന്നോട്ടു നയിച്ചത്. അതിന്റെ ഫണ്ട് റൈസിങ്ങിനെക്കുറിച്ചോ ഡിസ്ട്രിബ്യൂഷനെക്കുറിച്ചോ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നതിനെക്കുറിച്ചോ ധാരണയില്ലായിരുന്നു. അഡ്മിനിസ്‌ട്രേറ്റിവ് കാര്യങ്ങള്‍ക്കായി ഒരു സുഹൃത്ത് ജോയിന്‍ ചെയ്യാമെന്ന് പറഞ്ഞിരുന്നെങ്കിലും അവനത് സാധിച്ചില്ല. എഡിറ്റോറിയലും അഡ്മിനിസ്‌ട്രേഷനും രണ്ടായി പ്രവര്‍ത്തിക്കേണ്ടയിടത്ത് എല്ലാ ചുമതലയും എന്റെ തലയില്‍ വന്നു. എഡിറ്റോറിയല്‍ ഞങ്ങള്‍ ഉത്സാഹത്തോടെ ചെയ്തു. അതിനാല്‍ കോപ്പി നന്നായി വിറ്റു. പാര്‍ലമെന്റ് ആക്രമണ വിഷയം കത്തി നില്‍ക്കുന്ന കാലമായിരുന്നു. തീവ്രവാദത്തെക്കുറിച്ചുള്ള ഇന്നത്തെ അന്താരാഷ്ട്ര നരേറ്റീവുകള്‍ രൂപപ്പെട്ട കാലവുമായിരുന്നു അത്. അഫ്ഗാനിസ്ഥാനില്‍ യുദ്ധം നടക്കുന്നു, ജോര്‍ജ്ജ് ബുഷ് അമേരിക്ക ഭരിക്കുന്നു. അതിന്റെ പശ്ചാത്തലത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍, ഏറ്റുമുട്ടല്‍ക്കൊലകള്‍ തുടങ്ങിയവ ഡല്‍ഹിയില്‍ അരങ്ങേറുന്നു. അതുമായി ബന്ധപ്പെട്ട സ്റ്റോറികളായിരുന്നു ഫ്രീപ്രസ് പ്രധാനമായും ചെയ്തത്. ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങള്‍ പോലും കള്ളപ്പണത്തെക്കുറിച്ച് സ്റ്റോറി ചെയ്യാത്ത കാലത്താണ് ഫ്രീപ്രസ് റിലയന്‍സിന്റെ കള്ളപ്പണത്തെക്കുറിച്ച് ഒരു പതിപ്പ് തന്നെ ഇറക്കിയത്. ഈ സ്‌റ്റോറി ഹിറ്റായി. രണ്ടാമത് പ്രിന്റ് ചെയ്യേണ്ടി വന്നു. പുസ്തകങ്ങളാണ് സാധാരണ രണ്ടാം എഡിഷന്‍ ഇറങ്ങാറ്. മാഗസിന്‍ രണ്ടാം എഡിഷന്‍ ഇറക്കേണ്ട സാഹചര്യം വരുന്നത് ആവേശകരമായിരുന്നു. കൂടുതല്‍ കോപ്പികള്‍ ആവശ്യപ്പെട്ട് വിളികള്‍ വന്നു തുടങ്ങി. നമ്മള്‍ തന്നെയാണ് ഇത് പാക്ക് ചെയ്യുന്നത്. ന്യൂസ് പ്രിന്റ് ചുമന്ന്‌കൊണ്ടു പോകുന്നത്. നാട്ടിലേക്ക് ട്രെയിനില്‍ കയറ്റി വിടുന്നത്, എല്ലാം നമ്മള്‍ തന്നെ ചെയ്യുന്നതിന്റെ ആവേശം.

പക്ഷേ ഫ്രീപ്രസ് ഒരു പരീക്ഷണമായിരുന്നുവെന്ന് പലയിടത്തും പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെത്തന്നെയാണോ. അക്കാലത്തെ മികച്ച മലയാളം മാഗസിനുകളിലൊന്നായിരുന്നു ഫ്രീപ്രസ്. അതിന് മികച്ച സ്വീകാര്യതയുമുണ്ടായിരുന്നു?

വിനോദ് കെ ജോസ്: ഒരു കോളജ് മാഗസിന്റെ രൂപഘടനയെ ഒരു ന്യൂസ് മാഗസിന്റെ കാഴ്ച്ചപ്പാടോടെ സമീപിച്ച് എന്നാല്‍ വലിയ ഓര്‍ഗനൈസേഷന്റെ പിന്തുണയില്ലാതെ ചെയ്ത റൊമാന്റിക് പരീക്ഷണമായിരുന്നു അത്. അതുകൊണ്ട് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. സത്യത്തിന്റെയും നേരിന്റെയും ഭാഗത്തു നിന്ന് ജേര്‍ണലിസം ചെയ്യാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളായിരുന്നു ഒന്ന്. വി.എച്ച് നിഷാദായിരുന്നു സ്ഥാപനത്തിന്റെ ലിറ്റററി എഡിറ്റര്‍. അവന് ഒരുപാട് പോസ്റ്റ്കാര്‍ഡുകളും കത്തുകളും വരുമായിരുന്നു. കഥകള്‍, കവിതകള്‍ തുടങ്ങിയ സാഹിത്യസൃഷ്ടികളായിരുന്നു അവയെല്ലാം. ഒരു മുസ്്‌ലിമിന്റെ പേരില്‍ മലയാളത്തില്‍ നിരവധി കത്തുകള്‍ വരുന്നത് ഡല്‍ഹി പോലിസിന് തീവ്രവാദമാണെന്ന സംശയത്തിനിടയാക്കി. അതോടെ അവനെ കേന്ദ്രീകരിച്ച് അന്വേഷണമായി. അവനെ ഡല്‍ഹി പോലിസ് പിന്തുടരാനും അവനുള്ള കത്തുകള്‍ മോഷ്ടിച്ച് വായിക്കാനും തുടങ്ങി. വാജ്‌പേയി സര്‍ക്കാറിന്റെ അവസാനകാലവും യു.പി.എ സര്‍ക്കാറിന്റെ ആദ്യകാലവുമായിരുന്നു അത്. ശ്വാസംമുട്ടിക്കുന്ന ബി.ജെ.പി അന്തരീക്ഷം അപ്പോഴും മാറിയിരുന്നില്ല. ഷാദ്രയിലെ സ്‌റ്റോറില്‍ ന്യൂസ്പ്രിന്റ് വാങ്ങിക്കാന്‍ പോയാല്‍ പിന്നാലെ പോലിസ് വരും. ഇത് മദ്രാസി ഭാഷയിലെ തീവ്രവാദി സാധനങ്ങളാണെന്ന് പറഞ്ഞ് അവരെ പേടിപ്പിക്കും. അവരുടെ തന്നെ പ്രസ്സിലായിരുന്നു പ്രിന്റും ചെയ്തിരുന്നത്. അതോടെ ന്യൂസ് പേപ്പര്‍ കിട്ടാതായി. അവര്‍ ഇവിടെ പ്രിന്റ് ചെയ്യാന്‍ പറ്റില്ലെന്ന് പറയാന്‍ തുടങ്ങി. ഇന്ത്യയെങ്ങനെയാണ് ഫങ്ഷന്‍ ചെയ്യുന്നതെന്നതിന്റെ സോഷ്യോളജിക്കള്‍ എജ്യൂക്കേഷനായിരുന്നു എനിക്കത്. നിയമവിരുദ്ധമായി തങ്ങളൊന്നും ചെയ്യുന്നില്ല. നല്ല ജേര്‍ണലിസമെന്ന് വിളിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് ചെയ്യുന്നത്. പക്ഷേ എന്തുകൊണ്ടാണ് അവിടെ സ്റ്റേറ്റിന് ഒരു താല്‍പര്യം വരുന്നത്! മനുഷ്യാവകാശലംഘനങ്ങള്‍, ജൂഡീഷ്വറിയിലെ വിഷയങ്ങള്‍, കോര്‍പ്പറേറ്റ് വിഷയങ്ങള്‍ തുടങ്ങിയവയില്‍ തൊടുമ്പോഴുള്ള പ്രശ്‌നങ്ങളാണത്.

ഫ്രീപ്രസ് ഇറക്കുന്നതിനൊപ്പം പബ്ലിക് റേഡിയോയുടെ റിപോര്‍ട്ടറായാണ് എട്ടുമണിക്കൂര്‍ നേരം ചിലവഴിക്കുക. കുറച്ച് സ്റ്റാഫുകളെ മാത്രം നിര്‍ത്തി നടത്തുന്നതായിരുന്നു ഫ്രീപ്രസ്. ഒരു ഘട്ടമെത്തിയപ്പോള്‍ അത് മുന്നോട്ടുകൊണ്ടുപോകുന്നതിന് പല ബുദ്ധിമുട്ടുകളുമുണ്ടായി. പരസ്യത്തിലൂടെ മാത്രമേ പിടിച്ചു നില്‍ക്കാന്‍ പറ്റുമായിരുന്നുള്ളൂ. അല്ലെങ്കില്‍, സംഭാവന സ്വീകരിക്കുന്ന രീതി വേണം. അതില്ലാതെ വരുമ്പോള്‍ നമ്മള്‍ പ്രതിസന്ധിയിലാവും. വലിയ പ്രസിദ്ധീകരണ ഹൗസിന് ന്യൂസ് സ്റ്റാന്റില്‍ നിന്ന് പണം കിട്ടാന്‍ എളുപ്പമാണ്. സ്റ്റാന്റ് എലോണ്‍ പ്രസിദ്ധീകരണത്തിന് പത്ത് കോപ്പിക്ക് ഒന്നിന് ഏഴുരൂപ വെച്ച് 70 രൂപ കിട്ടണമെങ്കില്‍ പലപ്രാവശ്യം നടക്കണം. ഇതൊരു പ്രതിസന്ധിയായിരുന്നു. രാഷ്ട്രീയമായും സാമൂഹികമായുമുള്ള പീഡനങ്ങള്‍, ബിസ്സിനസ് പ്രശ്‌നങ്ങള്‍ എല്ലാം കൂടിയായപ്പോള്‍ നടത്തിക്കൊണ്ടു പോകാന്‍ ബുദ്ധിമുട്ടായി. പലരും വാങ്ങാന്‍ താല്‍പര്യപ്പെടുകയും വലിയ ഓഫറുകള്‍ വയ്ക്കുകയും ചെയ്തിരുന്നു. അന്ന് ഒരു കോടി രൂപവരെ ഓഫര്‍ കിട്ടി. വലിയ തുകയായിരുന്നു അത്. എന്നാല്‍, വിറ്റ് സമ്പാദിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. അതോടെ അത് പൂട്ടാന്‍ തീരുമാനിച്ചു. എന്നെങ്കിലും അവസരം കിട്ടിയാല്‍ ഒരു പ്രസിദ്ധീകരണം തുടങ്ങാം എന്ന് അന്നേ തീരുമാനിച്ചിരുന്നു.

ഇന്ത്യന്‍ മീഡിയയെക്കുറിച്ചുള്ള ധാരണകളെ മാറ്റിയെഴുതിയാണ് പിന്നീട് കാരവാന്‍ വരുന്നത്. ഫ്രീപ്രസിന് ശേഷം കാരവാനിലേക്കുള്ള തുടര്‍ച്ച എങ്ങനെയാണുണ്ടായത്?

വിനോദ് കെ ജോസ്: ഫ്രീപ്രസ് പൂട്ടിയതിന് ശേഷമാണ് കൊളംബിയ ജേര്‍ണലിസം സ്‌കൂളിന്റെ ഫെലോഷിപ്പ് കിട്ടുന്നത്. അതിനിടയ്ക്ക് ഡല്‍ഹിയില്‍ ഞാന്‍ താമസിക്കുന്ന അപ്പാര്‍ട്ടുമെന്റില്‍ തീപ്പിടിത്തമുണ്ടായി എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പടെ എല്ലാ രേഖകളും കത്തിപ്പോയി. എവിടെയൊക്കെയോ എനിക്കെതിരേ വ്യക്തിപരമായ ആക്രമണം വരുന്നത് പോലെ എനിക്ക് തോന്നി. ജേര്‍ണലിസത്തില്‍ തന്നെ തുടരണോ എന്ന് വരെ സംശയിച്ചു. പിന്നാലെ ഒരു വര്‍ഷം കൊളംബിയയിലായിരുന്നു. കൊളംബിയ ജേര്‍ണലിസം സ്‌കൂളില്‍ പ്രശസ്ത പ്രഫസറും വാഷിങ്ടണ്‍ പോസ്റ്റ് മുന്‍ പൊളിറ്റിക്കല്‍ എഡിറ്ററുമായ തോമസ് എഡ്‌സാല്‍, ബോസ്റ്റന്‍ ഗ്ലോബിന്റെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് മൈക്കല്‍ ജാവിവെ തുടങ്ങിയ വലിയ ജേര്‍ണലിസ്റ്റുകളോട് ഒറ്റയ്‌ക്കൊറ്റയ്ക്ക് ആശയവിനിമയം നടത്താന്‍ അവസരം കിട്ടി. തന്റെ ഇവിടെയുണ്ടായ അനുഭവങ്ങള്‍ താന്‍ അവരോട് പറഞ്ഞു. തിരിച്ചുവന്ന് വീണ്ടും ജേര്‍ണലിസം ചെയ്യാന്‍ അവരാണ് ആത്മവിശ്വാസം തന്നത്. ഡല്‍ഹിയിലെ മാധ്യമമേഖലയില്‍ ധാര്‍മികമായ ഒരുപാട് അഴിമതി നടക്കാറുണ്ട്. രാഷ്ട്രീയക്കാര്‍ എഡിറ്റര്‍മാരെ വിളിച്ച് സ്റ്റോറികള്‍ നിര്‍ദ്ദേശിക്കുകയും തിരുത്തുകയും വേണ്ടെന്ന് വയ്ക്കുകയും ചെയ്യാറുണ്ട്. ഇതെല്ലാം കണ്ടും കേട്ടും ഇതിനാണോ വയനാട്ടില്‍ നിന്ന് ചുരമിറങ്ങി ട്രെയിന്‍ കയറി ഡല്‍ഹിയിലെ കടുത്ത കാലാവസ്ഥയിലേക്ക് വന്നതെന്ന് തോന്നിയിട്ടുണ്ട്. നമ്മുടെ കുടുംബം, ലളിത ജീവിതം, എല്ലാം ഇല്ലാതാക്കിയാണ് നമ്മള്‍ ഇവിടെ വരുന്നത്. കൊളംബിയയില്‍ നിന്നാണ് എനിക്ക് നല്ലൊരു ജേര്‍ണലിസത്തിന് ഉദാഹരണം ലഭിക്കുന്നത്. അതോടെ ഡല്‍ഹിയിലെ പുഴുക്കുത്തുകളെ കണ്ടിട്ട് അതാണ് ജേര്‍ണലിസം എന്ന് വിചാരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുന്നു. ഡല്‍ഹിയില്‍ച്ചെന്ന് മറ്റൊരു രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കാം എന്നും തീരുമാനത്തിലെത്തി. നെഹ്‌റുവിന്റെ, അല്ലെങ്കില്‍ ഭരണഘടനയുടെ ഒരു റൊമാന്റിസിസം കണ്ടിട്ടും, വായനയിലൂടെ അറിഞ്ഞിട്ടുമാണ് പലരും, പ്രത്യേകിച്ച് മലയാളികള്‍ സാമൂഹ്യസാഹചര്യത്തെ മനസ്സിലാക്കുന്നത്. അത് സ്വപ്‌നം കണ്ട് അതാണ് ഇന്ത്യ എന്ന് വിചാരിച്ചു വരുമ്പോള്‍ ഡല്‍ഹി അവര്‍ക്ക് കൊടുക്കുന്ന സാമൂഹിക രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തിന്റെ ഒരു ഷോക്കുണ്ട്. അവിടെ ഒരാള്‍ക്ക് വേണമെങ്കില്‍ ഒഴുക്കിനനുസരിച്ച് പോകാം. അല്ലെങ്കില്‍ നമുടെ ലിമിറ്റഡ് കപ്പാസിറ്റിയ്ക്കകത്ത് നിന്ന് ചെറുതായി പ്രതിരോധിക്കാന്‍ ശ്രമിക്കാം. കാരവാന്‍ വഴി അങ്ങനെയൊരു പ്രതിരോധത്തിന്റെ സാധ്യതയെയാണ് മുന്നില്‍ക്കണ്ടത്.

കാരവാന്‍ നടത്തുന്ന ഡല്‍ഹി പ്രസ് മെയിന്‍ സ്ട്രീമിലുള്ളതാണ്. 80 വര്‍ഷം പഴക്കമുള്ള ഗ്രൂപ്പാണ്. 38-ഓളം മാഗസിനുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. 10 ഭാഷകളില്‍ സാന്നിദ്ധ്യമുണ്ട്. മുഖ്യധാരയിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലുമുണ്ട്. അവര്‍ക്കൊരു പൊളിറ്റിക്കല്‍ മാഗസിന്‍ തുടങ്ങാനാണ് എന്നെ വിളിച്ചത്. ചെറുതായിട്ട് തുടങ്ങി. അക്കാലത്ത മാര്‍ക്കറ്റില്‍ അഞ്ചാമത്തെയോ ആറാമത്തെയോ മാഗസിനാണ് കാരവാന്‍. ഇന്ത്യാടൂഡെ, ഔട്ട്‌ലുക്ക്, വീക്ക്, ഓപ്പണ്‍, തെഹല്‍ക എന്നിവയെല്ലാമുണ്ട്. എന്തിന് ഇനിയൊരു മാഗസിന്‍ എന്ന് ആളുകള്‍ ചോദിക്കുന്ന സാഹചര്യത്തിലാണ് മാഗസിന്‍ തുടങ്ങുന്നത്. കാരവാന്‍ തുടങ്ങുമ്പോള്‍ അതിനെ ഈ രീതിയില്‍ കൊണ്ടുപോകാന്‍ പറ്റുമെന്ന കാര്യത്തില്‍ വലിയ ഉറപ്പൊന്നുമുണ്ടായിരുന്നില്ല. വലിയൊരു ബഡ്ജറ്റൊന്നും ഇതിനായി നീക്കിവച്ചിരുന്നില്ല. മുഖ്യധാരയിലാണെങ്കിലും ചില മൂല്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തിയിരുന്നു ഉടമസ്ഥരായ ഡല്‍ഹി പ്രസ്. ഡല്‍ഹി പ്രസ് സ്ഥാപകനും സ്വാതന്ത്ര്യസമര സേനാനിയുമായ വിശ്വനാഥ് 1930-കളില്‍ തന്നെ മദ്യക്കമ്പനികള്‍ പുകയിലക്കമ്പനികള്‍ തുടങ്ങിയവയുടെ പരസ്യമെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു. ഈ മൂല്യങ്ങളുടെ പുറത്ത് കുറച്ചുകൂടി പ്രയത്‌നിച്ചാല്‍ നല്ലൊരു പ്രസിദ്ധീകരണമുണ്ടാക്കിക്കൊണ്ടുവരാനുള്ള സാധ്യതയുണ്ടെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് കാരവാന്‍ തുടങ്ങുന്നത്. ഔട്ട്‌ലുക്ക് പോലുള്ളവയുള്ള മാര്‍ക്കറ്റില്‍ എങ്ങനെ നല്ല ജേര്‍ണലിസം കാഴ്ചവയ്ക്കാന്‍ പറ്റുമെന്നാണ് നോക്കിയത്. നിലവിലുള്ള മാഗസിനുകളെല്ലാം കഴിഞ്ഞയാഴ്ചയിലെ പ്രധാനപ്പെട്ട വിഷയമെന്താണോ അതിനെ കവര്‍സ്‌റ്റോറിയാക്കുന്ന ന്യൂസ് മാഗസിന്‍ രീതിയാണ് അവലംബിക്കാറ്. ഈ സ്റ്റോറികള്‍ക്ക് പുറമെ സെക്‌സ്് സര്‍വ്വേ, എം.ബി.എ കോളജ് സര്‍വ്വേ തുടങ്ങിയ ജനപ്രിയ രീതിയിലാണ് ന്യൂസ് വീക്ക്‌ലികള്‍ നടത്തിക്കൊണ്ടിരുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി, അമേരിക്കന്‍ ജേര്‍ണലിസത്തിലാവട്ടെ, അവരുടെ ഭരണകൂടത്തിന്റെ പല തിന്‍മകളും പുറത്തുകൊണ്ടുവരുന്ന രീതിയുണ്ട്. വാട്ടര്‍ഗേറ്റ്, കോള്‍ഡ് വാര്‍ കാലത്തെ പല വിഷയങ്ങള്‍ തുടങ്ങിയവ ആ രീതിയില്‍ പുറത്തുകൊണ്ടു വന്നതാണ്. ഇതേ രീതി ഇന്ത്യയില്‍ ചെറിയ സംഘത്തെക്കൂട്ടിയാണെങ്കിലും എങ്ങനെ ചെയ്യാമെന്നാണ് പരീക്ഷിച്ച് നോക്കിയത്.

കാരവാന്റെ തുടക്കം കഠിനമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. കുറച്ച് ജേര്‍ണലിസ്റ്റുകളെ മാത്രം ഉപയോഗിച്ച് മാധ്യമമേഖലയില്‍ വളരെ വേഗത്തില്‍ ഇടമുണ്ടാക്കാന്‍ എങ്ങനെ സാധിച്ചു?

വിനോദ് കെ ജോസ്: തുടക്കത്തില്‍ മൂന്നോ നാലോ ജേര്‍ണലിസ്റ്റുകളെ മാത്രമേ സ്ഥാപനത്തിലേക്ക് എടുക്കാന്‍ പറ്റിയുള്ളൂ. ഇപ്പോള്‍ 35 ജേര്‍ണലിസ്റ്റുകളുടെ ഒരു ടീമാണ് കാരവാനിലുള്ളത്. എണ്ണത്തിലല്ല കാര്യമെന്ന് കഴിഞ്ഞ 5 വര്‍ഷത്തെ മോദി ഭരണത്തില്‍ കാരവാന്‍ ചെയ്ത സ്‌റ്റോറികളില്‍ നിന്ന് വ്യക്തമാണ്. യു.പി.എ കാലത്ത് കാരവാന്‍ ഇറങ്ങിയ ഉടനെയാണെങ്കിലും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി പുറത്തു കൊണ്ടുവരാന്‍ കഴിഞ്ഞു. അന്നങ്ങനെ സാമൂഹ്യ മാധ്യമങ്ങളില്‍ അവകാശവാദം ഉന്നയിച്ചില്ലെന്ന് മാത്രം. അത് 2010 ജൂലൈയില്‍ കവര്‍‌സ്റ്റോറിയായി വരുന്ന കാലത്ത് പലരും പറഞ്ഞിരുന്നത് എന്തിനാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് പോലുള്ളൊന്ന് ഡല്‍ഹിയില്‍ വരുമ്പോള്‍ അതേക്കുറിച്ച് നെഗറ്റീവായി പറയുന്നതെന്നാണ്. ഗെയിംസിലെ ഓരോ കാര്യങ്ങളിലും സുരേഷ് കല്‍മാഡിയ്ക്കും ഡല്‍ഹി സര്‍ക്കാറിലെ പലര്‍ക്കും പലവിധ താല്‍പര്യങ്ങളുണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നു. പതിനായിരം വാക്കുകളുള്ള വലിയ സ്റ്റോറിയാണ് കാരവാനില്‍ വന്നത്. വലിയ സ്‌റ്റോറികള്‍ വായിച്ചുവരുന്ന ശീലം അക്കാലത്ത് ജേര്‍ണലിസ്റ്റുകള്‍ക്ക് പോലും ഇല്ലായിരുന്നു. സ്റ്റോറി പുറത്തുവന്നയുടനെ ടൈംസ് ഓഫ് ഇന്ത്യയുടെ ഇന്‍വെസ്റ്റിഗേറ്റീവ് എഡിറ്റര്‍ എന്നോട് ചോദിച്ചു, ഇതില്‍ മുഴുവന്‍ പ്രാധാന്യമുള്ള കുംഭകോണമാണുള്ളത്. അതിലെ ചിലതെല്ലാം തങ്ങള്‍ എടുത്ത് സ്റ്റോറിയാക്കിക്കോട്ടെ എന്ന്. ഞാന്‍ അനുമതി കൊടുത്തു. അങ്ങനെ ടൈംസ് ഓഫ് ഇന്ത്യയില്‍ സ്റ്റോറി വരാന്‍ തുടങ്ങി. അന്ന് ടൈംസ് നൗ എഡിറ്ററായിരുന്ന അര്‍ണബ് ഗോസ്വാമി അത് വൈകുന്നേര ചര്‍ച്ചയാക്കി. കാരവാന്റെ ഈ സ്‌റ്റോറിയാണ് അയാളുടെ പ്രശസ്തിയ്ക്കുള്ള കാരണമെന്ന് പറയാന്‍ പറ്റും. യു.പി.എയുടെ കാലത്ത് അഴിമതിയ്‌ക്കെതിരേ മോറല്‍ ഹൈഗ്രൗണ്ട് നേടിയെടുത്താണ് അയാള്‍ വളര്‍ന്നത്. അതില്‍ അയാള്‍ക്ക് മറച്ചുവയ്ക്കപ്പെട്ട അജണ്ടയുണ്ടായിരുന്നുവെന്നും ഒളിച്ചുവെച്ച രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടായിരുന്നുവെന്നുമെല്ലാം പിന്നീടാണ് മനസ്സിലാകുന്നത്. തുടര്‍ന്ന് മന്‍മോഹന്‍ സിങ്ങിനെ വിമര്‍ശനബുദ്ധ്യാ വിലയിരുത്തുന്ന സ്‌റ്റോറി ചെയ്തു. അന്ന് മറ്റാരും അത്തരത്തിലൊരു സ്‌റ്റോറി ചെയ്തിരുന്നില്ല. കുംഭകോണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വരുന്നു. ഫയലുകളില്‍ പലതിലും അത് സ്റ്റോപ്പ് ചെയ്യാന്‍ അദ്ദേഹം എഴുതിവെച്ചിരുന്നു. എന്നാല്‍ സ്റ്റോപ്പ് ചെയ്യാനുള്ള ശക്തമായ നടപടി അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അഴിമതി ഇല്ലാതാക്കാന്‍ മന്‍മോഹന്‍ സിങ്ങെന്ന വ്യക്തിയ്ക്ക് എന്തെല്ലാം ചെയ്യാന്‍ പറ്റുമായിരുന്നുവെന്ന കാര്യത്തില്‍ സ്റ്റോറി കൊണ്ടുവരുന്നത് കാരവാനാണ്. ഇന്ത്യന്‍ മാര്‍ക്കറ്റ് 91-ല്‍ ഓപ്പണ്‍ ചെയ്ത മന്‍മോഹന്‍ സിങ്ങിനെതിരേ എന്തിന് വിമര്‍ശനബുദ്ധ്യാ സ്‌റ്റോറി പ്രസിദ്ധീകരിക്കുന്നുവെന്ന് അന്ന് പല എഡിറ്റര്‍മാരും സുഹൃത്തുക്കളും ചോദിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം സമാനമായ സ്റ്റോറികളുടെ പ്രളയം തന്നെയുണ്ടായി.

മോദിയുടെ കാലത്ത് കാരവാന്‍ മാത്രമായിരുന്നു ഇത്തരം കുംഭകോണങ്ങള്‍ വാര്‍ത്തയാക്കിയത്. മറ്റു മുഖ്യധാരാ മാധ്യമങ്ങള്‍ മോദിയുടെ അഴിമതിയെ തൊടാന്‍ മടിച്ചപ്പോള്‍ കാരവാന്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ കൊണ്ടുവന്നു. രാജ്യം ശ്രദ്ധിച്ച നിരവധി സ്റ്റോറികളായിരുന്നല്ലോ അക്കാലത്തുണ്ടായത്?

വിനോദ് കെ ജോസ്: മോദിയ്‌ക്കെതിരാണ് കാരവാന്‍ എന്നല്ല, ആരാണ് ഭരിക്കുന്നത് അവരെ അക്കൗണ്ടബിളാക്കി നിര്‍ത്തുക എന്നതായിരുന്നു തങ്ങള്‍ ചെയ്തത്. മോദിയുടെ കാലത്ത് കാരവാന്‍ ചെയ്ത കുറേ സ്‌റ്റോറികളാണ് യു.പി.എ കാലത്തെക്കാള്‍ ആളുകള്‍ ശ്രദ്ധിച്ചത്. 2016 നവംബറിലെ സഹാറാ ബിര്‍ല കേസാണ് മോദി ഉള്‍പ്പെട്ട ആദ്യകുംഭകോണം. അത് കാരവാനും ഇ.പി.ഡബ്ല്യൂയും കൂടിയാണ് പുറത്തുകൊണ്ടുവരുന്നത്. അതിനു ശേഷം തുടര്‍ച്ചയായി സ്റ്റോറികള്‍ കാരവാന്‍ ചെയ്തു. ജയ്റ്റ്‌ലിയുമായി ബന്ധപ്പെട്ട പലതും പുറത്തുവരുന്നുണ്ട്. പക്ഷേ, യു.പി.എ കാലത്തുണ്ടായിരുന്നത് പോലുളള മീഡിയാ സ്‌പേസ് അല്ല മോദിക്കാലത്തെന്ന് അവ്വിഷയകമായുള്ള മറ്റു മാധ്യമങ്ങളുടെ സമീപനത്തില്‍ നിന്ന് മനസ്സിലായി. യു.പി.എ കാലത്ത് റിപോര്‍ട്ട് പ്രസിദ്ധീകരിച്ച് മൂന്നോ നാലോ മണിക്കൂര്‍ കൊണ്ട് ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്ന് ഫോണ്‍ വന്നിരുന്നു വാര്‍ത്ത എടുത്തോട്ടെ എന്ന് ചോദിച്ച്. എന്നാല്‍ ബി.ജെ.പിയുടെ കാലത്ത് ഒരു ഫോണ്‍കോളും വരുന്നില്ലെന്ന് മാത്രമല്ല,, നമ്മുടെ സ്‌റ്റോറികള്‍ക്ക് ഒരു ഫോളോഅപ്പും ഉണ്ടാകുന്നില്ല. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന രീതിയിലാണ് നാഷണല്‍ മീഡിയ പെരുമാറിയത്. നമ്മുടെ സ്റ്റോറിയ്ക്ക് ഇംപാക്ട് ഉണ്ടാകുന്നില്ലെന്നത് നേരിട്ടല്ലാതെ ബാധിക്കുന്നുണ്ടായിരുന്നു. പിന്നാലെ വന്ന പ്രധാനപ്പെട്ട സ്റ്റോറിയായിരുന്നു അമിത് ഷായുടെ കേസ് പരിഗണിച്ച ജസ്റ്റിസ് ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ടത്. ലേഖകന്‍ സ്‌റ്റോറി തന്നപ്പോള്‍ ഇതെല്ലാം ശരിയാണോ എന്ന് എനിക്കും സംശയം തോന്നി. എങ്ങനെയാണ് ഒരു ജഡ്ജി ദുരൂഹമായി മരിക്കുന്നത്? ഒരു സിനിമാക്കഥ പോലെ തോന്നി. സുഹ്‌റാബുദ്ദീന്‍ കൊലക്കേസായിരുന്നു ജസ്റ്റിസ് ലോയ പരിഗണിച്ചിരുന്നത്. മൂന്നു പേരുടെ കൊലപാതകം അടങ്ങിയ കേസാണത്. അമിത് ഷാ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായപ്പോഴാണ് കൊല നടക്കുന്നത്. സുപ്രിംകോടതി, ഗുജറാത്തില്‍ ഈ കേസ് നടന്നാല്‍ അത് നീതിപൂര്‍വ്വകമാകില്ലെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയിലേക്ക് മാറ്റുകയായിരുന്നു. അങ്ങനെയാണ് കേസ് ലോയയുടെ മുന്നിലെത്തുന്നത്. ലോയയും ഈ കേസ് കേള്‍ക്കുന്ന ആദ്യത്തെ ജഡ്ജിയായിരുന്നില്ല. ഈ കേസ് തുടക്കം മുതല്‍ അവസാനം വരെ ഒരു ജഡ്ജി തന്നെ പരിഗണിക്കണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ജഡ്ജി ഉത്പത്തായിരുന്നു കേസ് കേട്ടിരുന്നത്. 2014 മെയില്‍ കേന്ദ്രസര്‍ക്കാര്‍ മാറിയ ശേഷം തൊട്ടടുത്ത മാസം അമിത് ഷായ്ക്ക് ഉത്പത്ത് സമന്‍സയച്ചു. പിന്നാലെ സുപ്രീംകോടതി നിര്‍ദ്ദേശത്തിന് വിരുദ്ധമായി ജഡ്ജിയെ മാറ്റി. അന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസായ മൊഹിത് ഷായാണ് ഉത്പതിനെ മാറ്റുന്നത്. ഇതെ മൊഹിത് ഷായാണ് അമിത്ഷായ്ക്ക് അനുകൂലമായി വിധി പറഞ്ഞാല്‍ 100 കോടി തരാമെന്ന് ലോയയ്ക്ക് ഓഫര്‍ കൊടുക്കുന്നത്.

ഡല്‍ഹിയില്‍ വലിയൊരു ഐസ് വീണതിന്റെ പ്രതീതിയാണ് ഈ സ്റ്റോറി പുറത്തുവന്നപ്പോള്‍ ഉണ്ടായതെന്നാണ് എന്‍.ഡി. ടിവിയിലെ രവിഷ്‌കുമാര്‍ പറഞ്ഞത്. പക്ഷേ, ആരും മിണ്ടുന്നില്ല! എല്ലാവരും നിശ്ശബ്ദമായിരിക്കുന്നു! യു.പി.എ കാലത്ത് ഉടന്‍ തന്നെ വിളിച്ചു സ്റ്റോറി എടുക്കുന്നു എന്ന് പറഞ്ഞവര്‍ ഒന്നും വിളിക്കുന്നില്ല! എല്ലാവരും വാര്‍ത്ത വായിച്ചുവെന്ന് വെബ് ട്രാഫിക്ക് കൂടിയതില്‍ നിന്ന് അറിയാമായിരുന്നു. പിറ്റെ ദിവസം ടൈംസ് ഓഫ് ഇന്ത്യയുടെ ഫ്രണ്ട് പേജ് വാര്‍ത്ത അമിത്ഷാ ബംഗ്ലയും തമിഴും പഠിക്കാന്‍ ട്യൂഷന്‍ ടീച്ചറെ വെച്ചതിനെക്കുറിച്ചായിരുന്നു. വാര്‍ത്തപോലും ആകേണ്ടതായിരുന്നില്ല അത്. ഉള്‍പ്പേജില്‍പ്പോലും ഈയൊരു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ ഇന്ത്യയിലെ പ്രധാന പത്രങ്ങള്‍ താല്‍പര്യം കാട്ടിയില്ല. രണ്ടുവര്‍ഷം അന്വേഷണം നടത്തിയാണ് സ്‌റ്റോറി തയ്യാറാക്കിയത്. സ്‌റ്റോറി തയ്യാറാക്കി കിട്ടിയ ശേഷം രണ്ടു മാസത്തോളം നാലഞ്ചു പേര്‍ വീണ്ടും വീണ്ടും പരിശോധന നടത്തി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ എക്‌സ്പ്രസ് കാരവാന്‍ സ്റ്റോറി തെറ്റാണെന്ന വാര്‍ത്ത ആദ്യപേജില്‍ തന്നെ പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ ജേര്‍ണലിസത്തില്‍ മുമ്പില്ലാത്ത നടപടിയായിരുന്നു അത്. ലോയയുടെ ഇ.സി.ജിയായിരുന്നു അവരുടെ സ്‌റ്റോറിയുടെ ആധാരം. കാരവാന് അതില്‍ ഇടപെടേണ്ടി വന്നില്ല. ഡോക്ടര്‍മാരും മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്നവരും തന്നെ അതിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി. ഇതിലെ ഡേറ്റും ടൈമും പേരും തെറ്റാണ്. ആരോഗ്യമുള്ള മനുഷ്യനെന്ന് തോന്നിക്കാവുന്ന ഇ.സി.ജിയാണ് അത്. കാര്‍ഡിയാക് അറസ്റ്റിന്റെ ലക്ഷണങ്ങളൊന്നും അതിലില്ല. ഇത് ജഡ്ജിയുടെ തന്നെയാണോ? മരിച്ച സമയത്തു തന്നെയുള്ള ഇസിജിയാണോ? തുടങ്ങിയ ചോദ്യങ്ങളെല്ലാം അവര്‍ തന്നെ ചോദിച്ചു. പ്രത്യേക ലക്ഷ്യത്തോടെ എഴുതിയ സ്‌റ്റോറിയായിരുന്നു അത്. ഇന്ത്യന്‍ എക്‌സ്പ്രസ് പോലുള്ള ഒരു പത്രത്തിന് എങ്ങനെ ഇത്തരത്തിലൊരു സ്റ്റോറി പ്രസിദ്ധീകരിക്കാനാവും എന്ന ചോദ്യമുയര്‍ന്നു.

അങ്ങനെയൊക്കെയായപ്പോള്‍ ഈ സ്‌റ്റോറി തുടരണമെന്നത് അഭിമാനപ്രശ്‌നം കൂടിയായി. കാരവാന്‍ സ്‌റ്റോറി കൊള്ളേണ്ടിടത്ത് കൊണ്ടു എന്നതിന്റെ ലക്ഷണം കൂടിയായിരുന്നു എക്‌സ്പ്രസ് സ്റ്റോറി. കൂടുതല്‍ ആളുകളെ നിയോഗിച്ച് ഫോളൊഅപ്പുകള്‍ തയ്യാറാക്കി. ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ നേരത്തെയില്ലാത്ത തരത്തിലുള്ള തുടര്‍‌സ്റ്റോറികളാണ് അതിലുണ്ടായത്. 27 സ്റ്റോറികള്‍ ചെയ്തു. അതിനായി മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടം റൂമില്‍ തങ്ങളുടെ ഒരു റിപോര്‍ട്ടര്‍ രണ്ടുമാസം നിന്നു കാര്യങ്ങള്‍ പഠിച്ചു. ജഡ്ജി താമസിച്ച ഗസ്റ്റ് ഹൗസിലെ എല്ലാ ജീവനക്കാരെയും കണ്ടു സംസാരിച്ചു. അവരില്‍ പലരും റിട്ടയറായി പോകുകയും സ്ഥലം മാറിപ്പോകുകയും ചെയ്തിട്ടുണ്ടായിരുന്നു. എല്ലാവരെയും കണ്ടെത്തി അന്ന് നടന്നത് ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു.

 തുടര്‍ന്ന് അതിന് നേരിട്ടുള്ള പ്രതിഫലനമുണ്ടായില്ലേ?

വിനോദ് കെ ജോസ്: ഇതിലെ ആദ്യ ഇംപാക്ട് തന്നെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ സുപ്രീംകോടതിയിലെ നാലു ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനമാണ്. കേസ് സുപ്രിംകോടതിയില്‍ എത്തിച്ച് ഡിസ്മിസ് ചെയ്യിച്ച് കിട്ടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അമിത് ഷായുടെ നീക്കം. യു.പി.എയുടെ കാലത്ത് ശരിക്കും പൊതുതാല്‍പര്യമുള്ളവരാണ് ഹരജിയുമായി കോടതിയെ സമീപിച്ചിരുന്നത്. ലോയ കേസില്‍ അമിത്ഷായ്‌ക്കെതിരേ ഹരജിയുമായി ആദ്യം വന്നത് ബി.ജെ.പി മഹാരാഷ്ട്ര പ്രസിഡന്റിന്റെ സെക്രട്ടറിയാണ്. അങ്ങനെയൊരാള്‍ അമിത്ഷായ്‌ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത് സംശയകരമായിരുന്നു. മറ്റൊരു ഹരജി നാഗ്്പൂര്‍ നഗരത്തിലെ ആര്‍.എസ്.എസിന്റെ ചുമതലക്കാരനാണ് സമര്‍പ്പിച്ചത്. ദുര്‍ബലമായ വാദങ്ങളാണ് ഹരജിയിലുണ്ടാകുക. ഹരജി സുപ്രിംകോടതിയെക്കൊണ്ട് തള്ളിക്കുകയും സുപ്രിംകോടതി ക്ലീന്‍ചിറ്റ് നല്‍കി എന്നുവരുത്തുകയും ചെയ്യുകയാണ് ഇതിനു പിന്നിലെ പദ്ധതി. അരുണ്‍ മിശ്രയെന്ന 10-ാം നമ്പര്‍ കോടതിയിലെ ജഡ്ജിക്കാണ് ദീപക് മിശ്ര കേസ് കൊടുത്തത്. തുടര്‍ച്ചയായി ബി.ജെ.പിയ്ക്ക് അവര്‍ക്കനുകൂലമായ വിധി കൊടുക്കുന്നയാളായിരുന്നു അയാള്‍. സാധാരണ പൊതുതാല്‍പര്യഹരജികള്‍ ചീഫ് ജസ്റ്റിസാണ് കേള്‍ക്കുക. ചീഫ് ജസ്റ്റിസിന് പറ്റില്ലെങ്കില്‍ സീനിയോറിറ്റിയില്‍ രണ്ടാമത്തെ ജഡ്ജിയ്ക്ക് കൊടുക്കും. ഈ രീതിയൊന്നും പാലിക്കാതെയാണ് കേസ് കൊടുത്തത് എന്നാണ് ജഡ്ജി ലോയയുടെ കേസ്, അരുണ്‍മിശ്രയുടെ ബെഞ്ചില്‍ വരുന്ന ജനുവരി 12-ന് നാലു സുപ്രിംകോടതി ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തി പറഞ്ഞത്. ജൂഡീഷ്വറിയ്ക്കുള്ളില്‍ ഇത്രമാത്രം പ്രശ്‌നങ്ങളുണ്ട് എന്ന വിഷയം ജുഡീഷ്വറിയുടെ മുന്നില്‍ തന്നെ എത്തിക്കുന്നതില്‍ ജഡ്ജി ലോയയുടെ സ്‌റ്റോറി സഹായിച്ചു. സാധാരണ കോടതിയലക്ഷ്യം പേടിച്ച് പത്രപ്രവര്‍ത്തകര്‍ ജഡ്ജിമാരെ വിമര്‍ശിക്കാന്‍ ധൈര്യം കാട്ടാറില്ല. ജഡ്ജി ലോയയ്ക്ക് അതേ കോടതിയിലെ ചീഫ് ജസ്റ്റിസ് 100 കോടിയുടെ ഓഫര്‍ വച്ചിട്ടുണ്ടെന്നാണ് കാരവാന്‍ സ്‌റ്റോറിയുടെ പ്രധാനഭാഗം തന്നെ. അത് ജുഡീഷ്വറിയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന താല്‍പര്യം ജുഡീഷ്വറിയ്ക്കുണ്ടായിരുന്നു എന്നാണ് അതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

ചെലമേശ്വറിന്റെ നേതൃത്വത്തിലുളള ജഡ്ജിമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത് ജൂഡീഷ്വറിയ്ക്കുള്ളിലെ അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങള്‍ ശരിയായ രീതിയിലല്ല പോകുന്നത് എന്നാണ്. കാരവാന്‍ സ്റ്റോറി പ്രസിദ്ധീകരിച്ച് അതുവരെയുള്ള 45 ദിവസം കുറ്റകരമായ മൗനമായിരുന്നു എല്ലാവരും പാലിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടി പോലും ജഡ്ജി ലോയ എന്ന് പറയാന്‍ ധൈര്യംകാട്ടിയില്ല. 4 ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനത്തിന് ശേഷമാണ് കോണ്‍ഗ്രസ് പോലും വാര്‍ത്താസമ്മേളനം നടത്തുന്നത്. അതോടെ അതുവരെ ഇടപെടാന്‍ മടിച്ചിരുന്ന പത്രങ്ങള്‍ വരെ വാര്‍ത്ത സ്ഥിരമായി കൊടുക്കാന്‍ തുടങ്ങി. പക്ഷേ, അതുമായി ബന്ധപ്പെട്ട അന്വേഷണം നടത്താന്‍ ആരും തയ്യാറായിട്ടില്ല. പിന്നാലെ അത് പൊതുജന പോരാട്ടമായി രൂപപ്പെട്ടു. ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരേ ഇംപീച്ച്‌മെന്റ് നടപടികളുണ്ടായി. ഇപ്പോഴും തീരാത്ത വിഷയമാണ് ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം. ലോയയ്ക്ക് ഹൃദയാഘാതമുണ്ടായപ്പോള്‍ താമസിച്ചിരുന്നതിന്റെ തൊട്ടടുത്ത് മൂന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ മെഡിക്കല്‍ കോളേജും നാഗ്്പൂരാണുള്ളത്. കാര്‍ഡിയോ വിഭാഗം മാത്രമുളള ആശുപത്രിയുണ്ട്. ഇവിടെയൊന്നും കൊണ്ടുപോകാതെ ദൂരെ ഒരു കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നു. അതെന്തിനായിരുന്നുവെന്നാണ് കാരവാന്‍ ചോദിച്ചത്. ലോയയെ ആശുപത്രിയില്‍ കൊണ്ടു പോയ വാഹനത്തിന്റെ ഡ്രൈവര്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ തുടങ്ങിയവരെയും ഞങ്ങള്‍ കണ്ടുപിടിച്ചു. മഹാരാഷ്ട്രയിലെ ധനകാര്യമന്ത്രിയും ബി.ജെ.പി നേതാവുമായ മുകുന്തിഹാറിന്റെ അളിയനാണ് ഡോക്ടര്‍. 17 പോസ്റ്റ്‌മോര്‍ട്ടം കൃത്രിമത്വത്തിന്റെ പരാതിയുണ്ടായതിനാല്‍ നാഗ്്പൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് മാറ്റിയതായിരുന്നു അയാളെ. രാജ്യം കണ്ട ഏറ്റവും വലിയ ദുരൂഹതയായിരുന്നു ലോയയുടെ മരണം. ലോയയുടെ മരണത്തിന് ശേഷം വന്ന ജഡ്ജി 30-ാം ദിവസം അമിത്ഷായ്ക്ക് അനുകൂലമായി വിധി പറയുകയും അത് വലിയൊരു വാര്‍ത്തയാവാതിരിക്കുകയും ചെയ്യുന്നു. മഹേന്ദ്രസിങ് ധോണി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന ദിവസം നോക്കിയാണ് വിധി വരുന്നത്. വാര്‍ത്ത അതില്‍ മുങ്ങിപ്പോയി. വിധിയ്ക്കായി ഈ ദിവസം തന്നെ തിരഞ്ഞെടുത്തതും മനപ്പൂര്‍വ്വമാണ്.

പിന്നാലെയും കാരവാന്‍ സമാനമായ സ്റ്റോറികളുടെ തുടര്‍ച്ച ഉറപ്പാക്കിയിരുന്നില്ലേ?

വിനോദ് കെ ജോസ്: പിന്നാലെ വന്നത് അമിത്ഷായുടെ മകന്‍ ജയ്ഷായുടെ സ്റ്റോറിയാണ്. കാരവാന്‍ ചെയ്യുന്നതിന്റെ എട്ടുപത്ത് മാസം മുമ്പ് വയറില്‍ അത് പ്രസിദ്ധീകരിച്ചിരുന്നു. വയറില്‍ പറഞ്ഞ ഒരു കമ്പനി മാത്രമല്ല, പല കമ്പനികളും അയാള്‍ തുടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഒരു പ്രോപ്പര്‍ട്ടി കാണിച്ച് പല ബാങ്കില്‍ നിന്നും ലോണും എടുത്തിട്ടുണ്ട്. മറ്റൊന്ന് ദേശസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവല്‍ നോട്ട് നിരോധനത്തിന് തൊട്ടുമുമ്പ് കെയ്മന്‍ ഐലന്റില്‍ കമ്പനി തുടങ്ങിയതാണ്. വിദേശത്ത് ഇതുപോലെ നികുതിയില്ലാത്ത രാജ്യത്ത് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെ എതിര്‍ത്തിരുന്ന ആളാണ് ഡോവല്‍. ഇത്തരം കമ്പനികളെക്കുറിച്ച് അന്വേഷിക്കണമെന്നും ഇത് പണം ഇന്ത്യക്ക് പുറത്തു കൊണ്ടുപോകാനുള്ള മാര്‍ഗമാണെന്നും ഡോവലും ആര്‍.എസ്.എസ് നേതാവ് ഗുരുമൂര്‍ത്തിയും എഴുതിവച്ച ഡോക്യുമെന്റിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണത്തെക്കുറിച്ചുള്ള ബി.ജെ.പി പ്രഖ്യാപനങ്ങള്‍ തന്നെ തുടങ്ങുന്നത്. അതാണ് അവരെ അധികാരത്തിലെത്താന്‍ സഹായിച്ചതും. അതിന് വിരുദ്ധമായാണ് ഡോവലിന്റെ മകന്‍ ചെയ്യുന്നത്. അതത് വിദേശ സര്‍ക്കാറുകളില്‍ നിന്ന് സംഘടിപ്പിച്ച രേഖകള്‍ പരിശോധിച്ചാണ് സ്‌റ്റോറി തയ്യാറാക്കിയത്. മറ്റൊന്ന്, യെദിയൂരപ്പ ഡയറിയാണ്. റാഫേല്‍ വിഷയത്തില്‍ ഒരുപാട് രേഖകള്‍ കാരവാനാണ് പുറത്തുകൊണ്ടുവന്നത്. എന്നാല്‍ ഹിന്ദു പ്രസിദ്ധീകരിച്ചപ്പോഴാണ് കൂടുതല്‍ ആളുകള്‍ അറിഞ്ഞത്. 2018 സെപ്തംബര്‍ മുതല്‍ കാരവാന്‍ ഈ രേഖകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഈ രേഖകളാണ് റിവ്യു ഹരജിക്ക് സുപ്രിംകോടതിയില്‍ ആധാരമായത്. രേഖകള്‍ മോഷ്ടിച്ചതാണെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോള്‍ രേഖകള്‍ എന്തുകൊണ്ട് സര്‍ക്കാര്‍ സമര്‍പ്പിക്കാതിരിക്കുകയും മാധ്യമങ്ങള്‍ മോഷ്ടിച്ച് പ്രസിദ്ധീകരിച്ച് കോടതിയുടെ മുന്നിലെത്തിക്കുയും ചെയ്യുന്നുവെന്ന ചോദ്യമാണ് ജനാധിപത്യത്തില്‍ ചോദിക്കേണ്ടത്.

ഇംഗ്ലീഷ് വായന പൊതുവെ നഗരങ്ങളിലെ എലീറ്റ് ക്ലാസിനെയുള്ളൂ. മലയാളിയുടെ പൊതു ഇടത്ചിന്തകളെ കാരവാന്റെ വായനക്കാരായ എലീറ്റ് ക്ലാസിനു മുന്നില്‍ അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളില്ലേ?

വിനോദ് കെ ജോസ്: തീര്‍ച്ചയായും ഉണ്ട്. ഇടതുപക്ഷം, വലതുപക്ഷം എന്നതിനെക്കാള്‍ ഞാന്‍ പത്രപ്രവര്‍ത്തനത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നത് ട്രൂത്ത്, ജസ്റ്റിസ് എന്ന കാഴ്ചപ്പാടിനെയാണ്. പൊതുവെ സമൂഹത്തിനും അതാണ് നല്ലത്. ലെഫ്റ്റ് പറയുന്നതെല്ലാം ശരിയാണെന്നും റൈറ്റ് പറയുന്നതെന്നും തെറ്റാണെന്നുമുള്ള ധാരണ അങ്ങനെ കാണാന്‍ ശ്രമിക്കുന്നവര്‍ക്കുണ്ടാകും. സത്യത്തിന് ഇടതുവലതു പക്ഷമില്ല. എവിടെയാണെങ്കിലും സത്യം സത്യമാണ്. ചിലര്‍ കാരവാനെ ലെഫ്റ്റ് എന്ന് വിളിക്കാറുണ്ട്. റൈറ്റ് എന്ന് പറയുന്നവരുണ്ടാകും. എന്നാല്‍ പല സ്ഥാപനങ്ങളെയും ലെഫ്റ്റ് എന്ന് വിളിക്കപ്പെടുന്നത് പോലെ കാരവാന്‍ വിളിക്കപ്പെടുന്നില്ല. റിപോര്‍ട്ടിങ് വഴി സംസാരിക്കുന്നത് കൊണ്ടാണത്. 95 ശതമാനവും കാരവാനില്‍ വരുന്നത് റിപോര്‍ട്ടഡ് പീസാണ്. അഭിപ്രായങ്ങളല്ല. റിപോര്‍ട്ടറായി തുടങ്ങിയതുകൊണ്ടാകും. എനിക്കു താല്‍പര്യവും ഇത്തരം ജേര്‍ണലിസത്തിലാണ്. ജേര്‍ണലിസത്തിന്റ ആത്മാവ് റിപോര്‍ട്ടഡ് പീസാണ്. എഡിറ്റര്‍മാര് പ്രധാനമാണ്. റിപോര്‍ട്ടര്‍ എഡിറ്ററായി മാറുമ്പോള്‍ ജേര്‍ണലിസം ഇംപാക്ട് കൂടും. അഭിപ്രായങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും. അത് മാത്രമായി ജേര്‍ണലിസം ചുരുങ്ങരുത്. ഇന്നത്തെ ഡിജിറ്റല്‍ സംവിധാനത്തില്‍ കമന്ററിക്കാണ് കൂടുതല്‍ വെബ് ക്ലിക്കുകള്‍ കിട്ടുന്നത്. അഭിപ്രായങ്ങള്‍ക്ക് താഴെ അനുകൂലിച്ചും എതിര്‍ത്തും സംസാരിക്കാന്‍ ആളെത്തുന്നു. പരസ്യക്കമ്പനികള്‍ക്ക്് അതുവഴി കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ പറ്റും. പക്ഷേ അതാണോ ജേര്‍ണിലിസം. റിപോര്‍ട്ടേഴ്‌സ് കണ്ടുപിടിക്കുന്ന സ്റ്റോറികളിലാണ് ജേര്‍ണലിസത്തിന്റെ ആത്മാവ് ഉള്ളത്. അത് കോംപ്രമൈസ് ചെയ്യാതെ പ്രവര്‍ത്തിക്കുന്നത് കൊണ്ട് മുഖ്യധാരയില്‍ സ്വീകാര്യതയ്ക്ക് പ്രയാസമുണ്ടായില്ല. ഓരോ ലക്കത്തിലും കാരവാനില്‍ പുതുതായെന്തെങ്കിലുമുണ്ടെന്ന ഉറപ്പ് വായനക്കാരനുണ്ട്. അറിയുന്ന ഒരു കാര്യത്തെ കുറച്ചു കൂടി അഡ്വാന്‍സ് ചെയ്യുമ്പോഴാണ് അത് നല്ല റിപോര്‍ട്ടാവുന്നത്. അപ്പോള്‍ പുതിയ കാര്യങ്ങള്‍ കണ്ടെത്തേണ്ടി വരും. രാഷ്ട്രീയക്കാര്‍ സെറ്റ് ചെയ്യുന്ന അജണ്ടയില്‍ നിന്ന് മാറി ചിന്തിക്കേണ്ട സാഹചര്യമുണ്ടാകും. ജേര്‍ണലിസം പഠിക്കുമ്പോള്‍ താല്‍പര്യം തോന്നിയ തിയറിയാണ് അജണ്ട സെറ്റിങ്. എന്തുകൊണ്ട് രാഷ്ട്രീയക്കാര്‍ അജണ്ട സെറ്റ് ചെയ്യുന്ന രീതിയിലേക്ക് പത്രപ്രവര്‍ത്തനം മാറിയെന്ന് ചിന്തിക്കാറുണ്ട്. ഈ രീതിയിലുള്ള ജേര്‍ണലിസം രാഷ്ട്രിയക്കാരുടെയും പത്രമുതലാളിമാരുടെയും കോര്‍പ്പറേറ്റുകളുടെയും ആഗ്രഹമാണ്. അങ്ങനെ വന്നാല്‍ അവരുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ഒന്നും ജേര്‍ണലിസ്റ്റുകള്‍ ചെയ്യാന്‍ പോകുന്നില്ലെന്ന അവര്‍ക്കറിയാം.

മോദിക്കാലത്തെ ജേര്‍ണലിസം എത്രത്തോളം പ്രയാസകരമായിരുന്നു. എന്തെങ്കിലും നേരിട്ടുള്ള ഇടപെടലുണ്ടായോ?

വിനോദ് കെ ജോസ്: പരസ്യങ്ങളെ ബാധിച്ചു. സ്ഥിരമായി പരസ്യം തരുന്നവരെ വിളിച്ച് ശല്യപ്പെടുത്തലുകളുണ്ടായിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പരസ്യമായി പറയാന്‍ പറ്റില്ല. അല്‍പം കഴിഞ്ഞിട്ട് കൂടുതല്‍ പറയാം. സമ്മര്‍ദ്ദം പല രീതിയിലുണ്ടായിരുന്നു. എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. കാരവാന്‍ ഓണ്‍ലൈനിലും ശക്തമായ സാന്നിധ്യമായുണ്ട്. ക്വാളിറ്റി റീഡിങ്‌സ് ആളുകള്‍ പണം നല്‍കി തന്നെ വാങ്ങുന്ന രീതിയാണ് ചെയ്തുവരുന്നത്. എങ്കിലേ, പത്രപ്രവര്‍ത്തനം അതിജീവിക്കുകയുള്ളൂ. എല്ലാം പരസ്യക്കമ്പനികള്‍ക്ക് വിട്ടുകൊടുക്കാന്‍ പറ്റില്ല. നല്ലൊരു തുക സബ്‌സ്‌ക്രിപ്്ഷന്‍ വഴി സമ്പാദിച്ചു. നല്ല കണ്ടന്റിന് ആളുകള്‍ പണം നല്‍കാന്‍ തയ്യാറാണ്. നമ്മള്‍ പലതും പണം നല്‍കി വാങ്ങുന്നവരാണ്. ജീന്‍സിന് നമ്മള്‍ ആയിരമോ രണ്ടായിരമോ ചിലവിടും, ഭക്ഷണത്തിന് പണം ചിലവിടും, അതുപൊലെ നല്ല മാധ്യമസ്ഥാപനത്തെ സപ്പോര്‍ട്ട് ചെയ്യാന്‍ പണം കൊടുത്ത് സബ്‌സ്‌ക്രൈബ് ചെയ്യാനും തയ്യാറാവാവുന്നതാണ്. ആളുകള്‍ പേ ചെയ്യാന്‍ തയ്യാറാണ്. മൂന്നു മാസത്തെ ടാര്‍ഗറ്റ് ആദ്യമാസം തന്നെ മീറ്റ് ചെയ്തു.

ജേര്‍ണലിസ്റ്റാവുക എന്നതായിരുന്നോ ജീവിതാഭിലാഷം?

വിനോദ് കെ ജോസ്: ചെറുപ്പത്തില്‍ സിനിമ പിടിക്കണമെന്നായിരുന്നു ആഗ്രഹം. മേരി മാതാ കോളജില്‍ നിന്ന് ഇംഗ്ലിഷില്‍ ഡിഗ്രി പൂര്‍ത്തിയാക്കി. വയനാട്ടില്‍ സിറ്റിയുടെ എക്‌സ്‌പോഷര്‍ കുറവായത് കാരണം ഡല്‍ഹിയില്‍ വന്നു. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ സിനിമയില്‍ പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു, നടന്നില്ല. മണിപ്പാലില്‍ ജേര്‍ണലിസം പഠിച്ചു. പിന്നീട് എക്‌സ്പ്രസില്‍ കയറി ഡല്‍ഹിയില്‍ വന്നു. കാരവാന്‍ പത്തുവര്‍ഷമായി. ഫ്രീപ്രസ് രണ്ടു വര്‍ഷത്തില്‍ താഴെയേ നടത്താന്‍ പറ്റിയുള്ളൂ. മറ്റൊരാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണെങ്കിലും ഞാന്‍ ആഗ്രഹിച്ച പത്രപ്രവര്‍ത്തനം ഇവിടെ ചെയ്യാന്‍ പറ്റുന്നുണ്ട്. എല്ലാ സ്ഥാപനത്തിലും ഈ സ്‌പേസുണ്ടാകണമെന്നില്ല. ഇവിടെ ആ സ്‌പേസുണ്ടായി. എന്തിന് ഡല്‍ഹിയിലേക്ക് ട്രെയിന്‍ കയറി വന്നോ അത് ചെയ്യാനുള്ള അവസരം ഇവിടെ കിട്ടി.

 


കെ.എ സലിം
(സുപ്രഭാതം ഡല്‍ഹി ബ്യൂറോ)

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.