Home » Interview » ‘വിഭജനം മറക്കാം, ബാബരിയെ പിന്നിലാക്കം’ ഹിലാല്‍ അഹ്മദ്/ ശബീബ് മമ്പാട്

‘വിഭജനം മറക്കാം, ബാബരിയെ പിന്നിലാക്കം’ ഹിലാല്‍ അഹ്മദ്/ ശബീബ് മമ്പാട്

ഹിലാല്‍ അഹ്മദ്: സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഓഫ് ഡെവലോപിങ് സ്റ്റഡീസ്, ന്യൂ ഡല്‍ഹിയില്‍ അസോസിയേറ്റ് പ്രൊഫസര്‍. സൗത്ത് ഏഷ്യയിലെ പൊളിറ്റിക്കല്‍ ഇസ്ലാമും മുസ്ലിം ആധുനികതകളും പ്രധിനിധാനത്തിന്റെ രാഷ്ട്രീയം, ചിഹ്നങ്ങളുടെ രാഷ്ട്രീയം എന്നിവ പ്രധാന ഗവേഷണ മേഖലകള്‍.
കൊളോണിയലാനന്തര മുസ്ലിം രാഷ്ട്രീയത്തെ കുറിച്ച് അനവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Muslim political Discourse in Post Colonial India: Monuments, Memory, Contestation, Siyasi Muslims: A story of Political Islams in india എന്നീ ശ്രദ്ധേയമായ രണ്ടു പുസ്തകങ്ങള്‍. Encountering the political jama Masjid(2006), Qutub : Ek Adhura Afsana(2016)എന്നീ രണ്ടു ഡോക്യൂമെന്ററികളും നിര്‍മിച്ചു. ഹിലാല്‍ അഹ്മദുമായി ശബീബ് മമ്പാട് നടത്തിയ അഭിമുഖം.

ഇന്ത്യയിലെ മുസ്്‌ലിം സമുദായത്തെ കുറിച്ചു നടന്ന സാമൂഹ്യ ശാസ്ത്രപരവും രാഷ്ട്രീയപരവുമായ പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും പരിമിതികളും പ്രശ്‌നങ്ങളും എന്തെല്ലാമാണ്?

മുസ്്‌ലിം സമുദായത്തെ കുറിച്ചുള്ള പഠനങ്ങളെ സംബന്ധിച്ചുള്ള രണ്ടു കാര്യങ്ങള്‍ ആണ് സൂചിപ്പിക്കാനുള്ളത്. ഒന്ന്, ഇന്ത്യയിലെ അക്കാദമിക് വ്യവസ്ഥയെ പൊളിറ്റിക്കല്‍ കറക്ട്‌നെസ് ആഴത്തില്‍ ബാധിച്ചിരുന്നു. പഴയ സാഹചര്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യമാണിത്. വിഭജനാനതര രാഷ്ട്രീയ കാലാവസ്ഥയില്‍ രാജ്യത്തു കോണ്‍ഗ്രസ് ആധിപത്യമുറപ്പിക്കുകയുണ്ടായി. മതേതരത്വം എന്ന ദര്‍ശനത്തെ കുറിച്ചു സംസാരിക്കുക എന്നത് ആ സമയത്തിന്റെ സവിശേഷമായ ഒരു ആവശ്യമായിരുന്നു. കോണ്‍ഗ്രസ് ആധിപത്യമുള്ള രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഇതൊരു ആചാരമായിത്തീര്‍ന്നു. അതിന്റെ ഒരു തുടര്‍ച്ചയെന്നോണമാണ് രാഷ്ട്രീയ അന്വേഷങ്ങളില്‍ പൊളിറ്റിക്കല്‍ കറക്ട്‌നസ് എന്നൊരു സെന്‍സ് ഉത്ഭവിക്കുന്നത്. ഇതിലൂന്നിയ ചരിത്ര വായനകള്‍ മുസ്്‌ലിം രാഷ്ട്രീയത്തെ മനസ്സിലാക്കിയത് നല്ല മുസ്്‌ലിം, ചീത്ത മുസ്്‌ലിം ദ്വന്ദം അടിസ്ഥാനപ്പെടുത്തിയാണ്. അതിനകത്ത് മുസ്്‌ലിം സമുദായത്തെ കുറിച്ചുള്ള, അവരുടെ രാഷ്ട്രീയത്തെ കുറിച്ചുള്ള സകല യാഥാര്‍ഥ്യങ്ങളും, വൈവിധ്യത്തെ കുറിച്ചുള്ള വിവരണങ്ങളും നിരസിക്കപ്പെട്ടു. അന്നുണ്ടായ ഗൗരവമേറിയ പഠനങ്ങള്‍ മുഴുവന് രാഷ്ട്രീയ ശരിയുടെ ചട്ടക്കൂടിനകത്തു നിന്നുള്ളവയായിരുന്നു.അതിനാല്‍ തന്നെ മുസ്്‌ലിം രാഷ്ട്രീയത്തെ ചരിത്രപരവും സാമൂഹികവുമായ അടരുകളിലൂടെ, അവയുടെ ബഹുത്വത്തെ മനസ്സിലാക്കിയുള്ള പഠനങ്ങള്‍ ഉണ്ടായില്ല എന്നുവേണം പറയാന്‍.

രണ്ടാമതായി, ഹൈന്ദവേതര സമുദായങ്ങളെ കുറിച്ചുള്ള സാമൂഹ്യ ശാസ്ത്രപരമായ ഗവേഷണങ്ങളെ നിരുത്സാഹപ്പെടുത്തും വിധം, ക്ഷയിപ്പിക്കും വിധം വിഭജനം ഇന്ത്യയുടെ സാമൂഹിക ഘടനയെ ആഴത്തില്‍ ബാധിച്ചിരുന്നു. ഇന്ത്യന്‍ മുസ്്‌ലിംകളെ കുറിച്ച് ശ്രദ്ധേയമായ പഠനങ്ങള്‍ ഉണ്ടാവത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വിഭജനത്തിന്റെ ഇംപാക്ട് തന്നെയാണ്. 1991 ല്‍ ഇംതിയാസ് അഹമ്മദ് ഇത് നിരീക്ഷിച്ചിട്ടുണ്ട്. അത് വളരെ കൃത്യവുമാണ്.

വിഭജനത്തിന്റെ സമയങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇനി നമുക്ക് വേണ്ടത് ഇന്ത്യന്‍ മുസ്്‌ലിംകള്‍ എന്ന സബ്‌ജെക്ടിനെ കുറിച്ച് സമഗ്രമായ, ന്യൂട്രല്‍, ഒബ്‌ജെക്റ്റീവ് ഗവേഷണങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. എങ്കില്‍ മാത്രമേ മുസ്്‌ലിം സമുദായത്തെ കുറിച്ച് കുറച്ചു കൂടെ ഫലപ്രദമായ ചര്‍ച്ചകള്‍ നമുക്ക് രൂപപ്പെടുത്താന്‍ കഴിയൂ.

ഒരു ലേഖനത്തില്‍ താങ്കള്‍ ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ ബഹുത്വത്തെ കുറിച്ച് അത് പല മടങ്ങുകള്‍ ഉള്ളതാണെന്ന് സൂചിപ്പിക്കുന്നുണ്ട്. ബാബരി മസ്ജിദ് പ്രശ്‌നം കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ആഖ്യാനത്തില്‍ നിന്ന് വിടുതല്‍ നേടിയാല്‍ മാത്രമേ ഇത്തരമൊരു സാധ്യത മനസ്സിലാക്കാനും അതിനെ കുറിച്ച് സംസാരിക്കാനും സാധിക്കൂ എന്നും ആ ലേഖനത്തില്‍ വാദിക്കുന്നുണ്ട്. അതൊന്ന് വിശദമാക്കാമോ?

ഇവ്വിഷയകമായി എന്റെ അടിസ്ഥാനപരമായ വാദം ഇതാണ്. ഇന്ത്യയില്‍ ഏകാത്മക സ്വഭാവം ഉള്ള ഒരു മുസ്്‌ലിം സമുദായം ഇല്ല. അതിനാല്‍ തന്നെ ഇന്ത്യ മുഴുക്കെയുള്ള മുസ്്‌ലിം രാഷ്ട്രീയ ഇടപാടുകളെ ഒരേ തരത്തില്‍ മനസ്സിലാക്കുന്നതും സങ്കല്പിക്കുന്നതും തീര്‍ത്തും തെറ്റാണ്. ഞാന്‍ ബാബരി മസ്ജിദ് പ്രശ്‌നത്തെ പഠിക്കാന്‍ ശ്രമിച്ചപ്പോള്‍, അതുമായി ബന്ധപ്പെട്ട് മുസ്്‌ലിംകള്‍ക്കിടയില്‍ നിലനിന്ന വ്യതസ്തമായ അഭിപ്രായങ്ങളെയും നിലപാടുകളെയും മനസിലാകാന്‍ ശ്രമിച്ചിരുന്നു. ഒരേ സ്വഭാവത്തിലുള്ള അഭിപ്രായമായിരുന്നില്ല മുസ്്‌ലിംകള്‍ക് ഉണ്ടായിരുന്നത്. ഭരണഘടനയുമായി ചേര്‍ന്നു നിന്നവര്‍, നിയമ വ്യവസ്ഥയില്‍ വിശ്വാസം അര്‍പ്പിച്ചവര്‍, റാഡിക്കല്‍ നിലപാടുകള്‍ സ്വീകരിച്ചവര്‍, അങ്ങനെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍.

ഇവിടെ പ്രാഥമികമായി മനസ്സിലാക്കേണ്ട കാര്യം ഇന്ത്യയിലെ മുസ്്‌ലിം സമുദായം ഏകാത്മക സ്വഭാവം ഉള്ള ഒന്നല്ല എന്നതാണ്. മുസ്്‌ലിം സമുദായത്തിന്റെ രാഷ്ട്രീയത്തെ അവരുടെ പ്രത്യേകമായ പ്രാദേശികവും സാമൂഹികവുമായ പശ്ചാത്തലങ്ങളില്‍ നിന്ന് വേണം മനസ്സിലാക്കാന്‍. എങ്കില്‍ മാത്രമേ അവര്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളെയും, ആ നിലപാടുകള്‍ രൂപീകരിക്കുന്നതില്‍ ജാതി, വര്‍ഗം, ലിംഗം, ഭാഷ എന്നിവയുടെ പങ്കും മനസ്സിലാക്കാന്‍ കഴിയൂ.

സത്യത്തില്‍, കൊളോണിയലാനന്തര മുസ്്‌ലിം രാഷ്ട്രീയം പലപ്പോഴും വായിക്കപ്പെടുന്നത് 1992 ലെ ബാബരി മസ്ജിദ് പ്രശ്‌നവുമായി ചേര്‍ത്തു വെച്ചാണെന്നു കാണാം. ഉപഭൂകണ്ഡത്തിലേക്കുള്ള ഇസ്്‌ലാമിന്റെ വരവ്, മുസ്്‌ലിം ഭരണം, മുസ്്‌ലിം വിഘടന വാദം, വിഭജനം, അലിഗഡ്, വര്‍ഗീയ കലാപങ്ങള്‍ തുടങ്ങിയവയുമായി ചേര്‍ത്താണ് ബാബരി ആഖ്യനം നിലനില്‍ക്കുന്നത്. ചരിത്രപരമായി ഈ സംഭവങ്ങള്‍ എല്ലാം പ്രധാനമാവുമ്പോഴും ഇന്ത്യയിലെ മുസ്്‌ലിം രാഷ്ട്രീയത്തിന്റെ വൈവിധ്യത്തെ അടയാളപ്പെടുത്തുന്നതില്‍ അവ പരാജയപ്പെടുന്നുണ്ട്. കൊളോണിയലാനന്തര മുസ്്‌ലിം രാഷ്ട്രീയത്തെ കൃത്യമായി മനസ്സിലാകാന്‍ ബാബരി കേന്ദ്രീകൃത മുസ്്‌ലിം ചരിത്ര വായനയില്‍ നിന്ന് പുറത്തുകടക്കുകയും പകരം സമയ സാഹചര്യ ബന്ധിതമായ അന്വേഷണങ്ങള്‍ ഉണ്ടാകുകയും വേണം.

ഇന്ത്യയിലെ മുസ്്‌ലിം രാഷ്ട്രീയത്തെ മനസ്സിലാക്കുന്നതില്‍ ബാബരി പ്രശ്‌നത്തിന്, ആ ചരിത്ര സന്ദര്‍ഭത്തിന് എത്ര മാത്രം പ്രസക്തി ഉണ്ട്? ബാബരിയാനന്തരം ഉണ്ടായ ഇസ്്‌ലാമിക റാഡിക്കലൈസേഷനെ കുറിച്ച്?

എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും വളരെ സുപ്രധാന പ്രശ്‌നം തന്നെയായിരുന്നു ബാബരി മസ്ജിദ്. എങ്കിലും 1992 നു ശേഷം വന്ന ഒരു തലമുറക്ക് സവിശേഷമായ ഒരു ബന്ധം ബാബരി പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇല്ല എന്നു വേണം പറയാന്‍. 1998 , 1999 സമയത്തു ഇതുമായി ബന്ധപ്പെട്ട ചില സര്‍വേകള്‍ ഞങ്ങള്‍ നടത്തിയിരുന്നു. ബാബരി മസ്ജിദ് എന്ന ഒരു രാഷ്ട്രീയ കണ്‍സേണ്‍ മുസ്്‌ലിംകള്‍ക്കിടയില്‍ ക്രമേണ കുറയുന്നു എന്നാണ് ഈ സര്‍വേകള്‍ വെളിപ്പെടുത്തിയത്. അത് വളരെ അദ്ഭുതകരമായ സംഗതി ഒന്നും അല്ല. കാരണം, പള്ളി പൊളിക്കപ്പെടുന്നു, ഹിന്ദുക്കള്‍ക്ക് അവിടെ താല്‍ക്കാലിക അമ്പലം സ്ഥാപിക്കപ്പെടുന്നു, അവരുടെ ആരാധനകള്‍ സമായനുസരണം നടക്കുന്നു, മുസ്്‌ലിംകള്‍ക്കുള്ള ആരാധനാവകാശം പോലും വിലക്കപ്പെടുന്നു. ഇത്തരമൊരു സവിശേഷ സാഹചര്യത്തില്‍ അതിനെ വീണ്ടും മുഖ്യ പരിഗണനയിലേക്കെടുക്കുന്നതില്‍ മുസ്്‌ലിംകള്‍ തല്‍പരരായി തീരേണ്ട കാര്യമൊന്നുമില്ല.

2014 ല്‍ റാഡിക്കല്‍ ഹിന്ദുത്വ രാഷ്ട്രീയം അധികാരത്തിലേക്കെത്തുന്നതിന് മുമ്പ് പോലും ബാബാരി ഒരു വമ്പിച്ച പ്രശ്‌നമായി മുസ്്‌ലിംകള്‍ ഏറ്റെടുത്തിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല.

മറ്റൊന്ന്, ബാബരിയാനന്തരം ഉണ്ടായ ഇസ്്‌ലാമിക് റാഡിക്കലൈസേഷനെ കുറിച്ചു സംസാരിക്കുമ്പോള്‍, അവയെ കുറിച്ചു മനസ്സിലാക്കാന്‍ ആധികാരിക സ്വഭാവമുള്ള രേഖകള്‍, പഠനങ്ങള്‍ എന്നിവ ഇല്ല എന്നൊരു പ്രശ്‌നം ഉദിക്കുന്നുണ്ട്. ആകെ ലഭ്യമായത് ഗവണ്മെന്റിന്റെയും മീഡിയകളുടെയും റിപ്പോര്‍ട്ടുകളാണ്. അവയില്‍ നിന്നാകട്ടെ യഥാര്‍ത്ഥ സ്രോതസ്സുകള്‍ കണ്ടെടുക്കാനും ആകില്ല. അതായത് ഇവ്വിഷയകമായി സ്‌റ്റേറ്റ് വീക്ഷണങ്ങള്‍ മാത്രമാണ് നമുക്ക് മുമ്പില്‍ ഉള്ളത്. ഈ ഭരണകൂട ആഖ്യാനങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയ വളര്‍ച്ചക്ക് വളരെ കൃത്യമായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഇന്ത്യയില്‍ ഇസ്്‌ലാമിക റാഡിക്കലിസം എങ്ങനെ ചിത്രീകരിക്കപ്പെടുന്നു എന്നതും മുസ്്‌ലിംകള്‍ക്കിടയില്‍ അവ എങ്ങനെ നിലനില്‍ക്കുന്നു എന്നതും തീര്‍ത്തും വ്യത്യസ്തമായ കാര്യങ്ങളാണ്. ഒരു കാര്യം തീര്‍ച്ചയാണ്, ഇസ്്‌ലാമിക റാഡിക്കലിസത്തെ കുറിച്ചുള്ള ഭീതി, ഇന്ത്യയിലെ കോണ്‍ഗ്രസും ബി.ജെ.പിയും അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന ആയുധങ്ങളില്‍ ഒന്നാണ്.

താങ്കളുടെ ആദ്യ പുസ്തകം മുസ്്‌ലിം പൊളിറ്റിക്കല്‍ ഡിസ്‌കോസ് ഇന്‍ പോസ്റ്റ് കൊളോണിയല്‍ ഇന്ത്യ, മോണ്യുമെന്റ്‌സ്, മെമ്മറി, കണ്‍ടെസ്‌റ്റേഷന്‍ ആണല്ലോ.. അതില്‍ ഇന്ത്യയിലെ മുസ്്‌ലിം രാഷ്ട്രീയത്തെ വ്യത്യസ്തമായ ഒരു ഫ്രയിമിലൂടെ വായിക്കാന്‍ ശ്രമിക്കുന്നു. ഡല്‍ഹി ജുമാ മസ്ജിദ്, ബാബരി മസ്ജിദ് എന്നീ കെട്ടിടങ്ങള്‍, അവയുമായി മുസ്്‌ലിം നേതൃത്വവും ബഹുജനങ്ങളും വ്യത്യസ്ത സമയ സന്ദര്‍ഭങ്ങളില്‍ പുലര്‍ത്തിയ സമീപനങ്ങള്‍, ഇടപാടുകള്‍ എന്നിവയിലൂടെ മുസ്്‌ലിം രാഷ്ട്രീയത്തിന്റെ വ്യത്യസ്തമായ അടരുകളെ, വൈവിധ്യത്തെ ചര്‍ച്ചക്കെടുക്കുന്നു. ഈയൊരു പുതിയ ചട്ടക്കൂട് നല്‍കുന്ന സാധ്യതകള്‍ എന്തെല്ലാമാണ്?

ഈയൊരു ചട്ടക്കൂട് അടിസ്ഥാന പരമായി മുസ്്‌ലിംകളുടെ രാഷ്ട്രീയ പ്രതികരണങ്ങള്‍ രൂപപ്പെടുന്നതിന്റെ, നിര്‍ണ്ണയിക്കപ്പെടുന്നതിന്റെ വ്യത്യസ്ത തരം ഇമേജിനേഷനുകളെ വിശകലനം ചെയ്യാനും സ്വഭാവഗതികളെ എളുപ്പത്തില്‍ മനസ്സിലാക്കാനും സഹായിക്കും.

എന്റെ ഈ പുസ്തകം ചില കെട്ടിടങ്ങളെയോ, സ്മാരകങ്ങളെയോ കുറിച്ചു മാത്രമല്ല, മറിച്ച് കൊളോണിയലാനന്തര ഇന്ത്യയില്‍ ഉടലെടുത്ത മുസ്്‌ലിം രാഷ്ട്രീയ വ്യവഹാരങ്ങളെ മനസ്സിലാക്കാനുള്ള ശ്രമം ആണ്. ചരിത്രപരമായ അന്വേഷണം വഴി , ഇന്ത്യയിലെ മുസ്്‌ലിം രാഷ്ട്രീയത്തിന്റെ മൂന്നു സ്വഭാവ സവിശേഷതകള്‍ ഞാനതില്‍ വിവരിക്കുന്നുണ്ട്.

ഒന്ന്, 1940 50 കാലയളവില്‍ മുസ്്‌ലിം രാഷ്ട്രീയം ഉയര്‍ന്നു വന്നത് കോണ്‍സ്റ്റിറ്റിയൂഷനലിസം അടിസ്ഥാനപ്പെടുത്തിയാണ്. നിയമത്തിന്റെ ഭാഷയിലാണ് മുസ്്‌ലിംകള്‍ തങ്ങളുടെ അവകാശങ്ങളെ കുറിച്ചു സംസാരിച്ചത്.

രണ്ടാമതായി, മുസ്്‌ലിം ഐക്യം എന്ന പോയിന്റില്‍ നിന്നുള്ള രാഷ്ട്രീയ അന്വേഷണങ്ങള്‍ ആണ്. ന്യൂനപക്ഷ സമുദായം എന്ന നിലയില്‍ മുസ്്‌ലിംകള്‍ സംഘടിക്കുകയും അതുവഴി രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്താനും തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സാധിക്കണമെന്നതായിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രധാന വാദഗതി. ഇതിനിടയില്‍ മുസ്്‌ലിംകളുടെ ഏകാത്മകതയെ പാസ്മന്ദ മുസ്്‌ലിം മൂവ്‌മെന്റ് ശക്തമായി വെല്ലുവിളിക്കുന്നുണ്ട്. എങ്കില്‍ പോലും രാഷ്ട്രീയ ഐക്യ സാധ്യതയുടെ വിശാല വീക്ഷണത്തില്‍ തന്നെയായിരുന്നു അവരും.

രാഷ്ട്രത്തിന് മുസ്്‌ലിംകള്‍ അര്‍പ്പിച്ച സംഭാവനകളെ മുന്നില്‍ വെച്ചുള്ള രാഷ്ട്രീയ അവകാശവാദം ആണ് മൂന്നാമത്. കൊളോണിയലാനന്തര ഇന്ത്യന്‍ രാഷ്ട്ര നിര്‍മാണത്തില്‍ തങ്ങള്‍ നിര്‍ണായക സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ടെന്നും അതു വഴി അവകാശ സംരക്ഷണത്തിനുള്ള ലെജിറ്റിമസി ഉണ്ടെന്നുമായിരുന്നു പ്രധാന പോയിന്റ്.

ഈയിടെ പുറത്തിറങ്ങിയ, സിയാസി മുസ്്‌ലിം; എ സ്‌റ്റോറി ഓഫ് പൊളിറ്റിക്കല്‍ ഇസ്്‌ലാം ഇന്‍ ഇന്ത്യ എന്ന പുസ്തകത്തിലും ഇതിനോട് സമാനമായ വാദങ്ങള്‍ തന്നെയാണ് ഞാന്‍ മുമ്പോട്ട് വെച്ചത്. അതായത് മുസ്ലിം വോട്ട് ബാങ്ക്, മുസ്ലിം പ്രീണനം, നല്ല മുസ്ലിം, ചീത്ത മുസ്ലിം ബൈനറി എന്നീ രൂപകങ്ങളിലാണ് പൊതുവെ ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയം മനസ്സിലാക്കപ്പെട്ടു വരുന്നത്. ഈ നിലനില്‍ക്കുന്ന രൂപകങ്ങള്‍ മുസ്ലിം രാഷ്ട്രീയത്തിന്റെ ആന്തരിക വൈവിധ്യങ്ങളിലേക്ക് കടന്നു ചെല്ലുന്നതില്‍ നിന്ന് നമ്മെ തടയുന്നുണ്ട്. മറ്റൊന്ന്, ഏതെങ്കിലും മുസ്ലിം രാഷ്ട്രീയ ചലനങ്ങളെ, മുന്നേറ്റങ്ങളെ നാം വിലയിരുത്തുമ്പോള്‍ മുസ്ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന സാമൂഹികപരവും സാംസ്‌കാരികവുമായ അധികാര ഘടനയെക്കൂടി കണക്കിലെടുത്തു കൊണ്ടാകണം നമ്മുടെ വിശകലനങ്ങള്‍ രൂപപ്പെടുത്തേണ്ടത്.

ഇവയാണ് രണ്ടു പുസ്തകങ്ങളിലൂടെ മുന്നോട്ടു വെക്കുന്ന സുപ്രധാന വാദങ്ങള്‍. ഇവ മുഴുവനും ആത്യന്തികമായി ഉന്നയിക്കുന്നത് ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ വൈവിധ്യമാര്‍ന്ന, ബഹുലമായ നിലനില്പിനെയാണ്.

ഇന്ത്യയിലെ മുസ്ലിംകള്‍ എങ്ങനെ വോട്ടു ചെയ്യുന്നു എന്നതിനെ സംബന്ധിച്ചു അനേകം പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഗോപാല്‍ കൃഷ്ണ, ഇംതിയാസ് അഹമ്മദ്, അസ്ഗര്‍ അലി എന്‍ജിനീയര്‍ എന്നിവരടക്കം. താങ്കള്‍ എങ്ങനെയാണ് അതിനെ മനസ്സിലാക്കുന്നത്? ഈയിടെ , ഡല്‍ഹിയിലെ മുസ്ലിംകള്‍ കൂട്ടത്തോടെ കോണ്‌ഗ്രെസ്സിന് വോട്ടു ചെയ്‌തെന്ന് കെജ്‌രിവാള്‍ പ്രസ്താവനയിറക്കി? സത്യത്തില്‍ സാമുദായികാടിസ്ഥാനത്തില്‍ കൂട്ടമായുള്ള വോട്ടിംഗ് യാഥാര്‍ഥ്യമാണോ, പ്രത്യേകിച്ചു മുസ്ലിംകള്‍ക്കിടയില്‍?

ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടതുണ്ട്. ഒന്ന്, ഇന്ത്യയില്‍ ഒരു മുസ്ലിം വോട്ടു ബാങ്ക് എന്ന സംഗതി ഇല്ല. മുസ്ലിംകള്‍ എങ്ങനെ വോട്ടു ചെയ്യുന്നു എന്നതാണ് വോട്ടിംഗ് ബിഹാവിയറുമായി ബന്ധപ്പെട്ട മൗലികമായ ചോദ്യം. സത്യത്തില്‍ ആര്‍ക്കു വോട്ടുചെയ്യണം, ചെയ്യാതിരിക്കണം എന്നതിന് അവര്‍ക്ക് ഒരു മതനേതാക്കളുടെയും നിര്‍ദേശങ്ങള്‍ ആവശ്യമില്ല. മണ്ഡലാടിസ്ഥാനത്തിലെ പ്രാഥമിക ആവശ്യങ്ങള്‍ക്കനുസരിച്ചാണ് അവര്‍ വോട്ട് രേഖപ്പെടുത്തുന്നത്. മറിച്ച് ദേശീയ തലത്തിലൊന്നടങ്കം ഒരു വോട്ടു ബാങ്ക് എന്ന സംഗതി ഇല്ല. സാഹചര്യാനുസൃതം മാത്രമേ ഇത് മനസ്സിലാക്കാന്‍ കഴിയൂ. 1990 കളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ വോട്ടിംഗ് പാറ്റേണ് ആണ് 2014 ല്‍. അതായത് മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഭൂപടങ്ങളെയും മുന്നേറ്റങ്ങളെയും മനസ്സിലാക്കി മാത്രമേ ഇതു വിശകലനം ചെയ്യാന്‍ സാധിക്കൂ. ഒരൊറ്റ പോയിന്റില്‍ നിന്നു കൊണ്ട് രാജ്യത്തു ഒട്ടുക്കുമുള്ള മുസ്ലിം രാഷ്ട്രീയ ബോധത്തെ അളക്കാനോ, മനസ്സിലാക്കാനോ കഴിയില്ല.

അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവന നാം കാണുന്നു. ഹിന്ദുക്കളെ കുറിച്ച് എന്താണ് കെജ്‌രിവാള്‍ ഒന്നും പറയാത്തത്. അവര്‍ വോട്ടു ചെയ്തിട്ടില്ലേ. അതായത് രാജ്യത്തു മുസ്ലികളെ കുറിച്ച് യാതൊരു ആശങ്കയുമില്ലാതെ, വളരെ എളുപ്പത്തില്‍ പ്രസ്താവന ഇറക്കാന്‍ പറ്റും.

മറ്റൊന്ന്, നമ്മുടെ രാഷ്ട്രീയ വായനകളെ, മനസ്സിലാക്കലുകളെ ഇപ്പോഴും നയിക്കുന്നത് മുസ്ലിം സ്വത്വത്തിന്റെ ഏകാത്മകതയെ ഉറപ്പിക്കുന്ന, അതിനെ മുഖ്യ പ്രമേയമായി കാണുന്ന വിശകലനങ്ങള്‍ ആണ് എന്ന വസ്തുതയാണ്.

ഒരു പ്രസംഗത്തില്‍ താങ്കള്‍ പ്രാതിനിത്യ (റെപ്രസെന്റേഷന്‍) വും രാഷ്ട്രീയവും ചേര്‍ത്തു വെച്ച് വിശകലനാത്മകമായ ചില വാദങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു. അവയൊന്ന് വ്യക്തമാക്കാമോ?

പ്രാതിനിധ്യത്തെ(റെപ്രസന്റേഷന്‍) സത്യത്തില്‍ മൂന്നു സമാന യാഥാര്‍ഥ്യങ്ങളില്‍ നിന്ന് വേര്‍തിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്. ഇന്‍ക്ലൂഷന്‍, പാര്‍ടിസിപ്പേഷന്‍, പ്രസന്‍സ്. ഓരോന്നും വിശദീകരിക്കാം.

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പ്രാധിനിധ്യത്തിന് രണ്ടു മാനങ്ങള്‍ ഉണ്ട്. ഒന്ന് ലോക്‌സഭാ, അസംബ്ലി തുടങ്ങിയ നേരിട്ട് തെരെഞ്ഞെടുപ്പില്‍ ഇടപെടാവുന്ന വ്യവസ്ഥിതികളിലെ പ്രാധിനിധ്യം. മുസ്ലിം എംപിമാരുടെ എണ്ണം കുറയുന്നു, മുഖ്യ ധാര പാര്‍ട്ടികള്‍ മുസ്ലിംകളെ മത്സരിപ്പിക്കാന്‍ പോലും വിമുഖത കാണിക്കുന്നു എന്നൊക്കെ പ്രശ്‌നം ഉന്നയിക്കുമ്പോള്‍ അതിന്റെ മറുവശത്തുള്ള ധാരണ ഇന്ത്യയിലെ മുഴുവന്‍ മുസ്ലിം വോട്ടര്‍മാരും അവസരം ലഭിച്ചാല്‍ മുസ്ലിംകളെ തെരഞ്ഞെടുക്കും എന്നാണ്. ഇത് തീര്‍ത്തും തെറ്റായ കണക്കുകൂട്ടലാണ്.

നേരിട്ട് ഇലക്ഷന്‍ ഇല്ലാത്ത അധികാര ഇടങ്ങളിലെ പ്രതിനിധാനം ആണ് മറ്റൊന്ന്. രാജ്യ സഭ പോലെ. രാജ്യസഭയിലെ മുസ്ലിം പ്രതിനിധാനത്തെ കുറിച്ച ഞാന്‍ ഒരു പഠനം നടത്തിയിട്ടുണ്ട്. 1952 മുതലുള്ള ലോക്‌സഭയുടെ ഇരട്ടിയാണ് രാജ്യസഭയിലെ മുസ്ലിം പ്രാതിനിധ്യം. ഈ കണക്കുകള്‍ പ്രാധിനിധ്യത്തിന്റെ വ്യത്യസ്ത മാനങ്ങള്‍ മനസ്സിലാക്കുന്നതില്‍ പ്രധാനം ആണ്.

ഇന്‍ക്ലൂഷന്‍ രാഷ്ട്രീയമായ സംഗതി ആയല്ല മനസ്സിലാക്കേണ്ടത്. പ്രതിനിധാനത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണത്. നാം രാജ്യത്തെ ഐ.എ .എസ് ഓഫീസര്‍മാരുടെ കണക്കെടുക്കുന്നു, അല്ലെങ്കില്‍ രാജ്യത്തെ യൂണിവേഴ്‌സിറ്റികളിലെ പ്രൊഫസര്‍മാരുടെ കണക്കെടുക്കുന്നു. അതില്‍ മുസ്ലിം പങ്കാളിത്തം തുലോം കുറവാണെന്ന് കാണുന്നു. അതൊരു രാഷ്ട്രീയ പ്രധിനിധാന പ്രശ്‌നമായി കാണുന്നത് സത്യത്തില്‍ ശരിയല്ല. കുറച്ച് മാറിയ സ്ട്രാറ്റജികള്‍ ആണ് ഇവിടെ പ്രയോഗിക്കേണ്ടത്. കാരണം രാജ്യത്തെ സ്ഥാപനങ്ങളില്‍, രാജ്യത്തെ സാമൂഹികാവസ്ഥക്കനുസരിച്ചു വ്യത്യസ്ത സമുദായങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തല്‍ അതിന്റെ ബാധ്യതകളില്‍ പെട്ടതല്ല. എല്ലാവര്‍ക്കും ഒരേ തരത്തില്‍ വിദ്യാഭ്യാസ സാധ്യത ഉറപ്പുവരുത്തുന്ന രൂപത്തില്‍ എഡുക്കേഷനല്‍ ഡെവലപ്‌മെന്റ്, ഇന്‍സ്റ്റിറ്റൂഷണല്‍ ഇന്‍ക്ലൂഷന്‍ എന്നീ കാഴ്ചപ്പാടിലാണ് നാം ഈ പ്രശ്‌നത്തെ കാണേണ്ടത്.

മറ്റൊന്നാണ് പാര്‍ടിസിപ്പേഷന്‍(പങ്കാളിത്തം). തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മുസ്ലിംകളുടെ പങ്കാളിത്തം ഏറെക്കുറെ ദേശീയ ശരാശരിക്കു സമാനമാണ്. ഇത് മറ്റൊരു സത്യാവസ്ഥ കൂടി നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അതായത് പല തവണ ഉയര്‍ത്തിക്കാണിച്ചിട്ടുള്ള പ്രധിനിധ്യത്തിലെ പ്രശ്‌നങ്ങള്‍ മുസ്ലിംകളുടെ തെരെഞ്ഞെടുപ്പ് പങ്കാളിത്തത്തെ ഒരു നിലക്കും ബാധിച്ചിട്ടില്ല.

മുസ്്‌ലിം പ്രസന്‍സ് എന്നതിനെ സിനിമാ മേഖല, പ്രത്യേക ഇഫ്താര്‍ പാര്‍ട്ടികള്‍, വിരുന്നകള്‍ എന്നിവയിലേക്ക് ചേര്‍ത്തു വായിക്കാം. അതായത് ഈ മൂന്നു കാര്യങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി തന്നെ പ്രതിനിധ്യത്തിന്റെ പ്രശ്‌നത്തെ കാണണം. ഏറെ സൂക്ഷ്മതയോടെ മുസ്ലിം രാഷ്ട്രീയവുമായി ഇടപെടാന്‍ അത് ഏറെ സഹായകരവുമാണ്.

ദക്ഷിണെന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ ചരിത്രപരവും സമകാലികവുമായുള്ള സവിശേഷതകളെ എങ്ങനെ വിലയിരുത്തുന്നു?

സൗത്ത് ഇന്ത്യന്‍ മുസ്ലിം രാഷ്ട്രീയത്തെ മനസ്സിലാക്കാന്‍ രണ്ടു ഘട്ടങ്ങള്‍ പ്രാഥമികമായി ശ്രദ്ധിക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഒന്ന്, കേരളത്തിന്റെ രൂപീകരണവുമായൊക്കെ ബന്ധപ്പെട്ടു കിടക്കുന്നു 1950 കള്‍. മദ്രാസ് പ്രവിശ്യയുടെ ചില ഭാഗങ്ങള്‍, കൊച്ചിന്‍, തിരുവിതാംകൂര്‍ എന്നിവ ചേര്‍ത്താണല്ലോ കേരളം രൂപീകരിക്കപ്പെടുന്നത്. ഈ പ്രദേശത്ത്, സാമൂഹിക സ്വത്വം അടിസ്ഥാനപ്പെടുത്തിയുള്ള പ്രാധിനിധ്യം ആദ്യ കാലം മുതലേ ഉള്ള രീതിയാണ്. സമാനമായ രാഷ്ട്രീയ രൂപം തന്നെയാണ് സംസ്ഥാന രൂപീകരണ ശേഷവും സ്വഭാവികാമെന്നോണം നിലനിന്നത്. ഉത്തരേന്ത്യന്‍ രാഷ്ട്രീയ ഭാവനകളില്‍ നിന്നും ഏറെ വ്യത്യസ്തമായ ഒന്നാണത്.

ദക്ഷിണേന്ത്യയില്‍ അവകാശങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് രാഷ്ട്രീയം. അവകാശങ്ങള്‍ അസ്സര്‍ട് ചെയ്തുകൊണ്ട് തന്നെയാണ് മുസ്ലിം സമുദായവും പ്രത്യേകിച്ചു മുസ്ലിം ലീഗും അവിടെ നിലനിന്നത്. ആദ്യ ഘട്ടത്തില്‍ രാഷ്ട്രീയ ഘടനയില്‍ സഖ്യങ്ങള്‍ രൂപീകരിച്ചും, സഖ്യങ്ങളില്‍ പങ്കെടുത്തുമാണ് മുസ്ലിം ലീഗ് അതിജീവനം സാധ്യമാക്കിയത്. അതിന്റെ ഫലമായിട്ടു തന്നെയാണ് തുടര്‍ച്ചയായി ലോക്‌സഭയില്‍ സാന്നിധ്യം ഉറപ്പുവരുത്താന്‍ മുസ്ലിം ലീഗിന് കഴിഞ്ഞത്.
ആഗോളവത്കരണാനന്തരം ആണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. അതായത് തൊണ്ണൂറുകളില്‍. അക്കാലയളവിലാണ് പാകിസ്ഥാന്‍ എന്ന രൂപകം സൗത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തെ അടയാളപ്പെടുത്താന്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഇപ്പോഴും കേരളത്തില്‍ ചില സ്ഥലങ്ങള്‍ മിനി പാകിസ്ഥാന്‍ എന്ന ആഖ്യാനങ്ങള്‍ ഉണ്ടല്ലോ. അതിനര്‍ത്ഥം വളരെ ലളിതമാണ്. ഉത്തരേന്ത്യന്‍ രാഷ്ട്രീയ ഭാവനകള്‍ സൗത്തിലും വര്‍ധിക്കുന്നു എന്നര്‍ത്ഥം. ഇത് ഏറെ അപകടകരമാണ്. ലോകത്തൊന്നടങ്കം ഉടലെടുത്ത അപരവത്കരണ ശ്രമങ്ങളും ഒരളവോളം മുസ്ലിം സ്വത്വത്തിന്റെ വൈവിധ്യങ്ങളെ മറക്കുകയും ഏകാത്മകമായ ഒരു സ്വത്വമാക്കി പരിവര്‍ത്തിപ്പിക്കുകയും ചെയ്തു കേരളത്തില്‍.

ബി.ജെ.പി ശക്തമായ രീതിയില്‍ വോട്ടു പിടിക്കുന്നു എന്നതിനര്‍ത്ഥം അയോദ്ധ്യ പോലെ ശബരിമല എന്ന രൂപകത്തെ അവര്‍ കൃത്യമായി ഉപയോഗപ്പെടുത്തി എന്നു മാത്രമല്ല, ഒപ്പം 1947 മുതല്‍ ഉത്തരേന്ത്യയില്‍ അവര്‍ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന വിഭജന രാഷ്ട്രീയത്തിന്റെ കൂടി കടന്നു വരവാണ് അത്. ചരിത്രപരമായി തുടര്‍ന്ന് വന്ന രീതികളില്‍ മുന്നോട്ടു പോവുക തന്നെയാണ് സൗത്തിന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തിന് കരണീയം. അല്ലാത്ത പക്ഷം എളുപ്പത്തില്‍ അപകടങ്ങള്‍ സംഭവിക്കും.

പുതിയ പുസ്തകത്തിന്റെ ആമുഖത്തില്‍ താങ്കള്‍ സൂചിപ്പിച്ച പോലെ, 2019 ല്‍ ബി.ജെ.പിയും അത് മുന്നോട്ടു വെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആധിപത്യം നേടിക്കൊണ്ടിരിക്കുന്നു. അതിനാല്‍ നിലനിന്നുവന്ന മുസ്ലിംകളുടെ വിലപേശല്‍, പ്രീണന രാഷ്ട്രീയം ഇനി അപ്രസക്തമായിത്തീരും എന്ന് നിരീക്ഷണങ്ങള്‍ ഉണ്ട്. എങ്ങനെ പ്രതികരിക്കുന്നു?

തീര്‍ച്ചയായും, ഇത്തവണ ബി.ജെ.പിക്ക് ലഭിച്ച ജനവിധി നോക്കുക. മുമ്പുണ്ടാകാത്ത വിധം ശക്തമാണ്. ഇലക്ഷനിലെ ക്രമക്കേടുകള്‍, ഇ.വി.എം ഹാക്കിങ് തുടങ്ങിയ ആരോപണങ്ങള്‍ ഒന്നും ഇപ്പോള്‍ പ്രസക്തമല്ല. ഹിന്ദുത്വ രാഷ്ട്രീയം വിജയം കണ്ടിരിക്കുന്നു. അതാണ് യാഥാര്‍ഥ്യം. വോട്ടു ബാങ്ക് അടിസ്ഥാനപ്പെടുത്തി മുസ്ലിം രാഷ്ട്രീയ നേതാക്കള്‍ നടത്തിവന്നിരുന്ന വിലപേശല്‍ രാഷ്ട്രീയത്തിന് ഇനി സാധ്യത ഇല്ല.

നല്ല മുസ്ലിം ചീത്ത മുസ്ലിം രൂപകം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പക്ഷെ നല്ല മുസ്ലിമിന്റെ നിര്‍വചനങ്ങള്‍ മാറുമെന്ന് മാത്രം. പുതിയ നിര്‍വചന പ്രകാരം നിങ്ങളുടെ ദേശ സ്‌നേഹം നിങ്ങള്‍ തെളിയിക്കേണ്ടി വരും, ഒരു എതിര്‍ ചോദ്യം പോലും ഉന്നയിക്കാന്‍ പറ്റില്ല, പാടില്ല, രാഷ്ട്ര സേവകനായി മോദിയെ ആരാധിക്കേണ്ടി വരും. ഇതൊക്കെയാണ് പുതിയ ഗുഡ് മുസ്ലിം ആവനുള്ള മാനദണ്ഡങ്ങള്‍. ചുരുക്കത്തില്‍ മുസ്ലിംകളുടെ വിലപേശല്‍ രാഷ്ട്രീയം അവസാനിക്കുകയും ഹിന്ദുത്വയെ ആരാധിക്കേണ്ടി വരുന്ന പ്രത്യേക തരം രാഷ്ട്രീയം ഉടലെടുക്കുകയും ചെയ്തിരിക്കുന്നു എന്നര്‍ത്ഥം.

പുതിയ തെരെഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ മതേതരത്വ ദര്‍ശനത്തോടും ന്യുനപക്ഷ പക്ഷങ്ങളോടും എന്തു സൂചനകളാണ് നല്‍കുന്നത്?

സെക്യൂലറിസം ഭരണഘടനാപരമായ ഒരു ദര്‍ശനം എന്നതിലുപരി നമ്മുടെ സാമൂഹിക മൂല്യങ്ങളില്‍ ഉള്ളടങ്ങിയിരിക്കുന്ന ഒന്നാണ്. ഭരണഘടനയെയല്ല ആരാധിക്കേണ്ടത്. ഭരണഘടനയെ ആത്യന്തികമായ സോഴ്‌സ് ആയി കണ്ട്, ഭരണ ഘടന സെക്കുലര്‍ ആണ് അതിനാല്‍ ജനവിധി തെറ്റാണെന്ന് പറയുന്നത് ഒട്ടും ശരിയല്ല. നമ്മുടെ സഹജീവനത്തിന്റെയും വ്യത്യസ്ത സമുദായങ്ങളുടെ സഹവര്‍ത്തിത്വത്തിന്റെയും ആന്തരിക യുക്തി ഉള്ളടങ്ങിയ ഒരു മനുഷ്യ നിര്‍മിതി മാത്രമാണ് ഭരണഘടന. നമുക്ക് തിരിച്ചു വരാനുള്ള വഴി സെക്യൂലറിസം എന്ന ദര്‍ശനത്തെ താഴെ തട്ടില്‍ നിന്നും ശക്തിപ്പെടുത്തുക മാത്രമാണ്.

ഇക്കഴിഞ്ഞ ഇലക്ഷന്‍ ഫലങ്ങളില്‍ വേറിട്ടു നിന്നത് കര്‍ണാടകം ഒഴികെയുള്ള സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളാണ്. രാഷ്ട്രീയ മുന്നേറ്റത്തിന്റെ പുതിയൊരു മാതൃക നാം അവിടെ കാണുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തെ പോപുലിസത്തിന്റെയും ഉത്തരേന്ത്യന്‍ കേന്ദ്രീകൃത രാഷ്ട്രീയ വ്യവഹാരങ്ങളുടെയും വഴികളിലൂടെ മാത്രം കാണാനൊക്കില്ല എന്ന തിരിച്ചറിവ് കൂടിയാണ് ഈ ഇലക്ഷന്‍ ഫലം.

 

 

Editor Thelicham

Thelicham monthly