Thelicham

ഞാനൊരു ശുഭാപ്തി വിശ്വാസമുള്ള പ്രബോധകനാണ്‌

ഇക്കഴിഞ്ഞ ജനുവരി 14ന് അന്തരിച്ച പ്രസിദ്ധ ജര്‍മന്‍ മുസ്്‌ലിം ചിന്തകനായ മുറാദ് ഹോഫ്മാനിന്റെ സ്മരണാര്‍ത്ഥം 2000 മാര്‍ച്ചില്‍ തെളിച്ചം പ്രസിദ്ധീകരിച്ച അദ്ദേഹവുമായുള്ള സംഭാഷണം പുനഃപ്രസിദ്ധീകരിക്കുകയാണിവിടെ. ഗ്രന്ഥകാരന്‍, നയതന്ത്രജ്ഞന്‍, നിയമജ്ഞന്‍, തത്വചിന്തകന്‍ എന്നീ നിലകളില്‍ രാജ്യാന്തര പ്രശസ്തനായ വ്യക്തിയാണ് ഡോ.മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍. അള്‍ജീരിയയില്‍ ജര്‍മന്‍ അംബാസിഡറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം 1980ലാണ് ഇസ്്‌ലാമാശ്ലേഷിക്കുന്നത്. ‘ഇസ്്‌ലാം: ദി ആള്‍ട്ടര്‍നേറ്റീവ്, റിലീജ്യന്‍ ഓണ്‍ ദി റൈസ്: ഇസ്്‌ലാം ഇന്‍ ദ തേര്‍ഡ് മില്ലേനിയം’ തുടങ്ങിയ ഒട്ടനേകം ഗ്രന്ഥങ്ങള്‍ അദ്ധേഹത്തിന്റെതായുണ്ട്. ജര്‍മനി, അമേരിക്ക, ഫ്രാന്‍സ്, സഊദി അറേബ്യ, ജോര്‍ദാന്‍, മൊറോക്കോ തുടങ്ങി പാശ്ചാത്യ രാജ്യങ്ങളിലും അറബ് ലോകത്തും ശ്രദ്ധേയമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ജീവിതകാലത്ത് നേതൃത്വം നല്‍കി. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തെക്കന്‍ കേരളത്തിലെത്തിയ അദ്ദേഹവുമായി തെളിച്ചം പ്രതിനിധികള്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

താങ്കളുടെ ഇസ്‌ലാമാശ്ലേഷം ഇരുപത് വര്‍ഷം പിന്നിട്ടല്ലോ. ഈ കാലയളവിലെ താങ്കളുടെ ഇസ്‌ലാമിക ജീവിതത്തെ കുറിച്ച്?
മുസ്‌ലിമായതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. കാരണം ഇസ്്‌ലാമാണ് എന്റെ ജീവിതത്തിന് അര്‍ഥം നല്‍കിയത്. അതുവഴി, സ്വന്തം ആത്മാവിനോടും അല്ലാഹുവിനോടുമുള്ള ഒരു സുദൃഢബന്ധം കൈവന്നതായി എനിക്ക് എപ്പോഴും അനുഭവപ്പെടാറുണ്ട്.
ജര്‍മനിയിലെ ഇസ്്‌ലാമിക പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു? ദഅ്‌വത്ത് വിജയകരമാണോ?
ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്. ഒരു പ്രബോധകന്‍ ഒരിക്കലും അക്ഷമനാവരുത്. അവനെപ്പോഴും മതവാദിയും വിനയാന്വിതനുമായിരിക്കണം. എല്ലാം പെട്ടെന്നു തന്നെ സംഭവിക്കണമെന്നില്ല. നമ്മുടെ പ്രവര്‍ത്തനത്തിന്റെ ഫലമറിയാന്‍ വര്‍ഷങ്ങള്‍ തന്നെ എടുത്തേക്കാം. നാം വിതക്കുന്ന ഒരു വിത്ത് മുളച്ച് പൊന്തി ഒരു വലിയ വൃക്ഷമാവാന്‍ വര്‍ഷങ്ങളെടുക്കുന്നില്ലേ. അതുപോലെ, ഒരാളുടെ പ്രഭാഷണമോ പ്രബന്ധമോ ഒരു മഹാചാലകമായി കാണാന്‍ ചിലപ്പോള്‍ ഒരുപാടാണ്ടുകള്‍ വേണ്ടിവന്നേക്കാം. നാമൊക്കെ യഥാര്‍ത്ഥത്തില്‍ ഉപകരണങ്ങള്‍ മാത്രമാണ്. അല്ലാഹു, അവനാണ് ആളുകളെ മുസ്്‌ലിമാക്കുന്നതും സന്മാര്‍ഗ്ഗികളാക്കുന്നതും.

ഇസ്്‌ലാമടക്കമുള്ള പ്രത്യയശാസ്ത്രങ്ങള്‍ അപ്രത്യക്ഷമാവുകയും പകരം ഉപഭോഗ സംസ്‌കാരവും ലിബറലിസവും ആധിപത്യം നേടുകയും ചെയ്യുമെന്നാണല്ലോ ചില ചിന്തകരുടെ വിലയിരുത്തല്‍. വരും നൂറ്റാണ്ടില്‍ ഭൗതികവാദം (ാമലേൃശമഹശാെ) കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്ന് തോന്നുന്നുണ്ടോ?

ഇല്ല, ഒരിക്കലുമില്ല, ഭൗതികവാദത്തിന്റെ കാലം അവസാനിച്ചിരിക്കുകയാണ്. ഇരുപതാം നൂറ്റാണ്ടായിരുന്നു ഭൗതികവാദത്തിന്റേതായി മദ്രകുത്തപ്പെട്ടിരുന്നത്. കഴിഞ്ഞ ഒരു നൂറുവര്‍ഷം മുമ്പുള്ളതിനേക്കാള്‍ കൂടുതലായി ജനങ്ങളിന്ന് ആത്മീയതയുടെ ശക്തി തിരിച്ചറിഞ്ഞിരിക്കുകയാണ്. അഥവാ, കേവല ഭൗതിക ജീവിതരീതി അവര്‍ക്കു മടുത്തിരിക്കുന്നു. ആധുനിക മനുഷ്യന്‍, ദൈവവും ആത്മാവുമില്ലാതെ ലോകത്തിന് നിലനില്‍പ്പില്ലെന്നും ജീവിതത്തിന് അര്‍ഥമില്ലെന്നും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഭൗതിക ശാസ്ത്രങ്ങളിലും ആധുനിക ഫിലോസഫിയിലും പ്രസിദ്ധരായ വ്യക്തിത്വങ്ങളെ കുറിച്ച് തന്നെ ചിന്തിച്ചു നോക്കൂ. അവരൊക്കെ മത വിശ്വാസികളായിരുന്നുവെന്ന് നമുക്ക് കാണാന്‍ കഴിയും. മുമ്പ് ഒരു സന്ദേഹവാദിയോ നിരീശ്വരവാദിയോ മറ്റോ ആവുക ഒരു ഫാഷനായിരുന്നു. എന്നാലിന്ന് സ്ഥിതിമാറി. ആധുനിക ശാസ്ത്രജ്ഞര്‍ അതു ഫാഷനായി കാണുന്നില്ല.

ലോകത്തെല്ലായിടത്തും ഒരിസ്്‌ലാമിക റിപ്പബ്ലിക്കെന്ന ആശയത്തിന് ഇന്ന് സാധ്യതയില്ലേ? ചുരുങ്ങിയ പക്ഷം ഇവിടെ മധ്യേഷ്യയിലെങ്കിലും?

ഒരു ഖലീഫയുടെ സാധ്യതയെ കുറിച്ചോ?.. അടുത്ത ഭാവിയില്‍ നമുക്കൊരു ഖലീഫ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം വളരെ ദുഃഖകരമെന്നു പറയട്ടെ, ഒന്നു രണ്ടു നൂറ്റാണ്ടു കാലം ഇവിടെ നിലനിന്ന കൊളോണിയലിസം അത്രമാത്രം ആഘാതമാണ് മുസ്്‌ലിം ലോകത്തിന് മേല്‍ ഏല്‍പ്പിച്ചിരിക്കുന്നത.് വ്യത്യസ്ത കൊടികള്‍ക്കു കീഴിലായി രാജ്യങ്ങളെ അത് കഷ്ണം വെച്ചു. സങ്കുചിത ദേശീയതയും ഭ്രാന്തമായ ഭാഷാവികാരവും ജനങ്ങളില്‍ അതു വളര്‍ത്തിയെടുത്തു. ഇന്നിപ്പോള്‍ കസാക്കിസ്ഥാന്‍, തുര്‍ക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നിവിടങ്ങളിലൊക്കെ മുസ്്‌ലിംകള്‍ ഇപ്പോഴും റഷ്യന്‍ ലിപിയില്‍ തന്നെയാണ് എഴുതുന്നത്. അതുപോലെ ഭരണരംഗത്ത് പല മുസ്‌ലിം രാജ്യങ്ങളും പാശ്ചാത്യന്‍ വ്യവസ്ഥ സ്വീകരിക്കുന്നതായാണ് നാം അറിയുന്നത്. സാംസ്‌കാരികാധിനിവേശങ്ങള്‍ അത്രമാത്രം മുസ്്‌ലിം രാജ്യങ്ങളില്‍ ആധിപത്യം നേടിക്കഴിഞ്ഞിരുന്നുവെന്നര്‍ത്ഥം.

മുസ്‌ലിംകള്‍ ഒരിസ്്‌ലാമിക ഗവണ്‍മെന്റിനിപ്പോഴും മാനസികമായി തയ്യാറായിട്ടില്ല എന്നാണ് ഞാന്‍ വിചാരിക്കുന്നത്. പ്രവര്‍ത്തനങ്ങളിലും ജീവിതരീതികളിലുമൊക്കെ മുസ്്‌ലിംകള്‍ ഒരൊറ്റ സമൂഹമാണെന്നിരിക്കാം. എന്നാല്‍, രാഷ്ട്രീയമായി മുസ്്‌ലിംകള്‍ ഇന്നു വ്യത്യസ്ത സമൂഹങ്ങളാണ്. എന്നാല്‍ ഇതൊരു പുതിയ പ്രശ്‌നമല്ല. മുസ്്‌ലിംകള്‍ വളരെ കുറഞ്ഞ കാലം മാത്രമാണ് ഒരേ ഖലീഫക്ക് കീഴില്‍ ഒരൊറ്റ സമൂഹമായി കഴിഞ്ഞിട്ടുള്ളത്.നമുക്ക് അബ്ബാസിയ്യാ ഖലീഫ ഉണ്ടായിരുന്നപ്പോള്‍ തന്നെ കൊര്‍ഡോവയില്‍ ഉമവീ ഖലീഫയുമുണ്ടായിരുന്നല്ലോ. അധികം കഴിയാതെയാണ് ശിയാക്കളും സുന്നികളും ഉമവികളും അബ്ബാസികളുമൊക്കെയായി ചേരി തിരിഞ്ഞത്. ഇസ്്‌ലാമിക സ്റ്റേറ്റിന്റെ ആ സുന്ദരപ്രതാപമോര്‍ത്തു വിലപിക്കാനല്ലേ നമുക്കിന്നാവുന്നുള്ളൂ.

ഏക രാഷ്ട്ര ഇസ്്‌ലാമിക ഘടനയുടെ വിഭാവനത്തിന്്് ഇന്ന് എത്രമാത്രം സാധ്യതയുണ്ടെന്ന്് നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്്‌ലിംകളുള്ള ഇന്തോനേഷ്യ, അതിന്റെ ഭരണകൂടത്തിന് കീഴില്‍ ഇസ്്‌ലാമിക രാഷ്ട്രങ്ങള്‍ ഐക്യപ്പെടുക, അല്ലെങ്കില്‍ ഈജിപ്തിലെ ഹുസ്‌നി മുബാറക് മുസ്്‌ലിം ലോകത്തിന്റെ ഭരണാധികാരിയാവുക, അല്ലെങ്കില്‍ ഇതുപോലെ ഏതെങ്കിലുമൊരു സമകാലിക സാധ്യത ഞാനൊരിക്കലും കാണുന്നില്ല. നമുക്കിന്നു സാധ്യമായ ഏകമാര്‍ഗം നിലവിലുള്ള മുസ്്‌ലിം രാഷ്ട്രങ്ങള്‍ സ്വയമായി യഥാര്‍ഥ ഇസ്്‌ലാമിക ഭരണത്തിനു തയ്യാറാവുക എന്നാണ്.

വളരെ ശോഭനമായൊരു വൈജ്ഞാനിക പാരമ്പര്യമുള്ളവരാണല്ലോ നാം മുസ്്‌ലിംകള്‍. പക്ഷേ, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യാരംഗത്തു നാം പൂര്‍ണമായും പിന്തള്ളപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇതിനൊരു പരിഹാരമായി ‘വിജ്ഞാനീയങ്ങളുടെ ഇസ്്‌ലാമികവത്കരണം’ എന്നാശയമാണല്ലോ പലരും മുന്നോട്ട് വെക്കുന്നത്. എന്നാല്‍ ഇതെങ്ങനെ സാധ്യമാവും?

മുമ്പ് നാസിസ്റ്റുകളുടെ കാലത്തു ഞാനൊരു യുവാവായിരുന്നു. അവര്‍ വിദ്യാഭ്യാസ മേഖല പൂര്‍ണമായും ജര്‍മന്‍വത്കരിക്കാന്‍ ശ്രമിക്കുകയുണ്ടായി. ശാസ്ത്രത്തിലും മറ്റു വിജ്ഞാന ശാഖകളിലുമുള്ള ജൂത സ്വാധീനം എടുത്തുമാറ്റിയായിരുന്നു അത്. ഞങ്ങള്‍ക്കന്ന് ലാറ്റിന്‍ ലിപിയില്‍ എഴുതാന്‍ പോലും പാടില്ലായിരുന്നു. എന്റെ പിതാവ് ഒരു ഗണിതശാസ്ത്ര പണ്ഡിതനും ഫിസിക്‌സ് പ്രൊഫസറുമായിരുന്നു. ഇതേകുറിച്ച് അദ്ദേഹം പറഞ്ഞിരുന്നത് ജൂത ശാസ്ത്രമെന്നൊരു ശാസ്ത്രമോ ജൂതഗണിതമെന്നൊരു ഗണിതമോ ഇല്ലെന്നായിരുന്നു. അധ്യാപകന്‍ ഒരു ജൂതനാകുമ്പോള്‍ അധ്യാപനം ഒരു പക്ഷേ ജൂതരീതിയിലായേക്കാം. എന്നാല്‍, ആ വിഷയം അല്ലെങ്കില്‍ ആ ശാസ്ത്രം ജൂതമാവുന്നില്ല. ഈ അര്‍ഥത്തില്‍, അധ്യാപകന്‍ ഒരു മുസ്്‌ലിമാവുമ്പോള്‍ ശാസ്ത്രം ഇസ്്‌ലാമികമാവുന്നു. അപ്പോള്‍ അധ്യാപന രീതിക്കാണ് ഇവിടെ പ്രാധാന്യം. ഉദാഹരണമായി സോഷ്യോളജി നമുക്ക് ഇസ്്‌ലാമികവത്കരിക്കണമെന്നിരിക്കട്ടെ. അതിനു നാം ആദ്യമായി ചെയ്യേണ്ടത് നിലവിലുള്ള സോഷ്യോളജിയില്‍ അവഗാഹം നേടിയ ഒരാളെ കണ്ടെത്തുക. അയാള്‍ ഇസ്്‌ലാമിക സമൂഹശാസ്ത്രവും കൂടി നന്നായി പഠിച്ചയാളായിരിക്കണം. എന്നിട്ടയാള്‍ സോഷ്യോളജി പഠിപ്പിക്കട്ടെ. എങ്കില്‍ അതൊരു അപൂര്‍വാനുഭവമായിരിക്കും. നമുക്കെന്നല്ല, മറ്റുള്ളവര്‍ക്കും.

ചുരുക്കത്തില്‍, നമുക്ക് സ്വീകരിക്കാവുന്ന ഏറ്റവും നല്ലരീതി നാം എല്ലാ വിജ്ഞാന ശാഖകളിലും നല്ല ഇസ്്‌ലാമിക ബോധമുള്ള സമര്‍ഥരായ ധാരാളം ശാസ്ത്രജ്ഞരെ വളര്‍ത്തിയെടുക്കുകയാണ്. വിജ്ഞാനീയങ്ങളുടെ ഇസ്്‌ലാമികവല്‍കരണത്തിന് അതു മാത്രമാണ് കരണീയമായ ഏകതന്ത്രം. നിലവിലുള്ള ശാസ്ത്രങ്ങളില്‍ നമ്മുടേതായി എന്തെങ്കിലും ചെയ്യുകയല്ല. ഇതിനു നമുക്കാവുന്നില്ലെങ്കില്‍ നാം വികാരതള്ളിച്ചകള്‍ക്കടിമപ്പെട്ടു സ്വയം തള്ളപ്പെടും. മാക്‌സ് വെബര്‍ ഇസ്്‌ലാമിനെക്കുറിച്ച് മോശമായി പറഞ്ഞതുകൊണ്ട് സോഷ്യോളജിയില്‍ അദ്ദേഹത്തെക്കുറിച്ച് പഠിക്കില്ലെന്ന് നമുക്ക് ശഠിക്കാമോ? ഇവിടെ നാം മനസ്സിലാക്കേണ്ടത്, എല്ലാ വിജ്ഞാനങ്ങളും ഇസ്്‌ലാമികമായിരിക്കണമെന്നില്ല എന്നതാണ്. ഉദാഹരണത്തിന് സാമ്പത്തിക ശാസ്ത്രത്തില്‍ മുസ്്‌ലിംകളല്ലാത്ത ആഡം സ്മിത്ത്, കാറല്‍ മാക്‌സ്, മാല്‍ത്യൂസ് തുടങ്ങിയവര്‍ ആവിഷ്‌കരിച്ച് സാമ്പത്തിക സിദ്ധാന്തങ്ങള്‍ ഉണ്ട്. അവരുടെ കാലത്ത് അവ എന്തുകൊണ്ട് സ്വീകാര്യവും വിജയകരവുമായിരുന്നുവെന്നും പിന്നീടവ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്നും പഠിക്കാതെ നമുക്കാധുനിക സാമ്പത്തിക ശാസ്ത്രം പഠിക്കാന്‍ കഴിയില്ല. എന്നാല്‍, ഇവയൊന്നും ഇസ്്‌ലാമിക തിയറികളല്ലെന്നും പറഞ്ഞ് നമുക്കവയെ മാറ്റിവെക്കാനാവുമോ?

മുസ്്‌ലിം ലോകത്തിനു താങ്കള്‍ക്കു നല്‍കാനുള്ള സന്ദേശം?

യഥാര്‍ഥ മുസ്്‌ലിംകളാവുക. ഇസ്്‌ലാമികാധ്യാപനങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് ഒരു പുതിയ സമൂഹ സൃഷ്ടിക്ക് തയ്യാറാവുക.

അവസാനമായി, താങ്കളെപ്പോലെ ഇസ്്‌ലാമിനെക്കുറിച്ച് പഠിച്ചു മുസ്്‌ലിമായവരാണല്ലോ ഫ്രഞ്ച് ചിന്തകന്‍ റജാ ഗരോഡിയും. അദ്ദേഹത്തെ നേരില്‍ പരിചയമുണ്ടോ? അദ്ദേഹം ഇസ്്‌ലാമില്‍ നിന്ന് പുറത്തുപോയി എന്നൊരു അഭ്യൂഹമുണ്ടിവിടെ.

അദ്ദേഹം ആദ്യമൊരു ക്രിസ്ത്യാനിയായിരുന്നു. യുവാവായപ്പോള്‍ ഒരു കമ്യൂണിസ്റ്റായി. വീണ്ടും ക്രിസ്ത്യാനിയായി. പിന്നീട് ഇസ്്‌ലാമിലേക്കു വന്നു. ഗരോഡിയുടെ പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ എനിക്ക് മനസ്സിലായത് അദ്ദേഹം ഹദീസ് പൂര്‍ണമായും അവഗണിക്കുന്നുണ്ടെന്നാണ്. ഖുര്‍ആനില്‍ നിന്നു മാത്രമാണ് അദ്ദേഹത്തിന്റെ ഉദ്ധരണികള്‍. ഇതെനിക്കു സ്വീകാര്യമല്ല. ഇസ്്‌ലാമെന്നത് ഖുര്‍ആന്‍ മാത്രമല്ലല്ലോ. ഖുര്‍ആനും സുന്നത്തും കൂടിയതാണ് ഇസ്്‌ലാം. അദ്ദേഹം ഇപ്പോഴും കമ്യൂണിസ്റ്റ് രീതിയിലാണ് ചിന്തിക്കുന്നത്. മറ്റൊന്ന്, അദ്ദേഹം എല്ലാ സംഗതികളും സാമ്പത്തിക കാഴ്ചപ്പാടിലൂടെയാണ് വിശകലനം ചെയ്യുന്നത്. ഇതു യഥാര്‍ഥത്തില്‍ മാര്‍ക്‌സിസ്റ്റു സമീപന രീതിയാണ്. ഇസ്്‌ലാമൊരിക്കലും മക്കയിലുണ്ടായിരുന്ന സാമ്പത്തിക സാഹചര്യങ്ങളുടെ സൃഷ്ടി ആയിരുന്നില്ലല്ലോ. അതുകൊണ്ടു തന്നെ റജാ ഗരോഡി ഒരു മുസ്്‌ലിമാണോ അല്ലയോ എന്ന് എനിക്ക് തീര്‍ത്തു പറയാനാവില്ല.

 

മുറാദ് ഹോഫ്മാന്‍/
ഫൈസല്‍ ഹുദവി മാരിയാട്, ഫൈസല്‍ നിയാസ് ഹുദവി

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.