കശ്മീരിന് പ്രത്യേകപദവി അനുവദിക്കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുമാറ്റിയ കേന്ദ്ര ഭരണകൂടത്തിന്റെ നയത്തിനെതിരെ ആരും ശബ്ദിക്കുന്നില്ലെന്ന് കണ്ടാണ് സമൂഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്റെ സിവില്‍ സര്‍വ്വീസ് പദവി വലിച്ചെറിഞ്ഞ് തൃശൂര്‍ക്കാരനായ കണ്ണന്‍ ഗോപിനാഥന്‍ ഇറങ്ങിത്തിരിച്ചത്. തുടര്‍ന്ന് ഇന്ത്യയിലങ്ങോളമിങ്ങോളം സഞ്ചരിക്കുകയും പ്രമുഖ രാഷ്ട്രീയ, സാമൂഹിക നേതാക്കളെ സമീപിച്ച് ഇന്ത്യന്‍ മുസ്്‌ലിംകളും ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയും മോദി ഭരണകൂടത്തിന് കീഴില്‍ നേരിടുന്ന ഭീഷണമായ സാഹചര്യത്തെ കുറിച്ച് ബോധ്യപ്പെടുത്തുകയാണ് കണ്ണന്‍ ഗോപിനാഥന്‍. എന്‍.ആര്‍.സി, സി.എ.എ, എന്‍.പി.ആര്‍ എന്നിവയെക്കുറിച്ചും ഹിന്ദുത്വ ഗൂഢപദ്ധതികളെക്കുറിച്ചും കോഴിക്കോട് വച്ച് തെളിച്ചം പ്രതിനിധികളുമായി അദ്ദേഹം നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍:
താങ്കള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് പല വിതാനങ്ങളിലുള്ള ആളുകളോട് നിരന്തരമായി സംസാരിക്കുക എന്നതാണ്. യൂണിവേഴ്‌സിറ്റികളില്‍, യു.പിയിലെയും ബീഹാറിലെയും മറ്റും ഗ്രാമപ്രദേശങ്ങളില്‍. ഈയൊരു സംഭാഷണരീതി തെരെഞ്ഞെടുക്കാന്‍ കാരണമെന്താണ്? നമുക്കിടയില്‍ പൊളിറ്റിക്കല്‍ കമ്മ്യൂണിക്കേഷനിലെ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണ്?
സത്യത്തില്‍, നമ്മുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള സംസാരങ്ങള്‍ ഒരു തരത്തില്‍ മുറിഞ്ഞുപോയിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അടിസ്ഥാനപരമായ പ്രശ്‌നം എന്നുള്ളത്, നമുക്ക് പരസ്പരം വിയോജിക്കാന്‍ കഴിയാതായി. സുഹൃത്തുക്കള്‍ ഉള്ള പല വാട്‌സാപ്പ് ഗ്രൂപ്പുകളും ഞാന്‍ കണ്ടിട്ടുണ്ട്. അഭിപ്രായങ്ങളും വിയോജിപ്പുകളും ഉള്‍കൊള്ളാനാവാതെ പലരും ഗ്രൂപ്പുകള്‍ വിട്ടുപോകുന്നു. പറയാനുള്ള കാര്യങ്ങള്‍ മാന്യമായി പറഞ്ഞാലും സുഹൃത്തായിരിക്കാന്‍ നമുക്ക് പറ്റിയിരുന്നു. അത് മാറിത്തുടങ്ങിയിട്ടുണ്ട്.
മറ്റൊന്ന്, ഭരണകൂടവുമായി ബന്ധപ്പെട്ടുള്ള സംഭാഷണങ്ങള്‍. വിമര്‍ശിക്കുന്നവര്‍ മുഴുവന്‍ ശത്രു ആയി മാറുന്നു. അങ്ങനെയാവുമ്പോള്‍ മെജോറിട്ടേറിയന്‍ അധികാരഘടന സ്വാഭാവികമായും ശക്തിപ്പെടും. കാരണം എതിര്‍ശബ്ദങ്ങളെ മുഴുവന്‍ പല പേരുകളില്‍ മാറ്റിനിര്‍ത്തിയാല്‍ മതിയല്ലോ. അര്‍ബന്‍ നക്‌സല്‍, ടുക്‌ടെ ടുക്്‌ടെ ഗാങ്, മാവോ വാദി, ജിഹാദിസ്റ്റ്, ആന്റിനാഷണല്‍ ഇതൊക്കെ അങ്ങനെ വന്ന പ്രയോഗങ്ങളല്ലേ. അതായത് ഈ ബ്രാന്‍ഡിങ്ങില്‍ നമ്മുടെ മൊത്തം സംഭാഷണങ്ങളും സംസാരങ്ങളും കുടുങ്ങിപ്പോകുന്നു.
സര്‍ക്കാരിനെ ചോദ്യംചെയ്യല്‍ രാജ്യദ്രോഹമായി ചിത്രീകരിക്കപ്പെടാന്‍ തുടങ്ങി. അങ്ങനെയാവുമ്പോള്‍ കാര്യങ്ങള്‍ വളരെ ബുദ്ധിമുട്ടാണ്. മാത്രമല്ല, ആ ബ്രാന്‍ഡിങ് ഒരുതരം ഭീതി ഉത്പാദിപ്പിക്കുകയും നമ്മെ മിണ്ടാതിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അത് അപകടകരമാണ്.
നമുക്ക് എന്തുകൊണ്ടാണ് നമ്മുടെ സുഹൃത്തുക്കളൊക്കെ പെട്ടെന്ന് മാറിയിട്ടുണ്ട് എന്ന് തോന്നുന്നത്?! ശരിയും തെറ്റുമൊക്കെ ആപേക്ഷികമാണെന്നുള്ള ബോധമൊക്കെ ഇല്ലാതായിരിക്കുന്നു. ഇത്തരം സാഹചര്യം രാജ്യത്തെ ജനങ്ങളുടെ സൂക്ഷ്മമായ ചിന്താശക്തിയെ തന്നെ ക്ഷയിപ്പിക്കാനും സാധ്യത ഉണ്ട്. അതുകൊണ്ടു തന്നെ പുതിയ സംഭാഷണങ്ങള്‍ നാം തുടങ്ങേണ്ടതുണ്ട്. അതെവിടെ നിന്ന്, എങ്ങനെ തുടങ്ങണം എന്നൊന്നും അറിയില്ല.
രാജ്യത്തു നിലനില്‍ക്കുന്ന ഭരണവ്യവസ്ഥിതിയില്‍ നിന്നാണ് താങ്കള്‍ പുറത്തുവരുന്നത്. ബ്യൂറോക്രസി തന്നെയും ആന്തരികമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ടോ? അതില്‍ നിന്ന് പുറത്തുവന്ന് ഇനി മുന്നോട്ടുള്ള വഴി എങ്ങനെയാണ്?
ബ്യൂറോക്രസി സൊസൈറ്റിയുടെ ഒരു ഭാഗം തന്നെയാണ്. സമൂഹത്തില്‍ കാണുന്ന എല്ലാ പ്രശ്‌നങ്ങളും അരുതായ്മകളും നല്ല കാര്യങ്ങളും എല്ലാം അവിടെയും കാണും. ഏറെ സവിശേഷതകള്‍ ഒന്നുമില്ല. ആളുകള്‍ പരീക്ഷകള്‍ എഴുതിവേണം അവിടെ എത്തിപ്പറ്റാന്‍ എന്നത് മാത്രമാണ് കാര്യം. അല്ലാതെ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല.
പിന്നെ, ഒന്നും ആലോചിച്ചു പ്ലാന്‍ ചെയ്തിട്ടല്ല സര്‍വീസില്‍ നിന്നും ഇറങ്ങിയത്. കശ്മീരിനെക്കുറിച്ച് ആരും സംസാരിക്കാനുണ്ടായിരുന്നില്ല. ആ സാഹചര്യത്തിലാണ് സര്‍വീസില്‍ നിന്നും ഇറങ്ങുന്നതും സംസാരിച്ചുതുടങ്ങുന്നതും. ഇവിടെ സംസാരിക്കാന്‍ പറ്റാത്ത ഒരു കാര്യവുമില്ല. സുപ്രീം കോടതിയെ കുറിച്ചാണെങ്കില്‍ പോലും മാന്യമായി നമുക്ക് പറയാനുള്ളത് പറയാന്‍ പറ്റണം. മാസങ്ങള്‍ പിന്നിട്ടിട്ടും കശ്മീര്‍ സാധാരണനിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. അന്ന് എത്ര പേര്‍ ഉണ്ടായിരുന്നു സംസാരിക്കാന്‍. ആ നിശബ്ദത ഒട്ടും നല്ലതല്ല.
ജാമിയ മില്ലിയയിലെ പോലീസ് അതിക്രമങ്ങളെ സംബന്ധിച്ചുള്ള കേസില്‍ ഡല്‍ഹി ഹൈക്കോടതി പറഞ്ഞത് അത് ഫെബ്രുവരിയില്‍ കേള്‍ക്കാം എന്നാണ്. കുറച്ചു മുമ്പ് വന്ന സുപ്രീം കോടതിയുടെ ബാബരി വിധിയും നാം കേട്ടുകഴിഞ്ഞു. ഇവയുടെ പശ്ചാത്തലത്തില്‍ ജുഡീഷ്യറിയെക്കുറിച്ച്, നിലവില്‍ അത്തരം വ്യവസ്ഥയോടുള്ള ജനങ്ങളുടെ സമീപനത്തെ എങ്ങനെയാണ് കാണുന്നത്?
ജുഡീഷ്യറിക്ക് മുകളിലുള്ള വിശ്വാസം ആളുകള്‍ക്ക് പല രീതിയില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നത് വാസ്തവമാണ്. കാരണം നിലവില്‍ ഒരു ഗവര്‍ണന്‍സ് ശൈലിയിലാണ് കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. ശരിക്കും സത്യത്തിനുമപ്പുറം സൗകര്യം എന്നതാണ് സമീപകാലത്തായി കോടതികള്‍ പിന്തുടരുന്നത്. അതുകൊണ്ടാണ് സമരം അക്രമാസക്തമായിരിക്കെ കേസ് കേള്‍ക്കില്ലെന്ന് കോടതി പറയുന്നത്. അത് മൗലികമായി നിയമത്തിനെതിരാണ്. മൗലികമായി കോടതിയുടെ ഉത്തരവാദിത്വം ശരി, തെറ്റ്, അവകാശങ്ങള്‍ എന്നിവ തീരുമാനിക്കുകയാണ്. ശബരിമല പ്രശ്നത്തില്‍ പ്രശ്‌നം വൈകാരികമായതിനാല്‍ ഓര്‍ഡര്‍ ഇറക്കാന്‍ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. സത്യത്തില്‍ ഇത് ഈ വ്യവസ്ഥയുടെ പരാജയവും പതനവുമാണ് കാണിക്കുന്നത്. ഇന്ത്യന്‍ നിയമവ്യവസ്ഥ തന്നെയാണ് ഓരോ ഇന്ത്യക്കാരന്റെയും പ്രതീക്ഷ. പക്ഷെ പുതിയ പല കോടതി ഇടപെടലുകളും അത് നിഷ്‌ക്രിയമായും അതിന്റെ യഥാര്‍ത്ഥ ഉത്തരവാദിത്വത്തില്‍ നിന്നും അകന്നു നില്‍ക്കുന്നതായും നമ്മെ ആശങ്കപ്പെടുത്തുന്നുണ്ട്. ജുഡീഷ്യറിയിലും ഭരണകൂട താത്പര്യങ്ങള്‍ കടന്നുവരികയാണെങ്കില്‍ പിന്നെ ആ സ്ഥാപനത്തിന്റെ തന്നെ വിശ്വാസ്യത എവിടെയാണ്.
പൗരത്വ ബില്ലിനെതിരായ സമരപശ്ചാത്തലത്തില്‍ നിങ്ങള്‍ ഇത് ബുര്‍ഖയുടെയും തൊപ്പിയുടെയും സമരമാണെന്നു ട്വീറ്റ് ചെയ്യുകയുണ്ടായി. ലിബറലുകള്‍ക്കും ലെഫ്റ്റിനുമുള്ള ടെസ്റ്റ് ആണെന്നും. അതിനെക്കുറിച്ച്?
സത്യത്തില്‍ പൗരത്വബില്ലിനെതിരായ പോരാട്ടം ഭരണഘടനാപരമായ ഒരു ചോദ്യമാണ്. മുസ്‌ലിമേതര ഇന്ത്യക്കാര്‍ക്ക് അത് ഭരണഘടനയെ സംബന്ധിച്ച പ്രിന്‍സിപ്ള്‍, ഹറാസ്മെന്റ് പ്രശ്‌നം ആണ്. മുസ്‌ലിംകള്‍ക്ക് അതൊരു നിലനില്‍പുമായി ബന്ധപ്പെട്ട പ്രശ്നം കൂടിയാണ്. അതുകൊണ്ടു കൂടിയാണ് നമുക്കു എന്‍.ആര്‍.സിയും പൗരത്വ ഭേദഗതി ആക്ടും ഒന്നിച്ചു മനസ്സിലാക്കേണ്ടി വരുന്നത്. സി.എ.എ യഥാര്‍ത്ഥത്തില്‍ ഒരു പൊളിറ്റികലി കണ്‍വീനിയെന്റ് എന്‍.ആര്‍.സിയാണ്.
ഈയൊരു സാഹചര്യത്തില്‍, നമ്മള്‍ വിളിക്കുന്ന, അല്ലെങ്കില്‍ മറ്റു പലരും സംഘടിപ്പിക്കുന്ന സമരങ്ങളിലും പ്രതിഷേധ സംഗമങ്ങളിലും തൊപ്പിയും ബുര്‍ഖയും ധരിച്ചവരുടെ സാന്നിധ്യം പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നപോലെ തോന്നി. ആ മാനസികാവസ്ഥ മാറേണ്ടതുണ്ട്. മാറ്റേണ്ടതുണ്ട്. അതുകൊണ്ടാണ് അങ്ങനെ എഴുതേണ്ടിവന്നത്.
ബിജെപിക്ക് നേട്ടമുണ്ടാവും, അവര്‍ മുതലെടുക്കും എന്നൊക്കെയാണ് പലരും പറഞ്ഞത്. ബിജെപിക്ക് ലാഭം ഉണ്ടാവട്ടെ, ഇല്ലാതിരിക്കട്ടെ ഒരു സമുദായം തെരുവിലിറങ്ങാന്‍ പാടില്ല എന്ന് പറയുന്നതില്‍ ഒരര്‍ഥവും ഇല്ല. തെരുവിലിറങ്ങുന്നവരെ എത്രത്തോളം പിന്തുണക്കാം എന്നാണ് ആലോചിക്കേണ്ടത്.
രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി ജനം തെരുവില്‍ പോരാട്ടത്തിലാണ്. പോലീസിന്റെ ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ ഉണ്ടായിട്ടും ദൈനംദിനം സമരങ്ങളില്‍ പങ്കാളിത്തം വര്‍ധിക്കുന്നു. ഈ പോരാട്ടങ്ങള്‍ റിസള്‍ട്ട് ഉണ്ടാക്കുമോ?
ഈ സമരങ്ങള്‍ തുടക്കം മുതലേ ഫലം ചെയ്യുന്നുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നമ്മള്‍ റിസള്‍ട്ട് എങ്ങനെ മനസ്സിലാക്കുന്നു എന്നത് മറ്റൊരു കാര്യമാണ്. ബംഗാളിലും കേരളത്തിലും എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെച്ചു. പൗരത്വ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തവര്‍ പോലും എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചു. ബീഹാറിലും ഒഡീഷയിലുമൊക്കെ. പല സംസ്ഥാനങ്ങളും കേന്ദ്ര തീരുമാനത്തെ തള്ളി. ഇതൊക്കെ സംഭവിച്ചത് ജനം തെരുവുകളില്‍ ഇറങ്ങിയത് കൊണ്ടുമാത്രമാണ്. അപ്പോള്‍ ഇതൊക്കെ വിജയം തന്നെയല്ലേ.?
മറ്റൊരു കാര്യം, ഭരണഘടനയില്‍ വിശ്വസിക്കുന്നവരെല്ലാം ഒന്നിച്ചു. ജനാധിപത്യം എന്താണെന്ന് മനസ്സിലാക്കാത്ത ഒരു തലമുറ വളര്‍ന്നുവരാനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നാല്‍ തെരുവുകളില്‍ നിന്നവര്‍ ജനാധിപത്യത്തെ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. ഈ സമര ദിവസങ്ങളെ മറക്കാനോ, ചരിത്രത്തില്‍ നിന്നൊഴിവാക്കാനോ ആര്‍ക്കും കഴിയില്ല. പൗരത്വഭേദഗതി ബില്‍ കോടതിയിലാണ്. അതിലും ആശാവഹമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പല സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര തീരുമാനത്തോട് വിയോജിച്ചു കൊണ്ട് പ്രതികരിക്കുകയുണ്ടായി. ഇവ എത്രമാത്രം പ്രായോഗികതലത്തില്‍ നടപ്പിലാക്കാനാവും?
സി.എ.എ നടപ്പിലാക്കാതിരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ നിലപാട് എത്രമാത്രം പ്രായോഗികമാണെന്ന് എനിക്കറിയില്ല. എന്നാല്‍ എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവ സംസ്ഥാന സര്‍ക്കാറുകളുടെ പിന്തുണയില്ലാതെ നടപ്പിലാക്കാന്‍ കഴിയില്ല. അത് നടപ്പാക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ജില്ലാതല ഭരണകര്‍ത്താക്കളുടെയും സഹകരണം അനിവാര്യമാണ്.
മറ്റൊരു കാര്യം, എന്‍.പി.ആറും സെന്‍സസും ഒന്നല്ല. എന്‍.പി.ആര്‍ സിറ്റിസിന്‍ഷിപ് ആക്ടിന് അകത്താണ്. സിറ്റിസിന്‍ഷിപ് ആക്ടിന് അകത്ത് വിവരങ്ങളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട നിര്‍ദേശം കൂടിയുണ്ട്. എന്നാല്‍ എന്‍.പി.ആറിന് അകത്ത് അങ്ങനെയില്ല. അതുകൊണ്ടു കൂടിയാണ് എന്‍.പി.ആറിനെ എതിര്‍ക്കേണ്ടിവരുന്നത്.
സമരങ്ങളുടെ മുന്‍പന്തിയില്‍ മുസ്‌ലിം സമുദായം ഉണ്ട്. എങ്കില്‍ പോലും നേതൃപരമായ അനാഥത്വം സമരങ്ങളില്‍ നിഴലിക്കുന്നുണ്ട്. മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഭാവിയെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഇതൊരു പ്രസക്തമായ പ്രശ്‌നവും ആശങ്കയും തന്നെയാണ്. എങ്കില്‍ പോലും ഈ സമരങ്ങളില്‍ നിന്നും പോരാട്ടങ്ങളില്‍ നിന്നും പുതിയനേതൃത്വം ഉയര്‍ന്നുവരും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ആ സാധ്യതയെ നമുക്ക് തള്ളിക്കളയാനാവില്ല.
സമരങ്ങളില്‍ വയലന്‍സ് ഉണ്ടാകുന്നുണ്ടെങ്കില്‍ തന്നെ അതിന്റെ പ്രധാന കാരണം സ്റ്റേറ്റ് റിപ്രഷന്‍ ആണ്. പെട്ടെന്ന് തന്നെ 144 പ്രഖ്യാപിക്കുന്നു, സമരങ്ങളെ ക്രൂരമായി നേരിടുന്നു. സത്യത്തില്‍ പോലീസും ഭരണകൂടവും ചെയ്യുന്നതാണ് വയലന്‍സ്. ബിജെപി ഭരിക്കുന്ന സംസ്ഥാന ഭരണകൂടങ്ങള്‍ മനസ്സിലാക്കേണ്ടത് ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യം തന്നെയാണെന്നാണ്. ആളുകള്‍ക്ക് കൂടിച്ചേരാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഉണ്ട്. ഈയിടെ കര്‍ണ്ണാടക ചീഫ് ജസ്റ്റിസ് ഇതേ കാര്യം സംസ്ഥാന സര്‍ക്കാരിനോട് ഉണര്‍ത്തിയിരുന്നു.
കണ്ണന്‍ ഗോപിനാഥന്‍ /
ശബീബ് മമ്പാട്, ഹാശിര്‍ മടപ്പള്ളി