രാജ്യത്തിന്റെ ഐക്യത്തെയും കെട്ടുറപ്പിനെയും തകര്‍ക്കുന്ന ബില്ലാണ് ഇരു സഭകളിലും ഭൂരിപക്ഷം നേടി പാസായത്. അതേതുടര്‍ന്ന് രാജ്യത്താകമാനം ശക്തമായ പ്രതിഷേധ പ്രകടനങ്ങളും ചെറുത്തുനില്‍പ്പുകളും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ മൂല്യവത്തായ ബഹുസ്വരതയുടെയും സമത്വബോധത്തിന്റെയും മേല്‍ കേന്ദ്ര ഭരണകൂടം നടത്തിയ ഈ കടന്നുകയറ്റത്തെ ശക്തിയുക്തം എതിര്‍ത്ത് രാജ്യത്ത് നിരന്തരം സഞ്ചരിക്കുന്ന പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ഹര്‍ഷ് മന്ദര്‍. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം പിന്നീട് പദവി രാജി വെക്കുകയും മനുഷ്യാവകാശപ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തുവരുന്നു. അനേകം പുസ്തകങ്ങളുടെ രചയിതാവും നിരവധി മാധ്യമങ്ങളിലെ കോളമിസ്റ്റുമാണ് അദ്ദേഹം.
ആസാമിലെ ഡിറ്റന്‍ഷന്‍ ക്യാമ്പുകളിലെ അവസ്ഥ പരിശോധിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക മോണിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഹര്‍ഷ് മന്ദര്‍. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ‘ബിറ്റ്‌വീന്‍ ഫോര്‍ഗെറ്റിങ് ആന്‍ഡ് റിമമ്പറിങ്’ എന്ന പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്. ഡല്‍ഹി ഇക്വിറ്റി സ്റ്റഡി സര്‍ക്കിള്‍ ഡയറക്ടറായും അഹമ്മദാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ അധ്യാപകനായും ജോലി ചെയ്യുന്നു. കോഴിക്കോട് വെച്ച് തെളിച്ചം പ്രതിനിധികള്‍ അദ്ദേഹവുമായി നടത്തിയ സംഭാഷണത്തില്‍ നിന്നും.
സിറ്റിസണ്‍ഷിപ്പ് ഭേദഗതി ബില്‍ പാസാക്കിയതിനെതിരെ ഏറ്റവും ആദ്യത്തെ പ്രതിഷേധങ്ങളില്‍ ശ്രദ്ധേയവും ശക്തവുമായതായിരുന്നു താങ്കളുടേത്. എന്‍.ആര്‍.സി നടപ്പില്‍ വരികയാണെങ്കില്‍ ഞാന്‍ മുസ്്‌ലിമായി രജിസ്റ്റര്‍ ചെയ്യുമെന്നും അതിന്റെ ഭവിഷ്യത്തുകള്‍ സ്വീകരിക്കാന്‍ തയ്യാറാവുമെന്നും ഇതാണെന്റെ സിവില്‍ ഡിസൊബീഡിയന്‍സ് എന്നുമാണ് നിങ്ങള്‍ പ്രഖ്യാപിച്ചത്. യഥാര്‍ത്ഥത്തില്‍ ഈ സമയത്തെ രാഷ്ട്രീയമെന്നത് മുസ്്‌ലിമാവുക എന്നതാണോ? ഫാഷിസത്തിനെതിരിലെ സമരത്തില്‍ സിവില്‍ ഡിസൊബീഡിയന്‍സിന്റെ പ്രാധാന്യം എന്താണ്?
ഹര്‍ഷ് മന്ദര്‍: ഈ സമരത്തിലെ ഏറ്റവും ഫലവത്തായ ഡിസൊബീഡിയന്‍സ് എന്നത് മുസ്്‌ലിമായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയും ഭരണകൂടത്തിന്റെ താത്പര്യങ്ങളെ അത് വഴി നിരാകരിക്കുകയുമാണ്. മുസ്്‌ലിമാവുക എന്നല്ല, മറിച്ച് നിയമം മുസ്്‌ലിംകളെ മാത്രം പുറന്തളളുന്ന പക്ഷം മുസ്്‌ലിമായി പേര് രേഖപ്പെടുത്തുക എന്നത് മാത്രമാണ് ഞാനുദ്ദേശിച്ചത്. നമ്മുടെ ഭരണഘടന സ്ഥാപിതമായത് ഈ രാജ്യം എല്ലാവര്‍ക്കും തുല്യമാണ് എന്ന അടിസ്ഥാന ലക്ഷ്യത്തിന് മേലാണ്. അതിന്റെ അടിക്കല്ലെടുക്കുന്നതാണ് ബില്ല്. അതിനെതിരെ സമരം ചെയ്യുക ഓരോ പൗരന്റെയും ബാധ്യതയാണ്.
സമരം ചെയ്യുന്നതിന്റെ ഏറ്റവും നല്ല രീതി നാം ഗാന്ധിജിയില്‍ നിന്ന് പഠിച്ചതാണ്. അനൈതിക നിയമവ്യവസ്ഥകളോട് വിധേയപ്പെടാതിരിക്കുക മാത്രമല്ല, അതിന്റെ ഭവിഷ്യത്തുകളെ ആവശ്യപ്പെടുക കൂടി ചെയ്യുക എന്നതാണ് സിവില്‍ ഡിസൊബീഡിയന്‍സ് അര്‍ത്ഥമാക്കുന്നത്. പരസ്യമായി ഉപ്പുകുറുക്കി സത്യാഗ്രഹം ചെയ്ത ശേഷം ഗാന്ധിയും കൂടെ 66 സമരക്കാരും സ്വമേധയാ ജയിലിലേക്ക് പോയത് അതുകൊണ്ടാണ്.
ഞനൊരു മുസ്്‌ലിമല്ലാത്തത് കൊണ്ട് ഈ നിയമത്തിനിരയാവുകയോ ഡിറ്റന്‍ഷന്‍ ക്യാമ്പിലടക്കപ്പെടുകയോ ചെയ്യില്ല, കാരണം ഈ നിയമം നിര്‍മിക്കപ്പെട്ടത് എനിക്ക് വേണ്ടിയാണ്. അതുകൊണ്ട് തന്നെ എന്റെ നിസ്സഹകരണം സാധ്യമാകുന്നത് ഞാന്‍ മുസ്്‌ലിമായി രജിസ്റ്റര്‍ ചെയ്യുകയും രേഖകള്‍ സമര്‍പ്പിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുമ്പോഴാണ്. ഏതെങ്കിലും മുസ്്‌ലിം സഹോദരിസഹോദരങ്ങള്‍ തടങ്കല്‍പാളയത്തിലേക്ക് മാറ്റപ്പെടുകയാണെങ്കില്‍ അതേ നടപടി എനിക്കെതിരെയും എടുക്കാന്‍ ആവശ്യപ്പെടാന്‍ എനിക്കു സാധിക്കുക അപ്പോഴാണ്. എന്നെ സംരക്ഷിക്കുക എന്ന നിയമത്തിന്റെ താത്പര്യം അതോടെ പരാജയപ്പെടുന്നു.
എങ്ങനെയായിരുന്നു മറ്റുള്ളവരുടെ ഇതിനോടുള്ള പ്രതികരണം. യഥാര്‍ത്ഥത്തില്‍ എല്ലാ ഹിന്ദുക്കളും ഇങ്ങനെയൊരു നീക്കം നടത്തണമെന്നാണോ താങ്കള്‍ അര്‍ഥമാക്കുന്നത്?
അനേകമാളുകള്‍ എന്റെ ട്വീറ്റിനോട് പല തരത്തിലും പ്രതികരിച്ചിരുന്നു. കുറെ പേര്‍ എനിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പക്ഷെ ഈ പ്രതിഷേധരീതി പലര്‍ക്കും സ്വീകരിക്കാനും ഉള്‍കൊള്ളാനും അല്‍പം പ്രയാസകരമായ കാര്യമാണ്. എല്ലാവരും ഞാന്‍ ചെയ്യുന്നതു പോലെ ചെയ്‌തേ തീരൂ എന്നും എനിക്കില്ല. എങ്കിലും എന്‍.ആര്‍.സി നടപ്പില്‍ വരുന്ന പക്ഷം എല്ലാവരും ഒന്നിച്ചുനിന്ന് അതിനെ ബഹിഷ്‌കരിക്കുകയും രേഖകള്‍ ഹാജരാക്കാതിരിക്കുകയും വേണം. അത് മുസ്്‌ലിം, ഹിന്ദു ഭേദമന്യേ ബഹിഷ്‌കരിക്കണം. ഇപ്പോള്‍ തന്നെ പല സംസ്ഥാന ഗവണ്‍മെന്റുകളും എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന ഭരണകൂടങ്ങളുടെ സഹകരണമില്ലാതെ എന്‍.ആര്‍.സി നടപ്പിലാക്കുക എന്നത് അസാധ്യവുമാണ്. അഥവാ, ഇപ്പോള്‍ തന്നെ ഡിസൊബീഡിയന്‍സ്് ഫലവത്തായ രീതിയില്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നര്‍ഥം.
സി.എ.എ രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുന്നതാണെന്ന ഭയം രാജ്യത്താകമാനം ഇന്ന് വ്യാപകമായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ നാം ഭയക്കുന്നത്ര തന്നെ ആപത്കരമാണോ ഈ ബില്‍?
നാം ഭയക്കുന്നതിനേക്കാളേറെ പ്രശ്‌നഭരിതമാണത്. എന്‍.ആര്‍.സിയുടെ പ്രശ്‌നങ്ങളെ നേരിട്ട് കണ്ട് മനസ്സിലാക്കിയ ഒരാളാണ് ഞാന്‍. രാജ്യത്തുടനീളം എന്‍.ആര്‍.സി നടപ്പില്‍ വരുത്താനാണ് ബി.ജെ.പിയുടെ പദ്ധതി. അമിത് ഷാ പലതവണ പരാമര്‍ശിച്ചത് ആദ്യം സി.എ.ബി, പിന്നെ എന്‍.ആര്‍.സി എന്നാണ്. നോക്കൂ, ആസാമിലെ എന്‍.ആര്‍.സിയില്‍ രേഖകള്‍ സമര്‍പ്പിക്കാനാവാതെ പൗരത്വം നിഷേധിക്കപ്പെട്ട 19 ലക്ഷത്തില്‍ 10-15 ലക്ഷവും ഹിന്ദുക്കളായിരുന്നു. സി.എ.ബി എന്ന ബില്‍ ഈ പ്രശ്‌നത്തെ പരിഹരിക്കാനാണ് അവര്‍ കൊണ്ടുവരുന്നത്. സി.എ.ബിക്ക് ശേഷം എന്‍.ആര്‍.സി നടപ്പില്‍ വരുമ്പോള്‍ രേഖകള്‍ എല്ലാവരും സമര്‍പ്പിക്കണമെങ്കില്‍ പോലും അതിന്റെ പരിണിതഫലങ്ങള്‍ മുസ്്‌ലിംകളില്‍ മാത്രം പരിമിതമാണ്. ആ അര്‍ഥത്തില്‍ എന്‍.ആര്‍.സി മുസ്്‌ലിംകളെ മാത്രം ലക്ഷ്യംവെച്ചുള്ള നിയമമായി മാറുന്നു. ഇത് ഗാന്ധിയും അംബേദ്കറും കണ്ട അഖണ്ഡ ഭാരതബോധത്തെ തകര്‍ക്കുന്നതാണ്. അതുകൊണ്ടാണ് ഈ സമരം മുസ്്‌ലിംകളുടെത് മാത്രമല്ല, ഓരോ ഇന്ത്യക്കാരനും നടത്തേണ്ട ധാര്‍മിക ഉത്തരവാദിത്വമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നത്. ഇത് മുസ്്‌ലിംകളെ ബാധിക്കുന്ന പ്രശ്‌നമെന്നതിനേക്കാള്‍ നമ്മുടെ ഭരണഘടനയെയും രാജ്യത്തിന്റെ സമുന്നതമായ ഫിലോസഫിയെയും ബാധിക്കുന്ന പ്രശ്‌നമായി വേണം ഇതിനെ ഓരോരുത്തരും കാണാന്‍.
ആസാമിലെ ഡിറ്റന്‍ഷന്‍ ക്യാമ്പുകളെ സംബന്ധിച്ച് താങ്കള്‍ നല്‍കിയ റിപ്പോര്‍ട്ട് എന്‍.എച്ച്.ആര്‍.സിയും സുപ്രീം കോടതിയെ തള്ളിയിരുന്നു. എന്താണ് ആസാമിലെ ഡിറ്റന്‍ഷന്‍ ക്യാമ്പുകളുടെ യഥാര്‍ത്ഥ അവസ്ഥ, അത് ഒരു ജയിലിന് സമാനമായാണോ അനുഭവപ്പെട്ടത്?
ആസാമിലെ ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ ജയിലിനേക്കാള്‍ പരിതാപകരമായ ദുരിതങ്ങളിലാണ് കഴിയുന്നത്. അത് ജയിലിനുള്ളിലെ മറ്റൊരു ജയിലാണ്. ജയില്‍ തടവുകാര്‍ക്ക് കിട്ടുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. ജയിലില്‍ ആഴ്ചയില്‍ കുടുംബങ്ങള്‍ക്ക് തടവുപുള്ളിയെ സന്ദര്‍ശിക്കാം. ഇവിടെ അങ്ങനെ ഒരവസരം തന്നെയില്ല. പത്രങ്ങളോ ടിവിയോ ഇവര്‍ക്ക് കാണാനാവില്ല. പരോളിനോ ജാമ്യത്തിനോ ഉള്ള സാധ്യതകളില്ല. കുടുംബങ്ങള്‍ വേര്‍പ്പെട്ടുകിടക്കുന്നു. ഭാര്യയും ഭര്‍ത്താവും മക്കളും വ്യത്യസ്ത ജയിലുകളില്‍ കഴിയുന്ന ഭയാനകമായ അവസ്ഥ തന്നെയാണ് അവിടെ. ഒരു പക്ഷെ 2018 ആഗസ്റ്റു മുതല്‍ അവര്‍ പുറംലോകവുമായി ബന്ധപ്പെട്ടിട്ടുണ്ടാകില്ല.
അതിലേറെ ഭയാനകരമെന്നത് ഈ ക്യാമ്പ് നിവാസികളുടെ ഭാവി എന്താണെന്ന ആശങ്കയാണ്. ബംഗ്ലാദേശിന് കൈമാറുകയെന്നോ ബംഗ്ലാദേശ് അവരെ സ്വീകരിക്കണമെന്നോ ഭരണകൂടത്തിന്റെ ആലോചനയില്‍ പോലുമില്ല. അഥവാ, ഇവരെ ജീവിതാന്ത്യം വരെ ഈ ക്യാമ്പുകളില്‍ തന്നെ അധിവസിപ്പിക്കുകയാവും സംഭവിക്കുന്നത്. റോഹിങ്ക്യയില്‍ സംഭവിക്കുന്നതിന് സമാനമായ ദുരനുഭവങ്ങള്‍ തന്നെയാണ് ആസാമിലെയും ക്യാമ്പുകളില്‍. പഴയ നാസി ജര്‍മനിയില്‍ മതാടിസ്ഥാനത്തില്‍ നിര്‍മിച്ച ക്യാമ്പുകള്‍ക്ക് സമാനമായി മാറാന്‍ അധികം താമസമുണ്ടാകില്ല. ആഗോളമാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും ഇതില്‍ കൂടുതല്‍ ഗൗരവത്തോടെ ഇടപെടേണ്ടതുണ്ട്. അതു പരിഹരിക്കാന്‍ ഫോറിന്‍ ട്രൈബ്യൂണലുകളാണുള്ളത്. അത് വലിയ തട്ടിപ്പാണ്. അവരെ നിയമിക്കുന്നതും തുക നല്‍കുന്നതുമൊക്കെ സംസ്ഥാന ഭരണകൂടമാണ്. അവര്‍ക്കവരുടെതായ ടാര്‍ജറ്റുകള്‍ കവര്‍ ചെയ്യുക എന്നതാണ് പ്രധാനം. ഈ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിക്കൊണ്ടാണ് ഞാന്‍ എന്‍.എച്ച്.ആര്‍.സിക്ക് ആ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പക്ഷെ അവരതനുസരിച്ച് മുന്നോട്ടുപോകാന്‍ തല്‍പരരായിരുന്നില്ല. ആ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുക എന്നത് മാത്രമായിരുന്നു എനിക്ക് മുമ്പിലെ പോംവഴി. സൂപ്രീം കോടതിയിലും അതെ സംബന്ധിച്ച് ഞാനൊരു പെറ്റീഷന്‍ സമര്‍പ്പിച്ചിരുന്നു. പക്ഷെ അതിനെ മുന്‍വിധി മാത്രമാണെന്ന് വിശേഷിപ്പിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തള്ളുകയായിരുന്നു. എന്നെ ആ സ്ഥാനത്ത് നിന്ന് അദ്ദേഹം പുറത്താക്കുകയും ചെയ്തു.
ആസാമില്‍ സര്‍ക്കാറിന്റെ നടപടികളുടെ ഗതിവിഗതികള്‍ വീക്ഷിച്ചുകൊണ്ടേയിരിക്കേ തന്നെ ഒരപകടസാധ്യത ഞാന്‍ മണത്തിരുന്നു. ഇത്തരത്തിലുള്ള വിവേചനപരമായ നടപടികളെക്കുറിച്ചും അവയുടെ തീക്ഷ്ണമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഞാനെപ്പോഴും സംസാരിക്കുകയും ലേഖനങ്ങളും മറ്റും ഇടയ്ക്കിടെ എഴുതിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നെപ്പോലെ പലരും ഈയൊരപകട സാധ്യതയെ തിരിച്ചറിയുകയും അത് നടപ്പില്‍ വന്നാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് സാമാന്യജനങ്ങളെ ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
ഫാഷിസം ഫീഡ്‌സ് അംനേഷ്യ എന്ന് നാം എപ്പോഴും പറയാറുണ്ട്. ഫാഷിസം പലതും നമ്മെ മറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. നിങ്ങളുടെ ഈ വര്‍ഷമിറങ്ങിയ പുസ്തകവും മുന്നോട്ടുവെക്കുന്നത് നാം ഇന്ത്യയുടെ ചരിത്രത്തില്‍ ചില പ്രത്യേക സംഭവങ്ങളെ കുറിച്ച് നിരന്തരം ഓര്‍ക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചാണ്. എങ്ങനെയാണ് ഓര്‍മയെയും മറവിയെയും ഫാഷിസം മുതലെടുക്കുന്നത്, നിയന്ത്രിക്കുന്നത്?
നാം ഒരുപാട് കാര്യങ്ങളെ മറക്കണമെന്ന് അവരാഗ്രഹിക്കുന്നുണ്ട്. ഇന്ത്യാചരിത്രത്തില്‍ നിര്‍ണായകമായ ഇടപെടലുകള്‍ക്ക് അവരുടെ പ്രപിതാക്കള്‍ മുതിര്‍ന്നിട്ടില്ല എന്നതു കൊണ്ട് തന്നെ തങ്ങളുടെ ഭൂതത്തെ മറച്ചുവെച്ച് യഥാര്‍ഥ രാജ്യസ്‌നേഹവും രാഷ്ട്ര ഭക്തിയും തങ്ങളുടെതാണെന്ന അവകാശവാദം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമമായാണ് ഇന്ത്യന്‍ ഫാഷിസം മറവിയെ പ്രചോദിപ്പിക്കുന്നത്. അവരെല്ലാം മറപ്പിച്ചുകളയുക മാത്രമല്ല, പുതുതായ ചില ഓര്‍മകളെ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്.
ഗാന്ധിജിയെ തങ്ങളുടെ വികസന പ്രവവര്‍ത്തനങ്ങളുടെ ഊര്‍ജ്ജ സ്രോതസായവതരിപ്പിക്കുന്നതിനു പിന്നിലെ തന്ത്രം മറ്റൊന്നുമല്ല. സാമുദായിക ഐക്യത്തിന് പിന്നിലെ ചാലകശക്തിയായി വര്‍ത്തിച്ച ഗാന്ധിജിയുടെ യഥാര്‍ഥ ഇമേജിനെ മാറ്റി തല്‍സ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും മാത്രം താത്പര്യപ്പെട്ടിരുന്ന മറ്റൊരു ഗാന്ധിയെന്ന ഓര്‍മയെ അവര്‍ സൃഷ്ടിക്കുന്നു. ഹിന്ദുത്വയുടെ ഹിംസാത്മകമായ സ്വാധീനം ശക്തമായുണ്ടായിരുന്ന ഹിന്ദുമതത്തിനുള്ളില്‍ നിന്ന് ഇന്ത്യയുടെ നിര്‍മാണം സാധ്യമാകില്ലെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് അംബേദ്കര്‍ ഹിന്ദുമതം വിട്ടത്. എന്നാല്‍ അദ്ദേഹം പോലും ഹിന്ദുത്വയുടെ വക്താവായി ഇന്ന് ചിത്രീകരിക്കപ്പെടുന്നു. യുക്തിവാദിയും തനി കമ്മ്യൂണിസ്റ്റ്കാരനുമായ ഭഗത് സിങ്ങിനെയും തങ്ങളുടെ പ്രചരണവേദികളില്‍ നിര്‍ലജ്ജം അവര്‍ ഉപയോഗപ്പെടുത്തുന്നു. തങ്ങള്‍ ഉപാസിക്കുന്നു എന്നവകാശപ്പെടുന്ന ഭരണഘടനാ തത്വങ്ങളെ പൂര്‍ണമായും അതിലംഘിക്കുകയും നിന്ദിക്കുകയും ചെയ്ത് തങ്ങളുടെ വൈരുധ്യാത്മക നിലനില്‍പിനെ കൂടുതല്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഹിന്ദുത്വ ശക്തികള്‍.
അതിനാല്‍ തന്നെ തങ്ങളുടെ ചരിത്രത്തെയും അതിന്റെ അനര്‍ഘനിമിഷങ്ങളെയും കുറിച്ച് കൃത്യമായ ഓര്‍മകള്‍ ഉണ്ടാവുകയാണ് ആദ്യം നമുക്ക് വേണ്ടത്. ഇന്ത്യയുടെ ഗതകാല ചരിത്രത്തിന്റെ ഏറിയ പങ്കിനെയും നിര്‍വചിച്ച മതസൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹാദരവിന്റെയും മാനങ്ങളെക്കുറിച്ചുള്ള ഓര്‍മകളെ ഉദ്ഖനനം ചെയ്‌തെടുത്ത് മതേതരമൂല്യങ്ങളില്‍ നാമര്‍പ്പിച്ച വിശ്വാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നാം നമ്മെ തന്നെ ബോധ്യപ്പെടുത്താനായിരിക്കുന്നു.
ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രത്തെ യഥാവിധി പുനര്‍നിര്‍മിക്കണമെന്നുണ്ടെങ്കില്‍ ചില നിര്‍ണായക നിമിഷങ്ങളെ സംബന്ധിച്ചുള്ള ഓര്‍മയെ പുനരാവിഷ്‌കരിക്കേണ്ടതുണ്ട്. വര്‍ത്തമാന ഇന്ത്യയില്‍ നിന്ന് ഏറെ വ്യത്യസ്തമായ മതകീയവും സാമൂഹികവുമായ പരിപ്രേക്ഷ്യങ്ങളെ ഉള്‍വഹിച്ചിരുന്ന സ്വാതന്ത്ര്യാനന്തര ഇന്ത്യയെ ഇന്നത്തെ തലമുറ അനുഭവിച്ചറിഞ്ഞിട്ടില്ല. ഹിന്ദു-മുസ്്‌ലിം ഐക്യവും മതസഹിഷ്ണുതയും മുഖമുദ്രയായിരുന്ന അക്കാലത്തു നിന്നും മതവിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞ കലികാലത്തിലേക്ക് ഇന്ത്യ ചുവടുമാറുന്നത് ബാബരി ധ്വംസനത്തോടുകൂടിയാണ്. മതേതര, ജനാധിപത്യമൂല്യങ്ങളുടെ മൗലികമായ അടിത്തറക്കു മേല്‍ സുഭദ്രമായി സംരക്ഷിക്കപ്പെട്ടിരുന്ന സഹവര്‍ത്തിത്വത്തിന്റേയും വൈവിധ്യങ്ങളെ ഏകോപിപ്പിച്ച് നിര്‍ത്തിയിരുന്ന പരസ്പര ഹൃദയതാള ഐക്യത്തിന്റെയും കെട്ടുമതിലുകള്‍ തകര്‍ന്നടിയുന്നത് അതോടുകൂടിയാണ്. അശുഭസൂചകമായി ഇന്ത്യ മാറാന്‍ തുടങ്ങിയ നിമിഷം. എന്നാല്‍ ഈ മാറ്റം സംഭവിക്കുന്നതിനു മുമ്പുള്ള ഇന്ത്യയില്‍ ജീവിച്ചിട്ടില്ലാത്ത വര്‍ത്തമാന ഇന്ത്യയുടെ പകുതിയോളം വരുന്ന തലമുറ പഴയകാല സ്മരണകളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടു തകര്‍ന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ മൂല്യങ്ങളുടെ പുനക്രമീകരണത്തിനായി തെരുവിലിറങ്ങുന്നത് അത്യന്തം ആശാവഹമായ കാര്യമാണ്. പഴമയുടെയും പലമയുടെയും കാഴ്ചപ്പാടുകളുടെ ക്രിയാത്മകവും പ്രയോഗികമായ പുനരാവിഷ്‌കാരം നടത്താന്‍ അവര്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയില്‍ ഇന്ന് നാഷണലിസം, സെക്കുലറിസം തുടങ്ങിയ സംജ്ഞകള്‍ ഏറെ ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് വിധേയമായിരിക്കുകയാണ്. യഥാര്‍ഥത്തില്‍ ഇവയുടെ ഇന്ത്യയിലെ സാധ്യത എന്താണ്. അതിനെ ഏതൊക്കെ തരത്തിലാണ് നാം മനസ്സിലാക്കേണ്ടത്?
നാഷണലിസത്തിന് രണ്ട് രൂപങ്ങളുണ്ട്. ഒന്ന് ടാഗോറും ഗാന്ധിയുമെല്ലാം ഉയര്‍ത്തിപ്പിടിച്ച അപരരില്ലാത്ത ദേശീയത. മറ്റൊരു രൂപം പാകിസ്താനും ഇസ്രായേലുമൊക്കെ ഉയര്‍ത്തിപ്പിടിക്കുന്ന പുറന്തള്ളലിന്റെ ദേശീയതയാണ്. ഫാഷിസം മുന്നോട്ടുവെക്കുന്നത് അത്തരമൊരു ദേശീയരൂപമാണ്. രാജ്യസ്‌നേഹത്തിന് അപരവിദ്വേഷം അനിവാര്യമാണെന്ന നിലപാടിലുറച്ച സങ്കുചിത രീതിയാണവരുടെത്.
ഇന്ത്യയുമായി ബന്ധപ്പെടുത്തി സെക്കുലറിസത്തെ നിര്‍വചിക്കുമ്പോള്‍ മതനിരാസത്തിന് പകരം എല്ലാ മതങ്ങള്‍ക്കും തുല്യമായ പരിഗണന നല്‍കുക എന്നതാണ് അതര്‍ഥമാക്കുന്നത്. വിവിധങ്ങളായ മതകീയ സ്വത്വങ്ങള്‍ പരസ്പരം ഇണങ്ങിച്ചേര്‍ന്നു കഴിയുന്നതിനെയാണത് കുറിക്കുന്നത്. മതേതരത്വ നിര്‍മിതിക്കുവേണ്ടി സുധീരം പോരാടിയ രണ്ടു പേര്‍, ഗാന്ധിയും ആസാദും, ആഴത്തില്‍ മതബോധം പുലര്‍ത്തിക്കൊണ്ടാണ് സെക്കുലറിസത്തെ നിര്‍മിച്ചത്. എന്നാല്‍ തമാശയെന്നോണം ഹിന്ദുത്വയുടെ ആശയനിര്‍മാതാവായ സവര്‍ക്കര്‍ തന്നെ പരിഗണിച്ചത് ഒരു നിരീശ്വരവാദിയായിട്ടായിരുന്നു. ജാതിമത മതില്‍ക്കെട്ടുകള്‍ക്കപ്പുറത്ത് നിന്നുള്ള വിശാലമായ വീക്ഷണകോണിലൂടെ തങ്ങളെ രൂപപ്പെടുത്തിയ നേതാക്കളാണ് ഇന്ത്യയുടെ ജനാധിപത്യ, മതേതരത്വസംസ്‌കാരത്തെ നിര്‍മിച്ചെടുത്തത്.
ഹര്‍ഷ് മന്ദര്‍ /
മുഹമ്മദ് കെ, ഖിദ്ര്‍ പിടി