മഹാത്മാ ഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് ഹൃസ്വമായൊരു ലേഖനം മുമ്പ് തെളിച്ചത്തിലെഴുതിയിട്ടുണ്ട്. ഗാന്ധിയില്‍ നിന്ന് തന്നെ സംഭാഷണം ആരംഭിക്കാമെന്ന് തോന്നുന്നു.
ഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് സവിശേഷമായ പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. രാഷ്ട്രീയത്തില്‍ ദൈവശാസ്ത്രപരമായ ഇടപെടലുകള്‍ നടത്തിയെന്നതാണ് ഗാന്ധിയുടെ സവിശേഷത. ആധുനികതയെയും അതിന്റെ ഉത്പന്നമായ രേഖീയമായ കേവല യുക്തിയെയും ഗാന്ധി നിരാകരിച്ചു. മോഡേണ്‍ മെഡിസിനുകള്‍ ഉപേക്ഷിച്ച് മതകീയ പാരമ്പര്യമുള്ള ചികിത്സാരീതികള്‍ പരീക്ഷിച്ച വ്യക്തിയാണ് ഗാന്ധി. യുക്തിചിന്തയെ അട്ടിമറിക്കാനും യുക്ത്യാതീതമായ ദൈവശാസ്ത്ര തലങ്ങള്‍ സ്വാംശീകരിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമായിരുന്നു അത്. അതില്‍ താന്‍ പരാജയപ്പെടുകയാണെങ്കില്‍ തന്നെ ഒരു കപടനാട്യക്കാരനായി മനസ്സിലാക്കാമെന്ന് ഗാന്ധി പറഞ്ഞു. ഗാന്ധിയുടെ ഈ നിലപാടിന് സവിശേഷമായ പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. സെക്കുലറാവുക, ലിബറലാവുക എന്നത് മാത്രം രാഷ്ട്രീയ ശരികളായി മനസ്സിലാക്കുന്ന കാലമാണിത്. അതല്ലാത്തതിനെയെല്ലാം നിരാകരിക്കുക എന്നിടത്താണ് ഈ നിലപാടിന്റെ ഊന്നല്‍. ശരിയുടെ ഏകമാനമായ സ്വരൂപമായി സ്വയം അവരോധിക്കുന്നത് വഴി വൈവിധ്യങ്ങളുടെ തിരസ്‌കരണം എന്ന ഹിംസ രൂപപ്പെടുന്നുണ്ട്. അത് ഫാസിസമാണ്. യാഥാര്‍ത്ഥ്യം വളവുകളും തിരിവുകളുമുള്ളതാണ്.
ദൈവശാസ്ത്രപരമായ ആലോചനകള്‍ക്ക് ഈ പരിമിതികളെ മറികടക്കാനാവുന്നതെങ്ങനെയാണ്?
എന്നെ സംബന്ധിച്ച് ദൈവശാസ്ത്രപരമായ രാഷ്ട്രീയാലോചനകളുടെ പ്രസക്തി അവ അനന്തമായ സാധ്യതകളിലേക്കുള്ള പ്രവേശന കവാടമാണ് എന്നതാണ്. പരലോകം അതല്ലെങ്കില്‍ ദൈവം എന്ന സമ്പൂര്‍ണ നീതിയുടെ സാധ്യത അത് മുന്നോട്ട് വെക്കുന്നു. വ്യക്ത്യാധിഷ്ഠിതമാണ് ആ ലോകം. സകല വൈവിധ്യങ്ങളും അത് സംവഹിക്കുന്നു. ഒരര്‍ഥത്തില്‍ എല്ലാ രാഷ്ട്രീയ വീക്ഷണങ്ങളും മുന്നിലൊരു പരലോകത്തെ പ്രതിഷ്ഠിച്ച് പ്രബോധനം ചെയ്യുകയാണെന്ന് കാണാം. മാര്‍ക്‌സിസം ക്ലാസ്‌ലെസ് സമൂഹമെന്ന പരലോകത്തിലേക്ക് ക്ഷണിക്കുന്നു. അത് സാധ്യമാക്കാന്‍ ത്യാഗസന്നദ്ധരാവാന്‍ ജനങ്ങളെ ഉദ്്‌ബോധിപ്പിക്കുന്നു. അവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നു. യുക്തിവാദവും ചെയ്യുന്നത് തന്നെ. ലോകത്തെ സകല പ്രശ്‌നങ്ങളും യുക്തികൊണ്ട് പരിഹരിക്കുന്ന പരലോകം അവര്‍ സ്വപ്‌നം കാണുന്നു. ഇവയൊക്കെയും അഹംഭാവവും തന്‍പോരിമയും കൈമുതലായുള്ള ഉട്ടോപ്യന്‍ സങ്കല്‍പങ്ങളാണ് എന്നതാണ് ശരി.
നിലവില്‍ എന്തെല്ലാം രാഷ്ട്രീയപ്രതിസന്ധികളാണ് നമുക്ക് ചുറ്റും. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ഭൗതികമായ പരിഹാര മാര്‍ഗങ്ങളുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പ്രശ്‌നങ്ങളെല്ലാം ഒഴിഞ്ഞൊരു ലോകം ഞാന്‍ പ്രതീക്ഷിക്കുന്നുമില്ല. അവിടെ ജീവിക്കാന്‍ തിയോളജിക്കലായ രാഷ്ട്രീയ ബോധമാണ് അനിവാര്യമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
മതം വ്യക്തിനിഷ്ഠമാണെന്ന് പറഞ്ഞുവല്ലോ?
അതേ മതം വ്യക്തിനിഷ്ഠമാണ്. എന്റെ മതമല്ല നിങ്ങളുടെ മതം. നിങ്ങളും അല്ലാഹുവുമായുള്ള ബന്ധമാണത്. നിങ്ങള്‍ തന്നെ രൂപപ്പെടുത്തുന്നതും നിങ്ങളാല്‍ പരിപാലിക്കപ്പെടുന്നതും. കെ.ഇ.എന്‍ പറഞ്ഞ ഒരു സംഭവം പറയാം, കെ.ഇ.എന്നിന്റെ മാതാവ് ഖുര്‍ആന്‍ പാരായണം ചെയ്യാറുണ്ടായിരുന്നു. അവര്‍ക്ക് അറബി ഭാഷയറിയില്ലെന്ന് കെ.ഇ.എന്നിനറിയാം. ഒരിക്കല്‍ അവരോട് കെ.ഇ.എന്‍ ചോദിച്ചു: ‘നിങ്ങളീ ഓതുന്നതിന്റെ അര്‍ത്ഥം എന്താണെന്നറിയുമോ?’ ‘എനിക്കറിയില്ലെങ്കിലും എന്റെ അല്ലാക്കറിയാം’ ഇതായിരുന്നു മറുപടി. ഇതാണ് മതത്തിന്റെ ലളിതമായ യുക്തി. പരാവര്‍ത്തനം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നതാണത്. കവിതയെ കുറിച്ച് പ്രസിദ്ധമായൊരു വചനമുണ്ട്. ുീലാ ശ െംവമ േശ െഹീേെ ശി ൃേമിഹെമശേീി.കവിതയെന്നാല്‍ പരിഭാഷ ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നതാണ് എന്നര്‍ത്ഥം. ചില പണ്ഡിതര്‍ തന്നെ ഖുര്‍ആന്‍ ഭാഷാന്തരം ചെയ്യുന്നതിനെ വിമര്‍ശിച്ചിട്ടുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. പഴഞ്ചനായി തള്ളിക്കളയേണ്ടതല്ല ആ അഭിപ്രായമെന്നാണ് എന്റെ നിഗമനം.
യുക്തിചിന്ത ഹിംസാത്മകമാവുന്നതിനെ കുറിച്ച്?
നിരവധി ഉദാഹരണങ്ങളുണ്ട്. അടിക്കടിയുണ്ടാവുന്ന ഒരു ഉദാഹരണമെടുക്കാം. പര്‍ദയും നിഖാബുമണിഞ്ഞ ഒരു മുസ്്‌ലിം പെണ്‍കുട്ടിയെ യുക്തിവാദി കാണുന്നു. ഉടന്‍ അവനൊരു തീര്‍പ്പിലെത്തുന്നു, ഇവളിത് അണിയാന്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. ഈ തീര്‍പ്പ് മറ്റൊരു തീര്‍പ്പിലേക്ക് നയിക്കുന്നു, ഇവളെ രക്ഷിക്കണം, അതെന്റെ ചുമതലയാണ്. ഉടനെ ഫ്‌ളാഷ് മോബായി, പ്രതിഷേധങ്ങളായി. ഈ യുക്തിചിന്ത കൊണ്ട് എത്രയെളുപ്പമാണ് ഒരു യുവതിയുടെ ഏജന്‍സി യുക്തിവാദി നിഷേധിച്ചത്. അവളെ ചിന്താശേഷിയും യുക്തിബോധവുമില്ലാത്ത കേവല രൂപമായി വിധിച്ചത്. ഉദാത്തവും അനുയോജ്യവുമായ ഏക ജീവിതപദ്ധതി യൂറോ സെന്‍ട്രിക്കാണെന്ന് തീരുമാനിച്ച് കളഞ്ഞത്!
ഏകീകൃതമാവുക എന്നത് സ്റ്റേറ്റിന്റെ സ്വാഭാവമാണ്. ഏകയുക്തിയുടെ വേലിക്കെട്ടുകള്‍ക്കകത്തേക്ക് ഒതുക്കാന്‍ കഴിയാത്തതൊക്കെ അപഭ്രംശമായി മനസ്സിലാക്കുന്നു. എനിക്കെന്റെ യുക്തി എന്നതിനൊപ്പം അപരനും അതേ യുക്തി വേണമെന്ന ശാഠ്യം രൂപപ്പെടുന്നു. വ്യക്ത്യാനുഭവങ്ങളുടെ വൈവിധ്യത്തെ നിരാകരിക്കുന്നു. നിരീശ്വരവാദിയായി ദീര്‍ഘകാലം ജീവിച്ച വ്യക്തിയാണ് ഒ.വി വിജയന്‍. എന്നാല്‍ വാര്‍ധക്യ കാലത്തെ രോഗപീഡകള്‍ അദ്ദേഹത്തെ ദൈവവിശ്വാസിയാക്കി. വിശ്വാസിയായി, നാരായണ ഗുരുവിന്റെ ശിഷ്യനായി, ജീവിച്ചിരുന്ന വ്യക്തിയായിരുന്നു കുറ്റിപ്പുഴ കൃഷ്ണപിള്ള. നാരായണ ഗുരുവിനെ വാര്‍ധക്യത്തില്‍ പിടികൂടിയ മൂത്രസംബന്ധിയായ ചില രോഗങ്ങള്‍ നേരിട്ട് കണ്ട കുറ്റിപ്പുഴ നിരീശ്വരവാദിയായി. ഗുരുവിനോളം ദിവ്യത്വമുള്ള ഒരാള്‍ക്കുണ്ടാവുന്നതാണ് രോഗമെങ്കില്‍ പിന്നെ ദൈവമുണ്ടാവില്ലെന്നായിരുന്നു കുറ്റിപ്പുഴയുടെ യുക്തി പറഞ്ഞത്. രോഗമെന്ന ഒരേ ശാരീരികാനുഭവം രണ്ട് വ്യത്യസ്ത തീരുമാനങ്ങള്‍ക്ക് പിറകെ രാസത്വരകമായി പ്രവര്‍ത്തിച്ചുവെങ്കില്‍ എല്ലാം ശാസ്ത്രീയ യുക്തിയുടെ അളവ് കോലനുസരിച്ച് ഏകമാനകമായിരിക്കണം എന്ന് പറയുന്നത് എത്ര അസംബന്ധമാണ്? ഒരാള്‍ക്ക് ദൈവാനുഭവമാവുന്നത് മറ്റൊരാള്‍ക്ക് ദൈവാഭാവമാവാം.
മുസ്്‌ലിം സ്ത്രീയുടെ ഏജന്‍സി നിരാകരിക്കാന്‍ അടിക്കടി ഉപയോഗിക്കുന്ന ഒരു വാദഗതിയാണ് സോഷ്യല്‍ കണ്ടീഷനിംഗ്.
ആരാണ് സോഷ്യല്‍ കണ്ടീഷനിംഗിന് വിധേയമാവാത്തവര്‍. പ്ലാറ്റോ മനുഷ്യനെ വിശേഷിപ്പിക്കുന്നത് പൊളിറ്റിക്കല്‍ അനിമല്‍ എന്നാണ്. അതായത് സാമൂഹിക ജീവി. ചുറ്റുമുള്ള സമൂഹവും സാഹചര്യവുമാണ് അവനെ പരുവപ്പെടുത്തുന്നത്. യുക്തിവാദിയുടെ മകന്‍ യുക്തിവാദിയായി മാറുന്നത് എന്തുകൊണ്ടാവും? ചെറിയ മകനെ വിളിച്ചടുത്തിരുത്തി മോനേ… ദൈവമില്ല എന്ന് പറഞ്ഞ് പഠിപ്പിക്കുന്ന നിരീശ്വരവാദിയെ ഞാന്‍ കണ്ടിട്ടുണ്ട്.
സെക്കുലറിസം അഥവാ മതേതരത്വം. രാഷ്ട്രീയത്തില്‍ നിന്ന് മതം മാറ്റി നിര്‍ത്തുന്നതിനെ കുറിച്ച്?
ഒരു വിശ്വാസിയെ സംബന്ധിച്ച് മതം ഇതരമായൊന്നുമില്ല തന്നെ. അവന്റെ ജീവിതം തന്നെ മതസഹിതമാണ്. ഇതുള്‍ക്കൊള്ളാന്‍ സെക്കുലറിസ്റ്റുകള്‍ക്ക് സാധിക്കുന്നില്ല എന്നതാണ് ദാരുണം. താനല്ലാത്തതെല്ലാം അവന് മുന്നില്‍ അപരനാണ്. എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതാണ്. എന്നാല്‍ ഒരു വിശ്വാസിക്ക് അങ്ങനെയാവാനാവില്ല. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പഠിപ്പിച്ച നാരായണ ഗുരുവിനോടാണ് ശിഷ്യനായ സഹോദരന്‍ അയ്യപ്പന്‍ ഒരു ജാതിയുമില്ല, ഒരു മതവുമില്ല, ഒരു ദൈവവുമില്ല എന്ന് തിരുത്തിപ്പറയുന്നത്. ഗുരുവിന് ശിഷ്യനെ ഉള്‍ക്കൊള്ളാനായി. സഹോദന്‍ അയ്യപ്പന്റെ നിരീശ്വര പ്രസ്ഥാനത്തെ കുറിച്ച് ആവലാതി ബോധിപ്പിച്ച ശിഷ്യരോട് ഗുരു പറഞ്ഞത് അവന്‍ ദൈവമില്ലെന്ന് പറയുന്നുവെങ്കിലും അവന്റെ പ്രവര്‍ത്തിയില്‍ ദൈവമുണ്ടെന്നാണ്.
മതം വ്യക്തിനിഷ്ഠമാണെന്ന് പറയുമ്പോള്‍ അതൊരു വ്യവസ്ഥിതിയായി മാറുന്നത് കാണാതെ പോവുകയാണോ?
ഞാന്‍ പറയുന്ന മതം എല്ലാ മതങ്ങളുമല്ല. ഹിന്ദൂയിസത്തെ ഞാനൊരു മതമായി കാണുന്നില്ല. എവിടെയും പാര്‍ന്ന് വെക്കാവുന്ന വെള്ളമാണ് ഹിന്ദൂയിസം. ഇന്നെത്രയെളുപ്പമാണ് ഫാസിസ്റ്റ് ശക്തികള്‍ ഹൈന്ദവ ദര്‍ശനങ്ങളെ ഹൈജാക്ക് ചെയ്തത്. ഇസ്്‌ലാമിനെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ഇസ്്‌ലാം ഒരു സമഗ്രമായ ജീവിത ദര്‍ശനമാണ്. വിപ്ലവാത്മകതയാണ് അതിന്റെ ആത്മാവ് നിറയെ. പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഏകാധിപത്യത്തിനെതിരെ അമേരിക്കന്‍ കോളനികളില്‍ നടന്ന വിപ്ലവത്തില്‍ ഉയര്‍ന്നുകേട്ട മുദ്രാവാക്യം ിീ മേഃമശേീി ംശവേീൗ േൃലുൃലലെിമേശേീി രാഷ്ട്രീയ പ്രാതിനിധ്യമില്ലാതെ കരമൊടുക്കുകയില്ല എന്നായിരുന്നു. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ക്ക് കരമൊടുക്കുകയില്ലെന്ന് പ്രഖ്യാപിച്ച ഒരു ധീരനുണ്ട് മലബാറില്‍. വെളിയങ്കോട്ടെ ഉമര്‍ ഖാദി. അല്ലാഹുവിന്റെ ഭൂമിക്ക് ഒരു വിദേശിക്കും മുന്നില്‍ കരമൊടുക്കേണ്ടതില്ലെന്നായിരുന്നു ആ ധീരശബ്ദം. ഭൗതികത രാഷ്ട്രീയത്തെ വിവക്ഷിക്കുന്നത് അധികാരത്തിന്റെ രൂപപ്പെടുത്തലും പങ്കുവെക്കലും എന്നാണ്. എന്നാല്‍ സര്‍വാധികാരങ്ങളും ഏകനായ അല്ലാഹുവിലര്‍പ്പിക്കുന്ന ദര്‍ശനപരതയാണ് ഇസ്്‌ലാം.
വിശ്വാസികളുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കേരളത്തിലെ യുക്തിവാദികള്‍. സമൂഹമാധ്യമങ്ങളും പൊതുവേദികളും ഇതിനായി നിരന്തരം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
എത്ര യുക്തിഹീനമാണ് ഈ പ്രവര്‍ത്തനങ്ങളെന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. രാഷ്ട്രീയത്തില്‍ വേരുറപ്പിച്ച ഫാസിസ്റ്റ് ശക്തികള്‍ മുസ്്‌ലിം എന്ന അപരനെ സൃഷ്ടിക്കാനുള്ള നിരന്തരശ്രമത്തിലാണെന്ന് അറിയാത്തവരല്ല ആരും. ന്യൂനപക്ഷ വിരുദ്ധത എന്ന വിശാലപ്രയോഗത്തിലൊതുക്കേണ്ടത് അത്. തികഞ്ഞ മുസ്്‌ലിം വിരുദ്ധതയാണ് സംഘപരിവാര്‍ മുന്നോട്ട് വെക്കുന്നത്. ന്യൂനപക്ഷങ്ങളെയൊക്കെ ഒരുവിധം സ്വാംശീകരിക്കാന്‍ അവര്‍ ഒരുക്കമാണ്. ന്യൂനാല്‍ ന്യൂനപക്ഷമായ ജൈനമതാനുയായിയാണ് ബി.ജെ.പി പ്രസിഡണ്ട് അമിത് ഷാ. ഇത്ര ഭീകരമായ അന്തരീക്ഷത്തിലും മുസ്്‌ലിമിനെ അപരസ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ യുക്തിവാദികള്‍ പ്രയത്‌നിക്കുന്നതിനെ നിഷ്‌കളങ്കമായി മനസ്സിലാക്കുക സാധ്യമല്ല. യുക്തിവാദികള്‍ വിശ്വസിക്കുന്ന സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ് എന്ന പ്രകൃതി നിയമമനുസരിച്ച് തന്നെ മതങ്ങള്‍ അതിജീവിക്കുന്നതും അതിജീവിക്കേണ്ടതുമാണ്. നിലവില്‍ നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നം മതവിശ്വാസമാണെന്ന് യുക്തമായി ചിന്തിക്കുന്നവര്‍ക്ക് പറയുക സാധ്യമാണോ? പ്രവര്‍ത്തനങ്ങളിലും മുന്‍ഗണനാക്രമം പാലിക്കുകയെന്നതല്ലേ യുക്തിസഹം. രേഖീയമായ യുക്തിയുടെ ഫാസിസ്റ്റ് സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുക വഴി ഇവര്‍ കാണുന്ന ആത്യന്തിക ലക്ഷ്യമെന്താണ്? സംവാദക്ഷമമായ അന്തരീക്ഷം രൂപീകരിക്കുന്നതിന് പകരം മതങ്ങളെ പിശാചുവത്കരിക്കുന്ന ഹിംസാത്മക യുക്തിവാദമാണ് രവിചന്ദ്രനാദി സോ കാള്‍ഡ് യുക്തിവാദികള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. യുക്തിവാദമായാലും ഇടതുപക്ഷമായാലും സ്വതന്ത്രവും പൂര്‍ണവുമായ നിലനില്‍പില്ല എന്നതാണ് ഇതിന് ഞാന്‍ മനസ്സിലാക്കുന്ന കാരണം. നജ്മല്‍ ബാബു അന്തരിച്ചപ്പോള്‍ ഖബറടക്കുന്നതിനോട് വിയോജിച്ച യുക്തിവാദി കുടുംബത്തിന് അദ്ദേഹത്തെ ദഹിപ്പിക്കുന്നതില്‍ വിയോജിപ്പുകളുണ്ടായിരുന്നില്ല. പര്‍ദയെ ഘോരഘോരം എതിര്‍ക്കുന്ന യുക്തിവാദി വീട്ടില്‍ നിലവിളക്ക് തെളിയിക്കാറുണ്ടാവും. അധീശത്വ സംസ്‌കൃതിയുടെ ഭാഷയും സങ്കേതങ്ങളുമുപയോഗിച്ചാണ് ഈ രാജ്യത്ത് യുക്തിവാദവും ഇടതുപക്ഷവും പ്രവര്‍ത്തിക്കുന്നത്.
മതസഹിതമായ മുസ്്‌ലിം രാഷ്ട്രീയത്തിന്റെ സാധ്യതകളെ കുറിച്ച്?
എ.പി.ജെ അബ്ദുല്‍കലാം ഇന്ത്യയുടെ രാഷ്ട്രപതിയായ സമയം, മനോരമ പത്രത്തില്‍ വന്നത് മൂന്ന് ചിത്രങ്ങളായിരുന്നു; ഒന്ന് ഗീത വായിക്കുന്ന കലാം, രണ്ട് പാശ്ചാത്യ സംഗീതം ശ്രവിക്കുന്ന കലാം, മൂന്ന് പൂര്‍ണ സസ്യാഹാരിയായ കലാം. ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഉള്‍കൊള്ളുക സാധ്യമായ ഒരു മുസ്്‌ലിമിന്റെ ചിത്രമാണിത്. മതസഹിതനായ മുസ്്‌ലിമിനെ ഉള്‍കൊള്ളാന്‍ നമ്മുടെ മുഖ്യധാരക്ക് സാധ്യമല്ല. രാഷ്ട്രീയത്തില്‍ മതകീയനായി നിലകൊള്ളുന്ന നേതാവിനെയാണ് നമുക്കാവശ്യം. കോണ്‍ഗ്രസ് നേതാവായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മതസഹിതനായ രാഷ്ട്രീയ നേതാവായിരുന്നു. മഹാത്മാഗാന്ധിക്ക് മതസഹിതനായ മുസ്്‌ലിമിനെ ഉള്‍കൊള്ളുക സാധ്യമായിരുന്നതിനാലാണ് ഖിലാഫത്ത് പ്രസ്ഥാനവുമായി യോജിച്ച് മുന്നോട്ട് പോവാന്‍ അദ്ദേഹം തയ്യാറായത്. ഖാഇദേ മില്ലത്ത് എന്ന മുസ്്‌ലിം ലീഗ് നേതാവിനെ ഉള്‍കൊള്ളാന്‍ തമിഴ് മക്കള്‍ക്ക് സാധിച്ചതിനാലാണ് അദ്ദേഹത്തെ ‘തങ്കത്തമിഴ് മകന്‍’ എന്ന് വിശേഷിപ്പിക്കാന്‍ അവര്‍ക്കായത്. അദ്ദേഹത്തിന്റെ നാമധേയത്തിലൊരു ജില്ല തമിഴ്‌നാട്ടിലുണ്ട്. കേരളത്തിലെ സ്ഥിതിവിശേഷമതല്ല. പുരോഗമനത്തിന്റെയും പരിഷ്‌കരണത്തിന്റെയും മറവില്‍ കടുത്ത മുസ്്‌ലിം വിരുദ്ധത ഇവിടെ നിറഞ്ഞുനില്‍ക്കുന്നുണ്ട്. മുസ്്‌ലിം ലീഗ് പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ മതസഹിതമായി നിലനില്‍ക്കേണ്ടതിന്റെ അനിവാര്യത ഇവിടെ ഏറെയാണ്. പുരോഗമന ചിന്ത, ലിബറലിസം, സെക്കുലറിസം തുടങ്ങിയ ഗിമ്മിക്കുകളില്‍ അകപ്പെട്ട് മതേതരത്വം പുല്‍കാന്‍ അവര്‍ യത്‌നിക്കേണ്ട കാര്യമെന്താണ്? ഇവിടെയുള്ള തങ്ങന്മാരുടെ നേതൃത്വം സിദ്ധിക്കുന്നിടത്താണ് മുസ്്‌ലിം ലീഗ് ജനകീയമാവുന്നത്. തീര്‍ത്തും മതകീയമായ നേതൃ സംവിധാനമാണത്. രാഷ്ട്രീയത്തില്‍ മതം കലര്‍ത്തുകയോ എന്ന് ആശങ്കപ്പെടുന്നവരോട് ചോദിക്കാനാവണം, ീെ യഹീീറ്യ ംവമ?േ
മതങ്ങളെ നവീകരിക്കാനും പരിഷ്‌കരിക്കാനും നടന്നുവരുന്ന കൊണ്ടുപിടിച്ച ശ്രമങ്ങളെ കുറിച്ച്?
പരിഷ്‌കരണം, നവോത്ഥാനം തുടങ്ങിയ പദങ്ങള്‍ തന്നെ തെറ്റാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അപരിഷ്‌കൃതമോ നീചമോ ആയ അപരനെ മറുവശത്ത് സൃഷ്ടിച്ചുകൊണ്ടുള്ള വ്യവഹാരങ്ങളെയാണ് അവ രൂപപ്പെടുത്തുന്നത്. യൂറോപ്പിനെ അന്ധമായി അനുകരിക്കുന്ന ചിന്താശൂന്യതയുടെ ബൈപ്രൊഡക്റ്റാണ് നവോത്ഥാന പരിഷ്‌കരണാഹ്വാനങ്ങള്‍. പാരമ്പര്യം എന്നാല്‍ ചേതനയറ്റ നിശ്ചലാവസ്ഥയല്ല എന്നതാണ് യാഥാര്‍ഥ്യം. മാറ്റങ്ങളെ ഉള്‍കൊള്ളാനുള്ള മെക്കാനിസം പാരമ്പര്യത്തിനകത്തുണ്ട്. അവ തിരിച്ചറിയാതെ നവോത്ഥാനത്തിന്റെ ചെലവില്‍ വിപ്ലവം പ്രഖ്യാപിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് തിരിച്ചുപിടിക്കാനാവാത്ത വിധം മൂല്യവത്തായ സംസ്‌കാരമാണ്.
ഇസ്്‌ലാം മതത്തിന്റെ യുക്തിയെ കുറിച്ച്?
‘എല്ലാം പടച്ചോനറിയാം’ മതത്തിന്റെ യുക്തിയുടെ കാതലും സൗന്ദര്യവുമാണത്. ലിയോ ടോള്‍സ്‌റ്റോയിയുടെ പ്രസിദ്ധമായ വചനമുണ്ട്, ‘എല്ലാ സന്തുഷ്ട കുടുംബവും ഒരുപോലെയാണ്, എല്ലാ അസന്തുഷ്ട കുടുംബങ്ങളും അവരുടേതായ രീതിയില്‍ അസന്തുഷ്ടരാണ്.’ ഒരു വിശ്വാസിയുടെ കാര്യവും ഇപ്രകാരമാണ്. ദൈവവുമായുള്ള അവന്റെ ബന്ധത്തിലാണ് കാര്യം. അതാവട്ടെ തികച്ചും സ്വകാര്യവും വ്യക്തിനിഷ്ടവും. വിശ്വാസിയെ അളക്കാനോ മാര്‍ക്കിടാനോ മറ്റൊരു വിശ്വാസിക്കാവില്ല. ഒരു യുക്തിവാദിയുടെ കാര്യം വ്യത്യസ്തമാണ്. എന്തെളുപ്പം അവനൊരാളെ അളന്ന് നിജപ്പെടുത്തുമെന്നോ? നജ്മല്‍ ബാബു ഇസ്്‌ലാം മതം ആശ്ലേഷിച്ചപ്പോള്‍ യുക്തിവാദികള്‍ പറഞ്ഞു അതൊരു രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന്. നജ്മലിന്റെ വാക്കുകളെ പോലും അവരുടെ ഹിംസാത്മക യുക്തി നിരാകരിച്ചു. കമലാ സുരയ്യയുടെ കാര്യത്തിലും സമാനമായ സമീപനമായിരുന്നു. തരിമ്പും സംവാദക്ഷമമല്ലാത്ത ഫാസിസ്റ്റ് യുക്തിവാദമാണ് കേരളത്തില്‍ വേരൂന്നിക്കൊണ്ടിരിക്കുന്നത്. ജീവിതത്തിന്റെ പല അടരുകളിലൊന്നില്‍ യുക്തിവാദിയായി കഴിഞ്ഞ വ്യക്തിയാണ് ഞാനും. പക്ഷെ, അപരനോട് സംവദിക്കുവാനും അവന്റെ അനുഭവ തലങ്ങളെ മനസ്സിലാക്കാനും ഞാന്‍ ഒരുക്കമായിരുന്നു. ജവഹര്‍ ലാല്‍ നെഹ്‌റുവും സഹോദരന്‍ അയ്യപ്പനുമൊക്കെ സംവാദാത്മകമായ യുക്തിചിന്തയുടെ വാക്താക്കളായിരുന്നു. ഞാന്‍ മരിച്ചാല്‍ എന്റെ ചിതാഭസ്മം വയലേലകളില്‍ നിമജ്ജനം ചെയ്യണമെന്നായിരുന്നു നെഹ്‌റുവിന്റെ അന്ത്യാഭിലാഷം. ഈ നിലപാടിലൊരു കാവ്യാത്മകതയുണ്ട്. സമീപനങ്ങളില്‍ ധാര്‍മികതയുണ്ട്.
മാനുഷികവും ദൈവികവുമായ ദര്‍ശനങ്ങളെല്ലാം നീതിയുടെ നീട്ടിവെപ്പാണ്. ബസില്‍ വൃദ്ധനായ വ്യക്തിയെ കാണുമ്പോള്‍ സീറ്റില്‍ നിന്നെഴുന്നേറ്റ് കൊടുക്കുന്ന വിശ്വാസി ലക്ഷ്യം വെക്കുന്ന പരലോകപ്രതിഫലത്തെ കുറിച്ച് എം.എന്‍ വിജയന്‍ മാഷ് പറയുന്നുണ്ട്. സ്വാര്‍ത്ഥമായ താല്‍പര്യങ്ങളല്ല, ദൈവശാസ്ത്രപരമായ ജീവിതമാണ് അവന്‍ നയിക്കുന്നത്. ആ ദര്‍ശനത്തിന്റെ സൗന്ദര്യവും സ്ഥിരതയും മനസ്സിലാക്കിയതിനാലാണ് സഹോദരന്‍ അയ്യപ്പനേയും പെരിയാറിനെയും പോലുള്ള വിപ്ലവകാരികള്‍ ഒരു മതം പുല്‍കുന്നുവെങ്കില്‍ അത് ഇസ്്‌ലാമായിരിക്കുമെന്ന് പറഞ്ഞുവെച്ചത്.