സെക്യൂരിറ്റി ഓഫീസര്‍
നേരത്തെ തന്നെ എണീറ്റു
ശുഭ്ര വസത്രങ്ങളണിഞ്ഞു
നട്ട്‌സ് ചേര്‍ത്ത ഹണി ടോസ്റ്റ് കഴിച്ചു
മക്കള്‍ക്കെല്ലാം മുത്തം കൊടുത്ത്
ഭാര്യയെ തീവ്രമായി ആലിംഗനം ചെയ്ത്
അയാള്‍ ജോലിക്കായി ഇറങ്ങി
വെടിവെച്ചുകൊല്ലേണ്ട
പത്തുപേരുടെ ഫയലുകളുണ്ടായിരുന്നു
അയാളുടെ ഡസ്‌കില്‍
മിന്റ് ടീ കുടിക്കുന്നതിനിടെ
അവയെല്ലാം അയാള്‍ ഒപ്പിട്ടുകൊടുത്തു
കൃത്യം പത്തുമണിക്ക്
വെടിവെച്ചുകൊല്ലാന്‍ ഉത്തരവിട്ടു
കൊല്ലുമ്പോള്‍ ഉന്നം തെറ്റിപ്പോയതിന്
ഗണ്‍മാനെ ശാസിച്ച്
തന്റെ കൈത്തോക്കെടുത്ത്്
അവര്‍ക്കുനേരെ
പത്തുതവണ വീണ്ടും നിറയൊഴിച്ചു
തന്റെ ഷിഫ്റ്റ് അവസാനിക്കും മുമ്പ്
കൊല്ലപ്പെട്ടവരുടെ അമ്മമാരെ അയാള്‍ സന്ദര്‍ശിച്ചു
അവരുടെ മക്കളെക്കൊന്ന വെടിയുണ്ടയുടെ വിലയായി
നൂറു ദീനാര്‍ വീതം അടക്കാന്‍ ഉത്തരവിട്ടു
വൈകുന്നേരം,
തന്റെ സഹോദരന്റെ
പിറന്നാള്‍ അയാള്‍ ആഘോഷിച്ചു
രാത്രി,
ഒരൂ രക്തത്തുള്ളി തന്റെ പാദത്തിലേക്കിറ്റിവീഴുന്നത്
കണ്ണാടിയില്‍ അയാള്‍ കണ്ടു
എത്ര കഴുകിയിട്ടും പോയില്ലത്
പതിയെ, അവയെല്ലാം
അയാളുടെ ഹൃദയത്തെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു
കൊല്ലപ്പെട്ടവനും കൊന്നവനും തമ്മില്‍
എന്തു വ്യത്യാസമാണുള്ളത്?