Thelicham

ശേയൂര്‍ പാപ്പ

കഴിഞ്ഞ ക്ലാസിലെ ചോദ്യത്തിലായിരുന്നു ഇന്നത്തെ ക്ലാസ്. നിസ്‌കരിക്കാത്ത ഔലിയാക്കന്മാരെക്കുറിച്ചായിരുന്നു ചോദ്യം. പിരാന്തായ ഔലിയാക്കള്‍ക്ക് നിസ്‌കാരം നിര്‍ബന്ധമില്ലെന്ന് ഉസ്താദ് . ഔലിയാക്കള്‍ക്ക് പിരാന്തോ എന്ന സംശയത്തിന്
‘ഔലിയക്ക് പിരാന്തായാ പിന്നെ തലവേദനയെന്നാണോ പറയാ’. ക്ലാസില്‍ പിന്നെയും ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടായെങ്കിലും എന്റെ ആലോചന മുഴുവന്‍ ‘പിരാന്തന്‍ ഔലിയ’ എന്ന സിനിമയുടെ തിരക്കഥയെ കുറിച്ചും നടനെക്കുറിച്ചുമായിരുന്നതിനാല് ക്ലാസിനൊപ്പം നടന്നെത്താന്‍ എന്റെ മുടന്തന്‍ കേള്‍വിക്കായില്ല. ഫഹദ് ഫാസിലിനേക്കാള്‍ ഈമാനുള്ള മുഖം സൗബിന്‍ ഷാഹിറെന്റേതാണോ ദുല്‍ഖര്‍ സല്‍മാന്റേതാണോ എന്ന ശങ്ക എന്നെ വരിഞ്ഞ് മുറുകി. നോട്ട് ബുക്ക് ഒഴിഞ്ഞ് തന്നെ കിടന്നു.


ശേയൂര്‍ പാപ്പക്ക് വയസ്സ് അമ്പത് കാണുമെങ്കിലും കാഴ്ചയും കേള്‍വിയും മുഖവും എഴുപതിലെത്തിയിരിക്കുന്നു. മുഖം നോക്കി വയസ്സ് പറയാനുള്ള കഴിവില്ലാഞ്ഞിട്ടും അങ്ങനെ തോന്നാന്‍ കാരണം പാപ്പയുടെ ശബ്ദം തന്നെയായിരുന്നു. പാറമേല്‍ ചെരട്ട കൊട്ടുന്ന ശബ്ദമാണ് പാപ്പയുടേതെന്ന് അടക്കം പറഞ്ഞവര്‍ക്കൊക്കെ പടച്ചോന്‍ പണികൊടുത്തത് നാട്ടില്‍ പാട്ടായതില്‍ പിന്നെ പാപ്പയുടെ ശബ്ദത്തെക്കുറിച്ച് മിണ്ടാന്‍ ആര്‍ക്കും ധൈര്യം വന്നില്ല. പാപ്പയെന്നാല്‍ ആദ്യമെത്തുക ശബ്ദം തന്നെയായിരുന്നു.
വൈകുന്നേരങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ചില്ലറ തുട്ടുകള്‍ വീതിച്ചു നല്‍കുന്ന തിരക്കിലായ പാപ്പ വല്ലപ്പോഴും നാണയങ്ങള്‍ക്കൊപ്പം ഉപദേശങ്ങളും നല്‍കി. ഉപദേശങ്ങള്‍ കയ്പ്പായിരുന്നെങ്കിലും പാപ്പയതില്‍ വേണ്ടതിലധികം മധുരം പുരട്ടുകയും പളളിയില്‍ ആളെക്കൂട്ടുകയും ചെയ്തു. ഇതൊക്കെയാണെങ്കിലും പാപ്പ വല്ലപ്പോഴും മാത്രം പള്ളിയിലെത്തുകയും കണ്ണുകള്‍ കൂര്‍പ്പിച്ച് മൂലകളില്‍ പായ കെട്ടി നിസ്‌കരിക്കാതെ മടങ്ങുകയും ചെയ്തു.

പള്ളിയിലെത്തുമ്പോഴൊക്കെ പാപ്പ പള്ളിക്കുളത്തിലേക്ക് തുറിച്ച് നോക്കി. പാപ്പക്ക് വെള്ളമെന്നാല്‍ അലര്‍ജിയായിരുന്നു. വെള്ളത്തിനോടായിരുന്നില്ല , കുളങ്ങളോടും പുഴയോടുമായിരുന്നു വിമ്മിഷ്ടം. കുളിക്കാനോ അംഗശുദ്ധി വരുത്താനോ ഒരു മടിയുമുണ്ടായിരുന്നില്ല. ഓളം വെട്ടുന്നത് കാണുമ്പോഴെല്ലാം പാപ്പക്കുള്ളില്‍ ബാല്യം തികട്ടി വന്നു. പുഴക്കരയില്‍ തന്നെയായിരുന്നു ബാല്യം, പുഴയില്ലാതെ ഒരോര്‍മയുമില്ല.
ആ ഓര്‍മകളാവട്ടെ ചവര്‍പ്പായിരുന്നു. ഒട്ടും സുന്ദരമല്ലാത്ത ദിവസങ്ങളായിരുന്നത്. ഏറ്റെവുമടുത്ത രണ്ടു സുഹൃത്തുക്കളുടെ ജീവനെടുത്തത് പുഴയാണ്. ഒരു മഴക്കാലത്ത് പുഴ വീടുമെടുത്തതോടെ ഓര്‍മകളോടെന്നല്ല പുഴകളോടും കുളങ്ങളോടും പാപ്പക്ക് ദേഷ്യമായി. കുളം വീണ്ടും വീണ്ടും കാണുമ്പോഴെല്ലാം ആവര്‍ത്തന വിരസരത അനുഭവപ്പെട്ടു. പാപ്പക്ക് ഗൃഹാതുരത്വം ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, വയസ്സായവരുടെ ഗൃഹാതുരത്വ സംഭാഷണങ്ങളെ അയാള്‍ വെറുക്കുകയും ചെയ്തു. തിരിച്ച് പോവാന്‍ ഒരു ബാല്യമില്ലാത്തതിലയാള്‍ സങ്കടപ്പെട്ടില്ല. പിന്നോട്ട് നോക്കുന്നതിനേക്കാള്‍ മുന്നോട്ട് നടക്കാനായിരുന്നു എപ്പോഴുമിഷ്ടം. സ്വര്‍ഗവും അതിലെ പഴങ്ങളും കുന്നുകളും മരങ്ങളും ഇടക്കിടെ പാപ്പ സ്വപ്നത്തില്‍ കാണുകയും വഴിയില്‍ കാണുന്നവരോടൊക്കെ അതിനെക്കുറിച്ച് വാചാലനാവുകയും ചെയ്തു. സ്വപ്നത്തില്‍ ഹൂറിമാരാരും വരാത്തതിനാല്‍ അവര്‍ സംസാരത്തിലും വന്നില്ല. ചിലരെങ്കിലും അതില്‍ ഉള്ളാലെ സന്ദേഹിക്കുകയും ചെയ്തു.

ഒരു ദിവസം മീന്‍കാരന്‍ കോയ ശേയൂര്‍ പാപ്പയോടത് ചോദിക്കുക തന്നെ ചെയ്തു : ”അല്ല പാപ്പാ , നിങ്ങളെ സ്വപ്നത്തില്‍ സ്വര്‍ഗത്തിലെ ഹൂറിമാരാരുമില്ലേ…’
‘അതിന് ഞാന്‍ സ്വര്‍ഗത്തിലെ ഹൂറനല്ലേ… പെണ്ണുങ്ങള്‍ എന്നെ സ്വപ്നം കാണുന്നുണ്ടാവണം….’ ചിരിച്ച് കൊണ്ടാണെങ്കിലും ഇത്തിരി ഗൗരവത്തോടെയാണ് പാപ്പ മറുപടി നല്‍കിയത്. എനിക്കും ഹൂറനാകാന്‍ പറ്റുമോ എന്ന് ചോദിക്കാന്‍ കോയ നാവെടുത്തെങ്കിലും പാപ്പയുടെ മുഖത്തെ ഗൗരവമവന്റെ വായയടപ്പിച്ചു.

കുന്നുകളെയും മരങ്ങളെയും പൂക്കളേയും ഇഷ്ടപ്പെട്ട ശേയൂര്‍ പാപ്പ വഴിയരികിലെ ചെടികള്‍ നനക്കുക മാത്രമല്ല, രാവേറെ അവയോട് കുശലം പറയുകയും അവയെ സ്വപ്നം കാണുകയും ചെയ്തു.
പള്ളിക്കു മുമ്പില്‍ പൂന്തോട്ടങ്ങളും മാങ്ങയും പൂവന്‍ പഴവും ചക്കയും വെച്ചു പിടിപ്പിക്കണമെന്നയാള്‍ പളളിയില്‍ കാണുന്ന കുട്ടികളോടൊക്കെ പറഞ്ഞു കൊണ്ടേയിരുന്നു. മുതിര്‍ന്നവരാരും മൂപ്പരെ കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടില്ലെന്ന് മാത്രമല്ല, അവരുടെ കണ്ണുകളില്‍ നോക്കാന്‍ പാപ്പയുമിഷ്ടപ്പെട്ടില്ല. പള്ളിക്ക് ചുറ്റുമൊരു സ്വര്‍ഗം തന്നെ വേണമെന്നായിരുന്നു പാപ്പയുടെ ആഗ്രഹം. മൂന്ന് റുമ്മാന്‍ തൈകള്‍ പള്ളി വളപ്പിന്റെ പടിഞ്ഞാറേ മൂലയില്‍ ആരുമറിയാതെ നട്ടു വളര്‍ത്തുകയും ചെയ്തു. സ്വര്‍ഗത്തിലെ പഴങ്ങളില്‍ പാപ്പക്കേറ്റവുമിഷ്ടം റുമ്മാനോടായിരുന്നു. അതറിയാത്തവരായി നാട്ടില്‍ ആരുമുണ്ടായിരുന്നില്ല. രാവിലെയും വൈകുന്നേരവും സ്‌കൂള്‍ കുട്ടികള്‍ക്ക് റുമ്മാന്‍ വീതിച്ച് നല്‍കിക്കൊണ്ടയാള്‍ ആത്മ സംതൃപ്തിയടയുകയും ചെയ്തു.

ആയിടെയുണ്ടായ ഒരു സംഭവത്തോടെ ശേയൂര്‍ പാപ്പയെ പലരും സംശയിച്ചു തുടങ്ങി. നാട്ടിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പായിരുന്നു വിഷയം. പാപ്പ പതിവിലും വിപരീതമായി ചുവപ്പ് ജുബ്ബയിട്ട് സുബ്ഹിക്ക് തന്നെ പള്ളിയിലെത്തിയിരിക്കുന്നു. ആളുകളെല്ലാം പരസ്പരം കുശുകുശുക്കുന്നു . പാപ്പ അതൊന്നും കാര്യമാക്കാതെ പായയുടെ നൂല്‍ കെട്ടുകയും എന്തൊക്കെയോ മന്ത്രിച്ചു കൊണ്ടിരിക്കുകയും ചെയ്തു. പാപ്പയോട് പലതും ചോദിക്കണമെന്ന് പലര്‍ക്കുണ്ടായിരുന്നെങ്കിലും എങ്ങനെയത് ചോദിക്കുമെന്ന് ആര്‍ക്കും നിജമുണ്ടായിരുന്നില്ല. അല്ലെങ്കിലും പാപ്പയോട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നത് കുട്ടികള്‍ മാത്രമായിരുന്നല്ലോ. ഒടുവിലത് പാപ്പയോട് ചോദിക്കാന്‍ കുട്ടികള്‍ തന്നെ വേണ്ടി വന്നു. പാപ്പയെന്താ ഇന്ന് ചുവപ്പ് ജുബ്ബയിട്ടതെന്ന് ചോദിച്ചത് അരിക്കച്ചവടക്കാരന്‍ ബഷീറാജിയുടെ മകളാണ്. ‘ ചോദ്യം മോളുടേതല്ലല്ലോ’ എന്നായിരുന്നു ആദ്യത്തെ ഉത്തരം. കണ്ണുകള്‍ മെല്ലെ മേല്‍പോട്ടുയര്‍ത്തി ബഷീറാജിയുടെ അരിക്കടയിലേക്ക് കണ്ണ് കൂര്‍പ്പിച്ച് പാപ്പ ഒന്ന് നിര്‍ത്തി. ‘ അത് , അത് നാട്ടാരൊക്കെ പാപ്പാനെ പറ്റി എന്തൊക്കെയോ പറയ്ണ്ട്’ മുബീന തിടുക്കത്തില്‍ പറഞ്ഞവസാനിപ്പിച്ചു. ‘അതിന് നാട്ടര്‍ക്കല്ലേ മറുപടി വേണ്ടത് , അത് ഞാന്‍ കൊടുത്തോളാം ‘ മുഖത്ത് സ്ഥായീ ഭാവമായ ചിരിയില്‍ ആവശ്യത്തിലധികം ഗൗരവം കലര്‍ത്തി പാപ്പ പറഞ്ഞു. മുബീന വന്ന വഴിയേ തിരിച്ച് മടങ്ങുമ്പോള്‍ മുജീബിന്റെ ടൈലര്‍ കടയിലിരുന്ന ആളുകള്‍ സുപ്രഭാതവും മാധ്യമവും ചിന്ദ്രികയും ഇഴ കീറി പരിശോധിക്കുന്നത് നിര്‍ത്തി മുബീനയെ ഉറ്റു നോക്കി. മൂന്ന് പത്രങ്ങളിലെയും പ്രധാന തലക്കെട്ടുകള്‍ ഒന്ന് തന്നെയായിരുന്നു
‘ഗാസ കത്തുന്നു’ . മൂന്ന് പത്രക്കാര്‍ക്കുമിടയില്‍ അന്തര്‍ധാര സജീവമാണെന്ന കുഞ്ഞാലിക്കയുടെ വാദത്തെ എതിര്‍ക്കാന്‍ ഡ്രൈവര്‍ ഹംസാക്ക നാവെടുക്കുമ്പോഴാണ് ചര്‍ച്ച വഴി മാറി മുബീനയിലെത്തിയത്. പാപ്പ കാര്യമായൊന്നും പറഞ്ഞില്ലെന്നറിഞ്ഞതോടെ ചര്‍ച്ച പഴയതു തന്നെയായി. മാധ്യമവും സുപ്രഭാതവും തമ്മിലങ്ങനെയുണ്ടാവില്ലെന്ന് ഹംസാക്ക . നിലപാട് പേജുകളിലെ വ്യത്യാസം ചൂണ്ടിക്കാട്ടിയ സുബൈര്‍ ബാഖവി മൂന്ന് പത്രങ്ങള്‍ക്കുമിടയിലെ വിദൂരങ്ങള പറ്റി പറയുമ്പോള്‍ എത്ര വിദൂരതയുണ്ടെങ്കിലും ആവശ്യസമയത്ത് ഒന്നിക്കാന്‍ അവര്‍ക്ക് മടിയില്ലെന്നായി നിസാര്‍ക്ക . നിസാര്‍ക്ക എല്ലായപ്പോഴും അങ്ങനെയാണ് നെഗറ്റീവുകളെ കുറച്ചു കാട്ടി പോസിറ്റീവിനെ പൊക്കിപ്പിടിക്കും. അത് കൊണ്ട് തന്നെയാണയാള്‍ പാപ്പയെ രഹസ്യമായി കുറ്റം പറയുന്ന സൊറക്കൂട്ടങ്ങളിലൊക്കെയും പാപ്പയെ അനുകൂലിച്ച് സംസാരിക്കുന്നത്. നാളിതു വരെ അയാള്‍ പാപ്പയോട് ഒരുവാക്ക് പോലും സംസാരിച്ചിട്ടില്ല, മുഖത്തോട് മുഖം നോക്കി നിന്നിട്ടു പോലുമില്ല. എങ്കിലും പാപ്പയിലെന്തോ അതിശയമുള്ളതായി അയാള്‍ക്കു തോന്നിക്കാണണം.
പാപ്പയുടെ ചുവപ്പു ജുബ്ബയുടെ ബാക്കി ശീലയപ്പോഴും ആരും കാണാതെ ടൈലര്‍ ഷോപ്പിന്റെ ബാസ്‌കറ്റില്‍ മറഞ്ഞു തന്നെ കിടന്നു.

നേരമിരുട്ടി തുടങ്ങിയെങ്കിലും മുബീനയുടെ ചോദ്യം പാപ്പയുടെ ഖല്‍ബില്‍ കിലുക്കാം പെട്ടിപോലെ കിലുങ്ങിക്കൊണ്ടേയിരുന്നു. വൈകുന്നേരം റുമ്മാന്‍ ചെടികള്‍ക്ക് വെള്ളം നനക്കാന്‍ പോലും മറന്നു പോയി. നാട്ടുകാരുടെ ബോധ്യങ്ങളെക്കുറിച്ച് ഒട്ടും ഗൗനിക്കാത്ത തനിക്കിതെന്ത് പറ്റിയെന്ന് ചിന്തിച്ച് വെറ്റില മുറുക്കി തുപ്പിയെങ്കിലും പല്ലിലെ വെറ്റിലക്കറയോടൊപ്പം ചിന്തയും അകത്ത് തന്നെ കിടന്നു. തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന മൂന്ന് സ്ഥാനാര്‍ത്ഥികളും തന്നെ വന്ന് കണ്ടിരുന്നതായും മൂന്ന് പോരോടും നിങ്ങള്‍ വിജയിക്കുമെന്ന് താന്‍ പറഞ്ഞാതായും അന്ന് രാത്രി പാപ്പ സ്വപ്നത്തില്‍ കണ്ടു. അത് സ്വപ്നമായിരുന്നില്ലെന്നും യാഥാര്‍ത്ഥമായിരുന്നെന്നും ഏറെ വൈകാതെ തന്നെ തിരിച്ചറിഞ്ഞു. അതെപ്പോഴും അങ്ങനെയായിരുന്നു. സ്വപ്നങ്ങളിലായിരുന്നു പാപ്പയുടെ മറവിയെ ഓര്‍മ തോല്‍പിച്ചിരുന്നത്. ‘ നീ ജയിക്കും ‘ എന്ന് മൂന്ന് പോരോടും പറഞ്ഞതായി പാപ്പ ഓര്‍ത്തെടുത്തു. ഞാനെന്തിനായിരിക്കും മൂന്ന് പേരോടും അങ്ങനെ പറഞ്ഞിട്ടുണ്ടുവുക, ജയം ഒരാള്‍ക്കു മാത്രമല്ലേ…
പാപ്പ പിന്നെയും തന്റെ ഓര്‍മ പരതിക്കൊണ്ടേയിരുന്നു. ഓര്‍മ ശരി തന്നെയാണ്. അങ്ങനെയെങ്കില്‍ ഞാനെന്തിന് അങ്ങനെ പറഞ്ഞു എന്നായി ചിന്ത. ആ മൂന്ന് പേരെക്കുറിച്ച് തനിക്കെന്തറിയാം, അവരുടെ പാര്‍ട്ടിയേതാണ്, ആ പാര്‍ട്ടികളുടെ രാഷ്ട്രീയമെന്താണ്. ഉത്തരമില്ലാത്ത ചോദ്യങ്ങളത്രയും തലയില്‍ കയറ്റി പാപ്പ സ്വയം കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നു. എന്തു കണ്ടിട്ടാണ് ഞാനിമ്മാതിരി പണിക്കിറങ്ങിയിട്ടുള്ളതെന്ന ചോദ്യം പാപ്പയെ അസ്വസ്ഥതയുടെ കൂട്ടിലടച്ചു. താനിത്രത്തോളം മുമ്പ് അസ്വസ്ഥനായിട്ടില്ലെന്ന തിരിച്ചറിവ് പാപ്പയെ കൂടുതല്‍ ഖിന്നനാക്കി.

പതിവിനു വിപരീതമായി സൂര്യന്‍ കരണത്തടിച്ചപ്പോഴാണ് പാപ്പയന്ന് കണ്ണു തിരുമ്മി എഴുന്നേറ്റത്. നീ ജയിക്കുമെന്ന വാക്ക് മൂന്ന് മുഴകളായി നെഞ്ചില്‍ കനം വെച്ച പോലെ. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാര്‍കിസ്റ്റ് പാര്‍ട്ടി യുവ ഘടകം തനിക്കെതിരെ മാര്‍ച്ച് നടത്തിയതും അന്ന് ഒരംശം പോലും ഭയമില്ലാതെ അതിനെ വകവെക്കാതിരുന്നതും വെറുതെ ഓര്‍ത്തു പോയി. വിശ്വാസത്തിന് കാല് പതറുന്നുണ്ടോ ? പാപ്പ ആദ്യമായി തന്നില്‍ സംശയിച്ചു. ലാ ഇലാഹ് ഇല്ലള്ളാ മനസ്സില്‍ ഉറപ്പിച്ച് വീണ്ടും ശക്തി സംഭരിച്ചു , ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാ…

ഞാനവരോടെന്താണ് പറഞ്ഞിരിക്കുന്നത്. ജയിക്കുമെന്നല്ലേ …
ജയമെന്നാലെന്താണ് ?
മൂന്ന് പേര്‍ക്കും ഒരേ സമയം ജയിക്കാമല്ലോ…
ജീവിതത്തിലെന്റെ വിജയം അഞ്ചാം ക്ലാസിലെ തോല്‍വിയായിരുന്നല്ലോ എന്ന് നക്ഷത്രങ്ങളെ നോക്കി വെറുതെയോര്‍ത്തു. പൗര്‍ണമിയിലും നക്ഷത്രങ്ങള്‍ കാണാന്‍ കഴിവുള്ള പാപ്പ പിന്നെയുമൊന്ന് മലര്‍ന്ന് കിടന്ന് പുഞ്ചിരിച്ചു.
അപ്പുറത്ത് ‘മുജീബിന്റെ ടൈലര്‍ കട’ വാട്‌സാപ്പ് ഗ്രൂപ്പിലപ്പോള്‍ പതിമൂന്ന് ലൈക്കുകള്‍ക്ക് മീതെ നാസര്‍ക്കയുടെ മെസേജ് നിവര്‍ന്നിരുന്നു ‘ പാപ്പ മാര്‍കിസ്റ്റായി’.


ഇത്രയൊക്കെയും സംഭവിച്ചെന്ന് ഞാനറിയുന്നതിപ്പോഴാണ്. പാപ്പയെക്കുറിച്ചൊരു സിനിമയെടുത്താലോ എന്ന ചിന്ത ഏറെക്കുറെ അസ്തമിച്ചിരിക്കുന്നു. കാരണമൊന്നുമില്ല, ‘അതിനെക്കുറിച്ചൊരു സിനിമയായാലോ’ എന്ന ചോദ്യത്തില്‍ തന്നെ ഒളിഞ്ഞ് കിടക്കുന്ന ബോറത്തരമിപ്പോള്‍ എനിക്ക് കാണാനാവും. സിനിമക്കുമപ്പുറത്തെ കാഴ്ചയിപ്പോള്‍ ഉണര്‍ന്നിരിക്കുന്നു.
ഒരു യാസീന്‍ ദൂരത്തില്‍ അതെന്നെ ഭ്രമിപ്പിക്കുന്നു. ഫാത്തിഹയില്‍ കേറി ഞാന്‍ തോണി തുഴയുന്നു.
അല്‍ ഫാത്തിഹ !

ഹാശിര്‍ മടപ്പള്ളി

ഹാശിര്‍ മടപ്പള്ളി

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.