Thelicham

അറബി മുന്‍ഷി ( റിസേര്‍ച്ച് സ്റ്റോറി)

മലയാളത്തിലെ ആധുനിക എഴുത്തുകാര്‍ ഏതു കോളേജിലാണ് പഠിക്കുന്നതെന്ന് വൈലോപ്പിള്ളി മലയാളത്തിലെ ആധുനിക കവിതയോടും സാഹിത്യത്തോടും ഈര്‍ഷ്യത്തോടെ ചോദിക്കുമ്പോള്‍ അദ്ദേഹത്തിന് ജലദോഷമുണ്ടായിരുന്നെന്നത് അധികമാര്‍ക്കും അറിയാമായിരുന്നില്ല. ചുറ്റിലും കാണുന്ന ആധുനികതയുടെ പൊടിപടലത്തിന്റെ അലര്‍ജി മൂലമാണതെന്ന ചളി കാര്‍ട്ടൂണ്‍ എത്ര തപ്പിയിട്ടും കണ്ടെത്താനാവാത്തതിന്റെ അരിശം ഒരു നീണ്ട തുമ്മലിലും മൂക്കു ചീറ്റലിലുമവസാനിപ്പിച്ചാണ് സൈതുട്ടി മാഷ് പത്രക്കൂട്ടങ്ങളില്‍ നിന്ന് പുറത്തേക്ക് വന്നത്. (വൈലോപ്പിള്ളിയുടെ കറാമത്ത് മൂലമാണോ തനിക്കും ജലദോഷം വന്നതെന്ന ചിന്ത സൈതുട്ടി മാഷിനെ അലട്ടാത്തതിനാല്‍ ഞാന്‍ വെറുതെയത് പറഞ്ഞ് സുയിപ്പാക്കുന്നില്ല.)

അന്ന് സൈതുട്ടി, മാഷോ താടിക്കാരനോ മഹല്ല് സെക്രട്ടറിയോ അല്ല. വെറുമൊരു കോഴിച്ചെനക്കാരന്‍ സൈതുട്ടി, നാട്ടുകാര്‍ക്ക് പ്രീഡിഗിരിക്കാരന്‍ സൈതുട്ടിയും സൈനബക്ക് കെമിസ്ട്രിയിലെ സൈദും.

സൈതുട്ടി മാഷും വൈലോപ്പിള്ളിയും പിന്നെയുമുണ്ട് ബന്ധം. വൈലോപ്പിള്ളിയുടെ പ്രസംഗം കേള്‍ക്കുന്ന നാള്‍ സൈതുട്ടി പ്രീഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. അറബി കവിതകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തും ‘കുറ്റിച്ചുമരുകള്‍’ തന്റെ മലയാള കവിതയില്‍ വര്‍ണിക്കുകയും ചെയ്യുന്ന കാലം. സൈതുട്ടിക്ക് വൈലോപ്പിള്ളിയോട് അടക്കാനാവാത്ത ദേഷ്യം വന്നു. കേരളത്തനിമയെയും മലയാള ഗ്രാമീണതയെയും ചിലര്‍ വഴി തെറ്റിക്കുന്നു എന്നതായിരുന്നല്ലോ വൈലോപ്പിള്ളിയുടെ പ്രശ്‌നം. പ്രശ്‌നക്കാരില്‍ താനുമുണ്ടെന്ന് പ്രസംഗം അച്ചടിച്ചു വന്ന പത്രവാര്‍ത്ത വായിച്ചയുടനെ സൈതുട്ടിക്ക് തോന്നി. അന്ന് രാത്രി എത്ര തിരിഞ്ഞു കിടന്നിട്ടും ഉറക്കം വരില്ലെന്നായപ്പോള്‍ നോട്ടു ബുക്കിന്റെ ഒഴിഞ്ഞ പേജുകളില്‍ നിറയെ കവിതകളെഴുതി. കുറ്റിച്ചുമരും ഉക്കാസും മരുഭൂമിയും ഈന്തപ്പനത്തോട്ടവും ഒട്ടകങ്ങളും മരീചികയും ( അറബ് കവിതകളില്‍ എപ്പോഴും കടന്ന് വരുന്ന വര്‍ണനകള്‍) നിറഞ്ഞ പേജുകള്‍ കണ്ട് സൈതുട്ടി മനസ്സമാധാനത്തോടെ ഉറങ്ങുകയും പിറ്റേന്നത്തെ സുബ്ഹി ഖളാആക്കുകയും ചെയ്തു.

നാളുകളേറെ കഴിയും മുമ്പേ ജോസഫ് മുണ്ടശ്ശേരിയുടെ എഴുത്തും വന്നു. പിറന്ന നാടിന്റെ മണ്ണില്‍ വേരൂന്നണമെന്ന സാഹിത്യത്തോടുള്ള കല്‍പന സ്വഭാവത്തിലുള്ള അപേക്ഷയായിരുന്നതില്‍. ലേഖനം വായിച്ചതും മുണ്ടശ്ശേരിയോട് തനിക്കുള്ള സകല മതിപ്പും ഉരുകി പോവുന്നത് സൈതുട്ടി തിരിച്ചറിഞ്ഞു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സംസ്ഥാന തല ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതിന് മുന്‍ വിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങിയതായിരുന്നു ആ മതിപ്പിന് കാരണം. ‘നിങ്ങള്‍ ആളുകളെ വെറുക്കാതിരിക്കുക, അവരുടെ തിന്മകളെ മാത്രം വെറുക്കുക.’ എന്ന ഗസാലി ഇമാമിന്റെ വാക്കുകള്‍ ഉസ്താദ് ഇടക്കിടെ പറയാറുണ്ടായിരുന്നത് ഓര്‍ത്തെങ്കിലും അതത്ര സുഖമുള്ള കാര്യമല്ലെന്ന് അപ്പോഴാണ് സൈതുട്ടിക്ക് മനസ്സിലായത്. സൈതുട്ടി പിന്നേം കവിതകളെഴുതുകയും സൈനബയത് വായിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.

ആദ്യമാദ്യം കുറ്റിച്ചുമരുകളും ഒട്ടകക്കട്ടിലുകളും സൈനബക്ക് മനസ്സില്ലായെങ്കിലും പതിയെ പതിയെ അവളും മരുഭൂമി ആസ്വദിക്കാനും വ്യത്യസ്തയിനം ഒട്ടകങ്ങളെയും ഈത്തപ്പഴങ്ങളേഴും തിരിച്ചറിയാനും തുടങ്ങി. ഞാലിപ്പൂവനും കദളിയും കണ്ടാല്‍ തിരിച്ചറിയാത്ത മകന് വിവിധങ്ങളായ കാരക്കകളുടെ പേരറിയുമെന്നതും ഒറ്റ നോട്ടത്തിലല്ലെങ്കിലും അവ തിരിച്ചറിയാനാവുമെന്നതും ബാപ്പ ഹുസൈനാജിക്ക് സന്തോഷമേകി. വാഴക്കൃഷിക്കാരുടെ തറവാട്ടിലായിട്ടും പഴം തിന്നാനല്ലാതെ വാഴയെക്കുറിച്ച് മറ്റൊന്നുമറിയില്ലെന്നത് സൈതുട്ടിക്കൊരു പ്രശ്‌നമായി തോന്നിയതുമില്ല. ബാപ്പ സൈതുട്ടിയെ ഗള്‍ഫിലേക്കയക്കുന്നത് കിനാവു കണ്ടെങ്കിലും നാട് തന്നെയായിരുന്നു സൈതുട്ടിയുടെ ഉള്ളില്‍.

മുന്‍ഷിപ്പരീക്ഷയെഴുതി സര്‍ക്കാറുദ്യോഗത്തില്‍ കേറിക്കൂടേ എന്നാണ് കാണുമ്പോഴൊക്കെ കുഞ്ഞാവുസ്താദ് ചോദിക്കുന്നത്. പഠിക്കേണ്ട കാലത്ത് പഠിക്കാതെ വല്യ ഉദ്യോഗത്തില് കേറിയിട്ട് വല്യ കാര്യമല്ലെ, ഇപ്പോ ദര്‍സിലും കോളേജിലും പഠിച്ചോ… ജോലീം കൂലീം സമയാവുമ്പോ വരുമെന്ന് ദര്‍സിലെ ഉസ്താദും. ഗവര്‍മെണ്ട് ജോലി നമുക്ക് പറ്റിയ പണിയല്ലെന്ന് പറഞ്ഞിരുന്ന ഉസ്താദുമാരുടെ കൂട്ടത്തിലായിരുന്നില്ല ദര്‍സിലെ ഉസ്താദ്. ആവുന്ന കാലത്ത് എത്രേം പഠിച്ചോ എന്നായിരുന്നു ഉസ്താദിന്റെ നിലപാട്. മൂപ്പര് പറയുന്നതിലും കാര്യമില്ലാതില്ല. പഠനമെന്ന് പറഞ്ഞാ ജോലി കിട്ടാനുള്ള കാട്ടിക്കൂട്ടല്‍ മാത്രമല്ലല്ലോ. അങ്ങനെത്തന്നെയല്ലേ കൊറേ ബല്യ ആള്‍ക്കാരും പറഞ്ഞിട്ടുള്ളത്. ന്നിട്ടിപ്പോ ഉസ്താദ് അങ്ങനെ പറയുമ്പോ എല്ലാര്‍ക്കും മൂപ്പര് പിന്തിരിപ്പന്‍ ആണു പോലും. അതല്ലെങ്കിലും അങ്ങനെയാണല്ലോ കഥ, ഗാന്ധിജി എല്ലാമുപേക്ഷിക്കാന്‍ പറഞ്ഞപ്പോള്‍ നിസ്സഹകരണവും മാപ്പിളമാര്‍ ഇംഗ്ലീഷ് ഭാഷയടക്കം വലിച്ചെറിഞ്ഞപ്പോള്‍ അന്തമില്ലായ്മയും ആയ ചരിത്രമാണല്ലോ ഞമ്മളുടേത്. അതിനെപ്പറ്റി പറഞ്ഞിട്ടൊന്നും കാര്യല്ലെന്ന്.

തല്‍കാലം ജോലി വേണ്ടെന്ന് തന്നെയായിരുന്നു സൈതുട്ടിയുടെ മനസ്സിലെങ്കിലും ജോലിക്ക് പോയിക്കൂടേയെന്ന ചുറ്റിലുമുള്ള ചോദ്യത്തോടൊപ്പം വീട്ടുകാരുടെ നിര്‍ബന്ധവും കൂടി ആയപ്പോള്‍ വേറെ വഴിയില്ലാതായി. ആദ്യമൊക്കെ ആ ചോദ്യത്തിനുള്ളിലെ സംഗതി മനസ്സിലായില്ലേലും പിന്നെ പിന്നെ നാട്ടിലെ സമപ്രായക്കാരായ മറ്റു പലരോടും അതേ ചോദ്യമുയരുമ്പോയുള്ള ഭാവ വിത്യാസം കണ്ടതില്‍ പിന്നെ സൈതുട്ടിക്ക് തന്നോടുള്ള ചോദ്യത്തിനകത്തുള്ള പ്രിവിലേജ് മനസ്സിലായിത്തുടങ്ങി.

എന്റെ വിധി എന്റെ തീരുമാനങ്ങളാണ് എന്ന സിനിമാ ഡയലോഗ് അന്ന് പ്രചരത്തിലില്ലാത്തതിനാലും സൈതുട്ടി ഭക്തനായൊരു ഹാഫ് മൂല്യാരുട്ടി ആയിരുന്നതിനാലും ഏറെ വൈകാതെ വിധി മുന്‍ഷിപ്പരീക്ഷയായും അറബി മുന്‍ഷിയായും സൈതുട്ടിയുടെ മുമ്പിലെത്തി. അതോടെ നാട്ടുവഴികളില്‍ ഇത് വരെ കേള്‍ക്കാത്ത ‘ മാഷേ…’ വിളി രാവിലെയും വൈകുന്നേരവും പാറി നടന്നു. താനൊരു മാഷായെന്ന ബോധ്യവും പക്വതയും സൈതുട്ടിക്ക് തോന്നി തുടങ്ങും മുമ്പേ നാട്ടുകാര്‍ക്കിടയില്‍ സൈതുട്ടി മാഷായി. അങ്ങാടി വഴിയായിരുന്ന സ്‌കൂളിലേക്കുള്ള യാത്രകളില്‍ നാട്ടുകാരുടെ മാഷേ വിളി കേട്ട് സൈതുട്ടിയുടെ കാത് പെരുത്തു. മുമ്പ് ചെണ്ടപ്പുറായയിലെ പള്ളിദര്‍സില്‍ നിന്ന് വീട്ടിലേക്ക് വരുന്ന ബസ്സിലെ കണ്ടക്ടറുടെ മൂല്യാരുട്ടി വിളിയേക്കാള്‍ മാഷേ വിളി അസഹ്യമായി തോന്നിയെങ്കിലും മറ്റുള്ളവരുടെ മാഷേ വിളിയില്‍ ഉമ്മ സുഖിക്കുന്നുണ്ടെന്നതില്‍ സൈതുട്ടി സന്തോഷിച്ചു.

സ്‌കൂളിനകത്ത് മാത്രമായിരുന്നില്ല മുന്‍ഷിയുടെ പണി. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കലും ക്ലാസിലെത്തിക്കലും മുന്‍ഷി തന്നെ. ആദ്യത്തെ നാലു മാസം ശമ്പളം കിട്ടാത്തതിനേക്കാള്‍ സങ്കടം, കാര്യമെന്തായെന്നുള്ള കൈമലര്‍ത്തിയുള്ള ഉമ്മയുടെ ചോദ്യത്തിലായിരുന്നു. മന്ത്രി നമ്മുടെ ആളാണെന്നും കാര്യം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് ഉപ്പ ഉമ്മയെ ആശ്വസിപ്പിച്ചു. ഉപ്പ പറഞ്ഞത് ശരിയായിരുന്നു, അറബി മുന്‍ഷിമാരുടെ കാര്യത്തില്‍ മന്ത്രിക്ക് പ്രത്യേക ശ്രദ്ധയുണ്ടായിരുന്നെന്ന് മാത്രമല്ല, അതിന്റെ പേരില്‍ പ്രതിപക്ഷത്തിന്റെയും, എന്തിന് തന്റെ സഖ്യകക്ഷികളില്‍ നിന്ന് പോലും പഴി കേള്‍ക്കേണ്ടിയിരുന്നു. കുട നന്നാക്കുന്നവരെ പിടിച്ച് സ്‌കൂള്‍ മാഷാക്കിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം കേട്ടപ്പോള്‍ പണ്ട് മുണ്ടശ്ശേരിയോട് തോന്നിയ അതേ കലിപ്പ് സൈതുട്ടിക്ക് അയാളോടും തോന്നി ( ആ ജനപ്രതിനിധിയുടെ പേരു കേട്ടാല്‍ സൈതുട്ടിക്ക് ശുണ്ഡി മൂക്കുമെന്നതിനാല്‍ ഞാനത് പറയുന്നില്ല. അല്ലെങ്കിലും കഥാകാരന്‍ എന്തിനാണ് കഥാപാത്രത്തെ വെറുതെ ശുണ്ഡി പിടിപ്പിക്കുന്നത്.) പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളും കാര്‍ട്ടൂണുകളും മറ്റും മാഷന്മാര്‍ക്കിടയില്‍ അടക്കം പറച്ചിലായും ചിരിയായും കൈമാറുന്നത് സൈതുട്ടി കണ്ടില്ലെന്ന് നടിച്ചു. പക്ഷേ, കോഡൂരുകാരന്‍ ഉസ്മാന്‍ മാഷ് മാത്രം ഇന്ന് നിങ്ങളെക്കുറിച്ചാണല്ലോ കാര്‍ട്ടൂണ്‍ എന്ന് സൈതുട്ടിയോട് ഉച്ചത്തില്‍ പറഞ്ഞു. ഒഴിവു സമയങ്ങളില്‍ ഇനിയും സ്റ്റാഫ് റൂമില്‍ ഇരിക്കുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കിയ സൈതുട്ടി മാഷ് സ്‌കൂള്‍ മുറ്റത്ത് ചെടികള്‍ നട്ടും നനച്ചും പുതിയ വഴികള്‍ തേടി.

ഓരോ ദിവസവും നൂറ് കൂട്ടം പരിപാടികളായിരുന്നു മാഷിന്. കുട്ടികളെ സ്‌കൂള്‍ ചേര്‍ക്കല്‍ മുതല്‍ അവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ സ്റ്റാമ്പൊട്ടിക്കല്‍ വരെ. പോരാത്തതിന് സര്‍ക്കാറുമായി ബന്ധപ്പെട്ട നാട്ടുകാരുടെ മുഴുവന്‍ രേഖകള്‍ പൂരിപ്പിക്കലും. മറ്റു തിരക്കിനിടയില്‍ പിന്നോക്ക വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കമുണ്ടാവുന്നോ എന്ന് സംശയിച്ചെങ്കിലും കാര്യങ്ങള്‍ക്ക് മുടക്കമൊന്നുമുണ്ടായില്ല. മദ്‌റസകളും പള്ളികളുമായിരുന്നു കേന്ദ്രങ്ങള്‍. അവിടെ പോവും, ഉസ്താദുമാരുമായി സംസാരിച്ചു കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. ഓരോ ദിവസവും ഓരോ പള്ളിയും മദ്‌സയും കയറിയിറങ്ങി നടക്കും. മിക്കപ്പോഴും ഒറ്റക്കാവും, മറ്റു ചിലപ്പോള്‍ കക്കാട് സ്‌കൂളിലെ ആലിക്കുട്ടി മാഷും കൂടെ കാണും.

അങ്ങനെ ഉസ്താദുമാര്‍ വഴിയാണ് മിക്കവരും സ്‌കൂളിലെത്തുന്നത്. ഏറെ വൈകാതെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. നമ്മളെ നാട്ടിലെ മദ്‌റസ സംവിധാനങ്ങള്‍ കൊണ്ടാണ് സ്‌കൂളിലേക്ക് ഇത്രേം കുട്ട്യാളെ കിട്ടിയതെന്ന് മാഷ് തന്റെ കൂടെയുള്ള സഹപ്രവര്‍ത്തകരോട് ഇടക്കിടെ വീമ്പുപറയുകയും ചെയ്തു. അവര്‍ക്കത് ദഹിക്കുന്നില്ലെന്നറിഞ്ഞിട്ടും പറ്റിയ സമയങ്ങളിലൊക്കെ അയാളാ ചൂണ്ട നീട്ടിയെറിഞ്ഞു. മാഷന്മാര്‍ക്ക്, എന്തിന് മുര്‍ഷീസ് അസോസിയേഷന് അകത്ത് തന്നെ പലര്‍ക്കും ദഹിക്കാത്തതും മനസ്സിലാവാത്തതുമായ മറ്റു പല വാദങ്ങളും സൈതുട്ടി മാഷിനുണ്ടായിരുന്നു. സംഘടനകക്കത്ത് ചിലരെങ്കിലും അയാളെ ബുദ്ധിജീവി എന്ന് വിളിച്ചിരുന്നെങ്കിലും സ്‌കൂളിലാ പട്ടം ചാര്‍ത്താന്‍ ശുദ്ധ മനസ്‌കരായ സഹപ്രവര്‍ത്തകരുടെ കുശുമ്പ് സമ്മതിച്ചില്ല. സൈതുട്ടിക്കതൊട്ട് ആവശ്യവുമായിരുന്നില്ല.

കാര്യമിങ്ങനെയൊക്കെ ആണെങ്കിലും അറബി മുന്‍ഷിമാരില്ലായിരുന്നെങ്കില്‍ എന്തായിരുന്നു നമ്മുടെ സമുദാത്തിന്റെ അവസ്ഥയെന്ന് പറയുന്നവരോട് നമ്മുടെ സ്‌കൂളുകളുടെ അവസ്ഥയെന്തായിരിക്കുമെന്നയാള്‍ തിരിച്ച് ചോദിച്ചു. പാരമ്പര്യത്തെ മാത്രമല്ല, സ്‌കൂളടങ്ങുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയത് മുന്‍ഷിമാരാന്നെന്ന് അയാള്‍ ഓരോ മുന്‍ഷി മീറ്റിങ്ങുകളിലും അവര്‍ത്തിച്ച് പറഞ്ഞു. മാഷിനതില്‍ ആവര്‍ത്തന വിരസതയോ മടുപ്പോ വന്നില്ല. മറ്റു പലര്‍ക്കുമയാളുടെ പൊരുള് തിരിഞ്ഞതുമില്ല. അറബി മുന്‍ഷിമാര്‍ സ്‌കൂളുകളിലെത്തും മുമ്പുള്ള അവസ്ഥ നോക്കൂ… അവര്‍ വന്നതിന് ശേഷം എന്തൊക്കെണ്ടായി, എന്തിന് സര്‍ക്കാറാഫീസുമായും സംവിധാനങ്ങളുമായും ജനങ്ങളുടെ ബന്ധത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വന്നു, എന്തു കൊണ്ടിപ്പോള്‍ രക്ഷിതാക്കള്‍ സ്‌കൂളിലേക്ക് വരുന്നു, തുടങ്ങി മാഷിന്റെ വിശദീകരങ്ങളിങ്ങനെ നീണ്ടു പോയെങ്കിലും ആരും കാര്യമാത്ര ചെവിയോ കണ്ണോ കൊടുത്തില്ല.

മാഷായിരുന്നെങ്കിലും വേഷത്തിലും കോലത്തിലും ശീലങ്ങളിലും മാഷ് ഉസ്താദായിരുന്നു. അറബി ക്ലാസില്‍ താന്‍ കൊടുത്തിരുന്ന ഉപദേശ പ്രഭാഷണങ്ങളുടെ നീളവും വീതിയും വെട്ടിച്ചുരുക്കാന്‍ ബോധമുദിക്കാഞ്ഞതില്‍ ചിരിച്ച് കൊണ്ടുള്ള ഖേദ പ്രകടനം ഞാന്‍ കേട്ടിട്ടുണ്ട്. എങ്കിലും സഹൃദയനായിരുന്നതിനാല്‍ ദിവസവും ലഞ്ച് ബ്രേക്കിന് കുട്ടികള്‍ അടുത്തുള്ള സ്രാമ്പ്യയില്‍ മാഷിന് പിന്നില്‍ അണി നിരന്നു. ഉപകാരപ്രദമായ വിജ്ഞാനം ഇനിയും ചൊരിയണേ എന്ന് ഓരോ നമസ്‌കാരത്തിനു ശേഷവും മാഷ് കണ്ണുപൂട്ടി പ്രാര്‍ത്ഥിക്കുകയും കുട്ടികള്‍ മത്സരിച്ച് ആമീന്‍ പറയുകയും ചെയ്തു.

വയസ്സിപ്പോള്‍ എണ്‍പത് കഴിഞ്ഞിരിക്കുന്നു. മാഷിന്റെ വാദങ്ങള്‍ക്കും സംസാരങ്ങള്‍ക്കും വേണ്ടത്ര ക്ലച്ച് കിട്ടിയില്ലേലും നാട്ടുകാര്‍ക്കിടയില്‍ വിലയും നിലയുമുള്ള മഹല്ല് സെക്രട്ടറിയാണ്, നാട്ടിലെ കാരണവരാണ്.

മാഷില്‍ എന്നെ ഏറെ സ്വാധീനിച്ചത് പിന്നോട്ടു നോക്കുമ്പോഴുള്ള സംതൃപ്തി നിറഞ്ഞ ചിരിയാണ്. ഇരുപ്പുറക്കാത്ത കാലങ്ങളില്‍ അത്രയും പുണ്യങ്ങള്‍ മാഷ് ചെയ്തിട്ടുമുണ്ടായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സ് പൂക്കുന്ന ജോലിയെക്കുറിച്ച് ഞാന്‍ കാര്യമായി ആലോചിക്കാന്‍ തുടങ്ങുന്നത് അതിന് ശേഷമാണ്.

ഇന്നെലെയും മാഷിനെ കണ്ടിരിന്നു, ജലദോഷം ശബ്ദത്തില്‍ വരുത്തിയ മാറ്റമൊഴിച്ചാല്‍ പറയക്കത്തക്ക ആരോഗ്യ പ്രശ്‌നമൊന്നുമില്ല. അറബി മുന്‍ശിമാരെക്കുറിച്ച് യൂണിവേഴ്‌സിറ്റിയില്‍ സെമിനാറുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഞങ്ങളെപ്പറ്റി പുതിയ തിയറികള്‍ വല്ലതുമുണ്ടാേ എന്ന് മൂപ്പര്‍ ചിരിച്ചു.

നവോത്ഥാനമാണ് വിഷയമെന്ന് പറഞ്ഞപ്പോള്‍ കേരളത്തിലാദ്യത്തെ വനിതാ മുസ്ലിം വിദ്യഭ്യാസ ഓഫീസറായിരുന്ന റസിയ ടീച്ചറെ കാണണമെന്നും പുള്ളിക്കാരി നവോത്ഥാനത്തിനുള്ളിലെ തമാശയെക്കുറിച്ച് പ്രത്യേക വിവരങ്ങളുള്ള ആളാണെന്നും പറഞ്ഞു. ‘ഒന്നുമില്ലെങ്കിലും നിനക്കൊരു തമാശക്കഥ കൂടി എയ്താമല്ലോന്ന്’ പുറം തലോടി.

വലതു കയ്യിലെ ബീഡി കുറ്റിയായി, ഇടതു കയ്യില്‍ തസ്ബി മാല തിരിഞ്ഞു. ബീഡി നോക്കി ഉള്ളാലെ ചിരിച്ച എന്നെ നോക്കി വേണോന്ന് ചോദിച്ചു. വേണ്ടെന്ന ആംഗ്യത്തിന് ബീഡിയും നമ്മുടെ സുന്നത്തില്‍ പെട്ടതാണെന്ന് തുമ്മി. വല്ലിപ്പ മരിച്ചതറിയാത്തതിന്റെ സങ്കടം പറഞ്ഞ് കണ്ണ് തുടച്ചപ്പോള്‍ ഇതെന്റെ കഥയിലെഴുതരുതെന്ന് പ്രത്യേകം പറഞ്ഞ് വാച്ചില്‍ നോക്കി.
‘തനിക്ക് മതിയായില്ലെടോ….’
ഊം

റഫറന്‍സ്

1. പതിനഞ്ചോളം അറബി മുന്‍ഷിമാരുമായുള്ള ( 1950 – 1985 നും ഇടയില്‍ അധ്യാപനത്തില്‍ ചേര്‍ന്നവര്‍) കൂടിക്കാഴ്ചകള്‍
2. Hameed, A. (2008). A oscial change among Mappilas: a case study of Malabar Region.
Dept. of Sociology, Mangalore University.
3. മുബാറക് (2016 ) കേരളത്തിലെ അറബി പഠനവും എണ്‍പതിലെ ഭാഷാ സമരവും, ഗ്രെയ്‌സ് ബുക്‌സ്
4. കെ.എ.ടി.എഫ് 48,49,54,55 സംസ്ഥാന സമ്മേളന സുവനീറുകള്‍

ഹാശിര്‍ മടപ്പള്ളി

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.