Thelicham

ഒന്നും ലാ

പറവണ്ണ മുഹ്യിദ്ദീന്‍ മുസ്ല്യാരുടെ വീട്ടിലാണത് കണ്ടത്. പറവണ്ണ മുഹിയിദ്ധീന്‍ മുസ്ല്യാരുടെ മകളുടെ വീട്ടിലാണത് കണ്ടത്- ഒരു കാലിഗ്രാഫി. അതൊട്ടും കാലിയല്ല. നിറച്ചും വരവലക്കെട്ട്. ഒന്നും തിരിയുന്നില്ല. പലതും വരിഞ്ഞ് തിരിഞ്ഞ്. മുഹ്യിദ്ദീന്‍ മുസ്ല്യാരുടെ മകള്‍ അത് കാണിച്ചു തന്നു. മനസിലായോ എന്ന ചോദിച്ചു. ഒന്നും മനസിലാകാതെ നില്‍ക്കുകയാണ് ജലാലും ജലാലിയത്തില്ലാത്ത ഞാനും. ആ വീട്ടിലേക്ക് എത്തിപ്പെട്ടത് തന്നെ ഒരു കൗതുകമായിരുന്നു. പറവണ്ണ കടപ്പുറത്ത് കേറി കടലും അലയും കണ്ട് കുറച്ച് നടന്നലഞ്ഞ് ഒരു ചായക്കടയില്‍ ചെന്നണഞ്ഞു. ചായ കുടിച്ചു കൊണ്ടിരിക്കെ ജലാലിനെ ഒരു വയസ്സനാള്‍ നോക്കിച്ചിരിച്ചു. അയാളൊരു വയസ്സനാല്‍. വിശേഷം ചോദിച്ചു. മൂപ്പര് നടന്ന് പള്ളിയുടെ ഇടയിലുള്ള വഴിയിലേക്ക് മറഞ്ഞു.


ചായ കുടി കഴിഞ്ഞ് ആ ആലിനെ തിരഞ്ഞ്, വഴി നോക്കി നോക്കിയെത്തിയതാണ് പറവണ്ണ മുഹ്യിദ്ദീന്‍ മുസ്ല്യാരുടെ മകളുടെ വീട്ടിന് മുന്നില്‍. ആ ആളിന്റെ ഒരു നിഴല്‍ചില്ല പോലും കണ്ടില്ല വഴിയില്‍. ഈ കാലിഗ്രാഫി ഇരിക്കുന്ന വീട് കണ്ടു. മനസിലായോ എന്ന് കാലിഗ്രാഫി ചൂണ്ടി മകള്‍ ചോദിച്ചു. മിക്ക കാലിഗ്രാഫിയും പോലെ ഇതും കാലിയായനോട്ടമുള്ളോര്‍ക്ക് ഒരു കുരുക്ക്. മകള്‍ തന്നെ വിശദീകരിച്ചു തന്നു- ലാഇലാഹ ഇല്ലള്ളാ മുഹമ്മദ് റസൂലുള്ളാ. അത് പ്രതിബിംബം പോലെയാണ് എഴുതിയിരിക്കുന്നത്. മുഹ്യിദ്ധീന്‍ മുസ്ല്യാരുടെ മകളില്‍ എത്രമാത്രം മുഹ്യിദ്ധീന്‍ മുസ്ല്യാര്‍? മുഹ്യിദ്ദീന്‍ മുസ്ല്യാരുടെയും മുകളിലോ, മകള്‍? ഒരു മരത്തിന്റെ ദീര്‍ഘചതുരം. മുഹ്യിദ്ദീന്‍ മുസ്ല്യാരാണിതാദ്യം കണ്ടത്. അതിനാലാണല്ലോ മുഹ്യിദ്ധീന്‍ മുസ്ല്യാര്‍ ഇത് ഇവിടെ പതിപ്പിച്ചത്. ഇത് ഒറ്റപ്പതിപ്പ്. കാലിക്കോ എഡിഷന്‍. കാലി- ഗ്രാഫി. 


കാലിയായ എന്തിനെയാണ് ഇത് വരയുന്നത്. ലാഇലാഹഇല്ലള്ളാ തന്നെയാണ് ആ കാലഗ്രാഹി. ആ കാലഗ്രാഹി ആ വീട്ടിന്റെ മുന്നാമ്പുറത്ത് പതിഞ്ഞിരുന്നു. ദീര്‍ഘ ചതുരത്തില്‍ രണ്ടു പാതികള്‍. ആ രണ്ടു പാതിയിലും ലാഇലാഹ ഇല്ലള്ളാ മുഹമ്മദ് റസൂലുള്ളാ. ഈ കാലിഗ്രാഫി ഒരു കലിമാഗ്രാഹി. ആദ്യ പാതിയുടെ പ്രതിബിംബം രണ്ടാം പാതി. ഇടത്തെ പാതിയുടെ പ്രതിബിംബം വലത്തേ പാതി. ഇടം വലം നോക്കേണ്ടതില്ല കലിമയുടെ വലിമ കാണാനെന്നാണോ മുഹ്യിദ്ദീന്‍ മുസ്ല്യാര്‍ കാട്ടിത്തരുന്നത്? ആദ്യ ലാഇലാഹ ഇല്ലള്ളായുടെ പ്രതിബിംബം രണ്ടാമത്തെ ലാഇലാഹഇല്ലള്ളാ. തീര്‍ന്നില്ല മരത്തിലെഴുതിയ ഈ അമരതത്വം.


ഒരു പാതിയില്‍ തന്നെ അതിനോടൊട്ടി മറ്റൊന്നു കാണാം. അതായത് ഒരു കള്ളിയിലെ ലാഇലാഹ ഇല്ലള്ളാ അതിന്റെ മേല്‍ഭാഗത്തുള്ള ലാഇലാഹ ഇല്ലള്ളായുമായി ഒട്ടിപ്പിടിച്ചിരിപ്പാണ്. മുഹമ്മദ് ഇങ്ങനെ അതിന്റെ തന്നെ പ്രതിബിംബവുമായി ഒട്ടിയപ്പോള്‍ ഒരു ഫറാശ് ആയി. ഒരു ചിത്രശലഭം. ഫറാശ്. ഫൂമ്പാറ്റ. ഇഖ്‌റഅ് എന്ന് ആദ്യമൊഴിയില്‍ പറഞ്ഞതിന്റെ പൊരുള്‍ ഈ ഒട്ടലല്ലേ. ഇഖ്‌റഅ്- നീ ഒട്ട്. നബി മുത്ത് അത് കേട്ട് മൊട്ടിട്ടു. ലാ ഇലാഹഇല്ലള്ളാ എന്ന കലിമമരമായി പൂത്തു. ഇഖ്‌റഅ് ബി ഇസ്മി- ഇസ്മ് പിരിശമാണ്. പിരിശത്തില്‍ പിരിയാതിരിക്കൂ നീ മുഹമ്മദേ എന്നാണ് ആദ്യമിറങ്ങിയ വചനത്തിലെ ആലോചന. മരചതുരത്തിലെ മുഹമ്മദീയ പൂമ്പാറ്റ, മുഹ്യിദ്ദീന്‍ മുസ്ല്യാര്‍ അത് കണ്ടു കണ്ടങ്ങു കൊത്തിയതല്ലേ. ലാ ഇലാഹ ഇല്ലള്ളായിലെ മരംകൊത്തി മുഹമ്മദ് മുസ്ല്യാര്‍. മുഹമ്മദ് എന്ന എഴുത്തിനെ എന്തേ ഞാന്‍ പൂമ്പാറ്റയായി കണ്ടു. നസീഫ് അത് ഓം ആയിട്ടാണ് കണ്ടത്. എന്റെ കാഴ്ചക്ക് കാരണം പ്രേമം. പ്രേമം എന്ന അല്‍ഫോണ്‍സ് പുത്രന്‍ സിനിമയുടെ പേരിന്റെ ഡിസൈന്‍. പ്രേമം എന്ന് പൂമ്പാറ്റയുടെ ആകൃതിയില്‍ എഴുതി അല്‍ഫോണ്‍സ്. മുഹമ്മദ് മുസ്ല്യാരുടെ മുഹമ്മദീയ രൂപം മരചതുരത്തില്‍ കണ്ടതും ഞാന്‍ കണ്ടു- പ്രേമം. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമപ്പൂമ്പാറ്റയുടെ രൂപം.


Sunset at Al-Masjid An-Nabawi

‘മലരേ എന്നുയിരില്‍ വിടരും പനിമലരേ,
മലരേ നിന്നെ കാണാതിരുന്നാല്‍ മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ
അലിവോടെന്നരികത്തിന്നണയാതിരുന്നാല്‍ അഴകേകിയ കനവെല്ലാം അകലുന്ന പോലെ” എന്ന് മുഹമ്മദ് മുസ്ല്യാരുടെ മനം പാടി. അല്‍ഫോണ്‍സ് അത് കേട്ടു സിനിമയിലിട്ടു.


അല്‍ഫോണ്‍സിന്റെ പ്രേമം എന്ന ഡിസൈനെ മുഹമ്മദ് മുസ്ല്യാരുടെ മുഹമ്മദ് ആയി ഞാന്‍ കണ്ടതെന്ത് കൊണ്ടാണ്. എനിക്ക് ഉത്തരം കിട്ടി. അല്‍ഫോണ്‍സിന്റെ അമ്മ മൂന്നാമത്തെ കുട്ടി ആണാകുന്നതിന് വേണ്ടി അല്‍ഫോണ്‍സാമ്മയുടെ കബറിടത്തില്‍ തലമുത്തി ദുആ ചെയ്തു. അപ്പോള്‍ ഒരു കാറ്റ് ശലഭം പോലെയാടി വന്ന് തലോടി പറഞ്ഞു- വരുന്നു, കുട്ടി ആണ്‍. അല്‍ഫോണ്‍സാമ്മയുടെ ആശിക്കോടെ ഒരുവന്‍- അല്‍ഫോണ്‍സ് പുത്രന്‍. ആ ആശിസുള്ള ഒരുവനായതു കൊണ്ടാണ് മുഹമ്മദില്‍ പ്രേമം എന്ന രൂപം അവന് കാണാനായത്. പ്രേമത്തില്‍ മുഹമ്മദ് എന്ന രൂപം കാണുന്നവരാണല്ലോ ആശിക്കുമാര്‍. പറവണ്ണയിലെ വീട്ടിലെ മുഹമ്മദ് എന്ന ഡിസൈനില്‍ പ്രേമം എന്ന സിനിമാടൈറ്റിലിന്റെ രൂപം എനിക്ക് കാണാനായത് അല്‍ഫോണ്‍സ് പ്രേമത്തിന്റെ ശലഭാകൃതിയില്‍ മുഹമ്മദ് എന്ന രൂപം കണ്ടതിനാലാണ്.


കണ്ടവര്‍ കൊത്തിയാലാണല്ലോ കാണുന്നവര്‍ക്കു കാഴ്ച കിട്ടുക. കാരണം അല്‍ഫോണ്‍സ് ജനിച്ചത് മഹാനായ ചാവറയച്ചന്റെ ജനനനാളിലാണ്.

ആ നാള്‍ ഏതാണ്. യൗമ യകൂനുന്നാസു കല്‍ ഫറാശില്‍ മബ്‌സൂസ്. പൂമ്പാറ്റയായ് പാറുന്ന ഒരു ”നേരം”. അല്‍ഫോണ്‍സിന്റെ ആദ്യ സിനിമക്ക് പേര് നേരം. നേരത്തിന്റെ പ്രാധാന്യം ഖുര്‍ആനിലെ പോലെ അല്‍ഫോണ്‍സും തിരിച്ചറിഞ്ഞു. നല്ല നേരത്താണ് നാമും മുഹമ്മദില്‍ പൂം- പാറ്റയായി പാറുക. മുഹമദില്‍ പൂം- പാറ്റയായി പാര്‍ക്കും ആ നാള്‍. നമുക്ക് ഇഖ്‌റഅ് എന്ന് കേട്ടാല്‍ ഇങ്ങനെ ഒട്ടണമെന്ന തോന്നലെത്തണം. മുഹമ്മദിലൊട്ടിയാലോ. മലരേ എന്ന പാട്ട് നാം മൂളും.


എന്നും മുഹമ്മദ് എങ്ങും മുഹമ്മദ്
ചെന്നും ചൊന്നും നിന്നാല്‍ നീയേ മുഹമ്മദ്
വെന്നും പിറന്നും നിന്നാല്‍ നാമേ മുഹമ്മദ്, അവരുടെ നാമമേ മുഹമ്മദ്
ഇതിനെന്താണ് വഴി. മുഹമ്മദിലെങ്ങനെ ഒട്ടണമെന്നാണ് മുഹ്യിദ്ദീന്‍ മുസ്ല്യാര്‍ വരച്ചു കാണിച്ചത് ആ വീട്ടുമുമ്പാരത്തെ മരച്ചതുരത്തില്‍. ഇത് നേരിട്ട് കാണേണ്ടവര്‍ മുഹ്യിദ്ദീന്‍ മുസ്ല്യാരുടെ ഭവനത്തിലെത്തുക. ഭവനത്തിലേക്ക് എങ്ങനെ എത്തും. ഈ മരചതുരത്തിലെ താഴെയുള്ള പകുതിയില്‍ എഴുതിയിരിക്കുന്നത് അതാണ്. ഭവനമേതായാലും അവിടെ നിന്ന് കഴിക്കുന്നത് സ്വയം കിഴിച്ചായിരിക്കണം എന്ന്.

 فَإِذَا دَخَلْتُمْ بُيُوتًا فَسَلِّمُواْ عَلَىٰ أَنفُسِكُمْ تَحِيَّةً مِّنْ عِندِ ٱللَّهِ مُبَـٰرَكَةً طَيِّبَةً كَذٰلِكَ يُبَيِّنُ ٱللَّهُ 

സൂറത്ത് നൂറിലെ അറുപത്തിയൊന്നാമത്തെ ആയത്താണിത്. എന്തിനാണ് മുഹമ്മദ് മുസ്ല്യാര്‍ ഭവനത്തെ കുറിച്ച് തന്നെയുള്ള ആയത്ത് കൊത്തിയത്. ലാ ഇലാഹ ഇല്ലള്ളായെ വീശദീകരിക്കാനോ. ഈ ആയത്ത് മുഴുവനായും ഇങ്ങനെയാണ്-

لَّيْسَ عَلَى الْأَعْمَىٰ حَرَجٌ وَلَا عَلَى الْأَعْرَجِ حَرَجٌ وَلَا عَلَى الْمَرِيضِ حَرَجٌ وَلَا عَلَىٰ أَنفُسِكُمْ أَن تَأْكُلُوا مِن بُيُوتِكُمْ أَوْ بُيُوتِ آبَائِكُمْ أَوْ بُيُوتِ أُمَّهَاتِكُمْ أَوْ بُيُوتِ إِخْوَانِكُمْ أَوْ بُيُوتِ أَخَوَاتِكُمْ أَوْ بُيُوتِ أَعْمَامِكُمْ أَوْ بُيُوتِ عَمَّاتِكُمْ أَوْ بُيُوتِ أَخْوَالِكُمْ أَوْ بُيُوتِ خَالَاتِكُمْ أَوْ مَا مَلَكْتُم مَّفَاتِحَهُ أَوْ صَدِيقِكُمْ ۚ لَيْسَ عَلَيْكُمْ جُنَاحٌ أَن تَأْكُلُوا جَمِيعًا أَوْ أَشْتَاتًا ۚ فَإِذَا دَخَلْتُم بُيُوتًا فَسَلِّمُوا عَلَىٰ أَنفُسِكُمْ تَحِيَّةً مِّنْ عِندِ اللَّهِ مُبَارَكَةً طَيِّبَةً ۚ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمُ الْآيَاتِ لَعَلَّكُمْ تَعْقِلُونَ

 

കാഴ്ചയില്ലാത്തോര്‍ക്കും(അഅ്മാ) കേറാത്തോര്‍ക്കും (അറജ) കുറഞ്ഞോര്‍ക്കും കുറ്റമില്ല. നിങ്ങളുടെ ഉള്ളിനും കുറ്റമില്ല. നിങ്ങള്‍ക്കുള്ളതിനും. അറജ ക്ക് കേറുന്നോരും എന്ന് ഉദ്ദേശം നമുക്ക് കേറ്റാം. കേറാത്തോര്‍ എന്നാല്‍ കാര്യം ഉള്ളില്‍ കേറാത്തോരും ആവാം. നിങ്ങളുടെ വീട്ടില്‍ നിന്നോ നിങ്ങളുടെ പിതാക്കളുടെ വീട്ടില്‍ നിന്നോ നിങ്ങളുടെ മാതാക്കളുടെ വീട്ടില്‍ നിന്നോ ആങ്ങളമാരുടെ വീട്ടില്‍ നിന്നോ പെങ്ങളുമാരുടെ വീട്ടില്‍ നിന്നോ തലതൊട്ടപ്പന്മാരുടെ വീടുകളില്‍ നിന്നോ തലതൊട്ടുമ്മമാരുടെ വീട്ടില്‍ നിന്നോ സമ്മാനം തരുന്നവന്റെ വീട്ടില്‍ നിന്നോ സമ്മാനം തരുന്നവളുടെ വീട്ടില്‍ നിന്നോ ഏതിന്റെ ചാവിയാണോ കയ്യിലുള്ളത് ആ വീട്ടില്‍ നിന്നോ വിശ്വസ്തന്റെയോ സുഹൃത്തിന്റെയോ (സ്വാദിഖ്) വീട്ടില്‍ നിന്നോ കഴിക്കുന്നത് കുറ്റമല്ല. കഴിയുന്നത് മാത്രമല്ലേ ഒരാള്‍ക്ക് കഴിക്കാനാവൂ. ഒറ്റക്കായോ കൂട്ടമായോ കഴിക്കുന്നതും കുറ്റമല്ല. ഒറ്റക്കോ ഒറ്റയെ തിരിഞ്ഞോ കഴിയുന്നതും കുറ്റമല്ല. എന്നാല്‍ വീട്ടിലേക്ക് കേറുമ്പോള്‍ സ്വന്തത്തിന് തന്നെ അള്ളാഹുവില്‍ നിന്നുള്ള നല്ലതും നേര്‍മയുള്ളതുമായ ആശംസ നേര്‍ന്ന് വിധേയരായി കയറുക. അങ്ങനെയായാല്‍ അള്ളാഹു തന്നെ അടയാളങ്ങളെ നിങ്ങള്‍ക്ക് വ്യക്തമാക്കിത്തരും, നിങ്ങള്‍ വ്യക്തമായാല്‍.

ഇവിടെയുള്ള വീട് എന്താണ്. ആരാണ് കേറുന്നത്, ആരാണ് ആശംസിക്കുന്നത്.


എന്ത് ആശയത്തെ കിഴിച്ചാലും ഒരു കുറ്റവുമില്ല. എന്നാല്‍ അത് ചെയ്യുന്നത് തഹിയത്തന്‍ മിന്‍ ഇന്ദല്ലാഹി ആയിട്ടാകണം. അന്‍ഫുസ് അള്ളാഹുവില്‍ നിന്നുള്ള ഹയാത്തിലേക്ക് അടിയറവ് വെക്കണം. അള്ളാഹുവില്‍ നിന്ന് വരുന്ന അന്‍ഫുസ് തന്നെയല്ലേ ഈ പറയുന്ന ബൈത്തും അവിടേക്ക് കേറുന്നവരും. അള്ളാഹു തന്നെയാണ് ഈ വീട്. അള്ളാഹു തന്നതാണ് ഈ വീട്. വീടേതായാലും അതിലെ ഭക്ഷണമേതായാലും എല്ലാം അള്ളാഹു തന്നത് തന്നെയാണ്. ”മനോമൗനവീട്ടിന്‍ വിളക്കേ” എന്ന് വലിയ്യായ നാരായണഗുരു. ഈ തോന്നല്‍ നിങ്ങളിലുണ്ടാക്കും അള്ളാഹു, നിങ്ങള്‍ അതിന് പടിയായാല്‍. ഇസ്ലാം ആയാല്‍. അതായത് ഇസ്ലാം ആകുക എന്നാല്‍ തന്നെ വീടും അതില്‍ കേറുന്നവനും അള്ളാ തന്നെയാണെന്ന് തിരിച്ചറിയലാണ്. ഫസല്ലിമൂ അലാ അന്‍ഫുസികും തഹിയത്തന്‍ മിന്‍ ഇന്‍ദല്ലാഹി എന്നാണ്. നഫ്‌സിന് ഹയാത്ത് വരുന്നത് അള്ളാഹുവില്‍ നിന്നാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. അള്ളാഹുവില്‍ നിന്ന് വരുന്ന നഫ്‌സ് അള്ളാഹു തന്നെ. ഹയാത്തില്‍ നിന്ന് വരുന്നത് ഹയാത്ത് തന്നെ. ‘പലതുമിതൊക്കെയുമുറ്റു പാര്‍ത്തു നില്ക്കും വില മതിയാത വിളക്കെ”ന്ന് വലിയ്യ് നാരായണഗുരു.


തുടക്കത്തില്‍ മൂന്ന് വിഭാഗത്തെ എടുത്തു പറയുന്നു- അഅ്മ, അഅ്‌റജ, മരീള്. അന്ധമായി എന്തെങ്കിലും പിന്തുടരുന്നവരെയാണ് അഅ്മാ കൊണ്ടുദ്ദേശിക്കുന്നത്. അഅ്‌റജ കേറുകയും ഇറങ്ങുകയും ചെയ്യലാണ്. കേറ്റം എന്നും കാലുകള്‍ എന്നും മുടന്തല്‍ എന്നുമെല്ലാം അര്‍ത്ഥം അഅ്‌റജയുടെ അറയില്‍. ഓരോ ആശയഭവനത്തിലും കേറുകയും ഇറങ്ങുകയും അതിനിടയില്‍ മുടന്തുകയും ചെയ്യുന്നവരാണവര്‍. മരീള് ഇതിനൊന്നും ശേഷിയില്ലാത്തവര്‍ ആണ്. മൂന്ന് ഭാവവും ഒരാളുടേത് തന്നെയാണ്. അതില്‍ ഏതെങ്കിലും ഒന്ന് മികച്ചതാണെന്ന് ഈ ആയത്ത് കരുതുന്നില്ല. ഭാവമേതായാലും അതില്‍ തെറ്റ് കാണുന്നില്ല ഈ ആയത്ത്. 


എല്ലാം ഒരേ പാവം എന്നത്രെ ഈ ആയത്തിന്റെ തോന്നല്‍. പാവക്ക് ഭാവം വരുന്നതാണ് പാവം. ഭാവം വന്നില്ലെങ്കില്‍ എല്ലാവരും പാവ. അള്ളാഹു ചരടു വലിക്കുന്ന കളിപ്പാവകള്‍ നാം. അള്ളാഹുവിന്റെ ശ്വാസച്ചരട്, നാമാകുന്ന പാവകള്‍.

അതിനാലാണ് അന്‍ഫുസിനും കുറ്റമില്ല എന്ന് തുടര്‍ന്ന് പറയുന്നത്. കാരണം ഇങ്ങനെ ഓരോ ഭവനങ്ങളില്‍ പോയി കഴിക്കുന്ന നഫ്‌സ് ആരുടെ ഭാവമാണ്. അത് അള്ളാഹുവിന്റെ പാവമാണ്. നഫ്‌സ് ഒരു പാവമല്ലേടോ. താനാണ് തനിക്ക് പോന്നവന്‍ എന്ന് ഭാവിക്കുന്ന പാവി. അത് പാവനമല്ലേടോ. തന്റെ ചാവി താനാണെന്ന് അതറിയിന്നുല്ലല്ലോ- പാവം. പാവനം. സാദാ നഫ്‌സുകളുടെ ഭാവം എത്രമേല്‍ പാവം. നഫ്‌സ് പാര്‍ക്കുന്ന വിവിധ ഭവനങ്ങളുടെ ഭാവത്തിന്റെ പേരാണ് അള്ളാഹു. അള്ളാഹു തന്നെയാണ് വിവിധ ഭാവങ്ങളായി പലവിധ ഭവനങ്ങളില്‍ ചേക്കേറുന്നത്. ‘ഒരു രതി തന്നെ അഹന്ത ഇന്ദ്രിയാന്തകരണ കളേബരം എന്നിതൊക്കെയായി വിരിയു”മെന്ന് ആത്മോപദേശ ശതകത്തില്‍ നാരായഗുരു ഈ ആയത്തിന്‍ സാരസത്ത് വെളിവാക്കിത്തരുന്നു.


ഭവിക്കുന്നതാണല്ലോ ഭവനം. ആര്‍ക്കാണ് ഭവിക്കാനാവുക. ഭവാന്‍ അല്ലാതെ വേറെയാര്‍ക്ക്. അതിനാലാണ് ഈ ഭവാനെ നാം ഭഗവാന്‍ എന്ന് വിളിക്കുന്നത്. ഈ ഭുവനം തന്നെയാണ് അള്ളാഹുവിന്റെ ഭവനം. ഇതറിഞ്ഞ് നാം ഭാവിക്കണം. അല്ലാതുള്ള ഭാവമെല്ലാം അഹം ഭാവം.


ഭവനമേതിലും നമുക്ക് കേറാം
ഭവ്യമായുള്ളതാം നല്‍ കൂറാല്‍
ഭവനമുണ്ട്, ഭവാനുമുണ്ട്. ഇങ്ങനെ പല രണ്ടുകളുണ്ട്- വഴിയുണ്ട്, പെരുവഴിയുണ്ട്. ഭാവമുണ്ട്, ഭാവിക്കലുണ്ട്.


ഹിദായത്തുണ്ട് ളലാലത്തുണ്ട്. ഏത് തുണ്ടാണ് മെച്ചപ്പെട്ടത്. വഴിയുണ്ടാക്കിയവന്റെ ഇച്ഛയില്‍ രണ്ടിച്ഛകളും മെച്ചം തന്നെ. ലാ ഇലാഹ ഇല്ലള്ളാ എന്നത് വഴിയാണ്. മുഹമ്മദ് റസൂലുള്ള എന്നത് പെരുവഴിയും. ഒന്ന് ഹിദായത്താണ് മറ്റൊന്ന് ളില്ല് ആണ്. ഒന്ന് മരമാണ്. മറ്റേത് അമരത്വത്തിന്‍ ശീതളഛായയാണ്. ലാ ഇലാഹ ഇല്ലള്ളാ എന്ന് നബി ഉരക്കുന്നത് ഒരുപാട് ഉരഞ്ഞതിന് ശേഷമാണ്. നാല്‍പത് എന്നത് ഒരു കൊല്ലക്കണക്കല്ലല്ലോ. അത് ആളാകലിനെ കൊല്ലുന്ന കണക്കാണ്. താനൊന്നും അല്ലെന്ന തോന്നലിന്‍ പടിയെത്തുമ്പോള്‍. നാലിന്റെ പതിയാവുമ്പോഴാണ് ഒരാള്‍ നാല്‍പത് ആവുന്നത്. അവ്വലും ആഖിറും ളാഹിറും ബാതിനും- ഇവയാണ് നാല്.


ലാഇലാഹ ഇല്ലള്ളാ മുഹമ്മദ് റസൂലുള്ളാ എന്ന് (അതോ ലാഇലാഹ ഇല്ലല്ലാ മുഹമ്മദ് റസൂലുല്ലാ എന്നോ) ഒരാള്‍ക്ക് തോന്നുന്നത് രണ്ടായൊരിണ്ടല്‍ തീരുമ്പോഴാണ്. ഭവാന്‍ ഭവനമായി തീരുമ്പോള്‍. അപ്പോളുണ്ടാകുക ഭവം മാത്രം. ഭവാന്‍- ഭവനം- ഭവം.

ഇണ്ടല്‍ തീരാണ്ടായാലോ ഇല്ല അവന് ലാ ഇലാഹ ഇല്ലല്ലാ. നബിക്ക് ലാ ഇലാഹ ഇല്ലല്ലാ എന്നതിന് എന്ത് തോന്നലായിരിക്കും ഉണ്ടായിട്ടുണ്ടാകുക. ഭക്ഷണമല്ലാതെ ഭക്ഷിക്കാനിവിടെ വേറെയൊന്നുമില്ല എന്ന കുഞ്ഞുണ്ണി മാഷിന്റെ തോന്നലായിരിക്കുമോ. അത് കുഞ്ഞുണ്ണി മാഷിന്റെ ലാ ഇലാഹ ഇല്ലല്ലാ.


ലാ ഇലാഹ ഇല്ലള്ളാ മുഹമ്മദ് റസൂലുള്ളാ എന്ന് മുഹമ്മദ് പറഞ്ഞു. എന്ത്‌കൊണ്ട് ലാ ഇലാഹ ഇല്ലള്ളാ അഹമ്മദ് റസൂലുള്ളാ എന്ന് പറഞ്ഞില്ല.
”മുഹമ്മദേ മുഖം മറച്ചഹദേ
മുഖം കുത്തി വീഴട്ടെ നിന്നാല്‍ നിന്നില്‍
അഹമ്മദേ അകത്തിരിക്കുമഹദേ
അകം മുത്തി വാഴട്ടെ നിന്നാല്‍ നിന്നില്‍”


അഹമ്മദ്, മുഹമ്മദ് എന്നിവ രണ്ട് ഭാവങ്ങള്‍. ഒന്നു വഴി, മറ്റേത് പെരുവഴി. അഹദില്‍ മീം വന്നുണ്ടായത് അഹമ്മദ്. അഹമ്മദില്‍ മീം വന്നുണ്ടായത് മുഹമ്മദ്. അഹദ്-അഹമദ്-മുഹമദ്. അഹദും അഹമദും മുഹമദും മൂന്നും എല്ലായ്‌പ്പോഴും ഉണ്ട്. മൂന്നിനും എന്ത് വ്യത്യാസം. ഒരു മ വ്യത്യാസം. അഹമദില്‍ ഒരു മ, മുഹമദില്‍ രണ്ട് മ. മ മാറിയാല്‍ ഉപമ മാറി. അഹമദിന്റെ ആദ്യാക്ഷരം അലിഫ് എന്ന നേര്‍വരയുടെ തലപ്പ് അല്‍പം വളഞ്ഞാല്‍ മീം ആയി. അതായത് അലിഫ് തനകുനിച്ചാല്‍ അത് മീം. തന്നെ തുറക്കാനുള്ള മിഫ്താഹ് ആകുന്നതിനാണ് അലിഫ് മുഹമ്മദ് ആയത്. നാം മുഹമ്മദ് ആകുന്നതിന് അല്‍പം തല കുനിച്ചാല്‍ മതി. തലക്കനം കുറച്ചാല്‍ മതി. കൈകെട്ടി നിവര്‍ന്ന് നിന്ന് തുടങ്ങുന്ന നിസ്‌ക്കാരത്തില്‍ നിലത്തെത്തി നിലമറന്ന് കുനിയുമ്പോഴാണ് സുജൂദിലെത്തുന്നത്. സുജൂദിലായ ആളുടെ ആകൃതിയും മീം. സുജൂദിലായ അലിഫിന് ചേരും പേര് മുഹമ്മദ്.


അലിഫ് വഴി, മീമ് പെരുവഴി.

വഴിയോ പെരുവഴിയോ പേരെടുത്ത വഴി.
പെരുവഴിയില്‍ നിന്നാല്‍ കിട്ടുമോ പഴി.
പെരുവഴിയില്‍ നിന്നേ കിട്ടൂ വഴി.


അങ്ങനെയാണ് പറവണ്ണ മുഹ്യിദ്ദീന്‍ മുസ്ല്യാരുടെ കാലിഗ്രാഫിയിലെത്തുന്നത്. എത്തുന്നത് വരെ അറിയില്ലായിരുന്നു, മുഹമ്മദെന്ന പൂമ്പാറ്റയെ കാണാനാണ് നാം പോകുന്നതെന്ന്. വിടരല്‍, വിശ്രമം എന്നിങ്ങനെയും ഫറാശിന് ഖുര്‍ആനില്‍ ഉപയോഗമുണ്ട്. മുഹമ്മദ് വിടര്‍ന്ന് നാമെന്നാണ് വിശ്രമിക്കുക. എന്ത്‌കൊണ്ട് ലാ ഇലാഹ ഇല്ലള്ളാ അഹമ്മദ് റസൂലുള്ളാ എന്ന് പറഞ്ഞില്ല. അലിഫ് തന്നെ മീമെന്ന്

അറിഞ്ഞാല്‍ പിന്നെ ചോദ്യോം പറച്ചിലും ഒന്നുംല്ലാ. ലാ.

ലാലാലാലാ.
ആലോലം ലാ
ലാഇലാഹ ഇല്ലല്ലാ ലാ
ലാലാലാലാ
ലാലോലം ലാ.

ഹുദൈഫ റഹ്മാന്‍

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.