Thelicham

ഉസ്താദ് എംബാപ്പെ


ബിലാല്‍

”പാടി ബിലാലെന്ന പൂങ്കുയില്..
പണ്ട് പാവന ദീനിന്‍ തേനിശല്..”
സാദിഖ് ഉസ്താദിനെ കാണുമ്പോഴെല്ലാം ആലി ഉസ്താദ് പാടുന്ന പാട്ടാണത്. ആലി ഉസ്താദ് സാദിഖ് ഉസ്താദിനെ ബിലാല്‍ എന്നാണ് വിളിക്കുക. നബി തിരുമേനിയുടെ അനുചരനായ ബിലാലിനെ സ്മരിച്ചാണ് ഈ വിളി. ബിലാലിനെ പോലെ കറുത്തിട്ടായിരുന്നു സാദിഖ് ഉസ്താദും. നല്ല ബാങ്കുവിളിക്കാരനും.

ഉസ്താദ് കളിവാക്ക് പറയുന്നതല്ല, സത്യമായും ആ ബഹുമാനാദരവ് ആലി ഉസ്താദിന് സാദിഖ് ഉസ്താദിനോടുണ്ട്. അമ്മാതിരി ബാങ്ക് വിളിയാണ് അയാളുടേത്. ആരും കേട്ടുനിന്നുപോവും. മനോഹരമായി ഖുര്‍ആന്‍ ഓതുകയും പാട്ടു പാടുകയും ചെയ്യും സാദിഖ് ഉസ്താദ്.
ഒന്ന് ഒഴിഞ്ഞു കിട്ടിയാല്‍ ആലി ഉസ്താദ് സാദിഖ് ഉസ്താദിനെ കൊണ്ട് ബാങ്കു വിളിപ്പിക്കും, ഖുര്‍ആന്‍ ഓതിക്കും, പാട്ടുപാടിക്കും. സാദിഖ് ഉസ്താദ് ചെറിയ കുട്ടിയുടെ നിഷ്‌കളങ്കതയോടെ എല്ലാം അനുസരിക്കും.
സാദിഖ് ഉസ്താദിന്റെ ക്ലാസ് കേള്‍ക്കാനും നല്ല രസമാണ്. പാട്ടും പറച്ചിലും ഓത്തുമായി കുട്ടികള്‍ അയാള്‍ക്കൊപ്പം കൂടും.

അയാളുടെ പന്തുകളി ഭ്രാന്തിനോട് മാത്രമാണ് ആലി ഉസ്താദിന് ചെറിയ ഇഷ്ടക്കുറവുണ്ടായിരുന്നത്. ”ഒര് ഉസ്താദാണ്ന്ന്ള്ള കാര്യം മറക്കര്ത്. കുട്ട്യാളെ ഒപ്പം കളിക്കാന്‍ പോവുമ്പോ ഒര് കര്തല് വേണം. ടൗസറ് ഇട്ട് കളിക്കണത് അത്ര നല്ല ഏപ്പാടല്ല. ഔറത്ത് നോക്കണം. പാന്റിട്ട് കളിച്ചാലെന്താ പന്തിന് വേദനാവോ…” എന്നൊക്കെ ആലി ഉസ്താദ് ചോദിക്കുമ്പോള്‍ അയാള്‍ പുഞ്ചിരിക്കും.

ഗ്രൗണ്ടിലിറങ്ങിയാല്‍ ചീറ്റപ്പുലിയാണ് സാദിഖ് ഉസ്താദ്. ഇടിമിന്നല്‍ പോലെയാണ് പാച്ചില്‍. പന്തു കാലില്‍ തട്ടിയാല്‍ ഗോളുറപ്പാണ്…
”ആ കറുപ്പനെ നോക്കീം. ഓനെ പിടിക്കീം…” എന്ന് ആളുകള്‍ ആര്‍ക്കും. ഗ്രൗണ്ടിലിറങ്ങിയാല്‍ പിന്നെ സാദിഖ് ഉസ്താദിന് പുറത്ത് നടക്കുന്നതൊന്നും കാണാനും കേള്‍ക്കാനുമാവില്ല.

ഇടക്ക്, നേരത്തിന് ബാങ്ക് വിളിക്കാനെത്താതെ പള്ളിയില്‍ പ്രശ്നമാവും.
”ഓനെ ഞാന്‍ പറഞ്ഞ് ശര്യാക്കിക്കോളാം…” എന്ന് ആലി ഉസ്താദാണ് കമ്മിറ്റിക്കാരെ തണുപ്പിക്കാന്‍ വരിക.
”കളി കൊറച്ച് ഓവറാവ്ണ്ണ്ട്ട്ടോ.. ബാങ്കിന്റെ സമയം അനക്ക് അറീല്ലേ..” എന്ന് ഖാദിയുസ്താദ് സാദിഖിനെ ഗുണദോഷിക്കും. അപ്പോള്‍ അയാള്‍ തനകുനിച്ച് നിക്കും.

കമ്മിറ്റിയിലെ ചില ശുജായികള്‍ സാദിഖ് ഉസ്താദിനെ കളിയാക്കാനും ബിലാല്‍ എന്ന് വിളിക്കാറുണ്ട്. ”കറുകറുത്തൊരു ബിലാലാണ്..” എന്നാണ് പള്ളിക്കമ്മിറ്റി പ്രസിഡന്റ് ഉസ്മാന്‍ ഹാജി അയാളെ കാണുമ്പോള്‍ പാടുക.
”മൂത്രപ്പൊര കഴ്കല്ല്ലേ ബിലാലേ.. ക്ലോസറ്റൊക്കെ അന്റെ കളറായല്ലോ..” എന്നൊക്കെ ആളുകള്‍ കേള്‍ക്കെ തന്നെ പറയും. ഉസ്താദിന് അതൊന്നും ഒരു വിഷയമല്ല.. ”ഓര്‍മ വെച്ച കാലം തൊട്ട് കേക്കണതാ ഇമ്മാതിരി വര്‍ത്താനങ്ങള്‍.. കറുപ്പെന്താ കളറല്ലേ..” എന്ന് ചോദിച്ച് അയാള്‍ ചിരിക്കും.

വലിയചിറ

ലോകകപ്പ് ഫൈനലില്‍ എംബാപ്പെയുടെ കുതിപ്പ് കണ്ടപ്പോള്‍ എനിക്ക് സാദിഖ് ഉസ്താദിനെ കാണണമെന്ന് തോന്നി. ആ കുതിപ്പും കിതപ്പും ഇപ്പോള്‍ ഉസ്താദിന്റെ ഉള്ളിലുമുണ്ടാവും. എംബാപ്പെയല്ല, ഉസ്താദാണ് ഗ്രൗണ്ടില്‍ തീ പിടിച്ച പോലെ പായുന്നതെന്ന് പിന്നെ എനിക്ക് തോന്നി.

കോഴിക്കോട്ടേക്ക് പഠിക്കാന്‍ പോയപ്പോള്‍ ഹോസ്റ്റല്‍ ഫീസ് കൊടുക്കാനില്ലാത്തതുകൊണ്ടാണ് ഒരു മദ്രസാധ്യാപകനാവുന്നത്. മദ്രസാധ്യാപകനായ ഒരു നാട്ടുകാരനാണ് അങ്ങനെയൊരു സൂത്രം പറഞ്ഞുതന്നത്. താമസം ഒപ്പിക്കാം. ഒരു നേരത്തെ ഭക്ഷണവും ശരിയാക്കാം. ഒരു ദിവസം തട്ടിമുട്ടാന്‍ അന്നൊരു നേരത്തെ ഭക്ഷണം മതിയായിരുന്നു. ചില നേരങ്ങളില്‍ സാദിഖ് ഉസ്താദിന് ചെലവുവീടുകളില്‍ നിന്ന് വരുന്ന ഭക്ഷണം ഷെയര്‍ ചെയ്തു. ബാക്കിനേരം വെള്ളം കുടിച്ചു.

ടൗണില്‍ നിന്ന് കുറച്ച് ഉള്ളോട്ട് മാറിയൊരു നാട്ടിന്‍പുറമായ വലിയചിറയിലാണ് മദ്രസ. നീണ്ടുപരന്ന അങ്ങാടിയുടെ നടുക്ക് ഒരു ചെറിയ ചിറയുണ്ട്. അങ്ങാടിയിലെ മാലിന്യങ്ങള്‍ തള്ളി ചിറയൊരു ചളിക്കുഴിയായിട്ടുണ്ട്. അങ്ങാടിയുടെ മൂലയിലാണ് പള്ളി. പള്ളിച്ചായ്പ്പുപോലെ പിന്നിലേക്ക് ആസ്പറ്റോസിട്ട് കെട്ടിയ മദ്രസ. അതിനകത്ത് തന്നെയായിരുന്നു താമസ സൗകര്യം. ഞാനടക്കമുള്ള നാല് ഉസ്താദുമാരില്‍ രണ്ടു പേര്‍ അവിടത്തുകാരാണ്. ഞാനും സാദിഖ് ഉസ്താദും ചായ്പ്പിലെ മുറിയില്‍ കിടക്കും.

മദ്രസയില്‍ പഠിപ്പിക്കുന്നതിന് പുറമെ മുക്രിപ്പണി കൂടിയുണ്ട് സാദിഖ് ഉസ്താദിന്. നേരത്തിന് ബാങ്ക് വിളിക്കണം. പള്ളിയും മുറ്റവും അടിച്ചുവാരണം. ടോയ്ലറ്റും മൂത്രപ്പുരയും കഴുകണം. ഒന്നും അയാള്‍ക്ക് ഒരു പണിയായി തോന്നാറില്ല. കരുത്തുള്ള ശരീരമാണ്. തേക്കിന്റെ കാതലു പോലെ ചെത്തിയെടുത്ത ശരീരം.

ഖാളിയുസ്താദ് കുടുംബത്തോടൊപ്പം പള്ളിക്കടുത്ത് തന്നെ ഒരു കോട്ടേഴ്സിലാണ് താമസം. വര്‍ഷങ്ങളായി ഖാദിയുസ്താദ് അവിടെയുണ്ട്. അവിടെ തന്നെ ജനിച്ചുവളര്‍ന്ന ഒരാളെന്ന നിലയിലാണ് ഖാളിയുസ്താദിന്റെ നടപടികള്‍. നാട്ടുകാരും അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത്. പള്ളിയില്‍ ഇമാമത്ത് നില്‍ക്കുക, വെള്ളിയാഴ്ച ഖുത്തുബ ഓതുക എന്നിവയാണ് ഖാളിയുസ്താദിന്റെ ഉത്തരവാദിത്തം. മദ്റസയുടെ സദര്‍ ആലി ഉസ്താദാണ്. ഖാളിയാരെക്കാളും വലിയ തലീല്‍ക്കെട്ടാണ് ആലി ഉസ്താദിന്. ”മൂപ്പരെ തലേക്കെട്ട് കണ്ടാ തോന്നും മൂപ്പരാണ് ഖാളിയെന്ന്..”
ഖാളിയുസ്താദ് ഇടക്ക് ആലി ഉസ്താദിനെ മക്കാറാക്കും.


കരിങ്കല്ല്

രാത്രി ഏറെ വൈകിയാണ് സാദിഖ് ഉസ്താദ് കിടക്കുക. കട്ടിലില്‍ കാലു നീട്ടിവെച്ച് ചുമരില്‍ ചാരിയിരുന്ന് അയാളുറക്കെ ഓതും, പിന്നെ പാടും. ഞാനത് കേട്ട് കിടക്കും.
”എന്താ ഉസ്താദേ കെടക്കണ്ടേ..”
ഞാന്‍ ചോദിക്കും..
”കെടന്നാ ഇമ്മാനെ ഓര്‍മ വരും. ഇപ്പാനെ കിനാവ് കാണും…”
ഇരുട്ടില്‍ ചിലപ്പോള്‍ ചില തേങ്ങലുകള്‍ കേള്‍ക്കും.

സാദിഖ് ഉസ്താദിന്റെ ഉപ്പ നല്ലൊരു പന്തുകളിക്കാരനായിരുന്നു. കരിവീട്ടി അഹമ്മദ് എന്നായിരുന്നത്രെ നാട്ടുകാര്‍ വിളിച്ചിരുന്നത്. കരിവീട്ടിയുടെ നിറവും കരുത്തുമായിരുന്നത്രെ. ലോഡിങായിരുന്നു പണി. കൂപ്പില്‍ നിന്ന് മരം കയറ്റുന്ന നേരത്ത് കൂടെ ഉണ്ടായിരുന്നവരുടെ ഒരശ്രദ്ധയില്‍ മരത്തടി മേലേക്ക് വീണ് കിടപ്പിലായി. ഒന്നു രണ്ടു കൊല്ലം ആശുപത്രിയിലും വീട്ടിലുമായങ്ങനെ കിടന്നു. ഉമ്മ പണിക്കു പോവാതെ കാര്യങ്ങള്‍ നടക്കില്ലായിരുന്നു.

”ഇമ്മ പണിക്ക് പോവുമ്പോള്‍ ഞാന് ഇപ്പാന്റട്ത്ത് നിന്നു. ഇപ്പാനെ തൊട്ടും തലോടിയും സമയം കഴിക്കും. എടക്ക് വെള്ളം എടുത്തു കൊടുത്തു. ചോറ് കൊടുത്തു. ഇപ്പാന്റെ തലയില്‍ മാത്രമേ ജീവനുണ്ടായിരുന്നുള്ളു. കയ്യിലും കാലിലുമൊന്നും തൊട്ടാലറിയില്ല.. ഇപ്പ കണ്ണുകൊണ്ടാണ് മിണ്ടിയിരുന്നത്. എപ്പഴും ചിരിച്ചങ്ങനെ കെടക്കും. ഇപ്പയുടെ കണ്ണ് ഒന്ന് നെറയണത് പോലും ഞാന്‍ കണ്ട്ട്ട്ല്ല. ഇപ്പാക്ക് പകരം സങ്കപ്പെട്ടതും കരഞ്ഞതുമൊക്കെ ഇമ്മയായിരുന്നു…”

ഞാനും സാദിഖ് ഉസ്താദിന്റെ കൂടെ അയാളുടെ വീട്ടിലാണെന്ന് തോന്നി. ഉപ്പയുടെ കണ്ണിലെ ചിരിയും ഉമ്മയുടെ ഉള്ളിലെ കരച്ചിലും കണ്ടു.
”സ്‌കൂള്‍ പഠനം മൊടങ്ങി. അങ്ങനെയാണ് അന്തിക്ക് പള്ളിയില്‍ ദര്‍സില്‍ ചേര്ണത്. ദര്‍സ് കഴിഞ്ഞാല്‍ ഒരു നേരത്തെ ചോറ് കിട്ടും. സത്യം പറഞ്ഞാ മീന്‍ചാറോ ഇറച്ചിക്കറിയോ കൂട്ടിള്ള ആ ചോറിന് വേണ്ടിയായിനു മൊടങ്ങാതെ ദര്‍സില്‍ പോയത്. ചെലപ്പോള്‍ ചെലവു പെരക്കാര് കാണാതെ പൊരിച്ച മീനോ കുറച്ച് ഇറച്ചിയോ ഒക്കെ കയ്യില്‍ കരുതിയ കടലാസില്‍ പൊതിഞ്ഞ് കൊണ്ടുപോരും. പെങ്ങള്‍ക്ക് കൊടുക്കാന്‍. അതു കണ്ടാ ഇമ്മ ചീത്ത പറയും. അതൊന്നും നല്ല ശീലമല്ലെന്ന് പറയും.”
സാദിഖ് ഉസ്താദ് സങ്കടമടക്കാന്‍ പ്രയാസപ്പെടുന്നത് ഇരുട്ടിലും ഞാനറിഞ്ഞു. പിന്നെ കുറേ നേരം ആരും ഒന്നും മിണ്ടിയില്ല. പുറത്ത് ഒരു നായയുടെ ഓളിയിടല്‍ കേട്ടു. പള്ളിമിനാരത്തിലെ പ്രാവുകള്‍ ചായ്പ്പിനു മുകളില്‍ വന്നിരുന്ന് കുറുകുന്ന പോലെ തോന്നി.

”ഒരീസം ദര്‍സ് കഴിഞ്ഞു വരുമ്പഴേക്കും ഇപ്പ പോയിരുന്നു. മുറ്റത്ത് ആളുകള് കൂടിയിരുന്നു. ഉസ്താദും ദര്‍സിലെ കുട്ട്യാളും കൂടെ വന്നു. ഇമ്മയുടെ ഇരിപ്പു കണ്ടപ്പോള്‍ ഇമ്മയാണ് മരിച്ചുപോയതെന്ന് തോന്നി. അത്രക്കും തകര്‍ന്നുപോയിരുന്നു ഇമ്മ. പെങ്ങള് നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. ഇപ്പ നീണ്ടുനിവര്‍ന്ന് പുഞ്ചിരിച്ച് കെടക്കാണ്. പന്തുകളിക്കാന്‍ പോവ്ണ നേരത്താണ് ഓനിങ്ങനെ ചിരിച്ച് കാണാറ്ള്ളത്ന്ന് ഇപ്പാന്റെ ചെങ്ങാതി നാസര്‍ക്ക പറയുന്നുണ്ടായിരുന്നു..”

ഞാന്‍ കട്ടിലില്‍ നിന്ന് എഴുന്നേറ്റ് സാദിഖ് ഉസ്താദിന്റെ അടുത്തേക്കിരുന്നു. ഞാനയാളെ തൊട്ടു. തണുത്തുറഞ്ഞ പോലെ അയാളുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു.
”സലീമേ, ആലി ഉസ്താദ് പാട്ണ പാട്ടിന്റെ മുഴ്വന് അറിയോ അനക്ക്..”
എനിക്കറിയില്ലായിരുന്നു…
അയാളത് മുഴുവന്‍ പാടി.
‘ഏറ്റി കനമുള്ള കരിങ്കല്ല് ഇടനെഞ്ചില്‍….’ എന്ന വരി അയാള്‍ ആവര്‍ത്തിച്ചു.
”ശരിക്കും എന്റെ ഇടനെഞ്ചിലൊരു കനമുള്ള കരിങ്കല്ല് കെടക്ക്ണ്ണ്ട്…”
എനിക്കും പിന്നെ ഉറങ്ങാന്‍ കഴിഞ്ഞില്ല… എന്റെ നെഞ്ചിന് മുകളിലും ഒരു കരിങ്കല്ല് കെടക്കണ പോലെ..

എത്ര വൈകി കിടന്നാലും സുബ്ഹിക്ക് ഏറെ മുമ്പ് അയാളുണരും. തഹജ്ജുദ് നിസ്‌കരിച്ച് പ്രാര്‍ഥിക്കും.
അന്ന് സുബ്ഹി ബാങ്ക് കൊടുത്തപ്പോഴും അയാള്‍ കരയുന്നുണ്ടെന്ന് തോന്നി…

പുവ്വടകള്‍

രണ്ടാഴ്ച കൂടുമ്പോഴൊക്കെയാണ് സാദിഖ് ഉസ്താദ് വീട്ടില്‍ പോയി വരിക. വരുമ്പോള്‍ ഉമ്മ ഉണ്ടാക്കിയ പുവ്വടകള്‍ കൊണ്ടുവരും. ആവിയില്‍ വെന്ത അട വിരിഞ്ഞ് അകത്തു നിറച്ച തേങ്ങയും ശര്‍ക്കരയും ഏലക്കായയും പുറത്തേക്ക് ഉരുകിയൊലിക്കുന്നുണ്ടാവും. ആലി ഉസ്താദും വരും പുവ്വട തിന്നാന്‍. ആലി ഉസ്താദിന് മധുരമുള്ള പലഹാരങ്ങള്‍ വലിയ ഇഷ്ടമാണ്.
”പൂവ്വടയല്ലെടാ.. ഇത് പൂവടയാണ്..” എന്നാണ് ആലി ഉസ്താദ് പറയുക.
ഇടക്ക് ആലി ഉസ്താദ് മദ്രസയില്‍ വരുമ്പോള്‍ പലഹാരങ്ങള്‍ കൊണ്ടുവരാറുണ്ട്. കോഴിക്കോടന്‍ രസങ്ങളുടെ പലജാതി സംഭവങ്ങള്‍.

അദ്ദേഹത്തിന്റെ ഭാര്യ സൈനാത്ത നല്ലൊരു പാചകക്കാരിയാണ്. ഇടക്ക് ഞങ്ങളെ ഉസ്താദിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. തീറ്റിച്ചാലും തീറ്റിച്ചാലും സൈനാത്താക്ക് മതിയാവൂല.
”സൈന അനക്ക് കൊടുത്തയച്ചതാ….” എന്ന് സാദിഖിനോട് പറഞ്ഞാണ് ഉസ്താദ് പാത്രം കൊടുക്കുക.
”അപ്പൊ ഞമ്മള്‍ക്കൊന്നും പറ്റൂലേ…” എന്ന് ഞാന്‍ ചോദിക്കും.
”ഓന്‍ ഞങ്ങളെ കുട്ട്യാ… ലേ സാദിഖേ..” എന്നു പറഞ്ഞ് ആലി ഉസ്താദ് ചിരിക്കും. ആ ചിരിക്കിടയിലും കണ്ണിന്‍ ചെരിവില്‍ ഒരു ചെറിയ നനവ് തിളങ്ങുന്നത് എന്തിനാണെന്ന് എനിക്ക് അറിയില്ലായിരുന്നു.
സാദിഖ് ഉസ്താദും ഞാനും ആ പാത്രം അപ്പോള്‍ തന്നെ കാലിയാക്കും.

”ഉസ്താദിന്റെ മോളെ ങ്ങളെക്കൊണ്ട് കെട്ടിക്കാനുള്ള വല്ല പരിപാടീം ണ്ടോ.. മൂപ്പര്‍ക്ക്..” ഞാന്‍ ഒച്ച കുറച്ച് സാദിഖ് ഉസ്താദിനോട് ചോദിച്ചു. അപ്പോള്‍ അയാളുടെ കണ്ണിലും നനവു പടര്‍ന്നു. ”ഉസ്താദിന് മക്കളില്ല…”
തിന്നത് ചങ്കില്‍ കുടുങ്ങിയ പോലെ ഞാനങ്ങനെ നിന്നുപോയി. എനിക്കും കരച്ചില്‍ വന്നു. ”എന്താ രണ്ടാളും ക്ലാസില് പോണില്ലേ. കുട്ട്യാള് അലമ്പാക്കും ട്ടോ…” എന്ന് പറഞ്ഞ് അപ്പോഴങ്ങോട്ട് വന്ന ആലി ഉസ്താദിനെ കെട്ടിപ്പിടിച്ച് കരയാനാണ് എനിക്ക് തോന്നിയത്. ഞാന്‍ എഴുന്നേറ്റ് ഉസ്താദിന്റെ അടുത്തേക്ക് ചെന്നു. ”ഞാനും ങ്ങളെ കുട്ട്യാണ്..”
ഉസ്താദ് ചിരിച്ചു.. ”അയിനിപ്പൊ ന്താ.. അല്ലേലും അതങ്ങനെ തന്നല്ലേ..”
ഉസ്താദ് എന്നെ ചേര്‍ത്തുപിടിച്ചു. ആദ്യമായി ഞാന്‍ ഒരുപ്പയുടെ നെഞ്ചിടിപ്പ് കേട്ടു.


ആകാശമൈതാനം

അതിനിടക്ക് ഒരു ദിവസം സാദിഖ് ഉസ്താദിനെ എന്തോ വലിയ സങ്കടം കെട്ടിയിട്ടു. അന്നയാള്‍ ഖുര്‍ആന്‍ ഓതുകയോ പാട്ടുപാടുകയോ ഉണ്ടായില്ല. തേങ്ങിയുള്ള കരച്ചില്‍ മാത്രം. എന്തിനാണ് ഇങ്ങനെ കരയുന്നത് എന്ന് ചോദിക്കാന്‍ പോലുമുള്ള അവസ്ഥയിലായിരുന്നില്ല ഉസ്താദും ഞാനും. ഞാന്‍ അയാളുടെ അടുത്ത് ചെന്നിരുന്നു. ഒന്നും മിണ്ടാതെ ഞങ്ങള്‍ കുറേ നേരം തൊട്ടിരുന്നു. ആറാം ക്ലാസിലെ ഒരു കുട്ടി അയാളെ എംബാപ്പെ എന്ന് വിളിച്ചത്രെ. അവന്റെ ഉപ്പ പറഞ്ഞതാണത്രെ. നിങ്ങളെ ഉസ്താദിന് എംബാപ്പെയുടെ മുഖമാണെന്ന്…

കുട്ടികള്‍ പോലും പരസ്യമായി കളിയാക്കി തുടങ്ങിയെന്ന സങ്കടം അയാളെ തളര്‍ത്തി. ആരാണ് എംബാപ്പെ എന്നാണ് സാദിഖ് ഉസ്താദ് ചോദിക്കുന്നത്. ഞാനങ്ങനെ ഒരു പേര് ആദ്യമായി കേള്‍ക്കുകയായിരുന്നു. കുരങ്ങന്റെ മുഖമാണ് സാദിഖ് ഉസ്താദിനെന്ന് പള്ളിയില്‍ വരുന്ന പലരും പറയുന്നത് അയാള്‍ കേട്ടിട്ടുണ്ട്. കുരങ്ങനുസ്താദ് എന്ന് പല കുട്ടികളും അയാള്‍ കേള്‍ക്കെയും കേള്‍ക്കാതെയും വിളിക്കാറുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത സങ്കടമാണ് ഇപ്പോള്‍ ഞങ്ങള്‍ രണ്ടാള്‍ക്കുമുണ്ടായത്.
ഞാന്‍ എഴുന്നേറ്റ് ലൈറ്റിട്ടു. അയാള്‍ രാവിലെ മദ്രസയിലേക്ക് പോയ അതേ കോലത്തിലാണ് അപ്പോഴും ഇരിക്കുന്നതെന്ന് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.

”വാ. ഞമ്മക്കൊന്ന് പൊറത്തേക്കെറങ്ങാം.”
സലാമാക്കാന്റെ തട്ടുകട അടച്ചിട്ടുണ്ടായിരുന്നില്ല. ഓരോ കട്ടന്‍ചായക്ക് പറഞ്ഞു. ”അല്ല ഉസ്താദേ.. ങ്ങക്കെന്താ സുഖല്ലാന്ന് കേട്ടു. ബാങ്ക് വേറെ ആളതാണല്ലോ കേട്ടത്.” മറുപടി പറഞ്ഞത് ഞാനാണ്..
”കാര്യായിട്ടൊന്നൂല്ല. ഒര് തലവേദന..”
”ഏലക്കായി ഇട്ട കട്ടനാ.. തലവേദനക്ക് നല്ലതാ…”
തട്ടുകടയില്‍ അപ്പോഴും തിരക്കുണ്ടായിരുന്നു.

”ഏ നിങ്ങള്‍ രണ്ടാള്ണ്ടായിര്ന്നോ.. ഞാന് ഇരുട്ടത്ത് ഒരാളെയേ കണ്ടുള്ളു.. ഇരുട്ടത്ത് എറങ്ങുമ്പോ ശ്രദ്ധിക്കണം ഉസ്താദേ.. വണ്ടിക്കാര് കാണൂല..”
നെയ്ച്ചോറും ചിക്കന്‍പൊരിച്ചതും തിന്നുന്ന ഒരു ഹംക്ക് തമാശ പറഞ്ഞതാണ്. അവിടെയുണ്ടായിരുന്ന ഒന്നു രണ്ടാളുകള്‍ അതുകേട്ട് ചിരിക്കുകയും ചെയ്തു. സാദിഖ് ഉസ്താദ് കട്ടന്‍ മുഴുവനാക്കാതെ എഴുന്നേറ്റു. പൈസ കൊടുത്തിട്ടും സലാമാക്ക വാങ്ങിയില്ല.

ഞങ്ങള്‍ റോഡിലൂടെ കുറച്ചു നടന്നു. ”ഞമ്മക്ക് റൂമിലേക്ക് പോവാം.”
ഉസ്താദ് പറഞ്ഞു. ഞങ്ങള്‍ പള്ളിക്കു മുന്നിലെത്തി. പത്തിരുന്നൂറ് കൊല്ലം പഴക്കമുള്ള പള്ളിയാണ്. കാര്യമായ പുതുക്കി പണിയലുകളൊന്നും നടത്തിയിട്ടില്ല. വികസനത്തിന്റെ ഭാഗമായി സൈഡിലേക്ക് ഏച്ചുകെട്ടിയപോലെ ഒരു ബില്‍ഡിങ് ഉണ്ടാക്കിയിട്ടുണ്ട്.

ഞങ്ങള്‍ മേലേ പള്ളിയിലേക്ക് കയറി. തട്ടിന്‍പുറത്ത് മലര്‍ന്ന് കിടന്നു. പുറത്തേക്ക് കാഴ്ച കിട്ടുന്ന കിളിവാതിലൂടെ പൂര്‍ണ ചന്ദ്രനെ കണ്ടു. അവിടെ നിന്ന് നോക്കിയാല്‍ പന്തുകളിക്കുന്ന ഗ്രൗണ്ട് കാണാം.
നിലാവ് കിളിവാതിലൂടെ അകത്തേക്ക് പരന്നിരുന്നു.
”ശ്രദ്ധിച്ച് നോക്ക്യാല് ആകാശം ഒരു ഗ്രൗണ്ടാണ് ലേ..”
സാദിഖ് ഉസ്താദാണ് പറഞ്ഞത്..
ഞാന്‍ മൂളുകമാത്രം ചെയ്തു.
”ചന്ദ്രന്‍ ശരിക്കും പന്തു പോലുണ്ട്…”
ഞാന്‍ ചന്ദ്രനെ നോക്കി.. പന്തു പോലാണോ…
”സലീമേ ശരിക്ക് നോക്കാ.. ആ പന്തിന് ചുറ്റും കളിക്കാര്.. നോക്ക് ആ കറുത്ത് നീണ്ട ആളില്ലേ.. അതാണ് ന്റെ ഇപ്പ…”
എനിക്ക് കരച്ചില്‍ വന്നു.

നേരംതെറ്റിയ ബാങ്ക്

പിറ്റേന്ന് മദ്രസയില്‍ ചെന്നപ്പോള്‍ കൂടുതല്‍ കുട്ടികള്‍ സാദിഖ് ഉസ്താദിനെ എംബാപ്പെ ഉസ്താദ് എന്ന് വിളിച്ചു. ചിലര്‍ വിളിക്കുന്നത് ഞാനും കേട്ടു. അവരോട് എന്തിനാണ് ഉസ്താദിനെ അങ്ങനെ വിളിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ആരൊക്കെയോ വിളിക്കുന്നത് കേട്ട് വിളിക്കുകയാണെന്ന് പറഞ്ഞു.

അന്ന് വൈകുന്നേരം ഗ്രൗണ്ടില്‍ കളിക്കാനിറങ്ങിയപ്പോഴും ‘കറുപ്പാ’ എന്ന ആര്‍പ്പിന് പകരം ‘എംബാപ്പെ.. എംബാപ്പെ’ എന്നാണ് ആളുകള്‍ ഒച്ചയുണ്ടാക്കിയത്. സാദിഖ് ഉസ്താദിന് കളിക്കാനായില്ല. അയാള്‍ പകുതിയില്‍ ഗ്രൗണ്ടില്‍ നിന്ന് കയറിപ്പോയി. അന്ന് സാദിഖ് ഉസ്താദ് മഗ്രിബ് ബാങ്ക് പത്ത് മിനിറ്റ് മുമ്പേ കൊടുത്തു. നേരംതെറ്റിയ ബാങ്ക് കേട്ട് പള്ളിയില്‍ ആളു കൂടി. ആലി ഉസ്താദ് വന്ന് സാദിഖിനെ അയാളുടെ വീട്ടിലേക്ക് കൊണ്ടു പോയി. ഞാന്‍ ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ പള്ളിയില്‍ ആകെ പ്രശ്നമാണ്. ആലി ഉസ്താദ് അവരെ ശാന്തരാക്കാന്‍ പലതും പറയുന്നുണ്ട്. ഖാളിയുസ്താദും വന്നിട്ടുണ്ട്..

”മനുഷ്യമ്മാരല്ലേ.. മറവിയും തെറ്റുമൊക്കെ മനുഷ്യമ്മാര്‍ക്കല്ലേ പറ്റാ.. ങ്ങള് പ്രശ്നാക്കല്ലീം…” എന്ന് ഖാളിയുസ്താദ് പറഞ്ഞപ്പോഴാണ് ആളുകള്‍ പിരിഞ്ഞുപോയത്. ”ആ കറുപ്പന് അല്ലേലും കൊറച്ച് കൂടുതലാ. ഒരു ഉസ്താദിന്റെ മെനയൊന്നും അയാക്കില്ല..”

ആലി ഉസ്താദിന്റെ വീട്ടിലേക്ക് നടക്കുമ്പോള്‍ ആളുകളുടെ വര്‍ത്തമാനം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷെ എന്റെ ഉള്ളില്‍ അതൊന്നും വേദന ഉണ്ടാക്കിയില്ല. എംബാപ്പെ ആരെന്ന് അറിഞ്ഞാണ് ഞാന്‍ വരുന്നത്. കൂടെ പഠിക്കുന്ന ആബിദാണ് എംബാപ്പെയെ കുറിച്ച് പറഞ്ഞത്.
സാദിഖ് ഉസ്താദിനെ കണ്ടയുടനെ ഞാന്‍ പറഞ്ഞു…
”എംബാക്കെ ഒരു ഗംഭീര പന്തുകളിക്കാരനാണ്…”
സാദിഖ് ഉസ്താദ് എന്നെ കെട്ടിപ്പിടിച്ച് ചിരിച്ചു. അയാളുടെ ഹൃദയമിടിപ്പ് എന്റെ നെഞ്ചില്‍ തൊട്ടു.

”അല്‍ എംബാപ്പെ..” ഞാനും ചിരിച്ചു.
”എന്താടാ രണ്ടാക്കും വട്ടായോ..”
ആലി ഉസ്താദിന് ഞങ്ങളുടെ ചിരി കണ്ടപ്പോള്‍ ആശ്ചര്യമുണ്ടായെങ്കിലും എന്തോ ഒരു സമാധാനം ആ മുഖത്തുണ്ടായി.

അഭിമാനം

അതിനു ശേഷം വന്ന ലോക കപ്പ് ഞങ്ങള്‍ ഒന്നിച്ചിരുന്നാണ് കണ്ടത്. സെവന്‍സ് ക്ലബ്ബില്‍ കളി കാണാനുള്ള സംവിധാനമൊരുക്കിയിരുന്നു. എംബാപ്പെ പെറുവിനെതിരെ ഗോള്‍ നേടുമ്പോള്‍ സാദിഖ് ഉസ്താദിന്റെ ആവേശം കാണേണ്ടതു തന്നെയായിരുന്നു. ആളുകള്‍ ഉസ്താദിന് ചുറ്റും നിന്ന് ‘എംബാപ്പെ എംബാപ്പെ’ എന്നാര്‍ത്തു. ആദ്യമായി തന്റെ കറുത്ത നിറത്തില്‍ സാദിഖ് ഉസ്താദിന് അഭിമാനം തോന്നിയ നിമിഷമായിരിക്കണമത്.

ഉസ്താദ് എംബാപ്പെ എന്നത് പിന്നെ സാദിഖ് ഉസ്താദിന്റെ പേരായി മാറി. കുട്ടികള്‍ മാത്രമല്ല നാട്ടുകാരും കമ്മറ്റിക്കാരും ആലി ഉസ്താദും ഖാളി ഉസ്താദടക്കം അയാളെ അങ്ങനെയാണ് വിളിച്ചത്.
ലോകക്കപ്പില്‍ ഫ്രാന്‍സ് തോറ്റെങ്കിലും ഫൈനലില്‍ ആരവം തീര്‍ത്ത എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് വാങ്ങുമ്പോള്‍ ഞാന്‍ സാദിഖ് ഉസ്താദിന്റെ ഫോണിലേക്ക് വിളിച്ചു. ഉസ്താദ് എംബാപ്പെ എന്നാണ് ഞാന്‍ നമ്പര്‍ സേവ് ചെയ്ത് വെച്ചിരുന്നത്. അത് സ്വിച്ചോഫായിരുന്നു. വാട്സാപ്പിലയച്ച മെസേജും അയാള്‍ കണ്ടിട്ടില്ലെന്ന് തോന്നുന്നു.

അടുത്ത ആഴ്ച സാദിഖ് ഉസ്താദിന്റെ കല്യാണമാണ്. രണ്ടു ദിവസം മുമ്പാണ് വിളിച്ചു പറഞ്ഞത്. തലേന്നുതന്നെ പോണം. സാദിഖ് ഉസ്താദിന്റെ ഉമ്മയുടെ ഏറ്റവും വലിയ ആഗ്രഹമാണ് നടക്കാന്‍ പോവുന്നത്. അയാള്‍ക്കാണെങ്കില്‍ കെട്ടുപ്രായം കഴിഞ്ഞിട്ട് വര്‍ഷങ്ങളായിരിക്കുന്നു. പെങ്ങളുടെ കല്യാണം കഴിയാന്‍ കാത്തുനിന്നതല്ല, പറ്റിയൊരു ആലോചന ശരിയായി കിട്ടണ്ടേ..
വീട്ടില്‍ ഉമ്മ ഒറ്റക്കാണ്. നാട്ടിലൊരു മദ്രസയിലേക്ക് മാറുകയാണെന്നും കല്യാണം കഴിഞ്ഞാല്‍ നാട്ടില്‍ തന്നെ കൂടണമെന്നുമൊക്കെ അയാള്‍ പറഞ്ഞിരുന്നു.

ബാങ്കൊലി

രാവിലെ ആലി ഉസ്താദാണ് വിളിച്ചുണര്‍ത്തിയത്. സുബ്ഹി ബാങ്കിന് ഇനിയും സമയമുണ്ട്. ഫോണെടുത്ത് ചെവിയോട് ചേര്‍ക്കുമ്പോള്‍ എന്തിനെന്നറിയാതെ കൈ വിറക്കുന്നുണ്ടായിരുന്നു.
”സലീമേ… ഇന്നലെ രാത്രി സാദിഖിന് ഒരു ആക്സിഡന്റ്…”
എനിക്ക് ശ്വാസം പിടച്ചു. മെഡിക്കല്‍ കോളജിലെത്തുമ്പോള്‍, സാദിഖ് ഉസ്താദിനെ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പറഞ്ഞു. ആലി ഉസ്താദും ഭാര്യയും അവിടെയുണ്ടായിരുന്നു. വൈകുന്നേരത്തോടെയാണ് സാദിഖ് ഉസ്താദിനെ വാര്‍ഡിലേക്ക് മാറ്റിയത്. വലതുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നത്രെ.

സാദിഖിനേക്കാള്‍ വലിയ പിടപ്പുകളോടെയാണ് ഞാന്‍ അയാള്‍ക്കടുത്ത് നിന്നത്. എന്ത് പറയണമെന്നറിയാതെ ഞാനയാളുടെ മുഖത്തേക്ക് നോക്കി. അയാളുടെ മുഖത്ത് ചിരി മാത്രമേയുള്ളു. എനിക്ക് അയാളുടെ ഉപ്പയെ ഓര്‍മ വന്നു.
”ഇമ്മാനെ അറീച്ചിട്ട്ല്ല…”
ആലി ഉസ്താദ് പറഞ്ഞു..
”ഇമ്മ ഇപ്പൊ അറിയണ്ട…”
സാദിഖ് ഉസ്താദ് പറഞ്ഞു.
”ഫ്രാന്‍സ് തോറ്റെങ്കിലും എംബാപ്പെ ജയിച്ചു. ഗംഭീര കളിയായിരുന്നു..”
അയാള്‍ ചിരിച്ചു.
”ന്‍ക്ക് ഞ്ഞ് പന്ത്കളിക്കാന്‍ പറ്റൂല ലേ…”

ഞാനയാളുടെ കൈയില്‍ മുറുക്കിപ്പിടിച്ചു. മുറിച്ച് മാറ്റിയ കാലിനു മുകളിലിട്ട വെളുത്ത തുണിയിലേക്ക് നോക്കിയപ്പോള്‍ എന്റെ ശരീരം തളരുന്ന പോലെ തോന്നി. ആലി ഉസ്താദും ഭാര്യയും സാദിഖ് ഉസ്താദിനെ ആശ്വസിപ്പിക്കാനുള്ള എല്ലാ ശ്രമവും നടത്തുന്നുണ്ട്. അവര്‍ ശരിക്കും അയാളുടെ ഉമ്മയും ഉപ്പയുമാണെന്ന് തോന്നി. അവരുടെ മുഖത്ത് അത്രമാത്രമായിരുന്നു സങ്കടം.

”അല്ലേലും ഞാന് നല്ലൊരു കളിക്കാരനല്ല. വെറുമൊരു പാച്ചിലുകാരനാണ്.. ഗ്രൗണ്ടിലും ജീവിതത്തിലും. അങ്ങോട്ടുമിങ്ങോട്ടും പായുന്നുണ്ടെന്നേയുള്ളു. കളിയൊന്നുമല്ലത്. ഇനി ആ പാച്ചിലിന് ഒര് കൊറവുണ്ടാവും ലേ…” ആലി ഉസ്താദ് സാദിഖിന്റെ തലയിലൂടെ വിരലുകള്‍ അനക്കി. അയാളുടെ ചുണ്ടില്‍ ദിക്റുകള്‍ വിറച്ചു.

”ഞാനൊന്ന് ബാങ്ക് വിളിച്ചോട്ടെ…”
സാദിഖ് ഉസ്താദ് ചോദിച്ചു. ഞാനും ആലി ഉസ്താദും വാര്‍ഡില്‍ കിടക്കുന്ന മറ്റു രോഗികളെയും അവരുടെ കൂടെയുള്ളവരെയും നോക്കി.
”അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍…”
മധുരമനോഹരമായ ശബ്ദത്തില്‍ സാദിഖ് ഉസ്താദ് ബാങ്ക് വിളിച്ചു.

വലിയചിറയിലെ പള്ളിയിലാണ് ഞങ്ങളുള്ളത് എന്ന് എനിക്ക് തോന്നി. വാര്‍ഡിലുള്ളവരെല്ലാം നിസ്‌കരിക്കാനായി സ്വഫ് നില്‍ക്കുന്ന പോലെയും. മുകളില്‍ ബാങ്കൊലികള്‍ പോലെ പ്രാവുകള്‍ പറന്നു. ഒരു പന്തുമായി വന്ന ഖാളിയുസ്താദ് അപ്പോള്‍ അവര്‍ക്ക് ഇമാമായി നിന്നു.
ബാങ്കിന്റെ സമയമായിട്ടില്ലെന്നറിഞ്ഞിട്ടും സാദിഖലിയുടെ ഉമ്മ നേരത്തെ വുളുവെടുത്ത് നിസ്‌കാരക്കുപ്പായമിട്ട് മുസല്ല വിരിച്ചു.
അന്ന് നേരത്തെ ഇരുട്ടായി. ആകാശം പള്ളിപ്പറമ്പു പോലെ കറുത്തു. അവിടെ ഒറ്റക്കാലു കൊണ്ട് ഒരാള്‍ പന്തു കളിക്കുന്നത് ഇടിമിന്നല്‍ വെളിച്ചത്തിലെന്ന പോലെ ഞാന്‍ കണ്ടു.

മുഖ്താര്‍ ഉദരംപൊയില്‍

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.