നിനച്ചിരിക്കാത്ത നേരത്ത്
പൊട്ടിവീഴുന്ന
ചില ഒറ്റപ്പെടലുകളുണ്ട്.
വിഭജനം നടന്നപ്പോള്‍
ശത്രുരാജ്യത്ത് പെട്ടുപോയ
കമിതാവിനെപ്പോലെയാകും
അന്നേരം മനസ്സ്.
പൂര്‍ണ്ണവിരാമം വീഴാത്തൊരു വാചകം
അര്‍ദ്ധോക്തിയില്‍
മുറിഞ്ഞു പോയതിന്റെ നോവില്‍
പ്രിയതരമായൊരു കാതു തേടി
അലഞ്ഞലഞ്ഞു മടുക്കും.
മുറിവേറ്റൊരു കര്‍ണ്ണപുടം
അറിയാവുന്ന സ്വര വ്യഞ്ജനങ്ങള്‍
കേള്‍ക്കാനാഗ്രഹിക്കും വിധം
ശ്രദ്ധയോടെ വിന്യസിച്ചുവെക്കും.
അടുത്ത തിരക്കിലേക്ക് വീഴും വരെ,
കണ്ടുതീര്‍ത്ത കാഴ്ചകളെക്കുറിച്ച്
മിണ്ടിയും പറഞ്ഞുമിരിക്കാമെന്ന്
ഒരു കണ്ണ് മറ്റേ കണ്ണിനോട്
അടക്കം പറയും