പരീമഹലില്‍ നിന്നു നോക്കിയാല്‍ ദാല്‍ തടാകത്തിലെ ചാര്‍ചിനാര്‍ കാണാം. നാല് ചിനാര്‍ മരങ്ങള്‍ ഉള്ള, തടാകത്തിനു നടുവിലെ ഒരു ചെറിയ തുരുത്താണ് ചാര്‍ചിനാര്‍.
”ഹേമന്തത്തില്‍ തീ ചിതറും പോലെ അതിന്റെ ഇലകള്‍ തുടുത്തിരിക്കും. ആ തുടുപ്പ് തന്നെയാണ് ഇവിടുത്തെ മനുഷ്യര്‍ക്കും ആപ്പിളുകള്‍ക്കും. ശൈഖ് അബ്ദുല്ലയുടെ ആത്മകഥയുടെ പേര് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ആതിശേചിനാര്‍. ചിനാറിന്റെ ജ്വാലകള്‍ എന്നാണതിനര്‍ഥം”. ആസിഫ് സോഫി ചിരിച്ചു കൊണ്ട് പറഞ്ഞു.
”കാശ്മീര്‍ എന്നും ഇങ്ങനെ കത്തിക്കൊണ്ടിരിക്കും. ഹരിസിംഗ് ഭരണം ആരംഭിച്ചതു മുതലോ അതിനു മുമ്പോ തുടങ്ങിയതാണത്”. ആസിഫിന്റെ സ്വരത്തില്‍ വിലാപത്തേക്കാള്‍ നിസംഗതയായിരുന്നു. ശിശിരത്തില്‍ ഇലകളെല്ലാം പൊഴിച്ച് ചില്ലകളുയര്‍ത്തി പ്രാര്‍ഥനാപൂര്‍വം നില്‍ക്കുന്ന ചിനാര്‍ മരത്തിന്റെ നിരാലംബമായ ഓര്‍മ പെട്ടെന്ന് എന്റെ മനസ്സിലൂടെ കടന്നു പോയി.
ആസിഫ് കാശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഐ.ടി വിഭാഗത്തിലെ അധ്യാപകനാണ്. അനന്ത്‌നാഗ് എന്ന രജിസ്റ്ററില്‍ പേരുള്ള, ഇസ്‌ലാമാബാദ് എന്ന് നാട്ടുകാര്‍ വിളിക്കുന്നയിടമാണ് അവന്റെ ജന്മസ്ഥലം. ആസിഫിന്റെ മൂന്ന് സഹോദരന്മാരില്‍ ഒരാള്‍ ആറ് മാസം മുമ്പ് താഴ്‌വരയില്‍ ബുര്‍ഹാന്‍ വാനിയെന്ന ചെറുപ്പക്കാരനെ പട്ടാളക്കാര്‍ വധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധസമരങ്ങളില്‍ അപ്രത്യക്ഷനാവുകയുണ്ടായി. വെളുപ്പും വയലറ്റും പൂക്കളുള്ള ചെടികള്‍ പടര്‍ന്നു കിടക്കുന്ന മാര്‍ബിള്‍ ഫലകങ്ങള്‍ പതിച്ച ശ്മശാനങ്ങള്‍ ശ്രീനഗറിന്റെ ഏതു ഭാഗത്തും കാണാം. അവിടെ വിശ്രമിക്കുന്നതിനെക്കാള്‍ അധികം പേര്‍ കാണാമറയത്ത്, ജീവിച്ചിരിക്കുന്നോ മരിച്ചോ എന്നു തിട്ടമില്ലാത്ത അനിശ്ചിതാവസ്ഥയിലാണ്.
”ഹസ്രത്ത്ബാല്‍ മസ്ജിദിന്റെ വെളുത്ത എടുപ്പുകളല്ല, ഈ ശ്മശാനങ്ങളാണ് ശ്രീനഗറിന്റെ ചിഹ്നം. മസ്ജിദ് പഴയ കാലത്തിന്റെ പ്രതീകമാണ്. ഖബര്‍സ്ഥാനുകള്‍ വര്‍ത്തമാനത്തെ നിരന്തരം ഓര്‍മപ്പെടുത്തുന്നു. ഏതിടത്തു കഴുത്തില്‍ കുരുക്കു മുറുക്കാവുന്ന മരണത്തിന്റെ ഭീഷണിയാണ് ആ മാര്‍ബള്‍ ഫലകങ്ങളുടെ വെളുപ്പിന്”. നെടുവീര്‍പ്പുകള്‍ പോലെയുള്ള ആസിഫിന്റെ വാക്കുകള്‍ പൊള്ളിക്കുന്നതായിരുന്നു.
”ഇസ്‌ലാം ഖാന്‍ എന്ന മുഗള്‍ ഗവര്‍ണര്‍ ഭരണം നടത്തിയ സ്ഥലം എന്ന അര്‍ഥത്തിലാണ് ഇസ്‌ലാമാബാദ് എന്ന് എന്റെ ജന്മനാടിനെ വിളിക്കുന്നത്. പക്ഷേ, ആ വിളിയെ ആരൊക്കെയോ പേടിക്കുന്നു. സ്ഥലനാമങ്ങള്‍ മാറ്റുന്നതു കൊണ്ട് ചരിത്രവും സംസ്‌കാരവും മാറുമോ? പെഹല്‍ഗാമിലേക്കോ അമര്‍നാഥിലേക്കോ ജമ്മുവിലേക്കോ പോകുന്ന വഴിക്ക് മുന്‍ഭാഗത്ത് ഇസ്‌ലാമാബാദ് എന്നെഴുതി വച്ച ടാക്‌സികള്‍ നിങ്ങള്‍ക്കു കാണാം. ചരിത്രമുണ്ടാക്കുന്നത് സാധാരണക്കാരാണ്. ഭരണാധികാരികളല്ല. അവര്‍ക്ക് ജീവിതത്തെ രക്തത്തില്‍ മുക്കിക്കൊല്ലാന്‍ കഴിഞ്ഞേക്കും”. വാക്കുകളില്‍ ശാന്തത നിലനിര്‍ത്താന്‍ അവന്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു.
കാശ്മീര്‍ യുണിവേഴ്‌സിറ്റിയുടെ അധ്യാപക പരിശീലന കോഴ്‌സിന്റെ ഭാഗമായുള്ള ഫീല്‍ഡ് ട്രിപ്പിലായിരുന്നു ഞങ്ങള്‍. തണുപ്പുകാലത്തിന്റെ അവസാനദിവസങ്ങള്‍. രണ്ടു ദിവസം മുമ്പു വരെ പഞ്ഞിത്തുണ്ടുകള്‍ പോലെ കനം കുറഞ്ഞ മഞ്ഞു വീണിരുന്നു. ഇതിനേക്കാള്‍ മനോഹരമായ കാഴ്ച വേറയില്ലന്ന് തോന്നിപ്പിച്ച നിമിഷങ്ങള്‍. പ്രകൃതിയുടെ സൂഫീനൃത്തമാണ് മഞ്ഞുവീഴ്ച.
പരീമഹലിലേക്കാണ് ഞങ്ങള്‍ പൊയ്‌ക്കൊണ്ടിരുന്നത്. പ്രധാന നിരത്തില്‍ നിന്നു ഉള്ളിലേക്ക് കയറിയ വാഹനം മൂന്നുനാല് കിലോ മീറ്റര്‍ മുന്നോട്ട് പോയി നിര്‍ത്തി. മരങ്ങള്‍ തടസ്സപ്പെടുത്തുന്ന വഴിയിലൂടെ ബസ്സിനു ഇനിയും മുന്നോട്ട് പോകാന്‍ പറ്റുമായിരുന്നില്ല. ഇനി നടന്നു കയറണം. ആയാസപ്പെടുത്തുന്ന ചെങ്കുത്തായ വഴി. പരവതാനി വിരിച്ച പോലെ ഇരു വശത്തും പുല്‍മേടുകള്‍. മരങ്ങള്‍ നിറഞ്ഞ, നിശ്ശബ്ദമായ കാട്.
പരീമഹല്‍ ബുദ്ധമതസ്ഥരുടെ ആരാധനാ കേന്ദ്രമായിരുന്നു, ഷാജഹാന്റെ മകന്‍ ദാരാഷിക്കോ അതൊരു വാനനിരീക്ഷണ കേന്ദ്രമാക്കി മാറ്റും വരെ. അവിടെ നിന്നു നോക്കുമ്പോള്‍ ദാല്‍ തടാകവും കരയിലെ ഹ്സ്രത്ത്ബാല്‍ പള്ളിയുടെ വെളുത്ത ഖുബ്ബകളും കാണാം. പ്രേതങ്ങളെപ്പോലെ അലയുന്ന ഷിക്കാരകളാണ് ദാലില്‍. പള്ളിക്കു മുമ്പിലെ മരങ്ങളില്‍ മൈനകളുടെ നിലക്കാത്ത കലമ്പലുകള്‍. ”പച്ച പെയ്ന്റടിച്ച ടൂറിസം വകുപ്പിന്റെ ബോര്‍ഡില്‍ എഴുതിവെക്കാത്ത ഒരു സത്യമുണ്ട്, സുഹൃത്തേ. താഴ്‌വാരയില്‍ നിന്നു കാണാതായവരുടെ ആത്മാക്കളുടെ അഭയകേന്ദ്രമാണിത്. പരീമഹല്‍ എന്നാല്‍ പ്രേതകുടീരം. കാണാതായവരുടെ പ്രേതങ്ങള്‍ ചുറ്റു ഗോവണി പോലെയുള്ള റോഡ് കയറി മുകളിലെത്തി രാത്രി മുഴുവന്‍ താഴേക്ക് നോക്കി നില്‍ക്കുന്നു. അതില്‍ എന്റെ അനുജനുമുണ്ടായിരിക്കും. ദര്‍ഗയില്‍ നിന്ന് സുബ്ഹി വാങ്കിന്റെ ഒലികള്‍ പുകയുയരുന്ന ദാലിലെ വെള്ളത്തില്‍ തട്ടി കുന്നു കയറി വരും വരെ അവര്‍ താഴേക്ക് നോക്കി നില്‍ക്കും. മരണവും താഴ് വരയിലെ ജീവിതവും തമ്മില്‍ മാറ്റമില്ല എന്ന് ആരും കേള്‍ക്കാത്ത തരത്തില്‍ അവര്‍ വളിച്ചു പറഞ്ഞു കൊണ്ടിരിക്കും”. ഇത് പറയുമ്പോള്‍ അവന്റെ മുഖത്തുണ്ടായിരുന്ന ചിരി ജീവിച്ചിരിക്കുന്നവന്റെയാണോ എന്ന ഭയപ്പാടുണ്ടാക്കി. ഞങ്ങളുടെ സംഭാഷണം ശ്രദ്ധിച്ചു കൊണ്ട് ദൂരേക്ക് ചെറിയ കല്ലുകള്‍ എറിയുകയായിരുന്ന ഇസ്മാഈല്‍ ബേഗ് പറഞ്ഞു ”ജീവിച്ചിരിക്കുന്ന പ്രേതത്തെ നീ കണ്ടിട്ടുണ്ടോ? ഇവന്‍ അക്കൂട്ടത്തിലാണ്”.
അസ്തമയത്തോടെ ഞങ്ങള്‍ അതിഥി മന്ദിരത്തില്‍ തിരിച്ചെത്തി. ദാലില്‍ നിന്ന് കരകയറി വരുന്ന കാറ്റിന്റെ ഓളങ്ങള്‍ അന്തരീക്ഷത്തിലുണ്ട്. തീന്മുറിയില്‍ തയ്യാറാക്കി വച്ചിരുന്ന കബാബും തന്തൂരി റൊട്ടിയും കഴിച്ചു. ഇരുട്ടും കുളിരും മത്സരിച്ചു രംഗം കൈയടക്കിക്കൊണ്ടിരുന്നു. യൂണിവേഴ്‌സിറ്റിക്കുള്ളിലെ ടാര്‍ ചെയ്ത പാതകളില്‍ പെട്ടെന്ന് ആളൊഴിഞ്ഞു. രജായി എന്നു പേരുള്ള കട്ടിപ്പുതപ്പിനുള്ളിലേക്ക് നൂണ്ടു.
ഉറക്കം പിടിച്ചു വരികയായിരുന്നു. വലിയ ബഹളം അടച്ചിട്ട ജനല്‍പാളിയും രജായിയും തുളച്ച് അകത്തേക്ക് വന്നു. തകരപ്പാട്ടയില്‍ വടി കൊണ്ടടിക്കുന്ന ശബ്ദം. അപായമണി അത് മുഴങ്ങിക്കൊണ്ടിരിക്കുന്നു. കാശ്മീരിയിലും ഉറുദുവിലും ഇംഗ്ലീഷിലുമുള്ള മുദ്രാവാക്യങ്ങള്‍. മുഴക്കമുള്ള ശബ്ദം. ഹോസ്റ്റലിലെ വിദ്യാര്‍ഥികളാണ്. അവരുടെ പ്രതിഷേധപ്രകടനമാണ്. അപ്പോഴേക്കും നാലു പുറത്തമുള്ള മുറികളിലെ താമസക്കാര്‍ പുറത്തേക്ക് വന്നിരുന്നു. അവരുടെ അടുത്ത് നിന്ന് വിവരങ്ങള്‍ കിട്ടി. സൗത്ത് കാശ്മീരിലെ പുല്‍വാമ ജില്ലയിലെ പാദ്ഗാംപോറയില്‍ നാട്ടുകാരുമായി പട്ടാളം ഏറ്റുമുട്ടിയിരിക്കുന്നു. പതിനഞ്ചു വയസ്സുകാരന്‍ വിദ്യാര്‍ഥിയടക്കം നാല് പേര്‍ മരിച്ചിരിക്കുന്നു. ശഹീദുകള്‍ക്ക് അമരത്വം പ്രഖ്യാപിച്ചും ആസാദിയുടെ ആവശ്യങ്ങള്‍ അരക്കിട്ടുറപ്പിച്ചും മുദ്രാവാക്യങ്ങള്‍ പ്രാര്‍ഥനകള്‍ പോലെ അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു. അതിഥിമന്ദിരത്തില്‍ നിന്നും ഇറങ്ങിപ്പോയി ആസിഫ് പ്രകടനത്തിന്റെ മുന്നണിയില്‍ ചേര്‍ന്നു വികാരത്തോടെ വിളിച്ചു പറയുന്നത് കണ്ടു.
പിറ്റേന്നത്തെ ഉച്ചക്കുമുമ്പുള്ള സെഷനില്‍ കാശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേക അവകാശങ്ങളെക്കുറിച്ചായിരുന്നു ക്ലാസ്. ക്ലാസ് നടക്കുന്ന ഹാള്‍ മുഗളിന്മാര്‍ നട്ടുപിടിച്ച ചിനാര്‍ മരങ്ങളുടെ തോട്ടമായ നസീം ബാഗിലാണ് സ്ഥിതി ചെയ്യുന്നത്. മരപ്പലകകള്‍ പാകിയ തറ. തകരഷീറ്റുകള്‍ മേഞ്ഞ മേല്‍ക്കൂര. ക്ലാസിന്റെ ഇടവേളയില്‍ ഏലക്കായിട്ട ചായ കുടിക്കുമ്പോള്‍ ആസിഫ് എന്റെ അടുത്തേക്ക് വന്നു. ഒരു മിലിട്ടറി എന്‍കൗണ്ടര്‍ എന്താണെന്ന് അവന്‍ വിശദീകരിച്ചു തന്നു. സര്‍ക്കാറിനെതിരെ യുദ്ധം പ്രഖ്യാപിച്ച വ്യക്തികള്‍ അഞ്ചോ എട്ടോ പേരായി ഏതെങ്കിലും വീടുകളില്‍ തമ്പടിക്കുന്നു. മിക്കപ്പോഴും വീട്ടുകാരുടെ സമ്മതമുണ്ടാകും. വിവരമറിഞ്ഞെത്തുന്ന പട്ടാളക്കാര്‍ കീഴടങ്ങാന്‍ ആവശ്യപ്പെടുന്നു. പരസ്പരം വെടിവെപ്പുണ്ടാകുന്നു. രണ്ടു ഭാഗത്തും മരണങ്ങള്‍ സംഭവിക്കുന്നു. സിവിലിയന്മാരും അപകടത്തില്‍ പെട്ടു പോകുന്നു. മരിച്ചവരെ വലിയ ജനാവലിയോടെ, വീരപരിവേശത്തോടെ സംസ്‌കരിക്കുന്നു. മൂന്നു പതിറ്റാണ്ടായി തുടര്‍ന്നു വരുന്ന ആസാദി മുറവിളി ഇപ്പോള്‍ പുതിയ ഘട്ടത്തിലേക്ക് കടന്നുവെന്നാണ് ആസിഫ് പറയുന്നത്. കാണാതാവുന്നവര്‍ക്കും മരിച്ചവര്‍ക്കും പകരം പുതിയ ചെറുപ്പക്കാര്‍ ആയുധമെടുത്തു കൊണ്ടേയിരിക്കുകയാണ്.
നാല് ആഴ്ച നീണ്ടു നിന്ന അധ്യാപക പരിശീലന കോഴ്‌സ് തീരുന്നതിന്റെ തലേന്ന് ആസിഫ് വാല്‍നട്ടും കുങ്കുമങ്ങളുമടങ്ങിയ സമ്മാനങ്ങളുമായി മുറിയില്‍ വന്നു. ”കാളിദാസനും ഷാജഹാനും ഗാലിബും കാശ്മീരിന്റെ സൗന്ദര്യത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. അവരുടെ വിശേഷണങ്ങള്‍ സ്വര്‍ഗത്തോട് അടുത്ത് നില്‍ക്കുന്ന കാശ്മീരിനെക്കുറിച്ചായിരുന്നു. നിനക്കു മനസ്സിലായ കാശ്മീര്‍ എന്താണ്? ” അവന്റെ ചോദ്യം അപ്രതീക്ഷിതമായിരുന്നു.
ഞാന്‍ പറഞ്ഞു ” ഹസ്രത്ത്ബാല്‍ നില്‍ക്കുന്ന ദര്‍ഗ മാര്‍ക്കറ്റും ദാല്‍ തടാകവും ഇപ്പോഴെന്റെ പ്രിയപ്പെട്ട ഇടങ്ങളാണ്. അടുത്ത വാരം തുറക്കുന്ന ട്യൂലിപ്പ് പൂക്കളുടെ പാടം കാണാന്‍ പറ്റാത്തത്തില്‍ നിരാശയുണ്ട്. ഏപ്രില്‍ മധ്യത്തിലെത്തുന്നതോടെ ജ്വലിച്ചു നില്‍ക്കുന്ന ചിനാര്‍ മരങ്ങളുടെ നസീം ബാഗിനെക്കുറിച്ചും പലരും എന്നെ പറഞ്ഞുപറഞ്ഞു കൊതിപ്പിച്ചിട്ടുണ്ട്. പക്ഷേ, അതിനുമൊക്കെ അപ്പുറത്ത് കാശ്മീര്‍ മരണത്തിന്റെ താഴ്‌വരയാണെന്ന നേരാണ് എന്നെ നടുക്കുന്നത്. നീ പറഞ്ഞ പോലെ അതൊരു പരീമഹലാണ്”
അവസാന ദിവസം സമപാന ചടങ്ങുകള്‍ക്കു ശേഷം കോഴ്‌സില്‍ പങ്കെടുക്കുന്നവരെല്ലാം ചേര്‍ന്ന് ഗ്രൂപ്പ് ഫോട്ടോയെടുത്തു. ജമ്മുവില്‍ നിന്നെത്തിയ ഒരാള്‍. ലഡാക്കില്‍ നിന്നു രണ്ടു പേര്‍. പതിനെട്ട് കാശ്മീരികള്‍. ഞങ്ങള്‍ അഞ്ചു മലയാളികള്‍. ഇലകള്‍ തളിരിട്ടു തുടങ്ങുന്ന നസീംബാഗിലെ ചിനാര്‍ മരങ്ങളും ഫോട്ടോഷോപ്പില്‍ ചെയ്‌തെടുത്ത പോലെയുള്ള നീലാകാശവും ഫോട്ടോയുടെ പശ്ചാത്തലത്തിലുണ്ടായിരുന്നു.
ജൂണ്‍ മാസത്തിന്റെ മഴക്കോളിന്റെ കുളിരുള്ള ഒരു രാത്രിയില്‍ കോഴ്‌സില്‍ പങ്കെടുത്തു ഞങ്ങളുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ ഇസ്മാഈല്‍ പങ്കു വച്ച ഒരു ടെക്‌സ്റ്റ് ഇങ്ങനെയായിരുന്നു: ആസിഫ് ഈസ് മിസ്സിംഗ്. വാക്യത്തില്‍ പ്രയോഗിച്ച പോലെ നിര്‍വികാരമായ ഒരു മെസേജ്. ആരുടെയും കമന്റുകള്‍ തുടര്‍ന്നു വന്നില്ല. വാനനിരീക്ഷണം നടത്താന്‍ ദാരോഷിക്കോ നിര്‍മിച്ച പരിമഹലില്‍ നിന്നു അവന്‍ താഴേക്ക് നോക്കിക്കൊണ്ടിരിക്കുകയായിരിക്കും.
ആരോ ഗ്രൂപ്പിന്റെ പ്രൊഫൈല്‍ പികില്‍ മുഴുവന്‍ കറുപ്പടിച്ചിരിക്കുന്നു.
