ആകാശത്തെ ഇത്ര നല്ല
വിവര്‍ത്തകനായി
മറ്റൊരു നേരത്തും കാണാനാകില്ല,
പടികയറി വരുന്നു,
പടിയിറങ്ങുന്നവനെ
യാത്രയാക്കാന്‍
നനഞ്ഞൊലിച്ച കണ്ണുകള്‍,
ദേ, മണ്ണിലേക്ക് തന്നെയാ
പോകേണ്ടതെന്നു
ഇറയത്തെ പേനത്തുമ്പുകളിലൂടെ
ഒലിച്ചിറങ്ങുന്ന തുള്ളികള്‍
മഴയുടെ വരികള്‍..
കര്‍പ്പൂരഗന്ധക്കടലിലെ
ചെറുദ്വീപാകുംവീട്,
അല്‍പനേരത്തേക്കു മഴയൊച്ച മൗനമായ്
പെയ്തപ്പോള്‍,
വേഷങ്ങളഴിച്ച മനുഷ്യനോടൊപ്പം
യാത്രയായി
പോകരുതേ എന്ന ഉള്‍വിളികള്‍,
അന്തിചുവപ്പന്ന് കരിമ്പടം പുതച്ചു
വീടിനെ തൊടുന്ന നേരത്ത്
മരിച്ചയാളുടെ മുറിയില്‍ കയറി നോക്കൂ,
അലമാരയിലെ മരുന്ന് കുപ്പികള്‍,
തൂക്കിയിട്ട വസ്ത്രങ്ങള്‍,
കിടക്ക , തലയിണ
മൗനം കൊത്തിയ,
നൂറു നാവുള്ള ശില്പങ്ങള്‍,
അയാളെടുക്കാന്‍ മറന്ന ഗന്ധങ്ങള്‍..
മുറ്റത്തെ ചെമ്പരത്തിചെടിയില്‍
നിന്നൊരു കമ്പ്,
പള്ളിക്കാട് വന്നു വിളിച്ചപ്പോള്‍
ഇറങ്ങി പോയതാണ്.
തണുത്ത കാറ്റ് കൈ നിറയെ
തുള്ളികളുമായി കയറി വരുന്നു,
കൂടണയേണ്ടവര്‍ ചിറകു കുടഞ്ഞു
തിരിച്ചു പറക്കാനൊരുങ്ങുന്നു.
കരഞ്ഞു മയങ്ങിയ കണ്ണുകളില്‍
പതിയെ ഉറക്കം ഇഴഞ്ഞെത്തുന്നു.
എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോള്‍
അയാളുപയോഗിച്ച ചെരുപ്പ്,
നടന്ന വഴികളില്‍ നോക്കി
വിതുമ്പുന്നുണ്ടായിരുന്നു.
അകലെ,
പച്ച മണ്ണില്‍ മുക്കിയെഴുതുന്ന
രണ്ടു പേനകള്‍,
മീസാന്‍ കല്ലുകള്‍…
എഴുത്തു നിര്‍ത്തി മഴ നനയുന്നു …