Home » Fiction » Short Story » ഇര

ഇര

My heart has no repose in
this despoiled land
Who has ever felt fulfilled
in this futile world?
-Bahadur Sha Zafar

”കുത്താ കേ ബച്ചേ, ഹമാരാ ഗോമാതേ കോ ഖത്ല്‍ കര്‍നേ കേലിയേ ആയേ ഹേ”
”ഹമാരാ ഭാരത് ഛോടോ”
യംഗൂണിലെ റബ്ബര്‍ തോട്ടങ്ങളിലൊന്നില്‍ ജീവിതം വിളയിക്കാനായി ബ്രിട്ടീഷുകാരുടെ കൂടെയെത്തി, അവര്‍ നാടുകടത്തിയ ബഹാദൂര്‍ ഷാ സഫറിന്റെ കുശിനിപ്പണിക്കാരനായി മാറി തന്റെ നാടിനെപ്പറ്റി പറ്റെ മറന്നുപോകുകയും ഒരു ബര്‍മ്മാക്കാരിപ്പെണ്ണിനെ കെട്ടി ഒരു ഡസന്‍ കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുകയും ചെയ്ത അബ്ദുല്‍ ഖാദര്‍ എന്ന ഇന്ത്യാക്കാരന്റെ കൊച്ചുമക്കളിലൊരുത്തി, സൈറ എന്ന പതിനെട്ടുകാരി കഥകളിലൂടെ മാത്രം പറഞ്ഞുകേട്ട തറവാട്ടുമണ്ണിലേക്ക് കയറിവന്നത് ഒരു അഭയാര്‍ഥിയുടെ വേഷത്തിലായിരുന്നു. പുകമഞ്ഞു നിറഞ്ഞ പുരാനീ ദില്ലിയുടെ ആകാശത്ത് വീശിയടിച്ച ശീതം ആ പ്ലാസ്റ്റിക് കൂരയെ പൊക്കി താഴെ വെക്കുകയും സുഷിരങ്ങളിലൂടെ അരിച്ചകത്ത് കയറി ശരീരങ്ങളെ ചുറ്റിവളയുകയും ചെയ്തു. മറ്റെങ്ങുമില്ലാത്ത ആവേശത്തോടെ അവളുടെ അമ്മ ശാബാനു ബീഗം ചുമച്ചുതുടങ്ങി. ഓര്‍മ്മകളെ മാത്രം അകത്തുവച്ച് ബാക്കിയെല്ലാം അവര്‍ ചുമച്ചുതുപ്പാന്‍ തുടങ്ങിയിരുന്നു. ദില്ലി അവരെ ഒരു ആസ്ത്മക്കാരിയാക്കി മാറ്റിയിരുന്നു.
സൈറ വീണ്ടും വാതില്‍പ്പടിയിലേക്കു ശ്രദ്ധിച്ചു. അവരെന്തൊക്കെയോ പുലമ്പുന്നുണ്ട്. ഹിന്ദി തനിക്കൊട്ടും മനസ്സിലാകില്ല, ആകെയറിയാവുന്നത് റോഹിങ്ക്യന്‍ മാത്രമാണ്. നാസാക്കകളില്‍ നിന്നും കേട്ടുപഠിഞ്ഞ് അല്‍പമൊക്കെ ബര്‍മീസ് മനസിലാകും. രണ്ടു ചെക്കന്മാര്‍ ബൈക്കില്‍ വന്നു ബഹളം വെക്കുകയാണ്. അടുത്ത ടെന്റുകളിലെ പെണ്ണുങ്ങള്‍ എല്ലാം അകത്തേക്ക് വലിഞ്ഞിട്ടുണ്ടാകും. പിന്നെ അബ്ബയടക്കം ആകെയുള്ള നാലാണുങ്ങള്‍, അവരെന്തു ചെയ്യാനാണ്? നേരം വെളുത്തിട്ട് ഒട്ടുനേരമായെങ്കിലും സൈറക്ക് എഴുന്നേല്‍ക്കാനായില്ല. ഉറക്കമായിരുന്നില്ല, ഉണര്‍ന്നിരുപ്പിന്റെ നിരര്‍ഥകതയാണ് അവളെ കണ്ണടച്ചുകിടത്തിയത്.
”അതു വീണു ചിതറും പെണ്ണേ”
സൈറ ജനല്‍പ്പടിയില്‍ ചാരിവെച്ച കണ്ണാടിയില്‍ നോക്കി കണ്ണില്‍ കാജല്‍ തേക്കുകയായിരുന്നു. കാലങ്ങളായി അതവളുടെ ശീലമാണ്. അവള്‍ സ്‌കൂളില്‍പ്പോക്ക് നിര്‍ത്തിയിട്ട് ഒട്ടു കാലമായി. താന്‍ അവള്‍ക്ക് നല്ലൊരു വരനെ അന്വേഷിക്കുകയാണെന്നാണ് അബ്ബാ പറഞ്ഞത്. അവള്‍ തിരിച്ചൊന്നും പറഞ്ഞില്ല. പറയരുതല്ലോ. തനിക്ക് ലഭിക്കുന്ന ഭര്‍ത്താവിനെ സ്‌നേഹിക്കുന്നതിലുപരി എന്തു പാഠമാണാവോ സ്‌കൂളില്‍ പഠിപ്പിക്കുന്നത്? തന്റെ കര്‍ത്തവ്യമാണത്.
താനിപ്പോള്‍ സ്വപ്‌നം കാണാറുള്ളത് കറുപ്പ് മാത്രമാണെന്ന് സൈറ ഓര്‍ത്തു. ഇരുള്‍ മൂടിക്കിടക്കുന്ന നഗരങ്ങള്‍, എല്ലാത്തിനുമപ്പുറം ഇരുട്ടിന്റെ നിഗൂഢമായ നദിയില്‍ മുലയും തുടയും കൊത്തിപ്പറിച്ച് മുറിവുകളില്‍ പൂപ്പലുപിടിച്ച് കറുത്ത ചലത്തിലൂടെയൊഴുകുന്ന എണ്ണമറ്റ കറുത്ത പെണ്‍ശരീരങ്ങള്‍.. ഇവിടെ മരണം സാധാരണമാണ്.. കറുത്ത മരണങ്ങള്‍ മാത്രം.. കണ്ണു തുറിച്ച്, കുടലു താങ്ങി നിലത്തു നിരങ്ങുന്ന മൃതിയുടെ നഗരം.. ആസന്നമരണങ്ങളുടെ മഹാനഗരം..
1857 ഒക്ടോബറിലെ ഒരു മഴ നിറഞ്ഞ സായാഹ്നത്തില്‍ ഒരു കുതിരവണ്ടിയില്‍ തനിച്ച് അവസാനത്തെ മുഗള്‍ രാജാവായ ബഹാദൂര്‍ ഷാ സഫറും പത്‌നി സീനത്ത് മഹലും രണ്ടു മക്കളും യംഗൂണിലെ ഒരു ചെറുവീട്ടിലേക്ക് കടന്നുചെന്നു. വരാനിരിക്കുന്ന ഭാവിയെപ്പോലെ ഇരുള്‍മുറ്റിയതും, പുതിയ തീരങ്ങളില്‍ ചെന്നണയുന്നതിനിടെ കഥാവശേഷമായിപ്പോയ ഓര്‍മ്മകളുടെ ശിഷ്ടങ്ങള്‍ മറച്ചുവച്ചതുമായ ആ ഇരുട്ടുമുറിയിലേക്ക് കടക്കുമ്പോള്‍ വൃദ്ധനായ സഫറിന്റെ കണ്ണുകള്‍ ഏതോ ഗസലുകള്‍ക്കായി പരതുകയും ദീര്‍ഘമായി നെടുവീര്‍പ്പിടുകയും ചെയ്തു. ഓരോ അടി വെക്കുമ്പോഴും അയാള്‍ ‘അല്ലാഹ്’ എന്ന് ക്ഷീണിച്ച ശബ്ദത്തില്‍ മൊഴിഞ്ഞു.
ബഹാദൂര്‍ ഷാ സഫറും കുടുംബവും യംഗൂണിലെ ദാഗനിലുള്ള കൊച്ചുവീട്ടില്‍ കാഴ്ചയില്‍ത്തന്നെ കഴുകനെപ്പോലിരുന്ന വെള്ളക്കാരനായ അംഗരക്ഷകനോടൊപ്പം താമസമുറപ്പിച്ചതിന്റെ തൊട്ടുപിറ്റേന്ന്, സൈറയുടെ ബീജത്തെ മുതുകത്ത് കൊണ്ടുനടന്ന അബ്ദുല്‍ഖാദര്‍ എന്ന ഇന്ത്യാക്കാരന്‍ മറ്റു മൂന്നുപേര്‍ക്കൊപ്പം ചപ്രാസിയായി ആ വീട്ടിലേക്കെത്തി. തൊട്ടടുത്ത പരിചാരകരുടെ മുറിയില്‍ കിടന്ന് അയാള്‍ സഫറിന്റെ ഗസലുകള്‍ കേട്ടു. താന്‍ എന്നെന്നേക്കുമായി ഓര്‍മ്മപ്പുറത്തേക്കു തള്ളിയ തന്റെ നാടിനെപ്പറ്റി ഇടക്കിടെ ഓര്‍ക്കാന്‍ തുടങ്ങി.
അവധ് വിട്ടുപോന്ന് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം തുറന്നിട്ട തന്റെ ജനാലപ്പടിയില്‍ ഒരു സുന്ദരിക്കുരുവി വന്നിരിക്കുന്നത് സഫര്‍ കണ്ടു. പതുക്കെ അസ്ഥിയിലൂടെ തണുപ്പ് ആളിപ്പടരുകയാണ്. മയില്‍പ്പീലി കൊണ്ട് മൃദുവായി ഇക്കിളിപ്പെടുത്തി സ്വര്‍ഗ്ഗം തന്നെ വിളിക്കുന്നത് കണ്ട് സഫര്‍ ചിരിച്ചുതന്നെ കിടന്നു. സഫര്‍ മരിച്ചന്നു രാത്രി, ബര്‍മ്മയിലെ ബ്രിട്ടീഷുദ്യോഗസ്ഥന്‍ നെല്‍സണ്‍ ഡേവിസ് ഇന്ത്യായിലെയും ഇംഗ്ലണ്ടിലെയും അധികാരികള്‍ക്കയച്ച കത്തില്‍ ഇങ്ങനെ എഴുതി ”ആ കുഴിമാടത്തിനു ചുറ്റും ഞങ്ങള്‍ ഒരു മുള്‍വേലി കെട്ടി. കാലങ്ങള്‍ക്കു ശേഷം പുല്ലും ചെളിയും മൂടി അത് നശിച്ച് ഒന്നുമല്ലാതായിത്തീരും. അവസാനത്തെ മുഗളന്റെ അന്ത്യവിശ്രമസ്ഥലം എവിടെയെന്നു പോലുമറിയാത്ത വിധം ചരിത്രത്തിന്റെ മാത്രം ഭാഗമാകും”. സഫര്‍ മരിച്ചതിന്റെ പിറ്റേന്ന്, സീനത്ത് മഹലിനോടൊരു വാക്കുപോലും പറയാതെ അബ്ദുല്‍ഖാദര്‍ ‘ഖിന്‍മാതാ’ ഗ്രാമത്തിലെ ഭാര്യാഗൃഹത്തിലേക്കു പുറപ്പെട്ടു. തലമുറകളില്‍ നിന്നും തലമുറകളിലേക്ക് പകരാനുള്ള കഥകളുടെ പ്രപഞ്ചം അയാളില്‍ വിങ്ങിനിന്നു.
സൈറയെ നോക്കി ജനറല്‍ നെവ് തന്റെ പുഴുപ്പല്ലു കാട്ടി ആര്‍ത്തുചിരിച്ചു. അവള്‍ അയാളുടെ ചവിട്ടുകൊണ്ട് താഴെ വീണു കിടക്കുകയാണ്. തലയില്‍ കൈവച്ച് താജുദ്ദീന്‍ അല്‍പം നിമിഷം മുമ്പ് തന്റെ കണ്‍മുമ്പില്‍ വെച്ചു നടന്നത് ഓര്‍ക്കാന്‍ ശ്രമിച്ചു.
അപ്രതീക്ഷിതമായാണ് തങ്ങള്‍ കാട്ടുവഴിയിലൂടെ നടക്കുമ്പോള്‍ നാസാക്കകളുടെ മുമ്പില്‍ അകപ്പെട്ടത്. ആ വഴി മായു മലനിരകളുടെ ആരംഭമാണ്. ചെങ്കുത്തായ കയറ്റിറക്കങ്ങള്‍ നിറഞ്ഞ മായു മല താണ്ടി, അപ്പുറത്ത് മഴവെള്ളത്തില്‍ കുതിര്‍ന്ന് ചതുപ്പായി മാറിയ തരിശുപാടങ്ങള്‍ കടന്ന്, നാഫ് നദി മുറിച്ചുകടന്നാലേ ബംഗ്ലാദേശിലെത്തൂ.
തങ്ങള്‍ക്ക് നേരെ ചൂണ്ടിയ തോക്കുകള്‍ കണ്ട് സൈറക്ക് മാത്രമാണ് പേടി തോന്നാതിരുന്നത്. മുമ്പോട്ടാഞ്ഞ് അവള്‍ കൈ ചൂണ്ടി. അവള്‍ പറഞ്ഞതു കേട്ട് ജനറല്‍ നെവ് ആദ്യം പേടിച്ചു പിന്നോട്ടുമാറാതിരുന്നില്ല.
”ഞങ്ങള്‍ ഞങ്ങളുടെ നാട്ടിലേക്ക് പോകുകയാണ്. എന്തിനാണ് ഞങ്ങളുടെ വഴി തടയുന്നത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ അവിടെനിന്നുതന്നെ ഞങ്ങളെ കൊല്ലാമായിരുന്നില്ലേ. ഞങ്ങളെ ഞങ്ങളുടെ പാട്ടിനു വിട്”
നിലത്തുകിടന്ന സൈറയെ അവര്‍ എന്തും ചെയ്‌തേക്കുമെന്ന് താജുദ്ദീനു തോന്നി. അയാള്‍ ആ ജനറലിന്റെ തോന്നിവാസങ്ങളെപ്പറ്റി പണ്ടേ കേട്ടിട്ടുള്ളതാണ്. തന്റെ പ്രതിശ്രുധവധുവിന്റെ നാശം പിടിച്ച വാക്കിനെ അയാള്‍ ഭയങ്കരമായി ശപിച്ചു. അവളങ്ങനെ പറഞ്ഞിരുന്നില്ലെങ്കില്‍…
”കല്ലകളേ, നിങ്ങള്‍ പൊയ്‌ക്കോ, ഞങ്ങള്‍ക്കിവളെ മതി.”
ജനറലിന്റെ അശ്ലീലച്ചിരി വീണ്ടും ഉയര്‍ന്നു.
ഈറ്റപ്പുലിയെപ്പോലെ താജുദ്ദീന്‍ മുന്നോട്ടാഞ്ഞു. തലയ്ക്കുപിന്നില്‍ തോക്കിന്‍കുഴല്‍ ശക്തിയില്‍ വന്നുപതിക്കുന്നത് അയാളറിഞ്ഞില്ല. തന്റെ സൈറയുടെ യൗവ്വനം കുറ്റിക്കാട്ടിനപ്പുറത്ത് ഒരുകൂട്ടം മൃഗങ്ങള്‍ കാര്‍ന്നുതിന്നുന്നത് അയാള്‍ അര്‍ദ്ധമയക്കത്തിലും കണ്ടു. ആ കിടപ്പില്‍ തന്നെ ഒരു സ്വപ്‌നം-സൈറ ഏതാനും ദിവസം മുമ്പ് കണ്ട അതേ സ്വപ്‌നം-അയാളും കണ്ടു. കറുത്ത ജഢങ്ങള്‍ പേറുന്ന ഒഴുക്കുനിലച്ച കറുത്ത നദി. മൃതിയുടെ നഗരം. ജീവനില്ലാത്ത എടുപ്പുകള്‍.
ആകാശം ശക്തമായി മഴ വര്‍ഷിച്ചു. നേരം ഇരുളുകയായിരുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ആ സംഘത്തിന്റെ കയ്യിലുണ്ടായിരുന്ന പ്രകാശത്തിന്റെ ഏക കണിക താജുദ്ദീന്റെ തീപ്പെട്ടി നനഞ്ഞൊലിച്ച് ഉപയോഗശൂന്യമായി. അബ്ബായുടെ കൈകളിലിരുന്ന് സൈറ വിറച്ചു. ശരീരത്തില്‍ വന്നിറങ്ങിയ ഓരോ തുള്ളിയും സ്പര്‍ശിച്ചുപോയ ഓരോ കാറ്റും സൈറയുടെ ശരീരത്തില്‍ കൊളുത്തി വലിച്ചു. ഇതുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത തരം വേദന ദേഹമാസകലം പൊതിയുന്നത് അവരറിഞ്ഞു.
”അബ്ബാ, മേലാകെ വേദനിക്കുന്നു”
സൈറ കെഞ്ചി.
”മകളേ…” ആ ക്ഷീണിച്ച മനുഷ്യന്റെ സ്വരം പതിവിലും കരുത്തുറ്റതായിരുന്നു.
”കിസ്മത്ത് എന്നൊരു പദമുണ്ട് അറബിയില്‍. തലവിധി എന്നര്‍ത്ഥം. നാം നമ്മുടെ ഭാഗ്യങ്ങളുടെയും നിര്‍ഭാഗ്യങ്ങളുടെയും സൃഷ്ടിയാണ്. അതില്‍ നിന്നും പിന്തിരിഞ്ഞു പോരുക അസാധ്യം തന്നെ. സ്വന്തം വിധിയില്‍ തൃപ്തിയടഞ്ഞ് ജീവിക്കുന്നവരേ വിജയിച്ചിട്ടുള്ളൂ. ദുന്‍യാ നശ്വരമാണ് കുട്ടീ… നമ്മള്‍ സ്രഷ്ടാവിന്റെ പല പരീക്ഷണങ്ങള്‍ക്കും വിധേയമാകും. അതില്‍ പരാജയപ്പെട്ടവന് കത്തിയാളുന്ന നരകമാണ് ശിക്ഷ.”
സൈറക്ക് തന്റെ പിതാവ് പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലായില്ല. അവളുടെ ജീവിതത്തില്‍ നിറയെ ഭാവിജീവിതത്തെക്കുറിച്ചുള്ള ആകുലതകളായിരുന്നു. പ്രണയമായിരുന്നു. വരനാകാന്‍ പോകുന്ന താജുദ്ദീനായിരുന്നു.
”മോളേ സൈറാ”
”എന്താണുമ്മാ”
ചോദ്യമെറിഞ്ഞ് പുറത്തേക്കുവന്ന സൈറ ഞെട്ടിപ്പോയി. നിലത്തിട്ട വിരിപ്പില്‍ അബ്ബയും മറ്റൊരു അപരിചിതനും ഇരിക്കുന്നു. സൈറായെ നോക്കി അവര്‍ ചിരിച്ചു. അടുക്കളയില്‍നിന്നും മാ ചായക്കോപ്പ നീട്ടുന്നു. നാണം അവളില്‍ പടര്‍ന്നുകയറി. അവള്‍ വാതിലിനപ്പുറത്തേക്കു മറഞ്ഞു.
താജുദ്ദീന്‍ സൈറയെ വിവാഹമാലോചിക്കാന്‍ വന്നതിന്റെ പിറ്റേന്ന്, ഖിന്‍താമാ ഗ്രാമത്തിന്റെ ഒരറ്റത്തു പുകയുയരുന്നത് ഗ്രാമവാസികള്‍ കണ്ടു. ബുദ്ധ സന്യാസികളുടെ ആക്രോശങ്ങള്‍.. ഞങ്ങളുടെ രാജ്യം വിട്ടുപോകൂ എന്നവര്‍ അട്ടഹസിച്ചു. പല വൃദ്ധന്മാരെയും ക്രൂരമായി മര്‍ദ്ദിച്ചു. ഗര്‍ഭിണികളെയും കുഞ്ഞുങ്ങളെയും ചുട്ടുകരിച്ചുകൊന്നു. എല്ലാറ്റിനും മീതെ പുകപടലങ്ങള്‍ മൂടിയ ആകാശത്തിരുന്ന് ബുദ്ധന്‍ ഭ്രാന്തമായി ചിരിച്ചു. അവിടെ ബുദ്ധന്റെ സാമ്രാജ്യം സ്ഥാപിക്കപ്പെടാന്‍ പോകുകയായിരുന്നു. ഭാണ്ഡങ്ങളുമെടുത്ത് വിദേശികളെന്നു വിളിക്കപ്പെട്ട റോഹിംഗ്യകള്‍ ഊരുവിടാന്‍ തുടങ്ങി.
തങ്ങളിപ്പോള്‍ തളര്‍ന്നുവീഴുമെന്ന് ആ കുടുംബത്തിന് തോന്നി. വിശപ്പും ദാഹവും കുടലില്‍ കത്തിയെരിയുന്നത് അവരറിഞ്ഞു. കാലവര്‍ഷം അതിര്‍ത്തിയിലെ പാടങ്ങളെ ചതുപ്പാക്കിമാറ്റിയിരുന്നു. പരസ്പരം കൈകോര്‍ത്തു പിടിച്ച് ചെളി നിറഞ്ഞ വഴികള്‍ താണ്ടണമായിരുന്നു ഇനിയും. ഇന്നേക്കു വീടുവിട്ടിറങ്ങിപ്പോന്നിട്ട് പത്തുദിവസമായെന്ന് അവര്‍ ഓര്‍ത്തു. അതിര്‍ത്തികള്‍ മാഞ്ഞുപോയതായും തങ്ങള്‍ തുഴഞ്ഞ് ലക്ഷ്യത്തിലേക്കു മുന്നേറുന്നതായും അവര്‍ വ്യഥാ മനോഗതപ്പെട്ടു. ഹസീനയുടെ തോക്കേന്തിയ പട്ടാളം അതിര്‍ത്തികള്‍ കൊട്ടിയടച്ചു കാവല്‍ നില്‍ക്കുന്നത് അവര്‍ക്കറിയുമായിരുന്നില്ല. കോക്‌സ് ബാസാര്‍ ലക്ഷ്യംവെച്ചു നീങ്ങുന്ന സംഘത്തിനൊപ്പം ചേരാന്‍ ബുദ്ധന്മാരൊത്തുള്ള അനുഭവങ്ങള്‍ ധാരാളം മതിയായിരുന്നു അവര്‍ക്ക്.
കോക്‌സ് ബാസാറിലെ അഭയാര്‍ഥി ക്യാമ്പില്‍ ഇറങ്ങിക്കിടക്കുകയായിരുന്ന ശാബാനു ബീഗമിന് ആ അര്‍ധരാത്രി ഒരു ഉള്‍വിളിയുണ്ടായി. ഇന്ത്യ അവരെ കൈകാട്ടി വിളിക്കുകയായിരുന്നു. കഥകളില്‍ തലവെച്ചുറങ്ങുകയായിരുന്ന അവരുടെ മുതുമുത്തച്ഛന്‍ അബ്ദുല്‍ ഖാദര്‍ അവരെ വിളിക്കുകയായിരുന്നു.
”എന്തു പറ്റി, മാ?”
അകത്തുറങ്ങാതെ കിടന്ന സൈറ ചോദിച്ചു.എണ്ണമയം അപ്രത്യക്ഷമായിപ്പോയ സൈറയുടെ തലമുടിയില്‍ വിരലോടിച്ച് ശാബാനു ബീഗം നേരത്തെ പറഞ്ഞുവെച്ച കഥ പറഞ്ഞുതുടങ്ങി: 1862-ല്‍ ബഹാദൂര്‍ ഷാ സഫര്‍ മരണപ്പെടുകയും, തങ്ങളുടെ മുതുമുത്തച്ഛന്‍ ഖിന്‍താമാ ഗ്രാമത്തിലേക്ക് മടങ്ങിവരികയും ചെയ്തതിനു ശേഷം….
ആ ചെറിയ കെട്ടിടത്തിലെ ഇരുട്ടിനുള്ളില്‍ സീനത്ത് മഹല്‍ കുറച്ചുവര്‍ഷം കൂടി ജീവിക്കുകയുണ്ടായി. അശാന്തിയോ അത്യാഹ്ലാദമോ ഒന്നുമില്ലാതിരുന്ന ആ വീട്ടില്‍നിന്നും പുറത്തിറങ്ങാന്‍ തന്നെ അവര്‍ കൂട്ടാക്കിയില്ല. തന്റെ ഭര്‍ത്താവിന്റെ ആത്മാവ് ഇരുട്ടില്‍ പതുങ്ങിയിരുന്ന് ഗസല്‍ മൂളുന്നത് കേട്ടു. കാറ്റടിക്കുമ്പോഴൊക്കെ കൂറയുടെ മണം പരക്കുന്ന ആ ഭിത്തികളില്‍ ഗസലുകള്‍ തട്ടി പ്രതിധ്വനിക്കുകയും അരൂപികളായ ജിന്നുകളും മാലാഖമാരും കൈകൊട്ടി നൃത്തമാടുകയും ചെയ്തു. വല്ലപ്പോഴും വെളിച്ചത്ത് വന്നിരിക്കുമ്പോഴൊക്കെ ഇരുട്ട് മറയാതെ അവരുടെ കണ്ണുകളില്‍ കൂനിക്കൂടിയിരുന്നു. ആ കാഴ്ച പൂര്‍ണ്ണമായും നശിച്ചുപോയിരുന്നു.
യംഗൂണ്‍ വിട്ടുപോന്നതിനു ശേഷം അബ്ദുല്‍ഖാദര്‍ അവിടേക്ക് ഒരിക്കല്‍പ്പോലും വണ്ടികയറുകയുണ്ടായില്ല. സീനത്ത് മഹല്‍ മരണപ്പെട്ടെന്ന വാര്‍ത്ത കേട്ടയുടന്‍, രോഗക്കിടക്കയിലായിരുന്ന അയാള്‍ യംഗൂണ്‍ സന്ദര്‍ശിക്കണമെന്ന് മക്കളോട് ഒസ്യത്തു ചെയ്തു. സഫറിന്റെയോ, സീനത്തിന്റെയോ കബറിടത്തെപ്പറ്റി അയാള്‍ക്കൊരു തിട്ടവുമുണ്ടായിരുന്നില്ല. കച്ചവടാവശ്യാര്‍ത്ഥം യംഗൂണിലേക്ക് കുടിയേറിയ ഇന്ത്യാക്കാരായ സാഹിബുമാരുടെയും സേട്ടുമാരുടെയും കടകമ്പോളങ്ങളില്‍ സഫറിന്റെ ആത്മാവ് ഒരു തിരിച്ചുപോക്കിനായി കൊതിച്ച് ഒളിഞ്ഞിരിക്കുന്നുണ്ടാകുമെന്ന് അയാള്‍ കരുതി.
”സഫര്‍ നമുക്ക് ഇന്ത്യയിലേക്ക് വഴികാണിക്കുകയാണ്, സൈറാ..”
ശാബാനു ബീഗം പറഞ്ഞുനിര്‍ത്തി.
സന്ധ്യ മയങ്ങാനായ നേരത്ത്, ശാജഹാനാബാദിലെ തെരുവുകൡലൊക്കെയും ആളുകള്‍ വന്നുകുമിഞ്ഞു. വൈദ്യുതിക്കമ്പികളില്‍ കുറേവട്ടം മാറിമാറിയിരുന്ന് മടുത്ത ഒരു കാക്ക, ജുമാമസ്ജിദിന്റെ ഭാഗത്തേക്ക് പറന്നുപോകുന്നത് കയറുകട്ടിലില്‍ കിടന്ന് ഇസ്മായില്‍- സൈറയുടെ അബ്ബ- കണ്ടു. അതിന് ആരും അതിര്‍ത്തികള്‍ നിശ്ചയിച്ചിരുന്നില്ല. ആളനക്കം കണ്ട് അയാള്‍ തലതിരിച്ചു നോക്കി. താജുദ്ദീന്‍ അയാളുടെ നേരെ നടന്നുവരികയാണ്.
”സലാം, ഇസ്മായില്‍ ജാന്‍”
”സലാം, നീയെവിടെയായിരുന്നു മകനേ.. ഇവിടെ വന്നതില്‍പ്പിന്നെ നിന്നെ കണ്ടിട്ടില്ലല്ലോ”
താജുദ്ദീന്‍ എന്തോ പറയാന്‍ ശ്രമിക്കുകയാണ്. അയാള്‍ വാക്കുകള്‍ കിട്ടാതെ പരുങ്ങുന്നതുകണ്ട് ഇസ്മായില്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റിരുന്നു.
”പറയുന്നതില്‍ വിഷമമുണ്ട്, ജാന്‍. നിങ്ങള്‍ എന്നോട് ക്ഷമിക്കുമെന്ന് കരുതുന്നു”
”സൈറയെ ഞാന്‍ വിവാഹം കഴിക്കുന്നില്ല”
ഇസ്മായില്‍ വീണ്ടും കട്ടിലിലേക്ക് ചരിഞ്ഞു. അയാളുടെ നെറ്റിയില്‍ വിയര്‍പ്പ് ചാലിട്ടൊഴുകി. അകന്നുപോകുന്ന താജുദ്ദീന്റെ കാലൊച്ചക്കൊപ്പം അയാളുടെ നഗ്നമായ മാറിടം ഉയര്‍ന്നുതാഴ്ന്നു.
പുറത്തെ ബഹളം തീര്‍ന്നുകഴിഞ്ഞിരുന്നു. പിറ്റേന്ന് ബക്രീദിന് അറുക്കാനായി ഏതോ സംഘടന നല്‍കിയ കാലിയായിരുന്നു അവരുടെ പ്രശ്‌നം. കാവി റിബ്ബണ്‍ തലയില്‍ കെട്ടിയ അവന്മാര്‍ അതിനെ ഒരു ടെമ്പോയില്‍ കയറ്റി എങ്ങോ കൊണ്ടുപോയി. നാളത്തെ ഈദിനും ഒന്നുമില്ലെന്ന് നെടുവീര്‍പ്പിട്ട് അവര്‍ പഴയ ആരവങ്ങളിലേക്കു മടങ്ങി. മറ്റനേകം പേര്‍ക്കു അനുഭവപ്പെട്ട പോലെ സൈറക്കും എന്തോ അസ്വാഭാവികത അനുഭവപ്പെട്ടു. ബുദ്ധസന്യാസികളില്‍ നിന്നുകേട്ട ആക്രോശത്തിന്റെ അതേ ഛായയായിരുന്നു അവരുടെ വാക്കുകള്‍ക്കും. അതേ മൂക്ക്. അതേ നാക്ക്. അതേ ദ്രംഷ്ടകള്‍.

Editor Thelicham

Thelicham monthly