മഞ്ഞ് , കഷണങ്ങളായി വിതറപ്പെടുന്നുണ്ട്. നൂലുവണ്ണത്തില്‍ പൊഴിഞ്ഞ് നിലത്തുകിടന്നിഴയുന്നുണ്ട്. ശ്വാസനാളത്തെ തണുപ്പിച്ച്, കോച്ചിവിറപ്പിച്ച് വാതം പിടിച്ച കാല്‍പ്പാദം വിണ്ടുപൊട്ടിത്തുടങ്ങിയിട്ടുണ്ട്. തണുപ്പേല്‍ക്കാന്‍ ദേഹത്തിന് പ്രാപ്തി കിട്ടിയത്, തൊലിക്ക് ഇരുണ്ട നിറം കൊടുത്തതുകൊണ്ടാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ വന്ന വണ്ടിയില്‍ നിന്ന് ആരൊക്കെയോ ഇറങ്ങിയിട്ടുണ്ട്. അവരുടെ തൊപ്പിയിലേക്ക്, ഓവര്‍കോട്ടുകളിലേക്ക്, കുന്നുപോലുള്ള ബാഗുകളിലേയ്ക്ക്, ഷൂവിലേക്ക് മുഞ്ഞികുത്തുന്ന നൂല്‍മഴകള്‍ അവ നനഞ്ഞു പടരുന്നുണ്ട്. സിഗരറ്റ് കുറ്റികള്‍ ചവിട്ടുകൊണ്ട് പതിഞ്ഞ് കിടക്കുന്നുണ്ട്. ഷൂസുകളുടെ അടി നനഞ്ഞ പാടുകള്‍ അടുത്തുള്ള റസ്‌റ്റോറന്റിലെ തറകളില്‍ പലതരത്തിലുള്ള വൃത്തികേടുകള്‍ പതിപ്പിക്കുന്നുണ്ട്.
തണുത്ത കെട്ടിടങ്ങള്‍, ഇറ്റുവീഴുന്ന മേച്ചില്‍ ഷീറ്റുകള്‍, പുല്ലുകള്‍, മരച്ചുറങ്ങുന്ന മുരുകന്‍ കോവില്‍, കണ്ണുയര്‍ത്താത്ത പഴയപള്ളി, ഗാന്ധിയുടെ ഒരു പ്രതിമ, കുട്ടിച്ചേളാക് പുതച്ച്, കയ്പുമണക്കുന്ന കറുത്ത ചുണ്ടില്‍ തെറുപ്പുബീഡിവച്ച്, പുകയെടുത്ത് കൂഞ്ഞിക്കൂടിക്കൊണ്ട് അങ്ങോട്ടേയ്ക്കു തന്നെ നോക്കുകയാണ് തദ്ദേശീയ മൃഗങ്ങള്‍.
കെഎസ്ആര്‍ടിസിയുടെ കരിയും മണ്ണും പിടിച്ച ഗാരേജുകളിലൂടെ നെഞ്ചുവിരിച്ച്, പുച്ഛത്തോടെ പോകുന്ന അവരെ നോക്കി
ഒരു കാലിച്ചായ എന്ന്,
ഓക്കാനിക്കാതെ പറഞ്ഞുകൊണ്ട്, തുപ്പലരിക്കുന്ന ഈച്ചകളെ ചവിട്ടാതെ, കഴുച്ചാണകത്തില്‍ നോക്കി അറയ്ക്കാതെ, വലിച്ച് കുടിച്ച്, വള്ളിച്ചെരുപ്പില്‍ പറ്റിയിരിക്കുന്ന, ഉപ്പൂറ്റിയില്‍ തെറിച്ചുണങ്ങിയ ചെളികുത്തിക്കളയാന്‍ ശ്രമിക്കാതെ ഒരു സുപ്രഭാതത്തെ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നു അവിടെ കൂടിയ നാട്ടുജീവിതങ്ങള്‍.
കര്‍ഷകത്തൊഴിലാളി, കുടിയേറ്റക്കാര്‍, പണിതേടി എവിടുന്നോവന്നവര്‍, സ്ഥലത്തെ പഴമക്കാരായിട്ടും ആരും ഗണിച്ചിട്ടില്ലാത്ത ഗോത്രക്കാര്‍ എല്ലാവരും ആ സുപ്രഭാതത്തെ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നതായി തോന്നി.
മലമണ്ടകളില്‍ നിന്ന് താഴേക്കിറങ്ങിയ വാഹനങ്ങള്‍ക്കു മണ്ടയില്‍ കാപ്പി, തേയില, കുരുമുളക്, ഏലക്ക, കപ്പ, വാഴക്കുല, വാഴയില, കെഴങ്ങ്, അടയ്ക്കാ, അങ്ങനങ്ങനെ കെട്ടിവെച്ചിട്ടുണ്ടായിരുന്നു. വാഴക്കച്ചികൊണ്ട് അവ വൃത്തിക്ക് കെട്ടിയുറപ്പിച്ചിരുന്നു. ഈറ്റക്കെട്ടുകളുണ്ടായിരുന്നു. വാറ്റുപുല്ലും, വരകും, റാഗിയുമുണ്ടായിരുന്നു. മലമണ്ടയിലെ മണ്ണിന്റെ തൂളുണ്ടായിരുന്നു.
ഇവിടെ കുറച്ചു സ്ഥലം മേടിക്കണം. സ്ഥിരതാമസത്തിനല്ല. വേനക്ക്‌നാട്ടില്‍ ചൂടുകൂടുമ്പോള്‍ വന്നു താമസിക്കാമല്ലൊ. പാര്‍ക്കാത്തവരില്‍ നിന്നും പലപ്പോഴും കേള്‍ക്കുന്ന നിഷ്‌കളങ്ക ഭാഷണം. ഈ കളങ്കമില്ലാത്ത അഭിപ്രായങ്ങള്‍ പലപ്പോഴും അവിടെയുള്ളവരുടെ സങ്കല്‍പനങ്ങള്‍ക്ക് മേലെ വന്നടിയുന്ന ഒരു പാറയായോ കുന്നിടിഞ്ഞു വരുന്ന ഒരു ഉരുള്‍പൊട്ടലായൊ നാട്ടുകാര്‍ക്ക് തോന്നിയിട്ടുണ്ട്.
പണ്ട് പണ്ട് ഓരോ വലിയ മലമേട്ടിലും ഒരിക്കലും വറ്റാത്ത ജലസ്രോതസ്സുകളുണ്ടായിരുന്നു. കാടുകേറി കാടുകേറി കാടിനോടൊപ്പം ഇല്ലാതായ ആനക്കൂട്ടങ്ങളെത്തേടിപ്പിടിക്കാന്‍ അതാ ഷൂസിട്ട് കുന്നുപോലത്തെ ബാഗും തോളിലിട്ട്, പാന്റും തെറുത്തുകയറ്റിയ വെളുത്ത ആനകള്‍.
അവര്‍ക്കുമുമ്പില്‍, അല്ലെങ്കില്‍ പിമ്പില്‍, വഴികാട്ടിയാണെന്ന ധൈര്യത്തില്‍, ഞങ്ങള്‍, മന്നാന്‍, ഊരാളി, മുതുവാന്‍, പണിയന്‍, മുടിയാന്‍, മലപുലയന്‍. ഞങ്ങളെത്തന്നെയാണ് ഇതിനായി വേണ്ടതെന്ന് അവര്‍ പ്രത്യേകം പറയാറുണ്ട്. ഏതു വരക്കുത്തും കേറുന്ന, ഏതു മാണ്ടിയും ഊര്‍ന്നുചാടുന്ന, ഏതുപൊത്തിലും കയ്യിടുന്ന, ഏതു തോട്ടിലും എറങ്ങിക്കാണിക്കുന്ന, ഏതു മരത്തിലും കേറിക്കാണിക്കുന്ന എന്നാല്‍ മൃഗങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിട്ടില്ലാത്ത കാട്ടുടലുകളെയാണ് അവരാവശ്യപ്പെടുന്നത്.
ഒന്നോ രണ്ടോ വെള്ള ബീഡി തരും. തിന്നതെന്തെങ്കിലും എലേത്തരും. ഞങ്ങളേതേലും തോട്ടുങ്കരേലിര്ന്ന് തിന്നും. ഒന്ന് ചുരുളും. പിന്നേം ഈ കനം നെറച്ച കെട്ടും തൂക്കി നടക്കും. ചിലപ്പോളവര്, പടര്‍ന്നുപൂക്കുന്ന മഞ്ഞപ്പൂവിനെ ഷൂകൊണ്ട് ഞെരടിപ്പിടിക്കുകയോ, തൊഴിച്ച് വേരിന്റെ ബലം നോക്കുകയോ ചെയ്യും. ഞങ്ങളപ്പോള്‍, ആ പൂക്കള്‍ചൂടിക്കൂത്താടുന്ന കാലായൂട്ട് ഓര്‍ക്കും. ചിലപ്പോളവര്‍ വെള്ള ബലൂണ്‍തോട്ടിലേക്കോ ചോട്ടിലേക്കോ എറിയും. അതിന്റകത്തെ കൊഴുപ്പു തിന്നും കൊണ്ട് കാട്ടുമീനുകള്‍ തോട്ടില്‍ ചീഞ്ഞ എലക്കടിയില്‍ നിന്നെറങ്ങി ഓടിനടക്കും. ചിലപ്പോളവര്‍ മണമുള്ള സെന്റുകള്‍ ദേഹത്ത് പൂശി ഗമയില്‍ നടക്കും. മലദൈവങ്ങളെ, ഈ മണം കേട്ട് കാട്ടുമൃഗങ്ങള്‍ വന്ന് അവരെ കടിച്ചുകീറരുതേ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കും.
ചിലപ്പോളവര്‍, പറയും ഈ ഡാമുകളൊക്കെ ഞങ്ങടെ കണ്ടുപിടിത്തമാണ് എന്ന്. ഇന്ത്യക്കാര്‍ പൂജമാത്രം ചെയ്തുനടക്കുന്ന കൊടവയറന്‍മാരാണെന്ന്. ഈ കൈത്തോട്ടിലൊക്കെ ചെറകെട്ടി മീന്‍ പിടിച്ചതും വെള്ളം ഒഴുക്കിവിട്ട് കരവിത്ത് വെതച്ചതും ഇരുകര ഇടിയാതെ ഈറ്റ നട്ട ഞങ്ങളുടെ തള്ളതന്തമാരെ ഞങ്ങളോര്‍ക്കും.ഇതൊക്കെ ഓര്‍ത്തോണ്ട് ഞങ്ങള്‍ നടക്കും. നൂറ്റമ്പതുരൂപാ കൂലി തരും. ഏജന്റുമാര്‍ക്കൊള്ളത് അവരെടുക്കും. ഇതൊക്കെ എഗ്രിമെന്റാണ് എന്ന് ഞങ്ങള്‍ക്കറിയാം. കുന്നുകളായ കുന്നുകളെല്ലാം അവര്‍ക്ക് ഷൂസു ചവിട്ടാന്‍ കുനിഞ്ഞുകൊടുത്തിരിക്കുന്നു. ആറഅറിന്‍കരയിലെ അടിക്കാടുകളെല്ലാം തെളിച്ചിരിക്കുന്നു. തെരുവച്ചുവടും തെള്ളിക്കുറ്റിയും പൂച്ചക്കാടും കൊട്ടങ്ങത്തലപ്പും എല്ലാം വെട്ടുകൊണ്ട് മുറിഞ്ഞ് ഇലകളുണങ്ങി, കിളച്ചെടുക്കപ്പെട്ടിരിക്കുന്നു. അമ്പഴത്തിന്റെ ചോട്ടിലും ആഞ്ഞിലിയുടെ നെറുകയിലും ഐസ്‌ക്രീം കപ്പുകളും ചായക്കോപ്പകളും ചോക്കലേറ്റ് കടലാസുകളും വലിച്ചെറിഞ്ഞുകിടക്കുന്നു.
സിഗരറ്റ് കൂടുകള്‍, പ്ലാസ്റ്റിക് കുപ്പി,റബ്ബര്‍ ഉറകള്‍ വലിച്ചെറിഞ്ഞ് നാറിനാറിക്കിടക്കുന്നു. അവ അവിടെക്കിടന്ന് മുളച്ചു തുടങ്ങുന്നു. പൊട്ടിയൊലിച്ച് നീറ്റൊഴുക്കിലേക്ക് നിറയുന്നു.
ഞങ്ങള്‍, കുടികളില്‍ നിന്ന് കവലകളിലെത്തുന്നവര്‍, ഇഞ്ചപ്പുല്ല്, റാട്ട്, കരടിനെയ്യ്, മയിലെണ്ണ, വെള്ളിമൂങ്ങ, ഇരുതലമൂരി, പത്രിക്കാ, ഞറുഞണ്ടി, ഒണക്കെറച്ചി, എന്തൊക്കെയാണ് ഞങ്ങളെക്കൊണ്ട് പറുക്കിച്ചുമ്മിക്കുന്നത് ഈ കാട്ടീന്ന്. കുടീലേക്ക് മടങ്ങിപ്പോകുന്നവരുടെ ഒക്കണത്തില്‍ ഒണക്കമീന്‍, അരി, ബ്രഡ്, മരുന്ന്, ഇന്നുകണ്ട സിനിമയിലെ നല്ല മോന്തയും തൂങ്ങുന്നു. കൂരനും മുയലും മുള്ളമ്പന്നീം കാട്ടുകോഴീം കാടേം ഞങ്ങളും മീനും എങ്ങനെയാണില്ലാണ്ടായേന്ന് ഞാമ്പറയാം. ഞാമ്പറയാം കുറുമ്പുല്ലും ചോളവും മാറാനും ചേമ്പും എങ്ങനെയാണില്ലാണ്ടായേന്ന്. കൂരക്ക് മേലെ കൂരവച്ച പെരിയ മുതലാളിമാര്‌ടെ മക്കക്ക് പടിക്കാന്‍ ഞങ്ങളവിട്‌ന്നെറങ്ങുണോന്ന്. കൈത്തോടും മരങ്ങളും ചണ്ണച്ചുവടും കളയുന്നത് ഞങ്ങളാണെന്ന് അവര് വെറ്‌തേയങ്ങോരോന്ന് പറഞ്ഞോളുവാ
സമ്മതിക്കുന്നില്ല ഒന്നിനും
ഡാമ് കെട്ടാന്‍ പോകുവാന്ന്
കോളജ് പണിയാന്‍ പോകുവാന്ന്
ഹോട്ടല്‍ പണിയാന്‍ പോകുവാന്ന്
കൈവശരേഖ കാണിച്ചു നോക്കി. സമ്മതിക്കുന്നില്ല. ഞങ്ങള്‍ക്കറിയാം. അവര് ഇവിടെ വന്നാല്‍, കരണ്ടുകമ്പീം വരും ടാറും വരും വഴീം വരും. അല്ലെങ്കില്‍ ഒന്നും ഇല്ല.
തേയിലനുള്ളിക്കൊണ്ട് നിക്കുന്നതും വെറക് ചുമ്മിക്കോണ്ട് നിക്കുന്നതും ഒക്കണത്ത് കുഞ്ഞിനെ തൂക്കിക്കോണ്ട് നിക്കുന്നതും ഒക്കെയായ ഞങ്ങളെ പെണ്ണുങ്ങടെ ഫോട്ടോ നിങ്ങളെടുത്തത് ഞങ്ങളുകണ്ടു. സെന്‍സസ്, ഇന്റര്‍വ്യൂ, കെയ്‌സ് സ്റ്റഡി, റിസര്‍ച്ച്, സര്‍വ്വേ, ഡോക്യുമെന്ററി, എത്ര കൂട്ടരാ വന്നു പോകുന്നേ. അവരൊക്കെ ഇതൊക്കെ കാണുന്നതെന്തിനാണാവോ. ആരോടെങ്കിലുമൊക്കെ ഇതൊക്കെ പറയാനായിരിക്കുവൊ.
മഞ്ഞ്, കഷണങ്ങളായി വിതറപ്പെടുന്നുണ്ട്. നൂല് വണ്ണത്തില്‍ നിലത്തുകിടന്നിഴയുന്നുണ്ട്. കിളിക്കൂടുകാണാത്ത ബാറ്റില്‍, അക്കേഷ്യ, മാഞ്ചിയം മരങ്ങളില്‍ മഞ്ഞ് നേര്‍ത്ത തരികള്‍ വലകെട്ടുന്നുണ്ട്. കുന്നുപോലുള്ള ബാഗും തോളിലേറ്റിവന്നവര്‍, മറ്റൊരു വാഹനത്തിലേക്കു കയറിയിട്ടുണ്ട്.
ഇനിയും വരണേ ഫ്രഷായ കാലുകളും ഷൂവിട്ടുകലക്കാത്ത കുടിവെള്ളവും ഇവിടെ കുറച്ചുകൂടിയുണ്ട്.
നമ്മള്‍ ഇനി ആരോട് പരാതി പറയാന്‍. ഏറിയാല്‍ ഏതെങ്കിലും ബുക്ക് സെല്ലര്‍ക്ക് ഒരു വിഷയം. അല്ലെങ്കില്‍ മണ്‍മറഞ്ഞ വംശങ്ങള്‍ക്കുള്ള കുറിപ്പുകളിലൊരു ബ്രായ്ക്കറ്റ്. അവിടേയ്ക്കാണ് ഞങ്ങളെ കൊണ്ടുപോകുന്നതെന്ന് ഞങ്ങളറിഞ്ഞിരിക്കുന്നു. അങ്ങനെയെങ്കില്‍ നിങ്ങളെ ഏതു പേജിലേയ്ക്കാണ് ഞങ്ങള്‍ കൊണ്ടുപോകേണ്ടത്