Thelicham

മരക്കാര്‍ കുന്ന്

ഒന്നാം ദിവസവും രണ്ടാം ദിവസവും മൂന്നാം ദിവസവും മഫ്തിയിലെത്തിയ പൊലീസുകാര്‍ ചിത്രാലയത്തിന് ചുറ്റും പട്ടികളെപ്പോലെ മണം പിടിച്ച് നടക്കുന്നത് മരക്കാര്‍ കുന്നിലെ പേരെടുത്ത കള്ളന്‍ അന്തോണിയാണ് കണ്ടത്. പാതിരാകാറ്റ് വീശിയടിച്ച രാത്രിമഴ ആര്‍ത്തുപെയ്ത അന്നേ രാത്രി തൊണ്ടിമുതലുമായി അത്തം പള്ളിക്കാട് വഴി വരുന്ന വഴി മരക്കാര്‍ കുന്നിലെ പഴയ ചിട്ടിക്കാരന്‍ രാവുത്തരുടെ ഹതാശനായ റൂഹിനെ കണ്ട് വിഭ്രാന്തിപ്പെട്ട് ചിത്തഭ്രമം പിടിപെട്ട് അന്തോണി കിടപ്പിലായതില്‍ പിന്നെ പോലീസുകാരുടെ രാത്രി സര്‍കീട്ടിനെക്കുറിച്ച് ആരും അറിഞ്ഞില്ല. അവര്‍ രാത്രിക്ക് രാത്രി സ്‌റ്റേഷന്‍ വക വണ്ടിയില്‍ ഓടിക്കിതച്ചെത്തി പകലനങ്ങിത്തുടങ്ങുന്നതിന് മുമ്പേ കുന്നിറങ്ങിപ്പോവുന്നത് തുടര്‍ന്നു.

അത്തം പള്ളിക്കാട് മരക്കാര്‍ കുന്നിന്റെ തെക്കേ അതിര്‍ത്തിയാണ്. പള്ളിയും പള്ളിക്കാടുമില്ലാത്ത മരക്കാര്‍ കുന്ന് ഭൂതവും ചരിത്രവുമില്ലാത്ത വെറും മൊട്ടക്കുന്നാണ്. പള്ളിക്കു ചുറ്റും തഴച്ചു വളര്‍ന്ന ഐതിഹ്യങ്ങള്‍ക്ക് മീരാന്‍ റാവുത്തരുടെ റൂഹിനോളം പഴക്കവും ശൗര്യവും അത്ര തന്നെ നിഗൂഢതയുമുണ്ട്. അത്തം പള്ളിയുടെ പോയ കാലം അതായത് പള്ളി ഒരേക്കറിലേക്ക് പടര്‍ന്നു പന്തലിക്കുന്നതിന് മുമ്പ് മീരാന്‍ റാവുത്തരുടെ വലിയുപ്പ അലിമിയാന്‍ റാവുത്തര്‍ പരലോകത്തേക്ക് വണ്ടി പിടിക്കാന്‍ ഗതിപ്പെടുന്ന നേരത്ത് വാസിയ്യത്തെഴുപ്പിടിപ്പിക്കാന്‍ കഴിയാത്തതില്‍ പിന്നെ തറവാട്ടിലെ കാര്യകര്‍ത്താവ് കുഞ്ഞിപ്പോക്കരെ വക്കാലത്തേല്‍പ്പിച്ചിരുന്നത്രെ പള്ളിക്കു നാലുവശത്തുമായി കിടക്കുന്ന നാലേക്കര്‍ പറമ്പ്. അതേ ഭൂമി രാത്രിക്ക് രാത്രി വെളിച്ചം വരുന്നതിനും എത്രയോ മുമ്പ് പോക്കരുടെ അടിവയര്‍ കുത്തിപ്പൊളിച്ച് മീരാന്‍ റാവുത്തര്‍ കൈക്കലാക്കിയെന്നും പറമ്പിന്റെ പാതി വിറ്റ് റാവുത്തര്‍ ചിട്ടിക്കമ്പനി തുടങ്ങിയെന്നും വേരുപിടിച്ച ചിട്ടിവ്യവസായം കടല്‍ കടത്താനുള്ള ആധി പിടിച്ച ശ്രമത്തിനിടയില്‍ കമ്പനി ചീട്ടുകൊട്ടാാരം പോലെ ഇടിഞ്ഞു വീണെന്നും കടം കയറിയ കനത്തില്‍ മനശാന്തി നഷ്ടപ്പെട്ട റാവുത്തര്‍ പറമ്പിലെ മൂച്ചികൊമ്പില്‍ കെട്ടിത്തൂങ്ങി ചത്തെന്നും പതിയെ വളര്‍ന്ന മൂച്ചിക്കു ചുറ്റും കാട്ടുവള്ളികള്‍ വേഗത്തില്‍ കെട്ടു പിണഞ്ഞ് ഇടതൂര്‍ന്ന പൊന്തക്കാടുകളായി ശേഷം അത് പള്ളിക്കാടായി പരിണമിച്ചെന്നുമാണ് പള്ളി പുരാണത്തിന്റെ ആകെത്തുക.

കഴിഞ്ഞ രണ്ട് മാസത്തില്‍ മരക്കാര്‍ കുന്നില്‍ മൂന്ന് കസ്റ്റഡി മരങ്ങളാണ് ഉണ്ടായത്.നാടക്കക്കാരന്‍ നാണുവിന്റെ മയ്യിത്ത് വെളുപ്പിനുമുമ്പ് മണ്ണാത്തിപ്പുഴ നീന്തിക്കടക്കാന്‍ പാടുപെടുന്നതിനിടെ പടിഞ്ഞാറെ പാലത്തിനടിയില്‍ നിന്ന് നാട്ടുകാര്‍ ചൂണ്ടയിട്ടാണ് പിടിച്ചത്.ഭാഗവത്തിപ്പറമ്പിലെ താലപ്പൊലിക്ക് ചാരായമടിച്ച് നിലംവിട്ട് നൃത്തക്കാരികളിലൊരാളെ കയറിപ്പിടിച്ചെന്ന പൂരക്കമ്മറ്റിയുടെ വാക്കാലുള്ള വ്യാജ പരാതിയില്‍ മുക്കാല്‍ ഭാഗം നാട്ടുകാരേയും അവിശ്വാസിച്ച് കൈനിറയെ കയ്യാമം വെച്ച് കൊണ്ടുപോയ മരക്കാര്‍ കുന്നിലെ ഒരേയൊരു വരത്തന്‍ മുനിയാണ്ടിയുടെ എംബാം ചെയ്ത ശരീരം കാലത്തെ കള്ളവണ്ടിക്കാണ് നാട്ടുകാര്‍ സ്വദേശത്തേക്ക് കയറ്റിയയച്ചത്. അത്തം പള്ളിയില്‍ പോയി മൊല്ലാക്ക നിഷ്‌കര്ഷിച്ച പോലെ തൗബാ ചെയ്ത് ശിഷ്ട ജീവിതം കെട്ടിയോനും പുതുതായിക്കിട്ടിയ കൊച്ചിനുമൊപ്പം ജീവിച്ചുതീര്‍ക്കുന്നതിനിടെ കാര്യം സാധിപ്പിക്കാന്‍ വിളിപ്പിച്ച എമാന്മാരിലൊരാളുടെ തള്ളക്ക് വിളിച്ചതിന്റെ പിറ്റെന്നാണ് കുഞ്ഞിപ്പക്കിയെ പുഴയോരത്തെ പമ്പ് ഹൗസില്‍ നിന്ന് ഇതേ ആള്‍ അനാശ്യാസത്തിന് പിടിക്കുന്നതും ലോക്കപ്പിലിട്ട് കണ്ഠനാടി മുതല്‍ കണ്ണങ്കാല്‍ വരെ തല്ലിചതച്ച് സര്‍ക്കാറാസ്പാത്രീലാക്കുന്നതും.
വെട്ടിയിട്ട വാഴ കണക്കെ രണ്ട്ടു ദിവസം കൂടി പക്കി കിടന്നു. തെവിടിശിയും വഴി പിഴച്ചവളുമായ അവളുടെ ആത്മാവിനെ പൊറുപ്പിക്കാന്‍ ഭഗവതിക്ക് താല്പര്യം പോരാന്ന് പറഞ്ഞ് ശ്മശാന കമ്മിറ്റികാര്‍ മുണ്ട് മടക്കിക്കുത്തി വന്നവഴിയെ തിരിഞ്ഞുനടന്നതില്‍ പിന്നെ രണ്ടുരാത്രിയും ഒരുപകലും കൂടി മോര്‍ച്ചറിയില്‍ തന്നെ വസിക്കാനുള്ള ഹതഭാഗ്യം പക്കിക്കുണ്ടായി. കുഞ്ഞിപ്പക്കിയുടെ സ്ഥിതി വിവരം കേട്ടപാതി കേള്‍ക്കാത്തപാതി ഓടിക്കിതച്ചെത്തിയ അത്തം പള്ളിയിലെ കാര്യക്കാരന്‍ മൊല്ലാക്ക കുഞ്ഞിപ്പക്കിക്ക് സുഖമായിട്ടുറങ്ങാന്‍ ആറടി മണ്ണ് തരാമെന്ന് ആണയിട്ടു പറഞ്ഞു. പുല കുളി കഴിച്ച് അന്ത്യോപചാരങ്ങള്‍ തീര്‍ത്ത് താന്‍ തന്നെ കൊടുത്തുവിട്ട വെള്ളക്കെട്ടില്‍ പൊതിഞ്ഞ് മയ്യിത്ത് പള്ളികാട്ടിലെത്തിക്കാനുള്ള ഏര്‍പാടൊക്കെയും ചെയ്തുതീര്‍ക്കാന്‍ മൊല്ലാക്കയുണ്ടായിരുന്നു മുമ്പന്തിയില്‍. സ്വര്‍ഗത്തിലെ ഹൂറുല്ലീങ്ങളുടെ തമ്പുരാട്ടിയായി പടച്ചോന്‍ കുഞ്ഞിപ്പക്കിയെ വായിച്ചോളുമെന്ന് പക്കിയുടെ അമുസ്ലിമായ കെട്ടിയോനോട് മൊല്ലാക്ക സ്വകാര്യം പറയുന്നത് അയാള് മാത്രം കേട്ടു.
കുഞ്ഞിപ്പക്കി മൊല്ലാക്കാക്കടുത്ത് വന്ന് മാപ്പിളച്ചിയായി മാറിയിട്ടുണ്ടെന്നും പാപമോക്ഷത്തിനായി അവള്‍ക്ക് അയാള്‍ പുലരുവോളം പ്രാര്‍ത്ഥിച്ചു നല്‍കിയിട്ടുണ്ടെന്നും പലരും പറഞ്ഞ് പരത്തി.മതം മാറ്റം തുടര്‍ന്നാല്‍ കേസ് ഫയല്‍ ചെയ്യേണ്ടി വന്നേക്കാമെന്ന് സ്‌റ്റേഷനില്‍ നിന്ന് താക്കീത് വന്നെങ്കിലും മൊല്ലാക്ക ഇത്തിരി പോലും കുലുങ്ങിയില്ല.
കുഞ്ഞിപ്പക്കി അത്തം പള്ളിക്കാട്ടില്‍ നിത്യവാസം തുടങ്ങിയതിന്റെ നാലാം നാള്‍ ആണ് കണക്കിന് കാര്യഗൗരവമുള്ള പുതിയ വിശേഷം മരക്കാര്‍ കുന്ന് കേള്‍ക്കുന്നത്. കുന്നിന്‍ മുകളിലെ സായിപ്പിന്റെ ബംഗഌവ് പെട്ടെന്നൊരു വെളുപ്പിന് ചിത്രാലയമായി രൂപമാറ്റവും ഭാവമാറ്റവും നടത്തിയത്രെ.
കക്കാന്‍ പോകുന്ന വഴി ബംഗഌവിനുള്ളില്‍ നാണു നാടകം കളിക്കുന്നതും നാണുവിന്റ നടനം കണ്ട് കുഞ്ഞിപ്പക്കി നിറഞ്ഞ് ചിരിക്കുന്നതും മരക്കാര്‍കുന്നിലെ മൊല്ലാക്ക കഴിഞ്ഞാല്‍ പിന്നെ രണ്ടാമത്തെ അതിധൈര്യശാലിയായ അന്തോണി രണ്ടു കണ്ണുകൊണ്ടും കണ്ടെന്ന വാര്‍ത്ത ഇത്തിരി അതിശയോക്തി കലര്‍ന്ന ഭാവത്തില്‍ നാട്ടുകാര്‍ കേട്ടുതള്ളി.അവിശ്വാസിക്കാന്‍ വരുന്ന മുമ്പ് തന്റെ കൂടെ കുന്നുവരെ വരണമെന്നായി അന്തോണി.അയാള്‍ പറഞ്ഞത് നേരാവാനിടയുണ്ടെന്നും രാവുത്തരുടെ അനുഭവം വെച്ച് നാട്ടുകാരിലൊരു വിഭാഗം ധരിപ്പിച്ചുറപ്പിച്ചു.ആയതിനാല്‍ ബാക്കിയുള്ളവരുടെ വിശ്വാസക്കുറവ് നികത്താന്‍ മൊല്ലാക്ക നേരിട്ട് തന്നെ കുന്നു കയറണമെന്ന വ്യവസ്ഥകൂടിയായപ്പോ അന്തോണിക്ക് ധൈര്യം കനത്തു.
അന്ന് രാത്രി രണ്ടു പേര്‍ കുന്നുകയറി.പിറ്റേന്ന് തന്നെ അവിശ്വാസിച്ചവരുടെ മുഖത്തു നോക്കി അന്തോണി കറപിടിച്ച പല്ലു കാട്ടി ചിരിച്ചു.
രാത്രിയാത്രക്ക് നെഞ്ചുറപ്പില്ലാത്തവരെയും കൊണ്ട് നട്ടുച്ചക്ക് ഒരാള്‍ക്ക് രണ്ടു രൂപാ നിരക്കില്‍ കള്ളന്‍ അന്തോണി കുന്നുകേറ്റം തുടങ്ങിയ ദിവസമാണ് രൂപമാറ്റം നടത്തിയ ചിത്രാലയത്തില്‍ പുതുതായി ചിത്രങ്ങള്‍ കൂടി കാണാനിടവന്നത്.ആത്മാക്കളുടെ ചിത്രപ്രദര്‍ശനം എന്ന് അന്തോണി അതിന് പേര് വെച്ചു. അതോടെ മരക്കാര്‍ക്കുന്ന് നാലാളറിയുന്ന നാട്ടുകാര്യമായി മാറി.ചിത്രാലയത്തിന്റെ ചുമരുകളില്‍ പരക്കെ വരച്ച പോലീസ് സ്‌റ്റേഷനില്‍ നാടകം കളിക്കുന്നത് നാണുവാണെന്നു അന്തോണി ഉറപ്പിച്ചു പറഞ്ഞു….. പൊലീസുകാരെ മുഴുവന്‍ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന് അവരോരോരുതരെയായി മണ്ണാത്തിപുഴയിലൊഴുക്കുന്ന തടിമിടുക്കുള്ള മധ്യവയസ്‌കക്ക് കുഞ്ഞിപ്പക്കിയുടെ അതെ ചായയുണ്ടെന്നും പൂരപ്പറമ്പില്‍ ഒറ്റക്ക് നൃത്തം ചെയ്യുന്നത് മുനിയാണ്ടി തന്നെയാണെന്നും ചിത്രങ്ങള്‍ കാണിക്കുമ്പോള്‍ അന്തോണി വിധിയെഴുതി.
നാളങ്ങനെ നാലു കഴിഞ്ഞു.മരക്കാര്‍ കുന്നിലെ ചിത്രാലയം പ്രേതാലയമാണെന്നും അതുവഴി പോകുന്നത് നിയമവിരുദ്ധമാണെന്നും വൈകാതെ സ്‌റ്റേഷനില്‍ നിന്ന് ഉത്തരവിറങ്ങി.ഇതോടെ അന്തോണിക്ക് വല്ലാണ്ടായി.അന്നം മുട്ടിത്തുടങ്ങുന്നത് കണ്ട് അന്നേ രാത്രി മുതല്‍ അയാള്‍ വീണ്ടും മരക്കാര്‍ കുന്നിലെ ഒരേയൊരു കള്ളനായി. പൊലീസുകാര്‍ അയാളെ പിടിക്കാന്‍ ലൂകൗട്ട് നോട്ടീസിറക്കി. കളവ് നിര്‍ത്താന്‍ മൊല്ലാക്ക ശാസിച്ച അന്ന് കുന്നിന്‍ മുകളിലെ ബംഗ്ലാവ് ചിത്രാലയമായി ചായം തേച്ച് താനൊറ്റക്ക് വരച്ച പടങ്ങള്‍ വിസ്തരിച്ച് കാണാന്‍ പാതിരക്ക് കുന്നുകയറിയ അയാള്‍ കുന്നിനുമുകളില്‍ പൊലീസുകാരെയും കുന്നിറങ്ങുമ്പോള്‍ രാവുത്തരുടെ ആത്മാവിനെയും ശരിക്കും കണ്ടു. അയാള്‍ക്ക് നാക്കിറങ്ങിപ്പോയി.കണ്ണ് തള്ളിപ്പോയി.
കര്‍ക്കിടക മഴയത്തും അയാള്‍ വിയര്‍ത്തൊലിച്ചു. പിറ്റേന്ന് പുലര്‍ച്ചക്ക് ബോധം വരുമ്പോ അന്തോണിക്ക് നൊസ്സ് ബാധിച്ചിരുന്നു . അയാള്‍ അത്തും പിത്തും പറഞ്ഞ് കൊണ്ടേയിരുന്നു.

അന്തോണി പൊലീസുകാരെ കണ്ട മൂന്നാം നാള്‍ ചിത്രാലയതിനാരോ തീയിട്ടെന്നും മരക്കാര്‍ കുന്ന് പാതി കരിഞ്ഞ് തീര്‍ന്നെന്നുമുള്ള വിവരം കാട്ടുതീ പോലെ കത്തിപ്പടര്‍ന്നു. കാര്യമറിഞ്ഞതിന്റെ ഞെട്ടലില്‍ മൊല്ലാക്കക്ക് തലകറങ്ങുന്നപോലെ അനുഭവപ്പെട്ടു. പാതി കരിഞ്ഞ ശരീരവുമായി ആത്മാക്കള്‍ കുന്നിറങ്ങി ഓടി രക്ഷപ്പെടുന്ന വഴി അവ മൊല്ലാക്കയോട് കുന്ന് കയറല്ലേ എന്ന് വിളിച്ചുപറഞ്ഞു. പൊള്ളലേറ്റ കുന്നിന്റെ ആര്‍ത്തനാദം അയാളുടെ ചെവികളില്‍ വന്നലച്ചു. അതിന്റെ പച്ചമാംസം വേവുന്ന കെട്ടമണം അയാളുടെ മൂക്കുകളുടെ പാലം പൊളിച്ച് അകത്തു കയറി. കണ്ണുകള്‍ കുന്നിന്റെ മുകളിലുള്ള ആകാശത്തേക്ക് ഉള്‍വലിഞ്ഞു.അവ ഇരയെ തിരയുന്ന ലാഘവത്തോടെ കുന്നിനെ വലയം വെച്ചു. അയാളുടെ കാലുകള്‍ക്ക് കനം വെച്ചു.അവ കുന്നിന്റെ മൂര്ധാവ് തുരന്ന്‌ഴോട്ട് ഊര്‍ന്നു. ബാലിശമായ കൈകള്‍ രണ്ടും കുന്നിന്റെ മോന്തായം ചേര്‍ത്തുപിടിച്ചു.അയാളുടെ ഊക്കനൊരു അണക്കലില്‍ കുന്ന് ഒന്ന് പിടഞ്ഞു പിന്നെ ഊര്‍ദ്ധ്വാശ്വാസം വലിച്ചു. മരക്കാര്‍ കുന്നിന്റെ ആത്മാവിനെ അന്തിയോടടുത്ത വൈകുന്നേരം അത്തം പള്ളിക്കാട്ടില്‍ അയാള്‍ ഒറ്റക്ക് അടക്കി. ആണ്ടുകള്‍ക്ക് മുമ്പ് ദേശദ്രോഹം ചുമത്തി കുന്നിന്മുകളിലെ ബംഗഌവിന്റെ മട്ടുപ്പാവില്‍ നിന്ന് സായിപ്പ് വെടിവെച്ചു കൊന്ന മരക്കാര്‍ മാപ്പിളയുടെ റൂഹാണതെന്ന പരമ രഹസ്യം അയാള്‍ ഒരാളോടും പറഞ്ഞില്ല.
പിറ്റേന്ന് പൊലീസാപ്പീസിലേക്ക് മൊല്ലാക്ക നയിച്ച മാര്‍ച്ചില്‍ ലാത്തിചാര്‍ജ്ജുണ്ടായി. മരക്കാര്‍ കുന്നിനെ മുഴുവന്‍ തല്ലിച്ചതക്കാന്‍ ടൗണിന്ന് സ്‌പെഷ്യല്‍ ട്രൂപ്പ് ഇറങ്ങിയിരുന്നു.അവര്‍ മൊല്ലാക്കയെ വളഞ്ഞിട്ട് പിടിച്ചു. അംന്വേഷണ വിധേയമായി അറസ്‌റുചെയ്തുനീക്കി. നാണുവിന്റ മുനിയാണ്ടിയുടെ കുഞ്ഞിപ്പക്കിയുടെ തീ പിടിച്ച ആത്മാക്കള്‍ സ്‌റ്റേഷന് തീയിട്ടു.അവര്‍ക്കൊപ്പം രാവുതരുമുണ്ടായിരുന്നുവെന്ന് നാട്ടുകാരിപ്പഴും പറയുന്നു..
നൊസ്സ് മാറി പോലീസുകാരുടെ പിടിവീഴാന്‍ കാത്തു നില്‍ക്കാതെ ഓടിക്കിതച്ചെത്തിയ അന്തോണി കണ്ടത് മരക്കാര്‍ കുന്നിന്റെ ചിതയാണ്. അയാള്‍ പോലീസുകാരുടെ രാത്രി സര്‍കീട്ടിനെക്കുറിച്ചോര്‍ത്തു.അത്തം പള്ളി ലക്ഷ്യമാക്കി കുന്നിറങ്ങി ഓടി.പക്ഷെ പള്ളിയിലന്ന് മൊല്ലാക്കയുണ്ടായിരുന്നില്ല. അയാള്‍ നാടായ നാടൊക്കെ മൊല്ലാക്കയെ പരതി. സ്വയം പിടി വീണാലും മൊല്ലാക്കയെ കണ്ട് കാര്യം വിസ്ഥരിച്ചിട്ടെ അടങ്ങൂ എന്ന വാശിയില്‍ പൊലീസാപ്പിസില്‍ ചെന്ന് കേറി.അവരയാളെ കയ്യാമം വെച് ചവിട്ടിയരച്ചു.
അന്ന് പാതിരായ്ക്ക് ചലനമറ്റ അന്തോണിയുടെ പരുപരുത്ത ശരീരത്തെ മണ്ണാത്തിപ്പുഴ കടത്തുന്ന നേരം അയാളുടെ ആത്മാവ് ആ കാഴ്ച കണ്ടു.കുത്തനൊഴുക്കില്‍ പുഴയെ തോല്‍പ്പിച്ച് ഓരു വലിയ മനുഷ്യന്റ ആത്മാവ് മുമ്പേ നീന്തുന്നു. വെള്ളക്കെട്ടില്‍ ഉയര്‍ന്ന് താഴാതെ പാടിഞ്ഞാറെ പാലവും കടന്ന് അത് വലിഞ്ഞ് നീന്തുന്നു.അയാളുടെ ജുബ്ബായുടെ കീശയില്‍ മരക്കാര്‍ കുന്ന് മുഴുവനുണ്ടായിരുന്നു അത്തം പള്ളിയും പള്ളിക്കാടും ചിത്രാലയാവുമുണ്ടായിരുന്നു.
വെളുപ്പിന് പടിഞ്ഞാറേ പാലത്തിനടിയില്‍ കുരുങ്ങിയ അന്തോണിയെയും താങ്ങിപ്പിടിച്ച് നാട്ടുകാര്‍ അത്തം പള്ളിക്കാട്ടിലേക്ക് നടന്നു.
അവിടെ പള്ളിയില്ലായിരുന്നു.പള്ളിക്കാടും….അതുവഴി മൃതദേഹങ്ങള്‍ കുത്തിനിറച്ചൊരു പോലീസ് ജീപ്പ് കിതച്ചോടി..തൊട്ടു പിന്നില്‍ പന്തം ആഞ്ഞുവീശി റാവുത്തരും നാണുവും മുനിയാണ്ടിയും പിന്നെ കുഞ്ഞിപ്പക്കിയും…..അവര്‍ അട്ടഹസിക്കുകയായിരുന്നു, ‘കുന്നിന് എല്ലാം ഉണ്ടായിരുന്നു, കണ്ണും കാതും മൂക്കും നാക്കും കയ്യും കാലും തലയും അങ്ങനെ എല്ലാം….’

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.