Home » Fiction » Short Story » സെക്യൂരിറ്റിക്കാരന്‍

സെക്യൂരിറ്റിക്കാരന്‍

തോരാത്ത രാവിലെ കെട്ട തീയിന്റെ മണമുള്ള നഗരത്തില്‍ അയാള്‍ ബസ്സിറങ്ങി. സര്‍ക്കാര്‍ ബസ്സിന്റെ നീളന്‍ കമ്പി പിടിച്ച് തൂങ്ങിയ ഉറക്കം ബാക്കി പീള കെട്ടിയ കണ്ണുമായി ചായച്ചണ്ടി കേറ്റി വെച്ച സമോവറിനടുത്തേക്ക് അയാള്‍ ചെന്നു. ഒട്ടിപ്പിടിച്ച വിരലടയാളങ്ങളുള്ള ചില്ലു ഗ്ലാസില്‍ കടുംനിറത്തിലുള്ള ചായയും, തലേന്നത്തേതാവണം, പാതി മാത്രമുള്ളൊരു തണുത്ത പരിപ്പുവടയും കഴിച്ച് ചായക്കടയുടെ ഓരത്തെ പഴയ ചൂടിക്കസേരയില്‍ അയാളിരുന്നു.

വിശാലമായ ക്യാംപസിന്റെ ഇങ്ങേ തലക്കലെ കാവല്‍പ്പുരയില്‍ ഒറ്റക്കിരുക്കുമ്പോള്‍ അയാളെ മഥിച്ചിരുന്ന ഏറ്റവും വലിയ പ്രശ്‌നം ആ ഒറ്റമുറിയില്‍ തന്റെ വസ്ത്രങ്ങളും ഉഷ്ണവും ചേര്‍ന്നൊരുക്കിയ വിഴുപ്പ് മണമായിരുന്നു. കാറ്റ് കടക്കാന്‍ ജനലില്ലാത്ത, പാതിഭാഗം ചില്ലിട്ട വാതിലുള്ള ആ ഒറ്റമുറി വീട്ടില്‍ ആദ്യം കണ്ണില്‍പെടുക അയാളുടെ നീളന്‍ തുകല്‍ ബെല്‍റ്റായിരുന്നു. തന്റെ കാക്കി നിറമുള്ള യൂണിഫോം ധരിക്കുമ്പോഴൊന്നും തോന്നാത്ത ഒരധികാരബോധം ആ തുകല്‍ പട്ട ധരിക്കുമ്പോഴൊക്കെയും അയാള്‍ക്ക് ലഭിച്ചിരുന്നു. പുറം ലോകം ഭയന്നത് ആ കാക്കിക്കുപ്പായത്തെയാണെങ്കിലും.

ക്യാംപസിന്റെ കവാടത്തിന്റെ തൊട്ടടുത്ത് തന്നെയുള്ള ആ കാവല്‍പ്പുരയില്‍ ആകെയുണ്ടായിരുന്നത് ഒരിരുമ്പ് കട്ടിലും കസേരയും മാത്രമായിരുന്നു. കട്ടിലില്‍ ചുരുട്ടി വെച്ച പുല്‍പായയിലായിരുന്നു ഖസാക്കിന്റെ ഇതിഹാസം അയാള്‍ സൂക്ഷിച്ചു വെച്ചിരുന്നത്.

ഖസാക്കില്‍ അയാള്‍ കണ്ടത് മുഴുവന്‍ കാവല്‍ക്കാരെയായിരുന്നു. രാമന്‍ നായരുടെ ഞാറ്റുപുരയുടെ കാവല്‍ക്കാരന്‍ രവി, മുകുന്ദന്റെ തുമ്പിയായി മാറിയ ആത്മാക്കളുടെ കാവല്‍ക്കാരന്‍ അപ്പുക്കിളി, ഓത്തുപള്ളിയുടെ കാവല്‍ക്കാരന്‍ അള്ളാപ്പിച്ച മൊല്ലാക്ക, അപ്പുക്കിളിയുടെ കാവല്‍ക്കാരായ അമ്മമാര്‍, ഷെയ്കിന്റെ പള്ളിയുടെ കാവല്‍ക്കാരന്‍ നൈജാമലി, രവിയുടെ മൃതപ്രായനായ അഛന് കാവലിരിക്കുന്ന സുന്ദരിയും യുവതിയുമായ ഇളയമ്മ, എല്ലാത്തിനും മുകളില്‍ ചടച്ച ചാവാലിക്കുതിരയുടെ പുറത്ത് കയറി പാതിരാക്ക് ഖസാക്ക് കാണാന്‍ വരുന്ന ഖസാക്കിന്റെ കാവലായ ഷെയ്ക്.

വിഴുപ്പിന്റെ മണമുള്ള തന്റെ കാവല്‍പ്പുരയിലേക്ക് കയറുമ്പോഴൊക്കെയും അയാള്‍ക്ക് ഓക്കാനം വന്നിരുന്നു. അപ്പോഴൊക്കെയും അയാള്‍ നീണ്ട കരിമ്പനകള്‍ക്കിടയിലൂടെ തോള്‍ സഞ്ചിയുമായി ഇടം വലം നോക്കാതെ പോവുന്ന വിജയനെ നോക്കും. വിജയന്റെ മുരടനക്കം കേട്ട് പുറത്തു വരുന്ന മൊല്ലാക്കയപ്പോള്‍ ഷെയ്കിന്റെ പേരൂതി മന്ത്രിച്ച് അയാള്‍ക്ക് ഒരു ഗ്ലാസ് വെള്ളം നല്‍കും. ഓക്കാനം നിലച്ച അയാള്‍ ഖസാക്കിനെ വീണ്ടും പുല്‍പായയിലേക്ക് വെച്ച് തന്റെ ചുവപ്പ് മഷിപ്പേനയെടുത്ത് ഔട്ട് പാസുകളിന്മേല്‍ കോറാന്‍ തുടങ്ങും.

അയാള്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലെ പോലെ തന്നെ ആക്രോശിച്ചു മാത്രം സംസാരിക്കുന്ന മേലധികാരികള്‍ ഇവിടെയും അയാള്‍ക്കുണ്ടായിരുന്നു. ചില നേരങ്ങളില്‍, ഔട്ട് പാസില്ലാതെ ഗേറ്റിനടുത്തേക്ക് വരുന്ന കുട്ടികളെ കാണുമ്പോള്‍ പുല്‍പായയിലിരുന്ന് ഒരു കളളച്ചിരിയുമായി വിജയന്‍ അയാളെ നോക്കി കണ്ണിറുക്കും. അത് കാണുമ്പോള്‍ കുട്ടികളെ നോക്കി അയാളും കണ്ണിറുക്കും.

കണ്ണിറുക്കലുകളിങ്ങനെ കൂടിക്കൂടി വരുമ്പോള്‍ വാട കെട്ടിയ ഒറ്റ മുറിയില്‍ നിന്നും എ.സി തണുപ്പുള്ള വിചാരണാമുറിയിലേക്ക് അയാളെ വിളിപ്പിക്കും. പിന്നീടങ്ങോട്ട് ആക്രോശങ്ങളുടെയും താക്കീതുകളുടെയും മലവെള്ളപ്പാച്ചിലായിരിക്കും. തിരിച്ചു റൂമിലേക്കെത്തിയാല്‍ പിന്നെ വിജയനോടും കുട്ടികളോടും അയാള്‍ മുഖം വീര്‍പ്പിച്ചിരിക്കും. എന്നാലും, രണ്ടാം ദിവസമാകുമ്പോഴേക്കും ഊശാന്താടിയുഴിഞ്ഞുള്ള വിജയന്റെ ചിരിയില്‍ അയാളുടെ പരിഭവമൊക്കെ അലിഞ്ഞില്ലാതാവുകയും ചെയ്യും.

ഡൈ ചെയ്ത കറുത്ത മുടിയും കട്ടി മീശയും തീക്ഷ്ണമായ കണ്ണുകളും അയാള്‍ക്കെപ്പോഴും ഗൗരവമാര്‍ന്ന ഒരു മുഖഭാവം സമ്മാനിച്ചിരുന്നു. പരാജയപ്പെട്ട പ്രവാസത്തിന് ശേഷം പാളയം ബസ് സ്റ്റാന്റിനടുത്തെ പഴയ ബുക് ഷോപ്പില്‍ നിന്നും ഖസാക്കിലേക്ക് തിരക്കിട്ട് പോവുന്ന വിജയനെ അയാള്‍ കണ്ടു. വിജയനാണ് പറഞ്ഞത് അയാളുടെ ദൗത്യം കാവലാണെന്ന്. പിന്നീടങ്ങോട്ടുള്ള അയാളുടെ കാവല്‍ജീവിതങ്ങളിലൊക്കെയും അയാള്‍ക്ക് വിജയന്‍ കൂട്ടിനുണ്ടായിരുന്നു.

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും, ജ്വല്ലറികള്‍ക്കും ശേഷമാണ് ഈ വിശാലമായ ക്യാംപസിലെ ഒറ്റമുറിയില്‍ അയാളുടെ ജീവിതമാരംഭിക്കുന്നത്. അപ്പോഴേക്കും ആധുനികത അസ്തമിക്കുകയും രവിയുടെ അസ്തിത്വ ദുഃഖം മാറുകയും ചെയ്തിരുന്നു. ആ സമയത്ത് തന്നെയാണ് ദീപക് ശിവരാമന്‍ രവിയെ ഖസാക്കില്‍ നിന്നും നിര്‍ദാക്ഷിണ്യം പുറന്തള്ളി നാടകം കളിച്ചതും.

രവിയെപ്പോലെ തീവ്രമായ ഒരസ്തിത്വ ദുഃഖം പേറാനില്ലാത്തത് കാരണം കൊണ്ട് മാത്രമായിരുന്നു മുറിയിലെ ഈ വിഴുപ്പ് ഗന്ധം അയാളെ അത്രമേല്‍ കണ്ട് മഥിച്ചത്. തിരിമുറിയാത്ത മഴക്കാലത്തും പൊടിയടങ്ങാത്ത വേനല്‍ക്കാലത്തും ആ വാട അയാളുടെ റൂമിനെ ചൂഴ്ന്നു നിന്നു. അപ്പോഴൊക്കെയും ഖസാക്കിലെ ഞാറ്റുപുരയിലിരുന്ന് പുന്നെല്ലിന്റെ മണമനുഭവിച്ച രവിയെക്കുറിച്ചോര്‍ത്തയാള്‍ അസൂയപ്പെട്ടു.

പരാജയപ്പെട്ട ഒരു പ്രവാസി എന്ന അയാളുടെ വിലാസം, നാട്ടുകാരിലും വീട്ടുകാരിലും അയാളെക്കുറിച്ചുള്ള പ്രതീക്ഷകളില്‍ ഗണ്യമായ കുറവ് വരുത്തിയിരുന്നു. ഒരര്‍ഥത്തില്‍ അതയാളെ സഹായിച്ചു താനും. മാസാന്ത്യത്തില്‍ അയാള്‍ക്കനുവദിച്ച് കിട്ടിയ അവധികളിലൊക്കെയും അയാള്‍ വിജയന്‍ രവിയെ കൂട്ടി നടന്ന മണ്ണിലൂടെ നടന്നു. വല്ലപ്പോഴും മാത്രം വീട്ടില്‍ പോയി പീടികയിലെ പറ്റു തീര്‍ത്ത്, ബാക്കി കാശ് വീട്ടിലേല്‍പിച്ച് തിരിച്ച് പോന്നു.

ഇപ്പോഴയാള്‍ ഖസാക്കില്‍ നിന്നും വരുന്ന വഴിയാണ്. കൊഴിഞ്ഞു വീണ കരിമ്പനത്തേങ്ങകള്‍ക്കടിയില്‍ രവിയെ സ്പര്‍ശിച്ച പാമ്പിന്റെ പടം കിടപ്പുണ്ട്. അള്ളാപ്പിച്ച മൊല്ലാക്കയുടെ ഖബറിന്മേലുള്ള മൈലാഞ്ചിച്ചെടി പൂവിട്ടുണ്ട്. അപ്പുക്കിളിയെ കാണാന്‍ വെള്ളിയാങ്കല്ലില്‍ നിന്നും വിരുന്നെത്തിയ ആത്മാക്കളുടെ കൂട്ടത്തില്‍ അയാള്‍ കുട നന്നാക്കുന്ന ചോയിയെ കണ്ടു. ചോയിയോടയാള്‍ ഫ്രാന്‍സിലെ കാവല്‍പ്പണിയെപ്പറ്റിയും, അവിടുത്തെ ഗന്ധങ്ങളെപ്പറ്റിയും ആരാഞ്ഞു. അപ്പോഴൊക്കെയും മൈമൂനയുടെ കോന്തലയുടെ മണമുള്ള കടല മുറുക്കും തിന്ന് അപ്പുക്കിളി അയാളുടെ കൂടെ നടന്നു.

എന്നാല്‍ അയാളുടെ ഖസാക്ക് യാത്രകളുടെ പ്രേരണ യഥാര്‍ഥത്തില്‍ ഇവയൊന്നുമായിരുന്നില്ല. ഓരോ തവണയും അയാള്‍ രവിയനുഭവിച്ച ഗന്ധങ്ങളെ തേടുകയായിരുന്നു. ഓരോ യാത്രകളിലും അയാള്‍ക്ക് നഷ്ടമായിക്കൊണ്ടിരുന്നതും ആ ഗന്ധങ്ങള്‍ തന്നെയായിരുന്നു. രവിയോട് അയാള്‍ ഏറെ അസൂയ വെച്ച് പുലര്‍ത്തിയ, ഞാറ്റുപുരയിലെ പുന്നെല്ലിന്റെ മണമാണ് കഴിഞ്ഞ തവണത്തെ വരവില്‍ അയാള്‍ക്ക് നഷ്ടമായത്. ഇപ്പോഴാവട്ടെ, ദീപക് ശിവരാമനന്റെ നാടകത്തോടെ രവിയുടെ ഗന്ധവും ഖസാക്കില്‍ നിന്നയാള്‍ക്ക് നഷ്ടമായി.
ഓരോ ഗന്ധങ്ങള്‍ നഷ്ടമാവുമ്പോഴൊക്കെയും അയാളവയെ തന്റെ പുല്‍പായക്കുളളിലെ പുസ്തകത്തിനുള്ളിലേക്ക് ആവാഹിച്ച് കൊണ്ടിരുന്നു. അവയൊക്കെയും വിഴുപ്പ് വാട നിറഞ്ഞ ആ ഒറ്റമുറി വീട്ടില്‍ മറ്റാര്‍ക്കും പിടികൊടുക്കാതെ താമസിച്ചു. എന്നാലിപ്പോള്‍ നിഴലിനെപ്പോലും കടക്കാനനുവദിക്കാതെ കര്‍ട്ടനിട്ട് മൂടി വെച്ച തന്റെ റൂമിലെ വിഴുപ്പ് വാടയിലേക്ക് രവിയുടെ ഗന്ധത്തെ കൊണ്ടുവരാന്‍ അയാള്‍ക്കത്ര ധൈര്യം പോര. കാരണം, അസ്തിത്വ ദുഃഖം പേറിയിരുന്നപ്പോഴത്തെ വിഷ നീലിമയാണാ ഗന്ധമിപ്പോഴും.

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.